x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

സന്യാസസഭകളുടെ ആരംഭം

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

ലൗകികവ്യാപാരങ്ങളില്‍നിന്നും വിട്ടുമാറി ഏകാന്തജീവിതം നയിച്ചിരുന്നവര്‍ എക്കാലത്തും എല്ലാദേശങ്ങളിലും കാണാം. പണ്ടുമുതല്‍ ഭാരതം യോഗീവര്യന്മാരാല്‍ ധന്യയാണ്. സന്യാസം എല്ലാവരും അനുഷ്ഠിക്കേണ്ട ഒരു ജീവിതസ്ഥിതിയായിട്ടാണു ഭാരതീയവേദങ്ങളില്‍ ആവശ്യപ്പെടുന്നത്. ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള ഒരു ഉത്തമമാര്‍ഗ്ഗമാണതെന്ന് അവര്‍ കരുതുന്നു.

തിരുസ്സഭയുടെ ആരംഭംമുതല്‍ സുവിശേഷോപദേശങ്ങളനുസരിച്ചു ജീവിച്ചിരുന്ന അര്‍പ്പിതവ്യക്തികളുണ്ടായിരുന്നു. ചിലര്‍ ഏകാന്തജീവിതം നയിച്ചപ്പോള്‍ മറ്റു ചിലര്‍ സമൂഹജീവിതമാണ് തിരഞ്ഞെടുത്തിരുന്നത്. സമൂഹജീവിതം പിന്നീടു സന്യാസസമൂഹങ്ങള്‍ക്കു വഴി തെളിച്ചു. ഈ സന്യാസസമൂഹങ്ങള്‍ വളര്‍ന്നുവന്നു. സന്യാസജീവിതത്തിന്‍റെ ഉത്ഭവത്തെയും വളര്‍ച്ചയേയുംപറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. എന്നാല്‍ സഭയിലെ സന്യാസജീവിതത്തിന്‍റെ ഉത്ഭവത്തെപ്പറ്റി കാണുന്നതിനുമുമ്പ് അവയ്ക്കു വഴിതെളിച്ച ചില ഘടകങ്ങളെപ്പറ്റി പറയേണ്ടതുണ്ട്.

ആദിമസഭയില്‍

സുവിശേഷപ്രബോധനാനുസരണം പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുന്നതിനുള്ള ആഗ്രഹത്തിനു പുറമെ മറ്റുചില കാര്യങ്ങള്‍കൂടി സന്യാസജീവിതത്തിന് ആദിമക്രിസ്ത്യാനികളെ പ്രേരിപ്പിച്ചു. ഒന്ന്, ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ദ്വിദീയാഗമനത്തിലുള്ള വിശ്വാസമാണ്. ക്രിസ്തുവിന്‍റെ രണ്ടാംവരവ് ഉടനെ ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചു. അതിനാല്‍ ലൗകിക കാര്യങ്ങളില്‍ നിന്നെല്ലാം വിരമിച്ച് ദൈവികകാര്യങ്ങളില്‍ മാത്രം ശ്രദ്ധപതിച്ച് ഏകാന്തതയിലും മറ്റും ജീവിക്കാന്‍ തുടങ്ങി. വിഗ്രഹാരാധനയില്‍നിന്നും ഒഴിഞ്ഞുനില്ക്കാനുള്ള ആഗ്രഹമായിരുന്നു മറ്റൊരു കാരണം. അന്നത്തെ സാഹചര്യത്തില്‍ സമൂഹവുമായുള്ള ബന്ധം ഉപേക്ഷിച്ചാലേ വിഗ്രഹാരാധനയില്‍നിന്നും രക്ഷപെടാന്‍ സാധിച്ചിരുന്നുള്ളൂ. പൊതുതൊഴിലുകള്‍ സ്വീകരിച്ചിരുന്നവര്‍ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കപ്പെട്ടിരുന്നു. ആദിമ നൂറ്റാണ്ടുകളില്‍ നടന്ന മതമര്‍ദ്ദനങ്ങള്‍ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കാം. വിശ്വാസം സംരക്ഷിക്കാന്‍ മതമര്‍ദ്ദനകാലത്ത് അനേകംപേര്‍ വനങ്ങളിലേയ്ക്കും, ഗുഹകളിലേയ്ക്കും, മരുഭൂമിയിലേയ്ക്കും, മറ്റു രഹസ്യസങ്കേതങ്ങളിലേയ്ക്കും പലായനം ചെയ്തു. അവിടെ അവര്‍ സന്യാസജീവിതം നയിച്ചു.

