x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

വി.കുര്‍ബാന സ്വീകരണം: കയ്യിലോ നാവിലോ?

Authored by : Dr. Abraham Kavilpurayidathil On 26-Sep-2020

വി.കുര്‍ബാന സ്വീകരണം: കയ്യിലോ നാവിലോ?

വി. കുര്‍ബാന സ്വീകരിക്കുന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു: നാവിലും കരങ്ങളിലും. ഇതില്‍ ഏതാണ് കൂടുതല്‍ ഉത്തമം? സഭയുടെ ഔദ്യോഗിക നിലപാട് വിശദീകരിക്കാമോ?

 വി. കുര്‍ബാന നാവില്‍ സ്വീകരിക്കുന്നതാണോ കരങ്ങളില്‍ സ്വീകരിക്കുന്നതാണോ കൂടുതല്‍ ശരി എന്നത് വിശ്വാസികളുടെയിടയില്‍ നിലനില്‍ക്കുന്ന ഒരു സംശയമാണ്. ഒരു രീതി മറ്റേതിനെക്കാള്‍മെച്ചമാണ് എന്ന നിലപാടാണ് പലപ്പോഴും ഈ സംശയത്തിനും നിലപാടുകള്‍ സ്വീകരിക്കുന്നതിനും അടിസ്ഥാനമായി നില്‍ക്കുന്നത്. രണ്ട് രീതികളും സഭ നിശ്ചയിച്ചിരിക്കുന്നതും അംഗീകരിച്ചിരിക്കുന്നതുമാണെന്നതാണ് ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം.

ഫ്രാന്‍സിസ് പാപ്പായുടെ നിലപാട്:

2018 മാര്‍ച്ച് 21-ന് വി. പത്രോസിന്‍റെ ബസിലിക്കാങ്കണത്തില്‍ നടന്ന ജനറല്‍ ഓഡിയന്‍സിനിടയില്‍ ഫ്രാന്‍സിസ് പാപ്പാ വി. കുര്‍ബാനയെക്കുറിച്ചും വി. കുര്‍ബാന സ്വീകരണത്തെക്കുറിച്ചും പ്രബോധിപ്പിക്കുകയുണ്ടായി. ആ അവസരത്തില്‍ പാപ്പ പറഞ്ഞത് ശ്രദ്ധേയമാണ്: സഭയുടെ നിയമമനുസരിച്ച് ഓരോ വിശ്വാസിക്കും നാവിലോ, കയ്യിലോ വി. കുര്‍ബാന സ്വീകരിക്കാം. കൂദാശകള്‍ക്കായുള്ള തിരു സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ, കയ്യില്‍ വി. കുര്‍ബാന സ്വീകരിക്കുന്നതിന് എതിരായ സമീപനമെടുത്തപ്പോള്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ തിരുത്തിയതും കുറെപ്പേരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാവും. 2004-ല്‍ കൂദാശകളുമായി ബന്ധപ്പെട്ട വത്തിക്കാന്‍ കാര്യാലയത്തില്‍നിന്ന് പുറത്തിറക്കിയ രേഖയില്‍ (Redemptionis Sacra-metum) വി. കുര്‍ബാന സ്വീകരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. വി. കുര്‍ബാന നാവില്‍ സ്വീകരിക്കാം. വത്തിക്കാന്‍റെ അംഗീകാരത്തോടെ ഏതെങ്കിലും ഒരു മെത്രാന്‍ സമിതി അനുവദിച്ചിട്ടുണ്ടെങ്കില്‍ ഒരു വിശ്വാസിക്ക് വി. കുര്‍ബാന കയ്യില്‍ സ്വീകരിക്കാവുന്നതാണ് (നമ്പര്‍ 92). ഈ സമീപനമാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരിക്കുന്നത്.

