x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ കേരള സഭാചരിത്രം

 മരിക്കാത്ത വാക്കുകള്‍ സചിത്ര ചരിത്രമെഴുതുമ്പോള്‍

Authored by : Dr. Kuriakose Mundadan On 29-May-2021

ക്രൈസ്തവ മതം ആശയവിനിമയത്തിന്‍റെ മതമാണ്.

ദൈവം പ്രകൃതിയിലൂടെയും ദൂതന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും അവസാനം തന്‍റെ പ്രിയപുത്രനിലൂടെയും ലോകത്തിനു നല്‍കിയ ജീവനും വെളിച്ചവുമാണ് ക്രൈസ്തവവിശ്വാസത്തിന്‍റെ ഉറവിടവും ഉള്ളടക്കവും. അതുകൊണ്ടാണ് ക്രൈസ്തവരുടെ വേദഗ്രന്ഥത്തിനുപോലും ദൈവത്തിന്‍റെ സദ്വാര്‍ത്ത അഥവാ സുവിശേഷം എന്ന പേരു വന്നത്. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന മാദ്ധ്യമമാണ് ബൈബിള്‍. ദൈവത്തിന്‍റെ വചനമില്ലാതെ സൃഷ്ടിയില്ല. വാക്ക് ആശയവിനിമയത്തിനുള്ള മാര്‍ഗ്ഗമാണ്. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏക മദ്ധ്യസ്ഥന്‍ ക്രിസ്തുവാണെന്നു പറയുന്ന പൗലോസും വാക്കുകളിലൂടെ ക്രൈസ്തവ സഭയുടെ ഘടനയെ സംവിധാനം ചെയ്ത വ്യക്തിയാണ്. പൗലോസ് ശ്ലീഹായുടെ വിവിധ സഭകള്‍ക്കായുള്ള കത്തുകളാണ് ക്രൈസ്തവ സഭയ്ക്കു ഊടും പാവും നല്‍കിയത്.കത്തോലിക്കാ സഭ എന്ന പദത്തില്‍ തന്നെ സാര്‍വത്രികതയുണ്ട്. 'നിങ്ങള്‍ പോയി  ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന യേശുവിന്‍റെ കല്പനയാല്‍ മുദ്രിതരായ എല്ലാവരും സുവിശേഷ പ്രഘോഷണത്തിനായി കാലാകാലങ്ങളില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന മാധ്യമോപാധികളെ പരമാവധി പ്രയോജനപ്പെടുത്തി വന്നു. വാമൊഴിയായും വരമൊഴിയായും ദൈവവചനം പ്രഘോഷിച്ച കത്തോലിക്കാസഭയുടെ പ്രഥമപരിഗണനയായിരുന്നു മാധ്യമപ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ളതും കത്തോലിക്കാ സഭയ്ക്കു ശക്തമായ അടിത്തറയുള്ളതുമായ കേരളത്തില്‍, കത്തോലിക്കാ സഭ മാധ്യമ രംഗത്തു നല്‍കിയിട്ടുള്ളതും നല്കേണ്ടതുമായ സംഭാവനകളെക്കുറിച്ചുള്ള അന്വേഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പത്രപ്രവര്‍ത്തനരംഗത്തും, പുസ്തക പ്രസാദനത്തിലും അത്യാധുനിക മാധ്യമോപാധികളായ ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ ഇലക്ട്രോണിക് മാധ്യമരംഗങ്ങളിലും കത്തോലിക്കാ സഭയുടെ സംഭാവനകള്‍ എപ്രകാരമെന്നു നാം കാണുമ്പോള്‍ ഒരുപക്ഷേ കാലത്തിനൊത്തു മാധ്യമങ്ങളുടെ പ്രസക്തിയെക്കുറിച്ച് നമ്മുടെ സഭ മനസ്സിലാക്കിയിട്ടുണ്ടോ എന്ന സംശയം ജനിക്കാനിടയുണ്ട്. പോള്‍ ആറാമന്‍ മാര്‍പാപ്പ സുവിശേഷ പ്രഘോഷണത്തെക്കുറിച്ചുള്ള ചാക്രിക ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ കാലഘട്ടത്തിനനുസരിച്ചുള്ള മാധ്യമങ്ങളെ സുവിശേഷ പ്രഘോഷണത്തിനു നാം ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട് നാം ദുഃഖിക്കേണ്ടി വരും എന്ന സത്യത്തിനു കേരള കത്തോലിക്കാ സഭ വേണ്ട വിധത്തിലുള്ള ഗൗരവം കൊടുത്തിട്ടുണ്ടോ എന്നു നാം സംശയിക്കണം.

കേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തനം

പത്രപ്രവര്‍ത്തന രംഗത്തും അച്ചടി വിദ്യയിലും ഭാരതത്തിലെന്നപോലെ കേരളത്തിലും ക്രൈസ്തവ മിഷനറിമാരാണ് മുന്‍കൈയ്യെടുത്തത്. 1847-ലാണ് മലയാളത്തിലെ ആദ്യ ദിനപത്രം പ്രോട്ടസ്റ്റന്‍റുകാരുടെ ബാസല്‍ മിഷന്‍ വഴി പുറത്തിറങ്ങുന്നത്. മലയാളത്തിനു ആദ്യ വ്യാകരണപുസ്തകം എഴുതിയ ജര്‍മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ പ്രയത്നഫലമായ 'പശ്ചിമോദയം' കല്ലച്ചിലാണ് ആദ്യം രൂപമെടുത്തത്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം നാട്ടിലെ വിശേഷങ്ങളും ഈ പത്രത്തില്‍ ഇടം കണ്ടെത്തിയിരുന്നു. ബെഞ്ചമിന്‍ ബെയ്ലി വികസിപ്പിച്ചെടുത്ത എടുത്തുവയ്ക്കാവുന്ന വടിവൊത്ത മലയാളം മുദ്രാക്ഷരങ്ങള്‍ ഉപയോഗിച്ച് 1848-ല്‍ 'ജ്ഞാനനിക്ഷേപം' പുറത്തിറക്കി. 1864-ല്‍ കോട്ടയം കോളജ് ക്വാര്‍ട്ടര്‍ലി എന്ന 'വിദ്യാസംഗ്രഹം'പ്രസിദ്ധീകൃതമായി. കേരളത്തിലെ ആദ്യ കാല പത്രങ്ങളൊക്കെ ഇവിടെ വന്ന പ്രോട്ടസ്റ്റന്‍റ് മിഷനറിമാരുടെ വകയായിരുന്നു. അവര്‍ മലയാള ഭാഷയ്ക്കു കനത്ത സംഭാവനകള്‍ നല്കിയെങ്കിലും ഇവിടെയുണ്ടായിരുന്ന കത്തോലിക്കാ സഭാവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ പത്രങ്ങളിലെ പല ലേഖനങ്ങളും കത്തോലിക്കാ സഭയെ ഇകഴ്ത്തുന്നതായിരുന്നു. പ്രോട്ടസ്റ്റന്‍റ് സഭാവിഭാഗമായ സി.എം.എസ് സഭയുടെ നേതൃത്വത്തില്‍ ഇറക്കിയിരുന്ന 'പശ്ചിമ താരക',  'കേരള പാതക' എന്ന പത്രങ്ങളും ഇതര ക്രൈസ്തവ വിഭാഗങ്ങളെ വിമര്‍ശിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ആയിരുന്നു. പ്രോട്ടസ്റ്റന്‍റുകാരോട് മറുപടി പറയേണ്ടത് കത്തോലിക്കാ സഭയുടെ ആവശ്യമായി തീര്‍ന്നു. കൊച്ചി മട്ടാഞ്ചേരി പട്ടണവാസിയായിരുന്ന അന്തോണി അണ്ണാവി ഒരു പത്രം തുടങ്ങി. അക്ഷരങ്ങളെല്ലാം മരത്തില്‍ കൊത്തിയുണ്ടാക്കുകയാണ് ചെയ്തത്. കത്തോലിക്കരുടെ കാര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കികൊണ്ടു 1866-ല്‍ 'കേരളം' എന്ന പേരില്‍ ഫുള്‍സ്കേപ്പ് സൈസില്‍ ഒരു പത്രം പ്രസിദ്ധീകൃതമായി. നിര്‍ഭാഗ്യവശാല്‍ അതിന്‍റെ ആയുസ്സ് ഒരു വര്‍ഷം മാത്രമായിരുന്നു. കത്തോലിക്കാ സഭയുടെ പത്രപ്രവര്‍ത്തനത്തിനു ഒരു സ്ഥിര സ്വഭാവം കൈവന്നത് 1876- ഒക്ടോബര്‍ 12-ാം തീയതി കൂനമ്മാവിലെ അമലോത്ഭവ അച്ചുകൂടത്തില്‍ നിന്നു പ്രസിദ്ധീകരിച്ച 'സത്യനാദകാഹള' ത്തിന്‍റെ വരവോടുകൂടിയാണ്. പ്രോട്ടസ്റ്റന്‍റ് പത്രങ്ങള്‍ കത്തോലിക്കാ സഭയ്ക്കെതിരെ തൊടുത്തുവിട്ട പല ആരോപണങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു സത്യനാദകാഹളത്തിന്‍റെ ലക്ഷ്യം. ഫാ. കാന്തീദൂസായിരുന്നു എഡിറ്റര്‍. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ സത്യനാദകാഹളത്തിന്‍റെ അച്ചടി വരാപ്പുഴയിലേയ്ക്കും 12 വര്‍ഷത്തിനു ശേഷം അവിടെനിന്നും എറണാകുളത്തേയ്ക്കും മാറ്റി. 1926 മുതല്‍ സത്യനാദം സചിത്രവാരികയായി. സത്യനാദത്തിന്‍റെ വിജയഗാഥ തുടരുന്നതൊടൊപ്പം 1951-ല്‍ കേരള ടൈംസ് വരാപ്പുഴ രൂപതയുടെ മേല്‍നോട്ടത്തില്‍ നിലവില്‍ വന്നു. 1970 -ല്‍ സത്യനാദം വര്‍ത്തമാന പത്രമായ 'കേരളടൈംസി' നോട് കൂട്ടിചേര്‍ക്കപ്പെട്ടു.  1977-ല്‍ ശതാബ്ദിയാഘോഷിച്ച ആദ്യ മലയാള പത്രമാണ് 'സത്യനാദ കാഹളം'. 1997-വരെ കേരളടൈംസിന്‍റെ ഞായറാഴ്ച പതിപ്പായി ഒരു സ്വതന്ത്ര വാരിക പോലെ അതു നിലനിന്നു. കേരള ടൈംസിന്‍റെ തിരോധാനത്തോടുകുടെ സത്യനാദത്തിന്‍റെ ചരിത്രത്തിനു വിരാമമായി. അതിനു ശേഷവും കുറെനാള്‍ സെബാസ്റ്റ്യന്‍ പോളിന്‍റെ നേതൃത്വത്തില്‍ സത്യനാദം പ്രസിദ്ധികരിക്കുകയുണ്ടായി. സത്യനാദം അച്ചടിച്ച ഐ. എസ് പ്രസ്സിലായിരുന്നു പിന്നീട് കേരള ടൈംസ് അച്ചടിച്ചിരുന്നത്.

