We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. Mathew Chandrankunnel On 29-May-2021
മതത്തിനും രാഷ്ട്രീയത്തിനും വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങളുണ്ട്. എങ്കിലും അവ രണ്ടും മനുഷ്യനന്മ ലക്ഷ്യം വയ്ക്കുന്നു. മതവും രാഷ്ട്രീയവും മനുഷ്യനെ സ്വാധീനിക്കുന്നു. മതത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ട്. ലോകചരിത്രം മതത്തിന്‍റെ ചരിത്രം കൂടിയാണ്. മനുഷ്യന്‍റെ എല്ലാ ജീവിതപ്രശ്നങ്ങള്‍ക്കും മതം ഉത്തരം നിര്‍ദ്ദേശിക്കുന്നു. ജനനം മുതല്‍ മരണം വരെയും മരണശേഷവും മതം മനുഷ്യനെ സ്വാധീനിക്കുന്നു. പച്ചയായ മനുഷ്യന്‍റെ ജീവിതപ്രശ്നങ്ങളെ മതം അഭിസംബോധന ചെയ്യുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ല. മരണാനന്തരജീവിതത്തിലെ സൗഭാഗ്യവര്‍ണ്ണനയാണ് മതത്തിന്‍റെ മുഖ്യ പ്രമേയമെന്ന ആരോപണവും ശരിയല്ല. മനുഷ്യന്‍റെ അനുദിനജീവിതപ്രശ്നങ്ങള്‍ തന്നെയാണ് മതത്തിന്‍റെ പ്രധാനവിഷയം. സാധാരണക്കാരന്‍റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, ധാര്‍മ്മിക പ്രശ്നങ്ങളില്‍ മതം ഇടപെടുന്നു. ഇതിനെ മതത്തിന്‍റെ രാഷ്ട്രീയത്തിലുള്ള ഇടപെടലായി കാണുന്നതും വ്യാഖ്യാനിക്കുന്നതും ദുരുദ്ദേശപരമാണ്
മതം രാഷ്ട്രീയത്തെ മാനിക്കുന്നു
മതം മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇടപെടുന്നുവെങ്കിലും വലിയൊരു ജനസമൂഹമെന്നനിലയില്‍ ശക്തമായ ഒരു ഭരണക്രമം ആവശ്യമാണ്. മതത്തിന് സമൂഹത്തിന്‍റെ മേലുള്ള സ്വാധീനം ധാര്‍മ്മികമാണ്. ഭൗതിക അധികാരമുള്ള ഒരു ഭരണക്രമം കൂടിയേ തീരു. അത്തരത്തിലുള്ള ഭരണസംവിധാനമാണ് സര്‍ക്കാര്‍. നിയമം നിര്‍മ്മിക്കാനും നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാനും അധികാരമുള്ള സംവിധാനമാണ് ഭരണകൂടം. ജനഹിതം നടപ്പിലാക്കാനാണ് ജനപ്രതിനിധികള്‍ ജനവിധി തേടുന്നത്. ജനസേവനത്തിനുവേണ്ടിയാണ് കാര്യനിര്‍വ്വഹണസമിതി അഥവാ എക്സിക്യൂട്ടീവ് നിലകൊള്ളുന്നത്. ഭരണം നന്നായി നിര്‍വ്വഹിക്കുന്നതിന് ഭരിക്കുന്നവരെ സഹായിക്കുകയാണ് പ്രതിപക്ഷധര്‍മ്മം. നിര്‍ഭാഗ്യവശാല്‍, ഭരണം തടസ്സപ്പെടുത്തുകയും വികസനം തടയുകയും ചെയ്യുന്ന സമിതിയായി പ്രതിപക്ഷം അധ:പതിച്ചിരിക്കുന്നു.
