We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. G. Chediyath ,Dr. Xavier Koodappuzha On 06-Feb-2021
ഭാരതത്തിലെ ക്രിസ്തുമതത്തിന്‍റെ ആരംഭം അപ്പസ്തോലനായ തോമാശ്ലീഹായുടെ ആഗമനത്തോടെയായിരുന്നു.
16-ാം നൂറ്റാണ്ട് വരെയുളള ഇന്‍ഡ്യന്‍ സഭ: മാര്‍ത്തോമ്മായുടെ മക്കള്‍
16-ാം നൂറ്റാണ്ടില്‍, പോര്‍ട്ടുഗീസുകാരുടെ ആഗമ നത്തിന് മുന്‍പ് ഇന്‍ഡ്യന്‍ സഭ, മാര്‍ത്തോമ്മായുടെ സഭയായി താദാത്മീഭവിച്ചിരുന്നു. ചരിത്രാവബോധ ത്തിന്‍റെ അഭാവം ഇന്‍ഡ്യന്‍ ജനതയുടെ പൊതുസ്വഭാ വസവിശേഷതയായതിനാല്‍ ചരിത്രരേഖകള്‍ സൂക്ഷിക്കുവാനോ, ചരിത്രസംഭവങ്ങള്‍ ആലേഖനം ചെയ്യുവാനോ ഇന്‍ഡ്യക്കാര്‍ ശ്രദ്ധചെലുത്തിയി രുന്നില്ല. ഇതിനൊട്ടും അപവാദവുമായിരുന്നില്ല തദ്ദേശീയരായ മാര്‍ത്തോമ്മാവിശ്വാസികളും! തന്മൂലം സഭയുടെ ആദ്യകാലചരിത്രത്തിന്‍റെ ഏറിയപങ്കും വിസ്മൃതിയിലാണ്ടു. എങ്കിലും ലഭ്യമായ രേഖകള്‍ ആദ്യകാലസഭാ ചരിത്രത്തിലേക്ക് ചെറുവെട്ടം വീശുന്നുണ്ട്. മാര്‍ത്തോമ്മാക്രിസ്ത്യാനികളെ സംബ ന്ധിച്ച് ക്രിസ്തീയത, വിശ്വസിക്കപ്പെടേണ്ട ഒരുകൂട്ടം സത്യങ്ങളോ, വെറും പ്രബോധനങ്ങളോ അല്ലെങ്കില്‍ പ്രഖ്യാപിത ഡോഗ്മകളോ, ആയിരുന്നില്ല, പ്രത്യുത ڇവഴിയും സത്യവും ജീവനുമായ (യോഹ.14:6) യേശുവിന്‍റെ കുരിശുമരണവും സാധിതമായ ഉത്ഥാനവും രക്ഷയുംമൂലം കരഗതമാക്കാനുളള "വഴി"യായിരുന്നു (Margam). പിതാവിങ്കല്‍ എത്തിച്ചേരുവാനുള്ള പാത ഭാരതമണ്ണിന് വെളിപ്പെടുത്തിയ തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗമായിരുന്നു ( Thoma Margam). തനതായ ആരാധനാക്രമം, ആദ്ധ്യാത്മികത, ശിക്ഷണ ക്രമം, ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും ഒപ്പംതന്നെ സാമൂഹിക, രാഷ്ട്രീയ സാംസ്കാ രികമായ ജീവിതക്രമങ്ങളും ഉള്‍പ്പെടുന്നതായിരുന്നു തോമായുടെ മാര്‍ഗ്ഗം. തോമായുടെ നിയമം എന്നപേരില്‍ അറിയപ്പെട്ടിരുന്നത്. ഈ അദ്ധ്യായത്തില്‍ തോമാശ്ലീഹായുടെ ആഗമനവും, ഭാരതസഭയുടെ ആരംഭവും, പോര്‍ട്ടുഗീസ് മിഷനറിമാരും ആഗമനം വരെയുളള ചരിത്രം ഈ അദ്ധ്യായത്തില്‍ നാം കാണുന്നു.
ഭാരതകത്തോലിക്കാസഭയുടെ അപ്പസ്തോലിക ഉദ്ഭവം:
ഉത്ഥിതന്‍റെ വിരിമാറില്‍ സ്പര്‍ശിച്ച് എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ (യോഹ.20:28) എന്ന്. ഉദ്ഘോഷിച്ച തോമാശ്ലീഹാ, ആദ്യനൂറ്റാണ്ടിന്‍റെ പകുതിയോടെ തെക്കേഇന്ത്യയില്‍ എത്തി ച്ചേരുകയും വിശ്വാസത്തിന്‍റെ വിത്തുകള്‍ പാകുകയും ചെയ്തു എന്ന സജീവ പാരമ്പര്യം മാര്‍ത്തോമ്മാ ക്രിസ്ത്യാനി കളുടെ ഇടയില്‍ നിലനിനിന്നിരുന്നു. AD 52 ല്‍ മുസരിസ് (കൊടുങ്ങല്ലൂര്‍) എന്ന പുരാതന തുറമുഖത്ത് ശ്ലീഹാ എത്തിച്ചേരുന്നുവെന്ന് പാരമ്പര്യം സാക്ഷിക്കുന്നു.
