x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

സന്യാസസഭകളുടെ പ്രേഷിതപ്രവര്‍ത്തനം

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

കാലത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സന്യാസസഭകള്‍ മിക്കതും ഉദയം ചെയ്തിട്ടുള്ളത്. പത്താം നൂറ്റാണ്ടിനുശേഷം സന്യാസസഭകളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവുകാണാം. പുതിയ സന്യാസസഭകള്‍ പലതും ഉയര്‍ന്നുവന്നതോടൊപ്പം പഴയ സഭകളുടെ നവീകരണവും നടന്നു. സഭയുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പറ്റുന്നരീതിയിലുള്ള സന്യാസസഭകളാണ് ഓരോ കാലഘട്ടത്തിലും രൂപംകൊണ്ടിരുന്നത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിച്ചു മുമ്പോട്ടുവന്നതും സന്യാസസഭാംഗങ്ങളാണ്. പത്താം നൂറ്റാണ്ടിനുശേഷമുള്ള സന്യാസസഭാചരിത്രത്തെപ്പറ്റി ചുരുക്കത്തില്‍ പ്രതിപാദിക്കുന്നതാണ് ഈ അദ്ധ്യായം.

ക്ലൂണി

ഫ്രാന്‍സിലുള്ള ക്ലൂണിയില്‍ 910-ല്‍ സ്ഥാപിതമായ ബനഡിക്റ്റൈന്‍ സന്യാസസമൂഹമാണ് ക്ലൂണി. പാശ്ചാത്യസന്യാസത്തിലുള്ള നവീകരണം ആരംഭിച്ചത് ക്ലൂണിയുടെ സ്ഥാപനത്തോടെയാണ്. ക്ലൂണിസന്യാസികള്‍ മാര്‍പ്പാപ്പാമാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. വിശുദ്ധരും പ്രഗത്ഭരുമായ അനേകം സന്യാസാധിപന്മാരുടെ കീഴില്‍ കഴിഞ്ഞ ക്ലൂണി ജനഹൃദയങ്ങളില്‍ നല്ലൊരു സ്വാധീനം ചെലുത്തി.

കര്ത്തൂസ്യന്സഭ

ഒരിക്കലും വിരൂപപ്പെടാത്തതുകൊണ്ട് ഒരിക്കലും നവീകരണം നടത്താത്തസഭ എന്നഭിമാനിക്കുന്ന കര്‍ത്തൂസ്യന്‍ സന്യാസസഭയുടെ സ്ഥാപകന്‍ വി. ബ്രൂണോയാണ്. 1084-ല്‍ ആണ് ഇതിന്‍റെ സ്ഥാപനം. ഷാര്‍ത്രേസ് (Chartreuse) എന്ന സ്ഥലപ്പേരില്‍നിന്നാണ് കര്‍ത്തൂസ്യന്‍സ് എന്ന പേര് ലഭിച്ചത്. സന്യാസികള്‍ സ്വന്തം കുടിലുകളില്‍ പ്രാര്‍ത്ഥനയിലും ഏകാന്തതയിലും സമയം ചെലവഴിക്കും. വല്ലപ്പോഴുമുള്ള ഭക്ഷണത്തിനും ദിനംപ്രതിയുള്ള കാനോനികപ്രാര്‍ത്ഥനയ്ക്കും അവര്‍ ഒരുമിച്ചുകൂടും. ഇങ്ങനെ ധ്യാനാത്മകജീവിതമാണവര്‍ നയിച്ചിരുന്നത്.

സിസ്റ്റേഴ്സ്യന്സഭ

ഫ്രാന്‍സിലുള്ള സിറ്റോ (Citeaux) എന്ന സ്ഥലത്ത് 1098-ല്‍ വി. റോബര്‍ട്ട് ഈ സഭ സ്ഥാപിച്ചു. മൂന്നാമത്തെ ആബട്ടായ വി. സ്റ്റീഫന്‍ഹാര്‍ഡിംഗിന്‍റെ കാലംവരെ കാര്യമായ പുരോഗതി ഈ സഭയ്ക്കുണ്ടായില്ല. 1112-ല്‍ വി. ബര്‍ണാര്‍ഡും മുപ്പതു സഹപ്രവര്‍ത്തകരും ഈ സഭയില്‍ ചേര്‍ന്നു. സിസ്റ്റേഴ്സ്യന്‍ നിയമാവലിക്കു രൂപം കൊടുത്തത് വി. സ്റ്റീഫന്‍ ഹാര്‍ഡിംഗാണ്. ബനഡിക്റ്റൈന്‍ നിയമങ്ങളായിരുന്നു മിക്കവാറും.

