We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
സഭയുടെ ഘടന എപ്രകാരം രൂപം കൊണ്ടു എന്നതാണ് ഈ ആദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.
ഇടവക
പ്രഥമ ക്രിസ്തീയസമൂഹങ്ങള്‍ രൂപം കൊണ്ടത് നഗരങ്ങളിലായിരുന്നു. കാലക്രമേണ ഉള്‍നാടുകളിലേ ക്കും സഭ വ്യാപിച്ചു. 'പാരോയിക്കിയ' എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഇടവക എന്ന ര്‍ത്ഥമുള്ള പാരീഷ് എന്ന വാക്ക് രൂപമെടുത്തത്. തീര്‍ത്ഥകരുടെ സമൂഹം, ദൈവഭവനത്തോട് അടുത്തവര്‍ എന്നിവയാണ് വാച്യാര്‍ത്ഥം. അതിനാല്‍ ഇടവക എന്നതിന് ഇഹത്തില്‍ തീര്‍ത്ഥകരെപ്പോലെ ജീവിക്കുന്നവരുടെ സമൂഹം എന്ന അര്‍ത്ഥം ലഭിച്ചു.
കാലക്രമത്തില്‍ സഭയില്‍ അംഗങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ കൂടുതല്‍ ആരാധനാകേന്ദ്രങ്ങള്‍ ആവശ്യ മായി. റോമില്‍ തന്നെ ചില വീടുകള്‍ ഈ ആവശ്യ ത്തിന് ഉപയോഗിച്ചു. സമൂഹത്തിന്‍റെ പ്രവര്‍ത്ത നങ്ങളുടെ കേന്ദ്രം ഇപ്രകാരമുള്ള പള്ളികളായിരുന്നു. രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ ഇടവക എന്ന പേരിലാണ് ചെറിയ സഭാസമൂഹങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഈ ചെറിയ സമൂഹങ്ങള്‍ക്ക് ഓരോ രക്തസാക്ഷിയുടെ നാമം നല്കിയിരുന്നു. നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ (300) റോമില്‍ ഏകദേശം 20 ഇടവകകള്‍ ഉണ്ടായിരുന്നത്രെ. ഇവയെല്ലാം മെത്രാന്‍റെ അധികാരത്തിന്‍ കീഴിലായിരുന്നു. പട്ടണങ്ങള്‍ കേന്ദ്രമാക്കി രൂപം കൊണ്ട സഭാസമൂഹങ്ങള്‍ ക്രമേണ പട്ടണത്തിന്‍റെ പുറത്തേക്കും വ്യാപിച്ചു. ഇങ്ങനെ സമൂഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ സഭയുടെ ഭരണച്ചുമതല വൈദികരെ ഏല്‍പ്പിക്കേണ്ടിവന്നു. പ്രാരംഭത്തില്‍ താത്ക്കാലികമായ നിയമങ്ങളായിരുന്നു- ഒരു നിശ്ചിത കാലത്തേക്ക് പ്രത്യേക സമൂഹങ്ങള്‍ക്ക് നേതൃത്വം നല്കുക, എന്നാല്‍ ക്രമേണ മെത്രാന്‍ ഓരോ സമൂഹത്തിനും പ്രത്യേകം വൈദികരെ നിയമിച്ചു തുടങ്ങി. ഈ സമ്പ്രദായമാണ് ഇന്നത്തെ ഇടവകകളുടെ ആധാരം. ഒരു മെത്രാന്‍റെ കീഴില്‍ പല ഇടവകകള്‍ ഉണ്ടായിരിക്കും, ഓരോന്നിനും ഓരോ വൈദികനും, ചില ഇടവകകളെ ഡീക്കന്മാര്‍ ഭരിച്ചിരുന്നതായി കാണുന്നുണ്ട്. അതുപോലെ ഈജിപ്ത്തില്‍ ചില ഗ്രാമപ്രദേശങ്ങളില്‍ ആചാര്യന്മാരും പ്രബോധകരും ഉണ്ടായിരുന്നതായി സഭാചരിത്രകാരനായ ഏവുസേബിയസ് പറയുന്നുണ്ട്.
ഇടവകാ സമ്പ്രദായം പൗരസ്ത്യദേശങ്ങളില്‍ വളരെ വേഗം വികസിച്ചു. എന്നാല്‍ പാശ്ചാത്യദേശങ്ങളില്‍ പൊതുവെ സാവധാനമാണ് ഇടവകസമ്പ്രദായം വളര്‍ന്നത്. റോമാപോലെയുള്ള വലിയ നഗരങ്ങളില്‍ മെത്രാന്‍ തന്നെയാണ് ആരാധനാ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്കിയിരുന്നത്. വൈദികര്‍ സഹായികളായി വര്‍ത്തിച്ചു. ഒരു നഗരത്തില്‍ പല ദേവാലയങ്ങള്‍ ഉണ്ടായിരുന്നാല്‍ വിശുദ്ധ ബലിയില്‍ അപ്പവും വീഞ്ഞും ആശിര്‍വദിച്ചിരുന്നത് മെത്രാന്‍ മാത്രമാണ്. അതിനുശേഷം വി. കുര്‍ബ്ബാന മറ്റു പള്ളികളിലേക്ക് (ഔദ്യോഗിക ദേവാലയത്തില്‍ നിന്ന്) കൊണ്ടുപോകുന്നു. വൈദികന് വിശുദ്ധ വസ്തുക്കള്‍ ആശീര്‍വദിക്കണമെങ്കില്‍ മെത്രാന്‍റെ പ്രത്യേകാനുവാദം ആവശ്യമായിരുന്നു.
അഞ്ചാം നൂറ്റാണ്ടായപ്പോള്‍ സ്പെയിനിലും, ഫ്രാന്‍സിലും കൂടുതല്‍ പ്രാദേശികദേവാലയങ്ങള്‍ ഉയര്‍ന്നു വന്നു. ഇവയ്ക്കെല്ലാം വൈദികരും സ്ഥിരമായി നിയമിക്കപ്പെട്ടിരുന്നു.
അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ചില പള്ളികള്‍ അല്‍മായരുടെ കൈവശമാകാന്‍ തുടങ്ങി. പ്രഭുക്കന്മാര്‍ സ്വന്തമായി പള്ളികള്‍ സ്ഥാപിച്ച് വൈദികരെ നിയമിച്ചു വന്നു. ഈ സമ്പ്രദായം പശ്ചിമ യൂറോപ്പില്‍ ആരംഭിച്ച് പിന്നീട്, സ്ലാവിക്ക്ദേശക്കാരുടെ ഇടയിലേക്കു വ്യാപിച്ചു. ക്രൈസ്തവേതര മതങ്ങളില്‍ നിലവിലിരുന്ന ചില സമ്പ്രദായങ്ങളുടെ അനുകരണമായിരിക്കാം ഇതെന്ന് കരുതുന്നു. അവര്‍ സ്വന്തം ചെലവില്‍ ആരാധനാലയങ്ങള്‍ പണികഴിപ്പിച്ച് പൂജാരികളെ നിയമിക്കുക പതിവുണ്ടായിരുന്നു. അങ്ങനെ സ്പെയിനിലും ഫ്രാന്‍സിലും ഇടവകകളുടെ എണ്ണം വര്‍ദ്ധിച്ചു വന്നു. സ്വകാര്യ ദേവാലയങ്ങളിലെ വരുമാനം ഉടമസ്ഥന്‍റെ അവകാശമാണ്. അത്തരം പള്ളികളില്‍ തിരുകര്‍മ്മങ്ങള്‍ അനുഷ്ഠി ക്കുന്ന വൈദികനു ശമ്പളം നല്കിയിരുന്നതും അവര്‍തന്നെയാണ്. പ്രഭുക്കന്മാരുടെ കീഴിലുണ്ടായിരുന്ന വൈദികരുടെ സ്ഥിതി പരിതാപകരമായിരുന്നു. അവര്‍ക്ക് പലപ്പോഴും പ്രഭുവിന്‍റെ പാര്‍ശ്വവര്‍ത്തികളായി പ്രവര്‍ത്തിക്കേണ്ടിവന്നു.
ഇടവകകളുടെ വ്യാപ്തി അനുസരിച്ച്, ആളുകളുടെ സൗകര്യത്തിനായി, ഇടവകാതിര്‍ത്തിയില്‍ തന്നെ ചെറിയ പള്ളികള്‍ നിലവിൽ വന്നു. ഇവ കപ്പേള, ഓറട്ടറി എന്നീ പേരുകളില്‍ അറിയ പ്പെട്ടിരുന്നു. ഈ പള്ളികളിലൊന്നും മാമ്മോദീസ നല്കിയിരുന്നില്ല. അത് ഇടവകപള്ളിയില്‍ മാത്രമേ നടത്തിയിരുന്നുള്ളൂ. വലിയ ഇടവകയുടെ നേതൃത്വം വഹിക്കുന്ന വൈദികനെ പ്രധാന പുരോഹിതന്‍ എന്നു വിളിച്ചിരുന്നു.
പ്രോവിന്‍സ് - രൂപത
ഒരു നഗരത്തിലെ വിശ്വാസികള്‍ എല്ലാംകൂടി ഒരു ഇടവക യായതുപോലെ പല ഇടവകകള്‍ ചേര്‍ന്ന് ഒരു പ്രൊവിന്‍സുണ്ടായി. ക്രൈസ്തവ മതം റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടപ്പോള്‍ തന്നെ സഭാഭരണവും രാജ്യഭരണവുമായി ഉറ്റബന്ധമുണ്ടായി. റോമന്‍ ഭരണകൂടത്തില്‍ നിലവിലിരുന്ന ഭരണരീതി സഭാനേതാക്കളും സ്വീകരിച്ചു.
നിക്യാസൂനഹദോസിന്‍റെ ആറാമത്തെ കാനോന പുരാതന സഭകളുടെ മേഖലാവിഭജന രീതിയെപ്പറ്റി പറയുന്നുണ്ട്. മെത്രാന് ഒരു പ്രത്യേകമേഖലയില്‍ അധികാരമുണ്ടായിരുന്നു. മെത്രാന്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ പേരിലാണ് രൂപത അറിയപ്പെടുന്നത്. റോമന്‍ സാമ്രാജ്യത്തിലെ പ്രൊവിന്‍സുകളുടെ തലസ്ഥാനങ്ങളായിരുന്നു ക്രൈസ്തവസമൂഹത്തിന്‍റെ പ്രഥമകേന്ദ്രങ്ങള്‍. പൗരസ്ത്യ സഭകള്‍ മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഭരണപരമായ വിഭജനങ്ങള്‍ സ്വീകരിച്ചു. പാശ്ചാത്യ സഭകളില്‍ വിഭജനം നടന്നത് വളരെ വൈകിയാണ്. പ്രധാന തലസ്ഥാനപട്ടണങ്ങളില്‍ സഭകള്‍ ആസ്ഥാനം ഉറപ്പിച്ചതുകൊണ്ട് പ്രേഷിതപ്രവര്‍ത്തനം എളുപ്പമായിരുന്നു. അതിനെത്തുടര്‍ന്നു പുതിയ സഭാസമൂഹങ്ങള്‍ രൂപം കൊണ്ടു. അങ്ങനെ മാതൃസഭകളുണ്ടായി. അവിടത്തെ മെത്രാന്‍മാരെ മെത്രാപ്പോലീത്താമാര്‍ എന്നു വിളിച്ചുവന്നു.
ഒരു പ്രൊവിന്‍സിലെ മെത്രാന്മാര്‍ ഒന്നിച്ചുകൂടി പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന പതിവ് രണ്ടാം നൂറ്റാണ്ടില്‍തന്നെ യുണ്ടായിരുന്നു. ഈ പതിവ് ആരംഭിച്ചത് ഏഷ്യാമൈനറിലാണത്രെ. ഇപ്രകാരമുള്ള സമ്മേളനങ്ങള്‍ സഭയുടെ ഐക്യത്തിനും സുസ്ഥിതിക്കും പ്രയോജനകരമായിരുന്നു. പ്രൊവിന്‍സ് അടി സ്ഥാനമാക്കിയുള്ള ഈ സമ്മേളനങ്ങളുടെ നേതൃത്വം മെത്രാപ്പോലീത്തയാണ് വഹിച്ചിരുന്നത്. പാശ്ചാത്യസഭയില്‍ റോമിലെയും കാര്‍ത്തേജിലേയും മെത്രാന്മാരായിരുന്നു ഈ പ്രൊവിന്‍ഷ്യല്‍ ഗ്രൂപ്പുകളുടെ നേതാക്കന്മാര്‍. പൗരസ്ത്യസഭകളിലും രാഷ്ട്രീയ മേഖലാവിഭജനരീതി പ്രതിഫലിച്ചിരുന്നു. പാശ്ചാത്യസഭയില്‍, വടക്കേ ആഫ്രിക്കന്‍ പ്രൊവിന്‍സുകകളിലെ മെത്രാന്‍മാരെല്ലാം കാര്‍ത്തേജില്‍ സമ്മേളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. റോമാ അന്ത്യോക്യാ, അലക്സാണ്ടറിയ എന്നീ കേന്ദ്രങ്ങളിലെ മെത്രാന്മാരായിരുന്നു സഭയില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്നത്.