മാര്‍ തോമാശ്ലീഹായുടെ ഭാരതയാത്ര
പശ്ചിമേഷ്യയിലെ പലസ്തീനില്‍നിന്ന് ശ്ലീഹന്മാര്‍ കര്‍തൃകല്പനാനുസൃതം ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും പോയി സുവിശേഷം പ്രസംഗിച്ചു. ഭാരതത്തിന്‍റെ ശ്ലീഹാ ആയത് മാര്‍ തോമയാണ്. ഇത്രയും വിദൂരമായ സ്ഥലത്ത് മറ്റൊരു ശ്ലീഹായും പോയതായി അറിയില്ല. പൗലോസ് ശ്ലീഹാ സ്പെയിന്‍വരെ പോയി. ബര്‍ത്തലോമിയോ ഭാരത്തില്‍ വന്നു എന്ന് എവുസേബിയസ് പറയുന്നു. പാര്‍ത്തിയായിലെ വിവിധ സെമിറ്റിക് വിഭാഗങ്ങളോടും മറ്റു ജനതകളോടും പ്രസംഗിച്ചശേഷം ഭാരതത്തിലെ യഹൂദരോടും അവര്‍വഴി യഹൂദരല്ലാത്തവരോടും പ്രസംഗിക്കാനായിരിക്കാം ശ്ലീഹാ എത്തിയത്. അന്നത്തെ കാലത്ത് ഭാരതത്തില്‍ എത്തണമെങ്കില്‍ അതിനു തക്ക കാരണങ്ങളുണ്ടായിരിക്കണം.
യഹൂദസാന്നിദ്ധ്യം
കച്ചവടത്തിനായി എത്തിയ യഹൂദന്മാരുടെ കോളനികള്‍ അന്നത്തെ കേരളത്തില്‍ ഉണ്ടായിരുന്നു. പശ്ചാത്യലോകവുമായി കച്ചവടം നടത്തി ഈ യഹൂദന്മാര്‍ ജീവിച്ചു. ക്രി.വ. ഒന്നാം നൂറ്റാണ്ട് ഇത്തരം കച്ചവടം അത്യുച്ചകോടിയിലെത്തിയ കാലഘട്ടമായിരുന്നു യഹൂദരുടെ സാന്നിദ്ധ്യമാണ് അദ്ദേഹത്തെ ഇവിടെ കൊണ്ടെത്തിച്ചത്. കച്ചവടക്കാരായ യഹൂദരോട് അറമായ ഭാഷയില്‍ അദ്ദേഹം പ്രസംഗിച്ചു. അവര്‍വഴി മറ്റു ജനപദങ്ങളോടും, കൊടുങ്ങല്ലൂര്‍, പാലയൂര്‍ തുടങ്ങി. സ്ഥലങ്ങളില്‍ യഹൂദന്മാര്‍ ധാരാളമുണ്ടായിരുന്നു.
യാത്രാസൗകര്യം
പാശ്ചാത്യലോകത്തുനിന്ന് മണ്‍സൂണ്‍ കാറ്റിന്‍റെ ഗതിയനുസരിച്ച് കുറഞ്ഞസമയം കൊണ്ട് ഭാരതത്തിലെത്താം എന്നു കണ്ടുപിടിക്കപ്പെട്ടതോടെ കേരളവും പാശ്ചാത്യലോകവുമായുള്ള വ്യാപാരബന്ധം ശതഗുണീഭവിച്ചു. ഇപ്രകാരമുള്ള വ്യാപാരികളുടെ കൂടെയാകാം മാര്‍തോമാ കേരളത്തിലെത്തിയത്. റോമക്കാര്‍ കടലിലെ വഴികളൊക്കെ കൊള്ളക്കാരില്‍നിന്ന് സുരക്ഷിതമാക്കി. പശ്ചിമേഷ്യയില്‍ നിന്ന് മാര്‍ തോമാശ്ലീഹാ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കര എന്ന സ്ഥലത്താണ് വന്നിറങ്ങിയതും ആദ്യം സുവിശേഷം പ്രസംഗിച്ചതും സഭ സ്ഥാപിച്ചതും. അക്കാരണത്താല്‍ ശ്ലീഹാ സ്ഥാപിച്ച സഭ څമലങ്കരസഭچ എന്നു അറിയപ്പെടുന്നു.
ഭാരതത്തിലെ പ്രേഷിതവൃത്തി
കേരളത്തില്‍ മാര്‍ തോമാശ്ലീഹാ എഴു സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചു എന്നതിന് കുരിശു നാട്ടി എന്നല്ല, എഴു സഭാസമൂഹങ്ങള്‍ക്കു ജന്മം നല്‍കി എന്നര്‍ത്ഥം. പ്രസ്തുത സ്ഥലങ്ങളില്‍ ദീര്‍ഘകാലം താമസിച്ച് സുവിശേഷത്തിനു സാക്ഷ്യം നല്‍കി: കൊടുങ്ങല്ലൂര്‍, പുലയൂര്‍, പറവൂര്‍ (കോട്ടയ്ക്കാവ്), കോക്കമംഗലം, കൊല്ലം, നിരണം (തൃപ്പലേശ്വരം), ചായല്‍ (നിലയ്ക്കല്‍) എന്നിവയാണ് എഴുസ്ഥലങ്ങള്‍. കേരള ക്രൈസ്തവ സഭയുടെ അതിപ്രാചീന കേന്ദ്രങ്ങളായിരുന്നു മേല്‍പറഞ്ഞ ഏഴുകേന്ദ്രങ്ങള്‍. ഓരോന്നിനെപ്പറ്റിയും ചുരുക്കമായി ഇവിടെ പ്രതിപാദിക്കാം.
