We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. George Kanjirakkatt On 06-Feb-2021
സഭാസമൂഹത്തിനുള്ളില്‍ത്തന്നെയുണ്ടായ ഭിന്നതകളേയും അനൈക്യത്തേയും ഇല്ലായ്മചെയ്യാന്‍ ഇന്‍ക്വിസിഷന്‍ തുടങ്ങിയ ശിക്ഷണനടപടികള്‍ സ്വീകരിച്ച സഭാധികാരികള്‍ക്ക് പുറമേനിന്നുള്ള പുതിയ ചില ഭീഷണികളെ നേരിടേണ്ടിവന്നു. അതിലൊന്ന് ഇസ്ലാംമതത്തിന്‍റെ മുന്നേറ്റമാണ്.
മുഹമ്മദെന്ന പ്രവാചകന്‍
എ.ഡി. 570-ല്‍ അറേബ്യയിലെ മെക്കയില്‍ ഖുറൈഷ് വര്‍ഗ്ഗത്തില്‍ മുഹമ്മദ് ജനിച്ചു. ഇദ്ദേഹമാണ് ഇസ്ലാംമതത്തിന്‍റെ സ്ഥാപകന്‍.ഏകാന്തതയും ധ്യാനാത്മകജീവിതവും ഇഷ്ടപ്പെട്ടിരുന്ന മുഹമ്മദ് മെക്കയുടെ പരിസരത്തുള്ള ഹീരമലയിലെ ഗുഹകളില്‍ പോയി വസിക്കുക പതിവായിരുന്നു. അവിടെവച്ച് തന്‍റെ നാല്പതാമത്തെ വയസ്സില്‍ ഒരു ദര്‍ശനമുണ്ടായതായി അദ്ദേഹം പറയുന്നു. സത്യവിശ്വാസം ലോകത്തിനു പ്രദാനം ചെയ്യുവാനും കഠിനവും ആസന്നവുമായ ദൈവവിധിയെപ്പറ്റി പ്രസംഗിക്കുവാനും ദൈവത്തിന്‍റെ മതത്തെ ശുദ്ധീകരിക്കാനുമായി ദൈവത്താല്‍ അയയ്ക്കപ്പെട്ട അവസാനത്തെ പ്രവാചകനാണ് താനെന്ന് മുഹമ്മദ് വിശ്വസിച്ചു. ഹീരമലയില്‍വച്ചു ലഭിച്ച വെളിപാടുകളും പ്രവാചകന്‍റെ വചനങ്ങളുമാണ് മുസ്ലീംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍റെ ഉള്ളടക്കം.
ഇസ്ളാമും സഭയും
ആദ്യകാലങ്ങളില്‍ യഹൂദ-ക്രൈസ്തവ മതങ്ങളോട് സഹവര്‍ത്തിത്വം പാലിക്കുവാനും അവയിലെ പല സത്യങ്ങളും അംഗീകരിക്കുവാനുമുള്ള വിശാലമനസ്ഥിതി മുഹമ്മദിനുണ്ടായിരുന്നു. എന്നാല്‍ ക്രമേണ അദ്ദേഹത്തിന്‍റെ ചിന്താഗതിയിലും സമീപനരീതികളിലും പ്രകടമായ മാറ്റങ്ങള്‍ വന്നു. നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെട്ടിരുന്ന സത്യവിശ്വാസം പുനരവതരിപ്പിക്കുക, ആസന്നമായ വിധിയെപ്പറ്റി പ്രവചിക്കുക എന്നിവയായിരുന്നുവല്ലൊ മുഹമ്മദിന്‍റെ ദൗത്യം. ഇതു സാധിക്കണമെങ്കില്‍ മറ്റു മതങ്ങളുടെമേല്‍ ഒരു വിശുദ്ധ യുദ്ധം (ജിഹാദ്) നടത്തണമെന്ന് അദ്ദേഹം ധരിച്ചു.മെക്കയിലെ എതിര്‍പ്പുകള്‍മൂലം 622-ല്‍ മെദീനയിലേയ്ക്കു പലായനം ചെയ്യേണ്ടിവന്ന ഘട്ടത്തില്‍ ഈ ചിന്താഗതിക്കു ശക്തികൂടി.
