x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ പൗരസ്ത്യസഭകളുടെ നിയമങ്ങൾ

സഭയിലെ പരമാധികാരം

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021

ആമുഖം

പ്പസ്തോലന്മാരുടെ പിന്‍ഗാമികളെന്ന നിലയില്‍ മാര്‍പാപ്പയ്ക്കും മാര്‍പാപ്പ തലവനായുള്ള മെത്രാന്‍ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനുമായി ക്രിസ്തുനാഥനില്‍നിന്നും പരമാധികാരം ലഭിച്ചിരിക്കുന്നു എന്നതാണ് ഈ ശീര്‍ഷകത്തിലുള്ള കാനോനകളുടെ അടിസ്ഥാനം. സഭയില്‍ പരമാധികാരം അപ്പസ്തോല സംഘത്തിന്‍റെ തലവനും ശിഷ്യന്മാരില്‍ പ്രഥമസ്ഥാനീയനുമായിരുന്ന പത്രോസ്ശ്ലീഹായുടെ പിന്‍ഗാമിയായ റോമാമാര്‍പാപ്പയ്ക്കുള്ളതാണ്. റോമാമാര്‍പാപ്പ റോമാസഭയുടെ അഥവാ ലത്തീന്‍സഭയുടെ പാത്രിയാര്‍ക്കീസ് മാത്രമല്ല സാര്‍വ്വത്രികസഭയുടെ തലവനും ഭരണാധികാരിയുമാണ്. അത്തരത്തിലുള്ള അധികാരത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും അതിന്‍റെ വിനിയോഗരീതികളുമാണ് ഈ ശീര്‍ഷകത്തിലെ മുഖ്യപ്രതിപാദ്യവിഷയം. മെത്രാന്‍സംഘം മാര്‍പാപ്പയോടൊത്തു സാര്‍വ്വത്രികസൂനഹദോസിലോ, അവരവരുടെ സ്ഥലങ്ങളില്‍ത്തന്നെ ആയിരുന്നുകൊണ്ടുപോലുമോ സംഘമായി സഭാനന്മയ്ക്കായി പ്രവര്‍ത്തിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഈ പരമാധികാരം വിനിയോഗിക്കപ്പെടുന്നു.

കാനോന 42:  കര്‍ത്താവിന്‍റെ നിശ്ചയപ്രകാരം പത്രോസും മറ്റ് അപ്പസ്തോലന്മാരും ഒരു സംഘമായി സ്ഥാപിതമായതിനുതുല്യം പത്രോസിന്‍റെ പിന്‍ഗാമിയായ റോമാമാര്‍പാപ്പയും അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരും പരസ്പരം യോജിപ്പിക്കപ്പെട്ടിരിക്കുന്നു.

സഭയിലെ പരമോന്നതാധികാരം പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പയിലും, മാര്‍പാപ്പയോടുകൂടിയ മെത്രാന്മാരുടെ സംഘത്തിലും നിക്ഷിപ്തമായിരിക്കുന്നു. ക്രിസ്തുവിന്‍റെ നിശ്ചയപ്രകാരം പത്രോസും മറ്റ് അപ്പസ്തോലന്മാരും ഒരു സംഘമായിരിക്കുന്നതുപോലെ, പത്രോസിന്‍റെ പിന്‍ഗാമിയായ റോമാമെത്രാന്‍ അഥവാ മാര്‍പാപ്പ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരോടുകൂടി ഒരു സംഘമായി പ്രവര്‍ത്തിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ 22-ാം ഖണ്ഡിക (L.G. 22) യെ അടിസ്ഥാനമാക്കിയാണ് ഈ കാനോന രൂപപ്പെടുത്തിയിരിക്കുന്നത്.

കാനോന 43 :  തന്‍റെ പിന്‍ഗാമികള്‍ക്ക് കൈമാറുന്നതിനായി അപ്പസ്തോലന്മാരില്‍ പ്രഥമസ്ഥാനീയനായ പത്രോസിന് പ്രത്യേകവിധത്തില്‍ കര്‍ത്താവ് നല്കിയ സ്ഥാനം (munus) കയ്യാളുന്ന റോമിലെ സഭയുടെ മെത്രാന്‍, മെത്രാന്‍സംഘത്തിന്‍റെ തലവനും ക്രിസ്തുവിന്‍റെ വികാരിയും സാര്‍വ്വത്രികസഭയുടെ ഭൗമിക ഇടയനുമാകുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗികസ്ഥാനംകൊണ്ടുതന്നെ അദ്ദേഹത്തിന് പരമോന്നതവും പൂര്‍ണ്ണവും നേരിട്ടുള്ളതും സാര്‍വ്വത്രികവുമായ ഉദ്യോഗസഹജ അധികാരം (ordinary power) സഭയില്‍ ഉണ്ട്. ഈ അധികാരം അദ്ദേഹത്തിന് എല്ലായ്പോഴും സ്വതന്ത്രമായി വിനിയോഗിക്കാവുന്നതാണ്.

