x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ ആധുനിക സഭാചരിത്രം

പാശ്ചാത്യസഭയുടെ നവീകരണം

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

ഭയില്‍ കാലഘട്ടങ്ങളുടെ സമ്മര്‍ദ്ദഫലമായ വൈകല്യങ്ങള്‍ പലപ്പോഴും കടന്നുകൂടിയിട്ടുണ്ട്. തന്മൂലം ഇടയ്ക്കിടെ നവീകരണപ്രസ്ഥാനങ്ങളിലേയ്ക്കു ശ്രദ്ധതിരിക്കാന്‍ സഭാനേതൃത്വം നിര്‍ബന്ധിതമായി. ഇപ്രകാരമൊരു നവീകരണം ആസന്നമായിരുന്ന കാലത്താണ് പീയൂസ് ഒമ്പതാമന്‍ പാപ്പാ (1846-1878) ഒന്നാം വത്തിക്കാന്‍കൗണ്‍സില്‍ വിളിച്ചുകൂട്ടിയതെന്ന് കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടു. എന്നാല്‍ ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം (1870-1871) പൊട്ടിപ്പുറപ്പെട്ടതുമൂലം ഒരു വര്‍ഷത്തിനുശേഷം കൗണ്‍സില്‍ അവസാനിപ്പിക്കേണ്ടിവന്നു. അതിനാല്‍ കാര്യമായ നവീകരണങ്ങളൊന്നും നടന്നില്ല. പീയൂസ് ഒമ്പതാമനുശേഷം വന്ന മാര്‍പ്പാപ്പാമാര്‍ നവീകരണശ്രമങ്ങള്‍ തുടര്‍ന്നു. ഇരുപത്തൊന്നാം അദ്ധ്യായത്തില്‍ കണ്ടതുപോലെ സഭാനേതൃത്വവും രാഷ്ട്രങ്ങളുമായുള്ള ബന്ധം പലപ്പോഴും പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമായിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ ചരിത്രവും ഇതിനൊരപവാദമായിരുന്നില്ല.

ആദ്ധ്യാത്മികമണ്ഡലത്തില്‍

ബാഹ്യതലങ്ങളില്‍ മാത്രമല്ല ആദ്ധ്യാത്മികമണ്ഡലത്തിലും ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമായിരുന്നു. വിശ്വാസത്തില്‍നിന്നും, ദൈവീകകാര്യങ്ങളില്‍നിന്നും അകന്നുപോയ്ക്കൊണ്ടിരുന്ന കത്തോലിക്കരെ, അടിയുറച്ച ആദ്ധ്യാത്മികതയിലേയ്ക്കു തിരിച്ചു വരുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ലെയോ പതിമൂന്നാമന്‍ പാപ്പാ തുടരെത്തുടരെ വിശ്വലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

മതബോധനരംഗത്തും നവീകരണത്തിന്‍റെ ചലനങ്ങളുണ്ടായി. എല്ലാ ഇടവകകളിലും മതപഠനം നിര്‍ബന്ധിതമാക്കി. മതബോധനകാര്യങ്ങളില്‍ വൈദികരെ സഹായിക്കുന്നതിന് അല്മായരെ പരിശീലിപ്പിച്ചെടുക്കാന്‍ കുറെയെല്ലാം കഴിഞ്ഞു. അനുദിന ദിവ്യകാരുണ്യസ്വീകരണം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. ലത്തീന്‍സഭയില്‍ തിരിച്ചറിവിന്‍റെ പ്രായമായ കുട്ടികള്‍ക്കു മാത്രമേ വി. കുര്‍ബാന നല്കിയിരുന്നുള്ളൂ.