ആദിമനൂറ്റാണ്ടുകളില്‍

ക്രിസ്ത്വബ്ദം ഒന്നാംശതകത്തില്‍തന്നെ ആദിമസഭയില്‍ കന്യകകള്‍ എന്നൊരു പ്രത്യേകസമൂഹം മിശിഹായ്ക്ക് സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് ജീവിച്ചിരുന്നു. സ്വഗൃഹത്തിലോ, ഏകാന്തസ്ഥലങ്ങളിലോ കൂട്ടമായി ഇവര്‍ താമസിച്ചു. ക്രിസ്തീയ സമൂഹങ്ങളുടെ ആരാധനാജീവിതത്തില്‍ ഇവര്‍ ശ്രദ്ധ പതിച്ചിരുന്നു.

ആദിമനൂറ്റാണ്ടുകളിലെ ഏകാന്തവാസികളായ സന്യാസികളാണ് മരുഭൂമിയിലെ വി. പൗലോസ് (+341) വി. മക്കാരിയൂസ് (300-389) വി. അന്തോനീസ് (250-356) എന്നിവര്‍. ഈജിപ്തായിരുന്നു ഇവരുടെ ജന്മനാട്. സന്യാസജീവിതത്തിന്‍റെ പിള്ളത്തൊട്ടില്‍ എന്ന സ്ഥാനം ഈജിപ്തിനാണെന്നു പറയാം. തെബെയ്ദില്‍ ജനിച്ച പൗലോസ് ഡേഷ്യസിന്‍റെ മതമര്‍ദ്ദനാവസരത്തില്‍ മരുഭൂമിയിലേയ്ക്ക് ഒളിച്ചോടുകയും അവിടെ താപസജീവിതം നയിക്കയും ചെയ്തു. ഈ കാലഘട്ടത്തില്‍തന്നെ വി. മക്കാരിയൂസ് ഈജിപ്തില്‍ പുണ്യ ജീവിതത്തിന് പ്രസിദ്ധിനേടിയിരുന്നു.

ഈജിപ്തിലെ വി. അന്തോനീസ് (250-355)

