x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ ഭാരത സഭാചരിത്രം

ഇന്ത്യന്‍ ജനജീവിതത്തിലെ ക്രൈസ്തവമുദ്രകള്‍

Authored by : Dr. Kurias Kumbalakuzhi On 29-May-2021

ഇന്ത്യയുടെ സാംസ്കാരികചരിത്രത്തിലെ മഹാസംഭവങ്ങളിലൊന്നാണ് മാര്‍തോമ്മാശ്ലീഹായുടെ ആഗമനം. പാരമ്പര്യങ്ങളല്ലാതെ ചരിത്രപരമായ തെളിവുകളൊന്നും ഇക്കാര്യത്തില്‍ നാളിതുവരെ ലഭ്യമായിട്ടില്ലാത്തതുകൊണ്ട് അപ്പസ്തോലന്‍ ഇന്ത്യയില്‍ എത്തിയിട്ടേയില്ല എന്നു ചില ചരിത്രകാരന്മാര്‍ ആവേശത്തോടെ വാദിക്കുന്നുണ്ട്. ഒരു ജനവിഭാഗം ആയിരത്താണ്ടുകളായി സംരക്ഷിച്ചുപോരുന്ന വിശ്വാസവും നിലനിര്‍ത്തിപ്പോരുന്ന ധാരണകളും ഏതു ചരിത്രരേഖയെക്കാളും വിശ്വസനീയമായി അപ്പസ്തോലാഗമനം പ്രഖ്യാപിച്ചുറപ്പിക്കുന്നു എന്നതാണ് ചരിത്രസാക്ഷ്യം.

ലോകത്തിലെ പ്രാചീനവും പ്രശസ്തവുമായ സംസ്കാരങ്ങളിലൊന്നാണ് ഭാരതത്തിന്‍റേത്. ആര്‍ഷസംസ്കാരം എന്നു വിളിക്കപ്പെടുന്ന മഹത്തരമായ ആ ജീവിതവീക്ഷണം തപോധനരായ മഹര്‍ഷിമാരുടെ ദീപ്രമായ ആന്തരികജീവിതത്തിന്‍റെ സംഭാവനയാണ്. സെന്‍റ് തോമസിലൂടെ ഇവിടെയെത്തിയ ക്രൈസ്തവദര്‍ശനം ഭാരതീയസംസ്കാരത്തെ പാലില്‍ പഞ്ചസാര ചേര്‍ന്നാലെന്നതുപോലെ മൂല്യവര്‍ദ്ധിതമാക്കി എന്നു പറയാം.
ക്രൈസ്തവസംസ്കാരം ചരിത്രപരമായി വിലയിരുത്തുമ്പോള്‍ യഹൂദസംസ്കാരത്തിന്‍റെ തുടര്‍ച്ചയാണ്. ആദ്യകാലക്രൈസ്തവര്‍ പൊതുവേ യഹൂദരായിരുന്നല്ലോ. ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കു പല ഘട്ടങ്ങളിലായി ചിതറിപ്പോയ യഹൂദജനതയുടെ ഇടയിലാണ് അപ്പസ്തോലന്മാര്‍ സുവിശേഷപ്രഘോഷണം നടത്തിയത്. സഹസ്രാബ്ദങ്ങളിലൂടെ രക്ഷകനെ പ്രതീക്ഷിച്ചുപോന്ന അവര്‍ക്കേ 'രക്ഷകന്‍ വന്നു' എന്ന സദ്വാര്‍ത്ത മനസ്സിലാക്കാന്‍ കഴിയുമായിരുന്നുള്ളു.

സമരിയാക്കാരിയോടു സംസാരിക്കുമ്പോള്‍ യേശു, "രക്ഷ യഹൂദരില്‍ നിന്നാണ്" എന്നോര്‍മ്മിപ്പിക്കുന്നത് ശ്രദ്ധിക്കുക. "ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍" എന്നാണ് യേശു ആദ്യം അപ്പസ്തോലന്മാരോടു നിര്‍ദ്ദേശിച്ചതും. മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശത്തിന്‍റെ പശ്ചാത്തലവും ഈ വസ്തുത തന്നെയാണ്. ഇവിടെയുണ്ടായിരുന്ന 'നഷ്ടപ്പെട്ടു പോയ ആടുകളുടെ' അടുത്തേക്കാണ് അദ്ദേഹം വന്നത്.

പ്രാചീനകാലം മുതലേ മധ്യപൂര്‍വ്വദേശവും ഇന്ന് കേരളം എന്നറിയപ്പെടുന്ന ഭൂഭാഗവും തമ്മില്‍ വാണിജ്യബന്ധമുണ്ടായിരുന്നു. "കടലില്‍ ഹീരാമിന്‍റെ കപ്പലുകളോടൊപ്പം (സോളമന്‍) രാജാവിന് താര്‍ഷീഷിലെ കപ്പലുകളും ഉണ്ടായിരുന്നു. അവ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണ്ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവ കൊണ്ടുവരിക പതിവായിരുന്നു" എന്ന ബൈബിള്‍ പരാമര്‍ശം (1 രാജാ.10,22) ഇതിനു തെളിവായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വാണിജ്യബന്ധമാണ് യഹൂദര്‍ക്ക് കേരളത്തിലേക്കു വഴി കാട്ടിയത്. ഇസ്രായേലില്‍ വിദേശാക്രമണവും യഹൂദപീഡനവുമുണ്ടായപ്പോഴൊക്കെ മറ്റു രാജ്യങ്ങളിലേക്കെന്നതുപോലെ യഹൂദര്‍ കൂട്ടത്തോടെ കേരളത്തിലേക്കും രക്ഷപ്പെട്ടു പോന്നിരിക്കണം. അതിന്‍റെ ഫലമായി സെന്‍റ് തോമസ് കേരളത്തിലെത്തുന്ന കാലത്തു തന്നെ കോഴിക്കോടു മുതല്‍ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളില്‍ ധാരാളം യഹൂദവാസകേന്ദ്രങ്ങള്‍ രൂപംകൊണ്ടു എന്നു കരുതേണ്ടിയിരിക്കുന്നു. ചരിത്രപഠനങ്ങള്‍ ഈ വസ്തുത ശരി വയ്ക്കുന്നുമുണ്ട്. അവര്‍ക്കിടയില്‍ സുവിശേഷപ്രചാരണം നടത്തുക ശ്ലീഹായ്ക്ക് വളരെ എളുപ്പമായിരുന്നു. ഭാഷയുടെയും സംസ്കാരത്തിന്‍റെയും പ്രതിബന്ധം ഉണ്ടായിരുന്നില്ല.

