We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Xavier Koodappuzha On 07-Feb-2021
പ്രൊപ്പഗാന്തയുടെ കീഴില്‍ 1659-ല്‍ മലബാര്‍ വികാരിയാത്തു സ്ഥാപിക്കപ്പെട്ടപ്പോള്‍ മുതല്‍ കേരളത്തിലെ മാര്‍ത്തോമ്മക്രിസ്ത്യാനികള്‍ രണ്ടു ആധിപത്യങ്ങള്‍ക്ക് കീഴിലായി വിഭജിക്കപ്പെട്ടു. പറമ്പില്‍ ചാമ്ടി മെത്രാന്‍റെ കാലത്ത് സമുദായം ഒന്നായെങ്കിലും പിന്നീട് വിദേശനേതൃത്വത്തിന്‍റെ കീഴില്‍ വീണ്ടും ഭിന്നിച്ചു. ഇതിനൊരു തല്ക്കാലികശമന വരുന്നത് പാറേമ്മാക്കല്‍ കൊടുങ്ങല്ലൂര്‍ ഗൊവര്‍ണദോരായി വരുമ്പോളാണ്. (1786 സെപ്റ്റ 21) ശങ്കൂരിക്കലിന്‍റെ കലത്തോളം അവര്‍ ഒന്നായി മുന്നേറി. അതിനുശേഷം പിന്നെയും ചിതറി, 1838 വരെ. ആ വര്‍ഷം ഏപ്രില്‍ 24 നു "മുള്‍ത്തെ പ്രെക്ലാരേ" എന്ന തിരുവെഴുത്തുവഴി പദ്രുവാദോ അധികാരം നിര്‍ത്തലാക്കി... മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എല്ലാവരും വരാപ്പുഴയുടെ കീഴിലായി. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് റോമും പോര്‍ട്ടുഗലും തമ്മില്‍ സമാധാനത്തിലെത്തിയപ്പോള്‍ പദ്രുവാദോ വീണ്ടും സജീവമായി. 1864 ല്‍ വീണ്ടും പദ്രുവാദോ അധികാരം കേരളത്തില്‍ വന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ പിന്നെയും രണ്ട് അധികാരത്തിന്‍ കീഴിലായി. 1877 വരെ ഈ സ്ഥിതിവിശേഷം തുടര്‍ന്നു. സ്വീകാര്യമായ നേതൃത്വമില്ലാതെ വന്നതിനാല്‍ അലഞ്ഞുതിരിയുകയും ചിന്നിച്ചിതറുകയും ചെയ്യേണ്ടിവന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രമാണ് പദ്രുവാദോ -പ്രൊപ്പഗാന്താ ഭരണകാലഘട്ടം നമ്മുടെ മുമ്പില്‍ കാഴ്ചവയ്ക്കുന്നത്.
പ്രൊപ്പഗാന്താ ഭരണാധിപന്മാര്‍
18-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ വരാപ്പുഴയെ ഭരിച്ചിരുന്നത് അലോഷ്യസ്മേരി എന്ന ക്രമ്മലീത്താക്കാരനാണ്. അലോഷ്യസിന്‍റെ പിന്‍ഗാമിയായി വന്നത് റൈമണ്ട് (1808 -1816) അത്രെ 1808 വരെ അദ്ദേഹം അഡ്മിനിസ്ട്രേറ്ററായിരുന്നു. റൈമണ്ടിന്‍റെ കാലത്ത് വാരപ്പുഴയുടെ കീഴില്‍ 66 സുറിയാനിപ്പള്ളികളും 18 ലത്തീന്‍പള്ളികളും ഉണ്ടായിരുന്നു. രോഗാദീനനായിരുന്നതിനാല്‍ ഭരണം തുടരാന്‍ സാധിക്കാതെ വന്ന അദ്ദേഹത്തെ 1815 ആഗസ്റ്റ് 18-ാം തീയതി വികാരി അപ്പസ്തോലിക്കാസ്ഥാനത്തുനിന്നും മാറ്റി. 1816 - ജൂലൈയില്‍ അദ്ദേഹം മരിച്ചു.
റൈമണ്ടിന്‍റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് സേവ്യര്‍ എന്ന വൈദികനെ നിയമിച്ചെങ്കിലും അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചില്ല. 1818 - ല്‍ പ്രൊപ്പഗാന്താ തിരുസംഘം പീറ്റര്‍ അല്‍ക്കാന്തറയെ ബോംബെയുടെ മെത്രാപ്പോലീത്തയായും വരാപ്പുഴയുടെ അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. അദ്ദേഹം 1819 മുതല്‍ 1821 - വരെ വരാപ്പുഴ ഭരിച്ചു.
1818 -ല്‍ അയര്‍ലണ്ടിലെ കര്‍മ്മലീത്താ പ്രൊവിന്‍ഷ്യലായിരുന്ന മിലെസ് പ്രെന്‍ഡര്‍ഗസ്റ്റിനെ വരാപ്പുഴയുടെ ഭരണാധിപനായി വാഴിച്ചു. 1821 ജനുവരി 2-ാം തീയതി മുതല്‍ അദ്ദേഹമായിരുന്നു വാരാപ്പുഴമെത്രാന്‍. സുറിയാനിക്കുര്‍ബാനയിലെ ക്രമപ്രകാരം തിരുവോസ്തി തിരുരക്തത്തില്‍ മുക്കുന്നത് നിറുത്തല്‍ ചെയ്യാന്‍ അദ്ദേഹം ഉദ്യമിച്ചു. എതിര്‍പ്പുകള്‍മൂലം ആ പരിഷ്ക്കാരം വേണ്ടെന്ന് വച്ചു. വൈദിക വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി ബൈബിള്‍, പാരമ്പര്യം, സഭാപിതാക്കന്മാര്‍ സൂനഹദോസുകള്‍,തിരുസ്സഭാചരിത്രം, കാനന്‍നിയമം ഇവയെക്കുറിച്ചു ഗ്രന്ഥങ്ങള്‍ രചിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ നിയമകാര്‍ക്കശ്യവും ശിക്ഷാപരിപാടികളും ഭരണീയരുടെയിടയില്‍ അസ്വസ്ഥയുളവാക്കി മിഷനറിമാരുമായി രസക്ഷയമുണ്ടായി. അവര്‍ മെത്രാനെതിരായി. പല ആരോമങ്ങളുമുന്നയിച്ചുകൊണ്ട് പ്രൊപ്പഗാന്തയ്ക്ക് ഹര്‍ജികളയച്ചു. തല്‍ഫലമായി പ്രൊപ്പഗാന്ത അദ്ദേഹത്തെ 1827 - ല്‍ തിരികെ വിളിച്ചു. 1828 ഫെബ്രുവരി 2-ാം തീയതി ബോംബേയ്ക്കു പോയി. മരണം വരെ അവിടെ ജീവിച്ചു.
