We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
പ്രൊട്ടസ്റ്റന്‍റ് വിപ്ലവമെന്നും നവീകരണമെന്നും അറിയപ്പെടുന്ന ലൂതറനിസത്തിന്‍റെ ഉത്ഭവകാരണങ്ങള്‍ വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ നമുക്കിന്നു സുലഭമാണ്. കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടതുപോലെ സഭയില്‍ പൊതുവെ വളരെയധികം അഴിമതികളും ദുരാചാരങ്ങളും കടന്നുകൂടിയിരുന്നു. ഇതില്‍നിന്നെല്ലാം മോചനം ലഭിക്കണമെങ്കില്‍ മൗലികമായൊരു നവീകരണം ആവശ്യമാണെന്ന് ചിലര്‍ക്കെങ്കിലും ബോദ്ധ്യപ്പെട്ടു. ഈ ഉദ്ദേശ്യത്തോടുകൂടിയാണ് ജൂലിയസ് രണ്ടാമന്‍ പാപ്പാ (1503-1513) 1512-ല്‍ ലാറ്ററന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. എന്നാല്‍ ഈ ലക്ഷ്യം പ്രാപിക്കുന്നതില്‍ കൗണ്‍സില്‍ എങ്ങനെ ദയനീയമായി പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരുന്നല്ലോ. ഈ പരാജയം പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിനും പശ്ചാത്തലം ഒരുക്കി എന്നു പറയാം.
ലൂതറന്‍ നവീകരണത്തിനുള്ള കാരണങ്ങള്
ഈ പ്രസ്ഥാനത്തിന് വിദൂരകാരണങ്ങളായി പലതും ചൂണ്ടിക്കാണിക്കുവാനുണ്ട്. മദ്ധ്യയുഗസഭയുടെ നിലവാരമില്ലാത്ത ദൈവശാസ്ത്രം, ആരാധനാരീതി, സഭാനേതൃത്വത്തിന്‍റ അജ്ഞത, സ്വജനപക്ഷപാതം തുടങ്ങിയവയെല്ലാം അതില്‍പ്പെടും. അവിഞ്ഞോണ്‍ പാപ്പാമാരുടെ കാലത്ത് (1309-1378) നടപ്പില്‍വരുത്തിയ നയപരിപാടികള്‍ സഭയുടെ സംഘടനാപരമായ ചട്ടക്കൂടിനെയും ഭരണക്രമത്തെയും അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കിയിരുന്നു. ഇവയ്ക്കു പുറമെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍, ദേശീയബോധം, ഏകാധിപതികളുടെ വര്‍ദ്ധിച്ചുവന്ന അധികാരശക്തി, നവോത്ഥാനഫലമായുണ്ടായ ബൗദ്ധികവികാസം എന്നിവയെല്ലാം പരോക്ഷമായെങ്കിലും ലൂതറന്‍ നവീകരണങ്ങള്‍ക്കു പ്രചോദനം നല്‍കി.
തത്ത്വശാസ്ത്രത്തിന്റെ സ്വാധീനം
മദ്ധ്യയുഗത്തിന്‍റെ അവസാനത്തോടെ വളര്‍ന്നുവന്ന നോമിനലിസം, ഓക്കാമിസം തുടങ്ങിയ സ്കൊളാസ്റ്റിക്ക് ചിന്തയുടെ പുതിയ രൂപഭേദങ്ങള്‍ ലൂതറന്‍ നവീകരണത്തിന്‍റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചു. സഭയേയും കൂദാശകളേയും പറ്റിയുണ്ടായിരുന്ന ആദ്ധ്യാത്മികവീക്ഷണത്തിന് കോട്ടംതട്ടി. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും കണ്ടുവന്ന നൂതനചിന്താഗതികളില്‍ ചിലതെല്ലാം നവീകരണക്കാര്‍ സ്വീകരിച്ചു; മറ്റു ചിലതിനെതിരെ ശക്തിയായ എതിര്‍പ്പും പ്രകടിപ്പിച്ചു.
