x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ കേരള സഭാചരിത്രം

സീറോമലബാര്‍ സഭ: ചരിത്രവും സവിശേഷതകളും

Authored by : Dr. George Karakunnel On 29-May-2021

ഇന്ത്യയില്‍ ക്രിസ്തീയവിശ്വാസത്തിന് സുദീര്‍ഘമായ ചരിത്രമുണ്ട്. ക്രിസ്തുര്‍ഷം 52-ല്‍ വിശുദ്ധ തോമ്മാശ്ലീഹാ തെക്കേ ഇന്ത്യയിലെ പുരാതന തുറമുഖമായിരുന്ന കൊടുങ്ങല്ലൂരില്‍ വരുകയും വിവിധ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്തതിന്‍റെ ഫലമായി ക്രൈസ്തവസഭ ഇവിടെ വളരാനിടയായി. "മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍" എന്ന പേരിലാണ് ഇവിടെ വിശ്വാസികള്‍ അറിയപ്പെട്ടത്. ഇന്ന് കത്തോലിക്കാസഭയില്‍പ്പെടുന്ന ഇരുപത്തിരണ്ട് വ്യക്തിസഭകളില്‍ ഒന്നാണ് സീറോമലബാര്‍സഭ. ഇന്ത്യയിലെ ഇന്നത്തെ കത്തോലിക്കാസഭ സീറോമലബാര്‍സഭ, ലത്തീന്‍ സഭ, സീറോമലങ്കരസഭ എന്നീ മൂന്ന് സഭകള്‍ ഒന്നു ചേരുന്നതാണല്ലോ. സീറോമലബാര്‍സഭയെ മനസ്സിലാക്കാന്‍ അതിന്‍റെ പൂര്‍വ്വചരിത്രവും ആധുനികകാലഘട്ടത്തിലെ വികാസപരിണാമങ്ങളും സമകാലികാഭിമുഖ്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമമാണ് ഒരു ലേഖനത്തിന്‍റെ പരിമിതിയില്‍ നിന്നുകൊണ്ട് ഇവിടെ നടത്തുന്നത്. 

1 പൂര്‍വ്വകാലചരിത്രം 

ഇന്ത്യയിലെ ക്രിസ്തീയസഭയുടെ ആദ്യകാലചരിത്രത്തെക്കുറിച്ച് വ്യക്തതയും വിശദാംശങ്ങളും ലഭ്യമല്ല. പക്ഷെ, ചരിത്രസാഹചര്യങ്ങളുടെയും പാരമ്പര്യത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇവിടുത്തെ സഭയുടെ പൗരാണികത്വം അംഗീകരിക്കപ്പെട്ടതാണ്. വിശുദ്ധ തോമ്മാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനഫലമായി തെക്കേ ഇന്ത്യയില്‍ ക്രിസ്തീയസഭ വളര്‍ന്നുവന്നു. പാരമ്പര്യം പറയുന്നതനു സരിച്ച് തോമാശ്ലീഹാ ഏഴുപള്ളികള്‍ സ്ഥാപിച്ചു. ഏഴ് പള്ളികള്‍ ഏഴ് പ്രാചീന ക്രിസ്തീയകേന്ദ്രങ്ങളെ പ്രതിനിധാനംചെയ്യുന്നു. കൊടുങ്ങല്ലൂര്‍, കോട്ടക്കാവ് (പറവൂര്‍), പാലയൂര്‍, കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവയാണവ. ക്രിസ്തുവര്‍ഷം 72-ല്‍ തോമസ് അപ്പസ്തോലന്‍ മൈലാപ്പൂര്‍വച്ച് രക്തസാക്ഷിത്വം വരിച്ചു. പുരാതനകാലം മുതല്‍ മൈലാപ്പൂരുള്ള തോമ്മാശ്ലീഹായുടെ കബറിടം ഭാരതീയക്രിസ്ത്യാനികള്‍ക്ക് തീര്‍ത്ഥാടനസ്ഥലമായിരുന്നു. ഭാരതത്തിലെ ക്രൈസ്തവചരിത്രത്തോട് ബന്ധപ്പെട്ടതാണ് മലബാര്‍ തീരത്തെ യഹൂദകേന്ദ്രങ്ങള്‍. കച്ചവടവുമായി ബന്ധപ്പെട്ട് പുരാതനകാലം മുതല്‍ യഹൂദര്‍ കേരളത്തിലെത്തുകയും കേരളതീരങ്ങളില്‍ താമസമാക്കുകയും ചെയ്തിട്ടുള്ളത് ചരിത്രത്തില്‍ അറിയപ്പെട്ടതാണ്. കൊടുങ്ങല്ലൂരും കൊച്ചിയും പറവൂരും ചേന്ദമംഗലവും ഈ രീതിയില്‍ ഇന്നും യഹൂദസാന്നിദ്ധ്യത്തിന്‍റെ തെളിവുകള്‍ ശേഷിക്കുന്നയിടങ്ങളാണ്. യഹൂദകേന്ദ്രങ്ങളാ യിരുന്നിരിക്കണം തോമാശ്ലീഹായ്ക്ക് വിശ്വാസപ്രചരണത്തിന് ആദ്യം സാഹചര്യവും അവസരവുമൊരുക്കിയത്. അപ്പസ്തോലന്മാര്‍ രൂപംകൊടുത്ത എല്ലാ സഭകള്‍ക്കുമെന്ന പോലെ മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച സഭയ്ക്കും ഡീക്കന്മാരും വൈദികരും മെത്രാനും ഉള്‍പ്പെട്ട നേതൃത്വമുണ്ടായിരുന്നതായി കരുതാം.

മാര്‍ഗ്ഗംകളിയിലും, റമ്പാന്‍പാട്ടിലും, "മാര്‍ത്തോമ്മായുടെ നടപടി" എന്ന ഗ്രന്ഥത്തിലും സഭാശുശ്രൂഷയ്ക്കായി ശ്ലീഹാ അജപാലകരെ നിയമിച്ചു എന്ന് പറയുന്നുണ്ട്. ചരിത്രം പറയുന്നതനു സരിച്ച് കൊടുങ്ങല്ലൂരായിരുന്നു സഭയുടെ ആസ്ഥാനകേന്ദ്രം. കോളനികാലഘട്ടത്തില്‍ പോര്‍ച്ചുഗീസുകാരുടെ കേന്ദ്രമായി കൊടുങ്ങല്ലൂര്‍ മാറിയപ്പോഴാണ് മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ആസ്ഥാനം അങ്കമാലിയിലേക്ക് മാറുന്നത്. ആദ്യകാലഘട്ടത്തില്‍ ത്തന്നെ ഇന്ത്യയിലെ മാര്‍തോമ്മാക്രിസ്ത്യാനികള്‍ പേര്‍ഷ്യന്‍ സഭയുമായി ബന്ധത്തിലേര്‍പ്പെട്ടതായി കാണാം. പേര്‍ഷ്യന്‍സഭയുടെ ഉത്പത്തിയില്‍ തോമാശ്ലീഹായ്ക്ക് നല്പ്പെട്ട സ്ഥാനവും പേര്‍ഷ്യയും തെക്കേഇന്ത്യയും തമ്മിലുണ്ടായിരുന്ന വ്യാപാരസമ്പര്‍ക്കങ്ങളും ഇതിന് പ്രേരകമായി തീര്‍ന്നിരിക്കാം. സുറിയാനി ആരാധനാഭാഷയായി ഉപയോഗിച്ചുവന്ന സഭകളിലൊന്നാണ് മാര്‍തോമാക്രിസ്ത്യാനികളുടെ സഭ. ആരാധനാരീതിയുടെ പൊതുവായ പൈതൃകം ഹൈരാര്‍ക്കി ക്കല്‍ ബന്ധത്തിനും കാരണമായി. കേരളത്തിലെ സുറിയാനിക്രിസ്ത്യാ നികളുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ക്നായിതൊമ്മന്‍റെ നേതൃത്വത്തില്‍ കേരളത്തിലേക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ച പാരമ്പര്യം. അതനുസരിച്ച് എ.ഡി. 345-ല്‍ എഴുപത്തിരണ്ട് കുടുംബങ്ങള്‍ പേര്‍ഷ്യയിലെ ക്നായി എന്ന ഗ്രാമത്തില്‍ നിന്നും മലബാറില്‍ വന്നു. അവര്‍ കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാളിന്‍റെ കൊട്ടാരത്തിന്‍റെ തെക്കുഭാഗത്ത് താമസിച്ചതു കൊണ്ടാകണം ക്നാനായ സമുദായത്തിന് തെക്കുംഭാഗര്‍ എന്ന പേരുണ്ടായത്. വടക്കുഭാഗത്തായി താമസിച്ചിരുന്ന നാട്ടുക്രിസ്ത്യാനികള്‍ വടക്കുഭാഗര്‍ എന്നും അറിയപ്പെട്ടു [1].

പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചൂഗീസ് ആധിപത്യം ശക്തമാകും വരെ പേര്‍ഷ്യന്‍ സഭയുമായുള്ള ബന്ധം തുടര്‍ന്നു പോന്നു. നാലാം നൂറ്റാണ്ടു മുതല്‍ പേര്‍ഷ്യയില്‍ നിന്ന് മെത്രാന്മാര്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നതായി വ്യക്തമായ തെളിവുകളുണ്ട്. കുറെക്കാലത്തേക്ക് പേര്‍ഷ്യന്‍ സഭ ഇന്ത്യയിലെ സഭയുടെ മേല്‍ ഭരണാധികാരം ഉള്ള സഭയായി വര്‍ത്തിച്ചിരുന്നു  എന്ന് ചരിത്രം പറയുന്നുണ്ടെങ്കിലും ഏഴാം നൂറ്റാണ്ടില്‍ പാത്രിയാര്‍ക്ക് ഈശോയാബ് മൂന്നാമന്‍ (649-660) ഈ അധികാരം നിര്‍ത്തല്‍ ചെയ്തു. തത്ഫലമായി ഇന്ത്യന്‍ സഭ പാത്രിയാര്‍ക്കിന്‍റെ കീഴിലുള്ള ഒരു സ്വതന്ത്രമെത്രാപ്പോലീത്തന്‍ സഭയായി കണക്കാക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ മുഴുവന്‍റെയും ത്രൊപ്പോലീത്തായായി അധികാരമുള്ള ഒരാളെ പേര്‍ഷ്യന്‍ സഭയുടെ പാത്രിയാര്‍ക്കീസ് പട്ടം നല്കി നിയോഗിക്കുന്ന പതിവ് വന്നു. "ഇന്ത്യ മുഴുവന്‍റെയും മെത്രാപ്പോലീത്ത" എന്നാണ് സഭാതലവന്‍ അറിയപ്പെട്ടിരുന്നത്. മാര്‍തോമാക്രിസ്ത്യാനികളുടെ മേല്‍ നിയമപരമായ അധികാരം പൗരസ്ത്യസഭയുടെ പാത്രിയാര്‍ക്കീസിനായിരുന്നു. പക്ഷെ സഭയുടെ ഭരണത്തില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല. അതുകൊണ്ട് പേര്‍ഷ്യന്‍ സഭയുമായുള്ള ബന്ധം ഇന്ത്യന്‍ സഭയുടെ സ്വയാധികാരത്തിന് ഹാനികരമായിരുന്നില്ല. ഇന്ത്യയിലേക്ക് വന്ന കല്‍ദായ മെത്രാപ്പോലീത്ത സഭയുടെ ആദ്ധ്യാത്മികതലവനായിരുന്നു എന്നല്ലാതെ ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. മാര്‍തോമാക്രിസ്ത്യാനികളുടെ സഭയില്‍ മാത്രം കാണുന്ന ഒന്നാണ് "ആര്‍ച്ചുഡീക്കന്‍ പദവി". സഭയുടെ മേല്‍ എല്ലാ അധികാരങ്ങളും ഉള്ള വ്യക്തിയായിരുന്നു ആര്‍ച്ചുഡീക്കന്‍. "ഇന്ത്യയുടെ മുഴുവന്‍ ആര്‍ച്ചുഡീക്കന്‍" എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. "ജാതിക്കു കര്‍ത്തവ്യന്‍"  എന്നാണ് സഭയുടെ ആര്‍ച്ചുഡീക്കനായ വൈദികനെ പ്രാദേശികഭാഷയില്‍ വിളിച്ചിരുന്നത്. ഇന്ത്യന്‍സഭാചരിത്രത്തില്‍ ജനായത്തരീതിയിലുള്ള ഭരണക്രമത്തിന്‍റെ അടയാളമായി നിലകൊള്ളുന്ന പള്ളിയോഗങ്ങളിലൂടെ സഭയുടെ ഭരണം ആര്‍ച്ചുഡീക്കന്‍ നിര്‍വ്വഹിച്ചുപോന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ, കൃത്യമായി പറഞ്ഞാല്‍ ആര്‍ച്ചുഡീക്കന്‍ മാത്യു 1706-ല്‍ മരിച്ചതോടെ പോര്‍ച്ചുഗീസ് മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി പരമ്പരാഗതമായ സഭയുടെ ഈ നേതൃത്വം എന്നേക്കുമായി ഇല്ലാതായി. 

2. പോര്‍ച്ചുഗീസ് ആധിപത്യത്തിന്‍റെ കാലഘട്ടം

വാസ്കോ ഡി ഗാമ 1498-ല്‍ കോഴിക്കോട് വന്നിറങ്ങി. പോര്‍ച്ചുഗലില്‍ നിന്ന് ഗാമയുടെ നേതൃത്വത്തില്‍ മലബാറിലേക്ക് വന്ന നാവികസംഘത്തിന്‍റെ പ്രധാന ഉദ്ദേശ്യം കച്ചവടമായിരുന്നെങ്കിലും അതോടൊപ്പം മതപരമായ താത്പര്യങ്ങളും ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ ക്രൈസ്തവസമൂഹത്തെക്കുറിച്ച് തന്‍റെ നാട്ടില്‍ തിരിച്ചെത്തിയ വാസ്കോ ഡി ഗാമ അറിവു നല്കി. പോര്‍ച്ചുഗലിലെ രാജാവിനെയും ഇന്ത്യയിലെ കാര്യങ്ങള്‍ ധരിപ്പിച്ചു. 1500-ല്‍ അല്‍വാരസ് കബ്രാളിന്‍റെ നേതൃത്വത്തില്‍ രണ്ടാമത് വന്ന പോര്‍ച്ചുഗീസ് സംഘത്തോടൊപ്പം മിഷനറിമാരായ വൈദികരു മുണ്ടായിരുന്നു. 1502-ല്‍ വാസ്കോ ഡി ഗാമ വീണ്ടും ഇന്ത്യയിലെത്തി. കോഴിക്കോടിനേക്കാള്‍ കൊച്ചിയാണ് പോര്‍ച്ചുഗീസ് സംഘം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി താവളമാക്കിയത്. മൂന്നാം പൗലോസ് മാര്‍പാപ്പയുടെ കല്പന പ്രകാരം 1533-ല്‍ ഗോവാ രൂപത സ്ഥാപിതമായി.  ഗുഡ്ഹോപ്പ് മുനമ്പ് മുതല്‍ ചൈന വരെയുള്ള പോര്‍ച്ചുഗീസ് സ്വാധീനത്തിന്‍ കീഴിലുള്ള കിഴക്കന്‍ രാജ്യങ്ങളെല്ലാം ഗോവരൂപതയുടെ കീഴില്‍ വന്നു. 1558-ല്‍ കൊച്ചി രൂപതയും സ്ഥാപിതമായി. ഈ സാഹചര്യത്തില്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ സഭ നേരിട്ടത് പോര്‍ച്ചുഗീസ് വെല്ലുവിളിയാണ്. ഇവിടുത്തെ സഭാഭരണത്തെ അത് ഉലച്ചു. വിദേശക്രിസ്ത്യാനികളുമായി പ്രത്യേകിച്ച് അവരുടെ പോര്‍ച്ചുഗീസ് അധികാരികളുമായി അത് നിരന്തരസംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തു. സഭയുടെ ഭരണക്രമം തന്നെ തകര്‍ന്നു എന്നതാണ് വാസ്തവം.

