We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Xavier Koodappuzha On 07-Feb-2021
പോര്‍ത്തുഗീസ് അഡ്മിറല്‍ വാസ്ക്കോ ഡി ഗാമ 1498-ല്‍ കോഴിക്കോട് വന്നിറങ്ങി. കോഴിക്കോട്ടു ഭരണാധികാരിയായ സാമൂതിരിയുമായി സ്നേഹബന്ധം സ്ഥാപിച്ചു. ഗാമയെത്തുടര്‍ന്ന് കബ്രാള്‍ വന്നു. അദ്ദേഹത്തോടുകൂടി സാധാരണ വൈദികരും ഫ്രാന്‍സിസ്കന്‍ സന്യാസ വൈദികരും ഉണ്ടായിരുന്നു. 1500-ല്‍ കോഴിക്കോട്ട് അവര്‍ ഒരു പ്രാര്‍ത്ഥനാലയം സ്ഥാപിക്കുകയും, മതപരിവര്‍ത്തനം ചെയ്ത ഒരു ബ്രാഹ്മണനായ മൈക്കള്‍ മരിയായുടെ സഹായത്തോടെ മാനസാന്തരവേല ആരംഭിക്കുകയും ചെയ്തു. മുഹമ്മദീയര്‍ നിമിത്തമുണ്ടായ ഒരു ലഹളയില്‍ അവരില്‍ ചിലര്‍ കൊല്ലപ്പെട്ടു. ബാക്കിയുണ്ടായിരുന്നവര്‍ കബ്രാളിനോടുകൂടി കൊച്ചിയിലേക്കു പോയി. അവിടെ സാമൂതിരിയുടെ ആജന്മശത്രുവായ കൊച്ചി രാജാവ് അവര്‍ക്ക് ഹൃദ്യമായ ഒരു സ്വീകരണം നല്‍കി. സുവിശേഷവേല കൊച്ചിയിലും സമീപസ്ഥമായ വൈപ്പിന്‍ ദ്വീപിലും ഉടനെ തന്നെ ആരംഭിച്ചു. സാമൂതിരിയെ തോല്പിച്ചശേഷം ചില ഫ്രാന്‍സിസ്കരെ കൊച്ചിയില്‍ വിട്ടുകൊണ്ട് കബ്രാള്‍ കണ്ണൂരേയ്ക്കു പോയി. സുവിശേഷവേല കണ്ണൂരും ആരംഭിച്ചു. അവിടെ അതിനുപുറമേ ഒരു ഫാക്ടറിയും സ്ഥാപിച്ചു. അനന്തരം കബ്രാള്‍ പോര്‍ത്തുഗലിലേക്കു മടങ്ങിപ്പോയി. അദ്ദേഹത്തെ തുടര്‍ന്ന് ജോവോ ദാനോവാ നാലു ഫ്രാന്‍സിസ്കന്‍മാരോടുകൂടി ഇവിടെയെത്തി. ഗാമാ 1502-ല്‍ തിരിച്ചുവന്നു. അദ്ദേഹത്തെ തുടര്‍ന്ന് അല്‍ഫോന്‍സോ ഡി അല്‍ബൂക്കര്‍ക്കും ഫ്രാന്‍ സിസ്-കോ- ഡി അല്‍ബുക്കര്‍ക്കും എത്തി. 1505-ല്‍ കൊച്ചിയില്‍ ഒരു കോട്ട കെട്ടി. 1530-ല്‍ ഗോവയിലേയ്ക്കു മാറ്റുന്നതുവരെ 1505 മുതല്‍ പോര്‍ച്ചുഗീസ് വൈസ്രോയിമാരുടെ ആസ്ഥാനം കൊച്ചിയായിരുന്നു. ചാലിയും കൊടുങ്ങല്ലൂരും കൊല്ലവും പോര്‍ത്തുഗീസ് ശാസനത്തില്‍ കീഴിലായി. എന്നാല്‍ കോഴിക്കോട് അത്രയ്ക്കായില്ല.
സുവിശേഷവേല
എല്ലാ സ്ഥലത്തും സുവിശേഷവേല ആരംഭിച്ചിരുന്നു. തങ്ങളുടെ പ്രജകളെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തുന്നതിനു ഹിന്ദുരാജാക്കന്‍മാര്‍ പ്രത്യേകിച്ചു കൊച്ചി രാജാവ് എതിരായിരുന്നു. മതപരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ നിയമപ്രകാരം സര്‍ക്കാരുദ്യോഗത്തിനും സ്വത്തവകാശത്തിനും അനര്‍ഹരായിരുന്നു. എന്നാല്‍ ഈ ശിക്ഷ ദരിദ്രരെയും അധഃകൃതവര്‍ഗ്ഗക്കാരെയും ബാധിച്ചിരുന്നില്ല. എന്നുമാത്രമല്ല പീറ്റര്‍ ദി ജാറിക്ക് എസ്.ജെ. പറയുന്നതുപോലെ നിയമം ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്‍റെ (കൊച്ചി രാജാവിന്‍റെ) സാരസന്‍മാരും അക്രൈസ്തവരുമായ പ്രജകളില്‍ പലരും യഹൂദന്‍മാരില്‍നിന്നുള്ളവരും ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെട്ടു. എന്നു മാത്രമല്ല, നായന്‍മാരും പ്രഭുവര്‍ഗ്ഗക്കാരും മാനസാന്തരപ്പെടുകയുണ്ടായി. ക്രിസ്തുമതത്തിലേയ്ക്കുള്ള മാനസാന്തരത്തെ തടഞ്ഞുകൊണ്ടുള്ള നിരോധനം 1560-നടുത്തു മാത്രമേ നീക്കം ചെയ്യപ്പെട്ടുള്ളൂ. എന്നാല്‍ 1527-നു മുന്‍പുതന്നെ കൊച്ചിയിലും സമീപപ്രദേശങ്ങളിലും നിന്നുമാത്രമായി ഉദ്ദേശം പത്തുപന്തീരായിരം അക്രൈസ്തവര്‍ ക്രിസ്തുമതത്തിലേയ്ക്കു മാനസാന്തരപ്പെടുകയുണ്ടായി. മിഷനറിമാര്‍ പ്രധാനമായും ഇടവക വൈദികരും ഫ്രാന്‍സിസ്കന്‍മാരും ഡോമിനിക്കന്‍മാരുമായിരുന്നു. 1559 മുതല്‍ ഈശോസഭക്കാരും അവരുടെ കൂടെച്ചേര്‍ന്നു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1542-ല്‍ തന്നെ വന്നിരുന്നു. ഈശോസഭക്കാരുടെ പ്രവര്‍ത്തനരംഗം (കേരളത്തില്‍) കൊച്ചി മുതല്‍ കൊല്ലം വരെയും കൊല്ലം മുതല്‍ കന്യാകുമാരി വരെയുമായിരുന്നു. അവര്‍ക്കു കൊച്ചിയിലും കൊല്ലത്തും കോളേജുകളുമുണ്ടായിരുന്നു. ഫ്രാന്‍സിസ്കന്‍മാര്‍ 1540/41-ല്‍ കൊടുങ്ങല്ലൂരില്‍ ഒരു സെമിനാരി ആരംഭിക്കുകയുണ്ടായി.
പോര്‍ത്തുഗീസ് വൈദികഭരണം
പോര്‍ത്തുഗല്‍ കണ്ടുപിടിക്കുന്ന രാജ്യങ്ങളില്‍ ഭരണാധികാരമുള്ള ഒരു വികാരി അപ്പസ്തോലിക്കയോടു കൂടിയ ക്രിസ്തൂസ് ഓര്‍ഡോ തോമാറില്‍ (ടോമര്‍) ഉണ്ടായിരുന്നു. 1451-ല്‍ ഈ ഭരണാധികാരം ബൊജദോര്‍ മുതല്‍ ക്രിസ്തുനാമം ആരാധിക്കുന്ന ഇന്‍ന്ത്യാക്കാര്‍ വരെയുള്ള എല്ലാ പ്രദേശങ്ങളിലും എന്നു നിര്‍വചിക്കപ്പെട്ടു. 1514-ല്‍ തോമാര്‍ നിര്‍ത്തലാക്കപ്പെടുകയും അതിന്‍റെ സ്ഥാനത്തു പോര്‍ത്തുഗീസു രാജാവിന്‍റെ പദ്രുവാദോയുടെ (രക്ഷാധികാരത്വത്തില്‍) കീഴില്‍ ഫുഞ്ചല്‍ രൂപത സ്ഥാപിക്കപ്പെടുകയും ഇന്‍ഡ്യയിലേയ്ക്കു വികാരിമാരെ അയയ്ക്കുകയും ചെയ്തു. 1533-ല്‍ ഫുഞ്ചല്‍ ഒരു അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. 1534-ല്‍ ഫുഞ്ചലിന്‍റെ സമാന്തരരൂപതായി ഗോവ (ഇന്‍ന്ത്യയില്‍) സ്ഥാപിതമായി. ഗോവായുടെ ഭരണാധികാരം സുപ്രതീക്ഷാമുനമ്പു മുതല്‍ ചൈനാവരെ നീണ്ടുകിടന്നിരുന്നു. അനന്തരം 1558-ല്‍ ഗോവ ഒരു അതിരൂപതയായി. അതേ കൊല്ലത്തില്‍ ഗോവായുടെ സാമന്തരൂപതയായി കൊച്ചി രൂപത സ്ഥാപിക്കപ്പെട്ടു. കൊച്ചിയുടെ ഭരണാധികാരം കണ്ണൂര്‍ മുതല്‍ തെക്കോട്ടും തെക്കുകിഴക്കോട്ടുമായിരുന്നു. ഇതെല്ലാം പോര്‍ത്തുഗീസു രാജാവിന്‍റെ പാദ്രുവാദോ അധികാരത്തിന്‍ കീഴിലായിരുന്നു. ഈ അധികാരത്തിന് അതിന്‍റേതായ ചുമതലകളും ആനുകൂല്യങ്ങളുമുണ്ടായിരുന്നു. ഈ രൂപതകളിലേയ്ക്കുള്ള മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ മാര്‍പ്പാപ്പായ്ക്കു സമര്‍പ്പിക്കുവാനുള്ള അവകാശം ആനുകൂല്യങ്ങളില്‍പ്പെടുന്നു.
മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍: രണ്ടു മെത്രാന്‍മാര്‍
1489/90-ല്‍ ജോര്‍ജ്, ജോസഫ്, മത്യാസ് എന്നീ മൂന്നു മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ കേരളത്തിലേയ്ക്കു മെത്രാന്‍മാരെ കൊണ്ടുവരുന്നതിനായി പാത്രിയര്‍ക്കീസ് മാര്‍ ശിമയോന്‍ നാലാമന്‍റെ പക്കലേയ്ക്കു പോയി. മത്യാസ് (അഥവാ ജോര്‍ജ്) മാര്‍ഗ്ഗമദ്ധ്യേ മരിച്ചു. മറ്റേ രണ്ടുപേരെയും പാത്രിയര്‍ക്കീസ് വൈദികരായി അഭിഷേചിക്കുകയും മാര്‍ യോഹന്നാന്‍, മാര്‍ തോമ്മാ എന്ന രണ്ടു മെത്രാന്‍മാരോടുകൂടി തിരിച്ചയയ്ക്കുകയും ചെയ്തു. കുറേക്കാലത്തിനുശേഷം മാര്‍ത്തോമ്മാ, പാത്രിയര്‍ക്കീസിന്‍റെ പക്കലേക്കു തിരിച്ചുപോയി. ഇതിനിടയില്‍, മുകളില്‍ പറഞ്ഞതുപോലെ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തി. 1502-ല്‍ മുകളില്‍പ്പറഞ്ഞ ജോര്‍ജും (അഥവാ മത്യാസ്) ജോസഫും കബ്രാളിനോടുകൂടി പോര്‍ത്തുഗലിലേയ്ക്കു പോയി. ജോര്‍ജ് മാര്‍ഗ്ഗമദ്ധ്യേ മൃതനായി. ജോസഫ് റോമായും വെനീസും സന്ദര്‍ശിക്കുകയുണ്ടായി. റോമായില്‍ വെച്ചു റോമന്‍ പരമാധികാരത്തിലുള്ള തന്‍റെ വിശ്വാസം അദ്ദേഹം ഏറ്റു പറയുകയുണ്ടായി.ഇന്ത്യ ക്കാരനായ ജോസഫ് എന്നറിയപ്പെടുന്ന ജോസഫ് ഇദ്ദേഹമാണ്.
പോര്‍ത്തുഗീസ് സഹായം
1502-ല്‍ വാസ്കോ ഡി ഗാമ കൊച്ചിയില്‍ ആയിരുന്നപ്പോള്‍, കൊടുങ്ങല്ലൂരില്‍ നിന്നുള്ള മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രതിനിധികള്‍ അദ്ദേഹത്തെ വന്നുകാണുകയും പോര്‍ത്തുഗീസു രാജാവിന്‍റെ സംരക്ഷണം അഭ്യര്‍ത്ഥിക്കുകയും വെള്ളികൊണ്ടുള്ള അഗ്രത്തോടും മൂന്നു വെള്ളിമണികളോടും കൂടിയ ഒരു ചുവന്ന ദണ്ഡ് (ചെങ്കോല്‍) അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. അവരുടെ മതത്തേയും ജീവിതരീതിയേയുംപറ്റി ബോദ്ധ്യപ്പെട്ടതിനുശേഷം വാസ്കോ ഡി ഗാമ അവരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു. 1503-ല്‍ അല്‍ഫോന്‍സാ അല്‍ബുക്കര്‍ക്ക് കൊല്ലത്തെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു സ്ഥലത്തെ ഹിന്ദു ഭരണാധികാരിയില്‍നിന്ന് അവരുടെ പ്രാചീനപദവികള്‍ പുനഃസ്ഥാപിച്ചു കൊടുക്കുകയുമുണ്ടായി. അദ്ദേഹം അവര്‍ക്കു മതപരമായ സമ്മാനങ്ങള്‍ കൊടുക്കുകയും, അവരില്‍നിന്നു ഒരു കുരിശു സ്വീകരിക്കുകയും അവരെ പഠിപ്പിക്കുന്നതിനും ജ്ഞാനസ്നാനപ്പെടുത്തുന്നതിനുമായി ഒരു ഡോമിനിക്കല്‍ വൈദികനെ അവരുടെയിടയില്‍ വിടുകയും ചെയ്തു.
കൂടുതല്‍ മെത്രാന്‍മാര്‍
1504-ല്‍ പാത്രിയര്‍ക്കീസിന്‍റെ അടുക്കലേയ്ക്കു മടങ്ങിപ്പോയിരുന്ന 1489/90-ലെ മാര്‍ത്തോമ്മാ, മാര്‍ യാബാലാഹ്, മാര്‍ ദനഹാ, മാര്‍ യാക്കോബ് എന്നിവരോടു കൂടി കേരളത്തിലേയ്ക്കു തിരിച്ചുവന്നു. ഈ മൂന്നു മെത്രാന്‍മാരെ മാര്‍ ഏലിയാ അഞ്ചാമന്‍ എന്ന പാത്രിയര്‍ക്കീസ് ഇന്‍ഡ്യയിലെ രാജ്യങ്ങളിലേയ്ക്കും ദാബാഗു (സാബാഗ്) സിന്‍, മാസിന്‍ എന്നിവയ്ക്കു മദ്ധ്യേ സമുദ്രത്തിലുള്ള ദ്വീപുകളിലേയ്ക്കും അയച്ചതായിരുന്നു. ഈ മെത്രാന്‍മാര്‍ കണ്ണൂരില്‍വച്ചു പോര്‍ത്തുഗീസുകാരെ കാണുകയും രണ്ടരമാസക്കാലം അവരോടുകൂടി താമസിക്കുകയും തങ്ങളുടെ സ്ഥാനവും പദവിയും അവര്‍ക്കു വിവരിച്ചുകൊടുക്കുകയും പോര്‍ത്തുഗീസ് പ്രാര്‍ത്ഥനാലയത്തില്‍ പോര്‍ത്തുഗീസുകാര്‍ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ കുര്‍ബാന ചൊല്ലുകയും പോര്‍ത്തുഗീസുകാരില്‍ നിന്നു വിലയേറിയ സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇരുകൂട്ടരുടെ ഇടയിലും കൂദാശകളിലുള്ള സഹകരണമുണ്ടായി. 1489/90-ലെ മാര്‍ യോഹന്നാന്‍ അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. നവാഗതരില്‍ മാര്‍ യാക്കോബ് 1550-52 വരെ ജീവിച്ചിരുന്നു. 1533-ല്‍ പോര്‍ത്തുഗീസുകാര്‍ മൈലാപ്പൂരില്‍ കണ്ടുമുട്ടിയ മെത്രാന്‍ ബാക്കിയുള്ളവരില്‍ ഒരാളായിരിക്കണം.
സുഹൃദ്ബന്ധം തുടരുന്നു: മാര്‍ യാക്കോബ്
പോര്‍ത്തുഗീസുകാരും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും തമ്മിലുള്ള സുഹൃദ്ബന്ധങ്ങള്‍ തുടര്‍ന്നുപോന്നു. പോര്‍ത്തുഗീസുകാര്‍ക്കു ഒന്നും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു മൂന്നു പള്ളികളും ഉണ്ടായിരുന്ന കൊടുങ്ങല്ലൂരാണ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാന്‍മാര്‍ താമസിച്ചിരുന്നത്. 1510-ല്‍ ആല്‍ബുക്കര്‍ക്ക് മെത്രാന്‍മാര്‍ക്ക് അവരുടെ പള്ളി പുനരുദ്ധരിക്കുന്നതിനായി 1000 പണം നല്‍കുകയുണ്ടായി. 1516-ല്‍ കൊല്ലത്തെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പള്ളി വീണ്ടും പണിയുവാന്‍ കൊല്ലത്തെ റാണിയെ ഗവര്‍ണര്‍ ലോപ്പോ സോരസ് നിര്‍ബന്ധിക്കുകയുണ്ടായി. മാര്‍ യാക്കോബ്, കൊടുങ്ങല്ലൂരെ പോര്‍ത്തുഗീസുകാരുടെ ചാപ്ലിന്‍ ആയിരുന്നു. അദ്ദേഹം അവര്‍ക്കുവേണ്ടി ലത്തീനില്‍ കുര്‍ബാന ചൊല്ലുകയും അവരുടെ കുമ്പസാരം കേള്‍ക്കുകയും ചെയ്തു.
ഉരസ്സലുകള്‍
മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ തങ്ങളുടെ വൈദികാധികാരത്തിന്‍ കീഴിലാണെന്നു പോര്‍ത്തുഗീസുകാര്‍ കരുതി. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ലത്തീനികരിക്കുന്നതിനും, കേരളത്തിലും ഇന്‍ഡ്യയുടെ ഇതരഭാഗങ്ങളിലും സെലൂക്കിയന്‍ പാത്രിയര്‍ക്കീസിനുള്ള അധികാരം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും അവര്‍ ആഗ്രഹിച്ചു. പോര്‍ത്തുഗീസ് രാജാവ് അയച്ച എ. പെന്‍റീഡോ എന്നൊരാള്‍ 1512-നടുത്ത് കൊടുങ്ങല്ലൂരെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രധാന പള്ളിയില്‍ ചെന്നു താമസിക്കുകയും കുര്‍ബാന ചൊല്ലുകയും പള്ളിയുടെ റെക്ടറിന്‍റെ (ഒരുപക്ഷേ ഇന്‍ഡ്യക്കാരനായ ജോസഫിന്‍റെ) അസാന്നിദ്ധ്യത്തില്‍ ലത്തീനികരണം ആരംഭിക്കുകയും ചെയ്തു. റെക്ടര്‍ അതിനെ എതിര്‍ത്തു. തന്‍മൂലം പെന്‍റീഗോയ്ക്കു പള്ളി വിട്ടുപോകേണ്ടിവന്നു. പെന്‍റീഗോ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ മാമ്മോദീസാ മുക്കുവാന്‍ ശ്രമിച്ചു. അവര്‍ക്കാകട്ടെ മാര്‍ യാക്കോബ് അത് ചെയ്യണമെന്നായിരുന്നു. മാര്‍ യാക്കോബ് നല്‍കുന്ന ജ്ഞാനസ്നാനം അസാധുവാണെന്ന നാട്യത്തില്‍ പോര്‍ത്തുഗീസുരാജാവിന്‍റെ മുന്‍പാകെ അദ്ദേഹം കുറ്റപ്പെടുത്തപ്പെട്ടു. ആകയാല്‍ മാര്‍ യാക്കോബു തന്നെത്തന്നെ നീതികരിച്ചുകൊണ്ട് 1523-ല്‍ (പോര്‍ത്തുഗീസ്) രാജാവിന് എഴുതി. ബാബിലോണിലെ പാത്രിയര്‍ക്കീസ് ഏതൊന്നിനായി തന്നെ തെരഞ്ഞെടുത്തയച്ചിരിക്കുന്നുവോ ആ ദൈവത്തിന്‍റെ കാര്യങ്ങളില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കുന്നതു താനാണെന്ന് ആ കത്തില്‍ മാര്‍ യാക്കോബു പറയുന്നു: മാര്‍പ്പാപ്പാമാരുടെ പഴക്കങ്ങളിലും റോമാസഭയുടെ വഴക്കങ്ങളിലും താന്‍ ശിക്ഷിതനല്ലെങ്കിലും ജ്ഞാനസ്നാന പ്രശ്നത്തെ സംബന്ധിച്ചു വേദപുസ്തകപഠനം തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇന്‍ഡ്യായുടെ മെത്രാന്‍ ആയിട്ടാണ് അദ്ദേഹം ഈ കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. അദ്ദേഹം പറയുന്ന പാത്രിയര്‍ക്കീസ് റോമായുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നയാളാണ്. എന്നിട്ടും മാര്‍ യാക്കോബ് ഒരു കത്തോലിക്കനെപോലെ പെരുമാറുകയും അങ്ങനെതന്നെ പോര്‍ത്തുഗീസുകാരാല്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. 1553-ല്‍ മൂന്നാം ജൂലിയസ് മാര്‍പാപ്പാ സുലക്കായെ പാത്രിയര്‍ക്കീസായി അവരോധിക്കുന്നതിനുമുമ്പ് കത്തോലിക്കാ സംസര്‍ഗ്ഗം സംബന്ധിച്ചു സെലൂക്കിയന്‍സഭ സ്വീകരിച്ചിരുന്ന നിലപാടില്‍ കുറെ വെളിച്ചം വീശുന്ന മാതൃകപരമായ ഒരു സംഭവമാണിത്.
1530-ല്‍ പോര്‍ത്തുഗീസ് രാജാവിന് എഴുതിയ മറ്റൊരു കത്തില്‍ റോമാസഭയുടെ ആചാരങ്ങള്‍ സ്വീകരിക്കുവാന്‍ സന്‍മനസ്സുള്ളവരെ അവരുടെ ശത്രുക്കള്‍ പ്രതിബന്ധപ്പെടുത്തുന്നുവെന്നും പള്ളിയുടെ വാതിക്കല്‍വെച്ചു വിവാഹം നടത്തുന്നുവെന്നും ജനങ്ങളുടെ ഇടയില്‍ പുരോഗതിക്കുവേണ്ടിയുള്ള സന്‍മനസ്സുണ്ടെന്നും ഏഴു കുട്ടികളെ കൊച്ചിയിലേക്ക് അവിടെ പഠിപ്പിക്കുന്നതിനായി താന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മാര്‍ യാക്കോബു പറയുന്നു.