മാര്‍പാപ്പയുടെ അധികാരത്തിന്‍റെ സ്വഭാവവും വ്യാപ്തിയും ഈ കാനോന വ്യക്തമാക്കുന്നുണ്ട്.

"പരമോന്നത അധികാരം" എന്നതുകൊണ്ട് മാര്‍പാപ്പയുടെ അധികാരത്തിനുപരിയായി സഭയില്‍ മറ്റ് അധികാരങ്ങള്‍ ഒന്നും ഇല്ലായെന്നും, "പൂര്‍ണ്ണ" മെന്നതുകൊണ്ട് അധികാരവിനിയോഗത്തില്‍ പരിധികള്‍ ഇല്ലായെന്നും, "സാര്‍വ്വത്രിക"മെന്നതുകൊണ്ട് സഭ മുഴുവനിലും ഉള്ളതെന്നും, "നേരിട്ടുള്ളത്" എന്നതുകൊണ്ട് മദ്ധ്യവര്‍ത്തികളുടെ സഹായമില്ലാതെ നേരിട്ട് വിനിയോഗിക്കാവുന്നതെന്നും, "ഉദ്യോഗസഹജ"മെന്നതുകൊണ്ട് ഔദ്യോഗികസ്ഥാനത്തോട് ചേര്‍ന്നതെന്നും അര്‍ത്ഥമാക്കുന്നു. ഇപ്രകാരമുള്ള അധികാരവിനിയോഗത്തില്‍ അദ്ദേഹം പൂര്‍ണ്ണമായും സ്വതന്ത്രനാണെന്നും സഭാപരമോ രാഷ്ട്രീയമോ ആയ നിയന്ത്രണങ്ങള്‍ക്കു വിധേയനല്ലെന്നും ഈ കാനോന വ്യക്തമാക്കുന്നു.

പത്രോസിന്‍റെ പിന്‍ഗാമി, മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍, ക്രിസ്തുവിന്‍റെ വികാരി, സാര്‍വ്വത്രികസഭയുടെ ഭൂമിയിലെ ഇടയന്‍ എന്നീ നിലകളില്‍ റോമിലെ മെത്രാനായ മാര്‍പാപ്പയ്ക്ക് സഭയില്‍ പൂര്‍ണ്ണവും പരമോന്നതവും നേരിട്ടുള്ളതും സാര്‍വ്വത്രികവും ഉദ്യോഗസഹജവുമായ അധികാരമുണ്ട്. മെത്രാന് സ്വന്തം രൂപതയിലെ വിശ്വാസികളുടെമേല്‍ നേരിട്ട് അധികാരമുള്ളതുപോലെ മാര്‍പാപ്പയ്ക്ക് എല്ലാ കത്തോലിക്കാ വിശ്വാസികളുടെയുംമേല്‍ നേരിട്ട് അധികാരമുണ്ട്. മേല്‍പ്പറഞ്ഞ അധികാരങ്ങള്‍ മാര്‍പാപ്പയോടൊപ്പം മെത്രാന്‍സംഘത്തിലും നിക്ഷിപ്തമായിരിക്കുന്നു. ഈ അധികാരം പൂര്‍ണ്ണവും സാഘോഷവുമായ രീതിയില്‍ മെത്രാന്‍സംഘം പ്രായോഗികമാക്കുന്നത് സാര്‍വ്വത്രികസൂനഹോസുകളിലൂടെയാണ്.

കാനോന 44 : 1. സഭയില്‍ പരമോന്നതവും പൂര്‍ണ്ണവുമായ അധികാരം റോമാ മാര്‍പാപ്പയ്ക്ക് ലഭിക്കുന്നത് നിയമാനുസൃതമായ തിരഞ്ഞെടുപ്പ് അദ്ദേഹം അംഗീകരിക്കുന്നതുവഴിയും മെത്രാഭിഷേക സ്വീകരണം വഴിയുമാണ്. അതിനാല്‍ ഒരാള്‍ മുമ്പേതന്നെ മെത്രാനാണെങ്കില്‍ തിരഞ്ഞെടുപ്പ് അദ്ദേഹം അംഗീകരിക്കുന്ന നിമിഷം മുതല്‍ അദ്ദേഹത്തിന് ഈ അധികാരം ലഭിക്കുന്നതാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി മെത്രാന്‍പദവി ഇല്ലാത്ത ആളാണെങ്കില്‍ ഉടനെതന്നെ അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്യണം.

