We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Pope Francis On 27-May-2021
നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്
(Vos estis Lux Mundi)
"നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. മലമുകളില്‍ പണിയപ്പെട്ട പട്ടണം മറച്ചുവെക്കുക സാദ്ധ്യമല്ല" (മത്താ. 5,14). നന്മയുടെയും സമഗ്രതയുടെയും വിശുദ്ധിയുടെയും തിളക്കമുള്ള മാതൃകകളാകുവാന്‍ നമ്മുടെ കര്‍ത്താവീശോമിശിഹാ ഓരോ വിശ്വാസിയെയും വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍, നാമെല്ലാവരും നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍, വളരെ സവിശേഷമായി മറ്റുള്ളവരുമായുള്ള ബന്ധത്തില്‍, ഈശോയിലുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവരാണ്.
ലൈംഗികദുരുപയോഗമാകുന്ന കുറ്റകൃത്യങ്ങള്‍ നമ്മുടെ കര്‍ത്താവിനെ മുറിവേല്‍പിക്കുകയും ഇരയാകുന്ന വ്യക്തിക്ക് ആത്മീയവും മാനസികവും ശാരീരികവുമായ ക്ഷതത്തിന് കാരണമാവുകയും വിശ്വാസികളുടെ സമൂഹത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസം, അതിന്‍റെ ഒരു രൂപത്തിലും ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് ഹൃദയങ്ങളുടെ നിരന്തരമായ പരിവര്‍ത്തനം ആവശ്യമാണ്. അതിനുവേണ്ടി സഭയിലെല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൃത്യവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളുണ്ടാവുകയും അതുവഴി വ്യക്തിപരമായ വിശുദ്ധിയും ധാര്‍മ്മികപ്രതിബദ്ധതയും സുവിശേഷസന്ദേശത്തിന്‍റെ വിശ്വാസ്യതയും സഭാദൗത്യത്തിന്‍റെ സ്വാധീനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുകയും വേണം. നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ട പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളു. "എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല" (യോഹ. 15,5) എന്ന ഈശോയുടെ വാക്കുകളും നാം ഹൃദയത്തില്‍ സൂക്ഷിക്കണം. ഇപ്പോള്‍ത്തന്നെ നാം വളരെയധികം മുന്നേറിക്കഴിഞ്ഞുവെങ്കിലും കഴിഞ്ഞ കാലങ്ങളിലെ കയ്പേറിയ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രത്യാശയോടെ ഭാവിയിലേക്ക് നോക്കണം. ഈ ഉത്തരവാദിത്വം, എല്ലാത്തിനുമുപരിയായി, തന്‍റെ ജനത്തിന്‍റെ അജപാലകരാകുന്നതിന് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട അപ്പസ്തോലന്മാരുടെ പിന്ഗാമികള്‍ക്ക് ഭരമേത്പിക്കപ്പെട്ടിരിക്കുകയും, തന്‍റെ യജമാനന്‍റെ മാര്‍ഗ്ഗം അടുത്ത് പിഞ്ചെല്ലാനുള്ള പ്രതിബദ്ധത അവരില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അപ്പസ്തോലന്മാരുടെ പിന്ഗാമികളില്‍ നിന്ന് കൂടുതലായി ആവശ്യപ്പെടുന്ന പരിഗണനകള്‍ സഭയിലെ വിവിധ ദൗത്യങ്ങള്‍ കൈയ്യാളുന്നവരില്‍ നിന്നും, സുവിശേഷപുണ്യങ്ങള്‍ ജീവിക്കുന്നവരില്‍ നിന്നും (സമര്‍പ്പിത-സന്ന്യസ്തജീവിതാന്തസ്സുകളിലുള്ളവര്‍) ക്രൈസ്തവസമൂഹത്തെ ശുശ്രൂഷിക്കാന്‍ വിളിക്കപ്പെട്ടവരില്‍ നിന്നും കൂടിയും, വ്യത്യസ്ത രീതികളില്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട്, ദൈവജനത്തിന്‍റെ വിശ്വാസത്തെ വഞ്ചിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് പോരാടാനും അവയെ പ്രതിരോധിക്കാനും സാര്‍വ്വത്രികമായിത്തന്നെ നടപടിക്രമങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്.