കേരളത്തിലെ സപ്തദേവാലയങ്ങള്‍
കൊടുങ്ങല്ലൂര്‍: ഭാരതത്തിലെ മാര്‍തോമാ ക്രിസ്ത്യാനികളുടെ തറവാടാണ് കൊടുങ്ങല്ലൂരിലെ മാല്യങ്കരസഭ. മാര്‍തോമാശ്ലീഹാ മാനസാന്തരപ്പെടുത്തിയ ആദ്യ കുടുംബങ്ങള്‍ മുസ്സരിസില്‍ താമസിച്ചിരുന്നവരായിരുന്നു. അവിടെനിന്ന് മറ്റിടങ്ങളിലേക്ക് കാലാകാലങ്ങളില്‍ കുടിയേറിയവരും മക്കോദയ, മഹോദയ എന്നു കൂട്ടിച്ചേര്‍ത്ത് പ്രയോഗിച്ചിരുന്നു. മലങ്കര സമുദായത്തിന്‍റെ തായ്വേണിവിടെ ദര്‍ശിക്കുക. പോര്‍ച്ചുഗീസുകാര്‍ ഭാരതത്തിലെത്തുമ്പോള്‍ കൊടുങ്ങല്ലൂരായിരുന്നു മാര്‍തോമാ ക്രിസ്ത്യാനികളുടെ പ്രധാന സഭാകേന്ദ്രം. യഹൂദര്‍ക്ക് ജറുസലേം പോലെയാണ് മാര്‍തോമാ ക്രിസ്ത്യാനികള്‍ക്ക് കൊടുങ്ങല്ലൂര്‍. യഹൂദരും യഹൂദരല്ലാത്തവരുമായ ജനപദങ്ങള്‍ തോമായുടെ മാര്‍ഗം സ്വീകരിച്ച് നസ്രാണികളായി. കാലക്രമത്തില്‍ കൊടുങ്ങല്ലൂരിന്‍റെ പ്രാധാന്യം കുറഞ്ഞു. പോര്‍ട്ടുഗീസുകാരുടെ ആധിപത്യത്തോടുകൂടിയാണ് കൊടുങ്ങല്ലൂരിന്‍റെ പ്രാധാന്യം കുറഞ്ഞുപോയത്.
കൊല്ലം: മാര്‍തോമാശ്ലീഹാ സ്ഥാപിച്ച മറ്റൊരുസഭാകേന്ദ്രം കൊല്ലത്തോ, കൊല്ലത്തിനു സമീപത്തോ ആണ്.കുരക്കേണിക്കൊല്ലം, കൗലംമലൈ, കൊല്ലിമല എന്നൊക്കെ കൊല്ലം അറിയപ്പെട്ടിരിന്നു. കൊല്ലം വാണിജ്യകേന്ത്രമായത് പില്‍ക്കാലത്താണ്. ചൈനക്കാരുടെ ഒരു കച്ചവടസംഘം സ്ഥിരമായി കൊല്ലത്തുണ്ടായിരുന്നു. അവരില്‍ ചിലരും ക്രൈസ്തവരായി. കൊല്ലത്തെ മാതൃദേവാലയത്തെപ്പറ്റി ഇന്നു നമുക്കറിവില്ല. ഒരുപക്ഷേ അതും കൊടുങ്ങല്ലൂര്‍ പള്ളിപോലെ കടലിനടിയില്‍ ഉള്‍പ്പെട്ടുപോയിരിക്കാം ഏതായാലും ഒരു ശ്ലൈഹിക സഭ കൊല്ലത്തുണ്ടായിരുന്നു എന്നതാണ് മാര്‍തോമാ ക്രിസ്ത്യാനികളുടെ പുരാതനമായ പാരമ്പര്യം. ഉദയം പേരൂര്‍ സൂനഹദോസിന്‍റെ കാലത്തു കൊല്ലത്തു രണ്ടു പള്ളികളുണ്ടായിരുന്നു. അതിലൊന്നു മാതാവിന്‍റെ നാമത്തിലുള്ളതായിരുന്നു. അത് തോമാശ്ലീഹാ സ്ഥാപിച്ച പള്ളിയായിരുന്നു. കടലിലേയ്ക്കു തള്ളി നിന്ന സ്ഥലത്തായിരുന്നു ഈ പള്ളി. അതു കടല്‍ കയറി നശിച്ചു പോയി. ഒരു പാരമ്പര്യമനുസരിച്ച്, ക്രിസ്തുവിന്‍റെ ജനന സമയം വെളിപ്പെടുത്തിയ ഒരു ദര്‍ശനക്കാരി (സിബില്‍) കൊല്ലത്തുണ്ടായിരുന്നു. സിബിലിന്‍റെ വാക്കുകേട്ടു പെരുമാള്‍ പലസ്തീനായില്‍ പോയി. ശിശുവിനെ വന്ദിച്ച ജ്ഞാനികളില്‍ ഒരാള്‍ ഈ പെരുമാളായിരുന്നു എന്നാണ് ഐതിഹ്യം. തിരികെയെത്തിയ പെരുമാള്‍ മാതാവിന്‍റെ ഒരു പടം വരച്ചു കൊണ്ടുവന്നു സിബിലിനു സമ്മാനിച്ചു. സിബിലിന്‍റെ കല്ലറയില്‍ ആ പടം അടക്കം ചെയ്തു.