  1. റോമാമാര്‍പ്പാപ്പ തന്‍റെ ഔദ്യോഗികസ്ഥാനം (munus) രാജിവയ്ക്കുകയാണെങ്കില്‍ അതിന്‍റെ സാധുതയ്ക്കായി അദ്ദേഹം അത് സ്വതന്ത്രമായി ചെയ്യുന്നതോടൊപ്പം ശരിയായി വെളിപ്പെടുത്തുകയും വേണം. എന്നാല്‍, സാധുതയ്ക്കായി ആ രാജി ആരും സ്വീകരിക്കണമെന്നില്ല.

മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം കര്‍ദ്ദിനാള്‍സംഘത്തിനാണ്. എണ്‍പതു വയസ്സിനുമേല്‍ പ്രായമാകാത്ത കര്‍ദ്ദിനാള്‍മാര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ സംബന്ധിക്കാം. മാര്‍പാപ്പ സാര്‍വ്വത്രികസഭയുടെ തലവനാണെങ്കിലും തിരഞ്ഞെടുപ്പില്‍ എല്ലാ സഭകളിലുമുള്ള പ്രതിനിധികള്‍ സംബന്ധിക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ആള്‍ തിരഞ്ഞെടുപ്പ് സ്വീകരിച്ച് അംഗീകരിക്കുന്നതോടുകൂടിത്തന്നെ അദ്ദേഹം സാര്‍വ്വത്രികസഭയുടെ തലവനാകുന്നു. ആ പദവിക്കനുസൃതമായിട്ടുള്ള സര്‍വ്വ അധികാരാവകാശങ്ങളും അതോടൊപ്പം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ആള്‍ മെത്രാഭിഷേകം ലഭിക്കാത്ത ആളാണെങ്കില്‍ മെത്രാഭിഷേകത്തോടെ മുകളില്‍പ്പറഞ്ഞ അധികാരാവകാശങ്ങള്‍ ലഭിക്കുന്നു.

ഏതെങ്കിലും കാരണവശാല്‍ മാര്‍പാപ്പ രാജിവയ്ക്കുകയാണെങ്കില്‍ രാജി ആരുടെയും പക്കല്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ വ്യക്തമായി കാരണം വെളിപ്പെടുത്തിയിരിക്കണം. ഇപ്രകാരം മാര്‍പാപ്പ രാജിവച്ച ഒരു സംഭവം മാത്രമേ ചരിത്രത്തില്‍ കാണുന്നുള്ളു. സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പ താന്‍ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 5 മാസം കഴിഞ്ഞപ്പോള്‍ 1294-ല്‍ രാജിവച്ച് സ്ഥാനം ഒഴിയുകയുണ്ടായി.

കാനോന 45 : 1. തന്‍റെ ഔദ്യോഗിക പദവിയാല്‍ റോമാ മാര്‍പാപ്പയ്ക്ക് സാര്‍വ്വത്രിക സഭയുടെമേല്‍ മാത്രമല്ല അധികാരം ഉള്ളത്, പ്രത്യുത എല്ലാ രൂപതകളുടെയും രൂപതാ സമൂഹങ്ങളുടെയും മേലുള്ള ഉദ്യോഗ സഹജാധികാരത്തില്‍ പ്രഥമസ്ഥാനവും ഉണ്ട്. തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതകളുടെമേല്‍ മെത്രാന്മാര്‍ക്കുള്ള തനതും നിയോഗിതവും നേരിട്ടുള്ളതുമായ അധികാരം ഇതുവഴിയായി ശക്തിപ്പെടുത്തപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

  1. സാര്‍വ്വത്രികസഭയുടെ പരമോന്നത ഇടയന്‍ എന്ന നിലയിലുള്ള തന്‍റെ ഔദ്യോഗിക പദവിയുടെ നിര്‍വ്വഹണത്തില്‍ റോമാമാര്‍പാപ്പ എല്ലായ്പോഴും മറ്റു മെത്രാന്മാരുമായും സാര്‍വ്വത്രികസഭയുമായും കൂട്ടായ്മയില്‍ ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും സാര്‍വ്വത്രികസഭയുടെ ആവശ്യമനുസരിച്ച് ഏതുരീതിയില്‍ - വ്യക്തിപരമായോ സംഘാത്മകമായോ - തന്‍റെ ഔദ്യോഗികപദവി വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.                                                                                           
  2. റോമാമാര്‍പാപ്പയുടെ വിധിക്കോ കല്പനയ്ക്കോ എതിരായി അപ്പീലോ അപേക്ഷയോ (appeal or recourse) നിലനില്ക്കില്ല.