1825 ജൂലൈ 9-നു ലെയോ XII-മന്‍ പാപ്പാ മൗറീലിയസ് സ്റ്റബിവീനിയെ വരാപ്പുഴയുടെ വികാരി അപ്പസ്തോലിക്കയായി നിയമിച്ചു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് പലപ്രശ്നങ്ങളുമുണ്ടായി. കൊടുങ്ങല്ലൂര്‍, കൊച്ചി എന്നീ രൂപതകളിലെ മെത്രാന്മാര്‍ സുറിയാനിക്കാരുടെ മേല്‍ അധികാരം നടത്തിയിരുന്നു. ഇത് സ്റ്റബിലീനിയ്ക്കു ഒരു വലിയ പ്രശ്നമായിരുന്നു. കൂടാതെ അദ്ദേഹം അവശക്രൈസ്തവരെ സെമിനാരിയെടുക്കുകയും സാമൂഹികരംഗത്ത് പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ പരിശ്രമിക്കുകയും ചെയ്തു. ഏതായാലും എതിര്‍പ്പ് കാരണം സ്റ്റബിലീനിയെ പ്രൊപ്പഗാന്താ സ്ഥലം മാറ്റുകയുണ്ടായി. പകരം ഫ്രാന്‍സിസ് സേവ്യറിനെ വികാരി അപ്പസ്തോലിക്കയായി നിയമിച്ചു. ഫ്രാന്‍സിസ് സേവ്യര്‍ 1832 ജനുവരി 6-ാം തീയതി ഭരണം ഏറ്റെടുത്തു. അന്ന് ഏകദേശം 41000 ലത്തീന്‍ക്രിസ്ത്യാനികള്‍ക്കു 24 വൈദികരേ ഉണ്ടായിരുന്നുള്ളൂ. തന്മൂലം വൈദികപരിശീലന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അദ്ദേഹമാണ് പോരൂക്കര തോമസ്, ചാവറ കുര്യാക്കോസ് എന്നീ വൈദികര്‍ക്ക് മല്പാന്‍സ്ഥാനം നല്‍കിയത്. 1840 ഏപ്രില്‍ 10-നു ഫ്രാന്‍സിസ് സേവ്യര്‍ സാര്‍ദിയായുടെ മെത്രാപ്പൊലീത്തായായി ഉയര്‍ത്തപ്പെട്ടു. ജൂണ്‍ 7-ാം തീയതി ലുദ്വിക്കോസിനെ ഫ്രാന്‍സിസ് മെത്രാന്‍റെ സഹായമെത്രാനായി നിയമിച്ചു. 1844 ഡിസംബര്‍ 7-നു ഫ്രാന്‍സിസ് മെത്രാന്‍ നിര്യാതനായി.
1845 സെപ്റ്റംബര്‍ 25-നു മോമ് ലുദ്വിക്കോസ് വികാരി അപ്പസ്തോലിക്കയായി. 1838-ല്‍ പദ്രുവാദോ അധികാരം നിറുത്തിയപ്പോള്‍ കൊടുങ്ങല്ലൂര്‍, കൊച്ചി എന്നീ രൂപതകള്‍ വരാപ്പുഴ രൂപതയുടെ കീഴിലായി. തന്മൂലം വരാപ്പുഴ വികാരിയാത്തിന്‍റെ വിസ്തീര്‍ണ്ണം വളരെ വ്യാപകമായിത്തീര്‍ന്നു. ഭരണസൗകര്യത്തിനായി വികാരിയാത്തിനെ 1845 നവംബര്‍ 17 നു വാരപ്പുഴ, മംഗലാപുരം, കൊല്ലം എന്നിങ്ങനെ മൂന്നായി തിരിച്ചു. മംഗലാപുരത്തിന്‍റെ ഭരണാധിപനായി ബര്‍ണാര്‍ദിനോസ് ആഗ്നസും, കൊല്ലത്തിന്‍റെത് ബര്‍ണാര്‍ദിനോസ് ത്രോസ്യായും നിയമിക്കപ്പെട്ടു. ലുദ്വിക്കോസ് ആരോപണവിധേയനായതിനാല്‍ തിരികെ വിളിക്കപ്പെട്ടു. 1852 ജനുവരി 6-നു അദ്ദേഹം റോമിന് പോവുകയും ചെയ്തു.
ലുദ്വിക്കോസ് റോമിന് തിരിച്ചുപോയപ്പോള്‍ വികാരിയാത്തിന്‍റെ ഭരണം കൊല്ലം വികാരി അപ്പസ്തോലിക്കാ ബര്‍ണാര്‍ദിനോസ് ത്രേസ്യെ ഏല്പിച്ചു. 1852 മാര്‍ച്ച് 12-നു പിന്തുടര്‍ച്ചാവകാശത്തോടുകൂടെ വാരപ്പുഴയുടെ സഹായ മെത്രാനായി അദ്ദേഹം. 1859 മുതല്‍ വാരിപ്പുഴയുടെ വികാരി അപ്പസ്തോലിക്കയായിഭരണം നടത്തി. കേരളസഭയില്‍ കോളിളക്കം സൃഷ്ടിച്ച റോക്കോസിന്‍റെ വരവ് ഇദ്ദേഹത്തിന്‍റെ കാലത്താണ് ഉണ്ടായത്. ചാവറയച്ചന്‍റെ സേവനം ഇക്കാര്യത്തില്‍ അദ്ദേഹം ഉപയോഗപ്പെടുത്തി. മലബാറിലെ ഭൂരിഭാഗം വൈദികരും മല്പാന്‍ ഭവനങ്ങളിലെ പരിശീലനം മാത്രമുള്ളവരായിരുന്നു. അത് അപര്യാപ്തമായി അദ്ദേഹത്തിനു തോന്നി. തന്മൂലം മെത്രാപ്പോലീത്താ അന്നുണ്ടായിരുന്ന ഏകദേശം 20-ഓളം മല്പാന്‍ ഭവനങ്ങള്‍ നിറുത്തലാക്കി: മാന്നാനം, വാഴക്കുളം, പുളിങ്കുന്ന്, എല്‍ത്തുരുത്ത്, പുത്തന്‍പള്ളി, എന്നീ സ്ഥലങ്ങളില്‍ മാത്രം വൈദികപരിശീലനം നടത്തണമെന്ന് നിഷ്കര്‍ഷിച്ചു. പ്രസ്തുത നിയമം നിര്‍ബന്ധമാക്കുന്നതിന് ഈ സെമിനാരികളില്‍ പരിശീലനം നേടാത്തവര്‍ക്ക് പട്ടം നല്‍കുകയില്ലെന്നും തീര്‍ച്ചപ്പെടുത്തി. പുത്തന്‍പള്ളി സെമിനാരി വാരാപ്പുഴയിലേത് മാറ്റി സ്ഥാപിച്ചതാണ്. 1866-ല്‍ ഇതു സുറിയാനിക്കാര്‍ക്കും ലത്തീന്‍കാര്‍ക്കും വൈദികപരിശീലനം നല്കുന്ന ഏകസ്ഥാപനമായി. 1933-ല്‍ ഇത് ആലുവായ്ക്കു മാറ്റി സ്ഥാപിച്ചു. 1868 സെപ്റ്റംബര്‍ 5 ന് മെത്രാപ്പോലീത്ത നിര്യാതനായി.