ജനാധിപത്യമെന്ന തലക്കെട്ട് യഥാര്‍ത്ഥത്തില്‍ വ്യാജമാണ്. ജനത്തിന് യാതൊരു ആധിപത്യവും ഇന്നത്തെ ഭരണക്രമത്തിലില്ല. വെറുമൊരലങ്കാരമോ ആര്‍ഭാടമോ ആയി ജനാധിപത്യമെന്ന ശീര്‍ഷകം ഉപയോഗിക്കപ്പെടുന്നു. വോട്ടു ചെയ്യുന്നതുകൊണ്ടുമാത്രം ജനാധിപത്യമാകുന്നില്ല. കലഹിക്കാനും ഭിന്നത സൃഷ്ടിക്കാനും അസംസ്കാരം വളര്‍ത്താനും ഉപരിഘടകത്തെ സൃഷ്ടിയ്ക്കുകയാണ് തെരഞ്ഞെടുപ്പിലൂടെ. ജനക്ഷേമം മറന്ന് ഭരിക്കുമ്പോള്‍ അഴിമതിയും അക്രമവും സ്വജനപക്ഷപാതവും ക്രമസമാധാന തകര്‍ച്ചയുമെല്ലാം സംഭവിക്കുന്നു. സമരം ഒഴിയാബാധയായി ഭരണത്തിന്‍റെ ഭാഗമായിത്തീരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മാധ്യമങ്ങളും മതസാംസ്കാരിക നേതൃത്വവും രംഗപ്രവേശം ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നു. ജനക്ഷേമകരവും സുതാര്യവുമായ ഭരണക്രമമുള്ളപ്പോള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അപ്രസക്തമായിത്തീരുന്നു. മതത്തിനും സന്നദ്ധസംഘടനകള്‍ക്കും രാഷ്ട്രവിഷയങ്ങളില്‍ ഇടപെടാന്‍ അവസരമൊരുക്കുന്നത് ഭരിക്കുന്നവര്‍ തന്നെയാണ്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും പരക്കെ അംഗീകരിക്കപ്പെട്ട പൊതുതത്ത്വസംഹിതകള്‍ക്കുമൊക്കെ എതിരെ സര്‍ക്കാര്‍നീക്കങ്ങളുണ്ടാകുമ്പോള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരായ മതസ്ഥാപനങ്ങള്‍ക്ക് ഇടപെടാതിരിക്കാന്‍ കഴിയാതെ വരുന്നു.
മതവും മതേതരത്വവും
ഭാരതം മതങ്ങളുടെ രാജ്യമാണ്. അതേ സമയം മതേതര മൂല്യങ്ങളെ മാനിക്കുന്ന നാടുമാണ്. ഇന്ത്യന്‍ രാഷ്ട്രഘടനയുടെ ജീവാംശമാണ് മതം. മതത്തെ മാറ്റിനിര്‍ത്തി ഇന്ത്യയെക്കുറിച്ചു ചിന്തിക്കാനാവുകയില്ല. ഓരോരുത്തരും അവരവരുടെ മതങ്ങളുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനിടയില്‍ മറ്റു മതങ്ങള്‍ അവഗണിക്കപ്പെടാനുള്ള സാദ്ധ്യതയെ മുന്നില്‍ക്കണ്ട് ഭരണഘടനാശില്പികള്‍ മതേതരത്വം ഭരണഘടനയുടെ ഭാഗമാക്കി. എന്നാല്‍ കാലാന്തരത്തില്‍ മതേതരത്വത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മതത്തെ രാഷ്ട്രത്തിന്‍റെ മുഖ്യധാരയില്‍നിന്ന് മാറ്റി നിര്‍ത്താനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ജനാധിപത്യ മതേതര സങ്കല്‍പത്തിന് എതിരാണ്.
