x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ കേരള സഭാചരിത്രം

സഭ: പാര്‍ശ്വവത്കൃതരുടെ സങ്കേതം

Authored by : Noble Thomas Parackal On 29-May-2021

"കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്ക 4,18). തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യത്തെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ വെളിപ്പെടുത്തലായിരുന്നു നസറത്തുസിനഗോഗില്‍ വച്ച് പ്രവാചകഗ്രന്ഥമുദ്ധരിച്ച് അവിടുന്ന് പറഞ്ഞ ഈ വാക്കുകള്‍. ക്രിസ്തുവിന്‍റെ ജീവിതത്തോടും ചിന്തയോടും ചേര്‍ന്നുനടക്കുന്ന ഓരോ വ്യക്തിയും യഥാര്‍ത്ഥക്രൈസ്തവനാകുന്നത് ക്രിസ്തുവിന്‍റെ ഈ ദൗത്യബോധവും ജീവിതശൈലിയും സ്വന്തം ജീവിതത്തിലും മാംസം ധരിക്കാന്‍ അനുവദിക്കുമ്പോഴാണ്. അരമനകളെയും അധികാരങ്ങളെയും പ്രീണിപ്പിച്ച ജീവിതമായിരുന്നില്ല അവിടുത്തേത്; മറിച്ച് അവയെ അസ്വസ്ഥതപ്പെടുത്തുകയും, വിവിധകാരണങ്ങളാല്‍ സമൂഹത്തിന്‍റെ വിളുമ്പുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരോട് കൂട്ടുകൂടുകയും ചെയ്ത വിപ്ലവമായിരുന്നു അത്. ഭ്രഷ്ടു കല്പിക്കപ്പെട്ടവരോടും കല്ലെറിയപ്പെടേണ്ടവരോടും കരുണ കാണിച്ച ജീവിതനിലപാടിന്‍റെ പേരില്‍ ക്രൂശിതനായവന്‍റെ അനുയായികള്‍ തങ്ങളുടെ ജീവിതവും ചിന്തയും രൂപപ്പെടുത്തേണ്ടതും കേന്ദ്രമാക്കേണ്ടതും ഇതേ പാവങ്ങള്‍ക്കിടയില്‍ത്തന്നെയാണ്.

വിമോചനദൈവശാസ്ത്രത്തിന്‍റെ ഉദയം

സഭയുടെ വാതായനങ്ങള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ലാറ്റിനമേരിക്കന്‍ ദൈവശാസ്ത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത രീതിയാണ് വിമോചനദൈവശാസ്ത്രം. "ഈക്കാലഘട്ടത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും വേദനയനുഭവിക്കുന്നവരുടെയും സന്തോഷവും പ്രതീക്ഷയും, ദുഃഖവും അസ്വസ്ഥതയും ഉത്കണ്ഠയും യേശുശിഷ്യരുടെ ദുഃഖവും ഉത്കണ്ഠയുമായി മാറുന്നു. മനുഷ്യവര്‍ഗത്തെ ബാധിക്കുന്ന എന്തും സഭാംഗങ്ങളെയും ബാധിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നു" (GS 1) എന്ന് സഭ പഠിപ്പിച്ചപ്പോള്‍, പാവപ്പെട്ടവരുടെ ദീനരോദനത്തിനും അവരുടെ വേദനകള്‍ക്കും ചെവിയോര്‍ത്ത് വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ അവയെ വ്യാഖ്യാനിക്കാനുള്ള ഉത്തരവാദിത്ത്വമാണതെന്ന് വിമോചനദൈവശാസ്ത്രം വിശ്വസിച്ചു. അതിന്‍പ്രകാരം പാവങ്ങളോടുള്ള പക്ഷംചേരല്‍ വിമോചനദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനവും അച്ചുതണ്ടുമായി മാറി. ആശയതലത്തില്‍ അപഥസഞ്ചാരങ്ങളുണ്ടായെങ്കിലും, ഔദ്യോഗികഇടപെടലുകളും തിരുത്തലുകളും നടത്തിക്കൊണ്ട് വിമോചനദൈവശാസ്ത്രത്തെ സഭ അംഗീകരിക്കുകതന്നെ ചെയ്തു. ഈശോയുടെ വിമോചനദര്‍ശനത്തിന്‍റെയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും എങ്ങനെ പ്രായോഗികമാക്കണമെന്ന ചിന്തയായി വിമോചനദൈവശാസ്ത്രം മാറണമെന്ന് സഭ പഠിപ്പിക്കുന്നു. ഇതിനെല്ലാമുപരിയായി പാവപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത ദൈവരാജ്യത്തിലേക്കുള്ള ഒരു വിശ്വാസിയുടെ തീര്‍ത്ഥാടനത്തെ എപ്രകാരം സഹായിക്കുന്നുവെന്ന ധ്യാനവും ഏറെ പ്രധാനപ്പെട്ടതാണ്.

