We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. Kurian Thadathil On 29-May-2021
പതിനാറാം നൂറ്റാണ്ട് കേരളചരിത്രത്തിലെന്നപോലെ ഭാഷാസാഹിത്യചരിത്രത്തിലും ഒരു പുത്തന്‍ സൂര്യോദയത്തിനു തുടക്കം കുറിച്ചു. 1498-ല്‍ കോഴിക്കോട്ട് കാപ്പാട് തുറമുഖത്ത് വാസ്കോ ഡി ഗാമയുടെ കപ്പല്‍ വന്നടുത്തതോടെ പോര്‍ട്ടുഗീസ് യുഗാരംഭമായി. മതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ ക്രൈസ്തവമിഷനറിമാരുടെ സ്തുത്യര്‍ഹസേവനങ്ങളാരംഭിക്കുന്നതും അക്കാലത്തുതന്നെയാണ്. മതസാമൂഹികസാംസ്കാരികരംഗങ്ങളിലൊക്കെ ഒരു പുത്തന്‍ ഉണര്‍വ്വുപകരാന്‍ വിദേശമിഷനറിമാര്‍ക്കു കഴിഞ്ഞു. ക്രിസ്തുനാഥന്‍റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഉത്തമോപാധിയായി ഒരു ഗദ്യസരണി സൃഷ്ടിക്കാന്‍ അവര്‍ തീരുമാനിച്ചുറച്ചു. ആശയസംവേദനത്തിനു നാട്ടുഭാഷാപരിജ്ഞാനം അവര്‍ക്കാവശ്യമായിവന്നു. ഒരു വിദേശിക്കു നാട്ടുഭാഷ പഠിക്കാന്‍ അതിന്‍റെ വ്യാകരണനിയമങ്ങള്‍ മനസ്സിലാക്കിയേ തീരു. ഇപ്രകാരം മലയാളഭാഷയക്കു വ്യാകരണഗ്രന്ഥങ്ങള്‍ രചിക്കാനും നിഘണ്ടുക്കള്‍ നിര്‍മ്മിക്കാനും ഒപ്പം മലയാളഗദ്യപദ്യസാഹിത്യരംഗം വികസിപ്പിക്കാനും മിഷനറിസമൂഹം മുന്നിട്ടിറങ്ങിയത് ക്രൈസ്തവര്‍ക്കഭിമാനവും കൈരളിക്കഭിമാനവുമായി മാറി.
മിഷനറിമലയാളഗദ്യം
മിഷനറിമലയാളഗദ്യത്തിന്‍റെ വികാസപരിണതികള്‍ പരിശോധിക്കാന്‍ ഗദ്യത്തെ രണ്ടു ഘട്ടമായി വിഭജിക്കുന്നതു നന്നായിരിക്കും. കത്തോലിക്കാമിഷനറിമാര്‍ മാര്‍ഗദര്‍ശനം നല്കുന്ന പതിനാറുമുതല്‍ പതിനെട്ടുവരെയുള്ള നൂറ്റാണ്ടാണ് ആദ്യത്തേത്; പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരുടെ സേവനങ്ങള്‍ പരാമര്‍ശിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് രണ്ടാംഘട്ടവും.ഒന്നാം ഘട്ടം പഠനവിധേയമാക്കുമ്പോള്‍, 1959-ലെ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളിലാണ് പ്രഥമതഃ അനുവാചകവീക്ഷ ചെന്നേത്തണ്ടത്. പാശ്ചാത്യഭാഷാസമ്പര്‍ക്കത്തിനു ശേഷം മലയാളത്തില്‍ രൂപം കൊണ്ട നവീനഗദ്യലിഖിതഭാഷയുടെ ആദ്യമാതൃകകളാണ് ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍. കാനോനകളുടെ ഭാഷാപ്രാധാന്യത്തെക്കുറിച്ച് ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ അഭിമതം ഇപ്രകാരമാണ്: "ശൈലിയിലും വാക്യഘടനയിലും വിദേശഭാഷാസ്വാധീനം കാണാം; തര്‍ജ്ജമയായതുകൊണ്ട് വിശേഷിച്ചും. മതപരമായ പരാമര്‍ശവും ഒട്ടും കുറവല്ല. ഇവയെല്ലാം വെട്ടിക്കിഴിച്ചാല്‍ കിട്ടുന്ന ശൈലിക്കും ആധുനികമലയാളത്തിനും തമ്മില്‍ വലിയ അന്തരമുണ്ടെന്നു തോന്നുന്നില്ല. ചുരുക്കത്തില്‍, ആധുനികമലയാള ഗദ്യശൈലിയുടെ ആദിരൂപം ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളില്‍ ദൃശ്യമാണ്." [1] ആധുനികരീതിയിലുള്ള ആദ്യമലയാളഗദ്യഗ്രന്ഥമായി ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകളെ വാഴ്ത്തി ഡോ. പി.ജെ. തോമസ് എഴുതുന്നതും ശ്രദ്ധേയമാണ്: "1599-ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിന്‍റെ നിശ്ചയങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം മലയാളത്തില്‍ ആധുനികരീതിയിലുള്ള ആദ്യത്തെ ഗദ്യഗ്രന്ഥമാണ്." [2]
ഏതദ്ദേശീയ ക്രൈസ്തവമിഷനറിമാരില്‍ പ്രമുഖനായ ഡോ. ജോസഫ് കരിയാറ്റി (1742-1786) ആലങ്ങാട്ടുവച്ചു രചിച്ച 'വേദതര്‍ക്കം' (1768) പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷാ ഗദ്യത്തിന്‍റെ മറ്റൊരു മാതൃകയാണ്. ഇതില്‍ പാശ്ചാത്യരുടെ ഗദ്യരചനാമാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. യുക്തിഭദ്രതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനും സ്വാഭിപ്രായം സ്ഥാപിക്കാനും കരുത്തുള്ള ഒരു ഗദ്യരീതി ഇവിടെ പ്രകടമാകുന്നു. "മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതിയാണ് വേദതര്‍ക്കം. അക്കാലത്ത് കേരളത്തില്‍ സഭാവിഭാഗങ്ങള്‍ തമ്മില്‍ നിലവിലിരുന്ന അനൈക്യം ഇല്ലാതാക്കി പുനരൈക്യം സാധിക്കുക എന്നതായിരുന്നു ഈ ഗ്രന്ഥത്തിന്‍റെ രചനോദ്ദേശ്യം." [3]കര്‍മ്മലീത്താമിഷനറിയായി കേരളത്തിലെത്തിയ ക്ലമന്‍റ് പിയാനിയൂസ് (1731-1782) പാതിരി രചിച്ച "സംക്ഷേപവേദാര്‍ത്ഥ"ത്തിന്‍റെ പൂര്‍ണ്ണനാമം 'നസ്രാണികള്‍ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാര്‍ത്ഥം' എന്നത്രേ. മലയാളത്തില്‍ പൂര്‍ണ്ണമായും അച്ചടിച്ച ആദ്യ ഗ്രന്ഥമായി ഈ കൃതി പ്രകീര്‍ത്തിക്കപ്പെടുന്നു.
