x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ സഭാചരിത്രം - FAQ

ക്രിസ്തുമസ് ട്രീ

Authored by : Bishop Jose Porunnedom On 04-Jan-2022

ലോകത്തിൽ എല്ലായിടത്തും തന്നെയുള്ള ഒരു പതിവാണ് അലങ്കരിച്ച ക്രിസ്തുമസ് മരങ്ങൾ ഒരുക്കുക എന്നത്. വീട്ടുമുറ്റത്തും പള്ളിമുറ്റത്തും മുറികളിലും പൊതുസ്ഥലങ്ങളിലും എല്ലാം ഇത്തരം മരങ്ങൾ സ്ഥാപിക്കാറുണ്ട്. അവയിൽ പലതരത്തിലുള്ള അലങ്കാരവസ്തുക്കൾ തൂക്കിയിടുന്നു. നക്ഷത്രങ്ങൾ, ചെറിയ മണികൾ, പളുങ്കുമാലകൾ, മാലാഖമാരുടെ പ്രതിമകൾ, പൂക്കൾ, ചെറിയ സമ്മാനപ്പൊതികൾ തുടങ്ങിയവയെല്ലാം ഇപ്രകാരം തൂക്കിയിടാറുണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബൾബുകൾ മരങ്ങളിൽ തൂക്കുന്നതും സർവ്വസാധാരണമാണ്.

ഈ ക്രിസ്തുമസ് മരങ്ങൾ എങ്ങനെവന്നു എന്നും എന്താണ് അവയുടെ അർത്ഥം എന്നും നാമാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പച്ച മരങ്ങൾ എല്ലാ ജനതകൾക്കും തന്നെ സമൃദ്ധമായ ജീവന്റെ അടയാളമാണ്. മഞ്ഞുകാലത്ത് ഇലകളെല്ലാം പൊഴിഞ്ഞ് ഉണങ്ങിയ മരങ്ങൾ നിൽക്കുന്ന കാഴ്ച തണുപ്പു രാജ്യങ്ങളിൽ കാണാം. എന്നാൽ വസന്തകാലം സാവധാനം കടന്നുവരുന്നതോടെ മരങ്ങളിൽ പച്ചത്തളിരുകൾ പൊട്ടിവിടരാൻ തുടങ്ങുന്നു. ക്രമേണ എല്ലായിടത്തും പൂക്കൾ നിറയുന്നു. ആ കാഴ്ച കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്നതാണ്. പുതിയൊരു ജീവന്റെ തുടിപ്പ് അതിൽ കാണാം. ഈ കാരണത്താൽ മഞ്ഞുകാലം കഴിഞ്ഞു വരുന്ന വസന്തകാലത്തെ എതിരേൽക്കാൻ ഇലകൾ തിങ്ങിയ മരക്കൊമ്പുകൾ വീടിന്റെ ഉമ്മറത്ത് തൂക്കിയിടുന്ന പതിവ് പുരാതനകാലം മുതൽ തന്നെ പല സമൂഹങ്ങളിലും ഉണ്ടായിരുന്നു. മഞ്ഞുകാലത്ത് ഇല പൊഴിക്കാത്ത മരങ്ങളുടെ കമ്പുകളായിരുന്നു കൂടുതലും തൂക്കിയിട്ടിരുന്നത്. ജീവന്റെ സമൃദ്ധിയെയാണ് അത് സൂചിപ്പിച്ചിരുന്നത്. ദുഷ്ടശക്തികളെ അകറ്റാനും ഇങ്ങനെ ചെയ്യുന്ന സമൂഹങ്ങളുണ്ടായിരുന്നു.

നമ്മുടെ നാട്ടിലും വിശേഷാവസരങ്ങളിൽ മാവിന്റെ കമ്പുകളും, കുരുത്തോലയും, തെങ്ങിൻ പൂക്കുലകളും മറ്റും കൊണ്ട് അലങ്കിരിക്കുന്നത് നാം കാണുന്നുണ്ട്. ഒരുപക്ഷെ തുടക്കത്തിൽ ഇങ്ങനെയൊക്കെയുള്ള അർത്ഥതലങ്ങൾ ഇതിനുണ്ടായിരുന്നിരിക്കാം.

