We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 27-May-2021
കൂദാശാപവിത്രതയുടെ സംരക്ഷ (2001)
(Sacramentorum Sactitatis Tutela)
നിയമങ്ങള്‍ രൂപപ്പെട്ടതിന്‍റെ ചരിത്രം
(വിശ്വാസതിരുസംഘം തയ്യാറാക്കിയതിന്‍റെ സ്വതന്ത്രവിവര്‍ത്തനം)
1917-ല്‍ ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച കാനന്‍ നിയമപ്രകാരം, സ്വനിയമത്താല്‍ നിയന്ത്രിതമായ പരിശുദ്ധ സിംഹാസനത്തിന്‍റെ തിരുസംഘത്തിന് (Sacred congregation of the Holy Office) മാത്രമായി മാറ്റിവെച്ചിരുന്ന ഏതാനും കാനോനിക കുറ്റകൃത്യങ്ങള്‍ (Delicts) ഉണ്ടായിരുന്നു. (Cfr.can. 1555 CIC 1917).
1917-ലെ കാനന്‍ നിയമം പുറപ്പെടുവിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം 1922-ല്‍ പരിശുദ്ധസിംഹാസനം "വശീകരണക്കുറ്റം" (Crimen Sollicitationis) എന്ന പേരില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ രൂപതകള്‍ക്കും രൂപതാകോടതികള്‍ക്കുമായി നല്കി. ആറാം പ്രമാണത്തിന് എതിരായ പ്രേരണ (Solicitation) എന്ന ഗൗരവതരമായ കാനോനികകുറ്റകൃത്യത്തെ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ളതായിരുന്നു അത്. അനുതാപശുശ്രൂഷക്ക് അണയുന്ന വ്യക്തിയെ തന്നോടൊപ്പമോ മറ്റൊരാളോടൊപ്പമോ ആറാം പ്രമാണത്തിനെതിരായ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് അതേ കൂദാശയുടെ വിശുദ്ധിയെയും മഹത്വത്തെയും ദുരുപയോഗം ചെയ്യുന്നതാണ് ഈ കുറ്റകൃത്യം. 1741-ല്‍ ബനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച Sacramentorum Poenitentiae എന്ന അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷന് 1917-ലെ കാനന്‍ നിയമത്തിന്‍റെ വെളിച്ചത്തില്‍ നല്കുന്ന ഭേദഗതികളാണ് 1922-ലെ നിയമങ്ങള്‍.
ഈ നിയമനിര്‍മ്മാണത്തിന്‍റെ പ്രത്യേകതകളെടുത്തു പറഞ്ഞുകൊണ്ട് ചില പരിഗണനകളെ അഭിസംബോധന ചെയ്യേണ്ടതുണ്ട് (സിവില്‍ ശിക്ഷാനിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ താരതമ്യേന അപ്രധാനമെന്നു തോന്നാവുന്ന കാര്യങ്ങളടക്കം): കൂദാശയുടെ മഹത്വത്തോടുള്ള ആദരവ്, കുമ്പസാരവേദിയുടെ അലംഘനീയമായ രഹസ്യസ്വഭാവം (inviolable seal), അനുതാപിയുടെ വ്യക്തിജീവിതത്തിന്‍റെ മഹത്വം, കൂടാതെ ഇത്തരം കേസുകളില്‍ കുമ്പസാരരഹസ്യത്തെ അപ്രകാരം തന്നെ സൂക്ഷിച്ചുകൊണ്ട് കുറ്റാരോപിതനായ വൈദികനെതിരേ യുള്ള അന്വേഷണത്തിലുണ്ടാകാവുന്ന അപാകതകള്‍ എന്നിവയാണ് അവയില്‍ ചിലത്.
ഇത്തരം കേസുകളില്‍ തീരുമാനത്തിലെത്തുന്നതിന് അനിവാര്യമായ ധാര്‍മ്മികഉറപ്പ് ലഭിക്കുന്നതിന് സഹായകമായ നിര്‍ദ്ദേശങ്ങളാണ് പ്രത്യേകമായ ഈ നടപടിക്രമങ്ങള്‍ ലക്ഷ്യംവെക്കുന്നത്. വൈദികനെതിരേ കുറ്റമാരോപിച്ച വ്യക്തിയുടെ വിശ്വാസ്യത പരിശോധിക്കുന്നതും കുറ്റാരോപിതനായ വൈദികന്‍റെ ജീവിതവും പെരുമാറ്റവും വിലയിരുത്തന്നതുമെല്ലാം ഈ നടപടിക്രമത്തില്‍പ്പെടും. ഒരു കത്തോലിക്കാപുരോഹിതനെതിരേ ഉന്നയിക്കാവുന്ന ഏറ്റവും ഗൗരവതരമായ ആരോപണമായിട്ടാണ് അത് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ത്തന്നെ, അപ്രകാരം ആരോപിതനാകുന്ന വൈദികന്‍, ആരോപണം പകയോ വ്യക്തിവൈരാഗ്യമോ മൂലം തെറ്റായി ഉന്നയിക്കപ്പെട്ടതാണെങ്കില്‍, അത് മൂലം അദ്ദേഹത്തിനുണ്ടാകാവുന്ന മാനഹാനി പരിഗണിച്ച്, അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സഭാകോടതിയില്‍ നിന്ന് നിശ്ചിതമായ തീരുമാനം വരുന്നത് വരെ കേസില്‍ കക്ഷികളായ വ്യക്തികള്‍ക്കും കേസിനുമുണ്ടാകാവുന്ന പ്രചാരത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിന് രഹസ്യാത്മകതയുടെ ഗൗരവനിര്‍ദ്ദേശത്തിലൂടെ ഇത് സാദ്ധ്യമാക്കുന്നു.