1772-ല്‍ റോമില്‍ അച്ചടിച്ച സംക്ഷേപവേദാര്‍ത്ഥം മിഷനറിമലയാളത്തിന്‍റെ സവിശേഷതയായ വ്യവഹാരഭാഷയുടെ സാഹിത്യരൂപമാണ് കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ സാഹിത്യഭാഷയുടെ കൃത്രിമത്വമില്ലാതെ ക്രിസ്തീയവേദസാരങ്ങള്‍ സമഗ്രമായും ലളിതമായും ഗ്രന്ഥകാരന്‍ വിവരിച്ചിരിക്കുന്നു. ക്രിസ്തുമതത്തിന്‍റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയകാര്യങ്ങളുമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. സൃഷ്ടി, മരണാനന്തരജീവിതം, പരി.ത്രിത്വം, കര്‍ത്തൃജപം, വേദപ്രമാണങ്ങള്‍, പാപപുണ്യങ്ങള്‍, പ്രഭാതസന്ധ്യാപ്രാര്‍ത്ഥനകള്‍ എന്നിങ്ങനെയുള്ള ക്രിസ്തുമതതത്ത്വസാരമിവിടെ പരാമര്‍ശവിഷയങ്ങളാണ്. ഗുരുശിഷ്യസംവാദത്തിലുള്ള ഗ്രന്ഥരചനാരീതി രചയിതാവിന്‍റെ ഔചത്യവിചാരം പ്രകടിപ്പിക്കുന്നു. സംക്ഷേപവേദാര്‍ത്ഥത്തിന്‍റെ ഭാഷാഘടന വ്യക്തമാക്കുന്നതിനു ഡി.സി. ബുക്സും കാര്‍മ്മല്‍ പബ്ലിഷിംഗ് സെന്‍ററും സംയുക്തമായി പ്രസാധനം ചെയ്ത 1980-ലെ പതിപ്പില്‍നിന്ന് ഒരുഭാഗം താഴെ ചേര്‍ക്കുന്നു: ഗുരു - നിന്നെ സൃഷ്ടിച്ചതാരശിഷ്യന്‍ - ഉടയംതംപുരാന്‍ എന്നെ സൃഷ്ടിച്ചുഗുരു - തംപുരാന്‍ എന്തിനു നിന്നെ സൃഷ്ടിച്ചുശിഷ്യന്‍ - തന്നെ അറിഞ്ഞ സ്നെഹിച്ച തന്‍റെ ശുദ്ധമാന മാര്‍ഗ്ഗം കാത്തുംകൊണ്ട തന്‍റെ ചിറ്റാഴ്മ്മക്കിരിപ്പാന്‍ യെന്നതി തംപുരാന്‍ എന്നെ സൃഷ്ടിച്ചുഗുരു - തന്നെ സ്നെഹിച്ച സെവിക്കുന്നവര്‍ക്ക എന്തു സമ്മാനം തംപുരാന്‍ കല്പിച്ചുശിഷ്യന്‍ - എന്നെന്നേക്കുമുള്ള ആകാശത്തിലെ മോക്ഷംഅജ്ഞാതകര്‍ത്തൃകമായ ഒരു പ്രാചീനഗദ്യകൃതിയാണ് ജ്ഞാനമുത്തുമാല. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധമാണ് രചനാകാലമായി പരിഗണിക്കുന്നത്. ആദ്ധ്യാത്മികകൃതിയുടെ ഗാംഭീര്യം വരികളിലാകെ നിറഞ്ഞുനില്ക്കുന്നുണ്ടെങ്കിലും അത്യഗാധമായ ദൈവശാസ്ത്രപ്രമേയങ്ങള്‍ ഇതിലില്ല. സാഹിത്യഭാഷ പതിനെട്ടാം നൂറ്റാണ്ടിലെ വ്യവഹാരഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.
പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ വര്‍ത്തമാനപ്പുസ്തകം അഥവാ റോമ്മായാത്ര (1785) ഭാരതീയഭാഷകളിലെ പ്രഥമയാത്രാവിവരണഗ്രന്ഥമാണ്. നാട്ടുകാരായ ക്രിസ്ത്യാനികളുടെ ക്ഷേമത്തിനു വിഘാതമായി നിന്ന ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ കരിയാറ്റില്‍ മാര്‍ യൗസേപ്പു മെത്രാപ്പോലീത്തയും പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോരച്ചനും കൂടി നടത്തിയ സുദീര്‍ഘവും സുസ്മരണീയവും വിസ്മയാവഹവും വിജ്ഞാനപ്രദവും ചരിത്രപരവുമായ സാഹസികറോമ്മായാത്രയാണ് വര്‍ത്തമാനപ്പുസ്തകത്തിന്‍റെ ഉള്ളടക്കം. പണ്ഡിതനായ ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ള വര്‍ത്തമാനപ്പുസ്തകത്തെ വിലയിരുത്തുന്നതിപ്രകാരമാണ്: "പ്രാഥമികമായും ഒരു സഞ്ചാരകഥയാണെന്നു പറയാവുന്ന വര്‍ത്തമാനപ്പുസ്തകം സൂക്ഷ്മപരിശോധനയില്‍ പല നിലകളില്‍ നമ്മുടെ ഗാഢമായ ആദരവ് അവകാശപ്പെടുന്ന മഹത്തായൊരു സാഹിത്യസമ്പത്താണ്. നമ്മുടെ ഭാഷയിലെന്നല്ല, അറിവില്‍പ്പെട്ടിടത്തോളം ഏതു ഭാരതീയഭാഷയിലുമുണ്ടായിട്ടുള്ള ആദ്യത്തെ സഞ്ചാരസാഹിത്യകൃതി." [4] മലയാളസാഹിത്യത്തിന്‍റെ പരമാചാര്യനായ മഹാകവി ഉള്ളൂര്‍ ഈ ഗ്രന്ഥത്തെക്കുറിച്ചു പറയുന്നു: "തോമ്മാക്കത്തനാരുടെ പ്രസ്തുത കൃതി ഏതു നിലയ്ക്കു നോക്കിയാലും കൈരളിക്ക് ഒരു കനകാഭരണം തന്നെയാണ്. . . ആകെക്കൂടെ ഭാഷയിലെ ആകര്‍ഷകമായ ഒരു ഗദ്യഗ്രന്ഥം എന്നതിനുപുറമേ, അക്കാലത്തെ ദേശചരിത്രം, സമുദായചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി അന്യത്ര അസുലഭമായ വിജ്ഞാനത്തിന്‍റെ ഭണ്ഡാഗാരം എന്ന നിലയിലും വര്‍ത്തമാനപ്പുസ്തകം നമ്മുടെ സമഗ്രമായ ശ്ലാഘ അര്‍ഹിക്കുന്നു." [5]
