We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Paul Pallath On 07-Feb-2021
ഈസ്റ്റ് ഇന്‍ഡീസ് (East Indies) എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥകാലങ്ങളിലും സാഹചര്യങ്ങളിലുമാണ് ലത്തീന്‍സഭ ഉടലെടുത്തതെന്ന വസ്തുത ആദ്യമേ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഓരോ പ്രദേശങ്ങളിലും നടന്ന മിഷനറി പ്രവര്‍ത്ത നങ്ങളെപറ്റിയും സുവിശേഷവത്കരണ പ്രക്രിയ യെപ്പറ്റിയും ഇവിടെ പ്രതിപാദിക്കുക സാദ്ധ്യമല്ല. ഭാരതത്തിലെ ലത്തീന്‍ സഭയുടെ ആദ്യ ഉറവിടങ്ങളെ പരിഗണനാവിഷയമാക്കിയശേഷം അതിന്‍റെ വളര്‍ച്ചയുടെ പൊതുവായ ഒരുചിത്രം നല്കാന്‍ മാത്രമേ ഇവിടെ ഉദ്ദേശമുള്ളൂ. പോര്‍ച്ചുഗീസ് പദ്രൊ വാദോ (portugese padroado), റോമന്‍ തിരുസംഘമായ പ്രൊപ്പഗാന്ത ഫീദേ (Propaganda Fide) എന്നീ സ്ഥാപനങ്ങളുമായി അഭേദ്യം ബന്ധപ്പെട്ട താണ് ഭാരതത്തിലെ ലത്തീന്‍സഭയുടെ ചരിത്രം. തന്മൂ ലം ഈ രണ്ടു മിഷനറി ഏജന്‍സികളുടെ സ്വഭാവം, പ്രവര്‍ത്തനശൈലി എന്നിവയും അവതമ്മിലുള്ള പരസ്പര ഇട പെടലുകളും അധികാരവടംവലികളും വ്യക്തമാക്കുക ആവശ്യമാണ്. കാരണം ഈ സ്ഥാപനങ്ങളെ ശരിക്കു മനസ്സിലാക്കാതെ ഭാരതത്തിലെ ലത്തീന്‍സഭയുടെ ഉത്ഭവവും പുരോഗതിയും മനസ്സിലാക്കാന്‍ കഴിയുകയില്ല. തുടര്‍ന്ന് പ്രൊപ്പഗാന്താ ഫീദേയുടെ കീഴില്‍ ഇന്ത്യയിലെ ലത്തീന്‍ ഹയരാക്കിസ്ഥാപിതമായ പശ്ചാത്ത ലവും സാഹചര്യങ്ങളും ചുരുക്കമായി വിശകലനം ചെയ്തശേഷം നാളിതുവരെയുള്ള ഭാരതലത്തീന്‍ സഭയുടെ പുരേഗതിയെ നാം പരിഗണനാ വിഷയമാക്കും.
1 പോര്‍ച്ചുഗീസ് സംരക്ഷണാധികാരവും (Patronage) ഭാരതത്തിലെ ലത്തീന്‍സഭയുടെ ഉത്ഭവവും
പോര്‍ച്ചുഗീസ് സംരക്ഷണാധികാരം നിലവില്‍ വന്നത് 15-ാം നൂറ്റാണ്ടിലാണ് 15-ാം നൂറ്റാണ്ടിന്‍റെ ആരംഭം മുതലുള്ള ചില പേപ്പല്‍ രേഖകളില്‍ ഇതിനെക്കുറിച്ചുള്ള ചില സൂചനകള്‍ കാണാമെങ്കിലും നിക്കൊളാസ് അഞ്ചാമന്‍ മാര്‍പ്പാപ്പയുടെ കാലത്താണ് (1447-1455) ഇതിന് സഭാപരമായ സാഘോഷ സ്ഥിരീകരണം ലഭിക്കുന്നത്. 1452 ല്‍ ജൂണ്‍ 18 ന് അദ്ദേഹം പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍വഴി, അവിശ്വാസികളുടെ എല്ലാ രാജ്യങ്ങളെയും പ്രദേശങ്ങളെയും ആക്രമിച്ചു കീഴടക്കാനും സ്വന്തം അധീനതയിലാക്കാനും, കത്തോലിക്കാ വിശ്വാസത്തിന്‍റെ വിജയത്തിന്‍റെ അടയാളമെന്ന നിലയില്‍ ഈ ജനതകളെയെല്ലാം ശാശ്വതമായ അധീനതയില്‍ നിലനിറുത്താനും പോര്‍ച്ചുഗല്‍ രാജാവിനും അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കും പാപ്പാ സമ്പൂര്‍ണ്ണ അധികാരം നല്കി.1 നിക്കൊളാസ് V-ാം മന്‍ മാര്‍പ്പാപ്പയുടെതന്നെ "Romanus Pontifix" എന്ന ബൂളയും കലിസ്റ്റസ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ (1455-1458) "Inter Caetera" എന്ന ബൂളയും ഈ സംരക്ഷണാധികാരത്തിന് സഭയെ സംബന്ധിച്ചുള്ള നിശ്ചിതമായ അര്‍ത്ഥം എന്തെന്നു വ്യക്ത മാക്കി. വാസ്തവത്തില്‍, കീഴടക്കിക്കഴിഞ്ഞതും കീഴടക്കാനി രിക്കുന്നതുമായ എല്ലാ രാജ്യങ്ങളുടേയുംമേല്‍ സഭാത്മക അധികാരം (Ecclesiastical Juridiction) പോര്‍ച്ചുഗല്‍ രാജാക്കന്മാര്‍ക്ക് ഈ മാര്‍പ്പാപ്പമാര്‍ നല്കി.2 സിക്സ്റ്റസ് നാലാമന്‍ മാര്‍പ്പാപ്പ (1471-1484) 1481 ജൂണ്‍ 21-ാം തിയ്യതി പുറപ്പെടുവിച്ച "Aeterma Regis" എന്ന ബൂളയില്‍, ബോജദോര്‍ (Bojador), നാം (Name) മുനമ്പുകള്‍ മുതല്‍ ഇഡീസ് (Indies) വരെയുള്ള പ്രദേശങ്ങളുടെമേല്‍ പോര്‍ച്ചുഗല്‍ രാജാവിനുള്ള സാധാരണ സഭാത്മകാധികാരം സംശയാതീതമാം വിധം ഉറപ്പിച്ചു പ്രഖ്യാപിച്ചു. പള്ളികള്‍ തുടങ്ങാനും ആശ്രമങ്ങള്‍ സ്ഥാപിക്കാനും മറ്റു സഭാ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും ശ്രുശ്രൂഷികളെ നിയമിക്കാനും മറ്റുമുള്ള അവകാശവും പോര്‍ച്ചുഗീസ് ഭരണാധികള്‍ക്കു നല്കപ്പെട്ട ആത്മീയധികാരത്തിന്‍റെ ഭാഗമായിരുന്നു.3
പോര്‍ച്ചുഗല്‍ രാജാവായിരുന്ന ഡിനിസ്(Dimiz) 1317ല്‍ സ്ഥാപിക്കുകയും 1319 മാര്‍ച്ച് 15-ാം തിയ്യതി ജോണ്‍ ഇരുപത്തി രണ്ടാമന്‍ മാര്‍പ്പാപ്പ അംഗീകരിക്കുകയും ചെയ്ത ക്രിസ്തുവിന്‍റെ സൈനിക സന്യാസ സമൂഹത്തിന്‍റെ (Militiae Jesu Christi ) തലവന്‍ (Grand Master) ആയിരുന്നു ഈ അധികാരം ആരംഭത്തില്‍ കൈകാര്യം ചെയ്തിരുന്നത്. ഈ സൈനിക സന്യാസ സമൂഹ ത്തിന്‍റെ ആസ്ഥാനം തോമാര്‍ (Tomar) ആയിരുന്നു. എമ്മാനുവല്‍ ഒന്നാമന്‍ രാജാവിന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച് ലെയോ പത്താമന്‍ മാര്‍പ്പാപ്പ (1513-1521) 1514 ജൂണ്‍ 7-ാം തിയതി Dum Fidei എന്ന ബൂളവഴി ഈ അധികാരം നേരിട്ടു കൈകാര്യം ചെയ്യാനുള്ള അവകാശം രാജാവിനും അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കും നല്കി.4 ഇതോടെ, കീഴടക്കിക്കഴിഞ്ഞതും കീഴടക്കാനിരിക്കുന്നതുമായ എല്ലാ പോര്‍ട്ടുഗീസ് പ്രദേശങ്ങളുടെ മേലും പോര്‍ച്ചുഗല്‍ രാജാവ് സഭാപരമായ അധികാരം (Ecclesiastical Jurisdiction) നടപ്പിലാക്കാന്‍ തുടങ്ങി.
ഈ അവകാശാധികാരങ്ങളുടെ പരിണിതഫലങ്ങള്‍ വലുതാ യിരുന്നു. ഇതുവഴി ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോര്‍ച്ചുഗലിന് മതാത്മകമായ ഒരുതരം കുത്തവകാശം കൈവന്നു. പോച്ചുഗ ലിനാല്‍ അയക്കപ്പെടാത്ത, മറ്റുരാജ്യങ്ങളില്‍നിന്നുള്ള, മിഷനറി മാര്‍ക്ക് ഈ പ്രദേശങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള മിഷനറിമാര്‍ പോര്‍ച്ചുഗല്ലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ നിന്ന് കപ്പല്‍ കയറ ണമെന്ന വ്യവസ്ഥപോലും ക്ലെമന്‍റ് എട്ടാമന്‍ മാര്‍പ്പാപ്പ (1592-1605) അംഗീകരിച്ചു കൊടുത്തു. അമേരിക്കയില്‍ നിന്നോ ഫിലിപ്പിന്‍സില്‍ നിന്നോ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളിലേക്കു നേരിട്ടു പ്രവേശിക്കാന്‍ ശ്രമിക്കുന്ന മിഷനറിമാരെ സഭയില്‍ നിന്നു പുറത്താ ക്കാനുള്ള മുന്‍ കരുതലുകള്‍ വരെ ചെയ്തിരുന്നു.5 പില്ക്കാലത്ത് മിഷനറിമാര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സത്യ പ്രതിജ്ഞ ചെയ്യാന്‍ പോലും നിര്‍ബന്ധിക്കപ്പെട്ടു:
(1) പോര്‍ച്ചുഗിനാല്‍ കണ്ടുപിടിക്കപ്പെട്ടതോ കണ്ടുപിടിക്ക പ്പെടാനിരിക്കുന്നതോ ആയ എല്ലാ രാജ്യങ്ങളിലും പോര്‍ച്ചുഗലി നോടു വിശ്വസ്തത പുലര്‍ത്തുക.
(2) പോര്‍ച്ചുഗലിനെതിരെ ആരെങ്കിലും നടത്താനാലോചിക്കുന്ന രാഷ്ട്രീയമോ അല്ലാത്തതോ ആയ ഏതൊരു പ്രവര്‍ത്തിയെ ക്കുറിച്ചും ഭരണാധികാരികള്‍ക്കു മുന്നറിയിപ്പു നല്കുക.
(3) മാര്‍പ്പാപ്പമാര്‍ പോര്‍ച്ചുഗലിനു നല്കിയിട്ടുള്ള അവകാശ ങ്ങളെയും ഇളവുകളെയും സവിശേഷാധികാരങ്ങളെയും പിന്‍താങ്ങുക.
(4) രാജാവിന്‍റെ നാമനിര്‍ദ്ദേശത്തെ തുടര്‍ന്നുമാത്രം മാര്‍പ്പാപ്പ യാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പാത്രിയര്‍ക്കാമാര്‍, മെത്രാന്മാര്‍, സഭാമേലധികാരികള്‍ എന്നിവരെ അംഗീകരിക്കുക.
(5) പദ്രൊവാദോയുടെ അവകാശങ്ങള്‍ ഉള്‍കൊള്ളുന്ന എല്ലാ അപ്പസ്തോലിക ലേഖനങ്ങളും സ്വീകരിക്കുക.6
ചുരുക്കത്തില്‍, മിഷനറിമാരുടെ തെരെഞ്ഞെടുപ്പ്, യാത്ര, ജനതകളുടെ സുവിശേഷവത്കരണം, ക്രൈസ്തവവത്കരണം എന്നീ കാര്യങ്ങളിലെന്നപോലെ പള്ളികളുടെ പടുത്തുയര്‍ത്തല്‍ രൂപതകളുടെ സ്ഥാപനം എന്നിവയിലും മാര്‍പ്പാപ്പമാര്‍ പേര്‍ച്ചുഗലിന് അമിതമായ ആനുകൂല്യങ്ങളും കുത്തകാവകാശങ്ങളും നല്കി.
ചില പാശ്ചാത്യ മിഷനറിമാരുടെ ഒറ്റപ്പെട്ട സന്ദര്‍ശനങ്ങള്‍ 13-ാം നൂറ്റാണ്ടുമുതലേ നടന്നിട്ടുണ്ടെങ്കിലും ലത്തീന്‍ സഭയുടെ സംഘടിതമായ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് പോര്‍ച്ചുഗീസ് കോളനികളുടെ സ്ഥാപനത്തോടുകൂടെയാണ്.7 ഇന്ത്യയിലേക്കു ള്ള കപ്പല്‍മാര്‍ഗം കണ്ടുപിടിച്ച വാസ്കോഡഗാമ (Vasco da Gama) 1498 മെയ് 21-ാം തിയതി കോഴിക്കോട് തുറമുഖത്ത് എത്തിച്ചേരുന്ന തോടെ ഇന്ത്യയിലെ പോര്‍ച്ചുഗീസ് സംരംഭം ആരംഭിച്ചു. കോഴിക്കോടു രാജാവുമായി സൗഹൃദബന്ധങ്ങള്‍ സ്ഥാപിച്ചശേഷം അദ്ദേഹം ക്രാങ്കന്നൂര്‍ക്കു(Cranganore) പോവുകയും അവിടത്തെ രാജാവുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്തു. 1498 നവംബര്‍ 20-ാം തീയതി അദ്ദേഹം ക്രാങ്കന്നൂര്‍ വിടുകയും 1499 ജൂലായ് 10-ാം തിയതി ലിസ്ബങ്കില്‍ എത്തിച്ചേരുകയും ചെയ്തു. ഈ ആദ്യപര്യടനത്തിന്‍റെ ലക്ഷ്യം സുവിശേഷവത്കരണം ആയിരുന്നില്ല; പ്രത്യുത ഇന്ത്യയെ കണ്ടുപിടിക്കലും പോലുഗലിന്‍റെ വ്യാപാരവ്യവസായ താല്പര്യങ്ങളെ പരിപോഷിപ്പിക്കലുമായിരു ന്നു.8 വാസ്കോഡ ഗാമയെ തുടര്‍ന്ന് പേട്രോ അല്‍വാറസ് കബ്രാലും ( Pedro Alvarez Cabral) സംഘവും 1500 ഓഗസ്റ്റ് 30-ാം തിയതി കോഴിക്കോട്ട് എത്തിച്ചേര്‍ന്നു. എട്ട് ഫ്രാന്‍സിസ്കന്‍ സഹോദരന്മാരും ( Friars ) എട്ട് ചാപ്ലെയ്ന്‍മാരും ഒരു ചാപ്ലെയിന്‍ ജനറലും കബ്രാളിനെ അനുഗമിച്ചു. കബ്രാളിനോടൊപ്പം ഉണ്ടായിരുന്ന ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങള്‍ താമസിയാതെതന്നെ സുവിശേഷവേല ആരംഭിക്കുകയും നിരവധി ഹിന്ദുക്കളെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. കോഴിക്കോടു രാജാവുമായി ഉണ്ടായ ഒരു കലഹത്തെ തുടര്‍ന്ന് കബ്രാളും അദ്ദേഹത്തിന്‍റെ പടയാളികളും കൊച്ചിയിലേക്കു കപ്പല്‍ കയറി ഡിസംബര്‍ 24-ാം തിയതി അവിടെ എത്തി. ഉടന്‍തന്നെ മിഷനറിമാര്‍ അവരുടെ പ്രവര്‍ത്തനം കൊച്ചിയില്‍ ആരംഭിച്ചു. 1501 ല്‍ ജോസോ ദ നോവ (Joso da Nova) കബ്രാളിനെ പിന്‍തുടരുകയും കൂടുതല്‍ ഫ്രാന്‍സി സ്കല്‍ മിഷനറിമാരെ കൂടെ കൊണ്ടുവരികയും ചെയ്തു. സുവിശേ ഷവത്കരണ സൗകര്യാര്‍ത്ഥം അവരില്‍ കുറെപ്പേര്‍ കൊച്ചിയിലും ശേഷിച്ചവര്‍ ക്രാങ്കന്നൂരുമായി വാസമുറപ്പിച്ചു. 1502 ല്‍ നടന്ന വാസ്കോഡ ഗാമയുടെ രണ്ടാം ആഗമനവും 1503 ലെ ഫ്രാന്‍ചെസ്കോ അല്‍ബര്‍ക്വെര്‍ക്കിന്‍റെ (Francesco Alburguerue) വരവും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. ഈ കാലഘട്ടംമുതല്‍ ഒരു പോര്‍ച്ചുഗീസ് കപ്പല്‍ വ്യൂഹം (Fleet) വര്‍ഷം തോറും ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരുന്നു.
1503 ല്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ ഒരു കോട്ട നിര്‍മ്മിച്ചു. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ടയാണ് ഇത്. 1504 ല്‍ അവര്‍ ക്രാങ്കന്നൂര്‍ കൈവശപ്പെടുത്തുകയും പിന്നീട് അവിടെ ഒരു കോട്ട നിര്‍മ്മിക്കുകയും ചെയ്തു. 1513 ല്‍ കോഴിക്കോട്ടും ഒരു പോര്‍ച്ചുഗീസ് കോട്ട നിര്‍മ്മിക്കപ്പെട്ടു. പിന്നീട് 1531 ല്‍ അത് കോഴിക്കോടിന് അടുത്ത ഒരു പട്ടണമായ ചാലിയത്തേക്കുമാറ്റി. കേരളത്തിലെ പോര്‍ച്ചുഗീസ് പ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രവും 1503 മുതല്‍ 1530 ല്‍ ഗോവയിലേക്കു മാറ്റപ്പെടുന്നതുവരെ പോര്‍ച്ചു ഗീസ് വൈസ്റോയിയുടെ ആസ്ഥാനവും കൊച്ചി ആയിരുന്നു. അക്രൈസ്തവരുടെ മാനസാന്തരവും മിശ്രവിവാഹവും വഴി കൊച്ചിയിലും ക്രാങ്കന്നൂരും സമീപ പ്രദേശങ്ങളിലും ലത്തീന്‍ ക്രിസ്ത്യാനികളുടെ എണ്ണം കൃമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരു ന്നു. ജീവകാരുണ്യ സ്ഥാപനങ്ങളും സന്യാസശ്രമങ്ങളും പളളികളും നിര്‍മ്മിക്കപ്പെട്ടു. അങ്ങനെ മൂന്നു ദശകങ്ങളോളം പോര്‍ച്ചുഗീസ് ഭരണ കേന്ദ്രമായിരുന്ന കൊച്ചിയിലും ക്രങ്കന്നൂര്‍, കോഴിക്കോട്, കൊല്ലം തുങ്ങിയ മറ്റുസ്ഥലങ്ങളിലുമായി കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികളുടെ ആദ്യ ന്യൂക്ലിയസ് രൂപമെടുത്തു.