അങ്ങനെ നൂറ്റാണ്ടുകളായി ഇന്ത്യന്‍ സഭയ്ക്കുണ്ടായിരുന്ന സ്വയാധികാരവും തനിമയും നഷ്ടപ്പെട്ടു. ഇന്ത്യയില്‍ വന്ന മിഷനറിമാര്‍ പ്രതിനിധാനം ചെയ്ത പാശ്ചാത്യസഭയും മാര്‍തോമാക്രിസ്ത്യാനികളുടെ പൗരസ്ത്യ സുറിയാനിസഭയും തമ്മില്‍ വീക്ഷണത്തിലും മനോഭാവത്തിലും വളരെ വ്യത്യാസങ്ങളുണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരെ സംബന്ധിച്ച് സഭയുടെ ശുദ്ധമായ രൂപം ലത്തീന്‍ പാരമ്പര്യമുള്ള പാശ്ചാത്യസഭയായിരുന്നു. മത്തിയാസ് മുണ്ടാടന്‍ ചൂണ്ടിക്കാണിക്കു ന്നത് ശ്രദ്ധേയമാണ്: "പോര്‍ച്ചുഗീസുകാര്‍ മറ്റെല്ലാ സഭകളിലുമെന്നതു പോലെ മാര്‍തോമാക്രിസ്ത്യാനികളോടും ധാരണയും സഹാനുഭൂതി യും പുലര്‍ത്തിയിരുന്നുവെന്നുള്ളത് ശരിയാണ്. പക്ഷേ, എപ്പോഴും അവരുടെ ക്രൈസ്തവ ഭാവരൂപങ്ങള്‍ക്ക് മേല്‍മനോഭാവം കല്പിച്ചു പോന്നു. സമ്പൂര്‍ണ്ണക്രൈസ്തവരാകാന്‍ അവര്‍ മൗലികമെന്നു കരുതിയ പാശ്ചാത്യരൂപത്തോട് അനുരൂപപ്പെടണമെന്നായിരുന്നു നിലപാട്. പ്രാദേശികവഴക്കങ്ങളും വിവിധ റീത്തുകളുടെ പ്രബലതയും അടിച്ചമര്‍ത്തേണ്ട ദുഷ്പ്രവണതകളോ അബദ്ധങ്ങളോ ആയാണ് അവര്‍ കണ്ടത്. ക്രൈസ്തവരെല്ലാം എല്ലാത്തിലും പോര്‍ച്ചുഗീസു കാരോട് പൊരുത്തപ്പെട്ടിരിക്കണം. മൗലികമായ അവരുടെ ഈ കാഴ്ചപ്പാട് തുടര്‍ന്ന് കാണാം." [2]മാര്‍തോമാക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായിരുന്നു. "ലത്തീന്‍ ക്രൈസ്തവരൂപമാണ് യഥാര്‍ത്ഥ ക്രിസ്തുമതമെന്ന് സങ്കല്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ സങ്കല്പം ഏറെക്കുറെ താഴെക്കാണും വിധമാണ്. മാര്‍തോമാ ക്രിസ്ത്യാനികളും പോര്‍ച്ചുഗീസുകാരും ക്രൈസ്തവര്‍ തന്നെ. ഇരുകൂട്ടരും സാര്‍വ്വത്രികസഭയില്‍ ഉള്‍പ്പെട്ടവര്‍. ഓരോ പ്രാദേശിക സമൂഹത്തിനും അതാതിന്‍റെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. സഭയിലെ അച്ചടക്കം ഉള്‍പ്പെടെ ഈ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ അപ്പസ്തോലന്മാരുടെ കാലംമുതല്‍ ഉള്ളതായിരിക്കണം. സാമൂഹികവും സാംസ്കാരികവുമായ അവ ഉപേക്ഷിക്കാന്‍ വയ്യ. പല നൂറ്റാണ്ടുകളോളം പാവനമായി കരുതിപ്പോന്നതാണവ. പാശ്ചാത്യക്രൈസ്തവവിചാരങ്ങളില്‍ ആവശ്യമെന്നു തോന്നിയവ സ്വീകരിക്കാന്‍ അവര്‍ മടികാണിച്ചില്ല." (54)1542-ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇന്ത്യയില്‍ വന്നു. മാര്‍തോമാക്രിസ്ത്യാനികളുമായി സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ ബന്ധമാണ് ഫ്രാന്‍സിസ് സേവ്യറിന് അവരുമായി ഉണ്ടായിരുന്നത്.

മാര്‍തോമാക്രിസ്ത്യാനികളെക്കുറിച്ചും അവരുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ യാക്കോബിനെക്കുറിച്ചും വളരെ മതിപ്പോടെയാണ് ഫ്രാന്‍സിസ് സേവ്യര്‍ തന്‍റെ കത്തുകളില്‍ പരാമര്‍ശിക്കുന്നത്. പക്ഷേ പോര്‍ച്ചുഗീസുകാരുടെ പൊതുമനോഭാവം മറ്റൊന്നായിരുന്നു. 1556-ല്‍ പേര്‍ഷ്യയില്‍ നിന്നെത്തിയ മാര്‍ ജോസഫ് മെത്രാപ്പോലീത്തായ്ക്ക് പോര്‍ച്ചുഗീസുകാരില്‍ നിന്നും വളരെ യാതനകളും പീഢനങ്ങളും ഉണ്ടായി. മാര്‍ ജോസഫില്‍ പാഷണ്ഡത ആരോപിച്ച് വിസ്താരത്തിന് ലിസ്ബണിലേക്കും അവിടന്ന് റോമിലേക്കും അദ്ദേഹത്തെ കൊണ്ടു പോയി. റോമില്‍ വച്ച് 1569-ല്‍ മാര്‍ ജോസഫ് നിര്യാതനായി. മലബാറില്‍ മെത്രാപ്പോലീത്താ ഇല്ലാതെവന്നപ്പോള്‍ മാര്‍തോമാക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം പേര്‍ഷ്യന്‍ പാത്രിയര്‍ക്കീസ് മാര്‍ അബ്രാഹത്തെ മലബാറിലേക്കയച്ചു. മാര്‍ അബ്രാഹത്തിനോടും പോര്‍ച്ചുഗീസ്മനോഭാവം മറ്റൊന്നായി രുന്നില്ല. ലിസ്ബണിലും റോമിലും തന്‍റെ സത്യവിശ്വാസവും നിഷ്കളങ്കതയും മാര്‍ അബ്രാഹം വ്യക്തമാക്കി. 1597-ല്‍ മാര്‍തോമാക്രിസ്ത്യാനികളുടെ അവസാനത്തെ പൗരസ്ത്യസുറിയാനി മെത്രാപ്പോലീത്തായായ മാര്‍ അബ്രാഹം അന്തരിച്ചു. മാര്‍ അബ്രാഹത്തിന്‍റെ മരണത്തോടെയാണ് മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ നിര്‍ണ്ണായകസംഭവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 1598 ഡിസംബര്‍ 27 ന് ഗോവായിലെ മെനേസിസ് മെത്രാപ്പോലീത്ത മലബാറിലേക്ക് തിരിച്ചു. കൊച്ചിയിലെത്തിയ ആര്‍ച്ചുബിഷപ്പ് മെനേസിസ് മാര്‍തോമാ ക്രിസ്ത്യാനികളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. എതിര്‍പ്പുകളുണ്ടായപ്പോള്‍ അതിനെ അതിജീവിക്കാന്‍ അദ്ദേഹം ഉപായങ്ങള്‍ കണ്ടെത്തി. മാര്‍തോമാക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിച്ചും പലര്‍ക്കും പട്ടം നല്കിയും സമ്മാനങ്ങള്‍ നല്കിയും വളരെപ്പേരെ തനിക്കനുകൂലമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം ലക്ഷ്യം വച്ച സഭായോഗമാണ് ഉദയംപേരൂര്‍ സൂനഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നത്. 1599 ജൂണ്‍ 20- ന് ഈ സൂനഹദോസ് സമാരംഭിച്ചു. സൂനഹദോസ് വഴിയായി ശക്തമായ എതിര്‍പ്പുകളെ ഇല്ലാതാക്കിക്കൊണ്ട് സത്യവിശ്വാസസംരക്ഷണവും സുറിയാനി ആരാധനാക്രമം അപ്പാടെ മാറ്റി പകരം ലത്തീന്‍ രീതിയിലുള്ള ആരാധനാക്രമവും പാശ്ചാത്യസഭാരീതികളും നടപ്പിലാക്കുന്നതിന് ആര്‍ച്ചുബിഷപ് മെനേസിസിന് സാധിച്ചു. ഒരു ഏതദ്ദേശിയ സഭയുടെ പതിവുകള്‍ക്ക് കടകവിരുദ്ധമായ തീരുമാനങ്ങളാണ് സൂനഹദോസി ലൂടെ നിര്‍ദ്ദേശിക്കപ്പെട്ടത് [3]. സുറിയാനി ആരാധനാ ഗ്രന്ഥങ്ങളില്‍ പാഷണ്ഡത ആരോപിച്ചു കൊണ്ട് അവയെല്ലാം അസാധുവാക്കു കയും നശിപ്പിക്കുകയും ചെയ്തു. "തോമ്മായുടെ നിയമം" ഇല്ലാതാ ക്കാനും പൗരസ്ത്യ സുറിയാനിറീത്തിന് പകരം ലത്തീന്‍റീത്ത് നടപ്പിലാക്കാനുള്ള നിയമനിര്‍മ്മാണവും ഉദയംപേരൂര്‍ സൂനഹദോസിലുണ്ടായി4. കുര്‍ബാനയും മറ്റ് കൂദാശകളുമെല്ലാം ലത്തീന്‍ക്രമത്തിലാക്കി. സുറിയാനിഭാഷയോട് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്ന പ്രത്യേകതാത്പര്യം മുന്‍നിര്‍ത്തി ഉദയംപേരൂര്‍സൂനഹദോസ് ആ ഭാഷയെ ഇല്ലാതാക്കാന്‍ ശ്രമിച്ചില്ല.

തോമ്മാശ്ലീഹാ തന്നെ തങ്ങള്‍ക്ക് നല്കിയ ആരാധനാഭാഷയായാണ് അവര്‍ സുറിയാനിഭാഷയെ കണ്ടത്. എല്ലാ ലത്തീന്‍ക്രമങ്ങളും സുറിയാനിഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാനാണ് നിര്‍ദ്ദേശിച്ചത്. സൂനഹദോസിന് ശേഷം 1599 ഡിസംബര്‍ 20 ന് അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്താസ്ഥാനം ഇല്ലാതാക്കുകയും അതിനെ ഗോവ അതിരൂപതയുടെ സാമന്തരൂപതയാക്കി മാറ്റുകയും ചെയ്തു. അതോടൊപ്പം തന്നെ ക്ലെമന്‍റ് എട്ടാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് റോസ് എന്ന ഈശോസഭാവൈദികനെ മാര്‍ അബ്രാഹം മെത്രാപ്പോലീത്തായുടെ പിന്ഗാമിയായി നിയമിച്ചു. മാത്രമല്ല, 1600-ല്‍ അങ്കമാലി അതിരൂപതയെ പോര്‍ച്ചുഗീസ് രാജാവിന്‍റെ സംരക്ഷണത്തിന്‍ കീഴില്‍ ആക്കുകയും ചെയ്തു. 1896-ല്‍ ജൂലൈ 28-ന് മലബാര്‍ സഭയ്ക്കായി മൂന്ന് വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെടുന്നത് വരെ സുറിയാനിക്കാരുടെമേല്‍ ലത്തീന്‍ഭരണം തുടര്‍ന്നു. അങ്കമാലി മെത്രാപ്പോലീത്താസ്ഥാനവും ഭരണപാരമ്പര്യവും ഇല്ലായ്മചെയ്ത് ലത്തീന്‍സഭയുടെ ഒരു കീഴ്രൂപതയാക്കി ത്തീര്‍ക്കുകയും ചെയ്തത് മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് ഏറെ ഖേദകരമായിരുന്നു. എങ്ങനെയെങ്കിലും തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് തിരികെക്കിട്ടണമെന്ന് അവര്‍ ആഗ്രഹിച്ചു. 1608-ല്‍ പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ അങ്കമാലിയുടെ മെത്രാപ്പോലീത്താസ്ഥാനം തിരികെ നല്കി. അതോടൊപ്പം അങ്കമാലിയില്‍ നിന്ന് പുരാതനമെത്രാപ്പോലീത്താ ആസ്ഥാനമായ കൊടുങ്ങല്ലൂര്‍ക്ക് സഭാകേന്ദ്രത്തെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.

