x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

നവോത്ഥാനം

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

പുരാതന ഗ്രീക്കു-റോമന്‍ സംസ്ക്കാരത്തിന്‍റെയും കലാസാഹിത്യാദികളുടെയും മദ്ധ്യയുഗത്തിലെ പുനര്‍ജ്ജന്മമെന്ന് നവോത്ഥാനത്തെ വിശേഷിപ്പിക്കാം. മദ്ധ്യയുഗയൂറോപ്പിലെ സാഹിത്യപരവും സാംസ്ക്കാരികവും ദാര്‍ശനികവുമായ വ്യവസ്ഥിതികള്‍ക്കുള്ള തിരിച്ചടിയായിരുന്നു അത്. പ്രപഞ്ചയാഥാര്‍ത്ഥ്യങ്ങള്‍ പാടെ അവഗണിക്കുകയും ഭൗതികാതീതമൂല്യങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുക്കുകയും ചെയ്തുപോന്ന സ്കൊളാസ്റ്റിക് ചിന്തയും സന്യാസജീവിതവും യൂറോപ്പിലെ ജനതയുടെ, പ്രത്യേകിച്ച് ചിന്തകരുടെ മനംമടുപ്പിച്ചു. പുരാതന ഗ്രീക്കു-റോമന്‍ സംസ്ക്കാരവും അവയുടെ ഫലമായ സാഹിത്യകൃതികളും കലാവസ്തുക്കളും കൂടുതല്‍ ആസ്വാദ്യമായി അനുഭവപ്പെട്ടു. അവ പഠിക്കുന്നതിന് പുതിയ ഒരുണര്‍വ്വ് എല്ലാവര്‍ക്കുമുണ്ടായി. 14-ാം നൂറ്റാണ്ടിന്‍റെ ആരംഭംമുതല്‍ 16-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യംവരെ നീണ്ടുനിന്ന ഈ പുത്തന്‍ പ്രവണതയെയാണ് നവോത്ഥാനം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്.

പ്രപഞ്ചാതീത വസ്തുക്കളെയെന്നതിനേക്കാള്‍ ഈ പ്രപഞ്ചത്തെ കണ്ണുതുറന്നു കാണുവാനും വിചിന്തനവിഷയമാക്കുവാനും നവോത്ഥാനം പ്രേരിപ്പിച്ചു. ലോകജീവിതത്തിന്‍റെ മാഹാത്മ്യവും മനുഷ്യന്‍റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ ശ്രേഷ്ഠതയും അന്നത്തെ ചിന്തകര്‍ വാനോളം പുകഴ്ത്തി. മരണാനന്തരജീവിതത്തില്‍ സര്‍വ്വശ്രദ്ധയും കേന്ദ്രീകരിക്കുകയല്ല, ഭൗതികജീവിതത്തെ ശ്രേയസ്കരമാക്കുകയാണ് അഭികാമ്യമെന്ന് അവര്‍ വാദിച്ചു. യൂറോപ്പിനെ ആകമാനം ഈ പുതിയ ചിന്താധാര ഭരിക്കുവാന്‍ തുടങ്ങി. ഫ്ളോറന്‍സിലാണ് ഈ പ്രവണത ആരംഭിച്ചത്. ഡാന്‍റേ, ലിയോനാര്‍ഡോ ഡാവിന്‍ചി, മാക്കിവെല്ലി, മൈക്കിള്‍ ആഞ്ചലോ എന്നിവരുടെ സ്വാധീനം ഏറ്റം അധികം അനുഭവപ്പെട്ടത് ഇവിടെയാണ്. ഇറ്റലിയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ക്രമേണ ജര്‍മ്മനിയിലേയ്ക്കും അവിടെനിന്നു സ്കോട്ലന്‍ഡിലേയ്ക്കും വ്യാപിച്ചു.

നവോത്ഥാനത്തിന്‍റെ പ്രണേതാക്കള്‍ പൊതുവില്‍ ഹ്യൂമനിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്നു. പ്രകൃത്യതീത ശക്തികളെ ഒട്ടേറെ തിരസ്കരിക്കുകയും മനുഷ്യബുദ്ധിയെ സര്‍വ്വസ്വവുമായി കരുതിപ്പോരുകയും ചെയ്തു അവര്‍. സഭയുടെ പല പ്രബോധനങ്ങളും ഈയവസരത്തില്‍ വിമര്‍ശനവിധേയമാക്കി. എങ്കിലും ഹ്യൂമനിസ്റ്റുകള്‍ അടിസ്ഥാനപരമായി സഭയോട് വിധേയത്വം പുലര്‍ത്തിപ്പോന്നു. പോപ്പ് നിക്കോളാസ് അഞ്ചാമന്‍റെ കാലം മുതല്‍ (1447-1455) മാര്‍പ്പാപ്പാമാര്‍ നവോത്ഥാനത്തിന് നല്‍കിയിരുന്ന രക്ഷാകര്‍ത്തൃത്വം ഇതാണ് തെളിയിക്കുന്നത്.