പോര്‍ത്തുഗലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിച്ച അറിവിനെ ആധാരമാക്കി ബാറോസ് പറയുന്നത് 1504-ലെ നാലു മെത്രാന്‍മാരില്‍ രണ്ടുപേര്‍ കേരളത്തെ തങ്ങള്‍ക്കായി ഭാഗിച്ചുവെന്നും പ്രായം കുറഞ്ഞയാള്‍ കൊല്ലത്തും പ്രായം കൂടിയ ആള്‍ കൊടുങ്ങല്ലൂരും താമസിച്ചുവെന്നുമാണ്. പ്രായം കൂടിയ ആള്‍ പണത്തിനു വേണ്ടി ക്രൈസ്തവമാര്‍ഗ്ഗം ചേര്‍ക്കുന്ന ദുര്‍നടപടി അവസാനിപ്പിച്ചുവെന്നും, റോമന്‍ റീത്തിലെ മതകര്‍മ്മങ്ങളോടു വളരെ അനുഭാവമുള്ളയാളാണെന്നും ബാറോസ് പ്രസ്താവിക്കുന്നു. ഈ പ്രായം കൂടിയയാള്‍ മാര്‍ യാക്കോബു ആണെന്നു തോന്നുന്നു. പ്രായം കുറഞ്ഞ ആള്‍ ആരായിരുന്നു? അദ്ദേഹം യഥാര്‍ത്ഥത്തില്‍ 1504-ല്‍ വന്ന നാലുപേരില്‍ ഒരാളായിരുന്നോ? വേറെ ഒരാളായിരുന്നോ? പ്രായം കുറഞ്ഞ ഒരാള്‍ പാഷണ്ഡോപദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്നും, എന്നാല്‍ പശ്ചാത്തപിച്ചു പാപസങ്കീര്‍ത്തനം ചെയ്തുവെന്നും ഫ്രാന്‍സിസ്കന്‍മാരെ സഹായത്തിനു വിളിച്ചുവെന്നും പറയപ്പെടുന്നു. പെന്‍റിഡോയുമായി അദ്ദേഹം വഴക്കിടുകയുണ്ടായി. അദ്ദേഹത്തെ ഒരിക്കല്‍ ഗോവയിലേക്കു നാടുകടത്തിയെങ്കിലും അവിടെനിന്നു രക്ഷപ്പെടുകയുണ്ടായി...
പോര്‍ത്തുഗലില്‍വച്ച് പട്ടം സ്വീകരിച്ച ഒരു കേരളീയനായ മത്തേവൂസ്ഡയസ് 1550 ജനുവരി 22-ാം തീയതി പോര്‍ത്തുഗല്‍ രാജാവിന് എഴുതിയ കത്തില്‍ ബാബിലോണ്‍ പാത്രിയര്‍ക്കീസ് മെത്രാന്‍മാരെ അയച്ചിരുന്നതു മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നതിനായിരുന്നെന്നും, പ്രമാദങ്ങള്‍ കൂടാതെയല്ലെങ്കിലും അത് അവര്‍ നിര്‍വഹിച്ചിരുന്നെന്നും പെന്‍റീഡോ അവരെ പരിശുദ്ധമാതാവായ സഭയുടെ അനുസരണത്തില്‍ കൊണ്ടുവരികയും അവര്‍ക്കായി ഒരു വേതനം സമ്പാദിക്കുകയും ചെയ്യുന്നതുവരെ എല്ലാക്കാര്യങ്ങളും ബാബിലോണിലെ സമ്പ്രദായത്തില്‍ ചെയ്തിരുന്ന രണ്ടുപേര്‍ (മെത്രാന്‍മാര്‍) ഉണ്ടെന്നും പറയുന്നു. അന്യായപ്പലിശ വാങ്ങുന്ന പാപത്തില്‍നിന്ന് അനുതാപികളെ മോചിപ്പിക്കുന്നതിനുള്ള അധികാരവും മത്തേവൂസ് ഡയസ് ആവശ്യപ്പെട്ടിരിക്കുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയില്‍ ഇതൊരു പിടിക്കപ്പെട്ട പാപമായിരുന്നു.
മുട്ടുചിറ ശാസനം
കേരളത്തില്‍ മുട്ടുചിറയില്‍ മലയാളത്തിലുള്ള ഒരു ശിലാശാസനമുണ്ട്. 1528-ല്‍ മാര്‍ താനായും മാര്‍ ആവുവും ഫാദര്‍ ജോര്‍ജും കൂടി ഒരു കുരിശു സ്ഥാപിച്ചുവെന്നും ഫാദര്‍ ജോര്‍ജ്ജ് അനന്തിരവന്‍ മത്തായിയോടുകൂടി പോര്‍ത്തുഗലിനു പോയെന്നും അതില്‍ പറയുന്നു. ഈ മാര്‍ താനാ 1504-ലെ മാര്‍ദനഹാ ആയിരിക്കും. മുകളില്‍പ്പറഞ്ഞ പ്രായം കുറഞ്ഞ മെത്രാന്‍ ഇദ്ദേഹമായിരിക്കുമോ? ആരാണ് മാര്‍ ആവു? കത്തോലിക്കാ എന്‍സൈക്ളോപീഡിയായിലെ (ന്യൂയോര്‍ക്ക് 1913) മൈലാപ്പൂര്‍ (രൂപതയില്‍) മാര്‍ തോമ്മാശ്ലീഹാ എന്ന ലേഖനത്തിന്‍റെ കര്‍ത്താവു പറയുന്നുണ്ട്: 1520-ല്‍ ഒരു അംബ്രോസ് ഒ.പി. കൊടുങ്ങല്ലൂരേയും മൈലാപ്പൂരേയും ഡൊമിനിക്കന്‍ മിഷനുകളുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടുവെന്ന്. പല മാര്‍ത്തോമ്മാ ക്രിസ്ത്യാനികളേയും റോമാസഭയുമായി ഐക്യപ്പെടുത്തിയെന്നു പറയപ്പെടുന്ന മാര്‍ ആവു ഈ അംബ്രോസാണോ? ശാസനത്തില്‍ പറയുന്ന മത്തായി മുകളില്‍പ്പറഞ്ഞ മത്തേവൂസ് ഡയസ് ആയിരിക്കാം.
ഉരസ്സലുകള്‍ ശക്തിപ്പെടുന്നു
പോര്‍ത്തുഗീസുകാര്‍ പ്രത്യേകിച്ച് ഫ്രാന്‍സിസ്കന്‍മാരും പിന്നീട് കൊടുങ്ങല്ലൂര്‍ സെമിനാരിയില്‍ അവരാല്‍ ശിക്ഷണം ചെയ്യപ്പെട്ട മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ വൈദികരും (ലത്തീന്‍ അല്ലാത്ത എന്തും അവര്‍ക്കു ശീശ്മയും പാഷണ്ഡതയും ആയിരുന്നു). അമ്പതു നോമ്പു വിഭൂതി ബുധനാഴ്ച ആരംഭിക്കുവാനും, അമ്പതു നോമ്പില്‍ മത്സ്യം ഭക്ഷിക്കുവാനും വീഞ്ഞു കുടിക്കുവാനും, കുര്‍ബാനയക്കു പുളിക്കാത്ത അപ്പം മാത്രം ഉപയോഗിക്കുവാനും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ നിര്‍ബന്ധിച്ചു തുടങ്ങി. വിവാഹിതരായ വൈദികര്‍, കൊടുങ്ങല്ലൂരില്‍ പ്രത്യേകിച്ചും കുര്‍ബാന ചൊല്ലുന്നതില്‍ അവര്‍ തടസ്സങ്ങളുണ്ടാക്കി. ഈ ശല്യങ്ങളുടെ ഫലമായി മെത്രാന്‍മാരുള്‍പ്പെടെ പലരും കൊടുങ്ങല്ലൂരില്‍നിന്നും (കൊല്ലത്തുനിന്നും) വിട്ടുപോയി. മാര്‍ യാക്കോബു 1543-നടുത്തു കൊടുങ്ങല്ലൂര്‍ വിട്ടുപോന്നു കൊച്ചിയില്‍ ഫ്രാന്‍സിസ്കന്‍മാരുടെ കൂടെ താമസമാക്കി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ അവിടെവെച്ചാണ് അദ്ദേഹത്തെ കണ്ടത്. മാര്‍ യാക്കോബിന്‍റെ ജീവിതവിശുദ്ധിയെ പ്രശംസിച്ചു കൊണ്ടും എല്ലാ പോര്‍ത്തുഗീസുദ്യോഗസ്ഥന്‍മാരും അദ്ദേഹത്തെ പരിത്യജിച്ചുവെന്ന് പരാതിപ്പെട്ടുകൊണ്ടും വിശുദ്ധന്‍ 1549-ല്‍ പോര്‍ത്തുഗല്‍ രാജാവിന് എഴുതി. ഫ്രാന്‍സിസ്കന്‍മാര്‍ മാത്രമാണ് മാര്‍ യാക്കോബിനെ അന്വേഷിക്കുന്നതെന്നും, മാര്‍ യാക്കോബിനെ പോര്‍ത്തുഗീസുദ്യോഗസ്ഥന്‍മാര്‍ക്കു രാജാവു ശുപാര്‍ശ ചെയ്യണമെന്നും മാര്‍ യാക്കോബ് അദ്ദേഹത്തിന്‍റെ വാര്‍ദ്ധക്യകാലത്തുപോലും പരിശുദ്ധമാതാവായ റോമാസഭയുടെ ആചാരങ്ങള്‍ക്ക് അനുസരണമുള്ളവനാണെന്നും 45 കൊല്ലമായി (അതായത് അദ്ദേഹത്തിന്‍റെ ആഗമനം മുതല്‍) മാര്‍ യാക്കോബ് ദൈവത്തെയും രാജാവിനെയും സേവിച്ചുവരുന്നുവെന്നും വിശുദ്ധന്‍ പോര്‍ത്തുഗീസു രാജാവിനെ ധരിപ്പിക്കുന്നുണ്ട്. മാര്‍ യാക്കോബ് കൊച്ചിയില്‍ തീര്‍ത്തും ദാരിദ്യത്തിലായിരുന്നു. തന്‍മൂലം പിയറോ ഡി സെക്വീരായോട് വളരെയധികം ലജ്ജയോടുകൂടി, അത്യാവശ്യത്തിന്‍റെയും ദാരിദ്യത്തിന്‍റെയും പേരില്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് താന്‍ പണയം വച്ചിട്ടുള്ള ചെപ്പേടുകള്‍ കടം വീട്ടി എടുക്കുന്നതിനായും തനിക്കും കൊടുങ്ങല്ലൂര്‍ പട്ടണത്തിലെ എല്ലാ ക്രിസ്ത്യാനികള്‍ക്കുമായും 20 ക്രൂസദോയുടെ ധര്‍മ്മവും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി.
കൊടുങ്ങല്ലൂരിനു ചുറ്റും സമീപത്തുളള 60 ഗ്രാമങ്ങളിലായി താമസിക്കുന്നുവെന്നു വിശുദ്ധന്‍ പറയുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഭക്തി വര്‍ദ്ധിപ്പിക്കുന്നതിനായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ രണ്ടുതവണ കൊടുങ്ങല്ലൂരെ പളളികള്‍ക്ക് ദണ്ഡവിമോചനങ്ങള്‍ അഭ്യര്‍ത്ഥിച്ചകാര്യം ഇവിടെ സ്മര്‍ത്തവ്യമാണ്. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലെ പ്രധാനികളുടെ മക്കളായ നൂറുകുട്ടികള്‍ കൊടുങ്ങല്ലൂരെ ഫ്രാന്‍സിസ്കന്‍മാരുടെ വക സെമിനാരിയില്‍ ഉണ്ടെന്നു വിശുദ്ധന്‍ തുടര്‍ന്നു പറയുന്നു.
ഗുവയാ പറയുന്നതുപോലെ, ലത്തീന്‍ റീത്തില്‍ പട്ടമേറ്റ മുകളില്‍പ്പറഞ്ഞ ചെറുപ്പക്കാര്‍, മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ലത്തീനില്‍ കുര്‍ബാന ചൊല്ലുന്നതിന് അവരുടെ സ്വന്തം മാതാപിതാക്കന്‍മാര്‍പോലും അനുവദിച്ചിരുന്നില്ല. ഗുവായുടെ അഭിപ്രായത്തില്‍, ഈ ചെറുപ്പക്കാരുടെ മാതാപിതാക്കന്‍മാര്‍ തങ്ങളുടെ ഈ മക്കള്‍ പഠിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ഗ്രഹിക്കുവാന്‍ ഇഷ്ടപ്പെടുകയോ തങ്ങളുടെ സ്വന്തം റീത്തില്‍ എന്തെങ്കിലും വ്യതിയാനം വരുത്തുവാന്‍ അവരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. വിവാദ ചെറുപ്പക്കാര്‍ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ദേവാലയങ്ങളില്‍ (പൗരസ്ത്യ) സുറിയാനിയിലും കൊച്ചിയിലും ചുറ്റുപാടുളള സ്ഥലങ്ങളിലും ലത്തീനിലും കുര്‍ബാന ചൊല്ലിയിരുന്നുവെന്ന് ഡിസൂസാ നമ്മെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നു. പോര്‍ത്തുഗലില്‍വെച്ചു പട്ടം സ്വീകരിച്ച പറവൂരെ രണ്ടുപേര്‍ കൊടുങ്ങല്ലൂരില്‍ വിപ്രവാസികളായി കഴിയേണ്ടിവന്നുവെന്നും അവരില്‍ ഒരാള്‍ 1599 വരെ ജീവിച്ചിരുന്നുവെന്നും ഗുവെയാ പറയുന്നു. ലത്തീന്‍ റീത്തില്‍ പട്ടമേറ്റ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ യുവാക്കളില്‍ ഒരാള്‍പോലും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍ ജോലി ചെയ്യുന്നില്ലെന്നും പ്രത്യുത പോര്‍ത്തുഗീസുകാരോടുകൂടി അവര്‍ക്കു ഭക്ഷിക്കുവാന്‍ സാധിച്ചിരുന്നതിനാല്‍ അവര്‍ സന്തോഷപൂര്‍വ്വം കൊച്ചിമെത്രാനോടുകൂടി താമസിച്ചുവെന്നും 1592 ജനുവരി 2 ലെ ഒരു കുറിപ്പില്‍ കാണുന്നു. ബിഷപ്പ് റോസ് എസ്.ജെ. (മുകളില്‍ ഉദ്ധരിച്ച) 1604-ലെ അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത് അവരില്‍ ഒരാള്‍ പോലും ഇന്നുവരെ കേരളത്തില്‍ (അതായത് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍) ജോലി ചെയ്തിട്ടില്ലായെന്നാണ്.
കൊടുങ്ങല്ലൂരില്‍ മൂന്നു ദൈവാലയങ്ങള്‍ ഉണ്ടായിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ക്രമേണ ആ സ്ഥലം വിട്ടുപോകയാല്‍ 1601 ആയപ്പോഴേക്കും അവിടെ പതിനാറോ പതിനേഴോ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമേ ശേഷിച്ചിരുന്നുളളൂ. 1619 ആയപ്പോഴേക്കും കൊടുങ്ങല്ലൂര്‍ വെള്ളക്കാരോ കറുത്തവരോ ആയ ഇരുപതോ മുപ്പതോ കുടുംബങ്ങളുളള ഒരു ഗ്രാമമായി തീര്‍ന്നിരുന്നു. 1600-നു ശേഷവും അവരുടെ വൈദികമേലദ്ധ്യക്ഷന്‍മാര്‍ കൊടുങ്ങല്ലൂരില്‍ താമസിച്ചിരുന്നെങ്കിലും അവര്‍ക്ക് ഒരുകാലത്ത് അവിടെ ഉണ്ടായിരുന്ന പ്രാചീനപദവിയും നിലയും പുനഃസ്ഥാപിക്കപ്പെടുകയുണ്ടായില്ല. 1654-ല്‍ എഴുതപ്പെട്ട . Nomi di terre evillagi dove stanno le chiese degli chistiani di S. Tommaso Apostolo എന്ന രേഖയില്‍ (Jesuit Archives, Rome, Gov, 68ft. 63,65) കൊടുങ്ങല്ലൂരില്‍ ഏതെങ്കിലും പള്ളി ഉള്ളതായി പറയുന്നില്ല.
മാര്‍ യാക്കോബിന്‍റെ മരണശേഷം
മാര്‍ യാക്കോബു 1550/52-ല്‍ നിര്യാതനായി.അതേത്തുടര്‍ന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചു. പരമ്പരാഗതമായ പാത്രിയാര്‍ക്കല്‍ പരമ്പരയ്ക്ക് എതിരായി 1558-ല്‍ സുലാക്കായും അദ്ദേഹത്തിന്‍റെ പരമ്പരയില്‍പ്പെട്ട പാത്രിയര്‍ക്കീസുമാരും രംഗത്തുവന്ന കാര്യം നാം മുകളില്‍ കണ്ടുവല്ലോ.കാലിക്കുത്തിലും (Calicuth) ഇന്‍ഡ്യ മുഴുവനിലുമുള്ള സ്ഥലങ്ങളുടെ മേലും സന്യാസാശ്രമങ്ങളുടെമേലും സുലാക്കായ്ക്കുള്ള അധികാരം 1553-ല്‍ മൂന്നാം ജൂലിയസ് മാര്‍പ്പാപ്പാ അംഗീകരിക്കുകയുണ്ടായി. ഈ കാലമായപ്പോഴേക്കും പോര്‍ത്തുഗീസുകാര്‍ അതിശക്തരായിത്തീര്‍ന്നു. അവരുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍, ഈശോസഭക്കാരുടെ ആഗമനശേഷം പ്രത്യേകിച്ചും, വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. 1558-ല്‍ കൊച്ചി ഗോവയുടെ കീഴിലുളള ഒരു മെത്രാസനമായി ഉയര്‍ത്തപ്പെട്ടു.
മാര്‍ യാക്കോബിന്‍റെ മരണാനന്തരം കുറെ കൊല്ലക്കാല ത്തേയ്ക്കു മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു ഒരു മെത്രാനും ഉണ്ടായിരുന്നില്ല. സെലൂക്കിയന്‍ പാത്രിയര്‍ക്കീസില്‍ നിന്നുള്ള മെത്രാന്‍മാരെ കാത്തിരുന്നു നിരാശരായ അവര്‍ പോര്‍ത്തുഗീസുകാരോട് അനുഭാവം കാണിച്ചു തുടങ്ങി. ഫ്രാന്‍സിസ്കന്‍മാരും ഡോമിനിക്കന്‍മാരും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചില പള്ളികള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇതാ! 1556-ല്‍ ഒരു മെത്രാന്‍ ആഗതനാകുന്നു. ഉടനെ എല്ലാവരും അദ്ദേഹത്തിന്‍റെ പിന്നാലെ പോയി. ഈ മെത്രാന്‍ ആരായിരുന്നെന്നു നമുക്കു തീര്‍ച്ചയായി പറഞ്ഞുകൂടാ. സുലാക്കായുടെ എതിരാളിയുടെ പക്കല്‍നിന്നു വന്നതായിരിക്കാം അദ്ദേഹം. താഴെ പറയുവാന്‍ പോകുന്ന മാര്‍ അബ്രാഹമായിരുന്നുവോ അദ്ദേഹം?
പുതിയ മെത്രാന്‍മാര്‍: മാര്‍ ജോസഫ്
1556-ല്‍ സുലാക്കയുടെ പിന്‍ഗാമിയായ അബ്ദീശോ പാത്രിയര്‍ക്കീസ് സുലാക്കായുടെ സഹോദരനായ മാര്‍ ഏലിയാസിനോടുകൂടി കേരളത്തിലേയ്ക്കയച്ചു. മാള്‍ട്ടായില്‍നിന്നുളള ഡോമിനിക്കന്‍ മെത്രാനായ അംബ്രോസും, സുലാക്ക തന്നോടുകൂടി റോമയിലേയ്ക്കു കൊണ്ടുപോയിരുന്ന ഫാദര്‍ അന്‍റോണിനയും ഇവരെ അനുഗമിച്ചിരുന്നു. മാര്‍ ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധിയും, ബിഷപ്പ് അംബ്രോസ് പൗരസ്ത്യദിക്കിലെ പേപ്പല്‍ നൂണ്‍ഷിയോയും ആയിരുന്നു. കേരളത്തിലേയ്ക്കു പോകുന്നതിനു മുമ്പ് മാര്‍ ജോസഫിനേയും മാര്‍ ഏലിയാസിനെയും റോമായിലേക്കു കൊണ്ടുപോകാന്‍ ബിഷപ്പ് അംബ്രോസ് ഉദ്ദേശിച്ചിരുന്നതായി കാണുന്നു. പോര്‍ത്തുഗീസുകാര്‍ അവരെയെല്ലാം അറസറ്റ് ചെയ്ത് 18 മാസം തടവില്‍ പാര്‍പ്പിച്ചു. ഡോമിനിക്കന്‍മാരെ ഗോവയിലും മറ്റുള്ളവരെ ആദ്യം മൊസാംബിക്കിലും പിന്നീടു ബാസിന (Bascin)ലുമാണ് തടവിലിട്ടിരുന്നത്. ഇന്‍ഡീസിലെ പോര്‍ത്തുഗീസ് വൈസ്രോയിക്കു റോമായില്‍നിന്നു സുലാക്കാ കൊണ്ടുവന്നിരുന്ന കത്തുകള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു.
ഇന്ത്യ മുഴുവന്‍റെയും ഏക അധികാരി തങ്ങളാണെന്നായിരുന്നു പോര്‍ത്തുഗീസുകാരുടെ വിചാരം. അബ്ദീശോ പാത്രിയര്‍ക്കീസ് ത്രെന്തോസുസൂനഹദോസിനയച്ച വിശ്വാസ സത്യപ്രഖ്യാപനത്തില്‍ ഗോവയും കൊച്ചി മെത്രാപ്പൊലീസും കോഴിക്കോടു രൂപതയും ക്രിന്‍ഗോളും തനിക്കധീനപ്പെട്ടതാണെന്ന് അവകാശപ്പെട്ടിരുന്നു.എന്നാല്‍ പോര്‍ത്തുഗീസു പ്രതിനിധി അതിനെ എതിര്‍ത്തു. ഇന്‍ഡ്യയൊക്കെയുടെയും പ്രീമാസ് (totius Indiae Primes) ആയ ഗോവാ വൈദികമേലദ്ധ്യക്ഷനു വിധേയമായ മെത്രാസനങ്ങളാണിവയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
പതിനെട്ടു മാസങ്ങള്‍ക്കുശേഷം മാര്‍ ജോസഫും മറ്റുള്ളവരും സ്വതന്ത്രരാക്കപ്പെട്ടു. ഗോവയുടെയും കേരളത്തിന്‍റെയും അഖിലേന്ത്യായുടെയും മെത്രാനായ് ഗോവാ മെത്രാന്‍റെ അനുവാദം കൂടാതെ യാതൊരു അംഗീകാരവും പ്രയോഗിക്കുകയില്ല എന്ന വ്യവസ്ഥയിലായിരുന്നു ഈ മോചനം. ലത്തീനില്‍ കുര്‍ബാന ചൊല്ലുവാന്‍ മാര്‍ ജോസഫിനെയും മാര്‍ ഏലിയാസിനെയും പഠിപ്പിക്കുകയും, പോര്‍ത്തുഗീസുകാരില്‍ നിന്നു തെന്നിമാറിക്കഴിയുന്ന ഒരു മെത്രാനെ (മുകളില്‍ പറഞ്ഞ ആളോ?) തിരിച്ചയയ്ക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു പൗരസ്ത്യ സുറിയാനി മെത്രാന്‍മാരെ വളരെ താല്പര്യമായിരുന്നതിനാല്‍, (ലത്തീന്‍ റീത്തിലുള്ള) നമ്മുടെ മെത്രാന്‍മാര്‍ ചെയ്യുന്നതുപോലെ എല്ലാം ചെയ്ത് ഈ രണ്ടുപേര്‍ വളരെ നന്‍മ പുറപ്പെടുവിക്കുമെന്നു പോര്‍ത്തുഗീസുകാര്‍ കരുതി. ബിഷപ്പ് അംബ്രോസ് 1558 ജനുവരി മാസത്തില്‍ കൊച്ചിയില്‍വച്ചു നിര്യാതനായി. മാര്‍ ഏലിയാസ്, പാത്രിയര്‍ക്കീസിന്‍റെ അടുക്കലേയ്ക്കു തിരിച്ചു പോകുകയും അനന്തരം റോമായിലെത്തി ഒരു റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ടില്‍ മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു പൗരസ്ത്യ സുറിയാനി (കല്‍ദായ) മെത്രാന്‍മാരെ അയച്ചുകൊടുക്കണമെന്നു അഭ്യര്‍ത്ഥിക്കുകയും, പോര്‍ത്തുഗീസുകാരുടെ ആശങ്കകളെ ശമിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
മാര്‍ ജോസഫും, ഫാദര്‍ ആന്‍റോണിനസും കേരളത്തില്‍ വളരെയേറെ പ്രവര്‍ത്തിക്കുകയും മുകളില്‍പ്പറഞ്ഞ മെത്രാനെ മാനസാന്തരപ്പെടുത്തി തിരിച്ചയയ്ക്കുകയും അദ്ദേഹത്തിന്‍റെ സ്ഥാനത്തു സത്യവിശ്വാസിയായ ഒരാളെ ആക്കുകയും ചെയ്തു. ഈ സത്യവിശ്വാസിയായ ആള്‍ മാര്‍ ജോസഫു തന്നെയൊ വേറൊരാളോ? മെല്‍ക്കിയോര്‍ ന്യൂനസ് എസ്.ജെ. 1569 ഡിസംബര്‍ 6-ാം തീയതി മാര്‍ അബ്രാഹത്തെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ പറയുന്നത് അദ്ദേഹം അതിനു പതിനൊന്നുകൊല്ലം മുന്‍പ്, അതായത് 1558-ല്‍ കേരളത്തിലുണ്ടായിരുന്നുവെന്നാണ്. ആകയാല്‍ മാനസാന്തരപ്പെടുത്തി തിരിച്ചയയ്ക്കപ്പെട്ടയാള്‍ മാര്‍ അബ്രാഹമായിരുന്നിരിക്കാം. എന്നാല്‍ മാര്‍ അബ്രാഹത്തെ മാനസാന്തരപ്പെടുത്തിയതു അബ്ദീശോ പാത്രിയര്‍ക്കീസാണെന്നു കാണുന്നു. എപ്പോള്‍ എങ്ങനെ, ഇതു സംഭവിച്ചുവെന്നു നമുക്കറിഞ്ഞുകൂടാ. മുകളില്‍പ്പറഞ്ഞ സത്യവിശ്വാസിയായ മെത്രാനെ പിന്നീടു പോര്‍ത്തുഗലിലേക്ക് നാടുകടത്തിക്കളഞ്ഞു.
