We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021
ആമുഖം
'പാത്രിയാര്‍ക്കേസ്' എന്ന ഗ്രീക്ക്പദത്തില്‍നിന്നാണ് പാത്രിയര്‍ക്കീസ് എന്ന പദം ഉദ്ഭവിക്കുന്നത്. 'കുടുംബത്തലവന്‍', 'ഗോത്രത്തലവന്‍', എന്നെല്ലാമാണ് ഈ പദത്തിന്‍റെ അര്‍തഥം. വേദപുസ്തകത്തില്‍, ഈ രണ്ടര്‍ത്ഥത്തിലും, പാത്രിയര്‍ക്കീസ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട് (2 ദിന 19:8; 1 ദിന 27:22; ഹെബ്രാ 7:4).
നാലാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം റോമാസാമ്രാജ്യത്തിലെ ഒദ്യോഗിക മതമായി തീര്‍ന്നതോടുകൂടി പാത്രിയര്‍ക്കീസ് പദവി ചില പ്രത്യേക സ്ഥലങ്ങളിലെ മെത്രാന്മാര്‍ക്ക് ബഹുമാനസൂചകമായി നല്‍കിതുടങ്ങി. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഈ പദവി സഭയിലെ റോമാ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, അലക്സാണ്ഡ്രിയ, അന്ത്യോക്യാ, ജറുസലേം എന്നീ പ്രമുഖ കേന്ദ്രങ്ങളിലെ മെത്രാന്മാര്‍ക്കു മാത്രമായി ഉപയോഗിച്ചുതുടങ്ങിയത്.
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'പൗരസ്ത്യസഭകള്‍' എന്ന ഡിക്രിയില്‍ സഭയില്‍ പാത്രിയാര്‍ക്കല്‍ സംവിധാനം കഴിയുന്നിടത്തോളം പുനഃസ്ഥാപിക്കണമെന്ന് എടുത്തുപറയുന്നുണ്ടെങ്കിലും (O.E.11), കൗണ്‍സിലിനുശേഷം പുതുതായി പാത്രിയാര്‍ക്കല്‍ സഭകളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ കോപ്റ്റിക്ക്, മറോനീത്ത, മെല്‍ക്കൈറ്റ്, സിറിയന്‍, കല്‍ദായ, അര്‍മേനിയന്‍ എന്നീ പൗരസ്ത്യസഭകളിലാണ് പാത്രിയാര്‍ക്കല്‍ സംവിധാനം നിലവിലുള്ളത്. എന്നാല്‍ അകത്തോലിക്കാസഭകളില്‍ 17 പാത്രിയാര്‍ക്കല്‍സഭകള്‍ നിലവിലുണ്ട്. ലത്തീന്‍സഭയില്‍ ചില സ്ഥലങ്ങളിലെ മെത്രാന്മാര്‍ക്ക് പാത്രിയാര്‍ക്കല്‍ പദവി നല്‍കിയിട്ടുണ്ട് (ഉദാഹരണമായി വെനീസ്, ഗോവ). എങ്കിലും അവയ്ക്ക് പാത്രിയാര്‍ക്കീസിന്‍റെ അധികാരാവകാശങ്ങളൊന്നുമില്ല. എല്ലാവിധ അവകാശാധികാരങ്ങളോടുകൂടിയ പാശ്ചാത്യസഭാ പാത്രിയര്‍ക്കീസ് റോമാ മാര്‍പാപ്പയാണ്.
കാനോന 55: സഭയുടെ അതിപുരാതനമായൊരു പാരമ്പര്യമനുസരിച്ച്, പാത്രിയാര്‍ക്കല്‍ സംവിധാനം സഭയില്‍ നിലനിന്നിരുന്നു. ആദ്യകാല സാര്‍വ്വത്രിക സൂനഹദോസുകള്‍ ഇതു അംഗീകരിച്ചിട്ടുള്ളതുമാണ്. ഇക്കാരണത്താല്‍, പാത്രിയാര്‍ക്കല്‍സഭയുടെ തലവനും പിതാവുമായി മേലദ്ധ്യക്ഷം വഹിക്കുന്ന പൗരസ്ത്യ സഭാ പാത്രിയര്‍ക്കീസുമാര്‍ക്ക് പ്രത്യേക ബഹുമാനം നല്‍കേണ്ടിയിരിക്കുന്നു.
പാത്രിയാര്‍ക്കല്‍ ഭരണസംവിധാനം നാലാം നൂറ്റാണ്ടു മുതലെങ്കിലും സഭയില്‍ നിലനിന്നിരുന്നതായി, സഭയുടെ പ്രഥമ സാര്‍വ്വത്രിക സൂനഹദോസുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ സംവിധാനം സൂനഹദോസുകളുടെ സൃഷ്ടിയല്ല. മറിച്ച്, നിലവിലിരുന്ന പാത്രിയാര്‍ക്കല്‍ സംവിധാനത്തെ അംഗീകരിച്ചുറപ്പിക്കുക മാത്രമാണ് സാര്‍വ്വത്രിക സൂനഹദോസുകള്‍ ചെയ്തിട്ടുള്ളത്. പാത്രിയര്‍ക്കീസിനെ സഭയുടെ തലവനും പിതാവുമായി അംഗീകരിച്ചാദരിച്ചുപോരുകയും ചെയ്തിട്ടുണ്ട്.
കാനോന 56: സഭയുടെ പരമാധികാരി അംഗീകരിച്ചിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായി, താന്‍ ആദ്ധ്യക്ഷ്യം വഹിക്കുന്ന സഭയില്‍ മെത്രാപ്പൊലീത്താമാരുള്‍പ്പെടെ എല്ലാ മെത്രാന്മാരുടെയും മറ്റു ക്രൈസ്തവ വിശ്വാസികളുടെയും മേല്‍ അധികാരമുള്ള മെത്രാനാണ് പാത്രിയര്‍ക്കീസ്.
പാത്രിയര്‍ക്കീസിന് തന്‍റെ സഭയിലെ മെത്രാപ്പൊലീത്താമാരുടെയും മെത്രാന്മാരുടെയും വിശ്വാസികളുടെയുംമേല്‍ സഭാതലവനടുത്ത അധികാരമുണ്ട്. എന്നാല്‍ പൊതുനിയമത്തിനു മാര്‍പാപ്പ അംഗീകരിച്ചിട്ടുള്ള പ്രത്യേക നിയമങ്ങള്‍ക്കും അനുസൃതമായി മാത്രമേ ഈ അധികാരം വിനിയോഗിക്കാവൂ. തന്‍റെ സഭയിലെ അംഗങ്ങളുടെമേല്‍ മാത്രമേ പാത്രിയര്‍ക്കീസിന് അധികാരമുള്ളൂ. അതുപോലെതന്നെ, സഭാതിര്‍ത്തിക്കുള്ളില്‍ മാത്രമേ അദ്ദേഹത്തിന് പൂര്‍ണ്ണ അധികാരമുള്ളൂ.
കാനോന: 57: 1. പാത്രിയാര്‍ക്കല്‍ സഭകളുടെ സ്ഥാപനം, പുനഃസ്ഥാപനം, വ്യത്യാസപ്പെടുത്തല്‍, നിര്‍ത്തലാക്കല്‍ എന്നിവ സഭയുടെ പരമാധികാരത്തിനുമാത്രം നീക്കിവച്ചിട്ടുള്ള കാര്യങ്ങളാണ്.
സഭയുടെ പരമാധികാരത്തിനു പുതിയ പാത്രിയാര്‍ക്കല്‍സഭകള്‍ സ്ഥാപിക്കുവാന്‍ അധികാരമുണ്ടെങ്കിലും, ഇപ്പോള്‍ പാത്രിയാര്‍ക്കല്‍ സഭകളൊന്നും സ്ഥാപിക്കപ്പെടുന്നില്ല. എന്നാല്‍, പാത്രിയാര്‍ക്കല്‍സഭകളോട് തുല്യഅവകാശാധികാരങ്ങളുള്ള മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകള്‍ സ്ഥാപിക്കാറുണ്ട്. ഉദാഹരണമായി, സീറോ മലബാര്‍സഭ 1992 ഡിസംബര്‍ 16-ാം തിയ്യതി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടു.
പാത്രിയാര്‍ക്കല്‍ സഭാതിര്‍ത്തിക്കുള്ളിലെ പ്രധാന നഗരത്തില്‍ ആയിരിക്കണം പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനം. ഇതില്‍ നിന്നാണ് പാത്രിയര്‍ക്കീസ് തന്‍റെ സ്ഥാനികനാമം സ്വീകരിക്കുന്നത്. ഉദാഹരണമായി, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ സ്ഥാനികനാമം, സഭാതിര്‍ത്തിക്കുള്ളിലെ പ്രധാനപ്പെട്ട നഗരമായ എറണാകുളത്തോടു ബന്ധപ്പെടുത്തിയാണ് (എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സിംഹാസനം).
പൗരസ്ത്യ കത്തോലിക്കാ പാത്രിയാര്‍ക്കല്‍സഭകളും, അവയുടെ സ്ഥാനികനാമങ്ങളും താഴെ പറയുന്നവയാണ്.
സഭകള്‍ സ്ഥാനികനാമം
അലക്സാണ്ഡ്രിയ
ജറുസലേം
എന്നാല്‍ പൗരസ്ത്യ കത്തോലിക്കാ പാത്രിയര്‍ക്കീസുമാര്‍ ആരുംതന്നെ തങ്ങളുടെ സ്ഥാനികനഗരത്തില്‍ താമസിക്കുന്നില്ല. ഇപ്പോള്‍ മാറോനീത്ത, സിറിയന്‍, അര്‍മേനിയന്‍ പാത്രിയര്‍ക്കീസുമാര്‍ ലെബനോനിലെ ബെയ്റൂട്ടിലും, ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയര്‍ക്കീസ് സിറിയയിലെ ഡമാസ്കസിലും, കല്‍ദായ പാത്രിയര്‍ക്കീസ് ഇറാക്കിലെ ബാഗ്ദാദിലും, കോപ്റ്റിക് പാത്രിയര്‍ക്കീസ് ഈജിപ്തിലെ കെയ്റോയിലുമാണ് താമസിക്കുന്നത്.
കാനോന 58: മുന്‍ഗണന ക്രമത്തെക്കുറിച്ച് മാര്‍പാപ്പ നിശ്ചയിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ മാനിച്ചുകൊണ്ടുതന്നെ, ലോകത്തെവിടെയും ഏതു പദവിയിലുമുള്ള എല്ലാ മെത്രാന്മാരെയുംകാള്‍ മുന്‍ഗണന പൗരസ്ത്യസഭകളിലെ പാത്രിയര്‍ക്കീസുമാര്‍ക്കുണ്ട്.
പാത്രിയര്‍ക്കീസിന്‍റെ മുന്‍ഗണന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, പാത്രിയര്‍ക്കീസും, ഏതെങ്കിലും സഭയിലെ മെത്രാന്മാരോ മെത്രാപ്പൊലീത്താമാരോ ഒരേവേദിയില്‍ വരുകയാണെങ്കില്‍ എപ്പോഴും പ്രഥമസ്ഥാനം പാത്രിയര്‍ക്കീസിനായിരിക്കും എന്നതാണ്.
