We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Jose Porunnedom On 29-May-2021
ആമുഖം
കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ (Kerala Catholic Bishop’s Council - KCBC) ഒരു കമ്മീഷനായ ലേബര്‍ കമ്മീഷന്‍ കേരളത്തിലെ തൊഴിലാളികളുടെ, പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ ഉന്നമനത്തിനായി രൂപീകരിച്ച ഒരു പ്രസ്ഥാനമാണ് കേരളാ ലേബര്‍ മൂവ്മെന്‍റ് (Kerala Labour Movement - KLM). കെ.എല്‍.എം. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വതന്ത്രസംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് കെ.എല്‍.എം.-ന് സ്വന്തമായി ഓഫീസും മറ്റു സംവിധാനങ്ങളുമുണ്ട്. കെ.എല്‍.എം.-ന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് ലേബര്‍ കമ്മീഷന്‍റെ സെക്രട്ടറിയാണ്. കേരളത്തിലെ എല്ലാ രൂപതകളിലും ഇന്ന് കെ.എല്‍.എം. പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ കേരളത്തെ അഞ്ചു മേഖലകളായി തിരിച്ച് മേഖലാഡയറക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. കെ.എല്‍.എം.-ന്‍റെ മേഖലാ-രൂപതാ പ്രതിനിധികള്‍ കേന്ദ്രഘടകത്തില്‍ ഭാഗഭാക്കായി പ്രവര്‍ത്തിക്കുന്നു.
അസംഘടിതതൊഴിലാളികളുടെ ആദ്ധ്യാത്മികവും സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിയും അവരുടെ കുടുംബങ്ങളുടെ ക്ഷേമവുമാണ് പ്രവര്‍ത്തനങ്ങളുടെ പ്രധാനലക്ഷ്യം. ക്രിസ്തുദര്‍ശനങ്ങള്‍ക്കും കത്തോലിക്കാ സഭാപ്രബോധനങ്ങള്‍ക്കും വിധേയമായിട്ടുള്ള പ്രവര്‍ത്തനശൈലിയാണ് കെ.എല്‍.എം. സ്വീകരിച്ചിരിക്കുന്നത്.
ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ റേരും നൊവാരും (Rerum Novarum) എന്ന ചാക്രികലേഖനത്തിലെയും ഇതര സഭാപ്രബോധനങ്ങളിലെയും ആശയങ്ങളും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനങ്ങളും അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ടാണ് കെ.എല്‍.എം.-ന്‍റെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തൊഴിലാളികളോട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ആഹ്വാനത്തിന്‍റെയും ജനാധിപത്യഭരണസംവിധാനങ്ങളും യൂറോപ്പിലുണ്ടായ വ്യവസായവിപ്ലവവും സമൂഹത്തില്‍ പ്രത്യേകിച്ച് സാമ്പത്തത്തികമേഖലയില്‍ സൃഷ്ടിച്ച ലിബറല്‍ ക്യാപ്പിറ്റലിസ്റ്റ് ചിന്താഗതികളുടെയും പശ്ചാത്തലത്തിലാണ് മാര്‍പാപ്പ ചാക്രികലേഖനം എഴുതിയത്. കമ്മ്യൂണിസത്തിന്‍റെ ദൈവരഹിതപ്രത്യയശാസ്ത്രത്തെയും ലിബറല്‍ ക്യാപ്പിറ്റലിസത്തിന്‍റെ തൊഴിലാളചൂഷണത്തെയും മാര്‍പാപ്പ ചാക്രികലേഖനത്തില്‍ വളരെ നിശിതമായി വിമര്‍ശിക്കുന്നു. കെ.എല്‍.എം. അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഈ രണ്ടു കാര്യങ്ങളെയും കണക്കിലെടുത്തുകൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങളും ഈ പ്രക്രിയയില്‍ കെ.എല്‍.എം.-ന് പ്രചോദനമാകുന്നു.
