x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ കേരള സഭാചരിത്രം

കേരളസഭയുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍

Authored by : Archbishop Joseph Powathil On 29-May-2021

"ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നതു നല്‍കുക" (give each one his due) എന്നുള്ളത് എല്ലാ നീതിയുടെയും അടിസ്ഥാന തത്ത്വമാണ്. "പിശാചിനുപോലും അര്‍ഹമായത് നല്‍കുക" (give the devil his due) എന്നും മറ്റും പഴയകാലത്ത് പറയുമായിരുന്നു. പക്ഷേ ഇന്നിവിടെ വര്‍ഗ്ഗസമരപ്രത്യയശാസ്ത്രക്കാരും വര്‍ഗ്ഗീയവാദികളും കേരളത്തിലെ സാമൂഹികവികസനത്തില്‍ ക്രൈസ്തവര്‍ വഹിച്ച പങ്കു തമസ്കരിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കയാണ്. അവര്‍ മറ്റു നവോത്ഥാനനായകരെ ഉയര്‍ത്തിക്കാട്ടാനും ക്രൈസ്തവസ്ഥാപനങ്ങളെ താറടിച്ചു കാട്ടാനും തത്രപ്പെടുകയാണ്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥചിത്രം വരച്ചുകാട്ടാന്‍ ക്രൈസ്തവര്‍ക്കു ബാധ്യതയേറുന്നു.


ക്രൈസ്തവ വീക്ഷണം

വിദ്യാഭ്യാസമാണ് "സാമൂഹികവികസനത്തിന്‍റെ യന്ത്രം" എന്ന് അടുത്തകാലത്താണു നാം മനസ്സിലാക്കിയത്. വിദ്യാഭ്യാസമില്ലാതെ പുരോഗമനം സാധ്യമല്ല എന്നു മനസ്സിലാക്കിയതു കൊണ്ടാണല്ലോ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസം ഒരര്‍ത്ഥത്തില്‍ നിര്‍ബന്ധിതമാക്കിയത്. കുട്ടികളെ സ്കൂളുകളില്‍ അയയ്ക്കുന്നതിലും മെച്ചം അവരെ തൊഴിലിനയയ്ക്കുകയാണെന്നാണ് പല സംസ്ഥാനങ്ങളിലും മാതാപിതാക്കള്‍ അടുത്തകാലത്തുപോലും കരുതിയിരുന്നത്. ഒരു കാലത്ത് അക്ഷരം പഠിച്ച ശൂദ്രനെ മാറ്റിനിറുത്തണം എന്നതായിരുന്നു പ്രബലമായ പ്രമാണം. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്കുന്നത് സര്‍വാധിപതികള്‍ക്കും ഫ്യൂഡല്‍പ്രമാണികള്‍ക്കും അപ്രിയകരമായിരുന്നു. ഗാന്ധിജി താഴ്ന്ന ജാതിക്കാരെ ഹരിജനങ്ങളെന്നു വിളിക്കുന്നതിനു വളരെ മുന്‍പുതന്നെ ക്രൈസ്തവമിഷനറിമാര്‍ അവരെ ദൈവമക്കളായിക്കണ്ട് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി വളര്‍ത്താന്‍ തുടങ്ങിയിരുന്നു. സുവിശേഷം പ്രചരിപ്പിക്കാനും പഠിപ്പിക്കാനും അയയ്ക്കപ്പെട്ട ക്രൈസ്തവര്‍ അതിനോടു ബന്ധപ്പെടുത്തി പൊതുവിജ്ഞാനവും പകര്‍ന്നു കൊടുക്കാന്‍ തയ്യാറായി. ക്രൈസ്തവദര്‍ശനത്തിനു വിരുദ്ധമായ ചിന്താഗതികളെ അറിയാനും നേരിടാനും താത്വികപഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. അങ്ങനെയുള്ള വിദ്യാകേന്ദ്രങ്ങളാണ് ആദ്യകാലത്ത് മദ്ധ്യപൂര്‍വദേശത്തും ഗ്രീസിലും റോമിലുമെല്ലാം രൂപംകൊണ്ടത്. വിശ്വാസവും യുക്തിയും പരസ്പരപൂരകങ്ങളാണെന്നാണ് സഭയുടെ എക്കാലത്തുമുള്ള നിലപാട്. ഗ്രീസിലും റോമിലുമെല്ലാം ക്രൈസ്തവവിശ്വാസത്തെ ഒരു താത്വികചിന്തയായി കണ്ടെന്നാണ് ചരിത്രം പറയുന്നത്. ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ ക്രൈസ്തവാശ്രമങ്ങള്‍ വിജ്ഞാനത്തിന്‍റെയും യുക്തിചിന്തയുടെയും സ്രോതസ്സുകളായിട്ടാണ് പരിഗണിക്കപ്പെട്ടത്. ലഭ്യമായ രേഖകള്‍ പകര്‍ത്തിയെടുത്താണ് നല്ല ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ തയ്യാറെടുത്തത്. മദ്ധ്യയുഗത്തില്‍ വിജ്ഞാനരംഗത്ത് വലിയ നേട്ടങ്ങള്‍ നേടാന്‍ പാരീസ്, പാദുവാ, കേംബ്രിഡ്ജ് തുടങ്ങിയ യൂണിവേഴ്സിറ്റികള്‍ സഹായിച്ചു. 


പുരാതനകേരളത്തില്‍

പുരാതനകേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ലല്ലോ. വൈദികപരിശീലനം ചില ഇടവകകളിലായി ഗുരുകുലാഭ്യസനം പോലെയായിരുന്നുവെന്ന് പറയാം. കളരികള്‍ പലതും പണ്ടുണ്ടായിരുന്നു. പക്ഷെ അവയില്‍ ശ്രദ്ധേയമായത് ആയുധാഭ്യാസനത്തിനുള്ളവയായിരുന്നു. മറ്റുള്ളവ ചുരുക്കമാളുകള്‍ക്ക് എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമുള്ള പരശീലനം നല്കുന്നവയായിരുന്നു.പക്ഷേ, അതെല്ലാം മിക്കവാറും സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കുള്ളതായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം അന്ന് ഏറെപേര്‍ മനസ്സിലാക്കിയിരുന്നില്ല. വൈദികപരിശീലനത്തില്‍ ഭാഷയ്ക്കും അനുഷ്ഠാനക്രമങ്ങള്‍ക്കും ദൈവശാസ്ത്രത്തിനും പ്രാധാന്യം ലഭിക്കുക സ്വഭാവികമായിരുന്നു. ഭൗതികശാസ്ത്രശാഖകള്‍ അന്ന് അധികം വികസിച്ചിരുന്നില്ല. പുസ്തകങ്ങളും ഏറെയില്ലായിരുന്നല്ലോ. 