നവോത്ഥാനവും മാര്‍പ്പാപ്പാമാരും

മാര്‍പ്പാപ്പാമാര്‍ പൊതുവില്‍ നവോത്ഥാനത്തെ ഉത്തേജിപ്പിക്കുന്നതില്‍ തല്പരരായിരുന്നു. ക്ലെമന്‍റ് ആറാമനാണ് (1342-52) ഈ നീക്കത്തിനു തുടക്കമിട്ടത്. അദ്ദേഹത്തിന്‍റെ കാലത്ത് ഹ്യൂമനിസ്റ്റുകള്‍ റോമന്‍ കൂരിയായില്‍ കയറിപ്പറ്റി. ഹ്യൂമനിസ്റ്റുകളില്‍നിന്ന് പാപ്പായായുയര്‍ത്തപ്പെട്ട പ്രഥമവ്യക്തി നിക്കോളാസ് അഞ്ചാമനായിരുന്നു. റോമാപട്ടണത്തെ ഒരു പണ്ഡിതസദസ്സിന്‍റെ ആസ്ഥാനമാക്കിത്തീര്‍ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പേപ്പല്‍ ലൈബ്രറി വിപുലപ്പെടുത്തുവാനും പുരാതന സാഹിത്യകൃതികളുടെയും ബൈബിളിന്‍റെയും കയ്യെഴുത്തുപ്രതികള്‍ കഴിയുന്നത്ര ശേഖരിച്ച് ക്രോഡീകരിക്കുവാനും സാധിച്ചത് അദ്ദേഹത്തിന്‍റെ വലിയ നേട്ടമായിരുന്നു. വത്തിക്കാന്‍ കൊട്ടാരവും പേപ്പല്‍ സംസ്ഥാനങ്ങളിലെ പള്ളികളും നവോത്ഥാനകലയ്ക്കനുസൃതമായി പരിഷ്കരിക്കുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. ഇക്കാലത്ത് മൈക്കിള്‍ ആഞ്ജലോ, റാഫേല്‍, ലെയോനാര്‍ഡോ ഡാവിന്‍ചി എന്നീ കലാകാരന്മാരുടെ കൈവിരുതു റോമാ നഗരത്തെ അത്യാകര്‍ഷകമാക്കിത്തീര്‍ത്തു. റോമിലെ മനംകവരുന്ന ശില്പകലാസൗധങ്ങളില്‍ പലതും ഇക്കാലത്തിന്‍റെ നേട്ടങ്ങളാണ്.

റോമന്‍ കൂരിയായിലെ അഴിമതികള്‍

ബാഹ്യാഡംബരങ്ങള്‍ വര്‍ദ്ധിച്ചതോടെ ആന്തരിക മൂല്യങ്ങള്‍ അനുദിനം അധഃപതിച്ചുതുടങ്ങി. ആന്തരികനവോത്ഥാനത്തിനു ആരും മുന്‍കൈ എടുത്തില്ലെന്നതാണ് വാസ്തവം. ലൗകായതികത്വം റോമന്‍കൂരിയായെ ഗ്രസിച്ചുകഴിഞ്ഞിരുന്നു. ആഡംബരജീവിതം, ആഹ്ളാദത്തിനുതകുന്ന കൂട്ടുകെട്ട്, വിഭവസമൃദ്ധമായ വിരുന്നുകള്‍, ഉല്ലാസസവാരികള്‍ മുതലായവയിലായിരുന്നു ഉന്നതപീഠം അലങ്കരിച്ചിരുന്നവരുടെ ശ്രദ്ധയും താല്പര്യവും. സഭാധികാരികളുടെ സാന്മാര്‍ഗ്ഗികാധഃപതനം പലരേയും ഞെട്ടിച്ചു.

പേപ്പല്‍ സംസ്ഥാനങ്ങള്‍

നവോത്ഥാനയുഗത്തിലെ മാര്‍പ്പാപ്പാമാര്‍ ആദ്ധ്യാത്മിക നേതൃത്വത്തിനെന്നതിനേക്കാള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ മേല്‍ക്കോയ്മയ്ക്കാണ് പലപ്പോഴും വിലകല്പിച്ചിരുന്നതെന്ന് തോന്നും. രാഷ്ട്രീയാധികാരികളോട് സ്വയം താദാത്മ്യപ്പെടുവാന്‍ അവര്‍ ശ്രമിച്ചു. പേപ്പല്‍ സംസ്ഥാനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. രാഷ്ട്രീയസ്വാതന്ത്രംകൊണ്ടു മാത്രമെ ആദ്ധ്യാത്മികസ്വാതന്ത്രം ലഭിക്കൂ എന്നതായിരുന്നു അവരുടെ പൊതുവിശ്വാസം. ഇറ്റലി സ്വയംഭരണാവകാശമുള്ള അനവധി ചെറുസംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അവയില്‍ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള ഫ്ളോറന്‍സിന്‍റെ ആക്രമണത്തില്‍നിന്ന് പേപ്പല്‍ സംസ്ഥാനങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ മാര്‍പ്പാപ്പാമാര്‍ക്കു വളരെ ക്ലേശിക്കേണ്ടിവന്നു. പാപ്പാമാരുടെ അമിതമായ രാഷ്ട്രീയകൈകടത്തല്‍ മൂലം അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ബദ്ധവൈരികളായി.

