We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
ക്രിസ്തു സ്ഥാപിച്ച സഭ നൂറ്റാണ്ടുകളിലൂടെ എങ്ങനെ വളര്‍ന്നുവെന്നും ഏതെല്ലാം പ്രതിബന്ധങ്ങളാണ് സഭയ്ക്ക് അഭീമുഖീകരിക്കേണ്ടി വന്നതെന്നും കാലഗതിയില്‍ സഭയ്ക്കുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും ഏവയെന്നും നിഷ്പക്ഷമായി സഭാചരിത്രം അപഗ്രഥിക്കുന്നു. ആന്തരികവും ബാഹ്യവുമായ മാനങ്ങളുള്ള സഭ ഇവ രണ്ടിലും വളര്‍ച്ച പ്രാപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് സഭാചരിത്രത്തിന്‍റെ മുഖ്യധര്‍മ്മമാണെന്നു പറയാം. കേവലം വസ്തുക്കളെ വിവരിക്കുക എന്നതിനേക്കാള്‍ ആ വസ്തുതകള്‍ ഇന്നത്തെ സഭാ ജീവിതത്തിന് എപ്രകാരം പ്രയോജനപ്രദമാണെന്നും സഭാ ചരിത്രകാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് യഥാര്‍ത്ഥമായ ഒരു സഭാ ജീവിതം നയിക്കാന്‍ സഭയിലെ അംഗങ്ങള്‍ക്ക് സാദ്ധ്യമാകണമെങ്കില്‍ കഴിഞ്ഞകാലങ്ങളില്‍ സഭാജീവിതം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്തേണ്ടതുണ്ട്. പല നൂറ്റാണ്ടുകളിലൂടെ വളര്‍ന്നപ്പോള്‍ സഭ ആര്‍ജ്ജിച്ച പൈതൃകവും അനുഭവസമ്പത്തും വരുംതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന മഹനീയ കൃത്യമാണ് സഭാചരിത്രത്തിന് നിര്‍വ്വഹിക്കാനുള്ളത്. വി. ഗ്രന്ഥം പോലെതന്നെ പ്രാധാന്യമുള്ള വിശുദ്ധ പാരമ്പര്യത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് സഭാചരിത്ര പഠനത്തിലൂടെയാണ്. വിളിക്കപ്പെട്ടവരുടെ സമൂഹമായ സഭ വൈവിധ്യമാര്‍ന്ന സഭകളുടെ കൂട്ടായ്മയാണ്. വിശ്വാസം, കൂദാശകള്‍ ,ഹയരാര്‍ക്കി എന്നീ ഘടകങ്ങള്‍ ഈ സഭകളെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ്. വൈവിധ്യത്തിന് കാരണമായ ഘടകങ്ങള്‍, ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ഭരണക്രമം, വേഷഭൂഷാദികള്‍, മുതലായവയാണ്. ഈ വ്യത്യസ്തസഭകള്‍ വഴിയാണ് വൈവിധ്യമാര്‍ന്ന് വിശുദ്ധ പാരമ്പര്യം തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് കൈമാറ്റപ്പെടുന്നത്. വിവിധ സഭകളിലൂടെ ആദിമസഭയുടെ ക്രിസ്തീയ അനുഭവവും സാക്ഷ്യവും നമുക്ക് കരഗതമാകുന്നു.
A. ജനപദങ്ങളുടെ പ്രതീക്ഷയായ മിശിഹ
മറ്റു മതസ്ഥാപകരെപ്പോലെ അപ്രതീക്ഷിതമായി ചരിത്രത്തിലേയ്ക്കു കടന്നുവന്ന വ്യക്തിയല്ല ക്രിസ്തു. ക്രിസ്തുവിന്‍റെ ജനനത്തിന് വളരെ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അവിടുത്തെ ജനനം പ്രവചിക്കപ്പെട്ടിട്ടുണ്ടായിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന് ക്രിസ്തുവിന്‍റെ വരവിനെക്കുറിച്ച് അടിയുറച്ച ബോദ്ധ്യമുണ്ടായിരുന്നു. പഴയ നിയമത്തില്‍ ദൈവപുത്രന്‍റെ ജനനം പ്രവചിക്കപ്പെട്ടിട്ടുണ്ട്. അയയ്ക്കപ്പെടാനിരിക്കുന്ന ജനതകളുടെ പ്രത്യാശാപാത്രമായിരിക്കുന്ന അയാള്‍ വരുന്നതുവരെ യൂദായില്‍നിന്ന് ചെങ്കോലോ അവന്‍റെ ഗോത്രത്തില്‍നിന്ന് ഭരണകര്‍ത്താവോ എടുക്കപ്പെടുകയില്ല (ഉല്‍പത്തി 49:10) . യാക്കോബില്‍ നിന്ന് ഒരു താരമുദിക്കും, ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോലുയരും. (സംഖ്യ 14:17) ബത്ലഹമേ, നീ യൂദായുടെ ഗോത്രങ്ങളില്‍ ചെറുതാകുന്നു. എങ്കിലും ഇസ്രായേലിന്‍റെ അധിപതിയാകേണ്ടവന്‍ നിന്നില്‍നിന്ന് ഉത്ഭവിക്കും. അവിടുന്ന് ആദിയിലേ ഉള്ളവനാണ് (മിഖാ. 5:2).
യഹൂദേതരമതങ്ങളിലും ഒരു രക്ഷകന്‍റെ ആഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉണ്ടായിരുന്നു . റോമാക്കാരും പേര്‍ഷ്യക്കാരും ഈ പ്രതീക്ഷയോടെയാണ് കഴിഞ്ഞിരുന്നത്. ബി.സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകന്‍ സോക്രട്ടീസ് എഴുതി : കാത്തിരിക്കുക; വരുവാനിരിക്കുന്ന സാര്‍വ്വത്രിക വിജ്ഞാനീയെ പാര്‍ത്തിരിക്കുക. ദൈവത്തിന്‍റേയും മനുഷ്യരുടേയും മുമ്പാകെ എങ്ങനെ വ്യാപരിക്കണമെന്ന് അദ്ദേഹം നമുക്ക് പറഞ്ഞു തരും. റോമന്‍ ചക്രവര്‍ത്തിയായ വേസ്പേസിയന്‍റെ കാലത്ത് (എ.ഡി. 69-79) സ്വേറ്റോണിയസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. അക്കാലത്ത് യൂദായില്‍നിന്നും വരുന്നവര്‍ ലോകം ഭരിക്കണം എന്ന് അതിപുരാതനവും അംഗീകൃതവുമായ ഒരു വിശ്വാസം പൗരസ്ത്യരെ മുഴുവന്‍ സ്വാധീനിച്ചിരുന്നു. റോമന്‍ ചരിത്രകാരനായിരുന്ന ടാസിറ്റസ് ഹിസ്തോറിയ എന്ന ഗ്രന്ഥത്തിലെഴുതിയ പൗരസ്ത്യദേശങ്ങള്‍ ശക്തിപ്രാപിക്കുമെന്നും യൂദായില്‍ നിന്ന് ലോകത്തിന്‍റെ മുഴുവന്‍ നാഥനും ഭരണകര്‍ത്താവുമായവന്‍ ഏറെ താമസിയാതെ വരുമെന്നും പ്രാചീന പ്രവചനങ്ങളെ ആസ്പദമാക്കി ജനങ്ങള്‍ ദൃഢമായി വിശ്വസിച്ചിരുന്നു. ബി.സി. 551-479 കാലയളവില്‍ ജീവിച്ചിരുന്ന കണ്‍ഫൂഷ്യസ് രേഖപ്പെടുത്തി: വിശുദ്ധനായവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വരണം. അദ്ദേഹത്തിന് എല്ലാം അറിയാം. സ്വര്‍ഗ്ഗത്തിന്‍റേയും ഭൂമിയുടേയും മേല്‍ അവിടുത്തേക്ക് അധികാരമുണ്ടായിരിക്കും. യൂദന്മാര്‍ക്ക് ജനിച്ച രാജാവിനെ തേടി കിഴക്കു നിന്ന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ യാത്രയായതിന്‍റെ കാരണവും ഇത്തരത്തിലുള്ള ഒരു പ്രതീക്ഷ തന്നെയായിരുന്നു. ലോകം ക്രിസ്തുവിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളാണല്ലോ മുകളിലുദ്ധരിച്ചിട്ടുള്ള സാക്ഷ്യങ്ങള്‍.
