We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany & Rev. Dr. Xavier Koodappuzha On 09-Apr-2021
ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്‍ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility) എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില്‍ പ്രധാനികള്‍ ഇളംകുളം കുഞ്ഞന്‍പിള്ള, ഡോ. എം.ജി.എസ്. നാരായണന്‍, ജോസഫ് ഇടമറുക്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയവരാണ്. ഇവരുടെ വാദമുഖങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്:
തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ എതിര്‍ക്കുന്ന പാശ്ചാത്യരുടെ പ്രധാനവാദം ഏഴാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യയില്‍നിന്നാണ് മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ എന്നപേരില്‍ ഒരുവിഭാഗം തെക്കേ ഇന്ത്യയിലെത്തിയത് എന്നാണ് (J.W. Zelazny, The Tradition of St. Thomas Mission to India in OCC 3 (2011) 165-180). സെലൂഷ്യ - സ്റ്റെസിഫോണിലെ കാതോലിക്കോസിന്റെ കീഴിലായിരുന്ന ക്രൈസ്തവരായിരുന്നതിനാല്‍ ഇവര്‍ അരമായ സംസ്‌കാരം മുറുകെപിടിച്ച പൗരസ്ത്യ സുറിയാനിക്കാരായിരുന്നു എന്നും വാദിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയുടെ കേന്ദ്രമായിരുന്ന ഏദേസ്സാ സില്‍ക്ക് റൂട്ടിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു എന്ന ചരിത്രവസ്തുതയില്‍നിന്നാണ് ഈ വാദം കരുപ്പിടിപ്പിക്കപ്പെടുന്നത്. മേല്‍പറഞ്ഞ വാദഗതികളെല്ലാംതന്നെ തികച്ചും ബാലിശവും നിക്ഷിപ്ത താത്പര്യങ്ങളാല്‍ പ്രേരിതവുമാണെന്ന് സൂക്ഷ്മാപഗ്രഥനത്തില്‍ മനസിലാകും.
ഒന്നാം നൂറ്റാണ്ടിനു മുമ്പുതന്നെ ഇന്ത്യയിലേയ്ക്ക് പാലസ്തീനായില്‍നിന്ന് കപ്പല്‍മാര്‍ഗ്ഗം സ്ഥിരയാത്രാ സംവിധാനം ഉണ്ടായിരുന്നു. അലക്‌സാണ്ട്രിയായില്‍നിന്ന് കെയ്‌റോയ്ക്ക് 420 മൈല്‍ തെക്കുള്ള കോപ്‌റ്റോസ് പട്ടണത്തില്‍ കടല്‍മാര്‍ഗ്ഗം എത്തുകയും തുടര്‍ന്ന് കരമാര്‍ഗ്ഗം ചെങ്കടല്‍ തീരത്ത് മിയോസ് ഹോര്‍മോസ് തുറമുഖത്തെത്തി വീണ്ടും കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് എത്തിച്ചേരാനും കഴിയുമായിരുന്നു. പ്രതിവര്‍ഷം ശരാശരി 120 കപ്പലുകള്‍ ഈ മാര്‍ഗ്ഗത്തിലൂടെ ഇന്ത്യന്‍ തീരത്തേക്ക് പുറപ്പെട്ടിരുന്നതായി കേംബ്രിഡ്ജ് ഗവേഷകര്‍ പ്ലീനിയുടെയും (6.2) സ്‌ട്രെബോയുടെയും (2.5.12) രചനകളെ ആധാരമാക്കി സമര്‍ത്ഥിക്കുന്നുണ്ട് (J. O. Thomson, History of Asian Geography, p. 174).
ആരംഭത്തില്‍ സിന്ധുനദീതടത്തിലേക്ക് പുറപ്പെട്ടിരുന്ന ഈ കപ്പലുകള്‍ പില്‍ക്കാലത്ത് മുസ്സീരിസ്സിലേക്കും (കൊടുങ്ങല്ലൂര്‍) പോയിരുന്നതായും ഗവേഷകര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ടോളമിയുടെ ചരിത്ര ഗ്രന്ഥങ്ങളിലും റോമന്‍ കപ്പലുകള്‍ ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ മുസീരിസിലേക്ക് വന്നതായി സാക്ഷ്യങ്ങളുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ജനിക്കപ്പെട്ടതായി കരുതപ്പെടുന്ന വിഖ്യാത ഗ്രേക്കോ-റോമന്‍ കൃതിയായ പെരിപ്ലസ് മാരി എരിത്രോയില്‍ മുസീരിസ് തുറമുഖത്തിന്റെ വ്യാവസായിക പ്രാധാന്യം സമര്‍ത്ഥിക്കുന്നുണ്ട്.