പോർച്ചു​ഗീസുകാരുടെ ആഗമനകാലം മുതലുള്ള ചരിത്രമാണ് നമുക്കു കുറെയെങ്കിലും അറിയാവുന്നത്. അവര്‍ പൊതുവിദ്യാഭ്യാസ കാര്യത്തിലും താല്പര്യം കാട്ടി. 1540-കളുടെ ആരംഭത്തില്‍ അവര്‍ ഗോവയില്‍ ഒരു സ്കൂള്‍ സ്ഥാപിച്ചു. (പിന്നീട് അത് കോളേജായി). 1549-ലാണ് കൊച്ചിയില്‍ ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും പോര്‍ട്ടുഗീസുമിഷനറിമാര്‍ പല സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി.പോർച്ചു​ഗീസ്, സ്പാനിഷ് മിഷനറിമാര്‍ സെമിനാരികളും മറ്റും സ്ഥാപിച്ച്, വൈദികപരിശീലനം, അച്ചടി, പുസ്തകപ്രസിദ്ധീകരണം തുടങ്ങിയ രംഗങ്ങളില്‍ പ്രവേശിച്ചത് പൊതുവിജ്ഞാന സമ്പാദനത്തിനു വളരെ സഹായകമായി. അതുമാത്രമല്ല വൈദികപരിശീലനാര്‍ത്ഥം യുവാക്കളെ പാശ്ചാത്യദേശങ്ങളിലെ പ്രസിദ്ധമായ സര്‍വകലാശാലകളിലേയ്ക്കയച്ചതും നാടിന് അനുഗ്രഹമായി. അങ്ങനെ പഠിച്ച പലരും പിന്നീടു സാഹിത്യത്തിലും സാംസ്കാരികമേഖലകളിലുമുള്‍ച്ചേര്‍ന്നിറങ്ങി പ്രവര്‍ത്തിച്ചതും നാടിനു നേട്ടമായി. 


ബ്രിട്ടീഷ് കാലഘട്ടത്തില്‍

എന്നാല്‍ സംഘടിതമായ വിദ്യാഭ്യാസസംരംഭങ്ങള്‍ ആരംഭിച്ചത് ബ്രിട്ടീഷുകാരുടെ കാലത്താണെന്നു പറയാം. 1600- ല്‍ ഈസ്റ്റിന്‍ഡ്യ കമ്പനി  രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അവര്‍ കൂടുതലും വ്യാപാരകാര്യങ്ങളിലാണു ശ്രദ്ധിച്ചത്. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ ഭരണത്തില്‍ വന്നത് 1757-ലെ പ്ലാസിയുദ്ധത്തിനു ശേഷമാണല്ലോ. കോളനിയാക്കി മാറ്റിയ ഇന്ത്യയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ വ്യവസായശാലകള്‍ക്കായി അസംസ്കൃത പദാര്‍ത്ഥങ്ങള്‍  നേടാനുള്ള ഒരു സ്രോതസ്സായും ഒപ്പം തങ്ങളുടെ ഉല്പന്നങ്ങള്‍ ചെലവഴിക്കാനുള്ള മാര്‍ക്കറ്റ് ആക്കിത്തീര്‍ക്കാനും ശ്രമിച്ചിരിക്കാം. പക്ഷേ അവര്‍ കേവലം ചൂഷകര്‍ മാത്രമായിരുന്നെന്നു പറയുന്നതു ശരിയായിരിക്കില്ല. അവരുടെ നാട്ടിലെ വിദ്യാഭ്യാസസമ്പ്രദായം തന്നെയാണു അവര്‍ ഇവിടെയും നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഈ നാടിന്‍റെ പുരോഗതി ആഗ്രഹിച്ച ധാരാളമാളുകള്‍ ബ്രിട്ടീഷുകാരുടെയിടയിലുണ്ടായിരുന്നു എന്നത് നിഷേധിക്കാനാവില്ല. പ്രത്യേകിച്ചു മിഷനറിമാര്‍ തദ്ദേശിയരുടെ വളര്‍ച്ചയും നന്മയുമാണ് ലക്ഷ്യമാക്കിയത്. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്‍ഡ്യയില്‍ നടപ്പിലാക്കേണ്ട വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചു 18-ാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടം മുഴുവന്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. 1794-ല്‍ ഈസ്റ്റിന്‍ഡ്യ കമ്പനി ഡയറക്ടറായിരുന്ന ചാള്‍സ് ഗ്രാന്‍റ് ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കണമെന്നു നിര്‍ദേശിക്കുകയുണ്ടായി. 1853-ല്‍ അന്നത്തെ ഗവര്‍ണര്‍ ബെന്‍ടിക് പ്രഭുവിന് കേണല്‍ മെക്കാളെ സമര്‍പ്പിച്ച "മെക്കാളെയുടെ മിനിറ്റ്സ്" ഇവിടെ വിദ്യാഭ്യാസരംഗത്ത് ഒരു സുപ്രധാനരേഖയായിരുന്നു. പാശ്ചാത്യശൈലിയിലുള്ള ഒരു വിദ്യാഭ്യാസരീതിക്കാണ് അദ്ദേഹം ശുപാര്‍ശ ചെയ്തത്. ഈ അഭിപ്രായങ്ങളെല്ലാം കേട്ടശേഷം 1835-ല്‍ പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ഉത്തരവു പുറപ്പെടുവിച്ചു. 
1854-ല്‍ ചാള്‍സ് വുഡ്  "Wood’s Despatc" എന്നറിയപ്പെടുന്ന രേഖ ഗവണ്‍മെന്‍റിനു സമര്‍പ്പിച്ചു. ഇവിടത്തെ കുട്ടികള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കേണ്ടത് ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ കടമയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രാന്‍റ് നല്‍കി സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭാരതീയരുടെ കര്‍മ്മശേഷിയും ധാര്‍മ്മികബോധവും വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസം സഹായകമാകുമെന്നും സാമ്പത്തികമേഖലയെ അത് ഗുണപരമായി സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളുടെയും നിര്‍ദ്ദേശങ്ങളുടെയും ഫലമായിട്ടാണ് 1857-ല്‍ മദ്രാസ്, ബോംബെ, കല്‍ക്കത്ത എന്നീ നഗരങ്ങളില്‍ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കാന്‍ ഇടയായത്. 
എന്നാല്‍ ഈസ്റ്റിന്‍ഡ്യ കമ്പനി വിദ്യാഭ്യാസചുമതല ഏറ്റെടുക്കുന്നതിനു വളരെ മുന്‍പുതന്നെ പോർച്ചു​ഗീസ്  മിഷനറിമാര്‍ മറ്റു രംഗങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നു മുകളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. എങ്കിലും കൂടുതല്‍ സംഘടിതവും വ്യവസ്ഥാപിതവുമായ രീതിയില്‍ ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത് ബ്രിട്ടീഷ് മിഷനറിമാരുടെ വരവിനുശേഷമായിരുന്നു. 1806-ലാണ് പ്രോട്ടസ്റ്റന്‍റുകാര്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടേതായി ഒരു വിദ്യാലയം നാഗര്‍കോവിലിനടുത്ത് (അന്ന് നാഗര്‍കോവില്‍ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നല്ലോ) സ്ഥാപിച്ചത്. ലണ്ടന്‍ മിഷന്‍ സൊസൈറ്റി അവിടെ പള്ളി പണിയുന്നതിനു മുന്‍പുതന്നെ വിദ്യാലയം സ്ഥാപിച്ചു. അവിടെ എല്ലാ വിഭാഗങ്ങളിലുംപെട്ട ആളുകള്‍ക്ക് (അവര്‍ണര്‍ക്കും) പ്രവേശനം നല്‍കി. അതുകൊണ്ടുതന്നെ സവര്‍ണവിഭാഗം അവരോട് ഒട്ടും സഹകരിച്ചില്ലെന്നു മാത്രമല്ല, എതിര്‍ക്കുകയും ചെയ്തു. ഒരിക്കല്‍ സ്കൂള്‍ ചുട്ടുനശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മിഷനറിമാര്‍ ഭയപ്പെടാതെ മുന്നോട്ടുപോയി, പലയിടങ്ങളിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കുക തന്നെ ചെയ്തു. 


