x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ പൗരസ്ത്യസഭകളുടെ നിയമങ്ങൾ

ദൈവാരാധന, പ്രത്യേകിച്ചും കൂദാശകള്‍

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021

 

ഭയുടെ ഉറവിടവും ശക്തികേന്ദ്രവും ആരാധനക്രമമാണെങ്കില്‍, ആരാധനക്രമത്തിന്‍റെ കാതല്‍ കൂദാശകളാണ് (S.C.10). "മനുഷ്യരെ വിശുദ്ധീകരിക്കുക, മിശിഹായുടെ മൗതികശരീരത്തെ വളര്‍ത്തുക, സര്‍വ്വോപരി ദൈവത്തിന് ആരാധനയര്‍പ്പിക്കുക" (S,C.59) എന്നിവയാണ് കൂദാശകളുടെ ലക്ഷ്യങ്ങളായി കൗണ്‍സില്‍ പിതാക്കന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനാലാണ് പൗരസ്ത്യകാനോനസംഹിതയിലെ പതിനാറാം ശീര്‍ഷകത്തിന് "ദൈവാരാധന, പ്രത്യേകിച്ചും കൂദാശകള്‍"എന്ന തലക്കെട്ടു നല്കിയിരിക്കുന്നത്.

പൗരസ്ത്യസഭകളുടെ കാഴ്ചപ്പാടില്‍ കൂദാശകള്‍ ദൈവികരഹസ്യങ്ങളുടെ ആവിഷ്കരണമാണ്. കൂദാശകളെ "ദിവ്യരഹസ്യങ്ങള്‍" എന്നാണ് വിളിക്കുന്നത്. സീറോ മലബാര്‍ സഭയിലും സഭയുടെ ഏറ്റവും ആഘോഷപൂര്‍വ്വകമായ വി. കുര്‍ബാനയര്‍പ്പണം റാസ (രഹസ്യം)എന്നാണല്ലോ അറിയപ്പെടുന്നത്. ക്രിസ്തുനാഥന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളായ ജനനം, പരസ്യജീവിതം, സഹനം, മരണം, ഉത്ഥാനം എന്നീ ദിവ്യരഹസ്യങ്ങളുടെ ആവിഷ്കരണങ്ങളാണ് വിവിധ കൂദാശകള്‍. മിശിഹാരഹസ്യത്തിന്‍റെ പ്രതീകാത്മകപുനരാവിഷ്കരണങ്ങളായ കൂദാശകളുടെ ആഘോഷത്തില്‍ പാലിക്കേണ്ട കാര്യങ്ങളും നിയമങ്ങളുമാണ് ഈ ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്നത്.

കാനോന 667: ദൃശ്യമായ അടയാളത്തിലൂടെ ക്രിസ്തുരഹസ്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി സഭ പരികര്‍മ്മം ചെയ്യാന്‍ കടപ്പെട്ട കൂദാശകള്‍ വഴി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ മനുഷ്യരെ വിശുദ്ധീകരിക്കുന്നു. അങ്ങനെ അവര്‍ പ്രത്യേക വിധത്തില്‍ ദൈവപിതാവിന്‍റെ യഥാര്‍ത്ഥ ആരാധകരായിത്തീരുകയും അവരെ(ക്രിസ്തു) തന്നോടുതന്നെയും അവിടുത്തെ ശരീരമായ സഭയോടും ഒന്നിച്ചുചേര്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ എല്ലാ ക്രിസ്തീയവിശ്വാസികളും, പ്രത്യേകിച്ച് വിശുദ്ധ കാര്‍മ്മികര്‍ കൂദാശകള്‍ ഭക്തിപൂര്‍വ്വം പരികര്‍മ്മം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും സഭയുടെ നിബന്ധനകള്‍ ശ്രദ്ധാപൂര്‍വം പാലിക്കേണ്ടതാണ്.

മിശിഹാരഹസ്യങ്ങളുടെ പ്രഘോഷണമായ കൂദാശകള്‍ അടയാളങ്ങളിലൂടെയാണ് ആഘോഷിക്കപ്പെടുക. അവയിലൂടെ മിശിഹാ ദൈവജനത്തെ വിശുദ്ധീകരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണ് ഈ വിശുദ്ധീകരണം യഥാര്‍ത്ഥമാകുന്നത്. കൂദാശകളിലൂടെ വിശ്വാസികള്‍ ശരിയായ ദൈവാരാധകരായി മാറുകയും മിശിഹായുടെ ശരീരമായ സഭയില്‍ ഒന്നാക്കപ്പെടുകയും ചെയ്യുന്നു. കൂദാശകള്‍ ശരിയായി പരികര്‍മ്മം ചെയ്യാനും സ്വീകരിക്കാനും വിശ്വാസികളും പ്രത്യേകിച്ച് വൈദികശുശ്രൂഷികളും ശ്രദ്ധിക്കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു.

കാനോന 668: 1. നിയമാനുസൃതം നിയുക്തരായ വ്യക്തികളാലും സഭാധികാരത്താല്‍ അംഗീകരിക്കപ്പെട്ട കര്‍മ്മങ്ങളാലും സഭയുടെ നാമത്തില്‍ നടത്തുന്ന ദൈവാരാധനയെ പരസ്യദൈവാരാധനയെന്നും അല്ലെങ്കില്‍ സ്വകാര്യദൈവാരാധന എന്നും വിളിക്കുന്നു.

  1. കാനോന 199 ങ്ങ1 - ന് അര്‍ഹമായ പരിഗണന കൊടുത്തുകൊണ്ടുതന്നെ പരസ്യദൈവാരാധനയെ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് തക്ക അധികാരി കാനോന 657-ല്‍ പറഞ്ഞിരിക്കുന്നവരാണ്. പ്രസ്തുത അധികാരികളാല്‍ നിശ്ചയിക്കപ്പെട്ടവയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ നീക്കംചെയ്യാനോ മാറ്റം വരുത്താനോ മറ്റാര്‍ക്കും പാടുള്ളതല്ല.

സഭയുടെ പേരില്‍ നിയമിതരായ വ്യക്തികള്‍, സഭ അംഗീകരിച്ച കര്‍മ്മങ്ങളിലൂടെ നടത്തുന്ന ആരാധനയെ മാത്രമേ പരസ്യാരാധനയായി കണക്കാക്കൂ. മറ്റുള്ളവ സ്വകാര്യസ്വഭാവം മാത്രമുള്ളവയായിരിക്കും. പരസ്യാരാധനാവിധികളും കര്‍മ്മക്രമങ്ങളും സഭ ഔദ്യോഗികമായി അംഗീകരിച്ചവയായിരിക്കണം. ഇപ്രകാരം അംഗീകാരം കൊടുക്കാനുള്ള അധികാരം ശ്ലൈഹികസിംഹാസനത്തിനോ പാത്രിയര്‍ക്കീസിനോ സ്വയാധികാരസഭയുടെ തലവനായ മെത്രാപ്പോലീത്തായ്ക്കോ മെത്രാന്മാര്‍ക്കോ ആയിരിക്കും. ഇത് 657,199 ങ്ങ1 എന്നീ കാനോനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യാരാധന സഭയുടെ ഔദ്യോഗികാരാധനയായതിനാല്‍ വ്യക്തികളുടെയോ സമൂഹങ്ങളുടെയോ സൗകര്യംമാത്രം നോക്കി മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല.

കാനോന 669: കൂദാശകള്‍ സഭ മുഴുവനിലും ഒന്നായതുകൊണ്ടും അവ ദൈവികനിക്ഷേപത്തില്‍ (divine deposit) പെടുന്നതുകൊണ്ടും അവയുടെ സാധുതയ്ക്കുവേണ്ട കാര്യങ്ങള്‍ അംഗീകരിക്കുവാനോ നിര്‍വചിക്കുവാനോ ഉള്ള അധികാരം സഭയുടെ പരമാധികാരത്തിനു മാത്രമുള്ളതാണ്.

സഭയുടെ വിശ്വാസത്തിന്‍റെ പരസ്യപ്രകടനമായ കൂദാശകള്‍ സഭ മുഴുവനിലും ഒന്നുതന്നെയാണ്. അതിനാല്‍, കൂദാശകളുടെ സാധുവായ പരികര്‍മ്മത്തിനാവശ്യമായ കാര്യങ്ങള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള അധികാരം മാര്‍പാപ്പായ്ക്കും അദ്ദേഹത്തോടൊപ്പം മെത്രാന്‍സംഘത്തിനും മാത്രമേയുള്ളൂ.

കാനോന 670: 1. ന്യായമായ കാരണമുള്ളപ്പോള്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് മറ്റു ക്രൈസ്തവരുടെ ദൈവാരാധനയില്‍ സന്നിഹിതരാവുകയും പങ്കെടുക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ കത്തോലിക്കാസഭയുമായുള്ള അവരുടെ കൂട്ടായ്മയുടെ തോത് കണക്കിലെടുത്തുകൊണ്ട് രൂപതാ മെത്രാനോ ഉയര്‍ന്ന മേലധികാരിയോ നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതാണ്.

  1. ദൈവാരാധന ഉചിതമായി നടത്തുവാന്‍ അകത്തോലിക്കാ ക്രൈസ്തവര്‍ക്ക് സ്ഥലമില്ലെങ്കില്‍ രൂപതാമെത്രാന് തന്‍റെ സ്വയാധികാരസഭയുടെ പ്രത്യേകനിയമമാനദണ്ഡം അനുസരിച്ച് ഏതെങ്കിലും കത്തോലിക്കാകെട്ടിടമോ, സിമിത്തേരിയോ, ദൈവാലയമോ അവരുടെ ഉപയോഗത്തിനു നല്കാന്‍ അനുവദിക്കാവുന്നതാണ്.