B. സഭയുടെ ഉത്ഭവത്തിന്‍റെ പാശ്ചാത്തലങ്ങള്‍
സഭയുടെ ഉത്ഭവത്തെയും വളര്‍ച്ചയെയും ഗണ്യമായി സ്വാധീനിച്ച മൂന്നു പാശ്ചാത്തലങ്ങള്‍ നമുക്കു കാണാനാവും. രാഷ്ട്രീയവും സാംസ്ക്കാരികവും മതപരവുമായി ഔന്നത്യം കൈവരിച്ച ഒരു ലോകത്തിലാണ് സഭ ജന്മം കൊണ്ടത്.
I. രാഷ്ട്രീയ പാശ്ചാത്തലം
ക്രൈസ്തവ സഭയുടെ പിള്ളത്തൊട്ടിലായിരുന്നു റോമാസാമ്രാജ്യം. നാള്‍ക്കുനാള്‍ ശക്തിയാര്‍ജ്ജിച്ച് ഭൂമിയിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി റോം വളര്‍ന്നു വരുന്ന കാലത്താണ് ഈശോ ജനിച്ചത്. റോമാസാമ്രാജ്യം യൂറോപ്പു മുഴുവനും ബ്രിട്ടന്‍, ഏഷ്യാമൈനര്‍, സിറിയ ,പാലസ്തീന, അറേബ്യ, ഈജിപ്ത്, ആഫ്രിക്കയുടെ വടക്കേതീരം എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചിരുന്നു. ബി.സി. 31-ല്‍ അഗസ്റ്റസ് സീസര്‍ (ഒക്റ്റേവിയന്‍), ആക്സിയം യുദ്ധത്തില്‍ ജയിച്ചപ്പോള്‍ ഒരു നൂറ്റാണ്ടോളം നിലനിന്നിരുന്ന രാഷ്ട്രീയ കലഹവും വിപ്ലവവും അവസാനിച്ചു. അങ്ങനെ അഗസ്റ്റസ് സീസര്‍ ശക്തമായ റോമന്‍ സാമ്രാജ്യത്തിന് അടിത്തറപാകി . വിവിധ സിറ്റി സ്റ്റേറ്റുകള്‍ ഏകോപിപ്പിച്ചാണ് സാമ്രാജ്യത്തിന് രൂപം കൊടുത്തത്. സുപ്രസിദ്ധമായ റോമന്‍ സമാധാനം (PAX Romana) ഉദ്ഘാടനം ചെയ്യപ്പെട്ടത് അഗസ്റ്റസ്സീസറിന്‍റെ കാലത്താണ്. സാമ്രാജ്യത്തിലെങ്ങും ആഭ്യന്തര സമാധാനം ഉറപ്പിക്കാന്‍ ഇതുമൂലം സാധിച്ചു. ഉന്നത നിലവാരമുള്ള ജീവിതരീതി വളരാനും റോമന്‍ സമാധാനം ഹേതുവായി. സാമ്രാജ്യത്തിലെങ്ങുമുണ്ടായിരുന്ന സമാധാനപരമായ അന്തരീക്ഷം ആദിമസഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ വളരെ സഹായിച്ചു. വൈവിധ്യം റോമന്‍ സാമ്രാജ്യത്തിന്‍റെ പ്രധാന സവിശേഷതയായിരുന്നു. വിവിധ സംസ്ക്കാരങ്ങളും വിവിധ ഭാഷകളും വിവിധ മതവിശ്വാസങ്ങളും ഉണ്ടായിരുന്നിട്ടും എല്ലാറ്റിനേയും സഹിഷ്ണതയോടെ വീക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. ഗവര്‍ണര്‍മാര്‍ ഭരിച്ചിരുന്ന ഏതാണ്ട് 40 പ്രോവിന്‍സുകള്‍ റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. റോമന്‍ സമാധാനത്തോടൊപ്പം തന്നെ അടിമസമ്പ്രദായം പോലുള്ള അക്രമങ്ങളും സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന എന്ന വസ്തുത വിവരിക്കാനാവില്ല.
II. സാംസ്ക്കാരിക പശ്ചാത്തലം
സാംസ്ക്കാരിക ബൗദ്ധികമണ്ഡലങ്ങളുടെ മേധാവിത്വം ഗ്രീസിനായിരുന്നു. ഗ്രീക്കുസംസ്ക്കാരത്തിന്‍റെ സ്വാധീനം വളരെ ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു ക്രിസ്തുവിന്‍റേത്. ഗ്രീക്ക് ചിന്ത സഭയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഇരുന്നൂറുവര്‍ഷക്കാലത്തേക്ക് ബൗദ്ധിക മണ്ഡലത്തില്‍ ഗ്രീസിനുണ്ടായിരുന്ന സ്ഥാനം അവിസ്മരണീയമാണ്. ഗ്രീക്കു സംസ്ക്കാരം അന്യ രാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധ പ്രദര്‍ശിപ്പിച്ചവര്‍ മാസിഡോണിയായിലെ മഹാനായ അലക്സാണ്ടറും അദ്ദേഹത്തിന്‍റെ പിതാവ് ഫിലിപ്പുമാണ്. താന്‍ കീഴടക്കിയ എല്ലാ വര്‍ഗ്ഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ഒരു പുതിയ മനുഷ്യ സമൂഹം പടുത്തുയര്‍ത്തണമെന്നതായിരുന്നു അലക്സാണ്ടറിന്‍റെ മോഹം ഗ്രീക്ക് സംസ്ക്കാരം അതേ രൂപത്തില്‍ പൗരസ്ത്യരാജ്യങ്ങളില്‍ സ്വീകരിക്കപ്പെട്ടില്ല. ഗ്രീക്ക് സംസ്ക്കാരവും പൗരസ്ത്യസംസ്ക്കാരങ്ങളുമായി കൂടിക്കലര്‍ന്ന് ഒരു സങ്കര സംസ്ക്കാരമുണ്ടായി. അതാണ് ഹെലനിസം . പാശ്ചാത്യ രാജ്യങ്ങളില്‍ ഹെലനിസം പ്രചരിപ്പിച്ചത് റോമാക്കാർ ആയിരുന്നു. താരതമ്യേന ഹെലനിസത്തിന്‍റെ സ്വാധീനം പാലസ്തീനായില്‍ കുറവായിരുന്നുവെന്നു വേണം പറയാന്‍. യഹൂദനായ ക്രിസ്തുവിനെയും ഹെലനിസം കാര്യമായി സ്വാധീനിച്ചില്ല. ക്രിസ്തുവിനു ശേഷം ക്രിസ്തു മതം പാലസ്തീനായ്ക്കു പുറത്തു വ്യാപിച്ചപ്പോള്‍ അത് ഹെലനിസത്തിന് അധീനമായിട്ടാണ് വളര്‍ന്നതും പുഷ്ടിപ്രാപിച്ചതും.