ദൈവരാജ്യത്തിന്‍റെ വിധിതീര്‍പ്പുകള്‍

മത്തായിയുടെ സുവിശേഷം 25-ാമത്തെ അദ്ധ്യായം അവസാനത്തെ വിധിയെക്കുറിച്ചുള്ള പരാമര്‍ശമാണ്. മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്ത്വത്തില്‍ എഴുന്നള്ളുന്ന അവസാനവിധിയുടെ ദിനം, ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്ന് വേര്‍തിരിക്കുന്നതുപോലെ മനുഷ്യര്‍ തരംതിരിക്കപ്പെടും. ആ വിഭജനമാകട്ടെ, ഭൂമിയില്‍ മനുഷ്യന്‍ ആര്‍ജ്ജിച്ച സമ്പത്തിന്‍റെയോ സ്വന്തമാക്കിയ പദവികളുടെയോ കരുപ്പിടിപ്പിച്ച ജീവിതാവസ്ഥയുടെയോ അടിസ്ഥാനത്തിലല്ല എന്നത് നമ്മെ ഭയപ്പെടുത്തുക തന്നെ വേണം. ലോകസ്ഥാപനം മുതല്‍ സജ്ജമാക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്താനുള്ള ക്ഷണം ലഭിക്കുന്നത് ആര്‍ക്കൊക്കെയാണെന്ന് ഈശോ വ്യക്തമായി പറയുന്നുണ്ട്:
- എനിക്കു വിശന്നപ്പോള്‍ ഭക്ഷിക്കാന്‍ തന്നവര്‍
- ദാഹിച്ചപ്പോള്‍ കുടിക്കാന്‍ തന്നവര്‍
- പരദേശിയായി വന്നപ്പോള്‍ സ്വഭവനത്തില്‍ സ്വീകരിച്ചവര്‍
- നഗ്നനായിരുന്നപ്പോള്‍ ഉടുപ്പിച്ചവര്‍
- രോഗിയായിരുന്നപ്പോള്‍ പരിചരിച്ചവര്‍
- കാരാഗൃഹത്തിലായിരുന്നപ്പോള്‍ സന്ദര്‍ശിച്ചവര്‍
നീതിമാന്മാരുടെ ആശയക്കുഴപ്പത്തിന് വിരാമമിട്ട് അവിടുന്ന് പറയുന്നു: "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തു തന്നത്." പലവിധ കാരണങ്ങള്‍ കൊണ്ട് അവഗണിക്കപ്പെട്ടു പോകുന്നവരോട് താദാത്മ്യപ്പെടേണ്ടതിന്‍റെ ആവശ്യകത ഈശോ വ്യക്തമാക്കുകയായിരുന്നു. നല്ല സമരിയാക്കാരന്‍റെ ഉപമയിലും അവതരിപ്പിക്കപ്പെടുന്ന ആശയം മറ്റൊന്നല്ല. മുറിവേറ്റവനെ പാതയോരത്ത് തനിച്ചാക്കി ദൈവാലയശുശ്രൂഷയ്ക്ക് പരക്കം പായുന്നവര്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. കരുണയും സഹാനുഭൂതിയും അടിസ്ഥാനമനോഭാവങ്ങള്‍ രൂപപ്പെടുത്തുമ്പോഴാണ് ഒരുവന്‍റെ ദൈവാരാധനപോലും ഫലമണിയുന്നത്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനാവില്ലത്രേ.