കത്തോലിക്കാവിശ്വാസത്തിന് ഹാനികരമാകാം എന്നുള്ളതുകൊണ്ട് കത്തോലിക്കര്‍ മറ്റു ക്രൈസ്തവസഭാവിഭാഗങ്ങളുടെ ആരാധനക്രമങ്ങളില്‍ പങ്കുചേരുന്നതും മറ്റു സഭാവിശ്വാസികള്‍ കത്തോലിക്കാ ആരാധനകളിലും കൂദാശകളിലും ഭാഗഭാക്കുകളാകുന്നതും കത്തോലിക്കാസഭ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അരൂപിയില്‍ രൂപംകൊണ്ട പൗരസ്ത്യകാനോനസംഹിത ഇത്തരത്തിലുള്ള സഭൈക്യപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കത്തോലിക്കര്‍ക്ക് മറ്റു ക്രൈസ്തവവിഭാഗങ്ങളുടെ ആരാധനയില്‍ പങ്കുചേരാവുന്നതാണ്. എന്നാല്‍ എപ്രകാരമുള്ള പങ്കാളിത്തമാണ് എന്നത് അത്തരം സഭകളുമായി കത്തോലിക്കാസഭയ്ക്കുള്ള ഐക്യത്തിന്‍റെ അളവ്, മേലധികാരികളുടെ അംഗീകാരം എന്നിവയെ ആശ്രയിച്ചിരിക്കും. മറ്റു സഭാവിഭാഗങ്ങള്‍ക്ക് ആരാധന നടത്തുവാന്‍ സ്വന്തമായ സ്ഥലങ്ങള്‍ ഇല്ലെങ്കില്‍, അതിനായി രൂപതാമെത്രാന് കത്തോലിക്കാദൈവാലയങ്ങളോ സ്ഥാപനങ്ങളോ സിമിത്തേരിയോ അനുവദിച്ചുകൊടുക്കാവുന്നതാണ്.

കാനോന 671: 1. കത്തോലിക്കാവിശ്വാസികള്‍ക്കുമാത്രമാണ് കത്തോലിക്കാ കാര്‍മ്മികര്‍ കൂദാശകള്‍ നിയമാനുസൃതം പരികര്‍മ്മം ചെയ്യാവുന്നത്. അതുപോലെ അവര്‍ കത്തോലിക്കാ കാര്‍മ്മികരില്‍നിന്നു മാത്രമേ അവ നിയമാനുസൃതം സ്വീകരിക്കാവൂ.

  1. അനിവാര്യത ആവശ്യപ്പെടുകയോ യഥാര്‍ത്ഥ ആധ്യാത്മികനന്മയ്ക്കുതകുകയോ ചെയ്യുന്നപക്ഷം തെറ്റായ അറിവിനും നിസ്സംഗതാമനോഭാവത്തിനുമുള്ള അവസരം ഒഴിവാക്കുകയാണെങ്കില്‍ കത്തോലിക്കാകാര്‍മ്മികനെ സമീപിക്കാന്‍ ശാരീരികമായും ധാര്‍മ്മികമായും അസാധ്യമായ കത്തോലിക്കാവിശ്വാസികള്‍ക്ക് കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍ അവ സാധുവായി നിലവിലുള്ള സഭകളിലെ അകത്തോലിക്കാ കാര്‍മ്മികരില്‍നിന്ന് സ്വീകരിക്കാവുന്നതാണ്.                    
  2. അതുപോലെ കത്തോലിക്കാ കാര്‍മ്മികര്‍ക്ക് കത്തോലിക്കാ സഭയുമായി പൂര്‍ണ്ണമായ കൂട്ടായ്മയില്ലാത്ത പൗരസ്ത്യസഭകളിലെ ക്രൈസ്തവവിശ്വാസികള്‍ക്ക് അവര്‍ സ്വയം ആവശ്യപ്പെടുകയും ശരിയായ ഒരുക്കം ഉണ്ടായിരിക്കുകയും ചെയ്താല്‍, കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍ നിയമാനുസൃതം പരികര്‍മ്മം ചെയ്യാവുന്നതാണ്. ശ്ലൈഹികസിംഹാസനത്തിന്‍റെ വിലയിരുത്തലില്‍ കൂദാശകളെ സംബന്ധിച്ചിടത്തോളം മുകളില്‍ പറഞ്ഞ പൗരസ്ത്യസഭകളുടെ തുല്യ അവസ്ഥയിലുള്ള മറ്റു സഭകളിലെ ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ചും ഇതു സാധുവാണ്.                                                                                     
  3. മരണാസന്നാവസ്ഥയോ, അല്ലെങ്കില്‍ രൂപതാമെത്രാന്‍റെയോ പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്‍സിനഡിന്‍റെയോ മേലദ്ധ്യക്ഷന്മാരുടെ സമിതിയുടെയോ വിലയിരുത്തലില്‍ (judgement) മറ്റൊരു ഗൗരവമുള്ള അനിവാര്യതയോ ഉള്ളപ്പോള്‍, കത്തോലിക്കാ കാര്‍മ്മികര്‍ക്ക് കത്തോലിക്കാസഭയുമായി പൂര്‍ണ്ണമായ കൂട്ടായ്മയില്ലാത്തവരും സ്വന്തം സഭാസമൂഹത്തിന്‍റെ കാര്‍മ്മികനെ സമീപിക്കുക അസാധ്യമായവരുമായ മറ്റു ക്രൈസ്തവര്‍ക്കും അവര്‍ സ്വയം ആവശ്യപ്പെടുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ കൂദാശകള്‍ നിയമാനുസൃതം പരികര്‍മ്മം ചെയ്യാവുന്നതാണ്. എന്നാല്‍ പ്രസ്തുത കൂദാശകളെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ വിശ്വാസവുമായി പൊരുത്തപ്പെടുന്ന വിശ്വാസം അവര്‍ വെളിപ്പെടുത്തുകയും ശരിയായ ഒരുക്കം ഉണ്ടായിരിക്കുകയും ചെയ്യണം.                                                                                                                 
  4. 2,3,4 എന്നിവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് പ്രത്യേകനിയമമാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നത് ബന്ധപ്പെട്ട അകത്തോലിക്കാസഭയിലെയോ സഭാസമൂഹത്തിലെയോ തക്കപ്രാദേശിക അധികാരിയുമായിട്ടെങ്കിലും കൂടിയാലോചന നടത്തിയശേഷമായിരിക്കണം.

സാധാരണഗതിയില്‍ കത്തോലിക്കര്‍ തങ്ങളുടെ പുരോഹിതരില്‍നിന്നു മാത്രമേ കൂദാശകള്‍ സ്വീകരിക്കാവൂ. അതുപോലതന്നെ കത്തോലിക്കാപുരോഹിതര്‍ കത്തോലിക്കര്‍ക്കേ കൂദാശകള്‍ പരികര്‍മ്മം ചെയ്യാവൂ. എങ്കിലും സ്വന്തം പുരോഹിതരെ സമീപിക്കുക വളരെ ക്ലേശകരമായി വരുന്ന സാഹചര്യങ്ങളില്‍ കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍, ഈ കൂദാശകള്‍ സാധുവായി പരികര്‍മ്മം ചെയ്യുന്ന സഭാവിഭാഗങ്ങളില്‍പ്പെട്ട വൈദികരില്‍നിന്നും സ്വീകരിക്കാവുന്നതാണ്. ഈ മാനദണ്ഡമനുസരിച്ച് കത്തോലിക്കാപുരോഹിതര്‍ക്ക് പൗരസ്ത്യ അകത്തോലിക്കാവിഭാഗങ്ങളില്‍പ്പെട്ട വിശ്വാസികള്‍ക്കും, ഈ സഭകളിലേതിനു തുല്യമായ വിശ്വാസമുള്ള മറ്റ് അകത്തോലിക്കാസഭകളിലെ വിശ്വാസികള്‍ക്കും കൂദാശകള്‍-പ്രത്യേകിച്ച്, കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകള്‍-പരികര്‍മ്മം ചെയ്തുകൊടുക്കാം. ഇപ്രകാരം പരികര്‍മ്മം ചെയ്യുന്നതിന്, അകത്തോലിക്കര്‍ ആവശ്യപ്പെടുകയും ശരിയായ ഒരുക്കമുള്ളവര്‍ ആയിരിക്കുകയും വേണം. കൂടാതെ മരണാസന്നാവസ്ഥയിലോ അതുപോലുള്ള ഗൗരവമാര്‍ന്ന സാഹചര്യങ്ങളിലോ മറ്റ് അകത്തോലിക്കാവിശ്വാസികള്‍ക്കും അവര്‍ ആവശ്യപ്പെടുന്നപക്ഷം കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ കത്തോലിക്കാമേലദ്ധ്യക്ഷന്മാര്‍ക്ക് പുരോഹിതരെ അനുവദിക്കാവുന്നതാണ്. സഭകളുടെ അധികാരികളുമായി ചര്‍ച്ചചെയ്ത്, പരസ്പരധാരണയോടെ രൂപപ്പെടുത്തിയിരിക്കുന്ന പ്രത്യേകനിയമങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്.

കാനോന 672: 1. മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകള്‍ ആവര്‍ത്തിക്കപ്പെടാവുന്നവയല്ല.

