x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

ദണ്ഡവിമോചനം

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

ഭാചരിത്രത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും പിളര്‍പ്പിനും കാരണമായിട്ടുള്ളതാണ് ദണ്ഡവിമോചനത്തെക്കുറിച്ചുള്ള പ്രബോധനങ്ങള്‍. കുമ്പസാരത്തിലൂടെ മോചനം ലഭിച്ചിട്ടുള്ള പാപങ്ങളുടെ താല്‍കാലിക ശിക്ഷയില്‍നിന്നും (temporal punishment) ഒരു വ്യക്തിയ്ക്ക് സഭയില്‍നിന്നും ക്രിസ്തു ഭരമേല്പിച്ച പുണ്യത്തിന്‍റെ ഭണ്ഡാരത്തിന്‍റെ യോഗ്യതയാല്‍ ലഭിക്കുന്ന പൂര്‍ണ്ണമായോ ഭാഗികമായോ ഇളവുകളാണ് ദണ്ഡവിമോചനങ്ങള്‍ (indulgences).

ആദിമസഭയില്‍ രോഗാവസ്ഥയിലുള്ളവരുടെയും രക്തസാക്ഷിത്വത്തിനു വിധിക്കപ്പെട്ടവരുടെയും പാപങ്ങള്‍ക്കുള്ള പരിഹാരമനുഷ്ഠിക്കാന്‍ മറ്റുവിശ്വാസികളെ ചുമതലപ്പെടുത്താനുള്ള അധികാരം കുമ്പസാരക്കാര്‍ക്ക് നല്‍കിയിരുന്നു. ഇതാണ് ദണ്ഡവിമോചനങ്ങളുടെ ആദ്യരൂപം. 517-ല്‍ എപാവോന്‍ കൗണ്‍സില്‍ കുമ്പസാരത്തിലെ കഠിനമായ പ്രായ്ശ്ചിത്ത കര്‍മ്മങ്ങള്‍ക്കു പകരമായി ലഘുവായ വഴികള്‍ (പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍,തുടങ്ങിയവ) നിര്‍ദ്ദേശിച്ചു. പത്താം നൂറ്റാണ്ടുവരെ കുമ്പസാരത്തില്‍ ലഭിക്കുന്ന പ്രായ്ശ്ചിത്ത പ്രവൃത്തികളുടെ ഗണത്തിലാണ് ദണ്ഡവിമോചനങ്ങളെ മനസ്സിലാക്കിയിരുന്നത്. 1095-ല്‍ ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പ കുരിശു യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചതോടെയാണ് ദണ്ഡവിമോചനങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥവ്യാപ്തി കൈവന്നത്. വി. ആല്‍ബര്‍ട്ട്, വി. തോമസ് അക്വീനാസ് തുടങ്ങിയവര്‍ സഭയുടെ പുണ്യഭണ്ഡാരത്തെ ദണ്ഡവിമോചനങ്ങളുടെ ആധാരമായി അവതരിപ്പിച്ചു.

