We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
മിശിഹായുടെ സഭയ്ക്ക് ആദ്യനൂറ്റാണ്ടുകളില്‍ നേരിടേണ്ടി വന്ന പീഡനങ്ങളും പ്രയാസങ്ങളും ഭീഷണികളുമാണ് മതമര്‍ദ്ദനം കൊണ്ട് വിവക്ഷിക്കുന്നത്. മാനവ സമൂഹത്തെ രക്ഷിക്കുവാനായി മനുഷ്യാവതാരം ചെയ്ത ദൈവപുത്രനും രാജാധിരാജനുമായ ഈശോമിശിഹായെ യഹൂദപ്രമാണികള്‍ കുരിശില്‍ തറച്ചു കൊന്നു. തന്‍റെ ജീവിതകാലത്ത് ഈശോനാഥന്‍ ശിഷ്യരോടരുളിചെയ്തു: (മിശിഹായുടെ അനുയായികളോടെല്ലാമായിരുന്നു അരുളിചെയ്തത്) അവര്‍ എന്നെ പീഡിപ്പിച്ചെങ്കില്‍ നിങ്ങളെയും പീഢിപ്പിക്കും (യോഹ, 15:20). മിശിഹായുടെ ആ വചനങ്ങള്‍ അക്ഷരം പ്രതി നിറവേറുകയാണ. മതമര്‍ദ്ദന കാലത്ത് ലോകചരിത്രത്തില്‍ ഒരു മതവും ഇത്ര ക്രൂരവും ശക്തവുമായ എതിര്‍പ്പിനും മര്‍ദ്ദനങ്ങള്‍ക്കും വിധേയമായിട്ടില്ല.
മതമര്‍ദ്ദനത്തിന്‍റെ കാരണങ്ങള്‍
മതമര്‍ദ്ദനത്തിനുണ്ടായ പ്രധാനപ്പെട്ട കാരണങ്ങള്‍ രണ്ടു തരമാണ്. ഒന്ന് മതപരം, രണ്ട് മതേതരം.
1. പന്തക്കുസ്താദിവസം പത്രോസ് ശ്ലീഹായുടെ പ്രസംഗം കേട്ട് 3000 പേരോളം ജ്ഞാനസ്നാനപ്പെട്ട് (നടപടി 2:11) ക്രിസ്തുവില്‍ വിശ്വസിച്ചതിനെത്തുടര്‍ന്ന്, ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തുവിന്‍റെ സഭ വളരെ സ്വതന്ത്രമായും വ്യാപകമായും വളര്‍ന്നു. ഈ അദ്ഭുതകരമായ വളര്‍ച്ചയില്‍ യഹൂദരും പിന്നീട് വിജാതീയരും അസൂയാലുക്കളായി.
2 .ക്രൈസ്തവസഭ യഹൂദമതത്തിന്‍റെ പിടിയില്‍നിന്ന് വിമോചിതനായി. വിജാതീയരും ക്രിസ്തുമതത്തില്‍ ചേരുകയും സഭ റോമാസാമ്രാജ്യത്തിനകത്തും പുറത്തും വളര്‍ന്ന് പന്തലിക്കുവാനും തുടങ്ങിയതോടെ യഹൂദരുടെ വിരോധം വര്‍ദ്ധിച്ചു.
3. റോമാക്കാരുടേയും ഗ്രീക്കുകാരുടേയും മനസ്സുകളില്‍ അനുഭവപ്പെട്ടിരുന്ന ഒരുതരം ശൂന്യതാബോധത്തെ പരിഹരിക്കുവാന്‍ സുവിശേഷതത്വങ്ങള്‍ക്ക് സാധിച്ചു. റോമാകാര്‍ക്കും ഗ്രീക്കുകാര്‍ക്കും ക്രിസ്തുമതവും, മിശിഹായുടെ പ്രബോധനങ്ങളും താത്പര്യമായിരുന്നു. ഈ വളര്‍ച്ച രാജാവിനും, വിഗ്രഹാരാധകര്‍ക്കും ഇഷ്ടപ്പെട്ടില്ല.
4. എ.ഡി. 70-ലെയും 135 ലെയും ജറുസലേം തകര്‍ച്ച കര്‍ത്തൃപ്രവചനത്തിന്‍റെ പൂര്‍ത്തീകരണമായും ഈശോമിശിഹായെ ക്രൂശിച്ചതിന് യഹൂദര്‍ക്ക് ലഭിച്ച ശിക്ഷായായും ക്രൈസ്തവര്‍ കണ്ടു. സാവധാനത്തില്‍ മോശയുടെ നിയമത്തില്‍നിന്നും യഹൂദരുടെ ഭീഷണിയില്‍ നിന്നും മോചനം നേടിയ ക്രിസ്തുമതം സ്വന്തമായ വ്യക്തിത്വത്തില്‍ വളരുവാനാരംഭിച്ചു ഇതോടെ യഹൂദരുടെ കോപം ആളിക്കത്തി.