  1. പ്രസ്തുത കൂദാശകളുടെ യഥാര്‍ത്ഥ പരികര്‍മ്മത്തെപ്പറ്റിയോ, അല്ലെങ്കില്‍ സാധുവായ പരികര്‍മ്മത്തെപ്പറ്റിയോ ന്യായമായ സംശയം ഉണ്ടായിരിക്കുകയും വേണ്ടത്ര അന്വേഷണത്തിനു ശേഷവും സംശയം നിലനില്ക്കുകയും ചെയ്യുന്നപക്ഷം വ്യവസ്ഥയോടുകൂടി അവ പരികര്‍മ്മം ചെയ്യേണ്ടതാണ്.

മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകള്‍ ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നവയാകയാല്‍ അവ ഒരു പ്രാവശ്യം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. എന്നാല്‍ അവയുടെ സാധുവായ സ്വീകരണത്തെ സംബന്ധിച്ച് ഗൗരവമാര്‍ന്ന സംശയം ഉണ്ടെങ്കില്‍, സംശയത്തിന്‍റെ ബലത്തില്‍ വീണ്ടും പരികര്‍മ്മം ചെയ്യാവുന്നതാണ്.

കാനോന 673: കൂദാശകളുടെ, പ്രത്യേകിച്ച് വി. കുര്‍ബാനയുടെ പരികര്‍മ്മം സഭയുടെ പ്രവൃത്തി എന്ന നിലയില്‍ സാധിക്കുന്നിടത്തോളം ക്രൈസ്തവവിശ്വാസികളുടെ സജീവഭാഗഭാഗിത്വത്തോടെ ചെയ്യേണ്ടതാണ്.

കൂദാശകള്‍ സഭയുടെ ഔദ്യോഗികാരാധനയാണ്. അതിനാല്‍ സാധിക്കുന്നിടത്തോളം അവ വിശ്വാസികളുടെ സാന്നിദ്ധ്യത്തിലും സജീവഭാഗഭാഗിത്വത്തോടെയും പരികര്‍മ്മം ചെയ്യുവാന്‍ ശ്രദ്ധിക്കണം.

കാനോന 674: 1. കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോള്‍ ആരാധനക്രമപുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

  1. നിയമം മറിച്ച് അനുശാസിക്കുകയോ ശ്ലൈഹികസിംഹാസനത്തില്‍നിന്ന് പ്രത്യേക അധികാരം ലഭിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കാര്‍മ്മികന്‍ തന്‍റെ സ്വയാധികാര സഭയിലെ ആരാധനക്രമവിധികള്‍ അനുസരിച്ച് കൂദാശകള്‍ പരികര്‍മ്മം ചെയ്യേണ്ടതാണ്.

സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ആരാധനക്രമപുസ്തകങ്ങളുടെ നിബന്ധനകള്‍ക്കനുസരിച്ചാണ് കൂദാശകള്‍ പരികര്‍മ്മം ചെയ്യേണ്ടത്. പുരോഹിതര്‍ സഭയുടെ ഔദ്യോഗികശുശ്രൂഷ സഭയുടെ പേരില്‍ ചെയ്യുമ്പോള്‍ തങ്ങളുടെ സഭയുടെ ആരാധനക്രമരീതികള്‍ക്കനുസരിച്ചു മാത്രമേ പരികര്‍മ്മം ചെയ്യാവൂ. മറ്റൊരു റീത്തനുസരിച്ച് പരികര്‍മ്മം ചെയ്യുവാന്‍ പുരോഹിതര്‍ക്ക് ശ്ലൈഹികസിംഹാസനത്തിന്‍റെ പ്രത്യേകാനുമതി ആവശ്യമാണെന്ന് ഈ നിയമം വ്യക്തമാക്കുന്നു.

കൂദാശകള്‍ ജീവിതത്തില്‍

  1. ആമുഖം:

1546 കാനോനകളും 30 ശീര്‍ഷകങ്ങളുമുള്ള പൗരസ്ത്യ സഭാനിയമത്തിലെ 161-ാം ശീര്‍ഷകത്തില്‍ വരുന്ന 228 കനോനകള്‍ ദൈവാരാധനയെ പ്രത്യേകിച്ച് കൂദാശകളെ സംബന്ധിച്ചുള്ളവയാണ്. ഇതില്‍ തിരുപ്പട്ടം ഒഴിച്ചുള്ള മറ്റു കൂദാശകളെകുറിച്ചും കൂദാശാനുകരണങ്ങളെപ്പറ്റിയും സംക്ഷിപ്തമായും, വിവാഹം എന്ന കൂദാശയെപ്പറ്റി സാമാന്യം വിശദമായും ഇവിടെ പ്രതിപാദിക്കുന്നു.

സഭയുടെ സ്രോതസ്സും ശക്തികേന്ദ്രവും ആരാധന ക്രമമാണെങ്കില്‍ ആരാധനക്രമത്തിന്‍റെ കാതല്‍ കൂദാശകളാണ് (SC.10). "മനുഷ്യരെ വിശുദ്ധീകരിക്കുക മിശിഹായുടെ മൗതിക ശരീരമായ സഭയെ വളര്‍ത്തുക, സര്‍വ്വോപരി ദൈവത്തിന് ആരാധനയര്‍പ്പിക്കുക (SC.10) എന്നിവയാണ് കൂദാശകളുടെ ലക്ഷ്യങ്ങളായി കൗണ്‍സില്‍ പിതാക്കന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പൗരസ്ത്യസഭകളുടെ കാഴ്ചപ്പാടില്‍ കൂദാശകള്‍ ദൈവിക രഹസ്യങ്ങളുടെ ആവിഷ്കാരമാണ്. കൂദാശകളെ "മിശിഹാ രഹസ്യങ്ങള്‍" എന്നാണ് പൗരസ്ത്യ സഭകള്‍ വിളിക്കുന്നത്. മിശിഹാരഹസ്യത്തിന്‍റെ പ്രതീകാത്മക പുനരാവിഷ്കരണങ്ങളായ കൂദാശകളുടെ ആഘോഷത്തില്‍ പാലിക്കേണ്ട കാര്യങ്ങളും നിയമങ്ങളും ആണ് നമ്മള്‍ ഈ പാഠത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.

കൂദാശ എന്ന പദം

"വിശുദ്ധീകരിക്കുന്നത്" എന്നതാണ് കൂദാശയെന്ന സുറിയാനി പദത്തിന്‍റെ അര്‍ത്ഥം. എല്ലാ കൂദാശകളുടെയും ലക്ഷ്യം വിശുദ്ധീകരണമാണല്ലോ. ജന്മപാപവും കര്‍മ്മപാപവും നീക്കി മാമ്മോദീസായിലും പരിശുദ്ധാത്മാവിന്‍റെ പ്രത്യേക ശക്തിനല്‍കി സ്ഥൈര്യലേപനത്തിലും, ഈശോയുടെ ശരീരരക്തങ്ങളിലൂടെ വി. കുര്‍ബാനയിലും വിശുദ്ധീകരിക്കുന്നു. കര്‍മ്മ പാപങ്ങളില്‍നിന്നും വിശുദ്ധീകരിക്കുന്ന കൂദാശയാണ് കുമ്പസാരം. രോഗിയുടെ ആത്മാവിനും ശരീരത്തിനും ശക്തി നല്‍കി രോഗീലേപനത്തില്‍ വിശുദ്ധീകരണം നടക്കുന്നു. വിവാഹത്തിലും തിരുപ്പട്ടത്തിലും ആ ജീവിതാന്തസ്സുകള്‍ക്കാവശ്യമായ ദാനങ്ങള്‍ നല്‍കി വിശുദ്ധീകരിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തിന് ദൈവജനം അടയാളങ്ങളിലൂടെ സഭയില്‍ പരസ്യമായി അര്‍പ്പിക്കുന്ന സ്തുതിയും ആരാധനയും പുകഴ്ചയുമാണ് കൂദാശകളുടെ അന്തഃസത്ത.

കൂദാശകളിലുള്ള പരസ്പരപങ്കാളിത്തം

പ്രത്യേക സാഹചര്യങ്ങളില്‍ തക്ക കാരണങ്ങളുടെ അടിസ്ഥാനത്തില്‍ കത്തോലിക്കരുടെ പരസ്യാരാധന സ്ഥലങ്ങള്‍ അകത്തോലികര്‍ക്ക്, സ്വയാധികാര സഭകളുടെ പ്രത്യേക നിയമാനുസൃതം ഉപയോഗിക്കുന്നതിനുമായി രൂപതാധ്യക്ഷന് അനുവദിക്കാവുന്നതാണ്. കത്തോലിക്കാ പുരോഹിതര്‍ക്ക് കത്തോലിക്കര്‍ക്കുമാത്രമേ നിയമാനുസൃതം കൂദാശകള്‍ പരികര്‍മ്മം ചെയ്യാനാവൂ. എന്നാല്‍ സ്വന്തം സഭയുടെ പുരോഹിതശുശ്രൂഷ ലഭിക്കാന്‍ സാധ്യതയില്ലാത്ത അവസരത്തില്‍ ഉതപ്പും തെറ്റുകളും നിസ്സംഗതാമനോഭാവവും ഇല്ലാതെ ആദ്ധ്യാത്മിക നന്മ ലക്ഷ്യംവെച്ചുകൊണ്ട് കത്തോലിക്കന് അകത്തോലിക്കാ പുരോഹിതനേയും അകത്തോലിക്കന് കത്തോലിക്കാ പുരോഹിതനേയും കുമ്പസാരം, വി. കുര്‍ബാന, രോഗീലേപനം എന്നീ കൂദാശകളുടെ പരികര്‍മ്മത്തിനായി സമീപിക്കാവുന്നതാണ്. ഇപ്രകാരം കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിന് അകത്തോലിക്കര്‍ ആവശ്യപ്പെടുകയും ശരിയായ ഒരുക്കമുള്ളവര്‍ ആയിരിക്കുകയും വേണം. സഭകളുടെ അധികാരികളുമായി ചര്‍ച്ചചെയ്ത് പരസ്പര ധാരണയോടെ രൂപപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിയമമനുസരിച്ചാണ് ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് (cc.670. 671).

