x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ സഭാചരിത്രം - FAQ

ക്രിസ്തുമസ് പാപ്പ 

Authored by : Bishop Jose Porunnedom On 04-Jan-2022

ക്രിസ്തുമസുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെടുന്ന ഒന്നാണ് ക്രിസ്തുമസ് പപ്പ. കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ് ക്രിസ്തുമസ് പപ്പായുടെ തമാശകളും കളികളും അതിലുപരി പപ്പാ നൽകുന്ന സമ്മാനങ്ങളും. ക്രിസ്തുമസ് കരോളിനും മറ്റും പോകുമ്പോൾ പപ്പായുടെ വേഷം കെട്ടി ഒരാൾ കൂടെയുണ്ടാകുന്നതും ഇപ്പോൾ സാധാരണം തന്നെ.

ക്രിസ്തുമസ് പപ്പ, സാന്താക്ലോസ്, എന്നെല്ലാം അറിയപ്പെട്ടിരുന്ന ഒരു വ്യക്തി ജീവിച്ചിരുന്നില്ല എന്നു വേണം കരുതാൻ. എന്നാൽ വിശുദ്ധ നിക്കോളാസ് എന്ന പേരിൽ ഒരു മെത്രാൻ ജീവിച്ചിരുന്നതായും ദാനമതിയായ അദ്ദേഹം അനേകരെ സഹായിച്ചിരുന്നതായും ചരിത്രമുണ്ട്. ക്രിസ്തുമസ് പപ്പായെ അദ്ദേഹവുമായി ബന്ധപ്പെടുത്താറുണ്ട്. ക്രിസ്തുമസിന് തലേരാത്രിയിലും വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിനമായ ഡിസംബർ 6 നും കൂട്ടികൾക്ക് സമ്മാനവുമായി ഭവനങ്ങൾ സന്ദർശിക്കുന്ന ഒരു സാങ്കല്പിക കഥാപാത്രമാണ് ക്രിസ്തുമസ് പപ്പ. വിശുദ്ധരുടെ ജീവചരിത്രത്തിൽ പറയുന്ന വിശുദ്ധ നിക്കോളാസിനെ ഒരു മെത്രാനായിട്ടാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് ആദ്യ കാലങ്ങളിൽ ക്രിസ്തുമസ് പപ്പ ഒരു മെത്രാന്റെ വേഷം ധരിച്ച് വരുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും ക്രിസ്തുമസ് പപ്പായുമായി ബന്ധപ്പെടുത്തി പലതരത്തിലുള്ള പാരമ്പര്യങ്ങൾ നിലവിലുണ്ട്. നമുക്കാകട്ടെ അങ്ങനെയുള്ള പാരപര്യങ്ങൾ ഒന്നും ഇല്ല താനും. സിനിമയിലും മറ്റും കണ്ടുശീലിച്ച ചില ചിത്രങ്ങളിൽ നിന്നാണ് നമ്മുടെ പപ്പായുടെ ഉത്ഭവം.

ഇന്ന് നാം കാണുന്ന തരത്തിലുള്ള വേഷത്തോടു കൂടിയ ക്രിസ്തുമസ് പപ്പായുടെ ഉത്ഭവം 1800 ൽ അമേരിക്കയിൽ ജീവിച്ചിരുന്ന തോമസ് നാസ്റ്റ് എന്ന കലാകാരന്റെ ഭാവനയിൽ നിന്നാണ്. വലിയ കുടവയറും വെളുത്ത് നീണ്ടതാടിയും വെള്ളക്കോളറും വെള്ളക്കൈകളും ഉള്ള ചുവന്ന കോട്ടും, ചുവന്ന പാന്റ്സും കറുത്ത ബൽറ്റും തടിച്ച ബൂട്സും എല്ലാം അദ്ദേഹത്തിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞവയാണ്. തോമസ് നാസ്റ്റ് ഒരു കാർട്ടൂൺ വരക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത് 1863 ജനുവരി 3 ന് ഹാർപ്പേഴ്സ് വീക്കിലിയിലാണ്. വളരെ സരസനായ ഒരു വ്യക്തിയായാണ് അദ്ദേഹം ക്രിസ്തുമസ് പപ്പയെ ചിത്രീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 1823 ഡിസംബർ 23 ന് ഒരു ന്യൂയോർക്ക് പത്രത്തിൽ പേരുവയ്ക്കാതെ ഒരു കവിതയും പ്രസിധീകരിച്ചു. ഈ കവിതയിൽ വരച്ചുകാട്ടിയ ചിത്രമാണ് പിന്നീട് റേഡിയോയിലും ടെലിവിഷനിലും എല്ലാം ക്രിസ്തുമസ് പപ്പായുടേതായി അവതരിപ്പിക്കപ്പെട്ടത്. അങ്ങനെ അത് ലോകം മുഴുവനും പ്രചരിച്ചു. 1902 ൽ ഫ്രാങ്ക്ലിൻ ബൌം എന്നയാൾ സാന്താക്ലൗസിന്റെ ജീവിതവും സാഹസികതകളും എന്ന പേരിൽ എഴുതിയ ബാലസാഹിത്യ കൃതിയും ക്രിസ്തുമസ് പപ്പായുടെ പ്രചാരം കൂട്ടി. എന്നാൽ 1915 ൽ വൈറ്റ് റോക്ക് മിനറൽ വാട്ടർ കമ്പനിക്കാർ അവരുടെ മിനറൽ വാട്ടറിന്റേയും 1923 ൽ ജിഞ്ചർ എയ്ൽ എന്ന പാനീയത്തിന്റേയും 1930 ൽ കൊക്കകോളാ കമ്പനിക്കാർ കൊക്കകോളയുടേയും പരസ്യത്തിൽ സാന്താക്ലൗസിന്റെ ചിത്രം ഉപയോഗിച്ചതോടെയാണ് ഇന്ന് കാണുന്ന പപ്പായ്ക്ക് ഇത്രയധികം പ്രചാരം കിട്ടിയത്.