തമിഴ്നാട്ടിലെ മൈലാപ്പൂരിലേക്കുള്ള (Meliapore) പോര്‍ച്ചു ഗീസുകാരുടെ രേഖപ്പടുത്തപ്പെട്ട ആദ്യ സന്ദര്‍ശനം 1517 ല്‍ ആയിരുന്നു. ഈ കാലയളവുമുതല്‍ ശക്തമായ പോര്‍ച്ചുഗീസ് സാന്നിദ്ധ്യം കിഴക്കന്‍ തീരത്തു നിലവില്‍ വന്നു. അവിടുത്തെ കാര്യങ്ങള്‍ നോക്കാനായി ഒരു പ്രത്യേക ക്യാപ്റ്റന്‍ നിയമിക്കപ്പെടുക യും ചെയ്തു. ക്രമേണ മൈലാപ്പൂരിലും പരിസര പ്രദേശങ്ങളിലു മായി ഒരു പോര്‍ച്ചുഗീസ് കോളനി രൂപമെടുക്കുകയും ഒട്ടേറെ അക്രൈസ്ഥവര്‍ മാനസാന്തരപ്പെടുകയും ചെയ്തു. 1536/37 ല്‍ പേള്‍ ഫിഷനറി (Pearl Fishery) തീരത്ത് മുക്കുവരുടെ ഒരു കൂട്ടമാനസാ ന്തരം നടന്നു.9 ആയിരക്കണക്കിന് ആളുകള്‍ മാമ്മോദിസ സ്വീകരിച്ചു. 16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ മിഷന്‍ രംഗത്ത് പോര്‍ച്ചുഗീസുകാര്‍ കൈവരിച്ച ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്. മേല്‍പറഞ്ഞ ക്രൈസ്തവരും തിരുവനന്തപുരം മുതല്‍ കൊറോമാന്‍ഡല്‍ (Coromandel) വരെയുള്ള തീരപ്രദേശങ്ങളില്‍ നിന്നു മാനസാന്തരപ്പെടുത്തപ്പെട്ട മുക്കുവരും ചേര്‍ന്ന സമൂഹം 16-ാം നൂറ്റാണ്ടിലെ തമിഴ് ക്രൈസ്തവികതയുടെ നട്ടെല്ലാണെന്നു പറയാം. ഈ കാലഘട്ടത്തില്‍ തമിഴ്നാട്ടിലെ മുഖ്യ ക്രൈസ്തവ സമൂഹം മൈലാപ്പൂരില്‍ ആയിരുന്നു.10
കാലക്രമേണ ഫ്രാന്‍സിസ്കന്‍സ് അല്ലാത്ത മറ്റു പ്രധാന സന്യാസ സഭകളിലെ അംഗങ്ങളും-ഈശോ സഭക്കാര്‍ (1542 മുതല്‍) ഡൊമിനിക്ന്‍സ് (ആദ്യ ആശ്രമം 1548), അഗസ്റ്റീനിയന്‍സ് (1572 മുതല്‍) - ഇന്ത്യയില്‍ എത്തുകയും അവരുടെ ഭവനങ്ങളും പ്രോവിന്‍സുകളും സ്ഥാപിക്കുകയും ചെയ്തു. ഇത് സുവിശേഷ വത്കരണത്തിന് ആക്കംകൂട്ടി.11 കന്യാകുമാരി മുതല്‍ (Cape Comerin) പമ്പന്‍ അഥവാ രാമേശ്വരം ദ്വീപുവരെ നീണ്ടുകിടക്കുന്ന പേള്‍ ഫിഷറി (Pearl Fishery) തീരത്തെ ക്രിസ്ത്യാനികള്‍ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ വഴി ധന്യരാക്കപ്പെട്ടു. (1542 മെയ് ആരംഭത്തിലാണ് അദ്ദേഹം ഗോവയില്‍ എത്തിച്ചേര്‍ന്നത്.) 1542 ഒക്ടോബറില്‍ അദ്ദേഹം ഫിഷറി തീരത്തുള്ള മണ്ണപ്പാട്ട് (Mannappad) എത്തിച്ചേരുകയും, ചില ഇടവേളകളോടുകൂടിയാണെങ്കിലും, 1544 അവസാനം വരെ അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തു. മാമ്മോദിസ സ്വീകരിച്ചവരെ അദ്ദേഹം വിശ്വാസത്തില്‍ഉറപ്പിച്ചു; നിരവധി ആയിരങ്ങളെ മാനസാന്തരപ്പെടു ത്തുകയും ചെയ്തു. അദ്ദേഹം തമിഴ് ഭാഷ പഠിക്കുകയും ചിലസഹ പ്രവര്‍ത്തകരുടെ സഹായത്തോടെ മതബോധനഗ്രന്ഥങ്ങളുടെ പ്രാര്‍ത്ഥനാ പുസ്തകങ്ങളും തമിഴിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു.12
1544 ല്‍ ഫ്രാന്‍സിസി സേവ്യര്‍ അന്ന് തിരുവിതാംകൂര്‍ തീരം എന്നറിയപ്പെടുന്ന കന്യാകുമാരി ജില്ല സന്ദര്‍ശിച്ചു. പൂവാര്‍, കൊല്ലങ്കോട്, വല്ലവിളയ്, തുത്തൂര്‍, പൂത്തൂര്‍തുറൈ, തെങ്ങപട്ടണം, ഏനയം, മിദളം, വാണിയക്കുടി, കൊളച്ചേല്‍, കഡിയപട്ടണം, മുട്ടം, പള്ളം, മനക്കുടി തുടങ്ങിയ നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു13 വെറും ഒരുമാസക്കാലം കൊണ്ട് (നവംബര്‍-ഡിസംബര്‍ 1544) തിരുവിതാംകൂറില്‍ പതിനായിരത്തി ലധികം വ്യക്തികളെ അദ്ദേഹം മാനസാന്തരപ്പെടു ത്തി. ആദ്യത്തെ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം (മെയ് 1542-മെയ് 1545) ഫ്രാന്‍സിസ് സേവ്യര്‍ 1548 ജനുവരി മുതല്‍ 1549 ഏപ്രില്‍വരെയും പിന്നീട് 1553 ജനുവരി മുതല്‍ ഏപ്രില്‍വരെയും മാത്രമേ ഇന്ത്യയില്‍ ചെലവഴിച്ചുള്ളൂ. മേല്‍പറഞ്ഞ സ്ഥലങ്ങള്‍ക്കു പുറമേ, ഗോവ, കൊച്ചി, കൊല്ലം, മൈലാപ്പൂര്‍, ബാസ്സൈന്‍ എന്നിവിടങ്ങളിലും ഇന്ത്യയിലായിരിക്കെ അദ്ദേഹം ജോലിചെയ്തു.
മഹത്തായ മുഗല്‍ സാമാജ്യത്തിലേക്കുള്ള ഈശോസഭക്കാരുടെ പ്രവേശനവും പ്രവര്‍ത്തനങ്ങളുമാണ് 16-ാം നൂറ്റാണ്ടിലെ മറ്റൊരു പ്രധാന സംഭവം. അക്ബര്‍ ചക്രവക്രവര്‍ത്തിയുടെ ക്ഷണത്തെ തുടര്‍ന്ന് (1556-1605) ഈശോസഭക്കാരുടെ മൂന്നു ദൗത്യസംഘങ്ങള്‍ താജകീയാങ്കണത്തിലേക്കു പോവുകയുണ്ടായി. ഫാ. റുഡോള്‍ഫ് അക്വാവിവ (Rudolf Aequaviva)യുടെ നേതൃത്വത്തില്‍ മൂന്നു പേരടങ്ങുന്ന ഒരു സംഘമായിരുന്നു ആദ്യമായി അയയ്ക്കപ്പെട്ടത്. 1580 ല്‍ അവര്‍ തലസ്ഥാന നഗരിയായ ഫത്തേപ്പൂര്‍ സിക്രിയില്‍ (Fathepur Sikri) എത്തിച്ചേരുകയും മൂന്നുവര്‍ഷക്കാലത്തേക്ക് കൊട്ടാരങ്കണത്തില്‍ താമസിക്കുകയും ചെയ്തു. രണ്ടാമത്തെ ദൗത്യം ഏതാനും മാസങ്ങള്‍ മാത്രമേ ദീര്‍ഘിച്ചുള്ളൂ. 1595 ല്‍ ഫാ. ജെറോം സേവ്യറിന്‍റെ നേതൃത്വത്തിലുള്ള മൂന്നാംമിഷന്‍ ഇരുപതുകൊല്ലം ദീര്‍ഘിച്ചു. ഈ കാലയളവില്‍ പലരും മാനസാ ന്തരപ്പെടുകയുണ്ടായി. ആഗ്ര, ഡല്‍ഹി, ലാഹോര്‍, പാറ്റ്ന എന്നിവിട ങ്ങളില്‍ ഈശോസഭക്കാര്‍ പള്ളികള്‍ നിര്‍മ്മിച്ചു.15
1510 മുതല്‍ 1961 വരെ ഗോവ ഒരു പോര്‍ച്ചുഗീസ് കോളനി ആയിരു ന്നു. 1510 ല്‍ അഫോന്‍സോ ദ് ആല്‍ബുക്വെര്‍ക്ക് (Allurguergue) ഗോവ കീഴടക്കി. 1529 മുതല്‍ 1538 വരെ ഗവര്‍ണര്‍ ആയിരുന്ന നൂനോ ദ ക്കുഞ്ഞ (Nuno da Cunha) 1530 ല്‍ പോര്‍ച്ചു ഗീസ് ഭരണ തലസ്ഥാനം കൊച്ചിയില്‍നിന്നു ഗോവയിലേക്കു മാറ്റി. അന്നുമുതല്‍ വൈസ്റോയി അഥവാ ഗവര്‍ണര്‍, ചാന്‍സലര്‍, സെക്രട്ടറി, പ്രധാനജഡ്ജി എന്നിവരടങ്ങുന്ന കേന്ദ്രഭരണകൂടം ഗോവയില്‍ ആയിത്തീര്‍ന്നു. മിശ്രവിവാഹത്തിന്‍റെ പ്രോത്സാഹനം വഴിയും ധാര്‍മ്മിക സ്വാധീനം വഴിയും ഫലപ്രദമായ ജീവകാ രുണ്യ-സാമൂഹികപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ അക്രൈസ്ത വരുടെ മാനസാന്തരം വഴിയും ക്രിസ്ത്യാനികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരുന്നു.16 ക്രമേണ കര്‍ണാടകതീരം, ചാവുള്‍ (Chaul), ഡിയു, ഡാമന്‍ എന്നിവയടങ്ങുന്ന സമീപപ്രദേശ ങ്ങളിലേക്കും ക്രിസ്തുമതം വ്യാപിച്ചു. സാവകാശം ഇന്ത്യയുടെ മാത്രമല്ല, പോര്‍ച്ചുഗീസ് പൗരസ്ത്യദേശത്തിന്‍റെ മുഴുവന്‍ സഭാത്മക കേന്ദ്രമായി ഗോവ പരിണമിച്ചു.
തമിഴ്നാട്ടിലെ ഉയര്‍ന്ന ജാതിയില്‍പെട്ട പല ഹൈന്ദവരുടെയും മറ്റുപലരുടെയും മാനസാന്തരത്തിനുവഴിതെളിയിച്ച മറ്റൊരുപ്രധാന മിഷനറിസംരംഭം 17-ാം നൂറ്റാണ്ടില്‍ ആരംഭിച്ച മധുരയ്മിഷന്‍ (Madurai Mission)ആയിരുന്നു. 1606 ല്‍ മധുരയിലെത്തിയ ഈശോ സഭാംഗമായ റോബര്‍ട്ട് ഡിനോബിലിയായിരുന്നു (Robert de Nobili) ഇതിന്‍റെ തലവന്‍. ആ കാലഘട്ടത്തിലെ മിഷന്‍ പ്രവര്‍ത്തന ശൈലിയില്‍ അസംതൃപ്തനായ അദ്ദേഹം ഒരു ചെറിയ ആശ്രമത്തില്‍ താമസമാക്കി. രാജവര്‍ഗ്ഗത്തിലെ (Rajah Carte) ഒരംഗത്തെപ്പോലെ അദ്ദേഹം ചരട്, കുടുമി (kudumi) മുതലായവ ധരിക്കുകയും അവരുടെ പെരുമാറ്റശൈലി അനുകരിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭാഷകളായ തമിഴും തെലുങ്കും സംസ്കൃതവും അദ്ധേഹം പഠിച്ചു. രാജ്യത്തിന്‍റെ തനതായ ചൈതന്യത്തോടു കൂടുതല്‍ യോജിച്ച ശൈലിയിലും ചിന്താരൂപങ്ങളിലും അദ്ധേഹം ക്രിസ്തുമതത്തെ അവതരിപ്പിക്കുകയും അനേകായിരങ്ങളെ ക്രിസ്തുവിലേക്കു നയിക്കുകയും ചെയ്തു. മധുരെമിഷനില്‍നിന്നും തിരുച്ചിറപ്പള്ളി, സേലം, തഞ്ചാവൂര്‍, സത്യമംഗലം - ധര്‍മ്മപുരി പ്രദേശങ്ങള്‍, ജിംഗീ രാജ്യം (the kingdom of Gingee) തുടങ്ങിയ തമിഴ്നാടിന്‍റെ മറ്റുഭാഗങ്ങളിലേക്കും ക്രിസ്തുമതം വ്യാപിച്ചു.17 ചുരുക്കത്തില്‍, പലകേന്ദ്രങ്ങളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഡിനോബിലിയുടെ ശൈലി വളരെ ഫല പ്രദവും വിജയകരവുമായിരുന്നു.
ഇന്ത്യയിലെ ലത്തീന്‍സഭയുടെ തുടക്കത്തെക്കുറിച്ച് ചുരുക്ക ത്തില്‍ പ്രതിപാദിച്ചശേഷം പോര്‍ച്ചുഗീസ് പദ്രൊവാദോയുടെ കീഴില്‍ സഭയ്ക്കുണ്ടായ ഹയരാര്‍ക്കല്‍ ക്രമീകരണത്തിലേക്ക് നാം ശ്രദ്ധതിരിക്കുകയാണ്. ഈ കാലയളവില്‍ ഇന്ത്യയില്‍ ലത്തീന്‍ രൂപതയോ ലത്തീന്‍ മെത്രാനോ ഇല്ലാതിരുന്നതുകൊണ്ട്, Dum fidei Confantiamഎന്ന ബൂളവഴി 1514 ജൂണ്‍ 7-ാം തീയതി ലെയോ ഒന്‍പതാമന്‍ മാര്‍പാപ്പ (1513-1521) ഇന്ത്യയെ തോമാറിലെ (Tomar) വികാരിയുടെ അധികാരത്തില്‍ കീഴാക്കുകയും എല്ലാ പളളികളും സഭാസ്ഥാപനങ്ങളും പോര്‍ച്ചുഗല്‍ രാജാവിന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്തു.18 എങ്കിലും 1514 ജൂണ്‍ 12-ാം തീയതി (Pro-Exeellenti) എന്ന മറ്റൊരു അപ്പസ്തോലിക ലേഖനംവഴി ഇതേ മാര്‍പാപ്പ തന്നെ ലിസ്ബണ്‍ അതിരൂപതയുടെ സമാന്തര രൂപതയായി മെദെയ്രാ ദ്വീപിലെ (Protugal) ഫുഞ്ചല്‍ (Funchal) കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കുകയും ഇന്ത്യമുഴുവന്‍ ഫുഞ്ചലിലെ മെത്രാന്‍റെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരുകയും ചെയ്തു. വാസ്തവത്തില്‍ ഇന്ത്യമാത്രമല്ല, പോര്‍ച്ചുഗീസ് സംരക്ഷണാധികാരത്തിന്‍ കീഴിലുളള മറ്റ് ആഫ്രിക്കന്‍, ഏഷ്യന്‍ പ്രദേശങ്ങളും ഫുഞ്ചല്‍ രൂപതയുടെ ഭാഗമായിരുന്നു.19 പുതിയരൂപതാസ്ഥാപനത്തോടെ മേല്‍പറഞ്ഞപ്രദേശങ്ങളില്‍ തോമാര്‍ വികാരിയാത്തിന് ഉണ്ടായിരുന്ന അധികാരം റദ്ദാക്കപ്പെട്ടു. മുമ്പ് തോമാറിലെ വികാരിയായിരുന്ന ഡോണ്‍ ദിയോഗോ പിഞ്ഞേയ്രോ (Don Diogo Pinheiro) ആയിരുന്ന ഫുഞ്ചലിലെ ആദ്യമെത്രാന്‍. (1514-1526) ഇത്രവിശാല മായ ഒരു ഭൂപ്രദേശത്തെ ഫലപ്രദമായി ഭരിക്കാന്‍ ഒരു മെത്രാനുമാത്രം കഴിയുമായിരുന്നില്ല. അതുകൊണ്ട് പോര്‍ച്ചുഗല്‍ രാജാവ് വൈദികരില്‍ ഒരാളെ വികാരിജനറാളായി നിയമിക്കുക പതിവായിരുന്നു. അദ്ദേഹം സ്ഥലത്തെ Ordinary ആയി പ്രവര്‍ത്തിക്കുകയും ഇന്ത്യയിലുളള ലത്തീന്‍ ക്രൈസ്തവരുടെമേല്‍ അധികാരം കയ്യാളുകയും ചെയ്തുപോന്നു.
