We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
പരിശുദ്ധാരൂപിയാല്‍ പരിപൂരിതരായ ക്രിസ്തു ശിഷ്യര്‍ ആ സദ്വാര്‍ത്ത അറിയിക്കുവാന്‍ പലസ്ഥലങ്ങളിലും പോയി. അവര്‍ സുവിശേഷം പ്രഘോഷിക്കുകയും സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ വിവിധ അപ്പസ്തോലന്മാരിലൂടെ പല പ്രാദേശികസഭകള്‍ രൂപമെടുത്തു. ഈ സഭകള്‍ റോമാസാമ്രാജ്യത്തിനകത്തു പലയിടത്തും മര്‍ദ്ദിക്കപ്പെട്ടുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നു വികസിച്ചു. സാമ്രാജ്യത്തിലെ സാംസ്ക്കാരിക കേന്ദ്രങ്ങള്‍ ക്രമേണ സഭാഭരണകേന്ദ്രങ്ങളുമായി.
പൗരസ്ത്യം -പാശ്ചാത്യം
പൗരസ്ത്യമെന്ന സംജ്ഞ റോമാസാമ്രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കുവാന്‍. ഏ.ഡി 293-ല്‍ ഡയക്ലീഷന്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തെ നാലു പ്രവിശ്യകളായി വിഭജിച്ചു. 395-ല്‍ അതു രണ്ടായിത്തീര്‍ന്നു. പാശ്ചാത്യവും പൗരസ്ത്യവും. പൗരസ്ത്യസാമ്രാജ്യത്തില്‍ വളര്‍ന്നു വികസിച്ച സഭകളാണു പൗരസ്ത്യ സഭകള്‍. പാശ്ചാത്യ സാമ്രാജ്യത്തിലേതു പാശ്ചാത്യ സഭകളും. പൗരസ്ത്യസാമ്രാജ്യത്തില്‍ നിരവധി സഭകള്‍ സംജാതമായി. അവയില്‍ പ്രധാനപ്പെട്ടവയാണ് അലക്സാന്‍ഡ്രിയ , അന്ത്യോക്യ, ജറുസലേം, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്നിവ.
റോമാസാമ്രാജ്യത്തിനു പുറത്തും അപ്പസ്തോലന്മാര്‍ സഭകള്‍ സ്ഥാപിച്ചു. തോമാശ്ലീഹയാല്‍ സംസ്ഥാപിതമായ ഭാരതസഭ ഇതിനുദാഹരണമാണ്. കാലക്രമേണ പാശ്ചാത്യ വിഭാഗത്തില്‍പ്പെടാത്ത റീത്തുകള്‍ക്കെല്ലാം പൗരസ്ത്യ സഭകളെന്ന പേര് പ്രാബല്യത്തില്‍ വന്നു. ഇങ്ങനെയാണു പേര്‍ഷ്യയിലെയും ഭാരതത്തിലെയും സഭകളും പൗരസ്ത്യ സഭകളായത്. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ സഭകള്‍ സ്ഥാപിച്ച ഇതരസഭകള്‍ക്കും ഈ പേരു തന്നെ ലഭിച്ചു.