ഈ പ്രതിബദ്ധത തികച്ചും സഭാത്മകമായ രീതിയില്‍ പ്രാബല്യത്തില്‍ വരണമെന്നും, അതിനായി, പരസ്പരമുള്ള ശ്രവണത്തിലൂം രൂപാന്തരത്തിന്‍റെ ഈ പ്രക്രിയയെക്കുറിച്ച് ആഴത്തില്‍ പരിഗണിക്കുന്നവരുടെ സംഭാവനകളോടുള്ള തുറവിയിലും, നമ്മെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയുടെ ചൈതന്യം പ്രകാശിതമാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.
അതിനാല്‍ ഈ നിയമങ്ങള്‍ ഞാന്‍ നല്കുന്നു:
പൊതുവായ വകുപ്പുകള്‍
ആര്‍ട്ടിക്കിള്‍ 1 - ബാധകമാകുന്ന മേഖലകള്‍
1. ഈ നിയമങ്ങള്‍ വൈദികരെയും സമര്‍പ്പിതജീവിതത്തിലുള്ളവരെയും അപ്പസ്തോലികജീവിതശൈലിയിലുള്ളവരെയും കുറിച്ച് താഴെപ്പറയുന്ന വിഷയങ്ങളിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ബാധകമായിരിക്കും
എ) ദൈവകല്പനകളിലെ ആറാം പ്രമാണത്തിന്‍റെ ലംഘനത്തില്‍പ്പെടുന്ന:
1. അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ അധികാരദുര്‍വിനിയോഗത്തിലൂടെയോ ലൈംഗികപ്രവൃത്തികള്‍ ചെയ്യാനോ അതിന് വിധേയപ്പെടാനോ ഒരാളെ നിര്‍ബന്ധിക്കുന്നത്;
2. കുട്ടിയുമായോ എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന വ്യക്തിയുമായോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്;
3. ഇല്ക്ട്രോണിക് മാധ്യമങ്ങളടക്കം ഉപയോഗിച്ചുകൊണ്ട് കുട്ടികളുള്‍പ്പെടുന്ന അശ്ലീലദൃശ്യങ്ങളും സിനിമകളും ഉത്പാദിപ്പിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ കൈവശം വെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതും കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരെയും അശ്ലീലവ്യവസായത്തിനും പ്രദര്‍ശനത്തിനുമായി പ്രേരിപ്പിക്കുന്നതും നിയോഗിക്കുന്നതും;
ബി) ആര്‍ട്ടിക്കിള്‍ 6-ല്‍ പറഞ്ഞിരിക്കുന്ന വ്യക്തികള്‍ അവരുടെ ഇടപെടല്‍ വഴിയോ ഒഴിഞ്ഞുമാറല്‍ വഴിയോ എ-യില്‍ പറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള സിവിലും കാനോനികവുമായ അന്വേഷണങ്ങളില്‍ നിന്ന് വൈദികരോ സന്യസ്തരോ ആയ ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട്.
2. ഈ നിയമങ്ങളുടെ ആവശ്യത്തിലേക്കായി:
എ) "കുട്ടി" - പതിനെട്ടു വയസ്സിനു താഴെയുള്ളവരും നിയമപ്രകാരം അപ്രകാരം കണക്കാക്കപ്പെടുന്നവരും.