മാര്‍പാപ്പ കത്തോലിക്കാസഭയുടെ പരമാധികാരി ആയതിനാല്‍ അദ്ദേഹം മറ്റൊരു സഭാധികാരിക്കോ ഭൗതിക അധികാരിക്കോ അധീനനല്ല. ഈ പരമാധികാരം അദ്ദേഹത്തിന്‍റെ സ്ഥാനത്തോട് ചേര്‍ന്നിരിക്കുന്നതായതിനാല്‍ അദ്ദേഹത്തിന് സാര്‍വ്വത്രികസഭയുടെമേലും അതുപോലെതന്നെ എല്ലാ സ്വയാധികാരസഭകളുടെയും രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും വ്യക്തികളുടെയുംമേല്‍ അധികാരമുണ്ട്. അതിനാല്‍ ആവശ്യമെന്നു തോന്നുന്ന അവസരങ്ങളില്‍ സഭാജീവിതത്തിന്‍റെ ഏതുതലത്തിലും ഇടപെടുവാനുള്ള അധികാരം മാര്‍പാപ്പയ്ക്കുണ്ട്. തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖയുടെ 23-ാം ഖണ്ഡികയില്‍ പറയുന്നതുപോലെ മാര്‍പാപ്പ സഭകളുടെയും മെത്രാന്മാരുടെയും കൂട്ടായ്മയുടെ ഉറവിടവും ദൃശ്യമായ അടയാളവുമാണ്. ഇതനുസരിച്ച് മാര്‍പാപ്പയുടെ പ്രഥമവും പ്രധാനവുമായ ധര്‍മ്മം, മെത്രാന്മാരുടെ കൂട്ടായ്മ നിലനിര്‍ത്തിക്കൊണ്ട് സഭയെ ഒരു കൂട്ടായ്മയായി നയിക്കുകയെന്നുള്ളതാണ്.

മാര്‍പാപ്പയോടൊപ്പം മെത്രാന്‍ സംഘത്തിനും ഈ പരമാധികാരം ഉണ്ടെങ്കിലും എപ്രകാരമാണ് ഈ അധികാരം വിനിയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് മാര്‍പാപ്പ മാത്രമാണ്. മെത്രാന്‍സംഘത്തിന്‍റെ തലവനെന്ന നിലയില്‍, വ്യക്തിപരമായിട്ടോ (personally) മെത്രാന്‍സംഘത്തോടുചേര്‍ന്നോ (vollegially) ഈ അധികാരം വിനിയോഗിക്കാം.

ദൈവമല്ലാതെ, മാര്‍പാപ്പയ്ക്കു മുകളില്‍ മറ്റൊരു അധികാരി ഇല്ലാത്തതിനാല്‍ മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍ കൊടുക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. മാര്‍പാപ്പയെ വിധിക്കുവാന്‍ മറ്റൊരു അധികാരിക്കും കഴിയില്ല.

കാനോന 46 : 1. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ റോമാമാര്‍പാപ്പയെ മറ്റു മെത്രാന്മാര്‍ പലവിധത്തില്‍ സഹായിക്കുന്നു. മെത്രാന്മാരുടെ സിനഡ് ഇവയില്‍ ഒന്നാണ്. കൂടാതെ, കര്‍ദ്ദിനാള്‍മാരും  പാപ്പാസ്ഥാനപതിമാരും മറ്റു വ്യക്തികളും കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച് വിവിധ സ്ഥാപനങ്ങ (institutes) ളും മാര്‍പാപ്പയെ ഇക്കാര്യത്തില്‍ സഹായിക്കുന്നു. ഈ വ്യക്തികളും സ്ഥാപനങ്ങളും റോമാമാര്‍പാപ്പയാല്‍ത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിയമമാനദണ്ഡം അനുസരിച്ച് മാര്‍പാപ്പയുടെ പേരിലും അദ്ദേഹത്തിന്‍റെ അധികാരത്താലും, തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യം എല്ലാ സഭകളുടെയും നന്മയ്ക്കായി നിര്‍വ്വഹിക്കുന്നു.

  1. പാത്രിയാര്‍ക്കീസുമാര്‍ക്കും സ്വയാധികാരസഭകളുടെ അദ്ധ്യക്ഷന്മാരായ മറ്റു മേലദ്ധ്യക്ഷന്മാര്‍ക്കും മെത്രാന്‍ സിനഡിലുള്ള ഭാഗഭാഗിത്വം നിശ്ചയിക്കുന്നത് റോമാമാര്‍പാപ്പതന്നെ തീരുമാനിക്കുന്ന പ്രത്യേക നടപടിക്രമം അനുസരിച്ചാണ്.