പദ്രുവാദോ ഭരണാധിപന്മാര്‍
1801- ല്‍ ശങ്കൂരിയ്ക്കല്‍ ഗീവര്‍ഗീസ് മല്പാന്‍ നിര്യാതനായതു മുതല്‍ 1821 വരെ കൊടുങ്ങല്ലൂരില്‍ മൂന്നു അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഭരണം നടത്തി. അവര്‍ യഥാക്രമം ഡോമിനിക്ക് (Dominicus) ജോവാക്കിം ബോളോ (Joachim Bohlho) തോമസ് അക്വീനാസ് (Aquinas Thomas O.P) എന്നിവരാണ്. ഇവരില്‍ തോമസ് അക്വീനാസ് 1821 -33 വരെ മെത്രാപ്പോലീത്തയായി ഭരണം നടത്തി. പദ്രുവാദോ ഭരണത്തിലെ അവസാനത്തെ മെത്രാപ്പോലീത്തയാണദ്ദേഹം. സെമിനാരിയാക്കണമെന്ന ഉദ്ദേശത്തോടെ തോമസ് അക്വീനാസ് പൊതുമുതല്‍ മുടക്കി പണികഴിപ്പിച്ചതാണ് ചങ്ങനാശ്ശേരിയിലെ ഇന്നത്തെ പള്ളിമുറി. 1823 ഡിസംബര്‍ 19-ാം തീയതി കൊല്ലത്തുവച്ചു മരിച്ച അദ്ദേഹത്തിന്‍റെ മൃതദേഹം ചങ്ങനാശേരിയില്‍ കൊണ്ടുവന്ന് സംസ്കരിച്ചു.
1823 - 1825 വരെ ജോവാക്കീം എന്നൊരാള്‍ അഡ്മിനിസ്ട്രേറ്ററായിരുന്നു. 1826 -1838 വരെ ഡോഫോര്‍ട്ടായും ഇദ്ദേഹമാണ് മൂന്നുപേരുടെ റാസയ്ക്ക് അനുവാദം നല്‍കിയത്. 1838 ഏപ്രില്‍ 24-ാം തീയതി څമൂള്‍ത്താ പ്രെക്ലാരേچ എന്ന തിരുവെഴുത്തിലൂടെ 16-ാം ഗ്രിഗോറിയോസ് മാര്‍പാപ്പാ പദ്രുവാദോ ഭരണം നിര്‍ത്തല്‍ ചെയ്തപ്പോള്‍ ഇന്ത്യയിലെ പദ്രുവാദോ ഭരണത്തിനും തല്‍ക്കാലവിരാമമുണ്ടായി.
1857 -ല്‍ റോമായും പോര്‍ട്ടുഗലും വീണ്ടും സഖ്യത്തിലെത്തി. തല്‍ഫലമായി പദ്രുവാദോ ഭരണകൂടങ്ങള്‍ പുനരുജ്ജീവിച്ചു. അങ്ങനെ 1864-ല്‍ കൊടുങ്ങല്ലൂരില്‍ അഡിമിനസ്ട്രേറ്റര്‍ ഭരണം പുനരാരംഭിച്ചു. ആന്‍റണിപോള്‍ (Antony Paul Pinto 1864 -1866) ജോസഫ് അയ്റസ് സില്‍വേയിര ( Joseph Ayres de silveria Mascarenha 1866) ആന്‍റണി കൊറയദോസ് റെയ്സ് കൊയെലോ (Antony Correados Vincent Lisboa 1867 -1869) ആന്‍റണി വിന്‍സെന്‍റ് ലിസ്ബോആ (അിീി്യേ ഢശിരലിേ ഘശയെീമ1870) വാലന്‍റയിന്‍ കോണ്‍സ്റ്റാന്‍റയിന്‍ ഫെര്‍ണാണ്ടസ് (Valentine Constanine 1875), ഫ്രാന്‍സിസ് ബര്‍ബോസാ (Francis Barbosa 1867)
ബെനഡിക്ട് ഗോമസ് (Benedict R. Gomes), കാസ്മീര്‍ നസ്റത്ത് (Casmire Nazareth 1867-1884), നര്‍സീസ്(Narcise 1885) ഇദ്ദേഹം പ്രോ. അഡ്മിനിസ്ട്രേറ്ററായിരുന്നു. കായെത്താന്‍ (Cajetan J.M Abreu 18851887)എന്നിവരാണ് പിന്നീട് ഭരണം നടത്തിയവര്‍. ഇവരുടെ നിയമനം നടത്തിയിരുന്നത് ഗോവാമെത്രാപ്പോലീത്തയാണ്. ഇവരില്‍ ആന്‍റണി കൊറയായുടെ ഭരണകാലത്താണ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കായി മംഗലപ്പുഴയില്‍ സെമിനാരി തുടങ്ങിയത്. പാറയില്‍ത്തരകന്‍ അതിന് വളരെയധികം സഹായിച്ചു. പ്രൊപ്പഗാന്തയ്ക്കു ഇഷ്പ്പെട്ട ഒരു സംഗതിയായിരുന്നില്ല ഇത്. 1886 -ല്‍ ലത്തീന്‍ ഹൈരാര്‍ക്കി ഉണ്ടായപ്പോള്‍ കൊടുങ്ങല്ലൂര്‍ അപ്രത്യക്ഷമായി.
പദ്രുവാദോ ഛിദ്മം
മുള്‍ത്താ പ്രൊക്ലാരെ എന്ന തിരുവെഴുത്ത് വഴി 1838-ല്‍ ഗ്രിഗറി 16-ാം പാപ്പ പദ്രുവാദോ അധികാരം നിറുത്തല്‍ ചെയ്തു. ഇതിന്‍റെ ഫലമായി കൊടുങ്ങല്ലൂര്‍, കൊച്ചി, മൈലാപ്പൂര്‍, എന്നിവിടങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് അധികാരം നഷ്ടപ്പെട്ടു. ഗോവമാത്രം പോര്‍ച്ചുഗീസധികാരത്തില്‍ ആയിരുന്നു. മുള്‍ത്താ പ്രൊക്ലാരെ എന്ന തിരുവെഴുത്ത് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്നത്തെ ഗോവാമെത്രാപ്പോലീത്താ ആന്‍റണി ഫെലിച്ചിയാനോ തിരുവെഴുത്തിനെ അംഗീകരിക്കുന്നില്ലെന്ന് കാണിച്ച് ഒരു സര്‍ക്കുലര്‍ സമാന്തരരൂപതരകളിലെ മെത്രാന്മാര്‍ക്കയച്ചു. തല്‍ഫലമായി റോമിന്‍റെ നിരോധനത്തെ വിഗണിച്ചുകൊണ്ട് പദ്രുവാദോ മെത്രാന്മാര്‍ ഭരണം തുടര്‍ന്നു. ഇതിനെയാണ് പദ്രുവാദോ "ഛിദ്മം"എന്നു വിളിക്കുന്നത്.