ബി) "എളുപ്പത്തില്‍ മുറിവേല്ക്കുന്ന വ്യക്തി" - ശാരീരികമോ മാനസികമോ ആയ ന്യൂനതകളുള്ളവരോ ചൂഷണത്തെ തിരിച്ചറിയുന്നതിനോ ചെറുക്കുന്നതിനോ സാധിക്കാത്തവിധത്തില്‍ താത്കാലികമായിട്ടായാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരോ ആകാം.
സി) കുട്ടികളെ ഉപയോഗപ്പെടുത്തിയുള്ള അശ്ലീലദൃശ്യങ്ങള്‍ - ഏതു മാര്‍ഗ്ഗമുപയോഗിച്ചായാലും കുട്ടിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തുന്ന സ്പഷ്ടമായ ലൈംഗികപ്രവൃത്തികള്‍ (യഥാര്‍ത്ഥമോ അഭിനയമോ ആയാലും), ലൈംഗിക ഉദ്ദേശത്തോടെ നടത്തുന്ന കുട്ടിയുടെ ലൈംഗിക അവയവങ്ങളുടെ പ്രദര്‍ശനം എന്നിവ.
ആര്‍ട്ടിക്കിള്‍ 2 - റിപ്പോര്‍ട്ടുകളുടെ സ്വീകരണവും വിവരങ്ങളുടെ സംരക്ഷണവും
§1. പാത്രിയാര്‍ക്കല്‍ സഭകളുടെയും മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകളുടെയും എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകള്‍, മെത്രാപ്പോലീത്തന്‍ സഭകളുടെ കൗണ്‍സിലുകള്‍, രൂപതകള്‍ എന്നിവയെല്ലാം തനിച്ചോ ഒരുമിച്ചോ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം ഒന്നോ ഒന്നിലധികമോ പൊതുവും സ്ഥിരവും ആര്‍ക്കും എളുപ്പത്തില്‍ സമീപിക്കാവുന്നതുമായ സംവിധാനങ്ങള്‍, ഒരുപക്ഷേ ഒരു പുതിയ സഭാസംവിധാനത്തിന്‍റെ രൂപീകരണത്തിലൂടെ പോലും, നടപ്പില്‍ വരുത്തണം. ഈ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന സംവിധാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് രൂപതകള്‍ മാര്‍പാപ്പയുടെ പ്രതിനിധിയെ അറിയിക്കുകയും ചെയ്യണം.
§2. കാനോനകള്‍ 471, 2 CIC and 244 §2, 2 CCEO പ്രകാരം ലഭ്യമായ വിവരങ്ങളുടെ സുരക്ഷിതത്വം, സമഗ്രത, സ്വകാര്യത എന്നിവ ഉറപ്പ് നല്കുന്ന വിധത്തില്‍ ഈ ആര്‍ട്ടിക്കിളില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ സംരക്ഷിക്കപ്പെടണം.
§3. ആര്‍ട്ടിക്കിള്‍ 3,3-ല്‍ പറഞ്ഞിരിക്കുന്ന സാഹചര്യത്തിലൊഴികെ, റിപ്പോര്‍ട്ട് സ്വീകരിക്കുന്ന ഏതൊരു അധികാരിയും താമസം കൂടാതെ സംഭവം നടന്ന സ്ഥലത്തെ അധികാരിക്കോ റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയുടെ അധികാരിക്കോ അത് കൈമാറേണ്ടതാണ്. ഓരോ കേസിലും നല്കിയിരിക്കുന്ന നടപടിക്രമങ്ങളനുസരിച്ച് അദ്ദേഹം അത് കൈകാര്യം ചെയ്യുകയും ചെയ്യും.