ഗോവ രൂപതയുടെ സ്ഥാപനം
1533 ജനുവരി 31-ാം തീയതി ക്ലെമന്‍റ് ഏഴാമന്‍ മാര്‍പാപ്പ (1523-1534) ഫുഞ്ചല്‍ രൂപതയെ അതിരൂപതയുടെ പദവിയിലേക്ക് ഉയര്‍ത്തുകയും അതിന്‍റെ സമാന്തരൂപതയും ഇന്ത്യയിലെ ആദ്യത്തെ ലത്തീന്‍രൂപതയുമായി ഗോവരൂപത സ്ഥാപിക്കാന്‍ നിശ്ചയിക്കുക യും ചെയ്തു. ഈ തീരുമാനം പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ മാര്‍പാപ്പ കാലം ചെയ്തതിനാല്‍ ഗോവ രൂപത സ്ഥാപിച്ചുകൊണ്ടുളള Aeguum reputamus എന്ന അപ്പസ്തോലികലേഖനം 1534 നവംബര്‍ 3-ാം തീയതി, അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ പോള്‍ മൂന്നാമന്‍ മാര്‍പാപ്പ (1534-1549) യാണ് പ്രസിദ്ധീകരിച്ചത്. എങ്കിലും ഗോവരൂപതയുടെ സ്ഥാപന തീയ്യതി തന്‍റെ മുന്‍ഗാമി തീരുമാനി ച്ചിരുന്നതുപോലെ 1533 ജനുവരി 31 തന്നെ ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോര്‍ച്ചുഗീസ് രാജാവായ ജോണ്‍ മൂന്നാമ ന്‍റെ ആഗ്രഹമനുസരിച്ചാണ് ഗോവരൂപത സ്ഥാപിതമായത്. രൂപ താസ്ഥാപനത്തിന്‍റെ സാഹചര്യങ്ങളും ലക്ഷ്യവും(Aeguum repratamo) എന്ന അപ്പസ്തോലികലേഖനം വ്യക്തമാക്കുന്നുണ്ട്.20
ഗോവരൂപതയുടെ അതിര്‍ത്തികള്‍ സൗത്ത് ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പുമുതല്‍ (Cape of Good hope) കിഴക്കന്‍ ഏഷ്യയിലെ ചൈന, ജപ്പാന്‍ എന്നിവിടങ്ങള്‍വരെ വ്യാപിച്ചു കിടന്നിരുന്നു.21 ഈ പ്രദേശങ്ങളുടെമേല്‍ മുഴുവന്‍ ഫുഞ്ചല്‍ മെത്രാപ്പോലീത്തയ്ക്ക് മെത്രാപ്പോലീത്തായ്ക്കടുത്ത അധികാരമു ണ്ടായിരുന്നു. ഡോണ്‍ ഫ്രാന്‍ചിസ്കോ ഡി മെല്ലോ ആണ് ഗോവയുടെ ആദ്യത്തെ മെത്രാനായി തെരെഞ്ഞടുക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയിലേക്കു യാത്ര തിരിക്കും മുമ്പേ 1536 ല്‍ അദ്ദേഹം മരണമടഞ്ഞു. അതിനാല്‍ ജോണ്‍ മൂന്നാമന്‍ രാജാവിന്‍റെ കുമ്പസാരക്കാരനായിരുന്നു ഡോന്‍ ജോണ്‍ ദി അല്‍ബ്യുക്വെര്‍ക്ക് (Don john de Albu fuergue) 1537 ഏപ്രില്‍ 22-ാം തീയതി ഗോവ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1538 ജനുവരി 13-ാം തീയതി അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിക്കുകയും 1539 ജൂണ്‍മാസത്തില്‍ സാഘോഷം ഗോവയിലെ കത്തീഡ്രലില്‍ അവനേധിക്കപ്പെടുകയും ചെയ്തു. കിഴക്കന്‍ ആഫ്രിക്ക, മലാക്ക, മൊളുക്കാസ് (indomeria), ചൈന, ജപ്പാന്‍ എന്നീ പ്രദേശങ്ങ ളടങ്ങുന്ന വിശാലമായ ഒരു രൂപതയെ പടുത്തുയര്‍ത്തുകയാ യിരുന്നു അദ്ദേഹത്തിന്‍റെ ദൗത്യം. 1553 ഫെബ്രുവരി 23-ാം തീയതി മരണമടയുന്നതുവരെ ആല്‍ബ്യുക്വെര്‍ക്ക് രൂപതയെ ഭരിച്ചു.22
ഗോവ സഭയുടെ ഒരു പ്രൊവിന്‍സായി സ്ഥാപിക്കപ്പെടുന്നു
ആല്‍ബുക്വെര്‍ക്ക് മെത്രാന്‍റെ മരണശേഷം ഗോവസിംഹാസനം ദീര്‍ഘകാലത്തേക്ക് ഒഴിവായി കിടന്നു. ഈ കാലയളവില്‍ 1558 ഫെബ്രുവരി 4-ാം തീയതി Etsisaneta എന്ന അപ്പസ്തോലിക ലേഖനംവഴി പോള്‍ ഏഴാമന്‍ മാര്‍പാപ്പ ഗോവയെ ഒരു സഭാ പ്രൊവിന്‍സായി പ്രഖ്യാപിക്കുകയും ഗോവ രൂപതയെ ഒരു മെട്രോ പോളിത്തന്‍ അതിരൂപതയുടെ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. സാമന്തരൂപതകളായി ഇന്ത്യയില്‍ കൊച്ചിരൂപതയും മലേഷ്യയില്‍ മലാക്ക (Malacca) രൂപതയും സ്ഥാപിച്ചു.23 പോര്‍ച്ചുഗലിലെ സെബാസ്റ്റ്യന്‍ രാജാവിന്‍റെ നിരന്തരവും ഫലപ്രദവുമായ അപേക്ഷയെ മാനിച്ചായിരുന്നു ഈ നടപടി.24 മലബാര്‍ തീരം (മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രദേശങ്ങ ളൊഴികെ) കൊറോമാന്‍ഡല്‍തീരം, മധുരമിഷന്‍, കര്‍ണ്ണാടകമിഷന്‍ എന്നിവയ്ക്കുപുറമേ ബര്‍മ്മാ സിലോണ്‍ എന്നീപ്രദേശങ്ങളും കൊച്ചിരൂപതയുടെ ഭാഗമായിരുന്നു. ഇന്തോനേഷ്യയിലെ മൊളുക്കാസ് (Molucas), ചൈന,ജപ്പാന്‍എന്നിവ ഉള്‍കൊളളുന്ന വയായിരുന്നു മലാക്ക (Malacca) രൂപത. ഗോവയിലെ ആദ്യത്തെ മെത്രാപ്പോലീത്ത ഡോന്‍ ഗാസ്പര്‍ ദ് ലെയാവോ പെരേയ്ര (Von Jorge de Leao Pereira). ആയിരുന്നു. 1560 ഡിസംബര്‍ 1-ാം തിയതി അദ്ദേഹം ഗോവയില്‍ എത്തി. ഡോന്‍ ജോര്‍ജ്ജ് തെമൂദോ (Don Jorgr Temudo) ആയിരുന്നു കൊച്ചിയിലെ ആദ്യ മെത്രാന്‍. 1567-ല്‍ ഗോവയിലേക്ക് സ്ഥലം മാറിപോകുന്നതുവരെ അദ്ദേഹം കൊച്ചി രൂപതയെ ഭരിച്ചു.
രൂപതയുടെ വ്യത്യസ്ഥ ഭാഗങ്ങള്‍ തമ്മിലുള്ള വലിയ അകലം മൂലം എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്ക് ഫലപ്രദമായ അജപാലന ശുശ്രൂഷ നല്കാന്‍ കൊച്ചി മെത്രാനു കഴിയുമായിരുന്നില്ല. അതിനാല്‍ പോര്‍ച്ചു പോര്‍ച്ചുഗലിലെ ഫിലിപ്പ് രാജാവിന്‍റെ ശുപാര്‍ശ പ്രകാരം പോള്‍ V-ാ മന്‍ മാര്‍പ്പാപ്പ (1605-1625) കൊച്ചിരൂപത വിഭജിച്ച് മൈലാപ്പൂര്‍ രൂപതയ്ക്കു രൂപം നല്‍കി. 25 കൊറോമാന്‍ഡല്‍ തീരം, ഒറീസ, ബംഗാള്‍, പെഗു അഥവാ ബര്‍മ്മ എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പുതിയ രൂപത26 ഈ രൂപതയെയും വൈദികവൃന്ദത്തെയും വിശ്വാസികളെയും മാര്‍പ്പാപ്പാ ഗോവമെത്രാപ്പോലിത്തയുടെ മെത്രാപ്പോലീത്തായ്ക്കടുത്ത അധികാരത്തിന്‍ കീഴിലാക്കി. 1886 സെപ്റ്റംബര്‍ 1-ാം തിയതിവരെ ഇന്ത്യയില്‍ മൂന്നു ലത്തീന്‍ രൂപതകളേ ഉണ്ടായിരുന്നുള്ളൂ - ഗോവഅതിരൂപതയും അതിന്‍റെ സമാന്ത രൂപതകളായ കൊച്ചിയും മൈലാപ്പുരും. എങ്കിലും 18-ാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ പ്രൊപ്പഗാന്ത ഫീദേ (Propaganda Fide) തിരു സംഘത്തിന്‍റെ കീഴില്‍ കൂറെ അപ്പസ്തോലക വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. ഇതേക്കുറിച്ച് നാം പിന്നീട് പ്രതിപാദിക്കും.
കിഴക്കുള്ള പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്‍റെ രാഷ്ട്രീയവും സഭാപരവുമായ തലസ്ഥാനം ഗോവ ആയിരുന്നു. നാം മുകളില്‍ കണ്ടതുപോലെ ഗോവ അതിരൂപതയുടെ അധികാര വ്യാപതി ഏഷ്യയിലും ആഫ്രിക്കയിലും പോര്‍ച്ചുഗിസുകാര്‍ കീഴടക്കിയ പ്രദേശങ്ങളെല്ലാം ഉള്‍ക്കൊണ്ടിരുന്നു. കാലക്രമത്തില്‍ മലേഷ്യയിലെ മലാക്ക രൂപത (1558) കൂടാതെ, ഹോങ്കോങ്ങിന് അടുത്തുള്ള മക്കാവ്വ് (Macau) (1576), ജപ്പാനിലെ ഫൂണയ് (Funay) (1588), കിഴക്കന്‍ ആഫ്രിക്കയിലെ മൊസാമ്പിക്ക് (1612), എന്നിവയോടൊപ്പം ചൈനയിലെ നാങ്കിങ്ങ് (Nanking), പീക്കിങ്ങ് (Peking) (1690), എന്നീ രൂപതകളും ഗോവ അതിരൂപതയുടെ സാമന്തരൂപതകളായി ഇന്ത്യക്കു പുറമേ സ്ഥാപിക്കപ്പെട്ടു. രണ്ടു ഭൂഖണ്ടങ്ങളിലായി വ്യാപിച്ചു കുടക്കുന്ന ഈ പ്രദേശങ്ങളുടെ മേലെല്ലാം ഗോവാ മെത്രാപ്പോലിത്തയ്ക്ക് മെത്രാപ്പോലിത്തയ്ക്കടുത്ത അധികാരമുണ്ടായിരുന്നു.
സംരക്ഷണാധികാരത്തിന്‍റെ (patronage) അവകാശങ്ങളും ചുമതലകളും
ഗോവ, കൊച്ചി, മൈലാപ്പൂര്‍ എന്നീ രൂപതകള്‍ സ്ഥാപിച്ചുകൊണ്ടുള്ള പ്രമാണരേഖകളില്‍ ഇന്ത്യയിലും മറ്റു പോര്‍ച്ചുഗീസ് പ്രദേശങ്ങളിലും പോര്‍ച്ചുഗീസ് രാജാവിനുള്ള സഭാപരമായ അധികാരത്തിന്‍റെ സ്വഭാവവും വ്യാപതിയും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഈ രേഖകളനുസരിച്ച് സംരക്ഷണാധികാരം (Jus Patronatus) സ്വീകരിച്ചിട്ടുള്ള പോര്‍ച്ചുഗല്‍ രാജാവിന്‍റെ അവകാശങ്ങളും, പ്രത്യേകാനുകൂല്യങ്ങളും കടമകളും താഴെപ്പറയുന്നവയാണ്.
6.മെത്രാന്മാര്‍, കാനന്മാര്‍, പ്രവിശ്യാമേധാവികള്‍, ഇടവകവികാരിമാര്‍, അദ്ധ്യാപകര്‍ തുടങ്ങി സഭാപരമായ ഉദ്ദ്യോഗങ്ങള്‍ വഹിക്കുന്ന എല്ലാവര്‍ക്കും വേണ്ട ശമ്പളവും അലവന്‍സും ഈസ്റ്റ് ഇന്‍ഡിസില്‍നിന്നും രാജാവിനു കിട്ടുന്ന വരുമാനത്തില്‍ നിന്നു കൊടുക്കുക.
പോര്ച്ചുഗീസ് പ്രദേശങ്ങളില്‍ പോര്‍ച്ചുഗല്‍ രാജാവ് ഒരു രാഷ്ട്രീയധികാരി മാത്രമായിരുന്നില്ല, പ്രത്യുത സഭാകാര്യങ്ങളിലെ പരമാധികാരി കൂടി ആയിരുന്നു എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്‍റെ അധികാരങ്ങള്‍ അധിവിപുലവും അപരിമിതവുമായിരുന്നു. രൂപതകളുടെ സ്ഥാപനം, മെത്രാന്മാരുടെ നിയമനം, വികരിമാരെയും മിഷനറിമാരെയും നാമനിര്‍ദ്ദേശം ചെയ്യല്‍ എന്നിങ്ങനെ സഭാഭരണപരമായ കാര്യങ്ങള്‍ മുഴുവന്‍ അന്തിമമായി അദ്ദേഹത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.
അക്രൈസ്തവ ലോകത്ത് മിഷന്‍പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനമോ വിഭവശേഷിയോ പരിശുദ്ധ സിംഹാസനത്തിന് ഇല്ലാതിരുന്ന കാലത്താണ് മാര്‍പ്പാപ്പമാര്‍ പോര്‍ച്ചുഗല്‍ രാജാവിന് സംരക്ഷണാധികാരം (Jus Patronatus) നല്കിയത്. 16-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിമുതല്‍, പുതുതായി "കണ്ടുപിടിക്കപ്പെട്ട" രാജ്യങ്ങളിലെ വിശ്വാസപ്രചാരണത്തിനുവേണ്ടി ഒരു കേന്ദ്ര ഓഫീസോ, ഒരു സംഘടന തന്നെയോ ആരംഭിക്കുന്നതിനെപ്പറ്റി പലരും ചിന്തിച്ചു തുടങ്ങിയിരുന്നു. വിവിധ സന്യാസ സമൂഹങ്ങളും രൂപതാവൈദികരും നടത്തിയിരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക ആവശ്യമായിരുന്നു. കാരണം അവര്‍ പലപ്പോഴും പരസ്പരസംഘട്ടനത്തിലായിരുന്നു. വെലാസിയോമ് പാവൊളിസ് (Velasio de Paolis) നിരീക്ഷിച്ചതുപോലെ, സഭ ഈ കാലഘട്ടത്തില്‍ പുതിയ ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിലേക്ക് ശ്രദ്ധ തിരിച്ചു. പുതിയ രാജ്യങ്ങളുടെ സുവിശേഷവത്കരണത്തില്‍ സ്പെയിനിലെയും പോര്‍ച്ചുഗലിലെയും രാജാക്കന്മാര്‍ അവംലഭിച്ച വിവാദപരമായ രീതികളെ തിരുത്താനുള്ള ആഗ്രഹവും ഇതിനുപിന്നിലുണ്ടായിരുന്നു.28
സുവിശേഷവത്കരണത്തിന് ഒരു കേന്ദ്രസംവിധാനം വേണമെന്ന നിരവധി പേരുടെ ആഗ്രഹം 1622 ജൂണ്‍ 22-ാം തിയതി ഗ്രെഹരി XV-ാം മന്‍ മാര്‍പാപ്പ Inscrutalili dirinae എന്ന പ്രമാണ രേഖവഴി വിശ്വാസ പ്രചാരണത്തിനു വേണ്ടിയുള്ള തിരുസ്ഘം (Cngregatio de propaganda tide) സ്ഥാപിച്ചതോടെ നിറവേറി.29 ലോകം മുഴുവനിലുമുള്ള മിഷനറിപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, മിഷന്‍പ്രദേശങ്ങളില്‍ സുവിശേഷം പ്രസംഗിക്കാനും പഠിപ്പിക്കുവാനുമായി ശുശ്രൂഷികളെ നിയോഗിക്കുക, കത്തോലിക്കാ വിശ്വാസസത്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക എന്നിവയായിരുന്നു ഈ കാലഘട്ടത്തില്‍ തിരുസംഘത്തിന്‍റെ ദൗത്യം. തങ്ങളെ ഭരമേല്‍പിച്ചിരിക്കുന്ന ദൗത്യം നിര്‍വ്വഹിക്കുന്നതിന് - അതായത്, ലോകം മുഴുവനിലുമുള്ള സുവിശേഷപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് - ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള സമ്പൂര്‍ണ്ണ അധികാരം ഇക്കാലയളവില്‍ തിരുസംഘത്തിന് ഉണ്ടായിരുന്നു.30 അതുകൊണ്ട് സാധാരണ സംസാര ഭാഷയില്‍ ഇതിനെ "സര്‍വ്വശക്തന്‍" (Omnipotant) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പ്രൊപ്പഗാന്ത ഫിദേയുടെ സ്ഥാപനംവരെ ഇന്ത്യയിലെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ പോര്‍ച്ചുഗീസ് പദ്രൊവാദോയുടെ കുത്തകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ ശക്തിയുടെ തളര്‍ച്ചയും സാമ്പത്തിക വിഭവശേഷിയുടെ അഭാവവും മൂലം പതിനേഴാം നൂറ്റാണ്ടിന്‍റെ ആദ്യംഘട്ടം മുതല്‍, ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്തിന്‍റെ ക്രൈസ്തവ വത്കരണം നിര്‍വ്വഹിക്കാനോ, സഭയെയും സഭാസ്ഥാപനങ്ങളെയും വേണ്ടവിധം സംരക്ഷിക്കാനോ, പോര്‍ച്ചുഗലിന് കഴിയാതായി. ഈ സാഹചര്യത്തില്‍ പോര്‍ച്ചുഗലിന്‍റെ ഇടപെടല്‍ കൂടാതെ, റോമില്‍ നിന്നു നേരിട്ട്, മിഷനറിമാരെ അയക്കാനുള്ള നടപടികള്‍ പ്രൊപ്പഗാന്ത ഫീദേ സ്വീകരിച്ചു. 1622 മുതല്‍ പോര്‍ച്ചുഗീസ് ഭരണകൂടത്തിന്‍റെയോ, ഗോവയിലെ സഭാ-രാഷ്ട്രീയ അധികാരികളുടെയോ മുന്‍കൂട്ടിയുള്ള അനുമതികൂടാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ സന്യാസ സഭകളെയും സമൂഹങ്ങളെയും പ്രൊപ്പഗാന്ത ഫിദേ അനുവദിച്ചു.31 1633 ല്‍ ഉര്‍ബന്‍ VIII-ാം മന്‍ (Urban VIII) മാര്‍പാപ്പാ Ex debito pastoralis എന്ന ലേഖനം വഴി പോര്‍ച്ചുഗലിന്‍റെ മതപരമായ കുത്തകാവകാശം ഔദ്യോഗികമായി അവസാനിപ്പിക്കുകയും തങ്ങള്‍ക്ക് യുക്തമെന്നു തോന്നുന്ന ഏതു മാര്‍ഗ്ഗത്തിലൂടെയും മിഷന്‍ പ്രദേശങ്ങളിലേക്കു പോകാന്‍ സുവിശേഷപ്രഘോഷകര്‍ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. അവരെ തടയുന്നവരെ സഭയില്‍ നിന്നു പുറത്താക്കും എന്ന മുന്നറിയിപ്പും നല്‍കി.32 ഇന്ത്യയില്‍ നിലനിലുണ്ടായിരുന്ന സന്യാസ സഭകള്‍ക്കുപുറമെ, 17-ാം നൂറ്റാണ്ടുകാലത്ത്, നിഷ്പാദുകകര്‍മ്മലീത്തര്‍, കപ്പുച്ചിന്‍കാര്‍, തെയാറ്റിന്‍കാര്‍ (Theatins) എന്നിവരും, പിന്നീട് പാരീസ് വിദേശ മിഷനറി സമൂഹവും ഇന്ത്യയിലെത്തി. ഈ മിഷനറിമാരില്‍ മിക്കവരും പ്രൊപ്പഗാന്ത ഫീദേയുടെ കീഴില്‍ ജോലിചെയ്തു. രണ്ടു സുവിശേഷവത്കരണ ഏജന്‍സികളും തമ്മില്‍ കടുത്തു സംഘട്ടനങ്ങളുണ്ടായിരുന്നെങ്കിലും പ്രൊപ്പഗാന്ത ഫിദേയുടെ മേല്‍ നോട്ടത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷവത്കരണത്തിനു പുരോഗതിയുണ്ടായി.33
ഈ കാലഘട്ടത്തില്‍ ഈസ്റ്റ്ഇന്‍ഡീസിലെ (East Indies) ഭൂപ്രദേശങ്ങള്‍ മുഴുവന്‍ പോര്‍ച്ചുഗീസ് പദ്രൊവാദോയുടെ കീഴിലുള്ള ഗോവ അതിരൂപത, സാമന്തരൂപതകളായ കൊച്ചി, മൈലാപ്പൂര്‍, മാര്‍തോമാ ക്രിസ്ത്യാനികള്‍ക്കുവേണ്ടീയുള്ള അങ്കമാലി - ക്രാങ്കന്നൂര്‍ എന്നീ നാലു രൂപതകളായി വിഭജിക്കപ്പെട്ടു കിടന്നിരുന്നു. 34 കാനോനികമായി ഈസ്റ്റ് ഇന്‍ഡീസിലെ ഭൂപ്രദേശം മുഴുവന്‍ ഈ നാലു പോര്‍ച്ചുഗീസ് രൂപത അധികാരത്തിന്‍ കീഴ് ആയിരുന്നെങ്കിലും ചുരുക്കം കേന്ദ്രങ്ങള്‍ മാത്രമേ പോര്‍ച്ചുഗീസ് സഭാ - രാഷ്ട്രീയാധികാരികളുടെ ഫലപ്രദമായ അധീനതയിലും നിയന്ത്രണത്തിലും ആയിരുന്നുള്ളൂ. സംരക്ഷണാധികാരത്തിന്‍റെ (Jus Patronatus) വ്യവസ്ഥകളനുസരിച്ച് പുതിയതായി "കണ്ടുപിടിക്കപ്പെട്ട" പ്രദേശങ്ങലില്‍ രൂപതകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുക, ഈ രൂപതകളിലേക്കും ഒഴിവായികിടക്കുന്ന മെത്രാസനങ്ങളിലേക്കും മെത്രന്മാരായി നിയമിക്കപ്പെടാന്‍ അനുയോജ്യരായ വ്യക്തികളെ നിയമനത്തിനായി മാര്‍പ്പാപ്പയുടെ മുമ്പില്‍ സമര്‍പ്പിക്കുക എന്നീ കാര്യങ്ങള്‍ പോര്‍ച്ചുഗീസ് രാജാവിന്‍റെമാത്രം അവകാശമായിരുന്നു. ഈസ്റ്റ് ഈന്‍ഡീസ് മുഴുവന്‍ മേല്‍പറഞ്ഞ നാലു പോര്‍ച്ചുഗീസ് രൂപതകളുടെ കീഴ്ലായിരുന്നതിനാല്‍ പോര്‍ച്ചുഗീസ് ഭരണകൂടത്തിന്‍റെ സമ്മതവും ഗോവമോത്രാപ്പോലീത്തയുടെ അറിവും കൂടാതെ ഇന്ത്യയില്‍ രൂപതകള്‍ സ്ഥാപിക്കാനോ, മെത്രാന്മാരെ നിയമിക്കാനോ പരിശുദ്ധസിംഹാസനത്തിനു കഴിയുമായിരുന്നില്ല.