വി. കുര്‍ബാന കയ്യില്‍ സ്വീകരിക്കുന്നത്:

ആദിമസഭയില്‍ നിലനിന്നിരുന്ന വി. കുര്‍ബാനയര്‍പ്പണത്തിന്‍റെ പശ്ചാത്തലത്തില്‍, വി. കുര്‍ബാന കയ്യില്‍ സ്വീകരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത് എന്ന് ന്യായമായും അനുമാനിക്കാം. ജറുസലെമിലെ വി. സിറിലിന്‍റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. വി. കുര്‍ബാനയെ സമീപിക്കുമ്പോള്‍ വിശ്വാസികള്‍ പുലര്‍ത്തേണ്ട ആദരപൂര്‍വ്വകമായ നിലപാടിനെപ്പറ്റി അദ്ദേഹം ഇപ്രകാരമാണ് പറയുന്നത്: വലതു കരത്തിനടിയില്‍ ഇടതുകരംവച്ച് ഒരു സിംഹാസനം പോലെ, ഒരു രാജാവിനെ സ്വീകരിക്കാനെന്ന വിധമായിരിക്കണം വി. കുര്‍ബാന സ്വീകരിക്കാന്‍ ഒരു വിശ്വാസി അണയേണ്ടത്. കരങ്ങളില്‍ വി. കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഒന്നും നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വി. സിറില്‍ കൂട്ടിച്ചേര്‍ക്കുന്നു. "വി. കുര്‍ബാന സ്വീകരിച്ച ഞങ്ങളുടെ കരങ്ങളെ ശക്തമാക്കണമേ" എന്ന സീറോ മലബാര്‍ വി. കുര്‍ബാന പുസ്തകത്തിലുള്ള പുരാതനമായ പ്രാര്‍ത്ഥനയും ആദ്യ കാലഘട്ടങ്ങളില്‍ വി. കുര്‍ബാന കൈകളില്‍ സ്വീകരിച്ചിരുന്നതിനുള്ള തെളിവാണ്.

പിന്നീട് സഭയുടെ സൈദ്ധാന്തികമായ വളര്‍ച്ചയുടെ ഭാഗമായി ആ ചാരാനുഷ്ഠാനങ്ങളില്‍ വന്ന മാറ്റമാണ് നാവില്‍ വി. കുര്‍ബാന സ്വീകരിക്കുന്ന രീതി സഭ സ്വീകരിക്കാന്‍ കാരണമായത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നാവില്‍ വി. കുര്‍ബാന സ്വീകരിക്കുന്ന രീതി മാറ്റണം എന്ന അഭിപ്രായമുയര്‍ന്നുവന്നു. കൈകളില്‍ വി. കുര്‍ബാന കൊടുക്കാന്‍ അനുവാദത്തിനായി ആദ്യം ചോദിച്ചത് അമേരിക്കയിലെ മെത്രാന്മാരാണ്. 1969-ല്‍ ഒരു പ്രത്യേക കല്‍പ്പനപ്രകാരമാണ് (Indult) വി. കുര്‍ബാന കരങ്ങളില്‍ നല്‍കുന്നതിനുള്ള അനുവാദം അമേരിക്കന്‍ മെത്രാന്‍ സമിതിക്ക് വത്തിക്കാന്‍ നല്‍കുന്നത്. പിന്നീട് ഇതേ അനുവാദം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. മേല്‍ പരാമര്‍ശിച്ച 2004-ലെ രേഖയുടെ വെളിച്ചത്തിലാണ് ഇന്ന് നമ്മുടെ നാട്ടിലുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍, വി. കുര്‍ബാന കരങ്ങളില്‍ നല്‍കുന്ന പതിവ് നിലവില്‍ വന്നത്. വി. കുര്‍ബാന കൈകളില്‍ കൊടുക്കുമ്പോള്‍ കാര്‍മ്മികന് മുമ്പില്‍ വച്ചുതന്നെ വി. കുര്‍ബാന ഉള്‍ക്കൊള്ളണമെന്നും അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും വത്തിക്കാന്‍ നിഷ്കര്‍ഷിക്കുന്നു.

