We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Jose Porunnedom On 28-May-2021
1. എന്താണ് സുരക്ഷിത ചുറ്റുവട്ട പദ്ധതി (Safe Environment Programme)?
സകലമനുഷ്യര്‍ക്കും ആശ്വാസവും സാന്ത്വനവും നല്കുന്ന ഇടങ്ങളാണ് കത്തോലിക്കാ ദേവാലയങ്ങളും വൈദികമന്ദിരങ്ങളും സ്ഥാപനങ്ങളും. എന്നാല്‍ അതേയിടങ്ങള്‍ തന്നെ കുട്ടികളും എളുപ്പത്തില്‍ പീഡിപ്പിക്കപ്പെടാവുന്ന മുതിര്‍ന്നവരും (vulnerable adults) ദുരുപയോഗം ചെയ്യപ്പെടാനോ അപമാനിതരാകാനോ ഇടയുള്ള സ്ഥലങ്ങളായി മാറാനും സാദ്ധ്യതയുണ്ട്. കുട്ടികളും ദുര്‍ബലരും അപ്രകാരം ചൂഷണം ചെയ്യപ്പെട്ടതിന്‍റെ ഉദാഹരങ്ങള്‍ ലോകവ്യാപകമായി ഇന്ന് ലഭ്യവുമാണല്ലോ. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിശ്വാസസമൂഹത്തെ സുരക്ഷിതമായ ചുറ്റുപാടുകളില്‍ പരിപാലിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തണമെന്ന് സഭയൊന്നാകെ ചിന്തിച്ചത്. അതിന്‍റെ ഭാഗമായി കേരളകത്തോലിക്കാ മെത്രാന്‍ സമിതി ചിട്ടപ്പെടുത്തിയ പ്രത്യേക പദ്ധതിയാണ് സുരക്ഷിത ചുറ്റുവട്ട പദ്ധതി (Safe Environment Programme) (ref. Safe Environment Policy of KCBC, II, 1-3).
2. സുരക്ഷിത ചുറ്റുവട്ടപദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
a. നമ്മുടെ രൂപതകളിലെ വിശ്വാസസമൂഹങ്ങളില്‍ കുട്ടികള്‍ക്കും എളുപ്പത്തില്‍ പീഡിപ്പിക്കപ്പെടാവുന്നവര്‍ക്കും സുരക്ഷിതവും സുഭദ്രവുമായ ഒരു പരിസരം പ്രദാനം ചെയ്യുക.
b. ഏതു തരത്തിലുമുള്ള ലൈംഗികദുരുപയോഗത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും അവരെ സംരക്ഷിക്കുക.
c. ഏതു തരത്തിലുള്ള ലൈംഗികഅതിക്രമവും കൈയ്യേറ്റവും സഭാധികാരികള്‍ക്കും സിവില്‍ അധികാരികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുക.
d. ഇരയുടെയും കുടുംബത്തിന്‍റെയും അവരുള്‍പ്പെടുന്ന സഭാകൂട്ടായ്മയുടെയും ആത്മീയവും ഭൗതികവും വൈകാരികവുമായ തലങ്ങളെ അഭിസംബോധന ചെയ്യുക.
e. വൈദികര്‍ക്കും സഭാശുശ്രൂഷകര്‍ക്കും സന്നദ്ധസേവകര്‍ക്കും നേരെയുണ്ടാകാനിടയുള്ള തെറ്റായ ആരോപണങ്ങളെ അഭിസംബോധന ചെയ്യുക.
(ref. Safe Environment Policy of KCBC, II, 5)
3. സുരക്ഷിത ചുറ്റുവട്ട പദ്ധതിയിലെ നിബന്ധനകള്‍ വളരെ കഠിനമാണ്. എന്തുകൊണ്ടാണ് സഭ ഇത്രയും കാര്‍ക്കശ്യം പുലര്‍ത്തുന്നത്? (സുരക്ഷിത ചുറ്റുവട്ട പദ്ധതിയുടെ അന്തര്‍ദ്ദേശീയ-ദേശീയ-പ്രാദേശിക പശ്ചാത്തലങ്ങള്‍)
സുരക്ഷിത ചുറ്റുവട്ട പദ്ധതിയിലേക്ക് സഭയെ നയിക്കുന്ന അന്തര്‍ദ്ദേശീയവും ദേശീയവും പ്രാദേശികവുമായ പലവിധ കാരണങ്ങളുണ്ട്. 1950-കള്‍ മുതല്‍ വൈദികരുടെ പേരിലുള്ള ലൈംഗികദുരുപയോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയിരുന്നു. മാധ്യമശ്രദ്ധയിലേക്ക് ഇത്തരം കേസുകള്‍ വ്യാപകമായി എത്തിപ്പെടാനാരംഭിച്ചത് 1980-കളില്‍ കാനഡയിലും അമേരിക്കയിലുമായിരുന്നു. 1990-കളിലെത്തിയപ്പോഴേക്കും അര്‍ജന്‍റീന, ഓസ്ട്രേലിയ എന്നുവേണ്ട പലയിടങ്ങളില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ ലോകത്ത് പരക്കാന്‍ തുടങ്ങി. രണ്ടായിരാമാണ്ട് ആയപ്പോഴേക്കും വൈദികരുള്‍പ്പെടുന്ന ലൈംഗിക ദുരുപയോഗക്കേസുകള്‍ ആഗോളവ്യാപകമായ ഒരു വാര്‍ത്തയും ചര്‍ച്ചയുമായി മാറിക്കഴിഞ്ഞിരുന്നു.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയില്‍ കുറ്റാരോപിതരായ വൈദികരെ സഭാനേതൃത്വം സ്ഥലങ്ങള്‍ മാറ്റുന്നതല്ലാതെ ശിക്ഷിക്കുന്നില്ലായെന്ന് വീണ്ടും ആരോപണങ്ങളുയര്‍ന്നു. അത്, ലോകത്തെമ്പാടും വൈദികരുടെ ദുരുപയോഗകേസുകള്‍ കര്‍ശനമായി കൈകാര്യം ചെയ്യുന്നതിന് സഭാനേതൃത്വത്തെ നിര്‍ബന്ധിച്ചു. ഇത്തരം കേസുകള്‍ പരിഹരിക്കാന്‍-ശിക്ഷയായും മറ്റും-ഭീമമായ തുകകള്‍ കണ്ടെത്തേണ്ടി വന്ന അമേരിക്കയിലെയും യൂറോപ്പിലെയും ചില രൂപതകള്‍ പാപ്പരാവുകയും ചെയ്തു. അതേസമയം തന്നെ പ്രശസ്തി, സമ്പത്ത് എന്നിങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങളോടു കൂടി പലരും വ്യാജമായ പരാതികളും നല്കിയിരുന്നുവെന്നതും സത്യമാണ്.