മലയാളസാഹിത്യത്തിന്‍റെ തനിമയും സൗന്ദര്യവും വ്യക്തമാക്കുന്നതാണ് ക്രൈസ്തവമതത്തിലെ പ്രൊട്ടസ്റ്റന്‍റു വിഭാഗത്തില്‍പ്പെട്ട സ്വദേശീയരും വിദേശീയരുമായ മിഷനറിമാര്‍ നേതൃത്വം കൊടുത്ത രണ്ടാം ഘട്ടം. ജര്‍മ്മന്‍ മിഷനറിയായ ഗുണ്ടര്‍ട്ടിന്‍റെ 'പഴഞ്ചൊല്‍മാല' 1845-ല്‍ മംഗലാപുരത്തുനിന്നാണു പ്രസിദ്ധീകരണം ചെയ്തത് . നിത്യോപയോഗത്തില്‍ കണ്ടുവരാറില്ലാത്ത അനേകം പഴഞ്ചൊല്ലുകള്‍ ഈ കൃതിയിലുണ്ട്. ലക്ഷണയുക്തമായ ആദ്യത്തെ മലയാളപാഠാവലി എന്നറിയപ്പെടുന്ന ഗുണ്ടര്‍ട്ടിന്‍റെ 'പാഠമാല' 1860ലാണ് പ്രസിദ്ധീകരിച്ചത്. മലബാറില്‍ സ്കൂള്‍വിദ്യാഭ്യാസം നേടിയവരെല്ലാം മലയാളഭാഷയും സാഹിത്യവും പഠിച്ചത് ഈ പാഠമാലയില്‍നിന്നാണ്. മലബാറിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും സംയോജിപ്പിച്ചു തയ്യാറാക്കിയ 'മലയാളരാജ്യം' (1868) ഗുണ്ടര്‍ട്ടിന്‍റെ മറ്റൊരു ഗദ്യകൃതിയാണ്. ജോര്‍ജ്ജ് മാത്തന്‍ വിരചിച്ച 'സത്യവാദഖേടം' (1861) ഭാഷാഗദ്യത്തിന്‍റെ പ്രസാദമധുരമായ ശൈലി വെളിപ്പെടുത്തുന്ന ഒന്നാന്തരം കൃതിയാണ്. ആശയങ്ങള്‍ ലളിതഗദ്യത്തില്‍, ക്രമമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇതില്‍ ദര്‍ശിക്കാന്‍ കഴിയും. അയ്മനം ജോണിന്‍റെ 'ഇന്ത്യാചരിത്രം' (1860) കോട്ടയം സി.എം.എസ്. അച്ചുകൂടത്തില്‍നിന്നു പ്രസിദ്ധീകരിച്ചതാണ്. മലയാളഗദ്യത്തിന്‍റെ വികാസവും പരിണാമവും പഠിക്കുന്ന ഒരു ഗവേഷകന് 'ഇന്ത്യാചരിത്രം' സ്പര്‍ശിക്കാതിരിക്കാനാവില്ല. ഇങ്ങനെ പ്രൊട്ടസ്റ്റന്‍റുമിഷനറിമാരുടെ ഒരു നീണ്ട നിരതന്നെ മലയാളഭാഷാഗദ്യത്തിന്‍റെ വികാസപരിണാമങ്ങളില്‍ സ്വാധീനം ചെലുത്തുന്നതായി കാണാം. ആധുനികഗദ്യസാഹിത്യത്തിന്‍റെ വളര്‍ച്ചയില്‍ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ (1805-1817) വഹിച്ച പങ്ക് നിസ്തുലമാണ്. സഭാസംബന്ധമായ ഒട്ടേറെ ദൗത്യങ്ങള്‍ക്കിടയിലും മാതൃഭാഷാപോഷണം അദ്ദേഹം വിസ്മരിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ അനേകം ഗദ്യകൃതികളാണ് കൈരളിക്കു സമ്മാനമായി ലഭിച്ചത്. നാളാഗമം (രണ്ടു ഭാഗങ്ങള്‍), റോക്കോസ് ശീശ്മയുടെ ചരിത്രം, നല്ല അപ്പന്‍റെ ചാവരുള്‍, ധ്യാനസല്ലാപങ്ങള്‍, സ്നേഹസല്ലാപങ്ങള്‍, മരണപര്‍വ്വം തുടങ്ങിയുള്ള അദ്ദേഹത്തിന്‍റെ കൃതികളില്‍ ഭാഷയുടെയും സാഹിത്യത്തിന്‍റെയും ഉത്തമാംശങ്ങള്‍ ഒളിമിന്നുന്നുണ്ട്.ബഹുഭാഷാപണ്ഡിതനായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാര്‍ (1842-1904) മലയാളഭാഷാസാഹിത്യത്തിനു കനത്ത സംഭാവനകളാണു നല്കിയിട്ടുള്ളത്. സദാ സാമുദായികോന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ തൂലികയില്‍നിന്നു വെളിച്ചംകണ്ട മുഖ്യകൃതികളാണ് ശോഭാരാജവിജയം (നാടകം), കൃപാവതി (നാടകം), ഓര്‍ശ്ലം തിരുയാത്രാവിവരണം (പരിഭാഷ) എന്നിവ.പത്തൊമ്പതാം നൂറ്റാണ്ടില്‍ മലയാളഭാഷാപരിപോഷണാര്‍ത്ഥം യത്നിച്ച മറ്റൊരു ഭാഷാസ്നേഹി കണ്ടത്തില്‍ വറുഗീസ് മാപ്പിള(1858-1904)യാണ്. പത്രപ്രവര്‍ത്തനത്തിലും ഭാഷാസാഹിത്യപരിപോഷണത്തിലും ഏറെ നിര്‍ണ്ണായകമായ പങ്കുവഹിച്ച അദ്ദേഹത്തിന്‍റെ പ്രധാനകൃതികള്‍ ദര്‍പ്പവിച്ഛേദനം (ആട്ടക്കഥ), യോഷാഭൂഷണം, വിസ്മയജനനം, എബ്രായക്കുട്ടി (നാടകം), കീര്‍ത്തനമാല തുടങ്ങിയവയാണ്.
മിഷനറിമാരും പദ്യസാഹിത്യവും
ഗദ്യസാഹിത്യത്തോടൊപ്പം പദ്യത്തിന്‍റെ വളര്‍ച്ചയിലും ക്രൈസ്തവമിഷനറിമാരുടെയും ക്രിസ്ത്യാനികളായ കവികളുടെയും സംഭാവനകള്‍ പരിഗണിക്കേണ്ടതാകുന്നു. ഇവരില്‍ മുഖ്യസ്ഥാനത്തു നില്ക്കുന്നത് 1699- ല്‍ കേരളത്തിലെത്തിയ ഹംഗറിക്കാരന്‍ അര്‍ണോസ് പാതിരിയാണ്. എഴുത്തച്ഛന്‍ എങ്ങനെയാണോ ഹൈന്ദവമനസ്സുകളുടെ ധാര്‍മ്മികമനസ്സാക്ഷിയെ രൂപപ്പെടുത്തിയത്, അതുപോലെ അര്‍ണോസ് പാതിരി ക്രൈസ്തവമനസ്സുകളെ സ്വാധീനിക്കുകയും ഭരിക്കുകയും ചെയ്തു. ചതുരന്ത്യം, പുത്തന്‍പാന, ഉമാപര്‍വ്വം, വ്യാകുലപ്രബന്ധം, വ്യാകുലപ്രയോഗം തുടങ്ങി ധാരാളം കൃതികള്‍ പാതിരിയുടേതായുണ്ട്. ചതുരന്ത്യമാണ് അദ്ദേഹം ആദ്യം രചിച്ച കൃതി. അതില്‍ മരണപര്‍വ്വം, വിധിപര്‍വ്വം, നരകപര്‍വ്വം, മോക്ഷപര്‍വ്വം എന്നിങ്ങനെ നാലു ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു. മരണപര്‍വ്വം മജ്ഞരിയിലും, വിധിപര്‍വ്വം കളകാഞ്ചിയിലും ഒടുവിലത്തെ രണ്ടു പര്‍വ്വങ്ങള്‍ കേകയിലുമാണ് നിബന്ധിച്ചിരിക്കുന്നത്. മഹാഭാരതത്തെ അനുകരിച്ചാണ് കവി പര്‍വ്വം എന്ന സംജ്ഞ നല്കിയത്.അര്‍ണോസ് പാതിരിയുടെ കൃതികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിച്ചതും ക്രൈസ്തവകുടുംബങ്ങളില്‍ നിത്യപാരായണത്തിന് ഉപയോഗിച്ചിരുന്നതും പുത്തന്‍പാനയാണ്. പാന എന്ന പേര്‍കൊണ്ടു പുത്തന്‍പാനയില്‍ ദ്രുതകാകളി അഥവാ സര്‍പ്പണീവൃത്തമാണ് കവി കൈക്കൊണ്ടിരിക്കുന്നതെന്നു സ്പഷ്ടം. പൂന്താനത്തിന്‍റെ ജ്ഞാനപ്പാന കവിക്ക് ഇവിടെ പ്രേരണ നല്കിയിട്ടുണ്ടാവണം.