നിരണം: കടല്‍ത്തീരത്തുള്ള ഒരു സ്ഥലമായിരുന്നു നിരണം. പമ്പയാര്‍ കടലില്‍ പതിച്ചിരുന്നതു നിരണത്തായിരുന്നു എന്നു പറയപ്പെടുന്നു. അവിടം ഒരു യഹൂദകേന്ദ്രവും കച്ചവടകേന്ദ്രവുമായിരുന്നു. പമ്പയാറ്റില്‍ക്കൂടി ചങ്ങാടങ്ങളില്‍ കൊണ്ടുവന്ന ചരക്കുകള്‍ നിരണം വഴി കപ്പലുകളില്‍ എത്തിച്ചിരുന്നു. അവിടെയും ശ്ലീഹാ ഒരു ക്രൈസ്തവസമൂഹം രൂപീകരിച്ചു. യഹൂദരും യഹൂദരല്ലാത്തവരും ക്രിസ്ത്യാനികളായി. തയ്യില്‍, പട്ടമുക്കില്‍, മാങ്കി, മടത്തിലാന്‍ എന്നീ നാലു കുടുംബങ്ങളാണു നിരണത്തെ ആദ്യ ക്രൈസ്തവ കുടുംബങ്ങള്‍ എന്നും പാരമ്പര്യമുണ്ട്. നിരണത്ത് മാര്‍ത്തോമാ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന ഒരു പുരാതന ദേവാലയമുണ്ട്. പുതുക്കിപ്പണിത ഒരു പില്ക്കാല ദേവാലയമാണ് ഇപ്പോള്‍ ആ സ്ഥലത്തുള്ളത്. മാര്‍തോമാശ്ലീഹാ ആദ്യം കുരിശു സ്ഥാപിച്ചത് ഇപ്പോള്‍ ജറുസലേം മാര്‍ത്തോമാ പള്ളി ഇരിക്കുന്ന സ്ഥലത്താണ് എന്നു പറയപ്പെടുന്നു. എതിരാളികള്‍ കുരിശെടുത്ത് ആറ്റിലെറിഞ്ഞു. അതു കടപ്രയില്‍ മുതലപ്പുഴ എന്ന സ്ഥലത്തു ചെന്നടിഞ്ഞു. അവിടെയാണു മാതാവിന്‍റെ നാമത്തിലുള്ള യാക്കോബായ പള്ളി.
നിലയ്ക്കല്‍: നിരണത്തുനിന്നു പമ്പയാറ്റില്‍ക്കൂടെയും കരയില്‍ക്കൂടെയും യാത്രചെയ്ത് നിലയക്കലെത്തിയ ശ്ലീഹാ അവിടെ ഒരു ക്രൈസ്തവ സമൂഹം സ്ഥാപിച്ചു. ഐശ്വര്യസമൃദ്ധമായ ഒരു വാണിജ്യകേന്ദ്രമായിരുന്നു നിലയ്ക്കല്‍. നിലയ്ക്കല്‍പ്രദേശം പാണ്ടിനാടിനേയും കേരളത്തെയും ബന്ധിച്ചിരുന്നു. ഹൈന്ദവരും ക്രിസ്ത്യാനികളും ഇവിടെ ഒന്നിച്ചു പാര്‍ത്തിരുന്നു. കാലക്രമത്തില്‍ നിലയ്ക്കല്‍നിന്ന് മനുഷ്യര്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്കു പാലായനം ചെയ്യാനിടയായി. എന്തെങ്കിലും പ്രകൃതിക്ഷോഭം മൂലമാണോ അവിടം വിജനമായത് എന്നറിവില്ല. നിലയ്ക്കല്‍ സാവധാനം ഒരു കാട്ടുപ്രദേശമായി. ദക്ഷിണ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും, പ്രത്യേകിച്ചു കടമ്പനാടും കാഞ്ഞിരപ്പള്ളിയും തുമ്പമണ്ണും നിലയ്ക്കല്‍ നിന്നു നാടുവിട്ടോടിയവരുടെ പിന്‍ഗാമികളുണ്ട്. ചിലര്‍ ഇപ്പോഴും നിലയ്ക്കല്‍ എന്ന വീട്ടുപേരു നിലനിര്‍ത്തുന്നു. നിലയ്ക്കലിനടുത്താണു ശബരിമല ശാസ്താവിന്‍റെ അമ്പലം.
കോക്കമംഗലം: വേമ്പനാട്ടുകായലിന്‍റെ പടിഞ്ഞാറെ തീരത്ത് ആലപ്പുഴയ്ക്കും തണ്ണീര്‍മുക്കത്തിനും മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഒരു നാട്ടിന്‍പുറമാണ് കോക്കമംഗലം. ഈ സ്ഥത്തിന്‍റെ ശരിയായ പേര്‍ കോക്കോമംഗലം എന്നായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. (കോക്കോത = കോതരാജാവ്). ഈ സ്ഥലം ഒരു ബ്രാഹ്മണസങ്കേതമായിരുന്നു. കായല്‍ തീരത്തുള്ള ഈ സ്ഥലം യഹൂദവ്യാപാരികളുടെ സാന്നിദ്ധ്യമുള്ള ഒരു വ്യാപാര കേന്ദ്രമായിരുന്നിരിക്കാം. ശ്ലീഹാ ഇവിടെയും ഒരു സഭാസമൂഹം രൂപപ്പെടുത്തി.
കോട്ടയ്ക്കാവ്: ആലുവായ്ക്കു പടിഞ്ഞാറു കായല്‍ തീരത്തോടു ചേര്‍ന്നു കിടക്കുന്ന ഒരു സ്ഥമായ പറവൂര്‍ പട്ടണത്തിന്‍റെ അരികിലായി കോട്ടയ്ക്കാവു പള്ളി സ്ഥിതിചെയ്യുന്നു. ഈ സ്ഥലം ബ്രാഹ്മണരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. കൊടുങ്ങല്ലൂരിന് ഏതാനും മൈലുകള്‍ മാത്രം തെക്കായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം തോമാശ്ലീഹായ്ക്ക് അനായാസം ചെന്നെത്താവുന്നതായിരുന്നു. പട്ടമനപറവൂര്‍, കോട്ടക്കായല്‍, വടക്കന്‍പറവൂര്‍, കോട്ടയ്ക്കാവ് പറവൂര്‍ എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. ഈ സ്ഥലം യഹൂദന്മാരുടെയും ഒരു വലിയ കേന്ദ്രമായിരുന്നു.
