We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Kallarangatt On 26-Jan-2021
"ഞാന്‍ നിങ്ങളുടെ സഭയെ സ്നേഹിക്കുന്നു. കാരണം എനിക്ക് നിങ്ങളുടെ സഭയുടെ ചരിത്രം അറിയാം". എന്ന് പൗരസ്ത്യ തിരുസംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന യൂജിന്‍ കാര്‍ഡിനല്‍ ടിസ്സറന്‍റ് സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാരോട് ഒരിക്കല്‍ പറയുകയുണ്ടായി. അറിഞ്ഞതിനെ സ്നേഹിക്കുക, കൂടുതല്‍ അറിഞ്ഞതിനെ കൂടുതല്‍ സ്നേഹിക്കുക എന്നത് മനുഷ്യ സഹജമാണല്ലോ. സഭയെ സ്നേഹിക്കണമെങ്കില്‍ സഭയെ അറിയണം. സഭയെ അറിഞ്ഞ് സ്നേഹിക്കാനായി സഭയുടെ ചരിത്രം പഠിക്കണം.
എന്താണ് സഭാചരിത്രം
"നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" എന്ന ക്രിസ്തുനാഥന്‍റെ ആഹ്വാനത്തിനു ചെവികൊടുത്തു കൊണ്ട് പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ശ്ലീഹന്മാരിലൂടെ സ്ഥാപിതമായ തിരുസഭയുടെ ജീവിതമാണ് സഭാചരിത്രം. ക്രിസ്തുവിന്‍റെ ആഹ്വാനത്തെ കടമയായി സ്വീകരിച്ച സഭ ആ ഉത്തരവാദിത്വത്തോട് എന്തു മാത്രം വിശ്വസ്തത പുലര്‍ത്തി എന്നതിന്‍റെ ആത്മപരിശോധന കൂടിയാണ് സഭാചരിത്രം. ഈ ആത്മപരിശോധനയുടെ വെളിച്ചത്തില്‍ എല്ലാം ക്രിസ്തുവില്‍ ഒന്നായിത്തീരുന്ന രണ്ടാമത്തെ ആഗമനം വരെ സഭാ നൗകയെ ഏതു പാതയിലൂടെ നയിക്കുമെന്ന് നിര്‍ദ്ദേശിക്കുന്ന ദിശാസൂചി കൂടിയാണ് സഭാചരിത്രം. അനേകം കൊടുങ്കാറ്റുകളുടെ മധ്യേ സഭാ നൗകയെ മനുഷ്യ കരങ്ങളിലൂടെ ദൈവം എപ്രകാരം നയിച്ചു എന്നതിന്‍റെ വിവരണം കൂടിയാണ് സഭാചരിത്രം. സഭാമക്കളെ സംബന്ധിച്ചിടത്തോളം സഭാ ചരിത്രമെന്നത് സ്വന്തം കുടുംബചരിത്രമാണ്. മാമ്മോദീസായിലൂടെ സഭയുടെ മടിത്തട്ടില്‍ ജനിച്ച് കൂദാശകളിലൂടെ ദൈവിക ജീവന്‍റെ പാല്‍ നുകര്‍ന്ന് വളര്‍ന്നു വന്ന ഓരോ സഭാംഗത്തിനും സഭാചരിത്രം സ്വന്തം കുടുംബചരിത്രമാണ്.
