x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

ഇന്‍ക്വിസിഷന്‍

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

 

              

 

ത്യവിശ്വാസം സംരക്ഷിക്കുവാനായി പാഷണ്ഡികളെയും അബദ്ധപ്രബോധകരെയും തിരുത്തുക, ആവശ്യമെങ്കില്‍ വിചാരണചെയ്തു ശിക്ഷവിധിക്കുക എന്നീലക്ഷ്യങ്ങളോടെ സ്ഥാപിതമായ സഭാസംവിധാനമാണ് ഇന്‍ക്വിസിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 12-ാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച ആല്‍ബിജന്‍സിയന്‍ പാഷണ്ഡതയെ പ്രതിരോധിക്കുക എന്നതായിരുന്നു ഇന്‍ക്വിസിഷന്‍ സംവിധാനത്തിന്‍റെ പ്രഥമലക്ഷ്യം. മനിക്കേയന്‍ പാഷണ്ഡതയെ കൂട്ടുപിടിച്ചുകൊണ്ട് അവയിലെ പല ആശയങ്ങളും പുനരുദ്ധരിച്ചുകൊണ്ട് മരിച്ചവര്‍ക്ക് പുനര്‍ജന്മമുണ്ടെന്നു വാദിക്കുകയും ദൃശ്യസഭയുടെയും കൂദാശകളുടെയും പ്രസക്തി നിഷേധിക്കുകയും ചെയ്ത ആല്‍ബിജെന്‍സിയന്‍ പാഷണ്ഡത വിവാഹത്തെ പാപമായി പ്രഖ്യാപിച്ച് സമ്പൂര്‍ണ്ണവിരക്ത ജീവിതത്തിനുവേണ്ടി വാദിച്ചിരുന്നു. ഈ അബദ്ധപ്രബോധനത്തിന്‍റെ വ്യാപനം തടയുന്നതിനായി സഭയും രാഷ്ട്രങ്ങളും തമ്മില്‍ ഏര്‍പ്പെട്ട ഒരു ഉടമ്പടിയാണ് ഇന്‍ക്വിസിഷന്‍ സംവിധാനത്തിന്‍റെ ഉത്ഭവത്തിനു കാരണമായത്. ഉടമ്പടിപ്രകാരം പാഷണ്ഡികളെയും അബദ്ധപ്രബോധകരെയും സഭയുടെ ഇന്‍ക്വിസിഷന്‍ സംവിധാനത്തില്‍ വിചാരണചെയ്ത് ശിക്ഷവിധിക്കും. ശിക്ഷാര്‍ഹരായ കുറ്റവാളികളെ രാഷ്ട്രത്തിനു കൈമാറും. ശിക്ഷനടപ്പിലാക്കേണ്ട ഉത്തരവാദിത്വം രാഷ്ട്രത്തിനായിരിക്കും. 12-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും ഇറ്റലിയിലും ഫ്രാന്‍സിലും ഇന്‍ക്വിസിഷന്‍ നടപടികള്‍ വ്യാപകമാക്കുവാന്‍ മെത്രാന്‍ സമിതികള്‍ മുന്‍കൈ എടുത്തതിനു ചരിത്രരേഖകളുണ്ട്. ഇടവകവികാരിയും വിശ്വസ്തരായ ആത്മായരുടെ ഒരു സംഘവും അടങ്ങുന്ന സമിതിയാണ് പ്രാദേശികമായി ഇന്‍ക്വിസിഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇവര്‍ അബദ്ധപ്രബോധകരെ കണ്ടെത്തുകയും വിചാരണചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 1215 ലെ ലാറ്ററന്‍ കൗണ്‍സില്‍ ഇന്‍ക്വിസിഷന്‍ നടപടികളോടുസഹകരിച്ച് പാഷണ്ഡികളെ അമര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാത്ത രാഷ്ട്രീയ അധികാരികള്‍ക്ക് മഹറോന്‍ ശിക്ഷ പ്രഖ്യാപിച്ചതോടെ സഭാ നേതൃത്വവും രാഷ്ട്രീയ നേതൃത്വവും സംഘടിതമായി ഇന്‍ക്വിസിഷന്‍ നടപടികള്‍ ത്വരിതമാക്കി. ഫ്രഞ്ചുരാജാവായ ഫ്രഡറിക് രണ്ടാമന്‍റെ കാലത്ത് രാജ്യത്തെ സര്‍വ്വപാഷണ്ഡികളും ശിക്ഷക്കുവിധിക്കപ്പെട്ടതിന്‍റെ പശ്ചാത്തലം ഇതായിരുന്നു.

നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ച് പാഷണ്ഡതയില്‍ തുടരുന്നവര്‍ മരണശിക്ഷക്ക് അര്‍ഹരാണെന്ന് 1229 ല്‍ തുളൂസില്‍ ചേര്‍ന്ന കൗണ്‍സില്‍ പ്രഖ്യാപിച്ചു. പാഷണ്ഡികളെ ബോധപൂര്‍വ്വം സംരക്ഷിക്കുന്നവരുടെ വസ്തുവകകള്‍ കണ്ടുകെട്ടാനും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. പ്രാദേശിക മെത്രാനോ അദ്ദേഹം നിയമിക്കുന്ന വ്യക്തിയോ ആയിരുന്നു പ്രസ്തുത രൂപതയിലെ ഇന്‍ക്വിസിഷന്‍ നടപടികളുടെ അന്തിമഅധികാരി. മാനസാന്തരത്തിനു തയ്യാറാകുന്ന പാഷണ്ഡികള്‍ക്ക് കഠിനമായ പ്രായശ്ചിത്തങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. അവരുടെ വസ്ത്രങ്ങളില്‍ രണ്ടു കുരിശടയാളങ്ങള്‍ സദാദൃശ്യമാകത്തക്കവിധം പതിച്ചിരുന്നു. സാര്‍വ്വത്രികസഭാതലത്തില്‍ ഇന്‍ക്വിസിഷന്‍ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചത് 1231 ല്‍ ആണ്. രാജ്യദ്രോഹകുറ്റത്തിനു സമാനമായ കുറ്റം എന്നനിലയിലാണ് വിശ്വാസധ്വംസന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയിരുന്നത്. ഇന്‍ക്വിസിഷന്‍ നടപടികളുടെ ചുമതല ഡൊമിനിക്കന്‍ സന്യാസസമൂഹത്തെയാണ് ഗ്രിഗറി ഒന്‍പതാമന്‍ മാര്‍പാപ്പ (1227-1241) ഭാരമേല്‍പിച്ചത്. വേണ്ടത്ര വിദ്യാഭ്യാസമോ വിവേകമോ ഇല്ലാത്ത ചില ഡൊമിനിക്കന്‍ സന്യാസികള്‍ ഇന്‍ക്വിസിഷന്‍ നടപടികളിലൂടെ അനേകരെ പീഡിപ്പിച്ചു.

1252 ല്‍ ഇന്നസെന്‍റ് നാലാമന്‍ മാര്‍പാപ്പാ ഇന്‍ക്വിസിഷന്‍ നടപടികളുടെ വിചാരണയില്‍ മര്‍ദ്ദനമുറകള്‍ അനുവദിച്ചുകൊണ്ട് കല്‍പനപുറപ്പെടുവിച്ചു. തികച്ചും ദാരുണമായ ഈ നടപടി ഇന്‍ക്വിസിഷന്‍ നടപടികളെ കുപ്രസിദ്ധമാക്കി. സംശയത്തിന്‍റെപേരില്‍ അനേകര്‍ പീഡിപ്പിക്കപ്പെട്ടു. മന്ത്രവാദം, ദൈവദൂഷണം, ബാധയൊഴിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇന്‍ക്വിസിഷന്‍ നടപടികള്‍ക്കു വിധേയമാക്കിത്തുടങ്ങിയതോടെ അനേകം മന്ത്രവാദികളും ആഭിചാരക്കാരും നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ഇന്‍ക്വിസിഷന്‍ നടപടികള്‍ സകല അതിരുകളും ഭേദിച്ചു മുന്നേറുന്നു എന്നു മനസ്സിലാക്കിയ നിക്കോളാസ് മൂന്നാമന്‍പാപ്പ (1277-1280) ഇന്‍ക്വിസിഷന്‍ നടപടികളോടനുബന്ധിച്ചുളള മര്‍ദ്ദനമുറകള്‍ നിര്‍ത്തലാക്കി.  ജര്‍മ്മന്‍ രാജ്യങ്ങള്‍ ഇന്‍ക്വിസിഷന്‍ നടപടികളോട് ആരംഭംമുതലേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 1233 ല്‍ മാര്‍ബുര്‍ഗിലെ കോണ്‍റാഡ് എന്ന ഇന്‍ക്വിസിഷന്‍ ന്യായാധിപന്‍റെ ദാരുണമായ വധത്തോടെ ജര്‍മ്മനിയില്‍ ഇന്‍ക്വിസിഷന്‍ നടപടികള്‍ നിര്‍ജ്ജീവമായി. ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ലാറ്റിന്‍രാജ്യങ്ങളിലാണ് ഇന്‍ക്വിസിഷന്‍ പ്രധാനമായും നടപ്പിലായത്. 1184 മുതല്‍ 1260 കള്‍വരെ നിലനിന്നിരുന്ന ഇന്‍ക്വിസിഷന്‍ നടപടികള്‍ക്കുമാത്രമേ പ്രത്യക്ഷമായോ പരോക്ഷമായോ സഭാനേതൃത്വം മേല്‍നോട്ടം വഹിച്ചിരുന്നുളളൂ.