§4. ഈ നിയമത്തിന്‍റെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കണം: രൂപത (eparchies = dioceses) മേലധികാരി(hierarch = ordinary)
ആര്‍ട്ടിക്കിള്‍ 3: റിപ്പോര്‍ട്ടിംഗ്
1. കാനോനകള്‍ 1548 §2 CIC and 1229 §2 CCEO പറഞ്ഞിരിക്കുന്നതൊഴികെ, വൈദികനോ സമര്‍പ്പിത-സന്യസ്ത സമൂഹങ്ങളിലെ അംഗമോ ആര്‍ട്ടിക്കിള്‍ 1-ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയോ കൃത്യമായ കാരണങ്ങളാല്‍ സംഭവിച്ചുവെന്ന് വിശ്വസിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ പ്രസ്തുത കാര്യം ഉടനെ തന്നെ അത് സംഭവിച്ച സ്ഥലത്തുള്ള രൂപതാമെത്രാനെയോ അല്ലെങ്കില്‍ കാനോനകള്‍ 134 CIC and 984 CCEO പറഞ്ഞിരിക്കുന്നപ്രകാരം മറ്റൊരു മെത്രാനെയോ അറിയിക്കേണ്ടതാണ്. ഇതിന്‍റെ മൂന്നാം നമ്പറില്‍ പറഞ്ഞിരിക്കുന്ന വ്യക്തികളുടെ കാര്യത്തില്‍ ഇപ്രകാരമല്ല ചെയ്യേണ്ടത്.
2. ആര്‍ട്ടിക്കിള്‍ 1-ല്‍ പറഞ്ഞിരിക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍ 2-ല്‍ പറഞ്ഞിരിക്കുന്നതുപോലെയോ മറ്റേതെങ്കിലും വിധേനയോ ഏതൊരാള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
3. ആര്‍ട്ടിക്കിള്‍ 6-ല്‍ പറഞ്ഞിരിക്കുന്ന ആരെയെങ്കിലും കുറിച്ചുള്ളതാണ് റിപ്പോര്‍ട്ട് എങ്കില്‍ ആര്‍ട്ടിക്കിള്‍ 8,9 എന്നിവയനുസരിച്ചുള്ള ഒരു അധികാരിക്കാണ് അത് നല്കേണ്ടത്.
4. കഴിയുന്നത്ര വിവരങ്ങള്‍, അതായത് സംഭവം നടന്ന സ്ഥലം, സമയം, ഉള്‍പ്പെട്ടിരിക്കുന്നതും വിവരം നല്കിയതുമായ വ്യക്തികള്‍ എന്നിവയും വസ്തുതകള്‍ കൃത്യമായി വിലയിരുത്തുന്നതിന് ആവശ്യമായ കഴിയുന്നത്ര കാര്യങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടിലുണ്ടായിരിക്കണം.
5. അനൗദ്യോഗികമായും വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്.
ആര്‍ട്ടിക്കിള്‍ 4: റിപ്പോര്‍ട്ട് നല്കുന്നയാളുടെ സംരക്ഷണം
§1. ആര്‍ട്ടിക്കിള്‍ 3-ല്‍ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു റിപ്പോര്‍ട്ട് നല്കുന്നത് ഒരാള്‍ കാത്തുസൂക്ഷിക്കേണ്ട ഔദ്യോഗികമായ സ്വകാര്യതയുടെ ലംഘനമായിരിക്കുകയില്ല.
§2. കാനോനകള്‍ 1390 CIC and 1452 and 1454 CCEO എന്നിവയൊഴികെ, റിപ്പോര്‍ട്ട് ചെയ്തയാള്‍ക്കെതിരേയുണ്ടാകാവുന്ന മുന്‍വിധികള്‍, പ്രതികാരനടപടികള്‍, തരംതാഴ്ത്തല്‍ എന്നിവ ഉണ്ടാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ആര്‍ട്ടിക്കിള്‍ 1, 1 ബി-യില്‍ പറഞ്ഞിരിക്കുന്ന കുറ്റകൃത്യമായും പരിഗണിക്കപ്പെടും.
§3. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം നിശബ്ദമായിരിക്കാനുള്ള കടമ ആരുടെയും മേല്‍ നിര്‍ബന്ധമായി അടിച്ചേല്പിക്കാന്‍ പാടുള്ളതല്ല.