1610-ല്‍ അങ്കമാലി അതിരൂപതയുടെയും കൊച്ചി രൂപതയുടെയും അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചുകൊണ്ട് പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ ഉത്തരവായി. ഈ അവസ്ഥയില്‍ മാര്‍തോമ്മാക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും അങ്കമാലി അതിരൂപതയിലും കുറേപ്പേര്‍ കൊച്ചിരൂപതയിലും പെട്ടവരായി. അങ്കമാലി അതിരൂപതയ്ക്ക് അതിര്‍ത്തി നിശ്ചയിച്ചതോടെ ഇന്ത്യ മുഴുവനും ഉള്‍ക്കൊള്ളുന്ന വിശാലമായ ഭരണാധികാരം അതിനില്ലാതായി.മാര്‍തോമ്മാക്രിസ്ത്യാനികളുടെ ആദ്യത്തെ ലത്തീന്‍ മെത്രാനായി ഭരണമേറ്റ ഫ്രാന്‍സിസ് റോസിനെ (1599-1624) തുടര്‍ന്ന്  വന്ന മെത്രാന്മാരാണ് സ്റ്റീഫന്‍ ബ്രിട്ടോ (1624-1641), ഫ്രാന്‍സിസ് ഗാര്‍സിയ (1641-1659) എന്നിവര്‍. ഇവരെല്ലാവരും ഉദയംപേരൂര്‍സൂനഹദോസിന്‍റെ കല്പനകളനുസരിച്ച് മാര്‍തോമ്മാക്രിസ്ത്യാനികളെ ലത്തിനീകരി ക്കാന്‍ പോര്‍ച്ചുഗീസ് പദ്ധതിപ്രകാരം വേണ്ടതെല്ലാം ചെയ്തു. തന്‍റെ മെത്രാന്‍ഭരണത്തിന്‍കീഴില്‍ പൂര്‍ണ്ണമായും എല്ലാവരെയും നേരിട്ട് കൊണ്ടുവരുന്നതിന് ഫ്രാന്‍സിസ് ഗാര്‍സിയ എല്ലാക്കാര്യങ്ങളില്‍ നിന്നും ആര്‍ച്ച്ഡീക്കനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു. ഇത് ഗാര്‍സിയ മെത്രാപ്പോലീത്തയും ആര്‍ച്ചുഡീക്കനും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി. ഇതോടൊപ്പം പോര്‍ച്ചുഗീസ് അധികാരികളുടെ മനോഭാവവും ഇതരനടപടിക്രമങ്ങളും എല്ലാം കൂടിയായപ്പോള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികളില്‍ വെറുപ്പും വേദനയും ഉളവായി. തങ്ങളുടെ സഭാപാരമ്പര്യത്തിലേക്ക് തിരിച്ചു പോകാന്‍ പ്രത്യേകിച്ച് തങ്ങളുടെ തന്നെ രീതിയില്‍പ്പെട്ട മെത്രാനെ കിട്ടാന്‍ സഹായമഭ്യര്‍ ത്ഥിച്ചുകൊണ്ട് റോമിലേക്കും പൗരസ്ത്യസഭയുടെ പാത്രിയാര്‍ക്കീസു മാര്‍ക്കും ആര്‍ച്ചുഡീക്കന്‍ അപേക്ഷകള്‍ അയച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൗരസ്ത്യസുറിയാനിസഭയില്‍ നിന്നും സിറില്‍ മാര്‍ അഹത്തള്ള ഇന്ത്യയുടെ മെത്രാപ്പോലീത്തായായി പേര്‍ഷ്യയില്‍ നിന്നും വന്നത്.

പോര്‍ച്ചുഗീസ് തടസ്സങ്ങള്‍ കാരണം അദ്ദേഹത്തെ കാണാന്‍ പോലും മാര്‍ത്തോമാക്രിസ്ത്യാനികള്‍ക്കായില്ല. ഈ കാലയളവിലെ പ്രതിസന്ധിയും വൈഷമ്യങ്ങളുമാണ് കൂനന്‍കുരിശ് സംഭവത്തിലേക്ക് നയിക്കുന്നത്. 1651 ജനുവരി മൂന്നാം തിയതി വെള്ളിയാഴ്ച ആര്‍ച്ച്ഡീക്കന്‍റെയും വൈദികരുടെയും നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ പരിശുദ്ധ മാതാവിന്‍റെ പള്ളിയില്‍ ഒരുമിച്ചുകൂടിയ മാര്‍തോമ്മാക്രിസ്ത്യാനികള്‍ കുരിശില്‍ കയറുകെട്ടി അതില്‍ മുറുകെ പിടിച്ചുകൊണ്ട് മിഷനറിമാരെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സഭയെയും ജീവനുള്ളിടത്തോളം കാലം ഞങ്ങളംഗീകരിക്കുകയില്ലാ എന്ന് ശപഥംചെയ്തു.  പോര്‍ച്ചുഗീസ് ആധിപത്യത്തിനും പാശ്ചാത്യവത്കരണത്തിനും എതിരായ പ്രതിഷേധമായിരുന്നു കൂനന്‍കുരിശു സത്യം. പോര്‍ച്ചുഗീസ്സഭാ ഭരണനേതൃത്വം ഇതിനെ ശീശ്മയായിട്ടാണ് കണ്ടത്. യഥാര്‍ത്ഥത്തില്‍ അത് റോമാമാര്‍പാപ്പയ്ക്ക് എതിരായ നിലപാടല്ലായിരുന്നു  കൂനന്‍കുരിശ് പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയെന്നവണ്ണം 1653 മെയ് 22-ന് ആലങ്ങാട് പള്ളിയില്‍ വച്ച് പന്ത്രണ്ട് വൈദികര്‍ ചേര്‍ന്ന് ആര്‍ച്ചുഡീക്കനായിരുന്ന തോമസ് പറമ്പിലിന്‍റെ മേല്‍ കൈവയ്പ് വഴി അദ്ദേഹത്തെ മെത്രാനായി വാഴിച്ചു. മാര്‍ത്തോമാ ഒന്നാമന്‍ എന്ന പേര് അദ്ദേഹത്തിന് നല്കി. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ റോമാസിംഹാസനത്തിന്‍റെ ഇടപെടല്‍ പെട്ടെന്നുണ്ടായി. 1661-ല്‍ മാര്‍ തോമസ് സെബസ്ത്യാനി എന്ന കര്‍മ്മലീത്താ വൈദികനെ മലബാര്‍ ക്രിസ്ത്യാനിക ളുടെ മെത്രാനായി റോമില്‍ നിന്നും നിയമിച്ചു. പക്ഷെ, 1663-ല്‍ ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുത്തതുകൊണ്ട് യൂറോപ്പില്‍നിന്നുള്ള ഡച്ചുകാരല്ലാത്ത എല്ലാവരും രാജ്യംവിട്ടു പോകേണ്ടിവന്നു. അതുകൊണ്ട് മാര്‍ സെബസ്ത്യാനിക്ക് തുടരുവാന്‍ കഴിഞ്ഞില്ല. മലബാറില്‍ നിന്ന് പോകുന്നതിന് മുമ്പ് അദ്ദേഹം അലക്സാണ്ടര്‍ പറമ്പില്‍ അച്ചനെ പട്ടം നല്കി മാര്‍തോമാക്രിസ്ത്യാനികളുടെ മെത്രാനായി നിയമിച്ചു. പറമ്പില്‍ അലക്സാണ്ടര്‍ മെത്രാന്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് സ്വീകാര്യനായ വ്യക്തിയായിരുന്നു. പക്ഷെ, അദ്ദേഹത്തിന്‍റെ കാലശേഷം വീണ്ടും സ്വന്തം റീത്തില്‍നിന്നും മലബാര്‍ ക്രിസ്ത്യാനി കള്‍ക്ക് മെത്രാനെ ലഭിക്കാതായി.  ഗോവായില്‍ ജനിച്ച പോര്‍ച്ചുഗീസു കാരനായ ഫിഗുറേദോ 1677-ല്‍ മെത്രാനായി നിയമിക്കപ്പെട്ടു. 1695-ല്‍ അദ്ദേഹം മരിച്ചു. ഇതിനിടയില്‍ മാര്‍ത്തോമ്മാ ഒന്നാമന്‍ എന്ന പേരില്‍ മെത്രാനായി അവരോധിക്കപ്പെട്ട ആര്‍ച്ചുഡീക്കന്‍ തോമസിന്‍റെ കൂടെ നിന്നിരുന്ന മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ അന്ത്യോക്യന്‍ ലിറ്റര്‍ജി സ്വീകരിച്ച് യാക്കോബായ ഓര്‍ത്തഡോക്സ് സഭയായി തീരുകയാണ് ചെയ്തത്. 