അന്താരാഷ്ട്രതലത്തിലുള്ള ഇത്തരം സംഭവവികാസങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് കര്‍ക്കശമായ രീതിയില്‍ ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യണമെന്ന ചിന്തയുണ്ടായത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെയും ചെയ്തുവെന്ന് സംശയിക്കുന്നവരെയും ഉടനടി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഐക്യരാഷ്ട്ര സഭയും വത്തിക്കാനെ ഉപദേശിച്ചു. ഒപ്പംതന്നെ ഇത്തരം കേസുകള്‍ മൂടിവച്ചവരെ വത്തിക്കാന്‍ തന്നെ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനുള്ള നിയമങ്ങള്‍ സഭയിലുണ്ടായിരുന്നുവെങ്കിലും അവയെ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാനില്‍ നിന്ന് പുറപ്പെട്ടത്.
4. സുരക്ഷിത ചുറ്റുവട്ട പദ്ധതതിയുടെ രൂപീകരണത്തിന് സഹായകമായ സിവിലും സഭാപരവുമായ നിയമങ്ങള്‍ ഏതൊക്കെയാണ്?
മേല്‍പരാമര്‍ശിച്ച വിഷയങ്ങളില്‍ ഭാരതകത്തോലിക്കാസഭയുടെ അവസ്ഥ പാശ്ചാത്യനാടുകളിലേതുപോലെ ഗൗരവതരമായിരുന്നില്ലെങ്കിലും ഭാരതത്തിന്‍റെ സിവില്‍ ഭരണകൂടം ഈ വിഷയങ്ങളില്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമങ്ങള്‍ കത്തോലിക്കാസഭക്കും സഭയുടെ പ്രവര്‍ത്തനശൈലിക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കത്തോലിക്കരടക്കമുള്ള സകല ഭാരതീയരെയും ബാധിക്കുന്ന ഇത്തരം നിയമങ്ങള്‍ ഇവയാണ്:
1. കുട്ടികളെ ലൈംഗികദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമം (Protection of Child from Sexual Offences/പോക്സോ ആക്ട്, 2012)
2. ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികഅതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം (Sexual Harasssment of Women at Workplace- 2013)
3. ബാലനീതി നിയമം (Juvenile Justice Act 2015)
ഇവ സിവില്‍ നിയമങ്ങളാണെങ്കില്‍ ഇവയോടൊപ്പം തന്നെ കത്തോലിക്കാസഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ള നിയമങ്ങളും പോളിസികളും ഈ വിഷയത്തില്‍ ലഭ്യമാണ്. അവ താപ്പെറയുന്നവയാണ്:
1. സാക്രമെന്തോരും സാങ്തിതാതിസ് തൂത്തേല (Sacramentorum Sanctitatis Tutela): 2001-ല്‍ പരിശുദ്ധ സിംഹാസനം നല്കിയ പ്രസ്തുത മോത്തു പ്രോപ്രിയോയില്‍ (മാര്‍പാപ്പ നടത്തുന്ന നിയമനിര്‍മ്മാണം) ഏറ്റവും ഗൗരവതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചും അതിനു ലഭിക്കുന്ന സഭാപരമായ ശിക്ഷയെക്കുറിച്ചുമാണ് സൂചിപ്പിച്ചിരുന്നത്. 2003-ലും 2010-ലും ഈ രേഖ വത്തിക്കാന്‍ പുതുക്കുകയും പുതിയ വകുപ്പുകള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ ദുരുപയോഗിക്കുന്നതിലുള്ള അധാര്‍മ്മികതയും അത് രാജ്യത്തിന്‍റെ നിയമത്തിനനുസൃതം കൈകാര്യം ചെയ്യേണ്ടതിന്‍റെ അനിവാര്യതയും അത്തരം കുറ്റകൃത്യങ്ങള്‍ റോമില്‍ അറിയിക്കണമെന്ന നിര്‍ദ്ദേശവുമെല്ലാമാണ് ഈ നിയമങ്ങളില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടുള്ളത്.
2. സ്നേഹമയിയായ അമ്മയെപ്പോലെ (As a Loving Mother 2016): പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കുന്ന മെത്രാന്മാരെയും സഭാധികാരികളെയും സ്ഥാനഭ്രഷ്ടരാക്കുന്നതിന് വേണ്ടി നല്കിയിരിക്കുന്ന നിയമമാണിത്. വളരെ ഗൗരവത്തോടെയും കാലതാമസം കൂടാതെയും പ്രസ്തുത കേസുകള്‍ പരിഗണിക്കണമെന്നും നടപടിയെടുക്കണമെന്നുമാണ് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
3. നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു (Vos Estis Lux Mundi 2019): ഈ വിഷയത്തില്‍ പരിശുദ്ധ സിംഹാസനം നല്കിയിരിക്കുന്ന ഏറ്റവും ഒടുവിലത്തെ നിയമങ്ങളാണ് ഇതിലുള്ളത്. കുട്ടികളെ ദുരുപയോഗിക്കുന്ന കേസുകള്‍ വേഗത്തിലും ഫലപ്രദമായും എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
ഇവയോടൊപ്പം തന്നെ ഭാരതകത്തോലിക്കാ മെത്രാന്‍ സമിതി 2017-ല്‍ നല്കിയ "ജോലിസ്ഥലത്തെ ലൈംഗികചൂഷണം" തടയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും (Sexual Harassment of Women at Workplace - Prevention, Prohibition and Redressal ACT 2013ന്‍റെ അടിസ്ഥാനത്തില്‍) ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയും (CBCI) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും (KCBC) 2009-ല്‍ പുറപ്പെടുവിച്ച ലിംഗസമത്വ നയങ്ങളും (Gender policy) സുരക്ഷിത ചുറ്റുവട്ട പദ്ധതിയുടെ രൂപീകരണത്തിലേക്ക് നയിച്ച സഭാപരമായ മറ്റു ഘടകങ്ങളാണ്. "ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013-ലെ നിയമം" (Sexual Harassment of Women at Workplace - Prevention, Prohibition and Redressal ACT 2013) എല്ലാ സ്ഥാപനങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ആഭ്യന്തര പരാതിപരിഹാര കമ്മറ്റിയുണ്ടായിരിക്കണമെന്നും അതിന്‍റെ ഡയറക്ടര്‍ ഒരു സ്ത്രീയായിരിക്കണമെന്നും നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നുമുണ്ട്. ഭാരതകത്തോലിക്കാമെത്രാന്‍ സമിതിയും ഇതേ കാര്യം 2017-ലെ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയില്‍ ഊന്നിപ്പറയുന്നു. ഇവയുടെയെല്ലാം പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭ സുരക്ഷിതചുറ്റുവട്ട പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
5. വൈദികര്‍ക്കും സഭാശുശ്രൂഷകര്‍ക്കുമെതിരേയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മെത്രാനും രൂപതാസംവിധാനങ്ങള്‍ക്കുമുള്ള പരിമിതികള്‍ എന്താണ്?