റീത്തുകള്‍
പ്രാദേശികസഭകളുടെ ആരാധനാക്രമം അടിസ്ഥാനമാക്കിയാണു റീത്തുകള്‍ വളര്‍ന്നത്. സഭയുടെ സകല ആരാധനക്രമത്തിന്‍റേയും ഉറവിടവും കേന്ദ്രവും അന്ത്യാത്താഴത്തില്‍ ക്രിസ്തു സ്ഥാപിച്ച ദിവ്യബലിയാണ്. 'ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്' എന്ന ക്രിസ്തുവിന്‍റെ അനുശാസനമനുസരിച്ച് ആദിമക്രിസ്ത്യാനികള്‍ ഒന്നിച്ചുകൂടി അപ്പം മുറിക്കുകയും (1കൊറി 10:16; നട.2.42 ) ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അനുഷ്ഠാനങ്ങള്‍ക്കൊന്നിനും വ്യക്തവും വ്യവസ്ഥിതവുമായ ക്രമമുണ്ടായിരുന്നില്ല. വിശ്വാസികളുടെ സംഖ്യ വര്‍ദ്ധിച്ചതോടെ പ്രാര്‍ത്ഥനകള്‍ക്കും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നിശ്ചിതവും വ്യവസ്ഥാപിതവുമായ രൂപം നല്കേണ്ടതായിവന്നു. ഇത്തരത്തിലുള്ള ആരാധനക്രമസംവിധാനത്തില്‍ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയ്ക്കുണ്ടായിരുന്ന തലയെടുപ്പുള്ള പ്രാദേശികസഭകള്‍ വളരെയധികം സ്വാധീനം ചെലുത്തി വിശുദ്ധരും പണ്ഡിതരുമായ സഭാപിതാക്കന്മാര്‍ ആചാരവിധികളും ആരാധനാരീതിയുമെല്ലാം സമ്പുഷ്ടമാക്കി. ഇങ്ങനെ ഓരോ സഭയിലും രൂപം കൊണ്ട ആരാധനാക്രമത്തിനാണ് റീത്തെന്നു പറഞ്ഞിരുന്നത്. കാനോനിക പ്രാര്‍ത്ഥന, ബലിയര്‍പ്പണം, കൂദാശാനുഷ്ഠാനങ്ങള്‍, നോമ്പ്, ഉപവാസം എന്നിവയെല്ലാം റീത്തില്‍പ്പെടുന്നു. എന്നാല്‍ കാലക്രമത്തില്‍ ദൈവാലയം, അതിലെ സംവിധാനം, ഭരണരീതി, തിരുവസ്ത്രങ്ങള്‍, വൈദികപഞ്ചാംഗം, കാനോനനമസ്ക്കാരം, വൈദികരുടേയും മെത്രാന്മാരുടേയും, വേഷഭൂഷാധികള്‍ ഇവയെല്ലാം റീത്തിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍പ്പെട്ടു. എന്നാല്‍ 'റീത്ത്' എന്ന പദത്തിന്‍റെ വിവക്ഷിതാര്‍ത്ഥം ഇതിലും വിപുലമാണ്. ഒരു ജനതിയുടെ ആരാധനക്രമവും, കാനാന്‍ നിയമവും, ഭരണകൂടവും മാത്രമല്ല, ആ ജനത്തെ തന്നെ ""റീത്ത് എന്ന പദം കൊണ്ടര്‍ത്ഥമാക്കുന്നു. അപ്പോള്‍ പൗരസ്ത്യ റീത്തുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് പൗരസ്ത്യ സഭകള്‍ തന്നെയാണ്. അഞ്ചാം നൂറ്റാണ്ടോടുകൂടി, ആരാധനക്രമത്തിന്‍റെ വെളിച്ചത്തില്‍ വിവിധ റീത്തുകള്‍ വ്യക്തരൂപം കൈക്കൊണ്ടു. വിവിധ ക്രൈസ്തവകേന്ദ്രങ്ങള്‍ ആസ്ഥാനമാക്കി വളര്‍ന്നു വന്ന ഈ റീത്തുകള്‍ക്കു നേതൃത്വം നല്കിയിരുന്നത് അതതു കേന്ദ്രങ്ങളിലെ മെത്രാന്‍മാരാണ്. പാത്രിയാര്‍ക്കീസ് എന്ന സ്ഥാനപേരിലായിരുന്നു പ്രധാന പ്രാദേശിക സഭാകേന്ദ്രങ്ങളിലെ മെത്രാന്മാര്‍ അറിയപ്പെട്ടിരുന്നത്.