സമഗ്രവിദ്യാഭ്യാസത്തിന് 

കേവലം പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല ഇത്തരം വിദ്യാലയങ്ങള്‍ ചെയ്തത്. പ്രത്യേകിച്ചും അവര്‍ണ്ണവിഭാഗങ്ങള്‍ക്ക് പ്രവേശനം നല്‍കിയ വിദ്യാലയങ്ങളില്‍ അവരുടെ സമഗ്രമായ വളര്‍ച്ചയാണ് മിഷനറിമാര്‍ ലക്ഷ്യമാക്കിയത്. ശുചിത്വം, ആരോഗ്യപാലനം, മര്യാദകള്‍ തുടങ്ങിയ തലങ്ങളിലെല്ലാം പരിശീലനം നല്‍കാനാണ് ആ വിദ്യാലയങ്ങള്‍ ശ്രമിച്ചത്. ഇങ്ങനെയുള്ള സമഗ്രവിദ്യാഭ്യാസം സാമൂഹികവികസനത്തിനും ഏറെ സഹായകമായി എന്നുള്ളതാണ് വസ്തുത. ആലപ്പുഴയിലും കോട്ടയത്തും സി.എം.എസ്കാര്‍ അടിമകള്‍ക്കുവേണ്ടിയും വിദ്യാലയങ്ങള്‍ സ്ഥാപിച്ചുവെന്നത് ശ്രദ്ധേയമാണ്. തെക്കന്‍കേരളത്തില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയും മദ്ധ്യകേരളത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും ഉത്തരകേരളത്തില്‍ ബാസല്‍ മിഷന്‍ സൊസൈറ്റിയുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1818-ല്‍ നാഗര്‍കോവിലില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യ ബോര്‍ഡിംഗ് ഹൗസ് സ്ഥാപിതമായി. താമസിയാതെ തന്നെ ആലപ്പുഴയിലും കോട്ടയത്തും സമാന്തരസ്ഥാപനങ്ങള്‍ രൂപംകൊണ്ടു. ബാസല്‍ മിഷന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ 1834-ല്‍ ആരംഭിച്ചു. 1848 മുതല്‍ പല സ്കൂളുകള്‍ക്കും മലബാര്‍ പ്രദേശത്ത് അവര്‍ ആരംഭം കുറിച്ചു. മുതിര്‍ന്നവര്‍ക്കായി നിശാപാഠശാലകള്‍ സ്ഥാപിച്ചത്  വിദ്യാഭ്യാസരംഗത്തുള്ള മുന്നേറ്റത്തിന് ഏറെ സഹായിച്ചു. 