പൗരസ്ത്യസഭകളുടെ കാനോനസംഹിത പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് പൗരസ്ത്യ സഭകളിലെ മെത്രാന്മാരുടെ ഇടയില്‍ മാത്രമേ, പാത്രിയര്‍ക്കീസുമാര്‍ക്ക് മുന്‍ഗണനയുണ്ടായിരുന്നുള്ളൂ (C.S.283). എന്നാല്‍ ഇപ്പോള്‍ പാത്രിയര്‍ക്കീസുമാര്‍ക്ക് പൗരസ്ത്യസഭകളിലെ മാത്രമല്ല, പശ്ചാത്യസഭയിലെയും എല്ലാ മെത്രാന്മാരെയുംകാള്‍ മുന്‍ഗണനയുണ്ട്. എന്നാല്‍, കര്‍ദ്ദിനാള്‍മാരും പാത്രിയര്‍ക്കീസുമാരും തമ്മിലുള്ള മുന്‍ഗണന നിശ്ചയിക്കുന്നത് മാര്‍പാപ്പ നിശ്ചയിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കും,
കാനോന 59: 1. പാത്രിയര്‍ക്കീസുമാരുടെ ഇടയില്‍ ബഹുമതിയിലുള്ള മുന്‍ഗണനക്രമം കണക്കിലെടുത്തുകൊണ്ടുതന്നെ, ചില സിംഹാസനങ്ങള്‍ പിന്നീട് വന്നവയാണെങ്കിലും, പൗരസ്ത്യ സഭകളിലെ പാത്രിയര്‍ക്കീസുമാരെല്ലാവരും പാത്രിയാര്‍ക്കല്‍ പദവിയില്‍ തുല്യരാണ്.
പാത്രിയര്‍ക്കീസുമാരുടെ മുന്‍ഗണന, വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ക്കും നല്‍കുന്ന മുന്‍ഗണനയല്ല. പ്രത്യുത, പാത്രിയാര്‍ക്കല്‍ സിംഹാസനത്തിന്‍റെ പൗരാണികത്വവും പ്രാധാന്യവും അനുസരിച്ച് നിശ്ചയിച്ചിട്ടുള്ളതാണ്.
പുരാതന പാത്രിയാര്‍ക്കല്‍ സിംഹാസനങ്ങളുടെ മുന്‍ഗണനാക്രമം, ആദ്യകാല സാര്‍വ്വത്രിക സൂനഹദോസുകള്‍ അംഗീകരിച്ചുറപ്പിച്ചിട്ടുള്ളതാണ്. പിന്നീടുണ്ടായ പാത്രിയാര്‍ക്കല്‍ സിംഹാസനങ്ങളുടെ മുന്‍ഗണന കണക്കാകുന്നത് അവ സ്ഥാപിക്കപ്പെട്ട ക്രമമനുസരിച്ചാണ്.
കാനോന 60: 1. താന്‍ അദ്ധ്യക്ഷനായിരിക്കുന്ന സഭയിലെ വിശ്വാസികള്‍ക്കായിട്ടുള്ള പള്ളികളിലും, അതേ സഭയുടെ ആരാധനാക്രമാനുഷ്ഠാനങ്ങളിലും, ആ പാത്രിയര്‍ക്കീസിന് മറ്റു പാത്രിയര്‍ക്കീസുമാരെക്കാള്‍- അവര്‍ പാത്രിയാര്‍ക്കല്‍ സിംഹാസനത്തിന്‍റെ സ്ഥാനിക നാമത്തില്‍ വലിയവരോ സ്ഥാനാരോഹണത്തില്‍ മുമ്പന്മാരോ ആയിരുന്നാല്‍പ്പോലും -മുന്‍ഗണനയുണ്ട്.
സഭയുടെ തലവനും പിതാവുമെന്ന നിലയില്‍ ആരാധനാക്രമാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള ഉത്തരവാദിത്വവും കടമയും പാത്രിയര്‍ക്കീസിനുണ്ട്. അതുകൊണ്ട്, ആരാധനാക്രമാനുഷ്ഠാനങ്ങളില്‍ മറ്റേതൊരു പാത്രിയര്‍ക്കീസിനെയുംകാള്‍ മുന്‍ഗണന ആ സഭയിലെ പാത്രിയര്‍ക്കീസിനുണ്ട്.
അധികാരത്തിലിരിക്കുന്ന പാത്രിയര്‍ക്കീസിനായിരിക്കും, സ്ഥാനത്യാഗം ചെയ്ത പാത്രിയര്‍ക്കീസിനെക്കാള്‍ എല്ലായിടത്തും എല്ലായ്പ്പോഴും മുന്‍ഗണന.
കാനോന 61: മാര്‍പാപ്പയുടെ മുന്‍കൂട്ടിയുള്ള അംഗീകാരത്തോടെ ശ്ലൈഹികസിംഹാസനത്തിന്‍റെ പക്കല്‍ തന്‍റെ ഒരു പ്രതിനിധിയെ പാത്രിയര്‍ക്കീസിന് നിയമിക്കാം.
മാര്‍പാപ്പയുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ തന്‍റെ ഒരു പ്രതിനിധിയെ റോമില്‍ നിയമിക്കുവാന്‍ പാത്രിയര്‍ക്കീസിന് അവകാശമുണ്ട്. ഇപ്രകാരം നിയമിക്കപ്പെടുന്ന വ്യക്തി ആ സഭയുടെയും റോമിലെ വിവിധ കാര്യലയങ്ങളുടെയും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു.
കാനോന 62: ഔദ്യോഗികസ്ഥാനം രാജിവെച്ച പാത്രിയര്‍ക്കീസ് തന്‍റെ സ്ഥാനികനാമവും ബഹുമതികളും, പ്രത്യേകിച്ചും ആരാധനാ ക്രമാനുഷ്ഠാനങ്ങളിലുള്ളത്, നിലനിര്‍ത്തുന്നു. തന്‍റെതന്നെ സമ്മതത്തോടുകൂടി മാന്യമായ ഒരു വാസസ്ഥലം നിര്‍ണ്ണയിച്ചു കിട്ടുവാനും മുന്‍ഗണനയെക്കുറിച്ച് കാനോന 60 ങ്ങ2-ലുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെ തന്‍റെ പദവിക്ക് യോജിച്ചവിധത്തിലുള്ള ജീവനാംശം പാത്രിയാര്‍ക്കല്‍ സഭയുടെ വസ്തുവകകളില്‍ നിന്നും ലഭിക്കുവാനും പാത്രിയര്‍ക്കീസിന് അവകാശമുണ്ട്.
സഭയുടെ തലവനും പിതാവുമായ പാത്രിയര്‍ക്കീസ് ഒദ്യോഗികസ്ഥാനം രാജിവയ്ക്കണമെന്ന് നിയമത്തില്‍ അനുശാസിച്ചിട്ടില്ല. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും രാജിവയ്ക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. സ്ഥാനത്യാഗം ചെയ്ത പാത്രിയര്‍ക്കീസിന് സ്ഥാനികനാമവും ആരാധനക്രമാനുഷ്ഠാനാവസരങ്ങളില്‍ ഉള്ള പ്രത്യേക സ്ഥാനവും നഷ്ടപ്പെടുന്നില്ല. സ്ഥാനം രാജിവെച്ചാലും അദ്ദേഹത്തിന്‍റെ പദവിക്കനുസൃതമായ താമസസൗകര്യവും മറ്റു സംവിധാനങ്ങളും തരപ്പെടുത്തിക്കൊടുക്കുവാന്‍ അധികാരത്തിലിരിക്കുന്ന പാത്രിയര്‍ക്കീസിന് കടമയുണ്ട്.
പാത്രിയര്‍ക്കീസുമാരുടെ തെരഞ്ഞെടുപ്പ്
കാനോന 63: പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡില്‍വച്ചാണ് പാത്രിയര്‍ക്കീസ് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെടുന്നത്.
പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണമായ അധികാരം മെത്രാന്മാരുടെ സിനഡിനുമാത്രമാണ്. തിരഞ്ഞെടുപ്പിനുള്ള സിനഡ് കൂടിക്കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പുതിയ പാത്രിയര്‍ക്കീസിനെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്കായിരിക്കും (C. 722.)
കാനോന 64: കാനോന 180-ല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ എല്ലായ്പ്പോഴും കണക്കിലെടുത്തുകൊണ്ടുതന്നെ, ഒരാളെ പാത്രിയാര്‍ക്കല്‍ പദവിക്ക് അനുയോജ്യനായി പരിഗണിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ എതെല്ലാമെന്ന് പ്രത്യേകനിയമത്തില്‍ പ്രതിപാദിക്കേണ്ടതാണ്.
ഒരാളെ മെത്രാനായി തിരഞ്ഞെടുക്കാന്‍വേണ്ട യോഗ്യതകള്‍ കാനോന 180-ല്‍ പറഞ്ഞിട്ടുണ്ട്. ഈ യോഗ്യതകളെല്ലാം പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിക്കും ഉണ്ടായിരിക്കണം. ഇവയ്ക്കെല്ലാം പുറമേ, ഓരോ സഭയുടെയും പ്രത്യേകനിയമം അനുശാസിക്കുന്ന യോഗ്യതകളും അദ്ദേഹത്തിന് ഉണ്ടായിരിക്കണം.
കാനോന 65: 1. പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡ്, പാത്രിയര്‍ക്കീസിന്‍റെ വസതിയിലോ സ്ഥിര സിനഡിന്‍റെ സമ്മതത്തോടെ പാത്രിയാര്‍ക്കല്‍ സഭയിലെ ഇടക്കാലഭരണാധികാരി നിര്‍ദ്ദേശിക്കുന്ന മറ്റൊരു സ്ഥലത്തോ വിളിച്ചുകൂട്ടണം.
2.രണ്ടുമാസത്തില്‍ കവിയാത്ത സമയപരിധി പ്രത്യേക നിയത്തില്‍ നിശ്ചയിക്കാമെന്നതു കണക്കിലെടുത്തുകൊണ്ടുതന്നെ, സിംഹാസനം ഒഴിവായി ഒരു മാസത്തിനുള്ളില്‍ പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടണം.
പാത്രിയാര്‍ക്കല്‍ സിംഹാസനം ഒഴിവായി ഒരു മാസത്തിനുള്ളില്‍ മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടി പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കണം. പ്രത്യേകനിയമം അനുശാസിക്കുന്നുണ്ടെങ്കില്‍, ഒരു മാസത്തില്‍കൂടുതല്‍ സമയം എടുക്കാവുന്നതാണ്. പക്ഷേ രണ്ടുമാസത്തില്‍ കൂടാന്‍ പാടില്ല. പാത്രിയാര്‍ക്കല്‍സഭയിലെ ഇടക്കാലഭരണാധികാരി (administrator) യാണ് ഇപ്രകാരം സിനഡ് വിളിച്ചുകൂട്ടേണ്ടത്. പാത്രിയര്‍ക്കീസിന്‍റെ വസതിയിലോ സ്ഥിരസിനഡിന്‍റെ സമ്മതത്തോടെ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടാവുന്നതാണ്.
കാനോന 66: 1. പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡിലെ എല്ലാ അംഗങ്ങള്‍ക്കും അവര്‍ക്ക് മാത്രവുമാണ് പത്രിയര്‍ക്കീസിന്‍റെ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകവോട്ടുള്ളത്.
മെത്രാന്മാരുടെ സിനഡിലെ എല്ലാ അംഗങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുവാന്‍ അവകാശമുണ്ട്. മെത്രാന്മാരുടെ സിനഡിലെ അംഗങ്ങളല്ലാത്ത മറ്റാര്‍ക്കും വോട്ടുചെയ്യുവാന്‍ അവകാശമില്ല. ഓരോ മെത്രാനും ഓരോ വോട്ട് മാത്രമേ ഉള്ളൂ. പകരക്കാരന്‍വഴിയുള്ള വോട്ടോ, പോസ്റ്റല്‍വോട്ടോ അനുവദനീയമല്ല.
തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, മെത്രാന്മാരുടെ സിനഡില്‍ അംഗങ്ങളല്ലാത്ത ആരേയും തിരഞ്ഞെടുപ്പു നടപടികളില്‍ സഹായിക്കാനായി സെക്രട്ടറിക്കും മറ്റു സഹായികള്‍ക്കും തിരഞ്ഞെടുപ്പുഹാളില്‍ പ്രവേശിക്കാം.
തിരഞ്ഞെടുപ്പിനു മുമ്പോ, നടക്കുന്ന സമയത്തോ പുറത്തുനിന്നുള്ള ആരുടെയും ഇടപെടലോ മറ്റേതെങ്കിലും വിധത്തിലുള്ള സ്വാധീനമോ അനുവദനീയമല്ല.
കാനോന 67: പൊതുനിയമം മറ്റുവിധത്തില്‍ നിശ്ചയിച്ചിട്ടില്ലെങ്കില്‍ 947 മുതല്‍ 957 വരെയുള്ള കാനോനകള്‍ പാത്രിയര്‍ക്കീസിന്‍റെ തിരഞ്ഞെടുപ്പില്‍ പാലിക്കപ്പെടേണ്ടതാണ്. എതിരായുള്ള ഏതൊരു പതിവും നിറുത്തലാക്കിയിരിക്കുന്നു.
947 മുതല്‍ 957വരെയുള്ള കാനോനകള്‍ തിരഞ്ഞടുപ്പുകളെക്കുറിച്ചുള്ള പൊതുവായ നടപടിക്രമങ്ങളാണ്. പൊതുനിയമം മറ്റു വിധത്തില്‍ നിശ്ചയിക്കുന്നില്ലെങ്കില്‍ ഈ കാനോനകളെല്ലാം പാത്രിയര്‍ക്കീസിന്‍റെ തിരഞ്ഞെടുപ്പിലും പാലിക്കണം. പൊതുനിയമത്തില്‍നിന്ന് എന്തെങ്കിലും ഒഴിവാക്കുവാന്‍ പ്രത്യേക നിയമത്തിന് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ പൊതുനിയമം പ്രത്യേകം നിശ്ചയിക്കുന്നില്ലെങ്കില്‍ എതിരായിട്ടുള്ള എല്ലാ പതിവുകളും നിറുത്തലാക്കപ്പെടും.
കാനോന 68: 1. നിയമാനുസൃതം വിളിക്കപ്പെട്ടിട്ടുള്ള എല്ലാ മെത്രാന്മാരും തിരഞ്ഞെടുപ്പിന് സന്നിഹിതരാകുവാന്‍ ഗൗരവമായ ഉത്തരവാദിത്വത്താല്‍ കടപ്പെട്ടിരിക്കുന്നു.
നിയമാനുസൃതം വിളിക്കപ്പെട്ട എല്ലാ മെത്രാന്മാരും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. ഏതെങ്കിലും മെത്രാന് തക്കതായ കാരണത്താല്‍ സിനഡില്‍ സംബന്ധിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ കാര്യം സിനഡിന് മുമ്പ് എഴുതി അറിയിക്കണം. പങ്കെടുക്കുവാന്‍ സാധിക്കാത്തതിന്‍റെ കാരണം നിയമാനുസൃതമാണോ എന്ന് സിനഡിന്‍റെ ആദ്യത്തെ സമ്മേളനത്തില്‍തന്നെ തീരുമാനിക്കുകയും ആ വ്യക്തിയെ സിനഡിന്‍റെ ക്വാറത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യണം. പങ്കെടുക്കുവാന്‍ സാധിക്കാത്തതിനെക്കുറിച്ച് മെത്രാന്മാര്‍ സമര്‍പ്പിച്ച കാരണങ്ങള്‍ നിയമാനുസൃതമല്ലെങ്കില്‍ അവരെ സിനഡിന്‍റെ ക്വോറത്തില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല.
സ്ഥാനത്യാഗം ചെയ്ത മെത്രാന്മാരെ വിളിക്കണമെന്ന് നിയമത്തില്‍ അനുശാസിച്ചിട്ടില്ലെങ്കിലും അവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിയമമില്ല.
കാനോന 69: കാനോനികമായ വിളിച്ചുകൂട്ടല്‍ (convocation) ഒരിക്കല്‍ നടന്നുകഴിഞ്ഞാല്‍, നിയമാനുസൃതമായ തടസ്സത്താല്‍ തടയപ്പെട്ടിരിക്കുന്നവരൊഴികെ പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡില്‍ പങ്കെടുക്കാന്‍ കടപ്പെട്ടിരിക്കുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗം മെത്രാന്മാര്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് സന്നിഹിതരാണെങ്കില്‍, സിനഡ് കാനോനികമാണെന്ന് പ്രഖ്യാപിക്കേണ്ടതും തിരഞ്ഞെടുപ്പ് നടപടി തുടങ്ങേണ്ടതുമാണ്.
സിനഡ് വിളിച്ചുകൂട്ടുന്നതിനെക്കുറിച്ച് കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പാലിച്ച് അധികാരപ്പെട്ടയാള്‍ വിളിച്ചുകൂട്ടുകയാണെങ്കില്‍ ആ സിനഡ് കാനോനികമായി വിളിച്ചുകൂട്ടിയതായി കണക്കാക്കാം. എന്നാല്‍ സിനഡ് കാനോനികമായിത്തീരുന്നത് അതില്‍പങ്കെടുക്കാന്‍ കടപ്പെട്ട അംഗങ്ങളില്‍ മൂന്നില്‍രണ്ടുഭാഗം ഹാജരാകുമ്പോഴാണ്. പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുകയെന്നത് സഭയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ഒരു സംഭവമാകയാല്‍ സഭയുടെ മുഴുവന്‍ പ്രാതിനിധ്യം ആവശ്യമാണ്. എന്നിരുന്നാലും തക്കതായ കാരണത്താല്‍ ചില മെത്രാന്മാര്‍ക്ക് സിനഡില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നേക്കാം. അങ്ങനെ വന്നാലും തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. അതിനാല്‍, പങ്കെടുക്കേണ്ട മെത്രന്മാരില്‍ മൂന്നില്‍ രണ്ടുഭാഗം അംഗങ്ങളെങ്കിലും ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് സാധുവായി നടത്താന്‍ സാധിക്കും. ക്വോറം തികയാതെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തിരഞ്ഞെടുപ്പ് അസാധുവായിരിക്കും.
കാനോന 70: പ്രത്യേക നിയമം മറ്റുവിധത്തില്‍ നിശ്ചയിക്കുന്നില്ലെങ്കില്‍, ആദ്യസമ്മേളനത്തില്‍ സന്നിഹിതരായിരിക്കുന്നവരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുവാനുള്ള പാത്രിയര്‍ക്കല്‍ സഭയിലെ മെത്രന്മാരുടെ സിനഡില്‍ ആദ്ധ്യക്ഷ്യം വഹിക്കേണ്ടത് അതുവരെ അദ്ധ്യക്ഷസ്ഥാനം പാത്രിയാര്‍ക്കല്‍സഭയിലെ ഇടക്കാല ഭരണാധികാരിക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു.
പാത്രിയര്‍ക്കിസിനെ തിരഞ്ഞെടുക്കുവാനുള്ള സിനഡിന്‍റെ അദ്ധ്യക്ഷനെ ആദ്യ സമ്മേളനത്തില്‍ത്തന്നെ തിരഞ്ഞെടുക്കുന്നു. ഈ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുമുമ്പ് സിനഡില്‍ അദ്ധ്യക്ഷനായി വര്‍ത്തിക്കുന്നത് പാത്രിയാര്‍ക്കല്‍സഭയുടെ ഇടക്കാലഭരണാധികാരിയാണ്.
പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കാനുള്ള സിനഡിലെ അദ്ധ്യക്ഷന്‍റെ പ്രധാനപ്പെട്ട ദൗത്യങ്ങള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ആളെ അറിയിക്കുക, തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുക എന്നിവയാണ്.
കാനോന 71 : 1. പ്രത്യേകനിയമത്തിന്‍റെ മാനദണ്ഡമനുസരിച്ച്, വൈദീകര്‍ക്കോ മ്ശംശാനാമാര്‍ക്കോപോലും സിനഡിന്‍റെ സെക്രട്ടറിയും മറ്റു സഹായികളുമാകാവുന്നതാണ്.
തിരഞ്ഞെടുപ്പു നടപടികളില്‍ സഹായിക്കുവാനായി ഒരു സെക്രട്ടറിയെയും രണ്ടു സഹായികളെയും നിശ്ചയിക്കണം. സാധാരണ രീതിയില്‍ മെത്രാന്മാര്‍ തന്നെയായിരിക്കും ഈ സ്ഥാനങ്ങള്‍ വഹിക്കുക. എന്നാല്‍ പ്രത്യേകനിയമം അനുവദിക്കുന്നുണ്ടെങ്കില്‍ വൈദികരെയോ മ്ശംശാനാമാരെയോ നിയമിക്കാവുന്നതാണ്.
വോട്ടുകള്‍ ശേഖരിച്ച് അദ്ധ്യക്ഷന്‍റെ സാന്നിദ്ധ്യത്തില്‍ അവ എണ്ണിതിട്ടപ്പെടുത്തുകയെന്നത് തിരഞ്ഞെടുപ്പു സഹായിക (tellers) ളുടെ കര്‍ത്തവ്യമാണ്. തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുക എന്നത് സെക്രട്ടറിയുടെ കടമയാണ്. ഈ രേഖകളില്‍ അദ്ധ്യക്ഷന്‍, സെക്രട്ടറി, സഹായികള്‍ എന്നിവര്‍ ഒപ്പുവെച്ച് രേഖാലയ (archive) ത്തില്‍ സൂക്ഷിക്കണം.
കാനോന 72: 1. നിശ്ചിത തവണ- കുറഞ്ഞത് മൂന്നെങ്കിലും വോട്ടെടുപ്പുകള്‍ നടത്തിയശേഷം കേവലഭൂരിപക്ഷം മതിയാകുമെന്നും കാനോന 183 3-4 ലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പ് മുന്നോട്ടുപോകേണ്ടതാണെന്നും പ്രത്യേക നിയമം തീരുമാനിക്കുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭാഗം വോട്ടുകള്‍ ലഭിക്കുന്നയാള്‍ തിരഞ്ഞെടുക്കപ്പെടുന്നു.
പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെടുവാന്‍ മൂന്നില്‍ രണ്ടു വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയിരിക്കണം. പ്രത്യേക നിയമംവഴി ഇക്കാര്യത്തില്‍ ഇളവുകൊടുക്കാവുന്നതാണ്. ഒരു നിശ്ചിത തവണ, മൂന്നു തവണയെങ്കിലും, വോട്ടെടുപ്പ് നടത്തിയിട്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്നില്ലായെങ്കില്‍ കേവല ഭൂരിപക്ഷം മതിയെന്ന് പ്രത്യേകനിയമത്തില്‍ നിശ്ചയിക്കാവുന്നതാണ്. മുന്നുതവണ വോട്ടെടുപ്പ് നടത്തിയിട്ടും ആര്‍ക്കും ഭൂരിപക്ഷം കിട്ടുന്നില്ലായെങ്കില്‍ കൂടുതല്‍ വോട്ടുകിട്ടിയ രണ്ടുപേര്‍ക്കുമാത്രം നാലാംതവണ വോട്ടു ചെയ്യുകയും അതില്‍ കേവല ഭൂരിപക്ഷം കിട്ടുന്ന ആള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
മെത്രാന്മാരുടെ സിനഡുകൂടി 15 ദിവസത്തിനുള്ളില്‍ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പിനുള്ള അവകാശം സിനഡിനു നഷ്ടപ്പെടുന്നു. അത്തരം സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നതിനുള്ള അധികാരം മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്.