മുസീരിസിന്റെ വാണിജ്യ പ്രാധാന്യമാണ് യഹൂദമതത്തെയും ആര്യന്മാരെയും കേരളത്തിലേക്ക് ആകര്‍ഷിച്ചത്. സംഘകാലകൃതികളിലെ മുചീരിയും വാത്മീകി രാമായണത്തിലെ മുരചീപത്തനവും കാളിദാസകാവ്യമായ രഘുവംശത്തിലെ മുരചീമാരുതവും മുസീരിസ് തന്നെയാണെന്ന് കരുതപ്പെടുന്നു. ഇന്ത്യാ ഗവണ്‍മെന്റ് അടുത്തകാലത്തു നടത്തിയ പട്ടണംഗവേഷണങ്ങളില്‍ കൊടുങ്ങല്ലൂരില്‍നിന്നും കണ്ടെത്തിയ റോമന്‍ നാണയങ്ങള്‍ ഈ ചരിത്ര വസ്തുത ശരിവയ്ക്കുന്നതാണ്. കൊടുങ്ങല്ലൂരും പരിസരങ്ങളിലും നടത്തുന്ന ഭൂഗര്‍ഭ ഗവേഷണങ്ങള്‍ തോമാശ്ശീഹയുടെ ഭാരതാഗമനത്തിന് കൂടുതല്‍ ശക്തമായ തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സാധ്യതയുണ്ട.്
കേരളത്തിലെ യഹൂദര്‍ പരമ്പരാഗതമായി സൂക്ഷിച്ചുപ്പോരുന്ന രേഖകളനുസരിച്ച് എ.ഡി. 68 ല്‍ കേരളത്തിലെത്തിയ യഹൂദര്‍ ഇവിടെ ക്രിസ്ത്യാനികളെ കണ്ടതായുള്ള സാക്ഷ്യം ശ്രീധരമേനോന്‍ കേരളചരിതത്തില്‍ നല്കുന്നുണ്ട് (ു. 134). അതിനാല്‍ എ.ഡി ഒന്നാം നൂറ്റാണ്ടില്‍ കേരളതീരത്ത് മനുഷ്യവാസമില്ലായിരുന്നെന്നോ ഉണ്ടായിരുന്നവര്‍ ഭാഷ വശമില്ലാത്ത കാട്ടുജാതികളായിരുന്നെന്നോ വാദിച്ച് തോമാശ്ലീഹായുടെ കേരളപ്രേഷിതത്വം ഖണ്ഡിക്കുന്നവരെ ചരിത്രപണ്ഡിതര്‍ എന്നുവിളിക്കാന്‍ വിഷമമുണ്ട്.
എ.ഡി. ഒന്നാംനൂറ്റാണ്ടില്‍ തമിഴകം എന്ന പൊതുപ്പേരില്‍ അറിയപ്പെട്ടിരുന്ന തെക്കേ ഇന്ത്യ ചേരം, ചോളം, പാണ്ഡ്യം രാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു എന്നും ഇതില്‍ കേരളക്കര ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നുമുള്ള പദ്മനാഭമേനോന്റെ നിരീക്ഷണം (History of Kerala, Vol. 1, p.100) വസ്തുതാപരമാണ്. ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ആര്യാവര്‍ത്തം”എന്നറിയപ്പെടുന്ന ഉത്തരേന്ത്യയും ചേരനാട്എന്നറിയപ്പെടുന്ന കേരളവും ദക്ഷിണപഥം എന്നറിയപ്പെടുന്ന ഡെക്കാനും ഉള്‍പ്പെട്ടിരുന്നു. ആര്യാവര്‍ത്തത്തില്‍ തക്ഷശിലയും ഡക്കാനില്‍ ബറൂച്ചും ചേരനാട്ടില്‍ മുസീരിസും ആയിരുന്നു വാണിജ്യകേന്ദ്രങ്ങള്‍.
സംഘകാല രചനകളായ എട്ടുതൊകൈ, പുറനാനൂറ്, അകനാനൂറ് എന്നീ കൃതികള്‍ ഈ കാലഘട്ടത്തിലെ കേരള സാമൂഹികതയുടെ ഏകദേശ ചിത്രം വരച്ചുകാട്ടുന്നു.ബി.സി. ഇരുപതാം നൂറ്റാണ്ടോടെ ഇന്ത്യയിലെത്തിയ ആര്യന്മാര്‍ സിന്ധുനദീതടത്തിലാണ് പ്രധാനമായും അധിവസിച്ചിരുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടു മുതല്‍ തമിഴകത്ത് (കേരളമുള്‍പ്പടെ) ആര്യന്മാരുടെ (ബ്രാഹ്മണരുടെ) സ്വാധീനമുണ്ടായിരുന്നു.
ബി.സി. ആറാം നൂറ്റാണ്ടു മുതലെങ്കിലും യഹൂദ കച്ചവടക്കാര്‍ ദക്ഷിണേന്ത്യയിലെത്തിയിരുന്നതായി കരുതപ്പെടുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ യഹൂദരും ബ്രാഹ്മണരും തദ്ദേശീയരുമായി ഇടകലര്‍ന്ന് ജീവിച്ചിരുന്ന സാമൂഹിക ക്രമമാണ് കേരളത്തില്‍ നിലനിന്നിരുന്നത്. അച്യുതമേനോന്റെ കൊച്ചിന്‍ സ്റ്റേറ്റുമാന്വലില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.ഇക്കാലഘട്ടത്തില്‍ ജാതി വ്യവസ്ഥയോ, ചാതുര്‍വണ്യമോ കേരള സമൂഹത്തില്‍ ശക്തമായിരുന്നില്ല. അതിനാല്‍ എ.ഡി. 52 ലെ തോമാശ്ലീഹായുടെ കേരളാഗമനം ചരിത്രവസ്തുതകളുമായി തികച്ചും ഒത്തുപോകുന്നതാണ്.