മതേതരത്വത്തെക്കുറിച്ച് രണ്ട് ചിന്താധാരകള്‍ പ്രബലമാണ്. ഒന്ന് നെഹ്റുവിന്‍റെ കാഴ്ചപ്പാട്. രണ്ടാമത്തേത്, ഗാന്ധിജിയുടെ വീക്ഷണമാണ്. നെഹ്റു പ്രതിനിധാനം ചെയ്തത് പാശ്ചാത്യദര്‍ശനമത്രെ. മതവും രാഷ്ട്രീയവും തമ്മില്‍ ബന്ധമില്ല; രണ്ടും രണ്ടുവഴിക്ക് എന്ന ചിന്ത ഒരു കാലത്ത് പാശ്ചാത്യരുടെ ഇടയില്‍ ഉണ്ടായിരുന്നു. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും നേരിട്ട് ഇടപെട്ടിരുന്ന സമയത്ത് സ്വീകരിച്ച നിലപാടായിരുന്നു അത്. മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു സമീപനത്തിന് അംഗീകാരം ലഭിച്ചു. എന്നാല്‍ തല്പരകക്ഷികള്‍ പിന്നീട് നെഹ്റുവിനെ നിരീശ്വരനായും മതവിരോധിയായും ചിത്രീകരിച്ചു. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മതമായതുകൊണ്ട് രാഷ്ട്രം മതത്തില്‍നിന്നു വിട്ടുനില്‍ക്കണം, മതത്തെ അകറ്റി നിര്‍ത്തണം എന്ന സന്ദേശം മതവിരുദ്ധത സഹജമായുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മതേതരത്വം മതസ്വാതന്ത്ര്യമാണ്
ഭരണഘടനയുടെ 25-ാം ഖണ്ഡിക മതസ്വാതന്ത്ര്യത്തെ ഉദ്ദീപിപ്പിക്കുന്നതാണ്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും (to profess) മതം ജീവിക്കാനും (to practice) മതം പ്രചരിപ്പിക്കാനും (to propagate) ഭരണഘടന നിയമപരിരക്ഷ നല്‍കുന്നു. ഭരണഘടന മതത്തെ അംഗീകരിക്കുക മാത്രമല്ല, മതത്തിന്‍റെ സംഭാവനകളെ മാനിക്കുകയും ചെയ്യുന്നു. ഏതൊരു ഭരണഘടനയ്ക്കും അങ്ങനെയായിരിക്കാനേ സാധിക്കുകയുള്ളു. കാരണം മതം മനുഷ്യനില്‍ സമൂലമായ ഒരു വികാരവും അനുഭവവും പരമസത്യവുമാണ്. മനുഷ്യനിലെ ഈ ആന്തരികാനുഭവത്തിന് സാക്ഷാത്കാരം നല്‍കാത്ത ഒരു നിയമത്തിനും പ്രസക്തിയില്ല. നിയമങ്ങള്‍ മനുഷ്യ സ്വാതന്ത്ര്യത്തിന് എതിരാകാന്‍ പാടില്ല. നിയമത്തിന്‍റെ ലക്ഷ്യം തന്നെ സമൂഹത്തിന്‍റെ പൊതുനന്മയത്രെ.
മതേതരത്വം മതനിരാസമല്ല
മതേതരത്വമെന്ന ഉന്നതമൂല്യത്തിന്‍റെ മഹത്വം കെടുത്തുന്ന വിധമാണ് പ്രത്യയശാസ്ത്രക്കാര്‍ മതേതരത്വത്തെ വ്യാഖ്യാനിക്കുന്നത്. അവര്‍ പറയുംവിധം മതേതരത്വത്തില്‍ മതവിരോധമോ മതനിരാസമോ ഇല്ല. മതേതരത്വം മതത്തെ മാനിക്കലാണ്. മതങ്ങളോട് ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്നതാണ് മതേതരത്വം. സ്വന്തം വിശ്വാസത്തിന്‍റെ വില മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കും നല്‍കുന്നിടത്ത് മതേതരചിന്തയുണ്ട്. മതേതരത്വം വിഭാവനം ചെയ്യുന്നത് മതമൈത്രിയാണ്. പെട്ടെന്ന് വ്രണപ്പെടാവുന്നതും ആളിക്കത്താവുന്നതുമായ വികാരം എന്ന ഘടകം എല്ലാ മതങ്ങളിലുമുണ്ട്. മതത്തില്‍നിന്നുണ്ടാകുന്ന വൈകാരിക പ്രക്ഷോഭങ്ങളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാന്‍ മതേതരത്വമെന്ന മതസങ്കല്പത്തിനു സാധിക്കും.
മതം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നിയമസംരക്ഷണമാണ് മതേതരത്വമെന്നു പറയാം. ഭരണാധികാരികള്‍ മതത്തിന്‍റെ പേരില്‍ വിവേചനം നടത്താന്‍ പാടില്ല. മതം നോക്കി നീതി നിര്‍വ്വഹിക്കുന്നത് അനുവദനീയമല്ല. മതത്തിന്‍റെ പേരില്‍ ആനുകൂല്യം സമ്പാദിക്കാനോ അവകാശങ്ങള്‍ നഷ്ടപ്പെടാനോ പാടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മതത്തെ ഉപയോഗിക്കുന്നത് മതേതരത്വം അംഗീകരിക്കുന്നില്ല.
