We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
ക്രൈസ്തവര്‍ക്കൊരു പേടിസ്വപ്നമായി മദ്ധ്യപൂര്‍വ്വദേശത്തുയര്‍ന്നുവന്ന ഇസ്ലാം എപ്രകാരം വളര്‍ന്നു വികസിച്ചുവെന്നും സഭാനേതൃത്വം എങ്ങനെ അതിനെ നേരിട്ടുവെന്നും കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടു. എന്നാല്‍ ക്രൈസ്തവമെന്നഭിമാനിച്ചിരുന്ന പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള ബന്ധവും സഭയ്ക്ക് അത്ര അനുകൂലമായിരുന്നില്ല. ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ രാജാക്കന്മാരും പാപ്പാധിപത്യവുമായി തുറന്ന ഏറ്റുമുട്ടലുകള്‍ തന്നെ നടന്നു. ഇതിനെല്ലാം എഴുപതു വര്‍ഷത്തേക്ക് ഫ്രാന്‍സിലെ അവിഞ്ഞോണിലേയ്ക്ക് മാറ്റിയ പശ്ചാത്തലം തുടങ്ങിയവയാണ് ഈ അദ്ധ്യായത്തിലെ പ്രതിപാദ്യം.
മെത്രാന്മാരുടെ നിയമനം (Lay Investiture) സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് ഉടമ്പടികള്‍ ഒപ്പുവച്ചതോടെ സഭാനേതൃത്വവും രാഷ്ട്രീയാധികാരികളും തമ്മില്‍ അതുവരെ നിലനിന്നിരുന്ന ഉരസലുകള്‍ ഒട്ടൊക്കെ അവസാനിച്ചു. എങ്കിലും ഇടയ്ക്കിടെ പൊട്ടലും ചീറ്റലും ഉണ്ടായിക്കൊണ്ടിരുന്നു. മദ്ധ്യയുഗചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് സഭാനേതൃത്വവും രാഷ്ട്രീയാധികാരികളും തമ്മിലുള്ള ഈ ഏറ്റുമുട്ടലുകള്‍.
സഭയും പരിവര്‍ത്തനഘട്ടവും
മദ്ധ്യയുഗത്തിന്‍റെ അവസാനകാലം സഭയെ സംബന്ധിച്ചിടത്തോളം വിഷമപൂര്‍ണ്ണമായ ഒന്നായിരുന്നു. അക്കാലത്താണ് എല്ലാരംഗങ്ങളിലുമുള്ള നേട്ടങ്ങള്‍ അവയുടെ ഉന്നതശ്രേണിയിലെത്തിയത്. പക്ഷേ ഇവ എന്നെന്നും നിലനില്ക്കുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അതു മൗഢ്യം മാത്രമായിരുന്നു. മദ്ധ്യയുഗത്തില്‍ സംഘടിതസഭയുടെ ശക്തി ക്ഷയിച്ചുതുടങ്ങി. സമൂഹത്തെ സ്വാധീനിക്കുന്ന ബാഹ്യശക്തികളില്‍നിന്നും ഒഴിഞ്ഞു നില്ക്കുവാന്‍ സഭയിലെ മാനുഷികഘടകങ്ങള്‍ക്കു കഴിയില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. പരിവര്‍ത്തനഘട്ടത്തിന്‍റെ പ്രത്യേകതയായ സാമ്പത്തികവും, സാമൂഹ്യവും, ബുദ്ധിപരവും രാഷ്ട്രീയവുമായ ഘടകങ്ങള്‍ സഭയില്‍ പരമ്പരാഗതമായി നിലവിലിരുന്ന വ്യവസ്ഥിതിയുടെമേല്‍ നടത്തിയ കടന്നാക്രമണമാണ് ഈ അധഃപതനത്തിനു കാരണം. പാപ്പാമാരുടെ അവിഞ്ഞോണ്‍ അടിമത്തം, പാശ്ചാത്യശീശ്മ, നവോത്ഥാനം തുടങ്ങിയവ ഈ അധഃപതനത്തെ ത്വരിതപ്പെടുത്തിയെന്നുമാത്രം.