ഉത്ഭവം
മാര്‍പാപ്പയുടെ പ്രബോധനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1940-കളില്‍ കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കര്‍മ്മലീത്താവൈദികരായിരുന്ന ബഹുമാനപ്പെട്ട ജെറോം പയ്യപ്പിള്ളി, ബൊനവെഞ്ചര്‍ കാട്ടിപ്പറമ്പില്‍ എന്നീ വൈദികര്‍ പരിശ്രമിച്ചു. ആലുവാ, കളമശ്ശേരി മേഖലയിലെ വ്യാവസായികത്തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഉത്തരതിരുവിതാംകൂര്‍ കാത്തലിക് ലേബര്‍ അസ്സോസിയേഷന്‍ അങ്ങനെ രൂപപ്പെട്ടതാണ്. 1957-ല്‍ കേരളത്തില്‍ കമ്മ്യൂണിസ്ററ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് തൃശ്ശൂര്‍, ഒല്ലൂര്‍ പ്രദേശങ്ങളിലെ ഓട്, ഇഷ്ടിക കമ്പനികളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. അതിനോടുള്ള പ്രതികരണമായി തലോര്‍ സി.എം.ഐ ആശ്രമത്തിലെ ബഹുമാനപ്പെട്ട ജനീസിയൂസ് അച്ചന്‍റെ നേതൃത്വത്തില്‍ കാത്തലിക്ക് ലേബര്‍ അസ്സോസിയേഷന്‍ (CLA) രൂപീകരിച്ചു. പിന്നീട് ബഹുമാനപ്പെട്ട വടക്കനച്ചന്‍റെ നേതൃത്വത്തില്‍ സി.എല്‍.എ. ശക്തമായ ഒരു തൊഴിലാളിപ്രസ്ഥാനമായി വളര്‍ന്നു. പ്രത്യകിച്ച് പീടികത്തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന മുതലാളിമാര്‍ക്കെതിരേ അദ്ദേഹം അതിശക്തമായി പ്രതികരിച്ചു. തൊഴിലാളി എന്ന പേരില്‍ അദ്ദേഹം ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു. 1960-കളുടെ അവസാനത്തില്‍ ആലപ്പുഴയില്‍ ബഹുമാനപ്പെട്ട പോള്‍ അറയ്ക്കലച്ചനും കൊല്ലത്ത് ബഹുമാനപ്പെട്ട ആല്‍ബര്‍ട്ട് പരിശുവിളയിലച്ചനും മത്സ്യത്തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അത് ശക്തമായ മുന്നേറ്റമായി. പിന്നീട് മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ബഹുമാനപ്പെട്ട തോമസ് കോച്ചേരിയച്ചന്‍റെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഏതാനും സന്ന്യസ്ത സഹോദരിമാരുടെയും ശ്രമഫലമായി ഈ തൊഴിലാളിമുന്നേറ്റ ശ്രമങ്ങളെ ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.
കെ.എല്‍.എം. രൂപീകരണപശ്ചാത്തലം
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കേരളസഭയെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 1968 ഡിസംബറില്‍ മംഗലപ്പുഴ സെമിനാരിയില്‍ കേരളത്തിലെ പതിനാറു രൂപതകളില്‍ നിന്നായി 300-ാളം പ്രതിനിധികളുടെ ഒരു സമ്മേളനം നടത്തുകയുണ്ടായി. തൊഴിലിനെയും തൊലാളികളെയും പറ്റി സമഗ്രമായ ഒരു പഠനം നടത്താനും കത്തോലിക്കാ തൊഴിലാളി നേതാക്കന്മാര്‍ക്ക് പരിശീലനം കൊടുക്കാനും ഈ സമ്മേളനത്തില്‍ തീരുമാനമെടുത്തു. അതേത്തുടര്‍ന്ന് 1974 ജനുവരി 25 മുതല്‍ 27 വരെ തൃശ്ശൂര്‍ മെഡോണ സെഹിയോനില്‍ വച്ചാണ് കെ.