x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സുരക്ഷിതചുറ്റുവട്ട പദ്ധതി

ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണം തടയുന്നതിനുള്ള നിയമം 2013

Authored by : Government of India On 28-May-2021

രൂപീകരണം

2007-ല്‍ യൂണിയന്‍ ക്യാബിനറ്റ് അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ രേഖ 2010-ല്‍ ലോക്സഭയില്‍ ബില്‍ ആയി അവതരിപ്പിക്കപ്പെട്ടു. 2012-ല്‍ ലോക്സഭയിലും 2013-ല്‍ രാജ്യസഭയിലും ബില്‍ അംഗീകരിക്കപ്പെട്ടു. 2013-ല്‍ത്തന്നെ രാഷ്ട്രപതിയുടെ സമ്മതത്തോടുകൂടി നിയമമായി വിജ്ഞാപനം പുറത്തിറക്കി.

ഉള്ളടക്കം

എട്ട് അദ്ധ്യായങ്ങളിലായിട്ടാണ് നിയമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ അദ്ധ്യായം ആമുഖമാണ്. രണ്ടും മൂന്നും അദ്ധ്യായങ്ങള്‍ തൊഴിലുടമ രൂപീകരിക്കേണ്ട ആഭ്യന്തരപരാതിപരിഹാര കമ്മറ്റിയെയും ജില്ലാ കളക്ടര്‍ രൂപീകരിക്കേണ്ട പ്രാദേശിക പരാതി പരിഹാര കമ്മറ്റിയെയും കുറിച്ചാണ് വിശദീകരിക്കുന്നത്. നാലാം അദ്ധ്യായത്തില്‍ പരാതിയെക്കുറിച്ചും അഞ്ചാം അദ്ധ്യായം പരാതി എങ്ങനെ അന്വേഷിക്കണമെന്നതിനെക്കുറിച്ചും ആറാം അദ്ധ്യായം തൊഴിലുടമയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഏഴാം അദ്ധ്യായം ജില്ലാ അധികാരിയുടെ ഉത്തരവാദിത്വത്തെയും അധികാരത്തെയും കുറിച്ചും പഠിപ്പിക്കുന്നു. നിയമവുമായി ബന്ധപ്പെട്ട പലവക കാര്യങ്ങളാണ് എട്ടാം അദ്ധ്യായത്തിന്‍റെ ഉള്ളടക്കം.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് ഈ നിയമത്തിന്‍റെ ഉദ്ദേശം. പലപ്പോഴും സ്ത്രീകള്‍ ചെറിയ തോതിലുള്ള ചൂഷണങ്ങളെ പലവിധ സാഹചര്യങ്ങളുടെയും പേരില്‍ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ അത്തരം ചൂഷണങ്ങള്‍ സ്വഭാവം മാറി ജീവന്‍ നഷ്ടപ്പെടുന്നതിന് വരെ കാരണമായിത്തീരാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണം പ്രസക്തമാകുന്നത്. ഈ നിയമപ്രകാരം പത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇന്ത്യയൊട്ടാകെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു ആഭ്യന്തര പരാതി പരിഹാരസമിതി (Internal Complaints Committee) തൊഴിലുടമ രൂപപ്പെടുത്തേണ്ടതുണ്ട്. താന്‍ അനുഭവിക്കുന്ന ഏതുതരം ലൈംഗികചൂഷണത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് പരാതി നല്കാന്‍ എളുപ്പത്തില്‍ സാധിക്കുന്ന വിധത്തിലായിരിക്കും അതിന്‍റെ രൂപീകരണം.

പ്രസ്തുത സമിതിയുടെ രൂപീകരണം നടത്തുന്നില്ലെങ്കില്‍ തൊഴില്‍ദാതാവിന്‍റെ പക്കല്‍ നിന്നും 50,000 രൂപാ വരെ പിഴയീടാക്കാവുന്ന കുറ്റമായി പരിഗണിക്കും. എന്നിട്ടും നിയമമനുസരിക്കുന്നില്ലെങ്കില്‍ ഇരട്ടിതുക പിഴയിടുകയോ കമ്പനിയുടെ രജിസ്ട്രേഷന്‍, പെര്‍മിറ്റ് മുതലായവ റദ്ദാക്കുകയോ അതുമല്ലെങ്കില്‍ രണ്ടുംകൂടെയോ ചെയ്യുന്നതാണ്.