പോര്‍ച്ചുഗീസ് സൃഷ്ടിയോ?
മറ്റൊരു പ്രധാന ആരോപണം പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെയാണ് തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വം എന്ന ഐതിഹ്യം പ്രചരിച്ചത് എന്നുള്ളതാണ്. ജോസഫ് ഇടമറുക്, രാജന്‍ ഗുരുക്കള്‍ എന്നിവര്‍ ഈ വിചിത്രവാദം ഉന്നയിക്കുന്നവരില്‍ പ്രമുഖരാണ്. തോമാശ്ലീഹാ പോര്‍ച്ചുഗല്‍ രാജ്യത്തിന്റെ മധ്യസ്ഥനായിരുന്നു എന്നതാണ് തങ്ങളുടെ വാദത്തിന് പിന്‍ബലമായി ഇവര്‍ അവതരിപ്പിക്കുന്നത് (ഇടമറുക്, സെന്റ് തോമസ് ഒരു കെട്ടുകഥ: 140).
എന്നാല്‍ പോര്‍ച്ചുഗലിന്റെ മധ്യസ്ഥ, ആരംഭം മുതലേ പരിശുദ്ധ മറിയമായിരുന്നു എന്ന സത്യം തങ്ങളുടെ നുണപ്രചരണത്തിനായി ഇവര്‍ സൗകര്യപൂര്‍വ്വം മറന്നു. ആദ്യനൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങളെ സഭയുടെ രേഖകളായി അവഗണിച്ചാല്‍പോലും വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോപോളൊയുടെ (1254-1324) സാക്ഷ്യങ്ങള്‍ ഇവര്‍ക്കു നിഷേധിക്കാനാവില്ല. തമിഴ്‌നാടിന്റെ കിഴക്കേ തീരത്ത് ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ ഖബറിടം കണ്ടതായും ശ്ലീഹാ മരിച്ചുവീണ സ്ഥലത്തെ ചുവന്ന മണ്ണ് വിശ്വാസികള്‍ രോഗശാന്തിക്കായി ഉപയോഗിച്ചിരുന്നതായും മാര്‍ക്കോപോളോ സാക്ഷ്യപ്പെടുത്തുന്നുണ്ട് (Travells of Marcopolo, p. 284).വാസ്‌ഗോഡിഗാമ കേരളത്തിലെത്തിയപ്പോള്‍ ജൂലൈ മൂന്ന് തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളായി തദ്ദേശീയ ക്രൈസ്തവര്‍ ആഘോഷിച്ചിരുന്നതായി മനസ്സിലാക്കി എന്നതിന് ചരിത്ര സാക്ഷ്യങ്ങളുണ്ട് (Bernard Thoma: Brief Sketch of St. Thomas Christians, p. 138).
തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് തെളിവുകളില്ല എന്നു വാദിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരോ ഈ വിഷയത്തില്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തവരോ ആണ്. ക്രിസ്തുവര്‍ഷം 200-ല്‍ രചിക്കപ്പെട്ട ശ്ലീഹന്മാരുടെ പ്രബോധനം”എന്ന ഗ്രന്ഥത്തില്‍ തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിത പ്രവര്‍ത്തനം പരാമര്‍ശിക്കുന്നുണ്ട്. എദേസായിലെ വി. എഫ്രേമിന്റെ (എ.ഡി. 306-378) രചനകളില്‍ തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും വിവരിക്കുന്നതോടൊപ്പം ശ്ലീഹായുടെ തിരുശ്ശേഷിപ്പുകളെക്കുറിച്ചും പറയുന്നുണ്ട് (Sancti Eporaem Syri Hymni, IV. col. 693þ-708). വി. ഗ്രിഗറി നസിയാന്‍സന്റെ (324-390) ആര്യന്മാര്‍ക്കെതിരെയുള്ള പ്രഭാഷണ ഗ്രന്ഥത്തിലും (23:11) ശ്ലീഹായുടെ ഭാരതാഗമനം പരാമര്‍ശിക്കുന്നു.