ചില പ്രത്യേക വ്യക്തികളും സമിതികളും പ്രത്യേകമായ വിധത്തില്‍ മാര്‍പാപ്പയെ സഹായിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്.

മെത്രാന്മാരുടെ സിനഡ്

സഭയിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുവാനായി നിശ്ചിതസമയങ്ങളില്‍ റോമില്‍ മെത്രാന്മാരുടെ സിനഡ് സമ്മേളിക്കുന്നു. എല്ലാ സ്വയാധികാരസഭകളുടെയും തലവന്മാരും, മെത്രാന്മാരുടെ പ്രതിനിധികളും ഈ സിനഡില്‍ അംഗങ്ങളാണ്. മൂന്നു തരത്തിലുള്ള സിനഡുകളുണ്ട്. സാധാരണ സിനഡ്, അസാധാരണ സിനഡ്, പ്രത്യേക സിനഡ്

കര്‍ദ്ദിനാള്‍ സംഘം

മൂന്നു ഗണത്തിലുള്ള കര്‍ദ്ദിനാള്‍മാരുണ്ട്. മെത്രാന്‍ഗണത്തില്‍പ്പെട്ടവര്‍, വൈദികഗണത്തില്‍പ്പെട്ടവര്‍, ഡീക്കന്‍ഗണത്തില്‍പ്പെട്ടവര്‍, റോമന്‍ കുരിയായിലെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നത് കര്‍ദ്ദിനാള്‍മാരാണ്. കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗങ്ങളായിട്ടു കൂടുതല്‍ പേരുണ്ടെങ്കിലും 80 വയസ്സില്‍ കുറഞ്ഞപ്രായമുള്ളവര്‍ 120 പേര്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നു. പൗരസ്ത്യസഭകളില്‍നിന്ന് നാലുപേര്‍ ഇപ്പോള്‍ കര്‍ദ്ദിനാള്‍ സംഘത്തിലുണ്ട്.

റോമന്‍കാര്യാലയം (റോമന്‍കുരിയ)

സാര്‍വ്വത്രികസഭയുടെ ഭരണത്തില്‍ മാര്‍പാപ്പയെ ഏറ്റവുമധികം സഹായിക്കുന്ന ഘടകമാണ് റോമന്‍ കാര്യാലയം. റോമന്‍ കാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിയമങ്ങള്‍ 1988-ല്‍ പ്രസിദ്ധീകരിച്ച 'പാസ്ത്തോര്‍ ബോനൂസ്' എന്ന അപ്പസ്തോലിക പ്രമാണരേഖയില്‍ വിശദമാക്കിയിട്ടുണ്ട്. അതനുസരിച്ച് റോമന്‍ കാര്യാലയത്തിന്‍റെ ഘടകങ്ങളുടെ സ്ഥാനാനുക്രമം താഴെപ്പറയുന്നവയാണ്.

  1. വത്തിക്കാന്‍ രാഷ്ട്രകാര്യാലയം.
  2. വിവിധ സംഘങ്ങള്‍ - ഇപ്പോള്‍ 9 സംഘങ്ങളാണുള്ളത്.
  3. കോടതികള്‍ - പ്രധാനമായും 3 കോടതികളാണുള്ളത്.
  4. ഓഫീസുകള്‍.
  5. വിവിധ കമ്മീഷനുകളും കമ്മിറ്റികളും.                                                                                                                                                        വത്തിക്കാന്‍ സ്ഥാനപതികളും പ്രതിനിധികളും

വത്തിക്കാന്‍ രാഷ്ട്രത്തെയും രാഷ്ട്രത്തലവനായ മാര്‍പാപ്പയെയും പ്രതിനിധാനം ചെയ്യുന്ന സ്ഥാനപതികളെ (Nuncios) വിവിധ രാഷ്ട്രങ്ങളിലേക്ക് മാര്‍പാപ്പ നിയമിക്കുന്നു. കൂടാതെ, പ്രത്യേക ദൗത്യവുമായി ചില സഭകളിലേക്കും രാഷ്ട്രങ്ങളിലേക്കും സമിതികളിലേക്കും മാര്‍പാപ്പ പ്രതിനിധികളെ അയയ്ക്കാറുണ്ട്. അവരെ 'പേപ്പല്‍ ഡെലഗേറ്റ്സ്' എന്നു വിളിക്കുന്നു.