ആരാണ് പരാതിക്കാരി?

ഏതൊരു സ്ത്രീക്കും ഈ നിയമമനുസരിച്ച് പരാതി നല്കാവുന്നതാണ്. ആ വ്യക്തിയുടെ പ്രായം, വിവാഹജീവിതാന്തസ്സ് എന്നിവയൊന്നും പ്രശ്നമല്ല. പ്രസ്തുത സ്ഥാപനത്തിലെ ജോലിക്കാരിക്ക് മാത്രമല്ല പുറത്തുനിന്നൊരാള്‍ക്കും ആ സ്ഥാപനവുമായി ബന്ധപ്പെട്ട് അവിടെ പരാതി നല്കാവുന്നതാണ്.

എന്തൊക്കെയാണ് ലൈംഗികചൂഷണങ്ങള്‍?

1. ജോലിയുമായി ബന്ധപ്പെട്ട ഭീഷണികള്‍
2. പ്രത്യേകപരിഗണന ജോലിസ്ഥലത്ത് നല്കാമെന്ന വാഗ്ദാനം
3. ജോലിസ്ഥലത്തെ ക്രൂരമായ പെരുമാറ്റം
4. ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള അപമാനകരമായ പെരുമാറ്റങ്ങള്‍
5. ശാരീരികമായ സ്പര്‍ശനവും മറ്റും
6. ലൈംഗികസ്വഭാവമുള്ളതും അനാവശ്യവുമായ ശാരീരികചേഷ്ടകളും പദപ്രയോഗങ്ങളും
7. അശ്ലീലദൃശ്യങ്ങളുടെ പ്രദര്‍ശനം
8. ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍
9. ലൈംഗികആവശ്യങ്ങള്‍ നിറവേറ്റിത്തരാനുള്ള അഭ്യര്‍ത്ഥനകള്‍
10. വേദനിപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമായ ജോലിസാഹചര്യങ്ങള്‍

ആഭ്യന്തര പരാതി പരിഹാര സമിതി (Internal Complaints Committee)

ചുരുങ്ങിയത് നാലംഗങ്ങളെങ്കിലുമുള്ള സമിതിയായിരിക്കണം അത്. സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്ത് എല്ലായ്പോഴും സ്ത്രീയായിരിക്കണം ഉണ്ടായിരിക്കേണ്ടത്. മറ്റംഗങ്ങളോടൊപ്പം തന്നെ ലൈംഗികചൂഷണവുമായും വേതനപ്രശ്നങ്ങളുമായും മറ്റും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും എന്‍.ജി.ഓ.യില്‍ നിന്നുള്ള ഒരംഗവും സമിതിയില്‍ ഉണ്ടായിരിക്കണം. പത്തിലധികം തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകളും ഇത്തരം സമിതികള്‍ നിയമപരമായിത്തന്നെ (ഒരു കത്തിലൂടെ) സ്ഥാപിക്കുകയും നിയമപരമായി അതിന്‍റെ പ്രവര്‍ത്തനത്തിന് സഹായകമായ അന്തരീക്ഷം ഒരുക്കുകുയം വേണം. ഇത്തരം കമ്മറ്റികളുടെ പകുതി അംഗങ്ങള്‍ നിര്‍ബന്ധമായും സ്ത്രീകളായിരിക്കണം.

പ്രാദേശിക പരാതിപരിഹാര സമിതി (Local Complaints Committee)

ജില്ലാഅധികാരിയുടെ മേല്‍നോട്ടത്തില്‍ ഓരോ ജില്ലയിലും രൂപപ്പെടുത്തേണ്ട പരാതിപരിഹാര സമിതിയാണിത്. പത്തില്‍ത്താഴെ മാത്രം തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തരപരാതി പരിഹാരസമിതി രൂപപ്പെടുത്തിയിട്ടുണ്ടാവില്ല. അവിടെ തൊഴിലെടുക്കുന്നവര്‍ക്കുള്ള പരാതികളും ഏതു സ്ഥാപനത്തിലെയും തൊഴിലുടമക്കെതിരേയുള്ള പരാതികളും പ്രാദേശിക പരാതിപരിഹാരസമിതിയാണ് പരിഗണിക്കേണ്ടത്.