5. റോമാക്കാര്‍ വിവിധ ദേവീദേവന്മാരേയും ദിവ്യത്വം കല്പിച്ച് ചക്രവര്‍ത്തിയേയും ആരാധിച്ചിരുന്നു. എന്നാല്‍ ഏക സത്യദൈവത്തില്‍ വിശ്വസിച്ചിരുന്ന ക്രിസ്ത്യാനികള്‍ വിഗ്രഹങ്ങളേയോ ചക്രവര്‍ത്തിയേയോ ആരാധിക്കുവാന്‍ വിസമ്മതിച്ചു. ക്രിസ്ത്യാനികളുടെ ഈ നിഷേധഭാവം റോമന്‍ചക്രവര്‍ത്തിയേയും ഈശ്വരഭക്തരും രാജഭക്തരുമായ അക്രൈസ്തവ റോമന്‍ ജനതയേയും പ്രകോപിപ്പിച്ചു.
6. യഹൂദര്‍ക്ക് റോമന്‍ അധിപതികളിലുണ്ടായിരുന്ന സ്വാധീനം കൊണ്ട് ക്രൈസ്തവര്‍ക്കെതിരെ കരുക്കള്‍ നീക്കുവാന്‍ സാധിച്ചു.
7. ചക്രവര്‍ത്തിയെ ആരാധിക്കാതിരുന്ന ക്രൈസ്തവരെ നിരീശ്വരന്മാരായി കാണുകയും, രാജ്യത്താകമാനം ഉണ്ടായ അത്യാഹിതങ്ങള്‍ക്കും, പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണം ക്രൈസ്തവരുടെ ദൈവനിഷേധമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.
8. ക്രൈസ്തവര്‍ വി.കുര്‍ബ്ബാന അര്‍പ്പണത്തിനുവേണ്ടി ഒന്നിച്ചുകൂടിയിരുന്നു. ക്രൈസ്തവരുടെ ഈ സമ്മേളനങ്ങള്‍ രാജാവിലും രാജഭക്തരിലും സംശയങ്ങള്‍ ജനിപ്പിച്ചു. ഈ സമ്മേളനങ്ങളില്‍ ലൈംഗികവൈകൃതങ്ങളും, മനുഷ്യക്കുരുതികളും ഉണ്ടായിരിക്കുമെന്ന് അവര്‍ വിശ്വസിച്ചു.
9. ധാര്‍മ്മികനിലവാരമില്ലാതിരുന്ന റോമന്‍ ഉത്സവങ്ങളോട് ക്രൈസ്തവര്‍ക്ക് അവജ്ഞയായിരുന്നു. യുദ്ധത്തെ അനുകൂലിക്കാതിരുന്നതുകൊണ്ട് ചില ക്രൈസ്തവര്‍ സൈനികസേവനത്തിന് വിസമ്മതിച്ചു. ഇത് സാമൂഹ്യദ്രോഹമായും ദേശസ്നേഹമില്ലായ്മയായും മറ്റുള്ളവര്‍ ചിത്രീകരിച്ചു.
10. വ്യാജപുരോഹിതന്മാരുടേയും, ജ്യോതിഷക്കാരുടേയും വിഗ്രഹനിര്‍മ്മാതാക്കളുടേയും വിദ്വേഷം ക്രൈസ്തവരെ പീഡിപ്പിക്കുവാന്‍ സഹായകമായി
2. മതേതരകാരണങ്ങള്‍
യഹൂദചരിത്രകാരനായ ഫ്ളാവിയൂസ് ജോസേഫൂസ് (എ.ഡി.37-105) റോമന്‍ ചരിത്രകാരനായ ടാസിറ്റസ് (എ.ഡി.54-119) പ്ലീനി (എ.ഡി.62-113) എന്നിവര്‍ ക്രിസ്തുമതത്തെക്കുറിച്ചും , ക്രിസ്തുവിനെക്കുറിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പ്രസ്തുത ചരിത്രകാരന്മാര്‍ക്ക് ക്രിസ്തുവിനോടും ക്രിസ്ത്യനികളോടുമുണ്ടായിരുന്ന അവജ്ഞയും ലാഘവമനോഭാവവും അവരുടെ കൃതികളില്‍ വ്യക്തമാണ്.