വൈദികര്‍ക്കിടയിലുള്ള സ്വവര്‍ഗ്ഗലൈംഗിക പെരുമാറ്റം സംബന്ധിക്കുന്ന കാനോനിക കുറ്റകൃത്യം പരിഗണിക്കുന്ന "അധമകുറ്റം" (crimen pessimum) എന്ന ചെറിയ ഒരു വകുപ്പും 1922-ലെ നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നു. പ്രേരണാക്കുറ്റത്തിന്‍റെ നടപടിക്രമങ്ങള്‍ തന്നെയാണ് ഇത്തരം കേസുകള്‍ - ഓരോ കേസിന്‍റെയും സ്വഭാവത്തിന് ആവശ്യമായ ഭേദഗതികളോടെ - ഉപയോഗിക്കേണ്ടത് എന്നാണ് ഈ വകുപ്പ് നിര്‍ദ്ദേശിച്ചത്. അധമകുറ്റവുമായി ബന്ധപ്പെട്ട് നല്കിയിരുന്ന നിയമങ്ങള്‍ തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികഅതിക്രമങ്ങള്‍ മുതല്‍ മൃഗഭോഗം വരെയുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്നതിനും നിര്‍ദ്ദേശിച്ചിരുന്നത്.
ആയതിനാല്‍, ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്, "വശീകരണക്കുറ്റം" (Crimen sollicitations) ഒരിക്കലും വൈദികരുടെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന എല്ലാവിധ ലൈംഗികഅപഭ്രംശങ്ങളെയും അഭിസംബോധന ചെയ്യുന്നതിന് വേണ്ടി നല്കപ്പെട്ട നിയമമായിരുന്നില്ല എന്നതാണ്. മറിച്ച്, അനുതാപിയുടെ ഭാഗത്തുനിന്ന് അവരുടെ ആന്തരികജീവിതത്തിന്‍റെ സമ്പൂര്‍ണ്ണമായ തുറവിയും കുമ്പസാരക്കാരന്‍റെ ഭാഗത്തുനിന്ന് സമ്പൂര്‍ണ്ണമായ രഹസ്യാത്മകതയും ദൈവികനിയമത്താല്‍ തന്നെ പ്രതീക്ഷിക്കുന്ന കൗദാശികമായ ഏറ്റുപറച്ചിലിന്‍റെ (sacramental confession) അതിസൂക്ഷ്മമായ സാഹചര്യങ്ങളോട് പ്രതികരിക്കാനുതകുന്ന നടപടിക്രമങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നു. കാലക്രമത്തിലും സമാനസന്ദര്‍ഭങ്ങളിലും മാത്രമാണ് വൈദികരുടെ അധാര്‍മ്മികമായ പെരുമാറ്റങ്ങളെ വിലയിരുത്താന്‍ ഈ നിയമം ഉപയോഗിച്ചിട്ടുള്ളത്. കുട്ടികളുടെ രൂപീകരണദൗത്യം ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരുടെ ലൈംഗികപെരുമാറ്റങ്ങളെ സംബന്ധിക്കുന്ന സംക്ഷിപ്തമായ നിയമനിര്‍മ്മാണങ്ങളുണ്ടായിരിക്കണമെന്ന ആശയം വളരെ പുതിയതാണ്. അതിനാല്‍ത്തന്നെ, പഴയകാലത്തെ കാനോനികനിയമങ്ങളെ ഈ പുതിയ ആശയത്തിന്‍റെ കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത് തികച്ചും അകാലികമാണ് (gravely anachronistic).
ലൈംഗികപ്രേരണ, വൈദികര്‍ക്കിടയിലെ സ്വവര്‍ഗ്ഗലൈംഗികത, കുട്ടികളുടെ ലൈംഗികദുരുപയോഗം, മൃഗഭോഗം എന്നീ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മെത്രാന്മാര്‍ക്കുള്ള നിര്‍ദ്ദേശമായിട്ടാണ് 1922-ലെ നിയമങ്ങള്‍ നല്കിയിരുന്നത്. 1962-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ 1922-ലെ നിര്‍ദ്ദേശങ്ങള്‍ ചില ഭേദഗതികളോടു കൂടി വീണ്ടും അച്ചടിച്ചു. സന്ന്യസ്തവൈദികരുള്‍പ്പെടുന്ന ഇത്തരം കേസുകളുടെ നടപടിക്രമങ്ങളാണ് അതില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് (1962-1965) എത്തിച്ചേരുന്ന മെത്രാന്മാര്‍ക്ക് നല്കുന്നതിന് വേണ്ടിയാണ് അത് വീണ്ടും അച്ചടിച്ചത്. പരിശുദ്ധസിംഹാസനത്തിന് മാറ്റിവെച്ചിരുന്ന കേസുകള്‍ പരിഗണിക്കേണ്ടിയിരുന്ന മെത്രാന്മാര്‍ക്ക് അത് നല്കിയെങ്കിലും എല്ലാവര്‍ക്കുമായി വിതരണം ചെയ്തില്ല.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നിര്‍ദ്ദേശിച്ച നവീകരണങ്ങളുടെ ഭാഗമായി 1917-ലെ കാനന്‍ നിയമവും റോമന്‍ കൂരിയയും നവീകരിക്കേണ്ടിയിരുന്നു. 