റീത്തുകളുടെ വിഭജനം
പാശ്ചാത്യറീത്ത്
പാശ്ചാത്യറോമാസാമ്രാജ്യത്തില്‍ റോമന്‍, ഗാള്ളിക്കന്‍, അംബ്രോസിയന്‍, മൊസ്സാറബിക്ക്, എന്നിങ്ങനെ പല പ്രാദേശിക റീത്തുകളുമുണ്ടായിരുന്നെങ്കിലും, റോമിന്‍റെ പ്രാധാന്യവും സമ്മര്‍ദ്ദവും വര്‍ദ്ധിച്ചുവന്നതോടെ റോമന്‍ റീത്തുതന്നെ പാശ്ചാത്യരാജ്യങ്ങളില്‍ മുഴുവന്‍ വ്യാപിക്കുകയും ഇതരപ്രാദേശികറീത്തുകള്‍ ക്ഷയിച്ച് റോമന്‍ റീത്തിന്‍റെ ഭാഗമായിത്തീരുകയും ചെയ്തു. ഇപ്രകാരം മൊസ്സറബിക്, ഗാള്ളിക്കല്‍, അംബ്രോസിയന്‍, എന്നീ റീത്തുകള്‍ ഇന്നു നാമ മാത്രമായി ചില സ്ഥലങ്ങളില്‍ നിലനില്‍ക്കുകയാണ്. റോമന്‍ റീത്തും, പാശ്ചാത്യ റീത്തും, ലത്തീന്‍റീത്തും ഇപ്പോള്‍ ഒന്നു തന്നെ
പൗരസ്ത്യ റീത്ത്
പൗരസ്ത്യ റോമാസാമ്രാജ്യത്തിന്‍റെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ റീത്തുകള്‍ സ്വതന്ത്രമായി വളര്‍ന്നു. ഒന്നിന്‍റെ വളര്‍ച്ച മറ്റൊന്നിനെ വിഘാതപ്പെടുത്തിയില്ല. പ്രധാനമായി ആരാധനക്രമപരമായി അലക്സാന്‍ഡ്രിയന്‍, അന്ത്യോക്യന്‍, ബൈസന്‍റൈന്‍, കല്‍ദായ, അര്‍മേനിയന്‍ എന്നിങ്ങനെ അഞ്ചു പ്രധാന പൗരസ്ത്യറീത്തുകളാണുള്ളത്.
റീത്തുകളുടെ പ്രാധാന്യം
റീത്തുകളുടെ വൈവിധ്യം സഭയുടെ സാര്‍വ്വത്രികതയുടെയും സാംസ്ക്കാരി ഉത്ഥാനത്തിന്റെയും അടയാളമാണ്. റീത്ത് ഒരു പ്രാദേശിക സഭയുടെ മാത്രമല്ല സഭയുടെ മുഴുവന്‍ പൊതുസ്വത്താണ്. തത്ത്വങ്ങളിലും പ്രബോധനങ്ങളിലും സഭ ഒന്നാണെങ്കിലും അവയുടെ ആവിഷ്ക്കരണത്തില്‍ വൈവിധ്യം ആവശ്യമാണ്. കാരണം സ്ഥലകാല പരിതാവസ്ഥകള്‍ക്കനുസരണം സഭ പുനരവതരിപ്പിച്ചെങ്കിലേ സഭയ്ക്കു പ്രസക്തിയും ജീവനും അനുഭവപ്പെടൂ. അതുപോലെതന്നെ ഒരു പ്രത്യേക റീത്തില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല വിശുദ്ധ പാരമ്പര്യം (Divine frasistion) വിവിധ റീത്തുകളിലൂടെയാണ് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങള്‍ അഭംഗുരം പരിരക്ഷിക്കപ്പെടുക. ദൈവം ആവിഷ്ക്കരിച്ചിട്ടുള്ള സഭയുടെ (Revealed) സന്ദേശം വിശുദ്ധ ലിഖിതത്തിലുണ്ടെങ്കിലും അതു സഭാ പാരമ്പര്യത്തിലൂടെ ജീവിത നിയമമാക്കി ക്രൈസ്തവര്‍ കാത്തുസൂക്ഷിക്കുന്നു. അപ്പസ്തോലന്മാരോടും ആദിമ ക്രിസ്ത്യാനികളോടും നമ്മെ ബന്ധിപ്പിക്കുന്ന കനകശൃഖലയാണ് റീത്തുകള്‍ അനുസ്യൂതം സംരക്ഷിക്കുന്ന വിശുദ്ധ പാരമ്പര്യം. സഭയുടെ ഔദ്യോഗികപ്രബോധനങ്ങളെപ്പറ്റി ആധികാരിക നിഗമനത്തിലെത്തേണ്ട അവസരങ്ങളില്‍ ഇവയെക്കുറിച്ച് വിവിധ റീത്തുകളുടെ പാരമ്പര്യം എന്തു പറയുന്നുവെന്ന് തിരുസ്സഭ സസൂക്ഷ്മം പഠിക്കുന്നു.