ഭിക്ഷാംദേഹികള്

13-ാം നൂറ്റാണ്ട് സന്യാസജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. മുന്‍നൂറ്റാണ്ടുകളില്‍ സന്യാസികള്‍ സ്വന്തം ആത്മരക്ഷയ്ക്ക് പ്രാധാന്യം നല്കി ഗുഹകളിലും മലയോരങ്ങളിലും ഒറ്റപ്പെട്ട കുടിലുകളിലും താമസിച്ചപ്പോള്‍ 13-ാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഫ്രാന്‍സിസ്ക്കന്‍സും ഡൊമിനിക്കന്‍സും ദൈവത്തെ സ്നേഹിക്കുന്നതിനും ആത്മവിശുദ്ധീകരണം പ്രാപിക്കുന്നതിനും, കണ്ടെത്തിയ മാര്‍ഗ്ഗം മനുഷ്യസേവനമായിരുന്നു.

ഫ്രാന്സിസ്ക്കന്സ്

മദ്ധ്യകാലസഭാചരിത്രത്തിലെ ഗണനീയനായ ഒരു വ്യക്തിയാണ് അസ്സീസ്സിയിലെ വി. ഫ്രാന്‍സീസ് (1182-1216). ദരിദ്രനും വിനീതനുമായ ക്രിസ്തുവിനെ അനുപദം അനുഗമിക്കുവാനും സഹജീവികള്‍ക്കു സേവനമനുഷ്ഠിച്ചുകൊണ്ട് സായൂജ്യം പ്രാപിക്കുവാനും തയ്യാറായ ആ ധീരയുവാവിന്‍റെ രംഗപ്രവേശം ഒരു പുതുയുഗത്തിന്‍റെ നാന്ദിയായിരുന്നു. ദൈവത്തിന്‍റെയും മനുഷ്യരുടെയും നേര്‍ക്കുള്ള അത്യഗാധമായ സ്നേഹം, ലൗകികങ്ങളായ സകലത്തിനോടുമുള്ള അനാസക്തി, ദാരിദ്രസ്നേഹം, ആനന്ദപ്രകൃതി തുടങ്ങിയ വിശിഷ്ടഗുണങ്ങളാണ് ആദ്ദേഹത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. എല്ലാമുപേക്ഷിച്ച ആ പ്രഭുകുമാരന്‍ പാവപ്പെട്ട കുഷ്ഠരോഗികളെ ശുശ്രൂഷിക്കുവാനും, പ്രാര്‍ത്ഥനയില്‍ സ്വയം ജീവിതം സമര്‍പ്പിക്കുവാനും നിശ്ചയിച്ചു. 1207-ലാണ് നിര്‍ണ്ണായകമായ ഈ തീരുമാനം അദ്ദേഹം എടുത്തത്. അദ്ദേഹം ആരെയും ക്ഷണിച്ചില്ലെങ്കിലും ആ ജീവിതവിശുദ്ധി അനേകരെ ആകര്‍ഷിച്ചു. അവരുടെ ജീവിതനിയമമായി ദാരിദ്രവും, പ്രായശ്ചിത്തവും, സുവിശേഷപ്രസംഗവും നിശ്ചയിച്ചു. അനുയായികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ വ്യക്തമായ ചില നിയമങ്ങള്‍ എഴുതിയുണ്ടാക്കി. അത് 1209, ഏപ്രില്‍ 16-ാം നു മൂന്നാം ഇന്നസെന്‍റ് പാപ്പായുടെ മുമ്പില്‍ സമര്‍പ്പിച്ചു. അങ്ങനെ ഫ്രയേഴ്സ് മൈനര്‍ എന്ന ഓര്‍ഡര്‍ തുടങ്ങി. ദാരിദ്രം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ സ്വീകരിച്ചുകൊണ്ട് ചുറ്റിനടക്കുന്ന സുവിശേഷവാഹകരായി അവര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഡൊമിനിക്കന്സഭ