നിയമങ്ങളിലും ഭരണക്രമങ്ങളിലും

1317-ലാണ് കാനന്‍നിയമങ്ങളുടെ ഔദ്യോഗികക്രോഡീകരണം നടന്നത്. ഈ നിയമങ്ങളെല്ലാം ക്രോഡീകരിച്ച് അവയില്‍ കാലത്തിനനുസരിച്ച് വ്യതിയാനങ്ങളും തിരുത്തലുകളും വരുത്തേണ്ടത് ആവശ്യമായി പലര്‍ക്കും തോന്നി. ട്രെന്‍റു കൗണ്‍സിലിലെ (1545-1563) പിതാക്കന്മാര്‍ അത് ഊന്നിപ്പറഞ്ഞു. എന്നിട്ടും പ്രായോഗികമായി ഒന്നും നടന്നില്ല. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിലും (1869-1870) ഈ പ്രശ്നം പൊങ്ങിവന്നു. എന്നാല്‍ വി. പത്താംപീയൂസ് പാപ്പായുടെ കാലത്താണ് ക്രിയാത്മകമായ നടപടികള്‍ ഇക്കാര്യത്തില്‍ ആരംഭിച്ചത്. 1904 മാര്‍ച്ച് 19-ാം തീയതി ആര്‍ഡും സാനേ മൂനൂസ് (Arduum Sane Munus) എന്ന തിരുവെഴുത്തിലൂടെ ലത്തീന്‍ റീത്തിനുവേണ്ടി പഴയകാനന്‍നിയമങ്ങളില്‍ ആവശ്യമായ നവീകരണങ്ങള്‍ വരുത്തി പുതിയൊരു നിയമസംഹിത രൂപീകരിക്കുവാനുള്ള ഉദ്ദേശ്യം പത്താംപീയൂസ് വ്യക്തമാക്കി.

പൗരസ്ത്യസഭകള്‍ക്കോരോന്നിനും സ്വന്തമായ നിയമസംഹിതകളുണ്ടായിരുന്നു. ഇവയ്ക്കു പുറമേ, പൗരസ്ത്യസഭകള്‍ക്കെല്ലാം പൊതുവായ ഒരു നിയമസംഹിത ഉണ്ടാക്കേണ്ടതിന്‍റെ ആവശ്യകത ആദ്യമായിത്തോന്നിയത് പീയൂസ് പതിനൊന്നാ (1922-1939) മനാണ്. ഇതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 1929 അവസാനത്തോടുകൂടി ഒരു കമ്മീഷനെ നിയോഗിച്ചു. 1930-ല്‍ രണ്ടു കമ്മീഷനുകള്‍ക്കൂടി രൂപംകൊണ്ടു. ഒന്ന്, പുതിയ നിയമസംഹിതയുടെ നക്കല്‍ തയ്യാറാക്കാന്‍വേണ്ടി; മറ്റൊന്ന് വിവിധ പൗരസ്ത്യസഭകളിലെ നിയമാവലികളും അവയുടെ സ്രോതസ്സുകളും ശേഖരിച്ചു പ്രസിദ്ധീകരിക്കുവാന്‍വേണ്ടി. ഈ രണ്ടാമത്തെ കമ്മീഷന്‍ 1930-നും 1964-നും ഇടയ്ക്ക് മൂന്നു പരമ്പരകളിലായി നാല്പതു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. Fonti Codificazione Canonica Orientali എന്ന പേരിലാണിവയറിയപ്പെടുന്നത്.

മാര്‍പ്പാപ്പായുടെ തിരഞ്ഞെടുപ്പില്‍ സംബന്ധിക്കുന്നവര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിക്കുവാന്‍വേണ്ടി കോണ്‍ക്ലേവു കൂടുന്ന രീതിയിലും മാറ്റം വരുത്തി. വീറ്റോ സമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ട് 1904 ഡിസംബര്‍ 25-ാം തീയതി ഒരു പുതിയ നിയമം കൊണ്ടുവന്നു. കോണ്‍ക്ലേവിലെ തീരുമാനങ്ങള്‍ പരമരഹസ്യമായിരിക്കണമെന്ന് 1905-ല്‍ വ്യവസ്ഥചെയ്തു. ഇതു ലംഘിക്കുന്നവര്‍ക്കു മഹറോന്‍ശിക്ഷയും കല്പിച്ചു.

