x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

മാമ്മോദീസ നല്‍കേണ്ടതെപ്പോള്‍?

Authored by : Dr. Abraham Kavilpurayidathil On 26-Sep-2020

മാമ്മോദീസ നല്‍കേണ്ടതെപ്പോള്‍?

കുഞ്ഞുങ്ങള്‍ ജനിച്ച ഉടന്‍തന്നെ മാമ്മോദീസ നല്‍കുന്ന പതിവ് നമ്മുടെ സഭയില്‍ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് മാമ്മോദീസ നീട്ടിവയ്ക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. ഇതിനെക്കുറിച്ച് സഭാനിയമം പറയുന്നത് ഒന്നു വിശദീകരിക്കാമോ?

മാമ്മോദീസ എപ്പോള്‍ നല്‍കണമെന്ന ചോദ്യത്തിന്‍റെ ഉത്തരം അടങ്ങിയിരിക്കുന്നത് മാമ്മോദീസയുടെ പ്രാധാന്യത്തില്‍തന്നെയാണ്. ശിശുക്കള്‍ക്ക് മാമ്മോദീസ നല്‍കുന്ന പതിവ് സഭയില്‍ ആരംഭിച്ചതും ഇന്നും തുടരുന്നതും ഈ പ്രാധാന്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. എന്തുകൊണ്ടാണ് ശിശുക്കള്‍ക്ക് സഭ മാമ്മോദീസ നല്‍കുന്നത് എന്നതിന് കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്: "ഉത്ഭവപാപത്തില്‍ ജനിച്ചിരിക്കുകയാല്‍ തിന്മയുടെ ശക്തിയില്‍നിന്ന് സ്വതന്ത്രരാകേണ്ടതിനാലും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിന്‍റെ രാജ്യത്തിലേക്ക് നയിക്കപ്പെടേണ്ടതിനാലും സഭ ശിശുക്കള്‍ക്ക് മാമ്മോദീസ നല്‍കുന്നു" (CCC 1250). മാമ്മോദീസ സ്വീകരിക്കുന്നത് നിത്യരക്ഷയ്ക്ക് അത്യാവശ്യമാണെന്നും സഭ സംശയത്തിനിടയില്ലാത്തവിധം പഠിപ്പിക്കുന്നു. (CCC 1257). മാമ്മോദീസ സ്വീകരിക്കുന്നവര്‍ പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും ചെയ്യുന്നു (CCC 1213). കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കേണ്ടതിനെക്കുറിച്ചുള്ള സഭയുടെ വിശ്വാസം ഇവിടെ വ്യക്തമാകുമ്പോള്‍, എപ്പോഴാണ് ശിശുക്കള്‍ക്ക് മാമ്മോദീസ നല്‍കേണ്ടത് എന്നതിനും കൂടുതല്‍ വ്യക്തത കൈവരുന്നു.

സഭയുടെ നിയമം ദൈവശാസ്ത്രത്തില്‍ അടിസ്ഥാനമിട്ടതാണ്. ഓരോ കാര്യത്തിലും സഭാനിയമം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ദൈവശാസ്ത്ര കാഴ്ചപ്പാടിന്‍റെ പശ്ചാത്തലത്തിലാണ്. മാമ്മോദീസയിലൂടെ ഒരു വ്യക്തി പാപത്തില്‍ നിന്ന് മോചിതനാവുകയും ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ക്രിസ്തുവിനെ ധരിക്കുകയും ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയില്‍ അംഗമാവുകയും ചെയ്യുന്നുവെന്ന് സഭാനിയമം പഠിപ്പിക്കുന്നു (CCEO c. 675:1; CIC c. 849). മാമ്മോദീസ നിത്യരക്ഷയ്ക്ക് ആവശ്യമാണെന്നും ഉത്ഭവപാപത്തില്‍നിന്ന് ഒരു വ്യക്തിയെ സ്വതന്ത്രനാക്കി ദൈവപുത്രസ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് മാമ്മോദീസ എന്ന കൂദാശയിലൂടെയാണെന്നുമുള്ള സഭയുടെ ബോധ്യത്തെ സഭാനിയമം ഇപ്രകാരമാണ് നിയമമായി നല്‍കുന്നത്: "നിയമാനുസൃത ആചാരമനുസരിച്ച് ശിശുവിനെ എത്രയും പെട്ടെന്ന് മാമ്മോദീസ മുക്കുവാനുള്ള കടമ മാതാപിതാക്കള്‍ക്കുണ്ട്" (CCEO c. 686:1; CIC c. 867:1). കുഞ്ഞ് ജനിച്ച് ആദ്യ ആഴ്ചകളില്‍ത്തന്നെ മാമ്മോദീസ നല്‍കാനുള്ള നിര്‍ദ്ദേശമാണ് സഭ നല്‍കുന്നത്. ഇത് മാതാപിതാക്കളുടെ വലിയൊരു ഉത്തരവാദിത്തമായി സഭ കണക്കാക്കുന്നു. തനിക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൈവജനം കൂദാശകള്‍ യഥാസമയം സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും സഭാനിയമം അജപാലകരെയും കടപ്പെടുത്തുന്നുണ്ട് (CCEO c. 289:2; CIC c. 528:2).

