We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Placid Podipara On 06-Feb-2021
കേരളത്തിലെയും ഭാരതത്തിലെയും ക്രൈസ്തവസഭയുടെ ആരംഭകാലഘട്ടങ്ങളെ സംബന്ധിച്ച് എഴുതപ്പെട്ട രേഖകള്‍ വളരെ വിരളമായേ നമുക്കു കൈവന്നിട്ടുള്ളൂ. ഗോവാ, ബ്രാഗാ എന്നിവിടങ്ങളിലെ വിലപ്പെട്ട രേഖകള്‍ ഇതുവരേയും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രസ്തുത രേഖകള്‍ സഭയുടെ പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുവാന്‍ സഹായകമായിരിക്കും. 1599 -ലെ ഉദയംപേരൂര്‍ സഭായോഗത്തില്‍ വച്ച് ഗോവന്‍ മെത്രാപ്പോലീത്ത മേനേസിസ് കത്തിച്ചുകളഞ്ഞശേഷം മലങ്കരയില്‍ അവശേഷിച്ചിരുന്ന ചരിത്രരേഖകളില്‍ മിക്കതും പിന്നെപ്പിന്നെ വന്ന ചില പശ്ചാത്യ സന്യാസികള്‍ കത്തിച്ചുകളഞ്ഞു. ചരിത്രരേഖകളുടെ അഭാവത്തില്‍ ആദി കേരളസഭാ ചരിത്രത്തെ څഇരുളടഞ്ഞകാലംچ എന്നു ചിലര്‍ വിളിക്കുന്നു. ഇന്നുള്ള രേഖകള്‍ വച്ചുനോക്കുമ്പോള്‍ വളരെ വ്യക്തമായ ഒരു ചിത്രം വരയ്ക്കാന്‍ അത്ര എളുപ്പമല്ല.
പേര്‍ഷ്യന്‍ ബന്ധം
ഭാരതത്തിലെ മാര്‍തോമാ നസ്രാണികളുടെ സഭ പശ്ചിമേഷ്യയിലെ പേര്‍ഷ്യന്‍ സഭയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പില്‍ക്കാലത്തെ രേഖകള്‍ സാക്ഷിക്കുക്കുന്നു. പേര്‍ഷ്യന്‍ സഭയുമായി മാര്‍തോമാ ക്രിസ്ത്യാനികള്‍ ബന്ധപ്പെടുന്നത് എന്നുമുതലാണെന്ന് കൃത്യമായി പറയുക എളുപ്പമല്ല. പേര്‍ഷ്യന്‍ സഭയെന്നു പറയുമ്പോള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സഭയെന്നാണി വിവക്ഷ: ഫാര്‍സ് എന്ന പ്രോവിഡന്‍സിലെ സഭ, സെലൂഷ്യ - സ്റ്റെസിഫണിലെ സഭ, എഡേസ്സാ -നിസിബിസ്സിലെ സഭ, പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ മറ്റു കേന്ദ്രങ്ങളിലെ സഭകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പേര്‍ഷ്യന്‍ സഭ എന്നു പറയുന്നത്. പേര്‍ഷ്യന്‍ സഭയുമായുള്ള ബന്ധം മാര്‍തോമാശ്ലീഹാ മുതലുള്ള ബന്ധമായി കാണുന്നവരുണ്ട്. പൊതുവായ അപ്പസ്തൊലിക പൈതൃകം ഈ സഭകള്‍ക്കു കൈമുതലായി ഉണ്ടായിരുന്നു. ഫാര്‍സും ഭാരതവും മാര്‍തോമാശ്ലീഹയില്‍ നിന്നും എഡേസ്സാ, മാര്‍തോമാശ്ലീഹയുടെ ശിഷ്യനായ മാറിയില്‍ നിന്നും സുവിശേഷം സ്വീകരിച്ചപ്പോള്‍ ഇവരെല്ലാം പൊതുവായൊരു ശ്ലൈഹിക പാരമ്പര്യത്തിന്‍റെയും ക്രിസ്ത്വനുഭവത്തിന്‍റെയും ഉടമകളായിത്തീര്‍ന്നു. മാര്‍ തോമാശ്ലീഹയുടെ മതൃഭാഷ ഇവരെ ഒന്നിച്ചുനിര്‍ത്തി. യൂഫ്രട്ടീസ് -ടൈഗ്രീസ് നദീതടങ്ങളിലെ ആദ്യക്രൈസ്തവര്‍ മിക്കവാറും എല്ലാവരും തന്നെ സെമിറ്റിക് വെശജരും അറമായ (സുറിയാനി) സംസാരിക്കുന്നവരുമായിരുന്നു. ഭാരത്തിലെത്തിയ തോമാശ്ലീഹായും ഇവിടെയുണ്ടായിരുന്ന യഹൂദന്മാരോട് അറമായ ഭാഷയിലായിരിക്കണം ആദ്യം സുവിശേഷം അറിയിച്ചത്. മാനസാന്തരപ്പെട്ട യൂദന്മാര്‍വഴി യൂദന്മാരല്ലാത്തവരോടും സുവിശേഷപ്രസംഗം നടത്തി. ശ്ലീഹന്മാര്‍ എല്ലായിടത്തും പ്രംസഗിച്ച രീതി പരിഗണിക്കുമ്പോള്‍ ഈ നിഗമനം ശരിയാണെന്നു തോന്നുന്നു. ദൈവിക വെളിപാടിന്‍റെ ഭാഷ പൊതുവായി ഉപയോഗിക്കുന്ന സഭകള്‍ തമ്മില്‍ അടുക്കുക സ്വാഭാവികമാണ്.