ദൈവിക വെളിപാടിന്‍റെ അഥവാ ദൈവാവിഷ്കരണത്തിന്‍റെ രണ്ട് ദൈവവഴികളിലൊന്നാണ് വി. പാരമ്പര്യം. കാരണം യേശു ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവവചനങ്ങളുടെ, ദൈവതിരുമനസ്സിന്‍റെ ദൃശ്യാവിഷ്ക്കാരങ്ങളാണ് വി. പാരമ്പര്യവും വി. ലിഖിതവും. വി. പാരമ്പര്യത്തില്‍ നിന്നാണ് വി. ലിഖിതവും ജന്മമെടുത്തത്. ക്രിസ്തുനാഥന്‍റെ വചനങ്ങളെ ഹൃദയമാകുന്ന നല്ല നിലത്ത് സ്വീകരിച്ച വിശ്വാസി വചനാസുനുസൃത ജീവിതത്തിലൂടെ ദൈവരാജ്യത്തിന്‍റെ ജീവിതശൈലി സ്വന്തമാക്കി. ഈ ജീവിതശൈലിയുടെ ഓരോ സൂക്ഷ്മവശവും പാരമ്പര്യത്തിന്‍റെ ഘടകങ്ങളാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാരമ്പര്യമെന്നു പറയുന്നത് ദൈവവചനം ജീവിച്ചതിന്‍റെ തിരുശേഷിപ്പുകളാണ്. ഇത്തരം പാരമ്പര്യങ്ങള്‍ വാമൊഴിയായി രൂപാന്തരം പ്രാപിച്ചപ്പോള്‍ വി.ലിഖിതങ്ങള്‍ ജന്മം കൊണ്ടു. ഇപ്രകാരം ദൈവാവിഷ്കരണത്തിന്‍റ രണ്ടു കൈവഴികളായി വി.പാരമ്പര്യവും വി. ലിഖിതവും നിലകൊള്ളുന്നു. ഇതേക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത് ഇപ്രകാരമാണ് "ദൈവാവിഷ്കരണത്തിലെ എല്ലാ വസ്തുതകളേയും സംബന്ധിച്ചുള്ള അസന്നിഗ്ധമായ ബോധം വി. ലിഖിതങ്ങളില്‍ നിന്നു മാത്രമല്ല സഭയ്ക്ക് ലഭിക്കുന്നത്. അതുകൊണ്ട് വി. ലിഖിതങ്ങളും പാരമ്പര്യവും ഒരേ ബഹുമാനത്തോടും ഒരേ ആദരവോടും കൂടി നാം സ്വീകരിച്ചു വണങ്ങേണ്ടതാണ്." (ദൈവാവിഷ്ക്കരണം ചീ.9).
വി. ലിഖിതങ്ങള്‍ക്കൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടും ആദരവോടും കൂടി വി. പാരമ്പര്യങ്ങളെ കൂടി പിരിഗണിക്കണമെന്ന് കൗണ്‍സില്‍ പിതാക്കന്‍മാര്‍ പഠിപ്പിക്കുന്നതു തന്നെ വി. പാരമ്പര്യങ്ങള്‍ക്ക് സഭയിലുള്ള പ്രസക്തി എടുത്തു കാണിക്കുന്നു. മറ്റേതു ചരിത്രത്തിനും അവകാശപ്പെടാനാകാത്ത അമൂല്യമായൊരു സവിശേഷത സഭാചരിത്രത്തിനുണ്ട്. അത് സഭാചരിത്രത്തിന്‍റെ ദൈവശാസ്ത്രപരതയാണ്. ദൈവം മനുഷ്യനായി അവതരിച്ച് ഈ ഭൂമിയില്‍ ജീവിച്ച് പീഢകള്‍ സഹിച്ച് മരിച്ച് മരണത്തേയും പാപത്തേയും കീഴടക്കി ഉയിര്‍ത്ത് സ്വര്‍ഗ്ഗാരോഹണം ചെയ്ത രക്ഷാകരസംഭവം നടന്നത് ചരിത്രത്തിലാണ്. ദൈവം മനുഷ്യനായതും ഈ മനുഷ്യാവതാരത്തിലൂടെ ലക്ഷ്യം വച്ചതിനെ നേടിയെടുക്കാനുള്ള സഭയുടെ നിതാന്ത പരിശ്രമവും ഈ പരിശ്രമങ്ങളിലെല്ലാം അദൃശ്യമായി നില്ക്കുന്ന പരിശുദ്ധാത്മാവിന്‍റെ വഴി നടത്തലുമാണ് സഭാ ചരിത്രത്തിന് ദൈവശാസ്ത്രപരത കല്പിച്ചു നല്കുന്നത്. സഭാചരിത്രത്തിന്‍റെ ദൈവശാസ്ത്രപരതയെ അറിഞ്ഞ് അതിനെ ജീവിക്കാന്‍ സഭാംഗങ്ങള്‍ പരിശ്രമിച്ചപ്പോഴാണ് വി. പാരമ്പര്യങ്ങള്‍ ഉണ്ടായത്. ഈ പാരമ്പര്യങ്ങളില്‍ നിന്ന് ആരാധനാക്രമവും മറ്റെല്ലാ ദൈവശാസ്ത്രശാഖകളും ജന്മം കൊള്ളുന്നു. ഈ അര്‍ത്ഥത്തില്‍ സഭാചരിത്രത്തിന് സഭാ ജീവിതത്തില്‍ സവിശേഷ സ്ഥാനമുണ്ട്.
