x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

റോമന്‍ കേന്ദ്രീകരണം

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

റോമാ കേന്ദ്രമാക്കിയുള്ള ശക്തമായൊരു ഭരണസമ്പ്രദായം കത്തോലിക്കാസഭയില്‍ പ്രാബല്യത്തില്‍ വരുന്നത് പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളോടുകൂടിയാണ്. ഇക്കാലത്ത് ഭരണപരവും നയപരവുമായ പല കാര്യങ്ങളും മാര്‍പ്പാപ്പായുടെ നിയന്ത്രണത്തിലായി. രാഷ്ട്രീയാധികാരികളുടെയും പ്രഭുക്കന്മാരുടെയും അതിരുകടന്ന പ്രേരണകള്‍ ആദ്ധ്യാത്മികവും ഭരണപരവുമായ തലങ്ങളില്‍ പല ക്രമക്കേടുകളും വരുത്തി. ഇതിനെതിരായി ശബ്ദമുയര്‍ത്താന്‍ സഭാധികാരികള്‍ മടിച്ചില്ല.

റോമന്‍ ആധിപത്യം

അധികാരകേന്ദ്രീകരണമെന്ന ഉദ്ദേശ്യത്തോടുകൂടി സമ്മേളിച്ച നാലാം ലാറ്ററന്‍ സൂനഹദോസ് (1215) വിവിധങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ അതു സാധിച്ചു. വിശുദ്ധരുടെ പൂജ്യാവശിഷ്ടങ്ങളുടെ പരസ്യവണക്കം മാര്‍പ്പാപ്പായുടെ അംഗീകാരത്തോടെ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന ഒരു രേഖ തന്നെ പ്രസ്തുത സമ്മേളനം പാസ്സാക്കി. ഇതോടുകൂടി വിശുദ്ധരുടെ നാമകരണ നടപടിയും റോമിന്‍റെ അധികാരപരിധിയില്‍ ഒതുങ്ങി.

പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ വ്യാപകമായ ഇന്‍ക്വിസിഷന്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളും റോമന്‍ കേന്ദ്രീകരണ പ്രസ്ഥാനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.

മെത്രാന്മാരുടെ നിയമനവും മാര്‍പ്പാപ്പാമാരുടെ അധികാരത്തിലെത്തിയപ്പോള്‍ മറ്റു രൂപതകള്‍ക്ക് റോമിനോടുള്ള വിധേയത്വം ഒന്നുകൂടി വര്‍ദ്ധിച്ചു.

പാശ്ചാത്യസഭയുടെ പാരമ്പര്യങ്ങളും, അധികാരാവകാശങ്ങളും ശരിയായിട്ട് പാലിക്കുന്നുണ്ടോ എന്നന്വേഷിക്കുവാന്‍ മാര്‍പ്പാപ്പാ പ്രതിനിധികളെ അയയ്ക്കാന്‍ തുടങ്ങിയത് 9-ാം നൂറ്റാണ്ടോടുകൂടിയാണ്. മൂന്നുതരത്തിലുള്ള പ്രതിനിധികളാണുണ്ടായിരുന്നത്. നയതന്ത്രപ്രതിനിധികളായി മാര്‍പ്പാപ്പാ ഇതര രാജ്യങ്ങളിലേയ്ക്ക് അയച്ചിരുന്നവരാണ് ലൊഗാത്തി മീസ്സി. പ്രോനുണ്‍ഷ്യോ, ഇന്‍റര്‍നുണ്‍ഷ്യോ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു.