അഞ്ചംഗങ്ങളുള്ള പ്രാദേശിക പരാതിപരിഹാരസമിതിയുടെ അദ്ധ്യക്ഷയും രണ്ടംഗങ്ങളും സ്ത്രീകളായിരിക്കും. അതിലൊരാള്‍ പട്ടികജാതിവിഭാഗത്തിലോ പട്ടികവര്‍ഗവിഭാഗത്തിലോ പിന്നാക്കവിഭാഗത്തിലോ നിന്നുള്ളതായിരിക്കും. ബാക്കി രണ്ടുപേര്‍ സ്ത്രീകളോ പുരുഷന്മാരോ ആകാം. അതിലൊരാള്‍ ആ പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കും (ex-officio). രണ്ടാമത്തേയാള്‍ നിയമപരമായ അറിവുകളുള്ള വ്യക്തിയായിരിക്കണം.

സമിതികളുടെ കാലാവധി

തൊഴിലുടമയോ ജില്ലാ അധികാരിയോ ചുമതലപ്പെടുത്തുന്ന തിയതി മുതല്‍ മൂന്നു വര്‍ഷത്തിലധികം സമിതിയുടെ അദ്ധ്യക്ഷയോ അംഗങ്ങളോ പ്രസ്തുത സമിതിയില്‍ തുടരാന്‍ പാടുള്ളതല്ല. ഏതെങ്കിലും കേസില്‍ പ്രതിചേര്‍ക്കപ്പെടുകയോ അന്വേഷണമോ നടപടികളോ നേരിടുകയോ തന്‍റെ പദവി ദുരുപയോഗിച്ചതുമൂലം മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്ത വ്യക്തികളാരും തന്നെ ഈ കമ്മറ്റിയില്‍ അംഗങ്ങളാകാനും പാടുള്ളതല്ല.

പരാതി

തെളിവുകളോടും സാക്ഷികളുടെ പേരും വിലാസവുമടങ്ങുന്ന രേഖകളോടും കൂടെ എഴുതിത്തയ്യാറാക്കിയ ആറു പ്രതികളാണ് പരാതിയായി നല്കേണ്ടത്. പരാതിക്ക് ആസ്പദമായ സംഭവം (പല സന്ദര്‍ഭങ്ങളുണ്ടെങ്കില്‍ അവസാനത്തേത്) നടന്ന് മൂന്ന് മാസങ്ങള്‍ക്കകം പരാതി നല്കിയിരിക്കണം. പരാതി എഴുതിത്തയ്യാറാക്കുന്നതിന് പ്രസ്തുത വ്യക്തിയെ സമിതിക്ക് സഹായിക്കാവുന്നതാണ്. മാത്രവുമല്ല, പരാതി നല്കുന്നതിനാവശ്യമായ മൂന്ന് മാസം സമയം ഉചിതമെന്ന് തോന്നുന്നുവെങ്കില്‍ സമിതിക്ക് കൂട്ടിനല്കാവുന്നതാണ്. മാനസികമോ ശാരീരികമോ ആയ ദൗര്‍ബല്യങ്ങളാല്‍ ഇരയായ വ്യക്തിക്ക് പരാതി നല്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ആ വ്യക്തിയുടെ നൈയാമികഅനന്തരാവകാശിക്ക് പരാതി നല്കാവുന്നതാണ്.