 ഒരു വ്യക്തി പാപം ചെയ്യുമ്പോള്‍ രണ്ടുതരത്തിലുള്ള ഫലങ്ങള്‍ ഉളവാകുന്നുണ്ട്: നിത്യശിക്ഷയും താല്‍കാലികശിക്ഷയും. മാരകപാപം ചെയ്യുന്ന വ്യക്തി ദൈവവുമായുള്ള തന്‍റെ ബന്ധം നഷ്ടമാക്കുകയും വരപ്രസാദം ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ നരകശിക്ഷക്ക് അര്‍ഹമാകുന്നു. ഇതാണ് നിത്യശിക്ഷ. എന്നാല്‍ ഓരോപാപവും (മാരകപാപവും ലഘുപാപവും) നിത്യശിക്ഷയോടൊപ്പം താല്‍ക്കാലിക ശിക്ഷക്കും കാരണമാകുന്നുണ്ട്. പാപത്തിലൂടെ ലോകത്തോടും ലോകവസ്തുക്കളോടും തോന്നുന്ന അനാരോഗ്യകരമായ അഭിനിവേശത്തെയാണ് താല്ക്കാലികശിക്ഷ എന്നതിലൂടെ വിവക്ഷിക്കുന്നത്. താല്‍ക്കാലിക ശിക്ഷ എന്ന പദപ്രയോഗം പലപ്പോഴും തെറ്റിദ്ധാരണാജനകമാണ്. താല്‍ക്കാലിക ശിക്ഷ എന്നതിലൂടെ ലൗകികമോഹം എന്നോ കൂടുതല്‍ പാപങ്ങളിലേക്ക് തുടര്‍ന്നും നയിക്കാനിടയുള്ള പാപകരമായ വാസനയെന്നോ (tendency) ആണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. ഇത്തരം പാപാഭിനിവേശത്തില്‍നിന്ന് (temporal punishment) ഈ ലോകത്തില്‍ ആയിരിക്കുമ്പോഴോ മരണാനന്തരം ശുദ്ധീകരണ സ്ഥലത്തുവച്ചോ വിടുതല്‍ നേടേണ്ടതുണ്ട്. താല്‍കാലികശിക്ഷ നിത്യശിക്ഷയില്‍നിന്ന് വ്യത്യസ്തമാണ്. താല്‍ക്കാലിക ശിക്ഷയുടെ പരിഹാരം നിശ്ചിതകാലംകൊണ്ട് നേടാവുന്നതാണ്. എന്നാല്‍ നിത്യശിക്ഷയില്‍നിന്നുള്ള വിടുതലാകട്ടെ മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കനുസൃതമായിട്ടല്ല ദൈവത്തിന്‍റെ കരുണയില്‍മാത്രം അധിഷ്ഠിതമാണ്. പാപത്തിന്‍റെ പരിഹാരകര്‍മ്മങ്ങളെല്ലാം താല്‍ക്കാലികശിക്ഷയുടെ വിടുതലിനു മാത്രമേ കാരണമാകുന്നുള്ളൂ എന്നുസാരം. നിത്യശിക്ഷയില്‍നിന്നുള്ള വിടുതല്‍ കുരിശിലെ യേശുവിന്‍റെ ബലിയിലൂടെ ലഭ്യമായ വരപ്രസാദം ഒഴുകുന്ന പാപമോചനകൂദാശയിലൂടെ മാത്രമേ സാധ്യമാകൂ.

താല്‍ക്കാലികശിക്ഷ എന്നതിലൂടെ വിവക്ഷിക്കുന്ന ലൗകികമോഹം എന്ന വസ്തുത സത്യമാണെന്ന് ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. കുമ്പസാരത്തിനുശേഷവും പാപങ്ങളിലേക്കു തിരികെ വീഴാനുള്ള പ്രവണത തുടര്‍ന്നും നിലനില്ക്കുന്നത് നമുക്ക് അനുഭവവേദ്യമാണല്ലോ.ദണ്ഡവിമോചനത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ദണ്ഡവിമോചനം കുമ്പസാരത്തിനുപകരമുള്ളതല്ല. കാരണം ദണ്ഡവിമോചനത്തിലൂടെ താല്‍ക്കാലിക ശിക്ഷയില്‍ നിന്നുള്ള (ലൗകിക മോഹങ്ങളില്‍ നിന്നുള്ള) മോചനം മാത്രമേ ലഭിക്കുന്നുള്ളൂ. ദണ്ഡവിമോചനങ്ങളുടെ മാത്രം യോഗ്യതയില്‍ ആര്‍ക്കും സ്വര്‍ഗ്ഗം ലഭിക്കുകയില്ല. സ്വര്‍ഗ്ഗപ്രാപ്തിക്ക് നിത്യശിക്ഷയില്‍നിന്നുള്ള വിടുതല്‍ അനിവാര്യമാണ്.

 ദണ്ഡവിമോചനത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ ചുരുക്കി വിവരിക്കാം.