രണ്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെ ചിലര്‍ ക്രിസ്തുമതത്തിനെതിരെ ഗ്രന്ഥങ്ങള്‍ തന്നെ രചിക്കുകയുണ്ടായി . അവരില്‍ പ്രധാനപ്പെട്ട ഏതാനും വ്യക്തികളുടെ പേരും അവരുടെ ചിന്താഗതികളും താഴെക്കൊടുക്കുന്നു.
a) ചെല്‍സൂസ്
എ.ഡി. 161-180 വരെയുള്ള കാലഘട്ടത്തില്‍ മതപീഢനം നടത്തിയ മാര്‍ക്കസ് ഔറേലിയസിന്‍റെ സമകാലികനാണിദ്ദേഹം. ഈശോയ്ക്ക് ദൈവികത്വമില്ലെന്നും അവിടുത്തെ ഉത്ഥാനം കെട്ടുകഥയാണെന്നും , ഈശോ ഒരു ജാരസന്തതിയാണെന്നും ഇയാള്‍ തന്‍റെ സരസമായ ഭാഷയിലൂടെ പ്രചരിപ്പിച്ചു. മനുഷ്യാവതാരം യുക്തിരഹിതമാണ്, പത്രോസ് വഞ്ചകനും മിശിഹാ കരുത്തനായ വഞ്ചകനുമായിരുന്നു, ഇങ്ങനെ പോകുന്നു ചെല്‍സൂസിന്‍റെ ചിന്താഗതി. വി. യൗസേപ്പ് ഈശോയെ ഈജിപ്തിലേക്കു കൊണ്ടുപോയത് മന്ത്രവിദ്യകള്‍ പഠിപ്പിക്കാനായിരുന്നെന്നും, അതുകൊണ്ടാണ് മിശിഹാ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
b) ലൂഷ്യന്‍
ചെല്‍സൂസിന്‍റെ സമകാലികനും സാമൊസാത്താക്കാരനുമായിരുന്നു ലൂഷ്യന്‍, മരണാനന്തരജീവിതം ഒരു കെട്ടുകഥയാണെന്നും ക്രിസ്തുമതം വിഡ്ഢികളുടെ മതമാണെന്നുള്ള ആശയങ്ങള്‍ "പെരഗ്രീനുസിന്‍റെ മരണം" എന്ന കഥയിലൂടെ ഇദ്ദേഹം പ്രചരിപ്പിച്ചു.
c) പോര്‍ഫിരി
ക്രിസ്തുമതത്തിനെതിരെ 15 പുസ്തകങ്ങളടങ്ങുന്ന ഒരു ദീര്‍ഘമായ കൃതി ഇദ്ദേഹം രചിച്ചു. പൗലോസ് വിപ്ലവചിന്താഗതിക്കാരനും, പത്രോസ് അബദ്ധങ്ങള്‍ വിളിച്ചുപറയുന്നവനുമാണന്നും ഈശോയില്‍ അസത്യവും, അസ്ഥിരതയും ഉണ്ടെന്നും ഇദ്ദേഹം ചിന്തിക്കുന്നു.
ചുരുക്കത്തില്‍, പുരാതനഗ്രന്ഥകര്‍ത്താക്കള്‍ മൂന്ന് വാദഗതികള്‍ നല്കുന്നുണ്ട്. അവ താഴെപറയുന്നു.