വിവിധ റീത്തുകള്‍ സഭയുടെ ഐക്യം ഭജ്ഞിക്കുകയല്ല, പാലിക്കുകയാണ് ചെയ്യുക. കാരണം തിരുസ്സഭയിലെ ഐക്യം ബാഹ്യമായ ഐകരൂപം (uniformity) ആവശ്യപ്പെടുന്നില്ല. വിശുദ്ധ ലിഖിതം, വിശ്വാസം. സന്മാര്‍ഗ്ഗം, ദൈവികാധികാരം, കൂദാശകള്‍ ഇവയിലെല്ലാം ഐക്യമുള്ള വിവിധ റീത്തുകള്‍ അവയുടെ ആവിഷ്ക്കരണരീതികളില്‍ മാത്രം വൈവിധ്യം പുലര്‍ത്തുന്നു. ഈ വിവിധത്വം സഭയുടെ ഐക്യത്തെ തകര്‍ക്കുകയല്ല, പ്രത്യുത പ്രത്യക്ഷമാക്കുകയാണു ചെയ്യുന്നത്. (പൗരസ്ത്യസഭ art. 2) വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു.
പൗരസ്ത്യ സഭാപാരമ്പര്യം അഭംഗം സംരക്ഷിക്കണമെന്നു പറയുന്നതോടൊപ്പം, കാലാനുസൃതമായ വളര്‍ച്ചയും വികാസവും ഓരോ സഭയ്ക്കുമുണ്ടാവണമെന്നും കൗണ്‍സില്‍ ആഗ്രഹിക്കുന്നു. (പൗരസ്ത്യ സഭ art. 2). അപ്പോള്‍ അനുരൂപണങ്ങള്‍ ആവശ്യമാണ്; മാറ്റമാവശ്യമാണ്. ചൈതന്യവും ചലനാത്മകതയും സഭയുടെ അന്തസത്തയിലുള്‍ക്കൊള്ളുന്ന ഘടകങ്ങളാണ്. കാരണം മാറ്റത്തിലൂടെയേ യഥാര്‍ത്ഥ പുരോഗതി സാധിക്കൂ. അപ്പോള്‍ മനുഷ്യനെ അവന്‍റെ സാകല്യതയിലും സ്വഭാവവൈജാത്യങ്ങളിലും മുന്നില്‍ കണ്ടുകൊണ്ട് റീത്തുകളില്‍ സജീവമായ അനുരൂപണങ്ങള്‍ വരുത്തേണ്ടത് ഇന്നത്തെ ആവശ്യമാണ്. കേവലം ശുഷ്കവും ഉപരിപ്ലവവുമായ മാറ്റങ്ങള്‍കൊണ്ട് തൃപ്തിപ്പെടാനാവില്ല. ലിറ്റര്‍ജിയെക്കുറിച്ചുള്ള കൗണ്‍സില്‍ രേഖ ഇതേപ്പറ്റി പറയുന്നുണ്ട്. എല്ലാ റീത്തുകള്‍ക്കും തിരുസ്സഭാത്മാവ് തുല്യാവകാശവും ശ്രേഷ്ഠതയുമാണ് കല്പ്പിക്കുന്നത്. ആകയാല്‍ അവയെ സംരക്ഷിച്ച് പരിപോഷിപ്പിച്ചുകൊണ്ടു വരുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. മാത്രമല്ല ആവശ്യമെന്നു തോന്നുന്നിടത്ത് ശരിയായ പാരമ്പര്യത്തിനൊത്ത റീത്തുകളെ സസൂക്ഷ്മം പരിശോധിക്കുവാനും ആധുനിക കാലത്തിന്‍റെ ആവശ്യങ്ങളെയും സാഹചര്യങ്ങളെയും നേരിടാന്‍ പോരുന്ന പുത്തന്‍ചൈതന്യം പകരാനും കൗണ്‍സിലിനാഗ്രഹമുണ്ട് (ലിറ്റര്‍ജി 4).
അലക്സാണ്ട്രിയന്‍ സഭകള്‍
ഈജിപ്ത്തില്‍ അലക്സാണ്ട്രിയ കേന്ദ്രമാക്കി വളര്‍ന്നു വികസിച്ച ക്രൈസ്തവ സഭയാണ് അലക്സാണ്ട്രിയന്‍ സഭ അഥവാ കോപ്റ്റിക് സഭ എന്നറിയപ്പെടുന്നത്. സുവിശേഷകനും വി.പത്രോ സിന്‍റെ ശിഷ്യനുമായ വി. മാര്‍ക്കോസിനെയാണ് ഇവര്‍ കോപ്റ്റിക് സഭാസ്ഥാപകനായി അംഗീകരിക്കുന്നത്. ഇന്ന് ഈ സഭയില്‍ കത്തോലിക്കര്‍ അകത്തോലിക്കര്‍ എന്നിങ്ങനെ രണ്ടു വിഭാഗക്കാ രുണ്ട്. കോപ്റ്റിക് സഭ എന്നാല്‍ ഈ ജിപ്ത്തിലെ സഭ എന്നാ ണര്‍ത്ഥം. കോപ്റ്റിക് (ഈജിപ്ത്) എത്യോപ്യന്‍ (അബിസീനിയന്‍) എന്നീ ഉപ റീത്തുകള്‍ ഈ സഭയിലുണ്ട്.
