We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 23-Sep-2020
അക്രൈസ്തവരുമായി പള്ളിയില്‍ നടത്തുന്ന വിവാഹം കൂദാശയാണോ?
ചില സാഹചര്യങ്ങളില്‍ കത്തോലിക്ക വിശ്വാസിയുടെ വിവാഹം അക്രൈസ്തവ വ്യക്തിയുമായി പള്ളിയില്‍ വച്ച് നടത്താറുണ്ടല്ലോ?
വിവാഹം ഒരു കൂദാശയാണല്ലോ. അപ്പോള്‍, മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തി എങ്ങനെയാണ് വിവാഹമെന്ന കൂദാശ സ്വീകരിക്കുന്നത്?
വളരെ പ്രായോഗികവും എന്നാല്‍ ദൈവശാസ്ത്രപരവും നിയമപരവുമായി പ്രാധാന്യം അര്‍ഹിക്കുന്നതുമായ വിഷയമാണ് ഇത്. സഭയുടെ വിവാഹനിയമത്തെക്കുറിച്ചും വിവാഹത്തിന്‍റെ കൗദാശിക സ്വഭാവത്തെക്കുറിച്ചും പ്രായോഗിക നിയമവശങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്.
സഭാനിയമമനുസരിച്ച് ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കര്‍ തമ്മിലാണ് സാധാരണ ഗതിയില്‍ വിവാഹം കഴിക്കേണ്ടത്. ക്രിസ്തു സ്ഥാപിച്ചതാകയാല്‍ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവായ വിവാഹം അതിനാല്‍ത്തന്നെ കൂദാശയാണ് (CCEO c. 776, CIC c. 1055, 1056). ഇത് വിവാഹത്തിന്‍റെ പൊതുനിയമമെന്നിരിക്കേ, ഈ നിയമം അനുസരിക്കുന്നതിന് പ്രായോഗികമായി സാധിക്കാത്തവര്‍ക്ക് പൊതുനിയമം തന്നെ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍, ഒരു കത്തോലിക്ക വിശ്വാസിക്ക് അകത്തോലിക്ക വ്യക്തിയുമായോ, അക്രൈസ്തവ വ്യക്തിയുമായോ രൂപതാദ്ധ്യക്ഷന്‍റെ പ്രത്യേക അനുവാദത്തോടുകൂടി പള്ളിയില്‍ വച്ചുതന്നെ വിവാഹം നടത്താനുള്ള സാധ്യത സഭാനിയമം നല്‍കുന്നുണ്ട്. ഈ നിയമ സാധ്യത ഉപയോഗിച്ചുകൊണ്ട്, രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടുകൂടിമാത്രം, ചില സാഹചര്യങ്ങളില്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ചതുപോലുള്ള വിവാഹങ്ങള്‍ നടക്കാറുണ്ട്. ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതിന് അനുവാദം ലഭിക്കണമെങ്കില്‍ വിവാഹിതരാകുന്നവര്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കേണ്ടതാണ്.
ഒന്നാമതായി, കത്തോലിക്ക വ്യക്തി തന്‍റെ കത്തോലിക്ക വിശ്വാസം തുടര്‍ന്നും ജീവിക്കണം.
രണ്ടാമതായി, ഈ വിവാഹത്തില്‍ ഉണ്ടാകുന്ന മക്കളെ മാമ്മോദീസ മുക്കി കത്തോലിക്ക സഭയില്‍ വളര്‍ത്തണം.
മൂന്നാമതായി, വിവാഹത്തിന്‍റെ ഏകത്വവും (ഒരാളുടെ കൂടെ) അവിഭാജ്യതയും (മരണം വരെ) ഏറ്റുപറയണം. വിവാഹിതരാകുന്ന രണ്ടുപേരും നിയമം അനുശാസിക്കുന്ന വിധത്തില്‍ ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചുള്ള സമ്മതവും അറിവും പ്രകടിപ്പിക്കണം. ഇക്കാര്യങ്ങളും നിയമം പറയുന്ന മറ്റു കാര്യങ്ങളും ചെയ്താല്‍ മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയെ ഒരു കത്തോലിക്ക വിശ്വാസിക്ക് പള്ളിയില്‍ വച്ച് വിവാഹം കഴിക്കാം.