കാനോന 73: തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നിയമാനുസൃതം നിയുക്ത മെത്രാനെങ്കിലുമാണെങ്കില്‍ അദ്ധ്യക്ഷനോ, അദ്ധ്യക്ഷനാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ മെത്രാന്‍പട്ടം സ്വീകരിച്ചവരില്‍ മുമ്പനോ, തിരഞ്ഞെടുക്കപ്പെട്ട ആളെ പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡു മുഴുവന്‍റേയും നാമത്തില്‍ ഉടനെതന്നെ, ആ പാത്രിയാര്‍ക്കല്‍ സഭയില്‍ നിലവിലിരിക്കുന്ന ആചാരവിധികളും രീതികളും അനുസരിച്ച് തിരഞ്ഞെടുപ്പ് അറിയിച്ചിരിക്കണം. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇതുവരെയും നിയമാനുസൃതം മെത്രാനായി പ്രഖ്യാപിക്കപ്പെടാത്ത വ്യക്തിയാണെങ്കില്‍ തിരഞ്ഞെടുപ്പു ഫലം ഏതെങ്കിലും വിധത്തില്‍ അറിയാവുന്ന എല്ലാവരും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയോടുപോലും പറയാതെ രഹസ്യം സൂക്ഷിക്കേണ്ടതും പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡ് തത്ക്കാലത്തേക്ക് നിര്‍ത്തിവച്ച്, മെത്രാഭിഷേക പ്രഖ്യാപനത്തിനുള്ള കാനോനികമായ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചതിനുശേഷം അറിയിപ്പു നടത്താവുന്നതുമാണ്.
മെത്രാന്മാരുടെ സിനഡില്‍വച്ച് പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നിയമാനുസൃതം മെത്രാഭിഷേകം സ്വീകരിച്ച ആളോ,നിയുക്ത മെത്രാനോ ആണെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം ഉടന്‍തന്നെ മെത്രാനല്ലെങ്കിലും റോമില്‍നിന്നും അംഗീകരിച്ചിട്ടുള്ള ലിസ്റ്റില്‍പ്പെടുന്ന ആളാണെങ്കില്‍, ആ വ്യക്തിയെ ഉടനെതന്നെ വിവരമറിയിക്കുകയും കാനോന 1841 അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യാം.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി റോമില്‍നിന്നും അംഗീകരിച്ചിട്ടുള്ള ലിസ്റ്റില്‍പ്പോലും ഉള്‍പ്പെടാത്ത ആളാണെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം ഉടന്‍തന്നെ ശ്ലൈഹിക സിംഹാസനത്തെ അറിയിക്കുകയും അംഗീകാരം വാങ്ങുകയും വേണം. ഇപ്രകാരം അംഗീകാരം കിട്ടുന്നതിനുമുമ്പ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെപ്പോലും ഇക്കാര്യം അറിയിക്കരുത്. തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം പൂര്‍ണ്ണമായി കാത്തുസൂക്ഷിക്കുകയും വേണം.
ശ്ലൈഹിക സിംഹാസനത്തില്‍നിന്ന് എന്തെങ്കിലും അറിയിപ്പു ലഭിക്കുന്നതുവരെ സിനഡ് താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാന്‍ ഈ കാനോനയില്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ആധുനികവാര്‍ത്താവിനിമയ സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെട്ടതുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപനം ചെയ്യുന്നത് ഏതുവിധത്തിലായിരിക്കണമെന്നത് ഓരോ പാത്രിയാര്‍ക്കല്‍സഭയുടെയും പ്രത്യേകനിയമം അനുശാസിക്കുന്നതനുസരിച്ച് ചെയ്യാവുന്നതാണ്.
കാനോന 74: തിരഞ്ഞെടുക്കപ്പെട്ട ആള്‍ അറിയിപ്പു ലഭിച്ചശേഷം ലഭ്യമായ രണ്ടുദിവസത്തിനുള്ളില്‍ താന്‍ തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുണ്ടോ എന്ന് അറിയിക്കണം. അദ്ദേഹം സ്വീകരിക്കുന്നില്ലെങ്കിലോ രണ്ടു ദിവസത്തിനുള്ളില്‍ പ്രത്യുത്തരം നല്കുന്നില്ലെങ്കിലോ തിരഞ്ഞെടുപ്പുമൂലം അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുന്നു.
ലഭ്യമായ സമയം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വന്തം അവകാശം പ്രയോഗിക്കുന്നതിനും നേടിയെടുക്കുന്നതിനും ഉപയുക്തമായ സമയമാണ് (cf.c. 1544 ങ്ങ 2). പാത്രിയര്‍ക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് സമ്മതം നല്‍കുവാന്‍ ലഭ്യമായ സമയം 2 ദിവസം ആണ്. അതു തുടങ്ങുന്നത് സമ്മതം ചോദിക്കുന്ന സമയം മുതലാണ്.
കാനോന 75: തിരഞ്ഞെടുക്കപ്പെട്ട വ്യക്തി അത് സ്വീകരിക്കുകയും അദ്ദേഹം അഭിഷേകം സ്വീകരിച്ച മെത്രാനായിരിക്കുകയുമാണെങ്കില്‍, ആരാധനക്രമ പുസ്തകങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പാത്രിയര്‍ക്കീസിന്‍റെ സ്ഥാനപ്രഖ്യാപനവും സ്ഥാനാരോഹണവും നടത്തുവാന്‍ പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡ് നടപടികള്‍ ആരംഭിക്കണം. തിരഞ്ഞെടുക്കപ്പെട്ടത് മെത്രാഭിഷേകം സ്വീകരിക്കാത്ത വ്യക്തിയാണെങ്കില്‍ അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിക്കുന്നതിനുമുമ്പ് സ്ഥാനാരോഹണം സാധുവായി നടത്താന്‍ സാധിക്കില്ല.
പാത്രിയര്‍ക്കീസിന്‍റെ തിരഞ്ഞെടുപ്പു വിവരം പ്രഖ്യാപിക്കുന്നതിനും സ്ഥാനാരോഹണം നടത്തുന്നതിനും റോമാമാര്‍പാപ്പയുടെ മുന്‍കൂട്ടിയുള്ള അനുവാദമോ അംഗീകാരമോ ആവശ്യമില്ല. പ്രഖ്യാപനത്തിന്‍റെയും സ്ഥാനാരോഹണത്തിന്‍റെയും സമയം, സ്ഥലം, രീതി എന്നിവ ഓരോ പാത്രിയാര്‍ക്കല്‍സഭയുടെയും പ്രത്യേകനിയമത്തില്‍ അനുശാസിക്കുന്നതുപോലെ നടത്തേണ്ടതാണ്. ഇക്കാര്യങ്ങള്‍ മാര്‍പാപ്പയെ യഥാസമയം അറിയിക്കേണ്ടതാണ്.
കാനോന 76: 1. തിരഞ്ഞെടുപ്പിന്‍റെയും സ്ഥാനാരോഹണത്തിന്‍റെയും കാനോനികമായ നടത്തിപ്പിനെക്കുറിച്ചും, പുതിയ പാത്രിയാര്‍ക്കീസ് സിനഡിന്‍റെ മുമ്പില്‍ വിശ്വാസപ്രഖ്യാപനം നടത്തിയ വിവരവും, തന്‍റെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വ്വഹിക്കാമെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള നടപടിക്രമമനുസരിച്ച് അദ്ദേഹം വാഗ്ദാനം നടത്തിയ കാര്യവും, പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡ് ഒരു സിനഡല്‍ എഴുത്തുവഴി മാര്‍പാപ്പയെ അറിയിക്കണം. തിരഞ്ഞെടുപ്പ് നടത്തി എന്നറിയിക്കുന്ന സിനഡല്‍ എഴുത്തുകള്‍ പൗരസ്ത്യസഭകളിലെ മറ്റു പാത്രിയാര്‍ക്കീസുമാര്‍ക്കും അയയ്ക്കണം.
സഭാതലവന്മാരെ തിരഞ്ഞെടുത്താല്‍ പരസ്പരം അറിയിക്കുകയെന്നുള്ളത് പൗരസ്ത്യസഭകളുടെ പൊതുവായ പാരമ്പര്യമാണ്. ഈ പാരമ്പര്യം തുടരണമെന്ന് ഈ കാനോന അനുശാസിക്കുന്നു. ഇപ്രകാരം അറിയിച്ചില്ലെങ്കിലും കാനോനികമായ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ സാര്‍വ്വത്രികസഭയുടെ തലവനായ മാര്‍പാപ്പയെ അറിയിക്കുവാന്‍ കാനോനികമായിത്തന്നെ കടപ്പെട്ടിരിക്കുന്നു. ഇപ്രകാരം അറിയിച്ച്, മാര്‍പാപ്പയില്‍നിന്ന് സഭാകൂട്ടായ്മയുടെ എഴുത്ത് (letter of communion) കിട്ടിയെങ്കില്‍ മാത്രമേ പാത്രിയര്‍ക്കീസിന് തന്‍റെ അധികാരം പൂര്‍ണ്ണമായി വിനിയോഗിക്കുവാന്‍ സാധിക്കൂ.
കാനോന 77 : 1. പൂര്‍ണ്ണ നിയമപ്രാബല്യത്തോടുകൂടി ഔദ്യോഗികസ്ഥാനം ലഭിക്കുന്നതായ സ്ഥാനാരോഹണത്തിനുശേഷം മാത്രമേ കാനോനികമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പാത്രിയര്‍ക്കീസ് തന്‍റെ ഔദ്യോഗികസ്ഥാനം സാധുവായി വിനിയോഗിക്കുവാന്‍ പാടുള്ളൂ.
സ്ഥാനാരോഹണത്തോടുകൂടിയേ ഒരു പാത്രിയര്‍ക്കീസിന് തന്‍റെ അവകാശങ്ങളും കടമകളും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ലഭിക്കുന്നുള്ളൂ. സ്ഥാനാരോഹണത്തിനുമുമ്പ് പാത്രിയര്‍ക്കീസിനടുത്ത കാര്യങ്ങളൊന്നും ചെയ്യുവാന്‍ അദ്ദേഹത്തിന് അധികാരമില്ല.
മെത്രാഭിഷേകം നടത്തുന്നതും മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടുന്നതും മെത്രാന്മാരുടെ സംഘാത്മകതയുടെ ഭാഗമാണ്. മാര്‍പാപ്പയുമായി കൂട്ടായ്മയുള്ള മെത്രാനുമാത്രമേ ഈ സംഘാതാത്മകതയില്‍ ഭാഗഭാഗിത്വമുള്ളൂ. അതുകൊണ്ടുതന്നെയാണ്, മാര്‍പാപ്പയില്‍നിന്നു സഭാകൂട്ടായ്മ സ്വീകരിക്കുന്നതിനുമുമ്പ് ഈ അധികാരങ്ങള്‍ വിനിയോഗിക്കുവാന്‍ പാടില്ല എന്നു പറയുന്നത്.
പാത്രിയാര്‍ക്കീസുമാരുടെ അവകാശങ്ങളും കടമകളും
കാനോന 78 : 1. കാനോനകളിലെ നിബന്ധനകളും നിയമപരമായ ആചാരങ്ങളുമനുസരിച്ച്, താന്‍ ആദ്ധ്യക്ഷ്യം വഹിക്കുന്ന സഭയിലെ മെത്രാന്മാരുടെയും മറ്റു വിശ്വാസികളുടെയുംമേല്‍ പാത്രിയര്‍ക്കീസിനുള്ള അധികാരം ഉദ്യോഗസഹജവും സ്വകീയവും എന്നാല്‍ വ്യക്തിപരവുമാണ്. തന്മൂലം, പാത്രിയാര്‍ക്കല്‍സഭ മുഴുവന്‍റേയും വികാരിയായി ഒരാളെ നിയമിക്കുവാനോ, തന്‍റെ അധികാരം എല്ലാ കാര്യങ്ങളിലും മറ്റൊരാള്‍ക്കു കൈമാറാനോ പാത്രിയര്‍ക്കീസിനു കഴിയുകയില്ല.