മാര്‍ ജോസഫിനും ഫാദര്‍ അന്‍റോണിനസിനും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ നല്‍കിയ ഹാര്‍ദ്ദവമായ സ്വാഗതം കാണിക്കുന്നത് എതിര്‍ പാത്രിയര്‍ക്കീസുമാരുടെ അസ്തിത്വം അവര്‍ക്കു ബാധകമായിരുന്നില്ലെന്നും, റോമായുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെട്ടിരുന്നവര്‍ (മാര്‍ ജോസഫും ഫാദര്‍ അന്‍റോണിനസും തീര്‍ച്ചയായും അങ്ങനെയായിരുന്നല്ലോ) അവര്‍ക്കു സ്വീകാര്യമായിരുന്നെന്നുമാണ്. അധികം താമസിയാതെ ഫാദര്‍ അന്‍റോണിനസ് റോമായിലേയ്ക്കു തിരിച്ചുവിളിക്കപ്പെട്ടു. 1562-ല്‍ മാര്‍ ജോസഫ് പോര്‍ത്തുഗലിലേയ്ക്ക് പോയി (അഥവാ പാഷണ്ഡത ആരോപിക്കപ്പെട്ടു നാടു കടത്തപ്പെട്ടു) എല്ലാ സ്ഥലത്തും അദ്ദേഹം കത്തോലിക്കനായും വിശുദ്ധചരിതനായും ആദരിക്കപ്പെട്ടു. പക്ഷേ, അദ്ദേഹം ആഗ്രഹിച്ചതുപോലെ റോമായിലേക്കു പോകുന്നതിനു അദ്ദേഹത്തെ അനുവദിച്ചില്ല. 1564-ല്‍ ഒരു പേപ്പല്‍ കത്തോടുകൂടി അദ്ദേഹം തിരികെവന്നു. ഈ കത്തില്‍ തിരുസിംഹാസനത്തോടുള്ള അദ്ദേഹത്തിന്‍റെ ഭക്തിയെപ്പറ്റി പ്രസ്താവിക്കുകയും, നിനവെയുടെ മെത്രാനും കേരളത്തിന്‍റെ വിസിറ്ററുമെന്ന് അദ്ദേഹത്തെ വിളിക്കുകയും, അബ്ദീശോ പാത്രിയര്‍ക്കീസ് റോമായില്‍ എറ്റുപറഞ്ഞ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ആ കത്തില്‍ അദ്ദേഹത്തെ നിനവെയുടെ മെത്രാനും കേരളത്തിന്‍റെ വിസിറ്ററുമെന്നു പറഞ്ഞിരിക്കുന്നത്? പാത്രിയര്‍ക്കീസ് റോമയില്‍ ഏറ്റുപറഞ്ഞ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടാണ് ആ കത്തില്‍ അദ്ദേഹത്തെ നിനവെയുടെ മെത്രാനും കേരളത്തിന്‍റെ വിസിറ്ററുമെന്നു പറഞ്ഞിരിക്കുന്നത്? പാത്രിയര്‍ക്കീസ് അദ്ദേഹത്തെ മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഭരണാധികാരിയായിട്ടല്ലേ അയച്ചത്? ഇന്ത്യ മുഴുവനും തങ്ങള്‍ക്കു മാത്രമുള്ള ഭരണാധികാരരംഗമായി അവകാശപ്പെട്ടിരുന്ന പോര്‍ത്തുഗീസുകാരുടെ എതിര്‍പ്പിനെ ശമിപ്പിക്കുവാന്‍ വേണ്ടിയായിരിക്കണം വിവാദസ്ഥാനപ്പേരുകള്‍ ഉപയോഗിച്ചിരിക്കുന്നത്.
മാര്‍ ജോസഫും മാര്‍ അബ്രാഹവും
മാര്‍ ജോസഫിന്‍റെ അസാന്നിദ്ധ്യത്തില്‍, കൊച്ചി മെത്രാന്‍ പറവൂര്‍വെച്ചു പല മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ തീര്‍ത്ഥ സഞ്ചാരികളെ കാണുകയും, തന്നെ അവരുടെ മെത്രാനായി സ്വീകരിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ദൈവാലയങ്ങള്‍ക്കു വികാരിമാരെ നിയമിക്കുന്നതിന് അദ്ദേഹം അനന്തരം ആലോചിച്ചു. കേരളത്തിലെ നാടുവാഴികളുടെ ഇടയിലുണ്ടായ യുദ്ധംമൂലം ഒന്നും സംഭവിച്ചില്ല. അദ്ദേഹം അനന്തരം ചില മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ വൈദികരുടെയും അല്‍മായരുടെയും സന്‍മനോഭാവം നേടുകയും ചെയ്തു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഒരു കോളേജ് സ്ഥാപിക്കുന്നതിനു പ്ലാനിടുകയുണ്ടായി. ആ അവസരത്തില്‍ ഒരു പൗരസ്ത്യ സുറിയാനി മെത്രാന്‍ ആഗതനാകുകയും, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഉടനടി അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. ഈ മെത്രാന്‍ മുകളില്‍പ്പറഞ്ഞ മാര്‍ യൗസേപ്പു തന്നെയൊ, അതോ മാര്‍ അബ്രാഹമോ? മാര്‍ ജോസഫിന്‍റെ അസാന്നിദ്ധ്യത്തില്‍ അബ്ദീശോ പാത്രിയര്‍ക്കീസിനാല്‍ മാര്‍ അബ്രാഹം നിയുക്തനായതായി പറയപ്പെടുന്നു.
അതെങ്ങനെയായാലും മാര്‍ അബ്രാഹം കേരളത്തിലുണ്ടായിരുന്നു. പോര്‍ത്തുഗീസുകാര്‍ അദ്ദേഹത്തെ തടവിലാക്കി, പോര്‍ത്തുഗലിലേക്കു നാടു കടത്തി. മാര്‍ ജോസഫും ഫാദര്‍ അന്‍റോണിനസും മാനസാന്തരപ്പെടുത്തി തിരിച്ചയച്ച മെത്രാന്‍ മാര്‍ അബ്രാഹമാണെങ്കില്‍, ഈ നാടുകടത്തല്‍ സംഭവിച്ചതു അദ്ദേഹം തന്‍റെ രാജ്യത്തിലേയ്ക്കു മടങ്ങിപ്പോകുമ്പോഴോ, മാര്‍ ജോസഫിന്‍റെ അസാന്നിദ്ധ്യത്തില്‍ അബ്ദീശോ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ട പ്രകാരം കേരളത്തിലെത്തിയപ്പോഴോ? പോര്‍ത്തുഗലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മൊസാംബിക്കില്‍വെച്ചു അദ്ദേഹം രക്ഷപ്പെട്ടതായോ, തന്‍റെ രാജ്യത്തിലേയ്ക്ക് പോകുവാന്‍ അനുവദിക്കപ്പെട്ടതായോ പറയുന്നുണ്ട്. മൊസാംബിക്കില്‍ നിന്ന് അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തി. എങ്ങനെയായാലും അദ്ദേഹം പോര്‍ത്തുഗലില്‍ പോയില്ല. അദ്ദേഹം അബ്ദീശോ പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെല്ലുകയും, പാത്രിയര്‍ക്കീസിന്‍റെ കത്തുകളോടുകൂടി മാര്‍പാപ്പായുടെ പക്കല്‍ എത്തുകയും ചെയ്തു. അദ്ദേഹത്തോടു നല്ലതുപോലെ പെരുമാറുവാനും, പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ ആദരിക്കുവാനും ഗോവയിലേക്കും കൊച്ചിയിലേയും വൈദികമേലദ്ധ്യക്ഷന്‍മാരോട് ആവശ്യപ്പെട്ടുകൊണ്ട് മാര്‍പാപ്പാ അദ്ദേഹത്തെ കേരളത്തിലേക്കയച്ചു.
മാര്‍പാപ്പായുടെ കല്പന അനുസരിച്ച് 1567-ല്‍ അബ്ദീശോ പാത്രിയര്‍ക്കീസ് അങ്കമാലി സിംഹാസനം മാര്‍ അബ്രാഹത്തിനും ഗാമിലാ യ്ക്കടുത്തുള്ള സിംഹാസനം (ഏതെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല) മാര്‍ ജോസഫിനും നിശ്ചയിച്ചു കൊടുത്തു. ഈ രണ്ടുപേരില്‍ അവിശേഷിക്കുന്ന ആള്‍ ഇന്‍ഡ്യയിലുള്ള തന്‍റെ എല്ലാ ജനങ്ങളെയും ഭരിച്ചുകൊള്ളണമെന്നും പാത്രിയര്‍ക്കീസ് കല്പിച്ചു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഒരു വൈദിക മേലേദ്ധ്യക്ഷന് നിശ്ചയിച്ചുകൊടുത്തിട്ടുള്ള ഒരു ആസ്ഥാന സിംഹാസനത്തെപ്പറ്റി നാം ഇവിടെ ആദ്യമായി കേള്‍ക്കുകയാണ്. തന്‍റെ മെത്രാന്‍മാരെ നിയമിക്കാത്ത പ്രദേശങ്ങളിലേയ്ക്ക് പാത്രിയര്‍ക്കീസിന് മെത്രാന്‍മാരെ നിയമിക്കാമെന്ന് 1562-ല്‍ മാര്‍പാപ്പാ ഉത്തരവായിരുന്നു. അങ്കമാലി മെത്രാപ്പൊലീത്താ മാര്‍ അബ്രാഹത്തെ, എല്ലാ മെത്രാന്‍മാരുടെയും മെത്രാപ്പൊലീത്താമാരുടെയും സുപ്പീരിയറായി അബ്ദീശോ പാത്രിയര്‍ക്കീസ് നിയമിച്ചിരുന്നു.
മാര്‍ അബ്രാഹം റോമയില്‍നിന്ന് ഗോവയിലെത്തി. മാര്‍പാപ്പായുടെ കത്തുകള്‍ ഉണ്ടായിരുന്നിട്ടും, തന്‍റെ പാഷണ്ഡത ഗോപനം ചെയ്യുന്നതിനായി ദ്വയാര്‍ത്ഥമുള്ള പാഷണ്ഡപദങ്ങള്‍ ഉപയോഗിച്ചു പേപ്പല്‍കോടതിയെ അദ്ദേഹം വഞ്ചിച്ചിരിക്കുന്നുവെന്ന നാട്യത്തില്‍ പോര്‍ത്തുഗീസുകാര്‍ അദ്ദേഹത്തെ അവിടെ തടങ്കലില്‍വെച്ചു. പക്ഷേ, രാത്രി അദ്ദേഹം അവിടെനിന്നു രക്ഷപ്പെട്ടു തന്‍റെ സിംഹാസനത്തില്‍ എത്തിച്ചേര്‍ന്നു. ഈശോസഭക്കാരും കൊച്ചിമെത്രാനും ഈ പാലായനത്തില്‍ അദ്ദേഹത്തെ സഹായിക്കുകയുണ്ടായി.
പലപ്പോഴും കൊച്ചിയില്‍ താമസിക്കുകയും, അവിടെയും കൊടുങ്ങല്ലൂരും കൊച്ചി മെത്രാന് അനിഷ്ടകരമായ വിധം തന്‍റെ അധികാരം പ്രയോഗിക്കുകയും ചെയ്ത മാര്‍ ജോസഫിന്‍റെ മേല്‍ പാഷണ്ഡത ആരോപിക്കപ്പെടുകയും വിസ്താരത്തിനായി അദ്ദേഹത്തെ റോമായിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹം പാഷണ്ഡിയാണെന്ന് കുറ്റം വിധിക്കപ്പെട്ടിട്ടില്ല. പക്ഷേ 1569-ല്‍ അദ്ദേഹം അവിടെവച്ച് മരിച്ചു. വിശുദ്ധ കുര്‍ബാനയുടെ അനുഷ്ഠാനത്തില്‍ ലത്തീന്‍ രീതിയിലുള്ള തിരുവസ്ത്രങ്ങളും പുളിക്കാത്ത അപ്പവും അദ്ദേഹം നടപ്പാക്കിയെന്നു പറയപ്പെടുന്നു. ചില ലത്തീന്‍ കര്‍മ്മാനുഷ്ഠാനക്രമങ്ങളെ അദ്ദേഹം പൗരസ്ത്യ സുറിയാനിയിലേയ്ക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.
മാര്‍ ജോസഫിന്‍റെ മരണത്തെത്തുടര്‍ന്ന് പാത്രിയര്‍ക്കീസിന്‍റെ അജഗണങ്ങളായി ഇന്‍ഡ്യയിലുള്ള എല്ലാ ജനങ്ങളുടെയും ഏക ഭരണാധികാരി മാര്‍ അബ്രാഹമായിത്തീര്‍ന്നു. 1597-ല്‍ മരിക്കുന്നതുവരെ അദ്ദേഹം അവരെ ഭരിക്കുകയും ചെയ്തു.
ഗോവാ സൂനഹദോസ്, 1575
മാര്‍ അബ്രാഹം അദ്ദേഹത്തിന്‍റെ ഭരണം സമാധാനത്തില്‍ ആരംഭിച്ചു. 1575-ലെ ഗോവ പ്രാദേശിക സൂനഹദോസിലേയ്ക്കു മാര്‍ അബ്രാഹത്തെ ഒരു സാമന്ത മെത്രാനെന്ന നിലയില്‍ (അദ്ദേഹം സാമന്തമെത്രാന്‍ ആയിരുന്നില്ല) പോര്‍ത്തുഗീസുകാര്‍ ക്ഷണിക്കുകയുണ്ടായി. അദ്ദേഹം പോയില്ല. പകരം തന്‍റെ വിശ്വാസസത്യ പ്രഖ്യാപനം റോമിലേയ്ക്കയച്ചു കൊടുത്തു. പോര്‍ത്തുഗീസുകാര്‍ തന്നെ രണ്ടു പ്രാവശ്യം തടവിലാക്കിയിട്ടുള്ളതാകയാല്‍, തന്‍റെ സുരക്ഷിതത്വത്തിന് മാര്‍പ്പാപ്പാ ഉറപ്പു നല്‍കുന്നപക്ഷം ഭാവിയില്‍ ഇത്തരം സൂനഹദോസുകളില്‍ താന്‍ സംബന്ധിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. മാര്‍ അബ്രാഹത്തിന്‍റെ സാന്നിദ്ധ്യമില്ലാതെ തന്നെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കേണ്ടതു പോര്‍ത്തുഗീസു രാജാവ് അയയ്ക്കുന്ന മെത്രാന്‍മാര്‍ ആയിരിക്കണമെന്നും, അല്ലാത്തപക്ഷം ഭാവിയിലെ സൂനഹദോസുകളില്‍ മാര്‍ അബ്രാഹം അവശ്യം സംബന്ധിക്കണമെന്നും സൂനഹദോസു തീരുമാനം ചെയ്തു.
ഒരു സൂനഹദോസ് നടത്തത്തക്കവണ്ണം അദ്ദേഹത്തിനു സഫ്രഗന്‍മാരില്ലാത്തതുകൊണ്ടും, വളരെ വിദൂരസ്ഥലമാകയാല്‍ അദ്ദേഹത്തിന്‍റെ പാത്രിയര്‍ക്കീസ് വിളിച്ചുകൂട്ടുന്ന സൂനഹദോസില്‍ സംബന്ധിക്കുക സാദ്ധ്യമല്ലാത്തതുകൊണ്ടും ഭാവിയിലെ ഗോവാ സൂനഹദോസുകളില്‍ സംബന്ധിക്കണമെന്നും മാര്‍പ്പാപ്പാ മാര്‍ അബ്രാഹത്തോട് ആവശ്യപ്പെട്ടു.മാര്‍ അബ്രാഹത്തോടു കാരുണ്യപൂര്‍വ്വം പെരുമാറുവാന്‍ ഗോവയിലെ വൈദിക മേലദ്ധ്യക്ഷനു മാര്‍പാപ്പാ എഴുതുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇടപെടുവാന്‍ പോര്‍ത്തുഗല്‍ രാജാവിനോടും മാര്‍പാപ്പാ ആവശ്യപ്പെട്ടു. ഇതു രാജാവ് തന്‍റെ വൈസ്രോയി മുഖാന്തരമാണ് ചെയ്തത്.
മാര്‍ അബ്രാഹത്തിന്‍റെ മറ്റു ചില പ്രവര്‍ത്തനങ്ങള്‍
പോര്‍ത്തുഗീസുകാരുടെ ദുഷിച്ച പെരുമാറ്റങ്ങളില്‍ നിന്നു തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് 1578 ജനുവരി 3-ന് മാര്‍ അബ്രാഹം മാര്‍പ്പാപ്പായ്ക്ക് ഒരു കത്തയച്ചു. തന്‍റെ കീഴില്‍ ജോലി ചെയ്യുവാന്‍ ഈശോസഭക്കാരെ അദ്ദേഹം ക്ഷണിച്ചു. ഈശോസഭക്കാര്‍ പള്ളികളില്‍ പ്രസംഗിക്കുകയും ചെയ്തു. മാര്‍ അബ്രാഹത്തിന്‍റെ അര്‍ക്കദിയാക്കോനായ (ക്രിസ്തുവിന്‍റെ) ഗീവര്‍ഗീസിനെ, സിംഹാസനത്തില്‍ ഒഴിവുണ്ടാകുന്ന പക്ഷം, അങ്കമാലിയുടെ അഡ്മിനിസ്ട്രേറ്ററായി മാര്‍പാപ്പാ സ്ഥിരീകരിച്ചു. ഇതേ അര്‍ക്കദിയാക്കോന്‍തന്നെ പാലയൂരിന്‍റെ മെത്രാനായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പക്ഷേ അഭിഷേകം ചെയ്യപ്പെട്ടിട്ടില്ല. അനധികൃതനായി വന്ന മാര്‍ ശെമയോനെ റോമാ വഴി പോര്‍ത്തുഗലിലേയ്ക്ക് നാടുകടത്തിയപ്പോള്‍. അദ്ദേഹം പിന്നില്‍ വിട്ടിട്ടുപോയ വികാരി ജനറാള്‍ 1599 വരെ ജീവിച്ചിരിക്കുകയുണ്ടായി. മാര്‍ ശിമയോന്‍ നിമിത്തമുണ്ടായ കുഴപ്പങ്ങളുടെ കാലത്തു മാര്‍ അബ്രാഹത്തിനും പാലയൂര്‍ മെത്രാന്‍ ജോര്‍ജിനും അനുസരണമുള്ളവരായിരിപ്പാന്‍ മാര്‍പാപ്പാ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. അര്‍ക്കദിയാക്കോന്‍ വിനയംമൂലം മെത്രാന്‍ പട്ടാഭിഷേകം സ്വീകരിക്കുവാന്‍ ശങ്കിച്ചേക്കാമെന്നു ഒരു കത്തില്‍ മാര്‍പാപ്പാ സൂചിപ്പിക്കുന്നുണ്ടെന്നതു രസകരമായ ഒരു വസ്തുതയാകുന്നു. മാര്‍ അബ്രാഹം 1553-ല്‍ ഈശോ സഭക്കാരുടെ സഹായത്തോടുകൂടി അങ്കമാലിയില്‍ ഒരു സൂനഹദോസു വിളിച്ചുകൂട്ടുകയും ഗ്രന്ഥങ്ങള്‍ തിരുത്തുകയും വൈദികര്‍ വിവാഹം ചെയ്യരുതെന്നു വിലക്കുകയും മറ്റും ചെയ്തു. വൈപ്പിക്കോട്ട (ചേനോട്ട) യില്‍ ഒരു പുതിയ സെമിനാരി ആരംഭിക്കുകയും അതു ഈശോസഭക്കാരെ ഏല്പിക്കുകയും ചെയ്തു. റോമായില്‍ നിന്നു ദണ്ഡവിമോചനങ്ങള്‍ ലഭിക്കുകയുണ്ടായി. മാര്‍ അബ്രാഹത്തിനു പാലിയം കൊടുക്കുവാന്‍ ഈശോസഭക്കാര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മാര്‍ അബ്രാഹം റോമായില്‍നിന്നു നേരിട്ടു നിയമിച്ചിട്ടുള്ള ഒരു മെത്രാപ്പോലീത്താ അല്ലായ്കയാല്‍ അതു നല്‍കപ്പെടുകയുണ്ടായില്ല. ഇതിനിടയില്‍, 1578-ല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രതിനിധികള്‍ തങ്ങള്‍ പോര്‍ത്തുഗീസു വൈസ്രോയിക്കു ശുപാര്‍ശ ചെയ്യുന്നതിനും അഞ്ചു മെത്രാന്‍മാരെ അവര്‍ക്കയച്ചുകൊടുക്കുവാന്‍ പാത്രിയര്‍ക്കീസിനെ പ്രേരിപ്പിക്കുന്നതിനും മാര്‍പ്പാപ്പായോടു അഭ്യര്‍ത്ഥിക്കുകയുണ്ടായി. ആരാധനക്രമ കര്‍മ്മങ്ങളില്‍ പൗരസ്ത്യ സുറിയാനിഭാഷ നിലനിര്‍ത്തുന്നപക്ഷം കുറേയൊക്കെ തന്‍റെ ജനങ്ങളെ ലത്തീനികരിക്കുന്നതിനു മാര്‍ അബ്രാഹം ഈശോസഭക്കാരെ അനുവദിച്ചു. എന്നാല്‍ ഇതേപ്പറ്റി അദ്ദേഹം പിന്നീടു പശ്ചാത്തപിക്കുകയുണ്ടായി.