സാമ്പത്തികഘടകങ്ങള്‍
ഫ്യൂഡല്‍വ്യവസ്ഥിതിയനുസരിച്ച് സമ്പത്തിന്‍റെ ഉത്ഭവവും മാനദണ്ഡവും ഭൂമിയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഉയിര്‍ത്തെഴുന്നേറ്റ കച്ചവടവും വ്യവസായവും ഈ നിലപാടിനു മാറ്റംവരുത്തി.സാമ്പത്തിക വ്യവസ്ഥിതിയില്‍ പണം പ്രഥമസ്ഥാനം കരസ്ഥമാക്കിയതോടെ ഭൂമിയുടെ പ്രാധാന്യം കുറഞ്ഞു. ഈ മാറ്റം കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്, അന്ന് യൂറോപ്പിലെ ഏറ്റവും വലിയ ഭൂവുടമയായിരുന്ന സഭാനേതൃത്വത്തെയാണ്.
സാമൂഹ്യപരിവര്‍ത്തനങ്ങള്‍
സമൂഹത്തിന്‍റെ ചിന്താഗതിയിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. പുതിയ സാമ്പത്തിക വ്യവസ്ഥിതിയുടെ ഫലമായി മതനിരപേക്ഷത വളര്‍ന്നുവന്നു. ഭാവിയില്‍ വരാനുള്ള സ്വര്‍ഗ്ഗഭാഗ്യത്തിനെന്നതിനേക്കാള്‍ വര്‍ത്തമാനകാലലോകത്തിന് മനുഷ്യന്‍ കൂടുതല്‍ പ്രാധാന്യം നല്‍കി. മതനിഷേധമോ നിരീശ്വരത്വമോ ആയിരുന്നില്ല ഇതിന്‍റെ അടിയില്‍ പ്രവര്‍ത്തിച്ചത്; പ്രത്യുത ലോകത്തേയും അതിലെ സൗകര്യങ്ങളേയുംപറ്റിയുള്ള വര്‍ദ്ധിച്ച അവബോധമാണ്. ലോകത്തേയും ലൗകിക കാര്യങ്ങളേയും ത്യജിക്കുകയെന്നത് പുതിയ തലമുറയ്ക്കു സ്വീകാര്യമല്ലായിരുന്നു. സന്യാസപ്രസ്ഥാനങ്ങള്‍ പലതും അനാകര്‍ഷകങ്ങളായിത്തീര്‍ന്നത് അതുകൊണ്ടാണ്.
ബൗദ്ധികമണ്ഡലം
ദൈവവിജ്ഞാനീയത്തിലേയും തത്ത്വശാസ്ത്രത്തിലേയും അതികായന്മാരായിരുന്ന സ്കൊളാസ്റ്റിക്ക് ചിന്തകര്‍ മിക്കവരും 1300 ആയപ്പോഴേയ്ക്കും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇക്കാലത്ത് അത്മായരുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതോടെ ബൗദ്ധികമണ്ഡലത്തില്‍ സഭാനേതൃത്വത്തിനുണ്ടായിരുന്ന കുത്തകാവകാശം നഷ്ടപ്പെട്ടു. തോമസ് അക്വീനാസിന്‍റെ തത്ത്വങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മരണശേഷം വലിയ പ്രചാരമൊന്നും കിട്ടിയില്ല. അതേസമയം ഓക്കാമിലെ വില്യമിന്‍റെ നോമിനലിസം അസൂയാവഹമായ പ്രചാരം നേടി. മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്കൊളാസ്റ്റിക്ക് പാരമ്പര്യം പുനരുദ്ധരിക്കാന്‍ കഴിവുള്ളവരാരും കുറെക്കാലത്തേയ്ക്കുണ്ടായില്ല. പതിനാലാം നൂറ്റാണ്ടായപ്പോഴേയ്ക്കും പ്രാദേശികഭാഷകള്‍ക്ക് അവയുടെ സ്ഥാനം വീണ്ടുകിട്ടി. കത്തോലിക്കരായ സാഹിത്യകാരന്മാര്‍പോലും സ്വന്തം കഴിവുകള്‍ മതേതരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് വിനിയോഗിച്ചത്. സഭാസേവനത്തില്‍ അവരൊന്നും പ്രത്യേകതാല്പര്യം പ്രകടിപ്പിച്ചില്ല. അത്മായരുടെ ബൗദ്ധികനിലവാരം ഉയര്‍ന്നതോടെ വൈദികരുടെ അജ്ഞതയും പോരായ്കകളും നിരൂപണവിധേയമായി.
രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍
രാഷ്ട്രീയഭരണകൂടങ്ങള്‍ ഏതു രൂപത്തിലുള്ളതാണെങ്കിലും പ്രത്യക്ഷത്തില്‍ അതു സഭയെ കാര്യമായി സ്പര്‍ശിക്കേണ്ടതല്ല. എങ്കിലും ചില പ്രത്യേക ഭരണരീതികള്‍ സഭാനേതൃത്വത്തിന് കൂടുതല്‍ അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. അങ്ങനെയുള്ള ഒന്നായിരുന്നു ഫ്യൂഡല്‍ വ്യവസ്ഥിതി. ചെറിയതും ബലഹീനവുമായ രാഷ്ട്രീയഘടകങ്ങള്‍ പരസ്പരം കലഹിച്ചു കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ സഭാനേതൃത്വത്തിന് അതിന്‍റെ സ്വാധീനശക്തി പരമാവധി ഉപയോഗപ്പെടുത്തുവാന്‍ സാധിച്ചു. എന്നാല്‍ ഫ്യൂഡലിസം തകരുകയും ദേശീയബോധം വളരുകയും ചെയ്തതോടെ ദേശീയപ്രസ്ഥാനങ്ങള്‍ പുതിയൊരുണര്‍വ്വും നവജീവനും കൈക്കൊണ്ടു. ഇത് സഭാനേതൃത്വത്തിന് ഒരാഘാതമായിരുന്നു. ചക്രവര്‍ത്തിമാരുടെ സ്ഥാനംകൂടി ദേശീയനേതാക്കള്‍ ഏറ്റെടുത്തു. ദേശീയപ്രസ്ഥാനങ്ങളെപ്പറ്റി ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായി. വിദേശീയമായവയോടെല്ലാം വെറുപ്പും അവജ്ഞയും ഉടലെടുത്തു.
പോപ്പ് സ്വദേശീയനല്ലെന്ന കാരണത്താല്‍ ഒരു കത്തോലിക്കന്‍ പേപ്പല്‍ അവകാശങ്ങളെ ചോദ്യം ചെയ്യുക, ഒരന്യരാഷ്ട്രത്തെ സഹായിക്കുകയാണെന്ന ഭയംകൊണ്ട് പാപ്പായ്ക്ക് സഭാപിരിവ് കൊടുക്കാതിരിക്കുക, മാര്‍പ്പാപ്പാ വിദേശീയനാകയാല്‍ അദ്ദേഹം നിയമിക്കുന്ന ആളെ സ്വീകരിക്കുവാന്‍ വിസമ്മതിക്കുക തുടങ്ങിയ കാര്യങ്ങളെപ്പറ്റി മദ്ധ്യയുഗത്തില്‍ ചിന്തിയ്ക്കുകപോലും സാദ്ധ്യമായിരുന്നില്ല. പക്ഷേ ഇവയെല്ലാം യഥാര്‍ത്ഥത്തില്‍ സഭാധികാരികള്‍ക്കു പിന്നീട് അഭിമുഖീകരിക്കേണ്ടിവന്നുവെന്നതാണു സത്യം.