പാവങ്ങളോടുള്ള പക്ഷംചേരല്‍

ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് "പാവങ്ങളോടുള്ള പ്രത്യേക പക്ഷംചേരല്‍" തന്‍റെ ലോകതീര്‍ത്ഥാടനത്തിന്‍റെ പ്രത്യേകജീവിതശൈലിയായി സഭ സ്വീകരിച്ചിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസോടു കൂടിയാണ് ഈ ആശയത്തിന് ക്ലിപ്തത വന്നത്. എങ്കിലും ചില ഏടുകളൊഴിച്ചാല്‍ സഭാചരിത്രത്തിലെമ്പാടും പാവങ്ങളുടെ പക്ഷം ചേര്‍ന്നുള്ള ജീവിതശൈലിയുടെ ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
പാവങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നീ പദങ്ങള്‍ കൊണ്ട് നമ്മള്‍ അര്‍ത്ഥമാക്കുന്നത് ദളിതര്‍, ഗോത്രവര്‍ഗ്ഗക്കാര്‍, സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍, അവഗണിക്കപ്പെട്ടവര്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, പെണ്‍കുട്ടികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവരെയാണ്. സമൂഹം വച്ചുപുലര്‍ത്തുന്ന കപടമായ സദാചാരബോധത്തിന്‍റെയും ഉയര്‍ന്ന ജീവിതശൈലിയുടെയും പാഠങ്ങള്‍ വശമില്ലാത്തതിനാലാണ് ഇവര്‍ വശങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നത്. സ്വന്തമായി മേല്‍വിലാസമില്ലാത്തവരും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരുമായ ഇവര്‍ തങ്ങളനുഭവിക്കുന്ന പരാധീനതയില്‍ നിന്നുള്ള രക്ഷ കാംക്ഷിക്കുന്നുണ്ട്. ഇപ്രകാരം ഒറ്റപ്പെട്ടുപോയവരുടെ ഗദ്ഗദങ്ങള്‍ക്ക് സ്വരം പകരുകയും സ്വപ്നങ്ങള്‍ക്ക് ചായം തേക്കുകയും ചെയ്യുന്ന സഭയാണ് ക്രിസ്തുവിന്‍റെ സഭ; 'ചെറിയവരില്‍ ഒരുവനെ' കരുതുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സത്യസഭ.
സകലമനുഷ്യരോടും, പ്രത്യേകിച്ച്, പീഡിതരോടും നിസ്സഹായരോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ ലോകത്തില്‍ സഭയുടെ അടിസ്ഥാനഭാവം. ദാരിദ്ര്യവും പീഡനവും അനീതിയും അസമത്വവും അകറ്റാനുള്ള പരിശ്രമങ്ങളിലേര്‍പ്പെടാന്‍ ഇത് സഭയെ പ്രേരിപ്പിക്കുന്നു. ഇപ്രകാരം, മനുഷ്യവംശവുമായി ഐക്യദാര്‍ഢ്യത്തിലും സംഭാഷണത്തിലും നിലകൊള്ളുന്ന സഭയുടെ ചിത്രീകരണം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്കുന്നുണ്ട് (സഭ ആധുനികലോകത്തില്‍).