1965-നും 1983-നും (പുതിയ ലത്തീന്‍ സഭാനിയമം പ്രസിദ്ധീകരിച്ച വര്‍ഷം) ഇടയിലുള്ള കാലഘട്ടം കാനോനികമായ ഗവേഷണങ്ങളുടെ സമയമായിരുന്നു. പ്രാദേശിക മെത്രാന്മാരുടെ വിവേചനത്തിനും അധികാരത്തിനും ഊന്നല്‍ നല്കിക്കൊണ്ട് കാനോനികമായ ശിക്ഷാനിയമങ്ങള്‍ വികേന്ദ്രീകരിക്കുന്നതിന്‍റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കാനോനികമായ നടപടിക്രമങ്ങള്‍ അകാലികമാണെന്നും (anachronistic) പെരുമാറ്റവൈകല്യങ്ങളോട് "അജപാലനപരമായ സമീപനം" ആണ് വേണ്ടതെന്നും സ്ഥാപിക്കപ്പെട്ടു. വൈദികരുടെ പെരുമാറ്റവൈകല്യങ്ങള്‍ പരിഗണിക്കുന്നതില്‍ "ചികിത്സാപരമായ മാതൃക" (therapeutic model) നിലവില്‍ വന്നു. "ശിക്ഷിക്കുക" എന്നതിനേക്കാള്‍ "സുഖപ്പെടുത്തുക" എന്നതായി മെത്രാന്‍റെ ചുമതല. മനഃശാസ്ത്രപരമായ ചികിത്സാശൈലികളിലുള്ള അമിതമായ ആത്മവിശ്വാസം, രൂപതാ-സന്ന്യസ്തഗണസഞ്ചയത്തിലുള്ളവരെ സംബന്ധിക്കുന്ന പല തീരുമാനങ്ങളെയും ശക്തമായി സ്വാധീനിച്ചു. കുറ്റകൃത്യത്തിനുള്ള വാസനകള്‍ തഴക്കമായിത്തീരാനുള്ള സാദ്ധ്യതകള്‍ പോലും അവിടെ അവഗണിക്കപ്പെട്ടു.
അനുതാപശുശ്രൂഷയുടെ മഹത്വത്തെ സംബന്ധിക്കുന്ന കേസുകള്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷവും വിശ്വാസതിരുസംഘത്തിന്‍റെ (Holy Office) എന്നറിയപ്പെട്ടിരുന്ന ഈ ഓഫീസ് 1965-ലാണ് "വിശ്വാസതിരുസംഘം" എന്ന് പേരുമാറ്റിയത്) പരിഗണനയില്‍ തന്നെ നിലനിന്നു. 2001-ല്‍ "കൂദാശാപവിത്രതയുടെ സംരക്ഷ" (Sacramentorum sanctitatis tutela) എന്ന മോത്തു പ്രോപ്രിയോ വഴി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വരെ നടപടിക്രമങ്ങള്‍ക്കായി വിശ്വാസതിരുസംഘം അവലംബിച്ചിരുന്നത് "വശീകരണക്കുറ്റം" (Crimen sollicitations) തന്നെയായിരുന്നു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ച ഏതാനും വൈദികരുടെ കേസുകള്‍ വിശ്വാസതിരുസംഘത്തിന് ലഭിച്ചിരുന്നു. അതില്‍ ഏതാനും കേസുകള്‍ അനുതാപശുശ്രൂഷയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗവും ബ്രഹ്മചര്യമടക്കം പൗരോഹിത്യകടമയില്‍ നിന്നുള്ള ഒഴിവിനായി സമര്‍പ്പിക്കപ്പെട്ടവയായിരുന്നു. 1989 വരെ ഇത്തരം ഒഴിവുകള്‍ നല്കിയിരുന്നത് വിശ്വാസതിരുസംഘം നേരിട്ടായിരുന്നു. (പിന്നീട്, 1989 മുതല്‍ 2005 വരെ ഇത്തരം ഒഴിവുകള്‍ നല്കിയിരുന്നത് കൂദാശകള്‍ക്കും ദൈവികാരാധനക്കും വേണ്ടിയുള്ള തിരുസംഘമാണ്. 2005 മുതല്‍ വൈദികര്‍ക്കുവേണ്ടിയുള്ള തിരുസംഘമാണ് ഇത്തരം ഒഴിവുകള്‍ക്കുവേണ്ടിയുള്ള അപേക്ഷകള്‍ പരഗണിക്കുന്നത്).
1983-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസിദ്ധപ്പെടുത്തിയ പുതിയ കാനന്‍ നിയമം ഈ വിഷയത്തെ ആകമാനം പുനര്‍നിര്‍വ്വചിച്ചു. can, $2: "ഒരു വൈദികന്‍, ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പൊതുസ്ഥലത്തുവെച്ചോ പതിനാറുവയസ്സില്‍ താഴെയുള്ള കുട്ടിയുമായി ദൈവകല്പനകളിലെ ആറാം പ്രമാണത്തിനെതിരായി തെറ്റുചെയ്താല്‍, ന്യായമായ ശിക്ഷ - പ്രസ്തുത കേസ് ആവശ്യപ്പെടുന്നുവെങ്കില്‍ വൈദികവൃത്തിയില്‍ നിന്നുള്ള പിരിച്ചുവിടലടക്കമുള്ളത് - അദ്ദേഹത്തിന് നല്കണം". 1983-ലെ കാനന്‍ നിയമമനുസരിച്ച് വിചാരണകള്‍ നടക്കേണ്ടത് അതാത് രൂപതകളിലാണ്. നിയമപരമായ വിധികള്‍ക്കുമേലുള്ള അപ്പീലുകള്‍ നല്കേണ്ടത് റോമന്‍ റോട്ടക്കും ശിക്ഷാനടപടികള്‍ക്കെതിരേയുള്ള ഭരണപരമായ സംരക്ഷണത്തിന് അപേക്ഷിക്കേണ്ടത് വൈദികര്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിലുമാണ്.