നവീകരണം സഭയുടെ സാമൂഹ്യവീക്ഷണത്തില്‍

പാശ്ചാത്യസഭയ്ക്കുള്ളില്‍ത്തന്നെയും രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും വരുത്തിയ മാറ്റങ്ങളെയും നവീകരണങ്ങളെയുംപറ്റിയാണ് ഇതുവരെ പ്രതിപാദിച്ചത്. ഇക്കാലഘട്ടത്തില്‍ സാമൂഹ്യമണ്ഡലത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഈ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തിയത് വ്യാവസായികവിപ്ലവവും ദേശീയബോധവുമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് അനുദിനം വളര്‍ന്നു. മുതലാളിയും തൊഴിലാളിയും എന്ന വേര്‍തിരിവ് സാമൂഹ്യജീവിതത്തില്‍ കൂടുതല്‍ പ്രകടമായി. മനുഷ്യത്വത്തിനു വിലയിടിഞ്ഞു; കുടുംബബന്ധത്തിന്‍റെ പരിപാവനത നഷ്ടപ്പെട്ടു. കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ നൂതനപ്രസ്ഥാനങ്ങള്‍ ജനഹൃദയങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തി. സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ ഈ പരിവര്‍ത്തനങ്ങളുടെ നേരേ കണ്ണടയ്ക്കുവാനോ നിഷ്ക്രിയമായിരിക്കുവാനോ സഭാനേതൃത്വത്തിനു കഴിഞ്ഞില്ല. കാരണം, കാലഘട്ടത്തില്‍ അവതരിച്ച ക്രിസ്തുവിന്‍റെ തുടര്‍ച്ചയാണു സഭ. അതിനാല്‍ അവളും കാലത്തിലന്‍റെ ചലനങ്ങളെ ഉള്‍ക്കൊള്ളണം, അല്ലെങ്കില്‍ അവള്‍ തന്‍റെ വിശ്വസനീയത നഷ്ടപ്പെടുത്തുകയും ദൗത്യത്തില്‍ പരാജയപ്പെടുകയും ചെയ്യും.

ലിബെര്‍ത്താസ്

ആധുനികമാര്‍പ്പാപ്പാമാരുടെ സാമൂഹ്യപ്രബോധനത്തിന്‍റെ അടിസ്ഥാനരേഖയായി കണക്കാക്കപ്പെടുന്ന ഈ തിരുവെഴുത്ത് 1888-ല്‍ ലെയോ പതിമൂന്നാം പാപ്പായാണ് പ്രസിദ്ധീകരിച്ചത്. വിവാഹം, കുടുംബം, രാഷ്ട്രത്തിന്‍റെ സ്വഭാവം, സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം, മാനേജ്മെന്‍റിന്‍റെയും തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും, സഭയ്ക്ക് തന്‍റെ ദൗത്യപൂര്‍ത്തീകരണത്തിനുള്ള സ്വാതന്ത്രം, തങ്ങളെ ഭരിക്കേണ്ട ഗവണ്മെന്‍റ് ഏതു രൂപത്തിലുള്ളതായിരിക്കണമെന്നു നിശ്ചയിക്കാന്‍ ജനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഇതില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

റേരും നൊവാരും

ലെയോ പതിമൂന്നാമന്‍റെ വിശ്വപ്രസിദ്ധമായ ഈ ചാക്രികലേഖനം 1891 മെയ് 15-ാം തീയതി പ്രസിദ്ധീകരിച്ചു. സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ മാഗ്നാകാര്‍ട്ടാ എന്നാണ് ഇതറിയപ്പെടുന്നത്. അക്കാലത്ത് വളര്‍ന്നുവന്ന കത്തോലിക്കാസാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍പ്പാപ്പായില്‍നിന്ന് കിട്ടിയ പരസ്യാംഗീകാരമായി ഇതിനെ കണക്കാക്കാം.

വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ക്കു വിധേയമായതും വിധേയമായിക്കൊണ്ടിരിക്കുന്നതുമായ ഒരു ചാക്രികലേഖനമാണ് റേരും നൊവാരും. പ്രധാനമായും മൂന്നഭിപ്രായങ്ങളാണുള്ളത്: 1) ചിലരുടെ അഭിപ്രായത്തില്‍ തൊഴില്‍പ്രശ്നത്തിനു പരിഹാരമായി അവതരിപ്പിച്ച സോഷ്യലിസത്തെ ശപിച്ചുതള്ളുന്ന ഒരു വിശ്വലേഖനമാണ് റേരും നൊവാരും. 2) പല രാജ്യങ്ങളിലും നിലവിലിരുന്ന മുതലാളിത്തവ്യവസ്ഥിതിയിലെ അപാകതകളെ നിശിതമായി വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ചില ഭാഗങ്ങള്‍ ഈ വിശ്വലേഖനത്തിലുണ്ട്. അതിനാല്‍ മാര്‍പ്പാപ്പാ തികഞ്ഞൊരു സോഷ്യലിസ്റ്റാണ്-ഇതായിരുന്ന രണ്ടാമത്തെ വിഭാഗത്തിന്‍റെ അഭിപ്രായം. 3) തൊഴില്‍പ്രശ്നങ്ങള്‍ക്ക് സാധകപരിഹാരം നല്‍കുന്നൊരു വിശ്വലേഖനമാണിതെന്ന് മൂന്നാമതൊരു വിഭാഗം വിശ്വസിക്കുന്നു. മൂന്നു വീക്ഷമഗതികളും ഭാഗികമായി ശരിയാണെന്നു പറയാം. ഇതില്‍ സോഷ്യലിസത്തെ ലെയോ നിരാകരിക്കുന്നുണ്ട്. അതേസമയം മുതലാളിത്തവ്യവസ്ഥിതിയുടെ ദൂഷ്യവശങ്ങളെ വെറുതെവിടുന്നുമില്ല. മൂലധനവും തൊഴിലും തമ്മില്‍ സമന്വയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഒരുവന്‍റെ സ്വത്ത് എങ്ങനെ വിനിയോഗിക്കപ്പെടണം എന്നു ചോദിച്ചാല്‍ വി. തോമസ് അക്വൈനാസിന്‍റെ വാക്കുകളിലുള്ള മറുപടി ഇതാണ്: മനുഷ്യന്‍ ഭൗതികസമ്പത്ത് സ്വന്തമായി കരുതരുത്. മറ്റുള്ളവര്‍ക്ക് ആവശ്യംവരുമ്പോള്‍ പങ്കുവെയ്ക്കാനുള്ള പൊതുസ്വത്തായിവേണം അതിനെ പരിഗണിക്കുവാന്‍. തൊഴിലാളിയുടെ വേതനം അയാളുടെ സാമാന്യ ജീവിതത്തിന് അപര്യാപ്തമാംവിധം കുറഞ്ഞതായിരിക്കരുത്.