ഈ സാഹചര്യത്തില്‍ പോര്‍ച്ചുഗീസ് രാജാവിനുള്ള സംരക്ഷണാധികാരം പിന്‍പലിക്കാതെ തന്നെ, മാര്‍പ്പാപ്പയുടെ നേരിട്ടുള്ള അധികാരത്തിന്‍കീഴില്‍ അപ്പസ്തോലിക വികാരിയത്തുകള്‍ സ്ഥാപിച്ച് അവയുടെ ഭരണം അപ്പസ്തോലിക് വികാരിമാരെ ഭരമേല്‍പിക്കുക എന്ന ഭരണപരമായ താല്‍കാലിക നടപടി പരിശുദ്ധസിംഹാസനം സ്വീകരിച്ചു. നിലവിലുള്ള പദ്രൊവാദോ രൂപതകള്‍ക്കുള്ളിലുള്ള ചില പ്രവശ്യകളില്‍ പ്രവര്‍ത്തിക്കാന്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് നേരിട്ട് അധികാരം ലഭിച്ച സ്ഥാനീയ മെത്രാന്മാര്‍ (Titular Bishops) ആയിരുന്നു അപ്പസ്തോലിക്വികാരിമാര്‍. അങ്ങിനെ ഇന്ത്യയിലും തെക്കന്‍ ഏഷ്യയിലും റോമില്‍ നിന്നു നിയമനം ലഭിച്ച അപ്പസ്തോലിക് വികാരിമാര്‍ തങ്ങളെ ഭരമേല്‍പിച്ച പ്രദേശങ്ങളിലെ അജപാലന - മിഷന്‍പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു, കാനോനികമായി ഈപ്രദേശങ്ങള്‍ അപ്പോഴും പദ്രൊവാദോയുടെ കീഴില്‍ ആയിരുന്നെങ്കിലും35 പ്രൊപ്പഗാന്ത ഫിദേ ആദ്യം സ്ഥാപിച്ച അപ്പസ്തോലിക വികാരിയത്ത് ബീജാപൂര്‍ (Bijapur) അഥവാ ഇഡല്‍കന്‍ (Idalcda) ആയിരുന്നു (1637). 1669 ല്‍ അത് കൊല്‍കൊണ്ട (Colconda), പെഗു (Pegu) എന്നിവിടങ്ങളിലേക്കും. 1696 ല്‍ മുഗള്‍ സാമ്രാജ്യം മുഴുവനിലേക്കും വ്യാപിപ്പിച്ചു.36 പിന്നീട് 1700 ല്‍ മലബാര്‍ അപ്പസ്തോലിക് വികാരിയാത്ത് (പിന്നീട് വെരാപൊളി) സ്ഥാപിക്കപ്പെട്ടു. പ്രത്യേകിച്ച് മാര്‍തേമ്മാ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ആയിരുന്നു ഇത്.37
പ്രൊപ്പഗാന്ത ഫരീദയുടെ ഇന്ത്യയിലെ ഇടപെടല്‍, പ്രത്യേകിച്ച് വികാരിയാത്തുകളുടെ സ്ഥാപനം, ദീര്‍ഘമായ ഒരു അധികാരയുദ്ധത്തിനു കളമൊരുക്കി. പ്രൊപ്പഗാന്ത ഫിദെയുടെ മിഷനറിമാരും അപ്പസ്തോലിക് വികാരിമാരും ഒരുവശത്തും പോര്‍ച്ചുഗീസ് പദ്രൊവാദോയുടെ മിഷനറിമാരും മെത്രാന്മാരും മറുവശത്തും അണിനിരന്നു. പല റോമന്‍ മാര്‍പ്പാപ്പമാരും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്ത പോര്‍ച്ചുഗീസ് രാജാവിന്‍റെ അവകാശങ്ങളുടെ മേല്‍ പരി - സിംഹാസനം ഏകപക്ഷീയമായും അനീതിപരമായും കയ്യേറ്റംനടത്തുന്നതായി പോര്‍ച്ചുഗീസ് പക്ഷം ആരോപിച്ചു. ഡോമിനിക്ക് പ്രസ്താവിക്കുന്നതുപോലെ, ڇവികാരിയڈത്തുകളുടെ സ്ഥാപനത്തെ സംബന്ധിച്ച് റോമും പോര്‍ച്ചുഗലും തമ്മിലുണ്ടായ വിയോജിപ്പ്, വികാരിയാലത്തുകളുടെ താല്‍ക്കാലിക സ്വഭാവം, അപ്പസ്തോലിക വികാരിമാരുടെ അധികാരത്തെ സംബന്ധിച്ച അവ്യക്തത, മറുശക്തികള്‍ ചിലപ്പോള്‍ നടത്തിയ ഇടപെടലുകള്‍, ഇവയെല്ലാം പൂരകസ്വഭാവത്തോടുകൂടിയ പ്രൊപ്പഗാന്തയുടെ ഇടപെടലിനെ പദ്രൊവാദോയുമായുള്ള ഒരു തരം സ്ഥിര സംഘട്ടനമാക്കിമാറ്റാന്‍ പ്രേരകമായിട്ടുണ്ട്.38 ഇന്ത്യയിലെ ലത്തീന്‍ സഭയുടെ ഒരു ചരിത്രകാരനായ പ്രൊഫ. G.M. മോറെസ് (Moraes) ഈസംഘട്ടനത്തെ, ഒരേസഭയിലുള്ള രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള, അഥവാ സഭാപരമായ കൊളോണിയലിസത്തിന്‍റെ രണ്ടു സംവിധാനങ്ങള്‍ തമ്മിലുള്ള (പോര്ച്ചുഗീസ് പദ്രൊപാദേയും പ്രൊപ്പഗാന്തയുടെ പിന്‍ബലമുള്ള ഇറ്റലിക്കാരും തമ്മിലുള്ള) നിലയ്ക്കാത്ത ഒരു ആഭ്യന്തരയുദ്ധമായി ചിത്രീകരിക്കുന്നുണ്ട്. 1637 ല്‍ ആദ്യവികാരിയാത്തിന്‍റെ സ്ഥാപനത്തോടെ തുടങ്ങിയ ഈ ആഭ്യന്തരയുദ്ധം 1953 ല്‍ മാത്രമാണ് അവസാനിക്കുന്നത്.39
പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിമുതല്‍ മറ്റുയുറോപ്യന്‍ കൊളോണിയല്‍ ശക്തികളായ ഡച്ചുകാര്‍, ഇംഗീഷുകാര്‍, ഫ്രഞ്ചുകാര്‍, ഡാനിഷുകാര്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ പ്രധാനകേന്ദ്രങ്ങള്‍ കയ്യടക്കിയതോടെ പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ ശക്തി കൂടുതല്‍ ക്ഷയിക്കാന്‍ തുടങ്ങി. മറ്റു കൊളോണിയല്‍ ശക്തികളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സംരക്ഷണാധികാരം നല്കുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ പോര്‍ച്ചുഗലിനു കഴിയാതെവന്നു. കല്‍ക്കത്ത, ബോബെ, മദ്രാസ് തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ബ്രിട്ടീഷ് ആദിപത്യം സ്ഥാപിതമായതോടെ, പത്തൊന്‍മ്പതാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍, പോര്‍ച്ചുഗീസ് രാഷ്ട്രീയ ശക്തി ഗോവ, ഡാമന്‍, ഡിയു തുടങ്ങിയ ഏതാനും സ്ഥലങ്ങളിലേക്കു ചുരുങ്ങി. രാഷ്ട്രീയരംഗത്തെ തളര്‍ച്ചയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം ഇന്ത്യപോലെ വിശാലമായ ഒരു പ്രദേശത്തിന്‍റെ സുവിശേഷവത്ക്കരണം നടത്താനോ സഭയെയും സഭാസ്ഥാപനങ്ങളെയും സംരക്ഷിച്ചുനടത്താനോ പോര്‍ച്ചുഗലിനു കഴിയാതെ വന്നു. മാത്രമല്ല, പോര്‍ച്ചുഗലിലെ രാഷ്ട്രീയാന്തരീക്ഷം മതവിരുദ്ധമായി മാറിക്കൊണ്ടിരുന്നതിനാല്‍ മിഷന്‍പ്രവര്‍ത്തനത്തിലുള്ള താത്പര്യവും കുറഞ്ഞുവന്നു. 1833 ല്‍ പരിശുദ്ധസിംഹാസനവുമായുള്ള നയതന്ത്രബന്ധം പോര്‍ച്ചുഗല്‍ വിഛേദിച്ചു. വിരളമായി ശേഷിച്ച മിഷന്‍ പ്രവര്‍ത്തനങ്ങള്‍, 1833 മേയ് 30-ാം തീയതി പോര്‍ച്ചുഗീസ് സാമ്രാജ്യം മുഴുവനിലുമുള്ള സന്യാസ സഭകളെയെല്ലാം നിരോധിച്ചുകൊണ്ടുള്ള ഡിക്രി പുറത്തുവന്നതോടെ നിലയ്ക്കുകയും ചെയ്തു.40 ഇന്ത്യയിലെ നാലു പോര്‍ച്ചുഗീസ് രൂപതകളെ സംബന്ധിച്ചുപോലും സംരക്ഷണാധികാരത്തിന്‍റെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ പോര്‍ച്ചുഗീസ് അധികാരം പരാജയപ്പെട്ടു. ദീര്‍ഘകാലത്തേക്ക് അവ ഒഴിവായികിടന്നു.
ഇന്ത്യയിലെ സഭ പരിതാപകരവും അപലനീയവുമായ ഒരു അവസ്ഥയിലായിരുന്നു. പരിശുദ്ധസിംഹാസനം ഇടപെട്ടില്ലെങ്കില്‍ അതു നാമാവശേഷമാകും എന്നു പോലും പൊതുവേകരുതപ്പയ്യു.41 അതിനാല്‍ പോര്‍ച്ചുഗീസ് ഭരണകൂടത്തിന്‍റെയും സഭാതികാരികളുടെയും ശക്തമായ പ്രതിഷേധത്തെ അവഗണിച്ച് മറ്റു നിരവധി വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുമുമ്പ് പ്രൊപ്പഗാന്ത ഫിദെയുടെ തലവനായിരുന്ന ഗ്രിഗരി xvi-ാമന്‍ മാര്‍പ്പാപ്പാ (1831-1846) താഴെപറയുന്ന വികാരിയാത്തുകള്‍ സ്ഥാപിച്ചു. കെല്‍ക്കൊണ്ട (Calconda)യുടെ മിക്കഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന മദ്രാസ് വികാരിയാത്ത് (1832), വലിയ മൊഗുളിന്‍റെ (Gret Mogul) ഒരു ഭാഗം ഉള്‍ക്കൊള്ളുന്ന ബംഗാള്‍ വികാരിയാത്ത് (1834), ശ്രീലങ്കയിലെ സിലോണ്‍ വികാരിയാത്ത് (1834), കെറാമാണ്ടല്‍ വികാരിയാത്ത് (1834), എന്നിവയാണ് അവ. വലിയ മൊഗുളിന്‍റെ ശേഷിച്ചഭാഗം 1832 മുതല്‍ ബോബെ വികാരിയാത്ത് എന്ന് അറിയപ്പെട്ടു.42 ഈ വികാരിയാത്തുകളെല്ലാം നിലവിലുള്ള പദ്രൊവാദോ രൂപതകള്‍ക്ക് ഉള്ളിലാണ് സ്ഥാപിക്കപ്പെട്ടതെന്ന് പറയേണ്ടതില്ലലോ. ഇവയുടെ മേല്‍ പദ്രൊവാദോക്കുള്ള അധികാരം പ്രകടമായി പിന്‍വലിച്ചിരുന്നുമില്ല.