  1. ക്രിസ്തുസഭയെ ഭരമേല്‍പ്പിച്ചതും വിശുദ്ധര്‍ തങ്ങളുടെ മാതൃകാപരമായ ജീവിതംകൊണ്ടു പരിപോഷിപ്പിച്ചതുമായ പുണ്യത്തിന്‍റെ ഭണ്ഡാരത്തിന്‍റെ യോഗ്യതയാല്‍ വ്യക്തികള്‍ക്ക് താല്‍ക്കാലിക ശിക്ഷയില്‍നിന്ന് വിടുതല്‍ നല്‍കാന്‍ സഭക്ക് അധികാരമുണ്ടെന്ന് ക്ലമന്‍റ് ആറാമന്‍ മാര്‍പാപ്പ 1343-ല്‍ (Unigenitus Dei Filius) പഠിപ്പിച്ചു.                                                                                                                      
  2. അനുതപിച്ച് പാപമോചനം തേടിയ വിശ്വാസികള്‍ക്ക് നിശ്ചിതമായ പ്രാര്‍ത്ഥനകളുടെയും പുണ്യപ്രവൃത്തികളുടെയും ഫലമായി ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിക്കാന്‍ സഭയുടെ പുണ്യഭണ്ഡാരത്തിന്‍റെ കാര്യവിചാരിപ്പുകാരന്‍ എന്ന നിലയില്‍ മാര്‍പാപ്പക്ക് അധികാരമുണ്ട് എന്ന് മാര്‍ട്ടിന്‍ അഞ്ചാമന്‍ പാപ്പ 1418-ല്‍ പ്രഖ്യാപിച്ചു (Inter Cunctas). ദണ്ഡവിമോചനം പ്രഖ്യാപിക്കാനുള്ള മാര്‍പ്പാപ്പയുടെ അധികാരത്തെ ചോദ്യംചെയ്ത ലൂഥറിനെ തിരുത്തിക്കൊണ്ട് ലെയോ പത്താമന്‍ മാര്‍പ്പാപ്പാ 1520-ല്‍ വ്യക്തമായ പ്രബോധനം നല്‍കി (Exsurge Domine).                                                                                                                                              
  3. ത്രെന്തോസ് സൂഹദോസ് (1563) ദണ്ഡവിമോചന നിഷേധികളെ ഖണ്ഡിച്ചു പുറംതള്ളിയെങ്കിലും ദണ്ഡവിമോചനങ്ങളുടെ ദുരുപയോഗങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് പരി.പിതാവിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ മെത്രാന്‍ സമിതികളെ ചുമതലപ്പെടുത്തി (Decree on Indulgences).                                                        
  4. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ 1967-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ദണ്ഡവിമോചനങ്ങളെക്കുറിച്ചുള്ള സഭയുടെ ഏറ്റവും ആധികാരികമായ പഠനം (indulgentiarum doctrina) നല്‍കി. പുണ്യവാന്മാരുടെ ഐക്യം (സമര - സഹന - വിജയ സഭകളുടെ ഐക്യം) മൂലം ജീവിച്ചിരിക്കുന്നവരുടെ പരിഹാര പ്രവൃത്തികളിലൂടെ ശുദ്ധീകരാത്മാക്കള്‍ക്ക് ദണ്ഡവിമോചനം നേടിയെടുക്കാനാകുമെന്ന (suffragium) സഭയുടെ പരമ്പരാഗത വിശ്വാസത്തെ ഈ പ്രബോധനരേഖ ഊന്നിപ്പറഞ്ഞു.

പൂര്‍ണ്ണവും ഭാഗികവുമായ ദണ്ഡവിമോചനങ്ങളുണ്ടെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. പാപാവസ്ഥമൂലമുണ്ടായ താല്‍ക്കാലിക ശിക്ഷയെ പൂര്‍ണ്ണമായും എടുത്തുനീക്കുന്ന ദണ്ഡവിമോചനത്തെ പൂര്‍ണ്ണദണ്ഡവിമോചനമായും (plenary indulgence) താല്‍ക്കാലിക ശിക്ഷയെ ഭാഗികമായി പരിഹരിക്കുന്നവയെ ഭാഗികദണ്ഡവിമോചനം (partial indulgence) എന്നും വിശേഷിപ്പിച്ചിരുന്നു. ഭാഗിക ദണ്ഡവിമോചനങ്ങളെ ദിവസങ്ങളുടെയും മാസങ്ങളുടെയും കണക്കില്‍ അവതരിപ്പിക്കുന്ന പതിവ് (quarantines) സഭയില്‍ നിലവിലുണ്ടായിരുന്നു. അതിനാലാണ് പഴയ പ്രാര്‍ത്ഥനാ പുസ്തകങ്ങളില്‍ ചില പ്രാര്‍ത്ഥനകള്‍ക്കുശേഷം പൂ. ദ. വി. (പൂര്‍ണ്ണ ദണ്ഡവിമോചനം), 100 ദി. ദ. വി. (100 ദിവസത്തെ ദണ്ഡവിമോചനം) തുടങ്ങിയ സൂചനകള്‍ നല്‍കിയിരുന്നത്. എന്നാല്‍ 1967-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഭാഗിക ദണ്ഡവിമോചനത്തെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമായി തരംതിരിക്കുന്ന പതിവ് സഭയില്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ സഭയില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം, ഭാഗിക ദണ്ഡവിമോചനം എന്നീ വിഭജനം മാത്രമേയുള്ളൂ.ഭാഗിക ദണ്ഡവിമോചനം ലഭിക്കുന്നതിന് ദൈവവിചാരത്തോടുള്ള ജീവിതവും പരോപകാരപ്രവൃത്തികളും സന്തോഷകരവും സുഖദായകവുമായ ചര്യകളില്‍നിന്ന് മനഃപൂര്‍വ്വം മാറിനില്‍ക്കുന്നതും വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം വഹിക്കുന്നതും സഹായകമാണ്.