ഗോവാ സൂനഹദോസ് 1585
മാര്‍പ്പാപ്പാ നിര്‍ദ്ദേശിച്ചതനുസരിച്ച് മാര്‍ അബ്രാഹം 1585-ലെ ഗോവാ പ്രാദേശിക സൂനഹദോസില്‍ സംബന്ധിക്കുകയുണ്ടായി. ഇതിലേയ്ക്കും അദ്ദേഹം ഒരു സാമന്തര മെത്രാനായിട്ടാണ് ക്ഷണിക്കപ്പെട്ടിരുന്നത്. ഗോവാ മെത്രാപ്പൊലീത്തായെ തന്‍റെ സാക്ഷിപത്രങ്ങള്‍ കാണിക്കാത്ത യാതൊരു വൈദികാദ്ധ്യക്ഷനെയും അങ്കമാലിയില്‍ സ്വീകരിച്ചുകൂടെന്നു മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍ സൂനഹദോസ് തീരുമാനിക്കുകയുണ്ടായി. ഈ സാക്ഷിപത്രങ്ങള്‍ ഒന്നുകില്‍ മാര്‍പാപ്പായില്‍ നിന്നുള്ളതോ അല്ലെങ്കില്‍ നാലാം പീയൂസ് മാര്‍പാപ്പാ മുന്‍പു മാര്‍ അബ്രാഹത്തെ അങ്കമാലി മെത്രാപ്പൊലീത്താ ആയി നിയമിച്ചപ്പോഴത്തെപ്പോലെ കത്തോലിക്കാനായ ഒരു പാത്രിയാര്‍ക്കീസില്‍ നിന്നുള്ളതോ ആയിരിക്കണം. മാര്‍ അബ്രാഹം മുതലായവരുടെ ഉപയോഗത്തിനായി റോമന്‍ കര്‍മ്മസംഹിതയും റോമന്‍ പൊന്തിഫിക്കലും (പൗരസ്ത്യ) സുറിയാനി ഭാഷയിലേയ്ക്കു തര്‍ജ്ജമ ചെയ്യണമെന്നും സൂനഹദോസ് ഉത്തരവായി. ഈ തര്‍ജ്ജിമയ്ക്കു മാര്‍ അബ്രാഹത്തിനു സഹായിയായി ഫാ. റോസ് എസ്. ജെ. യെ നല്‍കി. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെപ്പറ്റി മുന്‍ ഗോവാ സൂനഹദോസുകള്‍ ചെയ്തിട്ടുള്ള തീരുമാനങ്ങളെ ഈ സൂനഹദോസ് സ്ഥിരീകരിച്ചു. മെത്രാന്‍മാരാല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഭരിക്കപ്പടണമെന്നും അല്ലാത്ത പക്ഷം മാര്‍ അബ്രാഹം ഭാവി ഗോവാ സൂനഹദോസുകളില്‍ സംബന്ധിക്കണമെന്നും 1575-ലെ ഗോവാ സൂനഹദോസ് തീരുമാനിച്ചിരുന്നതായി നാം കണ്ടുവല്ലോ. ഗോവയിലെ ഇന്‍ക്വിസിഷന്‍റെ അധികാരപരിധിയില്‍ അങ്കമാലിയേയും ഉള്‍പ്പടുത്തി.
മാര്‍ അബ്രാഹത്തിനെതിരായ കുറ്റാരോപണങ്ങള്‍
താന്‍ സംബന്ധിച്ച ഗോവാ സൂനഹദോസിന്‍റെ എല്ലാ തീരുമാനങ്ങളേയും മാര്‍ അബ്രാഹം നടപ്പില്‍ വരുത്തുകയോ അടുത്ത സൂനഹദോസില്‍ സംബന്ധിക്കുകയോ ഉണ്ടായില്ല. പാഷണ്ഡതയും മറ്റു കുറ്റങ്ങളും സംബന്ധിച്ച ഗുരുതരമായ ആരോപങ്ങള്‍ മാര്‍ അബ്രാഹത്തിന്‍റെമേല്‍ ചുമത്തപ്പെട്ടു. ഫാദര്‍ റോസ് എസ്.ജെയും ഫാദര്‍ അബ്രാഹം ഡി ജോര്‍ജിയോ എസ്. ജെയും (ജാതിയില്‍ ഒരു മാറോനീത്താക്കാരനായ ഇദ്ദേഹം എതോപ്യായില്‍ വെച്ചു വേദസാക്ഷിയായി മരിച്ചു. കുറെക്കാലം ഇദ്ദേഹം കേരളത്തിലുണ്ടായിരുന്നു) പ്രത്യേകിച്ചും ഇങ്ങനെയുള്ള ആരോപണം നടത്തി. മാര്‍ അബ്രാഹം ഒഴികെയുള്ള മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ റോമന്‍ കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞിരുന്നുവെന്നും, അവരുടെ ഗ്രന്ഥങ്ങളില്‍ നെസ്തോറിയന്‍ പ്രമാദങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പരിശുദ്ധ കന്യകാമറിയം ദൈവമാതാവാണെന്ന് അവര്‍ പരസ്യമായി പ്രസംഗിച്ചിരുന്നുവെന്നും, യാമപ്രാര്‍ത്ഥനകള്‍ ചൊല്ലുകയോ പാടുകയോ ചെയ്തിരുന്നപ്പോള്‍ അവര്‍ നെസ്തോറിയസിന്‍റെയും മറ്റും പേരുകള്‍ ഉപേക്ഷിച്ചുകളഞ്ഞിരുന്നുവെന്നും കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ച 1586/7-ലെ തന്‍റെ പ്രബന്ധത്തില്‍ റോസ് എസ്.ജെ. പറയുന്നതായി നാം കണ്ടുവല്ലോ. കാര്‍ണിറോ, ഫെര്‍ഡിനാന്‍സ് പാസ്, ന്യൂനസ് സാറെറ്റോ, ഡയോനിഷ്യാ, റോസു മുതലായവര്‍ സാക്ഷീകരിക്കുന്ന പോലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസത്തെയും സംസര്‍ഗ്ഗത്തെയുംപറ്റി കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ അനുസ്മരിക്കേണ്ടിയിരിക്കുന്നു.
രണ്ടു തിരുവെഴുത്തുകള്‍
മാര്‍ അബ്രാഹത്തിനെതിരായി നടപടികള്‍ ആരംഭിക്കുന്നതിനും കുറ്റക്കാരനെന്നു കണ്ടാല്‍ അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കുന്നതിനും, മാര്‍ അബ്രാഹത്തിന്‍റെ തടങ്കല്‍ കാലത്തേയ്ക്കു ഒരു വികാരി അപ്പസ്തോലിക്കയെ നിയമിക്കുന്നതിനും, പാഷണ്ഡത ഉണ്ടെന്നു സംശയിക്കപ്പെടുന്നവരുണ്ടെങ്കില്‍ അവരെപ്പറ്റി നേരിട്ടോ വികാരി അപ്പസ്തോലിക്കവഴിയോ അന്വേഷണം നടത്തുന്നതിനും, മാര്‍ അബ്രാഹം സന്നിഹിതനായിരുന്ന ഗോവ സൂനഹദോസിന്‍റെ ഡിക്രിയനുസരിച്ചു തിരുസിംഹാസനത്തില്‍ നിന്നു നിര്‍ദ്ദേശിക്കപ്പെടുന്ന ഒരു മെത്രാനല്ലാതെ മറ്റൊരു മെത്രാനും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കുവാന്‍ അനുവദിക്കാതിരിക്കുന്നതിനും (അങ്ങനെയൊരു ഡിക്രി ഉണ്ടായിരുന്നോ?) 1595 ജനുവരി 27-ാം തീയതി എട്ടാം ക്ലെമെന്‍റ് മാര്‍പാപ്പാ ഗോവാ മെത്രാപ്പൊലീത്തായ്ക്ക് (അന്നു ഗോവ അതിമെത്രാസനം ഒഴിവായി കിടക്കുകയായിരുന്നതിനാല്‍ ആരുടെയും പേരു പറഞ്ഞിട്ടില്ല) ഒരു തിരുവെഴുത്തയച്ചു. വികാരി അപ്പസ്തോലിക്ക ഒരു ലത്തീന്‍കാരനായിരിക്കണം; സുറിയാനി അറിയാവുന്ന ആളായിരുന്നാല്‍ നന്ന്. അദ്ദേഹം പട്ടം കൊടുക്കുവാന്‍ പാടില്ല, ഗോവാ മെത്രാപ്പോലീത്തായ്ക്കു ഉചിതമെന്നു തോന്നുമ്പോള്‍ ആ ആളെ മാറ്റുകയും പകരം നിയമിക്കുകയും ആകാം. ഈ തിരുവെഴുത്തു പുറപ്പെടുവിച്ച് അധികം കഴിയുന്നതിനു മുമ്പ് ഡോം (അലക്സിസ്) മെനേസിസ് ഒ.ഇ.എസ്.എ. ഗോവാ മെത്രാപ്പോലീത്തായായി നിയമിതനായി.
ഈ തിരുവെഴുത്തു പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ മാര്‍ അബ്രാഹം ഈശോസഭക്കാരുമായി സൗഹാര്‍ദ്ദത്തിലായിക്കഴിഞ്ഞിരുന്നു. തന്‍റെ അര്‍ക്കദിയാക്കോനെ (മുന്‍ പറഞ്ഞയാളല്ല. അദ്ദേഹം ഇതിനകം മരിച്ചുപോയി. പക്ഷ, രണ്ടു പേരുടെയും പേരു ഗീവറുഗീസ് എന്നായിരുന്നു.) സഹായ മെത്രാനായി നിയമിച്ചുകിട്ടുന്നതിനു 1594 ഡിസംബര്‍ 17-ാം തീയതി അദ്ദേഹം ഈശോസഭാ ജനറാലിനു എഴുതിയിരുന്നു. താന്‍ തന്‍റെ ജനങ്ങളെ തിരുസിംഹാസനത്തിനും, ഈശോസഭക്കാര്‍ക്കും ഭരമേല്പിച്ചിരിക്കുന്നുവെന്ന് ആ കത്തില്‍ അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. ഈ കത്തിന് യാതൊരു മറുപടിയും ലഭിച്ചില്ല. ഈശോസഭക്കാര്‍ പേപ്പല്‍ തിരുവെഴുത്തു നടപ്പില്‍ വരുത്തുന്നതു നീട്ടിവയ്ക്കുവാന്‍ ഡോം മെനേസിസിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കുറച്ചു കാലതാമസത്തിനുശേഷം ഒരു സ്വകാര്യാന്വേഷണം നടത്തി അതിന്‍റെ ഫലം റോമായിലേക്കയച്ചു കൊടുത്തു. മാര്‍ അബ്രാഹം കുറ്റക്കാരനായി കണ്ടുവെന്നും, എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രായം പരിഗണിച്ചും, അദ്ദേഹം ഒരു പര്‍വതപ്രദേശത്തില്‍ ജീവിച്ചിരുന്നതിനാല്‍ അദ്ദേഹത്തെ പിടിക്കുക സാദ്ധ്യമല്ലാതിരുന്നതുകൊണ്ടും അദ്ദേഹത്തെ തടവിലാക്കുക ഉണ്ടായില്ലെന്നും പറയപ്പെടുന്നു.
1597 ജനുവരി 21-ാം തീയതി അതേ എട്ടാം ക്ലമന്‍റു മാര്‍പ്പാപ്പാതന്നെ (ഇതു ശ്രദ്ധേയമാണ്) ഗോവാ മെത്രാപ്പോലീത്തായ്ക്കു മറ്റൊരു തിരുവെഴുത്തയച്ചു. ഒരു പിന്‍ഗാമിയെ നിയമിക്കുന്നതിനു മുന്‍പു (ഇതു പ്രാധാന്യമര്‍ഹിക്കുന്നു) മാര്‍ അബ്രാഹം മരിക്കുന്നപക്ഷം അങ്കമാലിക്കു ഒരു വികാരി അപ്പസ്തോലികയെ നിയമിക്കുവാനാണ് ഈ എഴുത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വികാരി അപ്പസ്തോലിക്ക യോഗ്യനായ ഒരാള്‍ ആയിരിക്കണമെന്നതിനെക്കവിഞ്ഞ് (ഇതും പ്രാധാന്യമര്‍ഹിക്കുന്നു) അദ്ദേഹത്തിന്‍റെ യോഗ്യതകളേയും അധികാരങ്ങളേയും പറ്റി തിരുവെഴുത്തു മൗനം പാലിക്കുന്നു. മാര്‍ അബ്രാഹത്തിനു ഒരു പിന്‍ഗാമിയെ നിയമിക്കുന്ന കാര്യത്തില്‍ റോമാ അനന്തരം ഏര്‍പ്പെട്ടു. പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടു. അക്കാലത്തു മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെമേല്‍ പോര്‍ത്തുഗീസു രാജാവിനു യാതൊരു പദ്രുവാദോ അധികാരവുമില്ലായിരുന്നതിനാല്‍ അദ്ദേഹത്തിന് ഇടപെടാന്‍ അധികാരമില്ലെന്ന് തീരുമാനിച്ചു. മാര്‍ അബ്രാഹം ജീവിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചമായിരിക്കുന്നുവെന്നും അറിവു കിട്ടുകയാല്‍ 1597 മേയ് 8-ാം തീയതി ഈ പ്രശ്നം നീട്ടിവച്ചു.
മാര്‍ അബ്രാഹത്തിന്‍റെ പിന്‍ഗാമി
മാര്‍ അബ്രാഹത്തിന്‍റെ മരണശേഷം (1597-ല്‍ അദ്ദേഹം മരിച്ചു) അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി 1599 നവംബര്‍ 5-ാം തീയതി റോസ് എസ്.ജെ. നിയമിതനായി. മാര്‍ അബ്രാഹം ഒരു പാഷണ്ഡിയായി മരിച്ചു എന്നു പോര്‍ത്തുഗീസുകാര്‍ പറയുന്നു. റോമായിലെ നടപടികള്‍ മറ്റു വിധത്തിലാണ് തെളിയിക്കുന്നത്. കേരളത്തിലുണ്ടായിരുന്ന ഫ്രാന്‍സിസ്കന്‍മാര്‍ മാര്‍ അബ്രാഹത്തെ അനുകൂലിച്ചിരുന്നു. മാര്‍ അബ്രാഹത്തിന്‍റെ സാഹസികമായ ജീവിതത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങളും ഇനിയും വ്യക്തമാക്കപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.
അബ്രാഹം ഡി ജ്യോര്‍ജിയോ എസ്.ജെ. 1593 ഡിസംബര്‍ 15-ാം തീയതി ഈശോസഭാ ജനറലിന് എഴുതിയ കത്തില്‍, മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാന്‍ ഒരു നല്ല കത്തോലിക്കനും, കഴിയുന്നിടത്തോളം ഈശോസഭക്കാരനും ഒരു കരണവശാലും പോര്‍ത്തുഗീസുകാരന്‍ അല്ലാത്തവനും, സുറിയാനിയോ, കല്‍ദായയോ അറിയാവുന്ന സിറിയായില്‍ നിന്നുള്ളവനുമായിരിക്കണമെന്നു എഴുതിയിരുന്നു. റോസ് ഒരു ഈശോസഭക്കാരനും സ്പെയിന്‍കാരനുമായിരുന്നു. അക്കാലത്തു പോര്‍ത്തുഗലും സ്പെയിനും ഒറ്റരാജ്യമായിരുന്നു.
ഒരു സ്പെയിന്‍കാരനായ മോണ്‍സെറാത്തെ എസ്.ജെ 1579-ല്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചിരുന്നു:
സര്‍വ്വോപരി പരിശുദ്ധ പിതാവ് ഒരു നൂണ്‍ഷിയോയെ അയയ്ക്കുന്നത് വലിയൊരു പ്രതിവിധിയായിരിക്കുമെന്ന് എനിക്കു തോന്നുന്നു. ഈ നൂണ്‍ഷിയോ ഈ ക്രിസ്ത്യാനികളുടെ കാര്യങ്ങളുടെ നാഡിസ്പന്ദനങ്ങള്‍ മനസ്സിലാക്കിയശേഷം എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് അവര്‍ മാര്‍പാപ്പായ്ക്ക് നേരിട്ടുള്ള കീഴിലായിരിക്കണമോ അഥവാ സിറിയായിലെ പാത്രീയര്‍ക്കീസിനു കീഴിലായിരിക്കണമോ, അതോ കേരളത്തിലെ മെത്രാന്മാരെ ഗോവാ മെത്രാപ്പൊലീത്തായുടെ സഫ്രഗന്‍മാരാക്കി ഗോവയിലെ പ്രാദേശിക സൂനഹദോസുകളില്‍ സംബന്ധിക്കുവാന്‍ നിര്‍ബന്ധിക്കണമോ എന്ന കാര്യത്തില്‍, നമ്മുടെ കര്‍ത്താവിനെ സേവിക്കുന്നതിന് ഉത്തമമായിട്ടുള്ളതെന്തെന്ന് അദ്ദേഹം തീരുമാനിക്കണം. എന്നാല്‍ ഈ ഓരോ പക്ഷാന്തരങ്ങളിലും പല സംഗതികളും ആലോചിക്കേണ്ടതായുണ്ട്. അവയെല്ലാം ഇവിടെ എഴുതാവുന്നവയല്ല. നൂണ്‍ഷിയോ ഒരു അപരിചിതനും പോര്‍ത്തുഗീസുകാരനല്ലാത്തവനുമായിരിക്കുന്നതു നന്നായിരിക്കും. ഈ വാക്കുകള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തോലിക്കാ സംസര്‍ഗ്ഗത്തെ മാത്രമല്ല, അക്കാലത്തെ വൈദിക രാജ്യതന്ത്രജഞതയേയും വ്യക്തമാക്കുകയാണു ചെയ്യുന്നത്.
ഡോ മെനേസിസ്: അദ്ദേഹത്തിന്‍റെ പദ്ധതികള്‍
ഡോം മെനേസിസിന്‍റെ പക്കല്‍ മുകളില്‍പ്പറഞ്ഞ പേപ്പല്‍, തിരുവെഴുത്തുകള്‍ ഉണ്ടായിരുന്നു. മാര്‍ അബ്രാഹത്തിന്‍റെ മരണശേഷം കീഴ്വഴക്കമനുസരിച്ചും, മാര്‍ അബ്രാഹം നടത്തിയ നിയമനത്തിന് അനുസൃതമായും അര്‍ക്കദിയാക്കോന്‍ അങ്കമാലിയുടെ ഭരണച്ചുമതല ഏറ്റെടുത്തു. ഒഴിവായ അങ്കമാലി സിംഹാസനത്തെപ്പറ്റിയുള്ള ഒരു വിവരണം വത്തിക്കാന്‍ പുരാവസ്തു ശേഖരത്തില്‍ ഉണ്ട്. പ്രസ്താവിത അങ്കമാലിപ്പട്ടണത്തില്‍ ഒരു മെത്രാപ്പോലീത്തന്‍ പള്ളിയും അതിനൊരു അര്‍ക്കദിയാക്കോനും ഉണ്ട്. മെത്രാപ്പോലീത്തന്‍ ഭരണാധികാരം സാധാരണയായി അര്‍ക്കദിയാക്കോനാണ് വഹിച്ചിരുന്നത് എന്ന് അതില്‍ പറഞ്ഞിരുന്നു.
1597 ഡിസംബര്‍ 19-ാം തീയതി ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസിനു ഡോം മെനേസിസ് അയച്ച കത്തില്‍ താന്‍ കേരളത്തിലേയ്ക്കു പോകുന്നതിനും, പള്ളികള്‍ സന്ദര്‍ശിക്കുന്നതിനും ഒരു സൂനഹദോസു വിളിച്ചു കൂട്ടുന്നതിനും മറ്റും ഉദ്ദേശിക്കുന്നതായി പറഞ്ഞിരിക്കുന്നു. മാര്‍പ്പാപ്പാ നിര്‍ദ്ദേശിക്കുന്ന മെത്രാന്‍ ഒരു സുറിയാനിക്കാരനാണെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കുന്നതിനും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും അര്‍ക്കദിയാക്കോനും തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. (ഇതേ കാര്യം റോസ് എസ്.ജെ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധ പിതാവ് തങ്ങളുടെ വൈദിക മേലദ്ധ്യക്ഷനായി തങ്ങളുടെ അര്‍ക്കദിയാക്കോനെയല്ലാതെ ഒരു ലത്തീന്‍കാരനെ അയയ്ക്കുന്ന പക്ഷം തങ്ങളുടെ കാര്യം പരിശുദ്ധ പിതാവിന്‍റെ അടുക്കല്‍ വാദിക്കുന്നതിനു എല്ലാവരും ശപഥം ചെയ്തിരിക്കുന്നു). ഒരു പള്ളിയില്‍ മാര്‍പ്പാപ്പായുടെ പേരു പറയുന്നതിനെ ഒരു വൈദികന്‍ പരസ്യമായി നിരോധിച്ചതായി താന്‍ കേട്ടരിക്കുന്നുവെന്നു ഡോം മെനേസിസ് തുടര്‍ന്നു പറയുന്നു. താന്‍ ഈശോ സഭക്കാരെ ആശ്രയിക്കുന്നുവെന്നും അവരില്‍ ഒരാളെ തന്‍റെ സഫ്രഗനായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാനാക്കുവാന്‍ താന്‍ ഉദ്ദേശിക്കുന്നുവെന്നും ഡോം മെനേസിസ് പറഞ്ഞു. രാജ്യത്തില്‍ താന്‍ രണ്ടാമനാണെന്നുള്ള തന്‍റെ ശക്തിയിലും കേരളത്തിലെ രാജാക്കന്‍മാര്‍ തന്നെ പിന്താങ്ങുമെന്നുള്ളതിലും അദ്ദേഹം ആശ്രയിക്കുന്നു. പാത്രിയര്‍ക്കീസ് അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഒരു പാഷണ്ഡിയാണ്. പാഷ്ണഡത പ്രവഹിക്കുന്ന സ്രോതസ്സായ സുറിയാനി ഭാഷ നിരോധിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും അര്‍ക്കദിയാക്കോനും തോമ്മായുടെ നിയമം - കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ അവര്‍ക്ക് അതു സുറിയാനി റീത്തുതന്നെയായിരുന്നു - കാത്തുസൂക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതായും പറയുന്നു.