ലെയോപാപ്പായുടെ ക്രാന്തദര്‍ശിത്വത്തിന്‍റെ നിദര്‍ശനമായിരുന്നു റേരും നൊവാരും. ക്ലിഷ്ടമായ സാമൂഹ്യപ്രശ്നത്തെ അദ്ദേഹം ധൈര്യപൂര്‍വ്വം വിശകലനം ചെയ്തു. സത്താപരമായി ഇതൊരു ധാര്‍മ്മികപ്രശ്നമാണെന്നും അതിനു പരിഹാരം നേടാന്‍ ശരിയായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും വ്യക്തമാക്കി.

ക്വാദ്രജേസ്സിമോ ആന്നോ

റേരും നൊവാരും പ്രസിദ്ധീകൃതമായതിന്‍റെ നാല്പതാം വാര്‍ഷികദിനത്തില്‍ 1931 മെയ് 15-ാം തീയതി പതിനൊന്നാം പീയൂസ് പാപ്പാ ഈ വിശ്വലേഖനം പുറത്തിറക്കി. ഉടമസ്ഥാവകാശത്തിന്‍റെയും വേതനത്തിന്‍റെയും സാമൂഹ്യവശത്തിന് ലെയോയുടെ വിശ്വലേഖനത്തിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നതാണ് ഇതിന്‍റെ പ്രത്യേകത. കൂടുതല്‍ സമതുലനാവസ്ഥയും സാമൂഹ്യഐക്യവും ഉണ്ടാകുവാന്‍ വേതനവ്യവസ്ഥകള്‍ ക്രമീകരിച്ചാല്‍മാത്രം പോരാ, തൊഴിലാളികള്‍ക്ക് സഹഭാഗിത്വം തന്നെ (Partnership) നല്കണമെന്നാണ് മാര്‍പ്പാപ്പാ ആവശ്യപ്പെടുന്നത്.

മാനവസമുദായത്തിന്‍റെ ഇന്നത്തെ അവസ്ഥവച്ചുനോക്കുമ്പോള്‍ കൂടുതല്‍ സ്വീകാര്യമായി നമുക്കു തോന്നുന്നത്, തൊഴില്‍ ഉടമ്പടികള്‍ (Work Contract) സഹഭാഗിത്വ ഉടമ്പടികളായി (Partnership Contract) പരിവര്‍ത്തനം ചെയ്യുക എന്നതാണ്. ഇപ്രകാരം തൊഴിലാളികളും മറ്റു ജോലിക്കാരും ഉടമയിലോ മാനേജ്മെന്‍റിലോ പങ്കുകാരാകുന്നു. അതായത്, ആദായത്തില്‍ (Profit) അവര്‍ ഏതെങ്കിലും വിധത്തില്‍ ഭാഗഭാക്കുകളാകുന്നു. ഈ വിശ്വലേഖനത്തിന്‍റെ മൂന്നാം ഭാഗത്തിലാണ് പതിനൊന്നാം പീയൂസിന്‍റെ തികച്ചും മൗലികമായ സംഭാവന കാണുന്നത്. ലെയോയുടെ കാലശേഷം വിവിധരംഗങ്ങളിലുണ്ടായ പരിവര്‍ത്തനങ്ങളിലേയ്ക്കും, മാറിയ ചുറ്റുപാടുകളില്‍ ഉപയുക്തമായ ആനുകാലികമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലേയ്ക്കും ലോകജനതയുടെ ശ്രദ്ധതിരിക്കുകയാണിവിടെ.