വൈദികരുടെയും സഭാശുശ്രൂഷകരുടെയും പേരിലുള്ള പരാതികളും ലൈംഗികദുരുപയോഗ കേസുകളും സഭ മറച്ചുവെച്ചുവെന്നും ഇല്ലാതാക്കിക്കളഞ്ഞുവെന്നും വാദിക്കുമ്പോള്‍ തന്നെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന രൂപതാമെത്രാന്‍റെയും സംവിധാനങ്ങളുടെയും പരിമിതികള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. മെത്രാന്‍ എല്ലാവരുടെയും പിതാവെന്ന നിലയില്‍ എല്ലാവരോടും കരുണ കാണിക്കാനും എല്ലാവരെയും വളര്‍ത്താനും കടപ്പെട്ടവനാണ്. അതേസമയം തന്നെ കുറ്റം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ട ന്യായാധിപന്‍റെ ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്. പലപ്പോഴും ഏതെങ്കിലും ആരോപണമോ കേസോ മെത്രാന്‍റെ അടുക്കല്‍ വരുമ്പോള്‍ അതിനെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാന്‍ മെത്രാന് സാധിക്കാതെ പോകുന്ന സാഹചര്യങ്ങളുണ്ട്. സിവില്‍ അധികാരമോ പോലീസോ സഹായത്തിനില്ല എന്നത് കുറ്റകൃത്യങ്ങളുടെ അന്വേഷണത്തെ ഗൗരവതരമായി ബാധിക്കുന്ന കാര്യങ്ങളാണ്. തെറ്റു ചെയ്തയാളുടെ നിരുപാധികമായ മാപ്പപേക്ഷയും ഇനിയാവര്‍ത്തിക്കില്ലായെന്ന കണ്ണിരോടുകൂടിയ അഭ്യര്‍ത്ഥനയും അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യും? അതു മാത്രവുമല്ല, ഒരു കേസ് തന്‍റെ അടുക്കലെത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട വ്യക്തിയോട് "ചോദിക്കുക" എന്നതിലുപരിയായി ശാസ്ത്രീയമായ യാതൊരു മാര്‍ഗ്ഗവുമവലംബിച്ചുകൊണ്ട് അത് തെളിയിക്കാന്‍ മെത്രാന് സാധിക്കുകയില്ല. ആ വ്യക്തിയുടെ മുറി പരിശോധിക്കാനോ അദ്ദേഹത്തിന്‍റെ ഉപയോഗവസ്തുക്കളായ മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ പരിശോധിക്കാനോ കണ്ടുകെട്ടാനോ മെത്രാന് അധികാരമില്ല. ആയതിനാല്‍ത്തന്നെ പലപ്പോഴും ഇത്തരം കേസുകള്‍ വരുമ്പോള്‍ മെത്രാന്മാര്‍ നിസഹായരായിപ്പോകുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്.
6. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സുരക്ഷിതചുറ്റുവട്ട പദ്ധതിയില്‍ സഭാസംവിധാനങ്ങള്‍ക്ക് പകരമായി മറ്റൊരു സംവിധാനം (Safe Environment Committee) രൂപപ്പെടുത്തിയിരിക്കുന്നത്?
കുട്ടികള്‍, ദുര്‍ബലര്‍, എളുപ്പത്തില്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവര്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും തടയുന്നതിനുള്ള നിയമങ്ങള്‍ കത്തോലിക്കാസഭക്ക് ഇല്ലായിരുന്നുവെന്ന് പറയാനാവില്ല. എന്നാല്‍ അത്തരം സംവിധാനങ്ങള്‍ വിശ്വസനീയമാണെന്ന് സംശയരഹിതമായി സ്ഥാപിക്കുന്നതില്‍ കത്തോലിക്കാസഭ പരാജയപ്പെട്ടുവെന്നാണ് ആഗോളതലത്തില്‍ തന്നെ നാം മനസ്സിലാക്കേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി നിലവിലിരിക്കുന്ന ആക്ഷേപങ്ങള്‍ താഴെക്കൊടുക്കുന്നു:
- വൈദികമേധാവിത്വം (clericalism) ഒരു വലിയ ശാപമായിത്തീരുന്നു. തിരുസ്സഭയില്‍ വൈദികരുടെ അപ്രമാദിത്വം അരങ്ങുവാഴുന്നുവെന്ന് വാദിക്കുന്ന പൊതുസമൂഹവും മാധ്യമങ്ങളും ലൈംഗിക ദുരുപയോഗ കേസുകള്‍ കൈകാര്യം ചെയ്യുന്ന സമിതികളിലും വൈദികര്‍ മാത്രമാണുള്ളത് എന്ന ആരോപണം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ട്.