ചില രാഷ്ട്രീയക്കാര്‍ മതത്തെ ഭയപ്പെടുന്നു
സമൂഹത്തില്‍ സ്വീകാര്യത കുറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ ഭയപ്പെടുന്നു. അവര്‍ മതത്തെ വലിയ അധികാരകേന്ദ്രമായി കാണുന്നു. സംഘടിത മതങ്ങള്‍ക്കാണ് ശക്തിയെന്ന് അവര്‍ക്കറിയാം. സംഘടിത സ്വഭാവം മതത്തിനു കെട്ടുറപ്പും സ്ഥിരതയും നല്‍കുന്നു. ജനശക്തിയും വിഭവസമൃദ്ധിയും അത്തരം മതങ്ങള്‍ക്കുണ്ട്. മതങ്ങളുടെ ശക്തിയെ പ്രവര്‍ത്തനമികവുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്നത്. അത് പക്ഷെ ഇന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സാധിക്കുന്നില്ല. അതുകൊണ്ട് മതങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണ്.
രണ്ടു തരത്തിലുള്ള ആക്രമണങ്ങളാണ് മതത്തിനു നേരെയുണ്ടാകുന്നത്. ഒന്നാമത്തേത് കായികമായ ആക്രമണമാണ്. ആരാധനാലയങ്ങളും അനുബന്ധസ്ഥാപനങ്ങളും നശിപ്പിക്കുക, മതനേതാക്കന്‍മാരെ പീഡിപ്പിക്കുക, വിശ്വാസികളെ ആക്രമിക്കുക തുടങ്ങിയ രീതികള്‍ ചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. രണ്ടാമത്തേത് അപവാദപ്രചരണത്തിലൂടെ മതത്തിന്‍റെ പ്രതിഛായ തകര്‍ക്കുകയും മതാചാര്യന്‍മാരുടെ ആത്മവീര്യം നശിപ്പിക്കുകയും ചെയ്യുന്ന ആക്രമണശൈലിയാണ്. മനുഷ്യാവകാശപ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും മാധ്യമങ്ങളുടെ ഇടപെടലും അന്താരാഷ്ട്രധാരണകളും ശക്തിപ്പെട്ടപ്പോള്‍ കായികകയ്യേറ്റങ്ങള്‍ സാധിക്കാതെ വന്നപ്പോഴാണ് രണ്ടാമത്തെ മാര്‍ഗ്ഗം ശക്തിപ്പെടുത്തിയെടുത്തത്.
മതങ്ങളെ പ്രത്യേകിച്ച് കത്തോലിക്കാസഭയെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതും ആക്രമിക്കുന്നതും ഇടതുപക്ഷപ്രസ്ഥാനക്കാരാണ്. ഹേറോദേസ് രാജാവിന്‍റെ കാലത്ത് യൂദയായിലെ ബേത്ലഹേമില്‍ യേശു ജനിച്ചുവെന്നു കേട്ടപ്പോള്‍ രാജാവ് അസ്വസ്ഥനായെന്ന് ബൈബിളില്‍ കാണുന്നു. "ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി. അവനോടൊപ്പം ജറുസലെം മുഴുവനും" (മത്താ 2:3). തനിക്കെതിരെ മറ്റൊരു രാജാവ് ഉദയം ചെയ്തിരിക്കുന്നുവെന്ന ഭയമാണ് ഹേറോദേസിനെ അസ്വസ്ഥനാക്കിയത്. അതിന്‍റെ ഫലം നിഷ്ഠൂരമായ ശിശുവധമായിരുന്നു. "ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചുവെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍ നിന്നു മനസ്സിലാക്കിയ സമയമനുസരിച്ചു അവന്‍ ബേത്ലഹേമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു" (മത്താ 2:16). ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കു കത്തോലിക്കാസഭ പോലുള്ള ധാര്‍മ്മിക സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം അസഹനീയമാണ്.
സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല
സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ കെട്ടുറപ്പും ആള്‍ബലവും കാര്യശേഷിയും വിശ്വാസ്യതയുമുള്ള സമൂഹമാണ് ക്രൈസ്തവസഭ. എന്നിട്ടും സഭ രാഷ്ട്രീയത്തില്‍ ഇടപെടാത്തത് സഭ ഒരു രാഷ്ട്രീയസമൂഹം അല്ലാത്തതുകൊണ്ടും സഭയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാണ്. രാഷ്ട്രീയത്തിന്‍റെ ശക്തി അധികാരമാണ്. സഭയുടെ ശക്തി കുടികൊള്ളുന്നത് സേവനത്തിലാണ്. സഭയിലെ അധികാരശ്രേണി ഭരണത്തിനുള്ളതല്ല, ശ്രുശ്രൂഷയ്ക്കുള്ളതാണ്. അച്ചടക്കവും കെട്ടുറപ്പുമുള്ള ഒരു സമൂഹത്തിന് അധികാരവ്യവസ്ഥ കൂടിയേ തീരു. സഭയുടെ അധികാരം ഉപയോഗിച്ചു സഭാനിവാസികളെയോ മറ്റു മതസ്ഥരെയോ പൊതുസമൂഹത്തെയോ ഒരു വിധത്തിലും കീഴ്പ്പെടുത്തി ഭരിക്കുന്നില്ല.
സഭയില്‍ രാഷ്ട്രീയക്കാരുണ്ട്; പക്ഷെ സഭയ്ക്ക് രാഷ്ട്രീയമില്ല. സഭയിലെ രാഷ്ട്രീയക്കാര്‍ ജയിക്കുന്നത് സഭാവിശ്വാസികളുടെ വോട്ടുകൊണ്ടല്ലെന്ന് തെരഞ്ഞെടുപ്പുഫലങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാകും. സഭാവിശ്വാസികള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തെ സഭ മാനിക്കുന്നു. സഭ രാഷ്ട്രീയ നേതാക്കന്‍മാരെ വണങ്ങുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ല. എന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യവും ബഹുമാനവും രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കു സഭ നല്‍കുന്നു.
സഭ ഒരു കാലത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിട്ടില്ല. സഭയ്ക്ക് പാര്‍ലമെന്‍റിലോ നിയമസഭയിലോ ത്രിതലപഞ്ചായത്തുകളിലോ പ്രതിനിധികളില്ല. മത്സരിച്ചാല്‍ ജയിക്കില്ല എന്ന് ആരെങ്കിലും വാദിച്ചാല്‍ കാര്യങ്ങള്‍ വിലയിരുത്താനുള്ള അവരുടെ കഴിവുകേട് എന്നു പറയേണ്ടിവരും. മത്സരരംഗത്തു വരുന്നതു മാത്രമല്ല മതത്തിന്‍റെ സ്വാധീനം തെരഞ്ഞെടുപ്പുവേളയില്‍ പ്രയോജനപ്പെടുത്തുന്നതും രാഷ്ട്രീയ ഇടപെടലാണെന്നു വാദിക്കുന്നവരുണ്ടാകാം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനുനേരെയും സഭ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ വിശ്വാസത്തിന്‍റെ നിലപാട് സഭ സ്വീകരിച്ചിട്ടുണ്ട്. വിശ്വാസികളെ നേര്‍വഴിക്കു നയിക്കേണ്ടത് സഭയുടെ കടമയും അവകാശവുമാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മതം, വിശ്വാസം, ധാര്‍മ്മികത, സദാചാരം തുടങ്ങിയ സമൂഹത്തിന്‍റെ നിലനില്പിനുതന്നെ ആധാരമായ അടിത്തറമൂല്യങ്ങള്‍ നിരാകരിക്കുന്നിടത്ത് സഭയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാതിരിക്കാനാവുകയില്ല. അങ്ങനെ ചെയ്യുകവഴി സഭ പ്രതിപക്ഷത്തിന്‍റെ ദൗത്യമല്ല നിറവേറ്റുന്നത് പകരം സഭയുടെ ധാര്‍മ്മികഉത്തരവാദിത്വം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്യുന്നത്.