ക്രി.മു. എട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച വ്യാപാരബന്ധം പേര്‍ഷ്യയെയും കേരളത്തെയും അടുപ്പിച്ചു. മാധ്യമ ഭാഷയായ അറമായ വഴി ആശയങ്ങളും സാധനങ്ങളും കൈമാറാന്‍ അവര്‍ക്കൊട്ടും പ്രയാസമില്ലായിരുന്നു. പടിഞ്ഞാറ് ഗ്രീക്കിനും ലത്തീനുമുണ്ടായിരുന്ന സ്ഥാനം കിഴക്കു സുറിയാനിക്കുണ്ടായിരുന്നു. ഭാരതസഭ തൊട്ടടുത്തു കിടന്ന ഫാര്‍സിലെ സഭയോടാണ് ബന്ധപ്പെട്ടിരുന്നതെന്ന് പ്രസ്താവിച്ചല്ലോ.
ക്രി.വ അഞ്ചാം നൂറ്റാണ്ടുവരെ ഫാര്‍സ് സ്വതന്ത്രസഭയായിരുന്നു. 315 - ല്‍ സെലൂഷ്യയിലെ മെത്രാന്‍ മേല്ക്കോയ്മയ്ക്ക് മുതിര്‍ന്നപ്പോള്‍ ഫാര്‍സ് എതിര്‍ത്തു സെലൂഷ്യയെ പരാജയപ്പെടുത്തി. എന്നാല്‍ 410 ലും 424 ലും നടന്ന സൂനഹദോസുകള്‍ ഫാര്‍സിനെ സെലൂഷ്യയുടെ കീഴില്‍ കൊണ്ടുവന്നതിനുശേഷമായിരിക്കണം ഭാരതസഭ സെലൂഷ്യയുടെ കീഴില്‍ വന്നത്. എന്നാല്‍ ഈ മാറ്റം എന്നു സംഭവിച്ചു എന്നു കൃത്യമായി പറയാന്‍ സാധ്യമല്ല.
ഭരണരീത്യാ എഴാം നൂറ്റാണ്ടുവരെ ഭാരതക്രൈസ്തവ സഭ സെലൂഷ്യാ കേന്ദ്രമാക്കിയുള്ള പേര്‍ഷ്യന്‍സഭയുടെ കീഴിലല്ലായിരുന്നു. അവരുടെ ഒരൊറ്റ സൂനഹദോസിലും ഭാരത സഭയെ പരാമര്‍ശിച്ചു കാണുന്നില്ല. ഒന്നാം നൂറ്റാണ്ടു മുതല്‍ ഏഴാം നൂറ്റാണ്ടുവരെ ഇവിടെ മാര്‍ത്തോമാശ്ലീഹായുടെ പിന്‍ഗാമികളായ നാട്ടുമെത്രാന്മാര്‍ ഉണ്ടായിരിക്കാനാണിട. മാര്‍ത്തോമ്മാശ്ലീഹാ ഇന്നാട്ടുകാരായ ആളുകളെ സഭകളുടെ അധ്യക്ഷന്മാരായി നിയമിച്ചു. ഒരു പുരാതന പാരമ്പര്യമനുസരിച്ച് രണ്ടുമെത്രാന്മാരെയും വാഴിക്കുകയും ചെയ്തു. കേപ്പാ, പൗലോസ് എന്നീ നാമങ്ങളിലാണ് മെത്രാന്മാരെ വാഴിച്ചത്. ഇതൊരു ഐതിഹ്യമാണെങ്കിലും എല്ലാ ശ്ലീഹന്മാരും ചെയ്തതുപോലെ മാര്‍ത്തോമ്മാശ്ലീഹായും ഇവിടെ തന്‍റെ പിന്‍ഗാമികളെ വാഴിച്ചുകാണാനാണിട. ഈ നേതാക്കന്മാരുടെ പിന്തുടര്‍ച്ചക്കാര്‍ ഇവിടുത്തെ ക്രൈസ്തവസമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിഖ്യാസൂനഹദോസില്‍ പേര്‍ഷ്യയുടെയും വലിയ ഇന്ത്യ യുടെയും യോഹന്നാന്‍ സംബന്ധിച്ചുവെന്ന് സിസിക്കുസിലെ ജലാസിയൂസില്‍ (5th) ഒരു സാക്ഷ്യം ഉണ്ട്. 325-ലെ നിഖ്യാസൂനഹദോസിനു ശേഷം അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജലാസിയൂസ് മാത്രമാണ് യോഹന്നാനെ ഇന്ത്യയുമായി ബന്ധിക്കുന്നത്. നിഖ്യായില്‍ സംബന്ധിച്ചവരുടെ പട്ടികയിലാകട്ടെ, തുടര്‍ന്ന് സഭാചരിത്രം എഴുതിയവരാകട്ടെ ഇപ്രകാരം ചെയ്യുന്നില്ല. സൊക്രാട്ടസ്, സൊസോമെന്‍, തിയഡൊറൈറ്റ് തുടങ്ങിയ സഭാചരിത്രകാരന്മാരും ജലാസിയൂസിന്‍റെ പില്ക്കാല സാക്ഷ്യവുമായി ഒത്തു പോകുന്നില്ല. ജലാസിയൂസ് രേഖപ്പെടുത്തിയത് ഒരു പക്ഷെ പേര്‍ഷ്യയോടു ചേര്‍ന്നുള്ള പ്രദേശത്തിന്‍റെ കാര്യമാകാം. നമ്മുടെ ഇന്ത്യയല്ല. പേര്‍ഷ്യയില്‍ മടങ്ങി വന്ന യോഹന്നാന്‍ സൂനഹദോസിനെപ്പറ്റി പേര്‍ഷ്യയില്‍ അറിയിച്ചുവെന്നതിനു തെളിവില്ല. 410-ല്‍ മാത്രമാണ് നിഖ്യാസൂനഹദോസ് പേര്‍ഷ്യന്‍ സഭ അംഗീകരിച്ചത്.