1857 -ല്‍ പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പയും പോര്‍ച്ചുഗല്ലുമായി ഒരു ഉടമ്പടിയുണ്ടാക്കി. അതനുസരിച്ച് പദ്രുവാദോ അധികാരം ഇന്ത്യയിലും ചൈനയിലും പുന:സ്ഥാപിതമായി. ഈ ഉടമ്പടിയനുസരിച്ച് ഗോവമെത്രാപ്പോലീത്തായ്ക്കും പിന്‍ഗാമികള്‍ക്കും പോര്‍ച്ചുഗീസധികാരത്തിലിരുന്ന സ്ഥലങ്ങളിന്മേല്‍ അപ്പസ്തോലിക് പ്രാതിനിധ്യാധികാരംچലഭിച്ചു. ഈ അധികാരം ആദ്യം മൂന്നും, പിന്നീ5ട് ആറും വര്‍ഷങ്ങളിലേയ്ക്കു ദീര്‍ഘിപ്പിച്ചു കൊടുത്തു. ഇങ്ങ നെ 1886 വരെ പദ്രുവാദോ അധികാരം നീട്ടിക്കൊണ്ടുപോകാ ന്‍ സാധിച്ചു. ഇക്കാലത്ത് ഗോവായും വാരപ്പുഴയും തമ്മില്‍ അധികാര സ്ഥാപനത്തിനുവേണ്ടി വലിയ വടംവലികള്‍ നടത്തിയിട്ടുണ്ട്. പദ്രുവാദോയുടെ പതനത്തോടെ പ്രൊപ്പഗാന്ത കൂടുതല്‍ ശക്തമായി.
റോക്കോസിന്‍റെ ആഗമനം
ലത്തീന്‍മെത്രാന്മാരുടെ കീഴില്‍ പൊറുതിമുട്ടിയ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് മെത്രാനെ നല്‍കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന വലിയ വിപത്തിനെ മുന്നില്‍ക്കണ്ട പാത്രിയര്‍ക്കീസ് 1860 സെപ്റ്റംബര്‍ 30-ന് തോമ്മ റോക്കോസ് എന്നയാളെ അഭിഷേകം ചെയ്തു കേരളത്തിലേക്കയച്ചു. ഇവിടത്തെ സ്ഥിതി ഗതികള്‍ കണ്ടറിഞ്ഞു റിപ്പോര്‍ട്ടുചെയ്യാന്‍ ഒരു വിസിറ്റര്‍ എന്ന നിലയില്‍. 1861 മെയ് 20-ാം തീയതി റോക്കോസിന്‍റെ ആഗമനം ഒരു കൊടുങ്കാറ്റിന്‍റെ ആരംഭമായിരുന്നു തൊണ്ടനാട്ട് അന്തോനിച്ചന്‍, റോക്കോസിനു സ്വീകരണം നല്കാന്‍ നേരത്തെ എഴുതി അറിയിച്ചിരുന്നു. അതേസമയം മെസപ്പൊട്ടോമിയായിലെ ഡെലഗേറ്റ് അപ്പോസ്തോലിക്ക ശത്രുവിന്‍റെ പുറപ്പാടേ യഥാസമയം വാരപ്പുഴയും അറിയിച്ചു. പ്രതിരോധനടപടിയെന്ന നിലയില്‍ പള്ളികളില്‍ ഔദ്യോഗിക കത്തുകള്‍ പ്രസിദ്ധീകരിച്ചു ജനങ്ങളെ ജാഗരൂകരാക്കി. കര്‍മ്മലീത്താസഭയുടെ പ്രിയോരായിരുന്ന ചാവറ അച്ചനും റോക്കസിനെ സ്വീകരിക്കരുതെന്ന അഭിപ്രായം പരസ്യപ്പെടുത്തി.
പ്രതിരോധനടപടികള്‍ എടുത്തിരുന്നുവെങ്കിലും ഭരകക്ഷിയുടെ പ്രതീക്ഷയില്‍ക്കവിഞ്ഞ ഒരു സ്വീകരമമാണ് റോക്കസിന് കൊച്ചിയില്‍ ലഭിച്ചത്. ജനങ്ങള്‍ റോക്കസിനെ ആഘോഷമായി സ്വീകരിച്ച് തൈക്കാട്ടുശ്ശേരിപ്പള്ളിയിലേക്ക് ആനയിച്ചു. അവിടെവച്ചു നടന്ന പള്ളിക്കാരുടെ യോഗത്തില്‍ വച്ച് മാന്നാനവും എല്‍ത്തുരുത്തും മെത്രാന്‍റെ ആസ്ഥാനങ്ങളായി നിശ്ചയിച്ചു. സാമ്പത്തിക സുസ്ഥിതിക്കായി പള്ളികളുടെ ഒരു വര്‍ഷത്തെ ആദായം അയ്യനാട്ട് അവിരാത്തരകനെ ഏല്പിക്കണമെന്നും നിഷ്ക്കര്‍ഷിച്ചു. നിര്‍ബന്ധത്തിന്‍റെ പേരില്‍ റോക്കോസ് നൂറിലധികം പേര്‍ക്ക് പട്ടം നല്കി. വടയാര്‍, കടത്തുരുത്തി (ചെറുതും, വലുതും) മുട്ടുചിറ, കുറവിലങ്ങാട്, അതിരമ്പുഴ, കുമാരകം തുടങ്ങിയ പള്ളികള്‍ സന്ദര്‍ഷിക്കുകയും ചെയ്തു. യോഗ്യതയുള്ളവരെ മെത്രാന്മാരാക്കണമെന്ന് തൊണ്ടനാട്ടച്ചന് ആഗ്രഹമുണ്ടായിരുന്നു. റോക്കസിന്‍റെ കേരളാഗമനോദ്ദേശ്യം പുരസ്കരിച്ച് തൊണ്ടനാട്ട് എഴുതുകയാണ്: എങ്കില്‍ നമ്മുടെ മലയാളക്കാരില്‍ കൊള്ളാവുന്നവരെ നമ്മുടെ നമ്മുടെ ചാവറ അച്ചനെയോ മറ്റും കൂട്ടമായി നിശ്ചയിക്കുന്നവരെ ഒക്കെയും മലയാളത്തില്‍ വച്ചുവാഴിപ്പാന്‍ അനുവാദവും മുഷ്ക്കരത്വവും ഇവര്‍ക്കുണ്ട്. ചാവറ അച്ചന്‍റെ ജനസ്വാധീനം ഉപയോഗിക്കുവാന്‍ ഇരുകൂട്ടുകാരും ശ്രമിക്കുന്നുണ്ട്.