മതമര്‍ദ്ദനങ്ങള്‍ നടത്തിയ ചക്രവര്‍ത്തിമാര്‍
ക്രിസ്തുമത പീഡനപരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത് നീറോയുടെ കാലത്താണ്. സ്വന്തം മാതാവിനെയും സഹോദരന്മാരേയും, പത്നിയെയും മറ്റ് കുടുംബാംഗങ്ങളേയും ക്രൂരമായി കൊലപ്പെടുത്തിയ ഭീകരനായിരുന്നു നീറോ എന്ന് എവുസേബിയസ് സാക്ഷിക്കുന്നു. (എവുസേബിയസിന്‍റെ സഭാചരിത്രം, പേജ് 129-130) എ.ഡി 64 ജൂലൈ 14 ന് റോമാനഗരത്തിനുണ്ടായ തീപിടുത്തത്തിന് കാരണം ക്രൈസ്തവരില്‍ ആരോപിക്കുകയും നിരവധി ക്രൈസ്തവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചു ക്രൈസ്തവരെ വന്യമൃഗങ്ങള്‍ക്ക് ഇട്ടു കൊടുക്കുകയും, ചില ക്രൈസ്തവരെ നീറോയുടെ ഉദ്യാനത്തിലെ പന്തങ്ങളാക്കുകയും ചെയ്തു. അമ്പുകളെയ്തും കുരിശില്‍ തൂക്കിയും തോലുരുഞ്ഞും സിംഹത്തിന് ഇരയാക്കിയും തിളയ്ക്കുന്ന എണ്ണയിലിട്ടും ക്രൈസ്തവമക്കളെ ഹിംസിച്ചു. ആരും ക്രൈസ്തവരായിരിക്കാന്‍ പാടില്ല എന്ന പ്രമാണം നീറോ നിലവില്‍ കൊണ്ടു വന്നു. വി. പത്രോസും വി. പൗലോസും എ.ഡി. 64-നും 65-നും ഇടയ്ക്ക് രക്തസാക്ഷികളായി. അനേകം ക്രൈസ്തവര്‍ ക്രസ്തു വിശ്വാസത്തെ ഉറക്കെ പറഞ്ഞുകൊണ്ട് മരണത്തെ ആശ്ലേഷിക്കുകയുണ്ടായെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ദൈവത്തോട് വെറുപ്പും ശത്രുതയും പുലര്‍ത്തുന്ന കാര്യത്തില്‍ നീറോയുടെ പിന്‍ഗാമിയായിരുന്ന ഡൊമീഷ്യന്‍ (എ.ഡി.163) ക്രൈസ്തവരായിരുന്ന പല ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരേയും വധിച്ചു. വി. യോഹന്നാനെ തിളച്ച എണ്ണയില്‍ മുക്കി പീഡിപ്പിച്ചെന്നും പാത്മോസ് ദ്വീപിലേക്ക് നാടുകടത്തിയെന്നും പറയപ്പെടുന്നു. ഡൊമീഷ്യന്‍റെ കുടുംബക്കാരനായ ക്ലെമന്‍സും അദ്ദേഹത്തിന്‍റെ ഭാര്യ ഡൊമ്റ്റില്ലയും വധിക്കപ്പെട്ടവരില്‍പെടുന്നു.
വിഖ്യാതനായ മൂന്നാമത്തെ മതപീഡകചക്രവര്‍ത്തിയാണ് ട്രാജന്‍. ക്രൈസ്തവരുടെ ആരാധനാസമ്മേളനങ്ങള്‍ തെറ്റിദ്ധരിക്കുകയും, സമ്മേളനങ്ങള്‍ നിരോധിക്കുകയും രാജാവിന്‍റെ ആജ്ഞ ലംഘിച്ചവരെ വധിക്കുകയും ചെയ്തു. ട്രാജന്‍റെ ഔദ്യോഗിക നയം ഇങ്ങനെയായിരുന്നു. ക്രിസ്ത്യാനികളുടെ കുറ്റം പലതാണ്. പശ്ചാത്തപിച്ചാല്‍ മാപ്പുകൊടുക്കാനും ക്രിസ്ത്യാനികളെ തെരഞ്ഞുപിടിക്കേണ്ടെന്നും ക്രിസ്ത്യാനികളെന്ന് പരക്കെ അറിയപ്പെടുന്നവരെ പിടികൂടിയാല്‍ മതിയെന്നും കല്പനയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് നല്ല വഴിയില്‍ തിരിയുവാന്‍ വിസമ്മതിക്കുന്നവരെ മാത്രം വധിച്ചാല്‍ മതിയെന്നും ആജ്ഞാപിച്ചിരുന്നു. അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ്, നാലാമത്തെ മാര്‍പാപ്പ ആയ വി. ക്ലെമന്‍റ് തുടങ്ങിയവര്‍ ട്രാജന്‍റെ കാലത്ത് രക്തസാക്ഷികളായവരാണ്.
ഇദ്ദേഹത്തിന്‍റെ കാലത്തും നിരവധിപ്പേര്‍ രക്തസാക്ഷികളായിട്ടുണ്ട്. ഹിജിനുസ് പാപ്പായും (136-140) പീയൂസ് 1-പാപ്പായും (140-155) സ്മിര്‍ണ്ണായിലെ മഹാനായ പോളിക്കാര്‍പ്പും (69-155) ഈ രാജാവിന്‍റെ മതമര്‍ദ്ദനകാലത്ത് രക്തസാക്ഷിമകുടം ചൂടിയവരാണ്.