പാത്രീയാര്‍ക്കീസന്മാര്‍
മെത്രാപ്പോലീത്താമാരുടെ കീഴിലുള്ള സഭാസമൂഹങ്ങളെല്ലാം ഒന്നിച്ച് ഒരു വലിയ സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ മൂന്നാം നൂറ്റാണ്ടില്‍ ചില ശ്രമങ്ങള്‍ നടന്നു. ഇവയെയാണ് പാത്രിയാര്‍ക്കേറ്റ് എന്നു പറയുന്നത്. ഒരു കുടുംബത്തിന്‍റേയോ ഗോത്രത്തിന്‍റേയോ തലവന്‍ എന്നര്‍ത്ഥത്തിലാണ് യഹൂദര്‍ പാത്രിയാര്‍ക്കാ എന്ന പദം ഉപയോഗിച്ചിരുന്നത്. പഴയ നിയമത്തില്‍ ഗോത്രത്തലവന്മാര്‍ക്കും പാത്രിയാര്‍ക്കീസ് എന്ന പേരുണ്ടായിരുന്നു. അബ്രാഹവും യാക്കോ ബും പാത്രിയാര്‍ക്കീസ് എന്ന പേരിലാണ് അറിയ പ്പെട്ടിരുന്നത്.
തിരുസ്സഭാചരിത്രത്തില്‍ പാത്രിയാര്‍ക്കീസിന് പ്രത്യേക അര്‍ത്ഥ മുണ്ട്. ആദ്യനൂറ്റാണ്ടുകളിലെ പ്രധാന ക്രൈസ്തവ കേന്ദ്രങ്ങ ളായിരുന്നു റോമ, അലക്സാണ്ടറിയ, അന്ത്യോക്യാ തുടങ്ങിയവ. ഇവിടത്തെ മെത്രാന്മാര്‍ക്ക് പാത്രിയാര്‍ക്കീസ് സ്ഥാനം ലഭിച്ചിരുന്നു. പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ആദ്യനൂറ്റാണ്ടുകളില്‍ പാത്രിയാര്‍ക്കീസ് സംവിധാനം സഭയില്‍ ഏറെക്കുറെ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിച്ചു. പ്രധാന കേന്ദ്രങ്ങളിലെ പ്രബലരായ പാത്രിയാര്‍ക്കീസുമാര്‍ അവരവരുടെ സഭകളുടെ ഭരണത്തില്‍ മാത്രമല്ല, സാര്‍വ്വത്രികസഭയുടെ പൊതു കാര്യങ്ങളിലും അതിയായ താത്പര്യം കാണിച്ചു. റോമ, അലക്സാ ണ്ടറിയ, അന്ത്യോക്യ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, ജറുസലേം എന്നീ അതിപ്രധാന പാത്രിയാര്‍ക്കേറ്റുകള്‍ സഭയുടെ പെന്‍റാക്കി (അഞ്ച് അധികാര കേന്ദ്രങ്ങള്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരില്‍ പ്രമുഖസ്ഥാനം റോമിലെ പാത്രിയാര്‍ക്കീസിനായിരുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിള്‍
നാലാം നൂറ്റാണ്ടാരംഭത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഹൈരാ ക്ലിയ അതിരൂപതയുടെ ഒരു സമാന്തരൂപതയായിരുന്നു. എന്നാല്‍ 324-ല്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി റോമിന്‍റെ തലസ്ഥാനം കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കു മാറ്റിയപ്പോള്‍ പുതിയറോമാ എന്ന പേരില്‍ ഈ നഗരം അറിയപ്പെടുവാന്‍ തുടങ്ങി. ഒന്നാം കോണ്‍സ്റ്റാ നോപ്പിള്‍ കൗണ്‍സില്‍ (381) ഇതിന് പാത്രിയാര്‍ക്കീസുമാരുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനം നല്കി. കാല്‍സിഡോണ്‍ കൗണ്‍ സിലിന്‍റെ 28-ാമത്തെ കാനോനായും ഇത് അംഗീകരിച്ചുറപ്പിച്ചു. എന്നാല്‍ റോമിലെ പോപ്പ് ലെയോ ഒന്നാമന്‍ (440-461) ഇതു സ്വീകരിച്ചിരുന്നില്ല. കാല്‍സിഡോണിന്‍റെ 28-ാം കാനന്‍ അസ്വീകാര്യമാണെന്നു മാര്‍പാപ്പ പ്രഖ്യാപിച്ചെങ്കിലും ക്രമേണ ഈ കാനോന പൊതുവെ അംഗീകൃതമായി. 1438-ല്‍ നടന്ന ഫ്ളോറന്‍സ് കൗണ്‍സില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ രണ്ടാം സ്ഥാനം വീണ്ടും ഉറപ്പിച്ചു.
ആറാം നൂറ്റാണ്ടു മുതല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ ക്കീസിനെ എക്കുമേനിക്കല്‍ പാത്രിയാര്‍ക്കീസ് എന്നു വിളിച്ചു തുടങ്ങി പോപ്പ് ഗ്രിഗറി (590-604) ഈ പദവിയെ എതിര്‍ത്തു വെങ്കിലും, ചക്രവര്‍ത്തിയുടെ അംഗീകാരത്തോടെ അതുപ യോഗിച്ചുപോന്നു. ഏഷ്യാമൈനര്‍ മുഴുവനിലും കോണ്‍സ്റ്റാന്‍റി നോപ്പിളിന് ഭരണാധികാരം ഉണ്ടായിരുന്നു.
ജറുസലേം
സഭാതലത്തില്‍ ജറുസലേമിന് പ്രത്യേക പ്രാധാന്യമുണ്ടായി രുന്നു. പാലസ്തീനായിലെ കേസറിയ രൂപതയുടെ സമാന്തര രൂപതയായിരുന്നു ജറുസലേം. നിക്യാ സൂനഹദോസ് ഈ രൂപതയ്ക്ക് ചില പ്രത്യേകാനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുത്തു. എന്നാല്‍ അതുകൊണ്ട് തൃപ്ത്തിപ്പെടാതെ, ജറുസലേമിലെ ഒരു പാത്രിയാര്‍ക്കേറ്റായി മാറ്റണമെന്ന് അവിടുത്തെ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. അവസാനം അവര്‍ അതില്‍ വിജയിച്ചു. കാല്‍സി ഡണ്‍ കൗണ്‍സില്‍ (451) പാലസ്തീനായിലെ മൂന്നു പ്രൊവിന്‍സു കളുടെ മേല്‍ ജറുസലേമിന് അധികാരം നല്കി. ഇതിനു പുറമെ അന്ത്യോക്യ പാത്രിയാര്‍ക്കീസിന്‍റെ കീഴിലുള്ള അറേബ്യാ, ഫിനീഷ്യ എന്നീ രൂപതകളുടെ മേല്‍ അധികാരം ചെലുത്താന്‍ ശ്രമിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടു. അവ തിരിച്ച് അന്ത്യോക്യാക്ക് കൊടു ക്കേണ്ടിവന്നു.