1861 ജൂണ്‍ 8-ാംതീയതി വാരപ്പുഴമെത്രാപ്പോലീത്താ ചാവറയച്ചനെ, സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിച്ചു. ജൂണ്‍ 19-ന് തന്നെ സുറിയാനിക്കാര്‍ റോക്കോസിനെ സ്വീകരിക്കണമോയെന്നും റോക്കസിന് റോമില്‍നിന്നും അധികാരമുണ്ടോയെന്നും അന്വേഷിച്ചുകൊണ്ട് ചാവറയച്ചന്‍ റോമിലേയ്ക്കെഴുതി. സെപ്റ്റംബര്‍ 5-ാം തീയതി പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ ചാവറയച്ചന് അയച്ച എഴുത്തില്‍ മലബാറിലേയ്ക്ക് മെത്രാനെ അയക്കാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ലെന്നും റോക്കസ് അനധികൃതമായാണ് വന്നിരിക്കുന്നതെന്നും മറുപടി നല്‍കി. തുടര്‍ന്ന് ചാവറയച്ചന്‍ റോക്കോസിനെതിരെ ചേര്‍ത്തല ശങ്കുണ്ണി പേഷ്ക്കാരിന്‍റെ നിരോധനം ലഭിച്ചതുകൊണ്ട് മാര്‍ റോക്കോസ് തെക്കോട്ട് വരാതെ കൊച്ചിയിലേയ്ക്ക് പോകുകയും വടക്കുള്ള പള്ളികള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
മാര്‍ റോക്കോസിനെ തിരികെ വിളിക്കുന്നു
ഒമ്പതാം പീയൂസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് മാര്‍ റോക്കോസിനെ തിരികെ വിളിക്കാന്‍ ഔദോ പാത്രിയര്‍ക്കീസ് നിര്‍ബന്ധിതനായി. 1861 സെപ്റ്റംബര്‍ ഏഴാം തീയതി പാത്രിയര്‍ക്കീസ് മാര്‍ റോക്കസിനെ തിരിച്ചുവിളിച്ചു. ഇത്. സംബന്ധിച്ച് റോമില്‍ നിന്നുള്ള കത്ത് സെപ്റ്റംബര്‍ 5-ാം തീയതി ബര്‍ണര്‍ദാനോസ് മെത്രാപ്പോലീത്തായ്ക്കും കിട്ടിയിരുന്നു. മാര്‍ റോക്കോസ് കല്പന കിട്ടിയിട്ടും തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. തന്മൂലം നവംബര്‍ 30-ാം തീയതി വരാപ്പുഴമെത്രാപ്പോലീത്താ റോക്കാസിനെ മഹറോന്‍ ചൊല്ലി. 1862-ല്‍ പത്രിയര്‍ക്കീസിന്‍റെ കല്പന വീണ്ടും കിട്ടിയപ്പോള്‍ മാര്‍ റോക്കോസ് തിരിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു. ആ വര്‍ഷം മാര്‍ച്ചുമാസത്തില്‍ തൊണ്ടനാട്ട് ആന്‍റണി, പൂണ്ടിക്കുളത്ത് അബ്രാഹം, ശ്രാമ്പിക്കല്‍ തോമ്മാ എന്നീ വൈദികരുമൊത്ത് അദ്ദേഹം ബാഗ്ദാദിനു പോയി.
ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍
19-ാം നൂറ്റാണ്ടിലെ കേരളസഭാചരിത്രത്തില്‍ സമുന്നതമായൊരു സ്ഥാനമാണ് ചാവറ കുര്യാക്കോസച്ചനുള്ളത്. അദ്ദേഹം 1805 ഫെബ്രുവരി 5-ാം തീയതി കൈനകരിയില്‍ ജനിച്ചു. 10-ാം വയസ്സില്‍ പാലയ്ക്കല്‍ തോമ്മാമല്പനുമായി പരിജയപ്പെട്ടു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സെമിനാരി ജീവിതം തുടങ്ങി. 1829 നവംബറില്‍ സ്റ്റബിലീനിമെത്രാനില്‍ നിന്നും അര്‍ത്തുങ്കല്‍ പള്ളിയില്‍ വെച്ചു വൈദകപട്ടം സ്വീകരിച്ചു.
1829-ല്‍ത്തന്നെ സന്യാസസഭാസ്ഥാപനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 1831 ലായിരുന്നു സന്യാസഭവനത്തിന്‍റെ ശിലാസ്ഥാപനം. 1855 ഡിസംബര്‍ 8-ാം തീയതി ബര്‍ണര്‍ദീനോസ് മെത്രാപ്പോലീത്തായുടെ പ്രതിനിധിയായ മാര്‍സലീനോസ് പാതിരിയുടെ മുമ്പാകെ വ്രതവാഗ്ദാനം നടത്തി, സന്യാസിയായി. 10 പേര്‍ കുര്യാക്കോസച്ചന്‍റെ മുമ്പിലും വ്രതവാഗ്ദാനം നടത്തി. ആ സന്യാസസമൂഹത്തിന്‍റെ ആദ്യത്തെ പ്രിയോയായിരുന്നു ചാവറയച്ചന്‍. സന്യാസമൂഹത്തിനു പുതിയ ശാഖകള്‍ തുടങ്ങുന്നതിനും സന്യാസസഭാംഗങ്ങളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്തിയെടുക്കുന്നതിനും കുര്യാക്കോസച്ചന്‍ അക്ഷീണം യത്നിച്ചു. സ്ത്രീകള്‍ക്കായുള്ള സന്യാസസമൂഹത്തിനും ചാവറയന്‍ നേതൃത്വം നല്‍കി.
റോക്കസിന്‍റെ പിന്നില്‍ സുറിയാനിക്കാര്‍ അണിനിരക്കുന്നതായി മനസ്സിലാക്കിയ വാരപ്പുഴമെത്രാന്‍ 1861 ജൂണ്‍ 8ന് ചാവറയച്ചനെ സുറിയാനിക്കാരുടെ വികാരി ജനറലാക്കി. ഈ അധികാരത്തിലിരുന്നുകൊണ്ട് തന്‍റെ സര്‍വ്വശക്തിയുപയോഗിച്ച് ചാവറയച്ചന്‍ പ്രശ്നത്തെ നേരിട്ടു. 1816 ഫെബ്രുവരിയില്‍ റോക്കസിനെ സ്വീകരിക്കാന്‍ പാടില്ലെന്നു സൂചിപ്പിക്കുന്ന ഒരു പരസ്യം മാന്നാനത്തുനിന്നും അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും റോക്കസിന്‍റെ ആധികാരികത പരിശോധിക്കുവാന്‍ ബൂള കാണുവാന്‍ പോവുകയും മാര്‍പാപ്പയ്ക്കു നേരിട്ടെഴുതി ഔദ്യോഗിക മറുപടി വാങ്ങുകയുമൊക്കെ ചെയ്തു.
വിദഗ്ദ്ധമായ രീതിയില്‍ വാരപ്പുഴ മെത്രാനെ സഹായിച്ച തങ്ങളുടെ സമുദായപ്രതിനിധിയെ മെത്രാനാക്കുമെന്നു സുറിയാനിക്കാര്‍ ന്യായമായും വിശ്വസിച്ചിരുന്നു. പ്രശ്നം രീക്ഷമായ സന്ദര്‍ഭത്തില്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെ മെത്രാനാക്കണമെന്നു പോലും ബര്‍ണര്‍ദീനോസ് പ്രൊപ്പഗാന്തയോടാവശ്യപ്പെട്ടിരുന്നു. അന്നദ്ദേഹം വളരെ വിവേകമതിയായിരുന്നു. റോക്കോസ് തിരിച്ചുപോയതിനുശേഷം 1865 ഏപ്രില്‍ 1-ാം തീയതി ചാവറയച്ചനെപ്പറ്റി റോമില്‍ നിന്നു തിരക്കിയപ്പോള്‍ അദ്ദേഹം അവരുടെ ദൃഷ്ടിയില്‍ ശുദ്ധനെ ങ്കിലും സന്മാര്‍ഗശാസ്ത്രവിജ്ഞാനമില്ലാത്തവനും, ഭാരണപാടവമില്ലാത്തവനുമായി. തന്നെയുമല്ല 63 വയസ്സുമായിരിക്കുന്നു. അ്തു യൂറോപ്പിലെ സ്ഥിതിക്കു 80 വയസ്സിനു തുല്യമാണുതാനും വാസ്തവത്തില്‍ അദ്ദേഹത്തിന് അപ്പോള്‍ 60 വയസ്സുപ്രായമേ ഉണ്ടായിരുന്നുള്ളൂ.