മുഹമ്മദിനുശേഷം പിന്‍ഗാമികളായ ഖാലിഫ്മാര്‍ അറേബ്യയുടെ പ്രാന്തപ്രദേശങ്ങള്‍ കീഴടക്കാനാരംഭിച്ചു. ബൈസന്‍റയിന്‍ സാമ്രാജ്യത്തിന്‍റെ സമ്പന്നഭാഗങ്ങള്‍ അവരുടെ കൈവശമായി.
കീഴടക്കിയ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികളുടെ പരസ്യാരാധന മുടക്കിയെന്നല്ലാതെ മറ്റൊന്നും അപ്പോള്‍ ചെയ്തില്ല. എന്നാല്‍ അറേബ്യായില്‍നിന്ന് എല്ലാ ക്രൈസ്തവരേയും യഹൂദരെയും നാടുകടത്തി. തത്ഫലമായി ക്രിസ്തുമതം പരിലസിച്ചിരുന്ന പലയിടങ്ങളിലും സഭ ക്ഷയിച്ചു. ക്രിസ്ത്യാനികളും യഹൂദരുമൊഴിച്ചുള്ള മതവിഭാഗങ്ങള്‍ ഇസ്ലാമില്‍ ചേരാന്‍ തയ്യാറായിരുന്നു.
ഇസ്ലാമിന്‍റെ ഈ മുന്നേറ്റം ക്രിസ്തീയസഭക്കൊരു ഭീഷണിയായിരുന്നു. പൗരസ്ത്യരാജ്യങ്ങളില്‍ സംഘടിതസഭയ്ക്ക് അടിക്കടിയുണ്ടായ പരാജയങ്ങള്‍ ചില നടപടികളെടുക്കാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചു. ഇതിന്‍റെ ഫലമായിരുന്നു കുരിശുയുദ്ധങ്ങള്‍.
എന്താണ് കുരിശുയുദ്ധം?
മുസ്ലീംങ്ങളുടെ കൈകളില്‍നിന്നും തിരുക്കല്ലറയും മറ്റു വിശുദ്ധസ്ഥലങ്ങളും വീണ്ടെടുക്കുന്നതിനും മുഹമ്മദീയാക്രമണത്തില്‍ നിന്ന് പശ്ചിമയൂറോപ്പിനെ സംരക്ഷിക്കുന്നതിനുംവേണ്ടി മദ്ധ്യയുഗത്തില്‍, മാര്‍പ്പാപ്പാമാരുടെ അംഗീകാരത്തോടും അനുഗ്രഹാശിസ്സുകളോടുംകൂടി പാശ്ചാത്യക്രൈസ്തവര്‍ നടത്തിയ ഐതിഹാസിക സമരമുന്നേറ്റങ്ങളാണ് കുരിശുയുദ്ധങ്ങള്‍ എന്നപേരിലറിയപ്പെടുന്നത്. ഇതില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആദ്ധ്യാത്മികവും ഭൗതികവുമായ നിരവധി ആനുകൂല്യങ്ങള്‍ മാര്‍പ്പാപ്പാമാര്‍ നല്കി. പാപങ്ങള്‍ ഏറ്റുപറഞ്ഞ കുരിശുയോദ്ധാക്കളെ പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യേണ്ട ആവശ്യകതയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
കുരിശുയുദ്ധത്തിന്‍റെ കാരണങ്ങള്‍
ഏഴാം നൂറ്റാണ്ടില്‍ത്തന്നെ അറബികള്‍ പാലസ്തീന കീഴടക്കി. എങ്കിലും പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ കൂടാതെ ക്രിസ്ത്യാനികള്‍ക്കു തിരുക്കല്ലറ സന്ദര്‍ശിക്കുന്നതിനു സാധിച്ചിരുന്നു. എന്നാല്‍ 11-ാം ശതകത്തിന്‍റെ ആരംഭത്തില്‍ സെലൂഷ്യന്‍ തുര്‍ക്കികളുടെ മുന്നേറ്റത്തെത്തുടര്‍ന്ന് തിരുക്കല്ലറയിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ പ്രവാഹം നിയന്ത്രിക്കപ്പെട്ടു. 