x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

കുര്‍ബാന ധര്‍മ്മം എന്നാല്‍ എന്ത് ?

Authored by : Dr. Abraham Kavilpurayidathil On 18-Sep-2020

                                             

കുര്‍ബാന ധര്‍മ്മം എന്നാല്‍ എന്ത് ?

കുര്‍ബാനധര്‍മ്മത്തെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ എഴുതിയിരുന്നല്ലോ. ഒരു ഇടവകയില്‍ ഏല്‍പ്പിക്കുന്ന കുര്‍ബാന അവിടെത്തന്നെയാണോ അര്‍പ്പിക്കപ്പെടുന്നത്?

ഗ്രിഗോറിയന്‍ കുര്‍ബാനയെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

                                                                
പൗരസ്ത്യ സഭാ നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്നതനുസരിച്ച് (CCEO, cc. 715, 716,1013) ബലിയര്‍പ്പിക്കുന്ന വൈദികന് വിശ്വാസികള്‍ നല്‍കുന്ന കാഴ്ചയാണ് കുര്‍ബാനധര്‍മ്മമെന്നും,  പ്രത്യേക കുര്‍ബാനധര്‍മ്മം സ്വീകരിക്കാതെ തന്നെ പാവങ്ങള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കാന്‍ വൈദികര്‍ കടപ്പെട്ടവരാണെന്നും, കുര്‍ബാനധര്‍മ്മം എത്രയെന്ന് നിശ്ചയിക്കുന്നത് പ്രാദേശിക മെത്രാന്‍  സമിതികളാണെന്നും അറിവുള്ളതാണല്ലോ. സഭാനിയമമനുസരിച്ച് ഒരു വൈദികന് കുര്‍ബാനധര്‍മ്മം സ്വീകരിച്ചുകൊണ്ട്  ദിവസം ഒരു കുര്‍ബാനയേ അര്‍പ്പിക്കാന്‍ പാടുള്ളൂ. ഉദാഹരണത്തിന് മൂന്നു വ്യക്തികള്‍ ഒരേ ദിവസം മൂന്നു നിയോഗങ്ങള്‍ വൈദികനെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ ഒരു കുര്‍ബാനധര്‍മ്മം മാത്രമാണ് വൈദികന് സ്വന്തമായി എടുക്കാവുന്നത്. അതേ ദിവസം തന്നെ മറ്റൊരു കുര്‍ബാനകൂടി അര്‍പ്പികേണ്ടി വന്നാലും ആ കുര്‍ബാനയ്ക്ക് വൈദികന്‍ കുര്‍ബാനധര്‍മ്മം സ്വീകരിക്കാന്‍ പാടില്ലെന്ന് സഭാനിയമം അനുശാസിക്കുന്നു. മുകളില്‍പ്പറഞ്ഞ മൂന്നു നിയോഗങ്ങളില്‍ ഒന്നു മാത്രമാണ് നിശ്ചയിക്കപ്പെട്ട ദിവസത്തില്‍ വൈദികന്‍ അര്‍പ്പിക്കുന്നത്. മറ്റു രണ്ടു കുര്‍ബാനനിയോഗങ്ങള്‍ ഒന്നുകില്‍ കുര്‍ബാനയേറ്റ വൈദികന്‍ തന്നെ മറ്റൊരു ദിവസം ചൊല്ലുകയോ അല്ലെങ്കില്‍ മറ്റു വൈദികര്‍ക്ക് ചൊല്ലുന്നതിനായി കൈമാറുകയോ ചെയ്യുന്നു.  ഈ വിഷയം ഒന്നുകൂടി വിശദീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഒരു വലിയ ഇടവകയില്‍ ഒരു മാസം വികാരിയച്ചനും കൊച്ചച്ചനും കൂടി കുര്‍ബാനധര്‍മ്മം സ്വീകരിച്ച് ചൊല്ലാവുന്ന കുര്‍ബാന ഏകദേശം 60 എണ്ണമായിരിക്കും. എന്നാല്‍ പ്രതിമാസം ഇരുന്നൂറില്‍പ്പരം കുര്‍ബാന നിയോഗങ്ങള്‍ സ്വീകരിക്കുന്ന ഇടവകകളുമുണ്ട്. ഈ ഇടവകകളില്‍ നിന്ന്, തങ്ങള്‍ക്ക് ചൊല്ലാവുന്ന കുര്‍ബാനയുടെ എണ്ണം കഴിഞ്ഞ് ബാക്കി വരുന്ന നിയോഗങ്ങള്‍ കുര്‍ബാനധര്‍മ്മത്തോടുകൂടി രൂപതാകേന്ദ്രത്തില്‍ വൈദികര്‍ ഏല്‍പ്പിക്കണമെന്ന് നിയമം വൈദികരെ ഉത്തരവാദിത്വപ്പെടുത്തുന്നു.