എല്‍.എം.-ന്‍റെ പിറവിയ്ക്ക് വഴിതെളിച്ച സമ്മേളനം നടന്നത്. തൃശ്ശൂര്‍ രൂപതയിലെ കാത്തലിക് ലേബര്‍ അസ്സോസിയേഷനാണ് ആ സമ്മേളനത്തിന് നേതൃത്വം കൊടുത്തത്. തൊഴിലാളികളുടെ സമഗ്രവും സമ്പൂര്‍ണ്ണവുമായ വളര്‍ച്ച സാധ്യമാക്കുന്നതിന് ക്രിയാത്മകമായി ഇടപെടാനും തൊഴിലാളികളുടെയിടയില്‍ സമഗ്രവിമോചനത്തിനായി യത്നിക്കാനും ഈ സമ്മേളനത്തില്‍ തീരുമാനമുണ്ടായി. ഈ തീരുമാനം കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പരിഗണനയ്ക്കു വിടാനും തീരുമാനിച്ചു. കെ.സി.ബി.സി. ഈ തീരുമാനം അനുഭാവപൂര്‍വ്വം പരിഗണിച്ചു. അതേത്തുടര്‍ന്ന് അഭിവന്ദ്യ ജോസഫ് പൗവ്വത്തില്‍ തിരുമേനി ചെയര്‍മാനും അഭിവന്ദ്യ ജോസഫ് കുണ്ടുകുളം, അഭിവന്ദ്യ ബര്‍ണാര്‍ഡ് പെരേര എന്നീ തിരുമേനിമാര്‍ അംഗങ്ങളായും ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. അതോടൊപ്പം എല്ലാ രൂപതകളിലും ലേബര്‍ ചാപ്ലയിന്മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ചങ്ങനാശ്ശേരിയില്‍ വച്ച് ലേബര്‍ ചാപ്ലയിന്മാരുടെ സമ്മേളനം നടത്തി. 1976-ല്‍ തൃക്കാക്കരയില്‍ വച്ചും 1977-ല്‍ പാലായില്‍ വച്ചും തൊഴിലാളി നേതാക്കന്മാരുടെ സമ്മേളനം നടന്നു. 1977 ഒക്ടോബര്‍ 23 മുതല്‍ 29 വരെ മഞ്ഞുമ്മല്‍ വര്‍ക്കേഴ്സ് സെനറ്റില്‍ വച്ച് ഒരു സെമിനാര്‍ നടന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും മലയോരത്തെ കര്‍ഷകത്തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ അതില്‍ തീരുമാനിച്ചു. അവരുടെ പ്രശ്നങ്ങളെപ്പറ്റി പഠിയ്ക്കാന്‍ ഒരു അഡ്ഹോക്ക് കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ബഹുമാനപ്പെട്ട തോമസ് തലച്ചിറ അച്ചന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 1978-ലെ മെയ് ദിനത്തില്‍ കെ.സി.ബി.സി. കേരളത്തിലെ തൊഴിലാളികള്‍ക്കുവേണ്ടി സംഘടനാപരമായിത്തന്നെ പ്രവര്‍ത്തിക്കുവാനുള്ള തീരുമാനം ഒരു സര്‍ക്കുലറിലൂടെ സഭാംഗങ്ങളെ അറിയിച്ചു.
1978 ജൂണില്‍ പാലായില്‍ വച്ച് കൂടിയ അഡ്ഹോക്ക് കമ്മിറ്റിയുടെ സമ്മേളനത്തില്‍, രൂപീകരിക്കാന്‍ പോകുന്ന സംഘടനയുടെ ഭരണഘടന തയ്യാറാക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി രൂപം കൊടുത്ത ഭരണഘടനയ്ക്ക് കെ.സി.ബി.സി. താത്ക്കാലിക അംഗീകാരം കൊടുത്തു. ഇതേത്തുടര്‍ന്ന് പല രൂപതകളിലും ശക്തമായ തൊഴിലാളി മുന്നേറ്റങ്ങള്‍ ഉണ്ടായി. എന്നാല്‍ വ്യക്തമായ നയങ്ങളുടെയും പദ്ധതികളുടെയും സംസ്ഥാനവ്യാപകമായ ഏകോപനത്തിന്‍റെയും അഭാവത്തില്‍ അവ ക്രമേണ ദുര്‍ബ്ബലമാവുകയും നിശ്ചലമാവുകയും ചെയ്തു.