1010-ല്‍ ഖാലിഫായിരുന്ന ഹാക്കിം തിരുക്കല്ലറയുടെ മുകളിലുണ്ടായിരുന്ന ദൈവാലയം നശിപ്പിച്ചു. 1071-ലെ മാന്‍സിക്കാര്‍ട്ട് യുദ്ധത്തില്‍ തുര്‍ക്കികള്‍ ബൈസന്‍റയിന്‍ സാമ്രാജ്യത്തിന്‍റെമേല്‍ നിര്‍ണ്ണായകമായ വിജയം നേടിയതോടെ തീര്‍ത്ഥാടനം കൂടുതല്‍ വിഷമകരമായി. കുരിശുയുദ്ധങ്ങള്‍ക്കു വഴിതെളിച്ച ഒരു പ്രധാന കാരണമായിരുന്നു ഇത്.
1071-ല്‍ തുര്‍ക്കികള്‍ ജറുസലേം കീഴടക്കി. തിരുക്കല്ലറ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരില്‍നിന്ന് ഭീമമായ നികുതി അവര്‍ ഈടാക്കി. ചിലപ്പോള്‍ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും അറബികളേക്കാള്‍ കൂടുതല്‍ ഉപദ്രവകാരികളായിരുന്നു തുര്‍ക്കികള്‍ എന്നു തോന്നുന്നില്ല. സിറിയായിലും ഏഷ്യാമൈനറിലുമുണ്ടായ മുസ്ലീം ആക്രമണങ്ങളും കുരിശുയുദ്ധങ്ങളെപ്പറ്റിയുള്ള ആശയം വളര്‍ത്തിക്കൊണ്ടുവരുവാന്‍ സഹായിച്ചു.
കുരിശുയുദ്ധങ്ങള്‍ക്കുള്ള ആസന്നകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബൈസന്‍റയിന്‍ ചക്രവര്‍ത്തിയായിരുന്ന അലക്സിയൂസ് കൊംനേനൂസിന്‍റെ (1081-1118) സഹായാഭ്യര്‍ത്ഥനയാണ്. അതിനുമുമ്പ് 1071-ലെ മാന്‍സിക്കാട്ട് യുദ്ധത്തില്‍ ബൈസന്‍റയിന്‍സൈന്യം പരാജയപ്പെട്ടതിനേത്തുടര്‍ന്ന് പൗരസ്ത്യക്രൈസ്തവരാജ്യങ്ങളില്‍നിന്നും തുടരെത്തുടരെ സഹായാഭ്യര്‍ത്ഥനകള്‍ അന്നത്തെ മാര്‍പ്പാപ്പായായിരുന്ന ഗ്രിഗറി ഏഴാമനു (1073-1085) ലഭിച്ചിരുന്നു. തന്‍റെ ആശ്രിതരായിരുന്ന പ്രഭുക്കന്മാരെയെല്ലാംകൂട്ടി ഒരു സൈന്യം രൂപീകരിച്ച് ബൈസന്‍റയിന്‍ സൈന്യത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 1074-ല്‍ മാര്‍പ്പാപ്പാ ഒരു പരിപാടിക്കു രൂപംകൊടുത്തതുമാണ്. ഇതിന്‍റെകൂടെ തിരുക്കല്ലറയിലേക്ക് തീര്‍ത്ഥാടനം നടത്താമെന്ന ഉദ്ദേശവും പാപ്പായ്ക്കുണ്ടായിരുന്നു. ഏതായാലും ഈ പരിപാടി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാനുള്ള നടപടികള്‍ ആരംഭിച്ചത് ഊര്‍ബന്‍ രണ്ടാമന്‍ (1088-99) പാപ്പായുടെ കാലത്ത് അലക്സിയൂസ് ചക്രവര്‍ത്തിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ്.