ഏറ്റവും കുറവ് സൂര്യപ്രകാശം കിട്ടുന്ന ഉത്തര ധ്രുവപ്രദേശങ്ങളിൽ ഡിസംബർ 21 നോ 22 നോ ആണ് ഏറ്റവും നീളം കുറഞ്ഞ പകലും ഏറ്റവും നീളം കൂടിയ രാത്രിയും വരുന്നത്. സൂര്യൻ ഒരു ദേവനാണെന്നും അദ്ദേഹം രോഗിയായിത്തീരുന്നതിനാലാണ് മഞ്ഞുകാലം വരുന്നതെന്നും ചില ജനതകൾ പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. സൗഖ്യം പ്രാപിച്ചു തിരിച്ചു വരുന്ന സൂര്യദേവനെ എതിരേൽക്കുന്നതിന്റെ സൂചനയായും മരങ്ങളുടെ ശിഖരങ്ങൾ വീടിന് മുമ്പിൽ തൂക്കിയിരുന്നു. പുരാതന ഈജിപ്തിലും റോമിലും എല്ലാം ഇത്തരത്തിലുള്ള ആചാരങ്ങൾ നിലവിലിരുന്നു.

ഇന്ന് നാം കാണുന്ന തരത്തിലുള്ള ക്രിസ്തുമസ് ട്രീകൾ ഉത്ഭവിച്ചത് പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിലാണ്. ക്രിസ്തുമസ് അവസരത്തിൽ അല്ലാതെയും മരങ്ങൾ വെട്ടിക്കൊണ്ടുവന്ന് അലങ്കരിച്ച് നിർത്തുന്ന പതിവ് അവിടെ ഇപ്പോഴുമുണ്ട്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകണം ക്രിസ്ത്യാനികൾ അലങ്കരിച്ച മരങ്ങൾ അവരുടെ ഭവനങ്ങളിൽ സ്ഥാപിക്കുന്ന പതിവ് തുടങ്ങിയത്. ചിലർ മരംകൊണ്ടുള്ള പിരമിഡുകൾ നിർമ്മിച്ചു. ഇന്നത്തെ രീതിയിലുള്ള ദീപാലങ്കാരങ്ങൾ ക്രിസ്തുമസ് മരങ്ങളിൽ അവതരിപ്പിച്ചത് പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഉപജ്ഞാതാവായ മാർട്ടിൻ ലൂഥറാണെന്ന് പറയപ്പെടുന്നു. ഒരു മഞ്ഞുകാലത്ത് അദ്ദേഹം അടുത്തദിവസം നടത്തേണ്ടിയിരുന്ന പള്ളിപ്രസംഗം മനസ്സിൽ ധ്യാനിച്ചുകൊണ്ട് നടക്കുമ്പോൾ മനോഹരമായി പ്രകാശിക്കുന്ന നക്ഷത്രങ്ങൾ കണ്ണിൽ പെട്ടു. തിരിച്ചു വീട്ടിലെത്തിയ ലൂഥർ ചെറിയൊരു മരം വീട്ടിനുള്ളിൽ കൊണ്ടുവരുകയും മെഴുകതിരി വിളക്കുകളാൽ അലങ്കരിച്ച് താൻ കണ്ട കാഴ്ചയെ വീട്ടുകാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു എന്നാണ് കഥ. അതൊരു ക്രിസ്തുമസ് കാലത്തായിരുന്നതിനാൽ മറ്റുള്ളവരും അത് പിൻതുടർന്നുവത്രെ.

ക്രിസ്തുമസിന് കൂടുതലായും ഉപയോഗിച്ചിരുന്നത് കോൺ ആകൃതിയിലുള്ള മരങ്ങളായിരുന്നു. ഇന്ന് നമുക്ക് മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടുന്ന കൃത്രിമ മരങ്ങൾ ഇപ്രകാരം ഉള്ളവയാണ്. കത്തോലിക്കർ വിശ്വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ അതായത് ദൈവത്തിൽ മൂന്ന് ആളുകൾ ഉണ്ട് എന്ന വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു.