വി. ഫ്രാന്‍സീസിന്‍റെ സമകാലികനായ വി. ഡോമിനിക്കാണ് (1170-1221) ഈ സഭാസ്ഥാപകന്‍. പാഷണ്ഡതകളും ശീശ്മകളും അങ്ങിങ്ങായി തലപൊക്കിയപ്പോഴാണ് വി. ഡോമിനിക്കിന്‍റെ രംഗപ്രവേശം. വൈദികരുടെയും അല്മായരുടെയും അജ്ഞതയാണ് പാഷണ്ഡതകളുടെ വളര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതിനെ നേരിടുന്നതിനാണ് അദ്ദേഹം പ്രസംഗകരുടെ സഭ സ്ഥാപിച്ചത്. പ്രസംഗിക്കുകയും പഠിപ്പിക്കുകയുമായിരുന്നു ഇവരുടെ പ്രധാന ജോലി. പ്രസംഗകരെ ദൈവശാസ്ത്രത്തിലും മറ്റും പ്രബുദ്ധരാക്കാന്‍ വിദ്യാഭ്യാസരംഗത്താണിവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ബൗദ്ധികവും, ധാര്‍മ്മികവുമായ നിലവാരം ഉയര്‍ത്തുന്നതില്‍ ഇവര്‍ ചെയ്ത സേവനം മഹത്താണ്.

രൂപതാസന്യാസസമൂഹങ്ങള്  

16-ാം നൂറ്റാണ്ടുവരെ സന്യാസസമൂഹങ്ങള്‍ അനുഷ്ഠിച്ചിരുന്ന വ്രതങ്ങളുടെ പ്രകൃതിയില്‍ വ്യത്യാസമില്ലായിരുന്നു. വ്രതങ്ങളുടെ എണ്ണം, നിയമങ്ങള്‍, ബാഹ്യമായ ആചാരാനുഷ്ഠാനങ്ങള്‍, സന്യാസവസ്ത്രം എന്നിവയിലൊക്കെയായിരുന്നു വൈവിധ്യമടങ്ങിയിരുന്നത്. എന്നാല്‍ 16-ാം നൂറ്റാണ്ടില്‍ പത്താം ലെയോ മാര്‍പ്പാപ്പാ ഈന്തര്‍ ചേത്തെര എന്ന ചാക്രികലേഖനത്തിലൂടെ പാശ്ചാത്യസഭയില്‍ സാധാരണ വ്രതങ്ങളനുഷ്ഠിക്കുന്ന സന്യാസസമൂഹങ്ങള്‍ക്ക് അനുവാദം കൊടുത്തു.

പഴയ സമൂഹങ്ങളുടെ നവീകരണം

പത്താം ലെയോ പാപ്പാ (1513-21) യുടെ കാലത്ത് സന്യാസസഭകളുടെ നവീകരണം ആരംഭിച്ചുവെന്നു പറയാം. എങ്കിലും ഫലപ്രദമായി ഒന്നും അന്ന് നടന്നില്ല. പ്രോട്ടസ്റ്റന്‍റ് വിപ്ലവം നവീകരണപ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍വ്വും ഊര്‍ജ്ജസ്വലതയും പകര്‍ന്നു. എജിഡിയോ കനീസിയോ എന്നൊരു വൈദികന്‍ സഭാജനറലായിരിക്കുമ്പോഴാണ് അഗസ്റ്റീനിയന്‍ സഭയില്‍ നവീകരണം തുടങ്ങിയത്. അദ്ദേഹത്തിന്‍റെ പിന്‍ഗാമി സെറിപാന്തോ ഇതു പൂര്‍ത്തിയാക്കി.