ചാവറയച്ചനും മാധ്യമ പ്രവര്‍ത്തനവും

ഈയിടെയാണ് കമ്യൂണിസ്റ്റ് ചിന്തകനും സാംസ്കാരിക നായകനുമായി അറിയപ്പെടുന്ന പി. ഗോവിന്ദപിള്ളയുടെ 'കേരള നവോത്ഥാനം, യുഗസന്തതികള്‍' എന്ന പുസ്തകം കണ്ണില്‍ പെട്ടത്. വാസ്തവത്തില്‍ ആ പുസ്തകം എന്നെ അത്ഭുതപ്പെടുത്തി. സാധാരണ കേരളത്തിലെ നവോത്ഥാന നായകരെക്കുറിച്ച് പറയുമ്പോള്‍ പല പ്രമുഖരും പറയാതെ പോകുന്ന (മനഃപൂര്‍വം വിട്ടു കളയുന്ന)  ഒരു സത്യം ചാവറ കുര്യാക്കോസച്ചന്‍റെ നവോത്ഥാന സംരംഭങ്ങളെക്കുറിച്ചാണ്. പക്ഷേ പി. ഗോവിന്ദപിള്ള നവോത്ഥാന നായകരെക്കുറിച്ച് എഴുതിയ ആധികാരികമായ ഗ്രന്ഥത്തില്‍ പ്രഥമ സ്ഥാനം നല്‍കിയിട്ടുള്ളത് ചാവറയച്ചനാണ്. അദ്ദേഹം എഴുതുന്നു, 'കേരളീയ ജനസമൂഹത്തിന്‍റെ സമഗ്രമായ സാമൂഹ്യവികസനത്തിനും, സാംസ്കാരിക അഭ്യുന്നതിക്കും ചാവറയച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം സഹായകരമായി എന്നു പരിശോധിച്ച് കേരളത്തിലെ നവോത്ഥാന നായകരുടെ അഗ്രാസനത്തില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുക എന്ന ചരിത്ര ശാസ്ത്ര ധര്‍മം നാം വേണ്ടവിധത്തില്‍ നിര്‍വഹിച്ചിട്ടുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.'കാലഹരണപ്പെടാതെ ക്രിസ്തീയ സഭ പിടിച്ചു നില്‍ക്കുന്നത് കാലത്തിനൊത്തു പരിഷ്കരിക്കാനും നവീകരിക്കാനുമുള്ള കത്തോലിക്കാ സഭയുടെ ഇച്ഛാശക്തിയാണെന്ന് പി. ഗോവിന്ദപിള്ള സമ്മതിക്കുന്നു. ചാവറയച്ചന്‍റെ മാധ്യമ പ്രവര്‍ത്തനത്തിലുള്ള പ്രയത്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ പി.ഗോവിന്ദപിള്ള അദ്ദേഹം മന്നാനത്തു സ്ഥാപിച്ച അച്ചുകൂടത്തെക്കുറിച്ച് എടുത്തു പറയുന്നു. ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ചാവറയച്ചന്‍ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയില്‍ ഒരു അച്ചുകൂടം സ്ഥാപിക്കണമെന്നു ആഗ്രഹിച്ചു. അന്നു കോട്ടയത്തു ബാസല്‍ മിഷന്‍കാരുടെ സി.എം.എസ് പ്രസ്സുണ്ടായിരുന്നു. ചാവറയച്ചന്‍ അവിടെപോയി പ്രസ്സിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചെങ്കിലും, ധിഷണാശാലിയായ അദ്ദേഹത്തിനു പ്രസ്സുകാണുവാന്‍ സി.എം.എസ്സ് പ്രസ്സധികാരികള്‍ അനുവാദം കൊടുത്തില്ല. ഒട്ടും നിരാശനാകാതെ ചാവറയച്ചന്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്‍റ് പ്രസ്സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി. 1846 ജൂലായ് മാസത്തില്‍ കിട്ടിയ സര്‍ക്കാര്‍ അനുവാദപ്രകാരം മന്നാനത്ത് അച്ചുകൂടം പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് അച്ചനു ശ്വാസം നേരെ വീണത്. ആദ്യമായി ഈ പ്രസ്സില്‍ അച്ചടിച്ചത്  'ജ്ഞാനപീയൂഷം' എന്ന പ്രാര്‍ത്ഥനാ പുസ്തകമാണ്. 1887-ല്‍ മലയാളത്തിലെ ഏറ്റവും പഴമയുള്ള ദീപിക പത്രം 'നസ്രാണി ദീപിക' എന്ന പേരില്‍ ഈ പ്രസ്സില്‍ നിന്നാണ് പുറത്തു വന്നത്.