ക്രൈസ്തവരെ അന്ധവിശ്വാസികളായി കരുതി രാജ്യത്തുണ്ടായ പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം ദൈവകോപമാണെന്നും അതിനു കാരണം ക്രൈസ്തവരാണെന്നും പറഞ്ഞുപരത്തി. രോഗിയായിരുന്ന ഫോത്തിനുസ് മെത്രാനെ 90-ാമത്തെ വയസ്സില്‍ വളരെ പീഡിപ്പിക്കുകയും കാരാഗൃഹത്തിലടക്കുകയും അവിടെക്കിടന്നു മരിക്കുകയും ചെയ്തു. ക്രൈസ്തവരെ വന്യമൃഗങ്ങള്‍ക്ക് ഇരയാക്കുകയും അവരുടെ ശവങ്ങള്‍ കത്തിച്ച് ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു. കൂടാതെ ഖനികളില്‍ നിര്‍ബന്ധിപ്പിച്ച് ജോലി എടുപ്പിച്ചു. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും പരസ്യ സ്ഥലങ്ങളിലും ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിച്ചു. പ്രകൃതി ക്ഷോഭങ്ങള്‍ക്ക് എതിരെ നടത്തിയ ബലിയില്‍ ക്രിസ്ത്യാനികള്‍ സഹകരിക്കാതിരുന്നതായിരുന്നു പ്രധാനകാരണം.
ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പ്രേരണനിമിത്തമാണ് പീഡനം തുടങ്ങിയത്. എ.ഡി. 202 -ല്‍ ആരും ക്രിസ്തുമതം സ്വീകരിക്കാന്‍ പാടില്ല എന്ന രാജകീയ വിളംബരം പുറപ്പെട്ടു. തുടര്‍ന്ന് അതിരൂക്ഷമായ മതമര്‍ദ്ദനങ്ങളാണ് നടന്നത്. ആഫ്രിക്കയിലും ഈജിപ്ത്തിലും ധാരാളം രക്തസാക്ഷികളുണ്ടായി. ഇക്കൂട്ടത്തില്‍ മഹാനായ ഒരിജെന്‍റെ പിതാവ് - ലെയോണീഡ്സ് ഉള്‍പ്പെടുന്നു. ഒരിജെനും ചെറുപ്പത്തില്‍ തന്നെ രക്തസാക്ഷിയാക്കാന്‍ ആഗ്രഹിച്ചിരുന്നു. (എ.ഡി.349) ലെയണ്‍സിലെ മെത്രാനായ വി. ഇരനേയൂസും 19,000 വിശ്വാസികളും ഒരുമിച്ചു വധിക്കപ്പെട്ടു.
ക്രിസ്തുമതത്തിനെതിരെ ഒരു പൊതുമര്‍ദ്ദനം, അഴിച്ചു വിട്ടതു ഡേഷ്യനായിരുന്നു. രാജ്യത്തുള്ളവരെല്ലാം റോമന്‍ ദൈവങ്ങള്‍ക്ക് ആരാധനയര്‍പ്പിക്കമമെന്നുള്ള കല്പന 250-ല്‍ പുറപ്പെടുവിച്ചു. ബലിയര്‍പ്പിച്ചതിനുള്ള തെളിവിനായി സര്‍ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. വിശ്വാസം പരിത്യജിച്ചവരെ ലാപ്സി എന്നും ധൂപം അര്‍പ്പിച്ചവരെ തൂരിഫിക്കാത്തി എന്നും ബലിയര്‍പ്പിച്ചവരെ സാക്രിഫിക്കാത്തി എന്നും വിളിച്ചിരുന്നു. അനേകായിരങ്ങള്‍ ഈ മതപീഡനത്തില്‍ രക്തസാക്ഷികളായി തീര്‍ന്നു. ചില മെത്രാന്മാര്‍പോലും ഇക്കാലത്ത് സഭാത്യാഗം ചെയ്തു വി. ഫബിയാനോസ് മാര്‍പാപ്പ അന്ത്യോക്യന്‍ മെത്രാന്‍ ബാബിലാസ്, ജറുസലേം മെത്രാന്‍ അലക്സാണ്ടര്‍ തുടങ്ങിയവരെല്ലാം ഇക്കാലത്ത് രക്തസാക്ഷികളായവരാണ്. 251-ലുണ്ടായ യുദ്ധത്തില്‍ ഡോഷ്യന്‍ മരിച്ചു.