ബ്രിട്ടനിലെയും അമേരിക്കയിലെയും പ്യൂരിറ്റൻസ് എന്നറിയപ്പെട്ടിരുന്ന യാഥാസ്ഥിതിക ക്രൈസ്തവർ ക്രിസ്തുമസ് ട്രീകളെ എതിർത്തിരുന്നു. അക്രൈസ്തവരുടെ ആചാരങ്ങളാണ് അവ എന്നതാണ് പറഞ്ഞിരുന്ന കാരണം. 1659ൽ അമേരിക്കയിലെ മസ്സാച്ചു സെറ്റ്സ് സംസ്ഥാനത്ത് ക്രിസ്തുമസിനോടനുബന്ധിച്ച് ഇത്തരം കാര്യങ്ങൾ ഉണ്ടാക്കുന്നത് ക്രിമിനൽ കുറ്റമായി കരുതുന്ന ഒരു നിയമം പോലും പാസ്സാക്കി. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് പെൻസിൽവേനിയ സംസ്ഥാനത്ത് കുടിയേറിയിരുന്ന ജർമ്മൻകാരും അതുപോലെ മറ്റ് സ്ഥലങ്ങളിൽ ബ്രിട്ടിഷുകാർക്കൊപ്പം പോയ ജർമ്മൻ പട്ടാളക്കാരും അവരുടെ നാട്ടുനടപ്പനുസരിച്ച് ക്രിസ്തുമസ് മരങ്ങൾ സ്ഥാപിക്കുന്ന പതിവ് തുടർന്നു. ബ്രിട്ടനിൽ വിക്ടോറിയ രാജ്ഞിയുടെ ഭർത്താവായിരുന്ന ജർമ്മൻകാരൻ ആൽബർട്ട് രാജാവാണ് ക്രിസ്തുമസ് ട്രീ പ്രചരിപ്പിച്ചത്. ബ്രിട്ടീഷ് കോളണികളിലും ഈ പതിവ് പ്രചരിച്ചു.

യൂറോപ്പിൽ നിലവിലിരുന്ന മിസ്റ്ററി നാടകങ്ങൾ ക്രിസ്തുമസ് പ്രചരിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാടകങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിക്കപ്പെട്ടിരുന്നത് ആദത്തിന്റെയും ഹവ്വായുടെയും കഥയാണ്. ഈ നാടകത്തിൽ ഒരു നിത്യഹരിതക മരത്തിൽ ഒരു ചുവന്ന ആപ്പിൾ പിടിപ്പിച്ച് വച്ചിരിക്കുമായിരുന്നു. ഹവ്വാ മരത്തിൽ നിന്ന് പഴം പറിച്ചു തിന്നതിനെ ഓർമപ്പെടുത്താനായിരുന്നു അത്. നാടകം അവതരിപ്പിച്ചിരുന്നത് ഡിസംബർ 24 ന് വൈകുന്നേരം ആയിരുന്നു. എന്നാൽ പിന്നീട് ഈ നാടകങ്ങൾ നിരോധിക്കപ്പെട്ടു. എങ്കിലും ആളുകൾ നാടകത്തിലേതുപോലെ ഒരു മരം അവരുടെ വീടുകളിൽ പ്രദർശിപ്പിക്കു മായിരുന്നു.

ക്രിസ്തുമസ് ട്രീയുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ജീവന്റെ നാഥനായ ദൈവത്തെ അത് ഓർമ്മപ്പെടുത്തുന്നു. ക്രിസ്തു ഈ ലോകത്തിൽ വന്നത് എല്ലാവർക്കും സമൃദ്ധമായി ജീവൻ നൽകാനാണ്. അതിൽ ആരും മാറ്റി നിർത്തപ്പെടുന്നില്ല. ഓരോ ജീവനും ദൈവത്തിന്റെ ദാനമാണ്. അത് തിരിച്ചെടുക്കുവാൻ ദൈവത്തിന് മാത്രമേ അവകാശമുള്ളൂ. അതിനാൽ ആത്മഹത്യയും കൊലപാതകവും എല്ലാം ദൈവത്തിനും മനുഷ്യനും എതിരായ തിന്മയാണ്. ജനിച്ചവരുടെയും ജനിക്കാത്തവരുടെയും കാര്യത്തിൽ ഇത് വാസ്തവമാണ്. പ്രതീക്ഷയില്ലാത്തിടത്തും പ്രതീക്ഷിക്കാൻ വകയുണ്ട് എന്നും ക്രിസ്തുമസ് ട്രീ നമ്മെ ഓർമ്മപ്പെടുത്തുന്നു. മഞ്ഞുകാലത്ത് ഉണങ്ങിപ്പോയി എന്ന് തോന്നിപ്പിക്കുന്ന മരങ്ങൾ വസന്തകാലത്ത് വീണ്ടും തളിർക്കുന്നതുപോലെ പ്രതീക്ഷയില്ലാത്തിടത്തും ജീവൻ നൽകാൻ ജീവന്റെ നാഥനായ ദൈവത്തിന് കഴിയും.

christmas christmas tree christ bishop jose porunnedom bishop porunnedom jose porunnedom ക്രിസ്മസ് ക്രിസ്മസ് ട്രീ ക്രിസ്തുമസ് ക്രിസ്തുമസ് ട്രീ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message