x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

സഭാപിതാക്കന്മാര്‍

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

ഭാചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള സഭാപിതാക്കന്മാരെപ്പറ്റിയും അവരുടെ പ്രവര്‍ത്തനങ്ങള്‍, കൃതികള്‍ എന്നിവയെപ്പറ്റിയുമാണ് ഈ അദ്ധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത്. സഭയുടെ ആദ്യനൂറ്റാണ്ടുകളിലെ വളര്‍ച്ചയ്ക്കും വിശ്വാസജീവിതത്തിനും രൂപവും ഭാവവും പകര്‍ന്നത് അവരാണ്. അവരത്രെ സഭാശിശുവിനെ പീഡകരുടെ കരങ്ങളില്‍ നിന്നും രക്ഷിച്ചുവളര്‍ത്തിയെടുത്തത്. ആരംഭകാലത്തെ നിരവധി സൈദ്ധാന്തികവും വിശ്വാസപരവുമായ പ്രശ്നങ്ങളുടേയും പ്രതിബന്ധങ്ങളുടേയും മദ്ധ്യത്തിലൂടെ അവര്‍ ആദിമസഭയെ നയിച്ചു. സത്യവിശ്വാസം ഉയര്‍ത്തിക്കാട്ടിയ ധീരസേനാനികളാണവര്‍. ക്രൈസ്തവവിശ്വാസം കുറെ തത്ത്വസംഹിതകളുടെ സമാഹാരം മാത്രമല്ലെന്നും, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കര്‍മ്മമാര്‍ഗ്ഗമാണെന്നും അവരുടെ ധന്യമായ ജീവിതം വിളിച്ചറിയിക്കുന്നു. അധുനാധുനീകരണത്തിന്‍റെ പേരില്‍ ഇന്നവതരിപ്പിക്കുന്ന പല കാര്യങ്ങളും നൂറ്റാണ്ടുകള്‍ക്കു മുമ്പേ സഭാപിതാക്കന്മാരുടെ തൂലികയിലൂടെ വെളിച്ചം കണ്ടവയാണെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സഭാപിതാക്കന്മാരെ പൊതുവില്‍ പാശ്ചാത്യരെന്നും പൗരസ്ത്യരെന്നും രണ്ടായി തിരിക്കാം. രണ്ടു വിഭാഗക്കാരും വ്യത്യസ്തങ്ങളും പരസ്പരപൂരകങ്ങളുമായ ചിന്താസരണികളിലൂടെയാണ് നീങ്ങിയിട്ടുള്ളത്.

ആരാണ് സഭാപിതാക്കന്മാര്‍?

ആദ്ധ്യാത്മിക ജീവിതത്തിലേയ്ക്കു ജനിപ്പിക്കുന്നവരെയാണ് പുതിയനിയമത്തില്‍ പിതാവ് എന്നു വിളിക്കുന്നത്. ഈശോമിശിഹായില്‍ ജനിപ്പിക്കുക എന്നാണു വിവക്ഷ (1 കോറി. 4:13-16; ഗലാ. 4:19). പ്രദേശികസഭകളുടെ തലവന്മാരായിരുന്ന മെത്രാന്മാരെ പിതാക്കന്മാര്‍ എന്നു വിളിച്ചിരുന്നു. സഭയുടെ ആധികാരികമായ പാരമ്പര്യത്തിനു സാക്ഷ്യം വഹിച്ചവരെ സഭാപിതാക്കന്മാര്‍ എന്നു വിളിച്ചുതുടങ്ങിയത് നാലാംനൂറ്റാണ്ടുമുതലാണ്. വ്യാപകാര്‍ത്ഥത്തില്‍ സഭാപിതാക്കന്മാരെന്ന സംജ്ഞകൊണ്ടു നാം മനസ്സിലാക്കുന്നത് ആദ്യനൂറ്റാണ്ടുകളില്‍ ക്രൈസ്തവതത്ത്വസംഹിതകളേയും വിശുദ്ധരഹസ്യങ്ങളേയുംപറ്റി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള പണ്ഡിതരായ സഭാദ്ധ്യക്ഷന്മാരെയാണ്.