1994-ല്‍ പരിശുദ്ധ സിംഹാസനം അമേരിക്കയിലെ മെത്രാന്മാര്‍ക്ക് ഒരു സവിശേഷ അധികാരം (indult) നല്കുകയുണ്ടായി. അതിന്‍പ്രകാരം പ്രായപുര്‍ത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യത്തില്‍ ഇരയുടെ പ്രായം 18 ആയി ഉയര്‍ത്തപ്പെട്ടു. അതേസമയം ലൈംഗികദുരുപയോഗം പരാതിപ്പെടാന്‍ ഇരക്കുള്ള കാലാവധി (prescription) 18-ാമത്തെ ജന്മദിനം മുതല്‍ പത്തുവര്‍ഷമായി വര്‍ദ്ധിപ്പിച്ചു. കാനോനികമായ വിചാരണ രൂപതകളില്‍ത്തന്നെ നടത്താന്‍ മെത്രാന്മാരോട് നിര്‍ദ്ദേശിച്ചു. വിധിക്കും നടപടിക്രമങ്ങള്‍ക്കുമെതിരേയുള്ള അപ്പീലുകള്‍ റോമന്‍ റോട്ടയിലാണ് സമര്‍പ്പിക്കേണ്ടത്. ശിക്ഷക്കെതിരേയുള്ള അപ്പീല്‍ പരിഗണിക്കുന്നത് വൈദികര്‍ക്കുവേണ്ടിയുള്ള തിരുസംഘമാണ്. ഈ കാലഘട്ടത്തില്‍ (1994-2001) പരിശുദ്ധ സിംഹാസനത്തിന്‍റെ ഹോളി ഓഫീസിന് ഈ കേസുകളില്‍ മുമ്പുണ്ടായിരുന്ന അവകാശാധികാരങ്ങളെപ്പറ്റി യാതൊരു പരാമര്‍ശവും നടത്തിയിരുന്നില്ല.
1994-ല്‍ അമേരിക്കയിലെ മെത്രാന്മാര്‍ക്ക് നല്കിയിരുന്ന സവിശേഷാധികാരം 1996-ല്‍ അയര്‍ലണ്ടിലേക്കു കൂടി വ്യാപിപ്പിച്ചു. അതേസമയം തന്നെ ലൈംഗികദുരുപയോഗ കേസുകളുടെ നടപടിക്രമങ്ങളെക്കുറിച്ചുള്ള നിയമനിര്‍മ്മാണ ചര്‍ച്ചകള്‍ റോമന്‍ കൂരിയായില്‍ നടക്കുന്നുമുണ്ടായിരുന്നു. അവസാനം പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ വൈദികര്‍ ലൈംഗികമായി ദുരുപയോഗിക്കുന്നത് വിശ്വാസതിരുസ്സംഘത്തിന് മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഗൗരവതരമായ കുറ്റകൃത്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തീരുമാനിച്ചു. ലൈംഗികദുരുപയോഗം പരാതിപ്പെടാന്‍ ഇരക്കുള്ള കാലാവധി (prescription) 18-ാമത്തെ ജന്മദിനം മുതല്‍ പത്തുവര്‍ഷമാക്കി മാറ്റി. 2001 ഏപ്രില്‍ 30-ന് "കൂദാശാപവിത്രതയുടെ സംരക്ഷ" (Sacramentorum sanctitatis tutela ) എന്ന മോത്തു പ്രോപ്രിയോയിലൂടെ ഈ നിയമം പ്രാബല്യത്തില്‍ വന്നു. 2001 മെയ് 18-ന് വിശ്വാസതിരുസംഘത്തിന്‍റെ പ്രീഫക്ടും സെക്രട്ടറിയും, യഥാക്രമം കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറും ആര്‍ച്ച്ബിഷപ് തര്‍സീസിയോ ബെര്‍ത്തോണെയും, ഒപ്പിട്ട കത്ത് എല്ലാ കത്തോലിക്കാ മെത്രാന്മാര്‍ക്കുമായി അയച്ചു. ആ കത്ത് "വശീകരക്കുറ്റ"ത്തിന് പകരമായി നിലവില്‍ വന്ന പുതിയ നിയമത്തെയും നടപടിക്രമങ്ങളെയും കുറിച്ച് എല്ലാ മെത്രാന്മാരെയും അറിയിച്ചു.
വിശ്വാസതിരുസംഘത്തിന് മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഏറ്റവും ഗൗരവതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന ധാര്‍മ്മികവിരുദ്ധവും കൂദാശകളുടെ ആഘോഷത്തില്‍ സംഭവിക്കാവുന്നതുമായ പ്രവൃത്തികള്‍ ഈ കത്തില്‍ സ്പഷ്ടമാക്കിയിരുന്നു. ഗൗരവതരമായ ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക നടപടിക്രമങ്ങളും - അവയുമായി ബന്ധപ്പെട്ട കാനോനികഅച്ചടക്കനടപടികള്‍ എങ്ങനെ തീരുമാനിക്കണം, നടപ്പിലാക്കണം എന്നതുള്‍പ്പെടെ - അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിശ്വാസതിരുസംഘത്തിന് മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
അതിപരിശുദ്ധ കൂദാശയും ബലിയുമായ ദിവ്യകാരുണ്യത്തിനെതിരായി ചെയ്യുന്ന അപരാധങ്ങള്‍:
1. കൂദാശ ചെയ്യപ്പെട്ട ദിവ്യരഹസ്യങ്ങള്‍ വലിച്ചെറിയുകയോ ദൈവനിന്ദാപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ അവയെ അവഹേളിക്കുകയോ ചെയ്യുന്നത് (CIC can. 1367; CCEO can 1442).