പൂര്‍ണ്ണ ദണ്ഡവിമോചനങ്ങള്‍ ലഭിക്കുന്ന കര്‍മ്മങ്ങള്‍ താഴെ പറയുന്നവയാണ് (cfr. Enchiridion Indulgentiarum)

1) ഭക്തിപൂര്‍വ്വം, അരമണിക്കൂറില്‍ കുറയാത്ത സമയം വി. ഗ്രന്ഥം  വായിക്കുന്നത്.

2) ദിവ്യകാരുണ്യനാഥനെ പരി. കുര്‍ബ്ബാനയില്‍ അരമണിക്കൂറില്‍ കുറയാത്ത സമയം ആരാധിക്കുന്നത്.

3) കുരിശിന്‍റെ വഴി എന്ന ഭക്തകൃത്യം അനുഷ്ഠിക്കുന്നത്.

4) ഭക്തിപൂര്‍വ്വം ജപമാല ചെല്ലുന്നത്.

5) സഭയുടെ കാനോന നമസ്ക്കാരങ്ങള്‍ ചൊല്ലുന്നത്.

6) മൂന്നുദിവസത്തില്‍ കുറയാത്ത ധ്യാനങ്ങളില്‍ പങ്കെടുക്കുന്നത്.

 ഇവ വിശ്വാസികളുടെ ഇഷ്ടാനുസരണം ഏതു ദിവസവും നേടാവുന്ന പൂര്‍ണ്ണ ദണ്ഡവിമോചനങ്ങളാണ്. കൂടാതെ, മാര്‍പാപ്പായുടെ ആശീര്‍വാദം (ടി.വി., റേഡിയോ തുടങ്ങിയവയിലൂടെയും) സ്വീകരിക്കുന്നതും, മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളും വര്‍ഷങ്ങളും കാര്യക്ഷമമായി ആചരിക്കുന്നതും പൂര്‍ണ്ണ ദണ്ഡവിമോചനം നല്‍കുന്നു. പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതിന് നാല് കാര്യങ്ങള്‍ ആവശ്യമാണ്: കുമ്പസാരിച്ച് പാപമോചനം നേടണം, വി. കുര്‍ബ്ബാന സ്വീകരിച്ച് ദൈവൈക്യത്തില്‍ ആയിരിക്കണം, നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഭക്തകൃത്യം ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കണം, മാര്‍പ്പാപ്പായുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.