ഇതുവരെ ഭരണാധികാരികളുമായുള്ള യുദ്ധങ്ങളില്‍ പ്രമാണികളായ അത്മായരുടേയും ഒരു പരിധിവരെ മെത്രാന്മാരുടേയും സഹായം മാര്‍പ്പാപ്പാമാര്‍ക്കുണ്ടായിരുന്നു. 1270-മുതല്‍ കാറ്റു തിരിഞ്ഞു വീശിത്തുടങ്ങി. ജനങ്ങള്‍ തങ്ങളുടെ ദേശീയനേതാവുമായുള്ള കൂട്ടുകെട്ടിന് വിദൂരസ്ഥനായ പോപ്പുമായുള്ള സഖ്യത്തേക്കാള്‍ പ്രാധാന്യം നല്കി. അവരുടെ വീക്ഷണത്തില്‍ കൂടുതല്‍ മുന്‍ഗണന നല്കേണ്ടിയിരുന്നത് സഭയുടെ ആവശ്യങ്ങള്‍ക്കല്ല. പ്രത്യുത രാഷ്ട്രത്തിന്‍റെ ആവശ്യങ്ങള്‍ക്കാണ്.
മാര്‍പ്പാപ്പാമാര്‍ അവിഞ്ഞോണില്‍ (1309-1376)
1309 മുതല്‍ 1376 വരെ മാര്‍പ്പാപ്പാമാരുടെ ആസ്ഥാനം ഫ്രാന്‍സില്‍ റോണ്‍ നദീതീരത്തുള്ള അവിഞ്ഞോണായിരുന്നു. ഇക്കാലത്ത് പേപ്പല്‍ കൂരിയായില്‍ ഫ്രഞ്ചു സ്വാധീനശക്തി വളരെ വര്‍ദ്ധിച്ചു. ദേശീയബോധത്തില്‍നിന്നുളവായ ശക്തമായ പ്രതികരണങ്ങള്‍ക്ക് ഇതിടയാക്കി. കൂരിയായുടെ ഗാംഭീര്യം, പാഷണ്ഡതകളുടെ അഭാവം, താരതമ്യേന സ്വഭാവശുദ്ധിയുള്ള മാര്‍പ്പാപ്പാമാര്‍, സ്വാധീനശക്തിയുള്ള വിശുദ്ധര്‍ തുടങ്ങിയവ ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകളാണ്. എന്നാല്‍ ഇവയെല്ലാംകൂടി വ്യര്‍ത്ഥമായൊരു സുരക്ഷിതത്വബോധം നല്കിയതുമൂലം മതനിരപേക്ഷതയിലേയ്ക്കുള്ള ജീവിതത്തിന്‍റെ ചായ്വ് മനസ്സിലാക്കുവാന്‍ അന്നാര്‍ക്കും കഴിഞ്ഞില്ല.
ഇറ്റലിയിലേയും റോമിലേയും അരക്ഷിതാവസ്ഥയാണ് അവിഞ്ഞോണ്‍ പ്രവാസത്തിന്‍റെ പ്രധാനകാരണം. പേപ്പല്‍ കക്ഷികളായ ഗള്‍ഫ് കുടുംബക്കാരും പാപ്പാ വിരുദ്ധരായ ഗിബല്ലനസ് കുടുംബക്കാരും ഇറ്റലിയെ ഒരു പടക്കളമാക്കി മാറ്റി. ഈ ചുറ്റുപാടില്‍ അഭയകേന്ദ്രം നോക്കി മാര്‍പ്പാപ്പാമാര്‍ മാറിത്താമസിക്കുക പതിവായിരുന്നു. എന്നാല്‍ അവിഞ്ഞോണ്‍ പേപ്പല്‍ അധിവാസകേന്ദ്രമായത് ആകസ്മികമായാണ്. 1305-ല്‍ ബോര്‍ഡോയിലെ ആര്‍ച്ചുബിഷപ്പായിരിക്കുമ്പോഴാണ് ക്ളെമന്‍റ് അഞ്ചാമന്‍ (1305-1314) തിരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യവും ഫ്രാന്‍സിലെ ഫിലിപ്പ് നാലാമനുമായുള്ള ഇടപാടുകളുംമൂലം അദ്ദേഹത്തിന് ഉടനെ റോമിലേയ്ക്കു പോകുവാന്‍ സാധിച്ചില്ല. 1309-ല്‍ അവിഞ്ഞോണ്‍ സന്ദര്‍ശിച്ച അദ്ദേഹം ഡൊമിനിക്കന്‍ സന്യാസികളുടെ അതിഥിയായി മരണംവരെ അവിടെ കഴിഞ്ഞു. തുടര്‍ന്നുവന്ന ജോണ്‍ 22-ാമന്‍ (1316-1334) അവിഞ്ഞോണിലെ മെത്രാനായിരുന്നു. രാജാവുമായുള്ള ഉരസലുകള്‍ ഏറ്റം സുരക്ഷിതമായ സ്ഥലത്തു വസിക്കാന്‍ അദ്ദേഹത്തെയും പ്രേരിപ്പിച്ചു. ഇതിനിടെ ഇറ്റാലിയന്‍ യുദ്ധങ്ങള്‍ രൂക്ഷതരമായി. റോമിലേയ്ക്കു സുരക്ഷിതമായി വരിക അത്ര എളുപ്പമായിരുന്നില്ല. 1348-ല്‍ അന്നത്തെ പോപ്പ് അവിഞ്ഞോണ്‍ വിലയ്ക്കുവാങ്ങി ഒരു അരമന പണിതു. ഇങ്ങനെയാണെങ്കിലും കഴിവതും വേഗം റോമിലേയ്ക്കു പോകേണ്ടത് ഒരാവശ്യമാണെന്ന് എല്ലാ മാര്‍പ്പാപ്പാമാര്‍ക്കും അറിയാമായിരുന്നു.