പാത്രിയാര്‍ക്കല്‍ സഭയില്‍പ്പെട്ട എല്ലാവരുടെയുംമേല്‍ പാത്രിയര്‍ക്കീസിന് നേരിട്ടുള്ള അധികാരമില്ല. എന്നാല്‍ മാര്‍പാപ്പയ്ക്ക് എല്ലാ ക്രൈസ്തവ വിശ്വാസികളുടെമേലും, മെത്രാന് തന്‍റെ രൂപതയിലുള്ളവരുടെമേലും നേരിട്ടുള്ള അധികാരമുണ്ട്. പാത്രിയര്‍ക്കീസിന് തന്‍റെ അധികാരം സഭാതിര്‍ത്തിക്കുള്ളില്‍ മാത്രമേ സാധുവായി വിനിയോഗിക്കുവാന്‍ സാധിക്കൂ. സഭാതിര്‍ത്തിക്കു പുറമേയുള്ള വിശ്വാസികളുടെമേല്‍ പാത്രിയര്‍ക്കീസിനടുത്ത അധികാരങ്ങള്‍, മാര്‍പാപ്പയാണ് വിനിയോഗിക്കുന്നത്. ഉദാഹരണമായി, സീറോ മലബാര്‍ സഭയുടെ അതിര്‍ത്തി എന്നതുകൊണ്ട് ഇപ്പോള്‍ ഉദ്ദേശിക്കുന്നത് തലശ്ശേരി, തൃശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ 4 പ്രവിശ്യകളുടെ അതിര്‍ത്തികളാണ്. മേജര്‍ ആര്‍ച്ചുബിഷപ്പിന് ഈ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ പൂര്‍ണ്ണമായ അധികാരം വിനിയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. പാത്രിയര്‍ക്കീസുമാരുടെ അധികാരം പരമ്പരാഗതമായ അതിര്‍ത്തികള്‍ക്കു പുറത്തേക്കു വ്യാപിപ്പിക്കുക എന്നത് നൂറ്റാണ്ടുകളായി സഭയിലെ ചര്‍ച്ചാവിഷയമാണ്.
കാനോന 79 : പാത്രിയാര്‍ക്കല്‍ സഭയെ അതിന്‍റെ നൈയാമികമായ എല്ലാ കാര്യങ്ങളിലും പാത്രിയര്‍ക്കീസ് പ്രതിനിധാനംചെയ്യുന്നു.
പാത്രിയാര്‍ക്കല്‍ സഭയുടെ തലവന്‍ എന്നനിലയില്‍ രാഷ്ട്രാധികാരികളുടെ മുമ്പിലും മറ്റു സഭാധികാരികളുടെ മുമ്പിലും പാത്രിയാര്‍ക്കല്‍സഭയെ പ്രതിനിധാനം ചെയ്യുന്നത് പാത്രിയാര്‍ക്കീസാണ്. വ്യക്തിനിയമങ്ങള്‍ (personal statutes) നിലവിലുള്ള രാജ്യങ്ങളില്‍ പാത്രിയാര്‍ക്കീസിനു ചിലകാര്യങ്ങളില്‍ സിവില്‍ അധികാരംകൂടി ഉണ്ട്.
കാനോന 80 : താഴെപ്പറയുന്നവ പാത്രിയര്‍ക്കീസിന്‍റെ അവകാശവും കടമയുമാണ്.
പാത്രിയാര്‍ക്കല്‍ സഭാസംവിധാനത്തില്‍ മെത്രാപ്പോലീത്താമാര്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. മെത്രാപ്പോലീത്താമാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കുന്നുണ്ടെന്ന് പാത്രിയാര്‍ക്കീസ് ഉറപ്പുവരുത്തണം. മെത്രാപ്പോലീത്തന്‍ സിംഹാസനങ്ങള്‍ ഒഴിവാകുന്ന അവസരങ്ങളിലും, മെത്രാപ്പോലീത്താമാര്‍ തങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുമ്പോഴും, പാത്രിയാര്‍ക്കീസ് മെത്രാപ്പോലീത്തായുടെ ദൗത്യം ഏറ്റെടുക്കുന്നു.
കാനോന 81 : ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്ലൈഹികസിംഹാസനം നേരിട്ട് അറിയിക്കുന്നില്ലാത്തപക്ഷം, രൂപതാമെത്രാന്മാരെയും മറ്റുള്ളവരെയും സംബന്ധിച്ച് പാത്രിയാര്‍ക്കല്‍സഭയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ നടപടികള്‍ പാത്രിയാര്‍ക്കീസ് വഴിയാണ് അവരെ അറിയിക്കേണ്ടത്.
പൗരസ്ത്യസഭകളിലെ മെത്രാന്മാര്‍ക്കും ജനങ്ങള്‍ക്കുമായി റോമില്‍നിന്നുള്ള ഔദ്യോഗികമായ നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും സാധാരണയായി പാത്രിയാര്‍ക്കീസ്വഴിയാണ് നല്കുന്നത്. ഇക്കാര്യങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ പാത്രിയാര്‍ക്കീസ് കടപ്പെട്ടവനാണ്. എന്നാല്‍ നേരിട്ടുതന്നെ പാത്രിയാര്‍ക്കല്‍സഭയിലെ ഏതൊരു വ്യക്തിയുമായും ബന്ധപ്പെടുവാന്‍ പ. സിംഹാസനത്തിന് അധികാരമുണ്ട്.
കാനോന 82 : 1. സ്വന്തം അധികാരത്താല്‍ പാത്രിയര്‍ക്കീസിനു കഴിയുന്ന കാര്യങ്ങള്‍
ഒരു കല്പന (decree) അതിനാല്‍ത്തന്നെ നിയമമല്ല. മറിച്ച് നിലവിലുള്ള നിയമത്തിന്‍റെ കുറവു പരിഹരിച്ചുകൊണ്ടോ നിയമം വിശദീകരിച്ചുകൊണ്ടോ, നിയമപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടോ ഉള്ളതാണിത്.
നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക എന്നത് ഭരണപരമായ കാര്യമാണ്. അതിനാല്‍ പാത്രിയാര്‍ക്കല്‍സഭാതിര്‍ത്തിക്കുള്ളില്‍ മാത്രമേ പാത്രിയര്‍ക്കീസിന് ഇതിനുള്ള അധികാരമുള്ളൂ. എന്നാല്‍ ചാക്രികലേഖനങ്ങള്‍ തന്‍റെ സഭയില്‍പ്പെട്ട എല്ലാവര്‍ക്കുമായി എഴുതുവാന്‍ പാത്രിയാര്‍ക്കീസിന് അവകാശമുണ്ട്.
കാനോന 83 : 1. കാനോനികമായി സ്വന്തം രൂപത സന്ദര്‍ശിക്കുന്നതിനു രൂപതാമെത്രാനുള്ള അവകാശത്തിനും കടമയ്ക്കും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ടുതന്നെ, പ്രത്യേകനിയമം നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ പ്രസ്തുത രൂപതയില്‍ അജപാലകസന്ദര്‍ശനം നടത്തുവാനുള്ള അവകാശവും കടമയും പാത്രിയര്‍ക്കീസിനുണ്ട്.
സ്വന്തം രൂപതയില്‍ കാനോനിക സന്ദര്‍ശനം നടത്തുന്നതിന് എല്ലാ മെത്രാന്മാര്‍ക്കും കടമയും അവകാശവുമുണ്ട്. ഇതിന് ഭംഗം വരുത്താതെ തന്നെ, സ്വന്തം സഭയില്‍പ്പെട്ട രൂപതകളില്‍ അജപാലക സന്ദര്‍ശനം നടത്തുന്നതിന് പാത്രിയര്‍ക്കീസിന് അവകാശവും കടമയുമുണ്ട്. ഇപ്രകാരം അജപാലകസന്ദര്‍ശനം നടത്തുമ്പോള്‍, വൈദികരെയും സന്ന്യസ്തരെയും അല്മായരെയും, പ്രത്യേകിച്ച് ഇടവകപ്രതിനിധിയോഗ (Parish Council) ത്തിലെയും ഭക്ത സംഘടനകളിലെയും അംഗങ്ങളെ, കാണുന്നതിനും ചര്‍ച്ച നടത്തുന്നതിനും അവസരം ഉണ്ടാക്കേണ്ടതാണ്. പാത്രിയര്‍ക്കീസിന്‍റെ ഈ അജപാലക സന്ദര്‍ശനം മെത്രാന്‍റെ ഔദ്യോഗിക (കാനോനിക) സന്ദര്‍ശനത്തിനു പകരമുള്ളതല്ല.
കാനോന 84 : 1. അതേ സ്ഥലത്ത് അധികാരം വിനിയോഗിക്കുന്ന മറ്റു സ്വയാധികാരസഭകളിലെ പാത്രിയര്‍ക്കീസുമാരും മെത്രാന്മാരുമായി, നേരിട്ടോ താന്‍ ആദ്ധ്യക്ഷ്യം വഹിക്കുന്ന സഭയിലെ മെത്രാന്മാര്‍ വഴിയോ പര്യാലോചിച്ച് - പ്രത്യേകിച്ച് നിയമം അനുശാസിക്കുന്ന സമിതികളില്‍ - തമ്മില്‍ത്തമ്മിലും, ഓരോ സ്വയാധികാരസഭയിലെയും മറ്റു വിശ്വാസികളുടെയിടയിലും പ്രവര്‍ത്തനൈക്യം വളര്‍ത്തിയെടുക്കാന്‍ പാത്രിയര്‍ക്കീസ് അങ്ങേയറ്റം ശ്രദ്ധിക്കണം. അപ്രകാരം കൂട്ടായ പരിശ്രമത്തിലൂടെ, മതത്തിന്‍റെ നന്മ കൂടുതലായി വളര്‍ത്തുന്നതിനും സഭയുടെ അച്ചടക്കം കൂടുതല്‍ കാര്യക്ഷമമായി പരിരക്ഷിക്കുന്നതിനും എല്ലാ ക്രിസ്ത്യാനികളുടെയും ഐക്യം ഒത്തൊരുമിച്ച് പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള പൊതുപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാന്‍ അവര്‍ക്കു കഴിയും.
ഒരേ സ്ഥലത്തു തന്നെ പല സ്വയാധികാര സഭകളില്‍പ്പെട്ട വിശ്വാസികളും മെത്രാന്മാരും സഭാഭരണ സംവിധാനങ്ങളും ഉണ്ടാകാം. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വിവിധ സഭകളിലെ മെത്രാന്മാരും വിശ്വാസികളും കൂട്ടായപ്രവര്‍ത്തനം നടത്തേണ്ടത് സഭയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
പാത്രിയര്‍ക്കീസ് മുന്‍കൈയെടുത്ത് തന്‍റെ സ്വയാധികാരസഭയിലെ മെത്രാന്മാരുടെയും വിശ്വാസികളുടെയും സമ്മേളനങ്ങള്‍ കാലാകാലങ്ങളില്‍ വിളിച്ചുകൂട്ടണം. ആശയവിനിമയം നടത്തുന്നതിനും ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കുന്നതിനും കൂട്ടായ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇത്തരം സമ്മേളനങ്ങള്‍ സഹായിക്കും.