വി. കുര്‍ബാന നാവില്‍ സ്വീകരിക്കുന്നത്:

നേരത്തെ സൂചിപ്പിച്ചതുപോലെ സഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ രൂപീകൃതമായ വ്യവസ്ഥാപിത നിയമത്തിന്‍റെ ഭാഗമായാണ് നാവില്‍ വി. കുര്‍ബാന നല്‍കുന്നതിനെ നാം മനസ്സിലാക്കുന്നത്. വി. കുര്‍ബാനയോടുള്ള ഭക്തിയും ആദരവും നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗവും ഇതുതന്നെ. പരിശുദ്ധ കുര്‍ബാനയുടെ വിശുദ്ധിയെക്കുറിച്ചും സ്വീകരിക്കുന്നയാളുടെ അയോഗ്യതയെക്കുറിച്ചുമുള്ള അവ ബോധമാണ് നാവില്‍ വി. കുര്‍ബാന സ്വീകരിക്കുന്ന രീതിയെ പിന്തുണക്കുന്നതിന് കാരണമായി നില്‍ക്കുന്നത്. നാവില്‍ വി. കുര്‍ബാന നല്‍കുമ്പോള്‍ അത് സ്വീകരിച്ചു എന്ന് ഉറപ്പുവരുത്തുന്നതിനും മറ്റ് രീതിയിലുള്ള ദുരുപയോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. അതിനാല്‍, വി. കുര്‍ബാന സാധാരണഗതിയില്‍ നല്‍കപ്പെടുന്നത് വിശ്വാസികളുടെ നാവിലാണ്. ഒരു മെത്രാന് തന്‍റെ രൂപതയില്‍ വിശ്വാസികള്‍ക്ക് വി. കുര്‍ബാന നാവില്‍ കൊടുക്കുന്നതിനെ നിരോധിക്കണമെങ്കില്‍ ആനുപാതികമായി ഗൗരവമുള്ള കാരണമുണ്ടായിരിക്കണം. അതേസമയം, ഒരു മെത്രാന് തനിക്ക് ബോധ്യമുള്ള കാരണങ്ങള്‍ ഉണ്ടെങ്കില്‍ വി. കുര്‍ബാന കയ്യില്‍ കൊടുക്കുന്നത് നിരോധിക്കാവുന്നതാണ്. മുട്ടിന്മേല്‍നിന്ന് നാവില്‍ വി. കുര്‍ ബാന സ്വീകരിക്കുന്നത് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രോത്സാഹിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധയില്‍പെടേണ്ടതാണ്.

നാവില്‍ വി. കുര്‍ബാന നല്‍കുന്നതിനെതിരെ പറയുന്ന പ്രധാന കാരണം ഉമിനീരിലൂടെ പകരുന്ന രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ്. വി. കുര്‍ബാന കൊടുക്കുന്ന വൈദികന്‍റെ കയ്യില്‍ പറ്റുന്ന അണുബാധയുള്ള വ്യക്തിയുടെ ഉമിനീര്‍ മറ്റൊരു വ്യക്തിയുടെ നാവില്‍ എത്തിയാല്‍ അത് രോഗം പകരുന്നതിന് കാരണമാകും. എന്നാല്‍, സഭയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ വി. കുര്‍ബാന നാവില്‍ സ്വീകരിച്ചതിലൂടെ ഒരു രാജ്യത്തും ഒരു രോഗവും പടര്‍ന്നു പിടിച്ചതായി കേട്ടുകേള്‍വിപോലുമില്ലായെന്നതും മറക്കാതിരിക്കാം. വി. കുര്‍ബാന സ്വീകരിക്കുന്നയാളുടെ നാവില്‍ സ്പര്‍ശിക്കാതെ വി. കുര്‍ബാന കൊടുക്കാന്‍ അല്‍പ്പം പരിചയമുള്ള ഏതൊരു വ്യക്തിയ്ക്കും സാധ്യമായ കാര്യമാണ്.