ഏകാന്തതയിലുള്ള സന്യാസത്തിന്‍റെ ആരംഭകനും പിതാവുമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് ഈജിപ്തിലെ വി. അന്തോനീസാണ്. ഈജിപ്തിലെ ലിക്കോപോളിസ് മുതല്‍ അലക്സാണ്ട്റിയാവരെയുള്ള പ്രദേശങ്ങളില്‍ കൂട്ടമായും തനിച്ചും വി. അന്തോനീസിന്‍റെ ശിഷ്യന്മാര്‍ വസിച്ചിരുന്നു. അലക്സാണ്ട്റിയായിലെ വി. അത്തനേഷ്യസ്, വി. അന്തോനീസിന്‍റെ ജീവചരിത്രമെഴുതിയിട്ടുണ്ട്. ഇത് സന്യാസജീവിതത്തെ സംബന്ധിക്കുന്ന ആധികാരികഗ്രന്ഥങ്ങളിലൊന്നാണ്. പുണ്യസമ്പാദനം എളുപ്പമാണെന്നും, അതു നമ്മെത്തന്നെയാണാശ്രയിച്ചിരിക്കുന്നതെന്നും, നാം ദുരാഗ്രഹത്തിനടിമകളാകരുതെന്നും അദ്ദേഹം പഠിപ്പിക്കുന്നു. ആദിമക്രിസ്ത്യാനികളുടെ ജീവിതം പിന്‍തുടരാനാഗ്രഹിച്ച അന്തോനീസ് ഏ. ഡി. 271-ല്‍ 21-ാമത്തെ വയസ്സില്‍ സന്യാസജീവിതം ആരംഭിച്ചു. 15 വര്‍ഷത്തിനുശേഷം പിസ്പിര്‍ എന്ന സ്ഥലത്ത് ഒരു പഴയ കോട്ടക്കുള്ളില്‍ അഭയം തേടി. പുതിയരീതിയിലുള്ള ഈ ജീവിതം സമൂഹത്തില്‍ വളരെ സ്വാധീനം ചെലുത്തുവാന്‍ പോരുന്നതായിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശം കേള്‍ക്കുവാനും, നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാനും ഓടിക്കൂടിയവര്‍ വളരെയാണ്. ഇങ്ങനെ വളരെപ്പേര്‍ ഓടിക്കൂടിയപ്പോള്‍ അദ്ദേഹം അവിടെനിന്നു മാറി. ശേഷിച്ച 40 വര്‍ഷക്കാലം വനാന്തരങ്ങളിലായിരുന്നു ഏകാന്തജീവിതം നയിച്ചത്. 105-ാമത്തെ വയസ്സില്‍ മരിക്കുന്നതുവരെ നൈല്‍നദിക്കും ചാവുകടലിനും മദ്ധ്യേയുള്ള പ്രദേശത്ത് അദ്ദേഹം ധ്യാനത്തിലും തപസ്സിലും കഴിച്ചുകൂട്ടി.

വി. അന്തോനീസ് അനുയായികളെ ഉപദേശിക്കുകയും അദ്ദേഹത്തിന്‍റെ സമീപത്ത് എവിടെയെങ്കിലും കുടിലുകള്‍ ഉണ്ടാക്കി താമസിക്കുവാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യമായ ജീവിതരീതികളോ, നിയമങ്ങളോ അദ്ദേഹം നല്‍കിയിരുന്നില്ല.

വി. പക്കോമിയൂസ്

ചെറുപ്പത്തില്‍ സൈനികനായിരുന്ന വിശുദ്ധ പക്കോമിയൂസ് കുറെ കഴിഞ്ഞപ്പോള്‍ സന്യാസജീവിതത്തില്‍ ആകൃഷ്ടനായി പാലെമോന്‍ എന്ന സന്യാസിയുടെ കീഴില്‍ ഏകാന്തജീവിതം ആരംഭിച്ചു. പക്ഷേ സമൂഹജീവിതത്തിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. ഈജിപ്തിലെ താബെന്നിസില്‍ ഒരാശ്രമം തുടങ്ങി. ക്രമേണ അദ്ദേഹത്തിന്‍റെ അനുയായികളുടെ സംഖ്യ വര്‍ദ്ധിച്ചുവന്നു. മരണംവരെ അദ്ദേഹമായിരുന്നു സഭാശ്രേഷ്ഠന്‍. സമൂഹജീവിതം എളുപ്പമാകുവാന്‍ അദ്ദേഹം നിയമാവലികള്‍ക്കു രൂപം കൊടുത്തു. അദ്ദേഹം അവരുടെയെല്ലാം ആദ്ധ്യാത്മികനിയന്താവായിരുന്നു. മാലാഖാ പറഞ്ഞുകൊടുത്ത് എഴുതിച്ചുവെന്നറിയപ്പെടുന്ന പാക്കോമിയന്‍ നിയമാവലിയുടെ ശൈലിയും ഉറവിടവും വ്യക്തമാക്കുന്നു, അതു പക്കോമിയൂസിന്‍റെ ദീര്‍ഘകാലചിന്തയുടെയും പ്രാര്‍ത്ഥനയുടെയും ഫലമാണെന്ന്. പുണ്യപൂര്‍ണ്ണതാസമ്പാദനത്തിനു യോജിച്ച മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുവാനുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം അംഗങ്ങള്‍ക്കുണ്ടായിരുന്നു എന്നതാണ് ഈ നിയമാവലിയുടെ ഒരു സവിശേഷത.

