x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ പൗരസ്ത്യസഭകളുടെ നിയമങ്ങൾ

ആരാണ് സിഞ്ചെല്ലൂസ് ?

Authored by : Dr. Abraham Kavilpurayidathil On 16-Oct-2020

ആരാണ് സിഞ്ചെല്ലൂസ് ? 


ഒരു രൂപതാമെത്രാന് ഇഷ്ടമുള്ള വൈദികനെ വികാരി ജനറാളായി നിയമിക്കാം. ഇക്കാര്യത്തില്‍ ആരുടെയും സമ്മതമോ ആരോടുമായി ആലോചനയോ നിയമം ആവശ്യപ്പെടുന്നില്ല. അതേസമയം, ഒരു രൂപതയില്‍ സഹായമെത്രാന്‍ (Auxiliary Bishop) ഉണ്ടെങ്കില്‍ അദ്ദേഹത്തെയാണ് പ്രോട്ടോസിഞ്ചെല്ലൂസ് അഥവാ വികാരി ജനറാള്‍ ആയി നിയമിക്കേണ്ടത് (CCEO c. 215:2, CIC c. 406). രൂപതാദ്ധ്യക്ഷന്‍ നിശ്ചയിക്കുന്ന സമയം വരെയാണ് പ്രോട്ടോസിഞ്ചെല്ലൂസ് അഥവാ വികാരി ജനറാള്‍ അധികാരത്തില്‍ തുടരുന്നത്. മെത്രാന്‍ രാജി സമര്‍പ്പിക്കുമ്പോഴും മറ്റു കാരണങ്ങളാല്‍ മെത്രാന്‍സ്ഥാനം ഒഴിവുവരുമ്പോഴും വൈദികനായ വികാരി ജനറാളിന്‍റെ സ്ഥാനവും അവസാനിക്കുന്നു (CCEO c. 251, CIC c. 481).

എന്നാല്‍ ആരാണ് 'സിഞ്ചെല്ലൂസ്'? രൂപതയുടെ ഫലപ്രദമായ ഭരണത്തിന് ആവശ്യമായി വരുമ്പോള്‍ രൂപതാദ്ധ്യക്ഷന് ഒന്നോ അതിലധികമോ സിഞ്ചെല്ലൂസുമാരെ നിയമിക്കാമെന്ന് പൗരസ്ത്യ കാനന്‍നിയമം പറയുന്നു (CCEO c. 246). സിഞ്ചെല്ലൂസിന്‍റെ അധികാരത്തിന്‍റെ സ്വഭാവം പ്രോട്ടോസിഞ്ചെല്ലൂസിന്‍റേതു തന്നെയാണ്. എന്നാല്‍ പ്രോട്ടോസിഞ്ചെല്ലൂസിന് രൂപതമുഴുവനിലും അധികാരമുള്ളപ്പോള്‍ സിഞ്ചെല്ലുസിന്‍റെ അധികാരം നിയമത്താലും മെത്രാന്‍റെ നിയമനത്താലും രൂപതയുടെ ഒരു നിശ്ചിത ഭാഗത്തോ പ്രത്യേക കാര്യങ്ങളിലോ മാത്രമായിരിക്കും. ഉദാഹരണത്തിന് ഒരു രൂപതയിലെ ഒരു പ്രത്യേക ഫൊറോനയുടെ ഉത്തരവാദിത്തം ഒരു സിഞ്ചെല്ലൂസിന് നല്‍കാവുന്നതാണ്. അല്ലെങ്കില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി (സ്കൂള്‍, കോളജ് ഉള്‍പ്പെടെ) ഒരു സിഞ്ചെല്ലൂസിനെ നിയമിക്കാവുന്നതാണ്. സമര്‍പ്പിതരുടെ കാര്യം ശ്രദ്ധിക്കാന്‍ മറ്റൊരു സിഞ്ചെല്ലൂസിനെ രൂപതാദ്ധ്യക്ഷന് നിയമിക്കാം. നിയമനത്തിന്‍റെ കാര്യത്തിലും യോഗ്യതയുടെ കാര്യത്തിലും നിയമനം അവസാനിക്കുന്ന കാര്യത്തിലുമെല്ലാം പ്രോട്ടോസിഞ്ചെല്ലൂസിനെപ്പോലെയാണ് സിഞ്ചെല്ലൂസും. 

