x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ സമകാലിക സഭാചരിത്രം

കേരളസമൂഹത്തിന്‍റെ ആരോഗ്യപരിപാലനം

Authored by : Fr. Anto Chalissery On 29-May-2021

ആമുഖം

"എന്‍റെ ഏറ്റവും എളിയവരായ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്" (മത്താ 25:40). രോഗികളോടും പീഡിതരോടുമുള്ള ക്രൈസ്തവസഹാനുഭാവത്തിന് ഉത്തമമാതൃക ഈശോ തന്നെയാണ്. അവിടുന്ന് എല്ലാവരുടെയും സ്നേഹിതനായിരുന്നു. ആര്‍ക്കും ഈശോയെ സമീപിക്കാമായിരുന്നു. ഒരു കുഷ്ഠരോഗിയോ രക്തസ്രാവക്കാരിയോ വൈകാരിക കഴിവുകേടുള്ളവരോ ആരുതന്നെയായിരുന്നാലും അവരെ ഈശോ സ്പര്‍ശിച്ചിരുന്നു. "ജനമെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തുനിന്നു. എന്തെന്നാല്‍, അവനില്‍നിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു"  (ലൂക്കാ 6:19). ദൈവിക വൈദ്യനായ ക്രിസ്തുവിന്‍റെ കല്പനയാണ് സഭാമക്കള്‍ നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്നത്. "അവന്‍ പന്ത്രണ്ട് പേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു. അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു" (ലൂക്കാ 9:1). "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ്" (യോഹ 10:10). ആരോഗ്യപരിപാലനരംഗത്തും സൗഖ്യദാനശുശ്രൂഷയിലും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈശോയുടെ ഈ വചനങ്ങള്‍ കൂടുതല്‍ ശക്തിയും കരുത്തും നല്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ "സാല്‍വിഫിച്ചി ദൊളോറിസ്" (രക്ഷാകരസഹനത്തില്‍) എന്ന അപ്പസ്തോലികലേഖനത്തില്‍ മാനുഷികസഹനങ്ങളോടും രോഗങ്ങളോടും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്ത്വാത്മകഭാവം നല്കണമെന്ന് ആവശ്യപ്പെട്ടു.

ആഗോളകത്തോലിക്കാസഭയിലും ഭാരതസഭയിലും കേരളസഭയിലും ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും വളരുകയും സമൃദ്ധമാവുകയും ചെയ്യുന്നത് നമുക്ക് ഇന്ന് അനുഭവപ്പെടും. പതിനൊന്നാം ലോകരോഗീദിനസന്ദേശത്തില്‍ പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ ഇപ്രകാരം ഓര്‍മ്മിപ്പിച്ചു: "കത്തോലിക്കാ ആശുപത്രികള്‍ ജീവന്‍റെയും പ്രത്യാശയുടെയും കേന്ദ്രങ്ങളാകണം. അവ ആധ്യാത്മിക സേവനങ്ങളോടും ധാര്‍മ്മിക കാര്യസംഘങ്ങളോടും അല്മായരായ ആരോഗ്യശുശ്രൂഷകളുടെ പരിശീലനത്തോടും കൂടെ രോഗികള്‍ക്ക് നല്കുന്ന ശ്രദ്ധയുടെയും പരിചരണത്തിന്‍റെ മാനുഷികവത്കരണം നടത്തണം. രേഗികളുടെ കുടുംബങ്ങള്‍ക്ക് ശ്രദ്ധ ലഭിക്കണം. ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള സവിശേഷതാത്പര്യം വളരുകയും വേണം. അവരുടെ വിദഗ്ധതൊഴില്‍ വസ്തുനിഷ്ഠമായ വിധത്തില്‍ സ്നേഹത്തിനു നല്കുന്ന ആത്മാര്‍ത്ഥമായ സാക്ഷ്യത്തില്‍ പ്രകാശിപ്പിക്കപ്പെടണം. ജീവന്‍ ദൈവത്തിന്‍റെ ദാനമാണെന്നും മനുഷ്യന്‍ അതിന്‍റെ കാര്യസ്ഥനും ഉറപ്പുനല്കുന്നവനും മാത്രമാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇപ്രകാരം ചെയ്യണം". ജീവന്‍റെ സുവിശേഷം (Evangelium Vitae) എന്ന ചാക്രികലേഖനത്തില്‍ മാര്‍പാപ്പാ ജോണ്‍പോള്‍ രണ്ടാമന്‍ ഇപ്രകാരം പറഞ്ഞു: "ഇന്നു ജീവന്‍റെ മൂല്യം ഒരുതരം ഗ്രഹണം അനുഭവിക്കുകയാണ്". കത്തോലിക്കാസഭ എന്നും ജീവനുവേണ്ടി നിലകൊള്ളുകയും ആരോഗ്യപരിപാലനരംഗത്ത് ജാഗ്രതയും വിശ്വസ്തതയും പുലര്‍ത്തുകയും ചെയ്യുന്നു. 