പുനഃസംഘടന
2000-ല്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍റെ ചെയര്‍മാനായപ്പോള്‍ കെ.എല്‍.എം.-ന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. തൃശ്ശൂര്‍ അതിരൂപതയിലെ സി.എല്‍.എ. ഡയറക്ടറായിരുന്ന ബഹുമാനപ്പെട്ട ജോസ് വട്ടക്കുഴി അച്ചന്‍ കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി ഭവിച്ചു. 2002-ല്‍ അദ്ദേഹത്തിന്‍റെ ശ്രമഫലമായി വിവിധ മേഖലാസമ്മേളനങ്ങള്‍ നടന്നു. അവയില്‍ ഉരുത്തിരിഞ്ഞ തീരുമാനത്തിന്‍റെ ഫലമായി 2002 നവംബര്‍ 21-ന് പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ ചേര്‍ന്ന കേരളാ ലേബര്‍ മൂവ്മെന്‍റ് രൂപതാപ്രതിനിധികളുടെ യോഗത്തില്‍ കെ.എല്‍.എം. പുനഃസംഘടിപ്പിയ്ക്കുകയും സംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ശ്രീ പി.എല്‍. ജോര്‍ജ്ജ് (പ്രസിഡന്‍റ്), ശ്രീ ജോസഫ് ജൂഡ് (ജനറല്‍ സെക്രട്ടറി), ശ്രീ ബിന്നി പി. ജോസഫ് (ട്രഷറര്‍) എന്നിവരായിരുന്നു പ്രധാന ഭാരവാഹികള്‍. ബഹുമാനപ്പെട്ട വട്ടക്കുഴിയച്ചന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി വന്ന ബഹുമാനപ്പെട്ട ജെയ്സണ്‍ വടശ്ശേരി അച്ചന്‍ കെ.എല്‍.എം.-ന്‍റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. നിലവില്‍ ശ്രീ ജോയ് ഗോത്തുരുത്ത് (കോട്ടപ്പുറം - പ്രസിഡന്‍റ്), ശ്രീ ഷാജു ആന്‍റണി (തൃശ്ശൂര്‍ - ജനറല്‍ സെക്രട്ടറി), ശ്രീ മത്തായി മാര്‍ത്തൂര്‍ (മാവേലിക്കര - ട്രഷറര്‍) എന്നിവരാണ് പ്രധാനഭാരവാഹികള്‍. കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ ജോസ് പൊരുന്നേടമാണ് കെ.എല്‍.എം.-ന്‍റെ ഇപ്പോഴത്തെ രക്ഷാധികാരി.
പാര്‍ശ്വവത്കരിക്കപ്പെടുന്ന അസംഘടിത തൊഴിലാളികള്‍
ഇന്ത്യയുടെ അദ്ധ്വാനശക്തിയുടെ 93 ശതമാനവും അസംഘടിതമേഖലയിലാണ്. രാജ്യത്ത് നിലനില്ക്കുന്ന തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ കിട്ടാത്ത തൊഴിലാളികളെയാണ് അസംഘടിത തൊഴിലാളികള്‍ എന്ന് വിവക്ഷിക്കുന്നത്. അഞ്ചേക്കര്‍ ഭൂമി വരെ സ്വന്തമായുള്ള കര്‍ഷകരും അസംഘടിത തൊഴിലാളികളായാണ് പരിഗണിക്കപ്പെടുന്നത്. ഇവരുടെ തൊഴില്‍ മേഖല അസ്ഥിരമാണ്. അവര്‍ക്കു ലഭിക്കുന്ന വേതനം ക്ലിപ്തമല്ല, തൊഴിലിന് സ്ഥിരതയുമില്ല. രാജ്യത്തിന്‍റെ മൊത്തവരുമാനത്തിന്‍റെ 63 ശതമാനവും സംഭാവന ചെയ്യുന്ന ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കാര്യമായൊന്നും മാറ്റിവയ്ക്കുന്നില്ല എന്നതൊരു വസ്തുതയാണ്. അതിനാല്‍ രാജ്യത്തുണ്ടാകുന്ന വികസനത്തിന്‍റെ ഫലങ്ങള്‍ കാര്യമായൊന്നും ഇവര്‍ക്കു ലഭിക്കുന്നില്ല. ആഗോളീകരണം രൂപപ്പെടുത്തുന്ന പുതിയ സാഹചര്യങ്ങളില്‍ അസംഘടിത തൊഴിലാളികള്‍ അതിവേഗം പാര്‍ശ്വവത്കരിക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളിയിടപ്പെടുകയും ചെയ്യുന്നു.