2. ദിവ്യകാരുണ്യ യാഗത്തിന്‍റെ ആരാധനാക്രമപരമായ അടയാളങ്ങള്‍ ഉപയോഗിക്കുകയോ അത് അനുകരിക്കുകയോ ചെയ്യുന്നത് (CIC can.1378 $ 2 n. 1, can.1379; CCEO can.1443).
3. പൗരോഹിത്യ തിരുപ്പട്ടത്തിന്‍റെ കൗദാശികമഹത്വത്തെ അംഗീകരിക്കാത്തതും അപ്പസ്തോലിക പിന്തുടര്‍ച്ച ഇല്ലാത്തതുമായ സഭാവിഭാഗങ്ങളിലെ ശുശ്രൂഷകരോട് ചേര്‍ന്ന് ദിവ്യബലി ഒരുമിച്ച് (concelebrate) അര്‍പ്പിക്കുന്നത് (CIC can. 1387; CCEO can. 1458).
4. വിശുദ്ധ കുര്‍ബാനയില്‍ ഒരുസാദൃശ്യത്തിന്‍റെ അഭാവത്തില്‍ കൂദാശ നടത്തുന്നതും വിശുദ്ധ കുര്‍ബാനക്ക് പുറത്ത് ഇരുസാദൃശ്യങ്ങളും ഉപയോഗിച്ച് കൂദാശ മാത്രം ചെയ്യുന്നതും (cf. CIC can. 927).
അനുതാപശുശ്രൂഷയുടെ കൂദാശക്ക് എതിരായ ഗൗരവകരമായ കുറ്റകൃത്യങ്ങള്‍:
1. ദൈവപ്രമാണത്തില്‍ ആറാം കല്പനക്ക് വിരുദ്ധമായ പാപത്തില്‍ പങ്കാളിയായ വ്യക്തിയുടെ പാപം മോചിക്കുന്നത് (CIC can. 1378 § 1; CCEO can. 1458). 2. കുമ്പസാരമെന്ന കൂദാശയുടെ പരികര്‍മ്മവേളയിലോ അതിനോട് അനുബന്ധമായോ ആറാം പ്രമാണലംഘനത്തിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത് (CIC can. 1387 § 1; CCEO can. 1458).
3. കുമ്പസാരരഹസ്യത്തിന്‍റെ നേരിട്ടുള്ള വെളിപ്പെടുത്തല്‍ (CIC can. 1388 § 1; CCEO can. 1456).
ധാര്‍മ്മികതക്ക് വിരുദ്ധമായ ഗൗരവകരമായ കുറ്റകൃത്യം:
1. 18 വയസ്സില്‍ താഴെയുള്ള കുട്ടിയുമായി ഒരു വൈദികന്‍ നടത്തുന്ന ആറാം പ്രമാണത്തിന്‍റെ ലംഘനം.
ഈ കേസുകളില്‍ പാലിക്കേണ്ട നടപടിക്രമം സംബന്ധിക്കുന്ന നിയമങ്ങള്‍ താഴെപ്പറയുന്നവയാണ്:
ഒരു മേലധികാരിക്ക് (an Ordinary or Hierarch) ഗൗരവതരമായ ഈ കുറ്റകൃത്യങ്ങളുടെ സാദ്ധ്യതയെക്കുറിച്ച് ഏതെങ്കിലും വിധത്തില്‍ (notitiam saltem verisimilem habeat) അറിവു ലഭിച്ചാല്‍, പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം വിശ്വാസതിരുസംഘത്തെ വിവരമറിയിക്കണം. ചില പ്രത്യേകസാഹചര്യങ്ങളാല്‍ വിശ്വാസതിരുസംഘം തന്നെ ചിലപ്പോള്‍ ആ കേസ് കൈകാര്യം ചെയ്തേക്കാം. അങ്ങനെയല്ലെങ്കില്‍ എപ്രകാരം മുമ്പോട്ട് പോകണമെന്നുള്ള നിര്‍ദ്ദേശം പ്രസ്തുത അധികാരിക്ക് തിരുസ്സംഘം നല്കുന്നതായിരിക്കും. പ്രസ്തുത കേസിന്മേലുള്ള പ്രാഥമികവിധിക്കെതിരേ അപ്പീല്‍ നല്കേണ്ടത് വിശ്വാസതിരുസംഘത്തിന്‍റെ അത്യുന്നത വിചാരണക്കോടതിയില്‍ മാത്രമായിരിക്കും (Supreme Tribunal of the Congregation).
തിരുസംഘത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്ന കേസുകളിലെ ക്രിമിനല്‍ പ്രവൃത്തി അത് നടന്ന് പത്ത് വര്‍ഷത്തിന് ശേഷം ഇല്ലാതാകും (prescription of ten years). പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ആറാം പ്രമാണത്തിനെതിരേ നടക്കുന്ന കുറ്റകൃത്യത്തിലൊഴികെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം പ്രസ്തുത കാലയളവ് കണക്കാക്കുന്നത് CIC can. 1362 § 2; CCEO can. 1152 § 3 എന്നീ നിയമങ്ങളനുസരിച്ചായിരിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ആറാംപ്രമാണത്തിനെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രസ്തുത കാലയളവ്, അതായത് പത്ത് വര്‍ഷം, പരിഗണിക്കുന്നത് കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്ന ദിവസം മുതലായിരിക്കും.