കൂദാശകളും സ്വകാര്യ പ്രാര്‍ത്ഥനകളും

കൂദാശകളും സ്വകാര്യപ്രാര്‍ത്ഥനകളും (ഭക്താനുഷ്ഠാനങ്ങള്‍) തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. കൂദാശകള്‍ എല്ലാം ക്രിസ്തുസ്ഥാപിച്ചവയാണ്. അവ വ്യക്തിയുടെ ജീവിതത്തെ വിശുദ്ധീകരിക്കുന്നവയാണ്. ഭക്താനുഷ്ഠാനങ്ങള്‍ ആദ്ധ്യാത്മിക ജീവിതത്തിന് സഹായകകരമാണെങ്കിലും വ്യക്തിയെ വിശുദ്ധീകരിക്കാന്‍ പര്യാപ്തമല്ല. ദൈവവും മനുഷ്യനും തമ്മില്‍ സംഗമിക്കുന്ന പ്രക്രിയയാണ് കൂദാശകളില്‍ നടക്കുന്നത്. എന്നാല്‍ ഭക്താനുഷ്ഠാനങ്ങളില്‍ ഈ സംഗമം നടക്കുന്നു എന്നു പറയാനാവില്ല. കൂദാശകള്‍ വസ്തുനിഷ്ഠമാണ്. പരികര്‍മ്മം ചെയ്യുന്ന വൈദികന്‍റെ അറിവോ വിശുദ്ധിയോ അല്ല കൂദാശകളുടെ ഫലം നിര്‍ണ്ണയിക്കുന്നത്. ഭക്താനുഷ്ഠാനങ്ങള്‍ വ്യക്തിനിഷ്ഠമാണ്. അനുഷ്ഠിക്കുന്ന വ്യക്തികളുടെ വിശ്വാസത്തെയും ആഗ്രഹത്തെയും ആശ്രയിച്ചിരിക്കും ഇവയുടെ ഫലം. കൂദാശകള്‍ സാര്‍വ്വത്രികമാണ്. സഭയില്‍ അത് എവിടെ പരികര്‍മ്മം ചെയ്താലും ഒരേ ഫലങ്ങളാണ് അവയ്ക്കുള്ളത്. എന്നാല്‍ ഭക്താനുഷ്ഠാനങ്ങള്‍ പ്രത്യേക സ്വഭാവമുള്ളവയാണ്. അതുകൊണ്ടാണ് വിശുദ്ധരുടെ വണക്കത്തിന് ചില പ്രത്യേക സങ്കേതങ്ങളില്‍ ആളുകള്‍ തിങ്ങിക്കൂടുന്നത്. കൂദാശകള്‍ നിര്‍ബന്ധമാണ്, അവ ക്രൈസ്തവന്‍റെ ആത്മീയശക്തിയാണ്, ഭക്ഷണമാണ്. ജനനംമുതല്‍ മരണം വരെയുള്ള അവന്‍റെ എല്ലാ ആവശ്യങ്ങളിലും അവനോടൊപ്പം ആയിരിക്കുന്നതിനും അവനെ വിശുദ്ധീകരിക്കുന്നതിനും ഈശോ സ്ഥാപിച്ചവയാണവ. ഭക്താനുഷ്ഠാനങ്ങള്‍ ആത്മീയ ഉന്നമനത്തിന് സഹായകമാണെങ്കിലും കൂദാശകള്‍ പോലെ അവ നിര്‍ബന്ധമല്ല.

കൂദാശകളുടെ വിഭജനം

മായാത്ത മുദ്രപതിക്കുന്ന കൂദാശകള്‍:-

കൂദാശകളില്‍ ചിലത് ഒരിക്കല്‍ മാത്രം സ്വീകരിക്കാവുന്നതാണ്. മറ്റുള്ളവ ആവശ്യാനുസരണം വീണ്ടും സ്വീകരിക്കാവുന്നവയും. ഒരിക്കല്‍ മാത്രം സ്വീകരിക്കുന്നവയെ മായാത്ത മുദ്രപതിക്കുന്ന കൂദാശകള്‍ എന്നു വിളിക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നിവയാണവ. അവയുടെ സ്വീകരണത്തിലൂടെ ഒരിക്കലും മായ്ക്കപ്പെടാന്‍ സാധിക്കാത്ത മുദ്രയാണ് സ്വീകരിക്കുന്നവരില്‍ പതിക്കുന്നത് (CC.672).

മരിച്ചവരുടെ കൂദാശകളും ജീവിക്കുന്നവരുടെ കൂദാശകളും:-

വരപ്രസാദം ഇല്ലാത്തപ്പോള്‍ സ്വീകരിക്കുന്ന മാമ്മോദീസ, കുമ്പസാരം എന്നിവയാണ് മരിച്ചവരുടെ കൂദാശകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വരപ്രസാദ അവസ്ഥയില്‍ സ്വീകരിക്കുന്ന സ്ഥൈര്യലേപനം, കുര്‍ബാന, രോഗീലേപനം, തിരുപ്പട്ടം, വിവാഹം എന്നിവയെയാണ് "ജീവിക്കുന്നവരുടെ കൂദാശകള്‍" എന്നു വിളിക്കുന്നത്.

കൂദാശകളുടെ വിഭജനം സാര്‍വ്വത്രിക മതബോധന ഗ്രന്ഥമനുസരിച്ച്:-

കൂദാശകളെ 3 ഗണങ്ങളായി തിരിച്ചിരിക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നിവയാണ് ആദ്യത്തെ ഗണത്തില്‍പെടുക. ഇവയെ പ്രവേശക കൂദാശകള്‍ (Sacraments of Initiation) എന്നു വിളിക്കുന്നു. കുമ്പസാരം, രോഗീലേപനം എന്നിവയാണ് രണ്ടാമത്തെ ഗണത്തില്‍, ഇവയെ സൗഖ്യദായക കൂദാശകള്‍ (Sacraments of Healing) എന്നു വിളിക്കുന്നു. തിരുപ്പട്ടവും വിവാഹവുമാണ് മൂന്നാമത്തെ ഗണത്തിലുള്ളത്. ഇവയെ കൂട്ടായ്മയുടെയും ശ്രുശ്രൂഷയുടെയും കൂദാശകള്‍ (Sacraments of service of communion and mission).

കൂദാശകളുടെ പരികര്‍മ്മം

കൂദാശകള്‍ സഭയുടെ ഔദ്യോഗികാരാധനയാണ്. അതിനാല്‍ സാധിക്കുന്നിടത്തോളം അവ വിശ്വാസികളുടെ സാന്നിധ്യത്തിലും സജീവ ഭാഗഭാഗിത്വത്തോടെയും പരികര്‍മ്മം ചെയ്യണം. അതുപോലെ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ആരാധന പുസ്തകങ്ങളുടെ നിബന്ധനകള്‍ക്കനുസൃതമായിട്ടാണ് കൂദാശകള്‍ പരികര്‍മ്മം ചെയ്യേണ്ടത്. പുരോഹിതര്‍ സഭയുടെ ഔദ്യോഗിക ശുശ്രൂഷ സഭകളുടെ പേരില്‍ ചെയ്യുമ്പോള്‍ തങ്ങളുടെ സഭയുടെ ആരാധനക്രമരീതിയനുസരിച്ചു മാത്രമേ പരികര്‍മ്മം ചെയ്യാവൂ. മറ്റൊരു റീത്തനുസരിച്ച് പരികര്‍മ്മം ചെയ്യുവാന്‍ പുരോഹിതര്‍ക്ക് ശ്ലൈഹിക സിംഹാസനത്തിന്‍റെ പ്രത്യേകാനുമതി ആവശ്യമാണ് (cc 763-673).

മാമ്മോദീസാ

മാമ്മോദീസായില്‍, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്വാഭാവിക ജലത്താല്‍ കഴുകപ്പെടുന്ന വ്യക്തി പാപത്തില്‍നിന്ന് മോചിക്കപ്പെടുകയും പുതിയ ജീവനിലേക്ക്, വീണ്ടും ജനിക്കുകയും ക്രിസ്തുവിനെ ധരിക്കുകയും അവിടുത്തെ ശരീരമായ സഭയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. മാമ്മോദീസായുടെ യഥാര്‍ത്ഥമായ സ്വീകരണം വഴിയാണ് ഒരു വ്യക്തി മറ്റ് കൂദാശകള്‍ സ്വീകരിക്കാന്‍ യോഗ്യനായിത്തീരുന്നത് (c 675). സാധാരണഗതിയില്‍ മാമ്മോദീസാ ആഘോഷമായാണ് പരികര്‍മ്മം ചെയ്യേണ്ടത്. എന്നാല്‍ മരണാസന്നനായ വ്യക്തിക്കോ മറ്റു അത്യാവശ്യ സാഹചര്യങ്ങളിലോ മാമ്മോദീസാ നല്‍കേണ്ടി വരുമ്പോള്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ സ്വാഭാവിക ജലം കുരിശടയാളത്തില്‍ മൂന്ന് പ്രാവശ്യം ശിരസ്സില്‍ ഒഴിച്ചോ, തളിച്ചോ സ്നാനാര്‍ത്ഥിയെ ജലത്തില്‍ മൂന്ന് പ്രാവശ്യം മുക്കിയോ സ്നാനം നല്‍കാവുന്നതാണ്. സഭ നിര്‍ദ്ദേശിക്കുന്നതുപോലെ ചെയ്യാനുള്ള ഉദ്ദേശ്യം ഇപ്രകാരം മാമ്മോദീസ നല്‍കുന്ന ആള്‍ക്ക് ഉണ്ടായിരിക്കണം (cc 675-676).

