x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ സഭാചരിത്രം - FAQ

ആട്ടിടയന്മാർ

Authored by : Bishop Jose Porunnedom On 04-Jan-2022

യേശുവിന്റെ ജനനം ആദ്യമായി അറിയിക്കപ്പെട്ടത് അവിടുന്ന് ജനിച്ച കാലിത്തൊഴുത്തിന് അടുത്ത് തമ്പടിച്ചിരുന്ന ആട്ടിടയന്മാരോടാണല്ലോ. ഈ സംഭവത്തെ അനുസ്മരിപ്പിക്കാനാണ് ക്രിസ്തുമസിനോടനുബന്ധിച്ച് നിർമ്മിക്കപ്പെടുന്ന പുൽക്കൂടുകളിൽ ഇടയന്മാരുടേയും ആടുകളുടേയും പ്രതിമകൾ സ്ഥാപിക്കുന്നത്. ഇടയന്മാർക്ക് മാലാഖ കൊടുത്ത അടയാളം എന്തായിരുന്നു? പുൽത്തൊട്ടിയിൽ പിള്ളക്കച്ചകൾകൊണ്ട് പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങൾ കാണും. ഉടൻ തന്നെ അവർ മാലാഖയുടെ നിർദ്ദേശാനുസരണം പോകുകയും യേശുവിനെ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തുക മാത്രമല്ല, അവനെ രക്ഷകനായി സ്വീകരിച്ച് ആരാധിക്കുകയും ചെയ്തു. ഇടയന്മാർ സന്തോഷത്തോടുകൂടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുപോയി തങ്ങൾ കണ്ട കാര്യങ്ങൾ എല്ലാവരോടും പറഞ്ഞു. കേട്ടവരെല്ലാം അത്ഭുതപ്പെടുകയും ചെയ്തു.

യേശു പിറന്ന കാലിത്തൊഴുത്തിൽനിന്ന് ഏറെ അകലയല്ലാതെ ധനവാന്മാരും സമൂഹത്തിൽ സ്വാധീനമുള്ളവരും നല്ല വിദ്യാഭ്യാസവും അറിവും കഴിവും ഉള്ളവരും എല്ലാം താമസിക്കുന്നുണ്ടായിരുന്നു. എന്തിനേറെ ഹേറോദേസ് രാജാവിന്റെ കൊട്ടാരവും അടുത്തുണ്ടായിരുന്നു. എന്നാൽ അവരുടെ അടുത്തേക്കൊന്നും മാലാഖമാർ പോകാതെ ഇടയന്മാരുടെ അടുത്തേക്കു പോയി എന്ന വസ്തുത ചില കാര്യങ്ങൾ നമ്മോട് പറയുന്നുണ്ട്. ഇടയന്മാർ നിരക്ഷര കക്ഷികളായിരുന്നു. ദിവസക്കൂലിക്ക് അധ്വാനിക്കുന്നവരായിരിക്കണം. അവർക്ക് പൊങ്ങച്ചം പറയാനായി ഒന്നുമുണ്ടായിരുന്നില്ല. കയറിക്കിടക്കാൻ ഒരു നല്ല വീടുപോലും ഉണ്ടായിരുന്നിരിക്കില്ല. എങ്കിലും ഉത്തരവാദിത്വത്തോടെ തങ്ങളെ ഏല്പിച്ചിരിക്കുന്ന ആടുകളെ കണ്ണിലെണ്ണയും ഒഴിച്ച് കാത്തുകിടക്കുന്നവരായിരുന്നു അവർ. യേശു ആർക്കുവേണ്ടി വന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. അല്ലെങ്കിൽ യേശുവിന്റെ പ്രവർത്തനശൈലി എന്തെന്ന് ഇത് വെളിപ്പെടുത്തുന്നു.

മനുഷ്യരക്ഷ എന്നത് പൂർണ്ണമായും ദൈവത്തിന്റെ ദാനമാണ്. അതാർക്കും അവകാശപ്പെടാനോ വിലകൊടുത്ത് വാങ്ങാനോ സാധിക്കുകയില്ല. പാപം ചെയ്ത മനുഷ്യനെ വേണമെങ്കിൽ ദൈവത്തിന് കൈവിടാമായിരുന്നു. എന്നാൽ, അതിന് അവിടുന്ന് മുതിരുന്നില്ല. പകരം, ദാനമായിത്തന്നെ മനുഷ്യനെ വീണ്ടും ആദിമസൗഭാഗ്യത്തിലേക്ക് തിരികെക്കൊണ്ടുപോകാം എന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയാണ്. എന്നാൽ അത് മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കാൻ അവിടുന്ന് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് മനുഷ്യന് അവസ്ഥയിലേക്ക് മടങ്ങിവരാൻ മതിയായ മാർഗ്ഗങ്ങൾ കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സഭയും സഭയിലെ വിവിധങ്ങളായ സങ്കേതങ്ങളും മനുഷ്യന്റെ മുമ്പിൽ നിർത്തിവച്ചിരിക്കുന്നു. വേണ്ടവർക്ക് അത് സ്വീകരിക്കാം. അതിന് കുടുംബപാരമ്പര്യമോ, വിദ്യാഭ്യാസമോ, സമ്പത്തോ, സ്ഥാനമാനങ്ങളോ ഒന്നും വ്യവസ്ഥകളല്ല. നല്ല മനസ്സ് മാത്രം മതി.

