We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Jose Porunnedom On 04-Jan-2022
ക്രിസ്തുമതം ആരംഭിച്ച് കഴിഞ്ഞ് ഏതാണ്ട് മൂന്ന് നൂറ്റാണ്ടിനു ശേഷമാണ് ക്രിസ്തുമസ് ആഘോഷം ആരംഭിച്ചത്. അന്നത്തെ ഏറ്റവും വലിയ ക്രൈസ്തവാഘോഷം ഈസ്റ്റർ എന്നറിയപ്പെടുന്ന ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാളായിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ മാത്രമല്ല ആരുടേയും ജന്മദിനാചരണം ഒരു അക്രൈസ്തവ ആചാരമായി ക്രിസ്ത്യാനികൾ കരുതിയിരുന്നു. കാരണം ദേവീദേവന്മാരുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്ന പതിവ് മറ്റു മതങ്ങളിൽ ഉണ്ടായിരുന്നു. മാത്രമല്ല അവയോടനുബന്ധിച്ച് ക്രൈസ്തവ വീക്ഷണത്തിൽ പലതരത്തിലുള്ള അനാചാരങ്ങളും നിലവിലിരുന്നു. കാരണം പുതുതായി ക്രിസ്തുമതത്തിലേക്ക് കടന്നുവന്നവർ ഒരുപക്ഷേ ക്രിസ്തുവിന്റെ ജന്മദിനത്തെ അത്തരം ആഘോഷങ്ങളുമായി ബന്ധപ്പെടുത്താനുള്ള സാധ്യത ഏറെയായിരുന്നു.
ക്രിസ്തുമസ് ആഘോഷിക്കുന്ന തിയതിയുടെ കാര്യത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസം ഉണ്ടാകുന്നത് അവർ ഉപയോഗിക്കുന്ന കലണ്ടറുകൾ വ്യത്യസ്ത രീതിയിൽ ഉള്ളവയായതുകൊണ്ടാണ്. ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികൾ അവരുടെ കലണ്ടർ പ്രകാരം ജനുവരി 7 ന് ആണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. അർമേനിയൻ ക്രൈസ്തവരാകട്ടെ അവരുടെ കലണ്ടർ പ്രകാരം ജനുവരി 19 ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. എന്നാൽ ഭൂരിഭാഗം ക്രൈസ്തവരും ഡിസംബർ 25 ന് ആണ് ആഘോഷിക്കുന്നത്.
റോമൻദേവനായ സാറ്റേൺദേവന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷങ്ങളുടെ രൂപത്തിലാണ് ആദ്യം ക്രിസ്തുമസ് ആഘോഷങ്ങളും തുടങ്ങിയത്. സാറ്റേൺദേവന്റെ ജന്മദിനാഘോഷവേളയിൽ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും വീടുകൾ നിത്യഹരിതമരങ്ങളുടെ ശിഖരങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അതുപോലെ തന്നെ വീടുകളിൽ പ്രത്യേകതരം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന പതിവും ഉണ്ടായിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിൽ ജർമ്മനിയിൽ പ്രൊട്ടസ്റ്റന്റ് വിപ്ലവം വന്നതോടെ ക്രിസ്തുമസ് പാടേ നിരോധിക്കണം എന്ന ആവശ്യം രൂപമെടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അന്യമതസ്ഥരുടെ ആചാരങ്ങളുടെ അനുകരണമാണ് ക്രിസ്തുമസ്. മാത്രമല്ല, ഈ ആഘോഷത്തിന് വിശുദ്ധ ബൈബിളിൽ അടിസ്ഥാനമില്ല എന്നും അദ്ദേഹം വാദിച്ചു. വിശുദ്ധ ബൈബിൾ മാത്രമാണ് ക്രൈസ്തവ വിശ്വാസത്തിന് ആധാരം എന്നതായിരുന്നല്ലോ അദ്ദേഹത്തിന്റെ നിലപാട്. പ്രൊട്ടസ്റ്റന്റ് സ്വാധീനം സ്വീകരിച്ച സ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷം നിരോധിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഉദാഹരണമായി 1583 ൽ സ്കോട്ട്ലന്റിൽ ക്രിസ്തുമസ് നിരോധിക്കപ്പെട്ടു. ഈ സ്ഥിതി 1958 വരെ തുടർന്നു.
ഇംഗ്ലണ്ടിലാണ് ക്രിസ്തുമസ് ആഘോഷത്തിനെതിരെ ഏറ്റവും ശക്തമായ നീക്കങ്ങൾ ഉണ്ടായത്. 1647 ഒലിവർ ക്രോം വെല്ലിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഒരു പാർലമെന്റ് നിയമത്തിലൂടെ ക്രിസ്തുമസ് നിരോധിച്ചു. 1660 വരെ ഈ സ്ഥിതി തുടർന്നു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഉണ്ടാക്കിയിരുന്ന ക്രിസ്തുമസ് ട്രീ, മറ്റ് അലങ്കാരങ്ങൾ തുടങ്ങിയവ എല്ലാം ക്രൈസ്തവമതത്തിന് എതിരായിട്ടാണ് ഈ നിയമത്തിൽ പറഞ്ഞിരുന്നത്. 1800 വരെ ക്രിസ്തുമസ് കരോളുകൾ ഇംഗ്ലണ്ടിൽ അനുവദിച്ചിരുന്നില്ല. 1659 ൽ അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് സംസ്ഥാനത്ത് ഔദ്യോഗികമായി ക്രിസ്തുമസ് നിരോധിച്ചു. 1681 ലാണ് ആ നിരോധനം നീക്കിയത്.