ഗ്രീസിലെ പ്രസിദ്ധ തത്വചിന്തകരായ സോക്രട്ടീസ് (ബി.സി. 469-399) പ്ലോറ്റോ (ബി.സി. 428-347) അരിസ്റ്റോട്ടല്‍ (ബി.സി.384-322) എന്നിവര്‍ ഗ്രീക്കു ദര്‍ശനത്തിന്‍റെ നെടുംതൂണുകളായിരുന്നു. ക്രിസ്തുവിനും ക്രിസ്തുമതത്തിനും നല്ല പാശ്ചാത്തലമരുളാന്‍ ഗ്രീക്കു ദര്‍ശനത്തിനു സാധിച്ചു.
ഈശ്വര വിശ്വാസം യുക്തിരഹിതമല്ലെന്നും യുക്തിയിലൂടെ അതിലേയ്ക്കെത്താമെന്നും ഗ്രീക്കു ദര്‍ശനം സമര്‍ത്ഥിച്ചു. മരണാനന്തരജീവിതത്തിലേക്കും ഈ ദര്‍ശനം വിരല്‍ ചൂണ്ടി. പ്രപഞ്ചത്തില്‍ കാണുന്ന ചലനത്തെ അടിസ്ഥാനമാക്കി ഈശ്വരാസ്തിത്വം തെളിയിക്കാമെന്ന് അരിസ്റ്റോട്ടില്‍ സമര്‍ത്ഥിച്ചു. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങള്‍ക്കും അടിസ്ഥാന കാരണമായി അചഞ്ചലമായ ഒരു സത്തയുണ്ടെന്നും ആദിമ സഞ്ചാലകനായ ( Prime Mover) ഈ പരമയാഥാര്‍ത്ഥ്യമാണ് ദൈവം എന്നും അരിസ്റ്റോട്ടില്‍ പ്രസ്താവിച്ചു.
യവനദര്‍ശനത്തിനു പുറമേ എപ്പിക്കൂറിയനിസം, സ്റ്റോയിസിസം, സ്കെപ്റ്റിസിസം എന്നിങ്ങനെ വിവിധ ചിന്താസരണികളും റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. ഇന്നു തിന്നുകുടിച്ചാനന്ദിക്കുക, നാളെ നമ്മുടേതല്ല എന്ന മുദ്രാവാക്യത്തോടെ ഐഹിക സുഖങ്ങളില്‍ മുഴുകുന്നവരുടെ ദര്‍ശനമാണ് എപ്പിക്കുറിയിസം, സ്റ്റോയിസിസം എന്നിവ. ഇവ സന്മാര്‍ഗ്ഗിക ജീവിതത്തില്‍ അങ്ങേയറ്റം പൂര്‍ണ്ണത നിഷ്കര്‍ഷിച്ചു. സത്യം ഗ്രഹിക്കാന്‍ മനുഷ്യന് കഴിയുകയില്ലെന്ന് വാദിക്കുന്ന ചിന്താധാരയായിരുന്നു സ്കെപ്റ്റിസിസം.
III. മതപശ്ചാത്തലം
യഹൂദമതത്തിന്‍റെ പാശ്ചാത്തലത്തിലാണ് സഭ ജന്മം കൊണ്ടത്. സഭയുടെ ഘടനയേയും സ്വഭാവത്തേയും ആരാധനാ ക്രമത്തേയും യഹൂദമതം വളരെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. ആദ്യകാലങ്ങളില്‍ യഹൂദതലങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ക്രൈസ്തവ സഭ ക്രമേണ വിവിധ മതവിശ്വാസികളെ തന്നിലേക്ക് സ്വാഗതം ചെയ്തു. തന്മൂലം സഭയുടെ വളര്‍ച്ചയില്‍ റോമാസാമ്രാജ്യത്തിലെ യഹൂദേതര മതങ്ങളുടെ പാശ്ചാത്തലവും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
1. യവന മതങ്ങള്‍
ഒളിമ്പസ് മലയില്‍ അധിവസിച്ചിരുന്ന സേവൂസ് ദേവന്‍റെ നേതൃത്വത്തിലുള്ള ദേവന്മാരെയാണ് ഗ്രീക്കുകാര്‍ പൊതുവെ ആരാധിച്ചിരുന്നത്. ഓരോ നഗരരാഷ്ട്രത്തിനും അതതിന്‍റെ കുലദേവതയുണ്ടായിരുന്നു. മതം ധാര്‍മ്മികതയിലെന്നതിനേക്കാളേറെ കര്‍മ്മാനുഷ്ടാനങ്ങളില്‍ ഒതുങ്ങിയതായിരുന്നു. മാനുഷിക ബലഹീനതയുള്ളവരായിരുന്നു യവന ദേവന്മാര്‍. വിജ്ഞാന കുതുകികളായിരുന്ന യവന ദാർശനികരാവട്ടെ ഇത്തരം ദേവന്മാരിലുള്ള വിശ്വാസവും അവരോടുള്ള ആരാധനയും അനാചാരങ്ങളായി കരുതി.
ഗ്രീക്ക് മതങ്ങളിലെ രണ്ടു പ്രത്യേകതകളാണ് രഹസ്യാരാധനയും ഓര്‍ഫിയന്‍ മതവും. വിശ്വാസവും കര്‍മ്മങ്ങളും പരമരഹസ്യമായിക്കരുതി പ്രതിജ്ഞാപൂര്‍വ്വം രഹസ്യം സൂക്ഷിക്കുന്ന ആരാധനാരീതിയായിരുന്നു രഹസ്യാരാധന. കുലദൈവത്തിന്‍റെ സന്താപസന്തോഷങ്ങളുള്‍ക്കൊള്ളുന്ന നാടകീയാവതരണങ്ങളായിരുന്നു രഹസ്യങ്ങള്‍. ദേവീദേവന്മാരുടെ സന്തോഷസന്താപങ്ങള്‍ സ്വായത്തമാക്കുന്നതിലൂടെ അമര്‍ത്യ കൈവരിക്കാമെന്ന് ആരാധകര്‍ കരുതിയിരുന്നു. ധാര്‍മ്മിക നിലവാരം ഉയര്‍ത്തുന്നതിനു പകരം അധഃപതിപ്പിക്കുവാനേ രഹസ്യാരാധന ഉപകരിച്ചുള്ളു.
രഹസ്യാരാധനയുടേയും തത്ത്വചിന്തയുടേയും സംയുക്തമാണ് ഓര്‍ഫിയന്‍ മതം. ദൈവികമായ നന്മയും ദേവശത്രുക്കളായ തീര്‍ത്ഥരില്‍നിന്നുള്ള തിന്മയും മനുഷ്യര്‍ അവകാശപ്പെടുത്തിയിരിക്കുന്നു. തിന്മയില്‍ നിന്നുള്ള മുക്തിയും നന്മയുടെ വിജയവുമാണ് ഓര്‍ഫിയന്‍ ആരാധന ലക്ഷ്യം വയ്ക്കുന്നത്. യവനമതങ്ങളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കുവാന്‍ മുന്‍കൈയ്യെടുത്തത് ഓര്‍ഫിയന്‍ മതമാണ്.