ചിലപ്പോഴെങ്കിലും കുടുംബപാരമ്പര്യവും, വിദ്യാഭ്യാസവും, സമ്പത്തും, സ്ഥാനമാനങ്ങളും മറ്റും യേശുവിനെ തിരിച്ചറിയുന്നതിന് തടസ്സമായി നിൽക്കാം. ആട്ടിടയന്മാർക്ക് അറിവും വിദ്യാഭ്യാസവും ഒന്നും ഇല്ലാതിരുന്നതുകൊണ്ട് കാലിത്തൊഴുത്തിൽ രക്ഷകൻ പിറക്കുമോ എന്ന സംശയമൊന്നും ഉണ്ടായില്ല. ബേത്ലഹത്താണോ പിറക്കുക എന്നും ചോദിച്ചില്ല. തങ്ങൾക്ക് പ്രത്യക്ഷപ്പെട്ടത് ദൈവദൂതൻ തന്നെയാണോ എന്നും അവർ സന്ദേഹിച്ചില്ല . ശിശുവിനെ കാണാൻ പോകുമ്പോൾ കൊടുക്കാൻ തങ്ങളുടെ കയ്യിൽ സമ്മാനമൊന്നും ഇല്ലല്ലോ എന്ന കുണ്ഠിതവും അവർക്കുണ്ടായില്ല. പുൽത്തൊട്ടിയിൽ നിസ്സഹായനായി കിടന്ന ശിശു ദൈവപുത്രനാണോ എന്നും സംശയിച്ചില്ല. തങ്ങൾ സ്വപ്നം കണ്ടതാണെന്നു പറഞ്ഞ് ആളുകൾ കളിയാക്കും എന്നൊന്നും അവർ കരുതിയില്ല. കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവർ എല്ലാവരോടും പറയുകയും ചെയ്തു.

ഒരുതരത്തിൽ പറഞ്ഞാൽ കൊച്ചുകുട്ടികളെപ്പോലെയായി മൂന്നു ആ ഇടയന്മാർ. കൊച്ചുകുട്ടികൾ അങ്ങനെയാണല്ലോ അവരുടെ മനസ്സിൽ കളങ്കമൊന്നുമില്ല. ആരേയും അവർ ചതിക്കുകയില്ല. ആരെന്തു പറഞ്ഞാലും അപ്പാടെ വിശ്വസിക്കുകയും ചെയ്യും. നമ്മുടെ ആട്ടിടയന്മാരും അതുപോലെ തന്നെയായിരുന്നു. അതാണല്ലോ യേശുക്രിസ്തു പറയാൻ കാരണം, ശിശുക്കളേപ്പോലെയുള്ളവരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്ന്.

അക്രമവും അനീതിയും അഴിമതിയും ആത്മാർത്ഥതയില്ലായ്മയും നിറഞ്ഞ ലോകത്തിന് ഒരു വെല്ലുവിളിയായി ആട്ടിടയന്മാർ നിലകൊള്ളുന്നു. ഈ ലോകം ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് ദൈവം പല അടയാളങ്ങളിലൂടെയും പറയുന്നുണ്ട്. നമ്മുടെ കാലാവസ്ഥാമാറ്റങ്ങളും കൂടിവരുന്ന രോഗങ്ങളും എല്ലാം അടയാളങ്ങളാണ്. അതുപോലെ, എവിടെയാണ് രക്ഷ കണ്ടെത്തേണ്ടത് എന്നും ദൈവം വെളിപ്പെടുത്തുന്നുണ്ട്. അത് ക്രിസ്തു കാണിച്ചു തന്നെ ലാളിത്യത്തിലും ആർഭാടമില്ലായ്മയിലും ആണ്. പക്ഷേ അറിവും പഠിപ്പും പാരമ്പര്യങ്ങളും എല്ലാം ഉള്ളവർ പൊതുവേ അത് സ്വീകരിക്കാൻ തയ്യാറല്ല. കാരണം അവർ യേശുവിന്റെ ചിന്തയിൽ നിന്ന് വളരെ അകലെയാണ്.

പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണിയേശുവിനെ കണ്ടെത്തിയ ഇടയന്മാർ സന്തോഷത്തോടുകൂടി ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുപോയി എന്ന് വിശുദ്ധ ബൈബിൾ രേഖപ്പെടുത്തുന്നു. ക്രിസ്തുമസ് കടന്നുപോകുമ്പോൾ ആ ഇടയന്മാരുടെ മനോഭാവം നമ്മുടെ ഹൃദയങ്ങളിലും തങ്ങിനില്ക്കട്ടെ. ദൈവത്തിന്റെ സാമീപ്യത്തിൽ സന്തോഷിക്കാൻ നമുക്കെല്ലാവർക്കും ഇടവരട്ടെ. ദൈവം തരുന്ന അടയാളങ്ങളിൽ അവിടുത്തെ ഇഷ്ടം കണ്ടെടുക്കുവാൻ നാം പ്രാപ്തമാകട്ടെ.

shepherds bishop jose porunnedom bishop porunnedom jose porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message