പാലയൂര്‍: പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിനും മുസ്ലീം കേന്ദ്രമായ ചാവക്കാട് എന്ന സമുദ്രതീര പ്രദേശത്തിനും മദ്ധ്യത്തിലായിട്ടാണ് പാലയൂരിന്‍റെ സ്ഥാനം. കച്ചവടക്കാരായ യഹൂദര്‍ ഇവിടെയും ധാരാളമുണ്ടായിരുന്നു. പാലയൂര്‍ ബ്രാഹ്മണരുടെ ഒരു ശക്തി കേന്ദ്രവുമായിരുന്നു. ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ് തുടങ്ങി മുപ്പത്തിരണ്ട് ഇല്ലക്കാര്‍ ഒരുമിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്നും അതില്‍ ക്ഷുഭിതരായ മറ്റു ബ്രാഹ്മണര്‍ ആ സ്ഥലത്തെ ശപിച്ചിട്ട് നാടുവിട്ടുപോയെന്നും അങ്ങനെയാണു അതിനു ചാവക്കാട് (ശാപക്കാട്) എന്നു പേരുണ്ടായതെന്നും ഐതിഹ്യമുണ്ട്. തോമാശ്ലീഹായെ സംബന്ധിച്ച ചരിത്രസ്മരണകള്‍ സജീവമായി നിലനിര്‍ത്താന്‍ താല്പര്യപൂര്‍വ്വം ശ്രമിക്കുന്നവരാണു പാലയൂര്‍ ഇടവകക്കാര്‍.
മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വം
ശ്ലീഹാ നിലയ്ക്കല്‍നിന്നു ചോഴമണ്ഡലത്തിലേയ്ക്കു പോയി. മൈലാപ്പൂരിലെ ചിന്നമലയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനകേന്ദ്രം. മൈലാപ്പൂര്‍ രാജാവും അനുജനും ക്രിസ്തുവില്‍ വിശ്വസിച്ച് മാമോദീസാ സ്വീകരിച്ചു. മൈലാപ്പൂരില്‍ അനേകരെ മാനസാന്തരപ്പെടുത്തി. അവിടെയുള്ള ചിലര്‍ക്ക് പുതിയ മതത്തിന്‍റെ പ്രചാരകനായ ശ്ലീഹായോടു വിദ്വേഷം ഉണ്ടാവുകയും പ്രാര്‍ത്ഥനാ നിരതനായിരിക്കുമ്പോള്‍ അദ്ദേഹത്തെ ശൂലം എറിഞ്ഞ് കൊല്ലുകയും ചെയ്തു. അങ്ങനെ രക്തം ചിന്തി തന്‍റെ സാക്ഷ്യം ഉറപ്പിച്ചിട്ട് വിശുദ്ധശ്ലീഹാ ഈ ലോകത്തില്‍ നിന്നു കടന്നുപോയി. ശിഷ്യന്മാര്‍ ശ്ലീഹായുടെ ശരീരം മൈലാപ്പൂരില്‍ സംസ്ക്കരിച്ചു. അതിനു മുകളില്‍ പില്‍ക്കാലത്ത് ഒരു ദൈവാലയം ഉയര്‍ന്നുവന്നു. മൈലാപ്പൂര്‍ കത്തിഡ്രനുള്ളിലാണ് ഇപ്പോള്‍ മാര്‍തോമാശ്ലീഹായുടെ കല്ലറ. മയിലിനെ എയ്ത വേടന്‍റെ അമ്പു കൊണ്ടാണ് വിശുദ്ധ ശ്ലീഹാ മരിച്ചത് എന്നൊരു പാരമ്പര്യത്തെപ്പറ്റിയും ചിലര്‍ പറയുന്നു.
തിരുശേഷിപ്പ്
മൂന്നാം നൂറ്റാണ്ടില്‍ മാര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പിന്‍റെ പ്രധാനഭാഗം മൈലാപ്പൂരില്‍ നിന്ന് മെസപ്പൊട്ടേമിയായിലെ എഡേസ്സ (ഉര്‍ഫാ) യിലേക്കു മാറ്റപ്പെട്ടു. ഭാരതത്തില്‍നിന്നു പശ്ചിമേഷ്യയിലേക്കു കൊണ്ടുപോകുവാനുള്ള സാഹചര്യം അജ്ഞാതമാണ്. പശ്ചിമേഷ്യയില്‍ മുഹമ്മദീയാക്രമണം ശക്തിപ്പെട്ട സാഹചര്യത്തില്‍ 1143-ല്‍ അത് ഏഷ്യാമൈനറിന്‍റെ പടിഞ്ഞാറെ തീരത്തുള്ള കിയോസ് ദ്വീപിലേയ്ക്കു മാറ്റപ്പെടുകയുണ്ടായി. അവിടെനിന്ന് 1257 -ല്‍ മധ്യഇറ്റലിയുടെ കിഴക്കേ തീരത്തുള്ള ഓര്‍തോണായിലേയ്ക്കു മാറ്റപ്പെട്ടു. അവിടെ മാര്‍തോമാശ്ലീഹായുടെ നാമത്തിലുള്ള കത്തീഡ്രല്‍ ദൈവാലയത്തിന്‍റെ പ്രധാന അള്‍ത്താരയുടെ അടിയില്‍ തിരുശേഷിപ്പ് ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. വളരെ ബഹുമാനപൂര്‍വ്വം അവിടുത്തുകാര്‍ പ്രസ്തുത തിരുശേഷിപ്പിനെ വണങ്ങുന്നു. 1953 -ല്‍ കേരളത്തിലെത്തിയ പൗരസ്ത്യതിരുസംഘം സെക്രട്ടറി കര്‍ദ്ദിനാള്‍ ടിസരാങ് തിരുമേനി തിരുശേഷിപ്പിന്‍റെ ഒരു ഭാഗം കേരളത്തില്‍ കൊണ്ടുവന്നു. പലസ്ഥലങ്ങളില്‍ വണക്കത്തിനായി പ്രദര്‍ശിപ്പിച്ചിട്ട് അത് കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ചു.