ഇവിടെയുണ്ടായിരുന്ന യഹൂദസമൂഹത്തിന്‍റെ ആളെന്ന നിലയില്‍ നാട്ടിലെ യഹൂദേതരസമൂഹവും ശ്ലീഹായെ സഹിഷ്ണുതയോടെ സ്വാഗതം ചെയ്തിരിക്കണം. കേരളത്തിലെ ശ്ലീഹായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമുണ്ടാകാതിരുന്നതിന്‍റെ കാരണമിതാണ്. അതേ സമയം ബ്രാഹ്മണര്‍ ധാരാളമുണ്ടായിരുന്ന തമിഴകത്തെത്തിയപ്പോള്‍ അന്തരീക്ഷം മാറി. പുതിയ ഒരു ദര്‍ശനവും വിശ്വാസവും ബ്രാഹ്മണര്‍ക്കു സ്വീകാര്യമായിരുന്നില്ല. മതപരമായ സഹിഷ്ണുത തെല്ലുമില്ലാതിരുന്ന അവര്‍ ശ്ലീഹായെ വധിക്കുകയും ചെയ്തു.
ഈ വസ്തുതകള്‍ കേരളക്രൈസ്തവരുടെ പൂര്‍വ്വികര്‍ യഹൂദരായിരുന്നു എന്ന ചരിത്രപാഠത്തിനു സാധുത നല്കുന്നവയാണ്. നല്ലൊരു വിഭാഗം ക്രൈസ്തവരുടെ ശരീരഘടനയും സ്വഭാവസവിശേഷതകളും യഹൂദപാരമ്പര്യത്തിനിണങ്ങി നില്ക്കുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1800-ല്‍ ഇവിടെയെത്തിയ ഫ്രാന്‍സിസ് ബുക്കാനന്‍ താന്‍ പരിചയപ്പെട്ട ഒരു യാക്കോബായ വൈദികനെപ്പറ്റി എഴുതുന്നു: "ജൂതന്മാരുടെ ശരീരപ്രകൃതിയാണ്. അദ്ദേഹത്തിന്‍റെ മുന്ഗാമികള്‍ നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ചുപോന്നവരാണെങ്കിലും ശരീരപ്രകൃതിക്കു മാറ്റം വന്നിട്ടില്ല."

ശരീരഘടനയില്‍ മാത്രമല്ല സ്വഭാവസവിശേഷതകളിലും ഇതേ അടയാളങ്ങള്‍ തിരിച്ചറിയാം. വിശ്വാസതീക്ഷ്ണത, ബൗദ്ധികമായ ഇടപെടലുകള്‍, കഠിനാദ്ധ്വാനസന്നദ്ധത, സാഹസികത, നിര്‍ഭയത്വം, കാര്‍ഷികവ്യാപാരമേഖലകളോടുള്ള ആഭിമുഖ്യം, മണ്ണിനോടുള്ള ആത്മബന്ധം, സ്വത്തുസമ്പാദനവ്യഗ്രത തുടങ്ങിയവയെല്ലാം യഹൂദപാരമ്പര്യവുമായി കണ്ണിചേര്‍ന്നു നില്ക്കുന്ന ജൈവസവിശേഷതകള്‍ തന്നെയാണ്.
വിവാദവിധേയമാകാവുന്ന ഈ വസ്തുതകള്‍ സൂചിപ്പിച്ചത് കേരള ക്രൈസ്തവസമൂഹത്തിന്‍റെ ഇവിടത്തെ സാന്നിദ്ധ്യം നമ്മുടെ സാമൂഹികസാംസ്കാരികമേഖലകളില്‍ നാം നിലനിര്‍ത്തിയ സ്വാധീനത്തിന്‍റെ സാധ്യതകള്‍ ഉറപ്പിക്കാനാണ്. പ്രവാസികളായെത്തിച്ചേര്‍ന്ന ഈ സമൂഹം ഇവിടെ സമൃദ്ധമായിരുന്ന സുഗന്ധവിളകളുടെ സമാഹരണത്തിലും വിപണനത്തിലും പതുക്കെപ്പതുക്കെ ആധിപത്യം സ്ഥാപിച്ചിരിക്കണം. സോളമന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ റോമാസാമ്രാജ്യം ദുര്‍ബലമായ ആറാം നൂറ്റാണ്ടുവരെ കേരളവുമായുള്ള വ്യാപാരകുത്തക യഹൂദരുടെ കൈവശമായിരുന്നിരിക്കണം. പിന്നീടത് അറബികളുടെ കൈയിലേക്കു വഴുതിപ്പോയി. അവരാകട്ടെ പോര്‍ച്ചുഗീസുകാര്‍ അതു കൈയ്യടക്കിയ പതിനാറാം ശതകം വരെ നിര്‍ബാധം കൈവശം വയ്ക്കുകയും ചെയ്തു.

സെന്‍റ് തോമസിന്‍റെ രക്തസാക്ഷിത്വത്തിനുശേഷം ക്നായിത്തൊമ്മന്‍ എത്തിച്ചേരുന്ന നാലാം നൂറ്റാണ്ടിന്‍റെ മധ്യഘട്ടം (ഏ.ഡി.345) വരെ കേരളത്തിലെ ക്രൈസ്തവസമൂഹം തങ്ങളുടെ 'ക്രൈസ്തവസ്വാധീനം' പൊതുസമൂഹത്തിന് അനുഭവപ്പെടുത്തുവാന്‍ ശേഷി നേടിയിരുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു. ക്നായിത്തൊമ്മന്‍റെ ആഗമനം കേരളചരിത്രത്തിലെ സുപ്രധാനസംഭവങ്ങളിലൊന്നാണ്. 72 കുടുംബങ്ങളും നാനൂറിലധികം അംഗങ്ങളുമായുള്ള ആ വരവ് ചിലതൊക്കെ കീഴടക്കാന്‍ കരുത്തുള്ളതായിരുന്നു. സിറിയയിലെ വ്യാപാരപ്രമുഖനായ ഒരു യഹൂദനായിരുന്നു അദ്ദേഹമെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് ഏറെ അഭിപ്രായവ്യത്യാസമില്ല. അദ്ദേഹത്തിന്‍റെ സംഘബലവും സാമ്പത്തികശേഷിയും പ്രാദേശികരാജാവിനെ ആകര്‍ഷിച്ചതുകൊണ്ട് ഏറെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എളുപ്പമായിത്തീര്‍ന്നു. കേരളക്രൈസ്തവര്‍ നേടിയെടുത്ത രാഷ്ട്രീയസ്വാധീനത്തിന്‍റെ ചരിത്രം ക്നായിത്തൊമ്മനില്‍ ആരംഭിക്കുന്നു എന്നു പറയാം. പ്രാദേശികരാജാക്കന്മാരുടെ മന്ത്രിമാര്‍, പടത്തലവന്മാര്‍, പടയാളികള്‍ എന്നിങ്ങനെയുള്ള നിലകളില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്കു പടര്‍ന്ന ഈ സ്വാധീനം ക്രൈസ്തവസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും സഹായകമായി എന്നു കരുതുന്നതില്‍ തെറ്റില്ല.