ഏഴുമുതലുള്ള നൂറ്റാണ്ടുകളില്‍ സെലൂഷ്യന്‍ മെത്രാന്മാര്‍ ഭാരത്തിലെ സഭയെപ്പറ്റി അവിടവിടെ പരാമര്‍ശിക്കുന്നുണ്ട്. ഈശോയാബ് മൂന്നാമന്‍ (650-660) ഇവിടെ മെത്രാന്മാര്‍ ഇല്ലാത്തൊരു സാഹചര്യം വിവരിക്കുന്നു. ഫാര്‍സിലെ മെത്രാനായ ശെമയോനാണ് അതിനു കാരണക്കാരനെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ദൈവഭക്തനായ സഹോദരാ, ഇവയ്ക്കുപുറമെ മറ്റൊരു സംഗതികൂടി നിങ്ങള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു: ഭാരതത്തിലെ വിവിധജാതി ജനങ്ങള്‍ക്കെതിരായി നിങ്ങള്‍ മേല്പട്ടസ്ഥാനത്തിന്‍റെ വാതില്‍ അടച്ചുകളയുകയും ക്ഷണഭംഗുരങ്ങളായ ലൗകിക നേട്ടങ്ങളെപ്രതി ദൈവദാനത്തെ തടയുകയും ചെയ്തിരിക്കുന്നു. നമ്മുടെ അദ്ധ്യക്ഷന്മാരും ദൈവദാനത്തിന്‍റെ കവാടങ്ങള്‍ നിങ്ങള്‍ക്കെതിരെ അടച്ചിരുന്നെങ്കില്‍ സഭാസംഗതികള്‍ എത്ര ദയനീയമായ അവസ്ഥയിലാകുമായിരുന്നുവെന്ന് നിങ്ങള്‍ക്കുതന്നെ ഊഹിക്കാവുന്നതേയുള്ളൂ. നിയമാസൃതം സ്ഥാപിക്കപ്പെടുന്ന പിന്‍ഗാമികളിലൂടെ ദൈവദാനം പ്രവഹിക്കുന്നതിനാല്‍ സഭാമണ്ഡലത്തിലെ നക്ഷത്രങ്ങളെപ്പോലെ ലോകത്തില്‍ മെത്രാന്മാരും വൈദികരും വിശ്വാസികളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ സഭയുടെ കാനോനകള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചതുവഴി ഭാരതീയ ജനങ്ങളില്‍ പൗരോഹിത്യ പരമ്പര അവസാനിച്ചിരിക്കുന്നു. യഥാര്‍ത്ഥമെത്രാന്മാരില്‍ക്കൂടിയുള്ള ദൈവിക അദ്ധ്യാപനത്തിന്‍റെ പ്രകാശം ഇല്ലാതെ ഭാരതം അന്ധകാരത്തില്‍ നിമഗ്നമായിരിക്കുന്നു. ഇതുമൂലം പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അതിര്‍ത്തി മുതല്‍ കാലാവരെ 1200 ഫര്‍സഹീന്‍ നീളത്തില്‍ കിടക്കുന്ന ഭാരത്തിനുമാത്രമല്ല, നിങ്ങളുടെ പേര്‍ഷ്യയ്ക്കും ഈ വിധം സംഭവിച്ചു. ഇന്ത്യയില്‍ ഉടനീളം വിവിധ സ്ഥലങ്ങളിലായി നിരവധി മെത്രാന്മാരും ഇടവകകളും ഉണ്ടായിരുന്നു എന്ന് ഈ കത്തില്‍ ധ്വനിയുണ്ട്.
സ്ലീബാസേക്കാ പാത്രിയര്‍ക്കീസ് (714-728) ഭാരതത്തിലെ സഭയുടെ മെത്രാപ്പോലീത്താസ്ഥാനം അംഗീകരിച്ചു.തിമോത്തി പാത്രിയര്‍ക്കീസ് (778-823) ഇന്ത്യയിലെ സഭയ്ക്കയച്ച കത്തില്‍ ഇവിടുത്തെ മെത്രാഭിഷേകരീതി സൂചിപ്പിക്കുന്നു: മെത്രാപ്പോലീത്തയുടെ തിരഞ്ഞെടുപ്പിന്‍റേയും അഭിഷേകത്തിന്‍റെയും കാര്യത്തില്‍ ജനങ്ങള്‍ രാജാവിന്‍റെ ഉപദേശമല്ല, പാത്രിയാര്‍ക്കീസിന്‍റെ ഉപദേശമാണു ശ്രദ്ധിക്കേണ്ടത്. പാത്രിയാര്‍ക്കീസിന്‍റെ അംഗീകാരത്തിനുശേഷം മാത്രമേ മെത്രാപ്പോലീത്തായുടെ നിയമനക്കാര്യം രാജാവിനെ അറിയിക്കേണ്ടതുള്ളൂ എന്ന് പാത്രിയാര്‍ക്കീസ് ഉപദേശിക്കുന്നു. തിമോത്തിയുടെ ഒരു കത്ത് ഇന്ത്യയിലെ സഭയുടെ നേതാവായ അര്‍ക്കന് (ആര്‍ച്ചുഡീക്കന്) ഉള്ളതാണ്.എല്ലാമെത്രാന്മാരും പേര്‍ഷ്യന്‍ സൂനഹദോസുകളില്‍ സംബന്ധിക്കണം എന്ന നിയമത്തില്‍ നിന്ന് തിയഡോഷ്യസ് (853-8) ഭാരതത്തെ ഒഴിവാക്കി. പകരം കൂട്ടായ്മക്കത്തുകളും പിരിവുകളും ആറുവര്‍ഷത്തിലൊരിക്കല്‍ അയച്ചാല്‍ മതി എന്നു കല്പിച്ചു.