കേരള കത്തോലിക്കരുടെ സംഭാവന

കേരളത്തിലെ കത്തോലിക്കസഭ ഒരു കാലത്ത് ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ വൈമുഖ്യം പ്രകടിപ്പിച്ചു. ഇംഗ്ലണ്ടില്‍ 18-ാം നൂറ്റാണ്ടിലും മറ്റും കത്തോലിക്കര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കാലമായിരുന്നല്ലോ. പ്രോട്ടസ്റ്റന്‍റു മിഷനറിമാര്‍ സ്ഥാപിച്ച വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുതലായി പോകാന്‍ തുടങ്ങിയപ്പോഴാണ് സ്വന്തം വിദ്യാലയങ്ങള്‍ സ്ഥാപിക്കുക അഭിലഷണീയമായി കത്തോലിക്കര്‍ക്കു തോന്നിത്തുടങ്ങിയത്. സഭാതലത്തില്‍ ഒരു കേന്ദ്രീകൃത ഭരണത്തിന്‍റെ അഭാവവും ഇത്തരം വിദ്യാലയങ്ങളുടെ സ്ഥാപനം വൈകിച്ചു. എന്നാല്‍ ഇതിനിടെ കര്‍മ്മലീത്താ സന്യാസസമൂഹം 1831-ല്‍ സ്ഥാപിതമായി. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസച്ചനായിരുന്നല്ലോ ഈ സമൂഹത്തിന് നേതൃത്വം നല്‍കിയത്. വിദ്യാഭ്യാസംകൊണ്ട് ജനതയെ പ്രബുദ്ധരാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം ആദ്യമായി സ്ഥാപിച്ചത് (1846) ഒരു സംസ്കൃത വിദ്യാലയമായിരുന്നു. പിന്നീട് 1864-ല്‍ ഒരു മലയാളം പള്ളിക്കൂടം സ്ഥാപിച്ചു. താഴ്ന്ന ജാതികളില്‍പ്പെട്ടവരെ സ്കൂളില്‍ ചേര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തുവെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. സ്കൂളില്‍ ഉച്ചഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും നല്‍കി അദ്ദേഹം ഈ വിഭാഗക്കാരെ പ്രത്യേകം പ്രോത്സാഹിപ്പിച്ചു. 
1861-ല്‍ അദ്ദേഹം കേരള സുറിയാനിക്കാര്‍ക്കുള്ള വികാരി ജനറാളായി നിയമിതനായ വര്‍ഷം വിദ്യാഭ്യാസരംഗത്ത് ഒരു വിപ്ലവത്തിനു വഴി തെളിച്ചുവെന്നതാണു വസ്തുത. 1865-ല്‍ അദ്ദേഹം, എല്ലാ പള്ളികളോടും ചേര്‍ന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതു നടപ്പിലാക്കാന്‍ എല്ലാ പള്ളികളെയും അദ്ദേഹം നിര്‍ബന്ധിക്കുകതന്നെ ചെയ്തു. തുടര്‍ന്ന് മിക്കവാറും പള്ളികളോടു ചേര്‍ന്ന്  പള്ളിക്കൂടങ്ങള്‍ ഉണ്ടായി. ഇത് വിദ്യാഭ്യാസരംഗത്ത് വലിയൊരു കുതിച്ചുചാട്ടമായിരുന്നെന്നു പറയാം. 1872-ല്‍, അന്നത്തെ മെത്രാപ്പോലീത്താ എല്ലാ ഇടവകളിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ഇടയലേഖനം പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് സ്കൂളുകളും സംസ്കൃതസ്കൂളുകളും സ്ഥാപിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുക്കുകയും ചെയ്തു. 1880-ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ കേരളത്തിലെ കത്തോലിക്കരുടെ ആദ്യത്തെ ഇംഗ്ലീഷുസ്കൂള്‍ സ്ഥാപിതമായി. പിന്നീടു വലിയ ഇടവകകളിലെല്ലാം തന്നെ സ്കൂളുകള്‍ രൂപം കൊണ്ടു. ഉന്നതവിദ്യാസരംഗത്ത് ആദ്യം കോളേജുകള്‍ തുടങ്ങിയത് ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും മറ്റുമാണെങ്കിലും പിന്നീടിങ്ങോട്ട് ഈ രംഗത്തും  കത്തോലിക്കര്‍ മുന്നേറുകയുണ്ടായി. ചങ്ങനാശേരി എസ്.ബി. കോളേജ് 1922-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. എസ്.ബി. ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍തന്നെ അതു കോളേജാക്കണമെന്നായിരുന്നു അഭിവന്ദ്യ ലവീഞ്ഞുപിതാവിന്‍റെ ആഗ്രഹം. ഏതായാലും പിന്നീടു രൂപതകളും സന്യാസസമൂ ഹങ്ങളും സജീവമായി ഈ രംഗത്തു മുന്നേറി. അടുത്തകാലത്ത് സഭ പ്രൊഫഷനല്‍ വിദ്യാഭ്യാസരംഗത്തും പ്രവേശിച്ച് മികച്ച കലാലയങ്ങള്‍ നടത്തുന്നു എന്നതു ശ്രദ്ധേയമാണ്. ഇപ്പോള്‍ കേരളത്തിലുള്ള കത്തോലിക്ക സ്കൂളുകളുടെ എണ്ണം ഇങ്ങനെയാണ്; ഹയര്‍സെക്കന്‍ഡറി - 290 ഹൈസ്കൂള്‍ - 652  യു.പി.സ്കൂളുകള്‍ - 794 എല്‍.പി.സ്കൂളുകള്‍ - 1396 നഴ്സറി സ്കൂളുകള്‍ - 1519 

 

ക്രൈസ്തവവിദ്യാഭ്യാസത്തിന്‍റെ പ്രത്യേകതകള്‍

ക്രൈസ്തവവിദ്യാഭ്യാസം എപ്പോഴും സമഗ്രപരിശീലനവും ഭദ്രമായ സാമൂഹികവികസനവുമാണ് ലക്ഷ്യമാക്കുന്നത്. കേവലം പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസം പൂര്‍ണമാകുന്നില്ല. ഈ സമഗ്രവിദ്യാഭ്യാസദര്‍ശനം പ്രായോഗികമാക്കാനാണു സഭകള്‍ ഇവിടെ ശ്രമിച്ചിട്ടുള്ളത്. ഇതില്‍ ശ്രദ്ധേയമായ ചില തലങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ:

 
1. പത്തൊന്‍പതാം നൂറ്റാണ്ടിനുമുമ്പ് ഇവിടെ തൊഴില്‍ പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഇല്ലായിരുന്നെന്നു പറയാം. ഒരു തൊഴില്‍ ചെയ്യുന്നയാളിനെ സഹായിച്ചു കാര്യങ്ങള്‍ പഠിക്കുന്ന രീതി മാത്രമേ മുന്‍പുണ്ടായിരുന്നുള്ളു. മിഷനറിമാര്‍ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1842-ല്‍ ആലപ്പുഴയില്‍ ഇങ്ങനെയൊരു വിദ്യാലയം തുടങ്ങിയത് കേരളത്തില്‍ ആദ്യമായിട്ടായിരുന്നു. പിന്നീട് കോട്ടയത്തും മിക്കവാറും മറ്റു പല സ്ഥലങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇന്നു കത്തോലിക്ക സഭകള്‍ക്കുതന്നെ രാജ്യത്ത് 1500-ലധികം  സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മിഷനറിമാര്‍ ഇത്തരം സ്കൂളുകളില്‍ ഏറെയും സ്ഥാപിച്ചത്. ഇന്നിപ്പോള്‍ സര്‍ക്കാരും മറ്റ് ഏജന്‍സികളും ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നു. 