പള്ളിക്കുള്ളില്‍ ഒതുങ്ങുന്നതല്ല
സഭയും പുരോഹിതന്‍മാരും പള്ളിക്കുള്ളില്‍ ഒതുങ്ങിക്കൊള്ളണമെന്ന അന്ത്യശാസനം ഒരു നേതാവില്‍നിന്നുണ്ടായി. രാഷ്ട്രനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഭയുടെ പങ്കിനെ അംഗീകരിക്കാന്‍ മടിക്കുന്ന ഒരു നേതാവിന്‍റെ ജല്പനം മാത്രമായി സഭ അതിനെ കണക്കാക്കി. വികസനത്തിന്‍റെ കുത്തകാവകാശം രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കുന്നത് അഹന്തയും അല്പത്തവും ഒത്തുചേര്‍ന്ന മനസ്സുള്ളതുകൊണ്ടാണ്. നാടിന്‍റെ വികസനത്തില്‍ സഭ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും ഇല്ലാതിരുന്ന കാലത്ത് വഴിവെട്ടിയതും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചതും പൊതുസ്ഥാപനങ്ങള്‍ക്കുവേണ്ടി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതുമെല്ലാം മതസമുദായ നേതാക്കന്‍മാരാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ സമുദായങ്ങളുടെയും സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളും സംവിധാനങ്ങളുമാണ്. അതുകൊണ്ട് മതസമുദായങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അവകാശവാദങ്ങളൊന്നും വിലപ്പോവില്ല.
രാഷ്ട്രവിഷയങ്ങളില്‍ താല്‍പര്യം
രാഷ്ട്രീയത്തില്‍ താല്പര്യമില്ലെങ്കിലും രാഷ്ട്രവിഷയങ്ങളില്‍ സഭ തല്പരയാണ്. ഭരണഘടനയെയും ഭരണസംവിധാനത്തെയും കോടതികളെയും സഭ വിലമതിക്കുന്നു. സഭയ്ക്ക് ഈശ്വരവിശ്വാസം പോലെ വിലപ്പെട്ടതാണ് ദേശസ്നേഹം. ദേശബോധവും രാജ്യസ്നേഹവും സഭാതനയരില്‍ ഉറപ്പിക്കുവാന്‍ സഭ ശ്രദ്ധാലുവാണ്. രാജ്യത്തിന്‍റെ മുഖ്യധാരയില്‍നിന്ന് സഭ ഒരു കാലത്തും മാറി സഞ്ചരിച്ചിട്ടില്ല. രാഷ്ട്രനിയമങ്ങള്‍ പാലിക്കുകയും കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്ന സമൂഹമാണ് സഭ.
രാഷ്ട്രീയം മതത്തെ ദുരുപയോഗം ചെയ്യുന്നു
മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്നത് കെട്ടിച്ചമച്ച ആരോപണവും രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നുവെന്നത് തെളിവുകളുള്ള സത്യവുമാണ്. സഭയുടെ എല്ലാ വേദികളിലും രാഷ്ട്രീയക്കാരെ കുത്തിനിറയ്ക്കാനുള്ള ശ്രമങ്ങളുണ്ട്. പള്ളിയോഗം, സണ്‍ഡേസ്ക്കൂള്‍, പാസ്റ്ററല്‍ കൗണ്‍സില്‍, വിവിധ മതസംഘടനകള്‍ എന്നിവിടങ്ങളിലെല്ലാം പ്രതിനിധികളുണ്ടായിരിക്കണമെന്ന നിഷ്ഠ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കുണ്ട്. തെരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ മറനീക്കി വെളിച്ചത്തുവരും. എല്ലാ ചേരികളിലുംപെട്ട രാഷ്ട്രീയ നേതാക്കന്‍മാരും മതസമുദായ നേതാക്കന്‍മാരെ കണ്ട് വണങ്ങും. വോട്ടു ചോദിക്കുന്നതിലും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതിലും പന്തികേടില്ല. എന്നാല്‍ തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് പൊതുവേദികളില്‍ സത്യവിരുദ്ധമായി പ്രസംഗിക്കുന്നത് മര്യാദകേടും മതസ്ഥാപനത്തെ ദുരുപയോഗിക്കലുമാണ്.