ഒന്‍പതാം നൂറ്റാണ്ടിലും ഭാരതസഭ പേര്‍ഷ്യന്‍ സഭയെപ്പോലെ ഉള്‍ഭരണസ്വാതന്ത്രമുള്ള സഭയായിരുന്നു. ആ നൂറ്റാണ്ടില്‍ സാപോര്‍ പ്രോത് എന്നീ മെത്രാന്മാരുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ചില പട്ടികകളില്‍ പതിമൂന്നാം സ്ഥാനത്തും ചൈനയുടേയും ഇന്ത്യയുടെയും മെത്രാപ്പോലീത്താമാര്‍ അടുത്തടുത്താണു വന്നത് തിമോത്തിയുടെ കാലത്തെ മെത്രാന്മാര്‍ ഭാരതീയരായിരുന്നു എന്നു വ്യക്തമാണ്. സഫ്രഗന്‍മെത്രാന്മാരുടെ സാന്നിദ്ധ്യത്തില്‍ ജനങ്ങള്‍ മെത്രോപ്പോലീത്തായെ തിരഞ്ഞെടുത്തിരുന്നു.
മിഷണറിമാര്‍ വരുന്നതിനു തൊട്ടുമുന്‍പുള്ള കാലഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്നു മെത്രാന്മാര്‍ പൗരസ്ത്യസൂറിയാനി സഭയില്‍പെട്ടവരായിരുന്നു. 1301-ല്‍ മാര്‍ യാക്കോബ് എന്നുപേരായ ഒരു മെത്രാന്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന് രേഖയുണ്ട്. 1490-ല്‍ മാര്‍ യോഹന്നാനും മാര്‍തോമായും ഒന്നിച്ചു പശ്ചിമേഷ്യയില്‍ നിന്ന് ഇവിടെ വന്നു. യോഹന്നാന്‍ 1504-ല്‍ മരിച്ചു. തോമാ 1492-ല്‍ തിരികെ പോയി. 1504 ല്‍ മറ്റു മൂന്നു മെത്രാന്മാരോടുകൂടി വീണ്ടും വന്നു. ഈ മൂന്നു മെത്രാന്മാര്‍ 1503-ല്‍ ഈജിപ്തുകാരന്‍ മാര്‍ യോഹന്നാന്‍റെ ആശ്രമത്തില്‍ വച്ച് അഭിഷേകം ചെയ്യപ്പെട്ടവരാണ്. മാര്‍ യാക്കോബ്, മാര്‍ യാബാസാഹാ, മാര്‍ ദനഹാ എന്നിവരായിരുന്നു ആ മെത്രാന്മാര്‍. അവരില്‍ യാബാസാഹയും ദനഹായും പെട്ടെന്ന് മരിച്ചുപോയി. മാര്‍ യാക്കോബ് മാത്രം അവശേഷിച്ചു. മാര്‍ തോമായും മാര്‍ യാക്കോബും കൊടുങ്ങല്ലൂരും കൊല്ലവും ആ സ്ഥനമാക്കി ഭരണം നടത്തി. 1549-ല്‍ ഫ്രാന്‍സിസ് സേവ്യര്‍ ഈ യാക്കോബിനെപ്പറ്റി വളരെ നന്നായി പോര്‍ച്ചുഗീസ് രാജാവിന് എഴുതിയിട്ടുണ്ട്. മാര്‍ യാക്കോബ് 1550-ലോ 1552-ലോ മരിച്ചു. തുടര്‍ന്ന് മാര്‍ ജോസഫ് (1556-69) മാര്‍ തോമാ ക്രിസ്ത്യാനികളുടെ മെത്രാനായി.കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് മാര്‍ സൂലാക്കായുടെ സഹോദരനായിരുന്നു ഈ മാര്‍ ജോസഫ്. മാര്‍ അബ്ദീശോ എന്ന കത്തോലിക്കാ പാത്രിയാര്‍ക്കീസാണ് അദ്ദേഹത്തെ മലബാറിലേക്കയച്ചത്. മാര്‍ ഏലിയാസ് എന്ന മെത്രാന്‍റെ കൂടെയാണ് അദ്ദേഹം ഇവിടെ വന്നത്. എന്നാല്‍ ഏലിയാസിനപ്പറ്റി നമുക്ക് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. 1558-ല്‍ മാര്‍ അബ്രാഹം എന്ന മെത്രാനും വന്നു ചേര്‍ന്നു. 1567-ല്‍ മാര്‍ അബ്ദീശോ പാത്രിയാര്‍ക്കീസ്, മാര്‍ ജോസഫിനും മാര്‍ അബ്രഹാമിനും മാര്‍തോമാക്രിസ്ത്യാനികളുടെ ഇടയിലുള്ള ശുശ്രൂഷ പങ്കിട്ടു കൊടുത്തു. മാര്‍ ജോസഫിനെ പാശ്ചാത്യ മിഷണറിമാര്‍ റോമിലേയ്ക്കു നാടുകടത്തി. 1569-ല്‍ അവിടെവെച്ചു മരിച്ചു. 1597-ല്‍ മരിക്കുന്നതുവരെ മാര്‍ അബ്രഹാം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ മെത്രാനായിരുന്നു.