കര്മ്മലസഭ

പലസ്തീനായിലുള്ള കര്‍മ്മലമലയില്‍ സമൂഹജീവിതം നയിച്ച ഏലിയാ പ്രവാചകനാണ് കര്‍മ്മലസമൂഹത്തിന്‍റെ സ്ഥാപകനായി പറയപ്പെടുന്നത്. 1206-നും 1214-നുമിടയ്ക്ക് വിശുദ്ധ ആല്‍ബര്‍ട്ട് നിയമങ്ങള്‍ ക്രോഡീകരിച്ചു. പക്ഷേ കുറെക്കഴിഞ്ഞപ്പോള്‍ സഭയില്‍ നവീകരണങ്ങളും പരിഷ്ക്കാരങ്ങളും ആവശ്യമായി. ഇതിന് നേതൃത്വം നല്‍കിയത് വി. അമ്മത്രേസ്യായും വി. യോഹന്നാനുമാണ്. 1562 ഓഗസ്റ്റ് 24-ാംനു മൂന്നുപേരോടുകൂടിയ ഒരു മഠം ആവിലായില്‍ സ്ഥാപിക്കുവാന്‍ വിശുദ്ധയ്ക്കു കഴിഞ്ഞു. 1567-ല്‍ കര്‍മ്മലീത്താസഭയുടെ പുരുഷവിഭാഗത്തിന് നവീകരണത്തിനുള്ള അനുമതി ലഭിച്ചു. പുതിയ ആശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ആദ്യം ചേര്‍ന്നവരില്‍ യുവവൈദികനായിരുന്ന വി. യോഹന്നാനും ഉള്‍പ്പെടുന്നു. വി. ത്രേസ്യായോടൊത്ത് നവീകരണപ്രസ്ഥാനങ്ങള്‍ക്കായി അദ്ദേഹവും പരിശ്രമിക്കുവാന്‍ തുടങ്ങി.

കപ്പൂച്ചിന്സഭ

ഫ്രാന്‍സിസ്ക്കന്‍ സഭയെപ്പറ്റി പ്രതിപാദിച്ചപ്പോള്‍ ഒബ്സേര്‍വ ന്‍റ്സ് എന്ന വിഭാഗത്തിന്‍റെ ലക്ഷ്യം നിയമങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുക എന്നതായിരുന്നു എന്നു പറഞ്ഞിരുന്നല്ലോ. പക്ഷേ കുറേക്കാലം കഴിഞ്ഞപ്പോള്‍ ഇവരുടെ ഇടയിലും പരാജയങ്ങള്‍ കണ്ടുതുടങ്ങി. അതുകൊണ്ട് മറ്റൊരു നവീകരണത്തിന്‍റെ ആവശ്യം ഉണ്ടായി. മത്തെയോ ദെ ബാസിയോ എന്ന വൈദികനാണ് ഇതിന് ആരംഭമിട്ടത്.

പുതിയ സന്യാസസമൂഹങ്ങള്

ഓറട്ടോറിയന്സ്      

16-ാം നൂറ്റാണ്ടില്‍ പല സന്യാസസഭകളും പുതിയ രൂപഭാവങ്ങള്‍ സ്വീകരിച്ച, കാലത്തിന്‍റെ വെല്ലുവിളികളെ നേരിടുവാന്‍ ശക്തമായി എന്നു പറഞ്ഞുവല്ലോ. അവയില്‍ പ്രധാനപ്പെട്ടവയാണ് ഓറട്ടോറിയന്‍സും ഈശോസഭയും. രണ്ടിന്‍റെയും ലക്ഷ്യം ദൈവചനം ലോകത്തിനു നല്‍കുക എന്നതായിരുന്നു. പക്ഷേ വ്യത്യസ്തജീവിതരീതിയാണു ഇരുകൂട്ടരും സ്വീകരിച്ചത്. അംഗങ്ങളുടെ സ്വാതന്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നവരാണ് ഓറട്ടോറിയന്‍സ്. ഓറട്ടോറിയന്‍ സഭാസ്ഥാപകനായ വി. ഫിലിപ്പുനേരി 1515-ല്‍ ഫ്ളോറന്‍സില്‍ ഒരു കുബേരകുടുംബത്തില്‍ ജനിച്ചു. 18-ാമത്തെ വയസ്സില്‍ റോമില്‍പോയി രോഗികളുടെയും പാവപ്പെട്ടവരുടെയും ഇടയില്‍ ജോലിചെയ്യുവാന്‍ തുടങ്ങി. തന്നെ പിന്തുടര്‍ന്ന 12 പേരെക്കൂട്ടി അദ്ദേഹം ഒരു സമൂഹം സ്ഥാപിച്ചു. പിന്നീടു വൈദികനായിത്തീര്‍ന്ന ഫിലിപ്പ് അവരെ ഒന്നിച്ചുകൂട്ടി പ്രാര്‍ത്ഥിക്കുവാനും, പഠിപ്പിക്കുവാനും തുടങ്ങി. അങ്ങനെ ഇവര്‍ ഒരുമിച്ചുകൂടിയിരുന്ന സ്ഥലത്തിന് ഓറട്ടറി എന്ന പേരു ലഭിച്ചു. അവരില്‍ പലരും പിന്നീട് വൈദികരായിത്തീര്‍ന്നു. 1575-ല്‍ ഗ്രിഗറി പതിമൂന്നാം പാപ്പായാണ് ഈ സഭയ്ക്ക് അംഗീകാരം നല്‍കിയത്.