കാനോന 47 :  റോമാ സിംഹാസനം ഒഴിവായിരിക്കുകയോ പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയോ ചെയ്യുന്ന സമയത്ത് സാര്‍വ്വത്രികസഭയുടെ ഭരണകാര്യത്തില്‍ പുതുതായി ഒന്നും നടപ്പാക്കാന്‍ പാടില്ല; ഈ സാഹചര്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയിട്ടുള്ള പ്രത്യേക നിയമങ്ങള്‍ പാലിക്കുകയും വേണം.

കാനോന 48 :  ഈ നിയമസംഹിതയില്‍ "അപ്പസ്തോലിക സിംഹാസനം", "പരിശുദ്ധ സിംഹാസനം" എന്നീ പേരുകള്‍ ദ്യോതിപ്പിക്കുന്നത് റോമാമാര്‍പാപ്പയെ മാത്രമല്ല, നിയമത്തില്‍ മറിച്ച് നിര്‍ദ്ദേശിക്കപ്പെടുകയോ സംഗതിയുടെ സ്വഭാവം മറിച്ച് സ്ഥാപിക്കുകയോ ചെയ്യുന്നില്ലെങ്കില്‍, റോമന്‍കൂരിയായുടെ ഉപകാര്യാലയങ്ങ (റശരമലെേൃശലെ)ളെയും മറ്റു സ്ഥാപനങ്ങളെയും കൂടിയാണ്.

   മെത്രാന്‍സംഘം

കാനോന 49 :  മെത്രാന്‍സംഘത്തിന്‍റെ ശിരസ്സ് റോമാമാര്‍പാപ്പയും അതിലെ അവയവങ്ങള്‍ മെത്രാന്മാരുമാണ്. കൗദാശിക അഭിഷേകത്താലും, ഈ സംഘത്തിന്‍റെ ശിരസ്സിനോടും അംഗങ്ങളോടുമുള്ള ഹയരാര്‍ക്കിക്കടുത്ത ഐക്യത്താലുമാണ് അപ്പസ്തോലസംഘത്തെ അവിരാമം നിലനിര്‍ത്തുന്ന മെത്രാന്‍ സംഘത്തില്‍ ഒരാള്‍ അംഗമാകുന്നത്. ഒരിക്കലും ശിരസ്സിനെ കൂടാതെ സാധിക്കുകയില്ലെങ്കിലും, ശിരസ്സിനോടുകൂടി ഈ സംഘത്തിനും സാര്‍വ്വത്രികസഭയുടെമേല്‍ പരമോന്നതവും പൂര്‍ണ്ണവുമായ അധികാരമുണ്ട്.

അപ്പസ്തോല സംഘത്തിന്‍റെ പിന്തുടര്‍ച്ചയായ മെത്രാന്‍ സംഘം ദൈവസ്ഥാപിതമാണ്. പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പ ഈ സംഘത്തിന്‍റെ തലവനാണ്. അതിനാല്‍ മാര്‍പാപ്പയെ കൂടാതെ മെത്രാന്‍സംഘത്തിന് പ്രസക്തിയോ അധികാരമോ ഇല്ല. മാര്‍പാപ്പയോടുകൂടി ഈ മെത്രാന്‍ സംഘത്തിന് സഭയുടെ പരമാധികാരം വിനിയോഗിക്കുവാന്‍ സാധിക്കും. മാര്‍പാപ്പയെ കൂടാതെയോ മാര്‍പാപ്പയുടെ സമ്മതമില്ലാതെയോ സ്വതന്ത്രമായി സഭയുടെ പരമാധികാരം വിനിയോഗിക്കുവാന്‍ മെത്രാന്‍സംഘത്തിന് സാദ്ധ്യമല്ല. എന്നാല്‍ മാര്‍പാപ്പയ്ക്ക് വ്യക്തിപരമായും ഈ അധികാരം വിനിയോഗിക്കുവാന്‍ സാധിക്കും.

മെത്രാഭിഷേകം സ്വീകരിക്കുന്നതിലൂടെയും, മാര്‍പാപ്പയുമായും മെത്രാന്‍സംഘത്തിലെ മറ്റ് അംഗങ്ങളുമായുള്ള കൂട്ടായ്മയിലൂടെയുമാണ് ഒരാള്‍ മെത്രാന്‍സംഘത്തില്‍ അംഗമാകുന്നത്. മാര്‍പാപ്പ ഒരാളെ മെത്രാന്‍ സ്ഥാനത്തേക്ക് നിയമിക്കുകയോ, നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ഒരാളെ അംഗീകരിക്കുകയോ ചെയ്യുന്നതുവഴിയാണ് ഈ കൂട്ടായ്മയുണ്ടാകുന്നത്.