വലേരിയന്‍റെ ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍ രാജ്യത്ത് വളരെയധികം അസ്വസ്ഥകളും യുദ്ധങ്ങളും നടമാടിയിരുന്നു. ഇതിന്‍റെയെല്ലാം കാരണം ക്രിസ്ത്യാനികളാണെന്നു കരുതി അവരെ പീഡിപ്പിക്കുവാന്‍ തുടങ്ങി. അങ്ങനെ എ.ഡി. 257-ല്‍ എല്ലാവരും റോമന്‍ ദൈവങ്ങളില്‍ വിശ്വസിക്കണമെന്ന് അനുശാസിക്കുന്ന ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. 258-ലെ മറ്റൊരു വിജ്ഞാപന പ്രകാരം വൈദികരും സഭയിലെ ഉന്നത വ്യക്തികളും പിടിക്കപ്പെട്ടു. വൈദികരെ മുഴുവനും കൊന്നൊടുക്കി. വിശ്വാസം ഉപേക്ഷിക്കാതിരുന്ന അത്മായരേയും വകവരുത്തി (എ.സ 442-443) വി. സിക്റ്റസ് കക മാര്‍പാപ്പ, വി. സിപ്രയാന്‍, ഡീക്കന്‍ ലോറന്‍സ്, തുടങ്ങിയവരൊക്കെ വലേരിയന്‍റെ കാലത്ത് രക്തസാക്ഷികളായവരാണ്.
വലേരിയന്‍റെ മകനായ ഗള്ളിയേനൂസ് (260-268) സഭയ്ക്കു വേണ്ടത്ര ആനുകൂല്യങ്ങള്‍ നല്കുവാന്‍ കല്പിച്ചു. ഈ ഔദാര്യം സ്നേഹം കൊണ്ടായിരുന്നില്ല. മറിച്ച് സഭയെ അടിച്ചമര്‍ത്താന്‍ കഴിയുകില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ്.
ഇതിനുമുമ്പ് പീഡനം നടത്തിയ എല്ലാ ചക്രവര്‍ത്തിമാരേക്കാളും സംഹാരാത്മകത ഒത്തു ചേര്‍ന്നതായിരുന്നു ഡയോക്ലീഷന്‍റേത്. ആദ്യകാലത്ത് സഭയോട് വിരോധമൊന്നുമില്ലായിരുന്നു. എന്നാല്‍ തന്‍റെ ഭാര്യ പ്രിസ്കയും മകള്‍ വലേറിയായും ഉള്‍പ്പെടെ അനേകര്‍ ക്രൈസ്തവ വിശ്വാസികളായതോടെ മതപീഡനം ആരംഭിച്ചു. ദേവാലയങ്ങള്‍ തകര്‍ക്കുകയും വി. ഗ്രന്ഥങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തു സ്വന്തം ഭാര്യയേയും മകളേയും മെത്രാന്മാരേയും അനേകം വൈദികരേയും വധിപ്പിച്ചു. മെത്രാന്മാരേയും, വൈദികരേയും, അത്മായരേയുംകൊണ്ട് ജയിലുകള്‍ നിറഞ്ഞപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികളെ സ്വതന്ത്രരാക്കി. കമ്പി പഴുപ്പിച്ച് കണ്ണു തുരന്നു കളയുക. ഓരോ കാലുമുറിച്ചു കളയുക തുടങ്ങിയ ക്രൂരപീഡനങ്ങളാണ് നല്കിയിരുന്നത്. ക്രൈസ്തവ പട്ടണമായിരുന്ന ഫ്രീജിയ അതിലെ ജനങ്ങളോടൊപ്പം അഗ്നിക്കിരയാക്കികളഞ്ഞു. വി. ആഗ്നസ്, വി. സെബാസ്റ്റ്യന്‍, വി. ഫെലിക്സ്, വി. മാര്‍സെല്ലിനസ് മാര്‍പാപ്പ തുടങ്ങിവരെല്ലാം ഡയോക്ലീഷന്‍റെ കാലത്ത് വീരോചിതമായി രക്തസാക്ഷികളായവരാണ്.
വിശ്വാസസംരക്ഷകര്‍
റോമന്‍ ചക്രവര്‍ത്തിമാരുടേയും, യഹൂദചിന്തകരുടേയും എതിര്‍പ്പുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിശ്വാസത്തിന്‍റെ മാഹാത്മ്യം എടുത്തുകാണിച്ചുകൊണ്ട് എഴുതിയവരാണ് വിശ്വാസസംരക്ഷകര്‍. ഇവരുടെ കൃതികള്‍ അപ്പോളജി എന്നറിയപ്പെടുന്നു. വി. ജസ്റ്റിന്‍, അത്തനഗോറസ്, തെര്‍ത്തുല്യന്‍ തുടങ്ങിയവരൊക്കെ വിശ്വാസസംരക്ഷകരില്‍ ഏതാനും വ്യക്തികളാണ്.