ഈശോസഭ

പ്രോട്ടസ്റ്റന്‍റ് വിപ്ലവത്തോടുകൂടിയും അതിനുശേഷവും നടന്ന സഭാനവീകരണങ്ങളില്‍ ഈശോസഭ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. സ്പെയിനിലെ കാസ ടോറെ ലൊയോള എന്ന സ്ഥലത്ത് 1491-ല്‍ ജനിച്ച ഇഗ്നേഷ്യസ് ചെറുപ്പത്തില്‍ത്തന്നെ പട്ടാളത്തില്‍ ചേര്‍ന്നു, പക്ഷേ മുറിവേറ്റ് ആശുപത്രിയില്‍ കിടന്നപ്പോള്‍ സൈനികസേവനം ഉപേക്ഷിച്ച്, ശേഷിച്ചകാലം ക്രിസ്തുവിനുവേണ്ടി യുദ്ധംചെയ്യാന്‍ തീര്‍ച്ചയാക്കി. 1522-1523 വര്‍ഷങ്ങളില്‍ മണ്‍റേസ എന്ന പട്ടണത്തില്‍ താമസിക്കുമ്പോള്‍ ആദ്ധ്യാത്മികാഭ്യാസങ്ങള്‍ എന്ന പുസ്തകം രചിച്ചു. മനുഷ്യപ്രകൃതിയെപ്പറ്റിയുള്ള അഗാധജ്ഞാനവും, പ്രായോഗികമായ അറിവും ഒന്നുചേര്‍ന്നപ്പോള്‍ അതൊരു ക്ലാസ്സിക്കായിത്തീര്‍ന്നു.

ഇന്ഡക്സ് - Index of Forbidden books

അഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയ്ക്ക് പല ഡിക്രികളും പുറത്തു വന്നിട്ടുണ്ട്. 1496-ല്‍ പോപ്പ് ഇന്നസെന്‍റ് മൂന്നാമന്‍ നല്‍കിയ നിര്‍ദ്ദേശാനുസരണം പ്രസിദ്ധീകരണത്തിനു മുമ്പ് പുസ്തകങ്ങള്‍ സഭാധികാരികളുടെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം. ട്രെന്‍റ് കൗണ്‍സില്‍ അതുവരെ ഉണ്ടായിട്ടുള്ള നിയമങ്ങളെ ക്രോഡീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തു.

സെമിനാരി

വൈദികര്‍ക്ക് ശരിയായ പരിശീലനം ലഭിക്കാതിരുന്നതുകൊണ്ട് സഭയില്‍ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ട്രെന്‍റ് കൗണ്‍സില്‍ ഇതിനും പരിഹാരം ഉണ്ടാക്കി. കൗണ്‍സിലിന്‍റെ തീരുമാനത്തിന്‍റെ പിന്നില്‍ സന്യാസസഭകളുടെ പ്രേരണ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഓരോ രൂപതയ്ക്കും ഓരോ സെമിനാരി, അല്ലെങ്കില്‍ പല രൂപതകള്‍ക്ക് ഒരു സെമിനാരി എന്ന നിര്‍ദ്ദേശമാണ് ട്രെന്‍റ് കൗണ്‍സില്‍ നല്‍കിയത്. വിശുദ്ധഗ്രന്ഥം, തത്വശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, ലിറ്റര്‍ജി എന്നീ വിഷയങ്ങളില്‍ അവര്‍ക്ക് ജ്ഞാനം നല്‍കണം; വൈദികവിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുവാന്‍ ചില പ്രത്യേക വൈദികരെ നിയമിക്കണം; ഇവയായിരുന്നു കൗണ്‍സിലിന്‍റെ മറ്റു നിര്‍ദ്ദേശങ്ങള്‍.