അസംഘടിത തൊഴിലാളികളുടെ പിന്നോക്കാവസ്ഥയ്ക്ക് ഒട്ടനവധി കാരണങ്ങളുണ്ട്. ഇന്നത്തെ സാഹചര്യങ്ങളില്‍ ആ കാരണങ്ങള്‍ കൂടുതല്‍ തീവ്രമാവുകയാണ്. ഉപഭോഗചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും വരവ് ആനുപാതികമായി വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് തൊഴിലാളികളുടെ ജീവിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു. അറിവില്ലായ്മയും അജ്ഞതയും മദ്യപാനം പോലെയുള്ള ദുശ്ശീലങ്ങളും സമ്പാദ്യശീലത്തിന്‍റെ കുറവും എല്ലാം കൂടിച്ചേര്‍ന്ന് ഫലത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിലാളികള്‍ പുറത്തുകടക്കാന്‍ പറ്റാത്ത രീതിയിലുള്ള കടക്കെണിയില്‍ പെടുന്നു. അസംഘടിതരായി തുടരുന്നതിനാല്‍ നിയമനിര്‍മ്മാണപ്രക്രിയയില്‍ ഇടപെട്ട് അവര്‍ക്കനുകൂലമായ രാഷ്ട്രീയസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്കു കഴിയുന്നില്ല. അതിവേഗം പാര്‍ശ്വവത്കരിക്കപ്പെടുന്ന ഈ അസംഘടിതതൊഴിലാളികളുടെ ശാക്തീകരണത്തിനായി പ്രതിജഞാബദ്ധമാണ് കെ.എല്‍.എം. അഖിലേന്ത്യാ തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി.ബി.സി.ഐ. (Catholic Bishops’ Conference of India - CBCI) യുടെ കീഴിലുള്ള വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷനില്‍ (Workers’ India Federation - WIF) അംഗസംഘടനയായും കെ.എല്‍.എം. പ്രവര്‍ത്തിക്കുന്നു.
കെ.എല്‍.എം. പ്രവര്‍ത്തനം: പ്രത്യേകമേഖലകള്‍
അദ്ധ്വാനം ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിലുള്ള മനുഷ്യന്‍റെ പങ്കുചേരലാണ് എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം. അതിനാല്‍ത്തന്നെ ഏതൊരു ജോലിയും ശ്രേഷ്ഠവും മഹത്തരവുമാണ്. മനുഷ്യന്‍ തന്‍റെ വ്യക്തിത്വവും അസ്തിത്വവും പ്രകടിപ്പിക്കുന്നത് അദ്ധ്വാനത്തിലൂടെയാണ്. അദ്ധ്വാനത്തിലൂടെ മനുഷ്യന്‍ തന്‍റെ വാസസ്ഥലത്തെ കുടുതല്‍ മനോഹരമാക്കുന്നു. നിര്‍ഭാഗ്യവശാല്‍ തൊഴിലെടുക്കാതെയും അദ്ധ്വാനിക്കാതെയും സര്‍വ്വതും സ്വന്തമാക്കാനുള്ള പ്രവണത ഇന്നത്തെ മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു. ഏതൊരു തൊഴിലിനെയും തൊഴില്‍ ചെയ്യുന്നവരെയും സ്നേഹിക്കുകയും മാനിയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കുക എന്നത് കെ.എല്‍.എം.-ന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പെടുന്നു.
സമകാലിക സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ തൊഴിലാളികളെ ശാക്തീകരിക്കുക എന്നത് കെ.എല്‍.എം. ഏറ്റെടുത്തിരിക്കുന്ന ഒരു പ്രധാന ദൗത്യമാണ്. അറിവാണ് ആയുധം എന്ന വസ്തുത തൊഴിലാളികളെ മനസ്സിലാക്കിക്കൊടുക്കാന്‍ കെ.എല്‍.എം. ഏറെ ശ്രദ്ധ ചെലുത്തുന്നു. കമ്പോളത്തിന്‍റെ ചതിക്കുഴികളെ തിരിച്ചറിയാനും ജീവിതഗുണത്തിനും പുരോഗതിക്കും ഉതകുന്ന തീരുമാനങ്ങള്‍ എടുക്കാനും തൊഴിലാളികള്‍ സജ്ജരാക്കപ്പെടുന്നു. സ്വാശ്രയത്തിന്‍റെ അനുഭവങ്ങളും ശീലങ്ങളും സ്വന്തമാക്കാന്‍ അവര്‍ പരിശീലിക്കപ്പെടുന്നു. ജീവിതക്രമത്തില്‍ ഒരു പുനഃക്രമീകരണം ആവശ്യമാകുകയാണ്. പ്രതിരോധത്തിന്‍റെയും വിമോചനത്തിന്‍റെയും പുത്തന്‍ ശീലങ്ങളും സംസ്കാരങ്ങളും പ്രചരിപ്പിക്കാന്‍ കെ.എല്‍.എം. പരിശ്രമിക്കുന്നു. ഈ പ്രക്രിയയില്‍ പ്രധാന പങ്കു വഹിക്കുന്ന സ്വയംസഹായസംഘങ്ങള്‍ കെ.എല്‍.എമ്മിന്‍റെ അടിസ്ഥാനഘടകങ്ങളാണ്. ഇവയാണ് തൊഴിലാളി ശാക്തീകരണത്തിന്‍റെ പ്രധാനവേദികള്‍.
വിവിധമേഖലകളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഒട്ടനവധി ക്ഷേമപദ്ധതികള്‍ നടത്തുന്നുണ്ട്. എന്നാല്‍ അവയെപ്പറ്റി സാധാരണതൊഴിലാളികള്‍ക്ക് കാര്യമായ അറിവില്ല എന്നതൊരു വസ്തുതയാണ്. അറിവില്ലാത്തതിനാല്‍ അവയുടെ ഗുണഭോക്താക്കളാകാനും സാധിക്കുന്നില്ല. അറിവുള്ളവര്‍ക്കു പോലും ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനില്‍ അംഗങ്ങളാകാതെ ഗുണഭോക്താക്കളാകാന്‍ കഴിയാത്ത രീതിയിലാണ് അവയുടെ പ്രവര്‍ത്തനം. ഈ കുറവ് നികത്താനായി കെ.എല്‍.എം. ഒരു കൈപ്പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ നിന്നുപോലും പ്രശംസ പിടിച്ചു പറ്റിയ ഒരു സംരംഭമാണിത്. മാത്രമല്ല കേരളസര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികളില്‍ ചേരാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്ക് എല്ലാ സഹായവും കെ.എല്‍.എം.-ന്‍റെ സംസ്ഥാന-രൂപതാ ഓഫീസുകളില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്യുന്നു.
കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകലക്ഷ്യം വച്ചു കെ.എല്‍.എം. സുരക്ഷ എന്ന പേര് കൊടുത്തിട്ടുള്ള ഒരു ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇത് വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന്‍റെ സഹായസഹകരണത്തോടെയാണ് നടപ്പാക്കുന്നത്. രൂപതാധികാരികളുടെയും സന്ന്യാസസമൂഹാധികാരികളുടെയും സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു പദ്ധതിയാണിത്.
തൊഴിലാളി നേതൃത്വത്തെ ശാക്തീകരിക്കുക എന്നത് കെ.എല്‍.എം.-ന്‍റെ ഒരു പ്രധാന ലക്ഷ്യമാണ്. തൊഴിലാളി നേതൃത്വത്തെ പരിപോഷിപ്പിക്കുക, അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, അതിനായി അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, അവര്‍ക്ക് ഗുണകരമായി വരത്തക്ക നിയമനിര്‍മ്മാണത്തിനുള്ള ഒരു സമ്മര്‍ദ്ദശക്തിയാകാന്‍ പ്രാപ്തരാക്കുക എന്നിവയെല്ലാം ഇതിലൂടെ കെ.എല്‍.എം. ലക്ഷ്യമിടുന്നു. അതിന്‍റെ ഭാഗമായിട്ടാണ് വിവിധ തൊഴിലാളി ഫോറങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. സ്വതന്ത്ര നിര്‍മ്മാണത്തൊഴലാളി യൂണിയന്‍, ഗാര്‍ഹികത്തൊഴിലാളി ഫോറം, തയ്യല്‍ത്തൊഴിലാളി ഫോറം ചെറുകിട തോട്ടം തൊഴിലാളി ഫോറം, പീടികത്തൊഴിലാളി ഫോറം തുടങ്ങിയവ രൂപപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ ചിലത് ട്രേഡ് യൂണിയന്‍ ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് അംഗങ്ങള്‍ ഇവയുടെ പ്രയോജനം അനുഭവിക്കുന്നു.