പരിശുദ്ധ സിംഹാസനം നേരിട്ടു നിയമിച്ച അപ്പസ്തോലിക് വികാരിമാരും പോര്‍ച്ചുഗീസ് സഭാ - രാഷ്ട്രീയ അധികാരികളും തമ്മിലുണ്ടായ വിനാശകരവും ആക്ഷേപാര്‍ഹവുമായ അധികാരസംഘട്ടനങ്ങള്‍ ഇന്ത്യയിലെ കത്തോലിക്കാസഭയുടെ പുരോഗതിയെ സാരമായി ബാധിച്ചു. അവസാനം പല ചര്‍ച്ചകള്‍ക്കുശേഷം (പോര്‍ച്ചുഗീസ് രാജാധികാരവുമായി ആലോചിക്കാതെയായിരുന്നു ഈ ചര്‍ച്ചകള്‍) 1838 ഏപ്രില്‍ 24-ാം തിയതി, ഗ്രിഗരി XVI-ാമന്‍ പാപ്പാ ങൗഹമേ Multa Praeclareഎന്ന അപ്പസ്തോലിക ലേഖനം വഴി, ഗോവ അതിരൂപതയൊഴികെ ഇന്ത്യയിലെ മറ്റുസ്ഥലങ്ങളിന്മേലുള്ള പദ്രൊവാദോ ജുറിസ്ഡിക്ഷന്‍ നീക്കം ചെയ്തു.43 വികാരിയാത്തുകളുടെ സ്ഥാപനത്തെയും ആത്മാക്കളുടെ നന്മക്കുവേണ്ടിചെയ്ത മറ്റുകാര്യങ്ങളെയും കുറിച്ച് പ്രതിപാദിച്ച ശേഷം മാര്‍പാപ്പാ തുടര്‍ന്നു:
ഇന്‍ഡീസ് പ്രദേശങ്ങളെപറ്റി നാം ഇതുവരെ പ്രഖ്യാപിച്ച കാര്യങ്ങള്‍ വഴി ആ ഉപഭൂഖണ്ഡത്തിന്‍റെ മിക്ക ഭാഗങ്ങളുടെയും മതപരമായ നമുക്ക് ആവശ്യമായവ നിര്‍വ്വഹിക്കപ്പെടുന്നു എന്ന് നാം മനസ്സിലാക്കുന്നു. എന്നാരുന്നാലും, ഇതിനോടകം ഭരണ ത്തിനായി അപ്പസ്തോലിക് വികാരിമാര്‍ക്ക് ഏല്പിച്ചു കൊടുത്ത സ്ഥലങ്ങള്‍ക്കു പുറമേ ആത്മീയ സുസ്ഥിതിക്ക് ആവശ്യമായവ ചെയ്തുകൊടുക്കേണ്ട മറ്റു പല സ്ഥലങ്ങളും ക്രാങ്കന്നൂര്‍, കൊച്ചിന്‍, മൈലാപ്പൂര്‍ അഥവാ മാത്തോമ്മ എന്നീ രൂപതാതിര്‍ത്തിക്കു ള്ളിലുണ്ട് ദീര്‍ഘകാലത്തേയ്ക്ക് ഒരു ഇടയന്‍റെ സാന്നിദ്ധ്യം ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ സഭാപരമായ അച്ചടക്കം, ജനങ്ങളുടെ ധാര്‍മ്മിക ജീവിതം, കത്തോലിക്കാ വിശ്വാസം തുടങ്ങിയ മേഖലകളിലെല്ലാം വലിയ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്ന് നാം അറിയുന്നു. അതുപോലെതന്നെ, രൂപതകളുടെ അവകാശങ്ങളെ സംരക്ഷിക്കാനെന്ന ഭാവേന, പരി. സിംഹാസനം നിയമിച്ച് അപ്പസ്തോലിക് വികാരിമാരെ എതിര്‍ക്കുകയും അവരുടെ അധികാരത്തെ ചോദ്യം ചെയ്യുകയും സഭയില്‍ വിനാശകരമായ പിളര്‍പ്പിനു വഴിതെളിയിക്കുകയും ചെയ്യുന്ന പലരും ഉണ്ടെന്ന കാര്യവും നമുക്ക് അറിയാം. പത്രോസിന്‍റെ പിന്‍ഗാമി എന്ന നിലയില്‍ ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വ ത്തിന്‍റെ അടിസ്ഥാനത്തില്‍, വിദൂരദേശങ്ങളിലാണെങ്കിലും സഭാകാര്യങ്ങള്‍ ക്രമീകരിക്കാനും അതിന്‍റെ നന്മയ്ക്കു ആവശ്യമെന്നു തോന്നുന്ന കല്പനകള്‍ പുറപ്പെടുവിക്കാനും നാം കടപ്പെട്ടിരിക്കുന്നു എന്ന ഉത്തമബോധ്യവും നമുക്കുണ്ട്. അതിനാല്‍, പ്രൊപ്പഗാന്ത ഫൂദെയുടെ കാര്യങ്ങള്‍ നോക്കാനായി നിയുക്തരും നമ്മുടെ വന്ദ്യസഹോദരന്മാരുമായ, റോമന്‍ കത്തോലിക്കാസഭയുടെ കര്‍ദ്ദിനാളമാരുടെ അഭിപ്രായം ആരായുകയും പക്വമായ വിചിന്തനങ്ങള്‍ നടത്തുകയും ചെയ്തശേഷം, അപ്പസ്തോലി കാധികാരത്തിന്‍റെ പൂര്‍ണ്ണത ഉപയോഗിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കല്പിച്ചു നല്കേണ്ടതാണെന്ന് നാം തീരുമാനിച്ചു. അതായത്, ഒരു താല്കാലിക നടപടി എന്ന ന്ലയിലും അപ്പസ്തോ ലിക സിംഹാസനം പുതിയ ഒരു തീരുമാനം കൈക്കൊള്ളുന്നവ രെയും മൈലാപ്പൂര്‍ അഥവാ മാര്‍തേമ്മാ രൂപതയുടെ അതിര്‍ത്തി കള്‍ക്കുള്ളിലുള്ളതും ഇതുവരെ ഒരു അപ്പസ്തോലിക് വികാരി കള്‍ക്ക് ഭരമേല്പിക്കപ്പെടുന്നതുമായ പ്രദേശങ്ങളെല്ലാം മദ്രാസിലെ അപ്പസ്തോലിക് വികാരിയാത്തി നോടു ചേര്‍ക്കപ്പെടണം. ഈ പ്രദേശങ്ങളിന്മേലുള്ള സഭാപരമോ ആത്മീയമോ ആയ അധികാരാവകാശങ്ങള്‍ (Inrirdition and authority) സാല്‍ഡി ത്താനിലെ (Salditan) മെത്രാനും മദ്രാസിന്‍റെ അപ്പസ്തോലിക് വികാരിയുമായ നമ്മുടെ വന്ദ്യസഹോദരന്‍ ദാനിയേലിന്‍റെയും (Daniel) അദ്ദേഹത്തിന്‍റെ പിന്‍ഗാമികളുടേതും ആയിരിക്കും. ഇതേകാരണത്താല്‍ നാം കല്‍പിക്കുന്നു: ക്രാങ്കന്നൂര്‍,കൊച്ചിന്‍ എന്നീ രൂപതകളുടെ അതിര്‍ത്തികള്‍ക്കുള്ളിലുള്ളതും ഇതുവരെ ഒരു അപ്പസ്തോലിക് വികാരിക്കു ഭരമേല്‍പിക്കപ്പെടാത്തതുമായ പ്രദേശങ്ങള്‍, മലബാറില്‍ ല്ഥാപിക്കപ്പെട്ടതും, വെരാപൊളി (verapoly) പട്ടണം അസ്ഥാനമാക്കിയിട്ടുള്ളതുമായ അപ്പസ്തോലിക വികാരിയാത്തിനോട് ചേര്‍ക്കപ്പെടണം. ഈ പ്രദേശങ്ങളിന്മേലുള്ള സഭാപരവും ആത്മീയവുമായ എല്ലാ അധികാരാവകാശങ്ങളും (Jurirdiction and Authority) അല്‍മാടയിലെ (Almata) മെത്രാനും വെരാപൊളിയില്‍ ആസ്ഥാനമുറപ്പിച്ചിരിക്കുന്ന അപ്പസ്തോലിക വികാരിയുമായ നമ്മുടെ വന്ദ്യസഹോദരന്‍ ഫ്രാന്‍സിസ് സേവ്യറിന്‍റെയും അദ്ദേഹത്തിന്‍റെ പിന്‍ഗാമികളുടേതും ആയിരിക്കും. അതുപോലെ, മലാക്കയ്ക്കും ഗംഗയ്ക്കും അപ്പുറമുള്ള പ്രദേശങ്ങള്‍ക്കും നമ്മുടെ അപ്പസ്തോലിക ഉത്സുകതയുടെ ഗുണഫലങ്ങള്‍ ലഭിക്കാനും അവിടത്തെ മതപരമായ സുസ്ഥിതിക്കും വളര്‍ച്ചക്കും വേണ്ടി, മുന്‍പറഞ്ഞ അതേ താല്‍കാലികസ്വഭാവത്തോടെ, ആപ്രദേശത്തെ, സാമായുടെ (Zama) മെത്രാനും ആവ (Ava), പെഗു (Pegu) എന്നിവിടങ്ങളുടെ അപ്പസ്തോലിക് വികാരിയുമായ നമ്മുടെ വന്ദ്യസഹോദരന്‍ ഫെദരിച്ചി കാവോ (Federiei Cao) യുടെ ഭരണാധികാരത്തിനു കീഴിലാക്കുന്നു. ഈ പ്രദേശങ്ങളുടെ സഭാപരവും ആത്മീയവുമായ ഭരണത്തെ സംബന്ധി ച്ചിടത്തോളം അപ്പസ്തോലിക് വികാരിമാര്‍ നേരിട്ട് ആശ്രയി ക്കുന്നത് നമ്മെയും അപ്പസ്തോലിക സിംഹാസനത്തെയും മാത്രമാണെന്ന് നാം പ്രഖ്യാപിക്കുന്നു. ഈ പ്രദേശങ്ങളിലെ സഭയുടെ തലവന്മാരായി (Ordimaries). എല്ലാവരും അവരെ (അപ്പസ്തോലിക വികാരിമാരെ) മാത്രം പരിഗണിക്കുകയും സഭാപരമായ അധികാര പത്രങ്ങളും മറ്റൂം അവരില്‍നിന്നു സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാരണത്താല്‍ ക്രാങ്കന്നൂര്‍, കൊച്ചിന്‍, മൈലാപ്പൂര്‍ അഥവാ മാര്‍തോമ്മാ എന്നീ രൂപതകളുടെ സ്ഥാപനത്തെയും അതിര്‍ത്തി നിര്‍ണ്ണയത്തെയും സംബന്ധിച്ച് നമ്മുടെ മുന്‍ഗാമികളെഴുതിയ മേല്‍പറഞ്ഞ അപ്പസ്തോലിക ലേഖനങ്ങളില്‍ നിന്നും മലക്കാ രൂപതയുടെ സ്ഥാപനത്തെ സംബന്മധിച്ച് 1558 ഫെബ്രുവരി 4-ാം തിയതി പോള്‍ IV-ാമന്‍ പുറപ്പെടുവിച്ച Pro Excellenti എന്ന അപ്പസ്തോലിക ലേഖനത്തില്‍ നിന്നും പ്രസക്തഭാഗങ്ങള്‍ നാം അസാധുവാക്കുന്നു, കൂടാതെ, ഭാഹ്യസ്മരണാര്‍ഹനായ നമ്മുടെ മുന്‍ഗാമി പോള്‍ IV മന്‍ പാപ്പാ 1558 ഫെബ്രുവരി 4-ാം തിയതി ഗോവ അതിരൂപത സ്ഥാപിച്ചുകൊണ്ടു പുറപ്പെടുവിച്ച ഋശേെ ടമിരമേ എന്ന അപ്പസ്തോലിക ലേഖനത്തില്‍നിന്നും പ്രസക്ത ഭാഗങ്ങള്‍ നാം പിന്‍വലിക്കുന്നു. ഭാവിയില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളുടെമേല്‍ ഒരു സ്ഥാനപ്പേരിന്‍റെ അടിസ്ഥാനത്തിലും ഒരധികാരവും (Juridiction) പ്രയോഗിക്കാന്‍ ഗോവ മെത്രാപ്പൊ ലീത്തായ്ക്ക് കഴിയുന്നതല്ല.44
ഗോവ, കൊച്ചിന്‍, മൈലാപ്പൂര്‍, ക്രാങ്കന്നൂര്‍ എന്നീ രൂപതകളുടെ സ്ഥാപനത്തെയും അവയുടെ അതിര്‍ത്തി നിര്‍ണ്ണയത്തേയും സംബന്ധിച്ച് തന്‍റെ മുന്‍ഗാമികളെഴുതിയ അപ്പസ്തോലിക ലേഖനങ്ങളില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ മാര്‍പാപ്പാ വ്യക്തമായി തന്നെ നീക്കം ചെയ്തു. പോര്‍ച്ചുഗീസ് രൂപതയായ മൈലാപ്പൂര്‍ നിര്‍ത്തലാക്കി ആ പ്രദേശം മദ്രാസ് അപ്പസ്തോലിക് വികാരിയാത്തിന്‍റെ ഭാഗമാക്കി. പോര്‍ച്ചുഗീസ് പദ്രൊവാദേ രൂപതകളായ ക്രാങ്കന്നൂര്‍ (മാര്‍തോമ്മാ ക്രിസ്ത്യാനികള്‍), കൊച്ചിന്‍ രൂപതകളുടെ പ്രദേശങ്ങള്‍ വെരാപൊളി വികാരിയാ ത്തിനോടു ചേര്‍ത്തു. മലാക്കയുടെ കീഴിലുള്ള പ്രദേശങ്ങള്‍ ആല്‍വാ-പെഗു അപ്പസ്തോലിക വികാരിയാത്തിനു നല്കി. പദ്രൊവാദോയുടെ അധികാരപരിധി ഗോവ അതിരൂപത യിലേക്ക് ഒതുക്കപ്പെട്ടു. ഗോവയെ സഭാ പ്രോവിന്‍സ് ആയി സ്ഥാപിക്കുന്ന Etsi Sancta എന്ന അപ്പസ്തോലിക ലേഖനം പിന്‍വലിക്കപ്പെ ടുകയും ഇന്ത്യയിലും പുറത്തും ഗോവ മെത്രാപ്പൊലീത്തായ്ക്ക് ഉണ്ടായിരുന്ന മെത്രാപ്പൊലീത്തായ്ക്കടു ത്ത അവകാശങ്ങള്‍ മാറ്റപ്പെടുകയും ചെയ്തു. ഈ പ്രദേശങ്ങളുടെ മേലുള്ള സഭാഭരണ അധികാരികള്‍ അപ്പസ്തോലിക വികാരിമാര്‍ മാത്രമായിത്തീര്‍ന്നു.
ഈ അപ്പസ്തോലിക ലേഖനം സാഹചര്യം കൂടുതല്‍ വഷളാക്കാനും, ചില ഗ്രന്ഥകാരന്മാര്‍ "ഗോവന്‍ ശീശ്മ" എന്നു വിളിക്കുന്ന അവസ്ഥ സംജാതമാക്കാനുമേ ഉപകരിച്ചുള്ളു.45 പരി. സിംഹാസനം നിയമിച്ച അപ്പസ്തോലിക വികാരിമാര്‍ അപ്പസ്തോലിക ലേഖനം സര്‍വ്വാത്മനാ സ്വീകരിച്ചു. പോര്‍ച്ചുഗീസ് ഭരണകൂടവും പോര്‍ച്ചുഗീസ് മെത്രാന്മാരും വൈദികരും Multa Praeelara എന്ന ഈ ലേഖനത്തെ ദൃഢനിശ്ചയത്തോടെ തിരസ്കരിക്കുകയും തങ്ങള്‍ക്കു നല്കപ്പെട്ട അവകാശങ്ങളുടെ മേല്‍ അകാരണമായി നടത്തിയ കയ്യേറ്റമായി കരുതുകയും ചെയ്തു. പോര്‍ച്ചുഗീസ് മെത്രന്മാരും, വൈദികരും സന്യസ്ഥരും അവരുടെ കീഴിലുള്ള ക്രിസ്തീയ വിശ്വാസികളും ദൃഢനിശ്ചയത്തോടെ അപ്പസ്തോലികലേഖനത്തെ ധിക്കരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.46 മാര്‍പാപ്പായുടെ പരമാധികാരത്തെ ധിക്കരിച്ചതിനാല്‍ പദ്രൊവാദോയുടെ അനുയായികളെ ശീശ്മക്കാരായി പ്രൊപ്പഗാന്തഫിദേ മുദ്രകുത്തി. പദ്രൊവാദോ വിഭാഗമാകട്ടെ, പ്രൊപ്പഗാന്ത മിഷനറിമാരെയും അപ്പസ്തോലിക് വികാരിമാരേയും കയ്യേറ്റ ക്കാരായി ചിത്രീകരിച്ചു. ഗൗരവമേറിയ ഈ സാഹചര്യത്തിന്‍റെ ഒരു സജീവചിത്രം പ്രൊഫസര്‍ മോരെസ് വരച്ചുകാട്ടുന്നുണ്ട്.
"പദ്രൊവാദോ അനുയായികളെ വിമതരും ശീശ്മക്കാരുമായി പ്രൊപ്പഗാന്ത മുദ്രകുത്തി. പദ്രൊവാദോ പക്ഷമാകട്ടെ അവരുടെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും പ്രൊപ്പഗാന്ത ഏജന്‍റുമാരെ ധിക്കാരികളായ കടന്നുകയറ്റക്കാരായി പരിഗണിക്കുകയും ചെയ്തു. ഈ കാലയളവുമുതല്‍ ദീര്‍ഘകാലത്തേക്ക് പ്രോപ്പഗാന്ത മിഷനറിമാരുടെ മുഖ്യജോലി ജനങ്ങളെ വിശ്വാസത്തിലേക്കു നയിക്കുക എന്നതിനേക്കാള്‍ പുതിയ അധികാരസംവിധാനത്തിന്‍ കീഴിലേക്ക് വിശ്വാസികളെ കൊണ്ടുവരിക എന്നതായിരുന്നു. ഈ ജോലിക്ക് ഒരു വിശുദ്ധ കര്‍മ്മത്തിന്‍റെ പരിവേഷവും ഉണ്ടായിരുന്നു. വിമതരെ റോമിനു കീഴില്‍ കൊണ്ടുവരിക എന്ന പവിത്രമായ ഒരു പ്രവര്‍ത്തിയായി അവര്‍ ഇതിനെ കരുതി. എങ്കിലും കത്തോ ലിക്കരെ വീണ്ടും കത്തോലിക്കരാക്കാന്‍ ശ്രമിക്കുന്ന ഒരു പാഴ്വേലയാണ് ഇതെന്ന് ഉള്ളിന്‍റെ ഉള്ളില്‍ അവര്‍ അറിഞ്ഞി രിക്കണം."47
പോര്‍ച്ചുഗല്‍ രാജാവിന് സഭാപരമായ അധികാരം (Ecclesiastical Juridiction) നല്കുന്ന നിരവധി അപ്പസ്തോലിക ലേഖനങ്ങള്‍ അനുസരിച്ച് ആ രാജാവിന്‍റെ വ്യക്തമായ സമ്മതം കൂടാതെ സംരക്ഷണാധികാരം നല്കുന്ന അവകാശങ്ങള്‍ പിന്‍വലിക്കാന്‍ മാര്‍പാപ്പയ്ക്ക് അവകാശമില്ലെന്ന് പോര്‍ച്ചുഗീസ് പക്ഷം ചൂണ്ടിക്കാട്ടി. 1838 ഒക്ടോബര്‍ 8-ാം തീയതി ഗോവയിലെ നിയുക്ത മെത്രാപ്പോലീത്തയായ അന്തോനിയോ ഫെലിച്ചിയാനേദ് സാന്ത റീത്ത കവാലോ (Antonio Feliciano de Santarita Cavalo) ഗവര്‍ണര്‍മാര്‍ക്കും, സാമന്തരൂപതകളിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അല്‍മായര്‍ക്കുമായി ദീര്‍ഘമായ ഒരു ഇടയലേഖനം എഴുതി. ഈ ലേഖനത്തില്‍, പദ്രൊവാദോയുടെ കീഴിലുള്ളവര്‍ മാര്‍പാപ്പായുടെ ലേഖനം അനുസരിക്കാന്‍ കടപ്പെട്ടവരല്ല എന്നു മാത്രമല്ല, അനുസരിക്കാതിരിക്കാന്‍ ബാദ്ധ്യസ്ഥര്‍ കൂടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.48 ലേഖനം സമാപിക്കുന്നത് ഇപ്രകാരമാണ്.
"പരി. സിംഹാസനത്തോടുള്ള വിശ്വാസവും അനുസരണയും നാം പലപ്പോഴും ഏറ്റുപറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇത് തുല്യശക്തിയോടും ഭയഭക്തിയോടും കൂടി നാം എടുത്തിട്ടുള്ള മറ്റൊരു സത്യപ്രതിജ്ഞയ്ക്ക് എതിരല്ല. അതായത് നമ്മുടെ രാഷ്ട്രീയ പരമാധികാരിയോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്താനും രാജാവിനു നല്കപ്പെട്ട സംരക്ഷണാധികാരത്തിന്‍റെ അവകാശങ്ങളും നമ്മുടെ അതിരൂപതയുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള പ്രതിജ്ഞ. നമുക്കു നല്കപ്പെട്ടിരിക്കുന്ന ലേഖനം ഈ രാജകീയ അവകാശങ്ങളെ കടന്നാക്രമിക്കുകയും നമ്മുടെയും നമ്മുടെ സാമന്ത രൂപതകളുടെയും ഭരണപരമായ അധികാരങ്ങള്‍ നിക്ഷേധിക്കുകയും ചെയ്യുന്നതിനാല്‍, ഈ ലേഖനമോ ഇതുപോലുള്ള മറ്റു ലേഖനങ്ങളോ നടപ്പാക്കുന്ന തിനെതിരേ പ്രതിഷേധിക്കാനും നിയമപരമായി ചെറുക്കാനും നാം ബാധ്യസ്ഥരാണ്. രാജ്ഞിയുടെ രാജകീയ സമ്മതം ലഭിക്കാ ത്തപക്ഷം മേല്‍പറഞ്ഞ ലേഖനം സ്വീകരിക്കുകയോ നടപ്പാക്കു കയോ ചെയ്യരുതെന്ന് നമ്മുടെ അധികാരത്തിന്‍കീഴുള്ള എല്ലാവ രോടും നാം കല്പിക്കുന്നു. റോമിനെ പ്രതിഷേധം അറിയിക്കാനും അനുയോജ്യമായ ഒരു പ്രഖ്യാപനം ഇതേപ്പറ്റി പുറപ്പെടുവിക്കാന്‍ മാര്‍പാപ്പയോട് ആവശ്യപ്പെടാനും വേണ്ടി, പ്രൊപ്പഗാന്ത കുത്തിപ്പൊക്കിയ ഈ കയ്യേറ്റത്തിന്‍റെ ഒരു വിവരണം നാം രാജ്ഞിക്ക് നല്കിയിട്ടുണ്ട്."49
രൂപതാതിര്‍ത്തികള്‍ക്കുള്ളില്‍ അധികാരവടംവലിയും സംഘട്ടനങ്ങളും നടന്നുകൊണ്ടിരിക്കെതന്നെ, ഗ്രിഗറി XVI-മന്‍ പാപ്പായും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ പീയൂസ് IX-ാമന്‍ മാര്‍പാപ്പയും (1846-1878) പ്രൊപ്പഗാന്ത ഫിദെയുടെ ഉദ്യോഗസ്ഥ രോടൊപ്പം അപ്പസ്തോലിക ലേഖനം നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ അതു കാര്യമായി വിജയിച്ചില്ല. പുനഃക്രമീകണം വഴിയും വിഭജനം വഴിയും ക്രമേണ നിരവധി പുതിയ വികാരിയാത്തുകള്‍പോലും സ്ഥാപിക്കപ്പെട്ടു. താഴെപറയുന്നവ ഉദാഹരണങ്ങളാണ്. ആഗ്ര (1845), മംഗലാപുരം (1845), പാറ്റ്ന (1845), കൊല്ലം (1845), മദൂരയ് (1846), ശ്രീലങ്കയിലെ ജാഫ്ന (1849), മൈസൂര്‍ (1850), കൃഷ്ണനഗര്‍ (1851), ഹൈദരബാദ് (1851), പഞ്ചാബ് (1880), ശ്രീലങ്കയിലെ കാന്‍ഡി (1883).50 പദ്രൊവാദോയുടെ താല്ക്കാലിക തിരോധാനത്തെയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയുംപറ്റി ജി. മര്‍ത്തിന (G.Martina) നടത്തിയ വിലയിരുത്തല്‍ സന്തുലിതവും വസ്തുനിഷ്ഠവുമായി തോന്നുന്നു. അദ്ദേഹം പറയുന്നു: "ഗ്രെഗരി XVI-ാമന്‍റെ ലേഖനം (Brief) വിഭിന്ന ഫലങ്ങളാണ് ഉളവാക്കിയത്. ഒരുവശത്ത് നീണ്ടുനില്ക്കുന്ന ഒരു അധികാര സംഘടനപരമ്പരക്കുതന്നെ അതു കാരണമായി. വത്തിക്കാന്‍ അതിന് ശീശ്മ ലെവശാെ എന്നാണു പേരിട്ടത്, അതിന്‍റെ ഔദ്യോഗിക രേഖകളില്‍ മാത്രമല്ല, ലിസ്ബണിലെ ന്യൂണ്‍ഷോയുമായുള്ള നയതന്ത്രപരമായ കത്തിടപാടുകളിലും. മറുവശത്ത് വികാരിയാത്തുകള്‍ പെരുകാന്‍ അത് ഇടയാക്കുകയും എല്ലാം സിവല്‍ അധികാരികളിന്നു പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന സഭയെ പിടിച്ചു കുലുക്കി സ്വന്തം കാലില്‍ നില്ക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തു."51
കാലക്രമേണ, പോര്‍ച്ചുഗീസ് രാജാധികാരവും പരി. സിംഹാസ നവും തമ്മിലും ഇന്ത്യയിലെ യുദ്ധഭൂമിയിലുള്ള അവരുടെ പ്രതിനിധികള്‍ തമ്മിലുമുള്ള സംഘര്‍ഷം, പദ്രൊവാദോയുടെ ഏകപക്ഷീയമായ നിരോധനം വഴിയോ, പരസ്പര ഭീഷണികളും മുടക്കുകളും ശിക്ഷാനടപടികളും വഴിയോ പരിഹരിക്കപ്പെടു കയില്ലെന്ന് തികച്ചും വ്യക്തമായി. അതിനാല്‍, 1841 ല്‍ നടന്ന നയതന്ത്രബന്ധത്തിന്‍റെ പുനഃസ്ഥാപനത്തെ തുടര്‍ന്ന്, പരി. സിംഹാസനവും പോര്‍ച്ചുഗീസ് ഭരണകൂടവും സന്ധി സംഭാഷണ ത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഇതിന്‍റെ ഫലമായി ഇന്ത്യയിലും ചൈനയിലും പോര്‍ച്ചുഗീസ് സംരക്ഷണാധികാരം തുടരാനനു വദിച്ചുകൊണ്ടുള്ള ഒരു ധാരണാപത്രം (Conncordat) 1857 ഫെബ്രുവരി 21-ാം തീയതി ഒപ്പുവയ്ക്കപ്പെട്ടു. സംരക്ഷണാധികാ രത്തെ പുന:സൃഷ്ടിക്കുകയും ക്രമീകരിക്കുകയും ചെയ്തുകൊ ണ്ടുള്ള ഈ ഉടമ്പടി 1860 ഫെബ്രുവരി 6-ാം തിയതി സ്ഥിരീകരിക്ക പ്പെടുകയും 1860 മേയ് 30-ാം തിയതി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇതിലെ ചില പ്രധാന വകുപ്പുകള്‍ മാത്രം താഴെ കൊടുക്കുന്നു.