ഒന്നുമുതല്‍ ഏഴുവരെ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരെ മാത്രമേ ഇക്കൂട്ടത്തില്‍പെടുത്തുന്നുള്ളു.

നാല് സവിശേഷതകളാണ് സഭാപിതാക്കന്മാര്‍ക്കുണ്ടായിരിക്കേണ്ടത്: 1. സത്യവിശ്വാസം 2. സഭയുടെ ഔദ്യോഗികാംഗീകാരവും സ്ഥിരീകരണവും 3. വിശുദ്ധി 4. പ്രാചീനത. പ്രാചീനതയുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാതില്ല. ഏ. ഡി. 750-ല്‍ വി. ജോണ്‍ ഡമഷീന്‍വരെയുള്ളവരെയാണ് പൗരസ്ത്യര്‍ സഭാപിതാക്കന്മാരുടെ പട്ടികയില്‍ പെടുത്തുന്നത്. പാശ്ചാത്യരാകട്ടെ ഏ. ഡി. 636-ല്‍ മരിച്ച ഇസിദോര്‍ വരെയുള്ളവരെ മാത്രമെ സഭാപിതാക്കന്മാരായി കണക്കാക്കുന്നുള്ളു.

മേല്പറഞ്ഞ നാലു സവിശേഷതകളുമില്ലാത്ത ചിലരെ സ്ഥൂലാര്‍ത്ഥത്തില്‍ സഭാപിതാക്കന്മാര്‍ എന്നു വിളിക്കാറുണ്ട്. അങ്ങനെയുള്ളവരാണ് ഒരിജന്‍, തെര്‍ത്തുല്യന്‍, എവുസേബിയൂസ് തുടങ്ങിയവര്‍. പക്ഷേ ഇവരെ സഭയുടെ ഔദ്യോഗിക പിതാക്കന്മാരുടെ പട്ടികയില്‍ പെടുത്തുന്നില്ല. വിശ്വാസരഹസ്യങ്ങളുടെയും തത്ത്വങ്ങളുടേയും സംരക്ഷകരായ സഭാപിതാക്കന്മാര്‍ സഭയുടെ  ഔദ്യോഗികപ്രബോധനത്തിനു സാക്ഷ്യംവഹിച്ചവരാണ്. ഇവരെപ്പറ്റിയുള്ള പഠനത്തിനാണ് പട്രോളജി എന്നു പറയുന്നത്. സഭാപിതാവും സഭാപാരംഗതനും തമ്മില്‍ വ്യത്യാസമുണ്ട്. സഭാപാരംഗതന് പ്രാചീനത ഒരു മാനദണ്ഡമായി കരുതുന്നില്ല.

അപ്പസ്തോലപിതാക്കന്മാര്‍

ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിന്‍റെ പകുതിവരെയുള്ള കാലഘട്ടത്തിലും ജീവിച്ചിരുന്ന ക്രിസ്തീയഗ്രന്ഥകാരന്മാരെയാണ് അപ്പസ്തോലപിതാക്കന്മാര്‍ എന്നു വിളിക്കുന്നത്. ഇവര്‍ക്കു അപ്പസ്തോലന്മാരുമായി നേരിട്ടു പരിചയമുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അപ്പസ്തോലന്മാരുടെ പ്രബോധനം കലര്‍പ്പില്ലാതെ ഗ്രഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കണം. ഇക്കാരണങ്ങളാലാണ് ഇവരെ അപ്പസ്തോലപിതാക്കന്മാര്‍ എന്നു വിളിക്കുന്നത്. ഇവരുടെ കൃതികളില്‍ പകുതിയും കത്തുകളും ലേഖനങ്ങളുമാണ്; ബാക്കി സൈദ്ധാന്തികപ്രബോധനങ്ങളും.