കര്‍മ്മലീത്താ മൂന്നാംസഭ ജന്മമെടുത്തപ്പോള്‍ മുതല്‍ അതിന്‍റെ പ്രിയോരായിരുന്ന, വലിയ പ്രശ്നം നേരിടുവാന്‍ നിയുക്തനായിത്തീര്‍ന്ന വൈദികശ്രേഷ്ഠനാണ് ഭരണപാടവമില്ലാതെ പോയത്. കര്‍മ്മലീത്താമിഷനറിമാര്‍ ചാവറയച്ചനെ മെത്രാനാക്കുന്നതിനെ അനുകൂലിച്ചിരുന്നെങ്കില്‍ മേലൂസിന്‍റെ ആഗമനവും അന്തഛിദ്രങ്ങളും ഒഴിവാക്കാമായിരുന്നു.
നല്ലതെന്നു തോന്നിയ പലപാശ്ചാത്യാനുഷ്ഠാനങ്ങളും വിവേചനം കീടാതെ മലബാര്‍ ക്രിസ്ത്യാനികളുടെയിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ചാവറയച്ചന് ഉത്തരവാദിത്വമുണ്ട്. വേസ്പര. ലദീഞ്ഞ്, മരിച്ചവരുടെ അന്നീദ, വൈദികപഞ്ചാംഗം തുടങ്ങിയവ അദ്ദേഹം എഴുതിയുണ്ടാക്കി. അവയില്‍ അന്ധമായ അനുകരണം പ്രകടമായിരുന്നു. അദ്ദേഹം നാല്പതുമണിയാരാധനയുടെ പ്രചാരകനായിരുന്നു. കാനന്‍ജപം ക്രമപ്പെടുത്തിയെഴുതിയെങ്കിലും അതിലും ലത്തീന്‍ സ്വീധീനം കടന്നുകൂടിയിട്ടുണ്ട്. ലത്തീന്‍ ക്രമങ്ങളോട് അനുരൂപപ്പെടുന്നതു കത്തോലിക്കാസഭയിലാവശ്യമാണെന്ന ചിന്താഗതിയായിരിക്കാം ഇതിനൊക്കെ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് അദ്ദേഹം മുദ്രാലയരംഗത്തു കാലുവെച്ചത്. 1843 ജൂലായ് മാസത്തില്‍ ലൂദ്വിക്കോസ് മെത്രാപ്പോലീത്തായുടെ പരിശ്രമഫലമായി അച്ചടിക്കുള്ള അനുവാദം നേടിയെടുത്തു. ആദ്യത്തെ പ്രസ്സ് തടികൊണ്ടുണ്ടാക്കിയതാണ്. ആദ്യത്തെ പുസ്തകം ജ്ഞാനപീയൂഷം എത്രെ. സേവനനിരതനായ ആ കര്‍മ്മയോഗി 1871 ജനുവരി മൂന്നാം തീയതി ദിവംഗതനായി.
മേലൂസിന്‍റെ ആഗമനം
1862 -ല്‍ റോക്കോസ്മെത്രാന്‍ മലബാര്‍വിട്ടു. റോക്കോസിനെ അനുകൂലിച്ച പള്ളിക്കാര്‍ വലിയൊരു വിഷമവൃത്തത്തിലായി. വാരാപ്പുഴയുടെ കീഴിലേക്കു മടങ്ങിച്ചെല്ലുക വളരെ വിഷമകരം. പദ്രുവാദോഅധികാരം ഇല്ലാതിരുന്നതിനാല്‍ അവര്‍ എങ്ങും തൊടാതെ ാരെു നിലയിലായി. 1864-ല്‍ കൊടുങ്ങല്ലൂര്‍ പുനരുദ്ധരിക്കപ്പെട്ടപ്പോള്‍ ആ പ്രശ്നം ഏറെക്കുറെ പരിഹൃതമായി. റോക്കോസിനെ അനുകൂലിച്ചവര്‍ പദ്രുവാദോക്കീഴില്‍ വന്നുചേര്‍ന്ന് അഭിമാനം സംരക്ഷിച്ചു. പക്ഷേ പദ്രുവാദോയില്‍ മെത്രാന്മാരില്ലാതിരുന്നതിനാല്‍ പല ബുദ്ധിമുട്ടുകളും അവര്‍ക്കുണ്ടായി. ഏറ്റവും പ്രധാനം പദ്രുവാദോക്കീഴിലുള്ള സെമിനാരിക്കാര്‍ക്കു പട്ടം നല്‍കുക എന്നതായിരുന്നു. ഈ ബുദ്ധിമുട്ടു മനസ്സിലാക്കിയ ആവര്‍ 1872-ല്‍ ബാബേല്‍ പാത്രിയര്‍ക്കീസിനോടഭ്യര്‍ത്ഥിച്ചു. വേറെയും ഹര്‍ജികള്‍ ചെന്നിരുന്നു.
റോക്കോസ്യന്‍ പ്രശ്നശമനാനന്തരവും മലബാറുമായുള്ള പുരാതനബന്ധം സ്ഥാപിച്ചുകിട്ടുവാന്‍ കല്‍ദായപാത്രിയര്‍ക്കീസ് ശ്രമിച്ചുകൊണ്ടിരുന്നു. 1869-ല്‍ നടന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സി ലില്‍ ഈ അവകാശവാദം അദ്ദേഹം ഉന്നയിച്ചെങ്കിലും കൗണ്‍സില്‍ പെട്ടെന്ന് നിറുത്തേണ്ടി വന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായില്ല. ഈ ശ്രമത്തില്‍ മുഖ്യന്‍ ആക്രായിലെ മെത്രാനായിരുന്ന ഏലിയാ മേലൂസായിരുന്നു. മലബാറുമായി ബന്ധപ്പെടാനുള്ള അവസരം കാരത്തിരിക്കുമ്പോഴാണ് ഹര്‍ജികള്‍ ലഭിക്കുന്നത്. 1873-ല്‍ മെത്രാന്മാരെ വാഴിച്ചയയ്ക്കാനുള്ള അനുവാദത്തിനായി പാത്രിയര്‍ക്കീസ് റോമിനെഴുതി. പക്ഷെ പ്രൊപ്പഗാന്ത അതിനനുകൂലമായിരുന്നില്ല.