കാര്‍മ്മികന്‍

പൗരസ്ത്യസഭകളില്‍ മാമ്മോദീസായുടെ സാധാരണ കാര്‍മ്മികന്‍ വൈദികനാകുന്നു. ഇടവക വികാരിയോ അദ്ദേഹത്തിന്‍റെ അനുമതിയോടെ മറ്റൊരു വൈദികനോ മാമ്മോദീസാ പരികര്‍മ്മം ചെയ്യണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. വൈദികരുടെ അഭാവത്തില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍-ഉദാഹരണത്തിന് മരണാവസ്ഥയിലുള്ള ഒരാള്‍ക്ക്, മാമ്മോദീസാ നല്‍കേണ്ടി വരുമ്പോള്‍ ഒരു ഡീക്കനോ, മറ്റേതെങ്കിലും ശെമ്മാശനോ, സമര്‍പ്പിത ജീവിതം നയിക്കുന്ന ഒരാള്‍ക്കോ, മാമ്മോദീസാ നല്‍കാന്‍ അറിയാവുന്ന ഏതെങ്കിലും ക്രൈസ്തവവിശ്വാസിക്കോ മാതാപിതാക്കള്‍ക്കോ, മാമ്മോദീസാ നല്‍കാവുന്നതാണ് (c 677). അധികാരമില്ലാതിതടത്ത് ഒരു വൈദികനും മാമ്മോദീസാ നല്‍കിക്കൂടാ. എന്നാല്‍ മറ്റു സ്വയാധികാര സഭകളിലെ വ്യക്തിയുടെ മാമ്മോദീസായ്ക്ക് അവരുടെ വൈദികര്‍ അനുവാദത്തിനായി ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാതിരിക്കരുത്. അതുപോലെത്തന്നെ സ്വന്തം സ്വയാധികാരസഭയിലെ വൈദികരാല്‍ മാമ്മോദീസാ നല്‍കപ്പെടാന്‍ വേണ്ട സാഹചര്യങ്ങള്‍, രൂപതാദ്ധ്യക്ഷന്‍ ഉണ്ടാക്കണം (c 678). ഗര്‍ഭഛിദ്രത്തിന് (aborted fetus). വിധേയമായ ഭ്രൂണത്തിന് ജീവന്‍ ഉണ്ടായിരിക്കുകയും അതിന് മാമ്മോദീസാ നല്‍കാന്‍ സാധിക്കുന്ന സാഹചര്യമാണെങ്കില്‍ അതിന് മാമ്മോദീസാ നല്‍കപ്പെടുന്നതാണ് (c 680).

നിയമാനുസൃത മാമ്മോദീസ നല്‍കൂവാന്‍

പാലിക്കപ്പെടേണ്ട നിബന്ധനകള്‍

ശിശുക്കള്‍ക്ക് നിയമാനുസൃതം മാമ്മോദീസാ നല്‍കണമെങ്കില്‍ താഴെപ്പറയുന്ന വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണം. ശിശുവിനെ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള സാധ്യത ഉണ്ടായിരിക്കണം, മാതാപിതാക്കന്മാര്‍ ഒരാളെങ്കിലുമോ അവരുടെ സ്ഥാനത്ത് നില്‍ക്കുന്ന രക്ഷാകര്‍ത്താവോ അതിനായി സമ്മതിക്കണം. അനാഥരായ കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്‍കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മന്ദബുദ്ധികള്‍ക്ക് ശിശുക്കളെ എന്നപോലെ പരിഗണിച്ച് മാമ്മോദീസാ നല്‍കേണ്ടതാണ്. അകത്തോലിക്കരുടെ മക്കള്‍ക്ക് നിയമാനുസൃതം മാമ്മോദീസാ നല്‍കണമെങ്കില്‍ മാതാപിതാക്കള്‍ ഒരാളെങ്കിലും അതിനായി ആവശ്യപ്പെടണം. അല്ലെങ്കില്‍ അവരുടെ സ്വന്തം സഭയിലെ പുരോഹിതരെ ലഭിക്കാനുള്ള സാധ്യതയില്ലാത്ത അവസ്ഥയിലായിരിക്കണം. ശിശുവല്ലാത്ത ഏതൊരു വ്യക്തിയേയും മാമ്മോദീസാ സ്വീകരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിനായി ഒരുക്കുകയും വേണം (cc 681-682). മാമ്മോദീസാ നല്‍കുന്നതിന് തലതൊട്ടപ്പനോ, തലതൊട്ടമ്മയോ ഒരാളെങ്കിലും ഉണ്ടായിരിക്കണം. പുരാതനകാലം മുതല്‍ അര്‍ത്ഥിയെ ഒരുക്കുന്നതിനും ശിശുവെങ്കില്‍ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഈ ആചാരം നിലവില്‍ ഉണ്ടായിരുന്നു.

തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകണമെങ്കില്‍ താഴെപറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.

  1. മാമ്മോദീസാ, സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ കൂദാശകള്‍ സ്വീകരിച്ച ആളായിരിക്കണം.
  2. സാധാരണനിലയില്‍ കത്തോലിക്കനായിരിക്കണം
  3. ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറുണ്ടാകണം.
  4. മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തിയോ, മാതാപിതാക്കളോ രക്ഷാകര്‍ത്താക്കളോ അവരില്ലെങ്കില്‍ വൈദികനോ ചുമതലപ്പെടുത്തിയിരിക്കണം.
  5. മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തിയുടെ മാതാവോ പിതാവോ ദമ്പതിയോ ആകരുത്
  6. സഭാപരമായി ശിക്ഷണനടപടികള്‍ക്ക് വിധേയരാകരുത്.
  7. പ്രത്യേകനിയമം അനുശാസിക്കുന്നപ്രായം, സഭാജീവിതം തുടങ്ങിവയ ഉണ്ടായിരിക്കണം.

ന്യായമായ കാരണം ഉള്ളപ്പോള്‍ പൗരസ്ത്യ അകത്തോലിക്കാസഭയിലെ ക്രൈസ്തവ വിശ്വാസിയെ തലതൊട്ടയാളുടെ കര്‍ത്തവ്യം അനുഷ്ഠിക്കാന്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ എല്ലായ്പ്പോഴും ഇത് തലതൊടുന്ന കത്തോലിക്കരായ ഒരാളോടൊപ്പം ആയിരിക്കണം (c. 684). ശിശുക്കള്‍ക്ക് എത്രയും വേഗം മാമ്മോദീസാ നല്‍കുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് ഉണ്ട്. മാതാപിതാക്കളുടെയും തലതൊടുന്നവരുടെയും ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഇടവക വികാരി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണം. സാധാരണനിലയില്‍ പള്ളിയില്‍വച്ചാണ് മാമ്മോദീസാ നല്‍കേണ്ടത്. പ്രത്യേകനിയമം അനുവദിക്കുന്നുണ്ടെങ്കിലോ, രൂപതാധ്യക്ഷന്‍റെ അനുവാദത്തോടെയോ വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ വെച്ച് മാമ്മോദീസാ നല്‍കാവുന്നതാണ് (cc. 687). തലതൊടാന്‍ ഒരാളെങ്കിലും ഇല്ലാത്ത അവസ്ഥയില്‍ ഒരു സാക്ഷിയെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മാമ്മോദീസാ പരികര്‍മ്മം ചെയ്യുന്ന ആളിന്‍റെ ചുമതലയാണ്. മാമ്മോദീസാ സാധുവായി പരികര്‍മ്മം ചെയ്യുന്നുവെന്നതിന് തെളിവാണ് ഈ സാക്ഷി (cc. 688).

മാമ്മോദീസാ രജിസ്റ്റര്‍

മാമ്മോദീസാ നടത്തപ്പെടുന്ന സ്ഥലത്തെ വികാരി ഉടന്‍തന്നെ വളരെ സൂക്ഷ്മതയോടെ മാമ്മോദീസാ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ എഴുതിച്ചേര്‍ക്കണം. മാമ്മോദീസാ സ്വീകരിച്ച് ആളിന്‍റെ പേര്, മാതാപിതാക്കന്‍മാരുടെ പേര്, തലതൊടുന്നവരുടെ പേര്, സ്ഥലവും തിയ്യതിയും, ജനനതിയ്യതി, ജനനസ്ഥലം എന്നിവയും സ്വയാധികാര സഭയിലെ അംഗത്വവും എഴുതിച്ചേര്‍ക്കണം. അവിവാഹിതരായ അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പേരിനോടൊപ്പം അമ്മയുടെ പേരും എഴുതിച്ചേര്‍ക്കേണ്ടത് മാതൃത്വം പരസ്യമാണെങ്കിലോ, അമ്മ രേഖാമൂലം ആവശ്യപ്പെടുന്ന സാഹചര്യത്തിലോ ആണ്. അപ്പന്‍ ആവശ്യപ്പെടുകയും പിതൃത്വം പരസ്യമായി വെളിവാക്കപ്പെടുകയും ചെയ്തതാണെങ്കില്‍, പിതാവിന്‍റെ പേര് എഴുതി ചേര്‍ക്കുന്നു. മറ്റു സാഹചര്യങ്ങളില്‍ പിതാവിന്‍റെയോ, മാതാവിന്‍റെയോ പേര് ചേര്‍ക്കാതെ മാമ്മോദീസാ രജിസ്റ്ററില്‍ ശിശുവിന്‍റെ പേരുമാത്രം ചേര്‍ക്കുന്നു. ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ സിവില്‍നിയമം അനുസരിക്കേണ്ടതാണ് (cc. 689). മാമ്മോദീസാ നടന്നകാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് തെളിയിക്കുന്നതിനുവേണ്ടി സംശയത്തിനതീതനായ ഒരു വ്യക്തിയുടെ സാക്ഷ്യമോ, മുതിര്‍ന്നവര്‍ക്കുള്ള മാമ്മോദീസായായിരുന്നുവെങ്കില്‍ സ്നാനം സ്വീകരിച്ചയാളുടെ സംശയാതീതമായ കാര്യകാരണങ്ങളും കാണിച്ചുകൊണ്ടുള്ള പ്രഖ്യാപനമോ മതിയാവുന്നതാണ് (cc. 691).