കുപ്രസിദ്ധമായ സ്പാനിഷ് ഇന്‍ക്വിസിഷന്‍ കോടതി സ്ഥാപിക്കപ്പെട്ടത് സ്പെയിനിലെ ആള്‍ഗോണിലെ ഫെര്‍ഡിനാന്‍റ് രണ്ടാമന്‍ രാജാവിന്‍റെ മേല്‍മോട്ടത്തില്‍ 1498 ല്‍ ആണ്. സ്പെയിനിലും അതിന്‍റെ കോളനി രാജ്യങ്ങളിലും വിശ്വാസവിരുദ്ധനിലപാടുകള്‍ക്ക് മരണശിക്ഷ നല്‍കുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഈ കോടതി പൂര്‍ണ്ണമായും രാജാവിന്‍റെ നേതൃത്വത്തിലായിരുന്നു. ഈ കോടതികളില്‍ പുരോഹിതര്‍ രാജകല്പന പ്രകാരം ന്യായാധിപരായി വര്‍ത്തിച്ചിരുന്നെങ്കിലും ഇവരുടെ നടപടികള്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശാനുസരണമായിരുന്നില്ല. സ്പെയിനിലെ കിരാതമായ യഹൂദമതമര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് സ്പാനിഷ് ഇന്‍ക്വിസിഷന്‍ കോടതിയാണ്. മാര്‍പാപ്പയുമായി ബന്ധമില്ലാതെ തികച്ചും രാജനിയന്ത്രണത്തില്‍ നടന്നതായിട്ടും സ്പാനിഷ് ഇന്‍ക്വിസിഷന്‍റെ ഉത്തരവാദിത്വവും സഭയുടെമേലാണ് ആരോപിക്കപ്പെടുന്നത്.

എന്നാല്‍, പോര്‍ച്ചുഗലിലെ യോവോ മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ഇന്‍ക്വിസിഷന്‍ കോടതിയി ലെയോ പത്താമന്‍ മാര്‍പാപ്പയുടെ അനുവാദത്തോടെയുളളതായിരുന്നു. രാജകുടുംബത്തിലെ ഒരു അംഗത്തെ ഇന്‍ക്വിസിഷന്‍ കോടതിയുടെ മുഖ്യന്യായാധിപനായി നിയമിക്കാന്‍ മൂന്നാംപോള്‍ മാര്‍പാപ്പ അനുവാദംനല്‍കിയിരുന്നു. പോര്‍ച്ചുഗീസ് കോളനികളില്‍ കിരാതമായ പീഡനങ്ങള്‍ക്ക് ഈ കോടതികള്‍ നേതൃത്വം നല്‍കി. പോര്‍ച്ചുഗലിന്‍റെ കോളനിയായിരുന്നു ഗോവയിലും ഇപ്രകാരമുളള നടപടികള്‍ അരങ്ങേറിയിരുന്നു. 1821 വരെ പോര്‍ച്ചുഗീസ് ഇന്‍ക്വിസിഷന്‍ നിലനിന്നിരുന്നു.