പാര്‍ശ്വവത്കൃതര്‍ക്കിടയിലെ കേരളസഭ

ആഗോളകത്തോലിക്കാസഭയുടെ നിലപാടുകള്‍ തന്നെയാണ് കേരളത്തിലെ സഭാജീവിതവും പിഞ്ചെല്ലുന്നത്. ഇരുപതുനൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യവുമുള്ള ഈ സഭയുടെ ദൈവശാസ്ത്രത്തിലും പതിതരോടും പാവപ്പെട്ടവരോടുമുള്ള അനുകമ്പ കാണാം. കേരളത്തില്‍ കത്തോലിക്കാസഭ, ജാതിവ്യവസ്ഥയ്ക്കെതിരെയും ക്ഷേത്രപ്രവേശനനിബന്ധനകള്‍ക്കെതിരെയും സ്വരമുയര്‍ത്തിയ ധീരസാന്നിദ്ധ്യമാണ്. ശൂദ്രന് അക്ഷരത്തിന്‍റെ സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന കാലത്ത് അധഃകൃതന്‍റെയും പാവപ്പെട്ടവന്‍റെയും കുട്ടികള്‍ക്ക് പഠിക്കാനുള്ള ഏക അത്താണി ക്രൈസ്തവ പള്ളിക്കൂടങ്ങളായിരുന്നു. ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ വരേണ്യവര്‍ഗം ആട്ടിപ്പുറത്താക്കിയവരെയെല്ലാം ആരാധനയിലും ജീവിതയാത്രയിലും ഒപ്പംനിര്‍ത്താന്‍ ക്രൈസ്തവസഭയ്ക്കു സാധിച്ചു. ഹരിജനം എന്ന ഗാന്ധിയന്‍ ആദര്‍ശവും അദ്വൈതമെന്ന ശങ്കരാചാര്യദര്‍ശനവും പ്രയോഗത്തിലേക്കു കൊണ്ടുവന്ന ജീവിതശൈലിയായിരുന്നു ക്രൈസ്തവസഭയുടേത്. എല്ലാവരും ദൈവത്തിന്‍റെ മക്കളാണെന്നും നാമെല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്നും പറഞ്ഞ സഭയുടെ പ്രഘോഷണവും ജീവിതസാക്ഷ്യവും തമ്മില്‍ അക്കാലത്ത് വൈരുദ്ധ്യമുണ്ടായിരുന്നില്ല. കുടിയേറ്റകര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചും, കുടിയിറക്കുനീക്കങ്ങള്‍ക്കെതിരേ സമരം നടത്തിയും അവള്‍ സാധാരണക്കാരന്‍റെ ഒപ്പം നിന്നു. വേലക്കാരന് കൂലി കൊടുക്കണമെന്നും വേതനം ജന്മിയുടെ ഔദാര്യമല്ല തൊഴിലാളിയുടെ അവകാശമാണെന്നും പ്രസംഗിച്ച് അവള്‍ പാവപ്പെട്ടവന്‍റെ അത്താഴമേശകളെ കാത്തുപാലിച്ചു.
കാലഘട്ടത്തിന്‍റെ അടയാളങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ക്രാന്തദര്‍ശിത്വവും ദീര്‍ഘവീക്ഷണവും സഭയിലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനഫലമാണ്. സഭാസംവിധാനങ്ങള്‍ സ്ഥാപനവത്കൃതവും പാവപ്പെട്ടവര്‍ക്ക് അപ്രാപ്യവുമാണെന്ന സമകാലികവിലയിരുത്തലുകള്‍ ഒഴിവാക്കാനാവതല്ലെങ്കിലും കുറെയെങ്കിലും പക്ഷപാതപരമായ ആരോപണങ്ങളാണ് എന്നുകാണാം. സഭയുടെ വിവിധമേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ അതിന് ഉദാഹരണമാണ്. അവശരും പാവപ്പെട്ടവരും സമൂഹം അവഗണിക്കുന്നവരുമായ ജനവിഭാഗത്തിന്‍റെ തേങ്ങലുകള്‍ സഭയോടൊപ്പമുണ്ട്; സഭ ആ തേങ്ങലുകള്‍ക്കൊപ്പവുമുണ്ട്. സമൂഹത്തിലെ പാര്‍ശ്വവത്കൃതര്‍ക്കുവേണ്ടി കേരളസഭയിലുള്ള ചില മുന്നേറ്റങ്ങളെ ഒന്നു പരിശോധിക്കാം.