കത്തോലിക്കാസാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒരു പ്രചോദനമായിരുന്നു ഈ ലേഖനം. സാമ്പത്തികക്രമത്തെപ്പറ്റിയുള്ള കത്തോലിക്കാ ചിന്താഗതിയെ ത്വരിതപ്പെടുത്തുന്നതില്‍ ഇതു വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. പന്ത്രണ്ടാം പീയൂസിന്‍റെയും ജോണ്‍ ഇരുപത്തിമൂന്നാമന്‍റെയും തിരുവെഴുത്തുകളില്‍, 11-ാം പീയൂസിന്‍റെ നിര്‍ദ്ദേശങ്ങളെ കൂടുതല്‍ വിശദീകരിക്കുകയും പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍നിന്ന് ഇതിന്‍റെ പ്രാധാന്യം വ്യക്തമാണല്ലോ.

ലാ സൊളേന്നിത്ത

1941 ജൂണ്‍ 1-ാം നു പന്ത്രണ്ടാം പീയൂസ് പാപ്പാ നടത്തിയ ഈ റേഡിയോപ്രഭാഷണം സാമൂഹ്യപ്രശ്നങ്ങളെ സംബന്ധിച്ച സഭയുടെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി. സാമൂഹ്യ സാമ്പത്തികജീവിതത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളായ ഭൗതികവസ്തുക്കളുടെ വിനിയോഗം, തൊഴില്‍, കുടുംബം എന്നിവയെപ്പറ്റി ചില പുതിയ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ക്കാണാം. നീതിയുടെയും ഉപവിയുടേയും തത്ത്വങ്ങളനുസരിച്ചു നോക്കുമ്പോള്‍, എല്ലാ മനുഷ്യര്‍ക്കുമായി ദൈവം സൃഷ്ടിച്ച ഭൗതികവസ്തുക്കള്‍ എല്ലാവര്‍ക്കുമായി അവകാശപ്പെട്ടതാണ്.

മാത്തര്‍ എത്ത് മജിസ്ത്ര

23-ാം ജോണ്‍ പാപ്പായുടെ വിശ്വപ്രസിദ്ധമായ ഈ രേഖയുടെ തീയതി 1961 മെയ് 15 ആണ്. റേരും നൊവാരും പ്രസിദ്ധപ്പെടുത്തിയതിന്‍റെ എഴുപതാം വാര്‍ഷികദിനം അനുസ്മരിപ്പിക്കുവാന്‍ ഈ തീയതിവച്ചെങ്കിലും, ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് 1961 ജൂണ്‍മാസത്തിലാണ്. തെറ്റും ശരിയും ചൂണ്ടിക്കാണിക്കുന്ന ഗുരുനാഥ മാത്രമല്ല, അധഃസ്ഥിതര്‍ക്കും പീഡിതര്‍ക്കുമായി സ്വയം സമര്‍പ്പിച്ചിരിക്കുന്ന മാതാവുകൂടിയാണ് സഭ എന്ന് ഇതില്‍ വ്യക്തമാക്കുന്നു. ആധുനികസാമൂഹ്യപ്രശ്നങ്ങളെ ക്രിസ്തീയബോധനത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുകയാണതിന്‍റെ ലക്ഷ്യം. കഷ്ടതയനുഭവിക്കുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ എല്ലാ സമൂഹങ്ങളുടെയും എല്ലാ രാഷ്ട്രങ്ങളുടെയും ഉത്തരവാദിത്വത്തില്‍പ്പെട്ടതാണ്. ജനസംഖ്യയും പ്രകൃതിവിഭവങ്ങളും തമ്മിലുള്ള സമനില വഷളായിരിക്കുന്നിടങ്ങളില്‍, അതു തിരുത്തുവാന്‍ വികസിതരാജ്യങ്ങള്‍ക്ക് കടമയുണ്ട്; ക്രിസ്തീയതത്ത്വങ്ങള്‍ അതാവശ്യപ്പെടുന്നു. എല്ലാ മനുഷ്യരേയും ഒരു കുടുംബത്തിലെ അംഗങ്ങളാക്കിത്തീര്‍ക്കുന്ന മാനവൈക്യം. ഭൗതികവസ്തുക്കള്‍ സുഭിക്ഷമായി ആസ്വദിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയസമൂഹങ്ങളുടെമേല്‍ ഒരു ചുമതല ആരോപിക്കുന്നുണ്ട്. മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങള്‍ സാധിക്കാന്‍ വഹിയാതെ ദാരിദ്രവും, ക്ലേശവും, വിശപ്പും അനുഭവിക്കുന്ന പൗരന്മാരെ അവര്‍ അലക്ഷ്യമായി നോക്കിയിരുന്നാല്‍ പോരാ. എങ്കിലും സഹായം സ്വീകരിക്കുന്ന രാഷ്ട്രങ്ങളുടെ സ്വയം ഭരണാവകാശത്തെ പരിപാവനമായി കരുതണം.