റോമസാമ്രാജ്യത്തിനു പുറത്ത് പേര്‍ഷ്യയിലെ സഭാകേന്ദ്ര മായിരുന്നു സെലൂഷ്യ സ്റ്റെസിഫന്‍. ഇവിടത്തെ മെത്രാപ്പൊലീത്താ ആദ്യം കത്തോലിക്കോസ് എന്നും പിന്നീട് പാത്രിയാര്‍ക്കീസ് എന്നും അറിയപ്പെട്ടു. ഭാരതസഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭാരതസഭയുടെ തലവന്‍ څഇന്ത്യ മുഴുവന്‍റെയും മെത്രാപ്പോലീത്തچ എന്ന പേരിലാണ് അറിയ പ്പെട്ടിരുന്നത്. څമാര്‍ത്തോമാക്രിസ്ത്യാനികള്‍چ എന്ന പേരാണ് ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സമൂഹത്തിനുണ്ടാ യിരുന്നത്.
പൗരോഹിത്യം
ആദിമസഭയുടെ നേതൃത്വം അപ്പസ്തോലന്മാരില്‍ ആയിരുന്നു. ഉത്ഥാനം ചെയ്ത ഈശോമിശിഹ മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ സുവിശേഷമറിയിക്കാനും, നയിക്കുവാനും, ജ്ഞാനസ്നാനം ചെയ്യുവാനും അവരെ ചുമതലപ്പെടുത്തി അയച്ചു (മത്തായി 28:19-20) അവരെ സഹായിക്കാന്‍ പ്രവാചകന്മാരും പ്രബോധക ന്മാരും ഉണ്ടായിരുന്നു. (1 കൊറി 12:28 നടപടി 13:1 എഫേ.4:11) ജനങ്ങളെ പഠിപ്പിക്കുകയും ഉപദേശിക്കുകയുമായിരുന്നു അവരുടെ ചുമതല. څഅപ്പസ്തോലന്‍چ എന്ന നാമം തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേര്‍ക്കു മാത്രമുള്ള പേരല്ലായിരുന്നു. അവരുടെ സഹായികളെയും അപ്പസ്തോലന്‍മാര്‍ എന്നു വിളിച്ചിരുന്നു. സഭാചരിത്രകാരനായ എവുസേബിയസ് അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ സഭാചരിത്രത്തിന്‍റെ മൂന്നാം പുസ്തകത്തില്‍ 37-ാം അദ്ധ്യായത്തില്‍, അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ സുവിശേഷകന്മാരുടെ പേരുകള്‍ എത്രയെന്ന് വിവരിക്കാന്‍ പ്രയാസമാണ് എന്നു പറയുന്നു. പുറജാതികളുടെ ഇടയില്‍, സഭയുടെ ശിശുപ്രായത്തില്‍ മെത്രാന്മാരും, പ്രെസ്ബിറ്ററന്‍മാരും, ഡീക്കന്മാരും സുവിശേഷവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നതുകാണാം. എന്നാല്‍ സഭ വളര്‍ന്നു വന്നതോടെ സുവിശേഷകര്‍ പോലുള്ള സ്ഥാനങ്ങള്‍ നാമമാത്രമായി. സഭയെ നയിക്കുവാന്‍ മെത്രാന്മാര്‍ നിയമിതരായി. (നടപടി 20:28) അപ്പസ്തോലന്മാരുടെ കാലടികള്‍ പിന്തുടര്‍ന്ന് അവരുടെ കര്‍മ്മപദ്ധതി തന്നെ തുടരുകയായിരുന്നു ഇവരുടെ കടമ. അപ്പസ്തോലന്മാരുടെ ഒരു ശിഷ്യനായ റോമിയെ വി. ക്ലെമന്‍റ് കൊറിന്ത്യാക്കാര്‍ക്ക് എഴുതുന്ന ഒരു ലേഖനത്തില്‍ (ഏ.ഡി.96) ഈ വസ്തുത വ്യക്തമാക്കുന്നു. ഡീക്കന്മാരേയും നഗരങ്ങളിലും ഗ്രാമങ്ങളിലും നിയമിച്ചു. ഇവര്‍ മരിക്കുമ്പോള്‍ അംഗീ കാരമുള്ള വ്യക്തികള്‍ ആസ്ഥാനം ഏറ്റെടുക്കണമെന്ന് നിയമവും ഉണ്ടാക്കി. ക്രമേണ സഭയില്‍ ഒരു ഭരണക്രമം രൂപംകൊണ്ടു. അതിന്‍റെ മേല്‍നോട്ടം ആധ്യക്ഷ്യം വഹിച്ചത് മെത്രാന്മാരായിരുന്നു.
മേലന്വേഷകര്‍
രണ്ടാം നൂറ്റാണ്ടായപ്പോള്‍ മെത്രാന്മാരുടെ സ്ഥാനം കുറെക്കൂടി വ്യക്തമായി. സമൂഹത്തിന്‍റെ തലവനായിട്ടാണ് ഇവിടെ മെത്രാനെ കാണുന്നത്. വിശ്വാസികളുടെ സമൂഹത്തിന്‍റെ ഗുരുവും, നേതാവും, ഇടയനും കൂദാശകളുടെ കാര്‍മ്മികനുമായി മെത്രാന്‍ നിയോഗി ക്കപ്പെടുന്നു. അദ്ദേഹം സമൂഹത്തിന്‍റെ കേന്ദ്രമായി നിലകൊണ്ടു. മെത്രാനെ ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം എന്നാണ് ഹിപ്പോളിറ്റസ് (235) പറയുന്നത്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുത്ത് പിറ്റെ ഞായറാഴ്ച്ച ആചാര്യന്മാരുടേയും അടുത്തുള്ള മെത്രാന്മാരുടേയും സാന്നിദ്ധ്യത്തില്‍ ഒന്നിച്ചു കൂടുന്നു. മെത്രാന്മാര്‍ നിയുക്ത മെത്രാന്‍റെമേല്‍ കൈവച്ചു പ്രാര്‍ത്ഥിക്കുന്നു, ദൈവമേ അങ്ങേ അജഗണത്തെ പാലിക്കാനായി മെത്രാന്‍ സ്ഥാന ത്തേക്കു തെരഞ്ഞെടുത്തിരിക്കുന്ന അങ്ങയുടെ ഈ ദാസനെ അനുഗ്രഹിക്കണമെ. സമൂഹത്തിന്‍റെ പ്രധാനിയും പുതിയ ഇസ്രയേലിന്‍റെ പുരോഹിതനുമായ മെത്രാന്‍റെ നേതൃത്വം ജനങ്ങള്‍ അംഗീകരിക്കണം. ദൈവവചനം പ്രസംഗിക്കാനും വ്യാഖ്യാനി ക്കാനും മെത്രാന് അധികാരം ഉണ്ട്. പിതാവും മാതാവും എന്ന നിലയില്‍ ബഹുമാനിക്കുകയും ഭരണാധിപന്‍ എന്ന നിലയില്‍ സഹായിക്കുകയും വേണം.