റോമിലെ വി. ക്ലെമന്‍റ് (+ 96), ബര്‍ണബാസ് (+ 98), വി. ഇഗ്നേഷ്യസ് (+ 107), വി. പോളിക്കാര്‍പ്പ് (69?-155), പപ്പിയാസ് (75-150) എന്നിവരെല്ലാം അപ്പസ്തോലപിതാക്കന്മാരുടെ ഗണത്തില്‍പെടും. ഇവര്‍ക്കു പുറമെ പീയൂസ് ഒന്നാമന്‍ പാപ്പായുടെ (140-155) സഹോദരനും ദി ഷെപ്പേര്‍ഡ് എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവും ആണെന്നു കരുതപ്പെടുന്ന ഹെര്‍മസ് എന്ന ഒരാളെയും അപ്പസ്തോലപിതാക്കന്മാരുടെ പട്ടികയില്‍ കാണാം.

രണ്ടാം നൂറ്റാണ്ടിലെ വിശ്വാസസംരക്ഷകര്‍

രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്തുമതത്തിനെതിരായി പൊന്തിവന്ന ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരായി സത്യവിശ്വാസം സംരക്ഷിക്കുവാന്‍ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരെയാണ് വിശ്വാസസംരക്ഷകരെന്ന് വിളിക്കുന്നത്. ക്രിസ്ത്യാനികളെ പീഡിപ്പിച്ച രാഷ്ട്രീയാധികാരികളോടുപോലും സധൈര്യം ഇവര്‍ സത്യവിശ്വാസം ഏറ്റുപറഞ്ഞു; അനേകരെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തി.

ക്രിസ്ത്യാനികളുടെമേല്‍ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ സമ്മേളനങ്ങളില്‍ ശിശുക്കളുടെ മാംസം ഭക്ഷിച്ചിരുന്നുവെന്നും അധാര്‍മ്മികമായും അസന്മാര്‍ഗ്ഗികമായും പലതും ചെയ്തിരുന്നെന്നും പലരും പറഞ്ഞു പരത്തി. ഇത്തരം ആരോപണങ്ങള്‍ക്കെതിരായി ക്രിസ്തുമതത്തെ സംരക്ഷിക്കുകയായിരുന്നു വിശ്വാസ സംരക്ഷകരുടെ കര്‍ത്തവ്യം. ആരോപണങ്ങളും അപവാദങ്ങളും തിരുത്തുക മാത്രമല്ല ക്രൈസ്തവവിശ്വാസ സത്യങ്ങള്‍ വ്യക്തമായി പ്രകാശിപ്പിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. വി.ജസ്റ്റിന്‍, ടാസിയന്‍, അത്തനാരോറസ്, അന്ത്യോക്യായിലെ തെയോഫിലസ്, ഹേര്‍മിയാസ്, മിനുച്ചിയൂസ് ഫേലിക്സ് എന്നിവരാണ് വിശ്വാസ സംരക്ഷകരില്‍ മുഖ്യര്‍. 

