We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Jose Porunnedom On 04-Jan-2022
ക്രിസ്തുമസിനോടനുബന്ധിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റും ആശംസകൾ നേർന്നുകൊണ്ട് കാർഡുകൾ അയയ്ക്കുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ആദ്യ കാലങ്ങളിൽ ഇത് ക്രൈസ്തവരുടെ ഇടയിൽ മാത്രം നിലനിന്നിരുന്ന ഒരു പതിവായിരുന്നെങ്കിൽ ഇന്നത് മറ്റു മതസ്ഥരുടെ ഇടയിലും സാധാരണമായിരിക്കുന്നു. എന്നാൽ ടെലഫോണും ഈമെയിലും ഈകാർഡും മറ്റും സാധ്യമായതോടെ പോസ്റ്റ് വഴി അയയ്ക്കുന്ന കാർഡുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സമയദൗർലഭ്യം എഴുത്തുകൾ എഴുതുന്നതിൽ നിന്ന് പലരേയും പിൻതിരിപ്പിക്കുന്നു. കിട്ടുന്നവർക്ക് മറുപടി എഴുതാനും സമയം കിട്ടുന്നില്ല. പരസ്പരം മുഖം കണ്ട് എപ്പോൾ വേണമെങ്കിലും എവിടെയുള്ളവരോടും സംസാരിക്കാമെന്നുള്ളപ്പോൾ പിന്നെ എഴുത്തുകൾ കിട്ടുന്നതും അവയ്ക്ക് മറുപടി എഴുതുന്നതും ഒരു സമയനഷ്ടമായല്ലേ പലരും കരുതുകയുള്ളൂ. എന്നുതന്നെയല്ല, അകലെയുള്ളവർക്കാണല്ലോ കത്തുകൾ എഴുതുന്നത്. ടെലഫോണും കമ്പ്യൂട്ടറും ആളുകൾ തമ്മിലുള്ള ശാരീരിക അകലം തീർത്തും ഇല്ലാതാക്കിയിരിക്കുന്നു. എന്നാൽ അതുമൂലം മാനസിക അകലം മിക്കപ്പോഴും കൂടുകയാണ് ചെയ്യുന്നത് എന്നതും വസ്തുതയാണ്.
1843 ൽ സർ ഹെൻറി കോൾ എന്ന ഇംഗ്ലീഷുകാരൻ ഇംഗ്ലണ്ടിലാണ് ആദ്യമായി ക്രിസ്തുമസ് കാർഡുകൾ വില്പനയ്ക്കായി അവതരിപ്പിച്ചത്. അടുത്തവർഷം തന്നെ ഒരു ഷില്ലിംഗ് വിലയുള്ള 2050 കാർഡുകൾ അദ്ദേഹം അച്ചടിച്ച് വിറ്റഴിച്ചു. പെന്നി പോസ്റ്റ് എന്നാണ് അവ അറിയപ്പെട്ടിരുന്നത്. ആദ്യകാല കാർഡുകളിൽ കൂടുതലായും ഉണ്ടായിരുന്നത് യൂറോപ്പിലെ വസന്തകാലത്ത ഓർമ്മിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു. കാരണം ക്രിസ്തുമസ് കഴിഞ്ഞ് അധികം താമസിയാതെ വസന്തകാലം തുടങ്ങുമായിരുന്നു. 1875 ൽ ലൂയീസ് പ്രാങ് എന്നയാളാണ് അമേരിക്കയിൽ ആദ്യമായി ക്രിസ്തുമസ് കാർഡുകൾ അവതരിപ്പിച്ചത്. എന്നാൽ സർക്കാർ പോസ്റ്റ് വക പോസ്റ്റ് കാർഡുകൾ ഇറങ്ങാൻ തുടങ്ങിയതോടെ സ്വകാര്യ കാർഡുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. അതിനു മറുപടിയായി 1920 കളിൽ കവറുകളിൽ ഇട്ട് അയയ്ക്കുന്നവ ഇറങ്ങിയതോടെ കാർഡുകളുടെ കാലം പിന്നേയും മെച്ചപ്പെട്ടു.