പേര്‍ഷ്യന്‍ സഭയില്‍ നിന്നുള്ള മെത്രാന്മാര്‍ ഇവിടെ വരാന്‍ തുടങ്ങിയത് എന്നു മുതലാണെന്ന് ഖണ്ഡിതമായി പറയാന്‍ സാധ്യമല്ല. മാര്‍തോമാശ്ലീഹായുടെ കാലം മുതല്‍ ഇടതടവില്ലാതെ പേര്‍ഷ്യയില്‍ നിന്ന് പൗരസ്ത്യസഭാ മെത്രാന്മാര്‍ കേരളത്തില്‍ വന്നു എന്നും തെളിയിക്കപ്പെട്ടിട്ടില്ല. നാട്ടുകാരാരും മെത്രാന്മാരായില്ല എന്നും അനുമാനിക്കാന്‍ സാധിക്കില്ല.
മലങ്കരസഭയിലെ മെത്രാന്മാര്‍ ദൈവജനത്തിന്‍റെ ആധ്യാത്മികാചാര്യന്മാരായിരുന്നു. സഭയുടെ ലൗകിക ഭരണം ആര്‍ച്ചുഡീക്കന്‍ (അര്‍ക്കദിയാക്കോന്‍) നിര്‍വഹിച്ചിരുന്നു. ആര്‍ച്ചു ഡീക്കന്മാരുടെ ഭരണം എന്നു മുതലാണ് തുടങ്ങിയതെന്നു വ്യക്തമല്ല. ഓരോ പള്ളിക്കും പള്ളിയോഗവും സഭയ്ക്കു മൊത്തത്തില്‍ പൊതുയോഗവും ഉണ്ടായിരുന്നു. ഇന്ത്യ മുഴുവന്‍റെയും മെത്രോപ്പോലീത്ത മാര്‍തോമയുടെ സിംഹാസനത്തിന്‍റെയും ഇന്ത്യ മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ സഭയുടെയും മെത്രാപ്പോലീത്ത എന്നിങ്ങനെയായിരുന്നു മലങ്കരസഭാധ്യക്ഷന്മാര്‍ അറിയപ്പെട്ടിരുന്നത്. څഇന്ത്യാ മുഴുവന്‍റെയും ആര്‍ച്ചുഡീക്കന്‍ എന്നായിരുന്നു ആര്‍ച്ചുഡീക്കന്‍റെ സ്ഥാനനാമം. ഇന്ത്യ മുഴുവനുമുള്ള സഭയുടെ മെത്രാപ്പോലീത്തായും വാതിലുംڈ എന്നും കാണുന്നു.
ചില സന്ദര്‍ശകര്‍
മറ്റു സഭകളില്‍പ്പെട്ട ചില നേതാക്കന്മാര്‍ മലങ്കരസഭയെ സന്ദര്‍ശിച്ചിട്ടുണ്ട്. പന്തേസൂസ്, ദാവീദ്, തെയോഫിലസ്, കോസ്മാസ്, ബോധ് എന്നിവര്‍ ഇത്തരത്തില്‍പ്പെട്ടവരാണ്. അതുപോലെ ദാനിയേല്‍ എന്നൊരിന്ത്യക്കാരന്‍ ഒരു വലിയ സുറിയാനി പണ്ഡിതനായിരുന്നു എന്ന് ഒരു പുരാതനരേഖ സൂചന നല്‍കുന്നു: സുറിയാനിപ്പുസ്തകങ്ങള്‍ ഇന്ത്യയിലേക്കയച്ച മാനായെപ്പറ്റിയും ഈ പുരാതന രേഖ സൂചിപ്പിക്കുന്നു. ഈ കാര്യങ്ങളെല്ലാം ഇവിടെ വിവരിക്കുന്നു.
എവുസേബിയസിന്‍റെ സാക്ഷ്യം ഇപ്രകാരമാണ്: പന്തേനൂസ് എന്ന പേരോടുകൂടി പ്രശസ്തനും ഉന്നത സാസ്കാരിക നിലവാരം പുലര്‍ത്തിയിരുന്നവനുമായ ഒരാളായിരുന്നു അലക്സാണ്ട്രിയയിലെ ക്രിസ്തീയ കലാലയാധ്യക്ഷന്‍. പന്തേനൂസ് അക്കാലത്തെ ഏറ്റം പ്രമുഖ വ്യക്തിയായിരുന്നു. സ്റ്റോയിക് തത്ത്വശാസ്ത്രത്തില്‍ അദ്ദേഹത്തിനു പരിശീലനം സിദ്ധിച്ചിരുന്നു. ദൈവവചനത്തിലുള്ള സജീവ തീക്ഷണതയാലും ആത്മധൈര്യത്താലും അദ്ദേഹം പൗരസ്ത്യ ദേശങ്ങളില്‍ ക്രിസ്തുവിന്‍റെ ദൗത്യവാഹകനായും ഇന്ത്യവരെ അയക്കപ്പെടുകയും ചെയ്തു എന്നു പറയപ്പെടുന്നു. ശ്ലീഹന്മാരെപ്പോലെ ദൈവവചന പ്രചരണത്തിനും സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിനും തീക്ഷണതാപൂര്‍വ്വം യത്നിച്ചിരുന്ന അനേകം സുവിശേഷകര്‍ അന്നും ഉണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു പന്തേനൂസ്. അദ്ദേഹം ഇന്ത്യവരെ പോയി എന്നു പറയപ്പെടുന്നു. അവിടെ ക്രിസ്തുവിനെ അറിഞ്ഞവരുടെയിടയില്‍ അദ്ദേഹം മത്തായിയുടെ സുവിശേഷം കണ്ടു എന്നും പറയപ്പെടുന്നു.