അവിഞ്ഞോണ്‍ മാര്‍പ്പാപ്പാമാരുടെ സ്വഭാവവിശേഷങ്ങള്‍
പ്രവാസകാലത്തെ ഏഴു മാര്‍പ്പാപ്പാമാരും വ്യത്യസ്തസ്വഭാവങ്ങളുടെ ഉടമകളായിരുന്നു. അവരില്‍ ചിലര്‍ പരിഷ്ക്കര്‍ത്താക്കളായിട്ടാണ് അറിയപ്പെടുന്നത്. രണ്ടുപേര്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ സ്വഭാവദാര്‍ഢ്യമുള്ളവരും മറ്റു ചിലര്‍ ചഞ്ചലരുമായിരുന്നു. ധൂര്‍ത്തനായ മാന്യന്‍ എന്നാണ് ക്ലെമന്‍റ് ആറാമനെപ്പറ്റി പറയുന്നത്; ജോണ്‍ 22-ാമന്‍ ഒരു തപസ്വിയും.അഞ്ചുപേര്‍ പ്രസിദ്ധരായ സഭാനിയമജ്ഞരാണ്. മിക്കവരും തികഞ്ഞ പണ്ഡിതരായിരുന്നതിനാല്‍ വിദ്യാഭ്യാസകാര്യത്തില്‍ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. ക്രാക്കോ, വിയന്നാ, ഓറഞ്ച് എന്നീ സര്‍വ്വകലാശാലകളുടെ സ്ഥാപനത്തില്‍ ഊര്‍ബന്‍ അഞ്ചാമനു (1362-1370) വലിയൊരു പങ്കുണ്ട്. ഭരണനൈപുണ്യമാണ് ഏഴുപേര്‍ക്കുമുണ്ടായിരുന്ന പൊതുഗുണം.
വീണ്ടും റോമിലേയ്ക്ക്
റോമിലേയ്ക്കു തിരിച്ചുവരാന്‍വേണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കരുതലോടെ മാര്‍പ്പാപ്പാമാര്‍ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. റോമില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുക, പത്രോസിന്‍റെ പത്രമേനിയില്‍നിന്നും കവര്‍ച്ചക്കാരെ പുറന്തള്ളുക, ഗള്‍ഫുകുടുംബക്കാരെ എല്ലാ രംഗങ്ങളിലും സഹായിക്കുക. എന്നീ മാര്‍ഗ്ഗങ്ങളാണ് അവരതിനു സ്വീകരിച്ചത്. 1334-വരെ ഇറ്റലിയില്‍ യുദ്ധം തുടര്‍ന്നു. 1350-നു ശേഷം, തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുതിയ ശ്രമങ്ങളുണ്ടായി. കര്‍ദ്ദിനാള്‍ അല്‍ബറോണ്‍സിന്‍റെ നേതൃത്വത്തിലുള്ള പേപ്പല്‍സൈന്യം കുറെയെല്ലാം വിജയിച്ചു. 1367-ല്‍ ഊര്‍ബന്‍ അഞ്ചാമന്‍ (1362-1370) തിരിച്ചുപോകുകതന്നെ ചെയ്തു. എന്നാല്‍ അല്‍ബറോസിന്‍റെ മരണശേഷം വീണ്ടും അവിഞ്ഞോണിലേയ്ക്കു മടങ്ങിപ്പോകേണ്ട ഗതികേടാണ് പാപ്പായ്ക്കുണ്ടായത്. 1375-ല്‍ പേപ്പല്‍ സംസ്ഥാനങ്ങളിലെ 80 നഗരങ്ങള്‍ ഒരു കൂട്ടുകെട്ടിലേര്‍പ്പെട്ട് അവരുടെ സ്വാതന്ത്രം നേടിയെടുക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു.