നാലാം നൂറ്റാണ്ടു മുതല്‍ മെത്രാനെ തിരഞ്ഞെടുക്കാനുള്ള അവകാശം അടുത്ത പ്രദേശങ്ങളിലെ മെത്രാന്മാര്‍ക്ക് ലഭിച്ചു. അവരുടെ സ്ഥാനം കൂടുതല്‍ നിയതവും വ്യക്തവുമായി. നിക്യാ, കാല്‍സിഡണ്‍ എന്നീ സൂനഹദോസുകളുടെ തീരുമാനത്തിന്‍റെ വെളിച്ചത്തിലാണ് മെത്രാന്‍ തെരഞ്ഞെടുപ്പില്‍ വ്യതിയാനങ്ങള്‍ വരുത്തിയത്. മെത്രാന്മാരെ തിരഞ്ഞെടുക്കുവാന്‍ പ്രൊവിന്‍സിലെ മറ്റു മെത്രാന്മാര്‍ക്കു അധികാരം ലഭിച്ചുവെങ്കിലും ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തിരുന്നു. ഡീക്കന്മാരെ അയച്ച് ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമാണ് പൊളി ക്കാര്‍പ്പിനെ മെത്രാനായി തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ജനങ്ങള്‍ ഒരാളെ മെത്രാനായി സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍, അദ്ദേഹം ഒരു സാധാരണ വൈദികന്‍റെ പദവിയിലേക്ക് തിരിച്ചുപോകണം എന്ന് അന്‍ചീറോ (314) പ്രാദേശിക കൗണ്‍സിലിന്‍റെ 18-ാം കാനോന കല്പിക്കുന്നുണ്ട്.
ഒരു മെത്രാന്‍ ഒരു സ്ഥലത്തു നിയമിതനായാല്‍ അദ്ദേഹം അവിടം വിട്ടുപോകാന്‍ പാടില്ല. അലഞ്ഞു നടന്നിരുന്ന മെത്രാന്മാ രേയും വൈദികരെയും നിയന്തിക്കാന്‍ കൗണ്‍സിലുകള്‍ നിയമങ്ങള്‍ ഉണ്ടാക്കി. രൂപതകള്‍ കൈമാറുവാന്‍ അനുവാദമില്ലായിരുന്നു. ഒരാളെ മെത്രാനായി നിയമിച്ചു കഴിഞ്ഞാല്‍ വൈദികഗണ ത്തോടുകൂടി തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികനാകണം. പ്രോവിന്‍ സിന്‍റെ തലവനായ മെത്രാപ്പോലീത്തായുടെ നിയന്ത്രണത്തിന്‍ കീഴിലായിരിക്കണം മെത്രാന്‍ വ്യാപരിക്കേണ്ടത്. വിശുദ്ധ അപ്പസ്തോലന്മാരുടെ കാനോനകളില്‍ 15-ാം കാനോനയില്‍ മെത്രാനോ, ആചാര്യനോ, ഡീക്കനോ, തങ്ങളുടെ സ്ഥലത്തുനിന്ന് മാറിപ്പോകുവാന്‍ പാടില്ല എന്നു കല്പിക്കുന്നുണ്ട്. മെത്രാന്‍റെ സ്ഥാനത്തിനടുത്ത ഗൗരവം ആദിമ സഭ കല്പിച്ചിരുന്നു. മെത്രാന്‍റെ കടമകളെയും യോഗ്യതകളെയുംപറ്റി അന്ന് ശരിയായ ബോധ്യമു ണ്ടായിരുന്നു എന്നാണ് ഇതില്‍നിന്നു തെളിയുന്നത്. അയോഗ്യരെ മെത്രാന്‍സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ പാടില്ല എന്നു നിര്‍ബന്ധം പിടിച്ചതും ഇതുമൂലമാണ്. അതുപോലെ ബന്ധുക്കളെ പിന്‍ഗാമി കളായി നിയമിക്കുന്ന പതിവുണ്ടായിരുന്നതും നാലാം നൂറ്റാണ്ടില്‍ നിര്‍ത്തല്‍ ചെയ്തു. രാഷ്ട്രീയാധികാരികളുടെ ഇടപെടലും സഭ നിയന്ത്രിച്ചു.
ആചാര്യന്മാര്‍
മേലന്വേഷക (മെത്രാന്‍) രോടൊപ്പം കാണുന്ന അധികാര സ്ഥാനികളാണ് ആചാര്യന്മാര്‍. യഹൂദസമൂഹത്തിന്‍റെ നേതാവിനെ ഈ പേരുകൊണ്ടാണ് വിളിച്ചിരുന്നത്. വളരെ പുരാതനമാണ് ആചാര്യസ്ഥാനം. ഇസ്രായേല്‍ ജനത കാനാന്‍ ദേശത്തു വന്ന ശേഷം അവരുടെ ആചാര്യന്‍മാരുടെ സമ്മേളനങ്ങള്‍ നടത്തിയിരു ന്നതായി പഴയ നിയമത്തില്‍ കാണാം. മഹാപുരോഹിതന്മാരുടേയും നിയമജ്ഞന്മാരുടേയും സാന്നിദ്ധ്യത്തില്‍ ജറുസലേമില്‍ ആചാര്യ ന്മാര്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു. ഖുമ്റാന്‍ സമൂഹത്തിന്‍റെ ഇടയിലും ആചാര്യന്മാര്‍ ഉണ്ടായിരുന്നു. അവരുടെ സ്ഥാനം പുരോഹിതന്മാരുടെ കീഴിലായിരുന്നു (കഝട 68-10) യഹൂദന്മാരുടെ ഇടയില്‍ സിനഗോഗിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നത് ആചാര്യ ന്മാരായിരുന്നു. ആദിമസഭയിലും ഈ യഹൂദപാരമ്പര്യം വളരെ യധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആചാര്യന്മാരുടെ നിയമന ത്തെപ്പറ്റി വിശുദ്ധഗ്രന്ഥത്തില്‍ ഒന്നും പറയുന്നില്ല. എന്നാല്‍ ജറുസലേം സഭയുടെ പ്രതിനിധി എന്ന നിലയ്ക്ക് ആചാര്യന്മാരെ പുതിയ നിയമത്തില്‍ കാണുന്നു. ഒരു പക്ഷേ ഇത് ജറുസലേമിലെ ആചാര്യന്മാര്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ അവരുടെ സ്ഥാനം സഭയില്‍ തുടര്‍ന്ന് പോകുന്നതായിരിക്കാം.