പാച്ചെം ഇന്‍ തേറിസ്

1963 ഏപ്രില്‍ 11-ാം തീയതി പ്രസിദ്ധീകരിച്ച ഈ തിരുവെഴുത്തിന്‍റെ ആദ്യഭാഗത്ത് 23-ാം  ജോണ്‍ പാപ്പാ മനുഷ്യവ്യക്തിയുടെ അവകാശങ്ങളെയും കടമകളെയും പറ്റിയാണ് പ്രതിപാദിക്കുന്നത്: മനുഷ്യസമൂഹത്തിന്‍റെ ശരിയായ ക്രമം സ്വഭാവത്താലേ ആദ്ധ്യാത്മികമാണ്. സത്യമാണതിന്‍റെ അടിസ്ഥാനം. നീതിയുടെ മാനദണ്ഡങ്ങളനുസരിച്ചുവേണം അതു പ്രവര്‍ത്തിക്കുവാന്‍. പരസ്പരസ്നേഹത്താല്‍ അത് പ്രചോദിപ്പിക്കപ്പെടുകയും പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യണം. സ്വാതന്ത്ര്യം നിലനിറുത്തിക്കൊണ്ടുതന്നെ അതു കൂടുതല്‍ ധാര്‍മ്മികനീതിയിലേയ്ക്കെത്തണം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം സത്യത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ജോണ്‍പാപ്പാ ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യുന്നു. രാഷ്ട്രങ്ങള്‍ ഒരേസമയം അവകാശങ്ങളുടെയും കടമകളുടെയും ഉടമകളാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കേണ്ടതു സത്യമാണ്. വിവിധ രാജ്യങ്ങളിലുള്ള ആയുധസംഭരണം ഒരേ സമയത്തും ഒരേ രീതിയിലും നിര്‍ത്തലാക്കണം.

ഗാവുദിയും എത്ത് സ്പെസ്

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സഭ ആധുനിക ലോകത്തില്‍ എന്ന ഈ സുപ്രധാനരേഖ 1965 ഡിസംബര്‍ 7-ാം നു പുറത്തുവന്നു. ആധുനികലോകത്തിലെ സങ്കീര്‍ണ്ണങ്ങളായ വിവിധ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന ഈ പ്രമാണരേഖയില്‍ സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയും പ്രസ്താവനകളുണ്ട്. മാത്തര്‍ എത്ത് മജിസ്ത്രാ, പാച്ചെം ഇന്‍ തേറിസ് തുടങ്ങിയ വിശ്വലേഖനങ്ങളില്‍ നിര്‍ദ്ദേശിച്ച തത്ത്വങ്ങള്‍തന്നെ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് കൗണ്‍സില്‍; അതോടൊപ്പം പുതിയ ഉള്‍ക്കാഴ്ചകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുരണ്ടുദ്ധരണികള്‍ മാത്രം ഇവിടെ എടുത്തുകാട്ടാം. വ്യക്തികളുടെ അവകാശത്തിനും ഓരോ രാജ്യത്തിനുള്ള പ്രത്യേക സ്വഭാവത്തിനും കോട്ടമൊന്നും വരാത്തവിധത്തില്‍, സാമ്പത്തികമായി ഇന്നു നിലവിലുള്ളതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഭീമമായ അസമത്വം ആവുന്നത്ര വേഗം ദുരീകരിക്കണം; എങ്കില്‍ മാത്രമേ നീതിയും സമാധാനവും സംസ്ഥാപിതമാകൂ.... (ഖണ്ഡിക 66). ഭൂമിയും അതിലെ സകല വിഭവങ്ങളും എല്ലാ മനുഷ്യരുടെയും ജനപദങ്ങളുടെയും ഉപയോഗത്തിനുവേണ്ടിയായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചു. അതിനാല്‍ എല്ലാ മനുഷ്യരും നീതിയോടും സാഹോദര്യത്തോടുംകൂടി പ്രവര്‍ത്തിക്കുമെങ്കില്‍ സൃഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ഏവര്‍ക്കും ന്യായമായ തോതില്‍ ലഭിക്കാനിടയാകും..... (ഖണ്ഡിക 69)