പ്രധാനപ്പെട്ടത് ദിവ്യകാരുണ്യം; സ്വീകരണ രീതിയല്ല:

വി. കുര്‍ബാനയാണ് ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഏറെ ആത്മീയ നന്മ വര്‍ഷിക്കുന്നത്. വി. കുര്‍ബാനയിലുള്ള ഈശോയുടെ യഥാര്‍ത്ഥ സാന്നിധ്യത്തില്‍ വിശ്വാസിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് നാവിലായാലും കയ്യിലായാലും ആദരവോടും സ്നേഹത്തോടും വി. കുര്‍ബാന സ്വീകരിക്കുന്നതിന് സാധിക്കും. വി. കുര്‍ബാന സ്വീകരിക്കുന്ന രീതിയെ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകള്‍ രൂപപ്പെട്ടതിന് പിന്നില്‍ ഒരേയൊരു കാര്യം മാത്രമാണ് അടിസ്ഥാനമായി നില്‍ക്കുന്നത്. സ്വര്‍ഗ്ഗത്തില്‍നിന്ന് ദൈവം നല്‍കിയ ഈ മഹോന്നത ദാനത്തെ അത് അര്‍ഹിക്കുന്ന ആദരവോടെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുക. ഇതിനപ്പുറത്തേക്ക് വി. കുര്‍ബാന സ്വീകരിക്കുന്ന രീതി സംബന്ധിച്ച നിലപാടുകളിലെ വ്യത്യാസം അപ്രസക്തമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

അനാവശ്യ വിവാദങ്ങള്‍ തള്ളിക്കളയുക:

നാവിലുള്ള വി. കുര്‍ബാന സ്വീകരണം സാംക്രമിക രോഗങ്ങള്‍ പടര്‍ത്താന്‍ കാരണമാക്കുമെന്നതിനാല്‍ ഈ രീതി നിരോധിക്കണമെന്ന് ആരോ ശുപാര്‍ശ ചെയ്തെന്ന് കേള്‍ക്കാനിടയായി. ഈ അഭിപ്രായത്തെ അവഗണിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ദൈവകല്‍പ്പിതമായ ഈ കൂദാശയുടെ പരികര്‍മ്മരീതി നിശ്ചയിക്കേണ്ടത് സഭയാണ്; സര്‍ക്കാരോ, സര്‍ക്കാര്‍ സമിതികളോ അല്ല. കയ്യില്‍ വി. കുര്‍ബാന സ്വീകരിക്കുന്ന രീതി വ്യാപകമായതിനൊപ്പം വി. കുര്‍ബാന ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വന്നപ്പോഴാണ് നാവില്‍ വി. കുര്‍ബാന കൊടുക്കുന്ന രീതിയിലേക്ക് ഏതാണ്ടു പൂര്‍ണ്ണമായിത്തന്നെ കേരളസഭ തിരിച്ചുപോയത്. അതേസമയം, ആവശ്യമുള്ളിടത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവത്വം സഭാധികാരികള്‍ക്കും വിശ്വാസികള്‍ക്കുമുണ്ട്. നിപ്പാ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാത്രം വി. കുര്‍ബാന നാവില്‍ കൊടുക്കുന്നത് മാറ്റി കയ്യില്‍ കൊടുക്കാന്‍ താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ തീരുമാനിച്ചത് ഇക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള ദൈവകല്‍പ്പിതമായ അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ അധികാരം ഒരു സര്‍ക്കാര്‍ കമ്മീഷനുമില്ലായെന്നതും ഇവിടെ വ്യക്തമാകുന്നു.

Dr. Abraham Kavilpurayidathil holy communion reception of holy communion receiving the holy communion in the hand receiving the holy communion on the tongue Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message