സഭാദ്ധ്യക്ഷനും (മേലന്വേഷകന്‍) ആചാര്യനും തമ്മിലുള്ള വ്യത്യാസം ആദ്യകാലങ്ങളില്‍ അത്ര വ്യക്തമായിരുന്നില്ല. കാരണം, എപ്പിസ്കോപ്പോസ് പ്രസ്ബിത്തറോസ് എന്നീ പദങ്ങള്‍ സമാനാര്‍ ത്ഥകങ്ങളായി പ്രയോഗിച്ചിരുന്നു. എന്നാല്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ഇഗ്നേഷ്യസ് (110) മേലന്വേഷകന്‍റെ സ്ഥാനം വ്യക്തമാക്കുന്നുണ്ട്. മേലന്വേഷകന്‍റെ നേതൃത്വത്തിലല്ലാതെ ബലി അര്‍പ്പണം പാടില്ല എന്നദ്ദേഹം പറയുന്നുണ്ട്. ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാകുന്നു. മേലന്വേഷകര്‍ (സഭാദ്ധ്യക്ഷന്‍) അപ്പസ്തോ ലന്മാരുടെ പിന്‍ഗാമികളായിരുന്നു. വി. ക്ലെമന്‍റ് (92-101) തന്‍റെ ലേഖനങ്ങളില്‍ മേലന്വേഷകരും ആചാര്യന്മാരും വ്യത്യസ്തരായി പറയുന്നില്ല. പ്രത്യേകിച്ച് 44-ാം ലേഖനത്തില്‍, ചിലപ്പോള്‍ അവ സമാനാര്‍ത്ഥകങ്ങളായി ഉപയോഗിക്കുന്നുണ്ട് (44:4-5). പൊളി ക്കാര്‍പ്പ് ഫിലിപ്പിയര്‍ക്ക് എഴുതിയ അഞ്ചും ആറും ലേഖനങ്ങളില്‍ ആചാര്യന്‍റെ കടമകളെപ്പറ്റിയും സ്ഥാനമഹത്വത്തെപ്പറ്റിയും പറയുന്നുണ്ട്. ഹെര്‍മസിലെ ഇടയന്‍റെ ദര്‍ശനങ്ങളില്‍ ആചാര്യ ന്മാരെ സഭാസൗധത്തിന്‍റെ കല്ലുകളായി ചിത്രീകരിക്കുന്നു (3-ാം ദര്‍ശനം).
ഡീക്കന്‍
ഡീക്കന്‍ എന്നാല്‍ സേവകന്‍ എന്നാണര്‍ത്ഥം. സഭയില്‍ ഡീക്കന്‍ സ്ഥാനം ഉണ്ടായിരുന്നതായി അപ്പസ്തോലന്മാരുടെ നടപടിയില്‍ പറയുന്നുണ്ട്. (നടപടി 6:1-6) ഡീക്കന്‍ മെത്രാന്‍റെ സഹപ്രവര്‍ത്തക നായിരുന്നു (ഫിലി. 1:1) വി. പൗലോസിന്‍റെ ലേഖനങ്ങളില്‍ ഡീക്ക ന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. കൊറിന്ത്യാക്കാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ സേവകന്‍ (1കൊറി 16:16) എന്നും തെസലോണിയക്കാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ വേലചെയ്യു ന്നവര്‍ (1 തെസ 5:12) എന്നും കാണുന്നുണ്ട്. ഇവ രണ്ടും ഒന്നാണോ എന്നു വ്യക്തമല്ല.
ദിയക്കൊണോസ് എന്ന പദമാണ് സേവകന്‍ എന്ന അര്‍ത്ഥ ത്തില്‍ ഉപയോഗിച്ചിരുന്നത്. ഭക്ഷണസമയത്ത് മേശക്കടുത്തുനിന്ന് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനെയാണ് ഈ പദം പ്രധാന മായും ധ്വനിപ്പിച്ചിരിക്കുന്നത്.
ക്രിസ്തീയദൗത്യത്തെ സേവനം എന്ന് പുതിയ നിയമത്തില്‍ പൊതുവെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും സേവനത്തിനായി പ്രത്യേക വ്യക്തികളെ നിയമിച്ചിരുന്നു എന്ന് നാം നേരത്തെ കണ്ടുവല്ലോ. ജറുസലേമില്‍ താമസിച്ചിരുന്ന വിധവകളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനും അവരെ ശുശ്രൂഷിക്കുന്നതിനും വേണ്ടി അപ്പസ്തോലന്മാര്‍ ഏഴുപേരെ തെരഞ്ഞെടുത്ത് അവരുടെ മേല്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു (നടപടി 6:1-6). മെത്രാന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് ഡീക്കനുണ്ടായിരുന്നത്. വി. പൗലോസ് തിമോത്തിക്കുള്ള ലേഖനത്തില്‍ (ഏ.ഡി 65) ഒരു ഡീക്കനുണ്ടാ യിരിക്കേണ്ട യോഗ്യതകള്‍ വിവരിക്കുന്നുണ്ട്. (1തിമോ.3:8-13) ഇവരെ വിശ്വാസികളുടെ ഇടയില്‍ നിന്നു തന്നെയാണ് തിരഞ്ഞെ ടുത്തിരുന്നത്.
വനിതാ ഡീക്കര്‍
ഡീക്കന്മാരെ സഹായിക്കാന്‍ വനിതാഡീക്കരെയും ആദിമ സഭയില്‍ നിയമിച്ചിരുന്നു. എഫേസൂസിലെ സഭയില്‍ വനിതാ ഡീക്കര്‍ ഉണ്ടായിരുന്നു. അവര്‍ ഡീക്കന്മാരുടേയും മെത്രാന്മാരു ടേയും ഭാര്യമാരല്ല. (ചില മദ്ധ്യശതക പണ്ഡിതന്മാര്‍ അങ്ങനെ ധരിച്ചിരുന്നു) വിധവകളോടൊപ്പം സഭാസേവനം നടത്തിയിരുന്ന വരാണ്. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് ഒരു വനിതയുടെ സേവനത്തെ പ്രശംസിച്ചു പറയുന്നുണ്ട്. (റോമ 16:1-2) സ്ത്രീകളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനാണ് വനിതകളെ പ്രത്യേകിച്ച് നിയോഗിച്ചിരുന്നത്. സ്ത്രീകള്‍ക്ക് മാമ്മോദീസ നല്കുമ്പോള്‍ ഒരു സ്ത്രീയാണ് അവളെ തൈലം പൂശേണ്ടത് എന്ന് ഡിഡാസ്കാലിയയില്‍ പറയുന്നുണ്ട്. ഒരു കന്യകയോ വിശ്വസ്ത യും മാന്യയുമായ ഒരു വിധവയോ ആയിരിക്കണം അവള്‍ എന്ന് അപ്പസ്തോല കോണ്‍സ്റ്റിറ്റ്യൂഷന്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ യൊക്കെയായിരുന്നുവെങ്കിലും വനിതാഡീക്കരെ പള്ളിയുടെ കാര്യങ്ങള്‍ നോക്കാന്‍ അനുവദിച്ചിരുന്നില്ല. ലവോഡിച്ചെയാ കൗണ്‍സില്‍ ഈ കാര്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. അവര്‍ക്കു അത്മായരുടെ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.