ചുരുക്കത്തില്‍, ദണ്ഡവിമോചനങ്ങള്‍ സഭയുടെ വിശ്വാസസത്യത്തിന്‍റെ ഭാഗമാണ്. പാപത്തോടുള്ള മനുഷ്യപ്രകൃതിയുടെ ആസക്തിയെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഭക്തകൃത്യങ്ങളും പരിത്യാഗ പ്രവൃത്തികളും അനുഷ്ഠിക്കാന്‍ വിശ്വാസികളെ  പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഭ ദണ്ഡവിമോചനങ്ങള്‍ നല്‍കുന്നത്. ദണ്ഡവിമോചനത്തിന്‍റെ അടിസ്ഥാനം ക്രിസ്തു സഭയെ ഭരമേല്പ്പിച്ച വരപ്രസാദപൂര്‍ണ്ണതയാണ്. സഭ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ വിശ്വാസികള്‍ക്ക് തന്നെ ഭരമേല്പിച്ചിരിക്കുന്ന പുണ്യഭണ്ഡാഗാരത്തില്‍നിന്ന് നല്‍കുന്ന അനുഗ്രഹമാണ് ദണ്ഡവിമോചനങ്ങള്‍. ശുദ്ധീകരാത്മാക്കള്‍ക്ക് സമരസഭയുടെയും വിജയസഭയുടെയും മാധ്യസ്ഥ്യം വഴിയാണ് ദണ്ഡവിമോചനങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍, സഭാചരിത്രത്തില്‍ ദണ്ഡവിമോചനങ്ങള്‍ ഏറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി സഭാഗാത്രത്തില്‍ വലിയ പിളര്‍പ്പിനു വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്.പാപങ്ങളുടെ താല്‍ക്കാലികശിക്ഷ (പാപകരമായ അഭിനിവേശം) യില്‍ നിന്നുള്ള വിടുതല്‍ എന്ന അര്‍ത്ഥത്തില്‍ ആരംഭിച്ച ദണ്ഡവിമോചനങ്ങള്‍ മധ്യശതകങ്ങളില്‍ ഏറെ ദുര്‍വ്യാഖ്യാനത്തിനും ദുരുപയോഗങ്ങള്‍ക്കും വിധേയമായി.

 തങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിക്കണമെന്നും തങ്ങളുടെ ദേവാലയങ്ങളിലെ സന്ദര്‍ശനം ദണ്ഡവിമോചന പ്രാപ്തിക്ക് ഉതകുമെന്ന് പ്രഖ്യാപിക്കണമെന്നും വിശ്വാസികള്‍ മുറവിളി കൂട്ടിത്തുടങ്ങി. ദണ്ഡവിമോചനങ്ങളുടെ പേരില്‍ ചില ദേവാലയങ്ങള്‍ക്കും ചില ഭക്താഭ്യാസങ്ങള്‍ക്കും പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ തല്പരകക്ഷികള്‍ ശ്രമം തുടങ്ങി. സന്യസ്തര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും തങ്ങള്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ക്കും ധ്യാനങ്ങള്‍ക്കും ദണ്ഡവിമോചനം പ്രഖ്യാപിക്കണമെന്ന ആവശ്യമുമായി രംഗത്തെത്തി. ദണ്ഡവിമോചനത്തെ പണവുമായി ബന്ധിപ്പിച്ചതാണ് ഈ രംഗത്തെ ഏറ്റവും വലിയ ദുരുപയോഗത്തിന് നിമിത്തമായത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിനും പണം കണ്ടെത്താനുള്ള എളുപ്പമാര്‍ഗ്ഗമായി ദണ്ഡവിമോചനങ്ങള്‍ വിലയിരുത്തപ്പെട്ടു. ആശുപത്രികള്‍, സ്കൂളുകള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥവും ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ഫലത്തില്‍ സഭയിലും സമൂഹത്തിലും ഏറ്റവും ഫലപ്രദവും ആയാസരഹിതവുമായ ധനാഗമമാര്‍ഗ്ഗമായി ദണ്ഡവിമോചനങ്ങള്‍ വിലയിരുത്തപ്പെട്ടു. കൂടാതെ, ചില സന്യസ്തര്‍ ദണ്ഡവിമോചനം പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് മാര്‍പാപ്പായില്‍നിന്ന് അനുവാദം ലഭിച്ചിട്ടുണ്ട് എന്ന വ്യാജ അവകാശവാദവുമായി രംഗപ്രവേശം ചെയ്തു. സന്യസ്തര്‍ മത്സരബുദ്ധിയോടെ ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിക്കാനും വിതരണം ചെയ്യാനും തുടങ്ങിയപ്പോള്‍ ദണ്ഡവിമോചനം എന്ന വിശ്വാസസത്യത്തിന്‍റെ അന്തസ്സത്തക്കുതന്നെ മങ്ങലേറ്റുതുടങ്ങി. ഉദാഹരണമായി, വി. ഗ്രിഗറിയുടെ ബലി എന്ന പേരില്‍ പ്രചരിച്ച ഒരു ശില്പത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് 45000 വര്‍ഷത്തെ ദണ്ഡവിമോചനം ലഭിക്കുമെന്ന് പ്രസ്തുത ശില്പത്തിന്‍റെ പ്രചാരകര്‍ പ്രചരിപ്പിച്ചു തുടങ്ങി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യശുദ്ധി ആരംഭത്തില്‍ കളങ്കിതമായിരുന്നില്ല. എന്നാല്‍ ധനവുമായി ബന്ധപ്പെട്ട സകല മേഖലകളിലും സംഭവിക്കാനിടയുള്ള അപചയങ്ങള്‍ ഈ മേഖലയിലും സംഭവിച്ചു തുടങ്ങി.