കാനോന 50 : 1. മെത്രാന്‍സംഘം സാര്‍വ്വത്രിക സഭയുടെമേല്‍ സാഘോഷമായ രീതിയില്‍ (in a solemn manner) അധികാരം വിനിയോഗിക്കുന്നത് സാര്‍വ്വത്രിക സൂനഹദോസിലാണ്.

  1. പല സ്ഥലങ്ങളിലായിരിക്കുന്ന മെത്രാന്മാരുടെ യോജിച്ചുള്ള പ്രവര്‍ത്തനംവഴിയും മെത്രാന്‍സംഘം ഇതേ അധികാരം വിനിയോഗിക്കുന്നു. ആ പ്രവൃത്തി സംഘാത്മകം ആകുന്നതിനുവേണ്ടി റോമാമാര്‍പാപ്പതന്നെ അതിനു തുടക്കമിടുകയോ അല്ലെങ്കില്‍ അദ്ദേഹംതന്നെ സ്വതന്ത്രമായി അത് അംഗീകരിക്കുകയോ വേണം.                        
  2. മെത്രാന്‍സംഘം സാര്‍വ്വത്രികസഭയെ സംബന്ധിച്ചുള്ള സംഘാത്മകപ്രവര്‍ത്തനം നടത്തേണ്ടവിധം സാര്‍വ്വത്രികസഭയുടെ ആവശ്യമനുസരിച്ച് എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുവാനും അത് പരിപോഷിപ്പിക്കുവാനുമുള്ള അധികാരം റോമാമാര്‍പാപ്പയ്ക്കാണ്.

മെത്രാന്‍ സംഘത്തിന് രണ്ടു വിധത്തില്‍ പരമാധികാരം വിനിയോഗിക്കാം. സാര്‍വ്വത്രികസഭയില്‍ മെത്രാന്‍സംഘം ഔദ്യോഗികമായും സാഘോഷമായും പരമാധികാരം വിനിയോഗിക്കുന്നത് സാര്‍വ്വത്രികസൂനഹദോസുകളിലാണ്. ലോകത്തിലെ എല്ലാ മെത്രാന്മാരും ഈ സാര്‍വ്വത്രികസൂനഹദോസുകളില്‍ പങ്കെടുക്കുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗികകണക്കനുസരിച്ച് ആകെ 21 സാര്‍വ്വത്രികസൂനഹദോസുകള്‍ നടന്നിട്ടുണ്ട്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആയിരിക്കുന്ന അവസരങ്ങളിലും മെത്രാന്മാര്‍ക്ക് സംഘാത്മകമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. സഭയില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍, മെത്രാന്മാരെ ഒരുമിച്ചു വിളിച്ചുകൂട്ടുവാന്‍ സാധിക്കാത്ത അവസരത്തില്‍ അവരുടെയെല്ലാം അഭിപ്രായം മാര്‍പാപ്പ വ്യക്തിപരമായി ആരാഞ്ഞശേഷം തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഉദാഹരണമായി, കാനന്‍നിയമസംഹിതകള്‍ (CIC,CCEO) പ്രസിദ്ധീകരിക്കുന്നതിനു മുമ്പായി ലോകത്തിലെ എല്ലാ മെത്രാന്മാരില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു.

കാനോന 51 : 1. സാര്‍വ്വത്രിക സൂനഹദോസ് വിളിച്ചുകൂട്ടാനും വ്യക്തിപരമായോ മറ്റു പ്രതിനിധികള്‍ വഴിയോ അതില്‍ ആദ്ധ്യക്ഷ്യം വഹിക്കാനും സൂനഹദോസിന്‍റെ സ്ഥലം മാറ്റുവാനും അത് നിര്‍ത്തിവയ്ക്കാനും പിരിച്ചുവിടാനും അതിന്‍റെ ഡിക്രികള്‍ സ്ഥിരീകരിക്കാനുമുള്ള അധികാരം റോമാ മാര്‍പാപ്പയ്ക്കു മാത്രമാണ്.

  1. സാര്‍വ്വത്രിക സൂനഹദോസില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയങ്ങള്‍ നിശ്ചയിക്കുവാനും സൂനഹദോസില്‍ പാലിക്കപ്പെടേണ്ട നടപടിക്രമം തീരുമാനിക്കാനുമുള്ള അധികാരം റോമാമാര്‍പാപ്പയ്ക്കാണ്. മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളോടൊപ്പം, അദ്ദേഹത്തിന്‍റെ അംഗീകാരത്തോടെ മറ്റു വിഷയങ്ങള്‍ കൗണ്‍സില്‍ പിതാക്കന്മാര്‍ക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

കാനോന 52: 1. സാര്‍വ്വത്രിക സൂനഹദോസില്‍ നിര്‍ണ്ണായക (deliberative) വോട്ടവകാശത്തോടുകൂടി പങ്കെടുക്കുക എന്നത് മെത്രാന്‍സംഘത്തിലുള്ള എല്ലാ മെത്രാന്മാര്‍ക്കും അവര്‍ക്കു മാത്രവുമുള്ള അവകാശവും കടമയുമാണ്.