വിശ്വാസതിരുസംഘത്തിന് മാറ്റി വെച്ചിരിക്കുന്ന കേസുകളില്‍, അതാത് അധികാരികള്‍ സ്ഥാപിക്കുന്ന കോടതികളിലെ ജഡ്ജ്, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്, നോട്ടറി, ലീഗല്‍ റെപ്രസെന്‍റേറ്റീവ് എന്നീ തസ്തികകളെല്ലാം വാസ്തവമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് വൈദികര്‍ക്ക് മാത്രമായിരിക്കും. മാത്രവുമല്ല, ഏതു കോടതികളിലെയും വിചാരണകള്‍ പൂര്‍ത്തിയാകുന്ന പ്രകാരം, എത്രയും വേഗം കേസിന്‍റെ എല്ലാ നടപടിക്രമങ്ങളും തിരുസംഘത്തിന് സമര്‍പ്പിക്കേണ്ടതാണ്.
കുറ്റകൃത്യങ്ങളെയും ശിക്ഷകളെയും ശിക്ഷാനടപടിക്രമങ്ങളെയും സംബന്ധിച്ച കാര്യങ്ങള്‍ക്കായി ലത്തീന്‍ സഭയുടെയും പൗരസ്ത്യ കത്തോലിക്കാസഭകളുടെയും എല്ലാ കോടതികളും അതാത് നിയമസംഹിതകളാണ് പിന്തുടരേണ്ടത്. വിശ്വാസതിരുസംഘം നല്കുന്ന പ്രത്യേക നിയമങ്ങളും അവയോടൊപ്പംതന്നെ പരിഗണിക്കേണ്ടതാണ്.
"കൂദാശാപവിത്രതയുടെ സംരക്ഷ" എന്ന മോത്തു പ്രോപ്രിയോ നടപ്പില്‍ വരുത്തി ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം, അതിലെ ചില നിയമങ്ങള്‍ - കൂടുതല്‍ കാര്യക്ഷമമായി അവ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി - ഭാഗികമായെങ്കിലും ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിശ്വാസതിരുസംഘത്തിന് തോന്നുകയുണ്ടായി.
നിര്‍ദ്ദിഷ്ട മാറ്റങ്ങളെക്കുറിച്ച് വിശ്വാസതിരുസംഘത്തിലെ കര്‍ദ്ദിനാള്‍മാരുടെയും മെത്രാന്മാരുടെയും മറ്റ് അംഗങ്ങളുടെയും ഗൗരവതരവും ശ്രദ്ധാപൂര്‍വ്വകവുമായ പഠനങ്ങള്‍ക്ക് ശേഷം അവരുടെ തീരുമാനങ്ങള്‍ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കുകയും 2010 മെയ് 21-ന് മാര്‍പാപ്പ അതിന് അംഗീകാരം നല്കി നിയമമാക്കിക്കൊണ്ട് കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
തുടര്‍ഭേദഗതികള്‍
2003-ലെ ഭേദഗതികള്‍
വിശ്വാസതിരുസംഘത്തിന് പ്രത്യകമായി മാറ്റിവെച്ചിരിക്കുന്ന ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ഏതൊക്കെയാണ് എന്ന് കണ്ടു കഴിഞ്ഞു. 2001 മെയ് 21-ന് പ്രസിദ്ധം ചെയ്ത പ്രസ്തുത നിയമത്തില്‍ ചില ഭേദഗതികള്‍ 2003, ഫെബ്രുവരി 7,14 തിയതികളിലായി ബനഡിക്ട് മാര്‍പാപ്പ തന്നെ വരുത്തുകയുണ്ടായി. അവ താഴെക്കൊടുക്കുന്നു:
1. അനുതാപശുശ്രൂഷയുടെ കൂദാശക്ക് എതിരായ ഗൗരവതരമായ കുറ്റകൃത്യങ്ങളിലൊന്ന് കുമ്പസാരരഹസ്യത്തിന്‍റെ നേരിട്ടുള്ള വെളിപ്പെടുത്തലാണ് (direct violation) എന്ന് 2001-ലെ മോത്തു പ്രോപ്രിയോ പറയുന്നുണ്ട്. എന്നാല്‍ നേരിട്ടുള്ളതല്ലാത്ത വെളിപ്പെടുത്തലുകളും (direct and indirect violation of the sacramental seal) ഗൗരവതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടും (art. 3).
2. അനുതാപശുശ്രൂഷയുടെ കൂദാശയില്‍ കുമ്പസാരക്കാരനോ അനുതാപിയോ പറയുന്ന കാര്യങ്ങള്‍ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തുന്നതും സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങളിലൂടെ അവ കൈമാറുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഗൗരവതരമായ കുറ്റകൃത്യങ്ങളുടെ ഗണത്തില്‍പ്പെടും. 1988 സെപ്തംബര്‍ 23-ന് വിശ്വാസതിരുസംഘം പുറപ്പെടുവിച്ച രേഖയില്‍ ഈ പ്രവൃത്തിയുടെ ഗൗരവം വ്യക്തമാക്കിയിട്ടുണ്ട് (AAS70 [1988] 1367) (art. 3).