വിശ്വാസികളില്‍ നിന്നു വാങ്ങുന്ന കുര്‍ബാനയുടെ എണ്ണവും, ചൊല്ലിത്തീര്‍ത്ത കുര്‍ബാനയുടെ എണ്ണവും, രൂപതാകേന്ദ്രത്തിലേയ്ക്ക് ഏല്‍പ്പിക്കുന്ന കുര്‍ബാനയുടെ എണ്ണവും കൃത്യമായി കുര്‍ബാന കണക്കുപുസ്തകത്തില്‍ വൈദികര്‍ രേഖപ്പെടുത്തേതാണ്. ഈ പുസ്തകം പരിശോധനയ്ക്ക് വിധേയമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.  കുര്‍ബാന നിയോഗങ്ങള്‍ എല്ലാ ഇടവകകളിലും ഒരുപോലെ ലഭിക്കുന്നില്ല. ചെറിയ ഇടവകകളില്‍ ഒരു വൈദികന് എല്ലാ ദിവസവും ചൊല്ലാനുള്ള നിയോഗങ്ങള്‍ ഉണ്ടാകണമെന്നില്ല. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍, കുര്‍ബാന നിയോഗം വിശ്വാസികളില്‍ നിന്ന് ലഭിക്കാത്ത വൈദികര്‍ രൂപതാകേന്ദ്രത്തില്‍ നിന്ന് വി. കുര്‍ബാനയുടെ നിയോഗം കുര്‍ബാനധര്‍മ്മത്തോടൊപ്പം സ്വീകരിക്കുകയും തങ്ങളുടെ ദൈവാലയങ്ങളില്‍, സ്വീകരിച്ച നിയോഗങ്ങള്‍ക്കുവേണ്ടി, കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നു. മുകളില്‍പ്പറഞ്ഞ മൂന്നു കുര്‍ബാനയില്‍ രണ്ടെണ്ണം രൂപതയിലോ രൂപതയ്ക്കു പുറത്തോ ഉള്ള ഏതെങ്കിലുമൊരു അള്‍ത്താരയില്‍ ഏതെങ്കിലുമൊരു വൈദികന്‍ അര്‍പ്പിച്ചിരിക്കുമെന്ന് സഭാ സംവിധാനത്തില്‍ നമുക്ക് ഉറപ്പാക്കാവുന്നതാണ്. ആവശ്യമായ ഘട്ടത്തില്‍ മറ്റു രൂപതകളിലേയ്ക്കും മിഷന്‍ കേന്ദ്രങ്ങളിലേയ്ക്കും കുര്‍ബാന അര്‍പ്പിക്കുന്നതിന് നല്‍കുന്ന പതിവും നിലവിലുണ്ട്. വിശ്വാസികള്‍ സാധാരണഗതിയില്‍ ചോദിക്കാറുള്ള ഒരു സംശയം കൂടി ഇവിടെ വിശകലനം ചെയ്യുന്നത് വിഷയത്തെ പൂര്‍ണ്ണമാക്കാന്‍ സഹായിക്കും. വലിയ ഒരു ഇടവകയില്‍, നേരത്തെ പ്രതിപാദിച്ചിരുന്നതുപോലെ, ഒന്നില്‍ കൂടുതല്‍ നിയോഗങ്ങള്‍ ഒരേ ദിവസം കുര്‍ബാനയര്‍പ്പിക്കുന്നതിന് വിശ്വാസികള്‍ നല്‍കാറ്.

അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍, മുകളില്‍ പറഞ്ഞതു പ്രകാരം, ഒരു കുര്‍ബാന  മാത്രമാണ് ആ പ്രത്യേക ദിവസം അര്‍പ്പിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ മൂന്നു മരിച്ചവരുടെ ആത്മശാന്തിയ്ക്കുവേണ്ടി മൂന്നു കുടുംബങ്ങള്‍ കുര്‍ബാനയ്ക്ക് പണമടയ്ക്കുമ്പോള്‍ അതില്‍ ആരുടെ കുര്‍ബാനയാണ് ചൊല്ലുന്നത് എന്നും, മറ്റു ആത്മാക്കള്‍ക്ക് ആ കുര്‍ബാനയര്‍പ്പണത്തിലൂടെ എന്ത് ഫലമാണ് ലഭിക്കുന്നത് എന്നും ചിലരെങ്കിലും ചോദിക്കാറുണ്ട്. കുര്‍ബാനയുടെ ഫലദായകത്വത്തെക്കുറിച്ച് ശരിയായ അവബോധം ഇല്ലാത്തതാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം. മരിച്ചവര്‍ക്കുവേണ്ടി കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം എന്ന് സഭ പഠിപ്പിക്കുമ്പോള്‍ 'ഒരു കുര്‍ബാന ഒരു ആത്മാവിന്' എന്ന സങ്കുചിതമായ കാഴ്ചപ്പാടല്ല സഭയുടെ അനുഷ്ഠാനത്തിന് അടിസ്ഥാനമായി നിലകൊള്ളുന്നത്. പരേതരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും കുര്‍ബാനയില്‍ പങ്കെടുത്ത് നിയോഗം വച്ച്  പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ആര്‍ക്കുവേിവേണ്ടി  പ്രാര്‍ത്ഥിക്കുന്നുവോ ആ വ്യക്തിയുടെ രക്ഷയ്ക്കുള്ള അപേക്ഷയായി കാരുണ്യവാനായ ദൈവം കണക്കാക്കും എന്ന് സഭ വിശ്വസിക്കുന്നു. അതിനാല്‍, ദൈവത്തിന്‍റെ കരുണയില്‍ വിശ്വസിച്ചുകൊണ്ട്  ജീവിക്കുന്നവരുടെ നിയോഗങ്ങള്‍ക്കായും മരിച്ചവരുടെ ആത്മശാന്തിക്കുവേിയും ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അപേക്ഷ  സ്വീകരിക്കുമെന്ന് നമ്മള്‍  വിശ്വസിക്കുന്നു. കുര്‍ബാന ചൊല്ലാന്‍ നല്‍കിയ പണത്തിന്‍റെ അടിസ്ഥാനത്തിലോ ചൊല്ലിയ  കുര്‍ബാന ഒറ്റക്കുര്‍ബാനയാണോ പാട്ടുകുര്‍ബാനയാണോ എന്ന് നോക്കിയിട്ടോ അല്ല ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുന്നത്. മറിച്ച് ഹൃദയവിശുദ്ധിയുടെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലാണ് എന്ന് നമുക്ക് ഉറപ്പാക്കാവുന്നതാണ്.

ഗ്രിഗോറിയന്‍ കുര്‍ബാനയെക്കുറിച്ച് പറയാം.

മരണമടഞ്ഞ ഒരു വ്യക്തിയുടെ ആത്മാവിനുവേണ്ടി 30 ദിവസം അടുപ്പിച്ച് അര്‍പ്പിക്കുന്ന കുര്‍ബാനയാണ് ഗ്രിഗോറിയന്‍ കുര്‍ബാന എന്ന് പറയുന്നത്. മഹാനായ ഗ്രിഗറി മാര്‍പാപ്പയാണ് ഇങ്ങനെ 30 ദിവസം ഇടമുറിയാതെ ഒരു വ്യക്തിയുടെ ആത്മശാന്തിക്കുവേണ്ടി കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് ആരംഭിച്ചത്. അങ്ങനെ ഗ്രിഗോറിയന്‍ കുര്‍ബാന എന്ന പേര് ഈ വിധത്തില്‍ ചൊല്ലുന്ന കുര്‍ബാനയ്ക്കു ലഭിച്ചു. ഗ്രിഗോറിയന്‍ കുര്‍ബാന സഭ അംഗീകരിച്ചിരിക്കുന്ന ഒരു പാരമ്പര്യമാണ്, ഔദ്യോഗികമായി പഠിപ്പിക്കുന്ന ഒരു വിശ്വാസസത്യമല്ല. 30 കുര്‍ബാന അടുപ്പിച്ച് ചൊല്ലിയാല്‍ ഒരു ആത്മാവിനെ ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിപ്പിക്കുവാന്‍ സാധിക്കുമെന്ന് സഭ പറയുന്നില്ല. സഭ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും ലളിതമായി ഇപ്രകാരം സംഗ്രഹിക്കാം: മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു. കാരണം, ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്നതിന് സഹായിക്കും. ഒരാത്മാവിന് മോക്ഷപ്രാപ്തി കൈവരുന്നത് ദൈവനിശ്ചിതമായ സമയത്താണ്. ഇത് മനുഷ്യന് കണക്കുകൂട്ടാനാകാത്തതിനാല്‍ ഓരോ വിശ്വാസിയും തന്‍റെ ജീവിതകാലം മുഴുവന്‍ തനിക്ക് പ്രിയപ്പെട്ടവരെയും താന്‍ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്നവരെയും ബലികളിലും പ്രാര്‍ത്ഥനകളിലും അനുസ്മരിക്കണം.

Dr. Abraham Kavilpurayidathil what is mass stipend mass stipend gregorian mass കുര്‍ബാന ധര്‍മ്മം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message