തീബന്‍ പണ്ഡിതനായ ഒരു അജ്ഞാത ഗ്രന്ഥകാരന്റെ De Moribus Brahmanorum എന്ന ഗ്രീക്ക് ഗ്രന്ഥം ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്ത വി. അംബ്രോസ് (ഏ.ഡി 333-397) പ്രസ്തുത ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വി. തോമാശ്ലീഹാ തെക്കെ ഇന്ത്യയിലെ മുസ്സീരീസ് തുറമുഖത്ത് വന്ന് സുവിശേഷമറിയിച്ചതായി വ്യക്തമാക്കുന്നുണ്ട് (PL 17. 1169).. വിഖ്യാത പണ്ഡിതനായ വിശുദ്ധ ജറോമിന്റെ രചനകളില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് ദക്ഷിണേന്ത്യയിലും തോമാശ്ലീഹാ നടത്തുന്ന പ്രേഷിത പ്രവൃത്തികള്‍ വിവരിക്കുന്നുണ്ട് (Epist. 125, PL 22, 1073-þ1074).
സഭാപിതാവായ യൗസേബിയൂസിന്റെ രചനകളില്‍ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഭാരതത്തില്‍ പര്യടനം നടത്തിയ പന്തേനൂസിന്റെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വി. മത്തായിയുടെ സുവിശേഷത്തിന്റെ ഹീബ്രു മൂലകൃതി സൂക്ഷിച്ചിരുന്ന ഒരു ക്രൈസ്തവ സമൂഹത്തെ ഭാരതത്തില്‍ കണ്ടതായാണ് യൗസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നത് (Hist. Eccl. 10.2-þ3). . എ.ഡി. 325 ല്‍ നടന്ന നിഖ്യാ സൂനഹദോസിന്റെ ഇന്ത്യയില്‍ നിന്നുള്ള ഒരു യോഹന്നാന്‍ മെത്രാന്‍ പങ്കെടുത്തതായുള്ള സാക്ഷ്യവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. മെഡിറ്ററേനിയന്‍ തീരത്തെ ചൈനയെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കരമാര്‍ഗ്ഗമുണ്ടായിരുന്ന സില്‍ക്ക് റൂട്ടിന് സമാന്തരമായി കടല്‍മാര്‍ഗം ഒരു മണ്‍സൂണ്‍ റൂട്ട്” ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പന്തേനൂസ് ഇന്ത്യയില്‍ കണ്ടതായി പറയപ്പെടുന്ന അരമായ ഭാഷയിലെ (ഹീബ്രു ലിപിയില്‍) സുവിശേഷം അരമായനായ ഒരു ക്രിസ്തുശിഷ്യന്റെ പ്രേഷിത പ്രവര്‍ത്തനംമൂലം സംഭവിച്ചതാണെന്ന് ന്യായമായും അനുമാനിക്കാം. ഭൗമശാസ്ത്രജ്ഞനായിരുന്ന സെവിലി യിലെ ഇസിഡോര്‍ എ.ഡി. 638-ല്‍ രചിച്ച ഗ്രന്ഥത്തില്‍ (De Ortu et Obitu Patrum) തോമാശ്ലീഹാ പാര്‍ത്തിയായിലും പേര്‍ഷ്യയിലും തുടര്‍ന്ന് ഇന്ത്യയിലും സുവിശേഷം പ്രസംഗിച്ചതായും ഇന്ത്യയിലെ കലാമിനാ (മദ്രാസ്) നഗരത്തില്‍വച്ച് കുന്തത്താല്‍ കുത്തിക്കൊല്ലപ്പെട്ടതായും രേഖപ്പെടുത്തുന്നുണ്ട് (ജഘ 83,152).
ബ്രാഹ്മണ പാരമ്പര്യം
തോമാശ്ലീഹായുടെ കേരള പ്രേഷിതത്വത്തെ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണം തോമാശ്ലീഹാ ബ്രാഹ്മണരെ സ്‌നാനപ്പെടുത്തി എന്ന വാദത്തിന്റെ നിരര്‍ത്ഥകതയാണ്. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകത്തില്‍ കേരളത്തില്‍ ബ്രാഹ്മണര്‍ ഇല്ലായിരുന്നു എന്നതിനാല്‍ തോമാശ്ലീഹാ ബ്രാഹ്മണരെ സ്‌നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി എന്നത് അബദ്ധമാണ് എന്നതാണ് ഇവരുടെ വാദത്തിന്റെ പൊരുള്‍.
എ.ഡി. ഏഴാം നൂറ്റാണ്ടോടെയാണ് കേരളത്തിലേയ്ക്ക് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായത് എന്ന നിഗമനമാണ് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ അവതരിപ്പിക്കുന്നത് (Manual of Malabar, vol. I. p. 275). ഈ വാദത്തിന് ഉപോദ്ബലകമായി ലോഗന്‍ ചൂണ്ടിക്കാട്ടുന്നത് ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങിന്റെ (629-645) യാത്രാവിവരണത്തില്‍ കേരളത്തിലെ ബ്രാഹ്മണരെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല എന്നതാണ്. എന്നാല്‍, ലോഗന്റെ വാദത്തെ കെ.പി. പദ്മനാഭമേനോന്‍ തന്റെ കേരള ചരിതത്തില്‍ ഖണ്ഡിക്കുന്നുണ്ട്. ഹ്യുയാന്‍സാങ് സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ബ്രാഹ്മണ സ്വാധീനം കുറവായിരുന്നു എന്നതില്‍ കവിഞ്ഞ നിഗമനങ്ങള്‍ നടത്തിയതില്‍ ലോഗന് തെറ്റുപറ്റിയെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത് (ഒശേെീൃ്യ ീള ഗലൃമഹമ, ഢീഹ. ക, ു. 42-43). ശ്രീധരമേനോന്റെ കേരളചരിത്രവും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്.