ആര്‍ട്ടിക്കിള്‍ 5: വ്യക്തികള്‍ക്ക് നല്കേണ്ട കരുതല്‍
§1. തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളെ സഭാധികാരികള്‍ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ആദരവോടുകൂടി പരിഗണിക്കുകയും കുലീനതയോടെ പരിചരിക്കുകയും ചെയ്യണം. പ്രത്യേകിച്ച്:
എ) അവരെ സ്വാഗതം ചെയ്യുകയും കേള്‍ക്കുകയും ആവശ്യമായ രീതിയിലെല്ലാം പിന്തുണക്കുകയും ചെയ്യണം
ബി) ആത്മീയമായ പിന്തുണ നല്കണം
സി) സാഹചര്യമനുസരിച്ച് ചികിത്സാസഹായവും മനശാസ്ത്രപരമായ പിന്തുണയും നല്കണം.
മെത്രാന്മാരും അവരോട് തുല്യരുമായി ബന്ധപ്പെട്ട വകുപ്പുകള്‍
ആര്‍ട്ടിക്കിള്‍ 6 - ബാധകമാകുന്ന വ്യക്തികള്‍
ആര്‍ട്ടിക്കിള്‍ 1-ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
എ) കാര്‍ഡിനല്‍സ്, പാത്രിയര്‍ക്കീസുമാര്‍, മെത്രാന്മാര്‍, മാര്‍പാപ്പയുടെ പ്രതിനിധികള്‍
ബി) വൈദികര്‍, അജപാലകരായിരുന്നപ്പോഴോ പ്രത്യേക ഉത്തരവാദിത്വങ്ങള്‍ വഹിച്ചിരുന്ന അവസരത്തിലോ ഉള്ളവ
സി) വൈദികര്‍, വ്യക്തിപരമായ അധികാരത്തോടു കൂടി നേതൃസ്ഥാനത്ത് ശുശ്രൂഷ ചെയ്തിരുന്ന സമയത്തുള്ളവ
ഡി) സമര്‍പ്പിത-സന്യസ്ത സമൂഹങ്ങളുടെയോ സ്വതന്ത്ര സന്ന്യാസാശ്രമങ്ങളുടെയോ പരമാധികാരികള്‍, അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ചെയ്തവ.
ആര്‍ട്ടിക്കിള്‍ 7: അധികാരമുള്ള സമിതികള്‍
1. അധികാരമുള്ള സമിതികള്‍ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് വിശ്വാസതിരുസംഘവും അതിന് മാത്രം കൈകാര്യം ചെയ്യാവുന്ന കുറ്റകൃത്യങ്ങളും റോമന്‍ കൂരിയായുടെ പ്രത്യേക നിയമപ്രകാരവും ഒപ്പം ഓരോ സമിതിയുടെയും നിയമമനുവദിക്കുന്നത്രയും അവക്കും എന്നാണ്. അവ താഴെപ്പറയുന്നവയാണ്:
- പൗരസ്ത്യ തിരുസംഘം
- മെത്രാന്മാര്‍ക്കു വേണ്ടിയുള്ള തിരുസംഘം
- സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള തിരുസംഘം
- വൈദികര്‍ക്കു വേണ്ടിയുള്ള തിരുസംഘം
- സമര്‍പ്പിത-സന്യസ്ത സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള തിരുസംഘം
2. ഏറ്റവും നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നതിനായി ഉത്തരവാദിത്വപ്പെട്ട സമിതി വത്തിക്കാന്‍ സെക്രട്ടറിയേറ്റിനെയും പ്രശ്നവുമായി നേരിട്ട് ബന്ധമുള്ള തിരുസംഘത്തെയും റിപ്പോര്‍ട്ടിനെക്കുറിച്ചും അന്വേഷണത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ചും അറിയിക്കും.