ഢകക സ്ഥൈര്യലേപനം (തൈലാഭിഷേകം)

സ്ഥൈര്യലേപനം എന്ന കൂദാശ ശരിയായ ക്രൈസ്തവ സാക്ഷ്യത്തിനായി വിശ്വാസികളെ ഒരുക്കുന്നു. വി. തൈലാഭിഷേകം വഴി പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ ലഭിക്കുന്നു. തൈലംപൂശല്‍ ശരീരത്തെ പുഷ്ടപ്പെടുത്തുന്നതുപോലെ വിശ്വാസത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. കായികാഭ്യാസികള്‍ ശരീരത്തില്‍ തൈലംപൂശി മല്‍സരത്തിനു തയ്യാറാകുന്നുപോലെ, സ്ഥൈര്യലേപനമെന്ന കൂദാശയുടെ സ്വീകരണത്തിലൂടെ ക്രൈസ്തവര്‍ ഈലോകജീവിതത്തില്‍ വിശ്വാസത്തിനെതിരായുള്ള വെല്ലുവിളികളെ നേരിടാന്‍ സജ്ജരാകുന്നു (cc. 692). സുഗന്ധകൂട്ടുകളും ഒലിവെണ്ണകളും കലര്‍ത്തിയാണ് തൈലം തയ്യാറാക്കുന്നത്. സാധാരണയായി എല്ലാ പൗരസ്ത്യ സഭകളിലും മെത്രാനാണ് വി. തൈലം കൂദാശചെയ്യുന്നത്. സീറോ മലബാര്‍ ആരാധനക്രമമനുസരിച്ച് വലിയ ശനിയാഴ്ച രാവിലെ മെത്രാന്‍ തന്‍റെ കത്തീഡ്രലില്‍വെച്ച് ആഘോഷമായി വി. തൈലം കൂദാശ ചെയ്യുകയും ഇടവക വികാരിമാര്‍ അവിടെനിന്നും വാങ്ങിക്കൊണ്ട് പോവുകയുമാണ് പതിവ് (cc. 693). പൗരസ്ത്യസഭകളില്‍ പുരോഹിതനാണ് സ്ഥൈര്യലേപനത്തിന്‍റെ കാര്‍മ്മികന്‍ മാമ്മോദീസായോടൊപ്പമോ, അല്ലാതെയോ സ്ഥൈര്യലേപനം കൊടുക്കുമ്പോഴും വൈദികര്‍ തന്നെയാണ് കാര്‍മ്മികര്‍ (cc. 694). പൗരസ്ത്യ സഭാനിയമം നിഷ്കര്‍ഷിക്കുന്നതനുസരിച്ച് മാമ്മോദീസായും സ്ഥൈര്യലേപനവും ഒരുമിച്ചാണ് കൊടുക്കേണ്ടത്. വേറിട്ട് കൊടുക്കുമ്പോഴും അധികം താമസിയാതെതന്നെ സ്ഥൈര്യലേപനം കൊടുക്കാന്‍ വൈദികര്‍ ശ്രദ്ധിക്കണം (cc. 695). പൗരസ്ത്യസഭകളില്‍പ്പെട്ട എല്ലാ വൈദികര്‍ക്കും സ്ഥൈര്യലേപനം നല്‍കാന്‍ അധികാരമുണ്ട്. സാധാരണഗതിയില്‍ സ്വന്തം സഭയില്‍പ്പെട്ട വിശ്വാസികള്‍ക്ക് മാത്രമേ വൈദികര്‍ നിയമാനുസൃതം സ്ഥൈര്യലേപനം കൊടുക്കാവൂ. എന്നാല്‍ മരണാസന്നരായവര്‍ക്കോ, സ്വന്തം അജഗണത്തില്‍പെട്ടവര്‍ക്കോ ഈ കൂദാശ നിയമാനുസൃതം കൊടുക്കാവുന്നതാണ്, അവര്‍ ഏത് സ്വയാധികാര സഭയില്‍പ്പെട്ടവരായാലും (cc. 696). രക്ഷാകര രഹസ്യത്തിലേക്കുള്ള കൗദാശികമായ പ്രവേശനം വി. കുര്‍ബാന സ്വീകരിണത്തിലാണ് പൂര്‍ണ്ണമാകുന്നത്. അതുകൊണ്ട് ഓരോ സ്വയാധികാരസഭകളുടേയും പ്രത്യേക നിയമത്തിന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മാമ്മോദീസായ്ക്കും സ്ഥൈര്യലേപനത്തിനും ശേഷം എത്രയും വേഗം വി. കുര്‍ബാന നല്‍കപ്പെടുന്നു. പൗരസ്ത്യസഭാ പാരമ്പര്യമനുസരിച്ച് മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ പ്രവേശകകൂദാശകള്‍ ഒരുമിച്ച് പരികര്‍മ്മം ചെയ്യേണ്ടവയാണ്. (c. 697). ശിശുക്കള്‍ ജനിച്ച ഉടന്‍തന്നെ ജീവന്‍ പരിപോഷിപ്പിക്കാന്‍ ഭൗതിക ഭക്ഷണം (മുലപ്പാല്‍, പാല്‍) ആവശ്യമായിരിക്കുന്നതുപോലെ ആത്മീയ ജീവന്‍ പരിപോഷിപ്പിക്കുവാന്‍ ആത്മീയ ഭക്ഷണം നല്കേണ്ടത് അത്യാവശ്യമാണ്.

വി. കുര്‍ബാന (cc. 698-717)