ഉത്തരേന്ത്യയിലെ ഗുപ്താ ഭരണകാലത്തിന്റെ (എ.ഡി. 240-590) ആരംഭത്തിനു മുന്‍പേ തെക്കേ ഇന്ത്യയിലേക്ക് ആര്യന്മാരുടെ സംഘടിത കുടിയേറ്റങ്ങള്‍ നടന്നിരുന്നതായി ശ്രീധരമേനോനും കേരളചരിത്ര നിഘണ്ടു രചിച്ച പ്രഫ. എസ്.കെ. വസന്തനും സമര്‍ത്ഥിക്കുന്നുണ്ട്. പി.കെ. ബാലകൃഷ്ണന്‍ രചിച്ച ജാതിവ്യവസ്ഥയും കേരളവും എന്ന ഗ്രന്ഥത്തില്‍ കേരളത്തിലേക്കുള്ള നമ്പൂതിരിമാരുടെ കുടിയേറ്റം ചെറുതും വലുതുമായ സംഘങ്ങളായി അനേകം നൂറ്റാണ്ടുകള്‍കൊണ്ട് സംഭവിച്ചതാണെന്ന് നിരീക്ഷിക്കുന്നുണ്ട്.
മിലാനിലെ അംബ്രോസിന്റെ (333-397) വിവര്‍ത്തന കൃതിയായ ബ്രാഹ്മണരുടെ ചര്യകള്‍-(De Moribus Brachmanorum) എന്ന കൃതിയില്‍ മുസീരിസ് തുറമുഖത്തോടനുബന്ധിച്ച് വസിച്ചിരുന്ന ബ്രാഹ്മണ സമൂഹങ്ങളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. ടിയാനായിലെ അപ്പോളോണിയൂസിന്റെ ഇന്ത്യയിലേക്കുള്ള യാത്രാവിവരണത്തില്‍ ഫിസോണ്‍ നദി (ഗംഗ) തടത്തിലും തെക്കെ ഇന്ത്യയിലെ മൂസീരിസിലുമുള്ള ബ്രാഹ്മണരുടെ ഇടയില്‍ തോമാശ്ലീഹാ സുവിശേഷമറിയിച്ചതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശുദ്ധ ജറോം (342-420) ഈ യാത്രാവിവരണം പരാമര്‍ശിക്കുന്നുണ്ട് (ജഘ 14-1143). എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നു എന്നു കരുതാന്‍ ഒട്ടേറെ തെളിവുകള്‍ ഉണ്ടെന്നു സാരം. മറിച്ച് തെളിയിക്കാന്‍ യാതൊരു ചരിത്ര രേഖയും നിലവിലില്ല എന്നതാണ് സത്യം. ജാതിയില്‍ മേല്‍ക്കോയ്മ അവകാശപ്പെടുന്ന സംഘടിത ശക്തിയായി ബ്രാഹ്മണ സമൂഹം കേരളത്തില്‍ സ്വാധീനമുറപ്പിച്ചത് നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാകാനാണ് സാധ്യത. ആദ്യ ശതകത്തില്‍ കേരളത്തിലുണ്ടായിരുന്ന ബ്രാഹ്മണര്‍ ജാതിചിന്ത കൂടാതെ ഈ നാട്ടിലെ സംസ്‌കാരവുമായി ഇണങ്ങി ജീവിച്ചിരിക്കാനാണ് സാധ്യത.
തോമാശ്ലീഹാ കേരളത്തില്‍വന്ന് ഉന്നതകുലജാതന്മാരായ ബ്രാഹ്മണരെ മാത്രമാണ് മാനസാന്തരപ്പെടുത്തിയത് എന്ന വാദം കേരളത്തിലെ ചില സുറിയാനിക്കാരുടെ ജാതിബോധത്തില്‍നിന്നുത്ഭവിച്ച അനാവശ്യവും അടിസ്ഥാനമില്ലാത്തതുമായ അവകാശവാദമാണ്. പുരാതനമായ റമ്പാന്‍ പാട്ടില്‍ തോമാശ്ലീഹാ 6850 ബ്രാഹ്മണരെയും 2590 ക്ഷത്രിയരെയും 3730 വൈശ്യരെയും 4280 ശൂദ്രരെയും ക്രിസ്ത്യാനികളാക്കി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതായത്, മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ മുഴുവന്‍ ആദ്യ നൂറ്റാണ്ടിലെ ബ്രാഹ്മണരുടെ പിന്‍ഗാമികളാണെന്ന വാദത്തില്‍ കാര്യമായ കഴമ്പൊന്നുമില്ല. തോമാശ്ലീഹാ കേരളത്തില്‍വന്നപ്പോള്‍ ഇവിടെയുണ്ടായിരുന്ന നാനാജാതി മതസ്ഥരെയും സുവിശേഷമറിയിച്ച് സ്‌നാനപ്പെടുത്തി എന്ന് അനുമാനിക്കുന്നതാണ് കൂടുതല്‍ ശരി. അക്കൂട്ടത്തിൽ ബ്രാഹ്മണർ ഉണ്ടാകാനും, ബ്രാഹ്മണ കുടുംബങ്ങൾ വൈദിക വൃത്തിയിലേക്ക് വന്നിരിക്കാൻ ഉള്ള സാധ്യതകൾ പാടെ തള്ളിക്കളയാൻ സാധിക്കുകയില്ല എന്ന് മാത്രം..