- വൈദികര്‍ അവരുടെ അധികാരമുപയോഗിച്ച് പല കേസുകളും തേച്ചുമായ്ച്ച് കളയുകയാണ്. അന്വേഷണം നടത്താനും നടപടികളെടുക്കാനും നിയോഗിക്കപ്പെട്ടവര്‍ ഒരേ തൂവല്‍ പക്ഷികളാകുമ്പോള്‍ അവിടെ സമവായസാധ്യതകള്‍ ധാരാളമായുണ്ടാകുന്നു എന്ന് ആരോപണം.
- വൈദികര്‍ തന്നെ കൈകാര്യം ചെയ്യുന്നത് വഴി ധാരാളം കേസുകള്‍ മറച്ചുവെക്കപ്പെടുകയും ആത്മീയമായ അധികാരമുപയോഗിച്ചുള്ള ഭീഷണിയില്‍ പല സത്യങ്ങളും ഇല്ലാതാക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന ആരോപണം.
- തങ്ങളുടെ ഗണത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ കുറ്റകൃത്യങ്ങള്‍ ന്യായമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദികഗണവും മെത്രാന്മാരും എല്ലായ്പോഴും പരാജയമാണ് എന്ന ആരോപണം.
- ഇത്തരം കേസുകളില്‍ നടപടിയെടുക്കേണ്ട മെത്രാന്‍/ സഭാസംവിധാനം മേല്‍പ്പറഞ്ഞ കാരണത്താല്‍ (ചോദ്യം 4) പല സന്ദര്‍ഭങ്ങളിലും ഇതികര്‍ത്തവ്യതാമൂഡനായിപ്പോകുന്നു എന്ന സ്ഥിതിവിശേഷം.
മേല്‍പ്പറഞ്ഞ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രൂപതകളുടെ സാധാരണ ഗതിയിലുള്ള ഭരണസംവിധാനത്തിനു പുറമേ മറ്റൊരു കമ്മറ്റി ഈ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനായി ആവശ്യമുണ്ട് എന്ന് സഭ ചിന്തിച്ചുതുടങ്ങിയത്.
7. ഇത്തരം കമ്മറ്റികളുടെ സ്വഭാവം എന്തായിരിക്കണം/ ഈ കമ്മറ്റിയെ നയിക്കേണ്ടത് ആരാണ്?
സഭാശുശ്രൂഷകര്‍ക്കെതിരേ ലൈംഗികഅപവാദങ്ങളടക്കുമുള്ള കേസുകള്‍ വര്‍ദ്ധിക്കുകയും അതേസമയം അവ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ സഭാസംവിധാനങ്ങള്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയമങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് സഭ ചിന്തിക്കാന്‍ ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ, പുതിയ സംവിധാനം അതിന്‍റെ പങ്കാളിത്തത്തിലും നേതൃത്വത്തിലും വൈദികര്‍ക്ക് തന്നെ ഏല്പിക്കപ്പെടുന്നത് സംവിധാനത്തിന്‍റെ ഉദ്ദേശശുദ്ധിയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കും. മാത്രവുമല്ല, രൂപതകളില്‍ സ്ഥാപിക്കണമെന്ന് കേരളകത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരിക്കുന്ന സുരക്ഷിത ചുറ്റുവട്ട കമ്മറ്റി (Safe Environment Committee) തന്നെയാണ് "ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013-ലെ നിയമം" എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്ന ആഭ്യന്തര പരാതിപരിഹാര കമ്മറ്റിയുടെയും (internal complaints committee) ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടത്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ 2017-ല്‍ നല്കിയ മാര്‍ഗ്ഗരേഖ (Guidelines to Deal with Sexual Harassment at Workplace -2017 by CBCI) എല്ലാ സഭാസ്ഥാപനങ്ങളിലും ആഭ്യന്തരപരാതി പരിഹാര കമ്മറ്റികള്‍ (internal complaints committee) ഉണ്ടാകണമെന്നും അവയെ രൂപതാ/പ്രോവിന്‍സ് തലത്തില്‍ ഏകോപിപ്പിക്കണമെന്നും (Diocesian/Provincial complaint committee) നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രസ്തുത കമ്മറ്റിയുടെ പ്രിസൈഡിംഗ് ഓഫീസര്‍ നിര്‍ബന്ധമായും ഒരു സ്ത്രീയായിരിക്കണമെന്ന് സിവില്‍നിയമവും CBCI മാര്‍ഗ്ഗരേഖയും വ്യവസ്ഥ ചെയ്യുന്നുമുണ്ട് (Sexual Harassment of Women at Workplace - Prevention, Prohibition and Redressal ACT 2013,II.4.2 & Guidelines to Deal with Sexual Harassment at Workplace -2017 by CBCI, 6.B). ഇവയെല്ലാം പരിഗണിക്കുമ്പോള്‍ സഭയ്ക്ക് അതിന്‍റെ ധാര്‍മ്മികജീവിതത്തില്‍ നഷ്ടപ്പെട്ടുപോകുന്ന വിശ്വാസ്യത വീണ്ടെടുക്കാനുള്ള ഏറ്റവും ഉദാത്തമായ ശ്രമമെന്ന നിലയില്‍ പുതിയ സംവിധാനത്തിന്‍റെ നേതൃത്വവും ഭൂരിപക്ഷഅംഗത്വവും (മുമ്പ് പരാമര്‍ശിച്ച നിയമത്തിന്‍റെ വെളിച്ചത്തില്‍ നേതൃത്വത്തില്‍ സ്ത്രീ തന്നെ വരേണ്ടതുണ്ട്) അല്മായര്‍ക്കാണ് നല്കേണ്ടത്. സുരക്ഷിത ചുറ്റുവട്ട പദ്ധിതയുടെ മാര്‍ഗ്ഗരേഖ അപ്രകാരം നിര്‍ബന്ധം പറയുന്നില്ലെങ്കിലും പ്രായോഗികമായി (നിയമപ്രകാരവും കമ്മറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പരിഗണിച്ചും) ഇതാണ് സാദ്ധ്യമാവുക. ഇപ്രകാരം ചിട്ടപ്പെടുത്താത്ത കമ്മറ്റിക്ക് ഗുണപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കാതെ വരും എന്നതാണ് സത്യം.