ഇക്കാലഘട്ടത്തില്‍ സാംസ്കാരികമേഖലയില്‍ ക്രൈസ്തവരുടെ സ്വാധീനം കേരളജനജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കാന്‍ ഇടയുണ്ട്. ഏകദൈവവിശ്വാസം, അനുഷ്ഠാനതീവ്രത, കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പ്, അദ്ധ്വാനസന്നദ്ധത തുടങ്ങിയ സവിശേഷതകള്‍ അന്യസമൂഹങ്ങളെ ആകര്‍ഷിച്ചിരിക്കണം. അക്കാലഘട്ടത്തില്‍ ഇവിടെ പൊതുവെയുണ്ടായിരുന്നത് മതാത്മകസമൂഹങ്ങളായിരുന്നില്ല; മതരഹിതസമൂഹങ്ങളായിരുന്നു എന്നു കൂടി ഓര്‍ക്കണം. ഇതു ക്രൈസ്തവവിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും വ്യാപനത്തിനു സഹായകമായിരുന്നു.

ഇങ്ങനെ പറയുമ്പോഴും ക്രൈസ്തവസമൂഹം കേരളത്തില്‍ ഒരു നിര്‍ണ്ണായകശക്തിയായിത്തീരുന്നത് പോർച്ചു​ഗീസുകാരുടെ ആഗമനത്തോടെയാണെന്ന ചരിത്രയാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിക്കരുത്. അത്രയും കാലം ഇവിടത്തെ പൊതുസമൂഹത്തില്‍ ഒരു നിമ്നവിഭാഗമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ക്രൈസ്തവര്‍ പെട്ടെന്ന് രാഷ്ട്രീയസാമ്പത്തിക മേഖലകളിലെ നിര്‍ണായകശക്തിയായി ഉയിര്‍ത്തെഴുന്നേല്ക്കുകയാണ്. രാഷ്ട്രീയാധികാരം മതഘടനയ്ക്കു പിന്‍ബലം നല്കിയതിന്‍റെ ഭാവാത്മകപരിണാമമായിരുന്നു അത്. പ്രാദേശികസമൂഹങ്ങള്‍ക്കിടയില്‍ പൊതുവായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്ന് കൂട്ടത്തില്‍ കൂടിക്കിടന്നിരുന്ന ക്രൈസ്തവസമൂഹത്തിനു സ്വന്തമായുണ്ടായിരുന്നത് വിശ്വാസവും കൂദാശാപരികര്‍മ്മങ്ങളും മാത്രമായിരുന്നു. സാമൂഹികസാംസ്കാരികതലങ്ങളില്‍ അവര്‍ ക്രൈസ്തവേതരരില്‍ നിന്ന് വ്യത്യസ്തരായിരുന്നില്ല. ഇവിടെയാണ് പോർച്ചു​ഗീസുകാരുടെ ഇടപെടല്‍ നിര്‍ണായകമാകുന്നത്. വിശ്വാസതീക്ഷ്ണത ജ്വലിപ്പിക്കുകയും ക്രൈസ്തവമുദ്രയുള്ള ആചാരാനുഷ്ഠാനങ്ങള്‍ കര്‍ക്കശമായി പിന്തുടരാന്‍ നിര്‍ദ്ദേശിക്കുകയും അക്രൈസ്തവമായ അടയാളങ്ങള്‍ കുടതല്ലാന്‍ നിര്‍ബന്ധിക്കുകയുമാണ് അവര്‍ ചെയ്തത്. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, കുടുമ വളര്‍ത്തല്‍ പോലുള്ള വേഷവിധാനങ്ങള്‍, ശകുനം നോക്കലും തീണ്ടലും തൊടീലും, എണ്ണ തൊട്ടുകൊടുക്കല്‍ തുടങ്ങിയവയൊക്കെ വര്‍ജ്ജിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉദയംപേരൂര്‍ സൂനഹദോസിലൂടെ ഇപ്രകാരം കേരളക്രൈസ്തവസമൂഹത്തിന്‍റെ തനതുവ്യക്തിത്വം വീണ്ടെടുക്കാന്‍ അവര്‍ നടത്തിയത് തികച്ചും സാഹസികമായ ഉദ്യമങ്ങളായിരുന്നു.അതുകൊണ്ടുതന്നെ ഈ 'വീണ്ടെടുക്കല്‍ യത്ന'ത്തിന് ചില തിരിച്ചടികളുണ്ടായി. അതു കൂനന്‍കുരിശുയുദ്ധത്തില്‍ കലാശിച്ചു. കേരളസഭ നെടുകെ പിളരുകയും ചെയ്തു. പക്ഷേ, അതു കേരളസമൂഹത്തിലെ ക്രൈസ്തവ അടയാളങ്ങള്‍ മായ്ക്കാനല്ല, കൂടുതല്‍ തെളിമയോടെ നിലനിര്‍ത്താനാണ് സഹായകമായത് എന്നത് ചരിത്രപരമായ മറ്റൊരു സത്യം.