ഇവിടെയാണ് ചോദ്യകര്‍ത്താവിന്‍റെ സംശയം. വിവാഹം കത്തോലിക്കര്‍ക്ക് ഒരു കൂദാശയാണെന്ന് നേരത്തെ കണ്ടുകഴിഞ്ഞു. അപ്പോള്‍ മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തി എങ്ങനെ കൂദാശ സ്വീകരിക്കും? മാമ്മോദീസ എന്ന കൂദാശയാണ് പ്രവേശക കൂദാശയെന്ന നിലയില്‍ ഒരു വിശ്വാസിക്ക് മറ്റു കൂദാശകളിലേയ്ക്കുള്ള വാതില്‍ തുറന്നു കൊടുക്കുന്നത് (CCEO c. 675, CIC c. 849). അതിനാല്‍, മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തിക്കുമാത്രമേ, വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ വരുമ്പോള്‍, ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന വിവാഹത്തെ നമ്മള്‍ എങ്ങനെയാണ് സമീപിക്കുന്നത്? ഇവിടെ ഒരു കാര്യം വ്യക്തമാക്കുന്നു. ഒരു അക്രൈസ്തവ വ്യക്തിയും മാമ്മോദീസ സ്വീകരിച്ച മറ്റൊരു വ്യക്തിയും തമ്മിലുള്ള വിവാഹം, സഭാനിയമങ്ങള്‍ അനുസരിച്ച് പള്ളിയില്‍ വച്ച് നടത്തിയാലും ഒരു കൂദാശയായി മാറുന്നില്ല എന്നതാണ് സഭയുടെ പ്രബോധനം. കാരണം, വിവാഹത്തില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ വിവാഹമെന്ന കൂദാശ സ്വീകരിക്കുന്നതില്‍ തടസം ഉടലെടുക്കുന്നു. അപ്പോള്‍ ഈ ചോദ്യമുയര്‍ന്നേക്കാം: വിവാഹത്തിലെ കത്തോലിക്ക കക്ഷിക്ക് ഈ വിവാഹം കൂദാശയാകുമോ? ഇല്ല എന്നതാണ് ഉത്തരം. വിവാഹമെന്ന കൂദാശയുടെ സ്വഭാവത്തില്‍ ഒരാളുടെ അയോഗ്യത വിവാഹത്തെ അസാധുവാക്കുന്നതുപോലെ, ഒരു വ്യക്തി മാമ്മോദീസ സ്വീകരിക്കാത്തതിനാല്‍ രണ്ടു കൂട്ടര്‍ക്കും കൂദാശയുടെ ഫലം ലഭിക്കുന്നില്ല.
അങ്ങനെയെങ്കില്‍, ഇങ്ങനെ നടത്തുന്ന വിവാഹത്തിലേര്‍പ്പെട്ടതുകൊണ്ട് കത്തോലിക്ക കക്ഷിക്ക് എന്താണ് പ്രയോജനം? സഭയുടെ അനുവാദത്തോടെ ഈ വിവാഹം നടത്തുന്നു എന്നതുകൊണ്ട് കത്തോലിക്ക കക്ഷിക്ക് മറ്റു കൂദാശകള്‍ സ്വീകരിക്കാനും സഭയില്‍ സജീവ അംഗമായി തുടര്‍ന്നുകൊണ്ട് വിശ്വാസജീവിതം ശക്തിപ്പെടുത്താനും സാധിക്കും. സഭയുടെ അനുവാദമില്ലാതെ ഇത്തരം സാഹചര്യങ്ങളില്‍ വിവാഹിതരാകുന്നവര്‍ക്ക് കുമ്പസാരമെന്ന കൂദാശ നിഷേധിക്കപ്പെടുകയും അതുവഴി വി. കുര്‍ബാന സ്വീകരിക്കുന്നതിന് അയോഗ്യത രൂപപ്പെടുകയും ചെയ്യുന്നു.
ഇത്തരം വിവാഹങ്ങള്‍ കൂദാശയല്ലെങ്കില്‍ പിന്നെയെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. മാമ്മോദീസയുടെ അഭാവംമൂലം കൗദാശിക സ്വഭാവം കൈവരാത്ത ഈ വിവാഹത്തെ സഭ ഒരു സ്വാഭാവിക വിവാഹമായി (natural marriage) മാത്രം കാണുന്നു. ഈ വിവാഹം സാധുവാണ്, നിയമപരിരക്ഷയുണ്ട്, എന്നാല്‍ കൂദാശയല്ല. എന്ന് എപ്രകാരം ഈ വിവാഹം കൂദാശയായി മാറുമെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. മാമ്മോദീസ സ്വീകരിക്കാത്ത കക്ഷി പിന്നീടെപ്പോഴെങ്കിലും മാമ്മോദീസ സ്വീകരിക്കുമ്പോള്‍, ഈ സ്വാഭാവിക വിവാഹം കൂദാശപരമായ സ്വഭാവം സ്വീകരിക്കുന്നു. ഇത് മാമ്മോദീസ സ്വീകരണത്തിലൂടെ സ്വയം കൈവരിക്കുന്ന സ്വഭാവമാണ്. അതിനാല്‍, ഈ വിവാഹം വീണ്ടും പള്ളിയില്‍ നടത്തേണ്ട ആവശ്യം ഇല്ലായെന്നതും പ്രസക്തമായ കാര്യമാണ്.
ചുരുക്കത്തില്‍, രണ്ട് വ്യക്തികള്‍ വിവാഹിതരാകുമ്പോള്‍, ആ വിവാഹം കൂദാശയാകുന്നില്ല. അത് ഒരു സ്വാഭാവിക വിവാഹമായി തുടരുന്നു. വിവാഹം കഴിക്കുക എന്ന ഒരു വ്യക്തിയുടെ മൗലികമായ അവകാശത്തെ സംരക്ഷിക്കുന്നതിനും വിവാഹത്തിനുവേണ്ടി മാത്രം മതപരിവര്‍ത്തനം ചെയ്യേണ്ടി വരുന്ന ഗുണകരമല്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിനും സഭയുടെ നിയമം നല്‍കുന്ന സാധ്യതയാണ് ഇത്തരത്തിലുള്ള വിവാഹങ്ങള്‍. ഇത് സഭയുടെ വിവാഹത്തെ സംബന്ധിച്ചുള്ള പൊതുനിയമമല്ലെന്നും പ്രത്യേക സാഹചര്യത്തില്‍ നിയമം തന്നെ നല്‍കുന്ന ഒരു ഒഴിവ് (dispensation) ആണെന്നും ഒരിക്കല്‍കൂടി എടുത്തുപറയുന്നു.
Dr. Abraham Kavilpurayidathil marriage interreligious marriage disparity of cult interreligious marriage at the church sacramentality of interreligious marriage Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206