ലത്തീന്‍ സഭാനിയമത്തില്‍ സിഞ്ചെല്ലൂസ് എന്ന സ്ഥാനത്തിനുപകരം എപ്പിസ്കോപ്പല്‍ വികാരി എന്ന സ്ഥാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൗരസ്ത്യസഭാനിയമത്തിലെ സിഞ്ചെല്ലൂസിന്‍റെ ഓഫീസുപോലെയാണ് വലിയ വ്യത്യാസങ്ങളില്ലാതെ എപ്പിസ്കോപ്പല്‍ വികാരിയുടെ ഉത്തരവാദിത്തവും സഭാനിയമത്തില്‍ തിട്ടപ്പെടുത്തിയിരിക്കുന്നത് (CIC c. 476).
സിഞ്ചെല്ലൂസ് എന്ന പദത്തിന്‍റെ ഉൽപ്പത്തി മനസ്സിലാക്കുന്നത് ഇത്തരുണത്തില്‍ ഉപകാരപ്രദമാണ്. Sy-ncellus എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ പദം രൂപമെടുക്കുന്നത്. (Syn = with, kellion = Cell: Latin cella) പൗരസ്ത്യപാരമ്പര്യത്തില്‍ സന്ന്യാസിമാരാണ് മെത്രാന്മാരായിരുന്നത്. സന്ന്യാസിയായ മെത്രാനോടൊത്ത് അറ (Cell) പങ്കിടുന്ന വൈദികനാണ് Syncellus. അങ്ങനെയുള്ള വൈദികരില്‍ പ്രഥമ സ്ഥാനം (Proto) വഹിക്കുന്ന വൈദികനാണ് Protosyncellus.

ചുരുക്കത്തില്‍ രൂപതാദ്ധ്യക്ഷനെ രൂപതാ ഭരണത്തില്‍ ഏറ്റവുമടുത്തു നിന്ന് സഹായിക്കാന്‍ നിയമിതനാകുന്ന വൈദികനെ ലത്തീന്‍ നിയമം വികാരി ജനറാള്‍ എന്നും പൗരസ്ത്യ നിയമം പ്രോട്ടോസിഞ്ചെല്ലൂസ് എന്നും വിളിക്കുന്നു. ഇത് തുല്ല്യസ്ഥാനങ്ങളാണ്. സാധാരണ ഗതിയില്‍ ഈ സ്ഥാനത്ത് ഒരു വ്യക്തിയേ ഉണ്ടാവൂ. സിഞ്ചെല്ലൂസ് എന്നതും എപ്പിസ്കോപ്പല്‍ വികാരി എന്നതും താരതമ്യേന സമാനമായ പദവികളാണ്. സിഞ്ചെല്ലൂസ്/എപ്പിസ്കോപ്പല്‍ വികാരിസ്ഥാനത്ത് രൂപതയുടെ ആവശ്യാനുസരണം ഒന്നോ അതില്‍ കൂടതലോ വൈദികരെ രൂപതാദ്ധ്യക്ഷന്‍ നിയമിക്കുന്നു. സിഞ്ചെല്ലൂസിനെ വികാരി ജനറാളായി വിശേഷിപ്പിക്കുന്ന ഉപയോഗശൈലിയാണ് പലപ്പോഴും തെറ്റിദ്ധാരണ ജനിപ്പിക്കുന്നത്.      

Dr. Abraham Kavilpurayidathil Syncellus Protosyncellus vicar general auxiliary bishop canon law Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message