x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ സഭാചരിത്രം - FAQ

എന്താണ് ക്രിസ്തുമസ്?

Authored by : Bishop Jose Porunnedom On 04-Jan-2022

ക്രൈസ്തവ വിശ്വാസം ക്രിസ്തുവിന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. ക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തിരുനാളുകൾ എന്ന പേരിൽ ക്രൈസ്തവർ ആഘോഷിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുമസ് എന്ന് പൊതുവേ അറിയപ്പെടുന്ന ക്രിസ്തുവിന്റെ ജനനത്തിരുനാൾ. വർഷംതോറും ഡിസംബർ 25-ന് ഈ തിരുനാൾ ആഘോഷിക്കപ്പെടുന്നു. പുൽക്കൂടും നക്ഷത്രവിളക്കുകളും ക്രിസ്തുമസ് പപ്പയും കരോൾ ഗാനങ്ങളും ക്രിസ്തുമസ് കേക്കും ക്രിസ്തുമസ് സമ്മാനങ്ങളും എല്ലാം ക്രിസ്തുമസിന്റെ ഓർമ്മ നമ്മിൽ ഉണർത്തുന്നവയാണ്. എങ്കിലും അവയൊന്നും ക്രിസ്തുമസിന്റെ അവിഭാജ്യഘടകങ്ങളല്ല എന്നതും ശ്രദ്ധേയമാണ്. അവയെല്ലാം, ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ടവയാണ്.

ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാളാണ് ക്രിസ്ത്യാനികൾ ആദ്യമായി ആഘോഷിക്കാൻ തുടങ്ങിയത് എന്നത് പലർക്കും അറിഞ്ഞുകൂടാത്ത ഒരു വസ്തുതയാണ്. കാരണം ആ സംഭവമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ല്. കാലമേറെ കഴിഞ്ഞ് മൂന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചത്. അതിനൊരു കാരണവുമുണ്ടായിരുന്നു. ക്രിസ്തുവിലെ യഥാർത്ഥ മനുഷ്യത്വം നിഷേധിച്ച് ഗ്നോസ്റ്റിക് ചിന്തയ്ക്ക് വലിയ പ്രചാരം സിദ്ധിച്ചതോടെ അതിന് എതിരായുള്ള ഒരു ശ്രമമെന്ന നിലയിലാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരം വെളിവാക്കുന്ന ക്രിസ്തുമസ് ആഘോഷം ആരംഭിച്ചത്. ക്രിസ്തു യഥാർത്ഥ മനുഷ്യനും യഥാർത്ഥ ദൈവവും ആണെന്നതാണ് ക്രൈസ്തവ വിശ്വാസം.

ക്രിസ്ത്യാനികളെ സംബന്ധിച്ച് ക്രിസ്തുമസ് ഒരു യാദൃച്ഛിക സംഭവമല്ല. പ്രത്യുത, ദൈവം അനാദിമുതൽ മനുഷ്യരക്ഷയ്ക്കു വേണ്ടി തയ്യാറാക്കിവച്ചിരുന്ന ഒരു പദ്ധതിയുടെ പൂർത്തീകരണമാണതിലൂടെ ഓർക്കുന്നത്. അതായത് കേവലം മനുഷ്യനായി ജനിച്ച് ദൈവികനായി ജീവിച്ച് മരിച്ച ഒരു മനുഷ്യവ്യക്തിയുടെ ജനനത്തിന്റെ ഓർമ്മയല്ലത്.

ക്രിസ്തു ആരാണെന്നും ക്രിസ്തുവിന്റെ ജനനത്തിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാമായിരുന്നു എന്ന് നോക്കാം. തന്റെ അനന്തനന്മയിൽ ദൈവം ഈ ലോകത്തേയും ഇതിലുള്ള സകല ചരാചരങ്ങളെയും അവയ്ക്കെല്ലാം മകുടമായി സ്വതന്ത്ര മനസ്സുള്ള മനുഷ്യനെയും സൃഷ്ടിച്ചു. മനുഷ്യനാകട്ടെ തന്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചു. ദൈവത്തിനെതിരെ പാപം ചെയ്തു. ആദവും ഹവ്വായും പറുദീസായിൽനിന്ന് പുറത്താക്കപ്പെടുന്ന വിവരണങ്ങൾ വിശുദ്ധ ബൈബിളിന്റെ തുടക്കത്തിൽ തന്നെയുണ്ട്. ആ വിവരണങ്ങൾ തീർച്ചയായും വാച്യാർത്ഥത്തിൽ എടുക്കേണ്ടവയല്ല എന്നും കൂടി നാം ഓർത്തിരിക്കണം. അതിലൂടെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്ന ദൈവിക സന്ദേശമാണ് പ്രധാനപ്പെട്ടത്.

