x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

അവഗണിക്കപ്പെടുന്ന ഞായറാഴ്ചയാചരണം

Authored by : Dr. Abraham Kavilpurayidathil On 26-Sep-2020

അവഗണിക്കപ്പെടുന്ന ഞായറാഴ്ചയാചരണം

'കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി അചരിക്കണ'മെന്ന മൂന്നാം പ്രമാണം ഇന്ന് ഞായറാഴ്ച കടം വരാതിരിക്കാനുള്ള കുര്‍ബാന കാണലായി ചുരുങ്ങിയിരിക്കുന്നു. ഞായറാഴ്ചയാചരണത്തെക്കുറിച്ച് സഭാനിയമം പറയുന്നത് ഇതു മാത്രമാണോ?

 സമകാലിക ക്രൈസ്തവ ജീവിതവുമായി വളരെ അടുത്തു നില്‍ക്കുന്ന ചോദ്യമാണിത്. കര്‍ത്താവിന്‍റെ ദിവസം എപ്രകാരമാണ് ഇപ്പോള്‍ ആചരിക്കപ്പെടുന്നത് എന്നതിന്‍റെ ശക്തമായ സൂചന ചോദ്യത്തില്‍ത്തന്നെ അടങ്ങിയിട്ടുണ്ട്. ഞായറാഴ്ചയാചരണം എന്നാല്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കല്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. കുര്‍ബാനയില്‍ പങ്കെടുക്കുക എന്നത് ഏറ്റവും പ്രധാനമായി നില്‍ക്കുമ്പോള്‍ത്തന്നെ, ഞായറാഴ്ചയാചരണം വി. ബലിയില്‍ പങ്കെടുക്കുന്നതുകൊണ്ട് അവസാനിക്കുന്നതല്ല എന്ന സൂചനയും ചോദ്യത്തില്‍ നിന്ന് ലഭിക്കുന്നു.

മൂന്നാമത്തെ ദൈവപ്രമാണമായും തിരുസഭയുടെ കല്‍പ്പനകളില്‍ ഒന്നായും നല്‍കപ്പെട്ടിരിക്കുന്ന ഞായറാഴ്ച ആചരണത്തെക്കുറിച്ച് സഭാനിയമം ഇപ്രകാരം പറയുന്നു: "ഞായറാഴ്ചകളിലും തിരുനാളുകളിലും വി. കുര്‍ബാനയില്‍ സംബന്ധിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് കടമയുണ്ട്. ഈ ദിവസങ്ങളില്‍ ദൈവത്തിനു നല്‍കേണ്ട ആരാധനയ്ക്കോ കര്‍ത്താവിന്‍റെ ദിവസത്തിനു യോജിച്ച ആനന്ദത്തിനോ, മനസ്സിനും ശരീരത്തിനും ആവശ്യമായ വിശ്രമത്തിനോ വിഘാതമായ എല്ലാ ജോലികളിലും ജീവിത വ്യാപാരങ്ങളിലുംനിന്ന് ക്രൈസ്തവ വിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതാണ്" (cf. CCEO c. 881; CIC c. 1247).

ഞായറാഴ്ച കുര്‍ബാന


കര്‍ത്താവിന്‍റെ ദിവസമായ ഞായറാഴ്ച വി. കുര്‍ബാനയില്‍ പങ്കെടുക്കണമെന്നതാണ് ഞായര്‍ ആചരണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇക്കാര്യം വിശ്വാസികളുടെ ജീവിതഭാഗമായിത്തീര്‍ന്നിരിക്കുന്നു. വിശ്വാസജീവിതം സഭയോടു ചേര്‍ന്ന് നയിക്കുന്ന ഒരു വ്യക്തിക്കും ഇക്കാര്യത്തില്‍ സംശയമില്ല. ഞായറാഴ്ച കുര്‍ബാന സകല ക്രൈസ്തവാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനവും സ്ഥിരീകരണവുമാണ്. ഇക്കാരണത്താല്‍, ഞായറാഴ്ചയിലും കടമുള്ള ദിവസങ്ങളിലും വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു. ഈ കടമയില്‍ നിന്ന് ഒഴിവുള്ളത് പ്രായാധിക്യംമൂലം ദൈവാലയത്തിലെത്താന്‍ കഴിയാത്തവര്‍ക്കും ഗൗരവകരമായ രോഗം ബാധിച്ചവര്‍ക്കും കിടപ്പുരോഗികളുടെയോ കുഞ്ഞുങ്ങളുടെയോ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമാണ്. സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ കടമ നിറവേറ്റുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ ഗൗരവകരമായ പാപം ചെയ്യുന്നുവെന്ന് സഭ പഠിപ്പിക്കുന്നു (CCC 2181). ഞായറാഴ്ച കര്‍ത്താവിന്‍റെ ദിനമായി ആചരിക്കുന്നതും ആ ദിവസം പ്രാര്‍ത്ഥനയ്ക്കു വേണ്ടി മാറ്റിവയ്ക്കുന്നതും കൂട്ടായ്മ ആഘോഷിക്കുന്നതിന് വിശ്വാസികള്‍ ഒരുമിച്ചു ചേരുന്നതും ആദിമസഭയുടെ ജീവിതശൈലിയില്‍ രൂപപ്പെട്ടതാണ് (അപ്പ 2: 42-46; 1 കോറി. 11:17). ചിലര്‍ സാധാരണ ചെയ്യുന്നതുപോലെ സഭായോഗങ്ങള്‍ ഉപേക്ഷിക്കാതെ പരസ്പരം കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ ഹെബ്രായ ലേഖനം വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതും ഈ പശ്ചാത്തലത്തിലാണ് (ഹെബ്രാ. 10:25).