ഗുണ്ടഫര്‍ എന്ന രാജാവ്
തോമാസംഹിത എന്നറിയപ്പെടുന്ന ഗ്രന്ഥത്രയങ്ങളാണ് (തോമായുടെ നടപടി, തോമാ രചിച്ച ശൈശവ സുവിശേഷം, തോമായുടെ സുവിശേഷം) തോമാശ്ലീഹായെക്കുറിച്ച് അറിയാനുള്ള ഉറവിടങ്ങള്‍.ഇവയില്‍ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രചിക്കപ്പെട്ട 'തോമായുടെ നടപടികള്‍'”എന്ന ഗ്രന്ഥം തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെക്കുറിച്ച് നല്‍കുന്ന വിവരണം ഭാവാത്മകമാണ്: തന്റെ ഉത്ഥാനാനന്തരം ശ്ലീഹന്മാരെ അയക്കേണ്ട സ്ഥലങ്ങള്‍ ക്രിസ്തു നറുക്കെടുപ്പിലൂടെ നിശ്ചയിച്ചപ്പോള്‍ തോമായ്ക്ക് ഭാരത നാടാണ് ലഭിച്ചതത്രേ. വിദൂര ദേശമായ ഭാരതത്തിലേക്ക് പോകാന്‍ വിസമ്മതിച്ച തോമസിനെ ക്രിസ്തു, ഗുണ്ടഫര്‍ (ഗുണ്ടഫോറസ്) രാജാവിന്റെ കാര്യസ്ഥനായിരുന്ന ഹാബ്ബാനെ ഏല്‍പിച്ചു. ഗുണ്ടഫറിന്റെ കല്‍പനപ്രകാരം വിദഗ്ധ ശില്‍പിയെ തേടിയാണ് ഹബ്ബാന്‍ പാലസ്തീനായിലെത്തിയത്. ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന ഗുണ്ടഫര്‍ രാജാവ് ഒരു ചരിത്ര പുരുഷനായിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ലഭ്യമാണ്.
ഏ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ രാജാവായ ഗുണ്ടഫറിന്റെയും അദ്ദേഹത്തിന്റെ സഹോദരന്‍ ഗാദിന്റെയും പേരിലുള്ള ശിലാലിഖിതങ്ങളും നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട് (M. Metzinger, Indo- Greek and Indo Scythian Coin Age, London, 1975) 1872 ല്‍ പെഷവാറിനടുത്തുള്ള തക്ത്-ഇ-ബാഹിയില്‍ നിന്ന് ഡോ. ബെല്ലോ കണ്ടെത്തിയ ശിലാലിഖിതമനുസരിച്ച് എ.ഡി. 46-ാമാണ്ട് ഇന്തേ-പാര്‍ത്തിയന്‍ രാജവംശത്തിലെ പ്രഗത്ഭനായ രാജാവായിരുന്ന ഗൊണ്ടഫോറസ് എന്ന് ചരിത്രകാരന്മാര്‍ തെളിയിച്ചിട്ടുണ്ട്. എ.ഡി. 20 മുതല്‍ 50 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഗൊണ്ടഫോറസിന്റെ മരണശേഷമാകാം തോമാശ്ശീഹാ കേരളത്തിലേക്കുതിരിച്ചത്.
അലക്‌സാണ്ടറുടെ കാലംമുതല്‍ ഇന്ത്യയുമായി മെഡിറ്ററേനിയന്‍ പ്രദേശത്തിനുള്ള വ്യാപാരബന്ധവും ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തോമാശ്ലീഹാ, മുമ്പു സൂചിപ്പിച്ച സില്‍ക്ക് റൂട്ടുവഴിയോ മണ്‍സൂണ്‍ റൂട്ടിലൂടെയോ ആദ്യം ഉത്തരേന്ത്യയില്‍ (ഗുജറാത്തുതീരത്തെ ബറൂച്ചി തുറമുഖം) എത്തുകയും അവിടുത്തെ ഏതാനും വര്‍ഷത്തെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കടല്‍മാര്‍ഗം മുസീരിസ്സിലെത്തി വചനപ്രഘോഷണം തുടര്‍ന്നു എന്ന നിഗമനമാണ് വസ്തുതാപരം.തോമാശ്ലീഹായുടെ ഉത്തരേന്ത്യയിലെ പശ്ചിമ തീരങ്ങളിലെ മിഷന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് ബെനഡിക്ട് പാപ്പ 2006 സെപ്തംബര്‍ 27 നു നല്‍കിയ സന്ദേശം ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.