സഭാനേതൃത്വം
സഭാരംഭകാലത്ത് പ്രഗത്ഭരായ നിരവധി സഭാ നേതാക്കന്മാര്‍ ഈജിപ്ത്തിലെ സഭയില്‍ ഉണ്ടായിട്ടുണ്ട്. പന്തേന്നൂസ്, ക്ലെമന്‍റ്, ഒരിജന്‍, ഹെരാക്ലാസ്, ദിവന്നാസ്യോസ്, തെയോഗോസ്റ്റസ്, പിയേരിയൂസ്, പീറ്റര്‍, ദീദിമൂസ്, തെയോഫിലസ്, സിറില്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.
ദിവന്നാസ്യോസിന്‍റെ കാലത്ത് (+264/5) ഈജിപ്ത് മുഴുവനും കൂടി ഒരു മെത്രാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു. ഒന്നായിരുന്ന രൂപത വിഭജിച്ച് ചെറിയ രൂപതകളാക്കി. അലക്സാണ്ട്രിയന്‍ മെത്രാന്‍ ഈജിപ്ത് മുഴുവനിലും വളരെ യധികം അധികാരം പ്രയോഗിച്ചിരുന്നു. വലിയ നോമ്പ് തുടങ്ങുന്നതിന് മുമ്പ് അലക്സാണ്ട്രിയന്‍ മെത്രാന്‍ ഈജിപ്ത് മുഴുവനും ഇടയലേഖനം അയച്ചിരുന്നു. ഉയിര്‍പ്പു തീയതി അറിയിച്ചുകൊണ്ടും വലിയ നോമ്പില്‍ അനുവര്‍ത്തിക്കേണ്ട സംഗതികള്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ഇപ്രകാരം എഴുതിയിരുന്നത്.
ഈജിപ്തിലെ സഭാദ്ധ്യക്ഷന് പാപ്പ എന്ന സ്ഥാനപേരുണ്ടാ യിരുന്നു. റോമായിലെ മെത്രാന്‍ കഴിഞ്ഞാല്‍ ക്രൈസ്തവ ലോക ത്തെ, രണ്ടാമത്തെ സ്ഥാനം അദ്ദേഹത്തിനായിരുന്നു. എന്നാല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാന്‍ പ്രാമാണ്യത്തിലേക്കുയര്‍ന്ന തോടുകൂടി അലക്സാണ്ട്ഡ്രിയ മൂന്നാം സ്ഥാനത്തായി.
എത്യോപ്യന്‍ സഭ
ആഫ്രിക്ക വന്‍കരയിലെ എത്യോപ്യാ (അബിസീനിയാ) രാജ്യത്ത് സെമിറ്റിക് വംശജരുടെ ഇടയില്‍ വളര്‍ന്ന് വികസിച്ച സഭയാണ് എത്യോപ്യന്‍ സഭ. എത്യോപ്യന്‍ സഭ ആരംഭംമുതല്‍ ഈജിപ്തിലെ സഭയുമായാണ് ബന്ധപ്പെട്ടിരുന്നത്. അതുകൊണ്ട് അനേകം സംഗതികളില്‍ ഈ സഭയ്ക്ക് ഈജിപ്തിലെ കോപ്റ്റിക് സഭയോട് സാമ്യം ഉണ്ട്. കോപ്റ്റിക് സഭയുടെ ഒരു അവാന്തരവിഭാഗമായി ഈ സഭയെ കണക്കാക്കുന്നവരും ഉണ്ട്. 1953-ല്‍ മാത്രമാണ് എത്യോപ്യന്‍ സഭയ്ക്ക് ഒരു പാത്രിയാര്‍ക്കീസിനെ ലഭിച്ചത്.