8. ഇത്തരം കമ്മറ്റികള്‍ക്ക് സിവില്‍ നിയമത്തില്‍ സാധുതയുണ്ടോ? സിവില്‍ നിയമം ഇവയെ അംഗീകരിക്കുന്നുണ്ടോ?
തീര്‍ച്ചയായും. സിവില്‍ നിയമം ഇത്തരം കമ്മറ്റികളെ അംഗീകരിക്കുന്നുണ്ടെന്ന് മാത്രമല്ല, അവ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയും കൂടി ചെയ്യുന്നുണ്ട്. പോക്സോ കേസുകള്‍- കൃത്യമായി അറിയുന്നവരും അത്തരം കേസുകളെപ്പറ്റി ധാരണകള്‍ ലഭിക്കുന്നവരും - നേരിട്ട് പോലീസിലറിയിക്കാന്‍ കടപ്പെട്ടവരാണ്. അവ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ല. അതേസമയം, പ്രായപൂര്‍ത്തിയായവര്‍ ജോലിസ്ഥലങ്ങളില്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ അതാത് ജോലിസ്ഥലങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയിരിക്കുന്ന പരാതിപരിഹാര കമ്മറ്റിക്ക് കൈകാര്യം ചെയ്യാവുന്നതും തീര്‍പ്പാക്കാവുന്നതുമാണ്. തീരുന്നില്ലെങ്കില്‍ സഭാതലത്തില്‍ത്തന്നെയുള്ള അപ്പീല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. എന്നാല്‍ അവിടെയും തീര്‍പ്പാകാത്ത കേസുകള്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്കാണ് കൈമാറേണ്ടത്. ഭാരതകത്തോലിക്കാസഭയുടെ 2017-ലെ മാര്‍ഗ്ഗരേഖ പ്രകാരം എല്ലാ സഭാസ്ഥാപനങ്ങളിലും ആഭ്യന്തരപരാതിപരിഹാര കമ്മറ്റികള്‍ ഉണ്ടാവുകയും അവയെ രൂപതാ/പ്രോവിന്‍സ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരാതിപരിഹാര കമ്മറ്റികള്‍ ഏകോപിപ്പിക്കുകയും ചെയ്യണം.
9. ആഭ്യന്തര പരാതിപരിഹാരകമ്മറ്റിയുടെ സ്വഭാവമുള്ള സുരക്ഷിതപരിസ്ഥിതി കമ്മറ്റി രൂപീകരിക്കുന്നില്ലെങ്കില്‍ എന്താണ് പ്രശ്നം?
ആഭ്യന്തരപരാതികമ്മറ്റികള്‍ (internal complaints committee) എല്ലാ സ്ഥാപനങ്ങളിലും നിയമം മൂലം നിര്‍ബന്ധിതമാക്കുന്ന "ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013-ലെ നിയമം" ഓരോ ജില്ലയിലെയും ഡിഎം, എഡിഎം, കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്നിവരിലാരെങ്കിലും ഈ നിയമപ്രകാരമുള്ള കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഡിസ്ട്രിക്ട് ഓഫീസറായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഡിസ്ട്രിക്ട് ഓഫീസര്‍ ഒരു "പ്രാദേശിക പരാതിപരിഹാര കമ്മറ്റി" (Local complaint Committee) സ്ഥാപിക്കണം. പത്ത് അംഗങ്ങളില്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ നിന്നും ഏതൊരു സ്ഥാപനത്തിന്‍റെയും ഉന്നതാധികാരിയില്‍ നിന്നും ലൈംഗികാതിക്രമങ്ങളുണ്ടാകുമ്പോള്‍ ഇരയാകുന്ന വ്യക്തി പരാതി നല്കേണ്ടത് ഈ കമ്മറ്റിക്കാണ്. ആഭ്യന്തരപരാതിപരിഹാരകമ്മറ്റി ഇല്ലാത്ത സ്ഥാപനങ്ങളിലും ഇത്തരം പരാതികളുണ്ടായാല്‍ അത് മേല്‍പ്പറഞ്ഞ പ്രാദേശികകമ്മറ്റിയിലേക്കായിരിക്കും പോകാനിടയാവുക.
ഈ നിയമങ്ങള്‍ പ്രയോഗത്തില്‍ വരുമ്പോള്‍, രൂപതയുടെ സ്ഥാപനങ്ങളും ഇടവകകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ ഇത്തരമൊരു സംവിധാനമില്ലാത്ത ഒരവസ്ഥയില്‍ തൊഴില്‍ദാതാവ് എന്ന നിലയിലോ അധികാരി എന്ന നിലയിലോ കണക്കാക്കപ്പെടുന്ന മെത്രാന്‍ ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. ഒരു സ്ത്രീ തന്നെ പ്രിസൈഡിംഗ് ഓഫീസറായി വരുന്ന കമ്മറ്റി ഇല്ലായെങ്കില്‍ സ്വാഭാവികമായും കേസ് പ്രാദേശിക കമ്മറ്റിയിലേക്കായിരിക്കും (Local complaint Committee) നല്കേണ്ടി വരിക. മെത്രാനോ മറ്റേതെങ്കിലും രൂപതാസംവിധാനമോ കേസ് ഏറ്റെടുത്ത് രമ്യതയിലേക്കെത്തിക്കുക എന്നത് ഇവിടെ സിവില്‍ നിയമത്തിന്‍റെ ലംഘനമായി കണക്കാക്കപ്പെടും. ഏതെങ്കിലും കാരണവശാല്‍ മെത്രാനോ മറ്റ് ബദല്‍ സംവിധാനങ്ങളോ ഇത്തരം തീര്‍പ്പുകളിലെത്തുന്നത് പരാതി നല്കുന്ന കക്ഷിക്ക് തൃപ്തികരമല്ലാതെ വരികയും അവര്‍ സിവില്‍ നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്താല്‍ ആദ്യമേ തീര്‍പ്പ് കല്പിച്ച സംവിധാനത്തിന്‍റെ നിയമസ്വഭാവം കോടതിയില്‍ ചോദ്യംചെയ്യപ്പെടാം. മാത്രവുമല്ല, അവിടെ നടന്ന നടപടിക്രമങ്ങള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുകയും ചെയ്യും.