ജറോം ഇപ്രകാരം പറയുന്നു: സ്റ്റോയിക് വിഭാത്തില്‍പ്പെട്ട തത്വജ്ഞാനിയായിരുന്നു പന്തേനൂസ്. വിവേകിയും വിജ്ഞാനിയും വി.ഗ്രന്ഥത്തിലും സാഹിത്യത്തിലും വിശ്രുതനുമായ അദ്ദേഹത്തെ അലക്സാണ്ട്രിയായിലെ ദിമെത്രിയൂസ് മെത്രാന്‍ ഇന്ത്യയിലേക്കയച്ചു.
പന്തേനൂസ് കേരളത്തിലാണ് വന്നതെന്ന് അസന്ദിഗ്ദ്ധമായി പറയാന്‍ സാധ്യമല്ല. ഇന്ത്യ എന്നത് ദക്ഷിണേന്ത്യയോ, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയോ ആകാം എന്നു കരുതുന്നവരുമുണ്ട്.
എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ തെക്കന്‍ അറേബ്യന്‍ പ്രദേശങ്ങളിലെ സ്ഥിതിയായിരിക്കും വിവരിക്കുന്നത് എന്നു കരുതുന്നതാകും ഉചിതം.
ചില കുടിയേറ്റങ്ങള്‍
കേരളത്തിലേക്ക് കാലാകാലങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നുള്ള ക്രൈസ്തവ കുടിയേറ്റം ഉണ്ടായി. ഇതില്‍ പ്രധാനപ്പെട്ട മൂന്നു കുടിയേറ്റങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാം.
ഭാരതത്തില്‍ കിഴക്കന്‍ കടല്‍ത്തീരത്തുനിന്ന് മൂന്നാം നൂറ്റാണ്ടില്‍ കൊല്ലത്തേയ്ക്ക് ഒരു കുടിയേറ്റമുണ്ടായി. 293-ല്‍ ഉണ്ടായ മതപീഡനമാണ് കാരണം. കാവേരിപ്പൂപട്ടണത്തില്‍ നിന്ന് (പൂഹാര്‍) 72 കുടുംബങ്ങള്‍ കൊല്ലത്തു കുടിയേറി. കേരളത്തിലെ മാര്‍ഗ്ഗവഴിയുടെ അവസ്ഥ എന്ന താളിയോലഗ്രന്ഥത്തിലാണ് ഈ കുടിയേറ്റത്തെപ്പറ്റി പ്രതിപാദിക്കുന്നത്. കൊല്ലത്തുള്ള ക്രൈസ്തവരില്‍ ഒരു വിഭാഗത്തെ ഏതോ ഹൈന്ദവ പണ്ഡിതന്‍ ഹൈന്ദവമതത്തിലേയ്ക്കു കൊണ്ടുപോയതായി ഒരൈതിഹ്യം ഉണ്ട്. മാണിക്കവചകര്‍ എന്നയാളാണ് 315-ല്‍ ഇപ്രകാരം ചെയ്തത്. എന്നു മേല്പറഞ്ഞ താളിയോല ഗ്രന്ഥത്തില്‍ കാണാം. മാണിക്കവചകര്‍ എന്ന പേരില്‍ പലയാളുകള്‍ ഉണ്ടായിരുന്നിരിക്കാം.
കൊല്ലത്തും കായംകുളത്തും മണിഗ്രാമക്കാര്‍ എന്ന പേരില്‍ ഒരു കൂട്ടര്‍ ഉണ്ട്. ചിലര്‍ ഇവരെ കരമുക്കുവവര്‍ എന്നു വിളിക്കുന്നു. ഇവരിലെ മുതിര്‍ന്ന തലമുറ, തങ്ങളുടെ പൂര്‍വികന്മാര്‍ ക്രിസ്ത്യാനികളായിരുന്നു എന്നു സമ്മതിക്കുന്നുണ്ട്. കേണല്‍ മണ്‍റോ ഇവരെ സുറിയാനി മെത്രാന്‍റെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ തങ്ങള്‍ നായന്മാരാണെന്ന് പ്രഖ്യാപിച്ച് 1873-ല്‍ ഇക്കൂട്ടര്‍ അകന്നു നിന്നു. മണിഗ്രാമക്കാര്‍ എന്ന പേരില്‍ കുറെ ക്രിസ്ത്യാനികളും ഉണ്ട്. ഒരു കാര്യം സ്പഷ്ടം കൊല്ലത്തും പരിസരത്തുമുള്ള ക്രിസ്ത്യാനികളില്‍ പലരും കേരളത്തിന്‍റെ മറ്റിടങ്ങളില്‍നിന്നുള്ള നസ്രാണി ക്രിസ്ത്യാനികളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തരാണ്. ശാരീരിക രൂപത്തില്‍ പോലും ഈ വ്യത്യാസം പ്രകടമാകുന്നു.