വൈദികപരിശീലനം
ക്രിസ്തു അപ്പസ്തോലന്മാരെ പഠിപ്പിച്ചതുപോലെ അപ്പസ്തോ ലന്മാര്‍ തങ്ങളുടെ ശിഷ്യന്‍മാരെയും പരിശീലിപ്പിച്ചു. യോഗ്യരായ വരെ മാത്രമെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരുന്നുള്ളൂ. ആദ്യകാലങ്ങളില്‍ വൈദികസ്ഥാനാര്‍ത്ഥികളെ പരിശീലിപ്പി ക്കുന്നതിന് മതപഠനശാലകള്‍ ഉപയോഗിച്ചുപോന്നു. സമൂഹമായി വൈദികപരിശീലനം നടത്തിയിരുന്നതായി വിശുദ്ധ അഗസ്റ്റിനും വെര്‍ചെല്ലിയിലെ മെത്രാനായ എവുസേവിയസും (+307) പറയുന്നുണ്ട്. പ്രായവും പരിജ്ഞാനമുള്ളവര്‍ ഈ സ്ഥാപനങ്ങളില്‍ അദ്ധ്യാപനം നടത്തിയിരുന്നു. വൈദികസ്ഥാനത്തേക്ക് യുവാക്ക ന്മാരെ പരിശീലിപ്പിക്കുന്നതിന് സ്പെയിനിലും ഈ കാലഘട്ടത്തില്‍ പ്രത്യേകസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നത്രെ. കാലക്രമത്തില്‍ സന്യാസാശ്രമങ്ങള്‍ വൈദികസ്ഥാനാര്‍ത്ഥികളെ പരിശീലി പ്പിക്കുന്നതിന് ഉപയോഗിച്ചു തുടങ്ങി. ആശ്രമാധികാരികളായിരുന്നു അവിടെ അദ്ധ്യാപകര്‍.
പ്രായവും പക്വതയും പരിജ്ഞാനവും ഉള്ള വൈദികര്‍ വൈദികവിദ്യാര്‍ത്ഥികളെ കൂടെത്താമസിപ്പിച്ച് പരിശീലനം നല്കിയിരുന്ന പതിവ് ഭാരതത്തിലെ മാര്‍ത്തോമാക്രിസ്ത്യാനിക ളുടെ ഇടയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പരിശീലനം നല്കിയ രുന്നവരെ മല്പാന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. ഭാരതീയ സംസ്ക്കാരത്തിലടിയുറച്ച ഗുരുകുല സമ്പ്രദായമായിരുന്നു ഇത്.
വൈദികബ്രഹ്മചര്യം - പഴയനിയമത്തില്‍
ഇസ്രായേല്‍ക്കാര്‍ ബ്രഹ്മചര്യം അനുഷ്ടിച്ചിരുന്നതായി വിശുദ്ധഗ്രന്ഥത്തില്‍ കാണുന്നില്ല. എന്നാല്‍ വിശുദ്ധ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ സ്ത്രീസംസര്‍ഗ്ഗം വര്‍ജ്ജിക്ക ണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സീനായ്മലമുകളില്‍നിന്നു മൂശ ഇറങ്ങി വന്നു ജനങ്ങളോടാജ്ഞാപിച്ചു: മൂന്നാം ദിവസത്തേക്കു തയ്യാറായിനിന്നു കൊള്ളുവിന്‍, സ്ത്രീകളെ സമീപിക്കുകയും അരുത്. (പുറ 19:15) സ്ത്രീകളുമായി വേഴ്ച്ച നടത്തരുത് എന്ന വ്യവസ്ഥയിലാണ് ദാവീദിനും അനുയായികള്‍ക്കും വിശുദ്ധ അപ്പം നല്കിയത് (1 സാമൂ 21:4) ബലിയര്‍പ്പണത്തിനുമുമ്പ് യഹൂദ പുരോഹിതര്‍ ലൈംഗികബന്ധങ്ങളില്‍നിന്ന് മാറിനിന്നിരുന്നു. മരിക്കുക പാപമായിട്ടാണ് യഹൂദര്‍ കരുതിയിരുന്നത്. അതിനാല്‍ ആരും അവിവാഹിതരായി കഴിയാന്‍ ഇഷ്ടപ്പെട്ടില്ല.
എസ്സീന്‍ സമൂഹത്തില്‍
എസ്സീന്‍ സമൂഹത്തില്‍ ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്ന ആളുകള്‍ ഉണ്ടായിരുന്നതായി ചരിത്രകാരനായ ഫിലോ പറയുന്നു. അവരുടെ ഇടയില്‍ വിവാഹിതരും ഉണ്ടായിരുന്നതായി യഹൂദ ചരിത്രകാര നായ ഫ്ളാവിയൂസ് ജോസഫ് പറയുന്നുണ്ട്. ആത്മനിയന്ത്ര ണത്തിന് വളരെ പ്രാധാന്യം കല്പ്പിച്ചിരുന്നുവെന്നും, ഒരു പ്രത്യേക പ്രായം കഴിഞ്ഞവര്‍ ലൈംഗികബന്ധങ്ങളില്‍നിന്ന് പരിപൂര്‍ണ്ണമായി അകന്നു നിന്നിരുന്നുവെന്നും അഭിപ്രായമുണ്ട്.
ഖുമ്റാന്‍ സമൂഹത്തില്‍
ചാവു കടലിനു സമീപം സന്യാസജീവിതം നയിച്ചിരുന്ന ഒരു പ്രത്യേക സമൂഹമാണ് ഖുമ്റാന്‍. ക്രിസ്തുവിനുമുമ്പ് നിലവിലിരുന്ന ഒരു സമൂഹമാണിത് എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ കൃത്യം കാലനിര്‍ണ്ണയം സാദ്ധ്യമല്ല അടുത്തകാലത്ത് കണ്ടുകിട്ടിയ ചാവുകടല്‍ ചുരുളുകള്‍ ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചം വിശുന്നുണ്ട്. മൂശയുടെ നിയമങ്ങള്‍ അനുസരിച്ചു ജീവിച്ചിരുന്നവരാണ് ഇവര്‍. ഈ സമൂഹത്തില്‍ ബ്രഹ്മചാരികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ എന്നും വിവാഹം കഴിച്ചവര്‍ക്കു പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്തി കൊടുത്തിരുന്നുവെന്നും പറയപ്പെടുന്നു.
പുതിയ നിയമത്തില്‍
ക്രിസ്തുവും അവിടുത്തെ ശിഷ്യന്‍മാരില്‍ ചിലരും ബ്രഹ്മചാരി കളായിരുന്നു. ബ്രഹ്മചര്യജീവിതത്തെ സുവിശേഷങ്ങ ളിലും വി. പൗലോസിന്‍റെ ലേഖനങ്ങളിലും ശ്ലാഘിക്കുന്നുണ്ട് (ലൂക്ക 18:29:മത്താ 19:12 1 കൊറി 7:8, 7;32-33).