ഏ.ഡി. 52-ല്‍ അപ്പസ്തോലനായ തോമാശ്ലീഹായുടെ വരവോടുകൂടെ സഭയുടെ സൗഖ്യശുശ്രൂഷാരംഗത്തിന് ആരംഭംകുറിച്ചു. ഔദ്യോഗികമായ ആരോഗ്യപരിപാലനശുശ്രൂഷ 1513 പോര്‍ച്ചുഗീസ് മിഷനറിമാരാല്‍ കൊച്ചിയിലും ഗോവയിലും സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ "സാന്താകാസാ ഡി മിസെറിക്കോര്‍ഡിയ" എന്ന സ്ഥാപനത്തോടെയാണ് തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യത്തെ ആശുപത്രി സ്ഥാപിച്ചത് ജെസ്യൂട്ട് വൈദികനായ ഫാ. ഹെന്‍ട്രി ഹെന്‍റിക്സായിരുന്നു. 1550-ല്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പുന്നൈക്കയയിലാണ് ഈ ആശുപത്രി പ്രവര്‍ത്തിച്ച് തുടങ്ങിയത്. 19-ാം നൂറ്റാണ്ടില്‍ ഭാരതസഭയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുവാന്‍ തുടങ്ങിയപ്പോള്‍തന്നെ പ്രാഥമിക ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി. 20-ാം നൂറ്റാണ്ടില്‍ സഭയിലെ പ്രവര്‍ത്തനങ്ങളില്‍ രൂപതകളുടെയും സന്യാസഭവനങ്ങളുടെയും മുഖ്യലക്ഷ്യങ്ങളും സമീപനങ്ങളും ആതുരശുശ്രൂഷാരംഗത്ത് രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ഇടയായി. ഭാരതകത്തോലിക്കാ മെത്രാന്‍സമിതിയുടെ കീഴില്‍ ആരോഗ്യപരിപാലനരംഗം ഒരു പ്രത്യേക കമ്മീഷനായി രൂപവത്കരിക്കപ്പെടുന്നത് 1989-ലാണ്. ഇതിനെത്തുടര്‍ന്ന് 1992 ഭാരതത്തിലെ ആരോഗ്യനയത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. എച്ച്.ഐ.വി./എയ്ഡ്സ് എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തെ അധികരിച്ച് സ്കൂളുകള്‍ക്കായുള്ള പാഠപുസ്തകം ഹെല്‍ത്ത് കമ്മീഷന്‍റേതായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി ഓപ്പണ്‍ ആരോഗ്യ സാമൂഹികക്ഷേമത്തിനായി രൂപീകരിക്കാനും ഇനിതനകം കഴിഞ്ഞു.ആരോഗ്യസേവന വിതരണരംഗങ്ങളില്‍ വിവിധ വിതരണസമ്പ്രദായങ്ങള്‍ ഉണ്ട്. അതിനെ പ്രാഥമികവും ദ്വീതീയ, തൃതീയ തലങ്ങളായും അത്യാഹിതാവസരങ്ങള്‍, മഹാവിപത്തുകളിലെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മാറ്റിയിരിക്കുന്നു.