പതിനാലുപാദങ്ങളുള്‍ക്കൊള്ളുന്ന പുത്തന്‍പാനയുടെ പന്ത്രണ്ടാംപാദം നതോന്നത എന്ന വഞ്ചിപ്പാട്ടു വൃത്തത്തിലാണെഴുതിയിരിക്കുന്നത്.'അമ്മകന്നി മണിതന്‍റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍ നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും'എന്നാരംഭിക്കുന്ന പന്ത്രണ്ടാംപാദം ക്രൈസ്തവകുടുംബങ്ങളില്‍ ഇന്നും ഉപയോഗത്തിലിരിക്കുന്നു എന്നത് പ്രസ്തുത കൃതിയുടെ കാവ്യാത്മകതയും ആത്മീയാനുഭൂതിയും വെളിപ്പെടുത്തുന്നു.ചേകോട്ടാശാന്‍ എന്നറിയപ്പെടുന്ന ഇടിക്കുള, ബൈബിള്‍കഥ ആസ്പദമാക്കി കാവ്യരചന നിര്‍വ്വഹിച്ച കേരളീയക്രൈസ്തവരില്‍ പ്രമുഖനാണ്. പഴയനിയമത്തിലെ ജോസഫിന്‍റെ കഥ ഇതിവൃത്തമാക്കി രചിച്ച 'ഇസ്രായേല്‍ ഉദ്ഭവം അഥവാ ജോസഫ്ചരിത്രം' തുള്ളല്‍ ആശാന്‍റെ പ്രധാനകൃതിയാണ്. മലബാറുകാരനായ ചെറുശ്ശേരി ചാത്തുനായര്‍ എന്നൊരു കവി ക്രിസ്തുമതം സ്വീകരിച്ച് ജോസഫ് ഫെന്‍ എന്ന പേരില്‍ കോട്ടയത്തെത്തി ബൈബിള്‍ പരിഭാഷയില്‍ റവ. ബെയ്ലിയെ സഹായിക്കുകയുണ്ടായി. ദ്രാവിഡവൃത്തത്തിലെഴുതിയ 'അജ്ഞാനകുഠാരം' എന്ന കാവ്യമാണ് അദ്ദേഹത്തിന്‍റെ മുഖ്യകൃതി. ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കഠിനമായി വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തിരിക്കുകയാണതില്‍. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ ശക്തമായി അപലപിക്കുന്ന അജ്ഞാനകുഠാരം പ്രബോധനപരമായ കൃതിയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചാക്കോമാപ്പിളയുടെ പ്രധാനകൃതികളാണ് മാര്‍ അല്ലേശുപാന, അല്ലേശുനാടകം എന്നിവ. ഭിന്നവൃത്തങ്ങളില്‍ വിരചിതമായ പ്രസ്തുത കൃതികളിലെ വര്‍ണ്ണനകള്‍ അതിമനോഹരമാണ്.ഗദ്യപദ്യസാഹിത്യരംഗത്ത് വിസ്മയം സൃഷ്ടിച്ച പ്രമുഖകര്‍മ്മലീത്താസന്ന്യാസി ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ പദ്യകൃതികളില്‍ പ്രധാനം 'ആത്മാനുതാപം' ആണ്.
1871-ല്‍ കൂനമ്മാവ് അച്ചുകൂടത്തില്‍ അച്ചടിച്ചതാണ് പ്രസ്തുത കൃതി. പാപിയായ ഒരു മനുഷ്യന്‍റെ പശ്ചാത്താപം വിവരിച്ചിരിക്കുന്ന ആത്മനിഷ്ഠമായ ഒരു കൃതിയാണിത്. മരണപര്‍വ്വം തുടങ്ങി ഇതര പദ്യകൃതികളും ചാവറയച്ചന്‍റേതായുണ്ട്. കോട്ടയത്തുകാരന്‍ ചാണ്ടിമാപ്പിളയുടെ 'അമ്മയായ രാജകന്നി' എന്ന കീര്‍ത്തനവും കോട്ടയം സ്വദേശിതന്നെയായ കൊന്നയില്‍ കൊച്ചുകുഞ്ഞുറൈട്ടറുടെ 'ക്രൈസ്തവവേദചരിതം മുപ്പത്തിനാലു വൃത്തം' എന്ന മണിപ്രവാളകൃതിയും കാവ്യലോകത്ത് ശോഭ കെടാതെ നിലകൊള്ളുന്നു. വിസ്മയസ്വയംബരം, സ്കറിയാസുതോദന്തം, ഓടനൃത്തം, പാസവൃത്തം, ഉദയകീര്‍ത്തനം തുടങ്ങിയ കൃതികളുടെ കര്‍ത്താവായ തകടിയേല്‍ മാത്തന്‍ ഇട്ടിയവിരായും ഒരു കോട്ടയംകാരന്‍ തന്നെ. ജനപ്രീതി നേടിയ ഒട്ടേറെ കാവ്യങ്ങളും കവിശ്രേഷ്ഠരും മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠരായിരിക്കുന്നു എന്നത് അഭിമാനത്തിനു വകനല്കുന്നു. ഈ ലേഖനത്തിന്‍റെ സ്ഥലപരിമിതി പരിഗണിച്ചും ക്രൈസ്തവകാവ്യപ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റൊരു ലേഖനത്തിന്‍റെ പ്രൗഢാവതരണം വിലമതിച്ചും മിഷനറിപദ്യസാഹിത്യവിചാരത്തിന് വിരാമമിടുന്നു.
ഭാഷാവിജ്ഞാനീയം
മതപ്രചാരണാര്‍ത്ഥം ഇന്ത്യയിലെത്തിയ വിദേശമിഷനറിമാര്‍ ആശയസംവേദനത്തിന് നാട്ടുഭാഷ പഠിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഒരു വിദേശിക്കു നാട്ടുഭാഷ പഠിക്കുന്നതിന് അതിന്‍റെ വ്യാകരണനിയങ്ങള്‍ മനസ്സിലാക്കാതെ സാധ്യമല്ല. പരിഭാഷകളുടെ നിര്‍വ്വഹണത്തിനും ഭാഷാശാസ്ത്രപരിജ്ഞാനം കൂടിയേ തീരു. ഈ സ്ഥിതിയിലാണ് മലയാളഭാഷയ്ക്ക് വ്യാകരണഗ്രന്ഥങ്ങള്‍ രചിക്കാനും നിഘണ്ടുക്കള്‍ നിര്‍മ്മിക്കാനും മിഷനറിസമൂഹം മുന്നിട്ടിറങ്ങിയത്.