മതേതരത്വം പ്രസംഗിക്കുമെങ്കിലും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് മതവും ജാതിയും നോക്കിയാണ്. വിജയസാദ്ധ്യതയാണ് മാനദണ്ഡമെന്നു പറഞ്ഞാലും മതത്തിന്‍റെ മേല്‍വിലാസത്തില്‍ അധികാരത്തിലെത്തുകയാണ് ലക്ഷ്യം. മതവിരോധം കാണിക്കുന്ന നേതാക്കന്‍മാര്‍ പോലും തെരഞ്ഞെടുപ്പുകാലത്ത് മതത്തെ ഉപയോഗിക്കുന്നു. മതങ്ങളെയും ജാതികളെയും പ്രീണിപ്പിച്ചും ഭിന്നിപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് കേരളത്തില്‍ പതിവാണ്.
മതമൗലികവാദവും വര്‍ഗീയതയും ഭീകരവാദവും തെറ്റാണെന്നു സഭ ഉറച്ചുവിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ മതവിശ്വാസികള്‍ക്കു വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും നിഷിദ്ധമാണ്. രാഷ്ട്രീയ നേതാക്കന്‍മാര്‍ താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി മതത്തെ ദുരുപയോഗിക്കുന്നതിന്‍റെ ഫലമാണ് വര്‍ഗ്ഗീയതയും ഭീകരവാദവും.
മതവും രാഷ്ട്രീയവും കൈകോര്‍ക്കണം
ശരീരത്തില്‍ കൈയ്ക്കും കാലിനും പ്രാധാന്യമുണ്ടെങ്കില്‍ രാഷ്ട്രഗാത്രത്തില്‍ മതത്തിനും രാഷ്ട്രീയത്തിനും പ്രാധാന്യമുണ്ട്. അവ പരസ്പരവിരുദ്ധ യാഥാര്‍ത്ഥ്യങ്ങളല്ല; പരസ്പരപൂരക ഘടകങ്ങളാണ്. മതത്തെ കൂടാതെ രാഷ്ട്രത്തിനോ രാഷ്ട്രത്തെകൂടാതെ മതത്തിനോ നിലനില്‍ക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ ഇവ രണ്ടും കൂടാതെ മനുഷ്യനു നിലനില്‍ക്കാനാവില്ല. ഭൗതിക വികസനവും ധാര്‍മ്മിക ജീവിതവും ഒത്തുപോകണം. രാഷ്ട്രീയമില്ലാത്ത മതം മൗലികവാദത്തിലേയ്ക്കും മതമില്ലാത്ത രാഷ്ട്രീയം ഏകാധിപത്യത്തിലേയ്ക്കും വഴുതിവീഴാന്‍ സാദ്ധ്യതയുണ്ട്. വഴിതെറ്റാതിരിക്കാനുള്ള മാര്‍ഗ്ഗം പരസ്പരം വഴികാട്ടുകയാണ്.
സഭയുടെ നിലപാട്
രാഷ്ട്രത്തിന്‍റെയും രാഷ്ട്രീയക്കാരുടെയും നേര്‍ക്കുള്ള കത്തോലിക്കാസഭയുടെ സുചിന്തിതമായ നിലപാട് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. "ഇതു ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു: നിങ്ങളുടെ അധികാരത്തെയും ജനാധിപത്യത്തെയും ഞങ്ങള്‍ ആദരിക്കുന്നു; നിങ്ങളുടെ ഉദ്യോഗത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു; നിങ്ങളുടെ നീതിയുള്ള നിയമങ്ങളെയും അവ നിര്‍മ്മിക്കുന്നവരെയും നടപ്പിലാക്കുന്നവരെയും ഞങ്ങള്‍ അനുസരിക്കുന്നു. എന്നാല്‍ പരിശുദ്ധമായൊരു കാര്യം നിങ്ങളോടു പറയാനുണ്ട്. അതിതാണ്: ദൈവം മാത്രമാണ് എല്ലാറ്റിന്‍റെയും ആദിയും അന്തവും; ദൈവം മാത്രമാണ് നിങ്ങളുടെ അധികാരത്തിന്‍റെ ഉത്ഭവസ്ഥാനവും നിങ്ങളുടെ നിയമങ്ങളുടെ ആധാരവും".