ഉത്ഭവപാപത്തില്‍ നിന്ന് മോചിക്കപ്പെട്ട് തിരുസഭയുടെ അംഗമായി ദൈവപുത്രസ്ഥാനത്തേയ്ക്ക് ഒരു വ്യക്തി ഉയര്‍ത്തപ്പെടുന്നത് മാമ്മോദീസയിലൂടെയാണ് എന്നതുകൊണ്ടുതന്നെയാണ് ഒരു കുഞ്ഞ് ജനിച്ച ഉടന്‍ മാമ്മോദീസ നല്‍കണമെന്ന് തിരുസഭ കടപ്പെടുത്തുന്നത്. നമ്മുടെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞ് ജനിച്ച് എഴ് ദിവസത്തിനകം മാമ്മോദീസ നല്‍കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആ പതിവിന് മാറ്റം വന്നിരിക്കുന്നു. ശിശുമരണ നിരക്ക് വളരെ ഉയര്‍ന്നു നിന്നിരുന്ന ഒരു സാഹചര്യത്തില്‍ കുഞ്ഞ് ജനിച്ച ഉടന്‍തന്നെ മാമ്മോദീസ നല്‍കി കുഞ്ഞിന്‍റെ നിത്യരക്ഷ ഉറപ്പാക്കുക എന്നുള്ള വലിയബോധ്യവും ഈ പതിവിന് പിന്നിലുണ്ടായിരുന്നുവെന്ന് ന്യായമായും അനുമാനിക്കാം. ഇന്ന് ശിശുമരണ നിരക്ക് വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കുഞ്ഞ് ജനിച്ച് എഴ് ദിവസത്തിനകം മാമ്മോദീസ നല്‍കാനുള്ള സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മാമ്മോദീസ കുടുംബത്തിന്‍റെ വലിയ ആഘോഷമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഒരുമിച്ചുവരാനുള്ള കാലതാമസവും മാമ്മോദീസ നീട്ടി വയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.