മലബാര്‍ സഭയുടെ പരാധീനതകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ശക്തിപ്പെട്ടു. റോമിലേക്കുള്ള അപേക്ഷകളുടെ ഫലമായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനുള്ള പാത തെളിഞ്ഞുകൊണ്ടിരുന്നു. മലബാര്‍ സഭയില്‍ ഐക്യത്തിനും സ്വയാധികാരത്തിനും വേണ്ടി ലിസ്ബണില്‍ വച്ച് മെത്രാന്‍പട്ടം സ്വീകരിച്ച മാര്‍ ജോസഫ് കരിയാറ്റിലും ഗോവര്‍ണദോര്‍ ആയിരുന്നിരുന്ന തോമസ് പാറേമ്മാക്കലും റോമിലേക്കും പോര്‍ച്ചുഗലിലേക്കും യാത്ര ചെയ്തതും അതോടൊപ്പം സഹിച്ച കഷ്ടപ്പാടുകളും ക്ലേശങ്ങളും "വര്‍ത്തമാനപ്പുസ്തകം" എന്ന പ്രശസ്തഗ്രന്ഥത്തില്‍ നിന്നും മനസ്സിലാക്കാം. കൊടുങ്ങല്ലൂരിന്‍റെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ട മാര്‍ ജോസഫ് കരിയാറ്റില്‍ അപ്രതീക്ഷിതമായി ഗോവായില്‍വച്ച് മരിച്ചത് സഭയ്ക്ക് ഒരു തീരാനഷ്ടമായിത്തീര്‍ന്നു. പാറേമ്മാക്കലിനെ മെത്രാനായി നിയമിക്കണമെന്ന് മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ആവശ്യപ്പെട്ടിട്ടും അങ്ങനെ ചെയ്യാതിരുന്നത് സഭയുടെ ദുരവസ്ഥ തുടരുന്നതിന് കാരണമായി. ഒരു സഭയുടെ ന്യായമായിട്ടുള്ള അവകാശമായ നേതൃശുശ്രൂഷ ലഭിക്കുന്നതിന് സഭയ്ക്കുള്ളില്‍ നിന്ന് ആരെയും സ്വീകരിക്കാന്‍ പാടില്ലെന്ന മിഷനറിമാരുടെ നിലപാട് ദീര്‍ഘകാല ത്തേക്ക് സഭാജീവിതത്തില്‍ പ്രതിബന്ധമായി നിലകൊണ്ടു. ഇതിനകം ഒരു വിഭാഗം മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ കത്തോലിക്കാസഭയ്ക്ക് പുറത്ത് അഭയം തേടിയിരുന്നു. 1930-ല്‍ അതില്‍ നിന്ന് ഒരു വിഭാഗം കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടു. ഇന്ന് കത്തോലക്കാസഭയില്‍പ്പെടുന്ന സീറോമലബാര്‍സഭയിലെയും മലങ്കരസഭയിലെയും അംഗങ്ങളും യാക്കോബായ ഓര്‍ത്തഡോക്സ് സഭകളിലെയും ഇതര അകത്തോലിക്കാസഭകളിലേയും മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തില്‍പ്പെടുന്ന അംഗങ്ങളും മലബാറിലെ ക്രിസ്ത്യാനികളുടെ സ്വയാധികാരവും അവകാശങ്ങളും സംരക്ഷിക്കു ന്നതിന് പോരാടിയവരാണ്. 

3. ഹയരാര്‍ക്കിയുടെ സ്ഥാപനവും സഭയുടെ വളര്‍ച്ചയും

1877-ല്‍ ലിയോ 13-ാമന്‍ മാര്‍പാപ്പ മാര്‍ത്തോമ്മാക്രിസ്ത്യാനികളെ ലത്തീന്‍ഭരണത്തിന്‍കീഴില്‍ നിന്നും വേര്‍തിരിച്ച് അവര്‍ക്കായി കോട്ടയത്തും തൃശ്ശൂരും രണ്ട് വികാരിയാത്തുകള്‍ സ്ഥാപിച്ചു. കോട്ടയത്ത് ചാള്‍സ് ലെവീഞ്ഞും തൃശ്ശൂര് അഡോള്‍ഫ് മെഡ്ലിക്കോട്ടും അപ്പസ്തോലിക് വികാരിമാരായി ചുമതലയേറ്റു. വികാരിയാത്തുകളെ സ്ഥാപിച്ചു കൊണ്ടുള്ള അപ്പസ്തോലിക തിരുവെഴുത്തില്‍ "സീറോമലബാര്‍" എന്ന പുതിയ പേര് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. 1890-ല്‍ ചാള്‍സ് ലെവീഞ്ഞ് തന്‍റെ ആസ്ഥാനം കോട്ടയത്തു നിന്ന് ചെങ്ങനാശ്ശേരിയിലേക്ക് മാറ്റി. സ്വന്തം നാട്ടുകാരായ മെത്രാന്മാരെ ലഭിക്കുന്നതിനുള്ള സീറോ മലബാര്‍ ക്രിസ്ത്യാനികളുടെ നിരന്തര മുള്ള ആവശ്യം പരിഗണിച്ച് നിലവിലിരുന്ന വികാരിയാത്തുകളെ തൃശ്ശൂര്‍, ചെങ്ങനാശ്ശേരി, എറണാകുളം എന്നിങ്ങനെ മൂന്നായി പുനര്‍ക്രമീകരിച്ചു കൊണ്ട് റോമില്‍ നിന്നും 1896, ജൂലൈ 28-ാം തിയതി പ്രഖ്യാപനമുണ്ടായി. അതനുസരിച്ച് ജോണ്‍ മേനാച്ചേരിയെ തൃശ്ശൂരും മാത്യു മാക്കിലിനെ ചെങ്ങനാശ്ശേരിയിലും അലോഷ്യസ് പഴേപറമ്പിലിനെ എറണാകുളത്തും   അധികാരികളായി നിയമിച്ചു. സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിന്‍റെ തെക്ക് പമ്പാനദിയും വടക്ക് ഭാരതപ്പുഴയും അതിര്‍ത്തികളായി നിശ്ചയിച്ചു. ഈ പ്രദേശത്തിന് വെളിയില്‍ ജീവിച്ചിരുന്ന സീറോമലബാര്‍ വിശ്വാസികള്‍ സ്ഥലത്തെ ലത്തീന്‍ രൂപതകളിലെ അംഗങ്ങളായി നിലകൊണ്ടു. 1911 ഓഗസ്റ്റ് 21-ന് പത്താം പിയൂസ് മാര്‍പാപ്പ തെക്കുംഭാഗര്‍ക്ക് മാത്രമായി കോട്ടയത്ത് ഒരു വികാരിയത്ത് സ്ഥാപിച്ചു. മാത്യു മാക്കില്‍ അതിന്‍റെ അധികാരിയായി നിയമിക്കപ്പെട്ടപ്പോള്‍ ചെങ്ങനാശ്ശേരിയില്‍ തോമസ് കുര്യാളശ്ശേരി ചുമതലയേറ്റു.1917 മെയ് 1 ന് പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘം റോമില്‍ സ്ഥാപിതമായപ്പോള്‍ സീറോ-മലബാര്‍ സഭ അതിന്‍റെ കീഴില്‍ വന്നു. 1923 ഡിസംബര്‍ 21-ാം തിയതി 11-ാം പിയൂസ് മാര്‍പാപ്പ എറണാകുളം അതിരൂപത സ്ഥാപിക്കുകയും തൃശ്ശൂര്‍, ചെങ്ങനാശ്ശേരി, കോട്ടയം എന്നിവ അതിരൂപതയില്‍പ്പെടുന്ന മൂന്ന് സാമന്തരൂപതകളായി നിര്‍ദ്ദേശിക്കുകയും ചെയ്തു.