പരാതിയും നടപടികളും (സമയകാലാവധി)

- പരാതിക്കാസ്പദമായ സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്കകം ഇരയായ വ്യക്തി പരാതി നല്കുന്നു.
- പരാതി സ്വീകരിച്ച് ഏഴു ദിവസങ്ങള്‍ക്കകം സമിതി പരാതിയുടെ പ്രതി കുറ്റാരോപിതനായ വ്യക്തിക്ക് അയച്ച് നല്കുന്നു.
- പരാതിയുടെ പ്രതി കൈപ്പറ്റി പത്തു ദിവസങ്ങള്‍ക്കകം കുറ്റാരോപിതനായ വ്യക്തി ആവശ്യമായ രേഖകളോടും സാക്ഷികളുടെ പേരും വിലാസവുമടക്കം മറുപടി നല്കുന്നു.
- തുടര്‍ന്ന് ഉചിതമായ സമയകാലാവധിക്കുള്ളില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമിതി നല്കുന്നു.
- സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെങ്കില്‍ അതിനെതിരായി 90 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്കാവുന്നതാണ്.

അനുരജ്ഞനത്തിലൂടെയുള്ള പരാതിപരിഹാരം

- അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പരാതിക്കാരി ആവശ്യപ്പെടുകയാണെങ്കില്‍ കുറ്റാരോപിതനുമായുള്ള പ്രശ്നം അനുരഞ്ജനത്തിലൂടെ പരിഹരിക്കാന്‍ സമിതിക്ക് ശ്രമിക്കാവുന്നതാണ്.
- സാമ്പത്തികമായ യാതൊരുവിധ പരിഹാരമാര്‍ഗ്ഗങ്ങളും അനുവദനീയമല്ല.
- ഇപ്രകാരം പരിഹരിക്കപ്പെട്ട ശേഷം സമിതികള്‍ അവ രേഖപ്പെടുത്തുകയും അത് തൊഴിലുടമക്ക്/ ജില്ലാ അധികാരിക്ക് അയച്ചുകൊടുക്കുകയും ചെയ്യേണ്ടതാണ്.
- പ്രസ്തുത രേഖയുടെ പ്രതികള്‍ പരാതിക്കാരിക്കും കുറ്റാരോപിതനായ വ്യക്തിക്കും സമിതി നല്കേണ്ടതാണ്.
- ഇത്തരത്തില്‍ പരിഹരിക്കപ്പെട്ട പരാതികളിന്മേല്‍ സമിതി യാതൊരുവിധത്തിലുള്ള അന്വേഷണവും നടത്താന്‍ പാടില്ല.

പരാതിയിന്മേലുള്ള അന്വേഷണം

- കുറ്റാരോപിതനായ വ്യക്തി തൊഴിലാളിയാണെങ്കില്‍ സേവനചട്ടങ്ങള്‍ക്കനുസരിച്ച് കമ്മറ്റി മുമ്പോട്ടു പോകും.
- കുറ്റാരോപിതനായ വ്യക്തിയെ ബന്ധപ്പെടാനോ വിശദീകരണം ചോദിക്കാനോ സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കേസ് നിലനില്‍ക്കുന്നുവെങ്കില്‍ ഏഴു ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ ശിക്ഷാനിയമം 509 പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും പരാതി പോലീസിന് കൈമാറേണ്ടതാണ്.
- മാത്രവുമല്ല, പരിഹരിക്കപ്പെട്ട ഒരു പരാതിയിന്മേല്‍ എത്തിച്ചേര്‍ന്ന ഏതെങ്കിലും ധാരണകള്‍ ലംഘിക്കപ്പെടുന്നുവെന്ന് പരാതിക്കാരി സമിതിയെ അറിയിക്കുകയാണെങ്കില്‍ സമിതി പ്രസ്തുത പരാതിയിന്മേല്‍ അന്വേഷണം നടത്തുകയോ അല്ലെങ്കില്‍ പരാതി പോലീസിന് കൈമാറുകയോ ചെയ്യണം.
- രണ്ടുപേരും ഒരേ സ്ഥാപനത്തിലെ തൊഴിലാളികളാണെങ്കില്‍ ഇരുവരെയും കേള്‍ക്കാന്‍ ആവശ്യമായ സമയം നല്കേണ്ടതാണ്.
- ഇന്ത്യന്‍ ശിക്ഷാനിയമം 509-ല്‍ പറഞ്ഞിരിക്കുന്നതൊന്നും തന്നെ ഒഴിവാക്കാതെ കുറ്റാരോപിതനായ വ്യക്തി പതിനഞ്ചാം വകുപ്പ് പ്രകാരം ഉചിതമായ തുക ഇരക്ക് നല്കേണ്ടതാണ്.
- അന്വേഷണം നടക്കുന്ന കാലഘട്ടത്തില്‍ സമിതിക്ക് വേണമെങ്കില്‍ പരാതിക്കാരിയെയോ കുറ്റാരോപിതനായ വ്യക്തിയെയോ സ്ഥലംമാറ്റുകയോ നിയമപരമായ അവധിക്ക് പുറമേ പരാതിക്കാരിക്ക് 3 മാസം അധികം അവധി നല്കുകയോ മറ്റെന്തെങ്കിലും ആശ്വാസപ്രദമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്.
- സമിതി നല്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയ ശേഷം തൊഴില്‍ദാതാവ് സമിതിക്ക് ഒരു റിപ്പോര്‍ട്ട് നല്കേണ്ടതാണ്.