കാനോന 85 : 1. ഗൗരവമായ കാരണത്താല്‍ പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡിന്‍റെ സമ്മതത്തോടെ, ശ്ലൈഹിക സിംഹാസനവുമായി ആലോചിച്ചശേഷം, പ്രവിശ്യകളും രൂപതകളും സ്ഥാപിക്കുവാനും അവയുടെ അതിര്‍ത്തികള്‍ക്കു മാറ്റം വരുത്തുവാനും അവയെ ഏകീകരിക്കുവാനും വിഭജിക്കുവാനും നിര്‍ത്തലാക്കുവാനും അധികാരശ്രേണിയില്‍ അവയ്ക്കുള്ള പദവിക്കു മാറ്റം വരുത്തുവാനും രൂപതാസിംഹാസനം മാറ്റി സ്ഥാപിക്കുവാനും പാത്രിയര്‍ക്കീസിനു കഴിയും.
ആവശ്യമെന്നു തോന്നുന്നപക്ഷം പിന്തുടര്‍ച്ചാവകാശിയായ മെത്രാനെയോ സഹായമെത്രാനെയോ ലഭിക്കുവാന്‍ രൂപതാമെത്രാന് പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെടാം. ഇപ്രകാരം ആവശ്യപ്പെടുമ്പോള്‍ മെത്രാന്മാരുടെ സിനഡിന്‍റെ സമ്മതത്തോടെ പാത്രിയര്‍ക്കീസിന് മെത്രാന്മാരെ നിയോഗിക്കാം. പക്ഷേ സിനഡുകൂടി നിയമാനുസൃതം തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമേ ഇപ്രകാരം നിയോഗിക്കാവൂ.
മെത്രാപ്പോലീത്താമാരെയും മെത്രാന്മാരെയും സ്ഥലം മാറ്റുന്നതിന് പാത്രിയര്‍ക്കീസിന് അധികാരമുണ്ട്. ഗൗരവാവഹമായ എന്തെങ്കിലും കാരണമുള്ളപ്പോള്‍, മെത്രാന്മാരുടെ സിനഡിന്‍റെ സമ്മതത്തോടെ മാത്രമേ ഇപ്രകാരം സ്ഥലംമാറ്റം നടത്താവൂ. സ്ഥലം മാറ്റപ്പെടുന്ന മെത്രാന്‍ അതിനു വിസമ്മതിച്ചാല്‍ മെത്രാന്മാരുടെ സിനഡു കൂടി പ്രശ്നം പരിഹരിക്കുകയോ, അതും സാധിക്കുന്നില്ലെങ്കില്‍ പ്രശ്നം മാര്‍പാപ്പയുടെ തീരുമാനത്തിനു വിടുകയോ ചെയ്യണം.
കാനോന 86 : 1. താഴെപ്പറയുന്ന കാര്യങ്ങളില്‍ പാത്രിയര്‍ക്കീസിനു അധികാരമുണ്ട്.
അധികാരമുള്ള വ്യക്തി നിയമാനുസൃതം മറ്റൊരാള്‍ക്ക് ഔദ്യോഗികസ്ഥാനം നല്‍കുന്നതിനെയാണ് കാനോനികസ്ഥാനം നല്കല്‍ (canonical provision) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇപ്രകാരം കാനോനികസ്ഥാനം നല്‍കപ്പെടാതെ ആര്‍ക്കും ഔദ്യോഗികസ്ഥാനം സാധുവായി വഹിക്കുവാന്‍ സാധിക്കുകയില്ല. മെത്രാന്മാരുടെ സിനഡ് തിരഞ്ഞെടുത്ത ഒരു വ്യക്തിക്കു മാത്രമേ ഇപ്രകാരം കാനോനികസ്ഥാനം നല്‍കുവാന്‍ പാത്രിയര്‍ക്കീസിനു സാധിക്കൂ. സഭാതിര്‍ത്തിക്കു പുറമേയാണെങ്കില്‍ മാര്‍പാപ്പയ്ക്കുമാത്രമേ ഈ അധികാരമുള്ളൂ.
തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചതിനുശേഷം പത്തു ദിവസത്തിനുള്ളില്‍ത്തന്നെ കാനോനിക സ്ഥാനം നല്‍കിക്കൊണ്ടുള്ള എഴുത്ത് പാത്രിയര്‍ക്കീസ് നല്‍കിയിരിക്കണം. ഇതിനുശേഷമാണ് മെത്രാഭിഷേകവും സ്ഥാനാരോഹണവും നടത്തുന്നത്.
കാനോന 87 : അവരുടെ ജീവസന്ധാരണത്തിനുവേണ്ട സംവിധാനമുണ്ടെങ്കില്‍, 181 ങ്ങ1, 182-87 എന്നീ കാനോനകളുടെ മാനദണ്ഡങ്ങളനുസരിച്ച്, മൂന്നുപേരില്‍ കവിയാതെ മെത്രാന്മാരെ പാത്രിയാര്‍ക്കല്‍ കാര്യാലയത്തിലേയ്ക്ക് പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡ് തിരഞ്ഞെടുക്കുന്നതിനുവേണ്ട കാര്യങ്ങള്‍ പാത്രിയര്‍ക്കീസിനു ചെയ്യാവുന്നതാണ്. അവര്‍ക്ക് പാത്രിയാര്‍ക്കല്‍ കാര്യാലയത്തില്‍ ഉദ്യോഗത്തോടൊപ്പം താമസസൗകര്യവും നല്കാം; മെത്രാന്‍സ്ഥാനപ്രഖ്യാപനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയശേഷം അദ്ദേഹത്തിന് അവരെ അഭിഷേകം ചെയ്യാം.
പാത്രിയാര്‍ക്കല്‍ സഭയുടെ ഭരണനിര്‍വ്വഹണത്തില്‍, പാത്രിയാര്‍ക്കല്‍ കാര്യാലയത്തിലെ മെത്രാന്മാര്‍ക്ക് വിവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുവാനുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ മെത്രാന്മാരുടെ ഉപദേശം പാത്രിയര്‍ക്കീസിനു ലഭിക്കേണ്ടതുണ്ട്. പാത്രിയാര്‍ക്കല്‍ സിംഹാസനം ഒഴിവാകുമ്പോള്‍ ഇടക്കാല ഭരണാധികാരിയായി വരേണ്ടത് കാര്യാലയത്തിലെ മൂന്നു മെത്രാന്മാരില്‍ ആദ്യം മെത്രാന്‍പട്ടം സ്വീകരിച്ച വ്യക്തിയാണ്. കൂടാതെ, വിവിധ രൂപതകളെ ബാധിക്കുന്ന അടിയന്തിരമായ പ്രശ്നങ്ങളില്‍, സ്ഥിരസിനഡുമായി ആലോചിക്കാന്‍ സമയം കിട്ടാതെവരുമ്പോള്‍ പാത്രിയാര്‍ക്കല്‍ കാര്യാലയത്തിലെ മെത്രാന്മാരോടാണ് ആലോചിക്കേണ്ടത്. ഇത്തരത്തിലുള്ള കൂരിയാമെത്രാന്മാര്‍ എല്ലാ സഭകളിലും ഉണ്ടാകണമെന്നില്ല. സീറോ മലബാര്‍സഭയില്‍ ഇപ്പോള്‍ കൂരിയാമെത്രാന്മാര്‍ ആരുമില്ല.
കാനോന 88 : 1. പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാര്‍ പാത്രിയര്‍ക്കീസിനോട് ബഹുമാനവും വിധേയത്വവും (obsequium) കാണിക്കുകയും അര്‍ഹമായ അനുസരണം നല്‍കുകയും വേണം; പാത്രിയര്‍ക്കീസ് ഈ മെത്രാന്മാരോട് അര്‍ഹമായ ബഹുമാനം കാണിക്കുകയും സഹോദരതുല്യമായ സ്നേഹത്തോടെ പെരുമാറുകയും വേണം.
പാത്രിയാര്‍ക്കല്‍ സഭയിലെ പാത്രിയര്‍ക്കീസും മെത്രാന്മാരും തമ്മിലുള്ള പരസ്പര ബഹുമാനവും സ്നേഹവും പരിപോഷിപ്പിക്കേണ്ടത് കൂട്ടായ പ്രവര്‍ത്തനത്തിനും സഭയുടെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും മെത്രാന്മാരുടെ ഇടയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലാതില്ല. ഇത്തരം അവസരങ്ങളില്‍ മെത്രാന്മാരുടെ ഇടയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുവാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പാത്രിയര്‍ക്കീസിനു കഴിയണം. മധ്യസ്ഥതീരുമാനത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. അവിടെയും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഒരു തീരുമാനത്തിനായി മാര്‍പാപ്പയ്ക്കു സമര്‍പ്പിക്കണം.
കാനോന 89 : 1. നിയമ മാനദണ്ഡപ്രകാരം പുരോഹിതശുശ്രൂഷി (clerics) കളെല്ലാവരുടെയുംമേല്‍ മേല്‍നോട്ടം നടത്തുവാനുള്ള അവകാശവും കടമയും പാത്രിയര്‍ക്കീസിനുണ്ട്. അവരിലൊരാള്‍ ശിക്ഷാര്‍ഹനാണെന്നു തോന്നിയാല്‍ ഏതു മേലദ്ധ്യക്ഷനാണോ അയാള്‍ നേരിട്ട് കീഴ്പ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന് മുന്നറിയിപ്പു കൊടുക്കണം. മുന്നറിയിപ്പ് നിഷ്ഫലമാകുകയാണെങ്കില്‍ നിയമമാനദണ്ഡപ്രകാരം ആ വൈദികശുശ്രൂഷിക്കെതിരെ പാത്രിയര്‍ക്കീസിനുതന്നെ നടപടിയെടുക്കാവുന്നതാണ്.
പുരോഹിതശുശ്രൂഷികളില്‍ മ്ശംശാനമാര്‍, പുരോഹിതര്‍, മെത്രാന്മാര്‍ എന്നീ തിരുപ്പട്ടക്കാര്‍ ഉള്‍പ്പെടുന്നു. സഭയുടെ തലവനെന്ന നിലയില്‍ പുരോഹിതശുശ്രൂഷികളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതം നിരീക്ഷിക്കുവാന്‍ പാത്രിയര്‍ക്കീസിനു കടമയുണ്ട്. പുരോഹിതശുശ്രൂഷികളില്‍ ആരെങ്കിലും തെറ്റു ചെയ്തു ശിക്ഷാര്‍ഹരായെങ്കില്‍ അവരുടെമേല്‍ ശിക്ഷാനടപടി സ്വീകരിക്കുവാന്‍ നേരിട്ടുള്ള അധികാരം അവരുടെ മേലദ്ധ്യക്ഷന്മാര്‍ക്കാണ്. എന്നാല്‍ ഈ മേലദ്ധ്യക്ഷന്മാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ പാത്രിയര്‍ക്കീസിനു നേരിട്ടു നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
പാത്രിയാര്‍ക്കല്‍സഭയെ മുഴുവന്‍ ബാധിക്കുന്ന കാര്യങ്ങള്‍ക്കായുള്ള സ്ഥാനങ്ങളും ദൗത്യങ്ങളും സഭയിലെ പുരോഹിതശുശ്രൂഷികളില്‍ ആരെവേണമെങ്കിലും ഏല്പിക്കാം. കഴിയുന്നിടത്തോളം എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടായിരിക്കണം ഇപ്രകാരം ചെയ്യേണ്ടത്.