വി. കുര്‍ബാനയെന്ന കൂദാശ അന്ത്യ അത്താഴത്തിന്‍റെയും കര്‍ത്താവിന്‍റെ കുരിശിലെ ബലിയുടെയും സമ്യക്കും പ്രതീകാത്മകവുമായ പുനരാവിഷാക്കരണമാണ്. ബലിയും, കാഴ്ച്ചയും, വിരുന്നുമായ ഈ കൂദാശ ക്രിസ്തുവിന്‍റെ ശരീരമായ സഭയെ പടുത്തുയര്‍ത്തുന്നു (c. 698). എല്ലാ ക്രൈസ്തവ വിശ്വാസികളും അവരുടേതായ രീതിയില്‍ ആരാധനക്രമ പുസ്തകത്തില്‍ പറയുന്നതുപോലെ പരി. കുര്‍ബാനയില്‍ പങ്കുചേരണം. മെത്രാന്മാര്‍ക്കും വൈദീകര്‍ക്കും മാത്രമേ പരി. കുര്‍ബാനയില്‍ കാര്‍മ്മികരാകുവാന്‍ അധികാരമുള്ളൂ. രൂപതയില്‍ പ്രധാന കാര്‍മ്മികനായ മെത്രാനോടൊപ്പം എല്ലാ വൈദികരും ഒരുമിച്ച് സാധിക്കുമ്പോഴെല്ലാം ബലിയര്‍പ്പിക്കുന്നത് നല്ലതാണ്. സമൂഹബലിയാണ് അഭികാമ്യമെങ്കിലും തനിച്ച് വി. കുര്‍ബാന അര്‍പ്പിക്കാനുള്ള അനുവാദം ഓരോ വൈദികനും ഉണ്ട്. എന്നിരുന്നാലും സമൂഹബലി നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അതേ ദേവാലയത്തില്‍വെച്ച് ഇങ്ങനെ ചെയ്യാന്‍ വൈദികന് അവകാശമില്ല (c. 700). വിവിധ സ്വയാധികാര സഭകളിലെ മെത്രാന്മാരും വൈദികരും സഭയുടെ കൂട്ടായ്മ പ്രകടമാക്കുന്നതിനായി സമൂഹബലിയര്‍പ്പിക്കുന്നതും നല്ലതാണ്. അങ്ങനെ ചെയ്യുമ്പോള്‍ മുഖ്യ കാര്‍മ്മികന്‍റെ റീത്തു പ്രകാരമാണ് ബലി അര്‍പ്പിക്കേണ്ടത്. എന്നാല്‍ ഓരോ സഹകാര്‍മ്മികനും തന്‍റെ റീത്ത് അനുസരിച്ചുള്ള തിരുവസ്ത്രങ്ങള്‍ ധരിക്കുന്നു (c. 701). അകത്തോലിക്കാ വൈദികരുമായി സമൂഹബലി പാടില്ല (c. 702). പുറമേനിന്ന് വൈദികന്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വരുമ്പോള്‍ മെത്രാന്‍റെ ശുപാര്‍ശക്കത്ത് (celebret) പള്ളിയുടെ റെക്ടറെ (വികാരിയെ) കാണിക്കണം. അല്ലെങ്കില്‍ വരുന്ന വൈദികനെക്കുറിച്ച് റെക്ടറിന് (വികാരിക്ക്) ബോധ്യമുണ്ടായിരിക്കണം (c. 703). കര്‍മ്മവിധിപ്രകാരം മുടക്കമില്ലാത്ത (ഉദാ: ദുഃഖവെള്ളി) എല്ലാ ദിവസവും കുര്‍ബാന അര്‍പ്പിക്കാം (c. 704). ഒരു കത്തോലിക്കാ പുരോഹിതന് ഏത് കത്തോലിക്കാ പള്ളിയിലെ അള്‍ത്താരയിലും റെക്ടറിന്‍റെ അനുവാദത്തോടെ ബലിയര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അകത്തോലിക്കാ ദേവാലയത്തില്‍ ബലിയര്‍പ്പിക്കണമെങ്കില്‍ രൂപതാദ്ധ്യക്ഷന്‍റെ അനുവാദം വേണം (c. 705). വി. കുര്‍ബാനയ്ക്കാവശ്യമായ അപ്പം ഗോതമ്പില്‍ നിന്നും കേടുവരാന്‍ സാധ്യതയില്ലത്തവിധം - അടുത്തകാലത്ത് ഉണ്ടാക്കിയതായിരിക്കണം. വി. കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ്, മുന്തിരിയില്‍ നിന്ന് ഉണ്ടാക്കിയ കേടുവരാത്ത സാധാരണ വീഞ്ഞ് ആയിരിക്കണം (c. 706). കുര്‍ബാന അപ്പത്തിന്‍റെ ഒരുക്കം, കുര്‍ബാനയ്ക്ക് ഒരുക്കമായുള്ള ഉപവാസം, തിരുവസ്ത്രങ്ങള്‍, സമയം, സ്ഥലം തുടങ്ങിയവ സംബന്ധിച്ചുള്ള നിയമങ്ങളും ഓരോ സ്വയാധികാര സഭകള്‍ക്കുമുള്ളതാണ്. സ്വന്തം സഭയിലേത് സംലഭ്യമല്ലെങ്കില്‍ മറ്റു സ്വയാധികാര സഭയിലെ തിരുവസ്ത്രവും, കുര്‍ബാനയപ്പവും ഉപയോഗിക്കാവുന്നതാണ് (c. 707). അടുക്കലടുക്കലും പ്രത്യേകിച്ച് മരണാവസ്ഥയിലും, പെസഹാകാലത്തും, വി. കുര്‍ബാന ഉള്‍ക്കൊള്ളുവാനുള്ള കടമയെക്കുറിച്ചും വിശ്വാസികളെ ബോധവവാന്‍മാരാക്കാന്‍ രൂപതാ മെത്രാന്മാരും ഇടവക വികാരിമാരും ശ്രദ്ധിക്കേണ്ടതാണ് (c.708). പൊതുനിയമമനുസരിച്ച് വൈദികരാണ് വിശ്വാസികള്‍ക്ക് വി. കുര്‍ബാന വിതരണം ചെയ്യേണ്ടത്. പ്രത്യേക നിയമം അനുവദിക്കുന്നവിധത്തില്‍ മറ്റു വിശ്വാസികള്‍ക്കും വി. കുര്‍ബാന വിതരണം ചെയ്യാവുന്നതാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടതായ അറിവും പരിശീലനവും നല്‍കണം (c. 709). ഗൗരവമായ പാപാവസ്ഥയിലുള്ളവര്‍ വി. കുര്‍ബാന സ്വീകരിക്കുകയോ, അര്‍പ്പിക്കുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമായി വന്നാല്‍ അവര്‍ പൂര്‍ണ്ണമായ ഒരു മനസ്താപം നടത്തുകയും എത്രയും പെട്ടെന്നുതന്നെ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കുകയും വേണം. പരസ്യപാപികള്‍ക്ക് കുര്‍ബാന സ്വീകരണം വിലക്കപ്പെട്ടിരിക്കുന്നു (c. 711,712). തക്ക കാരണത്താല്‍ മറ്റുവിധത്തില്‍ നിര്‍ബന്ധിക്കുന്നില്ലെങ്കില്‍ കുര്‍ബാനക്കിടയ്ക്കു തന്നെ പരി. കുര്‍ബാന വിതരണം ചെയ്യണം. എന്നാല്‍ രോഗികള്‍ക്ക് അല്ലാതെയും നല്‍കാം (c. 713). ക്രൈസ്തവ വിശ്വാസികളുടെ ആരാധനയ്ക്കും രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനുമായി വി. കുര്‍ബാന ദേവാലയങ്ങളില്‍ പൂജ്യമായി സൂക്ഷിക്കേണ്ടതാണ് (c. 714). ഓരോ സഭകളുടെയും സ്ഥലത്തിന്‍റെയും നിയമങ്ങള്‍ക്കനുസൃതം കുര്‍ബാന ധര്‍മ്മവും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കായുള്ള ധര്‍മ്മവും സ്വീകരിക്കാവുന്നതും അതിന്‍റെ ഉത്തരവാദിത്വം കൃത്യമായി പാലിക്കേണ്ടതുമാണ് (cc. 71517).

അനുരജ്ഞന കൂദാശ (cc. 718736)