കുടുംബത്തിന്‍റെ ആഘോഷവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കാനുള്ള ഒരവസരമെന്ന നിലയില്‍ ഒരു കുഞ്ഞിന്‍റെ മാമ്മോദീസയുടെ അവസരത്തെ കാണുന്നത് അതില്‍ത്തന്നെ തെറ്റാണെന്ന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ മാമ്മോദീസ എന്ന കൂദാശ കുഞ്ഞിന്‍റെ ജീവിതത്തില്‍ കൊണ്ടുവരുന്ന ദൈവകൃപയുടെ സമ്പന്നത മനസ്സിലാക്കാതെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുവേണ്ടി മാസങ്ങളും വര്‍ഷങ്ങളും മാമ്മോദീസ നീട്ടിവയ്ക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. കുഞ്ഞുങ്ങളുടെ ഭൗതികമായ വളര്‍ച്ചയ്ക്കും സുരക്ഷിതത്വത്തിനും ആവശ്യമായ എല്ലാ നടപടികളും ജനിച്ച നിമിഷംമുതല്‍ സ്വീകരിക്കുന്നത് കുഞ്ഞിന്‍റെ നന്മയെയും ഭാവിയെയും മുന്‍നിറുത്തിയാണ്. ശരീരത്തിന് ആവശ്യമായ വിദഗ്ധ ചികിത്സയും പോഷണവും നല്‍കുന്നതും അടിയന്തര പ്രാധാന്യത്തോടെയാണ്. എന്നാല്‍ ഉത്ഭവപാപത്തിന്‍റെ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ദൈവമക്കളുടെ സ്ഥാനത്തേക്ക് കുഞ്ഞിനെ ഉയര്‍ത്തുന്ന, സഭയുടെ അംഗമാക്കുന്ന മാമ്മോദീസ മറ്റുള്ളവരുടെ സൗകര്യത്തെപ്രതി നീട്ടിവയ്ക്കുന്നത് കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയാണ് എന്നത് സമ്മതിക്കാതെ തരമില്ല. അതുകൊണ്ടാണ് കുഞ്ഞ് ജനിച്ചയുടന്‍ എത്രയും പെട്ടെന്ന് മാമ്മോദീസ നല്‍കണമെന്ന് സഭാനിയമം മാതാപിതാക്കളെ കടപ്പെടുത്തുന്നത്.

നമ്മുടെ നല്ല പാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും അനിവാര്യമാണ്. സഭയുടെ ദൈവശാസ്ത്രപരമായ നിലപാടുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യവും പ്രായോഗികതയുടെ പേരില്‍ മാറ്റിമറിയ്ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. മാമ്മോദീസ നല്‍കേണ്ട സമയത്തിന്‍റെ കാര്യത്തിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാരമ്പര്യം വീണ്ടെടുക്കണം. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്‍റെ നന്മയും അഭിവൃദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രഥമസ്ഥാനം മാമ്മോദീസ എന്ന കൂദാശയ്ക്ക് നല്‍കേണ്ടതുണ്ട്. തിന്മയുടെ സ്വാധീനത്തില്‍ നിന്നും ലോകത്തിന്‍റെ പ്രലോഭനങ്ങളില്‍ നിന്നും ദൈവീകമായ സംരക്ഷണം നല്‍കുന്ന പരിചയും കോട്ടയുമായി മാമ്മോദീസ എന്ന കൂദാശയെ ക്രൈസ്തവ മാതാപിതാക്കള്‍ സ്വീകരിക്കണം.

പൗരസ്ത്യ പരാമ്പര്യത്തില്‍ മാമ്മോദീസയോടൊപ്പം ക്രൈസ്തവ ജീവിതത്തിലേക്കുള്ള പ്രവേശക കൂദാശകളായ തൈലാഭിഷേകവും വി. കുര്‍ബാനയും നല്‍കുന്ന പതിവുണ്ട്. പാപങ്ങളില്‍ നിന്ന് മോചിതനായി പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് വി. കുര്‍ബാനയാല്‍ പരിപോഷിപ്പിക്കപ്പെട്ട് ഈ ലോകത്തിലെ ജീവിതം ആരംഭിക്കുക എന്നതിനെക്കാള്‍ നന്മയും സുരക്ഷിതത്വവുമുള്ള മറ്റൊരു സംവിധാനവും ഒരു വ്യക്തിക്ക് ലഭിക്കാനില്ല എന്നത് വിശ്വാസവും ബോധ്യവും അനുഭവമാകുമ്പോള്‍ നമ്മുടെ നിലപാടുകളില്‍ മാറ്റം വരുമെന്ന് ഉറപ്പാണ്. ഒരു കുഞ്ഞിന്‍റെ വിശ്വാസജീവിത വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് സഭ കടപ്പെടുത്തുന്ന മാതാപിതാക്കളും അജപാലകരും പ്രാരംഭകൂദാശകളുടെ പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കി അതീവ ജാഗ്രതയോടെയും തീഷ്ണതയോടെയും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കണമെന്നത് കൂടതല്‍ വ്യക്തമാകുന്നു.

Dr. Abraham Kavilpurayidathil baptism When to baptize tradition of baptism canon law on baptism Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message