1542 ല്‍ മൂന്നാം പോള്‍ മാര്‍പാപ്പയാണ് വിവിധരാജ്യങ്ങളിലെ ഇന്‍ക്വിസിഷന്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നലക്ഷ്യത്തോടെ റോമന്‍ കൂരിയായില്‍ കര്‍ദ്ദിനാള്‍മാരുടെ നേതൃത്വത്തില്‍ ഒരു കാര്യാലയം സ്ഥാപിച്ചത്. 1633 ല്‍ ഗലീലിയോയെ വിചാരണ ചെയ്തത് ഈ കാര്യാലയമാണ്. സത്യവിശ്വാസസംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച ഈ കാര്യാലയത്തിന്‍റെ നടത്തിപ്പില്‍ അനവധി അപചയങ്ങള്‍ കടന്നുകൂടി. പാഷണ്ഡികളുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ വകുപ്പുണ്ടായിരുന്നതിനാല്‍ സമ്പന്നരായ പലരും അകാരണമായി വിചാരണചെയ്യപ്പെടുകയും അവരുടെ ഭീമമായ സ്വത്ത് പിടിച്ചെടുക്കപ്പെടുകയും ചെയ്തതായി ആരോപണങ്ങളുണ്ട്. സ്പാനിഷ്, പോര്‍ച്ചുഗല്‍ കോളനികള്‍ സ്വാതന്ത്ര്യം പ്രാപിച്ചുതുടങ്ങിയതോടെ 19-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ഇന്‍ക്വിസിഷന്‍ നടപടികളും അവസാനിച്ചു. ഇന്‍ക്വിസിഷനുവേണ്ടിയുളള റോമന്‍ കാര്യാലയം  (Congregation for the Doctrine of faith) എന്നാക്കി മാറ്റി.

ഇന്‍ക്വിസിഷന്‍ ഒരു വിലയിരുത്തല്‍

സഭാചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായാണ് ഇന്‍ക്വിസിഷന്‍ നടപടികള്‍ വിലയിരുത്തപ്പെടുന്നത്. ഇന്‍ക്വിസിഷന്‍ നടപടികള്‍ വിശ്വാസസംരക്ഷണം എന്ന സദുദ്ദേശ്യത്തോടെ ആരംഭിച്ചതാണെങ്കിലും അവയുടെ നടപടിക്രമങ്ങളില്‍ ഒട്ടേറെ അപചയങ്ങളും അനീതികളും സംഭവിച്ചിരുന്നു. അതിനാലാണ് രണ്ടായിരമാണ്ടിലെ മഹാജൂബിലിയോടനുബന്ധിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്‍ക്വിസിഷന്‍ നടപടികളിലെ അതിക്രമങ്ങളെപ്രതിലോകത്തോടു മുഴുവന്‍ മാപ്പുചോദിച്ചത്.

ഈ കാലഘട്ടത്തിന്‍റെ മതേതര പശ്ചാത്തലത്തില്‍ ഇന്‍ക്വിസിഷന്‍ നടപടികളെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ചരിത്രത്തിലെ വലിയ അബദ്ധമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, മതവും രാഷ്ട്രവും തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതിരുന്ന മധ്യയുഗങ്ങളില്‍ മതവിശ്വാസധ്വംസനം രാജ്യദ്രോഹക്കുറ്റമായാണ് പരിഗണിച്ചിരുന്നത്. രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്ന പ്രധാനഘടകം മതവിശ്വാസമാകയാല്‍ മതവിശ്വാസത്തിലെ ഭിന്നസ്വരങ്ങള്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു ഹാനികരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതിനാലാണ് സഭാധികാരികളും രാഷ്ടാധികാരികളും കൈകോര്‍ത്ത് ഇന്‍ക്വിസിഷന്‍ കോടതികള്‍ സ്ഥാപിച്ചതും ശിക്ഷകള്‍ നടപ്പിലാക്കിയതും. ഇന്നും ഇസ്ലാമികരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന ശരിഅത്ത് കോടതികളുടേതിനു സമാനമായ നിയമസംവിധാനമായിരുന്നു ഇന്‍ക്വിസിഷന്‍ കോടതികളില്‍ നടപ്പിലാക്കിയിരുന്നത്. മതവും രാഷ്ട്രവും ഒന്നാകുമ്പോള്‍ മതവിശ്വാസത്തില്‍ നിന്നുളള വ്യതിചലനങ്ങള്‍ മരണശിക്ഷാര്‍ഹമാകുന്ന ക്രൂരതകള്‍ക്കു വഴിയൊരുക്കുന്നു. പാകിസ്ഥാനിലെ മതനിന്ദാനിയമങ്ങള്‍ തന്നെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണ്.