1. വ്യാകരണങ്ങള്‍
വ്യാകരണസംബന്ധിയായ മിഷനറിസംഭാവനകളെക്കുറിച്ച് ടി.എം. ചുമ്മാര്‍ പറയുന്നതിപ്രകാരമാണ്: "വിദേശമിഷനറിമാരുടെ വരവോടുകൂടി മാത്രമാണ് മലയാളഭാഷയ്ക്ക് പ്രയോജനപ്രദമായ ശാസ്ത്രഗ്രന്ഥങ്ങളുണ്ടായിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം അനുസ്മരിച്ചേ മതിയാകൂ. അവരുടെ പ്രവേശനത്തിനുമുമ്പ് വരെ ഭാഷയുടെ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമായ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളില്‍ ഗണ്യമായൊന്നുംതന്നെ മലയാളഭാഷയില്‍ ഉണ്ടായിരുന്നില്ല." [6]
മിഷനറിവ്യാകരണങ്ങളും നിഘണ്ടുക്കളും ഭാഷാപഠനങ്ങളില്‍ നിര്‍ണ്ണായകപങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രൊഫ. സി.എല്‍. ആന്‍റണിയും പറയുന്നു: "നമ്മുടെ ഗദ്യസാഹിത്യത്തിന്‍റെ വളര്‍ച്ചയ്ക്ക് അടിക്കല്ലിട്ട മഹാഗ്രന്ഥങ്ങളാണ് പ്രസ്തുത വ്യാകരണങ്ങളും നിഘണ്ടുകളും." [7]വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ആഞ്ചലോ ഫ്രാന്‍സിസും അര്‍ണോസ് പാതിരിയുമാണ് പില്ക്കാലത്ത് യൂറോപ്യന്‍ മിഷനറിമാര്‍ക്ക് വ്യാകരണരചനയില്‍ വഴികാട്ടികളായിത്തീര്‍ന്നത്. ഇറ്റലിക്കാരനായ കര്‍മ്മലീത്താമിഷനറി ഡോ. ആഞ്ചലോ ഫ്രാന്‍സിസ് മെത്രാപ്പോലീത്ത (1650-1712) ആണ് മലയാളത്തില്‍ രചിച്ച ആദ്യവ്യാകരണഗ്രന്ഥത്തിന്‍റെ കര്‍ത്താവ്. സാധാരണക്കാരന്‍റെ വ്യവഹാരഭാഷ-നീചഭാഷ-യായ തമിഴ് കലര്‍ന്ന മലയാളത്തിലാണ് അദ്ദേഹം വ്യാകരണഗ്രന്ഥം ചമച്ചത്. 'ഗ്രമാത്തിക്കോ ലീംഗ്വേ വുള്‍ഗാരിസ് മലബാറിച്ചേ' എന്ന പ്രഥമവ്യാകരണഗ്രന്ഥവും 'ഗ്രമാത്തിക്കോ മലബാറിക്കോ ലത്തീനോ' എന്ന ദ്വിതീയവ്യാകരണഗ്രന്ഥവും 1700-നും 1712-നുമിടയില്‍ രചിച്ചതാകാം എന്നു കരുതപ്പെടുന്നു.'ഗ്രമാത്തിക്കാ മലബാറിക്കാ പോർച്ചുഗീസ് ' എന്നപേരില്‍ ഇറ്റലിക്കാരനായ ബിഷപ്പ് ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ് (1673-1750) പോർച്ചുഗീസ് ഭാഷയിലെഴുതിയ മലയാളം-ലത്തീന്‍ വ്യാകരണമാണ് മറ്റൊന്ന്. ക്രിസ്തുമതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ ഇറ്റലിക്കാരനായ കര്‍മ്മലീത്താമിഷനറിയാണ് ഫാ. സ്റ്റീഫന്‍ ഓഫ് സെന്‍റ് പീറ്റര്‍ ആന്‍റ് പോള്‍ (1692-1767). സ്റ്റീഫന്‍ പാതിരിയുടെ രണ്ടു വ്യാകരണഗ്രന്ഥങ്ങളാണ് നമുക്കു ലഭിച്ചിരിക്കുന്നത്. 'പ്രിമാ ലീംഗ്വേ മലബാറിക്കോ ഗ്രന്ഥോണിച്ചേ എലമേന്താ' എന്നാണ് ആദ്യഗ്രന്ഥത്തിന്‍റെ പേര്.
വ്യാകരണപാഠങ്ങള്‍ മാത്രമല്ല, കത്തോലിക്കാസഭയുടെ വിശ്വാസവും ധര്‍മ്മശാസനങ്ങളും വ്യക്തമാക്കുന്ന ധാരാളം കാര്യങ്ങള്‍ ചോദ്യാത്തരരൂപേണ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഉദാഹരണത്തിന് 'അന്യൊന്യ സല്ലാപം' എന്ന ഭാഗം ഇവിടെ ചേര്‍ക്കാം.ചൊദിയന്‍ - എത്ര തമ്പുരാന ഉള്ളതൊ? (എത്ര തമ്പുരാനാ ഉള്ളത്?)ഉത്തരിയന്‍ - ഒരു തമ്പുരാന്‍ അത്രെ, മൂന്ന പെരു (ഒരു തമ്പുരാന്‍, മൂന്നുപേര്‍)ചൊദിയന്‍ - ഏതെല്ലാം?ഉത്തരിയന്‍ - വാവായും പുത്രെനും റൂഹാദക്കൂദാഡായും മൂന്ന പെരു ഒരുവെന്‍ തമ്പുരാന്‍8മുന്‍ഗാമികളായ ഡോ. ആഞ്ചലോ ഫ്രാന്‍സിസ്, ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ് എന്നിവര്‍ അടിസ്ഥാനവ്യാകരണപാഠം വിഭക്തിരൂപങ്ങളിലാണ് പ്രാരംഭമിട്ടതെങ്കില്‍, അതില്‍നിന്നും തികച്ചും വ്യത്യസ്തമായി ഫാ. സ്റ്റീഫന്‍ ദ്രാവിഡഭാഷാപഠനരീതിയായ അക്ഷരമാലയെ ആശ്രയിച്ചു എന്നുള്ളതാണ് ഈ ഗ്രന്ഥത്തെ സംബന്ധിച്ചുള്ള ശ്രദ്ധേയമായ ഒരു കാര്യം.ഫാ. സ്റ്റീഫന്‍റെ ദ്വിതീയ വ്യാകരണഗ്രന്ഥമാണ് 'ലീംഗ്വേ മലബാറിച്ചേ റൂദിമെന്താ.' ലത്തീന്‍ഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം മലയാളഭാഷയുടെ അടിസ്ഥാനവ്യാകരണപാഠങ്ങളാണു ചര്‍ച്ച ചെയ്യുന്നത്.1733-ല്‍ മാഹിയില്‍ എത്തുകയും പിന്നീട് വരാപ്പുഴയില്‍ മിഷന്‍പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്ത ഫാ. ജെമനിയാനി ഓഫ് സെന്‍റ് ഓക്ടാവിയ (1702-1763) രചിച്ച 'റൂദിമെന്താ ലീംഗ്വേ മലബാറിക്കോ സമോസ്കാര്‍ദമീച്ചെ'യാണു ശ്രദ്ധേയമായ മറ്റൊരു വ്യാകരണഗ്രന്ഥം. പോർച്ചുഗീസ് ഭാഷയിൽ 103 പുറത്തില്‍ എഴുതിയിട്ടുള്ള പ്രസ്തുത ഗ്രന്ഥം വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.ഈശോസഭാംഗമായ അര്‍ണോസ് പാതിരി(1681-1732)യുടെ 'ആര്‍ത്തേ മലബാര്‍' ഉച്ചഭാഷയില്‍ വിരചിതമായ വ്യാകരണഗ്രന്ഥമാണ്. [58] പുറമുള്ള ഈ ഗ്രന്ഥം പോര്‍ട്ടുഗീസ് ഭാഷയിലാണ് എഴുതപ്പെട്ടത്. സാഹിത്യഭാഷയുടെ സ്പര്‍ശം ഈ ഗ്രന്ഥത്തെ ഇതരവ്യാകരണഗ്രന്ഥങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. പുത്തന്‍പാന, ചതുരന്ത്യം തുടങ്ങി ധാരാളം മനോഹരകാവ്യങ്ങളെഴുതി ബഹുജനശ്രദ്ധ പിടിച്ചുപറ്റിയ അര്‍ണോസ് പാതിരിക്ക്, പക്ഷേ വ്യാകരണഗ്രന്ഥങ്ങളുടെ നിര്‍മ്മിതിയില്‍ സംസ്കൃതപദബാഹുല്യം നിമിത്തം ജനസാമാന്യപിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ പ്രേഷിതവേലയ്ക്കെത്തിയ ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്‍റു പാതിരി ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടി(1814-1893)നെ അമരനാക്കിയത് 'മലയാളഭാഷാവ്യാകരണം' എന്ന ഭാഷാശാസ്ത്രഗ്രന്ഥമാണ്.