വിശുദ്ധ ഗ്രന്ഥത്തിന്റെ സ്ഥാനം
ലൂതറിനു മുമ്പുതന്നെ വിശുദ്ധഗ്രന്ഥപഠനത്തിനുള്ള ശ്രമങ്ങള്‍ കുറെയെല്ലാം നടന്നിരുന്നു. വി. ഗ്രന്ഥത്തിന്‍റെ ലത്തീന്‍ വിവര്‍ത്തനത്തിനു (Vulgate) പുറമെ പല പ്രാദേശിക ഭാഷകളിലേക്കും ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. എങ്കിലും വാച്യാര്‍ത്ഥത്തിനുകൊടുത്ത അമിതപ്രാധാന്യം മൂലവും, വിശുദ്ധഗ്രന്ഥം വായിക്കുന്ന രീതിയിലുണ്ടായിരുന്ന വികലതകള്‍ മൂലവും പല പ്രശ്നങ്ങളും ഉണ്ടായി. ഓരോരുത്തരും സ്വന്തതത്ത്വങ്ങള്‍ സ്ഥാപിക്കുവാന്‍വേണ്ടി വി. ഗ്രന്ഥത്തെ യഥേഷ്ടം വ്യാഖ്യാനിക്കുവാന്‍ തുടങ്ങി.
വികലമായ ആരാധനക്രമം
ആരാധനയുടെ അന്തസ്സത്തയെ അവഗണിച്ചുകൊണ്ട് ആചാരങ്ങള്‍ക്ക് അമിതപ്രാധാന്യം കല്പിച്ചിരുന്നു. അവ നടത്തിയിരുന്ന രീതിതന്നെ പലപ്പോഴും അരോചകമായിരുന്നു. കുറെ അടയാളങ്ങളും ആംഗ്യങ്ങളുംകൊണ്ട് തൃപ്തിപ്പെട്ടതല്ലാതെ അവയുടെ അര്‍ത്ഥമെന്താണെന്നോ അവ എന്തിനെ സൂചിപ്പിക്കുന്നുവെന്നോ പഠിക്കാനോ ജനങ്ങള്‍ക്കു പറഞ്ഞുകൊടുക്കുവാനോ ആരും മിനക്കെട്ടില്ല.
ഉപരിപ്ലവങ്ങളായ ആശയങ്ങള്‍ ആരാധനക്രമത്തില്‍ കടന്നുകൂടി അതിനെ അലങ്കോലപ്പെടുത്തിയിരുന്നു. നിര്‍ജ്ജീവവും അന്ധവുമായ ആരാധനാരീതിയെ ലൂതര്‍ ചോദ്യം ചെയ്തു. ദൈവശാസ്ത്രപഠനം അവഗണിച്ച കാലഘട്ടമായിരുന്നിത്. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കുറുക്കുവഴികളന്വേഷിക്കുകയായിരുന്നു ആളുകള്‍, അതിനുപറ്റിയ ഭക്താഭ്യാസങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ മിശിഹായുടെ പ്രബോധനമനുസരിച്ചുള്ള ജീവിതം നയിക്കാന്‍ വേണ്ടത്രപരിശ്രമിച്ചിരുന്നില്ല. കൂദാശകളുടെ അര്‍ത്ഥമോ ആവശ്യകതയോ ബോദ്ധ്യമാകാത്തവരായിരുന്നു അധികവും. ചില വൈകാരികാംശങ്ങള്‍ക്കാണ് പലരും കൂടുതല്‍ പ്രാധാന്യം നല്കിയത്, ലിറ്റര്‍ജിയെപ്പറ്റിയുള്ള അറിവ് ശുഷ്കമായിരുന്നു. ഇതിന്‍റെ പരിണിതഫലം ഊഹിക്കാമല്ലൊ. കൂദാശകള്‍ വെറും അനുഷ്ഠാനങ്ങളായി അധഃപതിച്ചു. അവയുടെ ദൈവശാസ്ത്രപശ്ചാത്തലം പൊതുവെ മനസ്സിലാക്കിയിരുന്നില്ല.
മാര്‍ട്ടിന്‍ ലൂതര്‍ - ജീവിതം
1483 നവംബര്‍ പത്താം തീയതി ജര്‍മ്മനിയില്‍ ഐസ്ലേബനിലെ തുറിന്‍ജിയാ എന്ന ഗ്രാമത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ ജനിച്ചു. ഹാന്‍സ് ലൂതറും മാര്‍ഗരറ്റും ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവും മാതാവും.