ക്രിസ്തുമതാരംഭകാലത്തുള്ള എത്യോപ്യന്‍ സഭാചരിത്രത്തെപ്പറ്റി വളരെക്കുറച്ച് മാത്രമേ നമുക്കറിവുള്ളൂ. എത്യോപ്യന്‍ ജനതയ്ക്ക് ജറുസലേമുമായി ബന്ധമുണ്ടായിരുന്നതിനാല്‍ സഭാരംഭകാലത്തുതന്നെ ക്രിസ്തുമതവുമായി അവര്‍ ബന്ധപ്പെട്ടുകാണാനാണിട. എന്നാല്‍ തത്സംബന്ധമായി വ്യക്തമായ ചരിത്രരേഖകളില്ല.
എത്യോപ്യന്‍ സഭയുടെ ആരംഭം നാലാം നൂറ്റാണ്ടിലാണ്. ഫ്രുമെന്‍സ്യൂസും എഡീസിയുസുമാണ് എത്യോപ്യായുടെ ശ്ലീഹന്മാരായി അറിയപ്പെടുന്നവര്‍. ഇവരെപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്.
ബൈസന്‍റൈന്‍ സഭകള്‍
ബൈസാന്‍സ്യം അഥവാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കേന്ദ്രമാ ക്കിയുള്ള സഭകളാണ് ബൈസന്‍റൈന്‍ സഭകള്‍. ക്രി.വ. 330-ല്‍ മഹാനായ കോണ്‍സ്റ്റന്‍റൈന്‍ചക്രവര്‍ത്തി (+337) സ്ഥാപിച്ച പട്ടണമാണ് ബൈസാന്‍സ്യം (കോണ്‍സ്റ്റാന്‍റിനോപ്പിള്‍) ഈ പട്ടണം കേന്ദ്രമാക്കി പൗരസ്ത്യ റോമാ സാമ്രാജ്യം ഉണ്ടായി. മഹാനായ തിയഡോഷ്യസ് ചക്രവര്‍ത്തിക്കു ശേഷം (+395) പൗരസ്ത്യം, പാശ്ചാത്യം, എന്നീ വിഭജനങ്ങള്‍ ശാശ്വതീകരിക്കപ്പെട്ടു. സാവധാനം ഒരു ബൈസന്‍റൈന്‍ സാമ്രാജ്യം തന്നെ ഉടലെടുത്തു. കൃത്യമായി പറഞ്ഞാല്‍ മഹാനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി യോടുകൂടി മാത്രമേ (527-565) ഒരു ബൈസന്‍റൈന്‍ സാമ്രാജ്യത്തെ പ്പറ്റി പറയാനാവൂ. പ്രാചീന റോമാകേന്ദ്രമാക്കിയുള്ള റോമാ സാമ്രാജ്യത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ചരിത്രകാരന്മാര്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തെ കാണുക. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പട്ടണം څപുതിയ റോമാچ എന്നും അറിയപ്പെട്ടിരുന്നു.
ബൈസന്‍റൈന്‍ സഭയില്‍ കത്തോലിക്കരും അകത്തോലിക്ക രുമായ ക്രൈസ്തവരുണ്ട്. ബൈസന്‍റൈന്‍ സഭയില്‍പ്പെട്ട കത്തോലിക്കാസഭകള്‍
ഓര്‍ത്തഡോക്സ്
കാല്‍സിഡോണ്‍ സൂനഹാദോസോടുകൂടി ബൈസന്‍റൈന്‍ സഭ, ഓര്‍ത്തഡോക്സ് എന്ന പേരെടുത്തു.
കാല്‍സിഡോണ്‍ കൗണ്‍സില്‍
കാല്‍സിഡോണ്‍ സൂനഹാദോസ് തിരസ്ക്കരിച്ചവരില്‍ നിന്ന് കാല്‍സിഡോണ്‍ അംഗീകരിക്കുന്നവരെ തിരിച്ചറിയാന്‍ പൗരസ്ത്യ ലോകത്തുള്ള കത്തോലിക്കര്‍ ഓര്‍ത്തഡോക്സ് എന്ന പേരു കൂട്ടിച്ചേര്‍ത്തു.