പൗരസ്ത്യ സഭാപിതാക്കന്മാര്‍

രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പാശ്ചാത്യ പൗരസ്ത്യ ദൈവശാസ്ത്രചിന്തകര്‍ തമ്മിലുള്ള വ്യത്യാസം കൂടുതല്‍ വ്യക്തമായിത്തുടങ്ങി. പാശ്ചാത്യസഭയുടെ ഔദ്യോഗിക ഭാഷയായി ലത്തീന്‍ഭാഷ അംഗീകരിക്കപ്പെട്ടതും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ചിന്താഗതികളില്‍ അകലം വര്‍ദ്ധിപ്പിച്ചു. പൗരസ്ത്യ പിതാക്കന്മാരായിരുന്നു ക്ലെമന്‍റ് (150-216), ഒരിജന്‍ (185-255), ഡയനീഷ്യസ് (190-265) തുടങ്ങിയവര്‍ യേശുവിന്‍റെ ദൈവമനുഷ്യ സ്വഭാവങ്ങളെ വിശദീകരിച്ചു പഠിപ്പിച്ചവരാണ്. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ആധികാരികമായി പഠിപ്പിച്ച കപ്പദോസിയായിലെ പിതാക്കന്മാര്‍ പൗരസ്ത്യ പിതാക്കന്മാരില്‍ പ്രമുഖരാണ്. നീസ്സായിലെ വി. ഗ്രിഗറി (335-394), നസ്സിയാല്‍സിലെ വി.ഗ്രിഗറി (330-390), വി.ബേസില്‍ (331-379) എന്നിവരെയാണ് കപ്പദോസിയായിലെ പിതാക്കന്മാര്‍ എന്നു വിളിക്കുന്നത്. യേശുവിന്‍റെ ദൈവികതയെ നിഷേധിച്ച നെസ്തോറിയന്‍ പാഷണ്ഡതയ്ക്കെതിരെ പൊരുതിയ വി. സിറിലും (370-444) പൗരസ്ത്യ സഭാപിതാക്കന്മാരില്‍ പ്രമുഖനാണ്. പരിശുദ്ധാത്മാവിന്‍റെ വീണ എന്നപേരില്‍ അറിയപ്പെടുന്ന മാര്‍ അപ്രേം (308-373) സുറിയാനി സഭാപിതാക്കന്മാരില്‍ പ്രഥമഗണനീയനാണ്. 

പാശ്ചാത്യ സഭാപിതാക്കന്മാര്‍

പാശ്ചാത്യസഭയില്‍ സത്യവിശ്വാസത്തിനെതിരെ ഉയര്‍ന്നുവന്ന വെല്ലുവിളികളെ സമര്‍ത്ഥമായി നേരിട്ട സഭാപിതാക്കന്മാരില്‍ പ്രമുഖര്‍ വി. ഹിലാരി (315-367), വി. അംബ്രോസ് (333-397), വിശുദ്ധഗ്രന്ഥ പണ്ഡിതനായിരുന്ന വി. ജറോം (342-420), ത്രിത്വവിജ്ഞാനീയത്തിന്‍റെ പിതാവായി പരിഗണിക്കപ്പെടുന്ന വി. അഗസ്തീനോസ് (352-440) എന്നിവരാണ്.

ആദ്യത്തെ ഏഴു നൂറ്റാണ്ടുകളില്‍ നടന്ന സാര്‍വ്വത്രിക സൂനഹദോസുകളിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത് ഈ സഭാപിതാക്കന്മാരായിരുന്നു. ക്രിസ്തീയമായ ആരാധനാക്രമങ്ങള്‍ രൂപീകരിക്കുന്നതിലും തിരുനാളുകള്‍ നിശ്ചയിക്കുന്നതിലും സഭാപിതാക്കന്മാര്‍ അദ്വിതീയമായ പങ്കുവഹിച്ചിരുന്നു. ഉദാഹരണമായി ഈസ്റ്റര്‍, ക്രിസ്തുമസ് എന്നീ തിരുനാളുകളുടെ ആചരണങ്ങളെ സംബന്ധിച്ച് രൂപംകൊണ്ട വിവാദങ്ങള്‍ പരിഹരിച്ചത് സഭാപിതാക്കന്മാരായിരുന്നു. 