ഊര്‍ബന്‍ പാപ്പായ്ക്കു മുമ്പുതന്നെ കുരിശുയുദ്ധങ്ങളെപ്പറ്റിയുള്ള ആശയം ചില മാര്‍പ്പാപ്പാമാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഏ.ഡി. 1000-ത്തിനുശേഷം സില്‍വെസ്റ്റര്‍ രണ്ടാമന്‍ (999-1003) ക്രിസ്തുവിന്‍റെ പടയാളികളെ ഉണരുവിന്‍ എന്നുദ്ഘോഷിച്ചു. 1010-ല്‍ ഖാലിഫ് ഹാക്കിം തിരുക്കല്ലറയുടെ ദേവാലയം നശിപ്പിച്ചപ്പോള്‍ സെര്‍ജിയൂസ് നാലാമനും (1009-1012) ഇതുപോലൊരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കുകയുണ്ടായി. ഗ്രിഗറി ഏഴാമന്‍ (1073-1085) മരണത്തിനു തൊട്ടുമുമ്പ് ഇപ്രകാരം പറഞ്ഞു: പ്രപഞ്ചം മുഴുവന്‍ ഭരിക്കുവാനെന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് വിശുദ്ധസ്ഥലങ്ങള്‍ രക്ഷപ്പെടുത്തുവാന്‍വേണ്ടി എന്‍റെ ജീവന്‍ അപകടപ്പെടുത്തുവാനാണ്.
1095 നവംബര്‍ 18-ാം തീയതി ക്ലെര്‍മോണ്‍ എന്ന സ്ഥലത്ത് ഒരു കൗണ്‍സില്‍ ആരംഭിച്ചു. കൗണ്‍സില്‍ തുടങ്ങിയതിന്‍റെ പത്താം ദിവസം പൊടുന്നനെ ഊര്‍ബന്‍ രണ്ടാമന്‍ കുരിശുയുദ്ധങ്ങളെപ്പറ്റിയുള്ള തന്‍റെ ആശയം നാടകീയമായി അവതരിപ്പിച്ചു. തുര്‍ക്കികളുടെ നിരന്തര പീഡനങ്ങള്‍ക്കു വശംവദരായിക്കൊണ്ടിരുന്ന പൗരസ്ത്യക്രൈസ്തവരെ സഹായിക്കാന്‍ അദ്ദേഹം എല്ലാ പ്രഭുക്കന്മാരോടും ആവശ്യപ്പെട്ടു. ജറുസലേം അവരുടെ ലക്ഷ്യമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നു മുസ്ലീം അധീനതയിലായിരുന്ന തിരുക്കല്ലറയെപ്പറ്റി പറയാനും പോപ്പ് മറന്നില്ല. ഈ ദൗത്യനിര്‍വ്വഹണത്തില്‍ പങ്കുകൊള്ളുന്നവരുടെയെല്ലാം പാപങ്ങള്‍ പൂര്‍ണ്ണമായും മോചിക്കപ്പെടുമെന്നും അദ്ദേഹം വാക്കുകൊടുത്തു.