കേരളക്രൈസ്തവസമൂഹത്തെ അടിമുടി നവീകരിക്കുകയാണ് പോർച്ചു​ഗീസുകാർ ചെയ്തതെന്നു പറയാം. കൂദാശാത്മകമായ മതജീവിതം സുതാര്യവും കര്‍ക്കശവുമാക്കിയപ്പോള്‍ത്തന്നെ പൊതുസമൂഹത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നതായി അവര്‍ തിരിച്ചറിഞ്ഞു. ഇടവകകള്‍ ശക്തിപ്പെടുത്തുകയും മുഴുവന്‍ സമയം വികാരിമാര്‍ നിയമിക്കപ്പെടുകയും ചെയ്തപ്പോള്‍ ആടുകളെ മേയ്ക്കാന്‍ ഇടയന്മാരുണ്ട് എന്ന സുരക്ഷിതത്വം അവര്‍ക്കനുഭവപ്പെട്ടു. ക്രൈസ്തവസമൂഹം സുസംഘടിതമായി. ഈ സംഘടിതസ്വഭാവം ആദ്ധ്യാത്മികജീവിതത്തിനു മാത്രമല്ല, സാമൂഹികജീവിതത്തിനും കരുത്തുപകര്‍ന്നു.ഇത്തരത്തില്‍ വൈദികരുടെ നേതൃത്ത്വത്തില്‍ ഇടവകകള്‍ കേന്ദ്രീകരിച്ചുണ്ടായ ക്രൈസ്തവകൂട്ടായ്മ സമഗ്രവികസനത്തിന്‍റെ പാതയിലേക്കുള്ള ചുവടുവയ്പായി മാറി. ദേവാലയത്തോടുചേര്‍ന്ന് വിദ്യാലയവും ആതുരാലയവും വ്യാപാരശാലകളും വ്യവസായശാലകളും രൂപം കൊണ്ടതുവഴി ക്രൈസ്തവസമൂഹം വന്‍വികസനക്കുതിപ്പു കൈവരിച്ചു. അസാധാരണവും അതിശക്തവുമായ ഒരു മാനേജുമെന്‍റ് സംവിധാനം അതു ലോകത്തിനു പരിചയപ്പെടുത്തി. കേരളത്തില്‍ത്തന്നെ പില്ക്കാലത്തു രൂപമെടുത്ത വിവിധ സാമുദായിക പ്രസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടര്‍ന്നാണ് കരുത്തും വികസനവും കൈവരിച്ചത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

കേരളക്രൈസ്തവരുടെ മതജീവിതം മാത്രമല്ല, വേഷവിധാനവും ഭക്ഷണരീതിയുംവരെ പോർച്ചു​ഗീസുകാർ നവീകരണവിധേയമാക്കി. കേരളജനത പൊതുവേ സ്ത്രീപുരുഷഭേദമില്ലാതെ അര്‍ദ്ധനഗ്നരായി സഞ്ചരിച്ചിരുന്ന കാലത്ത് ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ ശീലിപ്പിച്ച് ക്രൈസ്തവര്‍ക്കു മാന്യത കൈവരുത്താനും അവര്‍ക്കു കഴിഞ്ഞു. അതു പിന്നീട് മറ്റു ജനവിഭാഗങ്ങളും ചെറിയ വ്യത്യാസങ്ങളോടെ സ്വീകരിച്ചപ്പോള്‍ കേരളീയരുടെ വസ്ത്രധാരണരീതി അദ്ധ്യാത്മികവും മാന്യവുമായിത്തീര്‍ന്നു.
മലയാളത്തില്‍ പ്രചാരത്തിലുള്ള കുറേ പോർച്ചു​ഗീസ് വാക്കുകളാണല്ലോ കുശിനി, ബോര്‍മ, വിനാഗിരി, കോപ്പ, ചാറ, ബിസ്കത്ത്, വീഞ്ഞ്, സലാഡ്, കളസം, ചകലാസ്, തൂവാല, റേന്ത, ലേസ്, വില്ലീസ്, മേശ, കസേര, അലമാര, വങ്കു (ബഞ്ച്), ഇസ്തിരി, ചാക്ക്, റാന്തല്‍, ചാവി, ജനല്‍, പോര്‍ട്ടിക്കോ, ബരാന്ത, വിജാഗിരി, ബ്രഹ്മ, റീപ്പ, പീപ്പ, കപ്പേള, കൊവേന്ത, കത്തീഡ്രല്‍, കര്‍മ്മലീത്ത, റബേക്ക്, തമ്പ്രര്‍, കൊല, ചേര്, ചീന്തേര്, മേസ്തിരി, ലേലം, ഷോടതി തുടങ്ങിയവ. ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഉപകരണങ്ങളും സംവിധാനങ്ങളുമാണിവ. 1498-ല്‍ കോഴിക്കോട്ട് കപ്പലിറങ്ങിയതു മുതല്‍ 1663-ല്‍ തിരികെ കപ്പല്‍ കയറുന്നതുവരെയുള്ള 165 വര്‍ഷങ്ങള്‍ക്കിടയില്‍ പോർച്ചു​ഗീസുകാർ നടത്തിയ ഇടപെടലുകള്‍ കേരള ജനജീവിതത്തെ അടിമുടി മാറ്റിമറിച്ചു. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ഗാര്‍ഹിക, കാര്‍ഷിക, വാണിജ്യ, വ്യാപാര, വാസ്തു നിര്‍മ്മാണമേഖലകളെല്ലാം പരിഷ്കരണവിധേയമായി. കല്ലു വെട്ടുന്നതും തടിയറുക്കുന്നതുമായ സാങ്കേതികവിദ്യയുള്‍പ്പെടെയുള്ള വാസ്തുനിര്‍മ്മാണമേഖലയിലെ ആധുനികതന്ത്രങ്ങള്‍ അവര്‍ പരിചയപ്പെടുത്തിയതിനു ശേഷമാണ് കേരളത്തില്‍ അത്തരത്തിലുള്ള കെട്ടിടങ്ങള്‍ ഉണ്ടായത്. നമ്മള്‍ പ്രത്യേകം ഓര്‍ക്കേണ്ട വസ്തുത അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള കൊട്ടാരങ്ങളോ കോട്ടകളോ ദേവാലയങ്ങളോ മറ്റു കെട്ടിടങ്ങളോ കേരളത്തിലില്ല എന്നതാണ്.
ഇതുപറയുമ്പോള്‍, ഇന്ത്യന്‍ജനജീവിതത്തിലെ ക്രൈസ്തവമുദ്രയെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഒരു രാഷ്ട്രീയശക്തിയുടെ സംഭാവനയ്ക്കെന്തു പ്രസക്തി എന്നു സംശയമുണ്ടാകാം. സമാനവിശ്വാസവും മതസംസ്കൃതിയുമുള്ള ഒരു സമൂഹം എന്ന നിലയില്‍ പോര്‍ട്ടുഗീസുകാര്‍ ഇവിടെ പരിചയപ്പെടുത്തിയ ഓരോ പരിഷ്കാരവും ആദ്യം ഏറ്റുവാങ്ങിയത് ക്രൈസ്തവസമൂഹമാണ്. അവരിലൂടെ അത് സഹോദരസമൂഹങ്ങളിലേക്കു പകര്‍ന്നപ്പോള്‍ സ്വാഭാവികമായും അവയ്ക്കെല്ലാം ഒരു ക്രൈസ്തവസ്പര്‍ശം ഉണ്ടായി എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം.