മാമ്മോദീസായ്ക്കുശേഷം ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പൊറുതിയാചിച്ചുകൊണ്ട് ഒരു വ്യക്തി, പുരോഹിതന്‍റെ ശുശ്രൂഷയിലൂടെ ദൈവത്തോടും സഭയോടും അനുരഞ്ജനപ്പെടുന്ന കൂദാശയാണ് കുമ്പസാരം. പരിശുദ്ധാത്മാവിനാല്‍ ആന്തരികമായി നയിക്കപ്പെട്ടാണ് ഒരു വ്യക്തി പാപസങ്കീര്‍ത്തന വേദിയിലേക്ക് അണയുന്നത്. പശ്ചാത്താപവും, പാപങ്ങളുടെ വ്യക്തിപരമായ ഏറ്റുപറച്ചിലും പാപത്തില്‍നിന്നും പിന്‍തിരിയുവാനുള്ള ഉറച്ച തീരുമാനവും കുമ്പസാരത്തിന് ആവശ്യമാണ് (c. 718). ഗൗരവമായ പാപത്തെക്കുറിച്ച് ബോധ്യമുള്ള ഏതൊരുവനും ഈ കൂദാശ എത്രയും വേഗം സ്വീകരിക്കണം. മാത്രമല്ല, നോമ്പിന്‍റെയും പശ്ചാത്താപത്തിന്‍റെ കാലങ്ങളിലും ഈ കൂദാശ സ്വീകരിക്കേണ്ടതാണ് (c. 719). ഗൗരവമായ പാപംചെയ്ത ക്രൈസ്തവ വിശ്വാസി ദൈവവുമായും സഭയുമായും അനുരഞ്ജനപ്പെടുന്നതിനുള്ള ഒരേയൊരു സാധാരണമാര്‍ഗ്ഗം വ്യക്തിപരവും സമഗ്രവുമായ കുമ്പസാരവും പാപമോചനവുമാണ്. ഇതിന് ശാരീരികമായും ധാര്‍മ്മികമായും അസാധ്യമായ അവസരങ്ങളില്‍ മാത്രമേ മറ്റുതരത്തിലുള്ള ക്രമങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ (c. 720). വ്യക്തിപരമായി കുമ്പസാരിക്കാതെ സാധാരണഗതിയില്‍ പാപമോചനം പൊതുവായി നല്‍കിക്കൂടാ. എന്നാല്‍ വ്യക്തിപരമായി കുമ്പസാരം നടത്താന്‍ സാധ്യമല്ലാത്തവിധത്തില്‍ മരണാവസ്ഥയില്‍ ആയിരിക്കുമ്പോഴും വൈദികരുടെ ദൗര്‍ലഭ്യത്താലും കുമ്പസാരത്തിനണഞ്ഞിരിക്കുന്നവരുടെ ആധിക്യത്താലും, പലര്‍ക്കും കൗദാശിക പ്രസാദം ലഭിക്കാതിരിക്കാന്‍ സാധ്യതയുള്ള ഗൗരവമായ സാഹചര്യങ്ങളിലും ഒന്നിച്ചുള്ള പാപമോചനം നല്‍കാവുന്നതാണ്. എന്നാല്‍ ഈ ഗൗരവമായ സാഹചര്യങ്ങള്‍ ഏതെന്ന് നിശ്ചയിക്കേണ്ടത് രൂപതാമെത്രാനാണ്. ഇതിനു സ്ഥലത്തെ മറ്റു മെത്രാന്മാരുമായി ആലോചിക്കേണ്ടതാണ് (c. 720). സമൂഹപാപമോചനം സ്വീകരിക്കാന്‍ പാപത്തെകുറിച്ച് ഉത്തമമായി മനസ്തപിക്കുകയും സാധിക്കുന്ന ഏറ്റവും അടുത്ത അവസരങ്ങളില്‍ വ്യക്തിപരമായി കുമ്പസാരിക്കുകയും വേണം (c. 721). വൈദികര്‍ക്കു മാത്രമേ പാപമോചനം നല്‍കാന്‍ അധികാരമുള്ളൂ. പ്രത്യേക സാഹചര്യത്തില്‍ ഒരു രൂപതാമെത്രാന്‍ എതിര്‍ക്കുന്നില്ലെങ്കില്‍ മെത്രാന്മാര്‍ക്ക് ലോകത്തെല്ലായിടത്തും പാപമോചനാധികാരമുണ്ട്. നിയമത്തിലോ നിയമാനുസൃതമായ അധികാരി നല്‍കുന്ന അനുവാദത്താലോ, അധികാരം (ളമരൗഹ്യേ) ഉണ്ടെങ്കില്‍ മാത്രമേ ഒരു വൈദികന് വാസ്തവമായി കുമ്പസാരിപ്പിക്കാനാവൂ (c. 722). ഈ അധികാരം രൂപതാദ്ധ്യക്ഷന് രൂപതാതിര്‍ത്തിയിലും വികാരിക്ക് ഇടവകാതിര്‍ത്തിയിലും ഉദ്യോഗസഹജമായി ഉണ്ട് (c. 723). മരണാവസ്ഥയില്‍ ഏതൊരു വൈദികനും എവിടെയും ഏതു പാപിക്കും പാപമോചനം നല്‍കാവുന്നതാണ് (c. 725). ഗൗരവമായ കാരണങ്ങള്‍ കൂടാതെ, കുമ്പസാരാനുവാദം ഒരു വൈദികനില്‍നിന്നും പിന്‍വലിക്കാന്‍ പാടില്ല. അങ്ങനെ പിന്‍വലിക്കപ്പെടുകയോ ഉദ്യോഗത്തില്‍നിന്നും മാറ്റുകയോ, രൂപത മാറുകയോ ചെയ്യുമ്പോള്‍ ഈ അനുവാദം നഷ്ടപ്പെടുന്നു (c. 726). ചില പാപങ്ങളുടെ മോചനം ശ്ലൈഹിക സിംഹാസനത്തിനു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കുമ്പസാര രഹസ്യം നേരിട്ട് വെളിപ്പെടുത്തല്‍, ശുദ്ധതയ്ക്കെതിരായി പാപംചെയ്യാന്‍ സഹകരിച്ച കൂട്ടാളിയുടെ പാപമോചനം എന്നിവ. ഇങ്ങനെ ആരെങ്കിലും കുമ്പസാരിച്ചാല്‍ മരണാവസ്ഥയിലൊഴികെ പാപമോചനം വാസ്തവമാകില്ല (c. 730). പൂര്‍ണ്ണ ഗര്‍ഭഛിദ്രം നടത്തിയവരുടെ പാപം മോചിക്കാന്‍ രൂപതാമെത്രാനു മാത്രമേ അധികാരമുള്ളൂ (c. 778). എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പാപമോചന സംവരണം ഇല്ലാതാകുന്നു. വിവാഹത്തിനുള്ള ഒരുക്കമായി കുമ്പസാരിക്കുന്ന ആളിന്‍റെയും വീടിനു പുറത്തുപോകാന്‍ ബുദ്ധിമുട്ടായ ആളിന്‍റെയും വലിയ അസൗകര്യം കൂടാതെ മേലധികാരിയെ സമീപിക്കാന്‍ പറ്റാത്തവരുടെ കാര്യങ്ങളിലും കുമ്പസാര രഹസ്യം വെളിപ്പെടുന്ന അപകടമുള്ള സാഹചര്യങ്ങളിലും, നിബന്ധനവെച്ച് അധികാരിയുടെ അധികാരപരിധിക്ക് പുറത്താകുമ്പോഴും, സംവരണത്തിന്‍റെ നിയമസാധുത നഷ്ടപ്പെടുന്നു (c. 729). കുമ്പസാരക്കാരനെതിരായി, ശുദ്ധതയ്ക്കെതിരായി കുറ്റമാരോപിച്ചുകൊണ്ട് തെറ്റായ രീതിയില്‍ ആക്ഷേപം നടത്തുന്നവന്‍റെ പാപം, പ്രസ്തുത വ്യക്തി തെറ്റായ ആക്ഷേപം പിന്‍വലിക്കുകയും ആവശ്യമായ പരിഹാരം നടത്തുകയും ചെയ്താലല്ലാതെ മോചിക്കുവാന്‍ പാടുള്ളതല്ല (c. 731). പാപങ്ങളുടെ സ്വഭാവവും ഗൗരവവും എണ്ണവും അനുസരിച്ചും, അനുതാപിയുടെ അവസ്ഥയും അതുപോലെതന്നെ അയാളുടെ മാനസാന്തര മനോഭാവവും പരിഗണിച്ചും അനുയോജ്യമായ പ്രായശ്ചിത്ത പ്രവൃത്തികളും കുമ്പസാരക്കാരന്‍ കല്‍പിക്കണം (c. 732). കുമ്പസാര രഹസ്യം ഒരു കാരണവശാലും വെളിപ്പെടുത്താന്‍ പാടുള്ളതല്ല. ബന്ധപ്പെടുന്ന എല്ലാവരും ഈ രഹസ്യം പാലിക്കാന്‍ ബാധ്യസ്ഥരാണ് (c. 738). കുമ്പസാരത്തില്‍ കിട്ടിയ അറിവ് വെച്ച് ബാഹ്യമായ ഒരു നടപടിയും സ്വീകരിക്കാന്‍ പാടില്ല (c. 734). കുമ്പസാരത്തിന് ഏറ്റവും ഉചിതമായ സ്ഥലം പള്ളിയാണ്. രോഗാവസ്ഥയിലോ മറ്റു തക്കതായ കാരണങ്ങളുള്ളപ്പോഴോ മറ്റു സ്ഥലങ്ങളിലും കുമ്പസാരിപ്പിക്കാവുന്നതാണ്. പ്രത്യേകനിയമം ഇക്കാര്യത്തില്‍ പാലിക്കണം (c. 736).

രോഗീലേപനം (cc. 737-742)

രോഗികളുടെ മേല്‍ വിശുദ്ധ തൈലംകൊണ്ട് പൂശുകയും കൈവച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്ത് അവരെ സുഖപ്പെടുത്തുക എന്ന അപ്പസ്തോലിക പാരമ്പര്യം (മര്‍ക്കോ.  6.13, യാക്കോ 5:1417) സഭ കൂദാശയായി അംഗീകരിക്കുകയും നിഷ്ഠയോടെ പിന്‍തുടരുകയും ചെയ്യുന്നു. മനസ്തപിച്ച് പാപപ്പൊറുതിയപേക്ഷിച്ചുകൊണ്ട് ഈ കൂദാശ സ്വീകരിക്കുമ്പോള്‍ രോഗിക്ക് പാപമോചനവും രോഗാവസ്ഥയെയും ജീവിതാനുഭവങ്ങളെയും നേരിടാനുള്ള ശക്തിയും ലഭിക്കുന്നു. മരണാസന്നര്‍ക്കുമാത്രമല്ല പ്രായമായവര്‍ക്കും, രോഗാവസ്ഥയിലുള്ളവര്‍ക്കും രോഗശാന്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നതിന് ഈ കൂദാശ സഹായകരമാണ്. ചില സഭകളില്‍ (ബൈസന്‍റയിന്‍) ഒന്നിലധികം വൈദികര്‍ ചേര്‍ന്നാണ് ഈ കൂദാശ നല്‍കുന്നത്. ഈ പാരമ്പര്യം പാലിക്കപ്പെടണമെന്ന് സഭ നിഷ്കര്‍ഷിക്കുന്നു (c. 737). ഗൗരവമായ അസുഖംവരുന്ന സാഹചര്യങ്ങളിലെല്ലാം ക്രൈസ്തവ വിശ്വാസികള്‍ ഈ കൂദാശ സ്വീകരിക്കാന്‍ അണയുകയും അജപാലകര്‍ അതിനായി ഉപദേശിക്കുകയും വേണം (c. 738). തിരുപ്പട്ടം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഈ കൂദാശ പരികര്‍മ്മം ചെയ്യാന്‍ അധികാരമുള്ളു (c. 739). ഗൗരവമായ രോഗത്താല്‍ വ്യക്തിക്ക് ഓര്‍മ്മയോ, ബുദ്ധിശക്തിയോ ഇല്ലാത്ത അവസരത്തില്‍ രോഗി ആവശ്യപ്പെടുന്നു എന്ന അനുമാനത്തില്‍ വൈദികന് ഈ   കൂദാശ പരികര്‍മ്മം ചെയ്യാവുന്നതാണ് (c. 740). രോഗീലേപനത്തിനുള്ള തൈലം പല സഭകളിലും കാര്‍മ്മികരായ വൈദികര്‍ തന്നെയാണ് വെഞ്ചരിക്കുന്നത്. ഇതു സംബന്ധിച്ച പ്രത്യേക നിയമം പാലിക്കപ്പെടേണ്ടതാണ്. സീറോമലബാര്‍ സഭയില്‍ വിശുദ്ധതൈല വെഞ്ചരിപ്പിനോടൊപ്പം, രോഗീലേപനത്തിനുള്ള തൈലവും രൂപതാമെത്രാന്‍ തന്നെ വെഞ്ചരിക്കുന്ന പതിവാണുള്ളത് (c. 741). കൂദാശ പരികര്‍മ്മം ചെയ്യുന്നരീതിയും ചൊല്ലുന്ന പ്രാര്‍ത്ഥനകളും ആരാധനക്രമ പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ക്കനുസരിച്ചായിരിക്കണം. അത്യാവശ്യ അവസരങ്ങളില്‍ രോഗീലേപനം, ആവശ്യമുള്ള പ്രാര്‍ത്ഥനമാത്രം ചൊല്ലി നടത്താവുന്നതാണ് (c. 742).

 

 

 

 

 

                

Worship of God Especially the sacraments catholic malayalam worship Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message