10. സുരക്ഷിതപരിസ്ഥിതി കമ്മറ്റി (ആഭ്യന്തര പരാതിപരിഹാര കമ്മറ്റി) ഒരു പരാതിയിന്മേല്‍ എപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നത്?
1. സിവില്‍ നിയമപ്രകാരം
- പരാതി നല്കുന്ന കക്ഷിയുടെ ആവശ്യപ്രകാരം ഈ കമ്മറ്റിക്ക് അവരുടെ പരാതിയിന്മേല്‍ ഇരുകക്ഷികളോടും സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താമെന്ന് വകുപ്പ് 10,1 വ്യവസ്ഥ ചെയ്യുന്നുണ്ട്. അത് പണം നല്കിയുള്ള ഒത്തുതീര്‍പ്പാകാന്‍ പാടില്ലെന്നും പ്രത്യേകം പറയുന്നു. ഒത്തുതീര്‍പ്പിലെത്തുന്നത് എന്താണോ അത് എഴുതി അതാത് കമ്മറ്റികള്‍ ഡിസ്ട്രിക്ട് ഓഫീസറെയോ തൊഴില്‍ദാതാവിനെയോ ഏല്പിക്കുകയും അതിന്‍റെ പ്രതികള്‍ ഇരുകക്ഷികള്‍ക്കുമായി നല്കുകയും വേണം. ഒത്തുതീര്‍പ്പിലെത്തുന്നതോടൊപ്പം തന്നെ ചില നടപടികളെടുക്കാനുള്ള നിര്‍ദ്ദേശവും തൊഴില്‍ദാതാവിനോ ഡിസ്ട്രിക്ട് ഓഫീസര്‍ക്കോ നല്കുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്യേണ്ടതുമാണ്. ഒത്തുതീര്‍പ്പിലെത്തിയ കേസുകളിന്മേല്‍ തുടരന്വേഷണത്തിന്‍റെ ആവശ്യമില്ല. (Sexual Harassment of Women at Workplace 2013, Section 10, sub sections 1 - 4)
- ഒത്തുതീര്‍പ്പിലെത്താത്തതും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പരാതി നല്കിയ വ്യക്തിക്ക് സ്വീകാര്യമല്ലാത്തപ്പോഴും പരാതി നല്കിയ കക്ഷി ഒത്തുതീര്‍പ്പിന് ആവശ്യപ്പെടാത്തതുമായ എല്ലാ സാഹചര്യങ്ങളിലും പരാതികളിന്മേല്‍ പരാതി നല്കിയ കക്ഷി ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ തൊഴില്‍ നിയമങ്ങളനുസരിച്ചോ (service rules), തൊഴില്‍ നിയമങ്ങളില്ലാത്ത സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ക്കുള്ള പ്രത്യേക നിയമങ്ങളനുസരിച്ചോ (ഓരോ രൂപതയും ഇത്തരം നിയമനടപടിക്രമങ്ങള്‍ നിര്‍മ്മിക്കണമെന്ന് സുരക്ഷിത പരിസ്ഥിതി പദ്ധതി നിര്‍ദ്ദേശിക്കുന്നുണ്ട്) തുടരന്വേഷണം നടത്തേണ്ടതുണ്ട്. ഇത്തരം നിയമനടപടിക്രമങ്ങളില്ലാത്ത സ്ഥാപനങ്ങളാണെങ്കില്‍ ആഭ്യന്തരകമ്മറ്റിയായാലും പ്രാദേശികകമ്മറ്റിയായാലും പരാതി ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 509 പ്രകാരം കേസെടുക്കുന്നതിന് പോലീസിന് കൈമാറുകയാണ് വേണ്ടത് (വകുപ്പ് 11,1).
2. ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ (2017-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുള്ളത്)
അനൗദ്യോഗികവും ഔദ്യോഗികവുമായ നടപടിക്രമങ്ങളെക്കുറിച്ച് CBCI നിര്‍ദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയമങ്ങളനുസരിച്ചു തന്നെയാണ് അല്പം വിശദമായി ഇവ നല്കിയിരിക്കുന്നത്.
I. അനൗദ്യോഗിക പ്രക്രിയ (Informal process)
(a) എല്ലാ പ്രശ്നങ്ങളും കഴിയുമെങ്കില്‍ അനൗദ്യോഗികമായും സൗഹാര്‍ദ്ദപരമായും പരിഹരിക്കാന്‍ എല്ലാവരും ശ്രമിക്കണം. അതിനുവേണ്ടി സ്വാതന്ത്ര്യത്തിന്‍റെയും ആദരവിന്‍റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഏവരും ശ്രമിക്കണം. അപ്പോള്‍, എല്ലാ പ്രശ്നങ്ങളും പരാതികളും പരിഭവങ്ങളും തുറന്നതും സത്യസന്ധവും ഭീഷണിരഹിതവുമായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കും.
(b) കുറ്റാരോപിതനെ സമീപിക്കുക: ചിലപ്പോള്‍ തന്‍റെ പെരുമാറ്റം ലൈംഗികപരമായി മോശമാണെന്ന് ഒരു വ്യക്തി അറിയുന്നുണ്ടാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കമ്മറ്റിയിലെ അംഗങ്ങളിലൊരാള്‍ ആ വ്യക്തിയോട് അയാളുടെ പെരുമാറ്റം അസ്വീകാര്യമാണെന്നും അപ്രകാരം പെരുമാറരുതെന്നും ആവശ്യപ്പെടുക.
(c) കൂടെ ജോലിചെയ്യുന്ന ആളുടെ സഹായം തേടുക: കുറ്റാരോപിതനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അയാളുടെ പെരുമാറ്റം അസ്വീകാര്യമാണെന്ന് അയാളെ ബോദ്ധ്യപ്പെടുത്തുന്നതിനും ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടുന്നതിനുമായി ഒരാളെ കൂടെക്കൂട്ടുക.