"ലോകത്തില്‍ നിങ്ങള്‍ക്കൊരു കടമയുണ്ട്: മനുഷ്യരുടെ ഇടയില്‍ ക്രമവും സമാധാനവും പാലിക്കുക;........ഒരു കാര്യം മാത്രമാണ് ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്, സ്വാതന്ത്ര്യം, ദൈവവചനം വിശ്വസിക്കാനും അത് പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യം. (സമാപനസന്ദേശം, രണ്ടാം വര്‍ത്തിക്കാന്‍ സൂനഹദോസ്)
രാഷ്ട്രീയത്തില്‍ പങ്കാളികളാവുക
രണ്ടാം വര്‍ത്തിക്കാന്‍ കൗണ്‍സിലിന്‍റെ "സഭ ആധുനിക ലോകത്തില്‍" എന്ന പ്രമാണരേഖയില്‍ ഇപ്രകാരം വായിക്കുന്നു: "രാഷ്ട്രത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേകമായ ദൗത്യത്തെപ്പറ്റി എല്ലാ ക്രൈസ്തവരും ബോധവാന്മാരായിരിക്കണം. ഉത്തരവാദിത്വബോധവും പൊതുക്ഷേമത്തിനായുള്ള സേവനവും വഴി മാതൃക കാണിച്ചുകൊടുക്കേണ്ടത് അവരാണ്...... രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ, പൊതുക്ഷേമത്തിന് അവശ്യം വേണ്ടതെന്നു അവയ്ക്കു ബോദ്ധ്യമുള്ള കാര്യങ്ങളെ കൈവരുത്താനാണ് പരിശ്രമിക്കേണ്ടത്. സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്കു പൊതുക്ഷേമത്തേക്കാള്‍ മുന്‍ഗണന ഒരിക്കലും അനുവദനീയമല്ലതന്നെ". (ഖണ്ഡിക 75)
തിരുസഭയുടെ പ്രത്യേക ധര്‍മ്മവും അധികാരവും നിമിത്തം രാഷ്ട്രത്തോടോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ അവള്‍ ഒരുതരത്തിലും താദാമ്യം പ്രാപിക്കുന്നില്ല. ...... വ്യക്തിയുടെ അതി സ്വാഭാവികമായ പ്രകൃതിയുടെ സംരക്ഷകയും ദൃശ്യചിഹ്നവുമാണ് സഭ.
സഭയ്ക്കും രാഷ്ട്രത്തിനും താന്താങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ സ്വയം ശാസനാധികാരമുണ്ട്; അവ സ്വതന്ത്രങ്ങളുമാണ്. എങ്കിലും സഭയും രാഷ്ട്രവും പ്രത്യേക നിലകളില്‍ ഒരേ മനുഷ്യന്‍റെ സാമൂഹികവും വ്യക്തിഗതവുമായ ദൗത്യത്തോടു ബദ്ധമാണ്. സ്ഥലകാലപരിതോവസ്ഥകള്‍ കണക്കിലെടുത്തുകൊണ്ട് സഭയും രാഷ്ട്രവും തമ്മിലുള്ള ആശാസ്യമായസഹകരണം പരിപുഷ്ടമാകുന്ന തോതനുസരിച്ചാണ് എല്ലാവരുടെയും ക്ഷേമത്തിനായുള്ള സേവനങ്ങള്‍ ഫലമണിയുക (ഖണ്ഡിക 76).
(നോബിൾ തോമസ് പാറക്കൽ എഡിറ്റ് ചെയ്ത കേരളസഭ: നാൾവഴികളും നാളെകളും എന്ന പുസ്തകത്തിൽനിന്നും)
ഉപസംഹാരം
മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ നിലപാട് പൊതുവെ സ്വീകാര്യമാണ്. രാഷ്ട്രവികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി മതവും രാഷ്ട്രീയവും കൈകോര്‍ക്കണമെന്ന നിലപാടായിരുന്നു ഗാന്ധിജിയ്ക്ക്. പൂവിനു സുഗന്ധം പോലെയാണ് രാഷ്ട്രീയത്തിനു മതം. മനുഷ്യ നന്മ ലക്ഷ്യം വയ്ക്കുന്ന മതവും രാഷ്ട്രീയവും ഒന്നിച്ചൊഴുകേണ്ട പുഴയാണ്.
Religion and politics politics religion fr.mathew chandrankunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206