മകന്‍ ഒരു നിയമപണ്ഡിതനായിക്കാണുവാനാണ് ഹാന്‍സ്ലൂതര്‍ ആഗ്രഹിച്ചതെങ്കിലും ദൈവശാസ്ത്രം പഠിക്കുവാനാണ് മാര്‍ട്ടിന്‍ തീരുമാനിച്ചത്. 1505-ല്‍ത്തന്നെ അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ അംഗമായി. രണ്ടു വര്‍ഷത്തെ പരിശീലനത്തിനുശേഷം 1507-ല്‍ വൈദികപട്ടം സ്വീകരിച്ചു.
1512-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദവും അദ്ദേഹം നേടി. അക്കൊല്ലംതന്നെ സ്റ്റൗപ്പിറ്റ്സിന്‍റെ പിന്‍ഗാമിയായി വിശുദ്ധഗ്രന്ഥാദ്ധ്യാപകനായി നിയമിക്കപ്പെട്ടു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷങ്ങള്‍ ലൂതറിന്‍റെ ജീവിതത്തിലെ പ്രധാനകാലഘട്ടമാണ്. അദ്ദേഹം സ്വന്തമായൊരു ദൈവശാസ്ത്രത്തിനു രൂപം കൊടുത്തത് ഈ സമയത്താണ്. ഇതിനിടെ സങ്കീര്‍ത്തനങ്ങളെപ്പറ്റിയും വി. പൗലോസിന്‍റെ ലേഖനങ്ങളെപ്പറ്റിയും തുടരെത്തുടരെ അദ്ദേഹം പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
ഇതിന്‍റെയെല്ലാം മദ്ധ്യത്തിലും ലൂതര്‍ കഠിനമായ ആന്തരികസംഘട്ടനത്തിനു വിധേയനായിരുന്നുവെന്നതാണ് സത്യം. ദൈവത്തിന്‍റെ ന്യായവിധിയെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തില്‍ ഭീതി ജനിപ്പിച്ചു. റോമാക്കാര്‍ക്കുള്ള ലേഖനത്തെപ്പറ്റി വിശദമായി പഠിച്ചശേഷം അദ്ദേഹം ഒരു തീരുമാനത്തിലെത്തി, ദൈവം ക്രൂരനായ ന്യായാധിപനല്ലെന്നും നീതിമാന്‍ വിശ്വാസംമൂലം ജീവിക്കുന്നുവെന്നും. ഈ ചിന്ത അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ പോരുന്നതായിരുന്നു. എന്നാല്‍ ഇതില്‍നിന്നു സ്വീകരിച്ച നിഗമനങ്ങളിലാണ് അദ്ദേഹത്തിനു തെറ്റു പറ്റിയത്. ദൈവത്തിലുള്ള വിശ്വാസം മാത്രമാണ് രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു നമുക്കുവേണ്ടി രക്ഷ നേടിക്കഴിഞ്ഞു. അതിനാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയും നിസ്സംഗരായി അവിടുത്തേയ്ക്കു വിധേയരാകുകയും മാത്രമാണ് മനുഷ്യര്‍ ചെയ്യേണ്ടത്. നമ്മുടെ സല്‍പ്രവൃത്തികള്‍കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. കത്തോലിക്കാസഭയുടെ പഠനങ്ങള്‍ പലതും അര്‍ത്ഥശൂന്യമാണ്- ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ നിഗമനങ്ങള്‍. ഇത്രയും തീരുമാനങ്ങളിലെത്തിക്കഴിഞ്ഞപ്പോള്‍, കത്തോലിക്കാസഭയുടെ അബദ്ധപഠനങ്ങളെ എതിര്‍ക്കേണ്ടത് കടമയാണെന്ന് അദ്ദേഹം കരുതി. അന്നു നിലവിലിരുന്ന ദണ്ഡവിമോചനപ്രസ്ഥാനം ഉടനടിയുള്ള നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ദണ്ഡവിമോചനവിവാദം
ലൂതറന്‍ നവീകരണത്തിന് പശ്ചാത്തലമൊരുക്കിയ ഘടകങ്ങള്‍ പലതാണെങ്കിലും ആസന്നകാരണം ദണ്ഡവിമോചനത്തെ സംബന്ധിച്ച വിവാദങ്ങളാണ്. ദണ്ഡവിമോചനപ്രസ്ഥാനത്തോട് ലൂതറിന് ആദ്യംമുതല്‍ക്കേ എതിര്‍പ്പുണ്ടായിരുന്നു.