ഘണ്ഡിക 1: "പ്രസക്തമായ അപ്പസ്തോലിക ബൂളകളുടെ അടിസ്ഥാനത്തിലും പരിശുദ്ധ കാനോനുകള്‍ അനുസരിച്ചും ഇന്ത്യയിലും ചൈനയിലും താഴെ കൊടുത്തിരിക്കുന്ന കത്തീദ്ര ലുകളില്‍ പോര്‍ച്ചുഗീസ് രാജാവിനുള്ള സംരക്ഷണാധികാര ത്തിന്‍റെ അവകാശം (Right of Patronage) തുടരുന്നതാണ്."
ഘണ്ഡിക 2: "ഇന്ത്യയെ സംബന്ധിക്കുന്നവ: പ്രഥമസ്ഥാന മലങ്കരിക്കുന്ന ഗോവ മെത്രാപ്പോലീത്തന്‍ ദേവാലയം, ക്രാങ്കന്നൂരെ അതിരൂപതാ ദേവാലയം ad honporem, കൊച്ചിയിലെ രൂപതാ ദേവാലയം, മൈലാപ്പൂരെ മാര്‍തോമ്മാ രൂപതാ ദേവാലയം, മലാക്കയിലെ രൂപതാ ദേവാലയം.
ഘണ്ഡിക 3: ചൈനയില്‍ മക്കാവുവിലെ രൂപതാ ദേവാലയം
ഘണ്ഡിക 7: ഗോവ അതിരൂപതയുടെ ഇപ്പോഴത്തെ അതിര്‍ത്തി ക്കുള്ളില്‍ എവിടെയെങ്കിലും ഒരു പുതിയ രൂപത സ്ഥാപി ക്കുന്നതിലുള്ള മതപരമായ സൗകര്യത്തെപ്പറ്റി പരി. സിംഹാസനം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്, അത് യഥോചിതം നിര്‍വ്വഹിക്കുന്നതിനുവേണ്ട സഹായം, സംരക്ഷകനെന്നനിലയില്‍ കഴിവനുസരിച്ച് പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റ് നല്കുന്നതാണ്. സ്ഥലം ഭരണ സൗകര്യവും വിശ്വാസികളുടെ നന്മയും കണക്കിലെടുത്ത് പരി. സിംഹാസനവുമായി ആലോചിച്ചായിരിക്കും നിശ്ചയിക്കുക.
ഘണ്ഡിക 14: ഇന്ത്യയിലെ മേല്‍പറഞ്ഞ രൂപതകളുടെ അതിര്‍ത്തികള്‍ക്കു പുറമേയുള്ള പ്രദേശങ്ങളില്‍, ആവശ്യമായ നടപടികളോടെ, പുതിയ രൂപതകള്‍ സ്ഥാപിക്കാവുന്നതാണ്. സ്ഥാപനത്തോടെ ഈ രൂപതകളില്‍ പോര്‍ച്ചുഗീസ് കിരീടത്തിന്‍റെ സംരക്ഷണാവകാശം പ്രാബല്യത്തില്‍ വരുന്നതാണ്.52
ഉടമ്പടി (Concorat) ഗോവ മെട്രോപോലീത്തന്‍ അതിരൂപതയിലുള്ള പോര്‍ച്ചുഗീസ് സംരക്ഷണാധികാരം സ്ഥിരീകരിക്കുകയും ക്രാങ്കന്നൂര്‍ (മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍), കൊച്ചിന്‍, മൈലാപ്പൂര്‍, മലാക്ക എന്നീ പോര്‍ച്ചുഗീസ് രൂപതകളെ പുനഃസ്ഥാപിക്കുകയും ചെയ്തു. (ഇവ ചേര്‍ന്നതായിരുന്നു ഗോവ സഭാ പ്രോവിന്‍സ്). സംരക്ഷണാധികാരത്തിന്‍ കീഴില്‍ പുതിയ രൂപതകള്‍ സ്ഥാപിക്കാനുള്ള അവകാശം പോലും ഉടമ്പടി പോര്‍ച്ചുഗലിനു നല്കി. ചുരുക്കത്തില്‍ പോര്‍ച്ചുഗീസ് സംരക്ഷണാധികാരത്തിന്‍റെ അവകാശങ്ങള്‍ ഒരിക്കലും പിന്‍വലിക്കപ്പെടാതിരുന്നാലെന്നപോലെ പുനഃസ്ഥാപിക്കപ്പെട്ടു. പരി. സിംഹാസനത്തിന് അനുകൂലമായി തീരുമാനിക്കപ്പെട്ട ഏക കാര്യം ഇതായിരുന്നു: നിലവിലുള്ള തെറ്റിധാരണകളെയും വിശ്വാസികള്‍ക്കിടയില്‍ നിലനില്ക്കുന്ന അശാന്തിയെയും പരിഹരിക്കാന്‍ വേണ്ടി, മേല്‍പറഞ്ഞ രൂപതകളുടെ പരിധികള്‍ നിജപ്പെടുത്തുന്ന ഒരു ഒദ്യോഗിക രേഖയ്ക്ക് എത്രയും വേഗം രൂപം നല്കാന്‍ രാജാവും മാര്‍പാപ്പായും തമ്മില്‍ ധാരണയായി.53 വാസ്തവത്തില്‍ മേല്പറഞ്ഞ നാലു പോര്‍ച്ചുഗീസ് രൂപതകള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചുകിടന്നിരുന്നതിനാല്‍ സ്വതന്ത്ര പ്രദേശങ്ങള്‍ ശേഷിച്ചിരുന്നില്ല.
1860ല്‍ പോര്‍ച്ചുഗീസ് സംരക്ഷണാധികാരത്തിന്‍റെ പുനഃസ്ഥാപ നവും അതു സംബന്ധിച്ച ക്രമീകരണങ്ങളും നടന്ന ശേഷവും പരി. സിംഹാസനവും പോര്‍ച്ചുഗീസ് ഭരണകൂടവും തമ്മിലുള്ള നയതന്ത്രബന്ധങ്ങളും കൂടിയാലോചനകളും തുടര്‍ന്നു പോന്നു. തല്‍ഫലമായി, "ഈസ്റ്റ് ഇന്‍റീസിലെ ക്രിസ്തുമതത്തിന്‍റെ പുരോഗതിയെ ത്വരിതപ്പെടുത്താനും അവിടെ പോര്‍ച്ചുഗീസ് കിരീടത്തിനുള്ള സംരക്ഷണാധികാരത്തെ ശാശ്വതവും നിര്‍ണ്ണായകവുമായ വിധത്തില്‍ ക്രമപ്പെടുത്താനും ആഗ്രഹിച്ചു കൊണ്ട്" പരി. പിതാവ് ലെയോ XIII- മനും പോര്‍ച്ചുഗല്‍ രാജാവ് ഡോണ്‍ ലൂയിസ് ഒന്നാമനും ഒരു ഉടമ്പടിക്കു Contordet) രൂപം നല്‍കാന്‍ നിശ്ചയിച്ചു. 1886 ജൂണ്‍ 23-ാം തീയതി ഒപ്പുവച്ച ഈ ഉടമ്പടിയുടെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
ഘണ്ഡിക 1: മാര്‍പ്പാപ്പമാര്‍ നല്കിയിട്ടുള്ള പുരാതനമായ ആനുകൂല്യങ്ങളുടെ അടിസ്ഥാന്തതില്‍, ഈസ്റ്റ് ഇന്‍റീസിലെ കത്തീഡ്രല്‍ ദേവാലയങ്ങളില്‍ പരി. കാനോനകള്‍ക്ക് അനുരൂപ മായും, ഈ ഉടമ്പടിയില്‍ കൊടുത്തിരിക്കുന്ന മാറ്റങ്ങള്‍ അനുസരിച്ചും, പോര്‍ച്ചുഗീസ് കിരീടത്തിന്‍റെ സംരക്ഷണാവകാശം തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ്.
ഘണ്ഡിക 2: ഗോവയില്‍ മെട്രോപ്പൊളിത്തന്‍ ശ്രേഷ്ഠദേവാല യത്തെ സംബന്ധിച്ചിടത്തോളം, അതിന്‍റെ മെത്രാപ്പോലിത്തയ്ക്ക് തന്‍റെ സാമന്ത രൂപതകളില്‍, മെത്രാപ്പൊലീത്തയ്ക്കടുത്ത അവകാശങ്ങള്‍ തുടര്‍ന്നും ഉണ്ടായിരിക്കുന്നതാണ്. പരി. പിതാവ് മെത്രാപ്പോലിത്തായ്ക്ക് തല്ക്കാലത്തേക്കു നല്കുന്ന സൗജന്യ ആനുകൂല്യം എന്ന നിലയില്‍, ഈസ്റ്റ് ഇന്‍ഡിസിന്‍റെ മുഴുവന്‍ ഓണററി പാത്രിയര്‍ക്ക് (Honorary Patriarch) എന്ന പദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുന്നതാണ്. ഈസ്റ്റ് ഇന്‍ഡിസിന്‍റെ മുഴുവന്‍ ദേശീയ കൗണ്‍സിലുകളില്‍ അദ്ധ്യക്ഷത വഹിക്കാനുള്ള പ്രത്യേക അവകാശവും അദ്ദേഹത്തിന് ഉണ്ടായിരിക്കും. സാധാരണയായി ഗോവയിലായിരിക്കും ഈ സമ്മേളനങ്ങള്‍ നടത്തപ്പെടുക. പ്രത്യേക സാഹചര്യങ്ങളില്‍ വ്യത്യസ്തമായ ഒരു തീരുമാനം എടുക്കാനുള്ള അവകാശം മാര്‍പാപ്പായ്ക്ക ഉണ്ടായിരിക്കുന്നതാണ്.
ഘണ്ഡിക 3: മെത്രാപ്പോലിത്തന്‍ ആസ്ഥാനത്തോടൊപ്പം താഴെ പറയുന്ന മൂന്നു രൂപതകള്‍ ചേര്‍ന്നതായിരിക്കും ഗോവ പ്രോവിന്‍സ്=ക്രാങ്കന്നൂര്‍ എന്ന സ്ഥാനപേരുകൂടിയുള്ള ഡാമന്‍ രൂപത, കൊച്ചിരൂപത, മൈലാപ്പൂരിലെ മാര്‍തോമ്മാ രൂപത.
ഘണ്ഡിക 4: മെട്രോപോളിറ്റന്‍ രൂപതയായ ഗോവയിലെന്ന പോലെ അതിന്‍റെ മൂന്നു സമാന്ത രൂപതകളിലും പോര്‍ച്ചുഗീസ് കിരീടത്തിന്‍റെ സംരക്ഷണാധികാരം നിലനില്ക്കുന്നതാണ്. മേല്‍പറഞ്ഞ മൂന്നു രൂപതകളില്‍പെട്ട പ്രദേശങ്ങളും അവയുടെ അതിര്‍ത്തികളും മറ്റൊരു ഷീറ്റില്‍ നല്‍കുന്നതാണ്.
ഘണ്ഡിക 7: ഇന്‍ഡീസിന്‍റെ ഹയരാര്‍ക്കി സ്ഥാപനത്തോടൊപ്പം സ്ഥാപിക്കാന്‍ പോകുന്ന ബോബെ, മംഗാലാപുരം, കൊല്ലം, മദുരയ് എന്നീ രൂപതകള്‍ക്കുവേണ്ടി, മെത്രാന്‍ സ്ഥാനം ഒഴിവാകുമ്പോള്‍ മെത്രാപോലിത്തമാരും സാമന്തമെത്രന്മാരും ചേര്‍ന്നു. അതുപോലെ മെത്രാപോലിത്തന്‍ സിംഹാസനം ഒഴിവാകുമ്പോള്‍ പ്രോവിന്‍ സിന്‍റെ സാമന്ത രൂപതകളിലെ മെത്രാന്മാര്‍ ചേര്‍ന്നും, അനുയോ ജ്യരായ മൂന്നു പേരുടെ ഒരു ലിസ്റ്റ് (terna) ഉണ്ടാക്കി ഗോവ മെത്രാപ്പോലിത്തക്കു നല്കുകയും അദ്ദേഹം അത് പോര്‍ച്ചുഗീസ് കിരീടത്തിനു സമര്‍പ്പിക്കുകയും വേണം. കിരീടം ആറുമാസ ത്തിനകം ഈ ലിസ്റ്റില്‍നിന്ന് ഒരാളെ നിയമനത്തിനായി പരി. സിംഹാസനത്തിനു സമര്‍പ്പിക്കണം. സമയപരിധികഴിഞ്ഞാല്‍ ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരി. സിംഹാസനത്തിനു ഉണ്ടായിരിക്കുന്നതാണ്.
ഘണ്ഡിക 8: ഹയറാര്‍ക്കി സ്ഥാപനത്തോടെ സ്ഥാപിക്കപ്പെടാന്‍ പോകുന്നതും മുകളിലത്തെ ഘണ്ഡികയില്‍ സൂചിപ്പിച്ചതുമായ നാലു രൂപതകളിലേക്കും ആദ്യമായി നിയമിക്കപ്പെടേണ്ട മെത്രാപ്പോലിത്തമാരെയും മെത്രാന്മാരെയും നാമനിര്‍ദ്ദേശം ചെയ്യുന്നത് പരി. പിതാവായിരിക്കും.
ഘണ്ഡിക 10: പോര്‍ച്ചുഗീസ് കിരീടത്തിന്‍റെ സംരക്ഷണാധി കാരത്തെ ഇപ്രകാരം ക്രമീകരിച്ചിരിക്കയാല്‍ ഈസ്റ്റ് ഇന്‍ഡിസിലെ ശേഷിച്ച പ്രദേശങ്ങളില്‍ മെത്രാന്മാരെ നാമനിര്‍ദ്ദേശം ചെയ്യാനും വിശ്വാസികളുടെ നന്മയ്ക്ക് യുക്തമെന്നു തോന്നുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം പരി. സിംഹാസനത്തിന് ഉണ്ടായിരിക്കുന്നതാണ്.54
കൊണ്‍കോദാത്ത് (Concordat) അനുസരിച്ച് പുതിയ ലത്തീന്‍ ഹയരാര്‍ക്കിയുടെ സ്ഥാപനവേളയില്‍ ഗോവ മെത്രാപ്പോലീത്ത ഈസ്റ്റ് ഇന്‍ഡീസിന്‍റെ ഓണററി പാത്രിയാര്‍ക്കിസിന്‍റെ (Honorary Patriarchവ) പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ദേശീയ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലുകളില്‍ അദ്ധ്യക്ഷത വഹിക്കാനുള്ള സവിശേഷാ വകാശവും അദ്ദേഹത്തിനു ലഭിക്കും. സാധാരണ ഗതിയില്‍ ഈ കൗണ്‍സിലുകള്‍ ഗോവയില്‍ ആയിരിക്കും സമ്മേളിക്കുക. ഗോവ പ്രോവിന്‍സിന്‍റെ അതിര്‍ത്തികള്‍ വ്യക്തമായി നിര്‍ണ്ണയിക്കപ്പെടാന്‍ പോകുന്നു. ഗോവയ്ക്കടുത്ത് ഡാമനില്‍ പുതുതായിസ്ഥാപിക്കാന്‍ പോകുന്ന രൂപതയും, കൊച്ചി, മൈലാപ്പൂര്‍ എന്നീ രൂപതകളും ഉള്‍ക്കൊള്ളുന്നതായിരിക്കും ഗോവ പ്രോവിന്‍സ്. മാര്‍തോമ്മാ ക്രിസ്ത്യന്‍ രൂപതയായ ക്രാങ്കന്നൂര്‍ നിറുത്തലാക്കി, ആ പേര് പുതിയ ഡാമന്‍ രൂപതയ്ക്ക് നല്കപ്പെടും.