3. നടപടിക്രമങ്ങളിലുള്ള ചില മാറ്റങ്ങളാണ് മറ്റുള്ളവ. വൈദികര്‍ മാത്രമായിരിക്കണം കോടതിയിലെ അംഗങ്ങള്‍ എന്നതില്‍ നിന്നും മറ്റു ചില നടപടിക്രമങ്ങളില്‍ നിന്നും ഒഴിവുകള്‍ നല്കാനുള്ള അധികാരം നല്കുന്നതു പോലുള്ള മാറ്റങ്ങള്‍ പ്രസ്തുത നടപടിക്രമങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്.
2. 2010-ലെ ഭേദഗതികള്‍
2001-ലെ നിയങ്ങള്‍ക്ക് 2003-ല്‍ ചില ചെറിയ ഭേദഗതികള്‍ വരുത്തി തുടര്‍ന്നും ഉപയോഗിച്ചുവരുന്നതിനിടയില്‍ 2010-ല്‍ വിശ്വാസതിരുസംഘം വീണ്ടും ചില മാറ്റങ്ങള്‍ പ്രസ്തുത നിയമങ്ങളില്‍ ആവശ്യമാണെന്ന് നിരീക്ഷിക്കുകയുണ്ടായി. നിര്‍ദ്ദേശിക്കപ്പെട്ട പ്രസ്തുത ഭേദഗതികള്‍ വിശദമായി പഠിച്ചതിന് ശേഷം ഒരു കരട്രേഖ മാര്‍പാപ്പക്ക് സമര്‍പ്പിക്കുകയും 2010 മെയ് 21-ന് മാര്‍പാപ്പ അത് അംഗീകരിച്ച് നിയമമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. "കൂദാശാപവിത്രതയുടെ സംരക്ഷ"യില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ വിശ്വാസതിരുസംഘത്തിന്‍റെ പ്രീഫക്ട് കാര്‍ഡിനല്‍ വില്യം ലെവാദ 2010 മെയ് 21-ന് ഒരു കത്തിലൂടെ വിശദീകരിച്ചിരുന്നു. പ്രസ്തുത കത്തിന്‍റെ സ്വതന്ത്രവിവര്‍ത്തനമാണ് ചുവടെ നല്കുന്നത്.
"കൂദാശാപവിത്രതയുടെ സംരക്ഷ"യുടെ നിയമങ്ങളും നടപടിക്രമങ്ങളും നവീകരിച്ചുകൊണ്ട് 2010 മെയ് 21-ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്കിയ "ഗുരുതരകുറ്റങ്ങളെ സംബന്ധിച്ച ക്രമീകരണം" (Normae de gravioribus delictis) എന്ന പുതിയ നിയമക്രമത്തിലെ പ്രധാനപ്പെട്ട ഭേദഗതികള്‍ ഇവയാണ്:
A) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശ്വസതിരുസംഘത്തിന് നല്കിയതും പിന്നീട് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2005 മെയ് 6-ന് സ്ഥിരീകരിച്ചതുമായ സവിശേഷ അധികാരങ്ങള്‍ (faculties) പുതിയ നിയമക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്:
1. CIC can. 1405 § 3 and CCEO can. 1061 എന്നീ നിയമങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന കര്‍ദ്ദിനാള്‍മാര്‍, പാത്രിയാര്‍ക്കീസുമാര്‍, അപ്പസ്തോലിക സ്ഥാനപതികള്‍, മെത്രാന്മാര്‍, മറ്റു വ്യക്തികള്‍ എന്നിവര്‍ക്കുമേല്‍ വിധികള്‍ പ്രസ്താവിക്കാനുള്ള അധികാരം (art 1and 2).
2. തിരുസംഘത്തിനുവേണ്ടി മാറ്റിവെച്ചിരിക്കുന്ന ഗൗരവതരമായ കേസുകളിലെ ക്രിമിനല്‍ പ്രവൃത്തി ഇല്ലാതാകുന്നതിനുള്ള വര്‍ഷങ്ങളുടെ എണ്ണം (term of prescription) പത്തില്‍ നിന്ന് ഇരുപതാക്കി വര്‍ദ്ധിപ്പിച്ചു. അതേസമയം, കേസിന്‍റെ സ്വഭാവമനുസരിച്ച് വര്‍ഷങ്ങളുടെ എണ്ണത്തെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള തിരുസംഘത്തിന്‍റെ അധികാരം നിലനിര്‍ത്തുകയും ചെയ്തു (art. 7).
3. സഭാകോടതി അംഗങ്ങളും വക്കീലന്മാരും പ്രൊക്യുറേറ്റര്‍മാരും കാനോനികനിയമത്തില്‍ ഡോക്ടറേറ്റുള്ളവരും വൈദികരുമായിരിക്കണമെന്ന നിയമത്തില്‍ നിന്നും ഒഴിവ് നല്കുന്ന അധികാരം (art. 15).
4. മറുകക്ഷിക്ക് എതിര്‍വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരങ്ങളുണ്ട് എന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ കീഴ്ക്കോടതിയുടെ നടപടിക്രമത്തിലെ വീഴ്ച അവഗണിക്കുന്നതിനുള്ള അധികാരം (art. 18).