  1. സഭയുടെ പരമോന്നതാധികാരിക്ക് സാര്‍വ്വത്രികസൂനഹദോസിലേക്ക് മെത്രാന്‍സ്ഥാനം ഇല്ലാത്തവരെയും വിളിക്കാവുന്നതും അവരുടെ പങ്കാളിത്തം എപ്രകാരമായിരിക്കണമെന്ന് നിശ്ചയിക്കാവുന്നതാണ്.

കാനോന 53: സാര്‍വ്വത്രിക സൂനഹദോസ് സമ്മേളിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ അപ്പസ്തോലികസിംഹാസനം ഒഴിവാകുന്ന സാഹചര്യത്തില്‍ പുതിയ മാര്‍പാപ്പ സാര്‍വ്വത്രിക സൂനഹദോസ് തുടരുകയോ പിരിച്ചുവിടുകയോ ചെയ്യുന്നതുവരെ നിയമത്താല്‍ത്തന്നെ സൂനഹദോസ് നിര്‍ത്തിവയ്ക്കപ്പെടുന്നു.

സാര്‍വ്വത്രിക സൂനഹദോസ് സമ്മേളിക്കുന്ന അവസരത്തില്‍ റോമാ സിംഹാസനം ഒഴിവായാല്‍ നിയമത്താല്‍തന്നെ സൂനഹദോസ് നിര്‍ത്തിവയ്ക്കേണ്ടിയിരിക്കുന്നു. പുതിയ മാര്‍പാപ്പ വന്നശേഷം അതു തുടരുകയോ പിരിച്ചുവിടുകയോ ചെയ്യുന്നു. ഉദാഹരണമായി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നിരുന്ന സമയത്ത് ജോണ്‍ 23-ാം മാര്‍പാപ്പ മരിച്ചതിനാല്‍ കൗണ്‍സില്‍ നിര്‍ത്തിവയ്ക്കപ്പെട്ടു. പോള്‍ ആറാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട ശേഷമേ കൗണ്‍സില്‍ തുടര്‍ന്നുള്ളൂ.

കാനോന 54: 1. കൗണ്‍സില്‍ പിതാക്കന്മാരോടൊന്നിച്ച് റോമാ മാര്‍പാപ്പ ഡിക്രി അംഗീകരിക്കുകയും അതു സ്ഥിരീകരിച്ച് തന്‍റെ കല്പനയാല്‍ പരസ്യപ്പെടുത്തുകയും ചെയ്താലല്ലാതെ സാര്‍വ്വത്രികസൂനഹദോസ് പാസ്സാക്കുന്ന ഡിക്രികള്‍ക്ക് കടപ്പെടുത്തല്‍ ശക്തി (obligatory force) ഉണ്ടാകുന്നതല്ല.

  1. റോമാമാര്‍പാപ്പയാല്‍ ആരബ്ധമോ, അല്ലെങ്കില്‍ അദ്ദേഹം സ്വതന്ത്രമായി അംഗീകരിച്ചതോ ആയ മറ്റൊരു വിധത്തില്‍ മെത്രാന്‍സംഘം സംഘാത്മകമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്‍റെ ഡിക്രികള്‍ക്ക് കടപ്പെടുത്താന്‍ ശക്തി ലഭിക്കുന്നതിന് ഇതേ സ്ഥിരീകരണവും പരസ്യപ്പെടുത്തലും ആവശ്യമാണ്.

മാര്‍പാപ്പയും കൗണ്‍സില്‍ പിതാക്കന്മാരും തീരുമാനിക്കുകയും, അംഗീകരിക്കുകയും, മാര്‍പാപ്പ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന തീരുമാനങ്ങള്‍ക്കു മാത്രമേ നിയമപ്രാബല്യമുള്ളൂ. മെത്രാന്‍സംഘം മറ്റു രീതിയില്‍ ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നാലും മാര്‍പാപ്പ അംഗീകരിച്ചുറപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ അവയ്ക്ക് നിയമപ്രാബല്യം ലഭിക്കൂ.

Sovereignty of the Church catholic malayalam Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message