അന്വേഷണ റിപ്പോര്‍ട്ട്

- പരാതിയിന്മേല്‍ അന്വേഷണം പൂര്‍ത്തിയാക്കി പത്തു ദിവസത്തിനകം സമിതി തൊഴില്‍ദാതാവിന്/ ജില്ലാ അധികാരിക്ക് റിപ്പോര്‍ട്ട് നല്കേണ്ടതാണ്. അത് ബന്ധപ്പെട്ട കക്ഷികള്‍ക്കും സംലഭ്യമാക്കണം.
- ആരോപണം തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് സമിതി എത്തിച്ചേരുന്നതെങ്കില്‍ യാതൊരുവിധ നടപടികളും ശിപാര്‍ശ ചെയ്യേണ്ടതില്ല.
കുറ്റാരോപിതന്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍
- സേവനചട്ടങ്ങള്‍ നിലവിലുള്ളിടത്ത് അതനുസരിച്ചും ഇല്ലാത്തിടത്ത് നിര്‍ദ്ദിഷ്ടരീതിയിലും നടപടികള്‍ എടുക്കേണ്ടതാണ്.
- വകുപ്പ് 15 പ്രകാരം കുറ്റാരോപിതന്‍റെ ശമ്പളത്തില്‍ നിന്നോ കൂലിയില്‍ നിന്നോ ഉചിതമെന്ന് തീരുമാനിച്ച തുക ഇരയായ വ്യക്തിക്ക് നല്കുന്നതിനായി കണ്ടെത്തണം.
- സമിതിയുടെ റിപ്പോര്‍ട്ട് കൈപ്പറ്റി 60 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികള്‍ അതില്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണം.
കുറ്റാരോപണം തെറ്റാണെങ്കില്‍
- കുറ്റാരോപണമോ അനുബന്ധ രേഖകളോ വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ സേവനചട്ടങ്ങളോ അതല്ലെങ്കില്‍ മറ്റ് നിര്‍ദ്ദിഷ്ടരീതികളോ അനുസരിച്ച് പരാതിക്കാരിക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ സമിതി ശിപാര്‍ശ ചെയ്യേണ്ടതാണ്.
- പരാതിക്കാരിക്ക് ആവശ്യമായ തെളിവുകള്‍ നല്കാനാവാത്ത സാഹചര്യമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ല.
- പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പരാതിക്കാരിയുടെ ദുരുദ്ദേശം കൃത്യമായി സ്ഥാപിക്കേണ്ടതാണ്.
- അന്വേഷണസമയത്ത് സാക്ഷികള്‍ തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വ്വം ധരിപ്പിക്കുകയാണെങ്കില്‍ ആ വ്യക്തികള്‍ക്കെതിരായും നടപടികള്‍ ശിപാര്‍ശ ചെയ്യേണ്ടതാണ്.