1840 ഇംഗ്ലണ്ടിൽ വിക്റ്റോറിയാ രാജ്ഞിയുടെ കാലത്താണ് ഔദ്യോഗിക സർക്കാർ കാർഡുകൾ ഇറങ്ങുന്നത്. സർക്കാർ ആ വർഷം നടപ്പാക്കിയ പ്രധാന കാര്യങ്ങളുടെ ചിത്രീകരണമായിരുന്നു അവയിൽ ഭൂരിഭാഗവും. 1953 ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസന്നോവർ വൈറ്റ് ഹൗസ് കാർഡുകൾ ഇറക്കി. വൈറ്റ് ഹൗസിൽ ആ വർഷം നടന്ന പ്രധാനകാര്യങ്ങളുടെ ചിത്രങ്ങൾ പ്രശസ്തരായ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചായിരുന്നു ഈ കാർഡുകൾ ഇറക്കിയിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യഭക്തിയെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഉൾക്കൊള്ളുന്ന കാർഡുകൾ ഇറങ്ങി.
ഇപ്പോൾ ഇറങ്ങുന്ന ക്രിസ്തുമസ് കാർഡുകളിൽ പ്രധാനമായും മൂന്നു തരത്തിലുള്ള ചിത്രങ്ങൾ കാണാം. ഒന്നാമതായി ക്രിസ്തുമസുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾക്കൊള്ളുന്നവയാണവ. പുൽക്കൂട്, ആട്ടിടയന്മാർ, വിശുദ്ധ യൗസേപ്പും മറിയവും, പൂജരാജാക്കന്മാർ എന്നിവരെല്ലാം അവയിൽ ചിത്രീകരിക്കപ്പെടുന്നു. രണ്ടാമത്തെ തരത്തിൽ പെടുന്നവയിൽ അത്തരം മതപരമായ ചിത്രങ്ങൾ ഇല്ലെങ്കിലും ക്രിസ്തുമസിനെയും മഞ്ഞുകാലത്തെയും ഓർമ്മിപ്പിക്കുന്ന ചില സൂചനകൾ തരുന്നവയാണ്. ഉദാഹരണമായി, നക്ഷത്രങ്ങൾ, ക്രിസ്തുമസ് പപ്പ, മഞ്ഞു മൂടിയ മരങ്ങൾ, പൂക്കൾ തുടങ്ങിയവയാണവ. ക്രിസ്തുമസുമായി യാതൊരു ബന്ധവുമില്ലാത്തതും തീർത്തും ലൗകികവുമായ ചിത്രങ്ങളാണ് മൂന്നാമത്തെ തരത്തിൽ ഉള്ളവയിൽ കാണുന്നത്.
ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം അറിയാത്തവരും അറിഞ്ഞിട്ടും അതിനെ അംഗീകരിക്കാത്തവരും മറ്റും ഈ മൂന്നാമത്തെ തരത്തിലുള്ള കാർഡുകൾ അയയ്ക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്നു. അതുപോലെ തന്നെ തങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്താൻ ബിസിനസ്സുകാർ തങ്ങളുടെ ഇടപാടുകാർക്ക് ക്രിസ്തുമസ് സീസണിൽ കാർഡുകൾ അയയ്ക്കാറുണ്ട്. അവയിൽ ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒന്നും തന്നെ കാണുകയില്ല. പലപ്പോഴും അവരുടെ ബിസിനസ്സുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കും അവയിൽ മുദ്രണം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ കേവലം സീസൺസ് ഗ്രീറ്റിംഗ്സ് എന്നു മാത്രമായിരിക്കും അവയിൽ കാണുക.
ഇന്ന് ഇന്റർനെറ്റിലൂടെ ഇലക്ട്രോണിക് കാർഡുകൾ ധാരാളമായി അയയ്ക്കപ്പെടുന്നുണ്ടെങ്കിലും പോസ്റ്റ് വഴി അയയ്ക്കപ്പെടുന്ന ക്രിസ്തുമസ് കാർഡ് വിപണിയും ഏറെ സജീവമാണ്. വലിയൊരു ബിസിനസ്സ് മേഖലയാണിന്ന് ക്രിസ്തുമസ് കാർഡ് പ്രിന്റിംഗും വില്പനയും. അതുപോലെ തന്നെ പോസ്റ്റൽ ഡിപ്പാർട്മെന്റിനും വലിയൊരു ആദായ മാർഗ്ഗമാണ് ക്രിസ്തുമസ്കാർഡുകൾ. ക്രിസ്തുമസ് കാലഘട്ടത്തിൽ പോസ്റ്റൽ സ്റ്റാമ്പുകളുടെയും മറ്റും വില്പന കുതിച്ചുയരുന്നു.