രണ്ടാമത്തെ വിഭാഗം ലെഗാത്തി നാത്തി എന്നാണറിയപ്പെടുന്നത്. ഇക്കൂട്ടര്‍ റോമില്‍നിന്ന് പ്രത്യേകം അയയ്ക്കപ്പെടുന്നവരല്ല. തദ്ദേശീയരായ മെത്രാന്മാരെയോ അതുപോലുള്ള സഭാധികാരികളെയോ ആ ഒരു പ്രദേശത്തേയ്ക്കോ രാജ്യത്തേയ്ക്കോ മുഴുവനായുള്ള തന്‍റെ പ്രതിനിധിയായി മാര്‍പ്പാപ്പാ നിയമിക്കുകയാണു ചെയ്യുന്നത്. അങ്ങനെ സ്വന്തം നാട്ടില്‍ വസിച്ചുകൊണ്ട് റോമിലെ പാപ്പായുടെ പ്രതിനിധിയായി അവര്‍ വര്‍ത്തിക്കുന്നു. ഏതെങ്കിലും പ്രത്യേക അവസരത്തിലോ സമ്മേളനത്തിലോ ചടങ്ങിലോ തന്നെ പ്രതിനിധീകരിക്കാന്‍ മാര്‍പ്പാപ്പാ നിയോഗിക്കുന്ന വ്യക്തികളാണ് ലെഗാത്തി അലാത്തരെ എന്ന പേരില്‍ അറിയപ്പെടുന്ന മൂന്നാമത്തെ വിഭാഗം.

അധികാരകേന്ദ്രീകരണത്തിനുപയോഗിച്ചിരുന്ന മറ്റു മാര്‍ഗ്ഗങ്ങളാണ് പാലിയം നല്‍കലും ആദ്ലിമിനാ സന്ദര്‍ശനവും. പാലിയം എന്നത് കഴുത്തില്‍ ധരിക്കുന്ന അലങ്കരിച്ച രോമവസ്ത്രമാണ്. സിവിലധികാരികളും മറ്റും തോളില്‍ ധരിച്ചിരുന്ന ഈ വസ്ത്രം സഭാധികാരിത്തിന്‍റെ ഒരു ചിഹ്നമായി പരിണമിച്ചു. മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം പൂര്‍ണ്ണമാകണമെങ്കില്‍ മാര്‍പ്പാപ്പായില്‍നിന്നും നേരിട്ട് പാലിയം സ്വീകരിച്ചിരിക്കണമെന്നായി പുതിയ നിബന്ധന. ഇതിനുവേണ്ടി മെത്രാപ്പോലീത്താമാര്‍ റോമാ സന്ദര്‍ശിക്കേണ്ടിയിരുന്നു. എല്ലാ മെത്രാന്മാരും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റോമിലെത്തി വി. പത്രോസിന്‍റെയും പൗലോസിന്‍റെയും ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കണമെന്നും രൂപതാഭരണത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിയമമുണ്ടാക്കി. ഇങ്ങനെയുള്ള സന്ദര്‍ശനത്തിനാണ് ആദ്ലിമിനാ സന്ദര്‍ശനം എന്നു പറയുന്നത്.

കാനന്‍ നിയമങ്ങള്‍

സഭയുടെ ഔദ്യോഗികഭരണക്രമത്തിന് അടിസ്ഥാനമായി നില്ക്കുന്ന നിയമസംഹിതയാണ് കാനന്‍ നിയമം. ഏ. ഡി. അഞ്ചാം നൂറ്റാണ്ടില്‍ ഡയനീഷ്യസ് എക്സിഗുവൂസ് പ്രസിദ്ധപ്പെടുത്തിയതാണ് ആദ്യത്തെ നിയമസമാഹാരം. ഹിസ്പാനാ ശേഖരം ഏഴാം നൂറ്റാണ്ടില്‍ പുറത്തുവന്നു. സെവീലിലെ ഇസിദോറാണ് ഇത് ശേഖരിച്ചതെന്ന് പറയപ്പെടുന്നു. ഏഡ്രിയാന്‍ മാര്‍പ്പാപ്പായുടെ നിയമസംഹിത എട്ടാം നൂറ്റാണ്ടില്‍ പ്രസിദ്ധപ്പെടുത്തി. മാര്‍പ്പാപ്പാ, ചാര്‍ലിമെയിന്‍ ചക്രവര്‍ത്തിക്കയച്ച നിര്‍ദ്ദേശങ്ങളാണ് ഇതിലെ ഉള്ളടക്കം. പത്താംനൂറ്റാണ്ടില്‍ പ്രസിദ്ധപ്പെടുത്തിയതാണ് പ്രീവിമിലെ റെജിനായുടെ ശേഖരം.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാശ്ചാത്യസഭ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ നിയമസംഹിതയ്ക്ക് സ്രോതസ്സായും ആധാരമായും മുന്‍നൂറ്റാണ്ടുകളില്‍ പുറത്തുവന്ന ഏതാനും ചില രേഖകളാണ് മുകളില്‍ പറഞ്ഞവ. ബാഹ്യവും ആന്തരികവുമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായവയായിരുന്നു ഈ കൃതികള്‍. പോരായ്മകള്‍ പരിഹരിച്ച് ഒരു പുതിയ നിയമസംഹിതയ്ക്ക് രൂപംകൊടുക്കുന്നതിന് ചില പണ്ഡിതന്മാര്‍ തയ്യാറായി. ബൊളോഞ്ഞാസര്‍വ്വകലാശാലയിലെ അദ്ധ്യാപകനായിരുന്ന ഗ്രാസിയാന്‍ ആണ് ഈ പ്രസ്ഥാനത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത്.