ദീപികയുടെ സംഭാവനകള്‍

കത്തോലിക്കാ മാധ്യമരംഗത്ത് ആര്‍ക്കും വിസ്മരിക്കാനാകാത്തതാണ് ദീപികയുടെ  സാന്നിദ്ധ്യവും കാലാകാലങ്ങളിലായുള്ള സംഭാവനകളും. ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം രണ്ടു പക്ഷത്തായി ചേരിതിരിഞ്ഞ കത്തോലിക്കാ യാക്കോബായ സമൂഹത്തിനുള്ളില്‍ ഒരു സഹകരണം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജാതൈക്യസംഘം സ്ഥാപിതമായി. സുറിയാനി ക്രൈസ്തവര്‍ വിദേശീയ മെത്രാന്മാരുടെ ഭരണത്തിലായതുകൊണ്ടു പല രംഗങ്ങളിലും അവരുടെ പുരോഗതി തടസ്സപ്പെട്ട സ്ഥിതിയിലാണ്  മാധ്യമരംഗത്തും സാമൂഹികരംഗത്തും സംസ്കാരികരംഗത്തും നേട്ടങ്ങള്‍ കൈവരിക്കത്തക്കവിധം ജാതൈക്യ സംഘത്തിനു ചില ലക്ഷ്യങ്ങളും നിയമങ്ങളും കൊണ്ടുവന്നത്. കല്‍ക്കത്തയിലും ബോംബേയിലും തൃശ്ശിനാപ്പിള്ളിയിലും ഈശോസഭക്കാര്‍ക്കുണ്ടായതുപോലെ മഹാപാഠശാലകളും മറ്റുമാണ് ഈ സംഘം ലക്ഷ്യമിട്ടത്. ഇടവകകള്‍ തോറും പാഠശാലകളും വായനാശാലകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും മറ്റും സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ജാതൈക്യസംഘത്തിന്‍റെ പരിധിയിലുണ്ടായിരുന്നു. ജാതൈക്യ സംഘത്തിന്‍റെ നിയമാവലിയില്‍ ഒരു പത്രിക തുടങ്ങുന്നതിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. അതിന്‍റെ ലക്ഷ്യം ഇടവകകളും സംഘവും മെത്രാനും മറ്റുമുള്ള ആശയവിനിമയമായിരുന്നു. പ്രോട്ടസ്റ്റന്‍റ് സഭകള്‍ക്കുള്ളതുപോലൊരു പത്രം സുറിയാനി ക്രൈസ്തവര്‍ക്കും ആവശ്യമാണെന്നുള്ള ബോധ്യം രൂഢമൂലമായി. അതിനു കാരണം ഒരുപക്ഷേ പത്രപ്രവര്‍ത്തനത്തില്‍ പരിചയ സമ്പന്നനായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെയും മലയാളത്തിലെ പ്രഥമ അലങ്കാര ശാസ്ത്ര ഗ്രന്ഥകാരനായ ഫാ. ജെരാര്‍ദിന്‍റെയും സംഗമമായിരിക്കണം. അങ്ങനെയാണ് ജാതൈക്യ സംഘം വരാപ്പുഴ മെത്രാനായിരുന്ന ഡോ. മര്‍സീലോസിനു ഇത്തരം ഒരു സംരഭത്തിനായി അപേക്ഷ കൊടുത്തത്. അപേക്ഷയില്‍ പത്രം മന്നാനത്തെ പ്രസ്സില്‍ അച്ചടിക്കുന്നതിനുള്ള അനുമതിയും ചോദിച്ചിരുന്നു. 30 പള്ളികളിലെ വികാരിമാര്‍ ഈ അപേക്ഷയില്‍ ഒപ്പു വച്ചിരുന്നു. വരാപ്പുഴ മെത്രാന്‍ അതിനു അനുവാദം നല്‍കി. ഡോ. സെഡ്. എം. മൂഴൂര്‍ 'നസ്രാണി ദീപികയും മലയാള സാഹിത്യവും' എന്ന ഗ്രന്ഥത്തില്‍ വരാപ്പുഴ മെത്രാന്‍ ദീപിക പത്രം അച്ചടിക്കുന്നതിനു നല്‍കിയ കല്പന ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്, "അപേക്ഷ പ്രകാരം നാം അനുവദിക്കുന്നു. എന്നാല്‍ ഇതിന്‍റെ പ്രധാന നടത്തുകാരനും ഉത്തരവാദിയും ആയി നിധീരിക്കല്‍ ബ. മാണിക്കത്തനാരെ നാം നിയമിക്കുന്നു. നമ്മുടെ സ്നേഹപ്പെട്ട മാന്നാനത്തു ആശ്രമവാസികളെ ഇതില്‍ എര്‍പ്പെടുത്താതെയും ബുദ്ധിമുട്ടിക്കാതെയും ആയാല്‍ ആ അച്ചുകൂടത്തില്‍ അച്ചടിക്കുന്നതത്രേ വേണ്ടത് എന്നത് നമ്മുടെ അഭിപ്രായവും മനസ്സും ആയിരിക്കുന്നു." അങ്ങനെ 1887-ല്‍ ഏപ്രില്‍ 15 നു പത്രത്തിന്‍റെ  പ്രസിദ്ധീകരണം നടന്നു. ജാതൈക്യ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നിന്ന കാലത്തു തന്നെയാണു സുറിയാനി ക്രൈസ്തവരുടെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ നസ്രാണി ദീപികയുടെ പ്രയാണം ആരംഭിക്കുന്നത്. പുതുപ്പള്ളി രാഘവന്‍ എഴുതുന്നു, "ദീപികയുടെ വളര്‍ച്ച, ജ്യേഷ്ഠസഹോദരിയായ 'സത്യനാദ'ത്തിന്‍റെതില്‍ നിന്നു തികച്ചും വിഭിന്നവും ആരോഗ്യകരവുമായിരുന്നു. 1887-ല്‍ പ്രതിപാക്ഷികമായി ആരംഭിച്ച ദീപിക, 1895-ല്‍ മാസത്തില്‍ മൂന്നു തവണയായും 1899-ല്‍ വാരികയായും 1912-ല്‍ ദ്വൈവാരികയായും 1927-ല്‍ ദിനപത്രമായും വളര്‍ന്നു. 1938-ല്‍ പ്രസിദ്ധീകരണം കോട്ടയത്തേക്കു മാറ്റിയതോടെയാണ് നസ്രാണി ദീപിക, 'ദീപിക'യായി പേരു ചുരുക്കിയത്. കേരളത്തിലെ സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും സംസ്കാരിക രംഗത്തും തനതായതും അവഗണിക്കപ്പെടാനാകാത്തതുമായ സംഭാവനകള്‍ നല്‍കുവാന്‍ ദീപിക പത്രത്തിനായി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും കലകള്‍ക്കും സാമൂഹികോന്നമനത്തിനും ഈടുറ്റ സംഭാവനകള്‍ നല്‍കുവാന്‍ ദീപികയ്ക്കു സാധിച്ചുവെന്നതില്‍ തര്‍ക്കമില്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള നിലപാട് ദീപിക എന്നും എടുത്തിരുന്നു. ബഹുജനസമരങ്ങളെ പിന്തുണച്ചിട്ടുള്ള പാരമ്പര്യവും ദീപികയ്ക്കുണ്ട്. 1891-ലെ മലയാളി മെമ്മോറിയല്‍, 1919-ലെ പൗരസമത്വവാദം, 1924-ലെ വൈക്കം സത്യഗ്രഹം, 1933-ല്‍ ആരംഭിച്ച നിവര്‍ത്തനം, 1939-ല്‍ തുടങ്ങിയ ഉത്തരവാദഭരണപ്രക്ഷോപണം എന്നിങ്ങനെയുള്ള ബഹുജന പ്രസ്ഥാനങ്ങളിലെല്ലാം ദീപിക സഹജീവികളോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്." (പുതുപ്പള്ളി രാഘവന്‍).