2. റോമന്‍ മതങ്ങള്‍
ആദിമറോമന്‍ മതം പ്രകൃതിശക്തികളെയാണ് ആരാധിച്ചിരുന്നത്. പില്‍ക്കാലത്ത് ജീവന്‍റെ രക്ഷാധികാരിയായി ഈശ്വരനെ കണ്ടുതുടങ്ങി. ഇതോടെ ഉപദേവന്മാരുടെ ഒരു പരമ്പര തന്നെ ആരാധനാ പാത്രങ്ങളായി. ഗാര്‍ഹികസ്വഭാവമാണ് റോമന്‍ മതത്തിന്‍റെ ഒരു സവിശേഷത. വീട്ടിലെ ഓരോ അംഗത്തിനും പ്രത്യേക ദേവന്മാരുണ്ടായിരുന്നു. റോമന്‍ ദേവന്മാര്‍ വ്യക്തികളെന്നതിനേക്കാള്‍ ദിവ്യശക്തികളായിട്ട് കരുതപ്പെട്ടിരുന്നു. നിര്‍ദ്ദിഷ്ടമായ കര്‍മ്മങ്ങള്‍ അനുഷ്ടിച്ചാല്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകൊടുക്കുവാന്‍ ദേവന്‍ ബാദ്ധ്യസ്ഥനായി കരുതപ്പെട്ടിരുന്നു.
എന്നാല്‍ അന്ധവിശ്വാസപൂര്‍ണ്ണമായ ഈ മതങ്ങള്‍ക്കൊന്നും തന്നെ മനുഷ്യന്‍റെ ആദ്ധ്യാത്മിക ദാഹം പൂര്‍ണ്ണമായി ശമിപ്പിക്കുവാന്‍ കഴിഞ്ഞില്ല. തല്‍ഫലമായി പല മതങ്ങളിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായി.
3. രാജാരാധന
സാമ്രാജ്യ സ്ഥാപകരായ രാജാക്കന്മാര്‍ ദേവന്മാരേക്കാള്‍ ശക്തരാണെന്ന് ജനങ്ങള്‍ പരിഗണിച്ച കാലമുണ്ടായിരുന്നു. ഈ രാജാക്കന്മാരെ അവര്‍ ആരാധിച്ചു. സിറിയായിലേയും ഈജിപ്റ്റിലേയും രാജാക്കന്മാരെ കിരിയോസ് (അധിപതി), വോത്തേര്‍ (രക്ഷകന്‍), എപ്പിഫെനസ് (ദേവാവതാരം) എന്നെല്ലാമുള്ള വിശേഷണങ്ങള്‍ ചേര്‍ത്താണ് വിളിച്ചിരുന്നത്. റോമന്‍ ചക്രവര്‍ത്തിമാര്‍ സ്വയം ദേവന്മാരാണെന്ന് അവകാശപ്പെട്ടു. റോമാസാമ്രാജ്യത്തില്‍ പലേടത്തും ജനങ്ങള്‍ രാജാവിനു ബലിയര്‍പ്പിക്കുകയും രാജനാമത്തില്‍ സത്യം ചെയ്യുകയും ചെയ്തിരുന്നു. ജപ്പാനിലെ ചക്രവര്‍ത്തിമാരും ഇപ്രകാരം ദേവന്മാരാണെന്ന് പ്രഖ്യാപിച്ചവരാണ്. ജപ്പാനില്‍ രാജാരാധന നിയമമായിരുന്നു (1946-ല്‍ ജപ്പാന്‍ യുദ്ധത്തില്‍ അടിയറവു പറയും വരെ ജപ്പാന്‍ ചക്രവര്‍ത്തി ദിവ്യത്വം അവകാശപ്പെട്ടിരുന്നു.)
4. യഹൂദമതം
മിശിഹാ പിറന്നതും പ്രവര്‍ത്തിച്ചതും യഹൂദമതത്തിലാണ്. മിശിഹായ്ക്കുവേണ്ടി ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് ഒരുക്കിയ ജനമാണ് യഹൂദജനം. മദ്ധ്യധരണ്യാഴിയുടെ കിഴക്കേതീരത്തുള്ള പാലസ്തീനയാണ് യഹൂദരുടെ നാട്. യഹൂദകുലത്തിന്‍റെ പിതാവായ അബ്രാഹത്തെ ദൈവം ഊര്‍ ദേശത്തു നിന്ന് വിളിച്ച് കാനാന്‍ ദേശത്തിന്‍റെ അധിപതിയാക്കി. അദ്ദേഹവുമായി ഒരു ഉടമ്പടിയിലേര്‍പ്പെട്ടതു മുതലാണ് യഹൂദജനതയുടെ ആരംഭം (1850 B.C) ഗോത്രപിതാക്കന്മാരിലൊരാളായ യാക്കോബിൽ നിന്ന് യഹൂദജനതയ്ക്ക് ഇസ്രായേല്‍ എന്ന പേരു കിട്ടി. നാനൂറു വര്‍ഷത്തോളം ഈജിപ്റ്റില്‍ അടിമത്തത്തില്‍ കഴിഞ്ഞശേഷം ഇസ്രായേല്‍ ജനം മോശയുടെ നേതൃത്വത്തില്‍ വിമോചിതരായി വാഗ്ദത്തഭൂമിയായ പാലസ്തീനയിലേക്ക് തിരിച്ചു. യുദ്ധവീരനായ ജോഷ്വായുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനം വാഗ്ദത്തഭൂമി കൈയ്യടക്കി.
ഇസ്രായേല്‍ മതകേന്ദ്രീകൃതമായ രാജ്യമായിരുന്നു. രാഷ്ട്രനിയമങ്ങളും മതനിയമങ്ങളും ഒന്നുതന്നെയായിരുന്നു. യഹൂദമതത്തിന്‍റെ ഏറ്റം പ്രധാന സവിശേഷത ഏക ദൈവവിശ്വാസമായിരുന്നു. ദൈവദത്തമായ കല്പനകള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുവാന്‍ യഹൂദര്‍ ബദ്ധശ്രദ്ധരായിരുന്നു. പലപ്പോഴും ആന്തരിക ചൈതന്യത്തെ അവഗണിച്ചും നിയമങ്ങളുടെ ബാഹ്യ പ്രത്യേകതകള്‍ നിറവേറ്റാന്‍ അവര്‍ മടിച്ചിരുന്നില്ല.
വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള രക്ഷകന്‍ ഒരു രാഷ്ട്രീയ വിമോചകനായിരിക്കും എന്ന വിശ്വാസമാണ്പരക്കെ യഹൂദജനതയ്ക്കുണ്ടായിരുന്നത്. ബാബിലോണിലേയും അസീറിയയിലേയും അടിമത്തങ്ങളുടെ കാലത്ത് അവര്‍ വിമോചകനായ മിശിഹായെ കാത്തിരുന്നു. പേര്‍ഷ്യാക്കാരും റോമാക്കാരും കീഴടക്കിയപ്പോഴും യഹൂദര്‍ രാഷ്ട്രീയ വിമോചകനായ ക്രിസ്തുവിനെയാണ് പ്രതീക്ഷിച്ചിരുന്നത്.
ക്രിസ്തുമതത്തെ സംബന്ധിച്ചിടത്തോളം യഹൂദരും പരമ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. യഹൂദമതത്തിന്‍റെ വിശ്വാസ സംഹിതകളും ആചാരാനുഷ്ടാനങ്ങളും ക്രിസ്തുമതത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം വളരെ വലുതാണ്.
C. സഭയുടെ ഉത്ഭവവും വളര്‍ച്ചയും
പന്തക്കുസ്താദിനത്തിലാണ് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് പറയാം. ജറുസലേം നഗരത്തെ കേന്ദ്രമാക്കിയാണ് സഭ വളരുവാനാരംഭിച്ചത്.
പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ അപ്പസ്തോലന്മാര്‍ തങ്ങളുടെ ദൗത്യം സമാരംഭിച്ചു. ജറുസലേമിലെ സഭയുടെ പ്രധാന സവിശേഷത അപ്പസ്തോലകേന്ദ്രീകൃതത്വമായിരുന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ആദിമ സഭ എതിര്‍പ്പുകളുടേയും മതമര്‍ദ്ദനങ്ങളുടേയും മദ്ധ്യേ ധൈര്യസമേതം ക്രിസ്തുവിന്‍റെ നാമം പ്രഘോഷിച്ചു. അപ്പസ്തോല സംഖ്യ പന്ത്രണ്ട് ആക്കുവാന്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രാധാന്യമര്‍ഹിക്കുന്നുണ്ട് (നടപടി 1:15-26) സഭ സംഘടനാപരമായി രൂപംകൊണ്ടു തുടങ്ങുന്നതിന്‍റെ സൂചനായാണിത്. മനുഷ്യന് ദൈവരാജ്യത്തെപ്പറ്റി പറഞ്ഞു കൊടുക്കുന്നതോടൊപ്പം ഭൗതികമായ ആവശ്യങ്ങളും സാധിച്ചുകൊടുക്കണമെന്ന് അപ്പസ്തോലന്മാര്‍ മനസ്സിലാക്കി. അതിനായി ഏഴുപേരെ ഡീക്കന്മാരായി തിരഞ്ഞെടുത്തു. ഡീക്കന്മാരും സുവിശേഷപ്രഘോഷണത്തിലേര്‍പ്പെട്ടിരുന്നു. സമരിയായിലുള്ള ഫിലിപ്പിന്‍റെ പ്രവര്‍ത്തനം ഇതിനുദാഹരണമാണ്.
സഭ ക്രമേണ ജറുസലേമിനു പുറത്തേക്കു വ്യാപിക്കാന്‍ തുടങ്ങി. ഡീക്കന്‍ സ്റ്റീഫന്‍റെ രക്തസാക്ഷിത്വം പുതിയൊരു വഴിത്തിരിവായിരുന്നു. സ്റ്റീഫന്‍റെ രക്തസാക്ഷിത്വത്തോടുകൂടി ആരംഭിച്ച മതമര്‍ദ്ദനവും അതുവഴിയുണ്ടായ ശിഷ്യഗണത്തിന്‍റെ ചിതറലും യൂദയാ സമറിയാ എന്നിവിടങ്ങളില്‍ സഭ വളരുന്നതിനു കാരണമായി. സമറിയായിലും തീരപ്രദേശത്തുമുള്ള ഫിലിപ്പിന്‍റെ പ്രേഷിതപ്രവര്‍ത്തനം വിജയകരമായിരുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാന സംഭവം വിജാതീയരുടെ അപ്പസ്തോലനായി ക്രിസ്തു തിരഞ്ഞെടുത്ത സാവൂളിന്‍റെ മാനസാന്തരമാണ്. സഭയുടെ വളര്‍ച്ചയിലെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ഈ ചരിത്രം നടപടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
പാലസ്തീനായില്‍ ധാരാളമായി വിജാതീയരും സഭയെ ആശ്ലേഷിക്കുവാന്‍ മുന്നോട്ടു വന്നു. വിജാതീയരുടെ മാനസാന്തര പ്രശ്നം ആദിമസഭയ്ക്ക് ഒരു തലവേദനയായിരുന്നു. സഭയില്‍ അംഗമാകുന്നതിനു മുമ്പായി ഒരാള്‍ യഹൂദനായിരിക്കണമെന്ന് യഹൂദക്രൈസ്തവര്‍ കരുതി. പിന്നീട് ജറുസലേം കൗണ്‍സിലില്‍ ഈ പ്രശ്നം പരിഹൃതമായി (നടപടി 15:6-21) ജറുസലേം സഭ വിജാതീയരുടെ മാനസാന്തരത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. ആദിമസഭാസമൂഹം ജറുസലേമിലായിരിക്കുമ്പോള്‍ തന്നെ വിജാതീയരില്‍ നിന്ന് മാനസാന്തരപ്പെട്ടവരെല്ലാം ചേര്‍ന്ന് സിറിയായുടെ തലസ്ഥാനമായ അന്ത്യോക്യായില്‍ ഒരു ക്രൈസ്തവ സമൂഹത്തിന് രൂപം നല്കി. ഇതിന്‍റെ ചുമതല ബര്‍ണബാസിനായിരുന്നു. ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന നാമം ആദ്യമായി നല്കപ്പെട്ടത് അന്ത്യോക്യായില്‍ വച്ചാണ്. പൗലോസിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ആരംഭം അന്ത്യോക്യായില്‍ നിന്നാണ്. അദ്ദേഹത്തിന്‍റെ പ്രേഷിത സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും അന്ത്യോക്യാ ആണെന്നു പറയാം.
ആദ്യത്തെ പ്രേഷിതയാത്രയ്ക്കിടയില്‍ പൗലോസ് ഏഷ്യാമൈനറിലെ പല യവനനഗരങ്ങളും സുവിശേഷവത്ക്കരിച്ചു. വിജാതീയര്‍ ധാരാളമായി സഭയെ സ്വീകരിച്ചു. യവനനഗരങ്ങളില്‍ സഭ സ്ഥാപിതമായതോടെ സാര്‍വ്വത്രിക സഭ എന്ന ആശയം രൂഢമൂലമായി. നവോന്മേഷത്തോടെ പൗലോസ് രണ്ടാമതും ഏഷ്യാമൈനറിലേക്ക് പ്രേഷിതയാത്ര നടത്തി. യാത്രാമദ്ധ്യേ ആദ്യയാത്രയില്‍ സ്ഥാപിച്ച സഭകള്‍ അദ്ദേഹം ശക്തിപ്പെടുത്തി.
ഏഷ്യാമൈനറില്‍നിന്നും യൂറോപ്പിലേക്കു തിരിച്ച പൗലോസ് പ്രസിദ്ധങ്ങളായ ഫിലിപ്പിയയിലും തെസലോനിക്കയിലും കൊറിന്തിലും സഭകള്‍ സ്ഥാപിച്ചു. ആതന്‍സിലും അദ്ദേഹം സുവിശേഷം അറിയിച്ചു. എന്നാല്‍ അത് വിജയകരമായിരുന്നില്ല. മൂന്നാമത്തെ പ്രേഷിതയാത്രയില്‍ അദ്ദേഹം ഗലാത്തിയായിലേയും ഫ്രിജിയായിലേയും സഭകള്‍ സന്ദര്‍ശിച്ചു എഫേസൂസം കേന്ദ്രമാക്കികൊണ്ട് രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലും അദ്ദേഹം സുവിശേഷം അറിയിച്ചു.