ഇന്ത്യയുടെ പശ്ചിമതീരപ്രദേശങ്ങള്‍ക്കപ്പുറം (അതു കന്യാകുമാരി മുതല്‍ സൂററ്റു വരെ നീളുന്നു) ക്രൈസ്തവസാന്നിദ്ധ്യം ഇന്ത്യന്‍ ജനത അറിയുന്നത് ബ്രിട്ടീഷുകാരുടെ വരവിനു ശേഷമാണ്. 1615-ല്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ അനുമതിയോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി പതുക്കെപ്പതുക്കെ രാഷ്ട്രീയമേധാവിത്വത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലേക്കു കടന്നു. 1757-ല്‍ റോബര്‍ട്ട് ക്ലൈവിന്‍റെ നേതൃത്വത്തില്‍ കമ്പനിസൈന്യം ബംഗാള്‍ നവാബ് സിറാജ് ദൗളയെ പ്ലാസിയുദ്ധത്തില്‍ പരാജയപ്പെടുത്തിയതോടെ അവരുടെ ശ്രമം വിജയം കണ്ടു. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു പിന്നാലെ പ്രൊട്ടസ്റ്റന്‍റു മിഷനറിമാര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും മതപ്രചാരണത്തിനെത്തിച്ചേര്‍ന്നു. 1706-ല്‍ തഞ്ചാവൂരിലാണ് അവരുടെ ആദ്യമിഷനറിമേഖല സ്ഥാപിതമായത്.

ഈസ്റ്റിന്ത്യാ കമ്പനി രാഷ്ട്രീയാധിപത്യം നേടിയതോടെ പ്രൊട്ടസ്റ്റന്‍റു മിഷനറിമാരുടെ പ്രവര്‍ത്തനം വ്യാപകമായി. പൂര്‍വതീരത്ത് തമിഴ്നാടും ആന്ധ്രാപ്രദേശും ഒറീസയും ബംഗാളും പിന്നിട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും അവര്‍ കടന്നുചെന്നു. ഒപ്പം അവര്‍ തെക്കോട്ടു കടന്ന് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മിഷനറിപ്രവര്‍ത്തനങ്ങള്‍ മതപ്രചാരണത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. വിദ്യാഭ്യാസം കൊണ്ടു ജനങ്ങളെ പ്രബുദ്ധരാക്കാനും അവര്‍ തയ്യാറായി. പ്രത്യേകിച്ച് താഴ്ന്നവിഭാഗം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചതുവഴി അധഃസ്ഥിതവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന സവിശേഷതദൗത്യം അവര്‍ ഏറ്റെടുത്തു. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ക്കും അയിത്തം, അസ്പൃശ്യത തുടങ്ങിയ അനാചാരങ്ങള്‍ക്കുമെതിരേ പീഡിതവിഭാഗങ്ങളെ ബോധവത്കരിച്ച് സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ മുന്നണിപ്പടയാളികളാകാനുള്ള നിയോഗവും ഇവരില്‍ നിക്ഷിപ്തമായെന്നു പറയാം.

 ക്രൈസ്തവമിഷനറിമാരുമായുള്ള പരിചയവും അവരുടെ പ്രവര്‍ത്തനരീതിയുടെ പ്രത്യേകതകളെക്കുറിച്ചുള്ള ധാരണയും റാം മോഹന്‍ റോയിക്ക് ഒരു കാര്യം വ്യക്തമാക്കിക്കൊടുത്തു - ക്രൈസ്തവജീവിതത്തിന്‍റെ കേന്ദ്രബിന്ദു ബൈബിളാണ്. പ്രാര്‍ത്ഥനാസമ്മേളനങ്ങളിലും പ്രബോധനങ്ങളിലും ബൈബിള്‍ ഉപയോഗപ്പെടുത്തുന്ന രീതിയും അദ്ദേഹത്തെ ആകര്‍ഷിച്ചു. അതുകൊണ്ടാണ് 1828-ല്‍ അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജത്തിന്‍റെ സമ്മേളനങ്ങളില്‍ ഉപനിഷത്തുക്കള്‍ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ബോധവത്കരണതന്ത്രം അദ്ദേഹം സ്വീകരിച്ചത്. ഉപനിഷത്തുകളില്‍ നിന്ന് ഉത്തേജനം നേടണമെന്നാണ് അദ്ദേഹം ഇന്ത്യന്‍ ജനതയെ ആഹ്വാനം ചെയ്തത്. ക്രിസ്തുമതദര്‍ശനങ്ങളെപ്പറ്റിയുള്ള മതിപ്പ് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ വെളിപ്പെടുത്തുകയുണ്ടായി: "മതതത്ത്വങ്ങളെക്കുറിച്ചുള്ള സുദീര്‍ഘവും നിരന്തരവുമായ എന്‍റെ അന്വേഷണങ്ങളില്‍ നിന്ന് എനിക്കൊരു കാര്യം വ്യക്തമായി - മറ്റെല്ലാ മതതത്ത്വങ്ങളെയും അപേക്ഷിച്ച് ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ ഉയര്‍ന്ന ധാര്‍മ്മികനിലവാരം പുലര്‍ത്തുന്നതും സത്യാന്വേഷകര്‍ക്കു കൂടുതല്‍ സ്വീകാര്യവുമാണ്."