ഒന്നാം കുരിശുയുദ്ധം
ഊര്‍ബന്‍ പാപ്പായുടെ അഭ്യര്‍ത്ഥനയ്ക്ക് പ്രതീക്ഷയില്‍ക്കവിഞ്ഞ ഫലമുണ്ടായി. ആദ്യം രംഗത്തിറങ്ങിയത് വേണ്ടവിധം ആയുധങ്ങളില്ലാതിരുന്ന കുറെ സാധാരണ തീര്‍ത്ഥാടകരാണ്. ഹങ്കേറിയക്കാരും തുര്‍ക്കികളും ചേര്‍ന്ന് ഇവരെയെല്ലാം തുരത്തി. കുറെപ്പേരെ വധിക്കുകയും ചെയ്തു. ഇവരില്‍ പ്രധാന വിഭാഗത്തെ നയിച്ചിരുന്നത് പീറ്റര്‍ സന്യാസിയായിരുന്നു. പിന്നീട് ഇദ്ദേഹം പ്രഭുക്കന്മാരുടെ സൈന്യവുമായി യോജിച്ചു.ജറുസലേം കീഴടങ്ങിയെന്നുകേട്ട് ഇറങ്ങിപ്പുറപ്പെട്ട ബരഗിക്കാരും ലൊമ്പാര്‍ഡുകാരും ജര്‍മ്മന്‍കാരും പോയറ്റേവില്‍കാരും 1101-ല്‍ ഏഷ്യാമൈനര്‍ കടക്കവേ തുര്‍ക്കികളുടെ ആക്രമണത്തിനു വിധേയരാകുകയും പരിപൂര്‍ണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്തു.
രണ്ടാം കുരിശുയുദ്ധം
1144-ല്‍ തുര്‍ക്കികള്‍ എദേസ്സാ പിടിച്ചെടുത്തു. ഈ വാര്‍ത്തയറിഞ്ഞ് എവുജിന്‍ മൂന്നാമന്‍ പാപ്പാ (1145-1153) രണ്ടാമത്തെ കുരിശുയുദ്ധം സംഘടിപ്പിച്ചു. ക്ലെയര്‍വോയിലെ വി. ബര്‍ണ്ണാര്‍ദിന്‍റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഫ്രാന്‍സിലെ രാജാവ് ലൂയിസ് ഏഴാമനും ജര്‍മ്മനിയിലെ കൊണ്‍റാഡ് മൂന്നാമനും കൂടിയാണ് ഇപ്രാവശ്യം രംഗത്തിറങ്ങിയത്. സിറിയായിലെത്തിയപ്പോള്‍ ഡമാസ്ക്കസിന്‍റെമേല്‍ ഒരാക്രമണം നടത്തിയെങ്കിലും അതും പരാജയത്തിലാണ് കലാശിച്ചത് (1148). ഇതോടെ സൈന്യം മുഴുവന്‍ മടങ്ങിപ്പോന്നു.
മൂന്നാം കുരിശുയുദ്ധം
1187-ല്‍ സലാഡിന്‍ ജറുസലേം പിടിച്ചെടുത്തപ്പോള്‍ മാത്രമാണ് പലര്‍ക്കും പരിതഃസ്ഥിതികളെപ്പറ്റി ബോധമുണ്ടായത്. അങ്ങനെ മൂന്നാം കുരിശുയുദ്ധത്തിന്‍റെ ഒരുക്കം ആരംഭിച്ചു.
നാലാം കുരിശുയുദ്ധം
തീര്‍ത്ഥാടകര്‍ക്ക് ജറൂസലേം സന്ദര്‍ശിക്കാനുള്ള അനുവാദം റിച്ചാര്‍ഡ് ഒന്നാമന്‍ നേടിയിരുന്നെങ്കിലും വിശുദ്ധ സ്ഥലങ്ങള്‍ അപ്പോഴും മുസ്ലീംങ്ങളുടെ അധീനതയിലായിരുന്നു.അതുകൊണ്ട് ആ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കുന്നതിന് പുതിയൊരു ശ്രമംകൂടി നടത്താന്‍ പോപ്പ് ഇന്നസെന്‍റ് മൂന്നാമന്‍ (1198-1216) തീരുമാനിച്ചു. 1198-ല്‍ അതിനുവേണ്ടി പ്രസംഗങ്ങളും പ്രചരണങ്ങളും തുടങ്ങി.