ലത്തീന്‍ സഭയില്‍ മോണ്‍സിഞ്ഞോര്‍ പദവി പോലുള്ള ബഹുമതിസ്ഥാനങ്ങള്‍ ഉള്ളതുപോലെ പൗരസ്ത്യസഭകളിലും അവയുടെ പാരമ്പര്യമനുസരിച്ചുള്ള ബഹുമതിസ്ഥാനങ്ങള്‍ നിലവിലുണ്ട്. ഇത്തരം ബഹുമതിസ്ഥാനങ്ങള്‍ തന്‍റെ സഭയില്‍പ്പെട്ട പുരോഹിതശുശ്രൂഷികള്‍ക്കു നല്‍കുവാന്‍ അധികാരമുള്ളത് പാത്രിയര്‍ക്കീസിനാണ്.
കാനോന 90 : ഗൗരവമുള്ള ഒരു കാരണത്താല്‍, രുപതാമെത്രാനോട് ആലോചിച്ചശേഷവും സ്ഥിരസിനഡിന്‍റെ സമ്മതത്തോടുകൂടിയും, ഒരു സ്ഥലത്തേയോ, സന്ന്യാസ സമൂഹങ്ങളുടേതല്ലാത്ത ഒരു നൈയാമികവ്യക്തിയെ അതിന്‍റെ സ്ഥാപനാവസരത്തില്‍ത്തന്നെയോ, അവയുടെ ഭൗതികവസ്തുക്കളുടെ ഭരണത്തെ സംബന്ധിച്ച കാര്യങ്ങളെയും, ഈ സ്ഥലവുമായോ നൈയാമികവ്യക്തിയുമായോ ബന്ധപ്പെട്ട വ്യക്തികളെയും, അവരുടെ ജോലി, ഔദ്യോഗികസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളേയും, രൂപതാമെത്രാന്‍റെ അധികാരത്തില്‍നിന്നും ഒഴിവാക്കി പാത്രിയര്‍ക്കീസിന്‍റെ നേരിട്ടുള്ള അധികാരത്തിനു വിധായമാക്കാം.
ഇപ്രകാരം ഒരു സ്ഥലത്തെയോ, നൈയാമിക വ്യക്തിയെയോ രൂപതാമെത്രാന്‍റെ അധികാരത്തില്‍നിന്നു ഒഴിവാക്കുന്നത് പാത്രിയാര്‍ക്കല്‍സഭയുടെ പൊതു നന്മയ്ക്കുവേണ്ടിയാണ്. ഉദാഹരണമായി, സെമിനാരികളോ തീര്‍ത്ഥാടനകേന്ദ്രങ്ങളോ സഭയുടെ പൊതുവായ സ്ഥാപനങ്ങളായി കണക്കാക്കി സഭാതലവനായ പാത്രിയര്‍ക്കീസിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാക്കാറുണ്ട്. സഭാതിര്‍ത്തിക്കുള്ളില്‍ മാത്രമേ ഇപ്രകാരം അധികാരം വിനിയോഗിക്കുവാന്‍ പാത്രിയര്‍ക്കീസിനു കഴിയൂ.
കാനോന 91 : ആരാധനാക്രമപുസ്തകങ്ങളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് വി. കുര്‍ബ്ബാനയിലും യാമപ്രാര്‍ത്ഥനകളിലും, എല്ലാ മെത്രാന്മാരും മറ്റു വൈദികശുശ്രൂഷികളും റോമാമാര്‍പാപ്പയ്ക്കുശേഷം പാത്രിയര്‍ക്കീസിനെ അനുസ്മരിക്കണം.
വി. കുര്‍ബ്ബാനയിലും സഭയുടെ മറ്റു ഔദ്യോഗിക പ്രാര്‍ത്ഥനകളിലും പാത്രിയര്‍ക്കീസിനെ അനുസ്മരിക്കുകവഴി സഭാതലവനുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമല്ല, സഭാതലവനും വിശ്വാസികളും തമ്മിലുള്ള കൂട്ടായ്മ പരസ്യമായി പ്രഖ്യാപിക്കുകകൂടിയാണ് ചെയ്യുന്നത്. ഇപ്രകാരം അനുസ്മരിക്കുന്നത് മനഃപൂര്‍വ്വം ഒഴിവാക്കുന്നവര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകും (cf.c. 1438).
കാനോന 92 : 1. സാര്‍വ്വത്രികസഭയുടെ പരമോന്നത അജപാലകനോടു കാണിക്കേണ്ട വിശ്വസ്തത, ബഹുമാനം, അനുസരണം എന്നിവയിലൂടെ, വി. പത്രോസിന്‍റെ പിന്‍ഗാമിയായ റോമാമാര്‍പാപ്പയോട് ഹയരാര്‍ക്കിതലത്തിലുള്ള കൂട്ടായ്മ പാത്രിയര്‍ക്കീസ് പ്രകടിപ്പിക്കണം.
വി. കുര്‍ബ്ബാനയിലും സഭയുടെ മറ്റു ഔദ്യോഗിക പ്രാര്‍ത്ഥനകളിലും മാര്‍പാപ്പയെ അനുസ്മരിക്കുന്നതുവഴി സാര്‍വ്വത്രികസഭയുടെ തലവനോടുള്ള വിധേയത്വവും വിശ്വസ്തതയും പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം അനുസ്മരിക്കുകവഴി സഭാതലവനുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമല്ല, സഭകളുടെ കൂട്ടായ്മ പരസ്യമായി പ്രഖ്യാപിക്കുകകൂടിയാണ് ചെയ്യുന്നത്.
വ്യക്തികള്‍ തമ്മിലും സഭകള്‍ തമ്മിലുമുള്ള കൂട്ടായ്മ പരിപോഷിപ്പിക്കുവാന്‍ സാര്‍വ്വത്രികസഭയുടെ ഇടയന്‍ എന്ന നിലയില്‍ മാര്‍പാപ്പയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം നിറവേറ്റുവാന്‍ വിവിധ സഭകളിലെ സ്ഥിതിഗതികള്‍ മാര്‍പാപ്പ അറിഞ്ഞിരിക്കണം. ഇതിനുവേണ്ടിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയങ്ങളില്‍ പാത്രിയര്‍ക്കീസുമാര്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും തങ്ങളുടെ സഭകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നത്. പാത്രിയര്‍ക്കീസുമാര്‍ മാര്‍പാപ്പയെ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വന്തം സഭയില്‍പ്പെട്ട മെത്രാന്മാരോടൊപ്പം പോകുന്നത് അഭിലഷണീയമാണ്.
കാനോന 93 : പാത്രിയര്‍ക്കീസ് തന്‍റെ ഔദ്യോഗിക ആസ്ഥാനത്തുതന്നെ താമസിക്കണം. കാനോനിക കാരണത്താലല്ലാതെ അദ്ദേഹം അവിടെനിന്നും വിട്ടുനില്‍ക്കുവാന്‍ പാടില്ല.
കാനോനികമായ കാരണങ്ങള്‍ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്, ഔദ്യോഗികസന്ദര്‍ശനങ്ങള്‍ക്കും അജപാലകസന്ദര്‍ശനങ്ങള്‍ക്കും മറ്റ് ഔദ്യോഗികകാര്യങ്ങള്‍ക്കുമായി പാത്രിയര്‍ക്കീസ് മറ്റു സ്ഥലങ്ങളില്‍ പോകുന്നതാണ്. ഇവയ്ക്കെല്ലാം പുറമേ, സഭാകാര്യങ്ങള്‍ക്ക് യാതൊരു കോട്ടവും വരാത്തരീതിയില്‍ സംവിധാനങ്ങള്‍ ചെയ്തശേഷം തുടര്‍ച്ചയായി ഒരു മാസത്തേക്കു പാത്രിയര്‍ക്കീസിനു സഭാ ആസ്ഥാനത്തുനിന്നും മാറിനില്‍ക്കാവുന്നതാണ്.
കാനോന 94 : താന്‍ അദ്ധ്യക്ഷനായിരിക്കുന്ന സഭയിലെ എല്ലാ ജനങ്ങള്‍ക്കുംവേണ്ടി പ്രത്യേകനിയമം നിശ്ചയിച്ചിരിക്കുന്ന തിരുനാള്‍ ദിവസങ്ങളില്‍ പാത്രിയര്‍ക്കീസ് വി. കുര്‍ബ്ബാനയര്‍പ്പിക്കണം.
സഭയിലെ എല്ലാ വിശ്വാസികള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാത്രിയര്‍ക്കീസ് കടപ്പെട്ടവനാണ്. മറ്റു പ്രാര്‍ത്ഥനകള്‍ക്കു പുറമേ, പ്രധാനപ്പെട്ട ദിവസങ്ങളില്‍ വിശ്വാസികള്‍ക്കെല്ലാവര്‍ക്കുംവേണ്ടി പാത്രിയാര്‍ക്കീസ് വി. ബലിയര്‍പ്പിക്കുന്നു. ഇപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസങ്ങളില്‍ പാത്രിയര്‍ക്കീസിന് കുര്‍ബാന അര്‍പ്പിക്കുവാന്‍ സാധിക്കാതെ വന്നാല്‍ അതിനായി മറ്റൊരാളെ നിശ്ചയിക്കുകയോ പകരം വേറൊരു ദിവസം ഇപ്രകാരം കുര്‍ബ്ബാന അര്‍പ്പിക്കുകയോ ചെയ്യണം.
കാനോന 95 : 1. രൂപതാമെത്രാന്മാര്‍ക്കുള്ളതായി കാനോന 196-ല്‍ പ്രതിപാദിച്ചിരിക്കുന്ന കടമകള്‍ ഓരോ മെത്രാനും, അതോടൊപ്പം പാത്രിയര്‍ക്കീസിനും ബാധകമാണ്.
സഭയിലെ മറ്റെല്ലാ മെത്രാന്മാരെയുംപോലെ, പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ത്രിവിധധര്‍മ്മങ്ങള്‍ പാത്രിയര്‍ക്കീസിനും ഉണ്ട്. ഈ കാനോനയില്‍ പ്രത്യേകമായി പറയുന്നത് പാത്രിയര്‍ക്കീസിന്‍റെ പ്രബോധനധര്‍മ്മത്തെക്കുറിച്ചാണ്. സ്വന്തം രൂപതയിലെ പ്രബോധനധര്‍മ്മം പ്രഥമവും പ്രധാനവുമായി മെത്രാന്‍റെ കടമയാണെങ്കിലും സഭയില്‍ മുഴുവനുമായി മെത്രാന്മാരോടൊപ്പം പാത്രിയര്‍ക്കീസും ഈ ദൗത്യം നിര്‍വ്വഹിക്കുവാന്‍ കടപ്പെട്ടവനാണ്. പ്രബോധനദൗത്യത്തില്‍ ചില കാര്യങ്ങള്‍ മെത്രാന്മാര്‍ക്ക് വ്യക്തിപരമായി ചെയ്യുവാന്‍ സാധിക്കാത്തതായതുകൊണ്ട് സഭയ്ക്കു മുഴുവനുംവേണ്ടി പാത്രിയര്‍ക്കീസും മെത്രാന്മാരുടെ സിനഡും സംയുക്തമായി ആ കാര്യങ്ങള്‍ ചെയ്യുന്നു. ഉദാഹരണമായി, വേദപാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, സാമൂഹ്യസമ്പര്‍ക്ക മാധ്യമകേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവ.
കാനോന 96: തന്‍റെ റീത്തിനു അനുയോജ്യമായിട്ടുള്ളതാണെങ്കില്‍, പ്രാര്‍ത്ഥനകളെയും ഭക്താഭ്യാസങ്ങളെയും സംബന്ധിച്ച് സ്ഥലമേലദ്ധ്യക്ഷന് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും പാത്രിയര്‍ക്കീസിനു താന്‍ ആദ്ധ്യക്ഷം വഹിക്കുന്ന സഭ മുഴുവനിലും ചെയ്യാം.