പാശ്ചാത്യസഭയില്‍

ഏതാണ്ട് ഈ കാലത്തുതന്നെ പാശ്ചാത്യസഭയിലും സന്യാസജീവിതത്തിന് ആരംഭമിട്ടു. വി. അത്തനേഷ്യസ്, വെര്‍ച്ചെല്ലിയിലെ എവുസേബിയസ് (365), മിലാനിലെ വി. അംബ്രോസ് (333-374) എന്നിവരുടെ തണലിലാണ് അവിടെ സന്യാസജീവിതം പുഷ്ടിപ്രാപിച്ചത്. ഹിപ്പോയിലെ മെത്രാനായിരുന്ന വി. അഗസ്തീനോസും (354-430) ആശ്രമജീവിതത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വി. അത്തനേഷ്യസ് ഈജിപ്തിലെ അന്തോനീസിന്‍റെ ജീവചരിത്രം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് പാശ്ചാത്യസഭയില്‍ ആശ്രമജീവിതത്തിന്‍റെ വളര്‍ച്ചയ്ക്ക് വളരെ ഉപകരിച്ചു.

നര്‍സിയായിലെ വി. ബനഡിക്ട് (480-547)

ബനഡിക്ട് ഒരു ഗുഹയില്‍ ഏകാന്തവാസം ആരംഭിച്ചു. അതിനുശേഷം ആശ്രമങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധതിരിച്ചു. 12 ആശ്രമങ്ങള്‍ സ്ഥാപിച്ചു. എ. ഡി. 524-ല്‍ മോന്തെകസ്സീനോയില്‍ ഒരു വലിയ ആശ്രമം സ്ഥാപിച്ചു. ബനഡിക്ടിന്‍റെ സഭയുടെ മാതൃഭവനം ഇതായിത്തീര്‍ന്നു. വി. ബനഡിക്ട് സ്ഥാപിച്ച സന്യാസസഭ യൂറോപ്യന്‍ സന്യാസസഭകളില്‍ വളരെ പ്രാധാന്യമുള്ളതാണ്. വ്യക്തിപരമായ അനുഭവജ്ഞാനവും പൗരസ്ത്യസന്യാസത്തെക്കുറിച്ചുള്ള അറിവും ഒരു പുതിയ നിയമസംഹിതയ്ക്കു രൂപം കൊടുക്കുവാന്‍ ബനഡിക്ടിനെ സഹായിച്ചു. പാശ്ചാത്യസന്യാസികളുടെ പാത്രിയാര്‍ക്കീസെന്ന ബഹുമതി പാശ്ചാത്യലോകം അദ്ദേഹത്തിനു നല്കി.

ബനഡിക്ടിന്‍റെ നിയമം മഹാനായ ഗ്രിഗരി പാപ്പാ (590-604) അംഗീകരിച്ചു. ദാരിദ്രം, ബ്രഹ്മചര്യം, അനുസരണം, നിയമപാലനം, ധാര്‍മ്മികനവീകരണം, സന്യാസജീവിതത്തിലുള്ള സ്ഥിരത എന്നിങ്ങനെ ആറു വ്രതങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ആ നിയമാവലി. സ്ഥിരത എന്ന വ്രതംവഴി അദ്ദേഹം സന്യാസവൃത്തിക്കു ചെയ്ത സംഭാവന അമൂല്യമാണ്. അംഗങ്ങള്‍ തങ്ങളുടെ സന്യാസസമൂഹത്തില്‍ സ്ഥിരമായി ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു, സന്യാസചൈതന്യമറ്റ നാമമാത്രസന്യാസികള്‍ നാടുതോറും അലഞ്ഞുനടക്കാതിരിക്കുവാനും അനര്‍ഹരെ സന്യാസത്തിലേക്കാകര്‍ഷിച്ച് അംഗസംഖ്യ വര്‍ദ്ധിപ്പിക്കാതിരിക്കുവാനും അദ്ദേഹം ആഗ്രഹിച്ചു.

The beginning of the monasteries catholic malayalam monasteries Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message