ഞായര്‍ - വിശ്രമദിനം


ഞായറാഴ്ച കടമുള്ള ദിവസമാണെന്നും വി. കുര്‍ബാനയില്‍ പങ്കെടുക്കേണ്ട ദിവസമാണെന്നും മനസ്സിലാക്കുന്ന വിശ്വാസികള്‍, അര്‍ത്ഥം മനസ്സിലാക്കി പ്രയോഗത്തില്‍ വരുത്താന്‍ ഏറെ വിഷമിക്കുന്ന കാര്യമാണ് ഞായര്‍ ആചരണത്തിന്‍റെ ഭാഗമായ വിശ്രമം. നമ്മുടെ ചില ഇടവകകളില്‍ ഞായറാഴ്ചകളില്‍ അതിരാവിലെ, ആഘോഷവും 'അധികം' പ്രസംഗവുമില്ലാതെ അര്‍പ്പിക്കപ്പെടുന്ന 'അതിവേഗ' കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ തിരക്കുപിടിച്ചെത്തുന്ന വിശ്വാസികളുടെ മനോഭവത്തില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്തമാകുന്നു. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ള സമയം മുഴുവന്‍ മറ്റേതു ദിവസവും പോലെ സാധാരണ കാര്യങ്ങൾ ചെയ്തു ജീവിക്കാന്‍ നമ്മള്‍ പരിശീലിച്ചുപോയി. ഇവിടെയാണ് ഞായറാഴ്ച വിശ്രമത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടത്. കുടുംബപരവും സാമൂഹികവും മതപരവുമായ ജീവിതത്തെ വളര്‍ത്താന്‍ ആവശ്യമായ വിശ്രമവും ഒഴിവുവേളയും ആസ്വദിക്കാന്‍ ഓരോ വ്യക്തിയ്ക്കും അവകാശമുണ്ടെന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (GS 67). ഞായറാഴ്ചയാചരണം യഥാര്‍ത്ഥത്തില്‍ ഈ അവസരമാണ് നല്‍കുന്നത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്‍റെ അപ്പസ്തോലിക തിരുവെഴുത്തില്‍ പഠിപ്പിക്കുന്നതുപോലെ വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഒരു ക്രിസ്ത്യാനിയെ അനുവദിക്കുന്നതും കര്‍ത്താവിന്‍റെ വിശുദ്ധദിനത്തിന് ചേരാത്തതുമായ പ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കുന്നതുമാണ് ഞായറാഴ്ച വിശ്രമം (Dies Domini, 1998, കര്‍ത്താവിന്‍റെ ദിവസം, 67).

വിശ്രമം വെറുതെയിരിക്കലല്ല


ആത്മീയമായ ഉണര്‍വ് നേടിത്തരുന്നതും സാഹോദര്യം വളര്‍ത്തുന്നതും സുവിശേഷാനുസൃതമായ ജീവിതത്തിന് നിരക്കുന്നതുമായ കാര്യങ്ങള്‍ ചെയ്യാനുമുള്ള ദിവസമാണ് ഞായറാഴ്ച (കര്‍ത്താവിന്‍റെ ദിവസം, 68). ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ചയുടെ ഭാഗമാകണം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിന് ഉതകുന്ന കാര്യങ്ങള്‍ ചെയ്യുന്നതും അയല്‍ക്കാരെയും ആവശ്യത്തിലായിരിക്കുന്നവരെയും സന്ദര്‍ശിക്കുന്നതും അവരെ സഹായിക്കുന്നതും ഞായര്‍ വിശ്രമത്തിന്‍റെ ഭാഗമായി കണക്കാക്കാം (CCC 2186). എന്നുവച്ചാല്‍, കുടുംബത്തിന്‍റെ അത്യാവശ്യങ്ങളോ, സുപ്രധാന സാമൂഹിക നന്മയോ ആവശ്യപ്പെടാത്തപക്ഷം സാധാരണ ജീവിത ചര്യയില്‍ നിന്ന് വ്യത്യസ്തമായി ക്രൈസ്തവര്‍ ഞായറാഴ്ചകളില്‍ ജീവിക്കണമെന്നര്‍ത്ഥം.