ഹൈന്ദവസമൂഹത്തിന്‍റെ നവീകരണം ലക്ഷ്യമാക്കി 1868-ല്‍ ആര്യസമാജം സ്ഥാപിച്ച സ്വാമി ദയാനന്ദസരസ്വതിയും ക്രൈസ്തവജീവിതത്തില്‍ ബൈബിളിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണദ്ദേഹം 'വേദങ്ങളിലേക്കു മടങ്ങുക' എന്ന മുദ്രാവാക്യം മുഴക്കിയത്. വി. ഗ്രന്ഥങ്ങളുടെ ദാര്‍ശനികചൈതന്യം ഉപാസകരുടെ മനസ്സില്‍ ഉന്മേഷവും ക്രിയാത്മകതയും ഉണര്‍ത്തുമെന്ന് അദ്ദേഹത്തിനു ബോധ്യമായിരുന്നു. ശത്രുക്കളോട് ക്ഷമിക്കുക എന്ന ക്രൈസ്തവപ്രബോധനത്തിന്‍റെ സാരം ആത്മാവില്‍ ഉള്‍ക്കൊണ്ട മഹാത്മാവുമായിരുന്നു ദയാനന്ദസരസ്വതി. അദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്കിയ സേവകനോട് തന്‍റെ അനുയായികള്‍ എത്തുന്നതിനു മുമ്പ് ഓടിരക്ഷപെട്ടുകൊള്ളാന്‍ അദ്ദേഹം ഉപദേശിച്ച സംഭവം ഇതിനുദാഹരണമാണ്.

ഉപനിഷത്തുകളുടെയും വേദങ്ങളുടെയും അദ്ധ്യാത്മികോര്‍ജ്ജം ഉള്‍ക്കൊണ്ട് ഉണരാനും പ്രബുദ്ധരാകാനും ഇന്ത്യന്‍ ജനതയെ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദനില്‍ ബൈബിളിന്‍റെ സ്വാധീനം സജീവമായിരുന്നു. വേദോപനിഷത്തുക്കള്‍ പോലെതന്നെ അദ്ദേഹത്തിന് പരിചിതമായിരുന്നു ബൈബിള്‍ ഗ്രന്ഥങ്ങളും. അമേരിക്കയില്‍ ഹിന്ദുമതസമ്മേളനത്തിനെത്തിയപ്പോള്‍, അമേരിക്കയിലെ ക്രൈസ്തവരോട് ഹിന്ദുമതത്തെപ്പറ്റി പ്രസംഗിക്കാനാണോ എത്തിയിരിക്കുന്നത് എന്നന്വേഷിച്ചവരോട്, 'അല്ല, ഒരു ക്രിസ്ത്യാനി എങ്ങനെ നല്ല ക്രിസ്ത്യാനിയായിരിക്കണം എന്നു പറയാനാണ് വന്നിരിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.പ്രാര്‍ത്ഥനായോഗങ്ങളില്‍ ഗീതയ്ക്കും ഖുറാനുമൊപ്പം ബൈബിള്‍ കൂടി ഉപയോഗപ്പെടുത്തിയിരുന്ന മഹാത്മാഗാന്ധിയുടെ ചിന്തകളില്‍ ക്രിസ്തുമതാദര്‍ശങ്ങളുടെ പ്രബലമായ സ്വാധീനമുണ്ടായിരുന്നു. ക്രൈസ്തവദര്‍ശനത്തോടുള്ള അദ്ദേഹത്തിന്‍റെ ആഭിമുഖ്യം കണ്ട് അദ്ദേഹം മതപരിവര്‍ത്തനം ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്ന് ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രൈസ്തവമിഷനറിമാര്‍ ധരിച്ചുപോയിരുന്നല്ലോ. സത്യധര്‍മ്മങ്ങളോടുള്ള അസാധാരണമായ പ്രതിജ്ഞാബദ്ധതയും സഹജീവികളോടുള്ള അതിരില്ലാത്ത ദീനാനുകമ്പയും ഉന്നതമായ മാനവികതയും സര്‍വ്വസമത്വചിന്തയും ഗാന്ധിജി.യുടെ ക്രിസ്തുമതതത്ത്വങ്ങളുടെ സ്വാധീനത്തിന്‍റെ കൂടി അടയാളങ്ങളാണ്. ഇന്ത്യന്‍ക്രിസ്തു എന്നുവരെ ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ തുനിഞ്ഞു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

രവീന്ദ്രനാഥടാഗോറിന്‍റെ വിശ്വോത്തരകാവ്യം ഗീതാജ്ഞലി പരിഭാഷപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ മുഖവുരയില്‍ ഞാനിങ്ങനെ കുറിച്ചു: "ഗീതാജ്ഞലിയെ ഒരു ക്രൈസ്തവകാവ്യം എന്നു കൂടി വിശേഷിപ്പിക്കാം. ക്രൈസ്തവയോഗാത്മകതയുടെ നിറഞ്ഞ സാന്നിദ്ധ്യം അതിലെ ഓരോ ഗീതത്തിലുമുണ്ട്."സോളമന്‍റെ ഉത്തമഗീതവുമായി ഗീതാജ്ഞലിക്ക് ചില സമാനതകളുണ്ടെന്ന് നോബല്‍ സമ്മാനസമിതിയും വിലയിരുത്തുന്നു. ഗീതാജ്ഞലിയില്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ മറ്റു പല കൃതികളിലും ഒപ്പം വ്യക്തിജീവിതത്തിലും പൊതുപ്രവര്‍ത്തനങ്ങളിലുമൊക്കെ ക്രൈസ്തവദര്‍ശനത്തിന്‍റെ സ്വാധീനം പ്രകടമാണ്. സെന്‍റ് സേവ്യേഴ്സ് സ്കൂളില്‍ തന്‍റെ അദ്ധ്യാപകനായിരുന്ന സ്പാനിഷ് മിഷനറി വൈദികന്‍ ഡി. പെരാന്‍ഡയെ ടാഗോര്‍ അനുസ്മരിക്കുന്നതിങ്ങനെ: "ഇന്നും അദ്ദേഹത്തിന്‍റെ സ്മരണ മുഖേന ഈശ്വരന്‍റെ പ്രശാന്തമായ സാന്നിദ്ധ്യത്തിലേക്ക് എനിക്കു പ്രവേശനാനുമതി ലഭിക്കുന്നുണ്ട്."