പൗരസ്ത്യസഭകളുടെ പാരമ്പര്യമനു സരിച്ച് പാത്രിയാക്കീസ്, കാതോലിക്കോസ്, മേജര്‍ ആര്‍ച്ചുബിഷപ്പ് എന്നീ ഏതെങ്കിലും നിലയിലുള്ള പൊതുവായ ഒരു തലവനോടു കൂടിയല്ല സീറോ മലബാര്‍ ഹയരാര്‍ക്കിക്ക് രൂപം നല്കപ്പെട്ടത്. ലത്തീന്‍സഭയിലെ രൂപതകള്‍ പോലെ റോമിനെ ആശ്രയിച്ചു നിലനില്ക്കുന്ന ഹയരാര്‍ക്കിയാണ് സീറോമലബാറിന് ലഭിച്ചത്. സീറോ മലബാര്‍ സഭയ്ക്ക് ഒരു ഹയരാര്‍ക്കി ഉണ്ടായത് അതിനെ പുരോഗതിയിലേക്ക് നയിച്ചു. 1950 ജൂലൈ 25-ാം തിയതി ചെങ്ങനാശ്ശേരിരൂപതയെ വിഭജിച്ചുകൊണ്ട് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ പാലാരൂപത സ്ഥാപിച്ചു. പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ തന്നെ 1953 ഡിസംബര്‍ 31-ാം തിയതി കേരളത്തിന്‍റെ വടക്കന്‍ മേഖലയിലെ കുടിയേറ്റക്കാര്‍ക്കായി തലശ്ശേരിരൂപത സ്ഥാപിച്ചു. അതേ മാര്‍പാപ്പ തന്നെ 1956 ജൂലൈ 29-ാം തിയതി എറണാകുളംഅതിരൂപതയെ വിഭജിച്ചു കൊണ്ട് കോതമംഗലംരൂപത സ്ഥാപിച്ചു.  പൗരസ്ത്യസഭകള്‍ക്കായുള്ള റോമിലെ തിരുസംഘം 1955-ല്‍ ചങ്ങനാശ്ശേരി, തൃശ്ശൂര്‍, തലശ്ശേരി രൂപതകളുടെ അതിര്‍ത്തികള്‍ വിശാലമാക്കിക്കൊണ്ട് കല്പന പുറപ്പെടുവിച്ചു. കേരളത്തിലും വെളിയിലുമുള്ള എല്ലാ സീറോമലബാര്‍ വിശ്വാസികള്‍ക്കും ആത്മീയ ശുശ്രൂഷ ലഭ്യമാക്കുകയായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം. ഇതിന്‍റെ ഫലമായി കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ലത്തീന്‍ രൂപതാതിര്‍ത്തികള്‍ക്കുള്ളിലും സീറോമലബാര്‍ സഭയ്ക്ക് സാന്നിദ്ധ്യമുണ്ടായി. 1956 ജൂലൈ 29-ാം തിയതി ചങ്ങനാശ്ശേരി അതിരൂപതയായി ഉയര്‍ത്തപ്പെടുകയും കോട്ടയവും പാലായും അതിന്‍റെ സാമന്തരൂപതകളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1970-കളിലും 1980-കളിലും സീറോമലബാര്‍സഭയിലെ എറണാകുളം ചങ്ങനാശ്ശേരി എന്നീ രണ്ട് പ്രോവിന്‍സുകള്‍ക്കും പുതിയ സാമന്തരൂപതകളുണ്ടായി. കേരളത്തിന് വെളിയില്‍ എക്സ് ആര്‍ക്കേറ്റുകളും, രൂപതകളും ആരംഭിച്ചത് സഭയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച വലിയ കാല്‍വെയ്പായിരുന്നു. 1962-ല്‍ ഛാന്ദായിലും, 1968-ല്‍ സാഗറിലും സാത്നയിലും ഉജ്ജയ്നിലും, 1972-ല്‍ ബിജനോറിലും ജഗദല്പൂരും എക്സാര്‍ക്കേറ്റുകള്‍ സ്ഥാപിക്കപ്പെട്ടു. പിന്നീട് അവ എപ്പര്‍ക്കികളായി ഉയര്‍ത്തപ്പെട്ടു. 1977-ല്‍ രാജ്ക്കോട്ട് എപ്പാര്‍ക്കി, 1984-ല്‍ ഗോരഖ്പൂര്‍ എപ്പാര്‍ക്കിയും സ്ഥാപിക്കപ്പെട്ടു. ബോംബെ, പൂനെ, നാസിക് എന്നീ പട്ടണപ്രദേശങ്ങളില്‍ താമസക്കാരായ സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ക്കായി 1988-ല്‍ കല്യാണ്‍ രൂപത സ്ഥാപിക്കപ്പെട്ടു. സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഇത് അംഗീകാരമായിരുന്നു. പൗരസ്ത്യസഭയുടെ കാനന്‍നിയമങ്ങള്‍ 1991 ഒക്ടോബര്‍ പതിനെട്ടാം തിയതി പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് ശേഷം 1992 ഡിസംബര്‍ 16-ാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ "മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ"യായി സീറോ മലബാര്‍ സഭയെ  പ്രഖ്യാപിച്ചു. അതേസമയം തന്നെ മാര്‍ ആന്‍റണി പടിയറ സഭയുടെ ആദ്യ മേജര്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. മാര്‍ അബ്രഹാം കാട്ടുമന സീറോ മലബാര്‍ സഭയില്‍ പേപ്പല്‍ ഡലഗേറ്റായും ചുമതലയേറ്റു.

1996 നവംബര്‍ 11-ാം തിയതി മാര്‍ ആന്‍റണി പടിയറയുടെ രാജിക്ക് ശേഷം മാര്‍ വര്‍ക്കി വിതയത്തില്‍ ആദ്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയും 1999, ഡിസംബര്‍ പതിനെട്ടാം തിയതി മേജര്‍ ആര്‍ച്ചുബിഷപ്പായും നിയമിതനായി. മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തശേഷം സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ സിനഡ് തിരഞ്ഞെടുക്കുന്ന ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. 1995-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തൃശ്ശൂര്‍ തലശ്ശേരി രൂപതകളെ അതിരൂപതകളാക്കി ഉയര്‍ത്തിയപ്പോള്‍ സീറോ മലബാര്‍ സഭയ്ക്ക് രണ്ട് മെത്രാപ്പോലീത്തന്‍ പ്രോവിന്‍സുകളും കൂടി ലഭിച്ചു. 2001-ല്‍ അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ സ്ഥാപനത്തോടെ ഇന്ത്യയ്ക്ക് വെളിയിലുള്ള ആദ്യത്തെ സീറോ മലബാര്‍ എപ്പാര്‍ക്കി രൂപപ്പെട്ടു.  യു.എസ്.എയിലെയും കാനഡയിലെയും ക്രിസ്ത്യാനി കള്‍ക്ക് വേണ്ടിയിട്ടാണ് ഈ രൂപത നിലവില്‍ വന്നത്. ഇന്ത്യയില്‍ ത്തന്നെ സീറോ മലബാറിന്‍റെ അതിര്‍ത്തികള്‍ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിച്ചതിന്‍റെ ഫലമാണ് തക്കല, ബല്‍ത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ രൂപതകള്‍. രൂപതകളോ ഇടവകകളോ സ്ഥാപിതമായിട്ടില്ലെങ്കിലും സീറോമലബാര്‍ സഭയില്‍പ്പെട്ട വിശ്വാസികള്‍ക്കായി യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്ത്രേലിയ മുതലായ എല്ലാ രാജ്യങ്ങളിലും ഇന്ന് അജപാലന ശുശ്രൂഷയ്ക്കായുള്ള കേന്ദ്രങ്ങളുണ്ട്. 

4. സ്വത്വവും സവിശേഷതകളും

സീറോമലബാര്‍സഭയുടെ സ്വത്വം നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകമാണ് അതിന്‍റെ ഉത്ഭവം.  അപ്പസ്തോലികത സഭയുടെ പൊതു വായ സവിശേഷതയാണ്. കാരണം അപ്പസ്തോലന്മാര്‍ പ്രസംഗിച്ച വിശ്വാസമാണ് സഭ സ്വീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ  ഉറവിടം തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ നിന്നായതു കൊണ്ട് ആ അപ്പസ്തോലനോട് നേരിട്ട് ജന്മബന്ധമാണ് ഈ സഭയ്ക്കുള്ളത്. 