1190-നും 1226-നും ഇടയ്ക്ക് അഞ്ച് നിയമസമാഹാരങ്ങള്‍കൂടി പുറത്തുവന്നിട്ടുണ്ട്. ഇവയുടെ പേരാണ് 'Quinque Comilationes' അലക്സാണ്ഡര്‍ മൂന്നാമന്‍റെയും (1159-1181) ഹൊണോറിയസ് (1216-1227) മൂന്നാമന്‍റെയും കല്പനകളാണ് ഇവയുടെ ഉള്ളടക്കം.

സമര്‍ത്ഥവും കേന്ദ്രീകൃതവുമായ വ്യവസ്ഥിതിക്ക് ഉപയുക്തമായ ഒരു കാനോനകളുടെ അഞ്ചു സമാഹാരങ്ങളുണ്ടായി ഇക്കാലത്ത്. 1210-ല്‍ പുറത്തിറങ്ങിയ രേഖ ഇന്നസെന്‍റ് മൂന്നാമന്‍റേതാണ്. ഔദ്യേഗികവും ഏറ്റവും പഴക്കമുള്ളതും, റോമന്‍ സഭയുടെ നിയമനിര്‍മ്മാണത്തിന് നിദാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതുതന്നെയാണ്. പിന്നീട് 1234-ല്‍ ഗ്രിഗറി ഒമ്പതാമന്‍റെ കല്പനകള്‍ പുറത്തിറങ്ങി. ജോണ്‍ 22-ാമന്‍റെ (1316-1334) കൂട്ടിച്ചേര്‍ക്കല്‍വരെ സഭാനിയമവികസനം നിര്‍വിഘ്നം തുടര്‍ന്നു. 1918 വരെ ഉപയോഗത്തിലിരുന്ന സഭാനിയമങ്ങള്‍ക്ക് ഏകീകൃതരൂപം നല്കിയത് ജോണ്‍ 22-ാമനാണ്.

മാര്‍പ്പാപ്പായുടെ പരമാധിപത്യം

പാശ്ചാത്യസഭയുടെ നയപരവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ പുഷ്ടിപ്രാപിച്ചത് പതിമൂന്നും പതിന്നാലും നൂറ്റാണ്ടുകളിലാണ്. സഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭരണതന്ത്രം കുറേക്കാലത്തേക്കെങ്കിലും ദുര്‍ബലമായിരുന്നു. മദ്ധ്യയുഗത്തിന്‍റെ ആരംഭത്തിലെ രാഷ്ട്രീയപശ്ചാത്തലമാണ് ഇതര ക്രിസ്തീയസമുദായങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും റോമായുമായുള്ള ബന്ധത്തിന് വിഘാതമായിനിന്നത്. എന്നാല്‍ അത്മായമേധാവിത്ത്വത്തന്‍റെ ദൂഷ്യവശങ്ങളെ നീക്കംചെയ്തുകൊണ്ടുള്ള ഗ്രിഗറി ഏഴാമന്‍റെ നവീകരണയത്നത്തോടെ സുദൃഢവും സ്വതന്ത്രവുമായ പാപ്പാധിപത്യത്തിനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞു. പ്രാദേശികപ്രശ്നങ്ങളില്‍ മാര്‍പ്പാപ്പായുടെ ആധിപത്യം വര്‍ദ്ധിച്ചതോടെ, പ്രാദേശികസഭകള്‍തന്നെ തീരുമാനിച്ചിരുന്ന കാര്യങ്ങള്‍പോലും മാര്‍പ്പാപ്പായുടെ നിയന്ത്രണത്തിലായി.