പ്രാഥമികശുശ്രൂഷ (Primary) തലത്തില്‍ വ്യക്തികളും ആരോഗ്യസമ്പ്രദായവും തമ്മില്‍ നടത്തുന്ന സമ്പര്‍ക്കത്തെയാണ് പ്രഥമതലമായി പരിഗണിക്കുക. അവിടെ ആരോഗ്യപരമായ കാര്യങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ് പരിഗണിക്കപ്പെടുന്നത്. രാജ്യത്ത് ഉടനീളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ഒരു ശൃംഖല വഴി ഭേദപ്പെട്ട രോഗപ്രതിരോധവും രോഗശമനപരവുമായ സേവനങ്ങള്‍ നല്കപ്പെടുന്നു. പബ്ലിക് ഹെല്‍ത്ത് സര്‍വീസുകള്‍ ലഭ്യമല്ലാത്ത ഗ്രാമീണഗോത്രവര്‍ഗപ്രദേശങ്ങളിലും നഗരങ്ങളുടെ ചേരികളിലും പ്രാഥമികാരോഗ്യശുശ്രൂഷ സേവനങ്ങള്‍ നല്കുകയും സുഗമമാക്കുകയും ചെയ്യുന്നു. ദ്വിതീയശുശ്രൂഷ (Secondary): ആശുപത്രികള്‍ വഴി രോഗശമനസേവനങ്ങള്‍ നല്കുന്നു. വിവിധങ്ങളായ രോഗനിര്‍ണയമേഖലകളെയും ചികിത്സാസംവിദാനങ്ങളെയും രൂപപ്പെടുത്തും. സൗജന്യചികിത്സകളും കുറഞ്ഞ നിരക്കില്‍ ചികിത്സകളും ഇവിടെ കൂടുതല്‍ ലഭ്യമാക്കാന്‍ സഭ പരിശ്രമിക്കുന്നു. തൃതീയശുശ്രൂഷ (Tertiary): തൃതീയതലത്തില്‍ സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ശുശ്രൂഷ നല്കുകയും സ്പെഷ്യലിസ്റ്റുകളെയും സ്റ്റാഫുകളെയും പഠിപ്പിക്കുകയും ചെയ്യുന്നു. കേരളസഭയ്ക്ക് മൂന്ന് മെഡിക്കല്‍ കോളേജുകളും നാല്പതില്‍പ്പരം ആശുപത്രികളും ഈ മേഖലയില്‍ ഇപ്പോള്‍ നിലവിലുണ്ട്. അത്യാഹിത അവസരത്തിലുള്ള സേവനങ്ങള്‍: കത്തോലിക്കാ ആരോഗ്യശുശ്രൂഷാസ്ഥാപനങ്ങള്‍ എല്ലാ അത്യാഹിതര്‍ക്കും ഇരയായവരെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും പരിചരിക്കുകയും ചെയ്യും. നല്ല സമറായന്‍റെ ഉപമ അനുസരിച്ച് ആപത്തുകളില്‍പ്പെട്ടവരെ സഭ നയിക്കുന്നു. 