കത്തോലിക്കാ മാധ്യമങ്ങളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍

1927-ജൂലൈ 3 നു പുറത്തു വന്ന സത്യദീപത്തിന്‍റെ പ്രഥമ ലക്കത്തിനു എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത അയച്ചു കൊടുത്ത സന്ദേശം ഇങ്ങനെയായിരുന്നു, "മതം സര്‍വ്വപ്രധാനമായ ഒരു കാര്യമാകയാല്‍ അതിനെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്ന ഒരു പത്രം അത്യാവശ്യം തന്നെ. ആ പത്രദ്വാര സത്യം വെളിപ്പെടുന്നതിനും സത്യാന്വേഷകരെ സഹായിക്കുന്നതിനും സാധിക്കുന്നതാണ്". കത്തോലിക്കാ സഭയിലെ പത്ര പ്രവര്‍ത്തനരംഗത്ത് അതുല്യമായ സേവനങ്ങള്‍ ചെയ്തിട്ടുള്ള വാരികയാണ് സത്യദീപം. വേദപ്രചാരണത്തിനായി മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍റെ നേതൃത്വത്തില്‍ സത്യം, ദീപം എന്നീ രണ്ടു ബോട്ടുകളുടെ പേരുകള്‍ സംയോജിപ്പിച്ച് എറണാകുളം അതിരൂപതയില്‍ നിന്നു ആരംഭിച്ച സത്യദീപം പിന്നീട് കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നടത്തിയ ഇടപെടലുകള്‍ അവഗണിക്കാവുന്നതല്ല. ആദ്യകാലത്ത് സഭയ്ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് തക്കതായ മറുപടികള്‍ കൊടുത്തുകൊണ്ട് മോണ്‍. ജേക്കബ് നടുവത്തുശ്ശേരിയുടെയും, ആത്മായ പ്രമുഖനായ ഐ.സി ചാക്കോയുടെയും ലേഖനങ്ങള്‍ കത്തോലിക്കരുടെ മാത്രമല്ല അക്രൈസ്തവരുടെയും കണ്ണു തുറുപ്പിക്കുന്നതായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പരമ്പരയായ ബോബനും മോളിയുടെയും കര്‍ത്താവ് ടോംസിന്‍റെ ആദ്യ കൃതികള്‍ സത്യദീപത്തിലൂടെയാണ് വെളിച്ചം കണ്ടത്. സാഹിത്യകാരനായ പ്രൊഫ. ജോസഫ് മറ്റം അദ്ദേഹത്തിന്‍റെ ആദ്യ കഥ 'അഞ്ചു സെന്‍റ്  പ്രസിദ്ധീകരിച്ചതും പ്രസിദ്ധ കവി കെ.വി. ബേബിയുടെ ആദ്യ കവിത പ്രസിദ്ധീകരിച്ചതും ഈ വാരികയിലാണ്. പല ക്രൈസ്തവ സാഹിത്യകാരും സത്യദീപത്തിലൂടെ എഴുതി തെളിഞ്ഞവരാണ്. കാലത്തിനൊത്ത് ഉയരാനും കാലാകാലങ്ങളിലുള്ള സത്യത്തെ അവതരിപ്പിക്കാനും സത്യദീപത്തിന്‍റെ പത്രാധിപര്‍ക്കു സാധിച്ചിട്ടുണ്ട്. പൊതു സമൂഹവും രാഷ്ട്രീയ നേതാക്കന്മാരും സത്യദീപത്തെ കത്തോലിക്കാ സഭയുടെ മുഖപത്രമായാണ് വിശേഷിപ്പിക്കുന്നത്. കേരള സഭയുടെ രാഷ്ട്രീയ ഇടപെടലുകളില്‍ പ്രത്യേകിച്ച് സര്‍ സി.പിയുടെ കാലത്തും വിമോചന സമരരംഗത്തും കത്തി നിന്ന എറണാകുളത്തു നിന്നുള്ള മറ്റൊരു പത്രമായിരുന്ന 'മലബാര്‍ മെയില്‍'. തിരുവതാംകൂര്‍ അമ്മ മഹാറാണി സേതു പാര്‍വതി ഭായി ഭരണസാരഥ്യം ഏറ്റെടുത്തപ്പോഴാണ് രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തില്‍ രാജ്യ ഭരണം അലങ്കോലപ്പെട്ടത്. സ്വാതന്ത്ര്യത്തിനായുള്ള മുറവിളികള്‍ രാജ്യത്തെങ്ങും ഉയരുന്ന ഈ സമയത്താണ് സര്‍ സി.പി ഭരണത്തിന്‍റെ കുന്തമുനകള്‍ മലയാളിയെ കുത്തിമുറിവേല്പിച്ചത്. സര്‍ സി.പിയെ മുട്ടുകുത്തിക്കാന്‍ കണ്ടത്തില്‍ ആഗസ്തീനോസ് മെത്രാപ്പോലീത്ത രാഷ്ടീയ ചിന്തകരും ഭരണപടുക്കളുമായ ജനനേതാക്കളെ വിളിച്ചുകൂട്ടി പര്യാലോചിച്ചു. അതിന്‍റെ ഫ ലമായിട്ടാണ് 1936 ഡിസംബര്‍ 9-ാം തീയതി സഭയ്ക്കും സമുദായത്തിനും വേണ്ടി ഒരു പത്രം കൊച്ചിയില്‍ നിന്നും ആരംഭിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ ചിന്തകള്‍ പ്രചരിപ്പിക്കാനും സര്‍ക്കാരിന്‍റെ സ്വേച്ഛാധിപത്യ പ്രവണതകളെ ചെറുക്കാനുമുള്ള യത്നത്തില്‍ മുഴുകിയ മലബാര്‍ മെയിലിനെ സര്‍ സി. പി. കണ്ടുകെട്ടുകയും ചെയ്തു.  തിരുവതാംകൂര്‍ കൊച്ചി എന്നീ നാട്ടുരാജാക്കന്മാരുടെയും ബ്രിട്ടീഷ് മലബാറിന്‍റെയും ഔദ്യോഗിക മുദ്രകള്‍ പത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആധുനിക കൊച്ചിയിലെ പ്രഥമ ദിനപത്രമായിരുന്നു മലബാര്‍ മെയില്‍. കൊച്ചി തുറമുഖ വികസനം, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം  തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കടക്കം 1936-ലെ വിദ്യാഭ്യാസ പ്രക്ഷോഭം, 1959-ലെ കോളേജ് സമരം എന്നീ ബഹുജനമുന്നേറ്റങ്ങള്‍ക്കും മലബാര്‍ മെയില്‍ നല്‍കിയ നേതൃത്വം വിലപ്പെട്ടതാണ്.ഇന്നു കേരളത്തിലെ മിക്ക രൂപതകളില്‍ നിന്നും സന്യാസ സഭാകേന്ദ്രങ്ങളില്‍ നിന്നും ഒന്നോ അധിലധികമോ വാരികകളോ മാസികകളോ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ അതതു കേന്ദ്രങ്ങളിലും പ്രദേശങ്ങളിലും താല്പര്യപൂര്‍വം വായിക്കപ്പെടുന്നുണ്ടെങ്കിലും ചുരുക്കം ചില പോക്കറ്റുകളില്‍ അവയില്‍ പലതും ഒതുങ്ങി പോകുകയാണ്. കേരള കത്തോലിക്കാ സഭയ്ക്കും സീറോ മലബാര്‍ സഭയ്ക്കും മാധ്യമ കമ്മീഷനുകള്‍ ഉണ്ടെങ്കിലും ഇത്തരം വാരികകളെയും മാസികളെയും ഏകോപിപ്പിച്ച് ഒരു നെറ്റ് വര്‍ക്കെന്ന പോലെ കൊണ്ടുപോകാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നില്ല.

മലയാള ഭാഷയും കത്തോലിക്കാ മാധ്യമങ്ങളും.

പത്രവാരികകളാണ് കാലാകാലങ്ങളില്‍ ഭാഷയെ ശുദ്ധീകരിക്കുന്നതും നവീകരിക്കുന്നതും. ദീപിക പത്രം മലയാള ഭാഷയ്ക്കു ഇത്തരത്തില്‍ കനത്ത സംഭാവനകള്‍ നല്കിയിട്ടുണ്ട്. എഴുത്തു ഭാഷയും ഗ്രാമ്യ ഭാഷയും തമ്മില്‍ അന്തരമുണ്ട്. കേരളത്തിലെ ഭാഷ മലബാര്‍, തിരുവതാംകൂര്‍, കൊച്ചി എന്നീ മേഖലകളിലും ഒരു പക്ഷേ ഓരോ പ്രദേശത്തും മാറ്റമുള്ളതാണ്. 'ലിപി ബഹുലമായ മലയാള ഭാഷയുടെ അച്ചടിവ്യവസ്ഥയ്ക്കു സൂക്ഷ്മതയും സൗഷ്ഠവവും കൈവരുത്താന്‍ ലിപി പരിഷ്കരണം ആരംഭിച്ചതു ദീപിക ആയിരുന്നു" (സെഡ്. എം. മൂഴൂര്‍). ഔദ്യോഗിക ഭാഷ മലയാളമാക്കണമെന്നു ഇന്നു ഇവിടത്തെ ഇടതു പക്ഷം മുറവിളി കൂട്ടുമ്പോള്‍ നാം ഒരു കാര്യം ഓര്‍ക്കണം : ഈ ആശയം ആദ്യം അവതരിപ്പിച്ചതു ദീപിക പത്രം തന്നെയാണ്. പദശുദ്ധിയിലും വാക്യശുദ്ധിയിലും വ്യാകരണശുദ്ധിയിലും ഏറെ ശ്രദ്ധ പതിപ്പിച്ച ദീപിക ശുദ്ധപദങ്ങളെ കണ്ടെത്തി ഭാഷയെ പരിപോഷിപ്പിച്ചു. പദശുദ്ധിയെ സംബന്ധിച്ചിടത്തോളം അന്നത്തെ ഭാഷാപണ്ഡിതര്‍ക്ക് ദീപിക പത്രം നല്ലൊരു സംവാദ വേദിയുയര്‍ത്തി. കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ 'മാര്‍ത്തോമാ ചരിത'ത്തില്‍ 'വൈദീകം', 'ദൈവീകം' എന്നീ പ്രയോഗങ്ങള്‍ കല്ലുകടിക്കുന്നുവെന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ വിമര്‍ശനത്തെ എതിര്‍ത്തും ഉള്‍ക്കൊണ്ടും വാദപ്രതിവാദങ്ങള്‍ തന്നെ ഉണ്ടായി. അവസാനം  പദതര്‍ക്കത്തില്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ തന്നെ ഇടപെട്ട്  'ദൈവികം, 'വൈദികം' എന്നീ ഹ്രസ്വപ്രയോഗങ്ങള്‍ സാധുവാണെന്നും എന്നാല്‍ ദീര്‍ഘ പ്രയോഗങ്ങളായ 'ദൈവീകം, വൈദീകം' 'പ്രയോഗാല്‍ സാധു'വാണെന്നും പറഞ്ഞ് വിവാദത്തിനു വിരമാമിട്ടു. അടിസ്ഥാന വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെ വേണമെന്നും ദീപിക വാദിച്ചു.  പല സാങ്കേതിക പദങ്ങളും ശാസ്തീയ ഗ്രന്ഥങ്ങളും മലയാളിക്കു സമ്മാനിച്ചത് ദീപികയുടെ നേട്ടങ്ങളിലൊന്നാണ്. മലയാള ഭാഷയുടെ വ്യാകരണത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ഫാ. ജോണ്‍ കുന്നപ്പിള്ളി. മലയാളത്തിലും സംസ്കൃതത്തിലും കുന്നപ്പിള്ളി അച്ചനെ പോലെ പ്രാവീണ്യം ലഭിച്ചവര്‍ മലയാളക്കരയില്‍ അധികമുണ്ടായിട്ടില്ല.  ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസ്സറായിരുന്ന അച്ചന്‍ വ്യാകരണ സാഹിത്യം, പ്രക്രിയാ ഭാഷ്യം, ശബ്ദസൗഭഗം, സംസ്കൃത ധാതുരൂപാവലി എന്നീ ഈടുറ്റ വ്യാകരണ ഗ്രന്ഥങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

 