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ആയിരുന്നു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. അതായത് ദൈവത്തെപ്പോലെ മരണമില്ലാത്ത ഒരംശം, ആത്മാവ്, മനുഷ്യനിലുമുണ്ടായിരുന്നു. മാത്രമല്ല എല്ലാറ്റിന്റേയും പൂർണ്ണതയായ ദൈവത്തിന്റെ ഗുണഗണങ്ങളുടെ അംശവും മനുഷ്യനിലുണ്ടായിരുന്നു. എന്നാൽ പാപം ചെയ്തതോടെ ഇവയ്ക്കെല്ലാം ചില മാറ്റങ്ങൾ വന്നു. പാപത്തിലേക്ക് ചാഞ്ഞിരിക്കുന്ന പ്രകൃതി തന്നെ മനുഷ്യനിൽ വന്നുകൂടി. പാപം ചെയ്യാതിരുന്ന അവസ്ഥയിൽ ഉണ്ടായിരുന്ന എല്ലാ സൗഭാഗ്യങ്ങളും മനുഷ്യന് നഷ്ടമാകുകയും ചെയ്തു. പറുദീസായിൽ മനുഷ്യൻ അനുഭവിച്ചിരുന്ന ദൈവിക സാന്നിദ്ധ്യം അഥവാ സ്വർഗ്ഗീയാനുഭവമാണ് പാപത്തിലൂടെ മനുഷ്യന് നഷ്ടമായത്.

ഇതിൽ നിന്ന് കരകയറാൻ എന്താണൊരു പോംവഴി? ദൈവം തന്നെ അതും കണ്ടെത്തി. മനുഷ്യനെ ദൈവം കൈവിട്ടില്ല, പകരം, മനുഷ്യനെ രക്ഷിക്കാൻ അവിടുന്ന് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. ദൈവത്തിനെതിരെ ചെയ്ത പാപമാകയാൽ അതിന് പരിഹാരം ചെയ്യാൻ ദൈവം തന്നെ വേണ്ടിയിരുന്നു. അതിനാൽ ആ രക്ഷകൻ ദൈവം തന്നെ ആയിരിക്കണമായിരുന്നു. ക്രിസ്ത്യാനികൾ ഏകദൈവ വിശ്വാസികളാണ്. എന്നാൽ ഈ ഏകദൈവത്തിൽ മൂന്ന് ആളുകൾ ഉണ്ടെന്നതാണ് ക്രൈസ്തവ വിശ്വാസം. ഇത് ക്രിസ്തു തന്നെ വെളിപ്പെടുത്തിയതാണ്. ഏകദൈവത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നാളുകൾ ഉണ്ടെന്ന് ക്രിസ്തു വെളിപ്പെടുത്തി. ഈ മൂന്നാളുകളിൽ പുത്രൻ മനുഷ്യനായി അവതരിച്ച് മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യണം എന്ന് ദൈവം തീരുമാനിച്ചു. അങ്ങനെ മനുഷ്യനായി അവതരിച്ച ദൈവത്തിലെ രണ്ടാമത്തെ ആളാണ് യേശുക്രിസ്തു. യേശുക്രിസ്തു ദൈവപുത്രനാണെന്ന് പറയുമ്പോൾ മാനുഷികമായ അർത്ഥത്തിലല്ല നാമത് മനസ്സിലാക്കേണ്ടത്.