സഭയിലെ പുരോഹിതന്മാര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന് വിശുദ്ധഗ്രന്ഥത്തില്‍ ഒരിടത്തും പറയുന്നില്ല. മറിച്ച് മെത്രാന്മാര്‍ക്ക് ഒരു ഭാര്യയേ ആകാവു എന്നു വിശുദ്ധ പൗലോസ് നിര്‍ദ്ദേശി ക്കുന്നുണ്ട്. (1 തിമോ 3:1-16). എന്തുകൊണ്ട് ഒരു സ്ത്രീയെ കൂട്ട ത്തില്‍ കൊണ്ടുപോയിക്കൂട എന്ന് പൗലോസ് ചോദിക്കുന്നതു കാണാം. (1 കൊറി.9:5) വിശുദ്ധ പൗലോസ് വ്യക്തിപരമായി അവിവാഹിത ജീവിതമാണ് ആഗ്രഹിച്ചിരുന്നത്. പൗലോസ് ശ്ലീഹായുടെ വ്യക്തിപരമായ അഭിപ്രായം കാലക്രമത്തില്‍ പലരും നിയമമായി മനസ്സിലാക്കി. എന്നാല്‍ ആദിമസഭയില്‍ ബ്രഹ്മചര്യം നിലവിലിരുന്നതായി പ്രത്യേക തെളിവുകള്‍ ഇല്ല.
നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് ബ്രഹ്മചര്യം ഒരു നിയമമായി രൂപം കൊള്ളുന്നത്. 306-ല്‍ സ്പെയിനിലെ എല്‍വീര യില്‍ കൂടിയ പ്രാദേശിക കൗണ്‍സിലില്‍ വൈദികര്‍ വിരക്ത ജീവിതം നയിക്കണമെന്ന് കല്പിച്ചു. നിക്യാ സൂനഹദോസില്‍ (325) വച്ച് ഈ നിയമം സാര്‍വ്വത്രിക സഭ മുഴുവനിലും ബാധകമാക്കാന്‍ പരിശ്രമിച്ചെങ്കിലും പിതാക്കന്മാര്‍ ഇതിനെ എതിര്‍ക്കുകയുണ്ടായി. തീബ്സിലെ പാംഫ്നുസിയസ് എതിര്‍ത്തവരുടെ കൂട്ടത്തില്‍പ്പെട്ട യാളാണ്. വിവാഹിതരെ വൈവാഹിക ജീവിതത്തില്‍നിന്ന് മാറ്റരുത് എന്നും, വൈദികനായശേഷം വിവാഹം അനുവദിക്കരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരസ്ത്യസഭകളില്‍
പൗരസ്ത്യസഭകള്‍ നിക്യസുനഹദോസിന്‍റെ നിയമങ്ങളോട് ബന്ധപ്പെട്ടുനിന്നു. 5-ാം നൂറ്റാണ്ടില്‍ നല്ലൊരു ഭാഗം വിവാഹിത രായ പുരോഹിതര്‍ പൗരസ്ത്യ സഭകളില്‍ ഉണ്ടായിരുന്നു. 486-ലെ സെലൂഷ്യന്‍ കൗണ്‍സില്‍ സന്യാസികള്‍ മാത്രം ബ്രഹ്മചര്യജീവിതം നയിച്ചാല്‍ മതിയെന്ന് നിശ്ചയിച്ചു. ഇടവക വൈദികരുടെ ഇടയില്‍ ബ്രഹ്മചര്യനിയമം നടപ്പിലാക്കേണ്ടതില്ല എന്ന് കൗണ്‍സില്‍ നിഷ്ക്കര്‍ഷിച്ചിരുന്നു.
692-ലെ ട്രുള്ളോ കൗണ്‍സില്‍ ബ്രഹ്മചര്യത്തെക്കുറിച്ച് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിന്‍പ്രകാരം പട്ടം സ്വീകരിച്ച ശേഷം വൈദികര്‍ക്ക് വിവാഹം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഭാര്യയെ മാറ്റി താമസപ്പിക്കുന്നതിനെപ്പറ്റി പൗരസ്ത്യ പിതാക്ക ന്മാര്‍ക്ക് അനുകൂലമായ അഭിപ്രായമല്ലായിരുന്നു. വിവാഹിതരായ വൈദികര്‍ക്ക് വൈവാഹികബന്ധം നിഷേധിച്ചിരുന്നില്ല. എന്നാല്‍ വിശുദ്ധ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കാലങ്ങളില്‍ പുരോഹിതന്‍ വിരക്തിപാലിക്കുന്നത് യുക്തമാണ് എന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു. അതുപോലെ വിവാഹിതന്‍ മെത്രാനായാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഒരു മഠത്തില്‍ ചേരണം.
ഭാരതസഭയില്‍
പൗരസ്ത്യപാരമ്പര്യമാണ് ഇവിടെയും 16-ാം നൂറ്റാണ്ടുവരെ നിലവിലിരുന്നത്. കേരളത്തില്‍ വിവാഹിതരായ വൈദികരു ണ്ടായിരുന്നു. പുനര്‍വിവാഹം അനുവദിച്ചിരുന്നില്ല. 1583-ല്‍ അങ്ക മാലിയില്‍ കൂടിയ സൂനഹാദോസില്‍ പാശ്ചാത്യമിഷനറിമാരുടെ പ്രേരണയാല്‍ മാര്‍ എബ്രഹാം ബ്രഹ്മചര്യം നിയമമാക്കാന്‍ ശ്രമിച്ചെങ്കിലും അതു നടപ്പായില്ല. എന്നാല്‍ 1599-ല്‍ ഗോവ മെത്രാപ്പോലീത്ത വിളിച്ചുകൂട്ടിയ ഉദയംപേരൂര്‍ സൂനഹാദോസ് കേരളസഭയില്‍ വൈദികബ്രഹ്മചര്യനിയമം കര്‍ശനമാക്കി. അതു ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകളും നല്കിയിരുന്നു. 1696-ല്‍ റോസ് മെത്രാന്‍ ബ്രഹ്മചര്യനിയമം പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിച്ചു. 17-ാം നൂറ്റാണ്ടോടുകൂടി കേരളസഭയില്‍ അതു പ്രാബല്യത്തിലായി. അങ്ങനെ പൗരസ്ത്യ പാരമ്പര്യമുള്ള കേരളസഭയിലും പാശ്ചാത്യസഭയിലെ ബ്രഹ്മചര്യനിയമങ്ങള്‍ നടപ്പിലായി. അകത്തോലിക്കരായ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ പുരാതനപാരമ്പര്യം ഇപ്പോഴും തുടരുന്നു.
The structure of the church catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 patriarchate parish province pentarchy Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206