ഫാ. ആബേലും കലാഭവന്‍റെ സംഭാവനകളും

കത്തോലിക്കാ സഭയുടെ മാധ്യമ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ മറക്കാനാകാത്ത വ്യക്തിത്വമാണ് പെരിയപ്പുറം കുടുംബത്തില്‍ നിന്നും സിം.എം.ഐ സഭയിലെത്തിയ ഫാ. ആബേല്‍ സിം.എം.ഐ. എറണാകുളം അതിരൂപതാദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്‍റെ നിര്‍ദ്ദേശപ്രകാരം എറണാകുളം അരമനയില്‍ താമസിച്ച് സീറോ മലബാര്‍ സഭയിലെ ആരാധനക്രമ ഗീതങ്ങള്‍ എഴുതിയ ആബേലച്ചന്‍ അതുല്യനായ കവിയും ഗാനരചയിതാവുമായിരുന്നു. കവിത നിറഞ്ഞു തുളുമ്പുന്ന പദങ്ങള്‍ കൊണ്ടു അദ്ദേഹം രചിച്ച ഭക്തിഗാനങ്ങള്‍ ഇന്നും അനുപമമായ ആനന്ദലഹരിയിലേയ്ക്കു ശ്രോതാക്കളെ നയിക്കുന്നു. മരിക്കാത്ത ഗാനങ്ങളുടെ രചയിതാവായ ആബേലച്ചന്‍ കേരളത്തിലെ സിനിമയ്ക്കും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്ക്കാന്‍ ഒന്നുമില്ല. 1970-ല്‍ ആരാധനക്രമത്തിലെ ഗാനങ്ങള്‍ക്കു സംഗീതം പകരാനാണ് എറണാകുളം ടൗണ്‍ഹാളിനടുത്ത് കലാഭവന്‍ കര്‍ദ്ദിനാള്‍ പാറേക്കാട്ടിലിന്‍റെ ആശീര്‍വാദത്തോടുകൂടി ആരംഭിച്ചത്. അവിടെയാണ്  മലയാളിയെ കുടുകുടെ ചിരിപ്പിച്ച മിമിക്രി എന്ന ആധുനിക കലാരൂപം മലയാളിക്കായി രൂപപ്പെട്ടത്. ഇന്നു മലയാള സിനിമാ രംഗത്തുള്ള പല പ്രശസ്തരും ആബേല്‍ അച്ചന്‍റെ തട്ടകത്തില്‍ പരിശീലനം ലഭിച്ചവരാണ്. ഗാനഗന്ധര്‍വനായ യേശുദാസ് കലാഭവന്‍റെ ആദ്യ രൂപമായ ക്രിസ്ത്യന്‍ ആര്‍ട്ടസ് ക്ലബിലെ അംഗമായിരുന്നു. ജയറാമും സിദ്ദിഖും ദിലീപും ലാലും കലാഭവന്‍ മണിയും എന്‍. എഫ് വര്‍ഗീസും ഉള്‍പ്പെടെ സിനിമയിലെ ഒട്ടേറെ പ്രമുഖര്‍ കലാഭവനില്‍ ഉണ്ടും ഉറങ്ങിയും കല അഭ്യസിച്ചവരാണ്. ഗാനത്തെയും മിമിക്രിയെയും മാനവിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന മാധ്യമങ്ങളായി ആബേലച്ചന്‍ കണ്ടതിന്‍റെ ഫലം കേരളത്തിലെ കത്തോലിക്കര്‍ക്കു മാത്രമല്ല ഓരോ മലയാളിക്കും ഉപകാരപ്രദമായി.

നാടകശാലകളും സുവിശേഷപ്രചാരണങ്ങളും

ഏതൊരു സംസ്കാരത്തിലും മതപരവും മാനവികവുമായ സന്ദേശങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ ആദ്യ കാലങ്ങളില്‍ നാടക വേദികള്‍ ഫലപ്രദവും ക്രിയാത്മകവുമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നാടക രംഗത്തു ആദ്യ കാലങ്ങളില്‍ തന്നെ ക്രൈസ്തവരുടെ സംഭാവനകള്‍ അത്ര മോശമല്ലായിരുന്നു. എസ്. ഗുപ്തന്‍നായര്‍ എഴുതുന്നു, " മലയാള ഭാഷയില്‍ പ്രസിദ്ധീകൃതമായ ഒന്നാമത്തെ നാടകം എന്നു സംശയലേശമെന്യേ പറയാവുന്ന 'ആള്‍മാറാട്ട' ത്തിന്‍റെ (1866) കര്‍ത്താവ് കല്ലൂപ്പാറക്കാരന്‍ കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസാണ്. 'ആള്‍മാറാട്ടം അഥവ ഒരു നല്ല കേളീ സല്ലാപം' ഷേക്സ്പിയറുടെ 'കോമഡി ഓഫ് ഏറേഴ്സി'ന്‍റെ പരിഭാഷയാണ്. മലയാള ഭാഷയിലെ ആദ്യത്തെ ഷേക്സ്പിയര്‍ പരിഭാഷയും ഇതു തന്നെ". ബൈബിള്‍ നാടക രംഗത്തു കത്തോലിക്കാ സഭ കാണിച്ച താല്പര്യം നാടകത്തിലും സിനിമയിലും കത്തോലിക്കരുടെ സാന്നിദ്ധ്യം പല തലമുറകള്‍ തന്നെ എത്തിപ്പെടാന്‍ ഇടവന്നു. എറണാകുളത്ത് നിന്ന് ഒ.സി.ഡി സന്യാസികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍മല്‍ തിയേറ്റേഴ്സ് പ്രസിദ്ധ നാടക രചയിതാവായ എ.കെ പുതുശ്ശേരിയുടെ ഒട്ടേറെ ബൈബിള്‍ നാടകങ്ങള്‍ അരങ്ങത്തു കൊണ്ടു വന്നു. ഒരുകാലത്ത് ഇത്തരം നാടകങ്ങള്‍ തിരുന്നാളാഘോഷത്തിന്‍റെ ഭാഗമായി പള്ളിപ്പറമ്പുകളില്‍  ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. കത്തോലിക്കര്‍ മാത്രമല്ല ആ നാട്ടിലുള്ള നാനാ ജാതി മതസ്ഥരും നാടകം കാണുന്നതിനു വേണ്ടി പള്ളികളില്‍ ഓടിക്കൂടുമായിരുന്നു. കാര്‍മല്‍ തീയേറ്റ്ഴ്സേിന്‍റെ 'വാഗ്ദത്ത ഭൂമി' ഏകദേശം 300 വേദികളില്‍ അരങ്ങേറിയ നാടകമാണ്. മഗ്ദലനയിലെ മേരി, ബാബേല്‍ ഗോപുരം, സോദോം ഗൊമോറ, അത്തിപ്പഴത്തിന്‍റെ നാട്ടില്‍ നിന്നും. പ്രവാചകന്‍ എന്നീ നാടകങ്ങളൊക്കെ എ. കെ പുതുശ്ശേരി രചിച്ച് കാര്‍മല്‍ തീയേറ്റേഴ്സിലൂടെ അരങ്ങത്തെത്തിയവയാണ്. കൊച്ചിന്‍ തീയേറ്റേഴ്സാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മീഷന്‍ അഖില കേരള നാടക മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ ആദ്യ മൂന്നു വര്‍ഷവും ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡുകള്‍ നേടിയത്.  യഹോവയുടെ മുന്തിരിത്തോപ്പ്, വചനം തിരുവചനം എന്നീ നാടകങ്ങള്‍ ഇന്നും നാടക പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. കത്തോലിക്കരായ നാടക നടന്മാരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നും ഒട്ടേറെ പ്രസിദ്ധിയാര്‍ജ്ജിച്ച ബൈബിള്‍ നാടകങ്ങള്‍ക്കു കര്‍ട്ടന്‍ ഉയര്‍ത്തിയ മറ്റൊരു തീയേറ്റ്ഴ്സോണ് കൊച്ചിന്‍ നാടകവേദിയുടേത്. യശഃശരീരനായ കുയിലന്‍റെ ശബ്ദഗാംഭീര്യത്തോടെ, നിറഞ്ഞ സദസ്സുകളില്‍ അരങ്ങേറിയ ആര്‍ത്തബാന്‍, നീതിമാന്‍, വെള്ളിക്കാസ, ജോവാന്‍ ഓഫ് ആര്‍ക്ക് തുടങ്ങീയ നാടകങ്ങള്‍ സദസ്സുകളെ ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കുമായിരുന്നു. കൊല്ലം അസ്സീസി തിയേറ്റേഴ്സിലൂടെ മറ്റു ചില ബൈബിള്‍ നാടകങ്ങളും പിന്നീട് സാമൂഹിക നാടകങ്ങളും മലയാളികളുടെ മുമ്പില്‍ അവതിരപ്പിക്കപ്പെടുകയുണ്ടായി. പഴയനിയമത്തിലെ സാംസന്‍ ദലീലയിലൂടെ ദൈവത്തെ മറന്ന് ലോകത്തിന്‍റെ പ്രലോഭനങ്ങളില്‍ കുടുങ്ങിയാല്‍ വരുന്ന വിപത്തിനെ ശക്തിയുക്തം ആവിഷ്കരിക്കാന്‍ കപ്പൂച്ചിന്‍ വൈദികരുടെ നേതൃത്വത്തിലുള്ള അസ്സീസി തിയേറ്റേഴ്സിനായി. നാടകവേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന സെയ്ത്താന്‍ ജോസഫും ആലപ്പി തിയേറ്റേഴ്സിന്‍റെ നാടകങ്ങളും ബൈബിളിലെ കഥാപാത്രങ്ങളെ ജനമധ്യത്തില്‍ പുനര്‍ജീവിപ്പിച്ചവയായിരുന്നു. ബെന്‍ഹര്‍, മുപ്പതു വെള്ളിക്കാശ്, ക്വോവാദിസ്, പത്തു കല്പനകള്‍, മോശ, തോബിയാസ്, യാക്കോബിന്‍റെ മകനായ ജോസഫ് എന്നിവ കേരളത്തില്‍ അങ്ങോളമിങ്ങോളം നിറഞ്ഞ സദസ്സുകളില്‍ തിമിര്‍ത്താടിയ നാടകങ്ങളാണ്. നാടക മാധ്യമത്തെക്കുറിച്ച് എഴുതുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്ത ഒരു വ്യക്തിത്വമാണ് നാടകാചര്യനായിരുന്ന പി.ജെ. ചെറിയാന്‍റേത്. അദ്ദേഹത്തിന്‍റെ ഞാറയ്ക്കല്‍ 'സന്മാര്‍ഗവിലാസം നടന സഭ' യുടെ ബാനറിലാണ് 'മിശിഹാ ചരിത്രം' ആദ്യമായ് അവതരിപ്പിച്ചത്. ജ്ഞാനസുന്ദരി, മിശിഹാ ചരിത്രം, പറുദീസാ നഷ്ടം എന്നീ നാടകങ്ങള്‍ രചിച്ച വി.എസ്. ആന്‍ഡ്രൂസിനെയും ഇവിടെ സ്മരിക്കേണ്ടതാണ്. ഇന്നു പാലാ കമ്യൂണിക്കേഷന്‍സ് തുടങ്ങി ഏതാനും കത്തോലിക്കാ  നാടക ട്രൂപ്പുകള്‍ കേരളത്തില്‍ നാടക കല അന്യം നിന്നു പോകാത്ത നിലയില്‍ ആധുനിക ടെക്നിക്കുകള്‍ ഉപയോഗിച്ച്  നിലനിര്‍ത്തിക്കൊണ്ടു പോകുന്നു. പാലാ കമ്യുണിക്കേഷന്‍സിനു ഇന്നു സാമൂഹ്യ നാടകങ്ങള്‍ക്കായി ഒരു ട്രൂപ്പ്, ബൈബിള്‍ നാടകത്തിനായ മറ്റൊരു ട്രൂപ്പ്, കുട്ടികളുടെ നാടകത്തിനായി വേറൊരു ട്രൂപ്പ് ഇങ്ങനെ വളരെ വിപുലമായ സംവിധാനങ്ങളുണ്ട്. ഇന്നത്തെ സമൂഹത്തിനു തെറ്റും ശരിയും വേര്‍തിരിച്ചു കൊടുത്ത് ധാര്‍മികവും  ആത്മീയവുമായ ഉണര്‍വേകുന്നതില്‍ നാടക കലയ്ക്കു ഇന്നും അതിന്‍റെതായ സ്ഥാനവും പ്രധാന്യവുമുണ്ട്.