കോണ്‍സ്റ്റന്‍റൈന്‍ (306-337)
മൂന്ന് നൂറ്റാണ്ടുകാലം നീണ്ടുനിന്ന ക്രൂരവും നിന്ദ്യവുമായ മതമര്‍ദ്ദനം അവസാനിപ്പിച്ചതും സഭയ്ക്കു മതസ്വാതന്ത്രം നല്കിയതും കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയാണ്. 313 ഫെബ്രുവരി അവസാനം പുറപ്പെടുവിച്ച മിലാന്‍ വിളംബരം (Edict of Milan) എന്ന കല്പനയിലൂടെ ക്രൈസ്തവ സഭയ്ക്ക് മതസ്വാതന്ത്രം അനുവദിച്ചു. സഭയ്ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കുവാനും വസ്തുക്കള്‍ സൂക്ഷിക്കുവാനും കണ്ടുകെട്ടിയവയെല്ലാം തിരിച്ചു ലഭിക്കുന്നതിനും ഈ വിളംബരത്തിലൂടെ സാധിച്ചു. പേഗന്‍ മതവിശ്വാസിയായിരുന്ന കോണ്‍സ്റ്റന്‍റൈറനെ മില്‍വ്യന്‍ യുദ്ധമാണ് ക്രിസ്തുമതത്തിലേക്കടുപ്പിച്ചത്. കുരിശുചിഹ്നം ഉപയോഗിച്ച് യുദ്ധം ചെയ്യാന്‍ പ്രേരണലഭിക്കുകയും അങ്ങനെ യുദ്ധത്തില്‍ വിജയിക്കുകയുമാണുണ്ടായത്. ക്രൈസ്തവരുടെ ശത്രുക്കളെ നശിപ്പിക്കുകയും, ക്രൈസ്തവാരാധനയെ പ്രോത്സാഹിപ്പിക്കുകയും, ഞായറാഴ്ച്ച പൊതു അവധിയാക്കുകയും ചെയ്തു. കോണ്‍സ്റ്റന്‍റൈയിന്‍ മരണക്കിടക്കയില്‍ വച്ചു മാത്രമാണ് മാമ്മോദീസ സ്വീകരിച്ചത്. ചില സഭകള്‍ ഇദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കുന്നുണ്ട്.
തെയഡോഷ്യസ് രാജാവാണ് (379-395) വിജാതീയര്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കിയത്. ഇദ്ദേഹത്തിന്‍റെ കാലത്ത് റോമന്‍ ദൈവങ്ങളോടുള്ള ഭക്തി അവസാനിപ്പിച്ചു. അങ്ങനെ ക്രിസ്തുമതം രാഷ്ട്രത്തിന്‍റെ ഔദ്യോഗിക മതമായി .പടിഞ്ഞാറ് മാത്രമല്ല കിഴക്കന്‍ സഭകളിലും മതമര്‍ദ്ദനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കല്‍ദായസഭയിലെ മതമര്‍ദ്ദനങ്ങള്‍
മതമര്‍ദ്ദനകാലത്ത് ധാരാളം ആളുകള്‍ പേര്‍ഷ്യയിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. അര്‍സസീഡ് രാജാക്കന്മാര്‍ പേര്‍ഷ്യയില്‍ ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ ക്രിസ്തുമതം അവിടെ പ്രചരിച്ചിരുന്നു. എന്നാല്‍ 222 മുതല്‍ പേര്‍ഷ്യന്‍ ഭരണം നടത്തിയ സസ്സനീഡ് രാജാക്കന്മാര്‍ ക്രിസ്തുമതത്തെ പീഡിപ്പിക്കുകയുണ്ടായി. ഷപ്പൂര്‍ I, ഷപ്പൂര്‍ II, ഖുസ്രാ I, ഖുസ്രാ II ഈ രാജാക്കന്മാരാണ് പ്രധാനമായും മതമര്‍ദ്ദനം നടത്തിയത്.