ചാവറയച്ചനെ മെത്രാനായിക്കാമാനാഗ്രഹിച്ചവര്‍ നിരാശരായി. റോക്കോസ് പ്രശ്നം അവസാനിച്ചപ്പോള്‍ പ്രൊപ്പഗാന്ത അതിന്‍റെ പഴയരീതികളിലേയ്ക്ക് മടങ്ങി. മലബാര്‍ ക്രിസ്ത്യാനികള്‍ പൊതുവേ അസ്വസ്ഥരായിരുന്നു. സ്വന്തം റീത്തിലുള്ള മെത്രാന്മാര്‍ ക്കുവേണ്ടിയുള്ള ദാഹം അവരുടെ ഇടയില്‍ ഉത്കടമായിത്തീര്‍ന്നു. തൃശ്ശൂര്‍ കേന്ദ്രമായി ധനശേഖരണം നടത്തിക്കൊണ്ടിരുന്ന ഫിലിപ്പ് അസ്സീസ് എന്ന കല്‍ദായവൈദികന്‍ വഴി ഒരു മെത്രാനെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ സുറിയാനിക്കാര്‍ നടത്തി. ഈ പ്രവര്‍ത്തനത്തില്‍ മുന്നോട്ടുനിന്നത് തൃശ്ശൂര്‍ പള്ളി വികാരിയായ പുത്തേട്ട് ഇഗ്നാസി എന്ന വൈദികനായിരുന്നു. അദ്ദേഹം ഫിലിപ്പ് അസ്സീസ് വഴി ഒരു ഹര്‍ജി പാത്രിയര്‍ക്കീസിന് എത്തിച്ചുകൊടുത്തു. ഇതിനകം മലബാറിലെ വൈദികര്‍ മേലൂസിനെ ക്ഷണിച്ചുകൊണ്ട് എഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് പാത്രിയര്‍ക്കീസ് ജോസഫ് ഔദോ മാര്‍ ഏലിയ മേലൂസിനെ മലബാറിലേക്കയച്ചത്.
മേലൂസ് മെത്രാന്‍ മലബാറില്‍
1874 ആഗസ്റ്റ് മാസത്തില്‍ ബോംബെയിലെത്തി. മേലൂസിനെ തിരിച്ചയക്കുവാന്‍ ബോംബെ വികാരി അപ്പസ്തോലിക്കാ ലെയോ മോയ്റിന്‍ ശ്രമിക്കുകയുണ്ടായി. ഏതായാലും 1874 ഒക്ടോബര്‍ 21നു മേലൂസ് മെത്രാന്‍ തൃശ്ശൂരിലെത്തിച്ചേര്‍ന്നു. 1874 ജൂലൈ 2നു പാത്രിയര്‍ക്കീസ് മലബാറുകാരെ അഭിസംബോധനചെയ്തുകോണ്ട് എഴുതിയതും മേലൂസിന് നല്‍കിയതുമായ എഴുത്തില്‍ മേലൂസിനെ അയക്കുന്നത് മലബാറിലെ കര്‍മ്മലീത്താഭരണം അവസാനിപ്പിക്കുന്നതിനാണെന്ന് പറഞ്ഞിട്ടുണ്ട്. മാര്‍ മേലൂസ് തൃശ്ശൂരില്‍ എത്തിയപ്പോള്‍ ഇടമറ്റം വികാരിയായിരുന്ന തൊണ്ടനാട്ട് ആന്‍റണി (മാര്‍അബ്ദീശോ) അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിത്തീര്‍ന്നു. ഒക്ടോബര്‍ 30നു മേലൂസ് ഒരു സര്‍ക്കുലര്‍ വഴി സുറിയാനിക്കാര്‍ പാത്രിയാര്‍ക്കീസിനെ അനുസരിക്കണമെന്നും ലത്തീന്‍ ഹയരാര്‍ക്കിയില്‍ നിന്ന് പിന്മാരണമെന്നും ആവശ്യപ്പെട്ടു. കൂടാതെ പീയൂസ് ഒമ്പതാമന്‍ പാപ്പ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ അംഗീകരിക്കുന്നതായുള്ള ഒരു എഴുത്തിന്‍റെ മലയാളം തര്‍ജ്ജമ 1875 ഫെബ്രുവരി 7 നു പ്രസിദ്ധീകരിക്കുകയും ചെയ്തു. പദ്രുവാദോ അധികാരത്തില്‍പ്പെട്ട പള്ളികള്‍ മേലൂസിനെ സ്വീകരിക്കാന്‍ തയ്യാറായുള്ളൂ.
ഭാഗികമായ പള്ളികള്‍
1887 മെയ് 20-ാം തീയതിയിലെ ക്വോദ് യാംപ്രീദം എന്നതിരുവെഴുത്തുവഴി ലെയോ 13-ാമന്‍ പാപപ്പ സുറിയാനിക്കാര്‍ക്കായി കോട്ടയം, തൃശ്ശൂര്‍ എന്നീ വികാരിയാത്തുകള്‍ ലത്തീന്‍ മെത്രാന്മാരെയാണ് ഏല്‍പിക്കുകയെന്ന് രേഖകള്‍ വ്യക്തമാക്കിയിരിക്കുന്നു. വികാരിഅപ്പസ്തോലിക്കമാര്‍ പൊന്തിഫിക്കല്‍ അധികാരങ്ങളോടെ സുറിയാനിക്കാരായ വികാരിജനറല്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനോടൊപ്പം സുറിയാനിക്കാരായ നാല് ആലോചനക്കാരെ വീതം ഓരോ വികാരിയാത്തിലും തെരഞ്ഞെടുക്കുകയും സഭാ ഭരണസംബന്ധമായ കാര്യങ്ങളില്‍ അവരുടെ അഭിപ്രായം ആരായുകയും ചെയ്യേണ്ടിയിരുന്നു. വികാരിയാത്തുകള്‍ സ്ഥാപിച്ചെയങ്കിലും വികാരിഅപ്പസ്തോലിക്കാമാരെ നിയമിച്ചിരുന്നില്ല. പുതിയ വികാരിയാത്തുകള്‍ സ്ഥാപിച്ചുകൊണ്ടുള്ള തിരുവെഴുത്ത് പ്രസിദ്ധപ്പെടുത്തിയതോടൊപ്പം ജൂലായ് 20, 1887-ല്‍ ഡെലഗേറ്റ് അപ്പസ്തോലിക്കായിരുന്ന അയൂത്തിയും ഒരു ലേഖനം പള്ളികളിലേയ്ക്ക് അയച്ചിരുന്നു. കര്‍മ്മലീത്തക്കാരല്ലാത്ത മെത്രാന്മാര്‍ പുതിയ വികാരിയാത്തില്‍ നിയമിതരാകുമോ എന്ന് വരാപ്പുഴയിലെ കര്‍മ്മലീത്തക്കാര്‍ ഭയപ്പെട്ടു. അവര്‍ക്കനുകൂലമായി ഒരു ബഹുജനഹര്‍ജി റോമിലേക്കയക്കാന്‍ കര്‍മ്മലീത്തക്കാര്‍ തീരുമാനിച്ചു. ഒപ്പ് ശേഖരിക്കാന്‍ ആളുകളേയും ചുമതലപ്പെടുത്തി. കൊച്ചപ്പന്മാരായ മാത്യു മാക്കീലിനെയും വാഴക്കുളത്തുകാരനായ വലിയവീട്ടില്‍ ഗീവറുഗീസച്ചനേയും കൂട്ടിക്കൊണ്ടു വരാപ്പുഴയിലേയും കൊല്ലത്തെയും മെത്രാന്മാര്‍ അപ്പസ്തോലിക് ഡെലഗേറ്റിനെ സന്ദര്‍ശിച്ച് ചില ഹര്‍ജികള്‍ കൊടുത്തതായി പറയപ്പെടുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്ത്വമായിരിക്കാം ഇവിടെ പ്രായോഗികമാക്കിയത്.