സിനിമയും കത്തോലിക്കാ സഭയും

കത്തോലിക്കാ സഭയുടെ നേരിട്ടുള്ള ഇടപെടല്‍ ജനകീയ കലയായ സിനിമാ രംഗത്തില്ലെങ്കിലും മലയാള സിനിമയുടെ എല്ലാ രംഗത്തും കത്തോലിക്കരായ ആര്‍ട്ടിസ്റ്റുകളെ സിനിമയുടെ ആദ്യ കാലം തുടങ്ങി നമുക്കു കാണാം. അവരുടെ   സാന്നിദ്ധ്യവും ക്രിയാത്മകതയും സിനിമയെ ജനകീയമാക്കുന്നതിലും സിനിമയിലൂടെ സാമൂഹത്തെയും സംസ്കാരത്തെയും കാലഘട്ടത്തിനനുസരിച്ച് പുനരുദ്ധരിക്കുന്നതിലും സഹായിച്ചിട്ടുണ്ട്. സിനിമ നിര്‍മാണം, സംവിധാനം, അഭിനയം എന്നീ രംഗങ്ങളിലെല്ലാം തങ്ങളുടെതായ മായാത്ത മുദ്ര പതിപ്പിച്ച നവോദയ അപ്പച്ചനും കുടുംബവും ഇന്നും സിനിമയില്‍ തങ്ങളുടെ സാന്നിദ്ധ്യം അവശേഷിപ്പിക്കുന്നു. ക്ലാസിക്കല്‍ സിനിമകള്‍ക്കു വേണ്ടി ഒരു ബൃഹത്തായ സ്റ്റുഡിയോ 'നവോദയ' എന്ന പേരില്‍ അപ്പച്ചന്‍ നിര്‍മിച്ചെടുത്തു. ആ തിയേറ്റേറില്‍ നിന്നും വന്ന ക്ലാസിക്കുകള്‍ മലയാള സിനിമയ്ക്കു മറക്കാനാകത്തതാണ്. നവോദയ സ്റ്റുഡിയോയില്‍ നിന്നാണ് 'ബൈബിള്‍ കീ കഹാനി' എന്ന പ്രസിദ്ധമായ ബൈബിള്‍ സീരിയല്‍ ദൂരദര്‍ശനില്‍ എത്തിയത്. ആദ്യത്തെ സിനിമാസ്കോപ്പ് സംവിധാനത്തില്‍ മലയാളത്തില്‍ എടുത്ത പടം 'പടയോട്ട'മാണ്. അപ്പച്ചന്‍റെ സഹോദരന്‍ കുഞ്ചാക്കോയും സിനിമാ രംഗത്തു തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ചു. മലയാളത്തിലെ ആദ്യ ത്രിമാന ചലച്ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തനും' ഇവരുടെ സംഭാവനയായിരുന്നു. സിനിമാ രംഗത്തും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച പ്രശസ്ത സംവിധായകരായ കെ.ജി ജോര്‍ജും, കലൂര്‍ ഡെന്നീസും ലാല്‍ ജോസും മറ്റും കത്തോലിക്കരാണെന്നതില്‍ നമുക്കഭിമാനിക്കാം. അഭിനയ രംഗത്തും ഒട്ടേറെ കത്തോലിക്കര്‍ ആദ്യ കാലത്തും ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

കത്തോലിക്കാ സഭയും സംഗീതവും

സംഗീതലോകത്തിലും കത്തോലിക്കാ സഭയുടെ സംഭാവനകള്‍ ഏറെയുണ്ട്. സംഗീതം മനസ്സിനു കുളിര്‍മയും മനുഷ്യര്‍ക്കു സ്വയം മറന്നു  ആത്മീയത നിര്‍വൃതിയനുഭവിക്കുന്നതിനുള്ള സ്വര്‍ഗീയമായ ചിറകുകള്‍ നല്കുന്നവയുമാണ്. കലാഭവനില്‍ ആബേല്‍ അച്ചന്‍റെ മേല്‍നോട്ടത്തില്‍ ഇറങ്ങിയ ഭക്തിഗാന കാസറ്റുകള്‍ ഇന്നും കേള്‍ക്കുമ്പോള്‍ നാം എല്ലാം മറന്നു സംഗീതത്തിന്‍റെ സ്വര്‍ഗ്ഗീയതയിലേയ്ക്കുയരുന്നു. എറണാകുളത്ത് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള സി എ. സിയും, കൊച്ചി രൂപതയിലെ സാന്താ സിസിലിയ, തൃശൂരില്‍ സി.എം. ഐ വൈദികരുടെ നേതൃത്വത്തിലൂള്ള ചേതന തുടങ്ങിയ സ്റ്റുഡിയോകള്‍ ഇവിടെ എടുത്തു പറയേണ്ടവയാണ്. മാത്രവുമല്ല ഭക്തിഗാന രംഗത്തു നിന്നും കെ.ജി മര്‍ക്കോസും, മിന്‍മിനിയും ദലീമയും എലിസബത്ത് രാജുവും  മറ്റു പലരും പിന്നീട് സിനിമയിലെ പ്രശസ്തരായ പിന്നണി ഗായകരായി തീര്‍ന്നതുപോല തന്നെ മധു ബാലകൃഷ്ണന്‍, ബിജു നരായണന്‍ തുടങ്ങിയവര്‍ ക്രീസ്തീയ ഭക്തിഗാന രംഗത്തുനിന്നാണ് പിന്നണി ഗായകരുടെ നിരയിലേയ്ക്കുയര്‍ന്നത്. സംഗീത സംവിധാന രംഗത്തും കത്തോലിക്കാ സംവിധായകരുടെ സാന്നിധ്യം അന്നും ഇന്നുമുണ്ട്. ജോബ് മാസ്റ്ററും, ബേണി ഇഗ്നേഷ്യസും, ജെറി അമല്‍ദേവും, ഔസേപ്പച്ചനും ജോണസനും ഒക്കെ കേരള സംഗീത ലോകത്തിലെ പ്രശസ്തരാണ്. ഭക്തിഗാന രംഗത്തു കത്തോലിക്കാ വൈദികരുടെ നിറവ് എന്നും ഉണ്ടായിരുന്നു. ക്ലാസ്സിക്കുകളായ ഭക്തിഗാനങ്ങള്‍ രചിച്ച ഫാ. ചെറിയാന്‍ കുനിയന്തോടത്തിനോടൊപ്പം സുന്ദരമായ ഭക്തിഗാനങ്ങളും ഏതാനും സാമൂഹികഗാനങ്ങളും കുറിച്ച ഫാ. തദേവൂസ് അരവിന്ദത്തും ദേശ ഭക്തി ഗാനങ്ങള്‍ സമ്മാനിച്ച ഫാ. ജോണ്‍ പൈനുങ്കലും പ്രത്യേകം സ്മരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. സംഗീതത്തിനു മറ്റൊരു മാനവും ഉണ്ട്. വ്യതസ്ത മതജാതികളിലുള്ള വ്യക്തികള്‍ ഒരുമിച്ചു തങ്ങളുടെ മതജാതി ചിന്തകള്‍ക്കപ്പുറം മനുഷ്യമനസ്സുകളെ ദൈവത്തിലേയ്ക്കും ഭക്തിയിലേയ്ക്കും ലയിപ്പിക്കുന്ന അതിര്‍ത്തികളില്ലാത്ത സപര്യയാണത്. 