2. വിദ്യാഭ്യാസരംഗങ്ങളില്‍ ക്രൈസ്തവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറിനു പലപ്പോഴും മാതൃകയായിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. തെക്കന്‍ തിരുവിതാംകൂറില്‍ മിഷനറിമാര്‍ നടത്തിയ സ്കൂളുകള്‍ കണ്ടുകൊണ്ടാണു ഇവിടത്തെ ഭരണകര്‍ത്താക്കള്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. കൂടാതെ, കേണല്‍ മണ്‍റോ തുടങ്ങിയവര്‍ തിരുവിതാംകൂര്‍, കൊച്ചി രാജകുടുംബ ങ്ങള്‍ക്കു ഇതിനു പ്രേരണ നല്‍കുകയും ചെയ്തു. ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിലും സര്‍ക്കാര്‍ മാതൃകയാക്കിയത് പ്രോട്ടസ്റ്റന്‍റുമിഷനറിമാരുടെ സ്കൂളുകളായിരുന്നു. സ്വാതിതിരുന്നാള്‍ മഹാരാജാവ് നാഗര്‍കോവിലെ മിഷനറിസ്കൂള്‍ സന്ദര്‍ശിച്ച് അതിന്‍റെ നടത്തിപ്പും മറ്റും മനസിലാക്കിയ ശേഷമാണ് തിരുവനന്തപുരത്ത് സര്‍ക്കാര്‍സ്കൂള്‍ ആരംഭിച്ചത്. അതാണ് ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജായി മാറിയത്.

 
3. ആദ്യം മുതലേ ക്രൈസ്തവര്‍ സ്ത്രീവിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയിരുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്. ആദ്യമായി ഒരു ഗേള്‍സ് സ്കൂള്‍ ആരംഭിച്ചത് 1819-ല്‍ കോട്ടയത്തായിരുന്നു. 1820-ല്‍ ആലപ്പുഴയില്‍ മറ്റൊരു വിദ്യാലയവും സ്ഥാപിക്കപ്പെട്ടു. പിന്നീടങ്ങോട്ടു പലയിടങ്ങളിലും ക്രൈസ്തവര്‍ പെണ്‍പള്ളിക്കൂടങ്ങളും ബോര്‍ഡിംഗ് ഹൗസുകളും സ്ഥാപിച്ചു മുന്നേറുകയായിരുന്നു. 1850- ലാണു സര്‍ക്കാര്‍ ആദ്യമായി അങ്ങനെയൊരു വിദ്യാലയത്തിനാരംഭം കുറിച്ചത്. ഒരു കാലത്തു ഭാരതത്തിലെ 50 ശതമാനം കോളേജുകള്‍ സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ളതായിരുന്നു. അക്കാലത്ത് സ്ത്രീവിദ്യാഭ്യാസത്തിനു അനേകര്‍ എതിരായിരുന്നു എന്നതാണ് വസ്തുത. സ്ത്രീകള്‍ക്ക് അത് ആവശ്യമില്ല, അല്ലെങ്കില്‍ അതിനവര്‍ പ്രാപ്തരല്ല എന്നായിരുന്നു ചിലരുടെ നിലപാട്. പക്ഷേ ക്രൈസ്തവര്‍ സ്ത്രീകളുടെ വിദ്യാഭാസത്തിലൂടെ സമൂഹത്തില്‍ വരുത്താവുന്ന മാറ്റങ്ങള്‍ മനസിലാക്കിയിരുന്നു. എല്ലാ ജാതി, വിഭാഗങ്ങളിലും നിന്നുള്ള പെണ്‍കുട്ടികള്‍ക്കും ക്രൈസ്തവ വിദ്യാലയങ്ങള്‍ അഭയമായിരുന്നു. ഇന്നും സ്ത്രീശാക്തീകരണത്തിന്‍റെ ശക്തിയായി എടുത്തു കാട്ടുന്നത് വിദ്യാഭ്യാസമാണല്ലോ. എന്നാല്‍ ഒരു കാലത്ത് ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചു സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി ക്രൈസ്തവരാണു മുന്‍കൈയെടുത്തത് എന്ന വസ്തുത പലരും മറന്നുപോയിരിക്കുന്നു. 