3. മാര്‍പാപ്പയുടെ പ്രതിനിധിയുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ നേരിട്ട് സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിലേക്ക് കൈമാറും.
ആര്‍ട്ടിക്കിള്‍ 9: പൗരസ്ത്യ കത്തോലിക്കാസഭയിലെ മെത്രാന്മാരെ സംബന്ധിക്കുന്ന നടപടിക്രമങ്ങള്‍
1. പാത്രിയാര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപിസ്കോപ്പല്‍, മെത്രാപ്പോലീത്തന്‍ സഭകളിലെ മെത്രാന്മാരെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ അതാത് സഭകളുടെ പാത്രിയാര്‍ക്കീസിനോ മേജര്‍ ആര്‍ച്ചുബിഷപ്പിനോ മെത്രാപ്പോലീത്താക്കോ ആണ് നല്കേണ്ടത്.
2. ഒരു പാത്രിയാര്‍ക്കല്‍ സഭയിലെയോ മേജര്‍ ആര്‍ക്കി എപിസ്കോപ്പല്‍ സഭയിലെയോ മെത്രാപ്പോലീത്തായെ സംബന്ധിച്ചുള്ളതാണ് റിപ്പോര്‍ട്ട് എങ്കില്‍, ആ മെത്രാപ്പോലീത്താ ആ വ്യക്തിസഭയുടെ അധികാരപരിധിക്കുള്ളിലാണ് ശുശ്രൂഷ ചെയ്യുന്നതെങ്കില്‍, അത് അതാത് സഭകളുടെ പാത്രിയാര്‍ക്കീസിനോ മേജര്‍ ആര്‍ച്ചുബിഷപ്പിനോ ആണ് നല്കേണ്ടത്.
3. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ പരാതി സ്വീകരിക്കുന്ന അധികാരികള്‍ റിപ്പോര്‍ട്ട് പരിശുദ്ധ സിംഹാസനത്തിനും അയച്ചുകൊടുക്കേണ്ടതാണ്.
4. സഭകളുടെ അധികാരപരിധിക്ക് പുറത്തുള്ള മെത്രാനെതിരേയാണ് റിപ്പോര്‍ട്ട് നല്കപ്പെടുന്നതെങ്കില്‍ അത് പരിശുദ്ധ സിംഹാസനത്തിന് കൈമാറേണ്ടതാണ്.
5. വ്യക്തിസഭകളുടെ പരമാധികാരികള്‍ക്കെതിരേയാണ് റിപ്പോര്‍ട്ട് നല്കപ്പെടുന്നതെങ്കില്‍ അതും പരിശുദ്ധ സിംഹാസനത്തിന് കൈമാറേണ്ടതാണ്.
6. മെത്രാപ്പോലീത്തായുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വകുപ്പുകള്‍ ഈ ആര്‍ട്ടിക്കിളിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കൈമാറിക്കിട്ടുന്ന എല്ലാ സഭാധികാരികള്‍ക്കും ബാധകമായിരിക്കും
ആര്‍ട്ടിക്കിള്‍ 10: മെത്രാപ്പോലീത്തായുടെ പ്രാഥമികദൗത്യങ്ങള്‍
1. പ്രത്യക്ഷത്തില്‍ റിപ്പോര്‍ട്ട് വ്യാജമല്ലെന്ന് തോന്നിയാലുടനെ അന്വേഷണം ആരംഭിക്കുന്നതിന് തനിക്ക് അനുവാദം നല്കാന്‍ മെത്രാപ്പോലീത്താ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടണം. റിപ്പോര്‍ട്ട് വ്യാജമാണെന്ന് തോന്നിയാല്‍ അക്കാര്യം മാര്‍പാപ്പയുടെ പ്രതിനിധിയെ അറിയിക്കുകയും വേണം.