മാര്‍ സാബാറീശോയുടെ കുടിയേറ്റം (9th C)
ഒന്‍പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്നു മാര്‍ സാബാറിശോയുടെ നേതൃത്വത്തില്‍ വലിയൊരു കുടിയേറ്റമുണ്ടായി സാബാറീശോ മെത്രാനായിരുന്നു എന്നു ചിലരും അല്ല ഒരു കച്ചവടപ്രമാണിയായിരുന്നു എന്ന് വേറെ ചിലരും പറയുന്നു. പ്രോത്ത് എന്ന മെത്രാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സാബാര്‍ (സാപ്പോര്‍) ഉദയംപേരൂരും പ്രോത്ത് കൊല്ലത്തും താമസിച്ചു. ഇവരെ മലങ്കരസഭ വിശുദ്ധരായി പരിഗണിച്ച് ഇവരുടെ നാമത്തില്‍ പല പള്ളികളും പണിയിച്ചു. ഉദയം പേരൂര്‍ സൂനഹദോസ് (1599) ആ പള്ളികളെല്ലാം സകല വിശുദ്ധരുടെയും നാമത്തിലാക്കി. മേല്പറഞ്ഞവര്‍ നൊസ്തോറിയന്മാരായിരുന്നു എന്നായിരുന്നു ആര്‍ച്ചുബിഷപ്പ് മെനേസിന്‍റെ വാദം. ഈ കുടിയേറ്റക്കാര്‍ക്ക് 849-ല്‍ ലഭിച്ചതാണ് "തരീസ്സാപ്പള്ളി ചെപ്പേട്" എന്നറിയപ്പെടുന്ന രേഖ.
ചെപ്പേടുകള്‍
സമൂഹത്തില്‍ ഉന്നതസ്ഥാനീയരായിരുന്ന മലങ്കര നസ്രാണികള്‍ക്ക് ഇവിടുത്തെ ഭരണാധികാരികള്‍ കല്പിച്ചനുവദിച്ച സ്ഥാനങ്ങളാണ് ചെപ്പേടുകളിലുള്ളത്. ചെമ്പുപട്ടയങ്ങള്‍ (താമ്രശാസനങ്ങള്‍) എന്ന് ഇവ അറിയപ്പെടുന്നു. ചെമ്പു തകിടുകളില്‍ എഴുതപ്പെട്ടവയാകയാല്‍ ചെപ്പേടുകള്‍ എന്നറിയപ്പെടുന്നു. പ്രധാനമായി നാലെണ്ണമാണ് ചെപ്പേടുകള്‍. ചെപ്പേടുകളൊക്കെ ഒന്‍പതാം നൂറ്റാണ്ടിലേതോ അതിനുശേഷമോ ഉള്ളവയവയാണ് എന്ന് ചിലര്‍ കരുതുന്നു.
തരിസാപ്പള്ളി ചെപ്പേട് (രണ്ടെണ്ണം)
കൊല്ലത്തെ തരീസാപ്പള്ളിക്ക് അവിടുത്തെ നാടുവാഴിയില്‍ നിന്നു കിട്ടിയ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് ഇവയിലെ ഉള്ളടക്കം. രണ്ടു ചെപ്പേടുകളില്‍ ഒന്നിന് മൂന്ന് തകിടുണ്ട്. എന്നാല്‍ ഒടുവിലേത്തത് നഷ്ടമായിപ്പോയി. ഒന്നാമത്തെ തകിട് തിരുവല്ലാ മാര്‍തോമാ മെത്രാപ്പോലീത്തായുടെ അരമനയിലും രണ്ടാമത്തേത് കോട്ടയം ദേവലോകം അരമനയിലും സൂക്ഷിച്ചിരിക്കുന്നു. രണ്ടാം ചെപ്പേടിനു നാലു തകിടുള്ളതില്‍ ആദ്യത്തേതു നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകള്‍ കോട്ടയം ദേവലോകം അരമനയിലും നാലാമത്തേത് മാര്‍തോമാ മെത്രാപ്പോലീത്തായുടെ അരമനയിലും ഉണ്ട്. കൊല്ലത്തുള്ള ക്രൈസ്തവര്‍ക്ക് കൊടുത്തതാണ് ഇത് രണ്ടും. കാലം ക്രി. വ 849 - ആണ് എന്ന് കരുതപ്പെടുന്നു. വേണാട്ടുരാജാവായ അയ്യനടികള്‍, സാബാറീശോയോടുകൂടി കുടിയേറിയ സുറിയാനിക്കാര്‍ക്ക് തരീസാപ്പള്ളിയുടെ നാമത്തില്‍ നല്‍കിയതാണിവ. അന്നത്തെ ക്രൈസ്തവരെപ്പറ്റി ഏകദേശജ്ഞാനം ലഭിക്കാന്‍ ഇവ സഹായിക്കും. ക്രിസ്ത്യാനികള്‍ക്ക് 72 പദവികള്‍ രാജാവ് കല്പിച്ചനുവദിക്കുകയുണ്ടായി.
ഇരവികോര്‍ത്തന്‍ ചെപ്പേട്
വീരരാഘവപട്ടയം എന്നും അറിയപ്പെടുന്നു. കോട്ടയം പഴയ സെമിനാരിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഒരു ചെമ്പുതകിടിന്‍റെ ഇരുവശങ്ങളിലായിട്ടുമാണ് എഴുത്ത്. വീരരാഘവ ചക്രവര്‍ത്തി ഇരവികോര്‍ത്തന്‍ എന്ന വ്യാപാരിക്ക് മണിഗ്രാമപട്ടം (ഉന്നത വ്യാപാരിസംഘമായ മണിഗ്രാമത്തില്‍ അംഗത്വം) നല്‍കുന്നതാണ് ഉള്ളടക്കം. കച്ചവടസംബന്ധിയായി ക്രിസ്ത്യാനികള്‍ക്കു നല്‍കിയിട്ടുള്ള ഈ രേഖ പ്രധാനപ്പെട്ട ഒന്നാണ്. 13-14 നൂറ്റാണ്ടുകളിലെ ഭാഷയാണ് ഈ ചെപ്പേടിലുള്ളത്. കേരളത്തിലെയും ഭാരതത്തിലെയും സാസംക്കാരിക ജീവിതത്തില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ ക്രിസ്ത്യാനികള്‍ നല്‍കിയിരുന്നുവെന്ന് ഈ ചെപ്പേട് തെളിയിക്കുന്നു.