യേശുസാഹോദര്യം:

വടവാതൂര്‍ സെമിനാരിയിലെ തത്ത്വശാസ്ത്രവിദ്യാര്‍ത്ഥികളായിരുന്ന വര്‍ഗീസ് കരിപ്പേരിയുടെയും ഫ്രാന്‍സിസ് കൊടിയന്‍ എം.സി.ബി.എസ്.-ന്‍റെയും (ഇപ്പോള്‍ വൈദികര്‍) പ്രവര്‍ത്തനതീക്ഷ്ണതയില്‍ നിന്നുയിര്‍കൊണ്ട പ്രസ്ഥാനമാണ് യേശുസാഹോദര്യം. കാലക്രമത്തില്‍ അത് ഭിക്ഷാടകരുടെയും ജയില്‍വാസികളുടെയുമിടയിലുള്ള വലിയൊരു പ്രേഷിതമേഖലയായിത്തീര്‍ന്നു. വേനലവധിക്കാലത്ത് കേരളത്തിലെമ്പാടുമുള്ള ജയിലുകള്‍ സന്ദര്‍ശിക്കുവാന്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും അവരുടെ ടീം തയ്യാറായി. 1986 മാര്‍ച്ച് 1-ാം തിയതിയായിരുന്നു യേശുസാഹോദര്യത്തിന്‍റെ തടവറതീര്‍ത്ഥാടനം ആരംഭിച്ചത്. "ഞാന്‍ കാരാഗൃഹത്തിലായിരുന്നു. നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു" (മത്താ. 25,36) എന്ന ഈശോയുടെ വാക്കുകളായിരുന്നു അവരുടെ പ്രചോദനം. പിന്നീട് 1989-ല്‍ യേശുസാഹോദര്യത്തിന് കേരളകത്തോലിക്കാ മെത്രാന്‍സമിതി ഔദ്യോഗിക അംഗീകാരം നല്കുകയും 'നീതിക്കും പുരോഗതിക്കും സമാധാനത്തിനുമായുള്ള' കമ്മീഷന്‍റെ കീഴില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ 1994-ല്‍ ബാംഗ്ലൂരില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കപ്പെടുകയും പ്രസ്തുത പ്രസ്ഥാനം ദേശീയതലത്തില്‍ 'പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യ' എന്ന് അറിയപ്പെടുകയും ചെയ്തു. 1995-ല്‍ പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യ ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും 1999-ല്‍ സി.ബി.സി.ഐ.യുടെ അംഗീകാരം കരസ്ഥമാക്കുകയും ചെയ്തു.
ജയിലനകത്തും ജയിലിനു പുറത്തും തടവറപ്രേഷിതത്ത്വം പ്രവര്‍ത്തിക്കുന്നുണ്ട്. ജയിലിനകത്ത് സ്നേഹത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും, തടവുകാരുടെ ആത്മീയാവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. തടവുകാര്‍ക്ക് കൗണ്‍സലിംഗ്, ഗ്രന്ഥശാല, വായനാസൗകര്യം, തൊഴില്‍പരിശീലനം, സാഹിത്യമത്സരങ്ങള്‍, പൊതുപരീക്ഷകള്‍ക്കുള്ള ഒരുക്കം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്താന്‍ യേശുസാഹോദര്യം മുന്‍കൈയ്യെടുക്കുന്നു. ജയിലിനു പുറത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുനരധിവാസകേന്ദ്രങ്ങള്‍, കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യം, രോഗികള്‍ക്ക് ചികിത്സ, തൊഴിലവസരങ്ങള്‍, അനുരജ്ഞനശ്രമങ്ങള്‍, മക്കള്‍ക്ക് വിദ്യാഭ്യാസസഹായങ്ങള്‍, വിവാഹം എന്നിവയും യേശുസാഹോദര്യ കൂട്ടായ്മ നടത്തിക്കൊടുക്കുന്നു.

ജീവന്‍റെ സുവിശേഷം:

പ്രതിഷേധിക്കാന്‍ പോലും അവസരം ലഭിക്കാത്ത നിശബ്ദഭ്രൂണങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സഭാപ്രസ്ഥാനമാണ് പ്രോലൈഫ് മൂവ്മെന്‍റ്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ്. ഈ മനുഷ്യജീവന്‍ തിരിച്ചെടുക്കാനുള്ള അവകാശം ജീവദാതാവായ ദൈവത്തിനു മാത്രമാണുള്ളത്. അതുകൊണ്ടാണ് ഗര്‍ഭധാരണനിമിഷം മുതല്‍ ഒരു വ്യക്തി മരിക്കുന്നതുവരെ ആ വിലപ്പെട്ട ജീവനെ സംരക്ഷിക്കണമെന്നു സഭ നിര്‍ദ്ദേശിക്കുന്നത്. സഭയുടെ കാലാകാലങ്ങളിലുള്ള പ്രബോധനങ്ങളില്‍ ഇതു വ്യക്തമായി കാണാവുന്നതാണ്. ജീവനുവേണ്ടിയുള്ള സഭയുടെ നിലപാടുകള്‍ക്ക് പ്രസക്തി ഏറിവരുന്ന കാലഘട്ടമാണിത്. കേരളത്തില്‍ത്തന്നെ ദിവസേന അനേകം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കേണ്ടതും അനിവാര്യമാണ്.
സാമ്പത്തികവും സാമൂഹികവുമായ അനീതികള്‍ക്കെതിരെ നിശബ്ദരാക്കപ്പെട്ടവരുടെ ഒപ്പം നില്ക്കാന്‍ സഭാസമൂഹം തയ്യാറായതിന്‍റെ ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്. ഇന്ന് നിലവിലുള്ള അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, മാനസികരോഗികള്‍ക്കും, പലവിധത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കുമായുള്ള വിവിധ സ്ഥാപനങ്ങള്‍, സ്പെഷല്‍ സ്കൂളുകള്‍, പിന്നോക്കവിഭാഗക്കാര്‍ക്കായുള്ള തൊഴില്‍പരിശീലനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കപ്പെടേണ്ടവയാണ്. കാലാകാലങ്ങളില്‍ ജനത്തിന്‍റെ ആവശ്യങ്ങളില്‍ നിന്ന് രൂപം കൊണ്ടവയും, ക്രൈസ്തവ ആദ്ധ്യാത്മികതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വിശ്വാസികളുടെ നേതൃത്വത്തില്‍ ആരംഭിച്ചവയും ഇന്ന് നിലവിലുണ്ട്. ഡ്രൈവര്‍മാരുടെ കൂട്ടായ്മ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച സാരഥി എന്ന സംഘടന, ചുമട്ടുതൊഴിലാളികള്‍ക്കുവേണ്ടിയുള്ള ശാന്തിരഥം എന്ന പ്രസ്ഥാനം, അലഞ്ഞുതിരിയുന്ന മാനസികരോഗികള്‍ക്കും അനാഥര്‍ക്കും അഭയകേന്ദ്രമാകുന്ന കോട്ടയത്തെ നവജീവന്‍ ട്രസ്റ്റ്, മാനസികരോഗികള്‍ക്ക് സഹായവും പരിചരണവും നല്കുന്ന തൊടുപുഴയിലെ ദിവ്യരക്ഷാലയം എന്നിവ മറ്റുദാഹരണങ്ങളാണ്.