സാന്താക്ലൗസ് എന്ന പേര് അമേരിക്കക്കാർ കൊടുത്തതാണ്. അവരാകട്ടെ അത് എടുത്തത് ഡച്ചുകാരുടെ സെന്റർക്ലാസ് എന്ന പദത്തിൽ നിന്നാണ്. തടിമാടനും കുടവയറനുമായ ഒരു ഡച്ച് നാവികനെയാണ് യഥാർത്ഥത്തിൽ അമേരിക്കക്കാർ ചിത്രീകരിച്ചത്. യൂറോപ്പിൽ നിലവിലുള്ള ഒരു കഥയനുസരിച്ച് പപ്പാ ജീവിച്ചിരുന്നത് മഞ്ഞു മൂടിക്കിടക്കുന്ന ഉത്തരധ്രുവത്തിലാണ്. അവിടെ അദ്ദേഹത്തിന് കൂട്ടായി അസംഖ്യം എൽഫുകളും മഞ്ഞുകരടികളും ഉണ്ടായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്നത് ഈ കരടികളെ കെട്ടിയ വണ്ടിയിലായിരുന്നു. മറ്റൊരു കഥയനുസരിച്ച് അദ്ദേഹം ലോകത്തിലുള്ള എല്ലാ കുട്ടികളുടേയും ലിസ്റ്റ് ഉണ്ടാക്കിവയ്ക്കുമായിരുന്നു. നല്ല കുട്ടികളും ചീത്ത കുട്ടികളും എന്നിങ്ങനെ തിരിച്ചായിരുന്നു കണക്കെടുപ്പ്. നല്ല കുട്ടികൾക്ക് മിഠായിയും ചീത്ത കുട്ടികൾക്ക് കരിക്കട്ടയും ക്രിസ്തുമസിന് തലേന്ന് കൊണ്ടുപോയി കൊടുക്കുമായിരുന്നു.

ജർമ്മൻ വംശജർ ക്രിസ്ത്യാനികളാകുന്നതിനു മുമ്പ് അവരുടെ ഇടയിലുണ്ടായിരുന്ന ചില വിശ്വാസങ്ങൾ ക്രിസ്തുമസ് പപ്പായുടെ ഉത്ഭവത്തിന് കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ വിശ്വാസമനുസരിച്ച് ഓഡിൻ എന്ന് പറയുന്ന ഒരു ദേവൻ നായാട്ടിന് പോകുമ്പോൾ വഴിയരികിൽ കുട്ടികൾ തങ്ങളുടെ ഷൂസിനകത്ത് വയ്ക്കോലും കാരറ്റും പഞ്ചസാരയും നിറച്ച് അവരുടെ അടുക്കള ചിമ്മിനിയിൽ തൂക്കിയിടുമായിരുന്നു. ഓഡിൻ ദേവന്റെ പറക്കും കുതിരയ്ക്കുള്ള തീറ്റയായിരുന്നു അത്. അതിന് പ്രത്യുപകാരമായി ഓഡിൻ ദേവൻ അവരുടെ ഷൂസിനുള്ളിൽ സമ്മാനങ്ങൾനിറച്ചു വയ്ക്കുമായിരുന്നു. ഇന്നും യൂറോപ്പിലും അമേരിക്കയിലും പല സ്ഥലങ്ങളിലും ക്രിസ്തുമസിന് തലേനാൾ അടുക്കള ചിമ്മിനിയിൽ കാലിൽ ധരിക്കുന്ന സോക്സുൾ കെട്ടിത്തൂക്കിയിടുന്ന പതിവുണ്ട്.

ഏതായാലും ക്രിസ്തുമസ് പപ്പായ്ക്ക് ക്രിസ്തുവുമായോ ക്രിസ്തുമസുമായോ കാര്യമായ ബന്ധമൊന്നുമില്ല എന്നതാണ് സത്യം. എന്ന് മാത്രമല്ല ഒരു പരിധിവരെ അത് ക്രിസ്തുമസിന്റെ സന്ദേശത്തെ തമസ്കരിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെയകണം ക്രിസ്തുമസുമായി ബന്ധപ്പെടുത്തി പപ്പായ അവതരിപ്പിക്കുന്നതിനെ പല ക്രൈസ്തവ വിഭാഗങ്ങളും എതിർക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ക്രിസ്തുമസ് പപ്പായെയും ഇന്ന് കച്ചവട കണ്ണുകാർ തട്ടിയെടുത്തിരിക്കുന്നു. ക്രിസ്തുവും ക്രിസ്തുമസുമായി വലിയ ബന്ധമൊന്നുമില്ലാത്ത ക്രിസ്തുമസ് പപ്പാ നമ്മളും ഉപേക്ഷിക്കേണ്ട കാലമായില്ലേ എന്ന് ചിന്തിക്കാവുന്നതാണ്. എന്ന മാത്രമല്ല പലപ്പോഴും പപ്പായുടെ ശൈലികൾ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നതും ആകുന്നു.

christmas christmas papa santa close santaclose bishop jose porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message