ഡോം മെനേസിസ് കേരളത്തില്‍
മുകളില്‍പ്പറഞ്ഞ രണ്ടു പേപ്പല്‍ തിരുവെഴുത്തുകളെയും കിഴക്കിന്‍റെ പ്രൈമറ്റ് എന്ന തന്‍റെ നിലയേയും ആശ്രയിച്ചുകൊണ്ട് ഡോം മെനേസിസ് ഫാദര്‍ റോസ് എസ്.ജെ യെ അങ്കമാലിയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി (അതോ വികാരി അപ്പസ്തോലിക്കയോ?) നിയമിച്ചു. കേരളത്തിലെ സ്ഥിതിഗതികള്‍ അറിഞ്ഞുകൊണ്ട് ഈ നിയമനത്തെ അര്‍ക്കദിയാക്കോന് അനുകൂലമായി അദ്ദേഹം റദ്ദ് ചെയ്തു. അര്‍ക്കദിയാക്കോന് ഉപദേഷ്ടാക്കളെ നല്‍കുകയും താന്‍ നിശ്ചയിച്ച രീതിയില്‍ അദ്ദേഹത്തില്‍ നിന്ന് ഒരു വിശ്വാസസത്യ പ്രഖ്യാപനം ആവശ്യപ്പെടുകയും ചെയ്തു. തനിക്കു നേരത്തെ ഉണ്ടായിരുന്നതുതന്നെ സ്വീകരിക്കുകയാണെന്നു പറഞ്ഞുകൊണ്ട് അര്‍ക്കദിയാക്കോന്‍ നിയമനം സ്വീകരിച്ചു. എന്നാല്‍ വിശ്വാസസത്യ പ്രഖ്യാപനം ചെയ്യുന്ന കാര്യം അദ്ദേഹം നീട്ടിക്കൊണ്ടുപോയി. സെലുക്കിയായില്‍ നിന്നുള്ള ഒരു മെത്രാനെ പ്രതീക്ഷിച്ചിരുന്നതിനാലാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നു പോര്‍ട്ടുഗീസുകാര്‍ പറയുന്നു. എന്നാല്‍ സെലൂക്കിയായില്‍ നിന്ന് മെത്രാന്മാര്‍ കേരളത്തിലേക്കു വരുന്നതിനെ തടയുന്നതിനായി തുറമുഖങ്ങളില്‍ മേനേസിസ് കാവല്‍ക്കാരെ നിര്‍ത്തിയിരുന്നു. കേരളത്തിലേയ്ക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു മെത്രാനെ തിരിച്ചയച്ചതായും പറയപ്പെടുന്നുണ്ട്. ഇതിനിടയില്‍ കൊച്ചിയിലുണ്ടായിരുന്ന വൈദികരും സിവില്‍പരവുമായ പോര്‍ത്തുഗീസ് അധികാരികള്‍ വികാരിജനറാളോടും (മെത്രാന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നില്ല) അര്‍ക്കദിയാക്കോനും കൂടി വൈപ്പില്‍ സമ്മേളിച്ച് അര്‍ക്കദിയാക്കോന്‍ ഒരു ഉത്തമ കത്തോലിക്കനാണെന്നു പ്രഖ്യാപിച്ചു. തന്നെ വായിച്ചുകേള്‍പ്പിച്ച ഒരു വിശ്വാസസത്യ പ്രഖ്യാപനത്തിന് അര്‍ക്കദിയാക്കോന്‍ വാചികമായ സമ്മതം നല്‍കി. സമ്മേളനത്തില്‍നിന്നു ഒഴിവാക്കി നിര്‍ത്തിയിരുന്ന ഈശോസഭക്കാര്‍ ഈ സംഭവവികാസങ്ങളെപ്പറ്റി ഡോം മെനേസിസിന് അറിവു നല്‍കി. അദ്ദേഹം ഉടനെതന്നെ കേരളത്തിലേക്ക് യാത്രതിരിച്ചു. അദ്ദേഹം കൊച്ചിയില്‍ വന്നിറങ്ങിയപ്പോള്‍ അര്‍ക്കദിയാക്കോന്‍ ഭടന്‍മാര്‍ സഹിതം അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ടു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു വേണ്ടി ഈശോ സഭക്കാര്‍ സെമിനാരി നടത്തിയിരുന്ന വൈപ്പിക്കോട്ടയിലാണ് രണ്ടുപേരുടെയും ഔദ്യോഗിക സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
വൈപ്പിക്കോട്ടയില്‍ ഡോം മെനേസിസ് ശീശ്മയ്ക്കും സെലുക്കിയന്‍മാര്‍ക്കുമെതിരായി പ്രസംഗിക്കുകയും, കുര്‍ബാനയിലും യാമപ്രാര്‍ത്ഥനയിലും പാത്രിയര്‍ക്കീസിന്‍റെ പേരുചൊല്ലരുതെന്ന മഹറോന്‍ശിക്ഷയിന്‍ കീഴില്‍ വൈദികരോടും അര്‍ക്കദിയാക്കോനോടും കല്പിക്കുകയും ചെയ്തു. അങ്ങനെ, ആരംഭം തൊട്ടുതന്നെ ഡോം മെനേസിസ് മഹറോന്‍ എന്ന ആയുധം - മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മറ്റൊന്നും ഇതിനോളം ഭയപ്പെട്ടിരുന്നില്ല - എടുത്തു പ്രയോഗിച്ചു തുടങ്ങി. അര്‍ക്കദിയാക്കോനും വൈദികരും കീഴടങ്ങി.
തുടര്‍ന്നു ഡോം മെനേസിസ്, ഈശോസഭക്കാരാല്‍ പ്രേരിതനായി, ശക്തിയായ എതിര്‍പ്പുണ്ടായിരുന്നിട്ടും പള്ളികള്‍ സന്ദര്‍ശിച്ചു തുടങ്ങി. ബലം പ്രയോഗിച്ചു പള്ളികള്‍ തുറക്കുകയും, സ്ഥൈര്യലേപനം നല്‍കികൊണ്ട് അവയില്‍ അധികാരം പ്രയോഗിക്കുകയും ചെയ്തു. സംഗതികള്‍ വിശദീകരിക്കുന്നതിനും (പോര്‍ത്തുഗീസുകാര്‍ പറയുന്നതുപോലെ) കത്തോലിക്കാ വിശ്വാസം വ്യക്തമാക്കുന്നതിനുമായി ഒരു സൂനഹദോസു വിളിച്ചുകൂട്ടുവാന്‍ അര്‍ക്കദിയാക്കോന്‍ നിര്‍ദ്ദേശിക്കുകയും, ഒരു വിദേശമെത്രാന്‍ എന്ന നിലയില്‍ പള്ളികള്‍ സന്ദര്‍ശിക്കുവാന്‍ ഡോം മെനേസിസിനെ അനുവദിക്കുകയും ചെയ്തു. ഡോം മെനേസിസ് സമ്മതിച്ചു. എന്നാല്‍ അര്‍ക്കദിയാക്കോന്‍ സൂനഹദോസു വിളിച്ചുകൂട്ടിയില്ലന്നുള്ള ഒഴികഴിവു പറഞ്ഞുകൊണ്ട് പള്ളികളുടെമേല്‍ അധികാരം പ്രയോഗിച്ചുപോന്നു. അര്‍ക്കദിയാക്കോന്‍ തന്നെ മഹറോന്‍ ചൊല്ലിയത് അദ്ദേഹം കൂട്ടാക്കിയില്ല. പള്ളികള്‍ സന്ദര്‍ശിച്ചുകൊണ്ടു മൂന്നുതവണ അദ്ദേഹം പട്ടം കൊടുക്കുകയും കുറഞ്ഞപക്ഷം ഒരു നൂറുപേരെ പൗരോഹിത്യത്തിലേയ്ക്കുയര്‍ത്തുകയും ചെയ്തു. അപ്പോള്‍ തന്നെ നെസ്തോറിയന്‍ വിശ്വാസത്തെ ശപിക്കുവാന്‍ അവരെ നിര്‍ബന്ധിച്ചു. അങ്ങനെ പട്ടം കിട്ടിയവരെയും അവരുടെ ബന്ധുക്കളെയും തനിക്ക് അനുകൂലികളായി അദ്ദേഹം സമ്പാദിച്ചു. കേരളത്തിലെ രാജാക്കന്‍മാരെ പ്രത്യേകിച്ച് കൊച്ചി രാജാവിനെ, ഭീഷണിപ്പെടുത്തി വശത്താക്കി. പിന്നീടു സ്ഥാനഭ്രഷ്ഠനാക്കി മറ്റൊരാളെ അര്‍ക്കദിയാക്കോനാക്കുമെന്ന ഭീഷണിയോടുകൂടി, അര്‍ക്കദിയാക്കോനോടു കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. അര്‍ക്കദിയാക്കോന്‍ കീഴടങ്ങി. (ഭീരുത്വം കൊണ്ടോ? ഉല്‍ക്കര്‍ഷേച്ഛ കൊണ്ടോ? ശീശ്മ ഭയന്നോ?)
ഡോം മെനേസിസ് അനന്തരം അര്‍ക്കദിയാക്കോനെ കൊണ്ടു പത്തു സംഗതികള്‍ ഒപ്പുവെപ്പിച്ചു. അവ:
ഉദയംപേരൂര്‍ സൂനഹദോസ്
ഡോം മെനേസിസ് ഉടനെതന്നെ സൂനഹദോസിനു വേണ്ട അടിയന്തര സന്നാഹങ്ങള്‍ ആരംഭിച്ചു. അതിലേക്കു മഹറോന്‍ ശിക്ഷയില്‍ കീഴ് എല്ലാ വൈദികരേയും മറ്റു വൈദികസ്ഥാനികളേയും താന്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവ ഉള്‍പ്പെടെ എല്ലാ പള്ളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു അല്‍മേനികളെയും ക്ഷണിച്ചു. കൊച്ചി രാജാവിന്‍റെ സംസ്ഥാനത്തില്‍പെട്ട ഉദയംപേരൂര്‍ എന്ന സ്ഥലത്തു എല്ലാവരും, 130 വൈദികരും 660 അല്‍മേനികളും (തിരഞ്ഞെടുക്കപ്പെട്ടവരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും) സമ്മേളിച്ചു. 1599 ജൂണ്‍ മദ്ധ്യത്തില്‍ നടത്തപ്പെട്ട ഉദയംപേരൂര്‍ സൂനഹദോസ് ഇതാണ്. ഇവിടെ വച്ച് പാത്രിയര്‍ക്കീസിനെ ഒരു ശീശ്മക്കാരനും പാഷ്ണഡിയുമായി കുറ്റംവിധിക്കുന്നതിനും റോമയില്‍നിന്നു നേരിട്ടു നിയമിക്കുന്ന മെത്രാനെയല്ലാതെ മറ്റാരെയും സ്വീകരിക്കുന്നതല്ലെന്നു പ്രതിജ്ഞ ചെയ്യുന്നതിനും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെട്ടു. നേരിട്ട് എന്ന പദം ശ്രദ്ധിക്കുക. വിശുദ്ധ പാലിയംവഴി ബഹുമാനിതനായി, റോമായുമായി പ്രകടമായ സംസര്‍ഗ്ഗത്തിലായിരുന്ന ദനഹാ-ശിമയോന്‍ ആണ് ഇങ്ങനെ ശപിക്കപ്പെട്ട പാത്രിയര്‍ക്കീസ്.
സൂനഹദോസ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികനിയമങ്ങളിലും റീത്തിലും മൗലികമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. മതവിശ്വാസം, സന്‍മാര്‍ഗ്ഗം ശിക്ഷണം, ദുരുപയോഗങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ആചാരങ്ങള്‍ മുതലായവയെപ്പറ്റി തീരുമാനങ്ങളെടുത്തു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയില്‍ അവയുടെ അര്‍ത്ഥവും പ്രയോഗവും സംബന്ധിച്ചിടത്തോളം ഡോം മെനേസിസിന്‍റെ ആശയങ്ങള്‍ക്കനുരൂപമായിട്ടാണ് അവ കൈകാര്യം ചെയ്യപ്പെട്ടത്. ചില ഡിക്രികള്‍ പരസ്പര വിരുദ്ധങ്ങളായിരുന്നു; മറ്റു ചിലത് വസ്തുനിഷ്ഠമായി ശരിയായിരുന്നില്ല; പലതിലും കാണപ്പെട്ട അതിവര്‍ണ്ണനകളും സാമാന്യവല്‍ക്കരണങ്ങളും പറയാനില്ല. എന്നാല്‍ പല ഡിക്രികളും നല്ലതും ഉപയോഗപ്രദങ്ങളുമായിരുന്നു.
പരിശുദ്ധ കാനോനകള്‍ അനുസരിച്ചുള്ള ഒരു രൂപതാ സൂനഹദോസ് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച ഈ സൂനഹദോസ് നടത്തുന്നതിനും ഡോം മെനേസിസിന് എന്തെങ്കിലും അര്‍ഹത ഉണ്ടായിരുന്നോ എന്നതാണ് പ്രശ്നം. സൂനഹദോസിനുള്ള അദ്ദേഹത്തിന്‍റെ ക്ഷണക്കത്തനുസരിച്ചു ഈ സൂനഹദോസ് നടത്തുന്നതിന് അദ്ദേഹത്തിനുള്ള ആധാരം എട്ടാം ക്ലമന്‍റു മാര്‍പ്പാപ്പായുടെ രണ്ടു തിരുവെഴുത്തുകളും പൗരസ്ത്യദിക്കിന്‍റെ പ്രൈമറ്റ് എന്ന തന്‍റെ സ്വന്തം നിലയും, ഒഴിവായിക്കിടക്കുന്ന അങ്കമാലി ഭദ്രാസനത്തിനു ഒരു കത്തീഡ്രല്‍ ചാപ്പല്‍ ഇല്ലെന്നുള്ള വസ്തുതയുമാണ്. സൂനഹദോസു നടപടികളില്‍ അങ്കമാലി തന്‍റെ ഒരു സഫ്രഗന്‍ ഭദ്രാസനമല്ലാതിരുന്ന അങ്കമാലി മെത്രാപ്പോലീത്തന്‍ എപ്പാര്‍ക്കിയില്‍ ഒരു രൂപതാ സൂനഹദോസു നടത്തുന്നതിനു മുകളില്‍പ്പറഞ്ഞ സംഗതികള്‍ യാതൊന്നും, അവ എല്ലാം കൂടിയായാലും, ഡോം മെനേസിസിനു എന്തെങ്കിലും അധികാരം നല്‍കുവാന്‍ പര്യാപ്തമാകുന്നില്ല. അക്കാലത്ത് അങ്കമാലി പോര്‍ത്തുഗല്‍ രാജാവിന്‍റെ പദ്രുവാദോയുടെ കീഴിലുമായിരുന്നില്ല. അക്കാലത്തെ ലത്തീന്‍ ഹയരാര്‍ക്കിയിലും അങ്കമാലി ഉള്‍പ്പെട്ടിരുന്നില്ല.
സൂനഹദോസില്‍ സന്നിഹിതരായിരുന്ന റോസ് എസ്.ജെയും ക്യാം പോറി എസ്.ജെയും ഈശോ സഭാ ജനറലിനും പോര്‍ത്തുഗലിലുള്ള അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റിനും അയച്ച കത്തുകളില്‍ സൂനഹദോസ് വ്യവസ്ഥാപിതമായ രീതിയില്‍ ആയിരുന്നില്ലെന്നു വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ കത്തുകള്‍ അനുസരിച്ച്:
ഇതാണ് ഉദയംപേരൂര്‍ സൂനഹദോസ് അകകത്തോലിക്കാ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പുനരൈക്യത്തിന് ഒരു വ്യവസ്ഥയായി. പില്‍ക്കാലത്ത് ഇതിന്‍റെ സ്വീകരണം നിര്‍ബന്ധിതമാക്കിയിരിക്കുന്നു.
ഉദയംപേരൂര്‍ സൂനഹദോസ് എന്നെങ്കിലും തിരുസിംഹാസനം അംഗീകരിച്ചുവെന്നു പറയുന്ന യാതൊരു രേഖയും ഉണ്ടായിരിക്കുന്നില്ല. തിരുസിംഹാസനം അത് അംഗീകരിച്ചുവെന്നു സങ്കല്പിച്ചാല്‍തന്നെ, തിരുസിംഹാസനം അതിലെ ക്രമക്കേടുകളെല്ലാം തിരുത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യാതെ, അത്തരമൊരു സൂനഹദോസിനു എന്തൊരു ബന്ധനശക്തിയാണുണ്ടാകുകയെന്നു ചോദിക്കേണ്ടിവരുന്നു. സൂനഹദോസിന്‍റെ ക്രമക്കേടുകള്‍ക്കും അതില്‍ ചെയ്തിട്ടുള്ള മയത്തരങ്ങള്‍ക്കും പുറമെ, 1606-ലെ നിയമസംഹിതയില്‍ നിന്നു കാണാവുന്നതുപോലെ ലത്തീനികരണവും മറ്റു ചില കാര്യങ്ങളും സംബന്ധിച്ച സൂനഹദോസു നടപടികളിലുണ്ടായിരുന്നവയ്ക്കെല്ലാം റോസ് എസ്. ജെ പൊതുവേ അനുകൂലിയായിരുന്നു. രൂപതാസൂനഹദോസുകള്‍ക്കു റോമായുടെ അംഗീകാരം ആവശ്യമില്ലാതിരിക്കേ, ആ അംഗീകാരം ലഭിക്കുവാന്‍ ഡോം മെനേസിസ് ശ്രമിച്ചതെന്തുകൊണ്ടാണ്? റോസ് എസ്. ജെ എന്തുകൊണ്ടാണ് അതിന് എതിരായ നിലപാട് എടുത്തത്? തന്‍റെ സൂനഹദോസിനു റോസ് എസ്. ജെ. യും റോമായുടെ അംഗീകാരം ആവശ്യപ്പെടുകയുണ്ടായി.
1606-ല്‍ ഗുവയാ പ്രസിദ്ധപ്പെടുത്തിയ രീതിയിലുള്ള ഈ സൂനഹദോസിന്‍റെ കഥയും നടപടികളും മുഖേന ഉദയംപേരൂര്‍ സൂനഹദോസില്‍ വച്ചോ അതിനല്പം മുന്‍പോ, തങ്ങള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ശീശ്മയില്‍ നിന്നും പാഷ്ണഡതയില്‍ നിന്നും മാനസാന്തരപ്പെടുത്തിയെന്ന ആശയം എല്ലായിടത്തും, റോമായില്‍പ്പോലും പോര്‍ത്തുഗീസുകാര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഗ്രന്ഥങ്ങളില്‍ പ്രമാദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ശീശ്മക്കാരോ, പാഷണ്ഡികളോ അല്ലായിരുന്നെങ്കില്‍, അതിനു മുന്‍പ് എന്നെങ്കിലും അവര്‍ അങ്ങനെയായിരുന്നെന്നു പറയാവതല്ല. എന്നിരുന്നാലും പോര്‍ത്തുഗീസുകാരുടെ പ്രിയപ്പെട്ട പ്രസ്താവമനുസരിച്ചു ഉദയംപേരൂര്‍വച്ചോ അതിനല്പം മുന്‍പോ അവരെ (മര്‍ത്തോമ്മാ ക്രിസ്ത്യാനികളെ) റോമായുടെ അനുസരണത്തിലേയ്ക്കു കൊണ്ടുവന്നിരിക്കുന്നു. പോര്‍ത്തുഗീസ് രാജാവ് നിര്‍ദ്ദേശിക്കുകയും മാര്‍പാപ്പാ നേരിട്ടു നിയമിക്കുകയും ചെയ്യുന്ന മെത്രാന്‍മാരുടെ കീഴില്‍ കൊണ്ടുവരുന്നതിനായി അവരെ പാത്രിയര്‍ക്കീസിന്‍റെ ഭരണാധികാരത്തില്‍ നിന്നു വേര്‍പെടുത്തിയെന്നും അവരെ ലത്തീനികരിച്ചുവെന്നും അവരുടെ ഗ്രന്ഥങ്ങളിലെ പ്രമാദങ്ങള്‍ തിരുത്തിയെന്നും മറ്റുമാണ് ഈ പ്രസ്താവം അതിന്‍റെ ആന്തരികഭാവത്തില്‍, അര്‍ത്ഥമാക്കുന്നത്.
അര്‍ക്കദിയാക്കോനും സൂനഹദോസും
സൂനഹദോസു കഴിഞ്ഞപ്പോള്‍ അര്‍ക്കദിയാക്കോന്‍ മാര്‍പ്പാപ്പായ്ക്കു ലത്തീനില്‍ രചിക്കപ്പെട്ട ഒരു എഴുത്തില്‍ ഒപ്പുവച്ചു അഥവാ ഒപ്പുവയ്ക്കുവാന്‍ നിര്‍ബന്ധിതനായി. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ശീശ്മക്കാരായിരുന്നുവെന്നും ഡോം മെനേസിസ് അവരെ മാനസാന്തരപ്പെടുത്തിയെന്നും ആദ്യമൊക്കെ അവര്‍ അതിനെ എതിര്‍ത്തിരുന്നെന്നും മറ്റും ആ എഴുത്തില്‍ അദ്ദേഹം (അര്‍ക്കദിയാക്കോന്‍) പറയുകയും ആവശ്യമായ ഭേദഗതികളോടുകൂടി ഉദയംപേരൂര്‍ സൂനഹദോസ് മാര്‍പ്പാപ്പാ അംഗീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ആ കത്തില്‍ തന്നെ ഡോം മെനേസിസിനെയോ, റോസ് എസ്.ജെയോ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാനായി നിയമിക്കണമെന്ന് അദ്ദേഹം അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. സൂനഹദോസ് കഴിഞ്ഞു നാലു മാസത്തിനുശേഷം അങ്കമാലി രൂപതയുടെ വികാരി അപ്പസ്തോലിക്കയും ഗവര്‍ണരുമുണ്ടായി. അര്‍ക്കദിയാക്കോന്‍റെ കൈയക്ഷരത്തില്‍ ഉള്ള സുറിയാനിയിലാകട്ടെ അദ്ദേഹം ഇന്‍ഡ്യയുടെ ഗവര്‍ണ്ണരായ അര്‍ക്കദിയാക്കോനാണ്. ഈ കത്തില്‍ ഒപ്പുവയ്ക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായതാണെന്നുള്ളതു വ്യക്തമത്രെ. ഗുവായുടെ മുന്‍പറഞ്ഞ പുസ്തകത്തെപ്പറ്റി പിന്നീട് അറിഞ്ഞപ്പോള്‍ 1624 ഡിസംബര്‍ മാസത്തില്‍ അദ്ദേഹം അതിനെ പ്രതിഷേധിച്ചു പറഞ്ഞു: പ്രമാദങ്ങള്‍ ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം. ദുശ്ശാഠ്യത്തോടുകൂടി സ്ഥീരികരിച്ചിരുന്ന പാഷണ്ഡതകള്‍ ഉണ്ടായിരുന്നില്ല. ഈ സഭ പാഷ്ണഡതയാല്‍ ഗ്രസിക്കപ്പെട്ടതായിരുന്നെങ്കില്‍ ഈശോസഭാ വൈദികരും മറ്റു കത്തോലിക്കാ സന്യാസ വൈദികരും അതില്‍ സ്വീകരിക്കപ്പെടുമായിരുന്നില്ല.
ബിഷപ്പ് റോസ് എസ്. ജെ. ലത്തീന്‍ ഭരണം
കേരളത്തില്‍ ഡോം മെനേസിസ് സാധിച്ചതിനെപ്പറ്റി റോമാ എന്തെങ്കിലും അറിയുന്നതിനു മുന്‍പ് റോസ് എസ്.ജെ. 1599 നവംബര്‍ 5-ാം തീയതി, മാര്‍ അബ്രാഹത്തിന്‍റെ പിന്‍ഗാമിയായി അങ്കമാലി ഭദ്രാസനത്തിലേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ടു. 1599 ഡിസംബര്‍ 20-ാം തീയതി അദ്ദേഹം ഗോവയുടെ സഫ്രഗനായി നിയമിതനായി. അങ്ങനെ അങ്കമാലിയുടെ മെത്രാപ്പോലീത്തന്‍ പദവി തടയുകയും നിര്‍ത്തലാക്കുകയും ചെയ്തു. 1600 ആഗസ്റ്റ് 4-ാം തീയതി പോര്‍ത്തുഗീസു രാജാവിന്‍റെ പാദ്രുവാദോ അങ്കമാലിയുടെമേലും ബാധകമാക്കി. അങ്ങനെ (പൗരസ്ത്യ) സുറിയാനി ഭാഷ നിര്‍ത്താലാക്കുകയും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനക്രമ റീത്തു പൂര്‍ണ്ണമായി ലത്തീനികരിക്കുകയും ചെയ്യുക എന്നതൊഴിച്ച് പോര്‍ത്തുഗീസുകാര്‍ എന്തിനെല്ലാംവേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്നോ, അവയെല്ലാം അവര്‍ നേടി. സാധുക്കളായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ അവരുടെ ദുര്‍ബ്ബലസ്വരം റോമായില്‍ കേള്‍പ്പിക്കുന്നതിന് മാര്‍ഗ്ഗമൊന്നും അവര്‍ക്കില്ലായിരുന്നു.
പോര്‍ത്തുഗീസ് ലത്തീന്‍ ഭരണം: അസ്വസ്ഥത, നിയമലംഘനം, ശീശ്മ (17-ാം നൂറ്റാണ്ട്)
റോസ് (ഫ്രാന്‍സിസ്) എസ്.ജെ. (1599-1624)
മാര്‍ അബ്രാഹത്തിന്‍റെ പിന്‍ഗാമിയായി റോസ് എസ്.ജെ. 1599 നവംബര്‍ 5-ാം തീയതി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1599 ഡിസംബര്‍ 20-ാം തീയതി ഒരു മെത്രാപ്പോലീത്തായുടെ (പ്രൈമറ്റിന്‍റെ) ഭദ്രാസനമായ അങ്കമാലി, ഗോവയുടെ ഒരു സാമന്തരരൂപതയായി തരംതാഴ്ത്തപ്പെട്ടു; 1600 ആഗസ്റ്റ് 4-ാം തീയതി അതിനെ പോര്‍ത്തുഗീസു രാജാവിന്‍റെ പദ്രുവാദോ അധികാരത്തിന്‍ കീഴിലാക്കി. 1601 ജനുവരി 25-ാം തീയതി റോസ് എസ്.ജെ. മെത്രാനായി അഭിഷേചിക്കപ്പെട്ടു.