ഇന്ത്യയില്‍ വെറും 2.2% മാത്രമുള്ള കത്തോലിക്കര്‍ പൊതുസമൂഹത്തിനായി സമാരംഭിച്ചിട്ടുള്ള ആരോഗ്യപരിപാലനാസ്ഥാപനങ്ങളുടെ കണക്ക് നോക്കുമ്പോള്‍ കത്തോലിക്കാസഭ നടത്തുന്ന ത്യാഗനിര്‍ഭരമായ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. കേരളത്തില്‍ 18% മാത്രമുള്ള കത്തോലിക്കര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായി ആരോഗ്യരംഗത്ത് ചെലുത്തുന്ന സ്വാധീനം തീര്‍ച്ചയായും അവഗണിക്കാന്‍ സാധ്യമല്ല. കേരളത്തിലെ കത്തോലിക്കാസഭയുടെ ആരോഗ്യരംഗത്ത് 80% പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളോട് ചേര്‍ന്ന് പ്രാഥമിക, ദ്വിതീയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തൃതീയ മേഖലയില്‍ വളരെ വ്യക്തമായ പ്രവര്‍ത്തന ലക്ഷ്യമാണ് കാഴ്ചവയ്ക്കുന്നത്.കത്തോലിക്കാ ആരോഗ്യരംഗത്ത് പ്രവര്‍ത്തനതലങ്ങളെ വിവിധ തലങ്ങളിലുള്ള സംഘടനാപ്രനര്‍ത്തനത്തിലൂടെ ഏകോപിപ്പിക്കുവാനും സാമൂഹ്യരംഗത്ത് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്താനും ഇടയാക്കിയിട്ടുണ്ട്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (CHAI), ദി കാത്തലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ (CNGI), ദി സിസ്റ്റര്‍ ഡോക്റ്റേഴ്സ് ഫോറം ഓഫ് ഇന്ത്യ (SDFI), ദി കോണ്‍ഫറന്‍സ് ഓഫ് റിലിജീയന്‍സ് ഇന്ത്യ (CRI), കാരിത്താസ് ഇന്ത്യ, ദി കാത്തലിക് മെഡിക്കല്‍ മിഷന്‍ ബോര്‍ഡ് (CMMMB), ദി കാത്തലിക് റിലീഫ് സര്‍വീസസ് (CRS), ഇന്‍ഡോ ഗ്ലോബല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (IGSSS). കാത്തലിക് മെഡിക്കല്‍ കോളേജ് അസോസിയേഷന്‍, കാത്തലിക് നഴ്സസ് കോളേജ് അസോസിയേഷന്‍, കാത്തലിക് നഴ്സസ് സ്കൂള്‍ അസോസിയേഷന്‍ തുടങ്ങിയ വിവിധ സംഘടനകള്‍ ആരോഗ്യസാമൂഹ്യ വികസനരംഗത്ത് ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.


Catholic Health Association of India (CHAI)

1943 ആസ്ട്രേലിക്കാരിയായ ഡോക്ടര്‍ സിസ്റ്റര്‍ മേരി ഗ്ലോറി ജെ.എം.ജെ. ആരംഭിച്ച പ്രസ്ഥാനമാണ്, കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. കേരളത്തിന്‍റെ പ്രവര്‍ത്തനത്തില്‍ 1962-ല്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ബഹുമാനപ്പെട്ട ജെയിംസ് എസ്. ടോന്‍ഗോ എസ്.ജെ. അന്നത്തെ CHAI-യുടെ നാഷണല്‍ പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ കേരളഘടകം അതിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ സുവര്‍ണജൂബിലിയിലേക്ക് പ്രേവശിക്കുകയാണ്. സമൂഹത്തിലെ ഏറ്റവും അവശതയനുഭവിക്കുന്നവരുടെ സാമൂഹിക ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ക്രിസ്തുകേന്ദ്രീകൃതമായ പ്രവര്‍ത്തനശൈലിയിലൂടെ ആരോഗ്യരംഗത്തെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് CHAI ലക്ഷ്യമിടുക.കേരളത്തില്‍ CHAI-യുടെ അംഗത്വം സ്വീകരിച്ചിരിക്കുന്നവര്‍മെഡിക്കല്‍ കോളേജ് 3ആശുപത്രികള്‍ 160ഡിസ്പെന്‍സറികള്‍ 103രൂപത സോഷ്യല്‍സര്‍വീസ് 29ഇതരസ്ഥാപനങ്ങള്‍ 38അസോസിയേറ്റ് മെമ്പേഴ്സ് 80ആകെ 413CHAI Kerala-യുടെ പ്രധാന ലക്ഷ്യങ്ങള്‍1. കേരളത്തിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.2. ചികിത്സയും സംരക്ഷണവും ആരോഗ്യരംഗവും ശ്രദ്ധിക്കുന്നു.3. ആരോഗ്യസംബന്ധമായ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയെ വളര്‍ത്തുക.4. ഗവണ്‍മെന്‍റുമായി ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക.5. മനുഷ്യജീവനെതിരെയുള്ള ഭീഷണികളിലും അക്രമണങ്ങളിലും ജാഗ്രത പുലര്‍ത്തുക.6. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുഖ്യപങ്ക് വഹിക്കുക.7. രോഗങ്ങളെ പ്രതിരോധിക്കാനുള്ള ബഹുമുഖ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുക.                                                                                 
സിസ്റ്റേഴ്സ് ഡോക്ടേഴ്സ് ഫോറം                                                                                                                                                                       
1993-ല്‍ CHAI-യുടെ ഗോള്‍ഡന്‍ ജൂബിലി കൂട്ടായ്മയുടെ അവസരത്തില്‍ കലൂര്‍ റിന്യുവല്‍ സെന്‍ററില്‍വച്ചാണ് ഇത് ആരംഭിച്ചത്. സിസ്റ്റര്‍ ഡോക്ടര്‍ ലില്ലിയാന്‍ ആണ് പ്രഥമ പ്രസിഡണ്ട്. സന്യാസസമൂഹത്തിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഇതില്‍ 60-ല്‍പരം അംഗങ്ങള്‍ ഉണ്ട്. കേരളത്തില്‍ ഏകദേശം 150-ല്‍പരം അംഗങ്ങള്‍ സേവനം ചെയ്യുന്നു.