മലങ്കരയിലെ സജീവപാരമ്പര്യം
മാര്‍തോമാ ക്രിസ്ത്യാനികള്‍ എന്ന പേരില്‍ ഇവിടെ ഒരു സജീവ ക്രൈസ്തവസമൂഹം ഇപ്പോഴും നിലനില്‍ക്കുന്നു. മാര്‍തോമാശ്ലീഹാ വന്നിറങ്ങിയ കൊടുങ്ങല്ലൂര്‍, സ്ഥാപിച്ച പള്ളികള്‍ അഥവാ ക്രൈസ്തവ കേന്ദ്രങ്ങള്‍, പ്രാര്‍ത്ഥിച്ച മലകള്‍, രക്തസാക്ഷി മരണം വരിച്ച സ്ഥലം, കബറിടം എന്നിവ ഇന്നും തെക്കേ ഇന്ത്യയില്‍ പ്രത്യക്ഷസാക്ഷ്യങ്ങളായി നിലകൊള്ളുന്നു. ചുരുക്കം ചിലരൊഴിച്ച് എല്ലാവരും മാര്‍തോമായെ ഭാരതത്തിന്‍റെ ശ്ലീഹാ ആയി കണക്കാ ക്കുന്നു. മാര്‍തോമാശ്ലീഹായുമായി ബന്ധപ്പെട്ട് സ്ഥലങ്ങളെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ ഭാരതത്തിലുണ്ട്. ശ്ലീഹാ കൈവയ്പുനല്‍കി വൈദിക സ്ഥാനത്തേക്കുയര്‍ത്തിയ കുടുംബങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
മാര്‍തോമാശ്ലീഹായുടെ ഓര്‍മദിനം (ദുക്റാനാ) ജൂലൈ മൂന്നിനാണ് ആഘോഷിക്കുന്നത്. കേരളത്തിലെ മാര്‍തോമക്രിസ്ത്യാനികളുടെ ഇടയില്‍ ഇതു വളരെ പുരാതനമായ ഒരു പാരമ്പര്യമത്രേ. ക്രി.വ 72 ജൂലൈ മൂന്ന് രാവിലെ ബ്രാഹ്മണര്‍ ശ്ലീഹായെ കുന്തംകൊണ്ട് കുത്തിമുറിവേല്പിച്ചു. വൈകിട്ട് ശ്ലീഹാ മരിച്ചു. പുരാതന കാലത്ത് ജൂലൈ 3ന് എല്ലാ ദേവാലയങ്ങളിലും ആഘോഷമായ റാസാക്കുര്‍ബാന അര്‍പ്പിച്ചിരുന്നു. അക്കാലത്ത് ദുക്റാനാചരണം കേരളത്തില്‍ എട്ടുദിവസം നീണ്ടുനിന്നു. ഇത് മറ്റൊരു സഭയിലും ഇല്ലാതിരുന്ന രീതിയത്രേ. പേര്‍ഷ്യന്‍സഭയിലും അന്തോക്യന്‍ സഭയിലും ഒറ്റദിവസമേ അനുസ്മരണയുള്ളൂ. ദുക്റാന തിരുനാളിന് മാര്‍തോമാ ക്രിസ്ത്യാനികള്‍ വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു. പുറത്തുനിന്നുവന്ന സഭാനേതാക്കന്മാരുടെ സ്വാധീനത്താലല്ല ഭാരതീയര്‍ ഇപ്രപകാരം ചെയ്തത്. ഇവിടുത്തെ മൂല ക്രൈസ്തവസഭ പിളര്‍ന്ന് പുത്തന്‍കൂറെന്നും പഴയകൂറെന്നും രണ്ടായി തിരിഞ്ഞപ്പോഴും ഇരുവിഭാഗക്കാരും ജൂലൈ മൂന്ന് മാര്‍തോമാശ്ലീഹായുടെ ദുക്റാനത്തിരുനാളായി സാഘോഷം കൊണ്ടാടിവന്നു.
ഈ സജീവ പാരമ്പര്യം വാമൊഴിയായി നൂറ്റാണ്ടുകളായി മലങ്കരയില്‍ പാട്ടുകളുടെ രൂപത്തില്‍ പ്രചരിച്ചിരുന്നു. അവ ലിഖിത രൂപത്തിലായതു പില്ക്കാലത്താണെങ്കിലും അവയുടെ പുരാതനത്വം നിഷേധിക്കേണ്ട കാര്യമില്ല. അവയെ ആദ്യമായി പരിശോധിക്കാം. മാര്‍ തോമാശ്ലീഹായുടെ ചരിത്രത്തോടു ബന്ധപ്പെട്ട പുരാതന പാട്ടുകളാണ് തോമാപര്‍വവും മാര്‍ഗം കളിപ്പാട്ടും വീരടിയാന്‍ പാട്ടും. ആഘോഷാവസരങ്ങളിലും വിവാഹാവസരങ്ങളിലും മാര്‍തോമാക്രിസ്ത്യാനികള്‍ ഈ ഗാനങ്ങള്‍ ആലപിച്ചിരുന്നു. മാര്‍തോമാശ്ലീ ഹായുടെ ഭാരതത്തിലെ പ്രേഷിത പ്രവര്‍ത്തനത്തെപ്പറ്റി ഈ പാട്ടുകള്‍ വ്യക്തമായി വിവരിക്കുന്നുണ്ട്.