ഒരു സാമന്ത രൂപതയുടെ പദവിയിലേക്കു അങ്കമാലി തരംതാഴ്ത്തപ്പെട്ടുവെന്ന വാര്‍ത്ത മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയില്‍ വലിയ അസ്വസ്ഥതയ്ക്കു കാരണമായി. തന്‍റെ ഭദ്രാസനം ഇന്ത്യയില്‍ ഒന്നാമത്തേതാക്കി തീര്‍ക്കുവാന്‍ ആഗ്രഹിച്ചിരുന്ന ഡോം മെനേസിസിന്‍റെ പണിയാണിതെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ ഭദ്രാസനത്തിന്‍റെ നഷ്ടപ്പെട്ട പദവി പുനഃസ്ഥാപിക്കണമെന്നു കണ്ണുനീര്‍ വാര്‍ത്തുകൊണ്ടു അവര്‍ മുറവിളി കൂട്ടി. റോസ് എസ്.ജെ. അവര്‍ക്കുവേണ്ടി വാദിച്ചു. കൊടുങ്ങല്ലൂര്‍ എന്ന സ്ഥാനപ്പേരോടുകൂടി തന്‍റെ ആസ്ഥാനം കൊടുങ്ങല്ലൂര്‍ക്കു മാറ്റിക്കിട്ടുവാന്‍ അദ്ദേഹം പരിശ്രമിക്കുകയും ചെയ്തു. സ്ഥാനപ്പേരിലും ആസ്ഥാനത്തിലുമുള്ള ഈ മാറ്റം ആവശ്യപ്പെട്ടുകൊണ്ടു മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ (അങ്കമാലിയിലുള്ളവര്‍പോലും) ലത്തീനില്‍ എഴുതിയിട്ടുള്ള ഹര്‍ജികള്‍ക്ക് ഒപ്പുവെച്ചു. ഈ ഹര്‍ജികളില്‍ ചിലതില്‍ മാര്‍ അബ്രാഹം ഒരു നെസ്തോറിയന്‍ ആയിരുന്നെന്നു പറഞ്ഞിട്ടുണ്ട്. റോസ്. എസ്.ജെ. ഇതിനകം കൊടുങ്ങല്ലൂര്‍ തന്നെ താമസമാക്കിക്കഴിഞ്ഞിരുന്നു. കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളുടെ മേലുള്ള അധികാരത്തെ പ്രതി റോസ് എസ്.ജെ.യും കൊച്ചിയിലെ ഫ്രാന്‍സിസ്കന്‍ മെത്രാനും തമ്മില്‍ തര്‍ക്കമുത്ഭവിച്ചു. കൊച്ചി മെത്രാന്‍, കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും (കൊച്ചിയിലേതിനു പകരമായി നിര്‍മ്മിച്ചത്) പള്ളുരുത്തിയിലേയും മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ പള്ളികള്‍ പോലെയുള്ള ചില പള്ളികള്‍ ബലമായി പിടിച്ചടക്കി. കൊച്ചി മെത്രാന്‍ ആയുധങ്ങളെടുക്കുവാന്‍ കൂടി മടിച്ചില്ല.
ഒരിക്കലും നിര്‍ത്തലാക്കപ്പെട്ടിയിരുന്നില്ലായെന്നപോലെ, 1608 ഡിസംബര്‍ 22-ാം തീയതി അങ്കമാലിയുടെ മെത്രാപ്പോലീത്തന്‍ പദവി പുനഃസ്ഥാപിക്കപ്പെട്ടു. എന്നാല്‍ 1609 ഡിസംബര്‍ 3-ാം തീയതി അങ്കമാലി എന്ന സ്ഥാനപ്പേരു കൊടുങ്ങല്ലൂര്‍ എന്നായി മാറ്റപ്പെട്ടു. കൊടുങ്ങല്ലൂരും പോര്‍ത്തുഗല്‍ രാജാവിന്‍റെ പദ്രുവാദോ അധികാരത്തിന്‍ കീഴിലായിരുന്നു. റോസ്. എസ്.ജെ.ക്കു 1609 ജനുവരി 26-ാം തീയതി വിശുദ്ധ പാലിയം നല്‍കപ്പെട്ടു. അത് അദ്ദേഹത്തെ ധരിപ്പിക്കുവാനുള്ള ബഹുമതി നല്‍കപ്പെട്ടതു അര്‍ക്കദിയാക്കോനായിരുന്നു. 1610 ഡിസംബര്‍ 22-ാം തീയതി കൊച്ചി, കൊടുങ്ങല്ലൂര്‍, മൈലാപ്പൂര്‍ (ഇതൊരു പദ്രുവാദോ ഭദ്രാസനമായി 1606-ല്‍സ്ഥാപിക്കപ്പെട്ടു) എന്നിവയുടെ അതിര്‍ത്തികള്‍ ഡോം മെനേസിസ് നിര്‍ണ്ണയിക്കുകയുണ്ടായി. അദ്ദേഹത്തെയായിരുന്നു അതിലേയ്ക്ക് നിയോഗിച്ചിരുന്നത്. കോഴിക്കോട്, കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം തുടങ്ങി ചുരുക്കം ലത്തീന്‍പള്ളികള്‍ കൊടുങ്ങല്ലൂരിനു കിട്ടി; കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, പുറക്കാട് എന്നീ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ പള്ളികള്‍ നഷ്ടപ്പെടുകയും ചെയ്തു. യാതൊരു റീത്തു വ്യത്യാസവും കൂടാതെ ഇവ കൊച്ചിക്കു ലഭിക്കുകയും ചെയ്തു. ഈ പരിധി നിര്‍ണ്ണയംമൂലം കൊടുങ്ങല്ലൂര്‍ വൈദിക സംസ്ഥാനത്തില്‍ കേരളത്തിന്‍റെ ഏതാനും ഭാഗങ്ങളും കേരളത്തിനു പുറത്ത് (മൈസൂരിലും മധുരയിലും) ഒറ്റപ്പെട്ട ചില പള്ളികളും സ്ഥലങ്ങളും മാത്രമായി. ഈ പരിധിക്കു പുറത്തുള്ള മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ അതാതു സ്ഥലത്തെ മെത്രാന്മാരുടെ കീഴിലായി. ആകയാല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഈ കൊടുങ്ങല്ലൂര്‍ (അതിന്‍റെ കീഴില്‍ ചുരുക്കം ലത്തീന്‍കാരോടുകൂടി) മുന്‍പിലത്തെ അങ്കമാലിയില്‍നിന്നും തികച്ചും ഭിന്നമായിരുന്നു. ആ അങ്കമാലിയുടെ അധികാരം ഇന്ത്യ മുഴുവനിലുള്ള എല്ലാ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെമേലുമായിരുന്നു. എന്നുതന്നെയല്ല, കൊടുങ്ങല്ലൂര്‍ മിക്കവാറും ഒരു ലത്തീന്‍ രൂപതയായിട്ടാണ് പോര്‍ത്തുഗീസുകാര്‍ ഗണിച്ചുപോകുന്നത്. അതു പൂര്‍ണ്ണമായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു മാത്രമുള്ളതുമായിരുന്നില്ല. ഈ വിധത്തില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികമേലദ്ധ്യക്ഷന്മാര്‍ക്കു അവകാശപ്പെട്ടിരുന്ന അഖിലേന്ത്യാ പദവി നിലവിലില്ലാത്തതും അര്‍ത്ഥശൂന്യവുമായിത്തീര്‍ന്നു. ഇന്ത്യ മുഴുവന്‍ വിവിധ പദ്രുവാദോ രൂപതകള്‍ക്കായി പങ്കുവയ്ക്കപ്പെട്ടു. കൊച്ചി മെത്രാനും റോസ് എസ്.ജെ.യും തമ്മിലുള്ള ശണ്ഠകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എല്ലായിടത്തും എല്ലാ കാര്യങ്ങളിലും ഈശോസഭക്കാരും ഫ്രാന്‍സിസ്കന്‍മാരും പരസ്പരം പൊരുതുന്ന ഒരു പ്രതീതിയുളവായി.
റോസ് എസ്.ജെ. ഒരു ലത്തീനീകരണക്കാരന്‍ ആയിരുന്നു. കുര്‍ബാന ആരാധനാക്രമം, യാമപ്രാര്‍ത്ഥനകളുടെ ചില ഭാഗങ്ങള്‍ ഇവയെല്ലാം അദ്ദേഹം ലത്തീനീകരിച്ചു. പ്രാചീന ആരാധനാക്രമത്തിനു പകരം, ബ്രാഗാ (പോര്‍ത്തുഗല്‍) രൂപതയില്‍ നടപ്പിലിരുന്ന തരത്തിലുള്ള റോമന്‍ ആരാധനാക്രമത്തിന്‍റെ പരിഭാഷ നടപ്പാക്കി. റോസ്. എസ്.ജെ. ക്രിസ്തീയ സിദ്ധാന്തങ്ങളെപ്പറ്റി മലയാളത്തില്‍ ഒരു ഗ്രന്ഥമെഴുതി. ലത്തീന്‍ (റോമന്‍) പൊന്തിഫിക്കലിന്‍റെ ഭഗങ്ങള്‍ (പൗരസ്ത്യ) സുറിയാനി ഭാഷയിലേക്കു തര്‍ജ്ജമ ചെയ്തു. റോമന്‍ തക്സായുടെ അടിസ്ഥാനത്തില്‍ തക്സായുടെ ഉള്ളടക്കങ്ങള്‍ ക്രമീകരിച്ചു. അദ്ദേഹം പള്ളികള്‍ സന്ദര്‍ശിക്കുകയും, മറ്റുള്ളവര്‍ സന്ദര്‍ശിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 1603-ല്‍ അങ്കമാലിയില്‍ ഒരു സൂനഹദോസു വിളിച്ചുകൂട്ടി, ഉദയംപേരൂര്‍ നടപടികളിലെ തെറ്റുകള്‍ തിരുത്തുകയും 1606-ല്‍ തന്‍റെ രൂപതാ നിയമസംഹിത ക്രോഡീകരിക്കുകയും ചെയ്തു. അര്‍ക്കദിയാക്കോന്‍റെ അധികാരങ്ങള്‍ മിക്കവാറും ഇല്ലാതാക്കിക്കൊണ്ട് എല്ലാ അധികാരങ്ങളും തന്നിലേക്കു കേന്ദ്രീകരിച്ചു. ഇതെല്ലാം അദ്ദേഹവും അര്‍ക്കദിയാക്കോനും തമ്മില്‍ അലോസരങ്ങള്‍ക്ക് വഴി തെളിയിച്ചു. ഇതില്‍ കൊച്ചി മെത്രാനും ഫ്രാന്‍സിസ്കന്മാരും അര്‍ക്കദിയാക്കോനെ പലപ്പോഴും സഹായിക്കാതിരുന്നിട്ടില്ല. 1608-ല്‍ അര്‍ക്കദിയാക്കോന്‍ തന്‍റെ പരാതികള്‍ ലിസ്ബണിലുള്ള പേപ്പല്‍ നൂണ്‍ഷിയോയെ എഴുതി അറിയിച്ചു. പക്ഷേ, അതിനു യാതൊരു മറുപടിയും ഉണ്ടായില്ല. അര്‍ക്കദിയാക്കോനെ മഹറോന്‍ ചൊല്ലുകപോലും ചെയ്തു. എന്നാല്‍ 1615-ല്‍ അദ്ദേഹത്തെ അതില്‍നിന്നു മോചിപ്പിച്ചു. ഇതിനിടയില്‍ മറ്റൊരാള്‍ അര്‍ക്കദിയാക്കോനായി നിര്‍ദ്ദേശിക്കപ്പെട്ടു. റോസ് എസ്.ജെ. ഗോവയിലേയ്ക്കു പോയ അവസരത്തില്‍ അര്‍ക്കദിയാക്കോനെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കാത്തതുമൂലമാണെന്നു പറയപ്പെടുന്നു, 1618-ല്‍ വീണ്ടും ശണ്ഠ പൊട്ടിപ്പുറപ്പെട്ടു. അര്‍ക്കദിയാക്കോന്‍റെ ചെയ്തികള്‍ നിരോധിക്കുന്നതിനായി റോസ് എസ്.ജെ. ആയുധസഹായംപോലും ആശ്രയിക്കുകയുണ്ടായി. റോസ് എസ്. ജെയുമായി ബന്ധപ്പെട്ടിരുന്ന ഫെനീച്യോ എസ്.ജെ. റോസിന്‍റെ വിശുദ്ധിയെ അഭിനന്ദിക്കെത്തന്നെ അദ്ദേഹത്തിന് ഇങ്ങനെ എഴുതി: "ജനങ്ങള്‍ നമ്മെ പരിഹസിക്കുന്നു.... ഈ രൂപതയാണ് ഇന്ത്യയില്‍ ഏറ്റവും മോശമായി ഭരിക്കപ്പെടുന്നതെന്ന് അവര്‍ പറയുന്നു. മാര്‍ത്തോമ്മാ വൈദികര്‍ക്ക് ഈശോ സഭക്കാരെ അവരുടെ പള്ളികളില്‍ ആവശ്യമില്ല... തങ്ങള്‍ ഇനി ഒരിക്കലും ഒരു ഈശോസഭാ മെത്രാന് വിധേയരാകയില്ലെന്ന് അവര്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. അതിപ്രധാനമായ കാര്യങ്ങള്‍ മെത്രാപ്പോലീത്തായുടെ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. ബാക്കിയുള്ളവ അര്‍ക്കദിയാക്കോന്‍റെ കൈയിലും..." മാര്‍ അബ്രാഹം തന്‍റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചിരുന്നയാളും പാലയൂരെ നിയുക്ത മെത്രാനുമായിരുന്ന (ഈശോയുടെ) ഗീവറുഗീസ് അര്‍ക്കദിയാക്കോന്‍റെ അനന്തിരവനായ (കുരിശിന്‍റെ) ഗീവര്‍ഗീസായിരുന്നു ഈ അര്‍ക്കദിയാക്കോന്‍. ഇദ്ദേഹം തന്നെയായിരുന്നു ഉദയംപേരൂര്‍ സൂനഹദോസില്‍ തന്‍റെ ഭാഗം അഭിനയിച്ചിരുന്നത്.
റോസ് എസ്.ജെ. 1624 ഫെബ്രുവരി 16-ാം തീയതി നിര്യാതനായി. സ്റ്റീഫന്‍ ബ്രിട്ടോ എസ്.ജെ. അദ്ദേഹത്തിന്‍റെ അനന്തരീയനായി.
ബ്രിട്ടോ (സ്റ്റീഫന്‍) എസ്.ജെ. (1624-1641)
ആരംഭത്തില്‍ ബ്രിട്ടോ എസ്.ജെയും അര്‍ക്കദിയാക്കോനും സുഹൃത്തുക്കളായിരുന്നു; പക്ഷേ വളരെവേഗം അവര്‍ ശത്രുക്കളായിത്തീര്‍ന്നു. ബ്രിട്ടോ എസ്.ജെ. 1627-ല്‍ ഇടപ്പള്ളിയില്‍ ഒരു സമ്മേളനം നടത്തുകയും, പൗരോഹിത്യത്തിലേയ്ക്കു സ്വീകരിക്കപ്പെടുന്ന കുട്ടികളെ സംബന്ധിച്ച ചട്ടങ്ങളുണ്ടാക്കുകയും ചെയ്തു. 1628-ല്‍ തന്നെ ഡോമിനിക്കന്മാര്‍ കടുത്തുരുത്തിയില്‍ ഒരു സെമിനാരി ആരംഭിച്ചു. തന്‍റെ രൂപതയില്‍ അവരുടെ സാന്നിദ്ധ്യം ബ്രിട്ടോ എസ്.ജെ. ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും, അവര്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുമായി ഇഷ്ടത്തിലായിരുന്നു. 1608-ലെ തന്‍റെ അപേക്ഷയ്ക്കു യാതൊരു മറുപടിയും ലഭിച്ചിട്ടില്ലായെന്നു പരാതിപ്പെട്ടുകൊണ്ട് അര്‍ക്കദിയാക്കോന്‍ വീണ്ടും ലിസ്ബണിലെ പേപ്പല്‍ നൂണ്‍ഷിയോയ്ക്കെഴുതി. മറ്റു സന്യാസസഭക്കാര്‍ കേരളത്തില്‍ പ്രവേശിക്കുന്നതിനു ഈശോസഭക്കാര്‍ തടസ്സമായിരിക്കുന്നുവെന്നും ഈശോസഭക്കാര്‍ക്കു രക്തസാക്ഷികളാരുമില്ലെന്നും, അവര്‍ക്ക് അക്രൈസ്തവരെ മാനസാന്തരപ്പെടുത്തുക സാദ്ധ്യമല്ലെന്നും ഡോമിനിക്കന്‍ സഭാംഗമായ ഡൊനാത്തോയെ ബ്രിട്ടോ എസ്.ജെ.യുടെ സഹായ മെത്രാനായി നിയമിക്കണമെന്നും ആ കത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. നൂണ്‍ഷിയോ ഈ അപേക്ഷയെ ശുപാര്‍ശ ചെയ്യുകയും റോമാ ഡൊനാത്തോയെ ബ്രിട്ടോ എസ്.ജെയുടെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്യുകയും ഉണ്ടായി. പക്ഷേ കേരളത്തിലേക്കുള്ള യാത്രാമദ്ധ്യേ കടല്‍ക്കള്ളന്മാരാല്‍ ഡൊനോത്തോ വധിക്കപ്പെട്ടു. മാര്‍ത്തോമ്മാശ്ലീഹായുടെ സന്യാസസഭ എന്നപേരില്‍ വൈദികര്‍ക്കായി ബ്രിട്ടോ എസ്.ജെ. ഇടപ്പള്ളില്‍ ഒരു സന്യാസാശ്രമം സ്ഥാപിക്കുകയുണ്ടായി. അതിലെ അംഗങ്ങള്‍ അര്‍ക്കദിയാക്കോന്‍റെ പക്ഷം ചേരുകയും ചട്ടങ്ങളനുസരിക്കുന്നതില്‍ കണിശമില്ലാത്തവരായിത്തീരുകയും ചെയ്തു. ബ്രിട്ടോയുടെ സുറിയാനി ഭാഷാജ്ഞതമൂലം തങ്ങളുടെ റീത്തില്‍ പ്രമാദങ്ങള്‍ കടന്നുകൂടിയിരിക്കുന്നുവെന്നും ഒരു (പൗരസ്ത്യ) സുറിയാനി മെത്രാനാല്‍ ഭരിക്കപ്പെടണമെന്നായിരുന്നു ഉദയംപേരൂരെയും അങ്കമാലിയിലെയും തങ്ങളുടെ അഭ്യര്‍ത്ഥനയെന്നും, അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലല്ലാതെ ഈശോസഭക്കാര്‍ സുറിയാനി പഠിപ്പിക്കുന്നില്ലെന്നും, രാജാവ് വൈദികര്‍ക്കു അയച്ചുകൊടുത്തിരുന്ന കുര്‍ബാനപ്പണം മുഴുവനായി ഈശോസഭക്കാര്‍ അവര്‍ക്കു നല്‍കുന്നില്ലെന്നും അര്‍ക്കദിയാക്കോനോട് ആലോചിക്കാതെ ബ്രിട്ടോ പള്ളികള്‍ക്കു വികാരിമാരെ നിയമിച്ചുവരുന്നെന്നും, 1632-ല്‍ അര്‍ക്കദിയാക്കോന്‍ പോര്‍ത്തുഗല്‍ രാജാവിനോടു പരാതിപ്പെടുകയുണ്ടായി. 1636-നും 1637-നുമിടയ്ക്കു കേരളത്തിലുണ്ടായിരുന്ന കര്‍മ്മലീത്താ സുപ്പീരിയര്‍ സാക്ഷ്യപ്പെടുത്തുന്നത്, അതു സുറിയാനി റീത്തിനെ നിഷ്ഠൂരമായവിധം ലത്തീനികരിക്കുന്ന ഒരു കാലഘട്ടമായിരുന്നുവെന്നാണ്. പ്രക്ഷുബാധാവസ്ഥ വര്‍ദ്ധിച്ചു. അര്‍ക്കദിയാക്കോന്‍റെ സമ്മതംകൂടാതെ ഏതെങ്കിലും വികാരിയെ നിയമിക്കുകയോ നീക്കം ചെയ്യുകയോ, സസ്പെന്‍ഡു ചെയ്യുകയോ, ആരെയെങ്കിലും മഹറോന്‍ ചൊല്ലുകയോ ചെയ്യുന്നതല്ലെന്നു ഒരു രേഖയില്‍ ബ്രിട്ടോ എസ്.ജെ. ഒപ്പുവയ്ക്കേണ്ടി വന്നു. ഈ രേഖ മാറ്റിക്കൊടുക്കുവാന്‍ 1636-ല്‍പോര്‍ത്തുഗീസ് വെസ്രോയി, നിര്‍ബന്ധിച്ചു നോക്കിയെങ്കിലും അര്‍ക്കദിയാക്കോന്‍ കൗശലത്തില്‍ അതു ഒളിച്ചുവെച്ചതായി പറയപ്പെടുന്നു.
അര്‍ക്കദിയാക്കോന്‍ (കുരിശിന്‍റെ) ഗീവറുഗീസ് 1637-ല്‍ നിര്യാതനായി. തോമ്മാ അര്‍ക്കദിയാക്കോന്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി. ബ്രിട്ടോ എസ്.ജെ. 1641-ല്‍ മരണം പ്രാപിച്ചു. ഫ്രാന്‍സിസ് ഗാര്‍സ്യാ എസ്.ജെ. അദ്ദേഹത്തെ പിന്തുടര്‍ന്നു. ബ്രിട്ടോ എസ്.ജെ. ഇന്ത്യയുടെ മെത്രാപ്പോലീത്താ എന്നാണ് ഒപ്പുവച്ചിരുന്നത്.
ഗാര്‍സ്യാ (ഫ്രാന്‍സീസ്) എസ്.ജെ. (1641-1659)
പുതിയ മെത്രാപ്പോലീത്തായും (ഗാര്‍സ്യാ എസ്.ജെ. യും) പുതിയ അര്‍ക്കദിയാക്കോനും (തോമ്മായും) തമ്മില്‍ ശരിയായ ഒരു സമരം തന്നെ ആരംഭിച്ചു. തന്‍റെ സമ്മതം കൂടാതെ മെത്രാപ്പോലീത്തായ്ക്കു യാതൊന്നും ചെയ്യാനാവില്ലെന്നും അര്‍ക്കദിയാക്കോന്‍ വന്‍പുപറഞ്ഞിരുന്നു. പല കാര്യങ്ങളിലും ഗാര്‍സ്യാ എസ്.ജെ. അര്‍ക്കദിയാക്കോനു കീഴടങ്ങേണ്ടിവന്നു. നെസ്തോറിയന്‍, കോപ്ടിക് തുടങ്ങിയ പാത്രിയര്‍ക്കീസുമാരുമായി അര്‍ക്കദിയാക്കോനു രഹസ്യ കത്തിടപാടുകളുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ ചിലരുടെ അഭിപ്രായത്തില്‍ അദ്ദേഹം (കത്തോലിക്ക) പൗരസ്ത്യ സുറിയാനി (കല്‍ദായ) പാത്രയര്‍ക്കീസിനു മാത്രമേ എഴുതിയിരുന്നുള്ളൂ. 1656-ല്‍ പോര്‍ത്തുഗലിലേയ്ക്ക് അദ്ദേഹം അയച്ച കത്തില്‍ കഴിഞ്ഞ അന്‍പതുകൊല്ലമായി താന്‍ ബാബിലോണിലേയ്ക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ എഴുതിയിട്ടില്ലെന്ന് അര്‍ക്കദിയാക്കോന്‍ പറഞ്ഞിട്ടുണ്ട്. ഇതു നാം പിന്നാലെ പറയാന്‍ പോകുന്ന അദ്ദേഹത്തിന്‍റെ മെത്രാപ്പോലീത്തായായുള്ള കപടാഭിഷേകത്തിനുശേഷമാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍തന്നെ അതു അസ്വീകാര്യമായിരുന്നു. റോമായിലെ പ്രൊപ്പഗാന്താ തിരുസംഘത്തിന്‍റെ പുരാവസ്തു ശേഖരത്തില്‍ കാണപ്പെടുന്ന ഈ കാലഘട്ടത്തിലെ രേഖകള്‍ തെളിയിക്കുന്നതു തിരുസിംഹാസനവുമായി ഇടപാടു നടത്തുന്നതിനു തന്‍റെ പ്രൊക്കുറേറ്റര്‍ ആയി റോമായിലെ സാന്താ മറിയാ ഡെല്ലാ സ്കാള നിഷ്പാദുക കര്‍മ്മലീത്താ ആശ്രമത്തിന്‍റെ പ്രിയോരെ അര്‍ക്കദിയാക്കോന്‍ നിയമിച്ചിരുന്നുവെന്നാണ്.