മാര്‍പ്പാപ്പായുടെ പ്രതാപം കൂടുതല്‍ വര്‍ദ്ധിച്ചത് 1198-ല്‍ ഇന്നസെന്‍റ് മൂന്നാമന്‍ സ്ഥാനാരോഹണം ചെയ്തതോടെയാണ്. മാര്‍പ്പാപ്പായുടെ നേരിട്ടുള്ള അധികാരത്തിന്‍ കീഴില്‍ സംസ്ഥാനങ്ങള്‍ സ്ഥാപിക്കുകയും, റോമും സിസിലിയും തമ്മിലുള്ള ബന്ധം ശക്തവും വ്യക്തവുമാക്കുകയും ചെയ്തു.

ഇന്നസെന്‍റ് മാര്‍പ്പാപ്പായുടെ കാലത്തെ ഏറ്റവും വലിയ സംഭവമാണ് നാലാം ലാറ്ററന്‍ സൂനഹദോസ്. റോമന്‍ ആധിപത്യത്തിന്‍റെയും സഭയുടെ സംഘടനാപരമായ വളര്‍ച്ചയുടെയും കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു ഈ കൗണ്‍സില്‍.

നാലാം ലാറ്ററന്‍ കൗണ്‍സില്‍-1215

ഈ സൂനഹദോസ് പ്രഖ്യാപിക്കപ്പെട്ടത് 1213 ഏപ്രില്‍ 19-ാം തിയതിയാണ്. 1215 നവംബറില്‍ 412 മെത്രാന്മാരുടെയും 800 സന്യാസസഭാധിപന്മാരുടെയും സാന്നിധ്യത്തില്‍ കൗണ്‍സില്‍ ആരംഭിച്ചു. പാശ്ചാത്യസഭയിലെ എല്ലാഭാഗത്തുനിന്നുമുള്ള പിതാക്കന്മാര്‍ ഇതില്‍ പങ്കെടുത്തു. എന്നാല്‍, പൗരസ്ത്യസഭകളില്‍ ഗ്രീക്കുസഭയുടെയും മറ്റു ചില സഭകളുടെയും പ്രതിനിധികളുണ്ടായിരുന്നില്ല. നവംബര്‍ 11-ാം തീയതി ആരംഭിച്ച ഈ കൗണ്‍സില്‍ മൂന്നു സമ്മേളനങ്ങളിലായി 70 കാനോനകളാണ് പാസ്സാക്കിയെടുത്തത്. റോമില്‍ കേന്ദ്രീകൃതമായ ഒരു ഭരണകൂടത്തിന് രൂപംകൊടുക്കുന്നതിനും റോമനാധിപത്യം സ്ഥാപിക്കുന്നതിനും ഉതകുന്നവയായിരുന്നു ഇതിലെ കാനോനകള്‍ പലതും. വി. കുര്‍ബാനയിലെ വസ്തുഭേദം എന്ന പദത്തിന് ഔദ്യോഗികാംഗീകാരം നല്‍കിയത് ഈ കൗണ്‍സിലാണ്. ഇതിന്‍റെ 21-ാം കാനോനാ ആണ്ടുകുമ്പസാരത്തിനും കുര്‍ബാനസ്വീകരണത്തിനും എല്ലാ വിശ്വാസികളെയും കടപ്പെടുത്തി. പുതിയ സന്യാസസഭകളുടെ സ്ഥാപനം നിരോധിച്ചു. സഭയുടെ വസ്തുവകകളും നികുതികളും സംബന്ധിച്ചുള്ള നിര്‍ദ്ദേശവും മറ്റൊരു കാനോനയില്‍ അടങ്ങിയിരുന്നു. (Can. 54). കാനന്‍നിയമമനുസരിച്ചുള്ള കേസ്സുകളിലും മാര്‍പ്പാപ്പാമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളിലും പുതിയ നിയമങ്ങള്‍ നടപ്പാക്കി. നാല് കാനോനകള്‍ യഹൂദരെ സംബന്ധിച്ചുള്ളവയാണ്.