പുത്തന്‍ സാങ്കേതികജ്ഞാനവും മാനേജ്മെന്‍റ് ശൈലികളും ആധുനിക യന്ത്രോപകരണങ്ങളും പരമ്പരാഗത തൊഴില്‍ മേഖലകളെ മാറ്റി മറിയ്ക്കുകയാണ്. ഇവയില്‍ അറിവും പരിശീലനവും തൊഴിലാളികള്‍ക്ക് കിട്ടാനുള്ള സാഹചര്യം ഇന്ന് തുലോം വിരളമാണ്. അതിനാല്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ പരിശീലനം കൊടുക്കുക എന്നത് കെ.എല്‍.എം. വളരെ ഗൗരവത്തോടെ കാണുന്ന ഒരു പ്രവര്‍ത്തനമാണ്. ഇതിനായി തൊഴില്‍ അന്വേഷകരെയും തൊഴില്‍ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലും കെ.എല്‍.എം. ഏര്‍പ്പെട്ടിരിക്കുന്നു. അതിനായി രണ്ട് വെബ്-സൈറ്റുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അവയില്‍ തൊഴിലന്വേഷകര്‍ക്ക് പേരു രജിസ്റ്റര്‍ ചെയ്യാനും തൊഴില്‍ നേടാനും സൗകര്യമുണ്ട്. അതിനുപുറമേ സി.ബി.സി.ഐ. ലേബര്‍ കമ്മീഷന്‍റെ വെബ്-സൈറ്റും ഉണ്ട്.
കേരളസര്‍ക്കാരിന്‍റെ തൊഴില്‍വകുപ്പുമായി വളരെ നല്ല ബന്ധമാണ് കെ.എല്‍.എം. പുലര്‍ത്തുന്നത്. കെ.എല്‍.എം. മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയാധികാരികളും ഉദ്യോഗസ്ഥരും വളരെ അനുഭാവപൂര്‍വ്വം പരിഗണിയ്ക്കാറുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.
ഏതൊരു പ്രവര്‍ത്തനത്തിന്‍റെയും വിജയം ഉറപ്പാക്കുന്ന ഒരു പ്രധാനഘടകം അതിന് അടിസ്ഥാനമായി നില്ക്കുന്ന ചില വസ്തുതകളാണ്. കേരളത്തിലെ അസംഘടിതതൊഴിലാളികളെ സംബന്ധിച്ചു പറയുമ്പോള്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി അറിയേണ്ടതുണ്ട്. അതിനായി വളരെ വിപുലമായ ഒരു ഗവേഷണപഠനപദ്ധതി തന്നെ കെ.എല്‍.എം. നടത്തുന്നുണ്ട്. അതിന്‍റെ അവസാനദിശയിലാണിപ്പോള്‍. ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഈ മേഖലയില്‍ ആരും ഇതുവരെ നടത്തിയിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഉപസംഹാരം
കേരളത്തിലെ കത്തോലിക്കാസഭയുടെ ഒരു പ്രവര്‍ത്തനമാണ് കെ.എല്‍.എം. എങ്കിലും ഇത് കത്തോലിക്കരെ മാത്രമല്ല ലക്ഷ്യമിടുന്നത്. പ്രത്യുത, അസംഘടിതരായ എല്ലാ തൊഴിലാളികളേയുമാണ്. അതുപോലെതന്നെ ഇതൊരു ഭക്തസംഘടനയുമല്ല. അതേസമയം കത്തോലിക്കാസഭയുടെ വിശ്വാസമാകുന്ന അടിത്തറയിലാണ് കെ.എല്‍.എം. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമിട്ടിരിക്കുന്നത്. തൊഴിലാളികളുടെ പുരോഗതി ലക്ഷ്യം വയ്ക്കുമ്പോഴും അത് കേവലം ഭൗതികപുരോഗതി മാത്രമല്ല, പ്രത്യുത ആദ്ധ്യാത്മികത ഉള്‍പ്പെടെയുള്ള സമഗ്രപുരോഗതിയാണ്, അഥവാ എല്ലാ അടിമത്തങ്ങളില്‍ നിന്നുമുള്ള സമഗ്രവിമോചനമാണ്. ഈ പ്രക്രിയയില്‍ സന്മനസ്സുള്ള എല്ലാവരും പങ്കുചേരണം എന്നാണ് കെ.എല്‍.എം. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.
Kerala Labor Movement (KLM) History and activities Kerala Labor Movement (KLM) (KLM) History and activities Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206