ഇന്ത്യയുടെ സാംസ്കാരികജീവിതത്തിനും ക്രൈസ്തവമിഷനറിമാര്‍ നല്കിയ സംഭാവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സദ്വാര്‍ത്ത അറിയിക്കാനെത്തിയ മിഷനറിമാര്‍ അതിന്‍റെ പ്രചരണസൗകര്യം മുന്‍നിര്‍ത്തിയിട്ടാണെങ്കിലും പ്രാദേശികഭാഷാപഠനത്തിലും പരിപോഷണത്തിലും ശ്രദ്ധവച്ചത് മറ്റൊരു വിധത്തില്‍ പൊതുസമൂഹത്തിനുമുഴുവന്‍ അനുഗ്രഹദായകമായി എന്നതാണു വാസ്തവം. ഇന്ത്യയില്‍ ഭാഷകളെപ്പറ്റിയുള്ള ശാസ്ത്രീയപഠനത്തിനു തുടക്കം കുറിക്കുന്നതു മിഷനറിമാരാണ്. അത് ഏതാണ്ടെല്ലാ പ്രാദേശികഭാഷകളുടെയും കാര്യത്തില്‍ സമാനമായിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. വ്യാകരണങ്ങള്‍, നിഘണ്ടുക്കള്‍, വിജ്ഞാനഗ്രന്ഥങ്ങള്‍, അച്ചടി, പുസ്തകപ്രസാധനം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെല്ലാം ആദ്യചുവടു വയ്ക്കുന്നത് മിഷനറിമാര്‍ തന്നെ. ഇതുവഴി ബോധപൂര്‍വ്വമല്ലാതെ തന്നെ, ഒരു ക്രൈസ്തവസാന്നിദ്ധ്യം സാംസ്കാരികജീവിതത്തില്‍ അനുഭവിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കു കഴിഞ്ഞു. അതുപക്ഷേ, പില്ക്കാലത്തുണ്ടായ ത്വരിതവികസനത്തിന്‍റെ നാളുകളില്‍ നിലനിര്‍ത്താനോ പ്രയോജനപ്പെടുത്താനോ ക്രൈസ്തവസമൂഹത്തിനു കഴിയാതെ പോയി എന്നതും ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം തന്നെ.ഇതിലൊക്കെയുപരി ക്രൈസ്തവദര്‍ശനത്തിന്‍റെയും ജീവിതവീക്ഷണത്തിന്‍റെയും സ്വാധീനം സജീവവും ക്രിയാത്മകവുമായി അനുഭവപ്പെട്ടത് ഇന്ത്യയുടെ കുടുംബജീവിതത്തിന്‍റെയും വ്യക്തിബന്ധങ്ങളുടെയും കെട്ടുറപ്പിന്‍റെ കാര്യത്തിലാണ്. സെന്‍റ് തോമസ് ഇവിടെ കൊളുത്തിവച്ച വെളിച്ചം രണ്ടു സഹസ്രാബ്ദങ്ങള്‍കൊണ്ട് ഇന്ത്യയാകെ പരന്നതിന്‍റെ വിസ്മയകരമായ ഒരനുഭവം തന്നെയാണിത്.
ആര്‍ഷസംസ്കാരത്തിന്‍റെ ഉറവിടമായ ഇന്ത്യയ്ക്ക് സമ്പന്നവും പ്രകാശപൂര്‍ണ്ണവുമായ ഒരു ആദ്ധ്യാത്മികജീവിതവും ദര്‍ശനവും ക്രിസ്തുമതാരംഭത്തിനുമുമ്പുതന്നെ ഉണ്ടായിരുന്നു എന്നു പറയാമെങ്കിലും പ്രായോഗികജീവിതത്തില്‍ അതിന്‍റെ ഭാവാത്മകസ്വാധീനം എങ്ങനെയോ അനുഭവപ്പെടാതെ പോയി എന്നതാണ് ചരിത്രസാക്ഷ്യം. "കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ഭ്രാന്തന്മാരാണ്; അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളും" എന്നു വിവേകാനന്ദന്‍ കേരളത്തെ അപഹസിച്ച അതേ സാഹചര്യം നൂറ്റാണ്ടുകളായി ഇന്ത്യയിലാകെ നിലവിലുണ്ടായിരുന്നു. കുടുംബബന്ധങ്ങളും ദാമ്പത്യബന്ധവും ശിഥിലമായിരുന്നു. ബഹുഭര്‍തൃത്വവും ബഹുഭാര്യത്വവും സര്‍വ്വസാധാരണമായിരുന്നു.

ആര്‍ഷസംസ്കാരമാതൃകകളനുസരിച്ച് ഇത്തരമൊരു ശൈഥില്യം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ആദര്‍ശപുരുഷരായ ശ്രീരാമനും സീതയുമൊക്കെ പവിത്രവും ദൃഢവുമായ ഏകഭാര്യത്വവും പാതിവ്രത്യവും പുലര്‍ത്തിയവരാണ്. ജനാപവാദത്തെ ഭയന്ന് സീതയെ കാട്ടിലുപേക്ഷിച്ച ശ്രീരാമന്‍ മറ്റൊരു ഭാര്യയെ ഒരിക്കലും സ്വീകരിക്കുന്നില്ല. എന്നല്ല, യജ്ഞപൂര്‍ത്തിക്കു സഹധര്‍മ്മിണിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നുവന്നപ്പോള്‍ സ്വര്‍ണ്ണം കൊണ്ടൊരു സീതയെ നിര്‍മ്മിച്ച് ഭാര്യാസ്ഥാനത്തവരോധിച്ച് യജ്ഞം പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം ചെയ്തത്.

ശ്രീരാമന്‍റെ പിതാവ് ദശരഥന്‍റെ അച്ഛന്‍ അജമഹാരാജാവ്, രാജ്ഞി ഇന്ദുമതി അകാലത്തില്‍ നിര്യാതയായപ്പോള്‍ അനുമരണം വരിക്കാന്‍ തയ്യാറായ മാതൃകയും ഇതിഹാസത്തിലുണ്ട്. കുലഗുരുവിന്‍റെ ഉപദേശമനുസരിച്ച് ഏകപുത്രന്‍ ദശരഥനു രാജ്യാഭിഷേകത്തിനു പ്രായമാകുന്നതുവരെ രാജ്യം അനാഥമായിപ്പോകാതിരിക്കാന്‍ വേണ്ടി മാത്രം തുടര്‍ന്നുജീവിച്ചു. മകനെ യുവരാജാവായി അഭിഷേകം ചെയ്തു കഴിഞ്ഞപ്പോള്‍ 'പ്രായോപവേശന്‍' (ഭക്ഷണപാനീയങ്ങളുപേക്ഷിച്ച് സ്വയം മരണംവരിക്കല്‍) അനുഷ്ഠിച്ച് അദ്ദേഹം മോക്ഷപ്രാപ്തി നേടുകയും ചെയ്യുന്നു.