1510-ല്‍ ജൂലിയസ് രണ്ടാമന്‍ പാപ്പാ (1503-1513) ഒരു ദണ്ഡവിമോചനം ഏര്‍പ്പെടുത്തിയിരുന്നു. ആല്‍ബര്‍ട്ടിന്‍റെ അധീനതയിലുള്ള രൂപതകളില്‍ ഈ ദണ്ഡവിമോചനം പ്രസംഗിക്കുവാനും അങ്ങനെ കിട്ടുന്ന തുകയില്‍ പകുതിയെടുത്തിട്ട് ബാക്കി പകുതി റോമന്‍കൂരിയായിലടയ്ക്കുവാനുമായിരുന്നു ഉടമ്പടി. ഇതനുസരിച്ച് ദണ്ഡവിമോചനം പ്രസംഗിക്കാന്‍ ഡൊമിനിക്കന്‍സഭാംഗമായ ടെറ്റ്സല്‍ നിയുക്തനായി. അദ്ദേഹം സാക്സണ്‍പ്രവിശ്യയുടെ ഉത്തരാതിര്‍ത്തിയിലുള്ള ജൂട്ടര്‍ബോഗ്, സേര്‍ബ്സ്റ്റ് എന്നീ നഗരങ്ങളില്‍ പ്രസംഗം ആരംഭിച്ചതോടെ ലൂതറും രംഗപ്രവേശം ചെയ്തു. ധാര്‍മ്മികമായും വിശ്വാസപരമായും പാശ്ചാത്യസഭയുടെ പാരമ്പര്യങ്ങളാണ് ടെറ്റ്സല്‍ പ്രസംഗിച്ചത്. പക്ഷേ അദ്ദേഹത്തിന്‍റെ അവതരണരീതിയും അതിവര്‍ണ്ണനയും തെറ്റിദ്ധാരണകള്‍ക്കിടകൊടുത്തു.
ആര്‍ച്ചുബിഷപ്പിനെഴുതിയ ദിവസംതന്നെ മാര്‍ട്ടിന്‍ ലൂതര്‍ ചരിത്രപ്രസിദ്ധമായ തന്‍റെ തൊണ്ണൂറ്റഞ്ചു പ്രമേയങ്ങള്‍ വിറ്റന്‍ബര്‍ഗ്ഗിലെ കൊട്ടാരക്കപ്പേളയുടെ ചുമരില്‍ പതിച്ചു. ഇതോടെ തുറന്നസംഘട്ടനം ആരംഭിച്ചുവെന്നു പറയാം.
ലൂതറിന്റെ സിദ്ധാന്തങ്ങള്
ദണ്ഡവിമോചനവാദം തുടങ്ങുന്നതിനുമുമ്പുതന്നെ ലൂതര്‍ വിവാദപരമായ പല സിദ്ധാന്തങ്ങളും പഠിപ്പിച്ചിരുന്നു. ആത്മരക്ഷയെപ്പറ്റി അമിതമായ ഉത്കണ്ഠ വച്ചുപുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ലൂതര്‍. ദൈവത്തിലുള്ള വിശ്വാസംമാത്രമാണ് നീതീകരണത്തിനടിസ്ഥാനം എന്ന ചിന്ത അദ്ദേഹത്തിന് മനസ്സമാധാനം നല്കി. അങ്ങനെ രക്ഷ മനുഷ്യന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നല്ലെന്നും, ദൈവത്തിന്‍റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനത്താല്‍ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനെ സാധൂകരിക്കാനാണ് പാപ്പാധികാരം അദ്ദേഹം നിഷേധിച്ചത്. ബൈബിളാണ് എല്ലാറ്റിന്‍റേയും അടിസ്ഥാനം. അത് ആര്‍ക്കും വ്യാഖ്യാനിക്കാം. മാദ്ധ്യസ്ഥ്യംവഹിക്കാന്‍ പുരോഹിതര്‍ ആവശ്യമില്ല. മാമ്മോദീസായും കുര്‍ബാനയും മാത്രമേ സാധുവായിട്ടുള്ളു. ഇതരകൂദാശകളെല്ലാം അവാസ്തവങ്ങളാണ് - ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ നൂതനസിദ്ധാന്തങ്ങള്‍.