പേര്‍ഷ്യയും ബൈസന്‍റയിനും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ ശത്രുതയാണ് പേര്‍ഷ്യയിലെ മതമര്‍ദ്ദനത്തിനുണ്ടായ പ്രധാനകാരണം. മിലാന്‍ വിളംബരത്തിനുശേഷം കോണ്‍സ്റ്റന്‍റൈയിന്‍ പേര്‍ഷ്യയിലെ ക്രിസ്ത്യാനികളുടെ സംരക്ഷണാവകാശത്തില്‍ അതീവ ശ്രദ്ധ കാണിച്ചത്. പേര്‍ഷ്യാരാജാക്കന്മാര്‍ക്ക് ഇഷ്ടമായില്ല. രണ്ടാമതായി പേര്‍ഷ്യയിലെ ക്രിസ്ത്യാനികള്‍ റോമ്മാക്കാര്‍ക്കെതിരെ യുദ്ധം ചെയ്യുവാന്‍ വിസമ്മതിച്ചു. കാരണം ക്രിസ്ത്യാനികളെല്ലാം ഏകോദരസഹോദരങ്ങളാണല്ലോ. പക്ഷെ ഒരിക്കലും പേര്‍ഷ്യന്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തില്ല. മൂന്നാമത്തെ കാരണം ആറും ഏഴും നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയില്‍ മസ്ദെയിസം എന്ന മതം പുനരുദ്ധരിക്കപ്പെടുകയും മതപരിവര്‍ത്തനം നിര്‍ത്തലാക്കുകയും ചെയ്തു.
രാജാക്കന്മാരുടെ രാജാവായ ഷപ്പൂര്‍ 40 വര്‍ഷം ക്രൂരമായ മതമര്‍ദ്ദനം നടത്തി. ധാരാളം ജനങ്ങളും വൈദികരും, മെത്രാന്മാരും ഷപ്പൂറിന്‍റെ കാലത്ത് രക്തസാക്ഷികളായി. സഭാചരിത്രകാരനായ സോസ്സോമിന്‍റെ അഭിപ്രായത്തില്‍ ഷപ്പൂറിന്‍റെ മതമര്‍ദ്ദനകാലത്ത് 16,000 പേര്‍ രക്തസാക്ഷികളായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തില്‍ പരാജയപ്പെട്ട പേര്‍ഷ്യന്‍ രാജാക്കന്മാര്‍, പരാജയകുറ്റം ക്രിസ്ത്യാനികളില്‍ ആരോപിച്ചു അവരില്‍ നിന്ന് കൂടുതല്‍ നികുതി ചുമത്തിയിരുന്നു.
മസ്ദെയിസാന്‍ മതത്തിന്‍റെ ആചാര്യന്മാരുടേയും അനുയായികളുടേയും പ്രേരണയാല്‍ ക്രൈസ്തവ ദേവാലയങ്ങളും, ആശ്രമങ്ങളും നശിപ്പിച്ചു. കാതോലിക്കയും സഭാനേതാവുമായിരുന്ന മാര്‍ ആബായെ നാടുകടത്തി. ഖുസ്രാ രണ്ടാമനും ക്രിസ്ത്യാനികളെ വളരെ ക്രൂരമായി പീഡിപ്പിച്ചിരുന്നു.
ബാബിലോണിയന്‍ സഭയിലെ മതമര്‍ദ്ദനം
ഭാരിച്ച നികുതി ക്രൈസ്തവര്‍ കൊടുക്കുകയില്ലെന്ന് എതിര്‍ത്തതിനാല്‍ സുറിയാനിസഭയുടെ കാതോലിക്കോസായ മാര്‍ ശെമയോനും അഞ്ച് മെത്രാന്മാരും നൂറ് വൈദികരും അനേകം ക്രിസ്ത്യാനികളും 339-ലെ ദുഃഖവെള്ളിയാഴ്ച്ച ദിവസം സുസ എന്ന സ്ഥലത്തുവച്ച് വധിക്കപ്പെട്ടു. (ഏഷ്യയിലെ മാര്‍ത്തോമാസഭകള്‍, 105)
എ.ഡി 420-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ബഹാം അഞ്ചാമന്‍ ക്രൂരമായ മതമര്‍ദ്ദനം നടത്തി. ചരിത്രകാരനായ വിഗ്രായിന്‍റെ അഭിപ്രായമനുസരിച്ച് കിര്‍ക്കുക് എന്ന സ്ഥലത്തു മാത്രം 1,53,00 ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടു. എന്നു പറയുന്നു. അവിടെയുള്ള ക്രിസ്ത്യാനികള്‍ സെപ്റ്റംബര്‍ 25-ാം തീയതി ഈ രക്തസാക്ഷികളുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നുണ്ട്.
ചുരുക്കത്തില്‍ ഇന്നുള്ള ക്രൈസ്തവ സഭ രക്തസാക്ഷികളുടെ ചുടുനിണം വീണ് വളര്‍ന്നതാണ്. ക്രിസ്തുവിന്‍റെ സഭയിലംഗമായിരിക്കുന്നതില്‍ ഏതൊരു വ്യക്തിയും അഭിമാനം കൊള്ളുന്നു.
Religious persecutions catholic malayalam Christianity Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206