4. നമ്മുടെ വിദ്യാലയങ്ങള്‍ ക്രൈസ്തവ പരിശീലനത്തിന് മുന്‍ഗണന നല്‍കാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ ഈ വിദ്യാലയങ്ങള്‍ എന്നും മറ്റുള്ളവര്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നതും അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടേതായ രീതിയില്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്താനുള്ള സ്വാതന്ത്ര്യം മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമായിട്ടാണ് നാം കാണുക. മതവിഭാഗങ്ങള്‍ക്ക് അവരുടെ സംസ്കാരങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള അവകാശത്തിനാണു ഭരണഘടന പ്രത്യേക പരിരക്ഷ നല്‍കിയിരിക്കുന്നത്. എങ്കിലും നമ്മുടെ വിദ്യാലയങ്ങള്‍ എന്നും മതമൈത്രി വളര്‍ത്താനാണ് ആഗ്രഹിച്ചത്. മറ്റുള്ളവര്‍ക്ക് പൊതുവായ ധാര്‍മ്മിക മൂല്യങ്ങള്‍ നല്‍കാനും സ്വഭാവരൂപവല്‍ക്കരണം നടത്താനും നമ്മുടെ വിദ്യാലയങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പല സ്ഥലങ്ങളിലും വിദ്യാലയങ്ങളില്‍ മറ്റു മതസ്ഥരാണു ഭൂരിപക്ഷവും. ഉദാഹരണമായി 2000-മാണ്ടില്‍ 175 കത്തോലിക്കാ കോളേജുകള്‍ ഈ രാജ്യത്തുണ്ടായിരുന്നു. അവയിലെല്ലാം കൂടി 185200 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അവരില്‍ 28% മാത്രമായിരുന്നു കത്തോലിക്കര്‍. ഈ സംസ്ഥാനത്ത് മിക്ക കലാലയങ്ങളിലും സ്കൂളുകളിലും ബഹുഭൂരിപക്ഷവും മറ്റു മതസ്ഥരാണ്. സഭ സ്ഥാപിച്ച് നടത്തുന്ന വിദ്യാലയങ്ങളില്‍ അര്‍ഹരായ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനുള്ള അവകാശം നിഷേധിക്കരുതെന്നു മാത്രമാണ് ക്രൈസ്തവരുടെ നിലപാട്. ഇന്നു സഭ നടത്തുന്ന മിക്ക പ്രൊഫഷനല്‍ കോളേജുകളിലും നല്ല പങ്ക് മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ തന്നെയാണ്. ഈ  വിദ്യാലയങ്ങളില്‍ കത്തോലിക്കര്‍ മാത്രമായിരിക്കുമെന്ന് ആരും ചിന്തിക്കേണ്ടതില്ല. വര്‍ഗ്ഗസമരക്കാരും വര്‍ഗീയവാദികളും പലപ്പോഴും പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നത്, വിദ്യാര്‍ത്ഥിപ്രവേശനത്തില്‍ നമുക്ക് സ്വാതന്ത്ര്യമുണ്ടായാല്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം ലഭിക്കില്ല, വര്‍ഗ്ഗീയത വളരും എന്നും മറ്റുമാണല്ലോ. ഇതു തികച്ചും അര്‍ത്ഥശൂന്യമായ ആരോപണമാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാല്‍, ക്രൈസ്തവവിദ്യാലയങ്ങള്‍ എപ്പോഴും മതസൗഹാര്‍ദ്ദത്തിനും കൂട്ടായ്മയ്ക്കും വേണ്ടി മാത്രമേ നിലകൊണ്ടിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. സഭയ്ക്കെതിരെ നിലകൊള്ളുന്ന കൂട്ടരാണ് പൊള്ളയായ വാദമുഖങ്ങളുയര്‍ത്തി നമുക്കു ഭരണഘടനാദത്തമായ ന്യൂനപക്ഷാവകാശത്തിന്‍റെ നിഷേധത്തിനു ശ്രമിക്കുന്നത്. 


5. ക്രൈസ്തവ വിദ്യാലയങ്ങള്‍ എന്നും പിന്നോക്കവിഭാഗങ്ങളെ കഴിയും വിധത്തില്‍ കൈപിടിച്ചുയര്‍ത്താനാണു ശ്രമിച്ചിട്ടുള്ളത്. ഏതാണ്ട് 70% ക്രൈസ്തവ വിദ്യാലയങ്ങളും ഗ്രാമപ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വന്ദ്യനായ ചാവറയച്ചന്‍ ചുറ്റുപാടുമുള്ള വീടുകളില്‍ പോയി താഴ്ന്ന ജാതിക്കാരെ വിളിച്ചു വിദ്യാലയങ്ങളില്‍ കൊണ്ടുവരികയായിരുന്നു. മേല്‍ജാതിക്കാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് അന്ന് ഇങ്ങനെയെല്ലാം ചെയ്തതെന്ന് ഓര്‍ക്കണം. തീണ്ടലും തൊടീലുമെല്ലാം മാറാന്‍ ഇത്തരം വിദ്യാലയങ്ങളാണു കളമൊരുക്കിയത് എന്നത് ഇന്നു പലരും സൗകര്യംപോലെ മറക്കുകയാണ്. ഇന്നാണെങ്കിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും സാമ്പത്തികസഹായം നല്‍കുന്നതിലും ദളിത്വിഭാഗങ്ങള്‍ക്ക് കഴിയുന്നത്ര ആനുകൂല്യങ്ങള്‍ നല്‍കാന്‍ സഭ ശ്രമിക്കുന്നുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയില്‍തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ട വര്‍ക്ക് വിദ്യാലയപ്രവേശനത്തില്‍ 10% വരെ നല്‍കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ഒരു ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഏതാനുംപേരെ ബോര്‍ഡിംഗില്‍ നിറുത്തി പഠിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു. ഇതുപോലെയുള്ള പരിപാടികള്‍ എല്ലാ രൂപതകളിലുമുണ്ടെന്നു വേണം കരുതാന്‍. പൊതുവെ അവഗണിക്കപ്പെട്ടിരുന്ന മറ്റൊരു വിഭാഗമാണ് മന്ദബുദ്ധികളും വികലാംഗരും അന്ധരും ബധിരരും. ഇവരുടെ ക്രമമായ വിദ്യാഭ്യാസത്തിനും മുന്‍കൈയെടുത്തത് സഭ തന്നെയാണ്. ചങ്ങനാശ്ശേരി അതിരൂപതയില്‍തന്നെ മന്ദബുദ്ധികള്‍ക്കായി ഇപ്പോള്‍ ഇരുപതും വികലാംഗര്‍ക്കായി രണ്ടും വിദ്യാലയങ്ങളുണ്ട്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍രംഗത്തെ അദ്ധ്യാപകപരിശീലനത്തിനായുള്ള കേന്ദ്രവും ഈ അതിരൂപതയിലുണ്ട്. ഈ രംഗങ്ങളിലൊന്നുംതന്നെ സര്‍ക്കാരിന്‍റെ ശ്രദ്ധ വേണ്ടത്ര ചെന്നിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. 