അന്ത്യോക്യന്‍ സഭ
പ്രശസ്തമായ അന്ത്യോക്യപട്ടണത്തിന്‍റെ നേതൃത്വം സ്വീകരിച്ചു വളര്‍ന്ന ക്രൈസ്തവസമൂഹങ്ങളെയെല്ലാം അന്ത്യോക്യന്‍ സഭയില്‍ ഉള്‍പ്പെടുത്താം. പ്രാചീന റോമാസാമ്രാജ്യത്തിലെ മൂന്നാമത്തെ വന്‍ നഗരമായിരുന്നു അന്ത്യോക്യ. ഓറിയന്‍സ് അഥവാ പൗരസ്ത്യം എന്ന റോമന്‍ പ്രോവിന്‍സിന്‍റെ തലസ്ഥാനവും പൗരസ്ത്യദേശത്ത് അലക്സാണ്ട്രിയ കഴിഞ്ഞാല്‍ ഏറ്റം വലിയ സാംസ്ക്കാരിക കേന്ദ്രവുമായിരുന്നു അന്ത്യോക്യാ പട്ടണം. ഏഷ്യയില്‍നിന്നും യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള കച്ചവടഗതാഗതം നിയന്ത്രിക്കുന്നതില്‍ ഇതിന് നല്ല പങ്കുണ്ടായിരുന്നു.
ഒന്നിലേറെ ശ്ലീഹന്മാരുടെ പരിലാളനമേല്‍ക്കുവാനുള്ള ഭാഗ്യം അന്ത്യോക്യ്ക്കുണ്ടായി. പാലസ്തീനിയന്‍ സഭയുടെ തുടര്‍ച്ചയായി വേണം അന്ത്യോക്യയിലെ സഭയെ കാണുവാന്‍. പെന്തകൊസ്ത ദിവസം ജറുസലേമില്‍ ഉണ്ടായിരുന്നവരും മതപീഡനം ഭയന്ന് ഓടിപ്പോയവരും ആരംഭകാലത്തുതന്നെ അന്ത്യോക്യയില്‍ എത്തുന്നതിനു മുമ്പുതന്നെ അന്ത്യോക്യായിലൊരു ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നു. (നട11) സുവിശേഷപ്രചരണം വര്‍ദ്ധിച്ച പ്പോള്‍ യൂദന്മാരില്‍ നിന്നും ജാതികളില്‍നിന്നും നിരവധിയാളുകള്‍ ക്രിസ്ത്യാനികളായി. അവര്‍ തമ്മിലുള്ള അകല്‍ച്ച ശ്ലീഹന്മാരുടെ ചര്‍ച്ചകള്‍ വഴി പരിഹരിക്കപ്പെട്ടു. ഈശോയുടെ ശിഷ്യന്‍മാര്‍ ക്രിസ്ത്യാനികള്‍ എന്നറിയപ്പെട്ടത് അന്ത്യോക്യായില്‍വച്ചാണ് (നട11:26 ക്രിസ്ത്യാനി എന്ന നാമം ഒരു പരിഹാസ നാമമായിട്ടത്രേ 180-ല്‍ പോലും അന്ത്യോക്യായിലെ ആളുകള്‍ കരുതിയിരുന്നത് അന്ത്യോക്യായിലെ മെത്രാന്മാരുടെ പട്ടിക കൊടുക്കുന്ന പില്ക്കാല ചരിത്രകാരന്മാരൊക്കെ മാര്‍ പത്രോസിന്‍റെ പേരുകൊണ്ടാണ് തുടങ്ങുന്നത്. റോമിലേക്കു പോകുന്നതിനു മുമ്പ് അദ്ദേഹം ഏഴുവര്‍ഷം അവിടെ പ്രസംഗിച്ചു. വി. പൗലോസും മറ്റു അപ്പസ്തോ ലന്മാരും അവിടെ പ്രസംഗിച്ചിട്ടുണ്ട്. ശിഷ്യന്‍മാര്‍ അന്ത്യോക്യായില്‍ നിന്നാണ് സുവിശേഷ പ്രഘോഷണാര്‍ത്ഥം മറ്റു സ്ഥലങ്ങളിലേക്കു പോയത്. ജറുസലേം തകര്‍ക്കപ്പെട്ടതോടെ ക്രൈസ്തവരുടെ ഏറ്റം പ്രധാന സഭാകേന്ദ്രമായിരുന്നു അന്ത്യോക്യാ. ജറുസലേമില്‍ ക്ഷാമം ബാധിച്ചപ്പോള്‍ അന്ത്യോക്യായിലെ ക്രൈസ്തവര്‍ അവരെ സഹായിച്ച് സഹവിശ്വാസികളോടുള്ള ഐക്യം പ്രകടമാക്കി നടപടി പുസ്തകത്തില്‍ അന്ത്യോക്യന്‍ സഭയെപ്പറ്റി നിരവധിപരാമര്‍ശന ങ്ങളുണ്ട്. സിറിയന്‍, മാറോനീത്താ, സീറോമലങ്കര എന്നീ മൂന്നു സഭകള്‍ അന്ത്യോക്യന്‍ സഭയുടെ ഭാഗമാണ്.