2. അതാതു വകുപ്പുകള്‍ യാതൊരു താമസവും കൂടാതെ തന്നെ, ഏതു കേസായാലും പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി മുപ്പത് ദിവസത്തിനുള്ളില്‍ എപ്രകാരമാണ് കേസ് മുമ്പോട്ട് കൊണ്ടുപോകേണ്ടത് എന്ന നിര്‍ദ്ദേശം മാര്‍പാപ്പയുടെ പ്രതിനിധിക്കോ മെത്രാപ്പോലീത്തക്കോ നല്കും.
ആര്‍ട്ടിക്കിള്‍ 11: മെത്രാപ്പോലീത്തായല്ലാത്ത ഒരാളെ അന്വേഷണം എല്പിക്കല്‍
1. മെത്രാപ്പോലീത്തയല്ലാത്ത ഒരാളെ അന്വേഷണം ഏല്പിക്കുന്നതാണ് നല്ലതെന്ന് തോന്നിയാല്‍ അത് മെത്രാപ്പോലീത്തായെ അറിയിക്കും. അപ്രകാരം നിയമിക്കപ്പെട്ട വ്യക്തിക്ക് കേസുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധരേഖകളും മെത്രാപ്പോലീത്താ നല്കും.
2. മേല്‍പ്പറഞ്ഞതുപോലെ അന്വേഷണം കൈമാറുമ്പോള്‍ മെത്രാപ്പോലീത്തായുമായി ബന്ധപ്പെട്ട് നല്കുന്ന എല്ലാ വകുപ്പുകളും ആ വ്യക്തിക്കും ബാധകമായിരിക്കും.
ആര്‍ട്ടിക്കിള്‍ 12: അന്വേഷണം
1. അധികാരമുള്ള സമിതിയാല്‍ കേസിന്മേല്‍ അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെടുന്ന മെത്രാപ്പോലീത്താ വ്യക്തിപരമായോ, ഒന്നോ രണ്ടോ അനുയോജ്യരായ വ്യക്തികള്‍ വഴിയോ
എ) വസ്തുതകള്‍ സംബന്ധിച്ച പ്രസക്തമായ വിവരങ്ങള്‍ ശേഖരിക്കും.
ബി) സഭാഓഫീസുകളിലും ആര്‍ക്കൈവുകളിലും സൂക്ഷിച്ചിരിക്കുന്ന രേഖകളും വിവരങ്ങളും അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും.
സി) ആവശ്യമുള്ളപ്പോള്‍ മറ്റ് മെത്രാന്മാരുടെയും അധികാരികളുടെയും സഹകരണം തേടും
ഡി) അന്വേഷണത്തിന് ഉപകാരപ്പെടുന്ന വിവരങ്ങള്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും -സിവില്‍ സ്ഥാപനങ്ങളില്‍ നിന്നും - ശേഖരിക്കും.
2. കുട്ടിയില്‍ നിന്നോ എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന വ്യക്തിയില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കേണ്ടത് ആവശ്യമായി വന്നാല്‍ മെത്രാപ്പോലീത്താ അവരുടെ അവസ്ഥകള്‍ പരിഗണിച്ചുകൊണ്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കും.
3. വിവരങ്ങളോ രേഖകളോ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഉറപ്പായാല്‍ അവ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ മെത്രാപ്പോലീത്താ ഉടനെ സ്വീകരിക്കണം.
4. മറ്റു വ്യക്തികളെ ഉപയോഗിച്ച് അന്വേഷണം നടത്തുമ്പോഴും അതിന്‍റെ ഗതിവിഗതികള്‍ സംബന്ധിച്ചും സ്വഭാവം സംബന്ധിച്ചും ആര്‍ട്ടിക്കിള്‍ 10 §2-ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുമുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് മെത്രാപ്പോലീത്താക്ക് ഒഴിവില്ല.