ഈസ്റ്റര്‍ വിവാദം

ആരംഭകാലത്ത് യഹൂദരുടെ പെസഹാ തിരുനാളിനോടനുബന്ധിച്ചാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ മൂന്നാം നൂറ്റാണ്ടുമുതല്‍ യഹൂദരുമായുള്ള ബന്ധം ക്രൈസ്തവര്‍ പൂര്‍ണ്ണമായും വിച്ഛേദിച്ചതിനാല്‍ ഈസ്റ്റര്‍ ആഘോഷിക്കേണ്ട തിയതിയെക്കുറിച്ച് വിവിധ സഭകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. ഏഷ്യാമൈനറിലെ സഭകള്‍ നീസാന്‍ മാസം 14-ാം തീയതി മാത്രമേ ഈസ്റ്റര്‍ ആഘോഷിക്കൂ എന്നു ശഠിച്ചു. ഉത്ഥാനത്തിരുനാള്‍ ഞായറാഴ്ച ആചരിക്കണമെന്ന് നിര്‍ബന്ധമില്ല എന്നും അവര്‍ വാദിച്ചു. "പതിനാലാം ദിനവിവാദം" ( quarto decimanism) എന്ന പേരില്‍ ഈ വിവാദം സഭയില്‍ ഭിന്നതയുളവാക്കി. മറ്റു പല സഭകളും ഞായറാഴ്ച മാത്രമേ ഈസ്റ്റര്‍ ആചരിക്കൂ എന്ന നിലപാടു സ്വീകരിച്ചു. വിക്ടര്‍ മാര്‍പാപ്പ (189-198) വിളിച്ചുകൂട്ടിയ സിനഡിലും ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. എന്നാല്‍ സഭാപിതാവായ ലിയോണ്‍സിലെ വി. ഇറണേവൂസിന്‍റെ ബുദ്ധിപൂര്‍വ്വമായ ഇടപെടല്‍ സഭയില്‍ ഐക്യം പുനസ്ഥാപിച്ചു. ഈ ഒത്തുതീര്‍പ്പനുസരിച്ച് സൂര്യന്‍ ഭൂമധ്യരേഖ കടക്കുന്ന മാര്‍ച്ച് 21 (Spring Equniox) കഴിഞ്ഞുള്ള വെളുത്തവാവിനു ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ എന്നു തീരുമാനിച്ചു. 325 ല്‍ നടന്ന നിഖ്യാ സൂനഹദോസ് ഇറനേവൂസിന്‍റെ തീരുമാനത്തെ അംഗീകരിക്കുകയും സാര്‍വ്വത്രിക സഭയിലുടനീളം ഈസ്റ്റര്‍ ഒരേദിവസംതന്നെ ആഘോഷിച്ചു തുടങ്ങുകയും ചെയ്തു. 

ക്രിസ്തുമസ്

ക്രിസ്തുവിന്‍റെ ജനനതിരുനാളായ ക്രിസ്തുമസും വിവിധ ദേശങ്ങളിലെ സഭകള്‍ വ്യത്യസ്തമായിട്ടാണ് ആഘോഷിച്ചിരുന്നത്. റോമാസാമ്രാജ്യത്തില്‍ സൂര്യദേവന്‍റെ തിരുനാള്‍ ഡിസംബര്‍ 25 നാണ് ആഘോഷിച്ചിരുന്നത്. റോമന്‍ ചക്രവര്‍ത്തിമാര്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ ഡിസംബര്‍ 25 നീതി സൂര്യനായ ക്രിസ്തുവിന്‍റെ (മലാക്കി 4:2) ജനനതിരുനാളായി ആചരിച്ചുതുടങ്ങി. എന്നാല്‍ അര്‍മേനിയന്‍സഭ ജനുവരി 6-നാണ് ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. വിവിധ സഭാപിതാക്കന്മാരുടെ സന്ദര്‍ഭോചിതമായ ഇടപെടലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുംവഴി ക്രിസ്തുമസ് ആചരണം ഡിസംബര്‍ 25-ന് ആണെന്ന് 567-ല്‍ ചേര്‍ന്ന ടൂര്‍സിലെ സൂനഹദോസ് പ്രഖ്യാപച്ചു. ആദിമസഭയിലെ വിവിധ വിഭാഗീയതകളെ പരിഹരിക്കാന്‍ സഭാപിതാക്കന്മാര്‍ നടത്തിയ സ്തുത്യര്‍ഹ സേവനങ്ങളെ നാം നന്ദിയോടെ ഓര്‍മ്മിക്കണം.

church fathers catholic malayalam church Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 quarto decimanism Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message