ക്രൂശിതജനത

നമ്മുടെ പരിസരങ്ങളിലേക്കു നോക്കിയാല്‍ ക്രൂശിതനായ ക്രിസ്തുവിനെ ദര്‍ശിക്കാനാകുമെന്ന് വിമോചനദൈവശാസ്ത്രജ്ഞര്‍ പറയുന്നു. എല്‍സാല്‍വദോറില്‍ ആര്‍ച്ചുബിഷപ്പായിരുന്ന ഓസ്കാര്‍ റൊമേരോയാണ് തന്‍റെ രാജ്യത്തിലെ ദരിദ്രരെയും പാര്‍ശ്വവത്കൃതരെയും കുറിക്കാന്‍ 'ക്രൂശിതനായ ക്രിസ്തു' എന്ന പദം പ്രയോഗിച്ചത്. നിങ്ങളാണ് ഇന്നത്തെ ചരിത്രത്തിലെ ക്രൂശിക്കപ്പെട്ട ക്രിസ്തുവെന്ന് തന്‍റെ മുമ്പിലെ പാവങ്ങളോട് ആര്‍ച്ചുബിഷപ്പ് പറയുകയുണ്ടായി. ജോണ്‍ സൊബ്രീനോയെപ്പോലുള്ളവരുടെ പഠനങ്ങളില്‍ ക്രൂശിതജനതയെന്ന സങ്കല്പം കരുത്താര്‍ജ്ജിച്ചുവന്നു. പട്ടിണികൊണ്ട് മരിക്കുന്ന ജനലക്ഷങ്ങളുടെ പാര്‍പ്പിടങ്ങള്‍ ക്രൂശിതജനതയുടെ അധിവാസകേന്ദ്രങ്ങളാണെന്ന കുമ്പസാരമാണ് ധീരരായ ആ ദൈവശാസ്ത്രജ്ഞര്‍ നടത്തിയത്. പാവപ്പെട്ടവരില്‍, മര്‍ദ്ദിതരില്‍, വിവിധകാരണങ്ങള്‍ കൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ടവരില്‍ ക്രിസ്തുവിന്‍റെ മുഖം വായിച്ചെടുക്കാന്‍ ക്രൈസ്തവനു കടമയുണ്ട്. മദര്‍തെരേസയുടെ ജീവിതവും സാക്ഷ്യവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. കല്‍ക്കത്തയുടെ തെരുവീഥികളില്‍ അനാഥര്‍ക്കും കുഷ്ഠരോഗികള്‍ക്കും അമ്മയായി മാറിയതിലൂടെ മദര്‍ തെരേസ എന്ന സന്ന്യാസിനി നല്കുന്ന പാഠവും മറ്റൊന്നല്ല. "കുഷ്ഠരോഗികളെ നാം ചുംബിക്കുമ്പോള്‍ അവര്‍ ക്രിസ്തുവായി മാറുന്നു" എന്ന് ഫ്രാന്‍സിസ് അസ്സീസിയുടെ വാക്കുകളായി കസന്‍ദ്സക്കിസ് എഴുതുന്നുണ്ട്.

ഭാരതത്തില്‍ "സഭയാണ് ആദ്യം സുവിശേഷവത്കരിക്കപ്പെടേണ്ടത്" എന്ന സത്യം നവസുവിശേഷവത്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുപറയുന്നത് ഇന്ത്യന്‍ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ്. സ്ഥാപനവത്കരിക്കപ്പെടുന്ന സഭ സുവിശേഷവത്കരണപ്രക്രിയയ്ക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും തടസ്സമാണ്. പാവങ്ങളുടെയും നിര്‍ദ്ധനരുടെയും കൂടെ നില്‍ക്കേണ്ട സഭ പലപ്പോഴും അത് മറന്നുപോകുന്നുവെന്നും ബാംഗ്ലൂരില്‍ നടന്ന അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍സമിതിയുടെ സമ്മേളനത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ഉപസംഹാരം

ദരിദ്രരും ദുഃഖിതരും പീഡിതരുമായ ജനങ്ങളെയാണ് യേശു തന്നിലേക്കാകര്‍ഷിച്ചത്. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രവര്‍ത്തനമണ്ഡലം അവിടുത്തേക്കുണ്ടായിരുന്നു. ഇതേ ആഭിമുഖ്യങ്ങളാണ് മിശിഹായുടെ സഭ കേരളത്തിന്‍റെ മണ്ണിലും വളര്‍ത്തിയെടുത്തതും കാത്തുസൂക്ഷിച്ചതും. വര്‍ത്തമാനകാലസമൂഹം സഭയുടെ മാറുന്ന മനോഭാവങ്ങളെ വിമര്‍ശിക്കുമ്പോള്‍ കാലത്തിന്‍റെ സൂചനകള്‍ തിരിച്ചറിയാനും കൂടുതല്‍ ഉള്‍ക്കരുത്തോടും സേവനമനസ്ഥിതിയോടും കൂടി മുന്നോട്ടു പോകാനും സഭയ്ക്കു കടമയുണ്ട്. രാഷ്ട്രീയ, സാമൂഹികപ്രസ്ഥാനങ്ങളില്‍ അഴിമതിയുടെ കഥകള്‍ പെരുകുമ്പോള്‍ സമൂഹം പ്രതീക്ഷയോടെ നോക്കുന്നത് സഭയിലേക്കാണ്. സകലമനുഷ്യര്‍ക്കും വേണ്ടിയുള്ള സദ്വാര്‍ത്തകള്‍ സംസാരിക്കാന്‍ സഭക്ക് എന്നും കഴിയട്ടെ!

church church and the marginalized Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message