ഏഴരപ്പള്ളികള്‍
തോമാശ്ലീഹ പള്ളിയോ ഏഴരപ്പള്ളികളോ കുരിശോ സ്ഥാപിച്ചു എന്ന വാദം ചരിത്രപരമായി നിലനില്‍ക്കുന്നതല്ല എന്ന വാദത്തില്‍ ചില വസ്തുതകളുണ്ട്. ശ്ലീഹായുടെ കാലത്ത് ദൈവാലയ നിര്‍മ്മിതിയോ കുരിശിനെ ആരാധിക്കുന്ന പതിവോ രൂപപ്പെട്ടിരുന്നില്ല എന്നത് സത്യമാണ്. എന്നാല്‍, ക്രിസ്തു കല്‍പിച്ചതുപോലെയും ഇതരശിഷ്യന്മാര്‍ ചെയ്തതുപോലെയും തോമാശ്ലീഹായും സുവിശേഷത്തില്‍ വിശ്വസിച്ച് സ്‌നാനപ്പെട്ടവരെ സഭാസമൂഹങ്ങളാക്കി രൂപപ്പെടുത്തി എന്നു കരുതാന്‍ എല്ലാ സാംഗത്യവുമുണ്ട്.
തോമാശ്ലീഹായുടെ പള്ളികളായി പരാമര്‍ശിക്കുന്നവയെ തോമാശ്ലീഹാ സ്ഥാപിച്ച സഭാസമൂഹങ്ങളായി കരുതാം. ആദിമ നൂറ്റാണ്ടില്‍ കേരളത്തിലെ ആരാധനാ സ്ഥലങ്ങള്‍ മരപ്പലകകള്‍ക്കൊണ്ടുള്ള അറകളായാണ് നിര്‍മ്മിച്ചിരുന്നത് എന്നതിനാല്‍ ഏഴരപ്പള്ളി എന്നത് 'ഏഴറപ്പള്ളി'”എന്നു കരുതുന്നതാവും കൂടുതല്‍ വസ്തുതാപരം എന്ന രാജന്‍ ഗുരുക്കളുടെ വാദം അംഗീകരിക്കുന്നതില്‍ തെറ്റില്ല.
തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തിനുള്ള ഏറ്റവും സജീവസാക്ഷ്യം മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്ന പേരില്‍ ഒരു ക്രൈസ്തവ സമൂഹം ആദ്യനൂറ്റാണ്ടു മുതല്‍ നിലനിന്നു എന്നതാണ്. ബി.സി പത്താം നൂറ്റാണ്ടു മുതല്‍ പലസ്തീനായും തെക്കേ ഇന്ത്യയും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധങ്ങള്‍മൂലം യഹൂദ കോളനികള്‍ ഇവിടെ രൂപപ്പെട്ടിരുന്നു. ആദ്യം യഹൂദ കോളനികളില്‍ സുവിശേഷ പ്രഘോഷണം നടത്തിയ തോമാശ്ലീഹാ തുടര്‍ന്ന് തദ്ദേശീയര്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തി സ്‌നാനം നല്‍കുകയായിരുന്നു.
മുമ്പു സൂചിപ്പിച്ചതുപോലെ ഏ.ഡി 190 ല്‍ ഭാരതം സന്ദര്‍ശിച്ച പന്തേനൂസ് സാക്ഷ്യപ്പെടുത്തുന്ന 'ഭാരത ക്രിസ്ത്യാനികള്‍'” മാര്‍ത്തോമാ ക്രിസ്ത്യാനികളാണ് എന്നു കരുതുന്നതില്‍ തെറ്റില്ല. മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം എന്ന ജീവിതചര്യ അനുഷ്ഠിച്ചിരുന്ന ഈ സമൂഹത്തിന്റെ കലാസാഹിത്യ സൃഷ്ടികളില്‍ മാര്‍ത്തോമ്മായുടെ ഭാരത പ്രേഷിതത്വമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. മാര്‍ഗ്ഗംകളി, പരിചമുട്ടുകളി, റമ്പാന്‍ പാട്ട്, വീരടിയന്‍ പാട്ട്, തോമ്മാപര്‍വ്വം എന്നിവയെല്ലാം ദൃഷ്ടാന്തങ്ങളാണ്.
മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടമാണ് തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിനുള്ള ശക്തമായ തെളിവ്. മൂന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്ര രേഖകളില്‍ ശ്ലീഹായുടെ കബറിടം തെക്കെ ഇന്ത്യയിലാണ് എന്നു വ്യക്തമായ സാക്ഷ്യങ്ങളുണ്ട്. പൗളിനോ ദെസാന്‍ ബര്‍ത്തലോമിയായുടെ രചനയില്‍(Viaggio alle Indie Orientali) ഈ കബറിടത്തെക്കുറിച്ചുള്ള വിശ്വാസസാക്ഷ്യങ്ങള്‍ ലഭ്യമാണ്. ആഗോളതലത്തില്‍ മൂന്ന് ബസിലിക്കാ ദൈവാലയങ്ങള്‍ മാത്രമാണ് അപ്പസ്‌തോലന്മാരുടെ കബറിടങ്ങള്‍ക്കു മുകളില്‍ നിര്‍മ്മിക്കപ്പെട്ടതായി സഭ അംഗീകരിച്ചിട്ടുള്ളത്: റോമിലെ വി. പത്രോസിന്റെ ബസിലിക്ക, സാന്തിയാഗോയിലെ യാക്കോബ് ശ്ലീഹായുടെ ബസിലിക്കാ, മൈലാപ്പൂരിലെ സാന്തോം ബസിലിക്കാ. തോമാശ്ശീഹായുടെ കബറിടത്തെക്കുറിച്ച് സഭ നല്‍കുന്ന ആധികാരിക സാക്ഷ്യമായി സാന്തോം ബസിലിക്കായ്ക്ക് നല്‍കിയ അംഗീകാരത്തെ മനസിലാക്കാം. പത്രോസിന്റെയും പൗലോസിന്റെയും കബറിടംപോലെ പ്രസിദ്ധമാണ് മൈലാപ്പൂരിലെ തോമാശ്ലീഹായുടെ കബറിടം എന്ന് ക്രിസോസ്‌തോം സാക്ഷ്യപ്പെടുത്തുന്നുണ്ട് (PL 71, Col. 733).
എ.ഡി. 883 ല്‍ ഇംഗ്ലണ്ടിലെ രാജാവായ ആല്‍ഫ്രഡ് ഇന്ത്യയിലെ തോമാശ്ലീഹായുടെ ക ബറിടത്തിലേക്ക് കാഴ്ചദ്രവ്യങ്ങള്‍ കൊടുത്തയച്ചതായി ആംഗ്ലോ സാക്‌സന്‍ ക്രോണിക്കിള്‍ രേഖപ്പെടുത്തുന്നുണ്ട്(cfr. A. Medilycott, India and Apostle Thomas, p. 101). ഒമ്പതാം നൂറ്റാണ്ടില്‍ അറേബ്യയില്‍നിന്നെത്തിയ മുസ്ലീം സഞ്ചാരികള്‍ മാര്‍ത്തോമ്മായുടെ കബറിടം സ്ഥിതിചെയ്തിരുന്ന മൈലാപ്പൂരിനെ ബേസ് തോമാ(തോമായുടെ ഭവനം) എന്നാണ് വിശേഷിപ്പിച്ചിരുന്നത് (J. Assemal, Bible. Orient. 3-þ1.106). ആദ്യ സഹസ്രാബ്ദം മുതലേ മൈലാപ്പൂരിലെ തോമ്മായുടെ കബറിടം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നതായി ഈ ചരിത്ര രേഖകള്‍ നല്‍കുന്ന സാക്ഷ്യം മതിയാകും. അതിനാല്‍ ശ്ലീഹയുടെ ചരിത്രപരതയുടെ നേര്‍സാക്ഷ്യം മൈലാപ്പൂരിലെ ഈ കബറിട ദൈവാലയമാണ്.
ചുരുക്കത്തില്‍ ചരിത്രത്തെ തുറന്ന മനസോടെ സമീപിക്കുന്ന ആര്‍ക്കും തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വമോ കേരള പ്രേഷിതത്വമോ നിഷേധിക്കാനാവില്ല. ഒന്നാം നൂറ്റണ്ടിലെ കേരളത്തിന്റെ ചരിത്ര വാണിജ്യ പശ്ചാത്തലവും ഒന്നാം നൂറ്റാണ്ടുമുതല്‍ നിലവിലുള്ള മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും തോമാശ്ശീഹായുടെ ഭാരതപ്രേഷിതത്വത്തിനുള്ള സാക്ഷ്യങ്ങളാണ്. മുസീരിസില്‍ കപ്പലിറങ്ങുന്നതിനു മുന്‍പ് ഏതാനും വര്‍ഷങ്ങള്‍ ഗുജറാത്തു തീരത്തെ ബറൂച്ച് തുറമുഖം വഴി ഉത്തരേന്ത്യയിലെത്തിയ തോമാശ്ശീഹ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം പ്രസംഗിച്ച ശേഷമാണ് കേരളത്തിലെത്തിയത്.
(കടപ്പാട്: സണ്‍ഡേശാലോം മാർ ജോസഫ് പാംപ്ലാനി, റവ ഡോക്ടർ സേവ്യർ കൂടപ്പുഴ)
St. Thomas St. Thomas tradition St. Thomas in Kerala Mar Thoma Bishop Joseph Pamplany & Rev. Dr. Xavier Koodappuzha Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206