ഉച്ചനീചഭാഷാഭേദങ്ങള്‍ സങ്കലനംചെയ്തു സംഭാഷണഭാഷ(വാമൊഴി)യെയും സാഹിത്യഭാഷ(വരമൊഴി)യെയും അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ശാസ്ത്രീയവ്യാകരണഗ്രന്ഥമാണിത്. "വ്യാകരണമണ്ഡലത്തില്‍ മലയാളഭാഷ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മികച്ച ഗ്രന്ഥമാണ് ഗുണ്ടര്‍ട്ടുവ്യാകരണം."91863-ല്‍ പ്രസിദ്ധീകരിച്ച 'മലയാണ്മയുടെ വ്യാകരണ'മാണ് റവ. ജോര്‍ജ്ജ് മാത്തനെ (1819-1870) ഭാഷാസാഹിത്യമണ്ഡലത്തില്‍ ശ്രദ്ധേയനക്കിയത്. ഭാഷാശാസ്ത്രപണ്ഡിതനായ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍റെ ആമുഖപഠനത്തോടെ ഗ്രന്ഥത്തിന്‍റെ മൂന്നാംപതിപ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2000 മാര്‍ച്ചില്‍ പുറത്തിറക്കിയതുവഴി ഗ്രന്ഥവൈശിഷ്ട്യം ആധുനികവൈയാകരണന്മാര്‍ക്കിടയില്‍ പുത്തന്‍ നിരീക്ഷണങ്ങള്‍ക്കു കാരണമായി. ഡോ. സ്കറിയ സക്കറിയ രേഖപ്പെടുത്തുന്നു: "മലയാളഭാഷയിലുണ്ടായ ആദ്യത്തെ സമ്പൂര്‍ണ്ണ മലയാളവ്യാകരണം എന്ന ബഹുമതി മലയാണ്‍മയുടെ വ്യാകരണത്തിനുണ്ട്. വ്യാകരണസങ്കല്പങ്ങളെക്കുറിച്ച് റവറന്‍റ് നടത്തുന്ന ചര്‍ച്ചകള്‍ ഇന്നും സജീവപരിഗണന അര്‍ഹിക്കുന്നു. ഡോ. കെ.എന്‍.എഴുത്തച്ചന്‍ അഭിപ്രായപ്പെടുന്നതുപോലെ, ജന്മനാ ഭാഷാശാസ്ത്രജ്ഞനായിരുന്നു ജോര്‍ജ്ജ് മാത്തന്‍. മൗലികതയാണ് അദ്ദേഹത്തിന്‍റ മുഖമുദ്ര." [10]
2. നിഘണ്ടുക്കള്‍
വ്യാകരണോദ്യമത്തിനെന്നപോലെ നിഘണ്ടുനിര്‍മ്മാണത്തിനും പ്രാരംഭമിടുകയെന്ന മഹാനിയോഗം മലയാളക്കരയില്‍ നിര്‍വ്വഹിച്ചതു ക്രൈസ്തവമിഷനറിമാരാണ് എന്നതു ചരിത്രവസ്തുത. മിഷനറിമാരുടെ ബഹുഭാഷാജ്ഞാനവും നൈസര്‍ഗ്ഗികവാസനാബലവും സുവിശേഷപ്രചാരണമെന്ന മൗലികപ്രചോദനവും കൈരളിക്കനുഗ്രഹമായിത്തീര്‍ന്നു.
2.1 വരാപ്പുഴ നിഘണ്ടുക്കള്‍
മലയാളത്തിലെ പ്രഥമവ്യാകരണമെഴുതിയ ബിഷപ് ഡോ. ആഞ്ചലോ ഫ്രാന്‍സിസ് തന്നെയാണ് ആദ്യത്തെ നിഘണ്ടുകര്‍ത്താവും. രണ്ടാമത്തെ വൈയാകരണനായ അര്‍ണോസ് പാതിരി രണ്ടാമത്തെ നിഘണ്ടുകാരനായും അറിയപ്പെടുന്നു. ബിഷപ്പ് ജോണ്‍ ബാപ്റ്റിസ്റ്റും സ്റ്റീഫന്‍ പാതിരിയും പിന്നീടുള്ള ശബ്ദകോശങ്ങളുടെ രചയിതാക്കളാണ്. ലത്തീന്‍-മലയാള-സംസ്കൃതനിഘണ്ടു പൗലീനോസ് പാതിരിയുടേതായി ഉണ്ടെങ്കിലും അതു പൂര്‍ണ്ണമല്ല. മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥമായ സംക്ഷേപവേദാര്‍ത്ഥത്തിന്‍റെ കര്‍ത്താവ് ക്ലമന്‍റ് പിയാനിയൂസ് പാതിരിയുടെ ഒരു നിഘണ്ടുവുമുണ്ട്. 1860-നു ശേഷം വരാപ്പുഴയില്‍നിന്ന് രണ്ടു നിഘണ്ടുക്കള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചതായിക്കാണുന്നു. വിദേശികള്‍ക്കു മലയാളവും സ്വദേശിസെമിനാരിവിദ്യാര്‍ത്ഥികള്‍ക്കു ലത്തീനും മറ്റു വിദ്യാലയങ്ങളിലെ ആംഗലേയഭാഷാവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷും പഠിക്കാന്‍ സഹായകമാകും വിധം തയ്യാറാക്കിയ ത്രിഭാഷാനിഘണ്ടു വരാപ്പുഴമിഷനറിമാരുടെ സംഭാവനയില്‍ സുപ്രധാനം തന്നെ.വരാപ്പുഴസെമിനാരിയില്‍ സൂക്ഷിച്ചിരുന്ന V1, V2എന്നീ രണ്ടു നിഘണ്ടുക്കള്‍ തന്‍റെ ഗ്രന്ഥനിര്‍മ്മിതിയില്‍ പ്രയോജനപ്പെട്ടതായി നിഘണ്ടുവിന്‍റെ ഇംഗ്ലീഷ്മുഖവുരയില്‍ ഗുണ്ടര്‍ട്ട് പറയുന്നുണ്ട്. V1 മലയാളം-പോര്‍ട്ടുഗീസ് നിഘണ്ടുവും, V2 പോര്‍ട്ടൂഗീസ്-മലയാളം നിഘണ്ടുവുമാണ്. ആദ്യത്തേത് മൂന്ന് വാല്യമായി 890 പുറവും രണ്ടാമത്തേത് ആകെ 290 പുറവും ഉള്‍ക്കൊള്ളുന്നതാണ്. ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ സ്കറിയ സക്കറിയ നടത്തിയ ഗവേഷണത്തിലൂടെ ഈ നിഘണ്ടുക്കളെപ്പറ്റി ഡി.സി.ബുക്സ് 1991-ല്‍ പ്രസിദ്ധീകരിച്ച ശബ്ദതാരാവലി സമ്പൂര്‍ണ്ണമലയാളനിഘണ്ടുവിന്‍റെ അവതാരികയില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായരും ഇതു പ്രസ്താവിക്കുന്നുണ്ട്.
2.2. കോട്ടയം നിഘണ്ടുക്കള്‍
19-ാം നൂറ്റാണ്ടിന്‍റെ ആദിയില്‍ കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്ന സി.എം.എസ്. മിഷനറിമാരാണ് മലയാളനിഘണ്ടുനിര്‍മ്മാണപ്രക്രിയയിലെ അടുത്ത രചയിതാക്കള്‍. വരാപ്പുഴനിഘണ്ടുക്കളെക്കാള്‍ ശാസ്ത്രീയതയും സമ്പൂര്‍ണ്ണതയും കോട്ടയം നിഘണ്ടുക്കള്‍ക്കുണ്ടെന്നു പറയാം. 1817-ല്‍ മിഷനറിപ്രവര്‍ത്തനാര്‍ത്ഥം കോട്ടയത്തെത്തിയ ഡോ. ബെഞ്ചമിന്‍ ബെയ്ലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു (1846)വും, ഇംഗ്ലീഷ്-മലയാളം നിഘണ്ടു(1848-49)വുമാണ് രണ്ടു വിശിഷ്ടനിഘണ്ടുക്കള്‍. രണ്ടും സി.എം.എസ്. പ്രസ്സില്‍നിന്നും പ്രസിദ്ധീകരിച്ചവയാണ്. ഇവയില്‍ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്‍റെ പ്രതികള്‍ ഇന്നു കിട്ടാനില്ല. സംസ്കൃതബഹുലമായ ആഢ്യഭാഷയില്‍ നിര്‍മ്മിച്ച മലയാളം-ഇംഗ്ലീഷ് നിഘണ്ടു വിദേശികള്‍ക്ക് മലയാളഭാഷാപരിജ്ഞാനം ലക്ഷ്യംവച്ചുള്ളതാണെന്ന് ബെയ്ലി അഭിപ്രായപ്പെട്ടു.