തോമാപര്‍വം (റമ്പാന്‍ പാട്ട്): മാര്‍ തോമാ റമ്പാന്‍ രചിച്ചതാണിത്. ഈ റമ്പാന്‍ നിരണത്ത് മാളിയേക്കല്‍ കുടുംബമായിരുന്നു. ഇപ്പോഴത്തെ ഈ പാട്ട് പുതുക്കിയെഴുതിയത് 1601-ലാണ്. പ്രസ്തുത കുടുംബത്തിലെ നാല്പത്തി എട്ടാം തലമുറക്കാരനായ മറ്റൊരു മാര്‍തോമാ റമ്പാനത്രേ ഇപ്രകാരം പുതുക്കി എഴുതിയത്. മാര്‍തോമായുടെ ഭാരതത്തിലേക്കുള്ള വരവ്, കേരളത്തിലെ സുവിശേഷപ്രചരണം, പള്ളികളുടെ സ്ഥാപനം, മരണം എന്നിവ ഈ പാട്ടില്‍ വിവരിക്കുന്നു.
മാര്‍ഗം കളിപ്പാട്ട്: മാര്‍തോമ ക്രിസ്ത്യാനികളുടെ പുരാതന പൈതൃകങ്ങളിലൊന്നാണ് മാര്‍ഗംകളിപ്പാട്ട്. നിലവിളക്കിനുചുറ്റും പന്ത്രണ്ടു പുരുഷന്മാര്‍ നിന്നുകൊണ്ട് ചുവടും താളവുമെടുത്ത് കളിക്കുന്ന സൈനികനൃത്തമാണ് ഇത്. പതിമൂന്നു പാദങ്ങളിലായി മുന്നൂറ്റി അറുപതു വരികളുള്ള ഈ പാട്ടില്‍ മാര്‍തോമായുടെ ജീവചരിത്രം അടങ്ങിയിരിക്കുന്നു. തോമപര്‍വത്തിലെ വസ്തുതകള്‍തന്നെ സ്വതന്ത്ര്യമായ അവതരണ വ്യത്യാസത്തോടെ മാര്‍ഗ്ഗം കളിപ്പാട്ടില്‍ നല്‍കിയിരിക്കുന്നു. പാട്ടിന്‍റെ പൂര്‍ണരൂപം പ്രസിദ്ധീകൃതമായിട്ടുണ്ട്.
വീരടിയാന്‍ പാട്ട് (പാണപ്പാട്ട്): മാര്‍ തോമാശ്ലീഹായുടെ സുവിശേഷവേല, ക്നായിത്തൊമ്മന്‍റെ വരവ്, ചേരമാന്‍ പെരുമാളില്‍ നിന്നു ലഭിച്ച സ്ഥാനങ്ങള്‍ എന്നിവയെ ആധാരമാക്കി ക്രൈസ്തവ ഭവനങ്ങളില്‍ പാണന്മാര്‍ ഈ പാട്ടു പാടിയിരുന്നു.
മറ്റ് എല്ലാ തെളിവുകളേക്കാള്‍ വിലപ്പെട്ടതാണു മലങ്കരയിലെ ഈ സജീവപാരമ്പര്യം. മാര്‍തോമാശ്ലീഹായില്‍ നിന്നു സുവിശേഷവെളിച്ചം ലഭിച്ചവരുടെ പിന്‍തലമുറയാണു തങ്ങളെന്ന് ജീവിക്കുന്ന ഒരു ക്രിസ്തീയ സമൂഹം അഭിമാനപൂര്‍വ്വം പ്രസ്താവിക്കുന്നു. മറ്റു തെളിവുകളൊക്കെ ഈ പാരമ്പര്യത്തെ ഉറപ്പിക്കുന്നവയാണ്.
സഭാപിതാക്കന്മാരുടെ സാക്ഷ്യം
ക്രൈസ്തവസഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അനേകം പിതാക്കന്മാര്‍, മാര്‍തോമാശ്ലീഹയുടെ ഭാരതത്തിലെ സുവിശേഷവേല, രക്തസാക്ഷിത്വം, കല്ലറ ആദിയായവയെപ്പറ്റി സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ ചില സാക്ഷ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
പ്രാചീനരേഖകള്‍
പ്രസ്തുത കൃതിയില്‍ മറ്റൊരിടത്ത്: ശ്ലീഹന്മാരുടെ മരണശേഷം സഭകളില്‍ നേതാക്കന്മാരും അദ്ധ്യക്ഷന്മാരും ഉണ്ടായിരുന്നു; അതുപോലെ ശ്ലീഹന്മാര്‍ അവരെ ഭരമേല്പിച്ച സംഗതികളും നിലനിന്നു. ശ്ലീഹന്മാരില്‍നിന്നു ലഭിച്ചവയെല്ലാം അവര്‍ തങ്ങളുടെ മരണസമയത്ത് തങ്ങളുടെ ശിഷ്യന്മാര്‍ക്ക് കൈമാറി. ഇങ്ങനെ, യാക്കോബ് ജറുസലേമില്‍ നിന്നും ശീമോന്‍ റോമാ നഗരത്തില്‍നിന്നും യോഹന്നാന്‍ എഫേസോസില്‍നിന്നും മര്‍ക്കോസ് വലിയ അലക്സാണ്ട്രിയായില്‍നിന്നും എഴുതിയവ ഇവര്‍ പിന്‍ഗാമികളെ ഭാരമേല്പിച്ചു.