ഇന്‍ക്വിസിഷന്‍ കോടതികളുടെ നടത്തിപ്പിന്‍റെ ചുമതലയുണ്ടായിരുന്ന സന്യാസികളുടെയും വൈദികരുടെയും അവിവേകവും അപക്വതയുമാണ് ഇന്‍ക്വിസിഷന്‍ കോടതികളെ ക്രൂരതയുടെ പര്യായങ്ങളാക്കി മാറ്റിയത്. അനിയന്ത്രിതമായ അധികാരം കയ്യാളിയിരുന്ന ഇവര്‍ പാര്‍ശ്വവര്‍ത്തികളുടെയും തല്‍പരകക്ഷികളുടെയും ഇംഗിതത്തിനു വഴങ്ങി ഒട്ടനവധി അതിക്രമങ്ങള്‍ക്കും അന്യായങ്ങള്‍ക്കും വഴിയൊരുക്കി. ഒട്ടനവധി നിരപരാധികള്‍ വൈരനിര്യാതനബുദ്ധിയോടെ വിചാരണചെയ്യപ്പെടാനും അന്യായമായി വധിക്കപ്പെടാനും ഇടവന്നതിന്‍റെ കാരണം ഇതായിരുന്നു.

മധ്യകാലഘട്ടത്തിന്‍റെ സാമൂഹികപശ്ചാത്തലത്തില്‍ വധശിക്ഷകള്‍ സര്‍വ്വസാധാരണമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കുപോലും (ഉദാ. മോഷണം, നുണപറച്ചില്‍, ചീത്തവിളി) വധശിക്ഷയില്‍ കുറഞ്ഞശിക്ഷ നിലവിലുണ്ടായിരുന്നില്ല. ഇന്‍ക്വിസിഷന്‍ കോടതികളിലൂടെ നടന്ന വ്യാപകമായ വധശിക്ഷകളെ ഇതിന്‍റെ പേരില്‍ ന്യായികരിക്കാനാവില്ലെങ്കിലും ഇന്‍ക്വിസിഷന്‍ നടപടികളെ വിലയിരുത്തുമ്പോള്‍ ഈ സാമൂഹിക പശ്ചാത്തലം കൂടി പരിഗണിക്കേണ്ടതുണ്ട്.

നല്ല ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന കാര്യങ്ങള്‍പോലും എപ്രകാരം സുവിശേഷത്തിന് പ്രതിസാക്ഷ്യമാക്കാം എന്നതിന്‍റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഇന്‍ക്വിസിഷന്‍ നടപടികളുടെ ചരിത്രം. ലക്ഷ്യവും മാര്‍ഗ്ഗവും ഒരുപോലെ സംശുദ്ധമാണെങ്കിലേ ഒരുപ്രസ്ഥാനം സുവിശേഷാനുസൃതമാവുകയുളളൂ എന്ന് തിരുസ്സഭ ഗ്രഹിച്ചത് ഇന്‍ക്വിസിഷന്‍ പ്രസ്ഥാനത്തിലൂടെയാണ് അടിസ്ഥാനവിശ്വാസങ്ങളെ മുറുകെപ്പിടിക്കുമ്പോഴും വിശ്വാസത്തിന്‍റെ വ്യതിരിക്ത വ്യാഖ്യാനങ്ങളെയും ഇതരമതവിശ്വാസങ്ങളെയും സഹിഷ്ണതയോടെ കാണേണ്ടതുണ്ടെന്നും തിരുസ്സഭയ്ക്കു ബോധ്യം വന്നതും ഇന്‍ക്വിസിഷന്‍ നടപടികളിലെ പാളിച്ചകളില്‍നിന്നു പാഠംപഠിച്ചതുകൊണ്ടാണ്. ഇതരമതവിശ്വാസങ്ങളിലെ സത്യത്തിന്‍റെ കിരണങ്ങളെ അംഗീകരിച്ച് ഏറ്റുപറയാന്‍ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ സന്നദ്ധമായതും ഈ പശ്ചാത്തലത്തിലാണ്. ഇന്‍ക്വിസിഷനിലെ തെറ്റുകളില്‍നിന്നു പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് വധശിക്ഷ പൂര്‍ണ്ണമായും തെറ്റായ നടപടിക്രമമാണ് എന്നനിലപാടിലേക്ക് തിരുസ്സഭ എത്തിച്ചേര്‍ന്നത്. മാനുഷികമായ വിചാരണയിലും വിധികല്പനയിലും എത്രയോ ഗുരുതരമായ പാളിച്ചകള്‍ സംഭവിക്കാം എന്ന് സഭ അനുഭവത്തിലൂടെയാണ് പഠിച്ചത്. അതിനാലാണ് ദൈവദത്തമായ ജീവന്‍ എടുക്കാന്‍ ഒരു രാഷ്ട്രത്തിനോ കോടതിക്കോ അവകാശമില്ല എന്ന അസന്ദിഗ്ദ്ധമായ നിലപാടിലേക്ക് സഭ നീങ്ങിയത്.

 

 

 

 

   

Inquisition catholic malayalam mananthavady diocese Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message