5. സഭാദൗത്യവും ഇന്നത്തെ സാഹചര്യങ്ങളും ഇന്ത്യയിലും വിദേശങ്ങളിലും

സീറോ-മലബാര്‍സഭയുടെ സാന്നിദ്ധ്യം സജീവമാക്കുന്ന അജപാലനനേതൃത്വവും ഘടനകളും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്ത്യ മുഴുവന്‍റെയും വിസ്തൃതിയും വ്യാപ്തിയും ഉണ്ടായിരുന്ന മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭ പതിനാറാം നൂറ്റാണ്ടിന് ശേഷം കേരളത്തിന്‍റെ പരിമിതമായ ഒരു മേഖലയില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബന്ധിതമായി. അതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യം ക്രമേണ ഉണ്ടായിട്ടുണ്ടെങ്കിലും സ്വപൈതൃകത്തിനനുസരിച്ച് പ്രവൃത്തിക്കാന്‍ വത്തിക്കാന്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യം ഇനിയും ഇന്ത്യയിലും വിദേശത്തും വേണ്ടത്ര യാഥാര്‍ത്ഥ്യമായിട്ടില്ല. "ഒരു പ്രദേശം, ഒരു മെത്രാന്‍, ഒരു ഭരണം" എന്ന തത്വം സഭാതലത്തില്‍ സാധുതയുള്ളതല്ലെങ്കിലും പ്രായോഗികമായി അത് നിലനില്ക്കുന്നു. വ്യത്യസ്ത പാരമ്പര്യമുള്ള കത്തോലിക്കാസഭകള്‍ ഒരേ സ്ഥലത്ത് ഉണ്ടായിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വ്യക്തിസഭകളുടെ അവകാശങ്ങള്‍ക്ക് നല്കുന്ന അംഗീകാരത്തിന്‍റെ ഫലമാണ്. ഏക അജപാലന നേതൃത്വവും ഏകഭരണവും എന്ന രീതി മുറുകെപ്പിടിക്കുന്നതിന്‍റെ ഫലമായി സീറോമലബാര്‍സഭക്ക് കേരളത്തിലും ഇന്ത്യയ്ക്ക് വെളിയിലുമുള്ള സ്ഥലങ്ങളിലേയ്ക്ക് ജോലിക്കും മറ്റുമായി മാറിത്താമസിക്കുന്ന വിശ്വാസികള്‍ക്ക് അജപാലനസേവനം നല്കുന്നതിന് സാധിക്കാതെപോകുന്നു. ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ സ്ഥിതിവിവരക്കണക്കുകള്‍ സഭ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനനഗരങ്ങളിലുള്ള സീറോ-മലബാര്‍ വിശ്വാസികളുടെ അംഗസംഖ്യ താഴപ്പറയും വിധമാണ്:10 ഡെല്‍ഹി 1,00000 ബാംഗ്ലൂര്‍ 25,000 ചെന്നൈ 25,000 ഹൈദ്രാബാദ് 12,000 കൊല്‍ക്കൊത്ത 7,000 ബറോഡ 10,000ഇതരപട്ടണങ്ങളിലും പ്രദേശങ്ങളിലുമായി 2,57,500 സീറോ മലബാര്‍ വിശ്വാസികള്‍ കേരളത്തിന് വെളിയിലുണ്ട്. ഡല്‍ഹിയില്‍ സീറോ മലബാര്‍സഭയുടെ 15 ഇടവകകള്‍ രൂപീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ പതിനാല് ഇടവകകളും ചെന്നെയില്‍ [12] പാസ്റ്ററല്‍ സെന്‍ററുകളും കൊല്‍ക്കൊത്തായില്‍ ഒരു ഇടവകയും പ്രവര്‍ത്തിക്കുന്നു. 1988-ല്‍ കല്യാണ്‍ എപാര്‍ക്കി രൂപീകൃതമായതുപോലെ ഇതരനഗരങ്ങളിലും സീറോമലബാര്‍വിശ്വാസികള്‍ക്കായി രൂപതയും ഇടവകകളും ഹയരാര്‍ക്കിയുടെ ഭാഗമായി ഉണ്ടാകേണ്ടതുണ്ട്. താഴെപ്പറയുന്ന കണക്ക് ഇന്ത്യയ്ക്ക് വെളിയിലുള്ള സീറോമലബാര്‍ വിശ്വാസികളു ടേതാണ്: ബഹ്റിന്‍ 35,000 ദോഹ, ഖത്തര്‍ 10,000 ഒമാന്‍ 46,900 കുവൈയ്റ്റ് 38000 സൗദി അറേബ്യ 1,09000 യു.എ.ഇ. 114500 ഇറ്റലി 10000 ജര്‍മ്മനി 10000 ആകെ 599400സ്വയാധികാരമുള്ള സഭയെന്ന നിലയില്‍ സ്വന്തം സമൂഹത്തില്‍പ്പെട്ട വിശ്വാസികള്‍ക്ക് ആത്മീയശുശ്രൂഷ നല്കുന്നത് സഭയുടെ കടമയാണ്. മാമ്മോദീസായില്‍ത്തന്നെ അടിസ്ഥാനമുള്ള അവകാശമാണ് ഓരോ വിശ്വാസിക്കും താന്‍ അംഗമായിരിക്കുന്ന സഭയുടെ ശുശ്രൂഷ ലഭിക്കുക എന്നത് [11]. 

കാനോന്‍നിയമമനുസരിച്ച് സ്വയാധികാരമുള്ള ഒരു സഭയില്‍നിന്ന് വേറൊരു സഭയിലേക്ക് മാറുന്നത് തെറ്റാണ്. വിശ്വാസികള്‍ക്ക് തങ്ങളുടെ റീത്ത് മനസ്സിലാക്കാനും പരിരക്ഷിക്കാനും വളര്‍ത്താനും കടമയുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലും പല വിദേശരാജ്യങ്ങളിലും പോയി താമസിക്കുന്നവര്‍ക്ക് ഇനിയും സ്വന്തം സഭയുടെ അജപാലനശുശ്രൂഷ ലഭിക്കാതാകുന്നു. തത്ഫലമായി തങ്ങളുടെ സഭയില്‍നിന്നും അതിന്‍റെ പാരമ്പര്യത്തില്‍നിന്നും അകന്നുപോകാനിടയാകുന്നു. അജപാലന ശുശ്രൂഷ വിശ്വാസികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കാതെ പോകുന്നു എന്നതുകൂടാതെ സ്വദേശത്തും വിദേശത്തും മിഷന്‍പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യവും സഭയ്ക്കില്ല. സഭയ്ക്ക് ന്യായമായ ഈ അവകാശങ്ങള്‍ അംഗീകരിച്ച് കിട്ടണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ സഭാധികാരികള്‍ ശ്രദ്ധചെലുത്തുന്നുണ്ട്. ലോകവ്യാപകമായ സാന്നിദ്ധ്യവും പ്രവര്‍ത്തനവുമുള്ള സഭയ്ക്ക് സീറോമലബാര്‍സഭ എന്ന പേര് തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഒരു പ്രാദേശികസ്വഭാവം അര്‍ത്ഥമാക്കുന്ന പ്രയോഗമാണ് സീറോ മലബാര്‍ എന്നത്. ഇതിന്‍റെ ഉത്ഭവം പത്തൊമ്പതാംനൂറ്റാണ്ടിലാണ്. സഭയുടെ സിനഡ് തന്നെ ഈ പ്രശ്നം പരിഗണനയ്ക്കെടുത്തിട്ടുള്ള കാര്യമാണ.് 1993-ലെയും 1994-ലെയും ചര്‍ച്ചയ്ക്ക് ശേഷം "സെന്‍റ് തോമസ് ക്രിസ്റ്റ്യന്‍ സഭ" എന്ന പേര് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ഔദ്യോഗികമായ മാറ്റവും സ്ഥിരീകരണവും അതിനുണ്ടായില്ല. സഭയുടെ പേരിന്‍റെ കാര്യത്തില്‍ മാത്രമല്ല വിശാലമായ ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന സഭ സ്ഥലകാലസാഹചര്യങ്ങള്‍ക്കനുസൃതമായി അനുരൂപണങ്ങള്‍ക്ക് തയ്യാറാകേണ്ടതുണ്ട്. ഇന്ത്യയില്‍ത്തന്നെ വ്യത്യസ്തഭാഷകളും സംസ്കാരങ്ങളും സഭ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതുപോലെ വിവിധ രാജ്യങ്ങളില്‍ പ്രവൃത്തിക്കുന്ന സഭയ്ക്ക് ആ രാജ്യങ്ങളിലെ സാംസ്കാരികപാരമ്പര്യം സ്വീകരിക്കേണ്ടതുണ്ട്. അനുരൂപണത്തിന് അനുകൂലമായി നിലകൊള്ളുന്ന പാരമ്പര്യമാണ് മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്കുള്ളതെന്ന് സഭയുടെ പൂര്‍വ്വചരിത്രം തെളിയിക്കുന്നു. പാരമ്പര്യത്തിലെ ഈ ചൈതന്യം ഓരോ സന്ദര്‍ഭവുമനുസരിച്ച് പുതിയ രൂപഭാവങ്ങള്‍ സഭയ്ക്ക് നല്കാന്‍ പ്രചോദനമാകണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ലോകത്തോട് കാണിച്ച തുറവ് ആഗോളസഭയുടെ ചിന്തയ്ക്കും പ്രവര്‍ത്തനത്തിനും പുതിയ വഴിത്താര തുറന്നു.