പ്രാര്‍ത്ഥനകളും മറ്റു ഭക്താഭ്യാസങ്ങളും ഔദ്യോഗിക ആരാധനയില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും ക്രിസ്തീയ വിശ്വാസികളുടെ ആദ്ധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുന്നവയാണ്. സഭയ്ക്കു മുഴുവനും വേണ്ടിയുള്ള ഇത്തരം അനൗദ്യോഗിക പ്രാര്‍ത്ഥനകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിന് അനുവാദം കൊടുക്കുവാന്‍ പാത്രിയര്‍ക്കീസിനു കഴിയും. ഇക്കാര്യത്തില്‍ സഭാതിര്‍ത്തിക്കു പുറത്തോ അകത്തോ എന്നുള്ള വ്യത്യാസം ഇല്ല. സഭയുടെ പൈതൃകം സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വം പാത്രിയര്‍ക്കീസിനായതിനാല്‍, ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകളും ഭക്താഭ്യാസങ്ങളും സഭാപൈതൃകത്തിന് അനുയോജ്യമായിരിക്കുവാന്‍ അദ്ദേഹം ശ്രദ്ധിക്കണം.
കാനോന 97: ഓരോ രൂപതാമെത്രാനുമുള്ളതായി കാനോന 1022 1-ല്‍ പ്രതിപാദിച്ചിട്ടുള്ള കടമ കണക്കിലെടുത്തുകൊണ്ടുതന്നെ, സഭാസമ്പത്തിന്‍റെ ഉചിതമായ ഭരണം ഉറപ്പുവരുത്തുവാന്‍ പാത്രിയര്‍ക്കീസ് ജാഗ്രത പുലര്‍ത്തേണ്ടതാണ്.
പാത്രിയാര്‍ക്കല്‍സഭയുടെ വസ്തുവകകള്‍ ശരിയായി കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ളത് ഉറപ്പുവരുത്തുവാന്‍ പാത്രിയര്‍ക്കീസിനു കടമയുണ്ട്. രൂപതയുടെ വസ്തുവകകള്‍ മെത്രാന്‍റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായതിനാല്‍ അവയുടെമേല്‍ പാത്രിയര്‍ക്കീസിനു നേരിട്ടുള്ള മേല്‍നോട്ടാധികാരമില്ല. എന്നാല്‍, മെത്രാന്‍ ഇപ്രകാരം തന്‍റെ കടമ നിര്‍വ്വഹിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത് പാത്രിയര്‍ക്കീസാണ്. പാത്രിയര്‍ക്കീസിന് ഈ അധികാരം സഭാതിര്‍ത്തിക്കുള്ളില്‍ മാത്രമേ ഉള്ളൂ. അതിനാല്‍ സഭാതിര്‍ത്തിക്കുപുറത്തുള്ള രൂപതകളുടെ ഭരണകാര്യങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ പാത്രിയര്‍ക്കീസ് അക്കാര്യം ശ്ലൈഹികസിംഹാസനത്തെ അറിയിക്കുകയാണ് വേണ്ടത്.
കാനോന 98: പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡിന്‍റെ സമ്മതത്തോടെയും മാര്‍പാപ്പയുടെ മുന്‍കൂട്ടിയുള്ള അംഗീകാരത്തോടെയും രാഷ്ട്രാധികാരികളുമായി ഉടമ്പടികളില്‍ ഏര്‍പ്പെടുന്നതിന് പാത്രിയര്‍ക്കീസിനു സാധിക്കും. എന്നാല്‍ ഈ ഉടമ്പടികള്‍ ശ്ലൈഹികസിംഹാസനത്താല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള നിയമത്തിന് വിരുദ്ധമാകരുത്. മാര്‍പാപ്പയുടെ അനുമതി ലഭിച്ചാലല്ലാതെ ഈ ഉടമ്പടികള്‍ പ്രാബല്യത്തിലാക്കുവാന്‍ പാത്രിയര്‍ക്കീസിനു കഴിയുകയില്ല.
ദേശീയതലത്തില്‍ രാഷ്ട്രാധികാരികളുമായി ഉടമ്പടികളില്‍ ഏര്‍പ്പെടുന്നതിന് ശ്ലൈഹികസിംഹാസനത്തിനും പാത്രിയര്‍ക്കീസിനും മാത്രമേ സാധിക്കൂ. ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ.സിംഹാസനത്തിന് കത്തോലിക്കാസഭയുടെ മുഴുവന്‍ പേരിലോ ഏതെങ്കിലുമൊരു വിഭാഗത്തിന്‍റെ പേരിലോ മറ്റു രാഷ്ട്രങ്ങളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതിനു സാധിക്കും. പാത്രിയാര്‍ക്കല്‍സഭയാകുന്ന നൈയാമിക വ്യക്തിയുടെ ഔദ്യോഗിക പ്രതിനിധി എന്ന നിലയില്‍ ദേശീയതലത്തില്‍ രാഷ്ട്രാധികാരികളുമായി ഉടമ്പടിയിലേര്‍പ്പെടുവാന്‍ പാത്രിയര്‍ക്കീസിനു സാധിക്കും.
കാനോന 99: 1. വ്യക്തിനിയങ്ങള്‍ പ്രാബല്യത്തിലുള്ള സ്ഥലങ്ങളില്‍ അവ എല്ലാവരാലും പാലിക്കപ്പെടുന്നുണ്ടെന്ന് പാത്രിയാര്‍ക്കീസുമാര്‍ ഒരേ സ്ഥലത്ത് വിനിയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ ഏറെ പ്രാധാന്യമുള്ള കാര്യങ്ങളില്‍ പരസ്പരമുള്ള കൂടിയാലോചനകള്‍ക്കുശേഷം പ്രവര്‍ത്തിക്കുന്നത് പ്രയോജനകരമായിരിക്കും.
വ്യക്തി നിയമങ്ങള്‍ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം പാത്രിയര്‍ക്കീസിനാണ്. മുസ്ലിം രാഷ്ട്രങ്ങളില്‍ വിവാഹത്തെയും കുടുംബത്തെയും പിന്തുടര്‍ച്ചയെയും സംബന്ധിച്ചുള്ള നിയമങ്ങള്‍ പൊതുവായിട്ടുള്ളതല്ല. ഓരോ മതവിഭാഗങ്ങളും അവരവരുടെ മതനിയമങ്ങള്‍ ഇക്കാര്യങ്ങളില്‍ പാലിച്ചുപോരുന്നു. ഇത്തരം കാര്യങ്ങളില്‍ ക്രൈസ്തവരെ ബാധിക്കുന്ന നിയമങ്ങള്‍ അവരുടെ സഭാനിയമങ്ങളാണ്. ഇങ്ങനെയുള്ള രാജ്യങ്ങളില്‍ സഭയുടെ നിയമം ക്രൈസ്തവര്‍ അനുസരിക്കുന്നുണ്ടെന്ന് പാത്രിയര്‍ക്കീസ് ഉറപ്പുവരുത്തണം. ഒരേ സ്ഥലത്ത് പല പാത്രിയര്‍ക്കീസുമാര്‍ ഉണ്ടെങ്കില്‍ പരസ്പരം കൂടിയാലോചിച്ചതിനുശേഷം മാത്രമേ ഇപ്രകാരം വ്യക്തിനിയമങ്ങള്‍ നടപ്പിലാക്കാവൂ.
കാനോന 100: പല രൂപതകളെ ബാധിക്കുന്നതും രാഷ്ട്രാധികാരികളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങള്‍ തനിക്കായിത്തന്നെ മാറ്റിവയ്ക്കുവാന്‍ പാത്രിയര്‍ക്കീസിനു കഴിയും; ഇവ ആരെയാണോ ബാധിക്കുന്നത് ആ മെത്രാന്മാരുമായി ആലോചിക്കാതെയും സ്ഥിരസിനഡിന്‍റെ സമ്മതമില്ലാതെയും ഈ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല. കാര്യം അടിയന്തരസ്വഭാവമുള്ളതും സ്ഥിരസിനഡിലെ അംഗങ്ങളായ മെത്രാന്മാരെ വിളിച്ചുകൂട്ടുവാന്‍ സമയം അനുവദിക്കാത്തതുമാണെങ്കില്‍, പാത്രിയാര്‍ക്കല്‍ കാര്യാലയത്തില്‍ മെത്രാന്മാരുണ്ടെങ്കില്‍ അവര്‍ക്കോ അതുമല്ലെങ്കില്‍ മെത്രാന്‍പട്ടത്തില്‍ സീനിയറായ രണ്ടുരൂപതാമെത്രാന്മാര്‍ക്കോ സ്ഥിരസിനഡിലെ അംഗങ്ങളുടെ സ്ഥാനത്തു പ്രവര്‍ത്തിക്കാവുന്നതാണ്.
സഭയുടെ ഭരണാധികാരം പാത്രിയാര്‍ക്കീസിനായതിനാല്‍ പല രൂപതകളെ സംബന്ധിക്കുന്ന പൊതുവായ ഒരു പ്രശ്നം രാഷ്ട്രാധികാരികളുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത് കൈകാര്യം ചെയ്യുവാനുള്ള അധികാരം പാത്രിയാര്‍ക്കീസിനാണ്, ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ പാത്രിയര്‍ക്കീസ് ബന്ധപ്പെട്ട രൂപതാമെത്രന്മാരുമായി ആലോചിക്കുകയും സ്ഥിരസിനഡിന്‍റെ സമ്മതം വാങ്ങിക്കുകയും വേണം. അത്യാവശ്യസന്ദര്‍ഭങ്ങളില്‍, സ്ഥിരസിനഡുമായി ആലോചിക്കുവാന്‍ സമയം കിട്ടുന്നില്ലെങ്കില്‍ പാത്രിയാര്‍ക്കല്‍ കാര്യാലയത്തിലെ മെത്രാന്മാരുമായി ആലോചിക്കണം. പാത്രിയാര്‍ക്കല്‍ കാര്യാലയത്തില്‍ മെത്രാന്മാരില്ലെങ്കില്‍ മെത്രാന്‍പട്ടം സ്വീകരിച്ചതിലുളള മുന്‍ഗണനാക്രത്തില്‍ രണ്ടു രൂപതാമെത്രാന്മാരുമായി കൂടിയാലോചിക്കണം.
കാനോന 101: സ്വന്തം രൂപതയിലും, നേരിട്ടു തന്‍റെ അധികാരത്തിന്‍ കീഴിലുള്ള സന്ന്യാസാശ്രമങ്ങളിലും (stauropegial monasteries), രൂപതയോ എക്സാര്‍ക്കിയോ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളിലും പാത്രിയര്‍ക്കീസിനു രൂപതാമെത്രാന്‍റെ അതേ അവകാശങ്ങളും കടമകളും ഉണ്ട്.
പാത്രിയാര്‍ക്കല്‍ സഭയിലെ എല്ലാ രൂപതകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ പാത്രിയര്‍ക്കീസിനു നേരിട്ടുള്ള അധികാരമില്ല. എന്നാല്‍ താന്‍ അദ്ധ്യക്ഷനായിരിക്കുന്ന രൂപതയിലും, കാനോന 90 അനുസരിച്ച് സ്ഥലമേലദ്ധ്യക്ഷന്‍റെ അധികാരത്തില്‍നിന്നും ഒഴിവാക്കി നേരിട്ടുപാത്രയിര്‍ക്കീസിന്‍റെ കീഴിലായിരിക്കുന്ന സ്ഥാപനങ്ങളുടെമേലും നൈയാമിക വ്യക്തികളുടെമേലും പാത്രിയര്‍ക്കീസിന് നേരിട്ടുള്ള അധികാരമുണ്ട്.
Patriarchal Churches catholic malayalam mananthavady diocese Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206