5. കാനന്‍ 483 V2 CIC and 253 V2CCEO. അനുസരിച്ച് ഒരു നോട്ടറി മെത്രാപ്പോലീത്തായെ സഹായിക്കാനായി ഉണ്ടായിരിക്കേണ്ടതാണ്.
6. പക്ഷപാതരഹിതമായും വ്യക്തിതാത്പര്യങ്ങളില്ലാതെയുമായിരിക്കണം മെത്രാപ്പോലീത്താ അന്വേഷണം നടത്തേണ്ടത്. അന്വേഷണത്തിന്‍റെ സമഗ്രത കാത്തുസൂക്ഷിക്കാനാകും വിധം പക്ഷപാതരഹിതമായും താത്പര്യങ്ങളില്ലാതെയും തുടരാന്‍ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടാല്‍ അദ്ദേഹം സ്വയം അന്വേഷണത്തില്‍ നിന്ന് ഒഴിവാകുകയും അത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയും ചെയ്യണം.
7. അന്വേഷണവിധേയനാകുന്ന വ്യക്തിയെ നിഷ്കളങ്കനായി പരിഗണിക്കേണ്ടതാണ്.
8. അധികാരമുള്ള സമിതികളുടെ നിര്‍ദ്ദേശപ്രകാരം മെത്രാപ്പോലീത്താ, അന്വേഷണവിധേയനാ(യാ)കുന്ന വ്യക്തിയെ വിവരം ധരിപ്പിക്കുകയും അയാളുടെ വിശദീകരണം കേള്‍ക്കുകയും തന്‍റെ ഭാഗം അവതരിപ്പിക്കാനായിട്ട് ക്ഷണിക്കുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളില്‍ ആ വ്യക്തിക്ക് നിയമപരമായ ഉപദേശം സ്വീകരിക്കാവുന്നതാണ്.
9. എല്ലാ മുപ്പത് ദിവസം കൂടുമ്പോഴും അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിനെ മെത്രാപ്പോലീത്ത അറിയിച്ചുകൊണ്ടിരിക്കണം.
ആര്‍ട്ടിക്കിള്‍ 13: വിദഗ്ദ്ധരുടെ സേവനം
1. അതാത് വ്യക്തിസഭകളുടെ തീരുമാനപ്രകാരം മെത്രാപ്പോലീത്തായെ ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ സഹായിക്കുന്നതിനായി വിദഗ്ദരുടെ ഒരു പട്ടിക തയ്യാറാക്കുകയും ആവശ്യാനുസരണം മെത്രാപ്പോലീത്താ അതില്‍ നിന്ന് വിദഗ്ദരെ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതാണ്. കാനന്‍ 228 CIC and 408 CCEO പ്രകാരം അത്മായരുടെ സഹകരണം ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതാണ്.
2. എന്നിരുന്നാലും, മറ്റ് വിദഗ്ദ്ധരെയും തിരഞ്ഞെടുക്കുന്നതിന് മെത്രാപ്പോലീത്താക്ക് സ്വാതന്ത്ര്യമുണ്ട്.
3. മെത്രാപ്പോലീത്തായെ അന്വേഷണത്തില്‍ സഹായിക്കുന്ന ഏതൊരു വ്യക്തിയും പക്ഷപാതരഹിതമായും വ്യക്തിതാത്പര്യങ്ങളില്ലാതെയും പ്രവര്‍ത്തിക്കേണ്ടതാണ്. അപ്രകാരം പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അദ്ദേഹം സ്വയം അന്വേഷണത്തില്‍ നിന്ന് പിന്മാറുകയും തന്‍റെ സാഹചര്യങ്ങളെപ്പറ്റി മെത്രാപ്പോലീത്തായെ അറിയിക്കുകയും ചെയ്യേണ്ടതാണ്.
4. മെത്രാപ്പോലീത്തായെ സഹായിക്കുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വ്വഹിക്കുമെന്ന് പ്രതിജ്ഞ ചെയ്യേണ്ടതാണ്.
you are the light of the world Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206