കാത്തലിക് നേഴ്സസ് ഗില്‍ഡ്

1957-ല്‍ ആണ് ഇത് ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തനരംഗത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലരാവുക നഴ്സിങ് തലത്തിലെ പഠനപരമായ കാലങ്ങളില്‍ കൂടുതല്‍ റിസര്‍ച്ച് നടത്തുക, വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമുള്ള നഴ്സുമാരെ ഒരുമിച്ച് കൂടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കേരളത്തിലെ ആരോഗ്യരംഗത്ത് പ്രത്യേകിച്ച് ഗവേഷണതലങ്ങളില്‍ വളരെയധികം മുന്നേറ്റം കത്തോലിക്കാസ്ഥാപനങ്ങള്‍ ഊന്നല്‍ കൊടുക്കുന്നു. മൂന്ന് മെഡിക്കല്‍ കോളേജുകളിലും അതോടൊപ്പം തന്നെ വലിയ ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് ഉന്നതപഠനം നടത്തുവാന്‍ സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. 27 നഴ്സിങ് കോളേജുകളും 68 നഴ്സിങ് സ്കൂളുകളും ഫാര്‍മസി കോളേജുകളും അതോടൊപ്പംതന്നെ ആരോഗ്യരംഗത്തെ വലുതും ചെറുതുമായ  പാരാമെഡിക്കല്‍ പരിശീലന സ്ഥാപനങ്ങളും കേരള കത്തോലിക്കാസഭ ആരോഗ്യപരിപാലനരംഗത്ത് പ്രത്യേകമായി ഒരുക്കുന്നു. പ്രൊഫഷണല്‍ തലത്തിലുള്ള വിവിധ കോഴ്സുകളും യൂണിവേഴ്സിറ്റികളുമായി ഒത്തുചേര്‍ന്ന് നടത്തുവാനും കത്തോലിക്കാസ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരോഗ്യരംഗവുമായി ചേര്‍ന്നുപോകുന്നതാണ്. സഭയുടെ നല്ല സമറിയാക്കാരന്‍ ആകാനുള്ള പരിശ്രമങ്ങള്‍ സാമൂഹികനീതിയുടെ ഭാഗമായി തുടരുകയും ദൈവികസ്നേഹത്തിന്‍റെ പൂര്‍ണതയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. മൊബൈല്‍ക്ലിനിക് പോലെയുള്ള അനൗദ്യോഗികസൗകര്യത്തിലൂടെയും ആരോഗ്യശുശ്രൂഷ നടത്തുന്നുണ്ട്. അനാഥാലയങ്ങള്‍, വൃദ്ധപരിചരണകേന്ദ്രങ്ങള്‍, ഹോസ്പിറ്റലുകള്‍, ദീര്‍ഘകാലരോഗികള്‍ക്കുള്ള ഭവനങ്ങള്‍, പാലിയേറ്റീവ് കേന്ദ്രങ്ങള്‍, എച്ച്.ഐ.