ക്രിസ്തുമസ് കാർഡുകളുടെ കാര്യത്തിൽ നാമൊരു പുനർവിചിന്തനം നടത്താനുള്ള കാലമായി എന്ന് തോന്നുന്നു. ക്രിസ്തു തരുന്ന ശാന്തിയും സമാധാനവും എല്ലാം ബന്ധുക്കൾക്കും മിത്രങ്ങൾക്കും നേരുക എന്നതാണല്ലോ ക്രിസ്തുമസ് കാർഡുകൾ അയയ്ക്കുന്നതിന്റെ ലക്ഷ്യം. അത് സാധ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ കാർഡുകളുടെ പ്രസക്തി നഷ്ടപ്പെടുന്നു. യാതൊരു പരിചയവുമില്ലാത്തവർക്കും കേവലം ഔപചാരികതയുടെ പേരിൽ അയയ്ക്കുന്നവയ്ക്കും ബിസിനസ്സ് മെച്ചപ്പെടുത്താൻ അയയ്ക്കുന്നവയ്ക്കും തീർച്ചയായും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. പലപ്പോഴും അയയ്ക്കുന്ന ആൾ ആർക്ക് അയയ്ക്കപ്പെടുന്നു എന്ന് അറിയുന്നുപോലുമില്ല. തിരിച്ച് മറുപടി പ്രതീക്ഷിക്കുന്നുമില്ല. അതല്ലല്ലോ നാം ഉദ്ദേശിക്കുന്നത്.
ക്രിസ്തുമസ് കാർഡുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും നമ്മുടെ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതാണ്. കഴിഞ്ഞ എഴുപതിലേറെ വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴയ ക്രിസ്തുമസ് കാർഡുകൾ ശേഖരിച്ച് അവയിലെ പടങ്ങൾ പൊളിച്ചെടുത്തോ വെട്ടിയെടുത്തോ മറ്റ് കാർഡുകളിൽ ഒട്ടിച്ച് വീണ്ടും വില്പന നടത്തി പരസ്നേഹപ്രവർത്തനങ്ങൾക്ക് പലരും പണം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് അത്തരം കാർഡുകൾ വാങ്ങാൻ ആളുകൾ പൊതുവേ വിമുഖരാണ്. അങ്ങനെ വീണ്ടും പുതിയ പുതിയ കാർഡുകൾ അച്ചടിക്കപ്പെടുന്നു. അവയ്ക്ക് വേണ്ടിയുള്ള കടലാസ്സുണ്ടാക്കാനായി മരങ്ങൾ നശിപ്പിക്കപ്പെടുന്നു. മാത്രമല്ല ഈ കാർഡുകൾ ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുകയാണ് പലപ്പോഴും. അങ്ങനെ ഭൂമിയുടെ സന്തുലിതാവസ്ഥയും നഷ്ടപ്പെടുന്നു. ഇതിനൊരു പരിഹാരമായി പഴയ കാർഡുകൾ റീസൈക്ലിംഗ് നടത്താൻ സഹായം കൊടുക്കുന്ന സംഘടനകൾ തന്നെ നിലവിൽ വന്നിട്ടുണ്ട്.
ക്രിസ്തുമസ് കാലത്ത് നാം ക്രിസ്തുമസ് കാർഡുകൾ അയയ്ക്കുമ്പോൾ ഈ ചിന്തകൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ. ക്രിസ്തുമസ് കാർഡിലൂടെ പ്രകൃതിക്കും മനുഷ്യനും യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിക്കാൻ നമുക്കും പലതും ചെയ്യാനാകും
christmas christmas card christmas greetings ക്രിസ്തുമസ് ക്രിസ്തുമസ് കാർഡ് ക്രിസ്തുമസ് ഗ്രീറ്റിംഗ്സ് ക്രിസ്തുമസ് ആശംസകൾ ജോസ് പൊരുന്നേടം ബിഷപ് ജോസ് പൊരുന്നേടം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206