6.ഭാഷാസാഹിത്യരംഗത്തുള്ള ക്രൈസ്തവരുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസവുമായി അഭേദ്യം ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. പ്രാദേശികഭാഷ  വികസിപ്പിച്ചെടുക്കുന്നതിനു മിഷനറിമാരും സന്ന്യസ്തരും ചെയ്യുന്ന സേവനം ഇവിടത്തെ വിദ്യാഭ്യാസപുരോഗതിക്കു നിദാനമായിട്ടുണ്ട്. ആദ്യത്തെ മലയാള നിഘണ്ടു 1699-ല്‍ കേരളത്തില്‍ വന്ന ആര്‍നോള്‍ഡു പാദ്രിയുടെ സംഭാവനയാണ്. ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം 1712- ല്‍ വരാപ്പുഴ മെത്രാന്‍ ഫ്രാന്‍സിസ് ആഞ്ചലോ പ്രസിദ്ധീകരിച്ചതാണ്. 1782-ല്‍ ജര്‍മന്‍ മിഷനറിയായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇംഗ്ലീഷ്-മലയാള നിഘണ്ടു പ്രസിദ്ധീകരിച്ചതും ഭാഷയ്ക്കു വലിയ നേട്ടമായി. ഗുണ്ടര്‍ട്ട് മറ്റു പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.അച്ചടിവിദ്യ കേരളത്തില്‍ ആരംഭിച്ചത് മിഷനറിമാരാണ്. അതു വിദ്യാഭ്യാസ രംഗത്തിനു ഏറെ സഹായകമായി എന്നതില്‍ സംശയമില്ല. 16-ാം നൂറ്റാണ്ടില്‍ അച്ചടിവിദ്യ  കണ്ടുപിടിച്ച കാലത്തുതന്നെ അത് കേരളത്തിലെത്തിച്ചത് വിദേശമിഷനറിമാരായിരുന്നു. 1577-ല്‍ ഗോവയില്‍ ഉണ്ടാക്കിയ അക്ഷരങ്ങളും 1578-ല്‍ കൊല്ലത്തുണ്ടാക്കിയ അക്ഷരങ്ങളും ചേര്‍ത്ത് 1579-ല്‍ "ചെറിയ വേദോപദേശം" തമ്പിരാന്‍ വണ്ടകം പ്രസിദ്ധീകരിച്ചു എന്നാണറിയുന്നത്. 1602-ല്‍ ക്ലെമന്‍റ് മാര്‍പാപ്പ നല്‍കിയ സുറിയാനി പുസ്തകങ്ങള്‍ തമിഴ് മലയാളം അടിക്കുറിപ്പുകളോടെ 1662-ല്‍ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നുണ്ട്. വന്ദ്യനായ ചാവറയച്ചന്‍ അച്ചടിശാല സ്ഥാപിച്ചതും പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചതും വിസ്മരിക്കാനാവില്ല. അതുപോലെതന്നെ മലയാള ഗദ്യഭാഷയ്ക്കു അടിസ്ഥാനമിട്ടതും വിദേശ മിഷനറിമാരാണെന്ന് പറയേണ്ടിയിരിക്കുന്നു. 18,19 നൂറ്റാണ്ടുകളില്‍ പല ഗ്രന്ഥങ്ങളും കേരളത്തില്‍ ക്രൈസ്തവര്‍ പ്രസിദ്ധീകരിച്ചു. 1785-ല്‍ പ്രസിദ്ധീകൃതമായ "വര്‍ത്തമാനപുസ്തകം" (പാറേമാക്കല്‍ തോമാകത്തനാര്‍) മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമാണ്. അതുപോലെ പത്രപ്രവര്‍ത്തനത്തിലൂടെ സാക്ഷരത വളര്‍ത്താനും വിദ്യാഭ്യാസം വ്യാപകമാക്കാനും ഇടയാക്കിയതിന് ക്രൈസ്തവരോട് കേരളം കടപ്പെട്ടിരിക്കുന്നു. 1847-ല്‍ ഗുണ്ടര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച രാജ്യസമാചാരം ആണ് കേരളത്തിലെ ആദ്യപത്രമായി കരുതപ്പെടുന്നത്. പിന്നീടു ചില മാസികകളും പ്രസിദ്ധീകൃതമായി. 1887-ല്‍ സ്ഥാപിതമായ ദീപികയും പിന്നീടുണ്ടായ മലയാളമനോരമയും അനേകം സാഹിത്യകാരന്മാരെ വളര്‍ത്തിയെടുത്തു. പ്രസിദ്ധീകരണരംഗത്തെ മുന്നേറ്റം വിദ്യാഭ്യാസരംഗത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപകരിച്ചു എന്നുള്ളത് നിഷേധിക്കാന്‍ വയ്യ. 