തുടര്‍ന്ന് സഭ റോമിലേക്കും വ്യാപിച്ചു. പത്രോസ് പൗലോസ് ശ്ലീഹന്മാര്‍ റോമിലെ അപ്പസ്തോലന്മാരായി അറിയപ്പെടുന്നു. ജെറുസലേമില്‍ നിന്ന് വളര്‍ച്ചയാരംഭിച്ച സഭ അക്കാലത്ത് അറിയപ്പെട്ടിരുന്ന സാസംസ്ക്കാരിക കേന്ദ്രങ്ങളിലൊക്കെ സ്ഥാപിതമായി. തോമാശ്ലീഹാ സുവിശേഷദൗത്യവുമായി കിഴക്കന്‍ നാടുകളിലേയ്ക്കു യാത്രയായി. പേര്‍ഷ്യ, മേദിയ കിക്കാനിയ, ബാക്ട്രിയ, ഇന്‍ഡ്യ എന്നിവിടങ്ങളിലെല്ലാം സുവിശേഷം പ്രഘോഷിച്ച് അദ്ദേഹം സഭകള്‍ സ്ഥാപിച്ചു. ആദ്യ നൂറ്റാണ്ടില്‍ തന്നെ സഭ ആഗോളവ്യാപകമായി വളര്‍ന്നു. പ്രേഷിതപ്രവര്‍ത്തനം ഏറ്റം കാര്യക്ഷമവും ഊര്‍ജ്ജസ്വലവുമായിരുന്നതാണ് സഭയുടെ ഈ അദ്ഭുതകരമായ വളര്‍ച്ചയ്ക്ക് വഴിതെളിച്ചത്.
D. ആദിമസഭയുടെ ഭരണസംവിധാനം
സഭയുടെ ആരംഭം മുതല്‍തന്നെ സഭയില്‍ സംഘടനാപരമായ വളര്‍ച്ച കാണാനാവും ക്രിസ്ത്യാനികളെ വ്യക്തികളായും ഗ്രൂപ്പുകളായും തിരിച്ച് പ്രത്യേക ജോലികള്‍ ഏലിപിച്ചിരുന്നു. ആദിമസഭയില്‍ അപ്പസ്തോലന്മാര്‍, മേലന്വേഷകര്‍, ആചാര്യന്മാര്‍, ഡീക്കന്മാര്‍ എന്നിങ്ങനെ വിവിധ ശുശ്രൂഷാ വിഭാഗങ്ങളുണ്ടായിരുന്നു.
സുവിശേഷമറിയിക്കുക, ജ്ഞാനസ്നാനം നല്കുക, നയിക്കുക ഇവയായിരുന്നു അപ്പസ്തോലന്മാരുടെ പ്രധാനദൗത്യങ്ങള്‍. അപ്പസ്തോലന്മാരില്‍ത്തന്നെ പത്രോസിന് പ്രാമുഖ്യമുണ്ടായിരുന്നു. മേലന്വേഷകന്‍ (എപ്പിസ്കോപ്പോസ്) ആചാര്യസംഘത്തിന്‍റെ തലവനായിരുന്നു. ക്രിസ്തീയ സമൂഹത്തിന്‍റെ കാര്യസ്ഥനും പിതാവുമായിട്ടാണ് മേലന്വേഷകന്‍ കരുതപ്പെടുന്നത്. അപ്പസ്തേലന്മാരുടെ പിന്‍ഗാമികളായി മേലന്വേഷകര്‍ അറിയപ്പെട്ടു. രണ്ടാം നൂറ്റാണ്ടായപ്പോള്‍ മേലന്വേഷകരുടെ (മെത്രാന്മാരുടെ) സ്ഥാനം കുറേക്കൂടി വ്യക്തമായി. വിശ്വാസികളുടെ സമൂഹത്തിന്‍റെ ഗുരുവും നേതാവും ഇടയനും കൂദാശകളുടെ കാര്‍മ്മികനുമായി മെത്രാന്‍ നിയോഗിക്കപ്പെട്ടു.
അപ്പസ്തോലന്മാരുടെ സഹായികളാണ് ആചാര്യന്‍മാര്‍. യഹൂദസമൂഹത്തിന്‍റെ നേതാവിനെ ഈ പേരുകൊണ്ടാണ് വിളിച്ചിരുന്നത്. പില്‍ക്കാലത്ത് ആചാര്യന്മാര്‍ മേലന്വേഷകരോടൊപ്പം സഹായികളായി പ്രവര്‍ത്തിച്ചു.
ഡീക്കന്‍ എന്നാല്‍ സേവകന്‍ എന്നാണര്‍ത്ഥം. ഡീക്കന്‍ മെത്രാന്‍റെ സഹപ്രവര്‍ത്തകനായിരുന്നു. ആദിമസഭയില്‍ മെത്രാന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് ഡീക്കനുണ്ടായിരുന്നത്. ഡീക്കന്മാര്‍ സഭയുടെ ഭരണത്തില്‍ പങ്കുവഹിച്ചിരുന്നു. പണം വിതരണം ചെയ്തിരുന്നത് അവരാണ്. നാലാം നൂറ്റാണ്ടാകുമ്പോള്‍ ഡീക്കന് കൂടുതല്‍ അധികാരവും അവകാശവും നല്കിയിരുന്നു. രോഗികളായി വീട്ടില്‍ കഴിയുന്നവര്‍ക്ക് തിരുപ്പാഥേയം കൊണ്ടുപോയികൊടുത്തിരുന്നത് ഡീക്കന്മാരാണ്. മെത്രാന്‍റെ അനുവാദത്തോടുകൂടി മാമ്മോദീസ നല്കാനും ഡീക്കന് അവകാശമുണ്ടായിരുന്നു.
സ്ത്രീകളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനായി ആദിമസഭയില്‍ വനിതാഡീക്കന്മാരേയും നിയോഗിച്ചിരുന്നു. ഒരു കന്യകയോ വിശ്വസ്തതയും മാന്യയുമായ ഒരു വിധവയോ ആയിരിക്കണം വനിതാ ഡീക്കന്‍ എന്ന് നിബന്ധനയുണ്ടായിരുന്നു. വനിതാഡീക്കന്മാരെ പള്ളിയുടെ കാര്യങ്ങള്‍ നോക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് അത്മായരുടെ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.
E. ആദിമസഭയുടെ വിശ്വാസവും ആരാധനാക്രമവും
ഈശോമിശിഹായുടെ ഉത്ഥാനമായിരുന്നു ആദിമസഭയുടെ വിശ്വാസത്തിന്‍റെ കേന്ദ്രം. ഈശോയുടെ ഉത്ഥാനമാണ് തങ്ങളുടെ ക്രൈസ്തവാസ്തിത്വത്തിന്‍റെ അടിസ്ഥാനമെന്ന് ആദിമസഭയിലെ വിശ്വാസികള്‍ കരുതി. പീഡാനുഭവത്തിന്‍റേയും മരണത്തിന്‍റേയും ഉത്ഥാനത്തിന്‍റേയും പാശ്ചാത്തലത്തില്‍ അവര്‍ ഈശോയുടെ ജീവിതത്തെ പുനര്‍വീക്ഷിച്ചു. വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായെ ഈശോയില്‍ അവര്‍ കണ്ടു. അവരെ സംബന്ധിച്ചിടത്തോളം മിശിഹാ, കര്‍ത്താവും (നടപടി 1:11;7:59-60;9:1)പരിശുദ്ധനും നീതിമാനും (നട 3:14) ജീവന്‍റെ ഉറവിടവും ദൈവത്തിന്‍റെ ദാസനും മനുഷ്യരക്ഷകനും (നട 5:31) എല്ലാമായിരുന്നു.