അഞ്ചാം കുരിശുയുദ്ധം
ആക്രയ്ക്ക് ഒരു ഭീഷണിയെന്നോണം മുസ്ളീംങ്ങള്‍ താബോര്‍മലയില്‍ ഒരു കോട്ട നിര്‍മ്മിച്ചു. വിവരമറിഞ്ഞയുടനെ 1213-ല്‍ പോപ്പ് ഇന്നസെന്‍റ് മൂന്നാമന്‍ പുതിയൊരു ആക്രമണത്തിനു പ്രേരണ ചെലുത്തി. സൈപ്രസിലെയും ഹങ്കറിയിലെയും രാജാക്കന്മാര്‍ 1217-ല്‍ വിശുദ്ധനാട്ടില്‍ എത്തി. പക്ഷേ വലിയ വിജയമൊന്നുമുണ്ടായില്ല.
ഏഴാം കുരിശുയുദ്ധം
ഈജിപ്ഷ്യന്‍ സുല്‍ത്താന്‍റെ കൂലിപ്പട്ടാളം 1244-ല്‍ ജറൂസലേം പിടിച്ചെടുത്തു. ഫ്രഞ്ചുരാജാവായിരുന്ന ലൂയീസ് ഒമ്പതാമനും ഇംഗ്ലീഷ്-നോര്‍വ്വീജിയന്‍ പ്രഭുക്കന്മാരും ഇന്നസെന്‍റ് നാലാമന്‍ പാപ്പാ (1243-54) യുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഏഴാമത്തെ കുരിശുയുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടു.
എട്ടാം കുരിശുയുദ്ധം
മാമെലൂക്ക് സുല്‍ത്താന്‍ ബെയ്ബാര്‍സ് ഒന്നാമന്‍ (1260-1277) ലാറ്റിന്‍ സംസ്ഥാനങ്ങള്‍ വീണ്ടും കീഴടക്കിത്തുടങ്ങിയപ്പോള്‍ ഊര്‍ബ്ബന്‍ നാലാമന്‍ (1261-64) എട്ടാമത്തെ കുരിശുയുദ്ധം പ്രഖ്യാപിച്ചു.
മറ്റു കുരിശുയുദ്ധങ്ങള്‍
1212-ല്‍ കുട്ടികളുടെ കുരിശുയുദ്ധം എന്നപേരില്‍ ഒരു പുതിയ സംരംഭം ഫ്രാന്‍സിലും ജര്‍മ്മനിയിലും ആരംഭിച്ചു. നിരായുധരും ചെറുപ്പക്കാരുമായ കുറെ തീര്‍ത്ഥാടകരാണ് ഇതില്‍ പങ്കെടുത്തത്. ഒന്നും നേടുവാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. മാര്‍സെയില്‍സില്‍നിന്നുള്ള കച്ചവടക്കാര്‍ ഇവരില്‍ നൂറുകണക്കിനാളുകളെ അടിമകളായി ഈജിപ്തില്‍ കൊണ്ടുപോയി വിറ്റു എന്നു പറയപ്പെടുന്നു.
കുരിശുയുദ്ധങ്ങളുടെ ഫലങ്ങള്‍
പാശ്ചാത്യക്രൈസ്തവരുടെ മുഴുവന്‍ ശക്തിയും കഴിവും കുരിശുയുദ്ധങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ജറൂസലേമിന്‍റെ പതനത്തിനുശേഷം എല്ലാത്തരത്തിലുംപെട്ട ആളുകള്‍ സൈന്യസേവനം ചെയ്യാനോ, യുദ്ധസന്നാഹങ്ങളുടെ സാമ്പത്തികഭാരം വഹിക്കാനോ അതുമല്ലെങ്കില്‍ വിശുദ്ധനാട്ടിലെ ലത്തീന്‍കാര്‍ക്ക് പണമയച്ചുകൊടുത്തു സഹായിക്കുവാനോ നിര്‍ബന്ധിതരായിരുന്നു.