ന്യൂ ഇംഗ്ലണ്ടിലും ന്യൂയോർക്ക് സിറ്റിയിലും എല്ലാം ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ ഇതുപോലെയുള്ള ചില നിരോധനങ്ങൾ നിലവിലിരുന്നു. 1836 ൽ അലബാമാസ്റ്റെയ്റ്റാണ് ആദ്യമായി ക്രിസ്തുമസിനെ ഔദ്യോഗികമായി അംഗീകരിച്ചത്. 1870 ൽ അവിടെ അതൊരു ദേശീയ അവധി ദിനമാക്കുകയും ചെയ്തു. പല ക്രൈസ്തവവിഭാഗങ്ങളും ഇപ്പോഴും ക്രിസ്തുമസ് ആഘോഷത്തെ എതിർക്കുന്നുണ്ട്. ചിലരുടെ എതിർപ്പിന്റെ അടിസ്ഥാനം ബൈബിളിൽ അപ്രകാരം ഒരു ആഘോഷത്തിനുള്ള ആഹ്വാനം ഇല്ല എന്നതാണെങ്കിൽ മറ്റു ചിലരുടേത് ക്രിസ്തുമസുമായി ബന്ധപ്പെട്ട് നടത്തുന്ന തികച്ചും ലൗകികമായ ആഘോഷങ്ങളുടെ പേരിലാണ്. തീർച്ചയായും ക്രിസ്തുമസിനെ കേവലം ലൗകികമായ ഒരുത്സവമായി കണ്ട്, തിന്നാനും കുടിക്കാനും ആസ്വദിക്കാനുമുള്ള ഒരവസരമായി എടുക്കുന്ന പ്രവണത എതിർക്കപ്പെടേണ്ടതു തന്നെയാണ്. നമ്മുടെ നാട്ടിൽ ക്രിസ്തുമസിന് ചെലവാകുന്ന മദ്യത്തിന്റെ കണക്കുകൾ നാം ഇടയ്ക്കിടെ പത്രങ്ങളിൽ വായിക്കാറുണ്ടല്ലോ. അത്തരം പ്രവണതകൾ ക്രിസ്തുമസുമായി ചേർന്നുപോകുന്നില്ല എന്നുമാത്രമല്ല അക്രൈസ്തവവുമാണ്.
ആധുനികകാലത്ത് നിരീശ്വരത്വം പരത്തുന്നതിന്റെ ഭാഗമായും ക്രിസ്തുമസ് പലയിടങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി നിരീശ്വരരാജ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനിൽ ക്രിസ്തുമസ് നിരോധിക്കപ്പെട്ടിരുന്നു. അതിനുപകരം ഐസ്‌പപ്പായേയും മഞ്ഞുയുവതിയേയും അവതരിപ്പിക്കുകയും കുട്ടികൾക്ക് അവർ ഡിസംബർ 24ന് സമ്മാനങ്ങൾ കൊണ്ടുവന്ന് കൊടുക്കുന്ന പതിവ് ആരംഭിക്കുകയും ചെയ്തു. അതുവരെ നടത്തിയിരുന്ന ക്രിസ്തുമസ് ആഘോഷങ്ങളെ ഇല്ലാതാക്കാൻ എളുപ്പമല്ല എന്നതിനാലായിരിക്കണം പകരം മതപരമല്ലാത്ത ഒരാഘോഷം അവതരിപ്പിച്ചത്. അതിലൂടെ കാലക്രമത്തിൽ ആളുകൾ അതിന്റെ മതപരമായ ബന്ധം മറന്നു പൊയ്ക്കൊള്ളും എന്നവർ കരുതി. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ വീണ്ടും ക്രിസ്തുമസ് ആ രാജ്യങ്ങളിൽ ആഘോഷിക്കപ്പെടാൻ തുടങ്ങി. ക്യൂബയിൽ 1969 ൽ ഫിഡൽ കാസ്ട്രോ അധികാരത്തിലായിരിക്കുമ്പോൾ ക്രിസ്തുമസ് നിരോധിക്കപ്പെട്ടു. 1998 ൽ പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ സന്ദർശനത്തോടനുബന്ധിച്ച് അതിന് തലേ വർഷം ജനുവരിയിലാണ് ആ നിരോധനം നീക്കിയത്.
ക്രിസ്തുമസ് ആഘോഷം ക്രൈസ്തവമതത്തിന്റെ ആരംഭം മുതൽ ഉണ്ടായിരുന്നില്ല എന്നും ചരിത്രത്തിലെ ചില പ്രത്യേക ദശാസന്ധികളുടെ പേരിലാണ് അത് ആരംഭിക്കപ്പെട്ടത് എന്നും നാം കണ്ടു. ക്രിസ്തുമസിന്റെ അർത്ഥത്തിൽ വെള്ളം ചേർക്കപ്പെടുമോ എന്ന ഭയം ആദിമസഭയിലെ വിശ്വാസികൾക്കുണ്ടായിരുന്നു. ആ ഭയം ഒരുതരത്തിൽ പറഞ്ഞാൽ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. ക്രിസ്തുമസ് ഒരു വലിയ വാണിജ്യാവസരമാണിന്ന്. അതുപോലെതന്നെ ബാഹ്യമായ ആഘോഷങ്ങളുടേയും. അതിൽ നിന്ന് നാം ക്രിസ്തുമസിനെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.
christmas jose porunnedom bishop porunnedom christmas banns Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206