കത്തോലിക്കാ സഭയും ഇലക്ട്രോണിക് മാധ്യമങ്ങളും

ആശയവിനിമയ വിസ്ഫോടനത്തിന്‍റെ കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. മാധ്യമങ്ങളെ എങ്ങനെ സുവിശേഷ വത്കരണത്തിനും ആശയ സംവേദനത്തിനുമായി ഫലഫ്രദമായി ഉപയോഗിക്കാം എന്നു മനസ്സിലാക്കിയ മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വത്തിക്കാന്‍റെ മാധ്യമപ്രവര്‍ത്തനങ്ങള്‍ കാലത്തിന്‍റെ ഗതിയനുസരിച്ചു വളര്‍ത്തുകയും പുരോഗതിയിലേയ്ക്കു നയിക്കുകയും ചെയ്തു. എല്ലാ ആധുനിക ആശയ വിനിമയ രംഗവും വത്തിക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു. പക്ഷേ ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും മാധ്യമരംഗത്തെ ആധുനിക വഴികളെ കത്തോലിക്കാ സഭ കാലത്തിനനുസൃതമായി ഉപയോഗപ്പെടുത്തുന്നതില്‍ മാന്ദ്യം കാണിച്ചുവെന്നു പറയേണ്ടിവരും. അതിനു പല കാരണങ്ങളും ഉണ്ടായിരുന്നു. ടിവി, റേഡിയോ പോലുള്ള ചാനലുകള്‍ തുടങ്ങാനുള്ള സാമ്പത്തിക ബാധ്യതയും ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിധ്യം സാധാരണക്കാരുടെ ഇടയില്‍ അധികം ചെല്ലുന്നില്ല എന്നുള്ള ആദ്യകാലത്തെ തെറ്റിദ്ധാരണയുമായിരിക്കണം ഇതിനു കാരണം. മാത്രവുമല്ല കേരള കത്തോലിക്കാ സഭയുടെ റീത്തുകളുടെ പേരിലുള്ള വിഭജനവും മറ്റും ഒരു പൊതുവായ സംരംഭത്തിനു എന്നും തടസ്സമായിരുന്നു.കത്തോലിക്കാ സഭ ടെലവിഷന്‍ രംഗത്തു പൊതുവായി ആരംഭിച്ച സംരംഭമായിരുന്ന ജീവന്‍ ടി.വി. പക്ഷേ അതിന്‍റെ തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടായി. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പ്രത്യേകിച്ചു തൃശൂര്‍ അതിരൂപതയുടെ മേല്‍നോട്ടത്തില്‍ പൊതു സംരംഭമായാണ് 2002-ല്‍ ജീവന്‍ ടി.വി സംപ്രേഷണം ആരംഭിച്ചത്. ഏകദേശം 6000 സംരംഭകരില്‍ നിന്നു 25 കോടിയോളം രൂപ സ്വരൂപിച്ചായിരുന്നു തുടക്കം. വാര്‍ത്തകള്‍ക്കും ആനുകാലിക സംഭവങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും പ്രഥമ സ്ഥാനവും വിനോദത്തിനു രണ്ടാം സ്ഥാനവും കൊടുത്തുകൊണ്ടായിരിക്കും ജീവന്‍ ടി.വി പ്രവര്‍ത്തിക്കുന്നതെന്ന് ആദ്യ മാനേജിംഗ് ഡയറക്ടറായിരുന്ന പി.സി സിറിയക് ഐ.എ. എസ് പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക ഞെരുക്കങ്ങള്‍ കൊണ്ടു ആ തത്ത്വം പിന്നീട് ചാനലിനു കാത്തു സൂക്ഷിക്കാനായില്ല. ഒരു വാര്‍ത്താ ചാനല്‍ നടത്തുന്നതിനായുള്ള ഭീമമായ ചെലവ്  ആദ്യം മുതലേ ചില വ്യാവസായിക പ്രമുഖരുടെ കൈകളില്‍ ജീവനെ കൊണ്ടു ചെന്നെത്തിച്ചു. പരസ്യങ്ങളുടെ ലഭ്യതയ്ക്കു വേണ്ടി ഒരു ക്രൈസ്തവ ചാനലിന്‍റെ അനന്യത സൂക്ഷിച്ചുകൊണ്ടു കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയാതെയും വന്നു. എങ്കിലും ജീവന്‍ ടി.വിയുടെ സാന്നിദ്ധ്യം സെക്കുലര്‍ മാധ്യമ രംഗത്തു ഇന്നു കത്തോലിക്കാ സഭയ്ക്കു എടുത്തു പറയാവുന്ന തരത്തിലാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും മദര്‍ തേരസയുടെയും നാമകരണ പ്രക്രിയകള്‍ റോമില്‍ നടന്നപ്പോള്‍ അവയൊക്കെ കേരളത്തില്‍ 'ലൈവ്' ആയി കാണിക്കുവാന്‍ മറ്റു മുഖ്യധാരാ ചാനലുകള്‍ തയ്യാറായതു ജീവന്‍ ടി.വി ഇത്തരം കാര്യങ്ങളില്‍ എടുത്ത നിലപാടു തന്നെയാണ്. എങ്കിലും കേരളത്തിലെ കത്തോലിക്കാ സഭ കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു ചാനല്‍ എന്ന നിലയിലേയ്ക്കു അതിനെ വളര്‍ത്താനോ അതിനു വളരുവാനോ സാധിച്ചില്ല എന്ന പരിതാപകരമായ അവസ്ഥ ജീവനുണ്ട്.ശാലോം ടി.വി ചാനലും 2011 നവംബറില്‍ കേരളത്തില്‍ പ്രക്ഷേപണം ആരംഭിച്ച ഡിവൈന്‍ ടി.വിയുടെ ഗുഡ് ന്യൂസ് ചാനലും സെക്കുലര്‍ ലോകത്തെ അഭിസംബോധന ചെയ്യുന്നില്ലെങ്കിലും കത്തോലിക്കാ ആത്മീയതയുടെ നിറകാഴ്ചകള്‍ കുടുംബങ്ങളിലെത്തിക്കുന്ന ഇലക്ട്രോണിക് വഴികളാണ്. കേരള കത്തോലിക്കാ സഭയില്‍ മാധ്യമ രംഗത്തു ശാലോം പ്രസിദ്ധീകരണങ്ങളിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച ബെന്നി പുന്നത്തറ സുവിശേഷവത്കരണ ദൗത്യത്തിന്‍റെ ഭാഗമായി 1998 ലാണ് ഏഷ്യാനെറ്റില്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'സമാധാനം നമ്മോടു കൂടെ' എന്ന ഒരു പ്രോഗ്രാം ആരംഭിക്കുന്നത്. അതിന്‍റെ ചുവടു പിടിച്ച് സ്വന്തമായി ഒരു ആത്മീയ ചാനല്‍ എന്ന സ്വപ്നം ഒട്ടേറെ സുമനസ്സുകളുടെ സഹകരണത്തോടെ 2005 മാര്‍ച്ചില്‍ 24 മണിക്കൂര്‍ സംപ്രേഷണം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ടെലിവിഷന്‍ നെറ്റ്വര്‍ക്കായ 'ഇറ്റേണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ് വര്‍ക്കു'മായി നേരിട്ടുള്ള ബന്ധം ശാലോം ടെലിവിഷനുണ്ട്.കേരളത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ ആത്മീയ ഉണര്‍വ് കൊണ്ടു വന്ന വിന്‍സെഷ്യന്‍ സഭാ വൈദികരുടെ പോട്ടയും മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രവും ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും അറിയപ്പെടുന്ന ധ്യാന കേന്ദ്രങ്ങളാണ്. നവസുവിശേഷവത്കരണത്തിന്‍റെ ഉപകരണമായ ടെലിവിഷന്‍ കേരളത്തിലെ ഒട്ടു മിക്ക കുടുംബങ്ങളിലും കടന്നു ചെന്നതോടെ  വ്യത്യസ്ഥ ചാനലുകളില്‍ സമയബന്ധിതമായ വചന പ്രഘോഷണ പ്രോഗ്രാമുകളിലൂടെ വചന പ്രഘോഷകരായ വൈദികര്‍ രംഗപ്രവേശം ചെയ്തു. ഡിവൈന്‍ ടെലിവിഷനും ഇന്‍റര്‍നെറ്റും ഉപയോഗിച്ചുകൊണ്ടുള്ള സുവിശേഷ പ്രഘോഷണത്തിനു സ്വന്തമായൊരു വഴിയെക്കുറിച്ചുള്ള ചിന്തകള്‍ക്കു ഇടം കൊടുത്തു. 2008-ല്‍ യൂറോപ്പിലും ഗള്‍ഫ് മേഖലകളിലും ഡിവൈന്‍ ചാനല്‍ സജീവമായി. 2011 നവംബറില്‍ കേരളത്തില്‍ ഡിവൈന്‍ ടി.വിയുടെ മലയാള സംപ്രേഷണത്തിനായുള്ള 'ഗുഡ്ന്യൂസ് ചാനല്‍' ആരംഭിച്ചു. ശാലോ ടിവിയും ഡിവൈന്‍ ടി.വിയും പുതിയ ഇലക്ട്രോണിക് മാധ്യമങ്ങളായ 'ഇന്‍റര്‍ നെറ്റും' അവരുടെ ചാനലുകളോടൊപ്പം ഉപയോഗപ്പെടുത്തുന്നുണ്ട്. മാനന്തവാടി രൂപതയില്‍ ഒരു കമ്യൂണിറ്റി എഫ്. എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഒട്ടു മിക്ക കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ക്കും ഇന്നു ഇന്‍റര്‍നെറ്റ് പതിപ്പുകളും ഉണ്ട്. മലയാള പത്രങ്ങളുടെ ലോകത്ത് ആദ്യമായി ഇന്‍റര്‍നെറ്റ് എഡിഷന്‍ തുടങ്ങിയതു ദിപീക പത്രമാണ്. ഇന്നും ദിപീകയുടെ ഇന്‍റര്‍നെറ്റ് എഡിഷന്‍ വളരെ ഫലപ്രദമായി വാര്‍ത്തകള്‍ ലോകത്തിനു മുമ്പില്‍ വിന്യസിപ്പിക്കുന്നുണ്ട്. മാധ്യമരംഗത്തു പരിശീലനം കൊടുക്കുന്ന കേന്ദ്രങ്ങളും ഇന്നു കത്തോലിക്കാ സഭയുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലുള്ള മീഡിയ വില്ലേജും, കോഴിക്കോട് അങ്ങാടിക്കടവില്‍ ഡോണ്‍ ബോസ്കോ വൈദികരുടെ നേതൃത്വത്തിലുള്ള മീഡിയ സ്കൂളും ഇവയില്‍ എടുത്തു പറയത്തക്ക സേവനം കാഴ്ചവയക്കുന്നവയാണ്.