ഇന്ത്യയിലെ നാലു പദ്രൊവാദോ രൂപതകളുടെയും മേല്‍ (ഗോവ, ഡാമന്‍, കൊച്ചി, മൈലാപ്പൂര്‍) സംരക്ഷണാധികാരത്തിന്‍റെ അവകാശങ്ങളും ചുമതലകളും പോര്‍ച്ചുഗീസ് രാജാവ് പൂര്‍ണ്ണമായും നിലനിറുത്തും. കൂടാതെ, സ്ഥാപിക്കപ്പെടാന്‍ പോകുന്ന നാലു പ്രൊപ്പഗാന്ത രൂപതകളിലേക്ക് (ബോബെ, മംഗലാപുരം, കൊല്ലം, മധുരയ്) മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ നിയമനത്തിനു സമര്‍പ്പി ക്കാനുള്ള അവകാശംപോലും അദ്ദേഹത്തിനു ണ്ടായിരിക്കും.55 ഈ കൊണ്‍കോര്‍ഡാത്തിന്‍റെ പ്രധാന നേട്ടം ഇതാണ്: പദ്രൊവാദോ രൂപതകള്‍ നാലിന്‍റെയും അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണ്ണയി ക്കാനും അങ്ങനെ ശേഷിച്ചസ്ഥലങ്ങള്‍ പദ്രൊവാദോ അധികാര പരിധിക്ക് പുറത്തു കൊണ്ടുവരാനും അതു കളമൊരുക്കി. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ രൂപതകള്‍ സ്ഥാപിക്കാനും മെത്രാന്മാരെ നിയമിക്കാനും വിശ്വാസികളുടെ നന്മയ്ക്കുതകുന്ന തീരുമാനമെടുക്കാനുമുള്ള സംപൂര്‍ണ്ണ സ്വാതന്ത്ര്യം പരി. സിംഹാസനത്തിനു ലഭിക്കും.
കൊന്‍കോര്‍ദാത്തിലെ തീരുമാനങ്ങളനുസരിച്ച്, 1886 സെപ്തംബര്‍ 1-ാം തിയതി ലെയോ XIII -ാമന്‍ മാര്‍പാപ്പാ Humanae Salutis auetor എന്ന അപ്പസ്തോലിക ലേഖനം വഴി, പ്രൊപ്പഗാന്ത ഫീദെയുടെ അധികാരത്തിന്‍ കീഴില്‍ ഇന്ത്യയില്‍ പുതിയ ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിച്ചു.56
ലേഖനത്തിന്‍റെ ആദ്യഭാഗത്ത് പാപ്പാ ഇന്ത്യയിലെ ക്രിസ്തു മതത്തെക്കുറിച്ചും, തോമസ് അപ്പസ്തോലന്‍റെ സുവിശേഷ പ്രസംഗത്തെക്കുറിച്ചും, പാശ്ചാത്യമിഷനറിമാരുടെ ആഗമനത്തെ ക്കുറിച്ചും പദ്രൊവാദോ രൂപതകളുടെയും വികാരിയാത്തുകളുടെ യും സ്ഥാപനത്തെക്കുറിച്ചും ഹ്രസ്വമായ ഒരു വിവരണം നല്കി. അതിനുശേഷം അദ്ദേഹം താഴെകാണുന്ന പ്രഖ്യാപനം നടത്തി.
"അതിനാല്‍ വിഷയത്തിന്‍റെ ഗൗരവസ്വഭാവം ആവശ്യപ്പെട്ടതനു സരിച്ച്, ക്രിസ്തീയ നാമത്തിന്‍റെ പ്രചാരണത്തിനായുള്ള തിരുസംഘത്തിലേക്കു നിയമിക്കപ്പെട്ടവരും പരി. റോമന്‍ കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാളന്മാരുമായ നമ്മുടെ വന്ദ്യ സഹോദരന്മാരുടെ അഭിപ്രായം ആരാഞ്ഞശേഷം, എളിമയോടെ ഉള്ളുരുകി സര്‍വ്വശക്തനായ ദൈവത്തോടു പ്രാര്‍ത്ഥിച്ചശേഷം, ദൈവത്തിന്‍റെ അമലോത്ഭവ മാതാവിന്‍റെയും വി. പത്രോസിന്‍റെയും വി. പൗലോസിന്‍റെയും വി. തോമസ് അപ്പസ്തോലന്‍റെയും, ഈ ജനതയുടെ പക്കലേക്ക് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് സുവിശേഷ വെളിച്ചവുമായി കടന്നുവരികയും ഇപ്പോള്‍ അവര്‍ക്കു സ്വര്‍ഗ്ഗീയ സംരക്ഷണം നല്കുകയും ചെയ്യുന്ന വി. ഫ്രാന്‍സീസ് സേവ്യറി ന്‍റെയും സഹായം യാചിച്ചശേഷം, ഉറച്ച അറിവോടും പക്വമായ വിചിന്തനത്തിനുശേഷവും, നമ്മുടെ അപ്പസ്തോലിക അധികാര ത്തിന്‍റെ പൂര്‍ണ്ണത ഉപയോഗിച്ച്, ഈ ആധികാരിക ലേഖനം വഴി, "മൊത്തു പ്രോപ്രിയോ" (Motn Proprio), ഈസ്റ്റ് ഇന്‍ഡീസിലെ മിഷനുകള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു മെത്രാസന ഹയരാര്‍ക്കി (episcopal hierarhy) കാനന്‍ നിയമത്തിലെ നിബന്ധനകള്‍ ക്കനുസരിച്ച്, ദൈവത്തിന്‍റെ ഉപരിമഹത്വത്തിനും കത്തോലിക്കാ സഭയുടെ വളര്‍ച്ചക്കുമായി സ്ഥാപിക്കുന്നു.
കൂടാതെ ഗോവാ അതിരൂപത ആദ്യമായി സ്ഥാപിക്കുകയും തുടര്‍ന്ന് കൊച്ചി, മൈലാപ്പൂര്‍, ക്രാങ്കന്നൂര്‍ എന്നീ രൂപതകളെ അതിന്‍റെ സാമന്ത രൂപതകളാക്കുകയും ചെയ്ത നമ്മുടെ പിന്‍ഗാമികളുടെ കാലടികളെ പിന്‍ചെന്നുകൊണ്ടും, വിശ്രുതനും ഏറ്റം വിശ്വസ്ഥനുമായ പോര്‍ച്ചുഗല്‍-അല്‍ഗാര്‍വ് രാജാവുമായി (Portugal and Algarvl) അടുത്തകാലത്ത് ഉണ്ടാക്കിയ ധാരണ അനുസരിച്ചും, നാം ഈ രൂപതകളെ സ്ഥിരീകരിക്കുകയും അവയെ ഒരു പ്രോവിന്‍സായി പുനര്‍യോജിപ്പിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതിനും പുറമേ, നമ്മുടെ അപ്പസ്തോലിക അധികാരമുപയോഗിച്ച്, ഈ ലേഖനത്തിന്‍റെ അതേ ആധികാരികത യോടെ, ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവനിലും സീലോണ്‍ ദ്വീപിലുമുള്ള എല്ലാ അപ്പസ്തോലിക വികാരിയാത്തുകളെയും ബംഗാള്‍ പ്രോവിന്‍സിനു മദ്ധ്യത്തിലുള്ള പ്രീഫെക്ചറിനെയും (prefeeture) രൂപതകളായി പ്രഖ്യാപിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. ഈ പുതിയ രൂപതകളില്‍, ആഗ്ര, ബോബെ, വെരാപൊളി, കല്‍ക്കത്ത, മദ്രാസ്, പോണ്ടിച്ചേരി, കോയമ്പത്തൂര്‍ എന്നിവയെ അതിരൂപതയുടെ പദവിയിലേക്ക് നാം ഉയര്‍ത്തുന്നു. സാമന്ത രൂപതകള്‍ ഏതൊക്കെയാണെന്ന് നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കും."57
കൊണ്‍കോര്‍ദാത്തില്‍ വ്യവസ്ഥ ചെയ്തിരുന്നതുപോലെ ഗോവ മെത്രാപ്പോലിത്ത, ഈസ്റ്റ് ഇന്‍ഡീസിന്‍റെ പാത്രിയര്‍ക്കീസ് Ad honorem എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ഗോവ അതിരൂപത യും സാമന്തരൂപതകളായ കൊച്ചി, മൈലാപ്പൂര്‍, 1886 സെപ്തംബര്‍ ഒന്നിന് പുതുതായി സ്ഥാപിക്കപ്പെട്ട ഡാമന്‍ എന്നിവയും ചേര്‍ന്ന് ഒറ്റ സഭാ പ്രോവിന്‍സ് ആയിത്തീര്‍ന്നു. പദ്രൊവാദോ അതിരൂപത യായിരുന്ന ക്രാങ്കന്നൂര്‍ (മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ) നിറുത്തലാക്കുകയും അതിന്‍റെ സ്ഥാനപ്പേര്‍ ഡാമന്‍ രൂപതയ്ക്കു നല്കപപ്പപ്പെടുകയും ചെയ്തു. നിലവിലുള്ള അപ്പസ്തോലിക വികാരിയാത്തുകളെല്ലാം രൂപതകളും അതിരൂപതകളുമായി പ്രഖ്യാപിക്കപ്പെടുകയും അവ ഇന്ത്യയില്‍ ആറും ശ്രീലങ്കയില്‍ ഒന്നും പ്രോവിന്‍സുകളായി ക്രമീകരിക്ക പ്പെടുകയും ചെയ്തു. അങ്ങിനെ ആകെ 8 പ്രോവിന്‍സുകളു ണ്ടായിരുന്നു. പദ്രൊവാദോ പ്രോവിന്‍സ് ആയ ഗോവയും ഇന്ത്യയില്‍ 6 ഉം ശ്രീലങ്കയില്‍ 1 ഉം ആയി ഏഴ് പ്രൊപ്പഗാന്ത പ്രോവിന്‍സുകളും.
അതിരൂപതകള്‍ സാമന്തരൂപതകള്‍
ഇന്ത്യയില്‍ പുതിയ ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിതമായതിനു ശേഷവും അധികാര സംവിധാനത്തിന്‍റെ (Juridiction) ഇരട്ടിച്ച് തുടര്‍ന്നു കൊണ്ടിരുന്നു. എങ്കിലും, പോര്‍ച്ചുഗീസ് സംരക്ഷണാ ധികാരത്തിന്‍ കീഴിലുള്ള ഗോവ പ്രോവിന്‍സിന്‍റെയും പ്രൊപ്പഗാന്ത ഫിദെയുടെ കീഴിലുള്ള അതിരൂപതകളുടെയും രൂപതകളുടെയും അതിര്‍ത്തികളും പരിധികളും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിരുന്ന തിനാല്‍, ഇന്ത്യയിലെ സഭയില്‍ സമാധാനവും ഐക്യവും പുലരാന്‍ തുടങ്ങി. ചില രൂപതകളുടെ അതിര്‍ത്തികള്‍ പിണഞ്ഞു കിടന്നിരുന്നതുമൂലവും പ്രൊപ്പഗാന്തയുടെ കീഴിലുള്ള ബോബെ, മംഗലാപുരം, കൊല്ലം, ട്രിച്ചിനോപ്പള്ളി (മദുരയ്) രൂപതകളിലേക്ക് മെത്രാന്മാരെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റിന്‍റെ അധികാരത്തോടു ബന്ധപ്പെട്ടും ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പരിഹരിക്കപ്പെട്ടു.
കാലക്രമത്തില്‍ ഇന്ത്യയിലെയും പോര്‍ച്ചുഗലിലെയും രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റംവന്നു. കുറെ കാലത്തെ അധികാരവടം വലികള്‍ക്കു പൊതുജന പ്രക്ഷോഭങ്ങള്‍ക്കുംശേഷം, 1910 ല്‍ പോര്‍ച്ചുഗല്‍ ഒരു റിപ്പബ്ലിക്ക് ആയിത്തീര്‍ന്നു. തല്‍ഫലമായി സംരക്ഷണാധികാരത്തിന്‍റെ അവകാശങ്ങള്‍ പോര്‍ച്ചുഗല്‍ പ്രസിഡണ്ടിന് കൈമാറ്റം ചെയ്യപ്പെട്ടു. 1886 ലെ കൊണ്‍കോര്‍ദാത്ത് നടപ്പിലാക്കുന്നതിനുള്ള വൈഷമ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും, പോര്‍ച്ചുഗലിലും ഇന്ത്യയിലെ മതജീവിതത്തിലും വന്നിട്ടുള്ള ആഴമേറിയ മാറ്റങ്ങളുടെ ഫലമായും, 1928 ഏപ്രില്‍ 15-ാം തീയതി പരി. സിംഹാസനവും പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റും തമ്മില്‍ പുതിയൊരുടമ്പടി ഒപ്പുവയ്ക്കപ്പെട്ടു.58 ഈ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഗോവ അതിരൂപത, അതിന്‍റെ പാത്രിയാര്‍ക്കല്‍ ബഹുമതി നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഡാമന്‍ രൂപതയില്‍പെട്ട (ഇത് നിറുത്തലാക്കി) പോര്‍ച്ചുഗീസ് അധീനതയുള്ള പ്രദേശങ്ങളും കത്തിയവാര്‍ തീരത്തുള്ള ഡിയൂ ദ്വീപും കൂടിചേര്‍ത്ത് വിപുലീകരിക്കപ്പെട്ടു. മെത്രാപ്പോലീത്ത, ഗോവയുടെയും ഡാമന്‍റെയും മെത്രാപ്പോലീത്താ എന്നു വിളിക്കപ്പെടാന്‍ തുടങ്ങി. ഡാമന്‍ രൂപതയുടെ ശേഷിച്ച ഭാഗങ്ങള്‍ ബോബെ അതിരൂപ തയോടു ചേര്‍ക്കപ്പെട്ടു. പദ്രൊവാദോ രൂപതയായ മൈലാപ്പൂരിന്‍റെ അതിര്‍ത്തികളും മാറ്റി നിര്‍ണ്ണയിക്കപ്പെട്ടു. അതിന്‍റെ ഭാഗമായി ട്രിച്ചിനോപ്പിള്ളി, ടുട്ടികൊറിന്‍ എന്നീ രൂപതകളുടെ അതിര്‍ത്തികള്‍ ക്കുള്ളില്‍ ചിതറിക്കിടന്നിരുന്ന 14 ഇടവകകള്‍ വേര്‍തിരിക്കപ്പെട്ടു. രൂപതാഭരണപ്രദേശങ്ങളുടെ തുടര്‍ച്ച സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. പരമ്പരാഗത പോര്‍ച്ചുഗീസ് രൂപതകളായ ഗോവ (ഡാമനും) കൊച്ചി, മൈലാപ്പൂരെ മാര്‍ത്തോമ്മാ എന്നിവിടങ്ങളിലെ യും, ബോബെ, മൈലാപ്പൂര്‍, കൊല്ലം, ട്രിച്ചിനോപ്പിള്ളി എന്നീ രൂപതകളിലെയും മെത്രാന്മാരുടെ നിയമത്തെ സംബന്ധിച്ചും പുതിയ ധാരണയുണ്ടാക്കി. ഇതേ സംബന്ധിച്ച പ്രസക്ത വകുപ്പു കള്‍ താഴെ കൊടുക്കുന്നു.
ഘണ്ഡിക 6: ഗോവ, കൊച്ചി, മൈലാപ്പൂരെ മാര്‍തോമ്മ, മക്കാവോ എന്നീ രൂപതകളെ സംബന്ധിച്ച്:
ഘണ്ഡിക 7: ബോംബെ, മംഗലാപുരം, കൊല്ലം, ഭിച്ചിനോപ്പള്ളി എന്നീ രൂപതകളെ സംബന്ധിച്ച വ്യവസ്ഥകള്‍.
പുതിയ കൊണ്‍കോര്‍ഡാത്ത് അനുസരിച്ച് ഇന്ത്യയിലെ മെത്രാന്മാരുടെ നിയമനത്തില്‍ പോര്‍ച്ചുഗീസ് ഭരണകൂടത്തിനുള്ള പങ്കാളിത്തം ഗണ്യമായി വെട്ടിച്ചുരുക്കപ്പെട്ടു. പോര്‍ച്ചുരീസ് രൂപതക ളില്‍ ഏറ്റവും യോഗ്യനായ പോര്‍ച്ചുഗീസ് സ്ഥാനാര്‍ത്ഥിയെയും മുകളില്‍പറഞ്ഞ മറ്റു രൂപതകളില്‍ ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥിയും (ഇത് പോര്‍ച്ചുഗീസുകാരന്‍ ആകണമെന്നില്ല) സ്വീകരിക്കാനുള്ള അവകാശം മാത്രമാണ് അശേഷിച്ചത്.
1947 ഓഗസ്റ്റ്15-ാം തീയതി ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നു സ്വതന്ത്രയാവുകയും 1950 ജനുവരി 26-ാം തിയതി പരമാധികാരമുള്ള ഒരു റിപ്പബളിക് ആയിത്തീരുകയും ചെയ്തു. പരമാധികാരമുള്ള ഒരു രാജ്യത്ത് മെത്രാന്മാരെ നിയമിക്കുന്ന കാര്യത്തില്‍ ഒരു വിദേശരാജ്യം ഇടപെടുന്നത് അനുചിതവും പ്രതികൂലഫലങ്ങള്‍ ഉളവാക്കാനിടയുള്ളതുമാ ണെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍ പോര്‍ച്ചുഗലിന്‍റെ സംരക്ഷണാധികാരം നിറുത്തല്‍ ചെയ്യാന്‍ ഇന്ത്യ ഗവണ്‍മെന്‍റ് തീരുമാനിക്കുകയും ഇന്ത്യാ ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടതനുസരിച്ച്, 1950 ജൂലായ് 18-ാം തീയതി പോര്‍ച്ചുഗീസ് റിപ്പബ്ലിക്കുമായി പരി.സിംഹാസനം മറ്റൊരു കൊണ്‍കോര്‍ദാത്ത് ഉണ്ടാക്കുകയും ചെയ്തു. സംരക്ഷണാധികാരത്തിന് അന്ത്യം കുറിക്കുന്ന ഈ കൊണ്‍കോര്‍ദാത്തിലെ പ്രധാന വകുപ്പുകള്‍ താഴെ കൊടുക്കുന്നു:
ഘണ്ഡിക 1: മംഗലാപുരം, കൊല്ലം, ട്രിച്ചിനോപൊളി, കൊച്ചി, മൈലാപ്പൂരെ മാര്‍തോമ്മാ, ബോംബെ എന്നീ രൂപതകളിലേയ്ക്ക് മെത്രാന്മാരെ നിയമനത്തിനു സമര്‍പ്പിക്കാന്‍ പോര്‍ച്ചുഗീസ് റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റിനു നല്കപ്പെട്ടിരുന്ന അവകാശം പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റ് ഉപേക്ഷിക്കുന്നു.
ഘണ്ഡിക 2: കൊച്ചി, മൈലാപ്പൂരെമാര്‍തോമ്മ എന്നീ രൂപതകളില്‍ മെത്രാന്മാരായി പോര്‍ച്ചുഗീസ് പൗരന്മാരെ നിയമിക്കാനും ഇക്കാര്യം പോര്‍ച്ചുഗീസ് പ്രസിഡന്‍റുമായി ആലോചിക്കാനുമുള്ള കടമയില്‍നിന്ന് പരി. സിംഹാസനം സ്വതന്ത്രയാണെന്ന് പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റ് അംഗീകരിക്കുന്നു.
ഘണ്ഡിക 6: പരിശുദ്ധ സിംഹാസനത്തിന് ആവശ്യമെന്നു തോന്നുന്നപക്ഷം ഗോവ അതിരൂപതയുടെ അതിര്‍ത്തികള്‍ പരിമിതപ്പെടുത്താനുള്ള സാധ്യത, ഈ ഉടമ്പടിയുടെ ചൈതന്യ ത്തില്‍ പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റ് പരിഗണിക്കുന്നതാണ്.