മാര്‍ അഹത്തള്ളാ
1652-ല്‍ ഒരു അഹത്തള്ളാ മൈലാപ്പൂരിലെത്തി. വന്നയുടനെ താന്‍ "അഖിലേന്ത്യായുടെയും ചൈനായുടെയും പാത്രിയാര്‍ക്കീസാണെ"ന്നും "നമ്മുടെ നാഥനായ മാര്‍പ്പാപ്പായില്‍നിന്നും എല്ലാ അധികാരങ്ങളും തനിക്കു ലഭിച്ചിട്ടുണ്ടെڈന്നും അദ്ദേഹം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ അറിയിച്ചു. തനിക്കുചുറ്റും അണിനിരക്കുവാന്‍ "ദൈവമാതാവായ കന്യാമറിയത്തിന്‍റെ നാമത്തില്‍" അദ്ദേഹം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ക്ഷണിച്ചു. മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ സമുദായം ഒന്നാകെ ഉത്തേജിതമായി; എല്ലാ സ്ഥലത്തും മത്സരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അഹത്തള്ളായുടെ ഗതിവിഗതികളെക്കുറിച്ചു മൈലാപ്പൂരില്‍നിന്നു ഫാദര്‍ മാനുവല്‍ ഡി ലീറാ എസ്.ജെ. പോര്‍ത്തുഗീസ് അധികാരികള്‍ക്കു രഹസ്യ അറിവു നല്‍കി. പോര്‍ത്തുഗീസ് അധികാരികള്‍ കാലവിളംബമെന്യേ അദ്ദേഹത്തെ കൊച്ചിവഴി ഗോവയിലേക്കു നാടുകടത്തി.
കൂനന്‍കുരിശു സത്യം
അര്‍ക്കദിയാക്കോന്‍ ഒരു സംഘം പടയാളികളോടുകൂടി കൊച്ചിയിലെത്തി പാത്രിയര്‍ക്കീസിനെ (അഹത്തള്ളായെ) കാണണമെന്നും അദ്ദേഹത്തിന്‍റെ സാക്ഷ്യപത്രങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സാക്ഷ്യപത്രങ്ങള്‍ കൃത്രിമങ്ങളാണെന്നു തെളിഞ്ഞാല്‍ പാത്രിയര്‍ക്കീസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയില്ലെന്നു അദ്ദേഹം പറഞ്ഞു. പോര്‍ത്തുഗീസുകാര്‍ ആദ്യം സമ്മതിച്ചു. എന്നാല്‍ ഉടനെതന്നെ അര്‍ക്കദിയാക്കോനെയോ അദ്ദേഹത്തിന്‍റെ അനുഗാമികളെയോ, അദ്ദേഹത്തെയോ, അദ്ദേഹത്തിന്‍റെ അധികാരപത്രങ്ങളോ കാണിക്കാതെ അഹത്തള്ളായെ ഗോവയിലേക്കു നാടുകടത്തി. മെത്രാപ്പോലീത്താ ഗാര്‍സ്യാ എസ്.ജെ.യുടെ പെരുമാറ്റം ധിക്കാരപരമായിരുന്നുവെന്നു പറയപ്പെടുന്നു. പോര്‍ത്തുഗീസ് രാജസ്ഥാനത്തിന്‍റെ അറിവു കൂടാതെ യാതൊരു മെത്രാനും നിയമാനുസൃതമായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പക്കല്‍ വരിക സാദ്ധ്യമല്ലെന്നായിരുന്നു പോര്‍ത്തുഗീസുകാരുടെ വാദം.
കൊച്ചി കടല്‍തീരത്തു പോര്‍ത്തുഗീസുകാര്‍ അഹത്തള്ളയെ മുക്കിക്കൊന്നുവെന്ന തെറ്റായ ഒരു കിംവദന്തി പരന്നു. അപ്പോള്‍ അര്‍ക്കദിയാക്കോന്‍ പോര്‍ത്തുഗീസ് കപ്പിത്താന് ഇങ്ങനെ എഴുതി: എന്നുമാത്രമല്ല, കപ്പിത്താനേ, പൗലീസ്തരായ പാതിരിമാര്‍ (ഈശോസഭക്കാര്‍) ഞങ്ങളില്‍നിന്നു എടുത്തുകളഞ്ഞ പാത്രിയര്‍ക്കീസിനെ, സത്യമെന്തെന്നറിയുന്നതിനും, ഈ ക്രിസ്തീയ സമുദായം മുഴുവന്‍ അതു അനുസരിക്കുന്നതിനും വേണ്ടി, തിരികെ കൊണ്ടുവരുന്നതിനു തീക്ഷ്ണമായി പരിശ്രമിക്കണമെന്നു ദൈവസ്നേഹത്തെപ്രതിയും, ക്രിസ്തീയ സമുദായത്തിന്‍റെ സേവനത്തെപ്രതിയും അങ്ങേ ബഹുമാന്യതയോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പൗലീസ്ത്യരാല്‍ വധിക്കപ്പെടുകമൂലം പാത്രിയര്‍ക്കീസിനെ ഹാജരാക്കുക സാധ്യമല്ലെങ്കില്‍ (ഡോമിനിക്കന്‍, അഗസ്തീനിയന്‍. പ്രാന്‍സിസ്കന്‍, കര്‍മ്മലീത്താ എന്ന) നാലു സന്യാസ സഭയില്‍പെട്ട മറ്റാരെങ്കിലും മാര്‍പാപ്പായുടെ കല്പനപ്രകാരം ഇവിടെ വരട്ടെ, സുറിയാനി ഭാഷാജ്ഞാനവും ഞങ്ങളെ പഠിപ്പിക്കുവാനും സഹായിക്കുവാനും കഴിവുമുള്ള ഒരാള്‍ ആയിരിക്കണം. എന്നാല്‍ പൗലീസ്തര്‍ വേണ്ടാ. അവരെ ഞങ്ങള്‍ അല്പവും ആഗ്രഹിക്കുന്നില്ല. കാരണം അവര്‍ ഞങ്ങളുടെയും പരിശുദ്ധമാതാവായ റോമാസഭയുടെയും ശത്രുക്കളാകുന്നു. ഇവരൊഴികെ മറ്റാരെങ്കിലും വരട്ടേ, യാതൊരു ആശങ്കയും കൂടാതെ അവരെ അനുസരിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്.
പിന്നീട് സന്നിഹിതരായിരുന്നവരെല്ലാം കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലേയ്ക്കു നീങ്ങി. അവിടെ പാരമ്പര്യം പറയുന്നതുപോലെ വെളിമ്പ്രദേശത്തുണ്ടായിരുന്ന കൂനന്‍കുരിശ് എന്നു വിളിക്കപ്പെടുന്ന കുരിശില്‍ നീളമുള്ള ഒരു കയര്‍കെട്ടി, കയറില്‍ പിടിച്ചുകൊണ്ട്, മേലാല്‍ ഒരിക്കലും പൗലീസ്ത്യരുടെ (അതായത് ഈശോസഭക്കാരുടെ) കീഴില്‍ ആയിരിക്കുന്നതല്ലെന്നു സത്യം ചെയ്തു. 1653 ജനുവരി 3-ാം തീയതി നടന്ന ഈ സത്യപ്രതിജ്ഞയോടു ചുരുക്കം ചിലരൊഴികെ (400-ഓ. 500-ഓ 4000 ഓ?) എല്ലാ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും യോജിച്ചുനിന്നു. ഈ സത്യം റീത്തിനെ സംബന്ധിക്കുന്ന ഒരു പ്രശ്നത്തില്‍ നിന്നുമാത്രം രൂപം പൂണ്ടതല്ല. പ്രത്യുത പ്രാദേശിക സ്വയംഭരണത്തിന് അര്‍ക്കദിയാക്കോനുണ്ടായിരുന്ന അവകാശം തിരസ്കൃതമായിരിക്കുന്നുവെന്നുള്ള ദൃഢബോധ്യത്തില്‍നിന്നു കൂടിയാണ്.
അര്‍ക്കദിയാക്കോന്‍, കപട മെത്രാപ്പോലീത്താ
അസംതൃപ്തര്‍ ഇടപ്പള്ളിയില്‍ ഒരു യോഗം കൂടി. അനന്തരം 1653 മേയ് 22-ാം തീയതി ആലങ്ങോട്ടു സമ്മേളിച്ച് ഗാര്‍സ്യാ എസ്.ജെ.യെ അനുസരിക്കുന്നതല്ലെന്നു സുവിശേഷം പിടിച്ചു സത്യം ചെയ്തു. പന്ത്രണ്ടു വൈദികര്‍ തോമ്മാ അര്‍ക്കദിയാക്കോന്‍റെ തലയില്‍ കൈവച്ചു അദ്ദേഹത്തെ ഒന്നാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ എന്നു വിളിച്ചു. അഹത്തള്ളായുടെ കല്പന അനുസരിച്ച് തങ്ങള്‍ ഇതിനു അധികാരപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നു സന്നിഹിതരായവരെ വിശ്വസിപ്പിച്ചു. അഹത്തള്ളായുടെ കത്ത് (അതു കൃത്രിമമായിരുന്നു) ഉറക്കെ വായിക്കുകയും ചെയ്തു. കുറവിലങ്ങാട്ടുക്കാരന്‍ പറമ്പില്‍ ചാണ്ടി (ഡി ക്യാം പോ എന്നു യൂറോപ്യന്‍മാര്‍ അദ്ദേഹത്തെ വിളിക്കുന്നു) കടുത്തുരുത്തിക്കാരന്‍ കടവില്‍ ചാണ്ടി, അങ്കമാലിക്കാരന്‍ വെണ്ടൂര്‍ ഗീവറുഗീസ്, കല്ലിശ്ശേരിക്കാരന്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്നി നാലു വൈദികരെ ഈ കപട മെത്രാപ്പോലീത്തായ്ക്കു ഉപദേഷ്ടാക്കളായി നല്‍കപ്പെട്ടു. കപട മെത്രാപ്പോലീത്തായുടെ സെക്രട്ടറി ഡയാസ് എന്നൊരു ലത്തീന്‍ വൈദികനും നിയമിതനായി. ആ പന്ത്രണ്ടു വൈദികര്‍ അര്‍ക്കദിയാക്കോന്‍റെ മേല്‍ തങ്ങളുടെ കൈകള്‍ വച്ചപ്പോള്‍ അവരുടെ ഉദ്ദേശ്യം യഥാര്‍ത്ഥ അഭിഷേകമായിരുന്നോ എന്നു ഇവിടെ ഒരു ചോദ്യമുണ്ടാകാം. അതെങ്ങനെയായിരുന്നാലും അര്‍ക്കദിയാക്കോന്‍, നിയമാനുസൃതമായ മെത്രാന്‍ പട്ടാഭിഷേകം ലഭിക്കുവാന്‍ പരസ്യമായി ശ്രമിച്ചിരുന്നെങ്കിലും മെത്രാനടുത്ത അധികാരങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരുന്നു.
പലരും ഈ നടപടിയെ അംഗീകരിച്ചില്ല. അവരുടെ അഭിപ്രായം റോമായുടെ തീരുമാനമനുസരിച്ചു പ്രവര്‍ത്തിക്കാമെന്നായിരുന്നു. അതൃപ്തന്മാരുടെ നേതാക്കന്മാര്‍ ഒരു മാനിഫെസ്റ്റോയില്‍ എല്ലാം നിയമാനുസൃതമായിരുന്നെന്നു പ്രഖ്യാപിക്കുകയുണ്ടായി. ആ മാനിഫെസ്റ്റോ പറയുന്നു: "സാന്‍തോമിലേക്കു പോകുകയും പ്രസ്തുത പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കുകയും ചെയ്ത നമ്മുടെ ആളുകള്‍ (അവരില്‍ രണ്ടു പേര്‍ മൈലാപ്പൂരെ സാന്‍തോമില്‍ വച്ച് അഹത്തുള്ളായെ സന്ദര്‍ശിക്കുകയും, മുകളില്‍ പറഞ്ഞ അദ്ദേഹത്തിന്‍റെ കത്ത് അദ്ദേഹത്തില്‍ നിന്നു സ്വീകരിക്കുകയും ചെയ്തിരുന്നു.) അദ്ദേഹത്തില്‍നിന്ന് ഒരു കത്തും അധികാരപത്രവും സ്വീകരിച്ചു നമ്മുടെ പക്കലേയ്ക്കു കൊണ്ടുവന്നിരുന്നു. അവയാണ് നമ്മെ നയിക്കുന്നത്. ആകയാല്‍ മാര്‍പ്പാപ്പായുടെയും പരിശുദ്ധ മാതാവായ റോമാസഭയുടെയും കല്പന അനുസരിച്ചുവന്ന പാത്രീയര്‍ക്കീസിന്‍റെ ഉത്തരവും കല്പനയും അടിസ്ഥാനമാക്കി നാം ഒരു മെത്രാപ്പോലീത്തായെ അവരോധിച്ചിരിക്കുന്നു. അതിനെപ്പറ്റി പൗലീസ്തരായ പാതിരിമാര്‍ അവരുടെ പ്രസംഗപീഠങ്ങളില്‍നിന്നു പ്രസംഗിക്കുകയും നാം ശീശ്മക്കാരാണെന്നു പറയുകയും ചെയ്താലും നാം പ്രസ്തുത മെത്രാപ്പോലീത്തായോടുകൂടി ജീവിക്കുന്നതാണ്. കൊച്ചിയില്‍ വെച്ചു തങ്ങള്‍ ഉന്നയിച്ച പരാതികള്‍ കേള്‍ക്കപ്പെട്ടില്ലായെന്നു പറഞ്ഞശേഷം മാനിഫെസ്റ്റോ തുടരുന്നു: "ആകയാല്‍, അവര്‍ പരിശുദ്ധ പിതാവിന്‍റെയും പരിശുദ്ധ മാതാവായ റോമാസഭയുടെയും ശാസനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്തതിനാലും, പൗലീസ്തരായ പാതിരിമാര്‍ (= ഈശോ സഭാ വൈദികര്‍) നമ്മുടെയും പരിശുദ്ധ മാതാവായ റോമാ സഭയുടെയും ശത്രുക്കളാകയാലും, പാത്രിയര്‍ക്കീസിനെ നാം നമ്മുടെ കണ്ണുകൊണ്ടു കാണുന്നതുവരെ, അവരുമായി നമുക്ക് യാതൊരു സൗഹാര്‍ദ്ദബന്ധവും ഉണ്ടായിരിക്കുന്നതല്ലെന്നും ആ സന്യാസ സഭയില്‍പ്പെട്ട മെത്രാപ്പോലീത്തായെ ഒരു വിധത്തിലും അനുസരിക്കുന്നതല്ലെന്നും ഇവിടെ സന്നിഹിതരായിരിക്കുന്ന നാം തീരുമാനിക്കുന്നു.
പലരും വേഗം കപടമെത്രാപ്പോലീത്തായെ വിട്ടുപോയി. അക്കൂട്ടത്തില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരൊഴികെയുള്ള എല്ലാ ഉപദേഷ്ടാക്കളും ഉള്‍പ്പെടുന്നു. ഇട്ടിത്തൊമ്മന്‍ കത്തനാര്‍ ഒരു മന്ത്രവാദിയും അര്‍ക്കദിയാക്കോന്‍റെ മെത്രാന്‍ സ്ഥാനാഭിഷേകം മാര്‍പ്പാപ്പാ അംഗീകരിച്ചിരിക്കുന്നുവെന്നു ജനങ്ങളെ വിശ്വസിപ്പിക്കുന്നതിനായി പേപ്പല്‍ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നയാളുമായിരുന്നു. അദ്ദേഹത്തിന്‍റെ കൈകളില്‍ അര്‍ക്കദിയാക്കോന്‍ വെറുമൊരു പാവ മാത്രമായിരുന്നു.
കര്‍മ്മലീത്താ കമ്മിസ്സറിമാര്‍
നിഷ്പാദുക കര്‍മ്മലീത്താക്കാര്‍ ഇതിനു മുന്‍പുതന്നെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് അറിയപ്പെട്ടിരുന്നു. കപട മെത്രാപ്പോലീത്താ ആകുന്നതിനു മുന്‍പും പിന്‍പും, അര്‍ക്കദിയാക്കോന്‍ റോമായിലെ സാന്താ മറിയ ഡെല്ലാസ്കാല നിഷ്പാദുക കര്‍മ്മലീത്താ സന്യാസാശ്രമത്തിന്‍റെ പ്രീയോരുമായി എഴുത്തുകുത്തിലേര്‍പ്പെട്ടിരുന്നു. തിരുസിംഹാസനവുമായി ഇടപെടുന്നതിനു അദ്ദേഹത്തെ തന്‍റെ പ്രൊക്കുറേറ്റര്‍ ആയി, മുകളില്‍ പറഞ്ഞതുപോലെ അര്‍ക്കദിയാക്കോന്‍ നിയമിച്ചിരുന്നു. ആകയാല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍, തങ്ങളെ സഹായിക്കുന്നതിനു കര്‍മ്മലീത്താക്കാരെ അയച്ചുതരുവാന്‍ പ്രീയോര്‍ വഴി മാര്‍പാപ്പായോടു അഭ്യര്‍ത്ഥിച്ചു. ഇവിടത്തെ പരിതഃസ്ഥിതികളെക്കുറിച്ച് ഈശോ സഭക്കാരും പോര്‍ത്തുഗീസ് ഗവണ്‍മെന്‍റും റോമായെ അറിയിച്ചിട്ടുണ്ടായിരുന്നു.
പ്രൊപ്പഗാന്താ തിരുസംഘത്തിന്‍റെ കീഴില്‍, ജോസഫ് മറിയാ സെബസ്ത്യാനിയുടെയും ഫയാസിന്ത് ഓഫ് സെന്‍റ് വിന്‍സെന്‍റിന്‍റെയും നേതൃത്വത്തില്‍ - ഇവര്‍ രണ്ടുപേരും കമ്മിസറി അപ്പസ്തോലിക്കുമാരായിരുന്നു - രണ്ടു ഗ്രൂപ്പുകളായി കര്‍മ്മലീത്താക്കാരെ മാര്‍പ്പാപ്പാ കേരളത്തിലേക്കയച്ചു. ആദ്യമായി 1655-ല്‍ സെബസ്ത്യാനി എത്തിച്ചേര്‍ന്നു. അദ്ദേഹം തന്നോടുകൂടി ഗോവയില്‍ നിന്നു മത്തയോ എന്ന ഒരു കര്‍മ്മലീത്താക്കാരനെയും കൊണ്ടുവന്നിരുന്നു. അദ്ദേഹം, ഗര്‍സ്യാ എസ്. ജെ. യുമായി കൂടിയാലോചിക്കാതെ അര്‍ക്കദിയാക്കോനുമായി നേരിട്ട് ഇടപെട്ടു തുടങ്ങി. മാര്‍പ്പാപ്പായുടെ നിര്‍ദ്ദേശം അവരെ പരസ്പരം രഞ്ജിപ്പിക്കുവാനായിരുന്നു. അഹത്തള്ളായെ മാര്‍പ്പാപ്പാ അയച്ചതാണെന്നു വിശ്വസിച്ചതില്‍ അവര്‍ക്കു തെറ്റിപ്പോയെന്നും അര്‍ക്കദിയാക്കോന്‍റെ നിലപാടിനെ റോമാ അംഗീകരിച്ചിട്ടില്ലെന്നും ജനങ്ങളെ മനസ്സിലാക്കുക മാത്രമേ അദ്ദേഹം ചെയ്യേണ്ടിയിരുന്നുള്ളൂ. കര്‍മ്മലീത്താക്കാര്‍ കര്‍മ്മലീത്താ വേഷമണിഞ്ഞിട്ടുള്ള ഈശോസഭക്കാരാണെന്നുള്ള പ്രചാരണം മൂലവും, അര്‍ക്കദിയാക്കോന്‍റെ കക്ഷിക്കാരില്‍ ചിലര്‍ ഇതിനകം മതഭ്രാന്തരായി തീര്‍ന്നിരുന്നതിനാലും അദ്ദേഹത്തിന്‍റെ യത്നം ചിലപ്പോഴെക്കെ അത്യന്തം പ്രയാസകരമായി തീര്‍ന്നിരുന്നു. പലരുടേയും പ്രത്യേകിച്ചു പറമ്പില്‍ ചാണ്ടിയുടേയും കടവില്‍ ചാണ്ടിയുടേയും മുട്ടം പള്ളി വികാരിയുടെയും സമ്പൂര്‍ണ്ണ പിന്തുണമൂലം അനേകരെ തിരികെ കൊണ്ടുവരുന്നതിനു സെബസ്ത്യാനിക്കു സാധിച്ചു. അനന്തരം മത്തേയോയെ ഇവിടെ നിര്‍ത്തിക്കൊണ്ട് തന്‍റെ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനായി സെബസ്ത്യാനി റോമിലേക്കു പോയി. അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍, ഹയാസിന്ത് ഓഫ് സെന്‍റ് വിന്‍സെന്‍റിന്‍റെ നേതൃത്വത്തിലുള്ള മറ്റേ ഗ്രൂപ്പ് ഇവിടെയെത്തി അര്‍ക്കദിയാക്കോനുമായി കൂടിയാലോചന നടത്തി. അര്‍ക്കദിയാക്കോന്‍ തന്‍റെ വടിയും മുടിയും പോലും ഉപേക്ഷിച്ചു. എന്നാല്‍ ഗര്‍സ്യാ എസ്.ജെ. നിയമിച്ചിരുന്ന അര്‍ക്കദിയാക്കോന്‍ തന്‍റെ സ്ഥാനം ഉപേക്ഷിക്കുവാന്‍ വിസമ്മതിക്കുകയാല്‍ അദ്ദേഹം (അദ്ദേഹം കപട മെത്രാപ്പോലീത്താ) തന്‍റെ പഴയ നിലയിലേയ്ക്കു പിന്തിരിഞ്ഞു.
സെബസ്ത്യാനി 1661-ല്‍ ഹീറോപ്പോലീസിന്‍റെ സ്ഥാനിക മെത്രാനും കൊടുങ്ങല്ലൂരിന്‍റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റരുമായി തിരിച്ചെത്തി. 1659-ല്‍ ഗാര്‍സ്യാ എസ്. ജെ നിര്യാതനായിരുന്നു.