 1510-ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പ (1503-13) റോമിലെ വി. പത്രോസിന്‍റെ ബസ്ലിക്കായുടെ പണി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ബസ്ലിക്കായുടെ ധനശേഖരണാര്‍ത്ഥം ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന്‍റെ മറവില്‍ റോമന്‍ കൂരിയ ജര്‍മ്മനിയിലെ മൈന്‍സ് അതിരൂപതയിലെ ആല്‍ബര്‍ട്ട് മെത്രാപ്പോലീത്തായുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. അതിരൂപതയുടെ കീഴിലുള്ള രൂപതകളിലെ പള്ളികളില്‍ ദണ്ഡവിമോചനം പ്രസംഗിക്കുവാനും പിരിഞ്ഞുകിട്ടുന്ന തുക അതിരൂപതയും റോമന്‍ കൂരിയായും തുല്യമായി വീതിച്ചെടുക്കുവാനുമായിരുന്നു ഉടമ്പടി. ദണ്ഡവിമോചനം പ്രസംഗിക്കുവാന്‍ മൈന്‍സിലേക്ക് അയയ്ക്കപ്പെട്ടവരില്‍ പ്രമുഖന്‍ ഡൊമിനിക്കന്‍ സഭാംഗമായ ടെറ്റ്സല്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ അതിവര്‍ണ്ണന കലര്‍ന്ന അവതരണരീതി ദണ്ഡവിമോചനത്തെക്കുറിച്ച് അബദ്ധധാരണകള്‍ പ്രചരിക്കാന്‍ ഇടയായി. നിശ്ചിത തുക നല്‍കി വാങ്ങുന്ന ദണ്ഡവിമോചനം സൂചിപ്പിക്കുന്ന കത്ത് (letter of pardon) കൈപറ്റിയാല്‍ നിത്യരക്ഷ ഉറപ്പായി എന്ന് വിശ്വാസികള്‍ ചിന്തിച്ചുതുടങ്ങി. ഇത് ദണ്ഡവിമോചനങ്ങളെക്കുറിച്ചുള്ള സഭാവീക്ഷണത്തിന് കടകവിരുദ്ധമായ ചിന്താരീതിയാണ്. ദണ്ഡവിമോചന പ്രഭാഷകരുടെ അജ്ഞതയോ ദ്രവ്യാഗ്രഹമോ ആണ് ഇത്തരത്തിലുള്ള അബദ്ധചിന്താഗതിക്ക് കാരണമായത്. ദണ്ഡവിമോചനങ്ങള്‍ പണത്തിനു വില്‍ക്കാന്‍ തുടങ്ങി എന്ന പ്രതീതി ജനിക്കാന്‍ ഇവരുടെ നടപടികള്‍ കാരണമായി.

1517 ഒക്ടോബര്‍ 31-ാം തിയതി ദണ്ഡവിമോചന വില്പനയെ എതിര്‍ത്തുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തുവന്നു. വിറ്റന്‍ ബര്‍ഗിലെ കൊട്ടാരകപ്പേളയില്‍ ലൂഥര്‍ പതിച്ച 95 പ്രമേയങ്ങളില്‍ 28-ാമത്തെ പ്രമേയം ദണ്ഡവിമോചനവില്പനയെ പരിഹസിക്കുന്നതായിരുന്നു. "നേര്‍ച്ചപ്പെട്ടിയില്‍ നാണയം വീഴുമ്പോള്‍ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേക്കുയരുന്നു" എന്നതാണ് സഭയുടെ നിലപാടെന്ന് ലൂഥര്‍ ആക്ഷേപിച്ചു. എന്നാല്‍ ലൂഥറുടെ ആക്ഷേപത്തിനിരയായ നിലപാട് സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെ ഭാഗമായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഏതാനും പ്രസംഗകരുടെ ഭാഗത്തുസംഭവിച്ച വീഴ്ചയെ സഭാപ്രബോധനത്തിലെ വീഴ്ചയായി അവതരിപ്പിച്ച ലൂഥര്‍ ദണ്ഡവിമോചനം എന്ന കാഴ്ചപ്പാടിനെയും അത് നല്കാന്‍ മാര്‍പാപ്പയ്ക്കുള്ള അധികാരത്തെയും ചോദ്യം ചെയ്തു. ഈ അഭിപ്രായ സംഘര്‍ഷമാണ് ദണ്ഡവിമോചന വിവാദം എന്നപേരില്‍ സഭാചരിത്രത്തില്‍ ഇടംനേടിയത്.