വൈദികപരിശീലനത്തിന് വ്യക്തമായൊരു രൂപമുണ്ടായിരുന്നില്ല. 826-ല്‍ എവുജില്‍ മൂന്നാംപാപ്പാ കത്തീഡ്രല്‍ പള്ളികളോടനുബന്ധിച്ച് വൈദികപരിശീലനത്തിന് സ്ഥലമുണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. 1179-ല്‍ മൂന്നാം ലാറ്ററന്‍ കൗണ്‍സില്‍ കത്തീഡ്രല്‍ സ്കൂളുകളില്‍ വൈദികപരിശീലനത്തിന് ഫണ്ട് ഉണ്ടാക്കണമെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. 1215-ല്‍ നാലാം ലാറ്ററന്‍ കൗണ്‍സില്‍ കത്തീഡ്രല്‍പള്ളികളില്‍ ദൈവശാസ്ത്രജ്ഞന്മാരെ നിയമിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നതായി കണാം.

ഇടവക വൈദികരുടെ പരിശീലനത്തിന്‍റെ പുര്‍ണ്ണമായ ഉത്തരവാദിത്വം തദ്ദേശിയരായ ഇടവക വൈദികരെത്തന്നെ ഏല്പിക്കുന്നത് 1962-ലാണ്. പൗരസ്ത്യസഭകള്‍ക്കുവേണ്ടി വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി 1962 ജൂലൈ 3-ാംനു ആരംഭിച്ചു. ഇപ്പോള്‍ സീറോമലബാര്‍, മലങ്കര, ലത്തീന്‍ എന്നീ മൂന്നു റീത്തുകളില്‍പ്പെട്ട വൈദികവിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ പരിശീലനം നേടുന്നു. 1982-ല്‍ ഡോക്ടറേറ്റ് ഉള്‍പ്പെടെയുള്ള ബിരുദാനന്തരകോഴ്സുകള്‍ നടത്തുന്ന പൗരസ്ത്യവിദ്യാപീഠമായി പ. സിംഹാസനത്തില്‍നിന്ന് ഈ പരിശീലനകേന്ദ്രത്തെ ഉയര്‍ത്തി. 1983 ഒക്ടോബര്‍ 26-ാംനു ഇന്ത്യന്‍ പ്രസിഡന്‍റ് സെയില്‍സിംഗ് പൗരസ്ത്യ വിദ്യാപീഠത്തിന്‍റെ ഔദ്യോഗികമായ ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. സീറോ-മലങ്കര സെമിനാരിയും അടുത്തകാലത്ത് സ്ഥാപിതമായി.

പ്രേഷിതപ്രവര്ത്തനം-പൗരസ്ത്യദേശങ്ങളില്

15, 16 നൂറ്റാണ്ടുകളില്‍ മിഷന്‍പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പ്രത്യേകമായ ഉണര്‍വ്വുണ്ടായി. പോര്‍ച്ചുഗീസുകാരും സ്പെയിന്‍ കാരും നടത്തിയ കപ്പല്‍ സഞ്ചാരങ്ങള്‍ പുതിയ കോളനികള്‍ കൈവശമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരന്നു. എന്നിരുന്നാലും തങ്ങളുടെ മതം അവിടങ്ങളില്‍ പ്രചരിപ്പിക്കുന്നതിനും അവര്‍ താല്പര്യം കാണിച്ചു. അതുപോലെതന്നെ കത്തോലിക്കാനവോത്ഥാനം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കി.