852 പുറത്തില്‍ 40,000ത്തോളം പദസഞ്ചയമാണ് ഇതിലുള്ളത്. കോട്ടയത്തുതന്നെ അച്ചടിശാല സ്ഥാപിച്ച് ബൈബിള്‍ പരിഭാഷ അച്ചടിക്കണം എന്ന ഉദ്ദേശത്തോടെ ഇംഗ്ലണ്ടില്‍ നിന്ന് അച്ചടിയന്ത്രവും മറ്റു സാമഗ്രികളും വരുത്തി, മലയാളലിപിയുടെ കോലന്‍വടിവു മാറ്റി ഇന്നുള്ള ഉരുളന്‍ അക്ഷരവടിവു നല്കിയത് ബെയ്ലിയാണ്. നിഘണ്ടുനിര്‍മ്മാണത്തിനും അച്ചടിക്കുംവേണ്ടി പ്രോത്സാഹനവും ധനസഹായവും നല്കിയ സ്വാതിതിരുനാള്‍ മഹാരാജാവിനാണ് അദ്ദേഹം നിഘണ്ടു സമര്‍പ്പിച്ചിരിക്കുന്നത്.
2.3 മലബാര്‍ നിഘണ്ടുക്കള്‍
തികച്ചും ശാസ്ത്രീയമായ രീതിയില്‍ മലയാളനിഘണ്ടുനിര്‍മ്മാണം നടത്തിയ ജര്‍മ്മന്‍ പണ്ഡിതശ്രേഷ്ഠനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു (1872) മലബാര്‍ നിഘണ്ടുക്കളുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. ദക്ഷിണഭാരതത്തില്‍ ക്രിസ്തുമതപ്രചാരകനായി എത്തിച്ചേര്‍ന്ന അദ്ദേഹം തലശ്ശേരി, ചിറയ്ക്കല്‍ എന്നീ പ്രദേശങ്ങളിലാണ് ദീര്‍ഘകാലം ജീവിച്ചത്. സ്വദേശിക്കും വിദേശിക്കും ഒരുപോലെ ഉപകരിക്കുംവിധം അത്യന്തം ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് ഗുണ്ടര്‍ട്ട്നിഘണ്ടു. മലയാളം സംസ്കൃതത്തിന്‍റെ വകഭേദമല്ലെന്നും ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഭാഷയാണെന്നുമുള്ള വീക്ഷണം നിഘണ്ടുവില്‍നിന്നു ലഭ്യമാണ്. അതുകൊണ്ടുതന്നെ, മുന്‍നിഘണ്ടുക്കളെ അപേക്ഷിച്ച് സംസ്കൃതപദങ്ങളുടെ ബാഹുല്യം ഇതില്‍ കാണാനില്ല.
മിഷനറിവിദ്യാഭ്യാസവും വികസനവും
ഭാരതമണ്ണില്‍, പ്രത്യേകിച്ചും കേരളത്തില്‍ ആധുനികവിദ്യാഭ്യാസത്തിന് അടിത്തറപാകിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ പാശ്ചാത്യമിഷനറിമാരാണ്. ഇംഗ്ലീഷുഭാഷയുമായുള്ള അടുത്ത സമ്പര്‍ക്കവും ആ ഭാഷ പ്രദാനം ചെയ്ത വിദ്യാപ്രചരണവുമാണ് വിദ്യാഭ്യാസവും സംസ്കാരവും ഇവിടെ ശക്തിപ്പെടാന്‍ കാരണമായത്. ഇംഗ്ലീഷുവിദ്യാഭ്യാസത്തോടൊപ്പം പ്രാദേശികഭാഷാവികാസത്തിനും മിഷനറിമാര്‍ നേതൃത്വം കൊടുത്തു എന്നത് കൈരളിയെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കമായ വസ്തുതയാണ്. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷുവിദ്യാലയം ആരംഭിച്ചത് വില്യം തോബയസ് റിങ്കിള്‍ടോബ് എന്ന ജര്‍മ്മന്‍മിഷനറിയാണ്. 1806 മുതല്‍ 1816 വരെ അദ്ദേഹമിവിടെ സുവിശേഷം പഠിപ്പിക്കുകയും ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ചെയ്തു. അന്നത്തെ തിരുവിതാംകൂര്‍-കൊച്ചി ദിവാനും റസിഡന്‍റുമായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയുടെ അകമഴിഞ്ഞ സഹായവും പിന്തുണയും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. യാഥാസ്ഥിതികമനസ്ഥിതികള്‍ കെട്ടടങ്ങുകയും പുതിയ വിദ്യാഭ്യാസപദ്ധതിയോട് നാട്ടുകാര്‍ സഹകരിക്കുകയും ചെയ്തതു വഴി അനേകം സ്കൂളുകള്‍ സ്ഥാപിക്കാനും ക്രൈസ്തവരും അക്രൈസ്തവരുമായ കുട്ടികള്‍ക്കു വിദ്യ പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.തിരുവിതാംകൂറിലെ വിദ്യാഭ്യാസചരിത്രത്തിലെ തിളക്കമേറിയ മറ്റൊരു പേര് റവ. ചാള്‍സ് മീഡിന്‍റേതാണ്. 1817-ല്‍ തിരുവിതാംകൂറിലെത്തിയതുമുതല്‍ മരണംവരെ അദ്ദേഹം തന്‍റെ ഹൃദയവും ആത്മാവും വിദ്യാഭ്യാസപ്രവര്ത്തനങ്ങള്ക്
അദ്ധ്യാപകരുടെ ശമ്പളവും മിഷനറിമാര്‍ തന്നെയാണ് വഹിച്ചിരുന്നത്. പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ ധനസഹായവും ഭൂമിയും അവര്‍ക്കു ലഭിക്കുകയുണ്ടായി.വൈദികരുടെ വിദ്യാഭ്യാസരീതിയില്‍ത്തന്നെ ഈ നൂറ്റാണ്ടില്‍ വലിയ മാറ്റമുണ്ടായി. വൈദികശിക്ഷണത്തിനു മല്പാന്‍ പഠനഗൃഹങ്ങള്‍ മതിയാകയില്ലെന്ന് ബോധ്യമായതിനാല്‍ വരാപ്പുഴ (പുത്തന്‍പള്ളി)യില്‍ ഒരു കേന്ദ്രസെമിനാരി സ്ഥാപിക്കുകയും, ബഹുഭാഷാപണ്ഡിതനും അമ്പതോളം മലയാളഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ കര്‍മ്മലീത്താമിഷനറി ഡോ. മര്‍സലീനോസ് (പിന്നീട്, വരാപ്പുഴ മെത്രാന്‍) അവിടെ റെക്ടറായി നിയമിതനാവുകയും ചെയ്തു. പുത്തന്‍പള്ളി സെമിനാരി റെക്ടര്‍സ്ഥാനത്ത് അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായിരുന്നവരും മഹാപണ്ഡിതന്മാരും ഭാഷാസേവനകുതുകികളുമായിരുന്നു. പ്രശസ്തമായ ഈ പുത്തന്‍പള്ളിസെമിനാരിയാണ് 1932-ല്‍ ആലുവയില്‍ മംഗലപ്പുഴ എന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചത്. കര്മ്മലീത്താസന്
മുദ്രണാലയങ്ങളും പ്രസിദ്ധീകരണങ്ങളും