അര്‍മേനിയന്‍ സഭ
വടക്കു കുരാനദി, കിഴക്കു കാസ്പിയന്‍ കടല്‍ തെക്കു മെസപ്പൊട്ടേമിയ, പടിഞ്ഞാറു യൂഫ്രട്ടീസ് നദി എന്നിവയ്ക്കിട യിലുള്ള ഭൂപ്രദേശമാണ് അര്‍മേനിയ എന്നറിയപ്പെട്ടിരുന്നത്. ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന അറാറാത് (8:4) അര്‍മേനിയയിലാണ്.
അര്‍മേനിയന്‍ ഭൂപ്രദേശം ഇന്ന് പല രാജ്യങ്ങളിലുള്‍പ്പെട്ടു കിടക്കുന്നു. ഇറാന്‍, ടര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളിലായി അര്‍മേനിയ വിഭജിക്കപ്പെട്ടു.
ക്രിസ്തുമതത്തിന്‍റെ ആരംഭകാലത്തുതന്നെ അര്‍മേനിയയില്‍ സഭാസന്ദേശം എത്തി. അര്‍മേനിയന്‍ പാരമ്പര്യമനുസരിച്ച് അവരുടേത് ഒരപ്പസ്തോലികസഭയാണ്. തദേവൂസ്, ബര്‍ത്ത ലോമിയോ, എന്നിവര്‍ അവരുടെ ഇടയില്‍ സുവിശേഷം എത്തിച്ചു. ഉത്ഥാനം ചെയ്ത മിശിഹാതന്നെ ഒരിക്കല്‍ അവരുടെ ഇടയില്‍ പ്രത്യക്ഷനായി എന്നൊരു പാരമ്പര്യവും അര്‍മേനിയാക്കാര്‍ക്കുണ്ട്. അക്കാലത്തെ ഔദ്യോഗിക രേഖകളില്‍ څഅപരിഷ്കൃത നാടു കളിലെ സഭچ എന്നാണ് അര്‍മേനിയന്‍ സഭ അറിയപ്പെട്ടിരുന്നത്.
അര്‍മേനിയന്‍ ഓര്‍ത്തഡോക്സുകാരും കത്തോലിക്കരും അര്‍മേനിയന്‍ റീത്തിലുണ്ട്. അര്‍മേനിയന്‍ ആരാധനക്രമത്തിന്‍റെ രൂപീകരണത്തില്‍ ബൈസന്‍റൈന്‍ സഭയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്.
കല്ദായസഭ അഥവാ പൗരസ്ത്യ സിറിയന്‍ സഭ
ഈ സഭ മെസപ്പൊട്ടേമിയന്‍, പേര്‍ഷ്യന്‍, എദേസന്‍, എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ റീത്ത് ഉടലെടുത്തത് എദേസായിലും ഇതിന്‍റെ പശ്ചാത്തലം സെമറ്റിക് സംസ്ക്കാരവുമാണ്. എബ്രായപാരമ്പര്യം ഈ സഭയില്‍ നിലനിന്നുപോന്നു. എദേസായില്‍ നിന്ന് പേര്‍ഷ്യയിലേക്കു സഭ വ്യാപിച്ചു പ്രേഷിതചൈതന്യത്തിലും ഈ സഭ വളരെയധികം മുന്നിട്ടു നിന്നിരുന്നു വളരെയധികം മതമര്‍ദ്ദനങ്ങള്‍ക്ക് ഈ സഭ വിധേയമായിത്തീര്‍ന്നിട്ടുണ്ട്.
കല്‍ദായസഭ, സീറോ മലബാര്‍സഭ എന്ന് രണ്ടു ഉപവിഭാഗങ്ങള്‍ ഈ സഭയ്ക്കുണ്ട്.
Eastern Churches Rev. Dr. George Kanjirakkatt catholic malayalam തിരുസഭാചരിത്രം book no 32 Reeth Divine frasistion Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206