ആരാധനാജീവിതത്തില്‍ ആദിമക്രൈസ്തവര്‍ യഹൂദപാരമ്പര്യങ്ങള്‍ പലതും അഭംഗുരം കാത്തുസൂക്ഷിച്ചു. ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു നടത്തി. പ്രാര്‍ത്ഥനായാമങ്ങളും നിലനിര്‍ത്തി. സങ്കീര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. എന്നാല്‍ യഹൂദര്‍ക്കില്ലാത്ത ആരാധനാരീതികളും സഭയിലുണ്ടായിരുന്നു. നടപടി 2:42 ഈ പ്രത്യേകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് അപ്പസ്തോലന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പംമുറിക്കലിലും പ്രാര്‍ത്ഥനയിലും അവര്‍ മുഴുകിയിരുന്നു. ദേവാലയത്തില്‍നിന്നും വേറിട്ടുനിന്ന ആരാധനാരീതിയായിരുന്നു ഇത്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ധീരമായി കര്‍ത്താവിന് സാക്ഷ്യം വഹിക്കുന്ന ഉത്തമ വിശ്വാസികളെയാണ് ആദിമസഭയില്‍ നമുക്കു കാണാനാവുന്നത്.
മാമോദീസ
അപ്പസ്തോലന്മാരുടെ കാലത്ത് വളരെ ലളിതമായ രീതിയിലാണ് മാമോദീസ നല്കിയിരുന്നത്. പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ക്രിസ്തീയ വിശ്വാസം ഏറ്റു പറയുകയും ചെയ്താലുടനെത്തന്നെ മാമോദീസ നല്‍കുകയായിരുന്നുപതിവ്. (നട. 2:38) ലളിതമായ രീതിയില്‍ വെള്ളത്തില്‍ മുക്കിയാണ് മാമോദീസ നല്കിയിരുന്നത്. എന്നാല്‍ വെള്ളം ശിരസ്സില്‍ ഒഴിച്ചു നടത്തുന്ന മാമോദീസായെക്കുറിച്ച് രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഡിഡാക്കെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ടാം നൂറ്റാണ്ടുമുതല്‍ മാമോദീസ സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ (സ്നാനാര്‍ത്ഥികള്‍) പ്രത്യേകം ഒരുങ്ങിയിരുന്നു. സാധാരണയായി വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ജ്ഞാനസ്നാനം നല്‍കിയിരുന്നു. ഈസ്റ്ററിന്‍റേയും പന്തക്കുസ്തായുടേയും തലേദിവസം മാമോദീസ സ്വീകരിച്ചവര്‍ക്ക് പരിശുദ്ധിയുടേയും വെണ്‍മയുടേയും അടയാളമായ വെള്ളവസ്ത്രം നല്‍കിയിരുന്നു. ഒരാഴ്ച്ചക്കാലത്തേക്ക് അവര്‍ ഇതു ധരിച്ചിരുന്നു. പുതിയതായി ജ്ഞാനസ്നാനം സ്വീകരിച്ച വ്യക്തിക്ക് ഒരു ക്രിസ്തീയ നാമം നല്‍കുന്ന പതിവ് മൂന്നാം നൂറ്റാണ്ടുമുതല്‍ ഉണ്ടായതാണ്. രണ്ടാം നൂറ്റാണ്ടില്‍ ശിശുമാമോദീസ നിലവിലിരുന്നു എന്നതിന് തെളിവുകളുണ്ട്.
വി. കുര്‍ബ്ബാന
ഇന്നത്തെ കുര്‍ബ്ബാന രണ്ടു വ്യത്യസ്തശുശ്രൂഷകളില്‍നിന്ന് രൂപം പ്രാപിച്ചതാണ്. യഹൂദരുടെ സിനഗോഗുകളിലെ വേദപുസ്തകവായന. പ്രസംഗം, പൊതുപ്രാര്‍ത്ഥന ഇവ കുര്‍ബ്ബാനയുടെ ആദ്യഭാഗമായ സ്നാനാര്‍ത്ഥികളുടെ കുര്‍ബ്ബാനയുടെ അടിസ്ഥാനമാണ്. ക്രിസ്ത്യാനികളുടെ അപ്പം മുറിക്കല്‍ ശുശ്രൂഷയാണ് വിശ്വാസികളുടെ കുര്‍ബ്ബാനയ്ക്ക് അടിസ്ഥാനം. യഹൂദരായിരുന്ന ആദിമ ക്രിസ്ത്യാനികള്‍ സിനഗോഗിലെ പ്രാര്‍ത്ഥനയില്‍ പതിവുപോലെ പങ്കുകൊണ്ടിരുന്നു. വൈകുന്നേരം ഏതെങ്കിലും ഒരു വീട്ടില്‍ സമ്മേളിച്ച് അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തിയിരുന്നു. യഹൂദന്മാരില്‍ നിന്ന് ക്രിസ്ത്യാനികള്‍ അകലാന്‍ തുടങ്ങിയപ്പോള്‍ ഈ രണ്ടു വ്യത്യസ്ത ശുശ്രൂഷകളും ഒരുമിച്ച് നടത്തിത്തുടങ്ങി.
ഈശോയുടെ ബലിയുടെ ഓര്‍മ്മയായിട്ടാണ് ആദിമ ക്രിസ്ത്യാനികള്‍ വി. കുര്‍ബ്ബാന അനുഷ്ഠിച്ചിരുന്നത്. ആരംഭകാലത്ത് ഈ ചടങ്ങ് നടത്തിയിരുന്നത് വൈകുന്നേരമാണ്. ഇതിനു മുന്‍പായി ജനങ്ങള്‍ ഒരുമിച്ചുകൂടി യഹൂദന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നതുപോലെയുള്ള സ്നേഹവിരുന്ന് ( agape) നടത്തിയിരുന്നു. എന്നാല്‍ സ്നേഹവിരുന്നില്‍ ചില അപാകതകള്‍ കടന്നു കൂടുകയാല്‍ അപ്പസ്തോലന്മാരുടെ കാലത്തിന്‍റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലോ വി.കുര്‍ബ്ബാന സ്നേഹവിരുന്നില്‍ നിന്ന് മാറി ആഘോഷിക്കുവാന്‍ തുടങ്ങി. അന്നു മുതലാണ് വി.കുര്‍ബ്ബാന രാവിലെ നടത്തുവാന്‍ തുടങ്ങിയത്. ദീര്‍ഘമായ മണിക്കൂറുകളിലെ ചടങ്ങുകള്‍ ആദിമക്രിസ്ത്യനികള്‍ക്ക് ഒരു തരത്തിലും വിരസമായിരുന്നില്ല. സാധാരണയായി ഞായറാഴ്ചയാണ് വി.കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത്. കുര്‍ബ്ബാനയോട് ബന്ധപ്പെട്ട് സംഗീതം, തിരുവസ്ത്രങ്ങള്‍, തിരി, മണി, എന്നിവ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്നില്ല. ബലിയര്‍പ്പിച്ചിരുന്ന അവസരങ്ങളിലെല്ലാം വിശ്വാസികള്‍ വി.കുര്‍ബ്ബാന സ്വീകരിച്ചിരുന്നുവെന്നു വി.ജസ്റ്റിന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ വി.കുര്‍ബ്ബാന ഇല്ലാതിരുന്നതിനാല്‍ വിശ്വാസികള്‍ക്ക് കൂദാശ ചെയ്ത അപ്പം ദിവസവും സ്വീകരിക്കുന്നതിനായി വീട്ടില്‍ കൊണ്ടുപോകാമായിരുന്നു. കൂദാശചെയ്ത അപ്പം കരങ്ങളില്‍ സ്വീകരിക്കുകയായിരുന്നു പതിവ്.