ഘണ്ഡിക 7: 1886 ലെ കൊണ്‍കോര്‍ദാത്തിലും 1928 ലെ ധാരണാപത്രത്തിലും വ്യവസ്ഥ ചെയ്തിട്ടുള്ളതും ഈ ധാരണ പത്രംവഴി വ്യക്തമായി മാറ്റപ്പെടാത്തതുമായ കാര്യങ്ങള്‍ തുടര്‍ന്നും പ്രാബല്യത്തിലിരിക്കുന്നതാണ്, പ്രത്യേകിച്ച് ഗോവാ സിംഹാസന ത്തിന്‍റെ മെട്രോപോലിത്തന്‍ - പാത്രിയാക്കല്‍ പദവിയെയും നിശ്ചിത ഇടവകകളിലെ വികാരിമാരുടെ പൗരത്വത്തെയും സംബന്ധിച്ച വ്യവസ്ഥകള്‍.60
ഈ കൊണ്‍കോര്‍ദാത്ത് അനുസരിച്ച് പോര്‍ച്ചുഗീസ് ഗവണ്‍മെന്‍റ് സംരക്ഷണാധികാരത്തിന്‍റെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉപേക്ഷിക്കുകയും തല്‍ഫലമായി കൊച്ചി, മൈലാപ്പൂര്‍ രൂപതകള്‍ക്ക് നല്കേണ്ടിയിരുന്ന സാമ്പത്തിക ബാദ്ധ്യതയില്‍നിന്ന് മോചിതമാവുകയും ചെയ്തു. ഇന്ത്യയില്‍ എവിടെയും രൂപതകള്‍ സ്ഥാപിക്കാനും മെത്രാന്മാരെ നിയമിക്കാനുമുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്രം പരിശുദ്ധസിംഹാസനത്തിനു കൈവന്നു. പലനൂറ്റാ ണ്ടുകളായി പോര്‍ച്ചുഗീസുകാരുടെ മത രാഷ്ട്രീയതലസ്ഥാന നഗരിയായിരുന്ന ഗോവയുടെ മെട്രോപോലീത്തന്‍ - പാത്രിയാ ര്‍ക്കല്‍ പദവി സംരക്ഷിക്കപ്പെട്ടു എന്നതുമാത്രമാണ് ഈ ഉടമ്പടികൊണ്ട് പോര്‍ച്ചുഗലിനുണ്ടായ ഏകനേട്ടം. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുകയും 1950 ല്‍ ഒരു റിപ്ലബിക് ആയിത്തീരുകയും ചെയ്തശേഷവും ഗോവ ഒരു പോര്‍ച്ചുഗീസ് കോളനിയായി തുടര്‍ന്നു.
നാം അന്യത്ര കണ്ടതുപോലെ, 1533 ജനുവരി 31-ാം തീയതി സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ലത്തീന്‍ രൂപതയായ ഗോവ, 1558 ഫെബ്രുവരി 4-ാം തീയതി മെട്രോപോലീത്തന്‍ അതിരൂപതയും, 1886 സെപ്റ്റംബര്‍ 1-ാം തീയതി ഈസ്റ്റ് ഇന്‍ഡിസിന്‍റെ പാത്രയര്‍ക്കേറും ആയിത്തീര്‍ന്നു. ഗോവയുടെ സാമന്തരൂപതയായി, നിര്‍ത്തലാക്കപ്പെട്ട മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ക്രാങ്കന്നൂര്‍ അതിരൂപതയുടെ സ്ഥാനപേരോടുകൂടി, 1886 സെപ്റ്റംബര്‍ 1-ാം തീയതി ഡാമന്‍ രൂപത സ്ഥാപിതമായി. 1928 മെയ് 1-ാം തീയതി ഡാമന്‍ രൂപതഗോവയോടു ചേര്‍ക്കപ്പെടുകയും അന്നുമുതല്‍ ഇവരണ്ടും കൂടി ഗോവ-ഡാമന്‍ അതിരൂപതയെന്ന് അറിയപ്പെടുകയും ചെയ്തു. 1961 അവസാനത്തോടെ ഇന്ത്യന്‍ സൈന്യം ഗോവ, ഡാമന്‍ ഡിയു എന്നിവിടങ്ങളിലേക്ക് മാര്‍ച്ചുചെയ്യുകയും അതോടെ ഈ പ്രദേശങ്ങളുടെമേലുളള പോര്‍ച്ചുഗീസ് ആധിപത്യം അവസാനിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഗോവയുടെയും ഡാമന്‍റെയും അവസാനത്തെ മാത്രി യ്ക്കിസ്-മെത്രാപ്പോലീത്തയായ ജോസെ വിയെര അല്‍വെര്‍ണാസ് (Jose Vieira Alver Maz) ഇന്ത്യവിട്ടു.
കാലക്രമേണ ഗോവ-ഡാമന്‍ അതിരൂപതയ്ക്ക് അതിന്‍റെ സാമന്തരൂപതകളെല്ലാം നഷ്ടപ്പെടുകയും 1976 ജനുവരി 1-ാം തീയതി അത്ജനങ്ങളുടെ സുവിശേഷവത്കരണത്തിനു വേണ്ടിയുളള തിരുസംഘത്തിന്‍റെ നേരിട്ടുളള നിയന്ത്രണത്തിന്‍ കീഴില്‍ അകപ്പെടുകയും ചെയ്തു. 2006 നവംബര്‍ 25-ാം തീയതി ബനഡിക് XVI-മന്‍ മാര്‍പാപ്പ ഗോവ-ഡാമന്‍ മെട്രോപോലീത്തന്‍ പ്രോവിന്‍സ് പുനഃസ്ഥാപിക്കുകയും അതുവരെ ബോംബെ അതിരൂപതയുടെ സമാന്തരൂപതയായിരുന്നു സിന്ധുദുര്‍ഗ് (Sindhudurg) രൂപത അതിനോടു ചേര്‍ക്കുകയും ചെയ്തു.61 ഗോവ-ഡാമന്‍ മെട്രോപോലീത്തന്‍ അതിരൂപത ഇപ്പോഴും പുരാതന മാര്‍തോമ്മാ ക്രിസ്ത്യന്‍ അതിരൂപതയായ ക്രാങ്കനൂരിന്‍റെ സ്ഥാനപ്പേര് വഹിക്കുകയും ഈസ്റ്റ് ഇന്‍ഡിസിന്‍റെ ad honorem പാത്രിയര്‍ക്കെറ്റായി തുടരുകയും ചെയ്യുന്നു.62
പ്രൊപ്പഗാന്ത ഫീദേയുടെ കീഴില്‍ ലത്തീന്‍ഹയരാര്‍ക്കി സ്ഥാപി ക്കപ്പെട്ടശേഷം, പ്രത്യേകിച്ച് 1950ലെ കൊണ്‍കോര്‍ദാ ത്തിനുശേഷം, രൂപതകളും സഭാപ്രോവിന്‍സുകളും ഉദാരമായും സ്വതന്ത്രമായും സ്ഥാപിക്കപ്പെട്ടു. ഈ കാലയളവില്‍ ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കുണ്ടായ ത്വരിതഗതിയിലുളള പുരോഗതി രൂപതകളുടെയും മെത്രാന്മാരുടെയും എണ്ണത്തില്‍ പ്രത്യേകിച്ച് കാണാന്‍ കഴിയും. ഇപ്പോള്‍ ലത്തീന്‍സഭയ്ക്ക് 23 സഭാപ്രോവിന്‍സുകളായി 128 രൂപതകളുണ്ട്. അതിരൂപതകളുടെയും അവയുടെ സാമന്തരൂപത കളുടെയും പേരുകളും സ്ഥാപന തീയതികളും താഴെ കൊടുക്കുന്നു.63
ആജ്മീര്‍ (20.7.2005 മുതല്‍ ആഗ്രയുടെ ഭാഗം), അലഹബാദ്(1.9.1886)
ബരെയ്ലി (19.1.1989), ജയ്പൂര്‍ (20.7.2005)
ജാന്‍സി (5.7.1954), ലക്നൗ (12.1.1940)
മീററ്റ് (20.2.1956), ഉദയ്പൂര്‍ (3.12.1984)
വരാനസി (14.5.1971).
ബെല്‍ഗാം (19.9.1953), ബെല്ലാരി (10.3.1949)
ചിക്കമംഗളൂര്‍(16.11.1963), ഗുല്‍ബര്‍ഗ (24.6.2005)
കാര്‍വാര്‍ (24.1.1976), മാംഗളൂര്‍ (1.9.1886) മൈസൂര്‍ (1.9.1886), ഷിമോഗ (14.11.1988)
ഗ്വാളിയോര്‍ (9.2.1999), ഇന്‍ഡോര്‍ (15.5.1952)
ജബല്‍പൂര്‍ (5.7.1954), ജബുവ (1.3.2002)
ഖാന്‍ഡുവ (3.2.1977)
നാസിക്ക് (15.3.1987), പൂന (1.9.1886), വാസായ് (22.5.1998).
ആസന്‍സോള്‍ (24.10.1997), ബഗ്ദോഗ്ര (14.6.1997)
ബരുയ്പൂര്‍ (30.5.1977), ഡാര്‍ജീലിങ്ങ് (8.8.1962)
ജാല്‍പയ്ഗൂരി (17.1.1952)
ക്രിഷ്നഗര്‍ (1.9.1886), റായ്ഗഞ്ച് (8.6.1978)
ബാലസോര്‍ (18.12.1989), ബരാംപൂര്‍ (24.1.1974)
റൂര്‍ക്കെല (4.7.1979), സാമ്പല്‍പൂര്‍ (14.6.1951)
ജമ്മു - ശ്രീനഗര്‍ (10.3.1986) ജലന്തര്‍ (6.12.1971)
സിംല - ചന്‍ഡിഗ്രാര്‍ (12.5.1964)
അഹമ്മദാബാദ് (5.5.1949), ബറോഡ (29.9.1966)
സിന്ധുദൂര്‍ഗ് (5.7.2005, മുമ്പ് ബോംബയുടെ സാമന്ത രൂപത)
ബൊണ്‍ഗയ്ഗാവോണ്‍ (10.5.2000)
ദിബ്രൂഗാര്‍ (12.7.1951), ദീപു (5.12.1983)
ഈത്തന്‍ഗാര്‍ (7.12.2005), മിയാവോ (7.12.2005)
തെസ്പൂര്‍ (16.1.1964).
കുഡ്ഡപ്പ (19.10.1976), ഖമ്മം (18.1.1988)
കുര്‍ന്നൂള്‍ (12.6.1967), നല്‍ഗോണ്ട (31.5.1976)
വറാങ്ങല്‍ (22.12.1952).
കോഹിമ (28.3.1980)
ചിങ്കല്‍പുട്ട് (28.6.2002), കോയമ്പത്തൂര്‍ (1.9.1886) ഊട്ടക്കമണ്ട് (3.7.1955)
വെല്ലൂര്‍ (13.11.1952).
ഡിന്‍ഡിഗല്‍ (30.10.2003), കോട്ടാര്‍ (26.5.1930)
വാളയം കോട്ടയ് (17.5.1973), ശിവഗംഗൈ (3.7.1987),
തിരുച്ചിരപ്പള്ളി (21.10.1950, മുമ്പ് ടിച്ചിനോപ്പള്ളി എന്ന പേരില്‍ 7.6.1887 മുതല്‍)
ടൂട്ടിക്കൊറിന്‍ (12.6.1923).
അംരാവതി (8.5.1955) ഔറംഗബാദ് (17.12.1977)
ബെട്ടിയാ (27.6.1998), ബഗല്‍പൂര്‍ (11.1.1965)
ബക്സര്‍ (12.12.2005), മുസ്സാഫര്‍പൂര്‍ (6.3.1980), പൂര്‍നെയ (27.6.1998).
ധര്‍മ്മപുരി (24.1.1997), കുംബകോണം (1.9.1899)
സേലം (26.5.1930), ടാഞ്ചൂര്‍ (13.11.1952)
അംബികപ്പൂര്‍ (5.6.1971)
ജാഷ്പൂര്‍ (23.3.2006), റയ്ഗാര്‍ (10.11.1977 മുമ്പ് 13.12.1951 മുതല്‍ റയ്ഗാര്‍ - അംബികപ്പൂര്‍)
ഡാള്‍ട്ടന്‍ ഗഞ്ച് (5.6.1971), ദൂംക (8.8.1963)
ഗുംല (28.5.1993), ഹാസ്സാരിബാഗ് (1.4.1995)
ജാംഷെഡ്പൂര്‍ (2.7.1962), ഖുണ്‍ട്ടി (1.4.1995)
പോര്‍ട്ട് ബ്ലെയര്‍ (22.6.1984), സിംഡെഗ (28.5.1993)
20.ഷില്ലോങ്ങ് (D.9.7.1934, A.26.6.1969)
അഗര്‍ത്തല (11.1.1996), ഐസ്സവുള്‍ (11.1.1996, മുമ്പ് 26.6.1969 മുതല്‍ സില്‍ചാര്‍) ജോവാല്‍ (28.1.2006)
നോങ്ങ്സെറ്റായിന്‍ (28.1.2006), തൂറാ (1.3.1973
ആലപ്പി (19.6.1952), നെയ്യാറ്റിന്‍കര (14.6.1996)
പുനലൂര്‍ (21.12.1985), കൊല്ലം (1.9.1886)
കോഴിക്കോട് (12.6.1923), കൊച്ചിന്‍ (4.2.1558)
കണ്ണൂര്‍ (5.11.1998), കോട്ടപ്പുറം (3.7.1987
വിജയപുരം (14.7.1930)
ഏലൂരു (9.12.1976) ഗുണ്ടൂര്‍ (13.2.1940)
നെല്ലൂര്‍ (3.7.1928), ശ്രീകാക്കുളം (1.7.1993)
വിജയവാഡ (13.410.1950, മുമ്പ് 13.4.1937 മുതല്‍ ബെസ്വാഡ എന്ന പേരില്‍).
ഉപസംഹാരം
ലത്തീന്‍ സഭയുടെ സംഘടിതമായ മിഷന്‍ പ്രവര്‍ത്തനം ഗണ്യമായ തോതില്‍ ഇന്ത്യയില്‍ ആരംഭിച്ചത് 16-ാംനൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പോര്‍ച്ചുഗീസ് മിഷനറിമാരുടെ ആഗമനത്തോടെ യാണ്. ഇന്ത്യയിലെ ലത്തീന്‍സഭ അതിന്‍റെ ഉത്ഭവത്തിനും 16-ാം നൂറ്റാണ്ടിലും 17-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലും കൈവരിച്ച പുരോഗതിക്കും പോര്‍ച്ചുഗീസ് രാജാക്കന്മാരോടും മിഷനറി മാരോടും കടപ്പെട്ടിരിക്കുന്നു എന്നതില്‍ സംശയമില്ല. പോര്‍ച്ചുഗീസ് രാജാക്കന്മാരും ഉദ്യോഗസ്ഥരും ഇന്ത്യയിലെ ലത്തീന്‍ സഭയുടെ ഔദ്യോഗിക സംരക്ഷകരും പരിപാലകരുമായിരുന്നു. സംരക്ഷ ണാധികാരത്തിന്‍റെ വ്യവസ്ഥകള്‍ക്കനുസരിച്ച്, രൂപതകള്‍, കത്തീഡ്രലുകള്‍, പള്ളികള്‍, ചാപ്പലുകള്‍, സന്യാസാശ്രമങ്ങള്‍, സ്കൂളുകള്‍ മുതലായവ സ്ഥാപിക്കാനുള്ള ചിലവിനു പുറമേ, മെത്രാന്മാര്‍, വൈദികര്‍, സ്കൂള്‍ അധ്യാപകര്‍, മറ്റു സഭാഉദ്യോ ഗസ്ഥര്‍ എന്നിവരുടെയെല്ലാം ജീവിത ചിലവും ശമ്പളവും കൊടു ത്തിരുന്നത് പോര്‍ച്ചുഗീസ് രാജാക്കന്മാരാണ്. അതിനാല്‍, പോര്‍ച്ചുഗീസ് പദ്രൊവാദോയുടെ വൈകല്യങ്ങള്‍ എന്തുതന്നെ തന്നെ ആയിരുന്നാലും ഇന്ത്യയിലെ ലത്തീന്‍ സഭയുടെ അടിത്തറ പാകാന്‍ അതാണ് ഉപകരണമായി വര്‍ത്തിച്ചത്.
കാലക്രമത്തില്‍ പോര്‍ച്ചുഗലിലെ ആഭ്യന്തര പ്രശ്നങ്ങളും സമ്പത്തിന്‍റെയും പ്രവര്‍ത്തകരുടെയും അഭാവവുംമൂലം രാജകീയ സംരക്ഷണാധികാരം ഇന്ത്യയിലെ സഭയുടെ പുരോഗതിക്ക് ഒരു പ്രതിബന്ധമായി തീര്‍ന്നു. സഭയെ നാശത്തില്‍നിന്നു രക്ഷിക്കു വാനായി റോമിലെ പ്രൊപ്പഗാന്തഫീദേ തിരുസംഘം നടത്തിയ ഇടപെടലുകള്‍ രൂക്ഷമായ സംഘര്‍ഷത്തിനും അധികാര സംഘട്ടന ങ്ങള്‍ക്കും കാരണമായി. 1950 ലെ കൊണ്‍കോദാത്തോടുകൂടി മാത്രമാണ് അവ പൂര്‍ണ്ണമായും നിലച്ചത്. പ്രശ്നങ്ങളും വൈഷമ്യ ങ്ങളും ഉണ്ടായിരുന്നിട്ടും, നൂറുകണക്കിനു വിദേശ മിഷനറിമാരുടെ നിസ്ഥാര്‍ത്ഥസേവനങ്ങളുടെ ഫലമായി ദൈവത്തിന്‍റെ പരിപാ ലനയുടെ കീഴില്‍. ഇന്ത്യയിലെ ലത്തീന്‍സഭ പുരോഗതി കൈ വരിച്ചു. അങ്ങിനെ പ്രൊപ്പഗാന്തഫീദേ തിരുസംഘത്തിന്‍റെ കീഴില്‍ ഇന്ത്യമുഴുവന്‍ ഉള്‍കൊള്ളുന്ന ഒരു ഹയരാക്കി സ്ഥാപിക്കാന്‍ കഴിഞ്ഞു.
1947ല്‍ ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചതിനുശേഷം പദ്രൊവാ ദോയുടെ അധികാരം അവസാനിക്കുകയും സഭ പൂര്‍ണ്ണമായും പരി. സിംഹാസനത്തിന്‍റെ സ്വതന്ത്ര അധികാരത്തിന്‍ കീഴില്‍ ആയി ത്തീരുകയും ചെയ്തു. പല തദ്ദേശീയ സന്യാസ സമൂഹങ്ങളുടെ സ്ഥാപനം, തദ്ദേശീയ മിഷനറിമാരുടെയും മറ്റുവൈദികരുടെയും രൂപീകരണം, ഹയരാക്കിയുടെ ക്രമേണയുള്ള ദേശീയവത്കരണം മുതലായവ ഇന്ത്യയിലെ ലത്തീന്‍ സഭയുടെ ത്വരിതഗതിയിലുള്ള പുരോഗതിക്കു വഴിതെളിച്ചു. 23 പ്രോവിന്‍സുകളിലായി 128 രൂപത കള്‍ ഇപ്പോള്‍ ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കുണ്ട്.
ഡോ. പോള്‍ പള്ളത്ത്
Emergence of the Latin Church in India catholic malayalam Dr. Paul Pallath Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206