(d) മാദ്ധ്യസ്ഥം: നിലവിലുള്ള പ്രശ്നത്തില്‍ യാതൊരുവിധ പങ്കുമില്ലാത്ത മൂന്നാമതൊരു കക്ഷി പ്രശ്നത്തിലകപ്പെട്ട കക്ഷികളെ പ്രശ്നപരിഹാരത്തിനായി ഒരു തീരുമാനത്തിലെത്തുന്നതിന് പ്രസ്തുത കക്ഷികളെതന്നെ സഹായിക്കുന്ന പ്രക്രിയയാണിത്. സംഘര്‍ഷമുണ്ടാകാവുന്ന സാഹചര്യങ്ങളുടെ ആവര്‍ത്തനം തടയുന്നതിനും ഇത് സഹായകമാണ്.
(e) കക്ഷികള്‍ പ്രശ്നപരിഹാരത്തിലെത്തിക്കഴിയുമ്പോള്‍ ആഭ്യന്തരപരാതിക്കമ്മറ്റി പ്രസ്തുത തീരുമാനം രേഖപ്പെടുത്തുകയും നിര്‍ദ്ദിഷ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥാപനത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്യും.
(f) കക്ഷികള്‍ ഉഭയസമ്മതപ്രകാരം പ്രശ്നപരിഹാരത്തിലെത്തിയാല്‍ പിന്നീട് ആഭ്യന്തരപരാതിക്കമ്മറ്റി അന്വേഷണം നടത്തേണ്ടതില്ല.
(g) മേല്‍പ്പറഞ്ഞ അനൗദ്യോഗികനടപടിക്രമങ്ങളില്‍ പരാതി നല്കിയ വ്യക്തിക്ക് സംതൃപ്തിയില്ലാതെ വരികയും ഔദ്യോഗികമായ നടപടികള്‍ ആവശ്യമാണെന്ന് തോന്നുകയും ചെയ്യുന്നുവെങ്കില്‍ നടപടികള്‍ ഉടനെ ആരംഭിക്കുന്നതിനായി എഴുതിത്തയ്യാറാക്കിയ പരാതി ആഭ്യന്തരപരാതിക്കമ്മറ്റിക്ക് ഉടനെ തന്നെ നല്കണം.
ഇപ്രകാരം എഴുതി തയ്യാറാക്കി നല്കുന്ന പരാതിയിന്മേല്‍ സിവില്‍ നിയമം നിര്‍ദ്ദേശിക്കുന്നതു പോലുള്ള നടപടികളാണ് കമ്മറ്റി സ്വീകരിക്കുക.
11. പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇത്തരം കമ്മറ്റികള്‍ക്ക് സിവില്‍ നിയമം നല്കുന്ന അവകാശാധികാരങ്ങള്‍ എന്താണ്?
1908-ലെ സിവില്‍ നടപടിക്രമങ്ങളെ സംബന്ധിച്ച നിയമം വ്യവസ്ഥ ചെയ്യുന്ന സിവില്‍ കോടതിയുടെ എല്ലാ അവകാശാധികാരങ്ങളും ഈ കമ്മറ്റിക്കുണ്ടായിരിക്കുന്നതാണ്. അവ: 1) ഏതൊരു വ്യക്തിയെയും കമ്മറ്റിക്ക് മുമ്പില്‍ വിളിച്ചുവരുത്താനും അവരെ പ്രതിജ്ഞ ചെയ്യിച്ചശേഷം ചോദ്യം ചെയ്യാനും സാധിക്കും. 2) രേഖകള്‍ കണ്ടെത്താനും അവ കണ്ടുകെട്ടാനും കഴിയും. 3) നിയമാനുസൃതം കൈക്കൊള്ളാവുന്ന ഏതു നടപടിയും സ്വീകരിക്കാനും കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും. കമ്മറ്റിയുടെ ഇത്തരം നടപടിക്രമങ്ങളോട് സഹകരിക്കുന്നില്ലെങ്കില്‍ വകുപ്പ് 11,1-ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം കേസ് പോലീസിന് കൈമാറുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക. കാരണം, പ്രസ്തുത കമ്മറ്റിയുടെ നിയമനടപടിക്രമങ്ങള്‍ ഈ സാഹചര്യത്തില്‍ സ്വാധീനശേഷിയുള്ളതായിത്തീരുന്നില്ല എന്നുവേണം കണക്കാക്കാന്‍. അനുരഞ്ജനത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള അവസരമാണ് ഇത്തരുണത്തില്‍ നഷ്ടപ്പെടുന്നത്.
12. ഏതു തരം കേസുകളാണ് ഈ കമ്മറ്റികള്‍ കൈകാര്യം ചെയ്യുന്നത്?
സുരക്ഷിതചുറ്റുവട്ട പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (Guidelines) 15 നമ്പറുകളിലായി പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലുമൊക്കെ ലംഘിക്കുക വഴിയായി കുട്ടികളോ എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരോ ലൈംഗികഅതിക്രമങ്ങള്‍ക്ക് വിധേയരാവുകയോ തങ്ങള്‍ ലൈംഗികാതിക്രമത്തിന് വിധേയരായി എന്ന് അവര്‍ക്ക് തോന്നുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ അവര്‍ക്ക് ഈ കമ്മറ്റിയെ സമീപിക്കാവുന്നതും കേസ് നല്കാവുന്നതുമാണ്. ഇത്തരം പരാതികള്‍ സ്വീകരിക്കാന്‍ സിവില്‍ നിയമദൃഷ്ടിയില്‍ രൂപതാമെത്രാനെ തൊഴില്‍ദാതാവെന്ന നിലയില്‍ കണ്ടുകൊണ്ട് സിവില്‍ നിയമം അയോഗ്യനാക്കുന്നുണ്ട്. അതേസമയം സഭാശുശ്രൂഷകര്‍ തമ്മില്‍ വിവിധ വിഷയങ്ങളിലുണ്ടാകുന്ന തര്‍ക്കങ്ങളും മറ്റും പരിഹരിക്കാന്‍ മറ്റൊരു തര്‍ക്കപരിഹാരസമിതിയാണ് രൂപീകരിക്കേണ്ടത്.
13. ഇത്തരം കമ്മറ്റികള്‍ രൂപതകളില്‍ എപ്പോള്‍ ഉണ്ടാകണം?