പോപ്പുളോരും പ്രൊഗ്രെസ്സിയോ

സഭയുടെ സാമൂഹ്യപഠനങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തമായൊരു വഴിത്തിരിവിലാണ് ഈ വിശ്വലേഖനം. ഇതുവരെയുള്ള സാമൂഹ്യ ചാക്രികലേഖനങ്ങളുടെയെല്ലാം കേന്ദ്രബിന്ദു സ്വകാര്യ സ്വത്തവകാശമായിരുന്നുവെന്നു പറയുന്നതില്‍ തെറ്റില്ല. കുറെയൊക്കെ മുന്‍വിധിയോടുകൂടി മാത്രമേ സോഷ്യലിസത്തെ സമീപിക്കുവാന്‍ സഭാധികാരികള്‍ക്കു കഴിഞ്ഞുള്ളു. ഈ വീക്ഷണഗതികളില്‍ വിപ്ലവകരമായ പരിവര്‍ത്തനം വരുത്തിക്കൊണ്ട്, 1967 മാര്‍ച്ച് 26-ാം തീയതി ഉയര്‍പ്പുഞായറാഴ്ച പോള്‍ ആറാമന്‍ പാപ്പായുടെ ഈ ചാക്രികലേഖനം പുറത്തുവന്നു.

സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്കാരികവും സാമ്പത്തികവും, സാന്മാര്‍ഗ്ഗികവും, ആദ്ധ്യാത്മികവുമായ എല്ലാ വശങ്ങളേയും ഉള്‍ക്കൊണ്ട് പൂര്‍ണ്ണമനുഷ്യനായി വളരുവാനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ. ഇതിലേതെങ്കിലും ഒരുവശം അവഗണിക്കുക മനുഷ്യന്‍റെ വില കുറയ്ക്കുന്നതിനു തുല്യമാണ്. അതുതന്നെ ദൈവദൂഷണം. സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയുള്ള പാപ്പാമാരുടെ പഠനങ്ങളെയെല്ലാം അധുനാതുനീകരിക്കുകയാണ് പോപ്പുളോരും പ്രൊഗ്രേസ്യോ, പ്രത്യേകിച്ചും അവയുടെ ആന്തരികവശങ്ങള്‍. സാമൂഹ്യപഠനങ്ങള്‍ക്ക് അന്താരാഷ്ട്രീയ സൂചനകള്‍ നല്‍കുന്നതില്‍ വന്ന പോരായ്കകള്‍ നികത്തുവാന്‍ ഈ വിശ്വലേഖനത്തിന് കഴിഞ്ഞു. (ഖണ്ഡിക 3, 5, 48, 49)

ഒരാള്‍ പട്ടിണി കിടക്കുമ്പോള്‍ വേറൊരാള്‍ ആവശ്യത്തില്‍ ക്കവിഞ്ഞ സ്വത്ത് കൈവശം വച്ചുകൊണ്ടിരിക്കുവാന്‍ ഒരവകാശവുമില്ല. ഉപഭോഗത്തിനുള്ള അവകാശം (Right of Usage) സ്വത്തു സമ്പാദിക്കുന്നതിനുള്ള അവകാശത്തെക്കാള്‍ പ്രഥമവും പ്രധാനവുമാണ്. സ്വകാര്യസ്വത്തിനെ സംബന്ധിച്ച ആശയത്തില്‍വന്ന വിപ്ലവകരമായൊരു പരിവര്‍ത്തനമാണിത്. തങ്ങളുടെ സ്വത്ത് പാവപ്പെട്ടവര്‍ക്കും പങ്കുവയ്ക്കുകയെന്നത് ധനവാന്മാരുടെ ഉപവിപ്രവൃത്തിയല്ല, കടമയാണ് (ഖണ്ഡിക 44).