7. ക്രിസ്തീയവിദ്യാഭ്യാസം വ്യക്തിയുടെ വളര്‍ച്ച മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്. അത് സമൂഹത്തിന്‍റെ വികസനവും സാമൂഹിക ബോധവും ലക്ഷ്യമാക്കുന്നുണ്ട്. സമത്വം, സാഹോദര്യം, സ്നേഹം, നീതി, സാമൂഹികചിന്ത, സ്വാതന്ത്ര്യബോധം തുടങ്ങിയവയെല്ലാം ഉണര്‍ത്താന്‍ ആധുനികവിദ്യാഭ്യാസം ഇടയാക്കി എന്നതിനു സംശയമില്ല.ഇംഗ്ലീഷ്വിദ്യാഭ്യാസം ബ്രിട്ടനോടുള്ള വിധേയത്വം വര്‍ദ്ധിപ്പിക്കുക യല്ല, ഭാരതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനാണ് സഹായിച്ചത്. 18-ാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തിലാണ് ദേശീയാടി സ്ഥാനത്തിലുള്ള രാഷ്ട്രങ്ങള്‍ (nation states) രൂപംകൊണ്ടത്. അങ്ങനെയൊരു ദേശീയബോധം വളര്‍ത്താനും സ്വാതന്ത്ര്യം നമ്മുടെ അവകാശമാണെന്നു ചിന്തിക്കാനും ഇംഗ്ലീഷ് വിദ്യാഭ്യാസം ഉപകരിച്ചു. വാസ്തവത്തില്‍ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ നേതൃത്വം കൊടുത്തവരില്‍ വളരെപ്പേര്‍ ക്രൈസ്തവരാണല്ലോ. നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ഏ.ഒ.ഹ്യൂം ക്രൈസ്തവനായിരുന്നു. മലയാളികളായ അനേകം ക്രൈസ്തവരും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തു. തിരുവിതാംകൂറില്‍ ഭാരത സ്വാതന്ത്ര്യത്തിനും സംസ്ഥാനത്ത് ജനാധിപത്യഭരണം സ്ഥാപിക്കാനുമുള്ള ശ്രമത്തില്‍ അനേകം ക്രൈസ്തവര്‍ പങ്കെടുത്തു. ക്രൈസ്തവ വിദ്യാലയങ്ങളില്‍ പഠിച്ച ക്രൈസ്തവര്‍ മാത്രമല്ല, അക്രൈസ്തവരും സ്വാതന്ത്ര്യബോധത്തില്‍ വളരാന്‍ ക്രൈസ്തവവിദ്യാലയങ്ങള്‍ കാരണമായി. അനീതിക്കും സാമൂഹിക തിന്മകള്‍ക്കുമെതിരായി നിലകൊള്ളാനുള്ള പ്രേരണ നല്‍കുന്നതാണ് ക്രൈസ്തവവിദ്യാഭ്യാസം. 18-ാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍തന്നെ അടിമവ്യാപാരത്തിനും മറ്റുമെതിരായി മിഷനറിമാര്‍ അധികാരസ്ഥാപനങ്ങളില്‍ നിവേദനങ്ങള്‍ നല്‍കാന്‍ തുടങ്ങി. സവര്‍ണ്ണഭൂവുടമകള്‍ ഇതിന് ശക്തമായി എതിരായിരുന്നു. അടിമകളുടെ കുട്ടികള്‍ക്കു സ്കൂളുകളില്‍ പ്രവേശനം നല്‍കുകയും അവരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതു പിന്നീടുള്ള വിമോചനസമരങ്ങള്‍ക്ക് കാരണമായി. താഴ്ന്ന ജാതിക്കാരായ സ്ത്രീകളുടെ മാറ് മറയ്ക്കാനുള്ള സമരങ്ങളില്‍ മിഷനറിമാര്‍തന്നെ നേതൃത്വംനല്‍കി. അതുപോലെ അയിത്താചരണത്തിനെതിരായും ക്രൈസ്തവവിദ്യാലയങ്ങള്‍ നിലകൊണ്ടു. ഈ വിദ്യാലയങ്ങളില്‍നിന്നു പഠിച്ചിറങ്ങിയവരാണ് കേരളത്തിലെ മിക്ക അവകാശസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. 


8. ക്രൈസ്തവവിദ്യാലയങ്ങള്‍ ക്രൈസ്തവര്‍ക്ക് വിശ്വാസ പരിശീലനം നല്‍കുവാനും എല്ലാവര്‍ക്കും മൂല്യബോധം നല്‍കുവാനുമാണ് ശ്രമിച്ചത്. അതുപോലെതന്നെ ശരിയായ സ്വഭാവരൂപവത്കരണത്തിനും ഈ വിദ്യാലയങ്ങള്‍ പ്രാധാന്യം കൊടുത്തു. ഇതെല്ലാം മനസ്സിലാക്കിയാണ് മറ്റു മതസ്ഥരും ക്രൈസ്തവവിദ്യാലയങ്ങളില്‍ പ്രവേശനം നേടാന്‍ താല്പര്യമെടുത്ത ത്. വിദ്യാലയങ്ങളില്‍ ഈ കാര്യങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കിയാലേ സമൂഹത്തിനു ഭദ്രതയും സമാധാനവും ലഭ്യമാകുകയു ള്ളു. മതമൂല്യങ്ങളായിരുന്നു ഭാരതസംസ്കാരത്തിനും ചൈതന്യം നല്‍കിയിരുന്നത്.  ഇന്നു ഭൗതികവ്യഗ്രത വര്‍ദ്ധിക്കുകയും ഭൗതികാസക്തിക്കു പലരും അടിമപ്പെടുകയുമാണ്. പോരെങ്കില്‍, മതവിരുദ്ധതയും വര്‍ഗ്ഗീയതയും വളര്‍ത്തുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ പ്രബലമാണ്. അവരാണ് മതന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുകയും, പാഠ്യപദ്ധതികള്‍ തങ്ങളുടെ ഹിതമനുസരിച്ച് രൂപപ്പെടുത്തുകയും, ചരിത്രം വളച്ചൊടിച്ചു ബോധവല്‍ക്കരണം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിലെ ധാര്‍മ്മികതയുടെ സ്രോതസ്സുകള്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത്. അധാര്‍മ്മികമായ ഒരു സമൂഹത്തിനു എങ്ങനെ നിലനില്‍ക്കാനാകും? ഇത്തരം നീക്കങ്ങള്‍ക്കെതിരായി പൊതുജനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതാണ്. 

ഉപസംഹാരം

കേരളസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു ക്രൈസ്തവവിദ്യാഭ്യാസം നല്‍കിയതും നല്‍കുന്നതുമായ സംഭാവനകളുടെ ചരിത്രം ഒരു ലേഖനത്തിന്‍റെ പരിധിയില്‍ ഒതുക്കുവാന്‍ ആവില്ല. ഇവിടെ ഏതാനും ചില സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നു മാത്രം. 17-ാം നൂറ്റാണ്ടു മുതല്‍ ഈ രംഗത്ത് പ്രവേശിച്ച് കേരളത്തില്‍ ഒരു നവോത്ഥാനത്തിനു ക്രൈസ്തവര്‍ ആരംഭമിടുകയായിരുന്നു. സര്‍ക്കാരും മറ്റ് ഏജന്‍സികളും ഇതിനെ തുടര്‍ന്നാണ് രംഗത്തുവന്നത്. അതുപോലെ വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു സമീപനമാണു ക്രൈസ്തവവിദ്യാലയങ്ങളുടേത്. ഈ വിദ്യാഭ്യാസത്തിന്‍റെ മാനം കേവലം ഭൗതികതയില്‍ ഒതുക്കാനും വിദ്യാലയത്തെ സര്‍വ്വാധിപത്യത്തിലേക്ക് നയിക്കുന്ന ഉപാധികളാക്കി തീര്‍ക്കാനുമുള്ള ശ്രമത്തിലാണ് പലരും. ഇതുമനസ്സിലാക്കി വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ നിലനിര്‍ത്തുകയും ക്രൈസ്തവ വിദ്യാഭ്യാസത്തിന്‍റെ  തനിമ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയും ചെയ്യുക കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

education educational activities educational activities of kerala church Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message