ആംഗ്ലിക്കന്‍ സഭ - ഹെന്ട്രിയന് വിപ്ലവസന്താനം
ഇംഗ്ലണ്ടില്‍, കത്തോലിക്കാസഭയോടുള്ള എതിര്‍പ്പ് വൈക്ലിഫിന്‍റെ (1384) കാലം മുതല്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ അതിനെ റോമാസഭയില്‍ നിന്നു പൂര്‍ണ്ണായി വിച്ഛേദിച്ചത് ഹെന്‍ട്രി എട്ടാമന്‍ (1509-1547) രാജാവാണ്. കാതറിനുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട അപേക്ഷ നിരസിക്കപ്പെട്ടതോടെ, 'വിശ്വാസസംരക്ഷക'നെന്ന കീര്‍ത്തി മുദ്ര നേടിയിട്ടുണ്ടായിരുന്ന ഹെന്‍ട്രി പാസ്സാക്കിയെടുത്ത പരമാധികാര നിയമം വഴി ഇംഗ്ലണ്ടിനെ റോമില്‍ നിന്നും പരിപൂര്‍ണ്ണമായി വേര്‍തിരിച്ചു. മാര്‍പാപ്പയ്ക്കു ഇംഗ്ലണ്ടിലെ സഭയുടെ മേല്‍ യാതൊരധികാരവുമില്ലെന്നും ആംഗ്ലേയസഭയുടെ പരമാധികാരം ഇംഗ്ലണ്ടിലെ രാജാവില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു വിളംബരം. രാജാവിന്‍റെ നയത്തിനു ആരംഭത്തില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ടാകുകയും ആയിരക്കണക്കിനു വിശ്വാസികളും അനേകം വൈദികരും മെത്രാന്മാരും വധിക്കപ്പെടുകയും ചെയ്തു. തോമസുമൂര്‍, ജോണ്‍ഫിഷര്‍, തുടങ്ങിയവര്‍ വധിക്കപ്പെട്ടവരില്‍പ്പെടുന്നു. ഇങ്ങനെ ഹെന്‍ട്രി എട്ടാമന്‍റെ വിവാഹപ്രശ്നത്തെതുടര്‍ന്ന് ഇംഗ്ലണ്ടില്‍ രൂപം കൊണ്ടതാണു ആംഗ്ലിക്കന്‍ സഭ. കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പിനെ സഭയുടെ സര്‍വ്വാധികാരിയായി അംഗീകരിക്കുന്നു.
ഹെന്‍ട്രിയെത്തുടര്‍ന്നു ഭരമണമേറ്റഎഡ്വേര്‍ഡ് ആറാമന്‍റെ കാലമായപ്പോഴേക്കും ഇംഗ്ലണ്ടിന്‍റെ ഭൂരിഭാഗവും കത്തോലിക്കാസഭയില്‍ നിന്നു വേര്‍പ്പെട്ടിരുന്നു. കാന്‍റര്‍ബറി മെത്രാപ്പൊലീത്ത ആയിരുന്ന ക്രാന്‍മര്‍ ആയിരുന്നു എഡ്വേര്‍ഡിന്‍റെ വലംകൈ. എഡ്വേര്‍ഡിന്‍റെ മരണശേഷം മേരി രാജ്ഞി (1553-58) പ്രോട്ടസ്റ്റാന്‍റിസത്തിനെതിരായി പോരാടി. കുറയൊക്കെ വിജയിച്ചെങ്കിലും, പിന്നീടുവന്ന എലിസബത്തു രാജ്ഞി അതിനെ ഇംഗ്ലണ്ടില്‍ അരക്കിട്ടുറപ്പിക്കുകതന്നെ ചെയ്തു. ക്രാന്‍മാറിന്‍റെ 42 വിശ്വാസപ്രഖ്യാപനങ്ങള്‍ അവള്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തി. ഇംഗ്ലണ്ടിലെ സഭയ്ക്കു ആംഗ്ലിക്കന്‍ സഭയെന്നു പേരു പറയുന്നു.
The modern age Protestant Revolution Anglican Church catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206