പന്ത്രണ്ട് കാനോനകള്‍ പുരോഹിതന്മാരെ സ്പര്‍ശിക്കുന്നവയാണ്. അവര്‍ രാജ്യഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനെ കര്‍ശനമായി നിരോധിച്ചു (Can. 44). തിരുശ്ശേഷിപ്പുകള്‍ക്ക് അംഗീകാരം കൊടുക്കുവാനുള്ള അവകാശം റോമിനു മാത്രമായി നീക്കിവച്ചു (Can. 62).

ഗ്രിഗറി പത്താമന്‍റെ കാലത്താണ് (1271-1276) രണ്ടാം ലയണ്‍സ് സൂനഹദോസ് വിളിച്ചുകൂട്ടുന്നത് (1274). പ്രസ്തുത സൂനഹദോസ് പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള താല്ക്കാലിക ഐക്യത്തിന് സാക്ഷ്യംനില്ക്കുന്നു. സൂനഹദോസിന്‍റെ ഇതര കല്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാര്‍പ്പാപ്പായുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ളതായിരുന്നു. മാര്‍പ്പാപ്പായുടെ മരണത്തിനുശേഷം പത്തു ദിവസത്തിനകം പുതിയ പാപ്പായെ തെരഞ്ഞെടുക്കാത്തപക്ഷം കൊണ്‍ക്ലേവിലെ കര്‍ദ്ദിനാളന്മാര്‍ക്ക് റൊട്ടിയും വീഞ്ഞും മാത്രം ഭക്ഷണമായി നല്‍കുക എന്നൊരു നിര്‍ദ്ദേശമുണ്ടായി. ഈ ഡിക്രി ആദ്യം തള്ളിപ്പോയെങ്കിലും 1294-ല്‍ സെലസ്റ്റിന്‍ 5-ാമന്‍റെ കാലത്ത് (1294) പ്രാബല്യത്തില്‍ വന്നു.

റോമന്‍ കൂരിയ

കത്തോലിക്കാസഭയുടെ പൊതുവായ കാര്യങ്ങളില്‍ മാര്‍പ്പാപ്പായെ സഹായിക്കാനുള്ള ഭരണസംവിധാനമാണ് റോമന്‍ കൂരിയ. രാഷ്ട്രീയഭരണത്തലവന്മാരുടെ കീഴില്‍ വിവിധങ്ങളായ ഭരണവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെ റോമന്‍ കൂരിയ മാര്‍പ്പാപ്പായെയും സഹായിക്കുന്നു.

റോമന്‍ കൂരിയായ്ക്ക് രൂപം ലഭിച്ചത് വളരെയധികം പരിണാമങ്ങള്‍ക്ക് ശേഷമാണ്. ആറാം നൂറ്റാണ്ടുവരെ റോമിലെ ചില പ്രത്യേക ഇടവകകളിലെ വൈദികശ്രേഷ്ഠന്മാരായിരുന്നു മാര്‍പ്പാപ്പായെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നത്. പതിനൊന്നാം നൂറ്റാണ്ടായപ്പോള്‍ ഇതിനൊരു മാറ്റംവന്നു. ശ്ലൈഹിക സിംഹാസനവൈദികര്‍ എന്നറിയപ്പെട്ടിരുന്ന വൈദികഗണം ഇതിനായി നിയോഗിക്കപ്പെട്ടു. പ്രധാന പട്ടണങ്ങളിലെ വികാരിമാരും റോമിലെ ഏഴ് ഡീക്കന്മാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടി ഇവരെല്ലാവരും കര്‍ദ്ദിനാളന്മാരായി ഉയര്‍ത്തപ്പെട്ടു. 1170-ല്‍ അലക്സാണ്ഡര്‍ മൂന്നാമന്‍ ഈ സംഘത്തിന്‍റെ നടത്തിപ്പിനായി നിയമങ്ങള്‍ ഉണ്ടാക്കി. ഇന്നസെന്‍റ് മൂന്നാമന്‍ പിന്നെയും അതിനെ ക്രമീകരിച്ചു. 1588 ജനുവരി 22-ാം തീയതി പുറത്തിറങ്ങിയ ഇമ്മെന്‍സാ എന്ന ചാക്രികലേഖനത്തോടുകൂടി സിക്സ്റ്റസ് അഞ്ചാമന്‍ (1585-1590) അതിന്‍റെ ക്രമീകരണം പൂര്‍ത്തിയാക്കി. അങ്ങനെ പല കാലഘട്ടങ്ങളിലൂടെ രൂപാന്തരവിധേയമായി വളര്‍ന്നുവന്ന ഒരു ഭരണസംവിധാനമാണ് റോമന്‍ കൂരിയാ.