വകുപ്പ് 15: നല്കേണ്ട തുക നിശ്ചയിക്കേണ്ട വിധം

കുറ്റം ചെയ്ത വ്യക്തി പരാതിക്കാരിക്ക് നല്കേണ്ട തുക നിശ്ചയിക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍:
- പരാതിക്കാരിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക-വൈകാരികസമ്മര്‍ദ്ദങ്ങള്‍, വേദന, സഹനങ്ങള്‍
- തൊഴില്‍മേഖലയില്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റങ്ങളിലുണ്ടായ നഷ്ടം
- സംഭവത്തിനുശേഷം അനുബന്ധമായി വന്ന ആശുപത്രിചിലവുകള്‍
- കുറ്റക്കാരന്‍റെ വരുമാനവും സാമ്പത്തികചുറ്റുപാടുകളും
- ഒരുമിച്ചാണോ തവണകളായാണോ പ്രസ്തുത നല്കാന്‍ സാധിക്കുക എന്നത്

വകുപ്പ് 16: രഹസ്യാത്മകത സൂക്ഷിക്കേണ്ട വിധം

വിവരാവകാശനിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നും ലംഘിക്കാതെ തന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയോ മാധ്യമങ്ങള്‍ വഴിയോ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല:
- പരാതി
- പരാതിക്കാരിയുടെയും കുറ്റാരോപിതന്‍റെയും സാക്ഷികളുടെയും പേരുവിവരങ്ങളും വിലാസവും
- സമിതിയുമായി ബന്ധപ്പെട്ട അനുരഞ്ജനം, അന്വേഷണം, നടപടിക്കുള്ള ശിപാര്‍ശകള്‍ എന്നിവ
- തൊഴിലുടമയോ ജില്ലാ അധികാരിയോ സ്വീകരിച്ച നടപടികള്‍

തൊഴിലുടമയുടെ ഉത്തരവാദിത്വങ്ങള്‍

സുരക്ഷിതമായ ജോലിസാഹചര്യവും ജോലിസ്ഥലത്തെത്തുന്നവരില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള സുരക്ഷിതത്വവും
- ലൈംഗികചൂഷണത്തിനുള്ള ശിക്ഷാനടപടികള്‍ പ്രദര്‍ശിപ്പിക്കുകയും ആഭ്യന്തരപരാതിപരിഹാര സമിതി രൂപീകരിക്കുകയും ചെയ്യുക.
- കൃത്യമായ ഇടവേളകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുക
- പരാതി പരിഗണിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ സമിതിക്ക് ഒരുക്കിക്കൊടുക്കുക.
- കുറ്റാരോപിതനെയും സാക്ഷികളെയും സമിതിക്ക് മുമ്പില്‍ ഹാജരാക്കുന്നതിന് സഹായിക്കുക.
- പരാതിയുമായി ബന്ധപ്പെട്ട് സമിതിക്ക് ആവശ്യമായ വിവരങ്ങള്‍ നല്കുക.
- ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമോ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രകാരമോ കേസ് കൊടുക്കാന്‍ ചൂഷണം ചെയ്യപ്പെട്ട വ്യക്തി ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് സഹായിക്കുക.
- ലൈംഗികചുഷണത്തെ സേവനചട്ടങ്ങള്‍ പ്രകാരം മോശം പെരുമാറ്റമായി പരിഗണിച്ച് ചട്ടപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
- ആഭ്യന്തരപരാതി പരിഹാര സമിതിയുടെ കാലാകാലങ്ങളിലുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക.

ജില്ലാ അധികാരിയുടെ ഉത്തരവാദിത്വങ്ങള്‍

- പ്രാദേശിക പരാതിപരിഹാരസമിതിയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക.
- സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ലൈംഗികചൂഷണത്തെക്കുറിച്ചും ബോധവത്കരണപരിപാടികള്‍ നടത്തുന്നതിന് എന്‍ജിഓ-കളെ നിയോഗിക്കുക.

(ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണം തടയുന്നതിനുള്ള 2013-ലെ കേന്ദ്രസര്‍ക്കാര്‍ നിയമത്തിന്‍റെ സംക്ഷിപ്ത രൂപമാണിത്. ഈ നിയമത്തിന്‍റെ പശ്ചാത്തലത്തിലാണ് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജോലിസ്ഥലത്തെ ലൈംഗികചൂഷണം എന്ന രേഖ പുറത്തിറക്കിയിട്ടുള്ളത്. ആ രേഖയിലും ഇതേ നിയമങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചിട്ടുള്ളത്)

sexual harassment at workplace sexual harassment of women Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message