ദുരാചാരങ്ങള്‍

15-ാം നൂറ്റാണ്ടില്‍ നടമാടിയിരുന്ന ദുരാചാരങ്ങള്‍ പ്രധാനമായും സഭാഭരണത്തെ സംബന്ധിക്കുന്നവയായിരുന്നു. അല്മായരുടെ പാണ്ഡിത്യം വര്‍ദ്ധിച്ചതോടെ വൈദികരുടെ അജ്ഞത കൂടുതല്‍ പ്രകടമായി. വൈദികപരിശീലനത്തിന്‍റെ നിലവാരം ശോചനീയമായിരുന്നു. സഭാധികാരികള്‍ അതില്‍ അത്ര തല്പരരായിരുന്നില്ല. സഭാനേതൃത്വത്തിന്‍റെ സാന്മാര്‍ഗ്ഗികാധഃപതനമായിരുന്നു ഫലം.

അഞ്ചാം ലാറ്ററന്‍ സൂനഹദോസ്

അസാമാന്യ വ്യക്തിപ്രഭാവവും അന്യാദൃശഭരണപാടവവും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പാ (1503-1513); ഒപ്പം നവോത്ഥാനത്തിന്‍റെ ഉത്തമ പ്രേഷിതനും. എന്നാല്‍ ഈ കഴിവുകള്‍ അധികവും ലൗകികാധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നതിനും ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. മാര്‍പ്പാപ്പായുടെ ആഡംബരജീവിതവും സഭയില്‍ പലയിടത്തും ദൃശ്യമായ ലൗകായതികത്വ വിളയാട്ടവും ഒരു നല്ലവിഭാഗം ആളുകളെ രോഷാകുലരാക്കി.

വര്‍ദ്ധമാനമായിക്കൊണ്ടിരുന്ന പാപ്പാവിദ്വേഷത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിവിധി നേടേണ്ടതാണെന്ന് ജൂലിയസ് പാപ്പായ്ക്കു ബോദ്ധ്യമായി. സഭയെ നവീകരിക്കുന്നതിനും പാപ്പാവിരോധികള്‍ പീസായിലെ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും ഒരു സാര്‍വ്വത്രികസൂനഹദോസ് അത്യന്താപേക്ഷികമാണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. അതിന്‍റെ ഫലമാണ് 5-ാം ലാറ്ററന്‍ സൂനഹദോസ്. പ്രസ്തുത കൗണ്‍സില്‍ 1512 ഏപ്രില്‍ 19-ാംനു ലാറ്ററന്‍ ബസിലിക്കായില്‍ സമ്മേളിച്ചു.

സഭയില്‍ അനിവാര്യമായിരുന്ന നവീകരണത്തിന്‍റെ കാര്യത്തില്‍ ഈ കൗണ്‍സില്‍ പരാജയപ്പെടുകയാണുണ്ടായത്. നിലവിലിരുന്ന ദുരാചാരങ്ങള്‍ അപ്പാടെ തുടര്‍ന്നുപോന്നു. കൗണ്‍സിലിന്‍റെ തീരുമാനങ്ങളില്‍നിന്നുപോലും രക്ഷപെടുന്നതിനു പഴുതുകള്‍ ധാരാളമുണ്ടായിരുന്നു. രൂപതാഭരണത്തില്‍ ശ്രദ്ധിക്കാതെ മെത്രാന്മാരുടെ സവാരി തുടര്‍ന്നു. ഒന്നിലധികം രൂപതകളുടെ വരുമാനം കൈവശപ്പെടുത്തുന്ന രീതിക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല. റോമന്‍കൂരിയായിലെ മെത്രാന്മാരും കര്‍ദ്ദിനാളന്മാരും തമ്മിലും മെത്രാന്മാരും സന്യാസസഭാശ്രേഷ്ഠന്മാരും തമ്മിലുള്ള കക്ഷിമാത്സര്യവും വടംവലിയും സൂനഹദോസില്‍ പ്രകടമായിരുന്നു.

മെത്രാന്മാരുടെ ശബ്ദം ശക്തമായിരുന്നതിനാല്‍ സന്യാസസഭകളുടെമേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധിച്ചു. മെത്രാന്‍ നല്‍കുന്ന ശിക്ഷ ഇളവ് ചെയ്യുവാനും അള്‍ത്താര, സിമിത്തേരി ആദിയായ സ്ഥലങ്ങള്‍ ആശീര്‍വ്വദിക്കുവാനുമുള്ള അധികാരം മെത്രാന്മാര്‍ക്കാണ് സഭാശ്രേഷ്ഠന്മാര്‍ക്കല്ല എന്നു കൗണ്‍സില്‍ തറപ്പിച്ചുപറഞ്ഞു.

Renaissance catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message