ഓക്തൊജേസ്സിമാ അഡ്വേനിയെന്‍സ്

റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്‍റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 1971 മെയ് 15-ാം തീയതി നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റോയിക്ക് പോള്‍ ആറാമന്‍ പാപ്പാ അയച്ച അപ്പസ്തോലികതിരുവെഴുത്ത് പേരിലൊഴികെ എല്ലാംകൊണ്ടും ഒരു വിശ്വലേഖനമാണ്. പരിവര്‍ത്തനവിധേയമായി, ലോകത്തിലെ പ്രശ്നങ്ങള്‍ക്കനുസൃതമായി തന്‍റെ മുന്‍ഗാമികളുടെ പ്രബോധനങ്ങളെ വികസിപ്പിക്കുകയാണിതിന്‍റെ ലക്ഷ്യം.

ദെ യുസ്തീസിയാ ഇന്‍ മൂന്‍ദൊ

1971-ല്‍ റോമില്‍ സമ്മേളിച്ച മെത്രാന്മാരുടെ മൂന്നാമത്തെ സിനഡില്‍ ലോകനീതി എന്ന സുപ്രധാന പ്രശ്നവും ചര്‍ച്ചചെയ്യുകയുണ്ടായി. സിനഡിന്‍റെ പ്രമാണരേഖ 1971 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. നീതിയും ലോകജനതയും, സുവിശേഷദൗത്യവും സഭാസന്ദേശവും, നീതിപരിപാലനം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് പ്രസ്തുത രേഖയ്ക്കുള്ളത്. അനേകമാളുകള്‍ നിശബ്ദരായി അനീതിക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന്‍റെ ഒരു യഥാര്‍ത്ഥചിത്രം സിനഡില്‍ സംബന്ധിച്ച പിതാക്കന്മാരുടെ മുമ്പിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സഭയ്ക്കു ചെയ്യാവുന്ന ചില പ്രവര്‍ത്തനരീതികളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ മെത്രാന്മാര്‍ മുമ്പോട്ടുവയ്ക്കുകയുണ്ടായി.

രാഷ്ട്രങ്ങള്‍ക്ക് വികസിക്കുവാനുള്ള മൗലികമായ മാനുഷികാവകാശങ്ങളാണ് വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും അഭിലാഷങ്ങള്‍ക്ക് ആധാരമായിട്ടുള്ളത്. ഈ മൗലികാവകാശങ്ങളുടെ ചലനാത്മകമായ സൂക്ഷ്മസങ്കലനമായി വേണം വികസനത്തിനുള്ള അവകാശത്തെ കാണുവാന്‍. നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനവും, മനുഷ്യന്‍റെ സര്‍വ്വതോമുഖമായ വികസനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനവും സഭയുടെ ദൗത്യത്തിന്‍റെ ഒരു ഭാഗമാകുന്നു എന്നതാണ് സിനഡിന്‍റെ ഈ രേഖയിലെ മറ്റൊരു പ്രധാന പ്രമേയം. പീഡിതര്‍ക്കു സന്തോഷവും മര്‍ദ്ദിതര്‍ക്കു സ്വാതന്ത്ര്യവും ദരിദ്രര്‍ക്കു സുവിശേഷവും പ്രസംഗിച്ചുകൊണ്ട് ലോകമദ്ധ്യത്തില്‍ സന്നിഹിതയായിരിക്കുകയെന്നതാണ് സഭയുടെ വിളിയെന്ന് ഞങ്ങള്‍ക്കു ബോദ്ധ്യമുണ്ട്. ലോകത്തിന്‍റെ രൂപാന്തരീകരണത്തില്‍ പങ്കുകൊള്ളുക, നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നിവ സുവിശേഷീകരണത്തിന്‍റെ രൂപാത്മകമാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സുവിശേഷഘോഷണം, വേറെ വാക്കുകളില്‍ പറഞ്ഞാല്‍ മനുഷ്യരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും മര്‍ദ്ദനപരമായ എല്ലാ പരിതോവസ്ഥകളില്‍നിന്നും മാനവവംശത്തെ സ്വതന്ത്രരാക്കുകയുമാണ്. അതുതന്നെയാണ് സഭയുടെ ദൗത്യം.

പാശ്ചാത്യസഭയില്‍ പൊന്തിവന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നവീകരണങ്ങളും വിശകലനം ചെയ്യുകയായിരുന്നു ഈ അദ്ധ്യായത്തില്‍. അതോടൊപ്പം സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയുള്ള സഭയുടെ പ്രബോധനങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ചയും പഠനവിഷയമാക്കി. അടുത്ത അദ്ധ്യായത്തില്‍ സഭയുടെ വികാസത്തെപ്പറ്റി അതായത് പ്രേഷിതപ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതിപാദിക്കാം.

Reformation of the Western Church catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message