പ്രഥമ കുരിശുയുദ്ധത്തില്‍ വിശുദ്ധസ്ഥലങ്ങള്‍ മോചിക്കപ്പെട്ടുവെന്നു മാത്രമല്ല സ്വന്തം പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന ഒരാത്മവിശ്വാസം കൈവരുകയും ചെയ്തു. പുതിയ മുന്നേറ്റങ്ങള്‍ക്ക് സഹായകമാകുമാറ് താവളങ്ങളും തുറമുഖങ്ങളും കൈവശപ്പെടുത്തുന്നതിനും കഴിഞ്ഞു.
തീര്‍ത്ഥയാത്രകളുടെ വിസ്മയനീയമായ പുരോഗതിക്ക് കുരിശുയുദ്ധങ്ങള്‍ വഴിതെളിച്ചു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ മതാത്മകജീവിതത്തില്‍ ഇതിനു ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. വിശുദ്ധ നാട്ടില്‍ സ്ഥാപിക്കപ്പെട്ട മതസ്ഥാപനങ്ങള്‍ വഴി പൗരസ്ത്യസഭകളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സാധിച്ചുവെന്നതും കുരിശുയുദ്ധങ്ങള്‍കൊണ്ടുണ്ടായ നേട്ടമാണ്.
പൗരസ്ത്യരുടെ ജീവിതരീതികളുമായി പാശ്ചാത്യര്‍ പരിചയപ്പെട്ടത് ഈ വഴിക്കാണ്. സര്‍വ്വോപരി പൗരസ്ത്യനാടുകളിലെ വിവിധ ഉല്പന്നങ്ങളെപ്പറ്റി മനസ്സിലാക്കുവാനും പാശ്ചാത്യര്‍ക്ക് അവസരം ലഭിച്ചു.
പ്രതികരണങ്ങള്‍
മുസ്ലീംരാജ്യങ്ങളിലുണ്ടായിരുന്ന പൗരസ്ത്യസഭകളിലെ ഏതദ്ദേശീയക്രൈസ്തവര്‍ ഭയങ്കരമായ മതപീഡനത്തിനു വിധേയരായി. കുരിശുയുദ്ധങ്ങള്‍മൂലം നിരപരാധികളുടെ രക്തം ചൊരിയുകയും ക്രൈസ്തവര്‍തന്നെ പീഡിപ്പിക്കപ്പെടുകയും ചെയ്തു. കുടുംബത്തോടും പ്രജകളോടുമുള്ള കടമകള്‍ മറന്നാണ് ജനങ്ങളും രാജാക്കന്മാരും യുദ്ധത്തിനു പുറപ്പെട്ടത്.ലക്ഷ്യം മാര്‍ഗ്ഗത്തെ നീതീകരിക്കുന്നില്ല എന്ന ക്രിസ്തീയ സാന്മാര്‍ഗ്ഗിക നിയമത്തിന് കോട്ടംതട്ടിയെന്നു പറയേണ്ടിയിരിക്കുന്നു. എന്തുതന്നെ നല്ല ലക്ഷ്യത്തോടെയാണെങ്കിലും ഇത്ര വലിയ രക്തച്ചൊരിച്ചിലിനും നാശനഷ്ടങ്ങള്‍ക്കും സഭാനേതൃത്വം മുന്‍കൈ എടുത്തുവെന്നത് നീതീകരിക്കാമെന്ന് തോന്നുന്നില്ല. കുരിശുയുദ്ധമെന്ന പേരുതന്നെ വൈരുദ്ധ്യമാണ്. ഭൂമിയില്‍ സമാധാനം സ്ഥാപിക്കുവാന്‍വന്ന ക്രിസ്തുവിന്‍റെ അടയാളമാണ് കുരിശ്. അതും യുദ്ധവുമായി ബന്ധമില്ല.
Christian Church and Islam catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്രം book no 32 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206