പാപമോചനം
ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവ് വളരെ ആസന്നമാണെന്നും തന്മൂലം മാമോദീസായില്‍ കൈവരിച്ച് ഹൃദയനൈര്‍മല്യം യാതൊരു കുറവും കൂടാതെ കാത്തുസൂക്ഷിക്കണെന്നും ആദിമക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. ആകയാല്‍ പാപികള്‍ക്ക് കഠിനമായ ശിക്ഷയാണ് ആദിമ സഭ നല്കിയിരുന്നത്. പാപമോചന കൂദാശയെ ദ്വിതീയ മാമോദീസ എന്നത്രേ സഭാ പിതാക്കന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. ആദ്യനൂറ്റാണ്ടുകളില്‍ പാപമോചനത്തിനു നിയതമായ ഒരു രൂപം കൈവന്നിരുന്നില്ല. അനുതാപികള്‍ സഭയുടെ തലവനായ മെത്രാന്‍റെ അടുക്കല്‍ നേരിട്ടു ചെന്ന് കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചിരുന്നു. പരസ്യപ്രായശ്ചിത്തമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത് രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ചില മെത്രാന്മാര്‍ വലിയ പാപങ്ങള്‍ ചെയ്തവരെ എന്നന്നേക്കുമായി പുറത്താക്കിയിരുന്നു. പാഷണ്ഡത, വ്യഭിചാരം, കൊലപാതകം, എന്നിവയായിരുന്നു ഈ വലിയ പാപങ്ങള്‍.
സഭയുടെ മാപ്പ് ഒരിക്കല്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പ്രായശ്ചിത്തം ചെയ്തതിനുശേഷം വീണ്ടും കഠിനമായ പാപത്തില്‍ വീണവരുടെ നേരെ കാരുണ്യം കാണിച്ചിരുന്നില്ല. അവരെ ദൈവത്തിന്‍റെ കരുണയ്ക്കായി വിട്ടിരുന്നു. ആദിമസഭയില്‍ മാമോദീസായ്ക്കു ശേഷം ഒരേയൊരു പാപമോചനം മാത്രമേ നല്‍കിരുന്നുള്ളൂ.
പരസ്യമായ കുറ്റങ്ങള്‍ക്ക് പരസ്യമായ കുറ്റം ഏറ്റുപറച്ചിലാണ് നടത്തിയിരുന്നത്. മെത്രാന്‍റേയും വൈദികരുടേയും ജനങ്ങളുടേയും മുമ്പില്‍വച്ചായിരുന്നു ഇത്. എന്നാല്‍ രഹസ്യകുറ്റത്തിന് മെത്രാന്‍റെയോ വൈദികന്‍റേയോ പക്കല്‍ രഹസ്യകുമ്പസാരമേ നടത്തിയിരുന്നുള്ളൂ എന്നാല്‍ പ്രായശ്ചിത്തവും പാപമോചനവും പരസ്യമായി നിര്‍വ്വഹിച്ചിരുന്നു.
തിരുനാളുകള്‍
യഹൂദന്മാരുടെ ശനിയാഴ്ച ആഘോഷത്തിനു പകരമായി ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ഞായറാഴ്ച്ച പ്രത്യേക ആരാധനയ്ക്കായി നീക്കിവച്ചു. ഞായറാഴ്ച്ചദിവസം ലൗകികമായ എല്ലാക്കാര്യങ്ങളില്‍ നിന്നും ക്രിസ്ത്യാനികള്‍ അകന്നുനിന്നിരുന്നു. യഹൂദന്മാരുടെ പ്രധാനപ്പെട്ട രണ്ടു തിരുനാളുകള്‍ പെസഹായും പന്തക്കുസ്തായും ക്രിസ്ത്യാനികളുടേയും പ്രധാന തിരുനാളുകളായി. രണ്ടാം നൂറ്റാണ്ടില്‍ പൗരസ്ത്യസഭയില്‍ ആരംഭിച്ച തിരുനാളാണ് ദനഹ (ജനുവരി 6). ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിന്‍റെ സ്മരണ കൊണ്ടാടുന്ന തിരുനാളായി ഇതു പരിഗണിക്കപ്പെട്ടു. എന്നാല്‍ പാശ്ചാത്യസഭയില്‍ പൂജ്യരാജാക്കന്മാര്‍ ദിവ്യശിശുവിനെ സന്ദര്‍ശിച്ച് ആരാധിച്ച സംഭവമാണ് അനുസ്മരിക്കുന്നത്.
നാലാം നൂറ്റാണ്ടു മുതലാണ് ഡിസംബര്‍ 25-ാം തീയതി ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുവാന്‍ തുടങ്ങിയത്. ഡിസംബര്‍ 25-ാം തീയതി വിജാതീയര്‍ സൂര്യദേവന്‍റെ ജനനത്തിരുനാള്‍ ആഘോഷിച്ചിരുന്നു. ആ തിരുനാളിനു പകരം ഒരു ക്രിസ്തീയ തിരുനാള്‍ ആഘോഷിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഡിസംബര്‍ 25-ാം തീയതി ക്രിസ്തുവിന്‍റെ ജനനത്തിരുനാളായി ഘോഷിക്കാന്‍ തുടങ്ങിയത്. എ.ഡി. നാനൂറ് മുതല്‍ ഓശാന ഞായറാഴ്ച്ച പ്രത്യേക മതകര്‍മ്മങ്ങളോടെ ജറൂസലത്ത് ആഘോഷിച്ചിരുന്നു. മൂന്നാം നൂറ്റാണ്ടുമുതല്‍ പരിശുദ്ധ മറിയത്തോട് ഭക്തി പ്രദര്‍ശിപ്പിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ എ.ഡി 450 ല്‍ ജറൂസലത്ത് ആരംഭിച്ചു.
ഉപവാസം
ആദ്യകാലം മുതല്‍ തന്നെ ക്രിസ്ത്യനികള്‍ ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും ഉപവസിച്ചിരുന്നു. യഹൂദന്മാരുടെ ആചാരമനുസരിച്ചാണ് ആദിമക്രിസ്ത്യാനികള്‍ ഉപവാസം അനുഷ്ടിച്ചിരുന്നത്. സൂര്യാസ്തമയം വരെയോ അല്ലെങ്കില്‍ സായാഹ്നനമസ്ക്കാരം ചൊല്ലുന്നതുവരെയോ ഭക്ഷണസാധനങ്ങള്‍ പൂര്‍ണ്ണമായി വര്‍ജ്ജിച്ചുകൊണ്ടാണ്അവര്‍ ഉപവസിച്ചിരുന്നത്. എ.ഡി.400-നോടുകൂടി പാശ്ചാത്യസഭയില്‍ ബുധനാഴ്ച്ച ഉപവാസം മാറ്റി പകരം ശനിയാഴ്ച്ച ഉപവാസം സ്വീകരിച്ചു. ഈസ്റ്ററിന് ഒരുക്കമായുള്ള നാല്പതുനോമ്പ് പൗരസ്ത്യര്‍ രണ്ടാം നൂറ്റാണ്ടുമുതല്‍ ആചരിച്ചിരുന്നു. പാശ്ചാത്യസഭയില്‍ ഈ നോമ്പ് നാല്പതുദിവസമെന്ന് നിശ്ചയിച്ചത് നാലാം നൂറ്റാണ്ടിലാണ്. പൗരസ്ത്യ സഭയില്‍ മറ്റു നോമ്പുകളുമുണ്ടായിരുന്നു - അപ്പസ്തോലന്മാരുടെ നോമ്പ് (ജൂണ്‍ 16-28) മറിയത്തിന്‍റെ നോമ്പ് (ആഗസ്റ്റ് 1-13) ക്രിസ്മസിന് ഒരുക്കമായുള്ള നോമ്പ് (നവംബര്‍ 15 - ഡിസംബര്‍ 24).
The beginning of the church: the early church catholic malayalam church beginning of church തിരുസഭാചരിത്രം book no 32 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206