വി./എയ്ഡ്സ് രോഗികള്‍ക്കുള്ള ശുശ്രൂഷാഭവനങ്ങള്‍, വിലാംഗര്‍ക്കുള്ള കേന്ദ്രങ്ങള്‍, മയക്കുമരുന്നിനും മദ്യത്തിനും അടിമകളായിട്ടുള്ളവരുടെ പുനരധിവാസകേന്ദ്രങ്ങള്‍, കുഷ്ഠരോഗാശുപത്രികള്‍, കൗണ്‍സലിങ് സെന്‍ററുകള്‍, മാനസികാരോഗ്യ സംരക്ഷണകേന്ദ്രങ്ങള്‍ എന്നിവ വഴി പ്രത്യേകമായി ആവശ്യമായ ആരോഗ്യശുശ്രൂഷ നിര്‍വഹിക്കുന്നു. പരമ്പരാഗതരീതിയില്ലാത്ത രോഗചികിത്സാസമ്പ്രദായങ്ങള്‍ അനുസരിച്ച് ചികിത്സ നടത്തുന്ന അനേകം ആരോഗ്യശുശ്രൂഷാകേന്ദ്രങ്ങള്‍ സഭയ്ക്കുണ്ട്. ഇവരുടെ ജീവിതത്തില്‍ യേശു സാന്നിധ്യത്തിന്‍റെ അനുഭവം നല്കുവാന്‍ പ്രത്യേകമായി സഭ കൂടുതല്‍ പരിശ്രമിക്കുന്നു. ജീവനെ അതിന്‍റെ പൂര്‍ണതയില്‍ ഉറപ്പുവരുത്തുന്നതിനെ കല്പന ദിവ്യവൈദ്യനായ യേശുക്രിസ്തുവില്‍ നിന്നു സ്വീകരിക്കുകയും അവിടത്തെ സഹതാപപൂര്‍ണമായ സ്നേഹത്താല്‍ പ്രചോദിപ്പിക്കപ്പെടുകുയം ചെയ്യുന്ന സഭ ആരോഗ്യപൂര്‍ണമായ ഒരു സമൂഹത്തെ മുന്നില്‍ കാണുന്നു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആരോഗ്യപരിപാലനരംഗത്ത് നിതാന്തജാഗ്രത പുലര്‍ത്തുന്നു. പ്രത്യേകമായി കെ.സി.ബി.സി.യുടെ നേതൃത്വത്തില്‍ ആരോഗ്യസംരക്ഷണ കമ്മീഷന്‍ എറണാകുളത്തെ കെ.സി.ബി.സി.യുടെ സെക്രട്ടറിയേറ്റായ പി.ഒ.സി.യില്‍ പ്രവര്‍ത്തിക്കുന്നു. കെ.സി.ബി.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയുടെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായുള്ള പ്രസ്ഥാനങ്ങളുടെയും സംഘടനകളെയും ഏകോപിപ്പിക്കുവാനും പരിശ്രമിക്കുന്നു. കേരളത്തിന്‍റെ ആരോഗ്യരംഗത്ത് രോഗീശുശ്രൂഷ സഭയുടെ ദൗത്യത്തിന്‍റെ മൗലികഘടകമായി കണക്കാക്കുന്നു. കേരളസമൂഹത്തിന്‍റെ ആരോഗ്യരംഗത്ത് പ്രതിബദ്ധതയോടെ സഭാമക്കള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ മുറിവേറ്റ മുഖത്തിന് കൂടുതല്‍ ആശ്വാസവും പൂര്‍ണതയുമാണ് ലഭിക്കുന്നത്. സ്നേഹത്തിന്‍റെ തൈലംകൊണ്ട് മുറിവേറ്റവനെ പരിചരിക്കാന്‍ എക്കാലവും സഭാമക്കള്‍ പരിശ്രമിക്കുന്നു. പീഠത്തിന്മേല്‍ വയ്ക്കപ്പെട്ട ദീപംപോലെ എന്നും കേരളജനതയ്ക്ക് പ്രകാശമായി അവര്‍ മാറുന്നു.
  

health care health care of kerala Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message