5. ന്യായവിസ്താരനടപടി ഒഴിവാക്കി ഭരണപരമായ വിധിയിലൂടെ ഒരു വിഷയം പരിഹരിക്കുന്നതിന് അനുവദിക്കുന്നതിനുള്ള അധികാരം. മേലധികാരി (ordinary)യുടെ ഇത്തരം അപേക്ഷകളിലെ വസ്തുതകള്‍ വിശ്വാസതിരുസംഘം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും എപ്പോഴാണ് ഭരണനിര്‍വ്വഹണ വിസ്താര നടപടി (extra-judicial/ administrative process) അനുവദിക്കേണ്ടതെന്ന് നിശ്ചയിക്കുകയും ചെയ്യുന്നു. വിശ്വാസതിരുസംഘത്തിന് ഇപ്രകാരം ഒരു തീരുമാനം സ്വമേധയാ എടുക്കാനും കഴിയും. ഇത്തരം കേസുകളില്‍ നിത്യമായ പരിഹാരശിക്ഷ നടപ്പിലാക്കുന്നതിന് വിശ്വാസതിരുസംഘത്തിന്‍റെ അംഗീകാരം ആവശ്യമാണ് (art. 21 § 2 n. 1).
6. പൗരോഹിത്യപദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനും ബ്രഹ്മചര്യത്തില്‍ നിന്നും ഒഴിവ് നല്കുന്നതിനുമുള്ള (dismissal or deposition from the clerical state together with dispensation from the clerical celibacy) കേസുകള്‍ പരിശുദ്ധ പിതാവിന് നേരിട്ട് സമര്‍പ്പിക്കാനുള്ള അധികാരം. ഇപ്രകാരം ചെയ്യുമ്പോള്‍ പ്രസ്തുത കേസിന്‍റെ ഗൗരവസ്വഭാവം വെളിപ്പെടുത്തുന്നതോടൊപ്പം തന്നെ ആ കുറ്റകൃത്യം ചെയ്യപ്പെട്ടതായും കുറ്റാരോപിതന് സ്വന്തം ഭാഗം അവതരിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്നതായും ഉറപ്പാക്കണം (art. 21 § 2 n. 1).
7. പിടിക്കപ്പെട്ട കുറ്റങ്ങളുടെ കാര്യത്തില്‍ (reserved delicts ) വിശ്വാസതിരുസംഘം അതിന്‍റെ താണതല വിധിപ്രകാരം പുറപ്പെടുവിച്ചതോ അംഗീകരിച്ചതോ ആയ കാര്യനിര്‍വ്വാഹകസംബന്ധിയായ നടപടികള്‍ക്ക് എതിരേ തിരുസംഘത്തിന്‍റെ തന്നെ സാധാരണ വിചാരണസഭയെ സമീപിക്കാനുള്ള അധികാരം (art. 27).
B) നിയമത്തില്‍ വരുത്തിയിരിക്കുന്ന മറ്റ് ഭേദഗതികള്‍ താഴെപ്പറയുന്നവയാണ്:
8. വിശ്വാസത്തിനെതിരായ ഗൗരവതരമായ കുറ്റകൃത്യങ്ങളും (പാഷണ്ഡത, വിശ്വാസത്യാഗം, ശീശ്മ) ഉള്‍പ്പെടുത്തി. എന്നാല്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് സാധാരണ നിയമമനുസരിച്ച് സ്ഥലം മെത്രാന് തന്നെ നടപടികള്‍ സ്വീകരിക്കാന്‍ നിയമം അനുവാദം നല്കുന്നുണ്ട്. ഇത്തരം നടപടിക്രമങ്ങളില്‍ അപ്പീല്‍ നല്കേണ്ടത് വിശ്വാസതിരുസംഘത്തിനാണ് (art. 1 § 1 and 2 n. 1).
9. വിശുദ്ധ കുര്‍ബാനയെ സംന്ധിച്ച്, അവൈദികനായ ഒരാള്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതും (CIC can. 1378 § 2 n.1) വിശുദ്ധ കൂദാശകള്‍ അനുകരിക്കുന്നതും (CIC can. 1379 CCEO can. 1443) രണ്ട് വ്യത്യസ്ത നമ്പറുകളായി പരിഗണിക്കപ്പെട്ടിരിക്കുന്നു (art. 3 § 1 nn 2 and 3).
10. വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട ഗുരുതരകുറ്റങ്ങളെ സംബന്ധിച്ച് "ഏതെങ്കിലും ഒരു സാദൃശ്യത്തില്‍" എന്നത് "ഒരു സാദൃശ്യത്തിലോ ഇരുസാദൃശ്യങ്ങളിലുമോ" എന്ന് മാറ്റിയിരിക്കുന്നു. കൂടാതെ, "ബലിയര്‍പ്പണവേളയിലല്ലാതെ ഇരുസാദൃശ്യങ്ങളിലും" എന്നത് "അവയെക്കൂടാതെ" എന്നും മാറ്റിയിരിക്കുന്നു. (also concerning delicts against the Eucharist, with respect to the previous version of the text, the phrase "alterius materiae sine altera" has been replaced with the expression "unius materiae vel utriusque" and the phrasee "aut etiam utriusque extra eucharusticam celebrationem" has been replaced with "aut extra eam" (art 3 § 2) )
11. അനുതാപകൂദാശയെ സംബന്ധിച്ച്, ലത്തീന്‍ സഭാനിയമം 1378 § 2 -ഉം (സാധുവായി ചെയ്യാന്‍ അനുവാദമില്ലാതിരിക്കെ കുമ്പസാരം കേള്‍ക്കുന്നതും പാപമോചനം നല്കുന്നതും) 1379-ഉം പൗരസ്ത്യ സഭകളുടെ കാനന്‍ നിയമം 1443-ഉം (വ്യാജമായി പാപമോചനം നല്കുന്നതും) ഇതിലുള്‍പ്പെടുത്തി (art. § 1 nn. 2 and 3)); &
canon laws and amendments sacred congregation of holy office crime against confession Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206