1821-ല്‍ റവ. ബഞ്ചമിന്‍ ബെയ്ലി കോട്ടയത്ത് സി.എം.എസ്. പ്രസ്സ് സ്ഥാപിക്കുകയും 1829-ല്‍ അദ്ദേഹത്തിന്‍റെ പുതിയനിയമപരിഭാഷ അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു. അക്കാലത്ത തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിന് ആവശ്യമായ പുസ്തകങ്ങളെല്ലാം സി.എം.എസ്. പ്രസ്സിലാണ് അച്ചടിച്ചത്. വേദപുസ്തകം മാത്രമല്ല, സംസ്കൃതത്തിലും മലയാളത്തിലുമുള്ള അക്കാലത്തെ മിക്ക സാഹിത്യകൃതികളും അച്ചടിച്ചത് ബെയ്ലിയുടെ പ്രസ്സില്‍ത്തന്നെയാണ്. 1848-ല്‍ ഈ പ്രസ്സില്‍ നിന്ന് ജ്ഞാനനിക്ഷേപം എന്ന പത്രം പ്രസിദ്ധീകരിച്ചുതുടങ്ങി. ബെയ്ലിയുടെ വേദപുസ്തകപരിഭാഷയും നിഘണ്ടുവും ജോര്‍ജ്ജ് മാത്തന്‍റെ മലയാണ്മയുടെ വ്യാകരണവും സത്യവാദഖേടവും, ആദ്യമലയാളനോവലായ ആര്‍ച്ചുഡീക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചുവും സി.എം.എസ്. പ്രസ്സിലാണ് അച്ചടിച്ചത്. കൈരളിയെ സ്നേഹിച്ച ബഞ്ചമിന്‍ ബെയ്ലി എന്ന ആംഗ്ലിക്കന്‍ മിഷനറി 1821-ല്‍ പണിതീര്‍ത്ത അച്ചടിയന്ത്രം ഇന്നും കോട്ടയത്തെ സി.എം.എസ് പ്രസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്.1844-ല്‍ കത്തോലിക്കാമതഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ മാന്നാനം സെന്‍റ് ജോസഫ്സ് പ്രസ്സ് സ്ഥാപിച്ചു. മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ അച്ചടിയന്ത്രമായ മരപ്രസ്സ് ഇന്നും മാന്നാനം ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്നു. നസ്രാണിദീപിക, കര്‍മ്മലകുസുമം എന്നീ പത്രമാസികകളും ഒട്ടേറെ ജപപ്പുസ്തകങ്ങളും ഈ പ്രസ്സില്‍ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. നസ്രാണിദീപിക 1927-ല്‍ ദിനപത്രമായി മാറുകയും 1939 മുതല്‍ പ്രസിദ്ധീകരണം കോട്ടയത്താകുകയും ചെയ്തു. സുപ്രസിദ്ധ സാഹിത്യപ്രണയിയും 'അലങ്കാരശാസ്ത്ര'കര്‍ത്താവുമായ ഫാ. ജരാര്‍ദ്ദ് മാനേജരും നിധീരിക്കല്‍ മാണിക്കത്തനാര്‍ പ്രധാനപത്രാധിപരുമായി തുടങ്ങിയ നസ്രാണിദീപിക, ദീപിക എന്നപേരില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഉത്തരകേരളത്തില്‍ ഇല്ലിക്കുന്ന് എന്ന സ്ഥലത്തു താമസിക്കവേ, 1846-ല്‍ ഒരു കല്ലച്ച് സ്ഥാപിക്കുകയും മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രങ്ങളായി 'രാജ്യസമാചാരവും' (1847 ജൂണ്‍) 'പശ്ചിമോദയവും' (1847 ഒക്ടോബര്‍) ആരംഭിക്കുകയും [12] ചെയ്തു.
മംഗലാപുരത്തെ പ്രസിദ്ധമായ ബാസല്‍ മിഷന്‍പ്രസ്സിന്‍റെ ഉദ്ഭവം ഇങ്ങനെയായിരിക്കാം.1876-ല്‍ കൂനമ്മാവില്‍ അമലോത്ഭവമാതാവിന്‍റെ പേരില്‍ ഒരു അച്ചുകൂടം സ്ഥാപിക്കുകയും ഇന്ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഐ.എസ്.എസ്. പ്രസ്സായി എറണാകുളത്ത് അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 1876-ല്‍ തുടങ്ങിയ സത്യനാദകാഹളം പത്രം സത്യനാദം എന്നപേരില്‍ കേരളടൈംസിന്‍റെ ഞായറാഴ്ചപ്പതിപ്പായി ഇന്നും പ്രസിദ്ധീകരിക്കുന്നു. പ്രതിഭാശാലിയായ കണ്ടത്തില്‍ വറുഗീസ് മാപ്പിള കോട്ടയത്തു നിന്നാരംഭിച്ച മലയാളമനോരമ പത്രവും ഭാഷാപോഷിണിസഭയും ഭാഷാപോഷിണി മാസികയും മലയാളസാഹിത്യപരിപോഷണത്തിന് വലിയ സംഭാവനകള്‍ നല്കിവരുന്ന കാര്യം നമുക്കവഗണിക്കാനാവില്ല.സ്പെയിനി
(നോബിൾ തോമസ് പാറക്കൽ എഡിറ്റ് ചെയ്ത കേരളസഭ: നാൾവഴികളും നാളെകളും എന്ന പുസ്തകത്തിൽനിന്നും)
കുറിപ്പുകള്‍
1. ഡോ. സാമുവല്‍ ചന്ദനപ്പള്ളി, 'മിഷനറിമലയാളഗദ്യമാതൃകകള്‍', എന്‍.ബി.എസ്., കോട്ടയം, 1984, പുറം 4-6.2. ഡോ. പി.ജെ. തോമസ്, 'മലയാളസാഹിത്യവും ക്രിസ്ത്യാനികളും', ഡി.സി.ബുക്സ്, കോട്ടയം, 1989, പീഠിക, പുറം 19.3. ഡോ. റോസി തമ്പി, 'ബൈബിളും മലയാളവും', ഡി.സി.ബുക്സ്, കോട്ടയം, 1996, പുറം 49.4. കെ.എസ്.പി. കര്‍ത്താവ്, 'ഒരു യാത്രയുടെ കഥ', കറന്‍റ് ബുക്സ്, തൃശൂര്‍, 1989, പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ആമുഖപഠനത്തില്‍നിന്ന്, പുറം 10.5. പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍, 'വര്‍ത്തമാനപ്പുസ്തകം', ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ഇന്ത്യ പബ്ലിക്കേഷന്‍സ്, കോട്ടയം, 1989, പ്രൊഫ. കെ.വി. ജോസഫിന്‍റെ അവതാരികയില്‍നിന്ന്, പുറം 9.6. ടി.എം.ചുമ്മാര്‍, 'ഭാഷാഗദ്യസാഹിത്യചരിത്രം', എന്‍.ബി.എസ്, കോട്ടയം, 1969, പുറം 385.7. പ്രൊഫ. സി.എല്‍. ആന്‍റണി, 'ഭാഷാപഠനങ്ങള്‍' (രണ്ടാംഭാഗം), സാഹിത്യഅക്കാദമി, 1981, പുറം 124.8. ഡോ. പ്രിമൂസ് പെരിഞ്ചേരി, 'മിഷണറിവ്യാകരണം', പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷന്‍സ്, ആലുവ, 2004, പുറം 276.9. പ്രൊഫ.സി.എല്‍. ആന്‍റണി, 'ഗുണ്ടര്‍ട്ടിന്‍റെ ഭാഷാവ്യാകരണം', ലേഖനം, 'ഗുണ്ടര്‍ട്ട് ഒരു പഠനം,' കൊച്ചി സര്‍വ്വകലാശാല, 1972.10. ഡോ. സ്കറിയ സക്കറിയ, 'ചര്‍ച്ചയും പൂരണവും,' ഡോ. പി.ജെ. തോമസിന്‍റെ മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന ഗ്രന്ഥത്തിനെഴുതിയ പഠനം, ഡി.സി.ബുക്സ്, കോട്ടയം, 1989, പുറം 377.11. കെ. പങ്കജാക്ഷന്‍നായര്‍, 'തിരുവിതാംകൂര്‍ചരിത്രം,' പുറം 132,133.12. എ.ശ്രീധരമേനോന്‍, 'കേരളചരിത്രം,' എസ്.വിശ്വനാഥന്‍ പ്രിന്‍റേഴ്സ് ആന്‍റ് പബ്ലിഷേഴ്സ്, മദ്രാസ്, 1997, പുറം 534.
Kerala Culture and Missionary Literature Missionary Literature Kerala Culture Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206