കേവലം അജപാലനം മാത്രമല്ല, പ്രത്യുത ലോകത്തില്‍ ശുശ്രൂഷ നിര്‍വ്വഹിച്ച് സുവിശേഷസാക്ഷ്യം നല്കുക എന്നതും സഭാദൗത്യമാണ്. ഇതിന് സഹായകമായ ദൈവശാസ്ത്ര പിന്‍ബലം സീറോമലബാര്‍സഭയ്ക്ക് തന്‍റെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് തന്നെ കണ്ടെത്താന്‍ സാധിക്കും. സാങ്കല്പികതയിലും സൈദ്ധാന്തികതയിലും എന്നതിനേക്കാള്‍ ജീവിതത്തിന്‍റെ ഭാവരൂപങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് പൗരസ്ത്യസുറിയാനി സഭയുടെ ദൈവശാസ്ത്രപാരമ്പര്യം. ഈ പാരമ്പര്യവുമായി ആത്മബന്ധമുള്ള സീറോമലബാര്‍ സഭയ്ക്ക് മനുഷ്യജീവിതസാഹ ചര്യങ്ങളുമായി ഒന്നുചേര്‍ന്നുനില്ക്കുന്ന ദൈവശാസ്ത്രസമീപനം വളര്‍ത്താനാകും. സഭയുടെ ജന്മനാടായ കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ഇന്നും ധാരാളം പാവപ്പെട്ടവരും ദരിദ്രരും ജീവിക്കുന്നുണ്ട്. സഭയ്ക്കുള്ളില്‍ത്തന്നെ ഈ വിഭാഗത്തില്‍പ്പെടുന്ന ജനങ്ങള്‍ ധാരാളമുണ്ട്. ദാരിദ്ര്യമെന്ന സങ്കല്പത്തെ പുനര്‍നിര്‍വ്വചിക്കു കയാണെങ്കില്‍ ഭക്ഷണവും പാര്‍പ്പിടവുമില്ലാത്തവര്‍ മാത്രമല്ല വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും സാദ്ധ്യതയില്ലാത്തവരും അതില്‍പ്പെടുന്നു. സമകാലികലോകത്തിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളു മായും ആധുനികദൈവശാസ്ത്രസങ്കേതങ്ങളുമായും കണ്ടു മുട്ടുമ്പോള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പരമ്പരാഗതമായ ദര്‍ശനം കൂടുതല്‍ ക്രിയാത്മകശക്തിയുള്ളതായിത്തീരും. പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേര്‍ന്ന് അവരുടെ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച രാമപുരത്തെ പുണ്യാത്മാവായ തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ഈ ക്രിയാത്മകശക്തി ഉള്‍ക്കൊണ്ട ക്രിസ്തീയദര്‍ശനത്തിന്‍റെ മൂര്‍ത്തരൂപമാണ്. അതു പോലെ സീറോ മലബാര്‍സഭയുടെ ആദ്ധ്യാത്മികചൈതന്യത്തില്‍ വളര്‍ന്ന് ദൈവസ്നേഹത്തിന്‍റെ ജ്വാലയായിത്തീര്‍ന്ന വിശുദ്ധിയുടെ മാതൃകയാണ് സി. അല്‍ഫോന്‍സ. സഭയുടെയും രാജ്യത്തിന്‍റെയും നന്മയ്ക്ക് വിദ്യാഭ്യാസത്തിലൂടെയും വികസനപ്രവര്‍ത്തനത്തിലൂടെയും അതുല്യസംഭാവന നല്കിയ കുര്യാക്കോസ് ഏലിയാസച്ചന്‍ ചരിത്രത്തെ നയിച്ച പുണ്യാത്മാവാണ്.സഭ ഒരു ആദ്ധ്യാത്മികസമൂഹമായതുകൊണ്ട് ദൈവത്തോട് എപ്പോഴും ബന്ധപ്പെട്ടാണ് അത് നിലകൊള്ളുന്നത്. പക്ഷേ, ദൈവാഭിമുഖമായി നിലകൊള്ളുന്ന സഭ ലോകത്തോടും അഭിമുഖമായിട്ടാണ് നിലകൊള്ളുന്നത്. യേശുവിന്‍റെ സുവിശേഷത്തിന്‍റെ അടിസ്ഥാന ത്തില്‍ ലോകത്തില്‍ പ്രവര്‍ത്തനനിരതമാകാന്‍ സഭ വിളിക്കപ്പെട്ടി രിക്കുന്നു. ലൗകികബന്ധങ്ങളും ഉത്തരവാദിത്വങ്ങളും ആ രീതിയില്‍ സഭാജീവിതത്തിന്‍റെ ഭാഗമായി നിലകൊള്ളുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പൂര്‍വ്വകാലം മുതലുള്ള ചരിത്രം ഭൗതികമായ പ്രവര്‍ത്തനങ്ങളില്‍ പൊതുവായ നന്മയ്ക്ക് വേണ്ടി ഇടപെടാന്‍ പ്രേരണനല്കുന്ന ക്രിസ്തീയവീക്ഷണം പ്രവര്‍ത്തനക്ഷമമാകുന്നത് കാണാം. ഭൗതികലോകത്തിലുള്ള ഇടപെടലിന്‍റെ ദൈവശാസ്ത്രം കേരളസഭാപാരമ്പര്യത്തില്‍ എഴുതപ്പെട്ടതായി കാണുന്നില്ലെങ്കിലും ജീവിതത്തില്‍ തെളിഞ്ഞുനില്കുന്നതാണെന്നത് വ്യക്തമാണ്.  കേരളത്തിലെ സഭ ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ സമൂഹത്തിന് നല്കിയിട്ടുള്ള സംഭാവനകള്‍ അംഗീകരിക്കപ്പെട്ടതാണ്. [12] ആധുനികകാലത്ത് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ സഭാംഗങ്ങളിലൂടെ യും സഭാസമൂഹം മുഴുവനിലൂടെയും ഉജ്ജ്വലമായ സേവനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ഇതരസഭാസമൂഹങ്ങളോടൊപ്പം നസ്രാണിക്കത്തോ ലിക്കര്‍ നാടിന്‍റെ നന്മയ്ക്കും രാജ്യത്തിന്‍റെ പുരോഗതിക്കുമായി അത്യദ്ധ്വാനം ചെയ്തിട്ടുണ്ട്.

സമകാലികസമൂഹത്തില്‍ ഇതരസഭകളോടൊപ്പം വിദ്യാഭ്യാസരംഗത്ത് വലിയ കാല്‍വയ്പ് നടത്താന്‍ സീറോമലബാര്‍സഭയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ രാഷ്ട്രീയവത്കരണവും വിമര്‍ശനത്തിന്‍റെ അതിപ്രസരണവുമുള്ള സമൂഹത്തില്‍  ആലോചനയോടും ദീര്‍ഘദൃഷ്ടിയോടും കൂടി വേണം പ്രവര്‍ത്തിക്കാനെന്ന് സഭ മനസ്സിലാക്കിവരുന്ന കാലമാണിത്. സഭ നല്ലതായിക്കാണുന്ന പലതും മറ്റുള്ളവര്‍ അങ്ങനെ കാണണമെന്നില്ല. സുവിശേഷ സാക്ഷ്യം ജീവിതപ്രമാണമായി സ്വീകരിച്ചിരിക്കുന്ന സഭ എങ്ങനെ ആ ദൗത്യം നിറവേറ്റുമെന്നത് സഭയുടെ മുമ്പിലെ പരമപ്രധാനമായ ചോദ്യമാണ്. വൈവിധ്യത്തിലും ഐക്യത്തിലും അധിഷ്ഠിതമായ കത്തോലിക്കാസഭയുടെ വിശ്വവീക്ഷണം സഭയ്ക്കുള്ളിലും വിശാലലോകത്തിലും കൂട്ടായ്മ സൃഷ്ടിക്കാന്‍ സഹായകമാകണം. സഭയിലും ലോകത്തിലും ദൈവമാഗ്രഹിക്കുന്ന ഐക്യവും സമാധാനവും സാക്ഷാത്കരിക്കാനുള്ള ശുശ്രൂഷയാണ് എല്ലാ സഭകളെയുംപോലെ സീറോമലബാര്‍സഭയും നിര്‍വ്വഹിക്കേണ്ടത്. 

 (നോബിൾ തോമസ് പാറക്കൽ എഡിറ്റ് ചെയ്ത കേരളസഭ: നാൾവഴികളും നാളെകളും എന്ന പുസ്തകത്തിൽനിന്നും)

കുറിപ്പുകള്‍ 1. റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍, ക്നാനായസമുദായം കേരളചരിത്രത്തില്‍, (കോട്ടയം ജ്യോതി ബുക്ക് ഹൗസ്, 1999), പേജ് 43.2. ഡോ. എ. മത്തിയാസ് മുണ്ടാടന്‍ സി.എം.ഐ., ഭാരതീയക്രൈസ്തവസഭകള്‍ (പെല്ലിശ്ശേരി പബ്ലിക്കേഷന്‍സ്, കോട്ടയം,2003), 53-543. Placid J. Podippara, St. Thomas Christians, pp 137-1384.  Scaria Zacharia, The Acts and Decrees of the Synod of Diamper, Edamattam, 1994.5. Romani Pontifices, AAS 7, 1924, p.2576. Felix Wilfred, Beyond setteled foundations, University of Madras, 1993, p. 5. 7. Ad Diognetum, V.8. (Pius Malekkandathil, translator and editor, Jornada, LRC, Kochi 2003).9. George Karakunnel, Theology in the life of the Syro-Malabar church; A search for orientation, Syro Malabar Theology in Context, Ed. M. Manakkatt & J. Puthenveettil, Oriental Institute, 2007, p.52 ff.10. Bishop Gregory Karotemprel, “Pastoral Care of the Migrants”, The Mission Theology of the Syro-Malabar Church, ed. by Pauly Kannookkadan, LRC Kochi, 2008, pp.213-215.11. CCEO 17, 29; CIC 214,111.12. എ. ശ്രീധരമേനോന്‍, കേരളസംസ്കാരം, കോട്ടയം ഡി.സി ബുക്സ്, 2007, പേജ് 28-29; പയസ് മലേക്കണ്ടത്തില്‍, "സഭ ആധുനികകേരളത്തിന്‍റെ രൂപീകരണത്തില്‍", നവംബര്‍-ഡിസംബര്‍, 2007, പേജ് 27

syro malabar church history and uniqueness Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message