പുതിയ വികാരി അപ്പസ്തോലിക്കാമാര്‍
1887 മെയ് 20-ാം തീയതി വികാരിയാത്തുകള്‍ സ്ഥാപിതമായി എന്നാല്‍ വികാരിഅപ്പസ്തോലിക്കമാര്‍ ആരെന്ന് വ്യക്തമാക്കിയിരുന്നില്ല. അതേക്കുറിച്ചുള്ള ജിജ്ഞാസ വലിയൊരു പിരിമുറക്കം വാരപ്പുഴ ഭാഗത്തും സ്വദേശി പ്രസ്ഥാനക്കാരുടെ ഭാഗത്തും ഉളവാക്കി. ഇവിടുത്തെ ഭരണാധികാരികളുടെ വീരവാദങ്ങളും രഹസ്യകരുനീക്കങ്ങളും രണ്ടാമത്തെ കൂട്ടരെ കൂടുതല്‍ ഉല്‍ക്കണ്ഠാകുലരാക്കി. ഡെഗേറ്റിന് അവര്‍ തുടരെത്തുടരെ അയച്ചിരുന്ന കത്തുകള്‍ ഇത് വ്യക്തമാക്കുന്നു. ഈ സാഹചര്യം 1887 ഒക്ടോബര്‍ 15-ാം തീയതിയോടെ മാറി. റോമില്‍ നിന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് മാര്‍സലീനോസ് മെത്രാന്‍ പുറപ്പെടുവിച്ച കല്‍പനവഴി ചാള്‍സ് ലവീഞ്ഞും അഡോള്‍ഫ് മെഡ്ലിക്കോട്ടും പുതിയ വികാരി അപ്പസ്തോലിക്കമാരാണെന്ന് അറിയിച്ചു. അതോടൊപ്പം സുറിയാനിക്കാരുടെമേല്‍ തനിക്കുണ്ടായിരുന്ന ഭരണാധികാരം അവസാനിച്ചിരിക്കുന്നതായും.
സ്വപ്നസാക്ഷാത്ക്കാരം
സ്വന്തം വികാരിയാത്തുകള്‍ ലഭിച്ചതുകൊണ്ടുമാത്രം ഇവിടത്തെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ സംതൃപ്തരായില്ല. സ്വന്തം റീത്തില്‍പ്പെട്ട നാട്ടുമെത്രാന്മാരെ കിട്ടുവാനുള്ള അപേക്ഷകള്‍ റോമിലേക്ക് അവര്‍ അയച്ചുകൊണ്ടിരുന്നു. സമയം ആസന്നമായി എന്നു പ.സിംഹാസനത്തിനു ബോദ്ധ്യമായി. 1896-ല്‍ ലെയോ പതിമൂന്നാമന്‍ പാപ്പ ക്വേ റേയി സാക്രേ എന്ന രേഖയിലൂടെ സുറിയാനിക്കത്തോലിക്കരെ തൃശ്ശൂര്‍, ചങ്ങനാശ്ശേരി, എറണാകുളം എന്നൂ മൂന്നു വികാരിയാത്തുകളിലാക്കി. ഇതില്‍ ചങ്ങനാശ്ശേരി വികാരിയാത്ത് 1887ല്‍ സ്ഥാപിതമായ കോട്ടയം വികാരിയാത്തിന്‍റെ തുടര്‍ച്ചയാണ്. ബിഷപ്പ് ലവീഞ്ഞു തന്‍റെ ആസ്ഥാനം 1891-ല്‍ ചങ്ങനാശ്ശേരിക്കു മാറ്റുകയുണ്ടായി. 1896 ആഗസ്റ്റ് 11-ാം തീയതി സുറിയാനിക്കാരുടെ മൂന്നു വികാരിയാത്തുകള്‍ക്കും നാട്ടുമെത്രാന്മാരെ ലഭിച്ചു. എറണാകുളത്തു ളൂയിസ് പഴേപറമ്പിലും, തൃശ്ശൂര് ജോണ്‍ മേനാച്ചേരിയും, ചങ്ങനാശ്ശേരിയില്‍ മാത്യു മാക്കീലുമായിരുന്നു പ്രഥമ ഏതദ്ദേശീയമെത്രാന്മാരായി നിയമിതരായവര്‍. 1911 ആഗസ്റ്റ് 29-ാം തീയതി തെക്കും ഭാഗക്കാര്‍ക്കായി കോട്ടയം വികാരിയാത്തു സ്ഥാപിച്ചു. അതിന്‍റെ അദ്ധ്യക്ഷനായി മാര്‍. മാത്യു മാക്കീലിനെ ചങ്ങനാശ്ശേരിയില്‍ നിന്നു കോട്ടയത്തേക്കു മാറ്റി. ചങ്ങനാശ്ശേരിയില്‍ മാര്‍ തോമസ് കുര്യാളശ്ശേരി നിയമിതനായി.
സീറോമലബാര്‍ ഹയരാര്‍ക്കി
മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭാചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ് 1923 ഡിസംബര്‍ 21-ാം തീയതി അന്നാണ് റൊമാനീ പൊന്തീഫിച്ചെസ് എന്ന തിരുവെഴുത്തുവഴി 11-ാം പീയൂസ് മാര്‍പാപ്പ സീറോമലബാര്‍ പ്രൊവിന്‍സ് രൂപാകരിച്ചത്. എറണാകുളം അതിരൂപതയായും തൃശ്ശൂര്‍, കോട്ടയം, ചങ്ങനാശ്ശേരി സമാന്തരരൂപതകളായും പ്രഖ്യാപിക്കപ്പെട്ടു.
പുനരൈക്യം ആരംഭിക്കുന്നു
1653 -ലെ കൂനന്‍കുരിശുസത്യത്തോടെ മാര്‍ത്തോമ്മാക്രൈസ്തവസമൂഹം പുത്തന്‍കൂറെന്നും പഴയകൂറെന്നും രണ്ടായി തിരിഞ്ഞു. വേര്‍പാടിന്‍റെ നാളുകള്‍ മുതല്‍ പുനരൈക്യത്തിനുള്ള അതിയായ ആഗ്രഹവും പരിശ്രമവും രണ്ടു വിഭാഗങ്ങളിലും ഉണ്ടായിരുന്നു. വിദേശമിഷനറിമാരുടെയും മെത്രാന്മാരുടെയും നിസ്സഹകരണവും സ്ഥാപിതതാല്‍പര്യങ്ങളും പുനരൈക്യശ്രമങ്ങളെ പരാജയപ്പടുത്തി. എന്നാല്‍ നാട്ടുമെത്രാന്മാരുടെ ആഗമനത്തോടെ പുനരൈക്യപ്രസ്ഥാനത്തിന് ഒരു നവജീവന്‍ കൈവന്നു. ഒന്നായിരുന്ന സഭയെ പലതാക്കിയ സാഹചര്യങ്ങള്‍ മാറിവന്നതോടെ സഭൈക്യബോധവും വളര്‍ന്നുവന്നു. തത്ഫലമായി 1930 സെപ്റ്റംര്‍ 20-ാം തീയതി യാക്കോബായസഭയില്‍നിന്നു മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയും മാര്‍ തെയോഫിലോസ് മെത്രാനും കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. സഭൈക്യപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയവരാണിവര്‍.
ഡോ. സേവ്യര്‍ കൂടപ്പുഴ
Church of India After the 16th century catholic malayalam mananthavady diocese ഇന്ത്യൻ സഭാചരിത്രം book no 33 Dr. Xavier Koodappuzha Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206