ദൈവപുത്രന് വന്നു ജനിക്കാൻ ദൈവം ഒരു ജനതയെ തെരഞ്ഞെടുത്ത് ഒരുക്കി. അവരാണ് യഹൂദന്മാർ. യഹൂദജനതയുടെ പൊതുപിതാവായ അബ്രാഹവുമായി ദൈവം ഒരുടമ്പടിയുണ്ടാക്കി. ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. അതായിരുന്നു ആ ഉടമ്പടിയുടെ കാതൽ. എന്നാൽ മുന്നോട്ടുള്ള പ്രയാണത്തിൽ യഹൂദജനത പലപ്പോഴും ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് വിപരീതമായി പ്രവർത്തിച്ച് ദൈവത്തിൽ നിന്ന് അകന്നു പോയി. അപ്പോഴെല്ലാം അവർക്ക് മുന്നറിയിപ്പ് നൽകാനും അവരെ തിരുത്താനും ദൈവം പ്രവാചകന്മാരേയും മറ്റും അയച്ചു. അവസാനം കാലത്തിന്റെ പൂർണ്ണതയിൽ ദൈവം നിശ്ചയിച്ച സമയത്ത് യേശുക്രിസ്തുവെന്ന രക്ഷകൻ ജനിച്ചു.

എന്നാൽ ഈ രക്ഷകനെ തിരിച്ചറിയാൻ വളരെക്കുറച്ച് പേർക്കേ കഴിഞ്ഞുള്ളൂ. കാരണം മറ്റൊന്നുമല്ല. രക്ഷകനെപ്പറ്റി ദൈവം യഹൂദർക്ക് കൊടുത്തിരുന്ന കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായി അവർ ചിന്തിക്കാൻ തുടങ്ങിയിരുന്നു. അവരുടെ മനസ്സിൽ ഉണ്ടായിരുന്ന രക്ഷകചിത്രം വളരെ ഭൗതികമായിരുന്നു. റോമാ ചക്രവർത്തി യഹൂദനാടായ പലസ്തീനായെ ആക്രമിച്ച് കീഴ്പ്പെടുത്തി അതിനെ ഒരു സാമന്തരാജ്യമായി ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ജനിച്ചത്. ഈ കാലഘട്ടത്തിൽ റോമൻ അടിമത്തത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കാൻ വരുന്ന ഒരു ചക്രവർത്തിയായിട്ടാണ് അവർ രക്ഷകനെ പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് പലർക്കും കാലിത്തൊഴുത്തിൽ പിറന്ന യേശുവിൽ രക്ഷകനെ കാണാൻ പറ്റാതെ പോയത്.

ദൈവത്തിന്റെ അനന്തനന്മയും മനുഷ്യരോടുള്ള സ്നേഹവും വാഗ്ദാനത്തിലുള്ള വിശ്വസ്തതയും വെളിപ്പെടുത്തുന്ന സംഭവമാണ് ക്രിസ്തുമസ്. അതല്ലെങ്കിൽ കേവലം ഒരു സൃഷ്ടിയായ മനുഷ്യനെ രക്ഷിക്കാൻ ദൈവം തന്നെ മനുഷ്യനാകുകയില്ലായിരുന്നുവല്ലോ. ദൈവത്തിന്റെ ആശയങ്ങളല്ല മനുഷ്യന്റെ ആശയങ്ങൾ എന്നും, രാജകൊട്ടാരത്തിലും സമ്പന്നതയിലും അല്ല രക്ഷകനെ അന്വേഷിക്കേണ്ടത് എന്നുമാണ് ക്രിസ്തുമസ് നമുക്ക് തരുന്ന സന്ദേശം. മറ്റു വാക്കുകളിൽ സമ്പത്തിനും സ്ഥാനമാനങ്ങൾക്കും അതുപോലെയുള്ള മറ്റു കാര്യങ്ങൾക്കും മനുഷ്യനെ ശാശ്വതമായി രക്ഷിക്കാൻ കഴിയുകയില്ല എന്ന വസ്തുതയാണ് ക്രിസ്തുമസ് നമ്മളോട് വിളിച്ചോതുന്നത്. അതുപോലെ തന്നെ സമ്പന്നതയിലും സ്ഥാനമാനങ്ങളിലും ദൈവത്തെ കണ്ടുമുട്ടിയെന്നും വരില്ല എന്നും ഈ തിരുനാൾ മനുഷ്യനെ ഓർമ്മപ്പെടുത്തുന്നു.

- ക്രിസ്തുമസ് അറിവുകൾക്കുമപ്പുറം-

christmas what is christmas ക്രിസ്തുമസ് എന്താണ് ക്രിസ്തുമസ് ക്രിസ്തു bishop jose porunnedom bishop porunnedom ക്രിസ്തുമസ് അറിവുകൾക്കുമപ്പുറം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message