ജപ്പാനിലെ സഭ

ക്രിസ്തുവിന്‍റെ സന്ദേശവുമായി വി. ഫ്രാന്‍സീസ് സേവ്യര്‍ ജപ്പാനിലേയ്ക്ക് കടന്നുചെന്നത് 1549, ഓഗസ്റ്റ് 15-നാണ്. ഭാഷ, ഭക്ഷണം, കാലാവസ്ഥ എന്നിവ അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചിരുന്നു. എന്നിരുന്നാലും 1551, നവംബര്‍ മാസത്തില്‍ അദ്ദേഹം തിരിച്ചുപോന്നപ്പോള്‍ 2000 പേര്‍ ക്രിസ്തുമതം സ്വീകരിച്ചുകഴിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. അദ്ദേഹത്തിന്‍റെ മരണശേഷവും (1552) അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി നടന്നു. അന്ന് മറ്റ് സന്യാസസഭാംഗങ്ങളും അവിടെ പ്രവര്‍ത്തിച്ചിരുന്നു. 1560-ല്‍ ഡൈമിയേയ ചക്രവര്‍ത്തി മതമര്‍ദ്ദനം നടത്തിയപ്പോള്‍ വളരെപ്പേര്‍ നാടുവിട്ടുപോയി. 1570-ല്‍ നാലു ജപ്പാന്‍കാരുള്‍പ്പെടെ 18 വൈദികരാണ്അവിടെ പ്രവര്‍ത്തിച്ചിരുന്നത്.

ചൈനയിലെ സഭ

പൗരസ്ത്യസുറിയാനിസഭ വളരെ വളര്‍ന്നുവികസിച്ചിരുന്ന രാജ്യമാണ് ചൈന. ഇന്ത്യയില്‍നിന്നും പൗരസ്ത്യസഭയിലെ മിഷനറിമാര്‍ ചൈനയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് മതപീഡനങ്ങളെ തുടര്‍ന്ന് അത് അപ്രത്യക്ഷമായി. 1294-ല്‍ ഫ്രാന്‍സിസ്ക്കന്‍ മിഷനറിമാരാണ് രണ്ടാമത് സുവിശേഷവുമായി ചൈനാവന്‍കരയിലെത്തിയത്. അന്നവര്‍ കുറച്ചുപേരെ മാനസാന്തരപ്പെടുത്തി. എങ്കിലും ക്രമേണ അതും അപ്രത്യക്ഷമായി; 14-ാം നൂറ്റാണ്ടില്‍ വളരെ കുറച്ചു ക്രൈസ്തവരേ അവിടെയുണ്ടായിരുന്നുള്ളൂ.

ആഫ്രിക്കന്സഭ

415-ല്‍ പോര്‍ച്ചുഗീസുകാരാണ് ആഫ്രിക്കയില്‍ ആദ്യമായി മിഷന്‍പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം ഇവിടെ എത്തിയത് ഫ്രാന്‍സിസ്ക്കന്‍ സഭക്കാരും പിന്നീടു വന്നത് ഈശോ സഭക്കാരുമായിരുന്നു. 1462-ല്‍ സാന്തിയാഗോ ദ്വീപില്‍ ഒരു ഇടവക ആരംഭിച്ചു. ഗിനിയയില്‍ പ്രവര്‍ത്തനം തുടങ്ങിയത് 1466-ല്‍ രണ്ടു ഫ്രാന്‍സിസ്ക്കന്‍ വൈദികരാണ്. 1533-ല്‍ കേപ്പ് വെര്‍ഡെയില്‍ ഒരു രൂപത സ്ഥാപിക്കപ്പെട്ടു.

തായ്ലണ്ടിലെ സഭ

പോര്‍ട്ടുഗീസ് കച്ചവടക്കാരാണ് ഇവിടെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തായ്ലണ്ടിന്‍റെ തലസ്ഥാനമായിരുന്ന അയൂദ്ധ്യയില്‍ 1554-ല്‍ രണ്ടു ഡൊമിനിക്കന്‍ വൈദികരെത്തി. 1584-ല്‍ ഫ്രാന്‍സിസ്ക്കന്‍ സഭക്കാരും. 1606-ല്‍ ഈശോസഭക്കാരും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1669-ല്‍ സയാം ഒരു പ്രത്യേക വികാരിയാത്തായി ഉയര്‍ത്തപ്പെട്ടു.  

mission-work-of-monasteries- catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message