കബറിട സന്ദര്‍ശന റിപ്പോര്‍ട്ടുകള്‍
മാര്‍ തോമാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന മൈലാപ്പൂരിലേക്ക് മലങ്കര നസ്രാണികള്‍ നിരന്തരമായി തീര്‍ത്ഥാടനം നടത്തിയിരുന്നു. ഭാരതത്തിനു പുറമേനിന്നുള്ള യാത്രക്കാരും തീര്‍ത്ഥകരും മൈലാപ്പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആദിമനൂറ്റാണ്ടുകളെ സംബന്ധിച്ചു നമുക്ക് രേഖകളില്ല. പതിനേഴാം നൂറ്റാണ്ടിനു മുന്‍പ് ജീവിച്ചിരുന്ന ഒട്ടനേകം ചിത്രകാരന്മാരും തീര്‍ത്ഥയാത്രക്കാരും മിഷനറിമാരും മാര്‍തോമാശ്ലീഹായുടെ കബറിടം മൈലാപ്പൂരിലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കോപോളോ (13th c.), മോന്തെ കൊര്‍വീനോ (13th c.), ഒഡെറിക് (14th c.), ആമ്ര് (14th c.) മരിഞ്ഞോളി (14th c.), നിക്കൊളോ കോന്തി (15 th c.) ആദിയായവരും മൈലാപ്പൂരിലെ പള്ളിയെപ്പറ്റി സൂചിപ്പിക്കുന്നു. പോര്‍ട്ടുഗീസുകാര്‍ മൈലാപ്പൂരില്‍ ഒരു വലിയ ദേവാലയത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണുകയുണ്ടായി. മൈലാപ്പൂരില്‍ നടന്ന ഗവേഷണങ്ങളുടെ ഫലമായി മാര്‍ തോമാശ്ലീഹായുടെ കല്ലറയ്ക്കുപയോഗിച്ച ഇഷ്ടിക ഒന്നാം നൂറ്റാണ്ടിലേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.ഈ കബറിടം മൈലാപ്പൂര്‍ കലാമിനാ എന്നാണറിയപ്പെട്ടിരുന്നത്.
മറ്റു പല പേരുകളിലും ഈ സ്ഥലം ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ക്വലിമായ മൈലൂഫ്, മൈലാന്‍, കലമേനേ, കലാമിനേ, കലാമിനി എന്നീ നാമങ്ങളും ഈ സ്ഥലത്തിനു നല്‍കപ്പെട്ടിട്ടുണ്ട്. കലൂര്‍ (കല്ല്) മിനാ (മേല്‍) എന്നതില്‍ നിന്ന് കലൂര്‍മിനാ (കല്ലിന്മേല്‍) എന്നു ചിലര്‍ അര്‍ത്ഥം പറയുന്നു. മാര്‍ തോമാശ്ലീഹാ മൈലാപ്പൂരിലെ കല്ലിന്മേല്‍വച്ചു മരിച്ചു. മറ്റൊരു രീതിയിലും ചിലര്‍ അര്‍ത്ഥം പറയുന്നുണ്ട്: ചിന്നമലയില്‍ വച്ചു മരിച്ചു എന്നാണല്ലോ പറയാറുള്ളത്. ചിന്നമലയ്ക്ക് സുറിയാനിയില്‍ "ഗല്‍മോനോ" എന്നാണ് പറയുക. അതില്‍ നിന്നാണ് "കലാമിന" എന്ന പേരുണ്ടായതെന്നു പറയപ്പെടുന്നു.
ചരിത്ര പണ്ഡിതന്‍മാരുടെ പ്രസ്താവനകള്‍
മാര്‍ തോമാശ്ലീഹായെ സംബന്ധിച്ചുള്ള ചരിത്രപരമായ തെളിവുകള്‍ പരിശോധിച്ച പ്രശസ്തരായ പണ്ഡതന്മാരെല്ലാം മാര്‍തോമായുടെ ഭാരതത്തിലെ പ്രേഷിതവൃത്തിയും മരണവും അംഗീകരിക്കുന്നവരാണ്. അത്തരത്തില്‍പ്പെട്ടവരാണ് ജെ.എസ് അസ്സെമനി (1687 -1768), റൗളിന്‍ (1745), മെഡ്ലിക്കോട്ട് (1905), ഫാ.ബര്‍ണാര്‍ദ് ക്ലൊഡിയസ,് ബുക്കാനന്‍ എ. മിങ്ഗാന, വിന്‍സെന്‍റ് സ്മിത്ത് എഡ്ഗാര്‍ തെഴ്സ്റ്റണ്‍, കേണല്‍ യൂള്‍, പ്ലാസിഡ് പൊടിപ്പാറ, സേവ്യര്‍ കൂടപുഴ ഇവരോടുകൂടെ മറ്റനേകരെ ഉള്‍പ്പെടുത്താനാവുമെങ്കിലും വിസ്താരഭയത്താല്‍ നിര്‍ത്തുന്നു.
ഡോ. ജി ചേടിയത്ത്
ഡോ. സേവ്യര്‍ കൂടപ്പുഴ
beginning Of Christianity in India catholic malayalam Dr. G. Chediyath Dr. Xavier Koodappuzha Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206