സിവില്‍ നിയമപ്രകാരം 2013-ല്‍ത്തന്നെ ഇത്തരം കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു തുടങ്ങേണ്ടിയിരുന്നു. ഇത്തരം കമ്മറ്റികള്‍ രൂപീകരിക്കാത്ത തൊഴില്‍ദാതാക്കള്‍ക്ക് 50,000 രൂപ വരെ പിഴ ശിക്ഷയായി ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കേരള കത്തോലിക്കാമെത്രാന്‍ സമിതി ഈ നിയമങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അല്പംകൂടി വ്യാപകമായ അര്‍ത്ഥത്തില്‍ രൂപീകരിച്ചിരിക്കുന്ന സുരക്ഷിത പരിസ്ഥിതി കമ്മറ്റി എല്ലാ സീറോ മലബാര്‍ രൂപതകളിലും 2019 മാര്‍ച്ച് 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കണമെന്ന് സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ അഭി. ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്തായുടെ ഡിക്രി ഈ വര്‍ഷം ഫെബ്രുവരി 6-ന് കാക്കനാട് നിന്ന് നല്കപ്പെട്ടിട്ടുണ്ട്. ഇതിനും പുറമേ റോമില്‍ നടന്ന സിനഡിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ "നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു" (Vos Estis Lux Mundi) എന്ന മോത്തു പ്രോപിയോ, കെസിബിസി-യുടെ സുരക്ഷിത പരിസ്ഥിതി പദ്ധതിക്ക് സമാനമായ അതിലെ നിര്‍ദ്ദേശങ്ങള്‍ 2020 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ ഇത്തരം കമ്മറ്റികളുടെ രൂപീകരണം വൈകിക്കുന്നത് തികച്ചും അനഭിലഷണീയമാണ്.
14. വൈദികരും സഭാശുശ്രൂഷകരും സഭയുടെയും സര്‍ക്കാരിന്‍റെയും നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?
ഇത്തരം നിയമങ്ങളും അവയുമായി ബന്ധപ്പെട്ട ജീവിതശൈലീ നിയന്ത്രണങ്ങളുമെല്ലാം രൂപപ്പെടുന്നതും ചര്‍ച്ചയാകുന്നതും ഈയടുത്ത വര്‍ഷങ്ങളിലാണ്. നിയമങ്ങളും നടപടികളും അറിഞ്ഞിരിക്കുക എന്നത് സുരക്ഷിതവും ഗുണപ്രദവുമായ ശുശ്രൂഷാജീവിതത്തിന് തികച്ചും അനിവാര്യമായ കാര്യവുമാണ്. ഇത്തരം നിയമങ്ങളെയും മറ്റുമുള്ള അജ്ഞത സഭാശുശ്രൂഷകരെ എളുപ്പത്തില്‍ അപകടത്തില്‍ ചാടിക്കാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള കേസുകളിലോ കുഴപ്പങ്ങളിലോ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നവര്‍ക്ക് സിവില്‍ നടപടിക്രമങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നാല്‍ സഭയുടെ നിയമങ്ങള്‍ ശരിയായി പാലിക്കാത്തതും അവരുടെ കുറ്റകൃത്യത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കാനിടയാകും.
15. മറ്റ് സമുദായങ്ങളും മതവിഭാഗങ്ങളും ഈ വിഷയത്തില്‍ ഇപ്രകാരമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നില്ലല്ലോ. അതിനാല്‍ നാം തിടുക്കം കൂട്ടേണ്ടതുണ്ടോ?
കത്തോലിക്കാസഭയ്ക്ക് ധാര്‍മ്മികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സഭയുടെ ധാര്‍മ്മികജീവിതവും വളരെയധികം ഉന്നതവും വിശുദ്ധവും ആദര്‍ശബദ്ധവുമാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കിയല്ല സഭ പ്രവര്‍ത്തിക്കുകയും പഠിക്കുകയും ചെയ്യുന്നത്. ദൈവികവെളിപാടില്‍ അധിഷ്ഠിതമായി തിരുസ്സഭയ്ക്ക് ലഭിച്ചിരിക്കുന്ന ധാര്‍മ്മികതയും പ്രവര്‍ത്തനശൈലികളും മറ്റു ജനവിഭാഗങ്ങള്‍ അനുകരിക്കുകയാണ് പതിവ്. വാസ്തവം ഇതായിരിക്കേ, സഭയുടെ വിശ്വാസ്യതയ്ക്കും ധാര്‍മ്മികകാഴ്ചപ്പാടുകള്‍ക്കും കോട്ടം വരുത്തുന്ന രീതിയില്‍ സമീപദശകങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ പഠനവിധേയമാക്കി തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങള്‍ രൂപപ്പെടുത്താനും അതുവഴിയായി ലോകത്തിന് മുഴുവന്‍ മാതൃകയായി മാറാനും തിരുസ്സഭക്ക് ഉത്തരവാദിത്വമുണ്ട്. രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നതിലും പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകള്‍ പരിഹരിക്കുന്നതിലും തിന്മയോട് പടപൊരുതുന്നതിലും നന്മയ്ക്ക് മാതൃകയാകുന്നതിലും മുന്നിട്ടു നില്കുന്നില്ലെങ്കില്‍ തിരുസ്സഭയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും.
References
Alancherry, Cardinal George. Decree, Prot.No.0298/2019. Published in the Bulletin of the Eparchy of Mananthavady, March 2019, p. 36-37.
“Catholic Church Child Sexual Abuse Scandal”. https://www.bbc.com/news/
Parackal, Noble Thomas. Sexual Offences Against Minors and Vulnerable Adults: Ecclesiastical and Civil Laws and Procedures. Atma Books: Calicult, 2019.
Porunnedom, Bishop Jose. Circular, Prot.No.21955/2019. Eparchial Bulletin of the Eparchy of Mananthavady, May 2019, pp.7-12.
Porunnedom, Bishop Jose. Circular, Prot, No.22347/2019. Eparchial Bulletin of the Eparchy of Mananthavady, October 2019, pp. 3-8.
“Vatican must Immediately Remove Child-abusers: UN”. https://www.bbc.com/news/
safe environment policy of catholic church bishop jose porunnedom Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206