ഈ അന്തരീക്ഷത്തിലാണ് സീയന്നായിലെ വി. കാതറീന്‍ രംഗത്തുവന്നത്. ആ വിശുദ്ധ അവിഞ്ഞോണിലെത്തി ഗ്രിഗറി പതിനൊന്നാമന്‍ പാപ്പായെ (1370-1378) നേരില്‍ക്കണ്ട് ദൈവത്തിന്‍റെ നാമത്തില്‍ റോമിലേയ്ക്കു തിരിച്ചുപോകുവാന്‍ അഭ്യര്‍ത്ഥിച്ചു. അതിനുള്ള പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യുവാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. വിശുദ്ധയെ നിരാകരിക്കുവാന്‍ പാപ്പായ്ക്ക് കഴിഞ്ഞില്ല. ജനീവായിലെ കര്‍ദ്ദിനാള്‍ റോബര്‍ട്ടിനെ ഒരു സൈന്യത്തോടുകൂടി കരവഴി അയച്ചശേഷം മാര്‍പ്പാപ്പാ ജനോവയില്‍നിന്നു ജലമാര്‍ഗ്ഗം പുറപ്പെട്ട് 1377 ജനുവരിയോടുകൂടി വത്തിക്കാനിലെത്തി. പ്രത്യാക്രമണങ്ങളെയെല്ലാം പേപ്പല്‍സൈന്യം വേണ്ടപോലെ നേരിട്ടു. പക്ഷേ, പൂര്‍ണ്ണസമാധാനം സ്ഥാപിക്കുന്നതിനു മുമ്പ് ഗ്രിഗറി മരണമടഞ്ഞു.
പരിവര്‍ത്തനത്തിന്‍റെ ഒരു കാലഘട്ടത്തില്‍ പാശ്ചാത്യസഭയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങളാണ് ഈ അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്തത്. വിവിധരാഷ്ട്രങ്ങളുമായുള്ള ഏറ്റുമുട്ടല്‍ സഭാനേതൃത്വത്തിന്‍റെ ശ്രദ്ധയെ ആദ്ധ്യാത്മികതലങ്ങളില്‍നിന്നും വ്യതിചലിപ്പിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല. ഈ കാലഘട്ടത്തിലെ ഒരുപക്ഷേ ഏറ്റം വലിയ സംഭവമാണ് മാര്‍പ്പാപ്പാമാരുടെ ബാബിലോണ്‍ അടിമത്തം എന്ന് ചരിത്രത്തിലറിയപ്പെടുന്ന അവഞ്ഞോണ്‍ പ്രവാസം. മാര്‍പ്പാപ്പാമാര്‍ ഒരു രാജ്യവുമായും പ്രത്യേകരീതിയില്‍ ബന്ധപ്പെട്ടു നില്ക്കരുതെന്നും, ദേശീയപ്രബുദ്ധതയുടെ മദ്ധ്യത്തിലും സഭ അവളുടെ അതിസ്വാഭാവികത്വം നഷ്ടപ്പെടുത്തരുതെന്നുമാണ് ഈ സംഭവങ്ങള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.
Western Church and Nations catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206