രാമകഥയില്‍ അവതരിപ്പിക്കുന്ന സാഹോദര്യം വിശ്വോത്തരമാണ്. മുന്നമ്മമാരിലായി ജനിച്ച നാലു സഹോദരന്മാര്‍ ഏകമനസ്സും ഏകശരീരവുംപോലെ കഴിഞ്ഞുകൂടിയവരാണ്. രാജകൊട്ടാരത്തിലെ ഉപജാപങ്ങളുടെ ഫലമായി ശ്രീരാമന്‍ വനത്തില്‍ പോയപ്പോള്‍ അനുജന്‍ ലക്ഷ്മണും കൂടെ പൊയ്ക്കളഞ്ഞു. രാജ്യഭാരം ഏല്ക്കാന്‍ നിര്‍ബന്ധിതനായ മറ്റൊരനുജന്‍ ഭരതന്‍ ജേഷ്ഠന്‍റെ ചെരുപ്പുകള്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട്, രാമന്‍ വനത്തില്‍നിന്നു മടങ്ങിയെത്തുന്നതുവരെ രാജ്യഭരണം നിര്‍വ്വഹിക്കുകയാണ്. മടങ്ങിയെത്തിയപ്പോള്‍ രാജ്യം രാമനെ തിരിച്ചേല്പിക്കുകയും ചെയ്തു.

ഈ മാതൃകകളെല്ലാമുണ്ടായിരുന്നിട്ടും ഭാരതത്തിലെ ജനജീവിതം അവ ഉള്‍ക്കൊണ്ടു മൂല്യവത്തായി എന്നു പറയാന്‍ വയ്യ. അത്തരമൊരു ജീവിതസാഹചര്യത്തിലേക്കാണു ക്രിസ്തുമതം കടല്‍ കടന്നെത്തിയത്. യേശു ലോകത്തിനു സമ്മാനിച്ച പുതിയ ജീവിതദര്‍ശനം നൂറ്റാണ്ടുകളിലൂടെ ഇന്ത്യന്‍ ജനജീവിതത്തിലാകെ വ്യാപിച്ചു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലുണ്ടായ ഇന്ത്യന്‍ നവോത്ഥാനം ആ മൂല്യങ്ങളുടെ സ്വാധീനത്തിന്‍റെയും സ്വീകാര്യതയുടെയും പരിണിതഫലങ്ങളായിരുന്നു.

ഇന്ത്യന്‍ ജനജീവിതത്തിലെ ക്രൈസ്തവസ്വാധീനത്തിനു രാഷ്ട്രീയമാനങ്ങളില്ല. ഇന്ത്യയില്‍ ഒരിക്കലും ഒരു ക്രൈസ്തവരാജാവോ രാജവംശമോ ഉണ്ടായിട്ടില്ല. കേരളത്തില്‍ അത്തരമൊരു രാജവംശമുണ്ടായിരുന്നു എന്നു പറയുന്നുണ്ട് എങ്കിലും അതൊരു ചെറിയ നാടുവാഴിക്കപ്പുറത്ത് മറ്റൊന്നുമായിരിക്കാന്‍ ഇടയില്ല. മറിച്ച് പ്രബലരായ ക്രൈസ്തവരാജാക്കന്മാരുണ്ടായിരുന്നെങ്കില്‍ ക്രൈസ്തവസ്വാധീനത്തിന്‍റെ മാനങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. 1757 മുതല്‍ 1947 വരെ 190 വര്‍ഷക്കാലം ഇന്ത്യയില്‍ അധികാരം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യശക്തിക്ക് മതപരമായ താത്പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ കച്ചവടത്തിലായിരുന്നു.

ഈ സാഹചര്യത്തിലാണ് നമ്മള്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. ഇന്ത്യന്‍ജീവിതത്തിലെ ക്രൈസ്തവസ്വാധീനം മൂല്യപരമാണ്. അതിനു ഭൗതികമായ മാനം ഉള്ളതുപോലും കാര്‍ഷികസംസ്കാരവുമായി ബന്ധപ്പെട്ടതാണ്; കഠിനമായി അദ്ധ്വാനിക്കാനും സമ്പത്തു സംഭരിക്കാനുള്ള സന്നദ്ധതയും ഔത്സുക്യവും. അതും സഹോദരസമുദായങ്ങള്‍ക്കു മാതൃകയായിട്ടുണ്ടെന്നു പറയാതിരിക്കാനാവില്ല. മതാത്മകജീവിതത്തിന്‍റെ തീക്ഷ്ണതയിലും അതേസമയം തന്നെ വിശ്വാസപരമായ സഹിഷ്ണുതയിലും അവര്‍ മാതൃകയായിത്തീര്‍ന്നിട്ടുണ്ട്. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ അവര്‍ അവഗണിച്ചു. അയിത്തം, അസ്പൃശ്യത തുടങ്ങിയ അനാചാരങ്ങളെ അവര്‍ തള്ളിക്കളഞ്ഞു. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ മുന്നില്‍ നിന്നു. അധഃസ്ഥിതവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനും അവര്‍ തങ്ങള്‍ക്കാവതു ചെയ്തു. ദുര്‍ബലസമൂഹങ്ങളുടെ സാമ്പത്തികസാമൂഹികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തിലും അവര്‍ തങ്ങളുടെ ശക്തികള്‍ വിനിയോഗിക്കാന്‍ തയ്യാറായി. അറിവിന്‍റെ വെളിച്ചത്തില്‍ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കൈപിടിച്ചുയര്‍ത്തുന്നതിന് മറ്റാരെക്കാളും മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ചതും ക്രൈസ്തവശക്തിതന്നെ.

ആധുനികകാലഘട്ടത്തില്‍ ഈ വസ്തുതകള്‍ അവഗണിക്കാനും തമസ്കരിക്കാനും ചില കേന്ദ്രങ്ങളില്‍നിന്നു ബോധപൂര്‍വ്വകമായ ശ്രമങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ കണ്ണടച്ചാല്‍ ഇരുട്ടാകുകയില്ലല്ലോ. സത്യം എപ്പോഴും തിളങ്ങിനില്ക്കുക തന്നെ ചെയ്യും. അതാര്‍ക്കും കാണാം. കണ്ണുതുറന്നു നോക്കാന്‍ തയ്യാറാണെങ്കില്‍.

(നോബിൾ തോമസ് പാറക്കൽ എഡിറ്റ് ചെയ്ത കേരളസഭ: നാൾവഴികളും നാളെകളും എന്ന പുസ്തകത്തിൽനിന്നും)

christian-contributions christian-contributions-to-india kerala catholic church Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message