 ദണ്ഡവിമോചനങ്ങളെ സംബന്ധിച്ച ദുരുപയോഗങ്ങള്‍ തടയാന്‍ കാലാകാലങ്ങളില്‍ സഭാനേതൃത്വം ക്രിയാത്മകമായി ഇടപെട്ടിരുന്നു. ഉദാഹരണമായി 1215 ലെ നാലാം ലാറ്ററന്‍ കൗണ്‍സില്‍ ദണ്ഡവിമോചനങ്ങള്‍ അനിയന്ത്രിതമായി ദീര്‍ഘിപ്പിക്കുന്ന പ്രവണത തടഞ്ഞുകൊണ്ട് ദണ്ഡവിമോചനങ്ങളുടെ കാലദൈര്‍ഘ്യം പരമാവധി ഒരുകൊല്ലമായി നിജപ്പെടുത്തി. ദണ്ഡവിമോചനം പ്രസംഗിച്ച് സംഭാവന സ്വീകരിക്കുന്ന പതിവ് (the office of quaestores) 1562 ല്‍ ത്രെന്തോസ് കൗണ്‍സില്‍ നിര്‍ത്തലാക്കി. 1567ല്‍ പയസ് അഞ്ചാമന്‍ മാര്‍പാപ്പ ദണ്ഡവിമോചനത്തെ പണവുമായി ബന്ധിപ്പിക്കുന്ന സകല അനുഷ്ഠാനങ്ങളെയും നിരോധിച്ചു. ദണ്ഡവിമോചനത്തിന് പ്രതിഫലമായി പണം സ്വീകരിക്കുന്ന പതിവ് നിരോധിച്ചതോടെ ഈ മേഖലയിലെ അനാചാരങ്ങളെ ശക്തമായി നിയന്ത്രിക്കാന്‍ മാര്‍പാപ്പയ്ക്കു കഴിഞ്ഞു. 1669 ല്‍ ക്ലെമന്‍റ് ഒന്‍പതാമന്‍ പാപ്പ ദണ്ഡവിമോചനങ്ങളെ സംബന്ധിച്ച് പഠിക്കാനും ദുരുപയോഗങ്ങള്‍ തടയാനും പ്രത്യേകമായി ഒരു തിരുസംഘം തന്നെ സ്ഥാപിച്ചു. ബെനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പ 1915 മുതല്‍ ദണ്ഡവിമോചന കാര്യാലയത്തെ കുമ്പസാരകാര്യാലയത്തിന് (Sacred Penitentiary) കീഴിലാക്കിയതോടെ ദണ്ഡവിമോചനം അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥസാന്ദ്രത തിരികെനേടി.

ദണ്ഡവിമോചന വിവാദം ആധുനിക സഭയ്ക്കുള്ള മുന്നറിയിപ്പുകൂടിയായി മനസ്സിലാക്കാം. ഭക്തകൃത്യങ്ങളെ ധനസമ്പാദന മാര്‍ഗ്ഗങ്ങളായി മാത്രം പരിഗണിക്കുന്ന പ്രവണത തിരുത്തപ്പെടേണ്ടതാണ്. 5001 പ്രസിദേന്തിമാര്‍ നൊവേന ഏറ്റുകഴിച്ച് തിരുനാള്‍ നടത്തുമ്പോള്‍ ചിലപ്പോഴെങ്കിലും ആത്മീയ കര്‍മ്മങ്ങള്‍ ധനാഗമ മാര്‍ഗ്ഗമായി പരിഗണിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ തിരുത്തല്‍ ആവശ്യവുമാണ്.

indulgence catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message