മാര്‍ യാക്കോബിന്‍റെ ചേപ്പേട്
ഈ ചെപ്പേട് എവിടെയാണെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. മാര്‍ യാക്കോബിന്‍റെ കൈവശം 1597-ല്‍ ഈ ചെപ്പേടുണ്ടായിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തില്‍ അതിന്‍റെ പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഒരു പരിഭാഷയുണ്ട്. ഈ രേഖവഴി മഹാദേവര്‍ പട്ടണവും അതിലെ പള്ളിയും ചില പ്രത്യേക പദവികളും ക്നായിത്തോമ്മയ്ക്കും സന്തതികള്‍ക്കും നല്‍കിയിരിക്കുന്നു. അതുപോലെ തോമായുടെ ബന്ധുക്കള്‍ക്കും മതാനുയായികള്‍ക്കും ചില പ്രത്യേകവകാശങ്ങള്‍ അനുവദിക്കുന്നുണ്ട്. ചിലരുടെ നിഗമനമനുസരിച്ച് ഈ രേഖ ഒന്‍പതാം നൂറ്റാണ്ടിലേതാണ്.
വില്ലാര്‍വട്ടം നാടുവാഴികള്‍
ചേരമാന്‍ പെരുമാക്കന്മാര്‍ക്കുശേഷം കേരളം നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഭരണത്തിന്‍ കീഴിലായി. ഇത്തരത്തില്‍പ്പെട്ട ഒന്നാണു വില്ലാര്‍വട്ടം രാജവംശം ഉദയംപേരൂര്‍ കേന്ദ്രമാക്കി ഈ നാടുവാഴികള്‍ ഭരിച്ചു. 15-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ ഇവിടെവന്നപ്പോഴേയ്ക്കും ഈ രാജവംശം അന്യംനിന്നുപോയി. അവിഞ്ഞോണില്‍ നിന്ന് ജോണ്‍ 22-ാമന്‍ മാര്‍പാപ്പ (1316 -34) കേരളത്തിലെ ക്രൈസ്തവ രാജാവിനു കത്തെഴുതുകയുണ്ടായി. അതുപോലെ എവുജിന്‍ നാലാമന്‍ പാപ്പാ 1439-ല്‍ ഒരു കത്തെഴുതിയിട്ടുണ്ട്. മര്‍ത്തോമ്മാ നസ്രാണികള്‍ മതപരമായി മാത്രമല്ല രാഷ്ട്രീയമായും ഒരു വലിയ ശക്തിയായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഈ നാടുവാഴിയെപ്പറ്റി വളരെ ഖണ്ഡിതമായി അഭിപ്രായം പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. ഏതായാലും കൊല്ലത്തും കൊടുങ്ങല്ലൂരുമുള്ള ക്രിസ്ത്യാനികള്‍ സമൂഹത്തില്‍ വളരെ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു എന്നു വേണം കരുതാന്‍.
ആരാധനക്രമം
ഭാരതസഭയിലെ പൗരാണികമായ ആരാധനാക്രമം എപ്രകാരമായിരുന്നെന്നു ഖണ്ഡിതമായി പറയാന്‍ വളരെ പ്രയാസമാണ്. പാശ്ചാത്യമിഷനറിമാര്‍ പതിനാറാം നൂറ്റാണ്ടില്‍ ഇവിടെ വന്നപ്പോള്‍ പൗരസ്ത്യസുറിയാനി ആരാധനക്രമമാണ് ഇവിടെ നടപ്പിലായിരുന്നത്. എന്നാല്‍ എന്നുമുതലാണ് പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിന്‍റെ വികസിതരൂപം ഭാരത്തിലെ ക്രൈസ്തവ സഭയില്‍ നടപ്പായത് എന്നു പറയാന്‍ സാധിക്കയില്ല. പൗരസ്ത്യസുറിയാനി ആരാധന ക്രമം യൂദയോ - ക്രൈസ്തവ പശ്ചാത്തലത്തില്‍ രൂപീകൃതമാണ്. ഏതാണ്ട് ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ശ്ലീഹന്മാരുടെ പേരില്‍ അനാഫറ നടപ്പായി. കാലാകാലങ്ങളില്‍ അതിന്‍റെ വികസിത രൂപങ്ങള്‍ ഉണ്ടായപ്പോള്‍ അവയൊക്കെ പൗരസ്ത്യസുറിയാനി ഭാഷ ഉപയോഗിച്ചിരുന്ന സഭകളൊക്കെ സ്വീകരിച്ചിരിക്കാം. അങ്ങനെ ഭാരതത്തിലെ ക്രൈസ്തവസഭയിലും പ്രചരിച്ചിരിക്കാം. ഭാരതവും പശ്ചിമേഷ്യയും തമ്മിലുള്ള വ്യാപാരബന്ധവും മറ്റു ബന്ധങ്ങളും ഇതിനു സഹായകരമായിരുന്നിട്ടുണ്ട്.
കേരള ക്രിസ്ത്യാനികളുടെ നാമധേയങ്ങള്‍
ഡോ. പ്ലാസിഡ് പൊടിപാറ
The Church of India until the 16th century catholic malayalam church history Dr. Placid Podipara Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206