വിശ്രമിക്കാന്‍ അനുവദിക്കുക


ഞായറാഴ്ച, മറ്റ് ദിവസങ്ങളിലേതുപോലെ, ജോലി ചെയ്യാതിരിക്കുന്നതിനൊപ്പം പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നമ്മളുമായി ബന്ധപ്പെട്ടവര്‍ക്ക് ഞായറാഴ്ച വിശ്രമം അനുവദിക്കുക എന്നുള്ളത്. ദാരിദ്ര്യം മൂലമോ ജീവിത സാഹചര്യത്തിന്‍റെ മറ്റ് പ്രത്യേകതകള്‍ മൂലമോ ജോലിയില്‍ നിന്ന് ഒഴിവെടുക്കാന്‍ കഴിയാത്തവരെക്കുറിച്ച് ഓര്‍മ്മയുള്ളവരായിരിക്കണം വിശ്വാസികള്‍. തങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവരുടെ ജീവിത മാര്‍ഗം നഷ്ടപ്പെടുത്താതെ അവര്‍ക്കും ആവശ്യമായ വിശ്രമം നല്‍കുന്നതിന് വിശ്വാസികള്‍ക്ക് കടമയുണ്ട്. ഞായറാഴ്ചയാചരണത്തിന് യോജിക്കാത്ത ജോലികള്‍ ചെയ്യുന്നതിന് തുല്യമാണ് ഞായറാഴ്ചകളില്‍ മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. ഒരു വ്യക്തിയില്‍ നിന്ന് സേവനം ആവശ്യപ്പെടുകയോ അങ്ങനെയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ഓരോ വിശ്വാസിയും പിന്തിരിയണമെന്ന് സഭ ആഗ്രഹിക്കുന്നു.

പൊതു പരിശ്രമം ആവശ്യമാണ്


ഞായറാഴ്ചകളെയും തിരുനാളുകളെയും വിശുദ്ധീകരിക്കാന്‍ ഒരു പൊതുപരിശ്രമം ആവശ്യമാണ്. ഒരു കുര്‍ബാന കൂടലാണ് ഞായറാഴ്ചയെന്ന ധാരണ മാറ്റണം. കുടുംബാധിഷ്ഠിതമായ, സുവിശേഷാധിഷ്ഠിതമായ പദ്ധതികള്‍ ഞായറാഴ്ചകളില്‍ നടപ്പിലാക്കണം. വിശ്വാസവും സാഹോദര്യവും വളര്‍ത്തുന്ന വിനോദമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. തൊഴിലാളികളെ കിട്ടില്ലായെന്നു പറഞ്ഞ് ഞായറാഴ്ചയും പണിയെടുപ്പിക്കുന്ന സംവിധാനങ്ങള്‍ക്ക് മാറ്റം വരണം. ഞായറാഴ്ച കുര്‍ബാനയ്ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ, ഓശാന ഞായറാഴ്ചപോലും സ്കൂള്‍ പിക്നിക് ക്രമീകരിക്കുന്ന കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വീണ്ടുവിചാരമുണ്ടാകണം. "മതസ്വാതന്ത്ര്യത്തെയും എല്ലാവരുടെയും പൊതുനന്മയെയും മാനിച്ചുകൊണ്ട്, ഞായറാഴ്ച ആചരണത്തിലൂടെ ക്രൈസ്തവര്‍ പ്രാര്‍ത്ഥനയുടെയും ആദരവിന്‍റെയും സന്തോഷത്തിന്‍റെയും പൊതുമാതൃക എല്ലാവര്‍ക്കും നല്‍കണം. തങ്ങളുടെ പാരമ്പര്യങ്ങളെ സമൂഹത്തിന്‍റെ ആദ്ധ്യാത്മിക ജീവിതത്തിനുള്ള ഒരമൂല്യ സംഭാവന എന്ന നിലയില്‍ സംരക്ഷിക്കുകയും വേണം" (CCC 2188).

Dr. Abraham Kavilpurayidathil sunday celebration Sabbath Sunday obligation sunday mass sunday leisure Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message