സഭാചരിത്രം എന്തിനു പഠിക്കണം
ചരിത്രത്തെ മാറ്റിമറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ 23-മന്‍ മാര്‍പാപ്പ പ്രസ്താവിച്ചു; "ക്രൈസ്തവ വിശ്വാസ സത്യങ്ങളുടെ പാവന നിക്ഷേപം ഫലപ്രദമായി സംരക്ഷിക്കുകയും പഠിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഈ സാര്‍വ്വത്രിക സൂനഹദോസിന്‍റെ ലക്ഷ്യം". സഭാചരിത്ര പഠനത്തിന്‍റെ ലക്ഷ്യവും ഇതു തന്നെയാണെന്ന് നിസ്സംശയം പറയാം. രണ്ടായിരം വര്‍ഷങ്ങളിലൂടെ കൈമാറി പോന്ന വിശ്വാസത്തിന്‍റെ നിക്ഷേപത്തെ അറിയുക, സഭ കടന്നുവന്ന വഴികളെ അറിയുക. സത്യത്തിന്‍റെയും നന്മകളുടെയും വശങ്ങളെ മുറുകെപിടിക്കുക തെറ്റുകളെ തിരുത്തി മുന്നേറുക അറിഞ്ഞതിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇതാണ് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിയുടേയും ലക്ഷ്യം. ക്രിസ്തുവിന്‍റെ സുവിശേഷവത്ക്കരണാഹ്വാനം സ്വീകരിച്ച ഏതൊരു ക്രൈസ്തവനും സഭാ ചരിത്രവിദ്യാര്‍ത്ഥിയാകാതിരിക്കാന്‍ കഴിയില്ല. കാരണം ഈ ആഹ്വാനത്തെ എപ്രകാരം എന്തുമാത്രം ആത്മാര്‍ത്ഥതയോടെ നിറവേറ്റി എന്ന വസ്തുതയുടെ സത്യം ഉരച്ചുനോക്കാനുള്ള ഉരകല്ലാണ് സഭാചരിത്രം. 1883 ല്‍ പതിമൂന്നാം ലെയോ മാര്‍പാപ്പ വത്തിക്കാന്‍ രേഖാലയം ചരിത്രാന്വേഷികള്‍ക്കായി തുറന്നു കൊടുത്തപ്പോള്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി. "ചരിത്രരചനയുടെ ഒന്നാമത്തെ നിയമം തെറ്റായതു പറയാന്‍ തുനിയാതിരിക്കുക. ശരിയായതു പറയാന്‍ ഭയപ്പെടാതിരിക്കുക എന്നതാണ്." തെറ്റായത് പറയാതിരിക്കാന്‍ കഴിയണമെങ്കില്‍ ശരിയായതെന്തെന്ന് പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യങ്ങളാണ് സഭാചരിത്രപഠനത്തെ ഏതൊരു സഭാംഗത്തിന്‍റെയും പ്രധാനമായ കടമയാക്കിത്തീര്‍ക്കുന്നത്.
church history Bishop Joseph Kallarangatt catholic history importance of learning church history meaning of church history Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206