ഉപസംഹാരം

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു, 'ക്രിസ്തുവിനെ മറ്റുള്ളവരില്‍ എത്തിക്കുക' എന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യം. നാം ജീവിക്കുന്ന സംസ്കാരത്തെയും സമൂഹത്തെയും സുവിശേഷീകരിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. കത്തോലിക്കാ സഭയുടെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് സുവിശേഷ പ്രഘോഷണത്തിന്‍റെ പശ്ചാത്തലത്തിലാണ്. സുവിശേഷ പ്രഘോഷണം മാനവിക മൂല്യങ്ങള്‍  വിന്യസിപ്പിക്കുന്നതിലൂടെയും സാധ്യമാക്കാം. അങ്ങനെ നോക്കുമ്പോള്‍ കത്തോലിക്കാ സഭ മാധ്യമ രംഗത്തു തനതായ രീതിയില്‍ സംഭാവനകള്‍ നല്‍കുന്നുണ്ട്. പക്ഷേ ഇന്നും സെക്കുലര്‍ ലോകത്തിലേയ്ക്കു നേരിട്ടു കടന്നു ചെല്ലാവുന്ന മാധ്യമങ്ങളെ നാം വളര്‍ത്തിയെടുത്തിട്ടില്ല എന്ന കാര്യം നാം മറക്കരുത്. ഇന്ത്യയിലും കേരളത്തിലും ക്രൈസ്തവരുടെ അംഗസംഖ്യ കുറവാണ്. ഇവിടെ നാം നമ്മോടു തന്നെ സംവേദിക്കുന്നതിനപ്പുറത്ത് നാം സെക്കുലര്‍ ലോകത്തോട് സംവദിക്കണം. കത്തോലിക്കാ സഭയുടെ കൂട്ടായ നേതൃത്വത്തില്‍ സെക്കുലര്‍ ലോകത്തിലെ പത്രങ്ങളോടും ചാനലുകളോടും കിടപിടിക്കാവുന്ന തരത്തിലുള്ള മാധ്യമോപാധികള്‍ ഒരുക്കുന്നതില്‍ നാം പരാജയപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഈ ലേഖകനുണ്ട്. മാധ്യമ രംഗം എന്നും തുറവിയുടെയും വിമര്‍ശനത്തിന്‍റെയും വിശകലനത്തിന്‍റെതുമാണ്. സഭ വിമര്‍ശിക്കപ്പെടുന്നതില്‍ നാം വിഷമിക്കേണ്ട കാര്യമില്ല. വിമര്‍ശനത്തിലൂടെ മാത്രമേ വളര്‍ച്ചയുണ്ടാകുകയുള്ളു. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചെടുത്ത് ഇനിയും കത്തോലിക്കാ സഭ മാധ്യമരംഗത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ ചിന്തിക്കുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. സുവിശേഷവത്കരണത്തിന്‍റെ ഏറ്റവും ശക്തമായ ഉപകരണങ്ങള്‍ എന്ന നിലയ്ക്കു നഷ്ടം സഹിച്ചിട്ടാണെങ്കിലും ശക്തമായ മാധ്യമോപാധികള്‍ കത്തോലിക്കാ സഭയ്ക്കുണ്ടായിരിക്കണം. 'ദൈവത്തിന്‍റെ സ്നേഹവും നന്മയും മഹത്ത്വവും എല്ലാ സൃഷ്ടികളെയും അറിയിക്കുക എന്നതിലും വലുതായി മറ്റൊന്നുമില്ല' (വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍).

(നോബിൾ തോമസ് പാറക്കൽ എഡിറ്റ് ചെയ്ത കേരളസഭ: നാൾവഴികളും നാളെകളും എന്ന പുസ്തകത്തിൽനിന്നും)


ഗ്രന്ഥസൂചിക

1. ഡോ. സെഡ്. എം. മൂഴുര്‍ (2005): നസ്രാണിദീപികയും മലയാള സാഹിത്യവും,. കറന്‍റ് ബുക്ക്സ്: കോട്ടയം2. എസ്. ഗുപ്തന്‍നായര്‍ (2001): ഗദ്യം പിന്നിട്ട വഴികള്‍. ഡി.സി. ബുക്ക്സ്: കോട്ടയം3. പി. ഗോവിന്ദപിള്ള (2009): കേരള നവോത്ഥാനം യുഗസന്തതികള്‍, യുഗശില്‍പികള്‍. ചിന്ത പബ്ലിഷേഴ്സ്: തിരുവന്തപുരം4. എം.വി തോമസ് (2005): ഭാരതീയ പത്രചരിത്രം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: തിരുവനന്തപുരം5. ജോണ്‍ കച്ചിറമറ്റം (2001): കേരള സഭാരത്നങ്ങള്‍. ഡോ. കച്ചിറമറ്റം ഫൗണ്ടേഷന്‍: പിഴക്6. ജോര്‍ജ് വെളിപറമ്പില്‍ (2010): കേരള സഭാ ചരിത്രം. കാര്‍മല്‍ ഇന്‍റര്‍ നാഷണല്‍ പബ്ളിഷിംഗ് ഹൗസ്: തിരുവനന്തപുരം7. പുതുപ്പള്ളി രാഘവന്‍ (2001): കേരള പത്രപ്രവര്‍ത്തന ചരിത്രം. ഡി.സി ബുക്ക്സ്: കോട്ടയം8. ജേക്കബ് ഏറണാട്ട് (എഡിറ്റര്‍) (1996): എറണാകുളം അതിരൂപത, ചരിത്രാവലോകം, അതിരൂപതാ കൂരിയ:  എറണാകുളം9. ഏ. കെ. പുതുശ്ശേരി (2006): ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍. കേരള സംഗീത നാടക അക്കാദമി: തൃശ്ശൂര്‍10. ഏ. കെ. പുതുശ്ശേരി (2007): അരങ്ങൊഴിഞ്ഞ നടന്‍. പ്രണത ബുക്ക്സ്: എറണാകുളം11. A.M Mundadan (2008):  Blessed Kuriakose Elias Chavara. Dharmaram Publications: Bangalore

communication catholic media Dr.kuriakose mundadan Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message