കൂരിയായുടെ പ്രവര്‍ത്തനങ്ങള്‍ വികസിച്ചതോടെ ജോലി അടിസ്ഥാനപ്പെടുത്തിയുള്ള വിഭജനം ആവശ്യമായിവന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഭരണസംബന്ധമായ മൂന്നു വകുപ്പുകള്‍ ഇപ്പറഞ്ഞതിനുദാഹരണങ്ങളാണ്. ഔദ്യോഗിക കാര്യാലയം (hancery), നിയമനിര്‍മ്മാണസഭ (Apostolic Chamber), കോടതികള്‍ (Judicial Tribunals) എന്നിവയാണവ. കള്ളരേഖകളെ എളുപ്പം കണ്ടുപിടിക്കുന്നതിന് പര്യാപ്തമാകത്തക്കവണ്ണം മാര്‍പ്പാപ്പാമാരുടെ രേഖകള്‍ക്ക് നിയതമായ രൂപവും ഭാവവും നല്‍കുന്ന വിപുലമായ നിയമങ്ങള്‍ ഇന്നസെന്‍റ് പാപ്പാ ഏര്‍പ്പെടുത്തി. മാര്‍പ്പാപ്പായുടെ രേഖകള്‍ക്ക് ബൂള എന്ന പേര് അതിന്മേലുള്ള മുദ്രയില്‍നിന്നും ഉത്ഭവിച്ചതാണ്.

ധനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് അപ്പസ്തോലിക് ചേംബര്‍ എന്ന കാര്യാലയത്തിന്‍റെ മണ്ഡലങ്ങളിലായിരുന്നു. ചേംബര്‍ലെയിന്‍ എന്നറിയപ്പെടുന്ന ഇതിന്‍റെ അദ്ധ്യക്ഷന്‍ റോമന്‍ കൂരിയായിലെ പ്രധാന ഉദ്യോഗസ്ഥന്മാരില്‍ ഒരാളാണ്. അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറി എന്നും വിളിച്ചിരുന്നു.

മാര്‍പ്പാപ്പായുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. എങ്കിലും സാര്‍വ്വത്രികസഭാഭരണത്തിന്‍റെ വമ്പിച്ച ചെലവുകള്‍ നിര്‍വ്വഹിക്കുവാന്‍ ഇതെല്ലാം തികയാതെ വന്നതിനാല്‍ എല്ലാ പ്രാദേശിക സഭകളില്‍നിന്നും നിശ്ചിതതുക കരമായി പിരിക്കേണ്ടിവന്നു.

പലതരത്തിലുള്ള ദാനങ്ങള്‍, നികുതികള്‍ എന്നിവ കൂരിയായുടെ സ്വത്ത് വര്‍ദ്ധിപ്പിച്ചു. എങ്കിലും ധനപരമായി സ്വയം പര്യാപ്തതയിലെത്താന്‍ കുറേക്കാലത്തേയ്ക്ക് കഴിഞ്ഞിരുന്നില്ല.

കൂരിയായിലെ വിവിധ കോടതികളുടെ ഉത്ഭവം വ്യക്തമല്ല. അവയുടെ അഭിപ്രായാനുസരണമാണ് പാപ്പാ പല തീരുമാനങ്ങളും എടുത്തിരുന്നത്.

പല അവസരങ്ങളിലും അനീതിയില്‍നിന്നും അബദ്ധസിദ്ധാന്തങ്ങളില്‍നിന്നും സഭയെ രക്ഷിക്കുവാന്‍ ഈ പ്രത്യേകരൂപത്തിലുള്ള ഭരണസമ്പ്രദായത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന് മറുവശവുമുണ്ട്. ആദ്ധ്യാത്മികതലത്തില്‍ ഐക്യമുള്ള ദൈവജനം എന്നതിനേക്കാള്‍ ബാഹ്യമായി കെട്ടുറപ്പുള്ള വെറുമൊരു മതസംഘടനയായി സഭയെ പലപ്പോഴും തരംതാഴ്ത്താറുണ്ട്.

 

 

              

              

                

Roman concentration catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message