പറമ്പില്‍ മാര്‍ ചാണ്ടി മെത്രാന്‍
1662-ല്‍ ഡച്ചുകാര്‍ പോര്‍ത്തുഗീസുകാരെ തോല്‍പിച്ചു കൊച്ചി പിടിച്ചെടുത്തു. മറ്റെല്ലാ യൂറോപ്യന്‍മാരും കേരളം വിട്ടുപോകുവാന്‍ അവര്‍ നിര്‍ബന്ധിച്ചു. സെബസ്ത്യാനി അപ്പോള്‍ പറമ്പില്‍ ചാണ്ടിയെ മെഗാറായുടെ സ്ഥാനിക മെത്രാനും മലബാര്‍ പ്രൊവിന്‍സിന്‍റെ വികാരി അപ്പസ്തോലിക്കയുമായി (അദ്ദേഹത്തിന് ഒരു സഹായ മെത്രാനെ നിയമിക്കുന്നതു സംബന്ധിച്ച ബൂളയില്‍ പറഞ്ഞിരിക്കുന്നതുപോലെ "Commissario (Commissarius) seu Vicario (Vicarius) Apostolico (Apostolicus) Provinciae Serrae Malabariae seu. S.Thomae" വാഴിച്ചു. ഈ മാര്‍ ചാണ്ടി കപട മെത്രാപ്പോലീത്തായുടെ ആലോചനക്കാരില്‍ ഒരാളും അദ്ദേഹവുമായി അടുത്ത രക്തബന്ധമുള്ളയാളുമായിരുന്നു. കപട മെത്രാപ്പോലീത്താ പരസ്യമായി മഹറോന്‍ ചൊല്ലപ്പെട്ടു.
ഒരു സസ്യശാസ്ത്രജ്ഞനായിരുന്ന ഫാദര്‍ മത്തേയോ ഡച്ചു ഗവര്‍ണറുടെ പ്രീതി സമ്പാദിക്കുകയും, കേരളത്തില്‍തന്നെ നില്‍ക്കുകയും ചെയ്തു. 1673-ല്‍ അദ്ദേഹം ചാത്യാത്ത് ഒരു പള്ളി പണിതു. വളരെ വേഗം തിരിച്ചുവരുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന കര്‍മ്മലീത്താക്കാര്‍ക്കുവേണ്ടി ചാണ്ടി മെത്രാന്‍ ആ പള്ളിയെ മെത്രാന്‍റെ ഭരണാധികാരത്തില്‍ നിന്ന് ഒഴിവാക്കി. ഈ ഒഴിവാക്കല്‍ അനുവദിച്ചുകൊണ്ടുള്ള രേഖയില്‍ മാര്‍ ചാണ്ടി തന്നെപ്പറ്റി പറഞ്ഞിരിക്കുന്നത് അഖിലേന്ത്യായുടെ മെത്രാപ്പോലീത്തായെന്നാണ്. അനേകം അസംത്യപ്തരെ അദ്ദേഹം തന്‍റെ പക്ഷത്തേയ്ക്കു കൊണ്ടുവന്നു.
പുത്തന്‍കൂറ്റുകാരും പഴയകൂറ്റുകാരും
കപട മെത്രാപ്പോലീത്താ തന്‍റെ നില ദുര്‍ബലപ്പെട്ടുവരുന്നുവെന്നു കണ്ടുകൊണ്ട് 1665-ല്‍ മാര്‍ ഗ്രിഗോറിയോസ് എന്നു പേരായ ഒരു വിദേശ യാക്കോബായ മെത്രാനെ, നിയമാനുസൃതമായ മെത്രാന്‍ പട്ടാഭിഷേകം അദ്ദേഹത്തില്‍ നിന്നു സ്വീകരിക്കാമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി കേരളത്തിലേയ്ക്കു വരുത്തി. മാര്‍ ഗ്രിഗോറിയോസ് എപ്പോഴെങ്കിലും അദ്ദേഹത്തിന് അഭിഷേകം നല്‍കിയോയെന്ന കാര്യം സംശയാസ്പദമാണ്. മാര്‍ ഗ്രിഗോറിയോസ്, നേരെമറിച്ച്, അസംത്യപ്തരെ യാക്കോബായ വിശ്വാസം പഠിപ്പിക്കുകയും, റോമന്‍ പരമാധിപത്യം നിഷേധിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷേ ആരംഭഘട്ടത്തില്‍ ഒരു കത്തോലിക്കനെപ്പോലെ വര്‍ത്തിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു.
പുതിയ വിശ്വാസം (യാക്കോബായ വിശ്വാസം) സ്വീകരിച്ചവരെ പുത്തന്‍കൂറ്റുകാര്‍ (പുതിയ കക്ഷിക്കാര്‍) എന്നു വിളിച്ചിരുന്നു. ഇന്നും അങ്ങനെതന്നെ വിളിക്കുന്നു. നാം ഇതിനുമുന്‍പു മുകളില്‍ സൂചിപ്പിച്ച പൗലീനോസ് ഓഫ് സെന്‍റ് ബര്‍ത്തലോമ്യാ, അദ്ദേഹത്തിന്‍റെ അപ്രകാശിത കൈയെഴുത്തു പ്രതികളില്‍ ഒന്നില്‍ പറയുന്നത് ആ രണ്ടുപേരുകളും മാര്‍ ഗ്രിഗോരിയോസിന്‍റെ ആഗമനത്തിനു മുന്‍പുതന്നെ ഉത്ഭവിച്ചുവെന്നും, റോമായിലേയ്ക്കു അതിനു മുന്‍പുതന്നെ നിവേദനങ്ങളയച്ചിരുന്നുവെന്നും, റോമായുടെ തീരുമാനങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെ പഴയകൂറ്റുകാര്‍ എന്നും അല്ലാത്തവരെ പുത്തന്‍കൂറ്റുകാരെന്നും വിളിച്ചുവന്നു എന്നുമാണ്.
റഫായേല്‍ ഫിഗ്വറേദോ
പറമ്പില്‍ ചാണ്ടി മെത്രാന്‍ ഒരു സഹായ മെത്രാനെ ആവശ്യപ്പെട്ടു. തന്‍റെ അനന്തിരവന്‍ മത്തായിയെ ആ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡച്ചുകാരുടെ പ്രത്യേക പാസ്പോര്‍ട്ടു വഴി 1676-ല്‍ കേരളത്തിലെത്തിച്ചേര്‍ന്നിരുന്ന കര്‍മ്മലീത്താക്കാരെ, ഒരു സഹായ മെത്രാനെ തിരഞ്ഞെടുക്കുന്നതിനു റോമാ അധികാരപ്പെടുത്തി. കഴിയുന്നത്ര ഒരു ഇന്‍ഡ്യാക്കാരനെത്തന്നെ തിരഞ്ഞെടുക്കുവാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഈ കല്പനയെ അക്ഷരാര്‍ത്ഥം സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പുകാര്‍ 1677-ല്‍ ഇന്‍ഡ്യയില്‍ ജനിച്ച - ഒരു പോര്‍ത്തുഗീസുകാരന് ഇന്‍ഡ്യന്‍ സ്ത്രീയില്‍ ജനിച്ച - ഒരു റഫായേല്‍ ഫിഗ്വറേദോയെ തിരഞ്ഞെടുത്തു. അങ്ങനെ ചെയ്യുന്നതിനു അവര്‍ക്ക് അവരുടെ സ്വന്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഈ സഹായ മെത്രാന്‍ മാര്‍ ചാണ്ടിയെ അനുസരിക്കാതിരിക്കുകയും, അദ്ദേഹത്തെ തിരഞ്ഞെ ടുത്ത കര്‍മ്മലീത്താക്കാര്‍ക്കു തന്നെയും വളരെയേറെ സങ്കടങ്ങളുണ്ടാക്കിത്തീര്‍ക്കുകയും ചെയ്തു. റഫായേല്‍ ഫിഗ്വറേദോയുടെ തിരഞ്ഞെടുപ്പുമൂലം മാര്‍ ചാണ്ടിയുടെ പുനരൈക്യശ്രമങ്ങള്‍ പ്രതിബന്ധിക്കപ്പെട്ടു. 1687-ല്‍ പക്ഷേ അദ്ദേഹം നിര്യാതനായി. റഫായേല്‍ ഫിഗ്വറേദോയുടെ കാര്യം റോമായിലേക്കു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു കര്‍മ്മലീത്താക്കാരിലുണ്ടായിരുന്ന വിശ്വാസത്തെ അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് താറുമാറാക്കി.
കസ്റ്റോഡിയസ് ഡി പിഞ്ഞോ
റഫായേല്‍ ഫിഗ്വറേദോയുടെ കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു യഥാര്‍ത്ഥ ഇന്‍ഡ്യക്കാരനും (പ്രൊപ്പഗാന്താ തിരുസംഘത്തിന്‍റെ കീഴില്‍) വലിയ മുഗളിന്‍റെ വികാരി അപ്പസ്തോലിക്കയുമായിരുന്ന കസ്റ്റോഡിയസ് ഡി പിഞ്ഞായെ റോമില്‍ നിന്നു നിയോഗിച്ചു. അന്വേഷണശേഷം ഫിഗ്വറേദോയെ സസ്പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന്‍റെ സ്ഥാനത്തു വികാരി അപ്പസ്തോലിക്കയായി കസ്റ്റോഡിയസ് ഡി പിഞ്ഞോ നിയമിതനാകുകയും ചെയ്തു. പുതിയ വികാരി അപ്പസ്തോലിക്ക കേരളത്തിലേയ്ക്കു വരിക ഉണ്ടായില്ല. സസ്പെന്‍ഷന്‍ ഉത്തരവു നടപ്പാക്കുന്നതിനു മുന്‍പ് 1695-ല്‍ റഫായേല്‍ ഫിഗ്വറേദോ നിര്യാതനായി പള്ളിപ്പുറം പള്ളിയില്‍ സംസ്കരിക്കപ്പെട്ടു.
ചില വിവരണങ്ങളനുസരിച്ചു വലിയ മുഗളിന്‍റെ വികാരി അപ്പസ്തോലിക്കയായിരുന്ന പീറ്റര്‍ പോള്‍ ഒ.സി.ഡി. 1696 മുതല്‍ 1700 വരെ കേരളത്തിലെ വികാരി അപ്പസ്തോലിക്കാ കൂടിയായിരുന്നു.
ഗര്‍സ്യായുടെ പിന്‍ഗാമികള്‍: മത്തായി അര്‍ക്കദിയാക്കോന്‍
(പദ്രുവാദോ കീഴില്‍പ്പെട്ട) കൊടുങ്ങല്ലൂര്‍ അതിരൂപത നിര്‍ത്തലാക്കപ്പെട്ടിട്ടില്ലാതിരുന്നതിനാല്‍, ഗര്‍സ്യാ എസ്.ജെയുടെ മരണത്തെത്തുടര്‍ന്ന് പോര്‍ത്തുഗീസ് ഗവണ്‍മെന്‍റ് ആ ഭദ്രാസനത്തിലേയ്ക്ക് സ്ഥാനികളെ നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നു. അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ഒന്നുകില്‍ ആ സ്ഥാനം നിഷേധിച്ചു. അല്ലെങ്കില്‍ അത് സ്വീകരിക്കുവാന്‍ അവര്‍ക്കു സാദ്ധ്യമല്ലാതെ വന്നു. അവസാനം ദിദാക്കൂസ് എന്നു പേരായ ഒരു ഓറട്ടോറിയന്‍ ആ സ്ഥാനം സ്വീകരിച്ചു. പോര്‍ത്തുഗലില്‍ തന്നെ താമസിച്ചുകൊണ്ട് ചാണ്ടി മെത്രാന്‍റെ ഒരു അനന്തിരവനായ മത്തായിയെ 1694-ല്‍ തന്‍റെ അര്‍ക്കദിയാക്കോനായി നിയമിച്ചു. ദിദാക്കൂസ് 1701-ല്‍ നിര്യാതനായി. മാര്‍ ചാണ്ടി മെത്രാന്‍റെ ചരമത്തിനുശേഷം വികാരി അപ്പസ്തോലിക്കന്മാര്‍ ഉണ്ടായിരുന്നിട്ടും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഹാനുഭൂതി മത്തായി അര്‍ക്കദിയാക്കോനോടു കൂടിയായിരുന്നുവെന്നതു സ്വഭാവികം മാത്രമാണല്ലോ. അദ്ദേഹം ഭരണകര്‍ത്താവായിരുന്ന കൊടുങ്ങല്ലൂരിന്‍റെ കീഴിലും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുണ്ടായിരുന്നു.
പദ്രുവാദോ, പ്രാപ്പഗന്താ അധികാരങ്ങള്‍
കൊടുങ്ങല്ലൂരിന്‍റെ കീഴിലുണ്ടായിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ പദ്രുവാദോ അധികാരത്തില്‍ കീഴിലായിരുന്നു. സെബസ്ത്യാനി, മാര്‍ ചാണ്ടി, റഫായേല്‍ ഫിഗ്വറേദോ, കസ്റ്റോഡിയസ് ഡി പിഞ്ഞോ, (പീറ്റര്‍ പോള്‍ ഒ. സി. ഡി) എന്നിവരെ പ്രൊപ്പഗാന്താ തിരുസംഘം നിയമിച്ചിട്ടുള്ളതാകയാല്‍ അവര്‍ക്കു കീഴുണ്ടായിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ പ്രൊപ്പഗാന്താ അധികാരത്തില്‍ കീഴിലായിരുന്നു. അവര്‍ ഭരിച്ചിരുന്ന ഭൂഭാഗം കൊടുങ്ങല്ലൂര്‍ അതിരൂപതയില്‍ പെട്ട ഭൂഭാഗം തന്നെയായിരുന്നു. അതിനെ സീറാ (Serra) (മലബാര്‍, കേരളം) എന്നു കൂടി വിളിച്ചിരുന്നു.
സെമിനാരികള്‍
വൈപ്പിക്കോട്ടയില്‍ ഈശോസഭക്കാര്‍ നടത്തിയിരുന്ന സെമിനാരി, ഡച്ചു സ്വാധീന മേഖലയ്ക്കു പുറത്തു അമ്പഴക്കാട്ടേയ്ക്കു മാറ്റി സ്ഥാപിച്ചു. അവിടെ ഈശോ സഭക്കാര്‍ തന്നെ അതു തുടര്‍ന്നു നടത്തിക്കൊണ്ടിരുന്നു.
1673-ല്‍ കര്‍മ്മലീത്താക്കാര്‍ വരാപ്പുഴ ഒരു പള്ളി സ്ഥാപിച്ചു. 1682-ല്‍ അതിനോടനുബന്ധിച്ചു ഒരുതരം സെമിനാരിയും തുടങ്ങി. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചു സ്ഥാപിച്ചതായിരുന്നു അത്. കര്‍മ്മലീത്താക്കാരോടു കൂടി വന്നിരുന്ന ആലിപ്പോയില്‍ നിന്നുള്ള പാശ്ചാത്യ സുറിയാനിക്കാരനായ ഒരു ബര്‍ത്തലോമ്യു ഹന്നാ ഈ സെമിനാരിയില്‍ സുറിയാനി മല്പാനായി നിയമിക്കപ്പെട്ടു. പൗരസ്ത്യ സുറിയാനി ആരാധനക്രമഭാഷയായി സ്വീകരിച്ചിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഈ മല്പാനെ ഇഷ്ടപ്പെട്ടിരുന്നില്ല.
കര്‍മ്മലീത്താക്കാര്‍
നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ / കേരളത്തില്‍ പ്രവേശനം ലഭിക്കുവാന്‍ കര്‍മ്മലീത്താക്കാര്‍ പരിശ്രമിച്ചു. ഇറ്റാലിയന്‍മാരോ, ബല്‍ജിയംകാരോ, ജര്‍മ്മന്‍കാരോ, ആയിരിക്കുന്ന പക്ഷം ഒരു കര്‍മ്മലീത്താ മെത്രാനും പന്ത്രണ്ടു മിഷനറിമാരും കേരളത്തില്‍ വന്നു കൊള്ളുന്നതിനു 1698-ല്‍ ഡച്ചു ഗവണ്‍മെന്‍റ് ഔപചാരികമായി അനുവാദം നല്‍കി.
ശീശ്മ
1653-ലെ കൂനന്‍കുരിശു സത്യം സ്ഥലത്തെ മെത്രാപ്പോലീത്തയായ ഗാര്‍സ്യാ എസ്. ജെ യ്ക്കും ഈശോസഭക്കുമെതിരായ ഒരു അനുസരണക്കേട് അഥവാ എതിര്‍പ്പ് ആയിരുന്നു. ആകയാല്‍ അത് പദത്തിന്‍റെ വേദശാസ്ത്രപരമായ അര്‍ത്ഥത്തില്‍ ഒരു ശീശ്മ ആയിരുന്നില്ല. എന്നുതന്നെയല്ല ജനങ്ങളിലും വൈദികരിലും മഹാഭൂരിപക്ഷവും കരുതിയിരുന്നത് അഹത്തള്ളാ മാര്‍പാപ്പായാല്‍ അയയ്ക്കപ്പെട്ടതാണെന്നായിരുന്നു. ആകയാല്‍ അഹത്തള്ളാ, കൃത്രിമമായ ഒരു അപ്പസ്തോലിക്ക് ദൗത്യം വഴി അവരുടെ സരളസ്വഭാവത്തെ വഞ്ചിക്കുകയായിരുന്നെന്നു സെബസ്ത്യാനി വഴി മാര്‍പാപ്പായ്ക്ക് അവരെ ബോധ്യപ്പെടുത്തേണ്ടിവന്നു. തോമ്മാ അര്‍ക്കദിയാക്കോനെ, അദ്ദേഹത്തിന്‍റെ കപടാഭിഷേകത്തിനുശേഷവും, അനുകൂലിച്ചിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളിലും വൈദികരിലും മഹാഭൂരിപക്ഷവും അങ്ങനെ ചെയ്തിരുന്നതു തങ്ങളും മാര്‍പ്പാപ്പായുടെ കീഴിലാണെന്നുള്ള ഉത്തമവിശ്വാസത്തിലാണ്. അവരുടെ നേതാക്കന്‍മാര്‍ കപടവിശ്വാസത്തിലായിരുന്നു. എല്ലാറ്റിനും മാര്‍പാപ്പായുടെ അംഗീകാരമുണ്ടെന്നു ഉറക്കെപ്പറഞ്ഞുകൊണ്ട് ആ കപടതയെ അവര്‍ ഗോപനം ചെയ്തിരുന്നു. 1659 ജനുവരി 3-ാം തീയതി ഗാര്‍സ്യാ എസ്.ജെ. എഴുതിയിട്ടുള്ള ഒരു കത്തില്‍ നിന്ന് ഇതെല്ലാം വ്യക്തമാണ്. നേതാക്കന്‍മാരുടെ വഞ്ചന അറിയാതിരുന്ന ജനസാമാന്യം (Vulgus tamen plerique sacerdotum et Christianorum doli ignario) മൂന്നു ഗണമായി തിരിഞ്ഞിരിക്കുകയാണെന്നും അവരില്‍ ഒരു ഭാഗം തന്നോടുകൂടെയും മറ്റൊരു ഭാഗം ആരെയും അനുസരിക്കാതെയും മൂന്നാമത്തെ ഭാഗം കപട മെത്രാപ്പോലീത്തായുടെ കൂടെയുമാണെന്നും ആ കത്തില്‍ അദ്ദേഹം പറയുന്നു. 1599-നുശേഷം കലഹക്കാരുടെ നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ള മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മാര്‍പാപ്പായ്ക്ക് എതിരായി എപ്പോഴെങ്കിലും എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ എപ്പോഴും മാര്‍പാപ്പായ്ക്ക് അനുസരണയുള്ളവരായിരുന്നെന്നും (S....usque ad presentem diem summo pontifical semper obedientes se perhibuere, neque unquam quidquam Scriptis, verbis, aut operibus contraistum... molitos fuisseo) നേതാക്കന്‍മാര്‍ ചെയ്തിരുന്നതെല്ലാം മാര്‍പാപ്പായുടെ അംഗീകാരമുണ്ടെന്നുള്ള നാട്യത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. (Quinimo ipse archidiaconus qui nunc falso et instlentoromina perurbando pontificia munera exercet, fateur sibi hancdignitatem collatam auctoritate summi pontificis, cujus diplomaei tradita fuisse ab Adeodato Armeno (Ahatallah)ad eodem summo pontifice, ut hic dictitavit et aliis ficte suasit, misso ad hanc provinciam Christianorum S.Thommae moderadamo) മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മാര്‍പാപ്പായെ അനുസരിച്ചുതുടങ്ങിയത് 1599-ലാണെന്നുള്ള തന്‍റെ തെറ്റായ ബോദ്ധ്യം ഗാര്‍സ്യാ എസ്.ജെ. തന്‍റെ കത്തില്‍ പ്രകടമാക്കുന്നുണ്ട്. റോമയില്‍ പ്രൊപ്പഗാന്താ തിരുസംഘത്തിന്‍റെ പുരാവസ്തുശേഖരത്തില്‍ അദ്ദേഹത്തിന്‍റെ കത്തു കാണാവുന്നതാണ്. (Scritii ri-feriti Congr. General Vol. 232, fol 297 sq)
വിദേശ യാക്കോബായ മെത്രാനായ മാര്‍ ഗ്രിഗറിയോസ് 1664-നു ശേഷം കപടമെത്രാപ്പോലീത്തായുടെ അനുഗാമികളെ കുത്തിത്തിരുകുകയുണ്ടായി. സെബസ്ത്യാനിയുടെ രണ്ടാമത്തെ വരവിനുശേഷം കപടമെത്രാപ്പോലീത്താ പരസ്യമായി മഹറോന്‍ ചൊല്ലപ്പെട്ടതോടെ അവരുടെ ഉത്തമ വിശ്വാസത്തിനു ഇളക്കം തട്ടിയിരുന്നു. ഇങ്ങനെയാണ് 1653-ലെ വിപ്ലവം, കപടമെത്രാപ്പോലീത്തായെ പരിത്യജിക്കാത്തവരെ സംബന്ധിച്ചിടത്തോളം അത് ശീശ്മയായിത്തീര്‍ന്നു. അവര്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു ന്യൂനപക്ഷമായിരുന്നു. ഭൂരിപക്ഷമാകട്ടെ പഴയകുറ്റുകാരായി കത്തോലിക്കാസഭയില്‍ത്തന്നെ നിലനിന്നു. കൂനന്‍കുരിശുസത്യം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ വിഘടനവാദികളാക്കിയെന്നും സെബസ്ത്യാനിയും സുഹൃത്തുക്കളും അവരെ ശീശ്മയില്‍നിന്നു രക്ഷിച്ചുവെന്നും പറയുന്നത് (അങ്ങനെയാണു സാധാരണ പറഞ്ഞുവെന്നതും വരുന്നതും). തെറ്റാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. സെബസ്ത്യാനിയുടേയും മറ്റും ആഗമനത്തില്‍ മുന്‍പുതന്നെ കപട മെത്രാപ്പോലീത്തായുടെ മൂന്നു ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ അനേകര്‍ ഗാര്‍സ്യാ എസ്. ജെയുമായി രഞ്ജിപ്പിലായെന്നും സെബസ്ത്യാനിയും കൂട്ടരും ഗാര്‍സ്യാ എസ്. ജെയുമായി യോജിച്ചുകൊണ്ടു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ക്കു കൂടുതല്‍ മെച്ചമായ ഒരു മാറ്റമുണ്ടാകുമായിരുന്നെന്നും ഈശോസഭക്കാരുടെ വിവരണങ്ങള്‍തന്നെ വ്യക്തമായി കാണിക്കുന്നു. മുകളില്‍ ഉദ്ധരിച്ച ഗാര്‍സ്യായുടെ കത്തിലും ഈ ആശയം അടങ്ങിയിട്ടുണ്ട്. അഹത്തള്ളാ ഒരു കപട അപ്പസ്തോലിക്ക് ദൗത്യവുമായി വരികയായിരുന്നെന്നും കര്‍മ്മലീത്താ കമ്മീസറിമാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ തെറ്റിദ്ധാരണകള്‍ നീങ്ങുമായിരുന്നെന്നുകൂടി ഗാര്‍സ്യ എസ്.ജെ (കയശറ) പറയുന്നുണ്ട്.... ("..Ex quopatat quod si Comissari (Carmelitani) declararent Armenum (Ahatallah) falso dictitasse quod a Roma missus fuerat, Cartum est eorum falsam opinionem obliterandam...").
ഡോ. സേവ്യർ കുട്പ്പുഴ
Portuguese and the church of india catholic malayalam mananthavady diocese Dr. Xavier Koodappuzha Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206